പ്രശസ്തപാദഭാഷ്യവും സേതു വ്യാഖ്യാനവും
- GCW MALAYALAM
- Aug 15
- 3 min read
ശ്രീവിദ്യ .എസ് .എസ്

പ്രബന്ധ സംഗ്രഹം
വൈശേഷിക സിദ്ധാന്തം ഭൗതികലോകത്തെ ചിന്തയിലേക്കും ഗവേഷണാത്മകമായ അപഗ്രഥനത്തിലേക്കും നയിക്കുന്ന ശാസ്ത്രീയ സമീപനം വികസിപ്പിച്ചെടുത്തു. വസ്തുവിന്റെ ഘടനയെ, അണുവിദ്യയിലൂടെയും ഗുണങ്ങളിലൂടെയും വിശകലനം ചെയ്തതിന്റെ മികവാണ് ഈ ദർശനത്തിന് വ്യത്യസ്തത നൽകുന്നത്.
വൈശേഷിക ദർശനത്തിൻറെ തത്വചിന്താഗതിയെ ആധാരമാക്കിയുള്ള വിവിധ ദാർശനിക വാദങ്ങൾ വന്നിട്ടുണ്ട് എങ്കിലും അതിൽ എടുത്തു പറയേണ്ട പ്രധാനപ്പെട്ട വൈശേക്ഷിക ദർശനത്തിന്റെ വ്യാഖ്യാന ഗ്രന്ഥങ്ങളിൽ ഒന്നാണ് പ്രശസ്തപാദന്റെ പ്രശസ്തപാദഭാഷ്യം അല്ലെങ്കിൽ പദാർത്ഥ ധർമ്മ സംഗ്രഹം. കണാദനെ പിന്തുടർന്ന് പദാർത്ഥങ്ങളുടെയും വിഭാഗങ്ങളുടെയും സമാനവും സമാനമല്ലാത്തതുമായ സവിശേഷതകളെ അദ്ദേഹം കൈകാര്യം ചെയ്യുന്നു. പ്രപഞ്ചത്തിന്റെ സൃഷ്ടിയുടെയും ലയനത്തിന്റെയും വിഷയം അദ്ദേഹം ഉൾക്കൊള്ളുകയും പരമാത്മാവിനെ പ്രപഞ്ചത്തിന്റെ മാർഗ്ഗനിർദേശക ശക്തിയായി സ്വീകരിക്കുകയും ചെയ്യുന്നു.
താക്കോൽ വാക്കുകൾ: വൈശേക്ഷികദർശനം, വേദം, പ്രശസ്തപാദഭാഷ്യം, പദാർത്ഥങ്ങൾ, പത്മനാഭ മിശ്ര
ആമുഖം
ഭാരതീയ യാഥാർത്ഥ്യത്തിന്റെ ബൗദ്ധികവും വൈജ്ഞാനിക വ്യാഖ്യാനത്തെ ദർശനം എന്ന് വിളിക്കുന്നു. ഭാരതീയ ദർശനങ്ങളെ ആസ്തികം ,നാസ്തികം എന്നിങ്ങനെ രണ്ടായി തരം തിരിക്കുന്നു. ആസ്തിക ദർശനങ്ങൾ വേദപ്രമാണങ്ങളെ അംഗീകരിക്കുന്നു .അവ സാഖ്യം, യോഗം, ന്യായം, വൈശേഷികം, പൂർവവിമാംസ, ഉത്തരമിമാംസ എന്നിവയാണ്. എന്നാൽ നാസ്തിക ദർശനങ്ങൾ വേദപ്രമാണങ്ങളെ അംഗീകരിക്കുന്നില്ല .അവ ചാർവാകം, ബൗദ്ധം, ജൈനം എന്നിവയാണ്.പ്രാചീന ഭാരതീയ ദർശനങ്ങളിലൊന്നായ വൈശേഷികം അണുസിദ്ധാന്തം എന്ന തത്ത്വചിന്തയായാണ് അറിയപ്പെടുന്നത്. കണാദനാണ് ഇതിന്റെ ഉപജ്ഞാതാവ്. കണാദൻറെ വൈശേഷിക സൂത്രത്തിന്റെ വ്യാഖ്യാനമാണ് മഹാനായ ഭാരതീയ തത്വചിന്തകനായ പ്രശസ്തപാദൻ രചിച്ച പ്രശസ്തപാദഭാഷ്യം.ചലനത്തിന്റെ ഗുണങ്ങളെക്കുറിച്ച് ഈ കൃതി ചർച്ച ചെയ്യപ്പെടുന്നു.
