‘ബാറ്റില്ഷിപ്പ് പൊട്ടെംകിൻ’ നൂറുവര്ഷം പിന്നിടുമ്പോള്
- GCW MALAYALAM
- 2 days ago
- 1 min read
ഡോ.സഞ്ജയകുമാര്‍.എസ്

സിനിമയുടെ ജനനവും വികാസപരിണാമങ്ങളും സംഭവിച്ചത് ഫ്രാന്‍സ്, അമേരിക്ക എന്നീ രാജ്യങ്ങളിലാണെങ്കിലും അതിന്‍റെ അടിസ്ഥാന വ്യാകരണ നിയമങ്ങള്‍ ഉരുത്തുരിഞ്ഞു വന്നതും സിദ്ധാന്തങ്ങള്‍ രൂപീകരിക്കപ്പെട്ടതും റഷ്യയിലാണ്. അക്കാദമികമായി സിനിമയെ സമീപിച്ചവരായിരുന്ന റഷ്യന്‍ ചലച്ചിത്രകാരډാര്‍.സിനിമയെ ആഴത്തില്‍ പഠിക്കാന്‍ ശ്രമിച്ച ലെവ് കുളേഷോവ് സ്ഥാപിച്ച ഫിലിം സ്കൂള്‍ നിരവധി ചലച്ചിത്ര സിദ്ധാന്തങ്ങള്‍ക്കും ചലച്ചിത്രകാരډാര്‍ക്കും ജډംനല്‍കി. കുളേഷോവിന്‍റെ ഫിലിം സ്കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു പുഡോഫ്കിന്‍. കുളേഷോവിന്‍റെ വിദ്യാര്‍ത്ഥിയായിരുന്നില്ലെങ്കിലും സെര്‍ഗി ഐസന്‍സ്റ്റീനിലും കാണാം ഈ സ്ക്കൂളിന്‍റെ സ്വാധീനം. ലോക സിനിമയ്ക്ക് ഒരു പുതിയ വ്യാകരണം നിര്‍മ്മിച്ചവരാണ് ഐസന്‍സ്റ്റീനും പുഡോഫ്കിനും. എഡിറ്റിംഗ് എന്ന വിശാലാര്‍ത്ഥത്തില്‍ രൂപം കൊണ്ട മൊണ്ടാഷ് എന്ന സങ്കേതമാണ് ഇവര്‍ ആവിഷ്ക്കരിച്ചത്. മൊണ്ടാഷ് എന്ന പദത്തിന്‍റെയര്‍ത്ഥം കൂട്ടിച്ചേര്‍ക്കുക എന്നാണ്.
റഷ്യന്‍ ചലച്ചിത്ര സിദ്ധാന്തങ്ങളുടെ സമഞ്ജസ സമ്മേളനമാണ് സെര്‍ഗി ഐസന്‍സ്റ്റീന്‍റെ ബാറ്റില്‍ഷിപ്പ് പൊടെംകിന്‍(1925) എന്ന ചിത്രം. ശില്പ സൗകുമാര്യവും കലാ ഭംഗിയും കൊണ്ട് ലോകത്തിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നായ പൊ ടെംകിന്‍ പിറവിയുടെ ഒരു നൂറ്റാണ്ട് പിന്നിടുകയാണ്. ചലച്ചിത്ര വിദ്യാര്‍ത്ഥികകളുടെ ക്ലാസിക് പാഠപുസ്തകമാണിത്.1925 ലാണ് ഈ സിനിമ പുറത്തിറങ്ങുന്നത്, സാര്‍ ചക്രവര്‍ത്തിയുടെ നാവിക സേനയുടെ ഭാഗമായിരുന്ന പൊട്ടെംകിന്‍ എന്ന യുദ്ധക്കപ്പലില്‍ തൊഴിലാളികള്‍ തങ്ങളുടെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടത്തിയ കലാപത്തിന്‍റെ ആവിഷ്ക്കാരമാണ് ഈ സിനിമ.
