top of page

ഫോക്‌ലോർ ഇവിടെ കച്ചവടവൽക്കരിക്കപ്പെട്ട സത്യമാണ്!

പത്ത് ചോദ്യങ്ങൾ

രാഘവൻ പയ്യനാട് - ഷൈനി / ബീന വി.


1.ഫോക്‌ലോർ പഠനത്തിൻ്റെ സമകാലിക പരിസരം വ്യക്തമാക്കാമോ?

ഫോക്‌ലോർ വളരെ പ്രധാനപ്പെട്ട ഒരു സാമൂഹിക ശാസ്ത്രമായി വളർന്നിരിക്കുന്നു.1989ൽ പാരീസിൽ വച്ച് നടന്ന യുനെസ്കോയുടെ ജനറൽ കോൺഫറൻസ് പാരമ്പര്യസംസ്കാരവും ഫോക് ലോറും സംരക്ഷിക്കപ്പെടേണ്ടതിലേക്ക് ചില നിർദ്ദേശങ്ങൾ വയ്ക്കുകയും അത് ഇന്ത്യ ഉൾപ്പെടെയുള്ള അംഗരാഷ്ട്രങ്ങളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഫോക്‌ലോർ പഠനത്തിൻ്റെ  പ്രാധാന്യത്തെയാണ് ഇത് എടുത്തുകാട്ടുന്നത്. അത്രമാത്രം ഈ വിഷയം വളർന്നു കഴിഞ്ഞിട്ടുമുണ്ട്. ഈ ഒരു പരിപ്രേക്ഷ്യത്തിൽ വേണം നാം കേരളത്തിലെ ഫോക് ലോർ  പ്രവർത്തനങ്ങളെക്കുറിച്ച് ചിന്തിക്കാൻ.ഫോക്‌ലോർ എന്ന വിഷയം ഉണ്ടായതും തുടർന്നുള്ള അതിൻറെ വളർച്ചയെ നിയന്ത്രിച്ചതും  പല കാര്യങ്ങളിൽ പോലെതന്നെ പാശ്ചാത്യ രാജ്യങ്ങളാണ്. അതുകൊണ്ടുതന്നെ ഇന്ത്യ ഉൾപ്പെടെയുള്ള കിഴക്കൻ രാജ്യങ്ങളിൽ അത് പറച്ചുനടപ്പെട്ട ഒരു വിഷയമാണ്.കിഴക്കൻ രാജ്യങ്ങളുടെ സംഭാവനയായി ഒരു പഠനതത്ത്വവും ഫോക് ലോറിൽ ഇതുവരെയും ഉണ്ടായിട്ടില്ല.മാക്സ് മുള്ളറുടെ സൗര സിദ്ധാന്തം തൊട്ട്  ലോറി ഹോങ്കോ ഈയിടെ ആവിഷ്കരിച്ച  സിദ്ധാന്തം വരെ പാശ്ചാത്യരുടെ സംഭാവനയാണ്.

  കൂട്ടായ്മയുടെ സ്വത്വാന്വേഷണം ഫോക് ലോർ  പഠനത്തിൻറെ ഒരു പ്രധാനപ്പെട്ട ലക്ഷ്യമായി അംഗീകരിക്കപ്പെട്ട നിലയ്ക്ക് അക്കാദമിക് വീക്ഷണത്തിൽ നിന്ന് ഭിന്നമായി കൂട്ടായ്മയുടെ വീക്ഷണത്തിന് പ്രാധാന്യംലഭിക്കേണ്ടതുണ്ട് .ആധുനികതയുടെ പ്രചാരത്തിന്റെ ഭാഗമായി പാശ്ചാത്യാധിപത്യം ഉറപ്പിക്കുന്ന രീതിയിൽ പാശ്ചാത്യർ സ്വന്തം കണ്ണിലൂടെ എല്ലാറ്റിനെയും കാണാനും അവർക്ക് അനുകൂലമായ സിദ്ധാന്തങ്ങൾ ആവിഷ്കരിക്കാനും ആണ് ഇതുവരെ ശ്രമിച്ചിട്ടുള്ളത് .ഒരു കൂട്ടായ്മയെ ഏതു രീതിയിൽ എങ്ങനെ അറിയണമെന്ന് ഇതുവരെ തീരുമാനിച്ചത് പാശ്ചാത്യ ലോകമാണ്. തെയ്യത്തെ ഡെവിൾ ഡാൻസ് ആയി ലോകത്തിന് പരിചയപ്പെടുത്തിക്കൊടുക്കാൻ ലോഗന് സാധിക്കുന്നത് ഈ അധികാരബോധത്തിൽ നിന്നാണ്. ഒരു കൂട്ടായ്മയെ ബാഹ്യമായ മാനദണ്ഡങ്ങൾ വച്ച് അളക്കാനും ആ  അറിവിനെ യാഥാർത്ഥ്യമെന്ന് പ്രചരിപ്പിക്കാനും പഠിക്കപ്പെടുന്ന കൂട്ടായ്മയെ കൊണ്ടുതന്നെ അറിവിൻറെ പേരിൽ അതിനെ അംഗീകരിപ്പിക്കാനും സാധിച്ചാൽഅവരുടെ മേലുള്ള ആധിപത്യം എളുപ്പമായിത്തീരുന്നു.അതാണ് ഫോക് ലോറിൻ്റെയും അതുപോലുള്ള സാമൂഹ്യശാസ്ത്രങ്ങളുടെയും രംഗത്ത് ഇതുവരെ നടന്നു വന്നത്.


2 .കേരളത്തിലെ ഫോക്‌ലോർ പഠനം ഏത് ദിശയിലാണ്?

 കൂട്ടായ്മയുടെ ആവശ്യങ്ങൾക്ക് അനുസൃതമായി പഠനം നടത്തുകയും സിദ്ധാന്തങ്ങൾ ആവിഷ്കരിക്കുകയുമാണ് ആവശ്യം.മറ്റ് പഠന വിഷയങ്ങളിലെന്നതുപോലെ ഫോക് ലോറിലും അത് സാധിച്ചിട്ടില്ല .പാശ്ചാത്യ സിദ്ധാന്തങ്ങൾ പഠനീയങ്ങൾ അല്ലെന്ന് ഇതുകൊണ്ട് ഉദ്ദേശിക്കുന്നില്ല.തീർച്ചയായും അവർ അറിഞ്ഞിരിക്കണം.അതോടൊപ്പം അവർക്ക് പിന്നിലെ പ്രത്യയശാസ്ത്രവും അതുൾക്കൊള്ളുന്ന രാഷ്ട്രീയവും അറിഞ്ഞിരിക്കണം.എന്നാലേ ഫലവത്തായ രീതിയിൽ കൂട്ടായ്മയുടെ വീക്ഷണത്തിലുള്ള ഏതൊരു പഠനത്തിനും സാധ്യതയുള്ളൂ.എന്നാൽ പാശ്ചാത്യ ഫോക് ലോർ പഠനത്തെ ഫലവത്തായി അനുകരിക്കാൻ പോലും നമുക്ക് സാധിച്ചില്ല എന്നതാണ് കേരളത്തിലെ ഫോക്‌ലോർ പഠനത്തിൻ്റെ അവസ്ഥ . ഫോക്‌ലോർ പഠനതത്വങ്ങളെ പരിചയപ്പെടുത്തുന്ന വിരലിലെണ്ണാവുന്ന പുസ്തകങ്ങൾ മാത്രമാണ് മലയാളത്തിൽ ഇറങ്ങിയിട്ടുള്ളത്.അന്താരാഷ്ട്ര പ്രാധാന്യമുള്ള ഒരു വിഷയം എന്ന നിലയ്ക്ക് ഫോക് ലോറിനെ സ്വന്തമായ രീതിയിൽ വളർത്തിക്കൊണ്ടു വരണമെങ്കിൽ പോലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ എന്ത് സംഭവിക്കുന്നു എന്ന് നാം അറിഞ്ഞേ മതിയാകൂ.

