top of page

ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ

ഡോ. എസ്സ്. കൃഷ്ണൻ
ree

      വികാരങ്ങൾ, സ്വന്തം പ്രതിച്ഛായ, വ്യക്തിബന്ധങ്ങൾ, പെരുമാറ്റം എന്നിവയിലൊക്കെയുള്ള അസ്ഥിരതകൾ എറെ പ്രകടമായ സങ്കീർണ്ണവും ഗുരുതരവുമായ ഒരു മാനസികരോഗാവസ്ഥയാണ് ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ (ബിപിഡി). ഇതൊരു വ്യക്തിത്വ വൈകല്യമായാണ് കണക്കാക്കപ്പെടുന്നത്. ബിപിഡിയുള്ള വ്യക്തികൾ പലപ്പോഴും തീവ്രമായ വൈകാരിക പ്രതികരണങ്ങൾ, മറ്റുള്ളവരാൽ ഉപേക്ഷിക്കപ്പെടുമെന്ന ഭയം (ഇത് ചിലപ്പോൾ സാങ്കൽപ്പികവുമാകാം), അമിത പ്രകോപനം, മനസ്സ് നിറയുന്ന ശൂന്യതയുടെ വിട്ടുമാറാത്ത വികാരങ്ങൾ, സുസ്ഥിരമായ ബന്ധങ്ങൾ നിലനിർത്തുന്നതിനുള്ള ബുദ്ധിമുട്ടുകൾ എന്നിവയൊക്കെ കാരണം ക്ലേശിക്കുന്നവരാണ്. സ്വയം അപായപ്പെടുത്തൽ, ആത്മഹത്യാ പ്രവണതകൾ എന്നിവയും ഇവരിൽ സാധാരണമാണ്. ഒരിക്കൽ ചികിത്സിക്കാൻ ബുദ്ധിമുട്ടാണെന്ന് കരുതിയിരുന്നെങ്കിലും, ഡയലക്റ്റിക്കൽ ബിഹേവിയർ തെറാപ്പി (ഡിബിടി) പോലെയുള്ള ഫലപ്രദവും വസ്തുനിഷ്ഠമായ തെളിവുകൾ അടിസ്ഥാനമാക്കിയുള്ളതുമായ മനശ്ശാസ്ത്ര ചികിത്സാരീതികൾ ചികിത്സ ലഭ്യമായ ഒരു അവസ്ഥയായി ഡിബിടിയെ മാറ്റിയിട്ടുണ്ട്. ജനിതക ദുർബലത, ആദ്യകാല ജീവിതാനുഭവങ്ങൾ, പാരിസ്ഥിതിക സമ്മർദ്ദങ്ങൾ എന്നിവയൊക്കെ പരസ്പരം കൂടിക്കുഴഞ്ഞു രൂപപ്പെടുത്തിയ ഒരു ബയോസൈക്കോസോഷ്യൽ അവസ്ഥയായി ബിപിഡിയെ മനസ്സിലാക്കുന്നത് ആ അവസ്ഥയുടെ മേൽ സമൂഹം കല്പ്പിച്ച് നൽകിയിരിക്കുന്ന അയിത്തം കുറയ്ക്കുന്നതിനും ജീവിതം കെട്ടിപ്പടുക്കുന്നതിനും അത്യന്താപേക്ഷിതമാണ്.

ചരിത്രം, അയിത്തം.