സെര്‍ഗി ഐസന്‍സ്റ്റീന്‍ എന്ന മഹാപ്രതിഭയെ മനസ്സിലാക്കിയാല്‍ മാത്രമേ നമുക്ക് അദ്ദേഹത്തിന്‍റെ ഈ ക്ലാസിക്ക് ചിത്രത്തെ വിലയിരുത്താന്‍ സാധിക്കൂ. സെര്‍ഗി മിഖായ്ലോവിച്ച് ഐസന്‍സ്റ്റീന്‍ 1898ല്‍ ജനിച്ചു.എന്‍ജിനീയറിംഗിലും ആര്‍ക്കിടെക്ചറിലുമായിരുന്നു ഔപചാരികമായ വിദ്യാഭ്യാസം നേടിയത്. റഷ്യന്‍ പട്ടാളത്തില്‍ ചേര്‍ന്ന അദ്ദേഹം 1917ലെ യുദ്ധകാലത്ത് റെഡ് ആര്‍മിയില്‍ ഒരു നാടക സംഘം രൂപീകരിച്ചു. മോസ്കോ കേന്ദ്രീകരിച്ച് അദ്ദേഹം നാടകപ്രവര്‍ത്തനം തുടര്‍ന്നു.പരീക്ഷണാത്മകങ്ങളായിരുന്നു ആ നാടകങ്ങള്‍. അന്ന് ശ്രദ്ധേയമായ നാടകമായിരുന്നു ദി വൈസ് മെന്‍(1922) ഈ നാടകത്തില്‍ അദ്ദേഹം ചലച്ചിത്രത്തിന്‍റെ ചില സങ്കേതങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ ആദ്യത്തെ ചലച്ചിത്രദൗത്യം സ്ട്രെെക്ക് (1924) ആയിരുന്നു. സിനിമയിലെ തന്‍റെ നൂതനമായ ആശങ്ങള്‍ വെളിവാക്കുന്നതായിരുന്നു ഈ ചിത്രം. തുടര്‍ന്ന് 1925 അദ്ദേഹം സംവിധാനം ചെയ്ത ബാറ്റില്‍ഷിപ്പ് പൊടെംകിന്‍ എന്ന ചിത്രം ലോകചലച്ചിത്ര ചരിത്രത്തെ തന്നെ സ്വാധീനിക്കുന്ന ഒരു കലാസൃഷ്ടിയായി തീര്‍ന്നു.ഇതു കൂടാതെ ഒക്ടോബര്‍ ( 1928) അലക്സാണ്ടര്‍ നെവ്സ്കി (1938) ഇവാന്‍ ദി ടെറിബിള്‍ 1 ( 1944) ഇവാന്‍ ദി ടെറിബിള്‍ 2,(1958) എന്നീ ചിത്രങ്ങള്‍. തണ്ടര്‍ ഓവര്‍ മെക്സിക്കോ എന്ന ചിത്രം രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട് അദ്ദേഹത്തിന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ദ ഫിലിം സെന്‍സ് (1942) ഫിലിം ഫോം (1949) നോട്സ് ഓഫ് എ ഫിലിം ഡയാക്ടര്‍ (1958) ഫിലിം എസ്സേയ്സ് (1958) എന്നിവ സിനിമയെക്കുറിച്ചുള്ള ഐസന്‍സ്റ്റീന്‍റെ സൈദ്ധാന്തിക ഗ്രന്ഥങ്ങളാണ്.