  ഇവിടെ ഫോക്‌ലോർ മേഖലയിൽ അനേകം പുസ്തകങ്ങൾ ഇറങ്ങിയിട്ടുണ്ട്. അവയിൽ മിക്കതും വസ്തുതകളുടെ സമാഹാരമോ വിവരണാത്മക പഠനമോ ആണ്.വസ്തുതകളുടെ സമാഹരണം മുതൽ പുസ്തകമായി പുറത്തിറങ്ങുന്നതു വരെ ഗവേഷണത്തിനു വേണ്ട ശാസ്ത്രീയ രീതി സ്വീകരിക്കപ്പെട്ടില്ല എന്നതാണ് ഈ പുസ്തകങ്ങൾക്കുള്ള കുറവ്.ഈ വിഷയത്തോടുള്ള പ്രതിപത്തി ഒന്നുകൊണ്ടുമാത്രം അപമാനവും സാമ്പത്തികഭാരവും സമയനഷ്ടവും സഹിച്ച് ഈ രംഗത്ത് പ്രവർത്തിച്ചുവരുന്ന അർപ്പിത ചേതസുകളുടെ പ്രവർത്തനങ്ങളെ ചെറുതായി കാണുകയല്ല ചെയ്യുന്നത്.വിഷയത്തിന്റെ വളർച്ചയ്ക്ക് വേണ്ടി ആത്മ പരിശോധനയ്ക്ക് ശ്രമിക്കുക മാത്രമാണ്. 

 കേരളത്തിലെ ഫോക്‌ലോർ പ്രവർത്തനങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള നേതൃത്വം ഉണ്ടായിരുന്നില്ല .വ്യക്തികൾ സ്വന്തം നിലയിൽ സ്വന്തം രീതിയിൽ വസ്തുതകൾ സമാഹരിക്കുകയും പ്രസിദ്ധീകരിക്കുകയും ആണ് ചെയ്തുവന്നത്. കേരളത്തിന് തനതായ ഫോക്‌ലോറും തനതായ നിരീക്ഷണ രീതിയും ഉണ്ട്. അത് നമ്മുടെ പ്രാകൃതികവും സാമൂഹികവുമായ ചുറ്റുപാടിനനുസരിച്ച് രൂപപ്പെട്ടിട്ടുള്ളതാണ്. അവയെ അവഗണിച്ചുകൊണ്ടുള്ള ഒരു പഠനവും സംഗതമല്ല. ഫോക് ലോർ എന്ന സാർവ്വ ലൗകികവിഷയത്തെ മനസ്സിലാക്കുന്നതിനോടൊപ്പം അതിൻറെ സഹായത്തോടെ നമ്മുടെ സാമൂഹികവും രാഷ്ട്രീയവുമായ ലക്ഷ്യങ്ങൾക്കനുസൃതമായി സ്വന്തമായ ഫോക്‌ലോർ പഠനരീതിയും തത്വങ്ങളും കണ്ടെത്തേണ്ടതുണ്ട്. ഇങ്ങനെ വ്യക്തമായ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട് കേരളത്തിലെ ഫോക്‌ലോർ പഠനങ്ങളെ ആസൂത്രണത്തിൻ്റെ അടിസ്ഥാനത്തിൽ മുന്നോട്ട് നയിക്കേണ്ട ഘട്ടം വന്നു ചേർന്നിരിക്കുന്നു.

 

3  .ഫോക്‌ലോർ പഠനപദ്ധതിയുടെ സ്വഭാവം വ്യക്തമാക്കാമോ?


മേൽ കാണുന്ന ചിത്രത്തിൽ കാണിച്ചിട്ടുള്ളതാണ് ഫോക് ലോർ പഠനപദ്ധതിയുടെ സ്വഭാവം .ഗവേഷകൻ കൂട്ടായ്മയിൽ നിന്ന് ഫോക്‌ലോർ സമാഹരിക്കുകയും അതിനെ വർഗ്ഗീകരിച്ച് രേഖാലയത്തിലും മ്യൂസിയത്തിലുമായി സൂക്ഷിക്കുകയോ സ്വന്തം കയ്യിൽ വെക്കുകയോ ചെയ്യുന്നു.അതിനുശേഷം അതിനെ വിശകലനത്തിന് വിധേയമാക്കുകയും അത് നൂതന വിജ്ഞാനത്തിലേക്കുള്ള വഴിതുറക്കുകയും അതോടൊപ്പം നിർവചിക്കപ്പെട്ട ലക്ഷ്യത്തിന് അനുസൃതമായി അതാതു ജനസാമാന്യത്തിന്റെ പുരോഗതിക്കുതകുന്ന രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുകയും ചെയ്യുന്നു .വിശകലനത്തിലൂടെ ലഭിക്കുന്ന അറിവ് പ്രത്യക്ഷമായോ പരോക്ഷമായോ പഠിക്കപ്പെട്ട കൂട്ടായ്മയെ തന്നെ സ്വാധീനിക്കുകയും അതിനെ മാറ്റി തീർക്കുകയും ചെയ്യുന്നു.കൂട്ടായ്മയെക്കുറിച്ച് ഉണ്ടാകുന്ന ഏതൊരുറിവും നിഷ്ക്രിയമല്ല.അത് അറിവിനാധാരമായി നിന്ന മൂല കാരണമായ കൂട്ടായ്മയെ തന്നെ പരിവർത്തിപ്പിക്കുന്നു.അതിലൂടെ കൂട്ടായ്മ നവീകരിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു.അതുകൊണ്ട് കൂട്ടായ്മയെ കുറിച്ചുള്ള പഠനം എങ്ങനെ കൂട്ടായ്മയെ സ്വാധീനിക്കും എന്ന് കൂടി നേരത്തെ അറിയാൻ ഗവേഷകൻ ബാധ്യസ്ഥനാണ്.

 

4 .ഫോക് ലോർ പഠനത്തിൻ്റെ ലക്ഷ്യവും പ്രസക്തിയും വ്യക്തമാക്കാമോ?

  ഉദാരവൽക്കരണം, ആഗോളവൽക്കരണം , പാശ്ചാത്യവൽക്കരണം തുടങ്ങിയവയിലൂടെ ഒരു ഏകീകൃത ഉപഭോക്തൃ സമൂഹത്തെ സൃഷ്ടിച്ച ലോകത്തെ മുഴുവൻ അടിമപ്പെടുത്താനുള്ള ശ്രമത്തിലാണ് ലോകമുതലാളിത്തം ഏർപ്പെട്ടിരിക്കുന്നത്.ഈ ഏകീകരണ പ്രക്രിയയ്ക്ക് തടസ്സമായി നിൽക്കുന്നത് ഇന്ന് ലോകത്ത് ബാക്കി നിൽക്കുന്ന പാരമ്പര്യ ബോധങ്ങളാണ്. . ഇവയെ തകർക്കാനുള്ള വഴികളും ആലോചിച്ചു നടപ്പാക്കികൊണ്ടിരിക്കുന്നു .