ന്യൂറോസിസും സൈക്കോസിസും തമ്മിലുള്ള അതിർത്തിയിൽ കിടക്കുന്നതായി കരുതപ്പെടുന്ന വ്യക്തികളെ വിവരിക്കാൻ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് "ബോർഡർലൈൻ" എന്ന പദം ഉപയോഗിച്ചത്. അവ്യക്തമായ ഈ വർഗ്ഗീകരണം പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന തെറ്റിദ്ധാരണയിലേക്കും ചികിത്സയെക്കുറിച്ചുള്ള തെറ്റായ നിലപാടുകളിലേക്കും നയിച്ചു. പല രാജ്യങ്ങളിലും ബിപിഡിയുള്ള വ്യക്തികളെ അഹങ്കാരികളും, താന്തോന്നികളും കൃത്രിമത്വം പുലർത്തുന്നവരും ചികിത്സ സ്വീകരിക്കാൻ വിമുഖതയുള്ളവരും ഒക്കെയായി വീക്ഷിച്ചു- ഇത് ഈ വ്യക്തിത്വ വൈകല്യത്തിന് മേൽ  എറെ അയിത്തം അടിച്ചേൽപ്പിക്കാനും കാരണമായി. ഇന്നും, ചില മാനസികാരോഗ്യ വിദഗ്ധർക്ക് ബിപിഡിയുള്ള രോഗികളെ കൈകാര്യം ചെയ്യാൻ ആത്മവിശ്വാസമില്ല എന്ന് നമുക്ക് കാണാനാകും. ഇത് ഈ രോഗികളുടെ ചികിത്സയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എങ്കിലും സമകാലിക ഗവേഷണങ്ങളും  വർദ്ധിച്ചുവരുന്ന ഔഷധ-മനശ്ശാസ്ത്ര ചികിത്സകളും ഈ മിഥ്യാധാരണകളെ തകർക്കാൻ എറെ സഹായിച്ചിട്ടുണ്ട്. വ്യക്തമായ രോഗനിർണ്ണയ മാനദണ്ഡങ്ങളും നിരവധി തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ചികിത്സകളും ബിപിഡി ചികിത്സ ലഭ്യമായ ഒരു അവസ്ഥയാണ് എന്ന് തിരിച്ചറിയാൻ നമ്മെ സഹായിച്ചിട്ടുണ്ട്.

രോഗനിർണ്ണയം

മനോരോഗചികിത്സകർ ഉപയോഗിക്കുന്ന രോഗ വർഗ്ഗീകരണ പുസ്തകമായ DSM-5-TR (Diagnostic and Statistical Manual of Mental Disorders, Fifth Edition, Text Revision) അനുസരിച്ച്, വ്യക്തി ബന്ധങ്ങൾ, സ്വന്തം പ്രതിച്ഛായ, വികാരങ്ങൾ എന്നിവയിലെ അസ്ഥിരതയുടെ വ്യാപകമായ ഒരു മാതൃകയായാണ് ബിപിഡിയെ നിർവചിക്കുന്നത് എന്ന് കാണാം. രോഗനിർണയത്തിനായി, ഒരു വ്യക്തി മേൽപ്പറഞ്ഞ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന ഒൻപത് മാനദണ്ഡങ്ങളിൽ അഞ്ചെണ്ണമെങ്കിലും പ്രകടമാക്കിയിരിക്കണം. മറ്റുള്ളവരാൽ ഉപേക്ഷിക്കപേപ്പടുമെന്ന ഭയം, അസ്ഥിരവും തീവ്രവുമായ പരസ്പര ബന്ധങ്ങൾ, സ്വത്വപരമായ അസ്വസ്ഥത, അമിതാവേഗത്തോടെ പെട്ടെന്നുള്ള പെരുമാറ്റങ്ങൾ (അശ്രദ്ധമായ ധനവ്യയം, ലഹരിവസ്തുക്കളുടെ ഉപയോഗം, ലൈംഗിക അരാജകത്വം, വളരെ വേഗത്തിൽ വാഹനം ഓടിക്കുക, എന്നിവ പോലുള്ളവ), ആവർത്തിച്ചുള്ള ആത്മഹത്യാ പെരുമാറ്റം അല്ലെങ്കിൽ സ്വയം അപായപ്പെടുത്തൽ, വിട്ടുമാറാത്ത ശൂന്യതയുടെ വികാരങ്ങൾ, തീവ്രമായ കോപം, തീവ്ര സമ്മർദ്ദവുമായി ബന്ധപ്പെട്ട ക്ഷണിക മതിഭ്രമം എന്നിവയൊക്കെ ബിപിഡിയുടെ ലക്ഷണങ്ങളാണ്.