പ്രശസ്തപാദഭാഷ്യവും സേതു വ്യാഖ്യാനവും
പ്രശസ്തപാദഭാഷ്യത്തെ ഒരു വ്യാഖ്യാനം എന്നതിലുപരി വൈശേഷിക ദർശനത്തിന്റെ തത്വങ്ങളുടെ ഒരു സ്വതന്ത്ര സംഗ്രഹമാണ് എന്ന് പറയാവുന്നതാണ്. ഭൂമി ,ജലം ,വായു ,അഗ്നി എന്നിവയുടെ അണു ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ലയിക്കുന്നതിനെ പ്രശസ്തപാദൻ വിവരിക്കുന്നു. ആറ്റങ്ങളുടെ സംയോജനത്തെയും വിഘടനത്തെയും സംബന്ധിച്ചിടത്തോളം ആറ്റങ്ങളുടെ സ്വാഭാവിക കർമ്മത്തെയും സാർവത്രിക ലയനത്തെയും കുറിച്ച് പ്രതിപാദിക്കുന്നു. കണാദൻ നേരിട്ട് ഈശ്വരനെ പ്രതിപാദിക്കുന്നില്ല എന്നാൽ പ്രശസ്തപാദൻ ഈശ്വരനെ പ്രപഞ്ചത്തിന്റെ കാരണമായി കാണുന്നു ,പക്ഷേ ദൈവം എങ്ങനെ സൃഷ്ടിക്കുന്നു എന്ന് അദ്ദേഹം പരാമർശിക്കുന്നില്ല .
പ്രശസ്തപാദഭാഷ്യത്തിൻറെ ഒരു വ്യാഖ്യാന ഗ്രന്ഥമാണ് ശ്രീ പത്മനാഭ മിശ്ര എഴുതിയ സേതു എന്ന കൃതി. പ്രശസ്ത പാദഭാഷ്യം എന്ന വ്യാഖ്യാന ഗ്രന്ഥം ഒരു സമുദ്രം പോലെയാണ് ആ സമുദ്രത്തിലേക്ക് എത്തിപ്പെടാൻ, അതിന്റെ ആഴങ്ങളെ മനസ്സിലാക്കാൻ വേണ്ടിയിട്ട് വിദ്യാർഥികൾക്കായി ഒരു സഹായ ഗ്രന്ഥം പോലെയാണ് പത്മനാഭ മിശ്ര തൻറെ സേതു എന്ന കൃതി രചിച്ചത്. വിശദമായ വ്യാഖ്യാനങ്ങളും, വിശദീകരണങ്ങളും, വാദങ്ങളും ഗ്രന്ഥം നൽകുന്നു. സൂത്രങ്ങളുടെ അർത്ഥം വ്യക്തമാക്കുന്നതിനും സൂക്ഷ്മതകൾ വിശദീകരിക്കുന്നതിനും ഈ വ്യാഖ്യാനം നമ്മെ സഹായിക്കുന്നു. എപ്പിസ്റ്റ്മോളജി, അനുമാനം ,പ്രമാണം എന്നിവ ഉൾപ്പെടെ നിരവധി വിഷയങ്ങൾ സേതുവിൽ പത്മനാഭ മിത്ര പരാമർശിക്കുന്നു.
ഈ കൃതിയുടെ ലക്ഷ്യം കഠിനമായ ദർശന വിഷയങ്ങളെ ലളിതമായി വിദ്യാർത്ഥികൾക്ക് ഉപകരിക്കുക എന്നതാണ്. വേദാന്തം, തർക്കം,വൈശേഷികം തുടങ്ങിയ ദർശനങ്ങൾക്കിടയിൽ സംവാദം നടന്നിരുന്ന സമയത്താണ് ഈ കൃതി പ്രസിദ്ധീകരിച്ചത് .പദാർത്ഥ ധർമ്മ സംഗ്രഹം എന്ന കൃതിയുടെ പ്രസക്തിയും അതിൻറെ സങ്കീർണതയും പരിഗണിച്ചാണ് പത്മനാഭ മിശ്ര ലളിതവ്യഖ്യാനമായി സേതു നിർമ്മിച്ചത് .പത്മനാഭ മിശ്ര സിദ്ധാന്തങ്ങൾ വ്യാഖ്യാനിക്കുന്നതിലുപരി തന്റെ കാലഘട്ടത്തിനനുയോജ്യമായി വൈശേഷിക തത്വചിന്തയെ എങ്ങനെ സമഗ്രമായ ഘടനയിൽ സംയോജിപ്പിക്കാം എന്ന് തെളിയിക്കുന്നു. ഇതൊരു ലളിത വ്യാഖ്യാനം മാത്രമല്ല മറിച്ച് ആഴത്തിലുള്ള തത്വചിന്താപരമായ വിശദീകരണങ്ങളുമായി നിലനിൽക്കുന്ന സ്വതന്ത്രമായ ഒരു ഗ്രന്ഥമാണിത്. പത്മനാഭ മിശ്ര ന്യായം, വൈശേഷികം എന്നിവ തമ്മിലുള്ള വ്യത്യാസങ്ങളും സമാനതകളും വിലയിരുത്തുന്നു. ചില തർക്കങ്ങളെ ശക്തിപ്പെടുത്തുകയോ അതിൻറെ പരിമിതികൾ ചൂണ്ടിക്കാട്ടുകയോ ചെയ്യുന്നു. ശുദ്ധവും അശുദ്ധവുമായ വ്യാഖ്യാനങ്ങൾ ഉപയോഗിച്ച് എല്ലാ സാധ്യതകളും ഉൾപ്പെടുത്തുന്നു. പദാർത്ഥങ്ങളുടെ ഘടനയും പ്രഭാവങ്ങളെയും വ്യത്യസ്തമായ ഘടകങ്ങൾ ആക്കി കാണുകയും അവ പരസ്പരം സംയോജിച്ച് ഉണ്ടാകുന്ന ഘടനകളും പ്രവർത്തനങ്ങളും വിശദീകരിക്കുകയും ചെയ്യുന്നു..