പാശ്ചാത്യ കേന്ദ്രീകൃതമായ മുതലാളിത്ത സമൂഹം ഇതൊക്കെ സാധിച്ചെടുക്കുന്നത് സാർവലൗകിക സിദ്ധാന്തങ്ങളിലൂടെ ലോകത്തുള്ള മനുഷ്യരെല്ലാം ഒന്നാണെന്നും തെളിയിക്കുകയും ഇതടക്കം ആധുനികത മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ മാത്രമാണ് അഭിഭാമ്യം എന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നതിൽ വിജയിച്ചതിലൂടെയാണ് .

ഇന്ന് പാശ്ചാത്യവൽക്കരണത്തിനും ഉപഭോക്തൃ സമൂഹസൃഷ്ടിക്കും എതിരായ ചെറുത്തുനിൽപ്പ് സാധ്യമാക്കി തീർക്കുന്നത് പാരമ്പര്യ ബോധത്തെയും സ്വത്വബോധത്തെയും മുൻനിർത്തിയാണ് .ഇവിടെയാണ് ഫോക്‌ലോർ പഠനത്തിന്റെ പ്രസക്തി.

 കൂട്ടായ്മയുടെ സ്വത്വത്തെ അറിയുക എന്നുള്ളത് ഫോക്‌ലോർ പഠനത്തിന്റെ പ്രധാനപ്പെട്ട ഒരു ലക്ഷ്യമാണെന്ന് അലൻ ഡൻസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിൻറെ ഭാഗമായിട്ടാണ് ലോകവീക്ഷണ പഠനത്തെ അദ്ദേഹം ഉയർത്തി കാട്ടുന്നതും സ്വത്വപഠനത്തിന് മാതൃകയായി അദ്ദേഹം life is like  chicken coop ladder  എന്ന ഒരു ഗ്രന്ഥവും രചിക്കുകയുണ്ടായി. ഇന്നത്തെ ഭാരതീയ സാഹചര്യത്തിൽ ഫോക് ലോർ പഠനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമായി സ്വീകരിക്കപ്പെടേണ്ടത് കൂട്ടായ്മയുടെ സ്വത്വാന്വേക്ഷണം തന്നെയാണ് .ഇന്ത്യ ഒരു ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക് ആണ്.സോഷ്യലിസം ലക്ഷ്യമാക്കി സ്വീകരിക്കുകയും ആ ലക്ഷ്യം നേടാൻ ജനാധിപത്യം മാർഗമായി സ്വീകരിക്കുകയും ചെയ്ത പരമാധികാരം ഉള്ള ഒരു രാഷ്ട്രം.ജനാധിപത്യം ഒരു അനുഭവവും ബോധവുമായി തീരുന്നതിനു പകരം ഭരണകൂടത്തെ നിശ്ചയിക്കുന്നതിനുള്ള ഒരു യാന്ത്രികമായ പ്രക്രിയ മാത്രമായി ഇന്നും തുടരുന്നു.

അതിനുള്ള പ്രധാനകാരണം അറിവിൻറെ തലത്തിൽ ജനാധിപത്യ പ്രക്രിയയോ സോഷ്യലിസ്റ്റ് ആശയമോ കടന്നു വന്നില്ല എന്നതാണ്. പലപ്പോഴും നവ കൊളോണിയലിസത്തിനനുസൃതമായ ബോധം ഉണ്ടാക്കിയെടുക്കുന്ന അറിവുകളാണ് ഇവിടെ ഇറക്കുമതി ചെയ്യപ്പെടുന്നതും ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നതും വിതരണം ചെയ്യപ്പെടുന്നതും. ഈ ഒരു പരിതഃസ്ഥിതിയിൽ നമ്മുടെ ജനാധിപത്യ സോഷ്യലിസ്റ്റ് വ്യവസ്ഥിതിക്ക് തുരങ്കം വെക്കുന്ന ബാഹ്യശക്തികളുടെ ഇടപെടലിനെ ചെറുക്കാൻ സഹായിക്കുന്നതായിരിക്കണം ഏതൊരുസാമൂഹ്യശാസ്ത്ര പഠനവും.ഇതിന് സഹായകരമായ നിലപാടെടുക്കാൻ സാധിക്കുന്ന പഠനമേഖലയാണ് ഫോക് ലോർ. കൂട്ടായ്മയുടെ (ആവശ്യാനുസരണം കുടുംബം മുതൽ രാഷ്ട്രം വരെയുള്ള ഏത് കൂട്ടായ്മയും ആകാം )സ്വത്വത്തെ അവരെത്തന്നെ ബോധ്യപ്പെടുത്തുന്നതിലൂടെ താൻ പോരിമയുണ്ടാക്കാൻ സാധിക്കും.സാർവലൗകികസത്യങ്ങൾ അന്വേഷിക്കുന്നതിനു പകരം വ്യത്യസ്ത കൂട്ടായ്മകളുടെ സ്വത്വം കണ്ടെത്തുന്ന പഠനങ്ങളാണ് ഇന്ന് ആവശ്യം.അത് നിറവേറ്റാൻ കരുത്തുള്ള ഒരു വിഷയമായി ഫോക് ലോറിനെ മാറ്റിയെടുക്കണം. 

 

5.  ഫോക്‌ലോർ പഠനങ്ങളെ എപ്രകാരം ആസൂത്രണം ചെയ്യാം ?

 ലക്ഷ്യങ്ങൾ നിർവചിക്കാൻ സാധിക്കുക,ലക്ഷ്യത്തിലെത്താനുള്ള മാർഗങ്ങളെക്കുറിച്ച് ഒരു തീരുമാനത്തിലെത്തുക, അതിനാവശ്യമായ ഉപാദാനങ്ങളും തടസ്സങ്ങളും മുൻകൂട്ടി കാണുക, അതിനനുസരിച്ച് പ്രവർത്തനങ്ങളെ ചിട്ടപ്പെടുത്തുക .ഏതൊരു പദ്ധതിയുടെയും ആസൂത്രണം എന്ന് പറയുന്നതിന്റെ സാമാന്യ സ്വഭാവം ഇത്രയുമാണ്.