രോഗലക്ഷണങ്ങൾ സാധാരണയായി കൗമാരത്തിലോ പ്രായപൂർത്തിയുടെ തുടക്കത്തിലോ ആണ് ആരംഭിക്കുന്നത്. മാനസികാവസ്ഥാ തകരാറുകൾ, ലഹരിവസ്തുക്കളുടെ ഉപയോഗം, ഭക്ഷണരീതിയുമായി ബന്ധപ്പെട്ട  വൈകല്യങ്ങൾ, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ എന്നിവയൊക്കെ ബിപിഡി ഉള്ളവരിൽ സാധാരണയായി കണ്ടുവരാറുണ്ട്. ബിപിഡിയെ ബൈപോളാർ ഡിസോർഡർ, വിഷാദം അല്ലെങ്കിൽ സങ്കീർണ്ണമായ പി ടി എസ് ഡി എന്നിവയൊക്കെയായി പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട്. ഈ രോഗലക്ഷണങ്ങൾ ഒക്കെ ബിപിഡിയുമായി ചേർന്നും കണ്ടുവരാറുണ്ട്. മാത്രമല്ല, സാംസ്കാരിക ഘടകങ്ങൾ പലപ്പോഴും രോഗലക്ഷണങ്ങൾ എങ്ങനെ പ്രകടമാകുന്നു എന്നുള്ളതിനെ സ്വാധീനിക്കാറുണ്ട്. ഇത് ചില സമൂഹങ്ങളിൽ ബിപിഡി തെറ്റായി അമിതമായോ അല്ലെങ്കിൽ കുറവായോ രോഗനിർണ്ണയം ചെയ്യപ്പെടുന്നതിന് കാരണമാകുന്നതായി ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

കാരണങ്ങൾജീവശാസ്ത്രപരവും മനശ്ശാസ്ത്രപരവും സാമൂഹികവുമായ ഘടകങ്ങളുടെ ചലനാത്മകമായ പരസ്പര ബന്ധത്തിൽ നിന്നാണ് ബോർഡർ ലൈൻ പേഴ്സണാലിറ്റി ഡിസോഡർ ഉണ്ടാകുന്നത്. ഇരട്ടകളിൽ നടന്ന പഠനങ്ങൾ ബി പി ഡി പാരമ്പര്യമായി ഉണ്ടാകാനുള്ള സാധ്യത 35 മുതൽ 65 ശതമാനം വരെയാണെന്ന് കണക്കാക്കിയിട്ടുണ്ട്. ബി പി ഡി ഉണ്ടാകുന്നതിൽ ജനിതക ഘടകത്തിന്റെ പ്രാധാന്യമാണ് മേൽപ്പറഞ്ഞ വസ്തുത സൂചിപ്പിക്കുന്നത്. മസ്തിഷ്ക ചിത്രണ മാർഗ്ഗങ്ങളിലൂടെയുള്ള ഗവേഷണങ്ങൾ വികാര നിയന്ത്രണത്തിന് ഉത്തരവാദിത്വം വഹിക്കുന്ന മസ്തിഷ്ക പ്രദേശങ്ങളിലെ അസാധാരണതകൾ അല്ലെങ്കിൽ പ്രവർത്തന പിഴവുകൾ ബിപിഡിക്ക് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. വൈകാരിക പ്രതിപ്രവർത്തനവുമായി ബന്ധപ്പെട്ട അമിഗ്ഡല, ഓർമ്മയും മാനസിക സമ്മർദ്ദ പ്രതികരണങ്ങളുമായി ബന്ധപ്പെട്ട ഹിപ്പോക്യാമ്പസ്, ആവേഗ നിയന്ത്രണത്തിലും തീരുമാനങ്ങൾ എടുക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്ന പ്രീ ഫ്രണ്ടൽ കോട്ടക്സ് തുടങ്ങിയ മസ്തിഷ്ക ഭാഗങ്ങൾ ഇതിൽ പ്രധാനപ്പെട്ടവയാണ്.