പ്രത്യേകമായി കണങ്ങളുടെ സ്വഭാവം അവയുടെ കൂട്ടായ്മയിൽ പ്രകടമാകുന്നു. അവ ഒരേ വിധമാണ്, പക്ഷേ അവയുടെ ക്രമീകരണത്തിൽ വ്യത്യാസം വരുന്നു. അവയുടെ ഗുണങ്ങളും രൂപവും പ്രവർത്തനങ്ങളും ഇതുവഴി വ്യത്യാസമാകുന്നു. ഈ ഘടനകൾക്കിടയിലെ ബന്ധം (സമവായം) വളരെ പ്രധാനപ്പെട്ടതും അനിയന്ത്രിതവും ആയതുമാണ്. ഇത് കണങ്ങളെയും വസ്തുക്കളെയും തമ്മിൽ ബന്ധിപ്പിക്കുന്നു. പ്രപഞ്ചത്തിന്റെ സൃഷ്ടിയുടെയും ലയനത്തിന്റെയും വിഷയം അദ്ദേഹം ഉൾക്കൊള്ളുകയും പരമാത്മാവിനെ പ്രപഞ്ചത്തിന്റെ മാർഗ്ഗനിർദേശക ശക്തിയായി സ്വീകരിക്കുകയും ചെയ്യുന്നു.
പ്രശസ്ത പാദഭാഷ്യത്തിന്റെ മറ്റു വ്യാഖ്യാനങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും വ്യോമ ശിവയുടെ വ്യോമവതി , ശ്രീധരന്റെ ന്യായകന്ദളി, ഉദയനൻ്റെ കിരണാവലി തുടങ്ങിയവയാണ്. ശ്രീധരൻ എഴുതിയ ന്യായകന്ദളി പ്രശസ്തപാദഭാഷ്യത്തിൻ്റെ അടിസ്ഥാന വ്യാഖ്യാനങ്ങളിൽ ഒന്നാണ്. ശ്രീധരൻ പ്രശസ്തപാദ ഭാഷ്യത്തിലെ സങ്കീർണമായ ആശയങ്ങളെ ലളിതമായി വിശദീകരിക്കുന്നു. ദ്രവ്യ ,ഗുണ ,കർമ്മ തുടങ്ങിയ പദാർത്ഥങ്ങളുടെ വിശദീകരണത്തിന് ലാവണ്യവും വ്യക്തതയും നൽകുന്ന ഈ കൃതി, വൈശേഷിക സിദ്ധാന്തത്തെ കൂടുതൽ ഗ്രഹണീയമാക്കുന്നു. വ്യാഖ്യാനപരമായ വ്യക്തതയും ദാർശനിക ആഴവുമാണ് ഈ കൃതിയിൽ കാണാൻ കഴിയുന്നത്.