അമേരിക്ക പോലുള്ള വികസിത രാഷ്ട്രങ്ങൾക്ക് ഫോക്‌ലോർ പോലുള്ള വിഷയങ്ങൾ പുതിയ വിജ്ഞാനമേഖല കണ്ടെത്താനും ആധിപത്യം സ്ഥാപിക്കാനുമുള്ള ഒരു ഉപാധിയാണ്.അതോടൊപ്പം ഈ അറിവുകളെ പ്രായോഗികതലത്തിൽ പ്രയോജനപ്പെടുത്തി രാഷ്ട്രീയവും സാമ്പത്തികവുമായ ലക്ഷ്യങ്ങൾ നേടിയെടുക്കുക എന്നതും അവരുടെ ഉദ്ദേശ്യങ്ങൾ ആണ്.ഇന്ത്യ പോലുള്ള മൂന്നാം ലോക രാജ്യങ്ങൾക്ക് ഇത്തരം ലക്ഷ്യങ്ങളില്ല.അതുകൊണ്ട്എന്തിന് നാം ഫോക്‌ലോർ പഠിക്കണം എന്ന കാര്യത്തിൽ വ്യക്തമായ ഒരു തീരുമാനത്തിലെത്തേണ്ടതുണ്ട്. രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ പല ഘടകങ്ങളും കണക്കിലെടുത്തു കൊണ്ടുവേണം ഇതിൻറെ ലക്ഷ്യം നിർവചിക്കാൻ. കേരളം ഇന്ത്യ എന്ന രാഷ്ട്രത്തിൻറെ ഒരു ഘടകമാണ് .അതുകൊണ്ട് ഇന്ത്യയുടെ രാഷ്ട്രീയ ലക്ഷ്യങ്ങളുമായി ഈ പഠനങ്ങൾ പൊരുത്തപ്പെടേണ്ടതുണ്ട്.രാഷ്ട്രീയ ലക്ഷ്യങ്ങൾക്കനുസൃതമായി പഠനത്തെ ക്രമീകരിക്കുമ്പോൾ ഫോക് ലോറിനും സംസ്കാരത്തിനും എന്ത് സംഭവിക്കുന്നുവെന്നും അത് അഭിലഷണീയമാണോ എന്നും ചിന്തിക്കേണ്ടി വരുന്നു. കേരളീയൻ തനതായ രീതിയിലാണ് ചുറ്റുപാടുകളെ തിരിച്ചറിയുന്നത്. ആ തിരിച്ചറിവിന്റെ രീതിയിലാണോ ഫോക്‌ലോർ പഠനത്തെ മുന്നോട്ടു നയിക്കേണ്ടത് ? അതോ പടിഞ്ഞാറൻ കണ്ണിലൂടെ കാണേണ്ടതുണ്ടോ ?  ഈ കാര്യത്തിലും നാം ഒരു തീരുമാനത്തിലെത്തണം . വൈയക്തികപഠനങ്ങളായാലും സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള പഠനങ്ങളായാലും ഈ രീതിയിൽ ലക്ഷ്യം നിർവചിക്കപ്പെടേണ്ടതുണ്ട്. ലക്ഷ്യം നിർവചിച്ചു കഴിഞ്ഞാൽ ആസൂത്രണത്തിൽ അടുത്തഘട്ടം എന്തിനെക്കുറിച്ച് പഠിക്കണം എന്നുള്ളതാണ്.വൈയക്തികമായ പഠനമാകുമ്പോൾ ഏത് ഇനത്തെക്കുറിച്ച് പഠിക്കണമെന്നുള്ളതാണ് ചിന്താവിഷയം. കേരളത്തിലെ ഫോക് ലോർ പഠനത്തിന്റെ ലക്ഷ്യം നിർവചിക്കപ്പെടുമ്പോൾ തന്നെ അതിന് ഏതൊക്കെ ഫോക് ലോർ മേഖലകളാണ് പ്രയോജനപ്പെടുത്തേണ്ടത് എന്നതായി തീരുന്നു ചർച്ചാവിഷയം.വിഷയം തീരുമാനിക്കപ്പെട്ടാൽ ആ വിഷയത്തിന് ആധാരമായ കൂട്ടായ്മ ഏത്, അവരുടെ സ്ഥലം ,സവിശേഷതകൾ, വസ്തുതാസമാഹരണത്തിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചുള്ള ധാരണ ഉണ്ടാക്കണം.ഇത്രയും കഴിഞ്ഞാൽ നേരിടേണ്ടിവരുന്ന പ്രശ്നം ഗവേഷണത്തിന് ആധാരമായ വസ്തുതകൾ ശേഖരിക്കുന്ന രീതി എന്തായിരിക്കണം എന്നുള്ളതാണ് .അത് കാലേകൂട്ടി തീരുമാനിച്ചാലെ അതിനനുസരിച്ച് ആവശ്യമായി വരുന്ന ഉപകരണങ്ങളെക്കുറിച്ചും സൗകര്യങ്ങളെക്കുറിച്ചും ചിന്തിക്കാൻ സാധിക്കുകയുള്ളൂ.എത്ര കാലം നീണ്ടുനിൽക്കുന്നതായിരിക്കണം പഠന പദ്ധതി എന്ന കാര്യത്തിൽ ഒരു തീരുമാനത്തിലെത്തേണ്ടതുണ്ട്.പഠനത്തിന് ലൈബ്രറി സൗകര്യം എങ്ങനെ ലഭ്യമാകും എന്നും ചിന്തിക്കേണ്ടതുണ്ട്.കേരളത്തിൽ നല്ല ഒരു ലൈബ്രറി ഇല്ല എന്നുള്ളത് നമ്മുടെ പഠനത്തെ ബാധിക്കുന്ന പ്രശ്നമാണ്.ഇത്രയും കാര്യങ്ങൾ അന്വേഷിച്ചും മനനം ചെയ്തും കണ്ടെത്താവുന്നതേയുള്ളൂ . എന്നാൽ പഠന പദ്ധതിക്ക് ആവശ്യമായ പണം എങ്ങനെ സ്വരൂപിക്കാം എന്നുള്ളത് വളരെ ഗൗരവമുള്ള പ്രശ്നമാണ്.ഏതെങ്കിലും ഒരു ഫണ്ടിങ് ഏജൻസിയെ കണ്ടെത്തുക ഇന്ത്യ പോലുള്ള ഒരു രാഷ്ട്രത്തിൽ എളുപ്പമല്ല.കണ്ടെത്തിയാൽ തന്നെ വളരെ മുൻകരുതലോടെ വേണം പണം സ്വീകരിക്കാൻ.കാരണം പണം നൽകുന്ന ഏജൻസിക്ക് അവരുടേതായ ലക്ഷ്യവും നമുക്ക് നേരത്തെ നിർവചിക്കപ്പെട്ട നമ്മുടേതായ ലക്ഷ്യങ്ങളും ഉണ്ടായിരിക്കുമ്പോൾ ഇവ തമ്മിൽ ഒരു ഏറ്റുമുട്ടലിന് എപ്പോഴും സാധ്യതയുണ്ട്.ഏജൻസി സർക്കാർ ആണെന്നിരിക്കലും നാം അറിയാതെ ഒരു കടിഞ്ഞാൺ അവരുടെ കയ്യിൽ  ആയിത്തീരുന്നു. വിദേശ ഏജൻസികൾ ആകുമ്പോൾ പറയാനുമില്ല.

 

6. ഫോക്‌ലോർ പഠനത്തിലെ ഏറ്റവും പ്രധാനപ്പെട്ട വശമാണല്ലോ ദത്തങ്ങളുടെ സമാഹരണം. അതിനെക്കുറിച്ച് വ്യക്തമാക്കാമോ?