മസ്തിഷ്ക ശാസ്ത്രപരമായ ഈ ദുർബലതകൾ പലപ്പോഴും പ്രതികൂല പാരിസ്ഥിതിക അനുഭവങ്ങളാൽ സ്വാധീനിക്കപ്പെടാറുണ്ട്. വൈകാരികമായ അവഗണനയും ശാരീരികമോ ലൈംഗികമോ ആയ പീഡനങ്ങളും മാതാപിതാക്കളിൽ നിന്നുമുള്ള ആവർത്തിച്ചുള്ള അസാധുവാക്കൽ പെരുമാറ്റങ്ങളും ഉൾപ്പെട്ട ബാല്യകാല ആഘാതത്തിന്റെ ചരിത്രങ്ങൾ ബി പി ഡി യുള്ള വ്യക്തികളിൽ ഗണ്യമായ ഒരു വിഭാഗം പേർ പറയാറുണ്ട്. പ്രത്യേകിച്ചും ആദ്യകാല വ്യക്തിബന്ധങ്ങളിലെ തടസ്സങ്ങളും വൈകാരികമായി പിന്തുണയില്ലാത്ത പരിതസ്ഥിതികളും ബി പി ഡി യുടെ വികസനത്തിൽ ശക്തമായ പങ്കുവഹിക്കുന്നതായി ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ബിപിഡി യുടെ മാതാവ് എന്ന് വിശേഷിപ്പിക്കാവുന്ന മാർഷാ ലൈൻഹാൻ എന്ന മാനസികാരോഗ്യ പ്രവർത്തക നിർദ്ദേശിച്ച ബയോസോഷ്യൽ മാതൃക സൂചിപ്പിക്കുന്നത് വൈകാരികമായി അമിതസംവേദന ക്ഷമതയുള്ള സ്വഭാവവും അസാധുവായ ചുറ്റുപാടുകളും തമ്മിലുള്ള നിരന്തരമായ ഇടപെടലിൽ നിന്നാണ് ബി പി ഡി ഉണ്ടാകുന്നത് എന്നാണ്. അസാധു ആക്കുക എന്ന് വെച്ചാൽ ആ വ്യക്തിയുടെ വൈകാരിക അനുഭവങ്ങൾ അംഗീകരിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നതിന് പകരം തള്ളിക്കളയുകയോ അതിനെ ഒരു ശിക്ഷണ മനോഭാവത്തോടുകൂടി കാണുകയോ ചെയ്യുന്നു എന്നാണ് അർത്ഥമാക്കുന്നത്.

പ്രാദേശികവും സാംസ്കാരികവുമായ പരിഗണനകൾ

വിവിധ സമൂഹങ്ങളിൽ ബി പി ഡി പലപ്പോഴും സാംസ്കാരിക മാനദണ്ഡങ്ങൾ, മാനസിക ദുരിതങ്ങളോടുള്ള സമീപന ശൈലികൾ, കുടുംബ ചലനാത്മകത എന്നിവ കാരണമൊക്കെ മറച്ചുവെക്കപ്പെടുന്നുണ്ട്. വൈകാരികമായ പൊട്ടിത്തെറികളോ വ്യക്തിഗതമായ സംഘട്ടനങ്ങളോ  മനശാസ്ത്രപരമായതോ ധാർമികമോ ആയ പരാജയങ്ങൾക്ക് കാരണമാകാം. ഇത് കർമ്മഫലം അല്ലെങ്കിൽ വിധിഹിതം തുടങ്ങിയ ബദൽ വിശദീകരണമാർഗങ്ങളിലേക്ക് നയിക്കുന്നു. ബി പി ഡി ഉള്ളവരെ അമിതമായി പ്രതികരിക്കുന്നവരെന്നോ നാടകീയത ഉള്ളവരെന്നോ അഹങ്കാരികൾ എന്നോ സ്വാർത്ഥ താല്പര്യക്കാർ എന്നോ ഒക്കെ മുദ്രകുത്തുന്നതും സാധാരണമാണ്. എന്നാൽ സമാന ലക്ഷണങ്ങൾ ഉള്ള പുരുഷന്മാർ ആകട്ടെ സഹായം തേടുന്നതിലും വൈകാരിക പ്രകടനത്തിലും പക്ഷപാതം കാരണം രോഗനിർണയം ചെയ്യപ്പെടാതെ ഇരിക്കുകയും ചെയ്യുന്നു. മാനസികാരോഗ്യ പ്രശ്നങ്ങളോടുള്ള ഇഷ്ടം മനശാസ്ത്രപരമായ സേവനങ്ങളുടെ പരിമിതമായ ലഭ്യത, പരിശീലനം ലഭിച്ച മാനസികാരോഗ്യ പ്രവർത്തകരുടെ ദൗർലഭ്യം എന്നിവ സമയബന്ധിതമായി രോഗനിർണയം നടത്താനും ചികിത്സകൾ നടപ്പിലാക്കാനും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്.

മാത്രവുമല്ല ഗ്രാമപ്രദേശങ്ങളിലോ അല്ലെങ്കിൽ അവശത അനുഭവിക്കുന്ന വ്യക്തികളിലോ പ്രത്യക്ഷമായ വൈകാരിക ലക്ഷണങ്ങളെക്കാൾ കൂടുതൽ ശാരീരിക ലക്ഷണങ്ങളോ വ്യക്തിബന്ധങ്ങളിലുള്ള അസ്വസ്ഥതകളോ ആയിരിക്കും പ്രകടമാവുക. ഇത് രോഗനിർണയം വൈകിപ്പിക്കുകയോ അവ്യക്തമാക്കുകയോ ചെയ്യും. അത്തരം സന്ദർഭങ്ങളിൽ ബിപിഡിയുടെ ലക്ഷണങ്ങൾ തിരിച്ചറിയാനും വേണ്ട ചികിത്സാരീതികൾ നൽകാനും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാരെയും സാമൂഹ്യ ആരോഗ്യ പ്രവർത്തകരെയും പരിശീലിപ്പിക്കുന്നത് നന്നായിരിക്കും.