സെര്‍ഗി ഐസന്‍സ്റ്റീനെ മനസ്സിലാക്കാതെ യൂറോപ്യന്‍ സിനിമയെ മനസ്സിലാക്കാനാവില്ല ഐസന്‍സ്റ്റീനെ മനസ്സിലാക്കാന്‍ ഒരായുഷ്ക്കാലം പോര താനും എന്ന നിരൂപകനായ പീറ്റര്‍ ഹാര്‍കോര്‍ട്ടിന്‍റെ വാക്കുകള്‍ പറയുന്നത് അതാണ്. മാര്‍ക്സിസത്തിന്‍റെ അടിസ്ഥാന തത്വങ്ങളും റഷ്യന്‍ ഭാഷയും പാവ് ലോവിന്‍റെ മനശ്ശാസ്ത്രവും സമകാല ഭാഷാശാസ്ത്രം, ശില്പകല, ഹെഗേലിയന്‍ ഡയലക്ടിക്സ്, യൂറോപ്യന്‍ ചിത്രകലയുടെയും സംഗീതത്തിന്‍റേയും ധാരകള്‍, സാഹിത്യത്തെക്കുറിച്ചുള്ള പൊതുധാരണകള്‍ ഒക്കെ മനസ്സിലാക്കിയാല്‍ മാത്രമേ ഐസന്‍സ്റ്റീന്‍റെ ധൈഷണികലോകം തുറന്നു കിട്ടൂ ഡഡ് ലി ആന്‍ ഡ്രൂ പറയുന്നതുപോലെ ഐസന്‍സ്റ്റീന്‍ സിദ്ധാന്തങ്ങള്‍ വായിച്ചു മനസ്സിലാക്കുക രസമാണ് അവയെ ചുരുക്കിപ്പറയുക അസാധ്യവും.1
സിനിമയുടെ തുടക്കത്തില്‍ മഹാനായ ലെനിന്‍ 1905 ല്‍ നല്‍കിയ ഒരു സന്ദേശമാണുള്ളത്. വിപ്ലവം ഒരു യുദ്ധമാണ്, ചരിത്രത്തില്‍ അറിയപ്പെട്ട എല്ലാ യുദ്ധങ്ങളിലും വെച്ച് നീതിമത്ക്കരിക്കാവുന്നതും സത്യസന്ധവും യഥാര്‍ത്ഥത്തില്‍ മഹത്തരമായ യുദ്ധമാണത്. റഷ്യയില്‍ അത്തരത്തിലുള്ള ഒരു യുദ്ധം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. അത് ആരംഭിച്ചും കഴിഞ്ഞിരിക്കുന്നു. സിനിമയിലെ ഉള്ളടക്കത്തെക്കുറിച്ചും, ഈ സിനിമ ഒരു പ്രൊപ്പഗാണ്ട സിനിമയാണെന്നുമുള്ള പ്രഖ്യാപനവും ഈ സന്ദേശത്തിലുണ്ട്.2. ബാറ്റില്‍ഷിപ്പ് പൊട്ടെംകിന്‍ എന്ന സിനിമയ്ക്ക് അഞ്ച് അധ്യായങ്ങളാണുള്ളത് ഒന്ന്. മനുഷ്യരും പുഴുക്കളും രണ്ട്. ക്വാര്‍ട്ടര്‍ ഡെക്കിലെ നാടകം മൂന്ന്. മരിച്ച മനുഷ്യര്‍ പ്രതികാരത്തിനു വേണ്ടി കേഴുന്നു. നാല്.ഒഡേസാപ്പടവുകള്‍ അഞ്ച്. ശത്രുപ്പടയെ നേരിടല്‍ എന്നിങ്ങനെ. ഗുണനിലവാരമില്ലാത്ത ഭക്ഷണം കപ്പലിലെ ജോലിക്കാര്‍ക്കു നല്‍കുന്നതു സംബന്ധിച്ചുള്ള കപ്പലിലെ അസ്വസ്ഥതകള്‍ വളരുന്നു. നാവികത്തൊഴിലാളികള്‍ പാചകം ചെയ്യാനുള്ള ഇറച്ചി അഴുകിയതും പുഴു അരിച്ചതാണെന്നും പറയുന്നു. ഒരു നായ പോലും ഈ ഭക്ഷണം കഴിക്കില്ല എന്ന് ഒരു നാവികന്‍ പ്രതിഷേധിക്കുന്നു.. ഇത് പരിശോധിക്കാനെത്തിയ കപ്പലിലെ ഉദ്യോഗസ്ഥന്‍ പറയുന്നത്, പാകം ചെയ്യുന്നതിനുമുമ്പ് ഇറച്ചി വൃത്തിയാക്കിയാല്‍ മതിയെന്നാണ്. എന്നാല്‍ കപ്പലിലെ തൊഴിലാളികള്‍ ഇറച്ചി കഴിക്കാന്‍ തയ്യാറാവുന്നില്ല. കപ്പല്‍തൊഴിലാളികളുടെ നേതൃസ്ഥാനത്തെത്തുന്നത് വാക്കുലിന്‍ ചുക്ക് എന്ന യുവാവായ സൈനികനാണ്. ഇങ്ങനെ ഈ അധ്യായത്തില്‍ സംവിധായകന്‍ ക്രിയാംശത്തെ അനാവരണം ചെയ്യുന്നു. കപ്പലിലെ ഡെക്കില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറുന്നു. ഇറച്ചിഭക്ഷണം കഴിക്കാന്‍ വിസ്സമ്മതിച്ചവരെ കപ്പലിലെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു. അവരെ മുട്ടുകുത്തി നിര്‍ത്തുന്നു. അവരുടെ മേലെക്ക് ക്യാന്‍വാസ് ഷീറ്റ് എറിയുന്നു. തുടര്‍ന്ന് ഒരു ഓഫീസര്‍ അവരെ വെടിവയ്ക്കാന്‍ ഉത്തരവ് നല്‍കുന്നു. പൊടെംകിന്‍ പടക്കപ്പലില്‍ അടിമകള്‍ക്കു തുല്യമായി ജീവിതം തള്ളിനീക്കുന്ന പടയാളികള്‍ മേലധികാരികള്‍ക്കെതിരെ കലാപം തുടങ്ങുന്നു. പുഴുക്കള്‍ നുരയ്ക്കുന്ന സൂപ്പ് കഴിക്കാന്‍ അവര്‍ വിസമ്മതിക്കുന്നു. കലാപകാരികളുടെ നേതാവായ വാക്കുലിന്‍ ചുക്ക് അധികാരികളാല്‍ കൊല ചെയ്യപ്പെടുന്നു. കപ്പല്‍ കരയിലേക്കടുക്കുമ്പോള്‍ ഒഡേസാപ്പടവുകളില്‍ അയാളുടെ ജഡം കാണാന്‍ ജനം തടിച്ചുകൂടുന്നു. കപ്പലിലെ കലാപകാരികളായ സൈനികര്‍ക്കൊപ്പം ജനങ്ങള്‍ സംഘം ചേരുകയും അതറിഞ്ഞ് അങ്ങോട്ടെത്തുന്ന സാര്‍ ചക്രവര്‍ത്തിയുടെ സൈന്യം അവരെ വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്യുന്നു. വിപ്ലവത്തിന്‍റെ ഒരു ഐക്യനിര അവിടെ പിറവിയെടുക്കുന്നു. നാവിക സേനയിലെ കപ്പല്‍ വന്നടുക്കുമ്പോള്‍ അതിലെ പടയാളികളും പൊടെംകിനിലെ പോരാളികള്‍ക്കൊപ്പം അണി ചേരുന്നു. കലാപം മറ്റു പടക്കപ്പലുകളിലേക്കും പടര്‍ന്നു പിടിക്കുന്നതായി സൂചന നല്‍കിക്കൊണ്ടാണ് സിനിമ അവസാനിക്കുന്നത്.