 പഠനത്തിലെ ഏറ്റവും പ്രധാനപ്പെട്ട വശം ദത്ത സമാഹരണമാണ്.ഇതിനെ ആധാരമാക്കിയാണ് നാം നേരത്തെ നിർവഹിച്ച ലക്ഷ്യത്തിലെത്തിച്ചേരേണ്ടത്. folklore ഒരു സാമൂഹ്യശാസ്ത്രമാണ്. അതുകൊണ്ടുതന്നെ അത് ഊന്നുന്നത് വ്യക്തികളുടെ കൂട്ടായ്മയിലാണ് .അതിനാൽ ഒരു ഫോക് ലോറിന്റെ ധർമ്മപരമായ നിലനിൽപ്പ് വളരെ പ്രധാനമാണ്. ഈ നിലനിൽപ്പിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും എല്ലാ പഠനങ്ങളും.ധർമ്മത്തെ വിവേചിച്ചറിയണമെങ്കിൽ ഏതൊരു ഫോക് ലോറിൻ്റെയും സന്ദർഭം വ്യക്തമായി രേഖപ്പെടുത്തേണ്ടതുണ്ട് .ഒരു ഫോക്‌ലോർ രൂപം നിലനിൽക്കുന്ന ചുറ്റുപാട്,അതിനെ നിലനിർത്തുന്ന ഘടകങ്ങൾ ,ആ രൂപത്തിന് മറ്റു ഫോക്‌ലോർ രൂപങ്ങളോടുള്ള ബന്ധങ്ങൾ, ആവേദകൻ്റെ  വിശദവിവരം ,ഗവേഷകനെക്കുറിച്ചുള്ള പൂർണ്ണവിവരം ഇങ്ങനെ വളരെ വിശാലമാണ് സന്ദർഭം.സന്ദർഭം രേഖപ്പെടുത്താതെ ലഭിക്കുന്ന ഒരു ഫോക് ലോർ രൂപം ഫോക്‌ലോർ എന്ന സാമൂഹികശാസ്ത്ര പഠനത്തിന് ഉപയോഗ്യമല്ല.കേരളത്തിൽ ഇതുവരെ നടന്ന പഠനങ്ങൾ സന്ദർഭത്തിന് പ്രാധാന്യം കൊടുത്തവ ആയിരുന്നില്ല. ഫോക്‌ലോറിനെ ഒരു സാമൂഹികശാസ്ത്രമായി പരിഗണിച്ചുമിരുന്നില്ല .ഇവിടെ ഫോക് ലോർ പഠനം ഇനി ആരംഭിക്കാനിരിക്കുന്നതേയുള്ളൂ .അതുകൊണ്ട് സമാഹരണത്തിന്റെ ലക്ഷ്യവും അതിനുള്ള മാർഗ്ഗവും ആവിഷ്കരിച്ച് നിർദ്ദേശിക്കേണ്ടതായിട്ടുണ്ട്.

സമാഹരണത്തിന് രണ്ട് രീതികളാണ് പാശ്ചാത്യ പണ്ഡിതന്മാർ പൊതുവേ സ്വീകരിച്ചു കാണുന്നത്.

1 Participant observation

2 interview and question method

ഏതാണ്ട് പൂർണ്ണമായ സന്ദർഭം ലഭിക്കണമെങ്കിൽ പാർട്ടിസിപ്പൻ ഒബ്സർവേഷൻ ആവശ്യമാണ്.സംശയങ്ങൾ ദൂരീകരിക്കാനും വ്യത്യസ്ത അർത്ഥങ്ങളെക്കുറിച്ച് സൂചന ലഭിക്കാനും അഭിമുഖ രീതി ഉപയോഗപ്പെടുത്താം.വ്യത്യസ്ത വ്യക്തികൾക്ക് ഒരേ ഫോക്‌ലോർ രൂപത്തിനെക്കുറിച്ചുള്ള വ്യത്യസ്ത അഭിപ്രായങ്ങൾ എന്ത് എന്ന് അറിയാൻ ക്വസ്റ്റ്യൻ മെത്തേഡും ഉപയോഗപ്പെടുന്നു.നാം നമ്മുടെ ഫോക് ലോറാണ് പഠിക്കുന്നത് എന്നതിനാൽ പാർട്ടിസിപ്പൻഡ് ഒബ്സർവേഷനും ഇൻറർവ്യൂ വും എളുപ്പമാണ്.അഭിമുഖരീതിയിൽ നേരിടുന്ന ഒരു പ്രശ്നം ശരിയായി ആവേദകനെ ഏങ്ങനെ കണ്ടെത്താമെന്നുള്ളതാണ്.

എത്രതന്നെ ശ്രമിച്ചാലും സമാഹരണത്തിന് ചില പരിമിതികൾ ഉണ്ട്.സന്ദർഭത്തിലെ ഏതെങ്കിലും ഒരു കാര്യം രേഖപ്പെടുത്തുമ്പോഴേക്കും മറ്റു കാര്യങ്ങൾ നഷ്ടപ്പെടുന്നു എന്നുള്ളതാണ് അവയിൽ മുഖ്യം.പാർട്ടിസിപ്പൻറ് ഒബ്സർവേഷനിൽ ഗവേഷകൻ വസ്തുതയെ അനുഭവിച്ചറിയുകയാണ് ചെയ്യുന്നത് .അനുഭവിച്ചറിയുമ്പോൾ ചുറ്റുപാടിനെ വിലയിരുത്താൻ സാധിക്കാതെ വരുന്നു.അതുകൊണ്ട് ഈ പ്രയാസങ്ങളെ മറികടക്കാനുള്ള ഒരു മാർഗ്ഗം പലർ ഒന്ന് ചേർന്ന് ഒരേ വിഷയം സമാഹരിക്കുക എന്നുള്ളതാണ്.ഫോക് ലോർ രൂപത്തിന്റെ ടെക്സ്റ്റ് രേഖപ്പെടുത്തുക എന്നതാണ്  നാം  വളരെക്കാലമായി ചെയ്തുകൊണ്ടിരിക്കുന്നത് . അത് താരതമ്യേന എളുപ്പവുമാണ്.എന്നാൽ സന്ദർഭവും മറ്റു വിവരങ്ങളും എങ്ങനെ സമാഹരിക്കാം  എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാവണം. സന്ദർഭം ലഭിക്കണമെങ്കിൽ ഇത്രയും കാര്യങ്ങൾ എങ്കിലും കൃത്യമായി രേഖപ്പെടുത്തിയിരിക്കണം.

ആവേദകന്റെ വിവരങ്ങൾ,ഫോക്‌ലോർ രൂപം, ഫോക് ലോറിന്റെ സന്ദർഭം, ഫോക് ലോറിനെ കുറിച്ച് ആവേദകരുടെ വിവരണം,ഗവേഷകനെക്കുറിച്ചുള്ള വിവരങ്ങൾ, ഗവേഷകന്റെ സാന്ദർഭികമായ വിലയിരുത്തലുകൾ. ഇതിനുപുറമെ ഗവേഷകൻ ഫീൽഡ് ഡയറി എഴുതുകയും വേണം.

 

7.സമാഹരണ വേളയിൽ നേരിടുന്ന പരിമിതികൾ എന്തൊക്കെയാണ്?