ആത്മഹത്യാ പ്രവണതയും സ്വയം അപായപ്പെടുത്തലും

ബിപിഡിയുമായി ബന്ധപ്പെട്ട ഏറ്റവും ഗുരുതരമായ ആശങ്കകളിൽ പ്രധാനപ്പെട്ടത് ആത്മഹത്യയുടെയും ആത്മഹത്യാപരമല്ലാത്ത സ്വയം അപായപ്പെടുത്തലിന്റെയും ഉയർന്ന സാധ്യതയാണ്. പഠനങ്ങൾ സൂചിപ്പിക്കുന്നത് ഡി പി ഡി യുള്ള ഏകദേശം 70% വ്യക്തികളും അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ ജീവൻ ഉപേക്ഷിക്കാൻ ശ്രമിക്കുന്നു എന്നാണ്. ഇതിൽ ഏകദേശം 10% പേർ ആത്മഹത്യയിലൂടെ മരിക്കുകയും ചെയ്യുന്നു. ബിപിഡി ഏറ്റവും സ്വയംഹത്യാ സാധ്യതയുള്ള മാനസികാരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ്. സ്വന്തം ശരീരം കീറിമുറിക്കുക പൊള്ളലേൽപ്പിക്കുക ശരീരത്തിൽ സ്വയം അടിക്കുക, മറ്റ് ഔഷധങ്ങൾ അമിതമായി കഴിച്ച് തങ്ങൾ ജീവനുപേക്ഷിക്കാൻ പോവുകയാണ് എന്ന തോന്നൽ ഉണ്ടാക്കുക തുടങ്ങിയ സ്വയം അപായപ്പെടുത്തൽ പെരുമാറ്റങ്ങൾ ബിപിഡി ഉള്ളവരിൽ  സാധാരണമാണ്. ഇതൊക്കെ പലപ്പോഴും കൃത്രിമമോ അല്ലെങ്കിൽ ശ്രദ്ധ തേടാനുള്ള ശ്രമങ്ങളോ ആയി തെറ്റായി വ്യാഖ്യാനിപ്പിക്കപ്പെടുകയും ചെയ്യും. വാസ്തവത്തിൽ ഈ പെരുമാറ്റങ്ങൾ സാധാരണയായി അമിതമായ വൈകാരിക ക്ലേശം കൈകാര്യം ചെയ്യുന്നതിനും സ്വയം ശിക്ഷിക്കുന്നതിനും അല്ലെങ്കിൽ നിയന്ത്രണ ബോധം വീണ്ടെടുക്കുന്നതിന് ഉള്ള പൊരുത്തപ്പെടൽ മാർഗ്ഗങ്ങൾ മാത്രമാണ്.

സ്വയം അപായപ്പെടുത്തുന്നതിൽ ഏർപ്പെടുന്ന ഇത്തരം രോഗികളുടെ ചികിത്സയിൽ ചികിത്സകൻ മുൻവിധികൾ ഇല്ലാത്ത സഹാനുഭൂതി നിറഞ്ഞ ഒരു സമീപനം ആയിരിക്കണം സ്വീകരിക്കേണ്ടത്. പെരുമാറ്റത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം അടിസ്ഥാന വൈകാരിക പ്രശ്നങ്ങൾ, നിറവേറ്റപ്പെടാത്ത ആവശ്യങ്ങൾ, അതിനെ നിലനിർത്തുന്ന വ്യക്തിബന്ധ മാതൃകകൾ എന്നിവ നാം കൂടുതലായി ശ്രദ്ധ പതിപ്പിക്കേണ്ട കാര്യങ്ങളാണ്. അപകടസാധ്യതയുടെ വിലയിരുത്തലുകൾ തുടരുകയും, പ്രതീക്ഷാരഹിത്യം, ആവേഗശീലം, സാമൂഹിക പിന്തുണയുടെ ലഭ്യതക്കുറവ് എന്നിവയും നാം ചികിത്സയുടെ ഭാഗമായി വിലയിരുത്തേണ്ടതുണ്ട്.