പൊടെംകിന്‍ ചര്‍ച്ച ചെയ്യുമ്പോഴെല്ലാം രണ്ടു വസ്തുതകളാണ് സാധാരണയായി ശ്രദ്ധിക്കാറുള്ളത്. ഒന്ന്: അതിന്‍റെ ശില്പഘടനയില്‍ ആകെയുള്ള ജൈവൈക്യവും രണ്ട്: ഈ ചിത്രത്തിലെ വികാര തീവ്രതയും. 3 പൊടെംകിന്‍ ചില സംഭവങ്ങളുടെ ചരിത്രാഖ്യാനമാണ് പക്ഷെ കാണികളുടെ മനസ്സിലതു പതിയുന്നത് നാടകീയമായിട്ടാണ് ഈ സാഫല്യത്തിന്‍റെ രഹസ്യം ഇതിന്‍റെ ഇതിവൃത്തത്തിലാണ്. ദുരന്ത നാടകങ്ങളുടെ ചേരുവയുടെ നിയമമനുസരിച്ചാണ് ഇതിവൃത്തത്തിന്‍റെ വികാസം ചിട്ടപ്പെടുത്തിയിരിക്കുന്നത്. സംഭവങ്ങളെ നേര്‍ച്ചിത്രങ്ങളായി തുടര്‍ച്ചയായി ഒന്നായി നില്ക്കുന്ന മട്ടില്‍ അഞ്ച് ദുരന്ത രംഗങ്ങളാക്കിയിരിക്കുന്നു. ക്ലാസിക്കല്‍ ദുരന്ത നാടകത്തിന് അനുയോജ്യമായമട്ടില്‍ രണ്ടാം രംഗത്തില്‍ നിന്നു വ്യത്യസ്തമായ മൂന്നാം രംഗം ഒന്നാം രംഗത്തില്‍ നിന്നു വ്യത്യസ്തമായ അഞ്ചാം രംഗം അങ്ങനെ ഓരോ രംഗത്തിനും സവിശേഷമായ പ്രാധാന്യമുള്ളപ്പോഴും അവ തമ്മിലുള്ള ജൈവൈക്യം പൊടെംകിനെ ഉദാത്തമായ ഒരു ചലച്ചിത്ര സൃഷ്ടിയാക്കുന്നു. വിപ്ലവാശയ പ്രചാരണം എന്ന രീതിയില്‍ വിഭാവനം ചെയ്ത ഐസന്‍സ്റ്റീന്‍റെ ഈ സിനിമ വെറുമൊരു പ്രചാരണ സിനിമ മാത്രമല്ല. മൊണ്ടാഷ് സിദ്ധാന്തത്തിന്‍റെ ഉപയോഗത്തിലൂടെ സിനിമയുടെ ഭാഷയില്‍/വ്യാകരണത്തില്‍ നവീനമായ ഒരദ്ധ്യായം തുറന്നു. ഈ സിനിമ. മൊണ്ടാഷിനെ സംബന്ധിച്ച ഐസന്‍സ്റ്റൈന്‍റെ ആശയങ്ങള്‍ കൂളേഷോവിന്‍റെയും പുഡോഫ്കിന്‍റെയും ആശയങ്ങളില്‍ നിന്നു വ്യത്യസ്തമായിരുന്നു. ഷോട്ടുകള്‍ തമ്മിലുള്ള സംയോജനത്തിലൂടെ മൊണ്ടാഷ് ആവിഷ്കൃതമാവുന്നു എന്ന് പുഡോഫ്കിന്‍ സിദ്ധാന്തിച്ചപ്പോള്‍ ഷോട്ടുകള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ നിന്നാണ് മൊണ്ടാഷ് ഉടലെടുക്കുന്നതെന്ന് ഐസന്‍സ്റ്റീന്‍ വാദിച്ചു.4 ചരിത്രത്തെക്കുറിച്ചുള്ള മാര്‍ക്സിന്‍റെ ദര്‍ശനവുമായി ഐസന്‍സ്റ്റീന്‍ മൊണ്ടാഷിനെ താരതമ്യപ്പെടുത്തി.ഇതിനെ തിസീസ്, ആന്‍റി തിസീസ്, സിന്തസിസ് എന്ന ആശയവുമായി ബന്ധിപ്പിക്കാം. ഒരു തീസീസ് അതിന്‍റെ പ്രതികരണത്തിനു കാരണമാകുന്നു.ഇത് തിസീസിന് വിരുദ്ധമോ അതിനെ നിരാകരിക്കുന്നതോ ആയിരിക്കാം. രണ്ടും തമ്മിലുള്ള പിരിമുറുക്കം ഒരു സമന്വയത്തിലൂടെ പരിഹരിക്കപ്പെടുന്നു. കൂടുതല്‍ ലളിതമായി പറഞ്ഞാല്‍ പ്രശ്നം?പ്രതികരണം? പരിഹാരം? ഈ ശൈലി ബോധനപരമായ രീതിയില്‍ കാണാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നു.വൈരുദ്ധ്യാത്മകത തന്നെയാണ്. പ്രകൃതിയുടെ നിലനില്പുതന്നെയായ ഈ വൈരു ദ്ധ്യാത്മകതയെ സംഘര്‍ഷാത്മകമായി അവതരിപ്പിക്കുന്നതാണ് മൊണ്ടാഷ് 5. തീര്‍ത്തും വിരുദ്ധമായ രണ്ടു ഷോട്ടുകളിലൂടെ ഐസന്‍സ്റ്റീന്‍ സൃഷ്ടിച്ച മൊണ്ടാഷ് ഒരു ഷോട്ടിനകത്തും, ഫ്രെയിമിനകത്തും പരസ്പരം ഏറ്റുമുട്ടുന്നു.സമീപ ദൃശ്യവും വിദൂരദൃശ്യവും തമ്മിലും വസ്തുവും അതിന്‍റെ മാനങ്ങളും തമ്മിലും ഒരു സംഭവും അതിന്‍റെ സമയദൈര്‍ഘ്യവും തമ്മിലും ഏറ്റുമുട്ടുന്നു.