എന്നാൽകിരണാവലിയിൽ ഇന്ത്യൻതത്വചിന്താധാരകളായ വൈശേക്ഷിക ,ന്യായ ദർശനങ്ങളിലെ ആശയങ്ങളെ ആഴത്തിൽവിശകലനം ചെയ്യുന്ന ഒരു പ്രധാന ഗ്രന്ഥമാണ്.ഈ രണ്ടു ദർശനങ്ങളിലെയും സൂക്ഷ്മമായ തത്വങ്ങളെ കുറിച്ച് വിശദമായി ചർച്ച ചെയ്യുന്നു .അസ്തിത്വത്തിന്റെയും അസ്തിത്വം ഇല്ലായ്മയുടെയും വർഗ്ഗീകരണവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ എന്നിവയെല്ലാം കിരണാവലിയിൽ പ്രതിപാദിക്കുന്നു. ഉദയനൻ ഇന്ത്യൻ തത്വചിന്തയിൽ ഒരു പ്രധാനവ്യക്തിത്വമായിരുന്നു. പ്രാചീന ന്യായ കാലഘട്ടത്തെയും നവ്യന്യായകാലഘട്ടത്തെയും ഇത് തമ്മിൽ ബന്ധിപ്പിക്കുന്നു.കിരണാവലിയിൽ ഈശ്വരന്റെ അസ്തിത്വം തെളിയിക്കുന്നതിലും അമൂർത്തവും വ്യക്തവുമായ യുക്തിസഹജവുമായ ന്യായവാദം ഉപയോഗിക്കുന്നതിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഉപസംഹാരം
പത്മനാഭ മിശ്രയുടെ സേതു ഒരു അതുല്യമായ ഭൗതിക പാലമായാണ് നിലകൊള്ളുന്നത്. അതിൻറെ പേരിനനുസൃതമായി പ്രശസ്ത പാദഭാഷ്യത്തിൻറെയും അടിസ്ഥാന ഗ്രന്ഥത്തിന്റെയും പാരമ്പര്യത്തിലെ വിശാലപരമായ വ്യാഖ്യാനപരമായ തത്വചിന്തയുടെയും ഇടയിൽ പദാർത്ഥങ്ങൾ,ഗുണങ്ങൾ, കർമ്മങ്ങൾ, സമവായം തുടങ്ങിയ സങ്കീർണമായ തത്വചിന്ത ഘടകങ്ങളെ സൂക്ഷ്മമായി വ്യക്തമാക്കുന്നതിലൂടെ ഒരു സ്വതന്ത്ര തത്വചിന്താപരമായ സംഭാവനയായി പ്രവർത്തിക്കുന്നു. ഇത് മുൻകാല വ്യാഖ്യാനങ്ങളെ വ്യക്തമാക്കുകയും വ്യാപിപ്പിക്കുകയും ചിലപ്പോൾ ചോദ്യം ചെയ്യുകയും ചെയ്യുന്നു. പദാർത്ഥങ്ങളിൽ ഉണ്ടാകുന്ന അവയുടെ സ്വഭാവം, കർമ്മങ്ങൾ, ഗുണങ്ങൾ, അവയുടെ ഉല്പത്തി എന്നിവയെ കുറിച്ചുള്ള വിശദമായ വിവരണമാണ് സേതുവിൽ നൽകിയിരിക്കുന്നത്.
ഗ്രന്ഥസൂചികകൾ
1.Vaisheshika Sutras: The foundational text of Vaisheshika Darshana, attributed to Maharishi Kanada.
2. Praśastapāda's Padārthadharmasaṅgraha: A key commentary on the Vaisheshika Sutras.
3. "Indian Philosophy" by Sarvepalli Radhakrishnan: A comprehensive overview of Indian philosophy, including Vaisheshika Darshana.
4. "The Philosophy of Vaisheshika" by Ganganatha Jha: A detailed analysis of Vaisheshika Darshana's metaphysics and epistemology.
5. "Vaisheshika Darshana: A Study" by P. T. Raju: An in-depth examination of Vaisheshika Darshana's concepts and principles.
6. "The Atomism of Democritus and the Vaisheshika" by Debiprasad Chattopadhyaya: A comparative study of ancient Greek and Indian atomistic philosophies.
7. "Science and Philosophy in Ancient India" by Debiprasad Chattopadhyaya: An exploration of the intersections between science and philosophy in ancient Indian thought.
8. “The critical study of Prasatapāda Bhãshya” by S.Peeru Kannu Professor of Nyaya,Govt.Sanskrit College Trivandrum.
9. “Nyāyakusumāñjali” of Udayanācharya , the Vidyabhavan Sanskrit Granthamāla No. 74 ,Varanasi 1928.
10. “ Prasatapādabhãshya” with Kiranavalī of Udayanāchārya, Gaekward Oriental Series edn.,No.153,Baroda,1971.
ശ്രീവിദ്യ .എസ് .എസ്
ഗവേഷക വിദ്യാർഥിനി
ഗവൺമെൻറ് സംസ്കൃത കോളേജ്
തിരുവനന്തപുരം





Comments