 കേരളത്തിലെ ഗ്രാമത്തിലുള്ള ജനങ്ങൾ പോലും സാക്ഷരരും ലോകകാര്യങ്ങളെക്കുറിച്ച് ധാരണയുള്ളവരുമാണ്.അതുകൊണ്ട് വസ്തുതകൾ സമാഹരിക്കുന്നതിനും ആവേദകരിൽ നിന്ന് വസ്തുതകൾ ലഭിക്കുന്നതിനും അവരെ സത്യവസ്തുതകൾ ബോധ്യപ്പെടുത്തേണ്ടതുണ്ട് .ഇവിടെ നേരിടേണ്ടി വരുന്ന ഒരു പ്രശ്നം ഗവേഷണത്തിന്റെ ഉദാത്തമായ ലക്ഷ്യം ഇവരെ ബോധ്യപ്പെടുത്തേണ്ടതുണ്ടോ അങ്ങനെ ചെയ്താൽ അവർ അത് ബോധ്യപ്പെട്ട് സ്വീകരിക്കുമോ എന്നതാണ്. മറ്റൊരു പ്രശ്നം ഫോക്‌ലോർ ഇവിടെ കച്ചവടവൽക്കരിക്കപ്പെട്ടതുകൊണ്ട് ഗവേഷകന്റെ ഉദ്ദേശ്യശുദ്ധിയെ അവർ സ്വീകരിക്കാൻ മടിക്കുന്നു എന്നുള്ളതാണ്. അവർ ചിന്തിക്കുകയോ ചോദിക്കുകയോ ചെയ്യുന്ന ഒരു കാര്യം ഗവേഷണം ചെയ്ത് നിങ്ങൾ പല സൗകര്യങ്ങളും നേടും അതുകൊണ്ട് നമുക്കെന്തു നേട്ടം എന്നായിരിക്കാം.ഇതിനെ പാശ്ചാത്യരായ ഫോക് ലോറിസ്റ്റുകൾ മറികടക്കുന്നത് പണം കൊടുത്തിട്ടാണ്. അങ്ങനെ പണം സ്വീകരിച്ച്ശീലവും ആവേദകർക്കുണ്ട്. ഈ ആവേദകരെ നാം എങ്ങനെ കൈകാര്യം ചെയ്യും.പ്രതിഫലമായി പണം കൊടുക്കുന്നത് നമ്മുടെ മൂല്യങ്ങൾക്കിണങ്ങുന്നതാണോ? നമ്മൾ മാത്രമല്ല ലോകമെമ്പാടുമുള്ള ഫോക് ലോറിസ്സുകൾ ഈ ചോദ്യം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ് .ഒരു ഫോക്‌ലോർ പാoത്തിന്റെ ധനപരമായ മൂല്യംആരും നിർണയിച്ചിട്ടില്ല.ഗവേഷകൻ സൗകര്യപൂർവ്വം എന്തെങ്കിലും ഒരു തുക നൽകി അത് കൈപ്പറ്റുന്നു .അത് കോഴ കൊടുക്കുന്നതിന് സമം അല്ലേ ? ഈ കാര്യം നാം ഗൗരവമായി ചർച്ച ചെയ്യേണ്ടതുണ്ട്. ഇതിന് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത് രണ്ട് പരിഹാരങ്ങളാണ്. ഒന്ന് ആവേദകന് സഹകർത്തൃത്വം നൽകുക,രണ്ട് ആവേദകന് റോയൽറ്റി നൽകുക. സഹകർത്തൃത്വം വലിയ പ്രശ്നമല്ല. അത് സ്വീകരിക്കുന്നതിന് ആവേദന് സന്തോഷമാണെന്നും വരാം. അതുകൊണ്ട് അയാൾക്ക് എന്തു നേട്ടം എന്നത് മറ്റൊരു ചോദ്യമാണ്. റോയൽറ്റിയുടെ കാര്യത്തിലാണ് പ്രശ്നം. ആർക്കാണ് റോയൽറ്റി നൽകുക .ഒരാളിൽ നിന്ന് സമാഹരിക്കുന്ന പാഠം അയാളുടെ സ്വന്തമല്ല. കൂട്ടായ്മയുടേതാണ്. അയാളിലൂടെ അത് ഗവേഷകനിൽ എത്തുന്നു എന്നേയുള്ളൂ .കൂട്ടായ്മയെ പ്രതിനിധീകരിച്ച് ആവേദകന് പ്രതിഫലം മുഴുവൻ കൈപ്പറ്റാൻ അവകാശമുണ്ടോ?  ഇത്തരത്തിലുള്ള പല പ്രശ്നങ്ങൾക്കും സമാഹരണവേളയിൽ ഉത്തരം കണ്ടെത്തേണ്ടതായിട്ടുണ്ട് .കേരളത്തിലെ കൂട്ടായ്മകളുടെ സവിശേഷമായ അവസ്ഥയിൽ ഫോക്‌ലോർ,ഫോക് ലോറിസം ,ഫാഷൻ എന്നിവ വേർതിരിച്ചറിയാൻ പ്രയാസമാണ്.ഇവ മൂന്നും കേരളത്തിലെ ഗ്രാമങ്ങളിൽ പോലും ഒരുപോലെ നിലനിൽക്കുന്നു.ഇവയെ തിരിച്ചറിയാൻ സാധിക്കാതെയുള്ള സമാഹരണപ്രവർത്തനങ്ങൾവിശകലനത്തെ വിരുദ്ധദിശയിലേക്ക് നയിച്ചെന്നു വരും.

 സൂക്ഷ്മമായി കാര്യങ്ങൾ രേഖപ്പെടുത്തണമെങ്കിൽ ആധുനിക ഇലക്ട്രോണിക് മാധ്യമങ്ങളുടെ സഹായം തേടേണ്ടി വരും. ഉപകരണങ്ങളുടെ ലഭ്യത, ഉപകരണങ്ങൾ ലഭിച്ചാൽ തന്നെ സൂക്ഷ്മമായി അവയെ ഉപയോഗിക്കാനുള്ള സാങ്കേതികമായ പരിജ്ഞാനക്കുറവ്, ഇങ്ങനെ സമാഹരിക്കുന്ന വസ്തുതകൾ സൂക്ഷിക്കാനും ഉപയോഗിക്കാനുമുള്ള സംവിധാനങ്ങളുടെ അപര്യാപ്തത എന്നിങ്ങനെ പല കാര്യങ്ങളും കേരളത്തിലെ ഫോക്‌ലോർ പഠനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളാണ്.

 

8. രേഖാലയവും മ്യൂസിയവും ഫോക്‌ലോർ പഠനത്തിന് കൂടുതലായി ആശ്രയിക്കുന്ന ഉപാദാനങ്ങളാണ്. പഠനത്തിനായി സമാഹരിച്ച വസ്തുക്കൾ / വസ്തുതകൾ വർഗ്ഗീകരിച്ച് സൂക്ഷിക്കുമ്പോൾ ഏത് മാനദണ്ഡമാണ് അടിസ്ഥാനമാക്കുന്നത് ?

 

രേഖാലയത്തിനും മ്യൂസിയത്തിനും കൂട്ടായ്മയോടും ഗവേഷകരോടും ഉഭയബന്ധമാണുള്ളത്.ഗവേഷകന് അത് അയാളുടെ പഠനത്തിനുള്ള ആധാരമാണ്. ജനസാമാന്യത്തെ സംബന്ധിച്ചിടത്തോളം അത് സ്വന്തം ജീവിതത്തെ തന്നെ അടർത്തിയെടുത്ത് സാധ്യമായ രീതിയിൽ നിലനിർത്തിയതാണ്. ആ നിലയ്ക്ക് ഏതൊരു മ്യൂസിയവും അതാത് ജനതയ്ക്ക് വിലപ്പെട്ടതാണ്. അവർ അതിനെ പ്രത്യേക രീതിയിൽ കാണുകയും സ്വന്തം ജീവിതത്തെ തന്നെ അതിലൂടെ മാറി നിന്ന് വിലയിരുത്തുകയും ചെയ്യുന്നു.