മെട്രിക്, റിഥമിക്, ടോണല്‍, ഓവര്‍ ടോണല്‍, ഇന്‍റലെക്ചല്‍ ഈ രീതിയില്‍ മൊണ്ടാഷിനെ തരം തിരിക്കുന്നു. അതു വരെയുള്ള സിനിമാഖ്യാനങ്ങളെ മുഴുവന്‍ പൊളിച്ചെഴുതിയ ഈ രീതി സിനിമയുടെ ചരിത്രത്തെ മാറ്റി മറിച്ചു. മൊണ്ടാഷ് ടെക്നിക്കിന് ഏറ്റവും ശക്തി ലഭിക്കുന്ന സീക്വന്‍സ് ഒഡെസാ പടവ് സ്വീക്വന്‍സ് ആണ്. യഥാര്‍ത്ഥ സംഭവത്തെ മുന്‍നിര്‍ത്തിയാണ് സിനിമയെങ്കിലും നാടകീയത വര്‍ധിപ്പിക്കുന്നതിനാണ് ഒഡേസാ പടവുകളിലെ രംഗം സൃഷ്ടിച്ചിരിക്കുന്നത്.ഈ സംഭവങ്ങള്‍ യഥാര്‍ത്ഥത്തില്‍ കുറച്ചു നിമിഷത്തിനുള്ളില്‍ സംഭവിക്കേണ്ടതാണ്. എന്നാല്‍ ഐസന്‍സ്റ്റീന്‍ ഈ രംഗത്തെ സ്ഥലത്തിന്‍റേയും സമയത്തിന്‍റെയും പ്രത്യേകരീതിയിലുള്ള അവതരണത്തിലൂടെ സംഭവത്തിന് വളരെ ദൈര്‍ഘ്യമുള്ളതായി പ്രേക്ഷകരെ അനുഭവിപ്പിക്കുന്നു. ആവര്‍ത്തനത്തിലൂടെയും വേഗത കുറച്ചും വ്യത്യസ്ത ദൃശ്യവിന്യാസത്തിലൂടെ ഈ രംഗങ്ങളെ ആഴത്തില്‍ പതിപ്പിക്കുന്നു.ഒഡേസാ പടവ് സീക്വന്‍സ് മുകളില്‍ നിന്ന് താഴോട്ടിറങ്ങിപ്പോകുന്ന പടവുകള്‍ അറ്റമില്ലാതെ ഇറങ്ങിപ്പോകുന്നവയായി പരിണമിച്ചു.ഈ പടവുകളിലാണ് ജീവിതത്തിനും മരണത്തിനുമിടയിലെ ഏറ്റവും നിര്‍ണായകവും ഭീതിജനകവുമായ നിമിഷങ്ങള്‍ അരങ്ങേറുന്നത്.തോക്കില്‍ നിന്ന് വെടിയുതിര്‍ത്ത് കൊണ്ട് പടവുകള്‍ ഇറങ്ങി വരുന്ന പട്ടാളക്കാരുടെ മുന്നില്‍ പിടഞ്ഞു വീഴുന്ന മനുഷ്യര്‍ .പ്രാണനും കൊണ്ട് ഓടുന്നവര്‍.പിടി വിട്ടു പോയ ഒരു പരാമ്പുലേറ്റര്‍ കൈക്കുഞ്ഞുമായി പടവുകളിലൂടെ താഴേക്ക് നീങ്ങുന്നു. വെടികൊള്ളുന്ന സ്ത്രീ. പൊട്ടിച്ചിതറിയ കണ്ണട. നിരനിരയായി പിന്നെയും കുതിക്കുന്ന പട്ടാള ബൂട്ടുകള്‍. ആള്‍ക്കൂട്ടത്തിലൂടെ മനുഷ്യര്‍ ഓടുന്നു. വീഴുന്നു. ഭയാനകവും ദൈന്യത നിറഞ്ഞതുമായ മനുഷ്യ വിലാപങ്ങള്‍, പൈശാചികമായ കൂട്ടക്കുരുതി അരങ്ങേറുന്നു. അധികാര വര്‍ഗ്ഗത്തിന്‍റെ ക്രൂരതകളെ ചെറുത്തു നില്ക്കാനുള്ള മനുഷ്യന്‍റെ സഹനവും ആവേശവും ഒക്കെ ഈ രംഗങ്ങളെ ഉദാത്തമാക്കുന്നു.6 മൊണ്ടാഷിന്‍റെ ഉപയോഗത്തിലൂടെ യഥാര്‍ത്ഥ കാലത്തെ തകിടം മറിച്ച് ഒരു സിനിമാറ്റിക് കാലം സൃഷ്ടിക്കുകയാണ് ഐസന്‍സ്റ്റീന്‍.ഈ സീക്വന്‍സ് മനുഷ്യന്‍റെ ചെറുത്തു നില്പിന്‍റേയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റേയും ദൃശ്യരേഖയായിത്തീരുന്നു.7 ഈ സീക്വന്‍സിനോടൊപ്പം ചേര്‍ത്ത് വച്ച് വിശകലനം ചെയ്യേണ്ടതാണ് സിംഹത്തിന്‍റെ മൂന്നു പ്രതിമകളുടെ ഷോട്ടുകള്‍. ആദ്യത്തെ ഷോട്ടില്‍ സിംഹം ഉറങ്ങുകയാണ്. രണ്ടാമത്തേതില്‍ ഉണരുന്നു. മൂന്നാമത്തേതില്‍ എഴുന്നേറ്റു നില്ക്കുന്നു. ഈ നിശ്ചലമായ ദൃശ്യങ്ങളെ ഒന്നിനു പിറകെ മറ്റൊന്നായി കാണിച്ചപ്പോള്‍ പോരാടുന്ന ജനത, ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന വീര്യം എന്നീ ആശയങ്ങള്‍ പ്രേക്ഷകരില്‍ സൃഷ്ടിക്കപ്പെടുന്നു.8
റഷ്യന്‍ വിപ്ലവത്തിന്‍റെ ഒരു മുന്നൊരുക്കമായിരുന്ന പട്ടാളക്കാരും ജനങ്ങളും ഒത്തുചേര്‍ന്ന് സാര്‍ ചക്രവര്‍ത്തിക്കെതിരെ മുന്നേറിയ ഒഡേസാ കലാപത്തിന്റെ ഇരുപതാംവാര്‍ഷികം ആഘോഷിയ്ക്കാനും അതൊരു സിനിമ നിര്‍മ്മിച്ചു കൊണ്ടാകാനും വിപ്ലവാനന്തര ഗവണ്‍മെന്‍റ് തീരുമാനിക്കുകയും ‘പൊടെംകിന്‍’ നിര്‍മ്മിക്കപ്പെടുകയുമായിരുന്നു. ഇതില്‍ പ്രതിപാദിക്കപ്പെട്ടിരുന്ന വിപ്ലവകരമായ മൂല്യങ്ങളെ പ്രതി പല കമ്യൂണിസ്റ്റ് വിരുദ്ധരാജ്യങ്ങളിലും ഈ സിനിമ നിരോധിയ്ക്കപ്പെടുകയുണ്ടായി. 