മനശ്ശാസ്ത്ര ചികിത്സ

 ബിപിഡി ചികിത്സയുടെ പ്രധാന ഭാഗം

മനശ്ശാസ്ത്ര ചികിത്സയാണ് ബിപിഡി യുടെ ഏറ്റവും ഫലപ്രദമായ ചികിത്സാരീതി. രോഗലക്ഷണങ്ങൾ കുറയ്ക്കുന്നതിലും രോഗമുള്ള വ്യക്തിയുടെ ദൈനംദിന പ്രവർത്തനം മെച്ചപ്പെടുത്തുന്നതിലും ജീവിത നിലവാരം ഉയർത്തുന്നതിലും വസ്തുനിഷ്ഠമായ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള നിരവധി മനശാസ്ത്ര ചികിത്സാരീതികൾ ഗണ്യമായ ഫലപ്രാപ്തി തെളിയിച്ചിട്ടുണ്ട്. മാർഷാ ലൈൻഹാൻ വികസിപ്പിച്ചെടുത്ത ഡയലറ്റിക്കൽ ബിഹേബിയർ തെറാപ്പി അഥവാ ഡിബിടി, ബിപിഡി ചികിത്സയിൽ ഏറ്റവും അധികം ഗവേഷണ വിധേയമാക്കപ്പെട്ടിട്ടുള്ള ചികിത്സാരീതിയാണ്. കോഗ്നിട്ടീവ് ബിഹേവിയർ തെറാപ്പി തന്ത്രങ്ങൾ, മൈൻഡ്ഫുൾനസ്  സമ്പ്രദായങ്ങൾ, സ്വീകാര്യതാ തന്ത്രങ്ങൾ എന്നിവ സംയോജിപ്പിക്കുന്ന ഒരു ചികിത്സാരീതിയാണ്  ഡിബിടി.ഡിബിടി വികാര നിയന്ത്രണം, പാരസ്പര്യക്ഷമത, ദുരിത സഹിഷ്ണുത, മൈൻഡ്ഫുൾനസ് തുടങ്ങിയ നാല് പ്രധാന നൈപുണ്യ മേഖലകളെ ചുറ്റിപ്പറ്റിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പഠനങ്ങൾ കാണിക്കുന്നത് സ്വയം അപായപ്പെടുത്തൽ, ആത്മഹത്യ ചിന്തകൾ, ആശുപത്രി വാസം, വൈകാരിക നിയന്ത്രണ ശേഷിക്കുറവ് എന്നിവ ഗണ്യമായി കുറയ്ക്കാൻ ഡിബിടി സഹായിക്കുന്നു എന്നാണ്.

പീറ്റർ ഫോനാഗിയും സഹപ്രവർത്തകരും വികസിപ്പിച്ചെടുത്ത മെൻ്റലൈസേഷൻ ബേസ്ഡ് തെറാപ്പി (എംബിടി) വ്യക്തികളെ അവരുടെയും മറ്റുള്ളവരുടെയും മാനസികാവസ്ഥകൾ മനസ്സിലാക്കാൻ  സഹായിക്കുന്ന ഒരു ചികിത്സാരീതിയാണ്. മാനസിക വത്കരണത്തിനുള്ള ശേഷി വർദ്ധിപ്പിക്കുന്നത്തിലൂടെ, എംബിടി വൈകാരിക നിയന്ത്രണവും പാരസ്പര്യ ക്ഷമതയും മെച്ചപ്പെടുത്തുന്നു, പ്രത്യേകിച്ച് വ്യക്തിബന്ധ പ്രശ്നങ്ങൾ ഉള്ളവരിൽ.ആദ്യകാല ജീവിതത്തിൽ രൂപപ്പെട്ട തെറ്റായ വിശ്വാസ സംവിധാനങ്ങൾ അല്ലെങ്കിൽ സ്‌കീമകളെ ലക്ഷ്യമിടുന്ന സ്കീമ ഫോക്കസ്ഡ് തെറാപ്പി (എസ്എഫ്ടി) തൻ്റെയും മറ്റുള്ളവരുടെയും പരസ്പര വിരുദ്ധമായ ആന്തരിക അവസ്ഥകൾ പര്യവേഷണം ചെയ്യുന്നതിനും സമന്വയിപ്പിക്കുന്നതിനും  ചികിത്സാബന്ധം  ഉപയോഗിക്കുന്ന ട്രാൻസ്ഫറൻസ് ഫോക്കസ് തെറാപ്പി (ടിഎഫ്ടി) എന്നിവയാണ് ബി പി ഡിയിൽ  ഉപയോഗിക്കുന്ന ഫലപ്രദമായ മറ്റ് മനശാസ്ത്ര ചികിത്സാരീതികൾ.