 

ഇനി ഇതിനേക്കാൾ ഗൗരവമുള്ള മറ്റൊരു പ്രശ്നം രേഖാലയമായാലും മുസിയമായാലും രണ്ടും വർഗ്ഗീകരണമാണ്.

വർഗ്ഗീകരണത്തിൻ്റെ മാനദണ്ഡം എന്തായിരിക്കണം?ഗവേഷകൻ്റെ ആശയത്തിനനുസരിച്ചുള്ള വർഗ്ഗീകരണത്തിനും കൂട്ടായ്മയുടെ ബോധത്തിൻ്റെ അടിസ്ഥാനത്തിലുള്ള വർഗ്ഗീകരണത്തിനും സാധ്യതയുണ്ട്. ഇവയിൽ ഏതെങ്കിലും ഒന്നിൻ്റെ അടിസ്ഥാനത്തിൽ വേണമല്ലോ മ്യൂസിയവും രേഖാലയവും ക്രമീകരിക്കാൻ. ഒരു ഉദാഹരണം നല്കി ഈ കാര്യം വ്യക്തമാക്കാം. പൂരക്കളിയുടെ വീഡിയോ കാസറ്റ് ഏത് ഇനത്തിൽപ്പെടുത്തി ക്രമീകരിക്കും? പാശ്ചാത്യ രീതിയിലുള്ള ജാനുഷിക (Generic)വർഗ്ഗീകരണ പ്രകാരം ഇത് നാടോടിനൃത്തമാണ്. പോരെങ്കിൽ വട്ടനൃത്തമാണ്. സന്ദർഭം കണക്കിലെടുക്കുമ്പോൾ ഇത് അനുഷ്ഠാന നൃത്തമാണ്. എന്നാൽ തദ്ദേശീയരുടെ ബോധതലത്തിൽ ഇത് കളിയായിട്ടാണ് നിലനിൽക്കുന്നത്. കളി എന്നത് കേരളത്തിൽ വിശാലമായ ഒരിനമാണ്. കക്കുകളി മുതൽ കഥകളി വരെ അതിൻറെ പരിധിയിൽ വരുന്നു. എന്നാൽ ഇവർ തന്നെ നൃത്തരൂപമായ തെയ്യത്തെ കളിയായി കണക്കാക്കുന്നില്ല.

 

അതുകൊണ്ട് ഏതു വർഗ്ഗീകരണത്തിന്റെ അടിസ്ഥാനത്തിൽ മ്യൂസിയവും രേഖാലയവും ക്രമീകരിക്കണം എന്നുള്ളത് ചർച്ച ചെയ്യപ്പെടേണ്ടതാണ്. ഗവേഷണത്തെ സംബന്ധിച്ചിടത്തോളം രണ്ടു വർഗീകരണവും സാധുവാണ്. അതുപോലെ ആരെ ഉദ്ദേശിച്ചാണ് മ്യൂസിയവും രേഖാലയവും ഒരുക്കേണ്ടത് എന്നതിനനുസരിച്ച് അവയിലെ വർഗീകരണ രീതിയും വ്യത്യാസപ്പെടും. കൂട്ടായ്മയ്ക്ക് പുറത്തുള്ളവരെ ഉദ്ദേശിച്ചാണെങ്കിൽ സാർവലൗകികമായി അംഗീകരിക്കപ്പെട്ട ജാനുഷിക വർഗ്ഗീകരണം അതോടൊപ്പം കൂട്ടായ്മയുടെ വർഗ്ഗീകരണത്തെ കൂടി രേഖപ്പെടുത്താൻ സാധിച്ചാൽ നന്ന്.

 

രേഖാലയത്തിന് സാധാരണയായി മൂന്ന് വിഭാഗങ്ങൾ ഉണ്ടാവാം. ഒന്ന് ഓഡിയോ ലൈബ്രറി. രണ്ട് വീഡിയോ ലൈബ്രറി . മൂന്ന് മാനുസ്ക്രിപ്റ്റ് ലൈബ്രറി. ഇവയൊക്കെ പാഠം മാത്രമാണ്. ഈ പാഠങ്ങളുടെ സന്ദർഭം മുഴുവൻ രേഖപ്പെടുത്തിയിരിക്കും. അത് അനുബന്ധ ദത്തമാണ് അതിനെയും ക്രമീകരിച്ച് സൂക്ഷിക്കേണ്ടതുണ്ട്. അതിന് ഫയൽ സിസ്റ്റം ഉണ്ടാവണം. റഫറൻസ് സൗകര്യത്തിന് ഇൻഡക്സ് കാർഡും ഉണ്ടായിരിക്കണം. കമ്പ്യൂട്ടറിൻ്റെ സഹായത്തോടെ ഇത് ചെയ്യാൻ എളുപ്പമാണ്.

 

 

9. കേരളത്തിന് തനതായ ഒരു ഫോക്‌ലോർ മ്യുസിയം ഉണ്ടാക്കേണ്ടതിൻ്റെ ആവശ്യകത ഇല്ലേ ?

 

കേരളത്തിൻ്റെ തനതായ ഒരു ഫോക്‌ലോർ മ്യൂസിയം ഉണ്ടാക്കുക എന്നത് വളരെ ശ്രമകരമായ ജോലിയാണ്. അത്രയേറെ വൈവിധ്യമുള്ള  ഫോക് ലോർ കേരളത്തിൽ ഇന്നും നിലനിൽക്കുന്നു .ആധുനികതയുടെ തള്ളിക്കയറ്റത്തിൽ പലതും കൈവിട്ട് പോയിക്കൊണ്ടിരിക്കുന്നു. അവയൊക്കെ ശേഖരിച്ച് രേഖാലയത്തിലും മ്യൂസിയത്തിലുമായി സംരക്ഷിക്കാനുള്ള ശ്രമം നടത്തേണ്ടതുണ്ട് .കേരളത്തിൽ ഫോക് ലോർ സമാഹരണം നടത്തിയിട്ടുള്ളത് വ്യക്തികളാണ്.അവർ സമാഹരിച്ച വസ്തുതകളുടെ ചെറിയ ഭാഗം മാത്രമാണ് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത് .അപ്രകാശിതമായ വസ്തുതകൾ വ്യക്തികളിൽ നിന്ന് വാങ്ങി രേഖാലയത്തിൽ സംരക്ഷിക്കാനുള്ള സംവിധാനം ആവശ്യമാണ്.അതുപോലെ ശേഖരിക്കപ്പെട്ട വസ്തുതകൾ സംരക്ഷിക്കാനുള്ള മ്യൂസിയവും ആരംഭിക്കേണ്ടതുണ്ട് .ഇവിടെ വന്നുപെട്ടേക്കാവുന്ന  പ്രധാനമായ പ്രശ്നം പ്രതിഫലത്തെക്കുറിച്ചുള്ളതാണ്.