1958ലെ ബ്രസ്സല്‍സിലെ വേള്‍ഡ് ഫെയറില്‍ ലോകത്തെ എക്കാലത്തേയും ഏറ്റവും മികച്ച സിനിമയായി ‘ബാറ്റില്‍ഷിപ്പ് പൊടെംകിന്‍’ വിലയിരുത്തപ്പെട്ടു. ബാറ്റില്‍ഷിപ്പ് പൊട്ടെംകിന്‍ സിനിമയുടെ ചരിത്രത്തില്‍ പീനവിധേയമായി ഒറ്റയ്ക്കു നില്‍ക്കുന്ന ഒരു ടെക്സ്റ്റ്ബുക്കല്ല അത്, മര്‍ദ്ദനം അധികാര ബലതന്ത്രത്തിന്‍റെ ഭാഗമായി നടപ്പിലാക്കുന്ന ഭരണകൂടവും അതിനെതിരായ ജനകീയ പ്രതിരോധവും എന്ന വൈരുദ്ധ്യത്തിന്‍റെ സാമൂഹ്യ യാഥാര്‍ത്ഥ്യം നിലനില്ക്കുകയും ആവര്‍ത്തിക്കുകയും ചെയ്യുന്നിടത്തോളം കാലം പ്രസക്തമായിരിക്കുന്ന ഒരു സിനിമയാണിത്.9 ഈ സിനിയുടെ ശതാബ്ദി വേളയില്‍ മനുഷ്യനെ ഏറ്റവുമധികം സ്വാധീനിക്കുന്ന നൂറ്റാണ്ടിന്റെ കലയാണ് സിനിമയെന്ന വി.ഐ ലെനിന്റെ വാക്കുകള്‍ ഓര്‍ക്കാം.
ആധാരഗ്രന്ഥസൂചി:
1. നീലന്‍, ഐസന്‍സ്റ്റീന്‍ മൊണ്ടാഷ്: പാീവും പീനവും, മാതൃഭൂമി ബുക്സ്, കോഴിക്കോട്, 2005, പുറം 103
2.ജി.പി രാമചന്ദ്രന്‍ ,25 ലോക സിനിമകള്‍, ചിന്ത പബ്ലിക്കേഷന്‍സ്, തിരുവനന്തപുരം, 2009, പുറം 21
3. നീലന്‍, ഐസന്‍സ്റ്റീന്‍,മൊണ്ടാഷ്: പാീവും പഠനവും, മാതൃഭൂമി ബുക്സ്, കോഴിക്കോട്, 2005, പുറം 19, 20
4.വിജയകൃഷ്ണന്‍ (എഡിറ്റിംഗുീ പീനവും) വിശ്വോത്തര തിരത്തകള്‍, ഡി.സി ബുക്സ്, കോട്ടയം, 2005, പുറം 11
5. ടൗമെി ഒമ്യംമൃറ,ഇശിലാമ ടൗറേശലെ, ഠവല ഗല്യ ഇീിരലുേെ, ഞീൗഹേലറഴല, ഛഃീി 2021,ജമഴല 137
6.ചശ്വേമി ആലി വെമൗഹ, എശഹാ ഠവല ഗല്യ രീിരലുേെ, ആഹീീായൌൃൃ്യ, ചലം റലഹവശ, 2022,ജമഴല 76,77
7.പി.കെ സുരേന്ദ്രന്‍,സിനിമ കാഴ്ചയും പാീവും, ലോഗോസ് ബുക്സ്, വിളയൂര്‍,2022, പുറം 81
8. അതേ പുസ്തകം, പുറം 82
9.ജി.പി രാമചന്ദ്രന്‍, 25 ലോക സിനിമകള്‍, ചിന്ത പബ്ലിക്കേഷന്‍സ്, തിരുവനന്തപുരം, 2009, പുറം 21
ഡോ.സഞ്ജയകുമാര്‍.എസ്
അസോസിയേറ്റ് പ്രൊഫസര്‍
മലയാള വിഭാഗം
ഗവ.ആർട്സ് ആന്റ് സയന്‍സ് കോളേജ്, നിലമ്പൂര്‍
Comentários