ചികിത്സകരോ സൗകര്യങ്ങളോ വേണ്ടത്ര ഇല്ലാത്ത അവസരങ്ങളിൽ ജോൺ ഗുണ്ടഴ്സ്ൺ വികസിപ്പിച്ചെടുത്ത ഗുഡ് സൈക്യാട്രിക് മാനേജ്മെൻറ് (ജിപിഎം) ബിപിഡിക്ക് പ്രായോഗികവും ചിലവ് കുറഞ്ഞതുമായ ഒരു ചികിത്സ മാതൃകയാണ്. രോഗാവസ്ഥകളെ കുറിച്ചുള്ള അറിവ് വിശദമായ മാനസികാവസ്ഥ അപഗ്രഥനം അപകടാവസ്ഥകളിൽ മേലുള്ള ചികിത്സ ആസൂത്രണം എന്നിവയാണ് ജി പി എം ചികിത്സയുടെ ഭാഗങ്ങൾ. പ്രത്യേക സൈക്കോതെറാപ്പി പരിശീലനം ഇല്ലാത്ത ജനറൽ സൈക്യാട്രിസ്റ്റുകൾക്കും മറ്റ് മാനസികാരോഗ്യ പ്രവർത്തകർക്കും ലഘു പരിശീലനത്തിന് ശേഷം ജിപിഎം ഉപയോഗിച്ച് ചികിത്സ ചെയ്യാൻ സാധിക്കും എന്നതാണ് ഇതിൻറെ പ്രത്യേകത.

ഔഷധ ചികിത്സ

ബിപിഡി യുടെ ചികിത്സയ്ക്കായി വ്യക്തമായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഔഷധ ചികിത്സകൾ ഒന്നും തന്നെയില്ല.  എന്നാൽ വിഷാദം അല്ലെങ്കിൽ അമിതകോപം അല്ലെങ്കിൽ അമിതമായ ഉത്കണ്ഠ തുടങ്ങിയ ലക്ഷണങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഔഷധങ്ങൾ സഹായകമാകും. സെലക്ടീവ് സിറോടോണിൻ റീ  അപ്ടേക്ക് ഇൻഹിബിറ്ററുകൾ (എസ് എസ് ആർ ഐ) എന്ന പേരിൽ അറിയപ്പെടുന്ന വിഷാദരോഗ ചികിത്സാ ഔഷധങ്ങൾ വിഷാദത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കും. സോഡിയം വാൽപ്രോയേറ്റ്, ലിത്തിയം, ലമോട്രിജിൻ തുടങ്ങിയ വൈകാരിക നിയന്ത്രണം സാധ്യമാക്കുന്ന ഔഷധങ്ങൾ ഫലപ്രദമായ വൈകാരിക സ്ഥിരതയും അക്രമണോത്സുകതയും അമിതാവേഗവും കൈകാര്യം ചെയ്യുന്നതിൽ ഫലപ്രദമാണെന്ന് കണ്ടുവരുന്നു.  അരിപിപ്രസോൾ  അല്ലെങ്കിൽ ഒളാൻസപെയിൻ എന്നിവ പോലുള്ള പുതിയ തലമുറയിൽപ്പെട്ട ആൻ്റി സൈക്കോട്ടിക് ഔഷധങ്ങൾ ക്ഷണികമായ സൈക്കോസിസ് ലക്ഷണങ്ങൾക്കും  പെരുമാറ്റ പ്രശ്നങ്ങൾക്കും ചികിൽസയായി ഉപയോഗിക്കാറുണ്ട്.

എങ്കിലും ബിപിഡി ഉള്ളവരിൽ പലപ്പോഴും ഒന്നിലേറെ ഔഷധങ്ങൾ ഉപയോഗിച്ചുള്ള ചികിത്സയ്ക്ക് ഇരയാകാറുണ്ട്. പലപ്പോഴും മനശ്ശാസ്ത്ര ചികിൽസകൾ വേണ്ടത്ര ഉപയോഗിക്കാത്തത് കൊണ്ടാണിത്. ഔഷധങ്ങൾ സൂക്ഷ്മമായ നിരീക്ഷണത്തോടെയും വിവരങ്ങൾ ബോധ്യപ്പെടുത്തിയുള്ള സമ്മതത്തോടെയും ന്യായമായി വേണം ഉപയോഗിക്കേണ്ടത്. രോഗികൾ ഔഷധങ്ങളോട് ചേർത്ത് വെച്ച് വഹിക്കുന്ന മനശ്ശാസ്ത്ര പരമായ അർത്ഥത്തേക്കുറിച്ചും ചികിത്സകർ ശ്രദ്ധാലുക്കളായിരിക്കണം. ചിലർ അവയെ പരിചരണത്തിൻ്റെയും സുരക്ഷയുടെയും പ്രതീകങ്ങളായി കണ്ടേക്കാം. മറ്റുള്ളവർ അവയെ അമിത നിയന്ത്രണത്തിൻ്റെ ഉപകരണങ്ങളായും.

പലരും വിശ്വസിക്കുന്നതിൽ നിന്ന് വിരുദ്ധമായി ബി പി ഡി അപര്യാപ്തതയുടെയും നിരാശയുടെയും ആജീവനാന്ത ശിക്ഷയല്ല. ബിപിഡി യുള്ള ഭൂരിഭാഗം  വ്യക്തികളും കാലക്രമേണ ഗണ്യമായ രോഗലക്ഷണ ശമനം അനുഭവിക്കുന്നു എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഉചിതമായ ചികിത്സയിലൂടെ രോഗികൾക്ക് സംതൃപ്തവും ഉൽപാദനക്ഷമവുമായ ജീവിതം നയിക്കാനും സുസ്ഥിരമായ വ്യക്തിബന്ധങ്ങൾ വികസിപ്പിക്കാനും തൊഴിലും വിദ്യാഭ്യാസവും പിന്തുടരാനും സാധിക്കും. പ്രവർത്തനപരമായ മാറ്റങ്ങൾ പലപ്പോഴും രോഗലക്ഷണങ്ങൾ കുറഞ്ഞു കഴിഞ്ഞു മാത്രമേ അറിയാൻ സാധിക്കുകയുള്ളൂ.

മാറ്റം വരുത്താനുള്ള സ്വന്തം കഴിവിൽ വിശ്വസിക്കുകയും അനുകമ്പയോടെ വ്യക്തമായ അതിരുകൾ നിശ്ചയിക്കുകയും  വിവിധ  നിപുണതകൾ വളർത്തി എടുക്കുന്നതിലൂടെയും മാത്രമേ ബി പി ഡിയുടെ ലക്ഷണങ്ങൾക്ക് ശമനം ഉണ്ടാവുകയുള്ളൂ. അതുകൊണ്ടുതന്നെ ബി പി ഡി ചികിത്സിക്കുന്ന ചികിത്സകർക്ക് പ്രത്യേക പരിശീലനവും ആവശ്യമാണ്. ഒപ്പം തന്നെ സമാന  പ്രശ്നങ്ങളുള്ളവരുടെയും മാനസികാരോഗ്യ സംരക്ഷകരുടെയും കൂട്ടായ്മകളിൽ നിന്നുള്ള പിന്തുണയും രോഗമുള്ള വ്യക്തിക്ക് ആവശ്യമാണ്.

References

  1. Linehan MM. Cognitive-Behavioral Treatment of Borderline Personality Disorder. Guilford Press, 1993.

  2. American Psychiatric Association. Diagnostic and Statistical Manual of Mental Disorders, Fifth Edition, Text Revision (DSM-5-TR), 2022.

  3. Fonagy P, Bateman A. Mentalization-Based Treatment for Borderline Personality Disorder. Oxford University Press, 2006.

  4. Gunderson JG. Borderline Personality Disorder: A Clinical Guide. American Psychiatric Publishing, 2014.

  5. Zanarini MC, Frankenburg FR, Reich DB, et al. The McLean Study of Adult Development (MSAD). Am J Psychiatry, 2005.

  6. Bateman A, Fonagy P. Effectiveness of MBT. Arch Gen Psychiatry, 2008.


 ഡോ. എസ്സ്. കൃഷ്ണൻ,

പ്രൊഫസ്സർ ആന്റ് ഹെഡ്,

മനോരോഗ ചികിത്സാ വിഭാഗം,

ഗവൺമെന്റ് മെഡിക്കൽ കോളേജ്,

തിരുവനന്തപുരം.

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. സംഗീത കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page