പ്രതിഫലം കൊടുത്തു വാങ്ങാവുന്നതാണോ ഇവ ? അങ്ങനെയാണെങ്കിൽ പ്രതിഫലത്തിന്റെ തോത് എന്തായിരിക്കും? പ്രതിഫലം ആർക്ക് നൽകും?  സമാഹരിച്ച ഗവേഷകനോ അത്  ഗവേഷകന് നൽകിയ ആവേദകനോ ? പ്രതിഫലം കൊടുക്കാതെ സമാഹരിക്കുകയാണെങ്കിൽ അവയ്ക്കുമേൽ ഗവേഷകനും ആവേദകനുമുള്ള  അവകാശത്തിന്റെ സ്വഭാവവും മറ്റുള്ളവർ  അവ എടുത്തു ഉപയോഗിക്കുന്നതിനുള്ള നിബന്ധനകളും വ്യക്തമാക്കേണ്ടതായി വരും.

 

10.ഫോക്‌ലോർ രൂപങ്ങളെ എപ്രകാരം വിശകലനം ചെയ്യാം?

 

ഏതെങ്കിലും നാടോടികലാരൂപത്തെക്കുറിച്ച് പരിചയപ്പെടുത്തുന്ന എന്തും ഫോക്‌ലോർ ആണ് എന്നായിരുന്നു ഇതുവരെയുള്ള ധാരണ.അതുകൊണ്ടാണ് നമുക്കുണ്ടായിട്ടുള്ള പഠനങ്ങളിൽ മിക്കതും വിവരണാത്മകമായി തീർന്നത്. വിശകലനത്തിനുളള ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ തന്നെ അവ പാശ്ചാത്യവിശകലനത്തിൻ്റെ ആവർത്തനവുമായിരുന്നു.അങ്ങനെ സംഭവിച്ചത് ഫോക്‌ലോർ എന്ന സാമൂഹ്യശാസ്ത്രത്തിന്റെ സ്വഭാവം ബോധ്യമാകാത്തതുകൊണ്ടും നമുക്ക് സ്വന്തമായ പഠന ലക്ഷ്യങ്ങളില്ലാത്തതുകൊണ്ടുമാണ്.ആസൂത്രണത്തിലൂടെ ഫോക് ലോർ പഠനത്തിന് പുതിയ ലക്ഷ്യം നൽകാൻ സാധിച്ചാൽ അതിനനുസരിച്ചുള്ള വിശകലനരീതികളും രംഗത്ത് വന്നുകൊള്ളും.അങ്ങനെയുള്ള വിശകലനങ്ങൾ രണ്ട് ലക്ഷ്യത്തിൽ ഊന്നിക്കൊണ്ടുള്ളതായിരിക്കും. ഒന്ന് കേരളത്തിന്റെ നാനാമുഖമായ വളർച്ചയെ പരോക്ഷമായോ പ്രത്യക്ഷമായോ സഹായിക്കുന്നവ.മറ്റൊരു രീതിയിൽ പറഞ്ഞാൽ പാരമ്പര്യ സമൂഹത്തിന്റെ പുരോഗതിയെ ഉദ്ദേശിച്ചുകൊണ്ടുള്ളവ.  രണ്ട്   ഫോക്‌ലോർ എന്ന വിജ്ഞാന മേഖലയുടെ സീമകൾ വിപുലപ്പെടുത്തുന്ന വൈജ്ഞാനിക പഠനങ്ങൾ.അതും പരോക്ഷമായി സമൂഹജീവിതത്തെ സഹായിക്കുന്നത് തന്നെ.ഈ രണ്ട് ലക്ഷ്യങ്ങളിൽ ഏതെങ്കിലും ഒന്നിലോ രണ്ടിലുമോ ഊന്നിക്കൊണ്ടുള്ള പഠനം കേരളത്തിന്റെ തനതായിരിക്കുകയും വേണം. നമ്മുടെ ആവശ്യത്തിനനുസൃതമായി നമ്മുടേതായ വിശകലന രീതികൾ  കണ്ടെത്തണം എന്നർത്ഥം.പഠനത്തിന് സ്വന്തമായ ലക്ഷ്യമുണ്ടെങ്കിൽ തീർച്ചയായും അതങ്ങനയെ വരൂ.നാം ലോകത്തെ കാണുന്നതും ലോകത്തെ അറിയുന്നതും സവിശേഷമായ രീതിയിലാണ്.വസ്തുതകളോടുള്ള സമീപനവും സവിശേഷമാണ്.അങ്ങനെയാണെങ്കിൽ ഫോക്‌ലോർ വിശകലനത്തിന്റെ കാര്യത്തിൽ മാത്രം മറിച്ച് ആവേണ്ട കാര്യമില്ലല്ലോ.ഫോക് പഠനം രാഷ്ട്രീയ സാമൂഹിക ലക്ഷ്യങ്ങളെ നിറവേറ്റാനുള്ള ഒരു ഉപാധിയായി നമുക്ക് തോന്നിയിട്ടില്ലാത്തതിനാലാണ്  ഫോക്‌ലോർ പഠനം വികസിക്കാതിരിക്കുന്നത്.അതുകൊണ്ട് ലക്ഷ്യം നിർവചിക്കപ്പെടുകയും ആസൂത്രണത്തിലൂടെ അത് നിറവേറ്റാൻ പ്രവർത്തിക്കുകയും ചെയ്യുമ്പോൾ സ്വന്തമായ വിശകല രീതികൾ കണ്ടെത്തപ്പെടും. ഇതിന്റെ അർത്ഥം പാശ്ചാത്യങ്ങളായ വിശകല രീതികളെ പാടെ തഴയണമെന്നല്ല. അവയെ അറിയുകയും ആവശ്യമുള്ളത് സ്വീകരിക്കുകയും ചെയ്യണം. ലോകത്തിന്റെ എല്ലാ വശത്തും നടക്കുന്ന പഠനങ്ങളെ അറിയാനും ഗവേഷകർക്ക്  പരസ്പരം ആശയവിനിമയം നടത്താനും സാധ്യമാകണം. അതിലൂടെ ലോകത്തെമ്പാടുമുള്ള ഫോക് ലോറിസ്റ്റുകൾക്ക് ഒരൊറ്റ സമുദായത്തിലെ അംഗങ്ങളാണെന്ന് തോന്നുകയും വേണം. അപ്പോഴും സ്വത്വബോധം   മുറുകെ പിടിക്കുകയും വേണം.


 
 
 

Comentários

Avaliado com 0 de 5 estrelas.
Ainda sem avaliações

Adicione uma avaliação
No^v F-Un-äÀ
-tUm. em-ep-. hn-v

Ìm^v FUnäÀ
tUm.KwKmtZhn. Fw

ÌpUâv FUn-äÀ
cXojv Fk


ഇഷ്യു എഡിറ്റർ v
ഡോ.ദീപ ബി.എസ്.
FUntäm-dnb t_mÀUv 
AwK§Ä
tUm.kPohv IpamÀ Fkv 
tUm. Zo] _n Fkv 
tUm.tkXpe£van Fw Fkv 
-tUm A-¼n-fn- B-À- ]n-
-
ഡോ. ശ്രീലക്ഷ്മി എസ്.കെ
_nµp. F Fw
Pqen F 
a©p sI BÀ
Publishers Name:          
Dr.Lalu.V,
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996         
email:gcwmalayalam2023@gmail.com            laluvatl@gmail.com 

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2024

bottom of page