ഭ്രഷ്ട് കൽപ്പിക്കും!
- GCW MALAYALAM
- Jun 15
- 3 min read

1.ചെറുവയൽ എന്ന നാട് ഇന്ന് ഭാരതത്തിന്റെ പരമോന്നത ബഹുമതികളിൽ ഒന്നായ പത്മപുരസ്കാരത്തിൽ പരാമർശിക്കപ്പെട്ട ഇടം എന്നാണ് അറിയപ്പെടുന്നത്. രാമേട്ടന്റെ പേരിനൊപ്പം ചെറുവയൽ എന്ന് ചേർത്തിട്ടുണ്ട്. ഈ ഗ്രാമം എപ്രകാരമാണ് ജീവിതത്തെ സ്വാധീനിച്ചിട്ടുള്ളത്?
ചെറുവയൽ എന്ന് പറയുന്നത് വീടിന്റെ പേരായിരുന്നു.ഞങ്ങൾ വയനാട്ടിൽ സ്ഥിര താമസക്കാരാണ്. അപ്പോൾ വീടിന്റെ പേര് ചെറുവയൽ എന്നുവന്നു. അങ്ങനെ ആ പ്രദേശം മുഴുവൻ ചെറുവയൽ എന്നായി. ഒരു ഉദാഹരണം പറയുകയാണെങ്കിൽ ഇപ്പോൾ തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനം, പുത്തരിയ ഉത്സവം നടത്തുന്ന ഒരു കണ്ടമായിരുന്നല്ലോ, അത് പുത്തരി കണ്ടം മൈതാനം ആക്കിയല്ലോ? അതുപോലെയാണ് ചെറുവയൽ എന്നായത്.
2) താങ്കൾ കൃഷി,പരിസ്ഥിതി സംരക്ഷണം എന്നിവയുടെ ആവശ്യകത മുൻനിർത്തിയാണല്ലോ പ്രവർത്തിക്കുന്നത്? എന്നു മുതൽക്കാണ് ഇത്തരം പ്രവർത്തനങ്ങളിലേക്ക് വരാൻ തുടങ്ങിയത്? അതിലേക്ക് വരാൻ സ്വാധീനിച്ച ഘടകങ്ങൾ എന്തൊക്കെയാണ്?
ഞങ്ങൾ വയനാട്ടിലെ കുറിച്യർ വിഭാഗമാണ്. പരമ്പരാഗതമായി ഏതൊരു മനുഷ്യരേയും പോലെ വിശപ്പടക്കാൻ വേണ്ടിയിട്ടാണ് കൃഷി ചെയ്തു തുടങ്ങിയത്. അതിനാൽ എപ്പോൾ വന്നു എങ്ങനെ വന്നു എന്നൊന്നും പറയാൻ പറ്റില്ല. അത് ഇങ്ങനെ പരമ്പരാഗതമായി വരുമ്പോൾ കുറേ കാലങ്ങളായി അത് അനുകരിച്ച് ഞാനും ജീവിതം കൊണ്ടുപോകുകയാണ്. കുലത്തൊഴിലായി ജീവിതത്തിൽ നിന്ന് ആർജിച്ചെടുത്ത അറിവിൽ നിന്നാണ് കാർഷികവൃത്തി ചെയ്തു തുടങ്ങിയത് എന്നു പറയാം.
3)കുറിച്യ സമൂഹത്തിലുള്ള മനുഷ്യരേയും അവരുടെ പരിസ്ഥിതി സംരക്ഷണത്തെയും പറ്റി പറയാമോ?
കുറിച്യ സമൂഹത്തിലുള്ളവർ എല്ലാവരും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത മുൻനിർത്തികൊണ്ടാണ് കാർഷികവൃത്തിയിൽ ഏർപ്പെട്ടിട്ടുണ്ടായിരുന്നത്. മാത്രമല്ല ആദിവാസികളായ ഞങ്ങളെ സംബന്ധിച്ചിടത്തോളം പരിസ്ഥിതിയെ ജീവിക്കാൻ വേണ്ടിയുള്ള ഒരു സമ്പാദ്യമായാണ് കാണുന്നത്. ഇപ്പോൾ വീട് വയ്ക്കണമെങ്കിൽ വീടിന് ആവശ്യമായ മരം വെട്ടുക എന്നതല്ലാതെ അതിൽ കവിഞ്ഞ് വെ ട്ടില്ല.അതായത് വിപണനാവശ്യങ്ങൾക്കോ കയറ്റുമതിക്കോ വിൽപ്പനയ്ക്കോ മരം മുറിക്കാറില്ല. ഭക്ഷണാവശ്യത്തിനു വേണ്ടി മാത്രമാണ് മൃഗങ്ങളെ വേട്ടയാടുന്നത്. അതും വംശനാശം വന്നുകൊണ്ടിരിക്കുന്നതിനെ വേട്ടയാടില്ല.’നാളേക്ക് ഒരു വിത്ത് ആയിട്ട് സങ്കൽപ്പിച്ചു വെച്ചതിനുശേഷം മാത്രമേ ബാക്കിയുള്ളത് എടുക്കുകയുള്ളൂ.ഒരിക്കലും ഒരു വസ്തുവിനെ വംശനാശപ്പെടുത്താൻ ഞങ്ങൾ അനുവദിക്കില്ല. അങ്ങനെയാണ് ഞങ്ങളുടെ സംസ്കാരവും ജീവിതവും പരിസ്ഥിതിയോട് ചേർന്നുപോകുന്നത്.
4) നിലവിൽ വനനിയമം വന്നതിനുശേഷം കുറിച്യ വിഭാഗത്തിൻറെ തനത് വേട്ടയാടൽ,മരം മുറിക്കൽ എന്നിവയിലെല്ലാം പലതരത്തിൽ സർക്കാരിന്റെ നിയന്ത്രണങ്ങൾ വന്നിട്ടില്ലേ? ഇത് എങ്ങനെയാണ് നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നത്?
ആദിവാസികളായ ഞങ്ങൾക്ക് ഭരണഘടനാസംരക്ഷണം ഉണ്ട്. വനാവകാശ നിയമമുണ്ട്. ആദിവാസികൾ അല്ലെങ്കിൽ ഗോത്ര വിഭാഗം എന്ന് പറയുന്നത് ഹിന്ദുക്കളല്ല. ഗോത്ര വിഭാഗത്തിന്റെ പ്രത്യേകമായ നിയമ നിർമ്മാണങ്ങൾ ഭരണഘടനയിൽ ഇല്ല.പക്ഷേ വനവകാശ നിയമമുണ്ട്. ഇതൊക്കെ ശരിയാണെങ്കിലും വനത്തിൽ കയറി ഞങ്ങൾക്കൊന്നും ചെയ്യാൻ പാടില്ല. വനത്തിൽ നിന്നൊരു കമ്പ് പോലും എടുക്കാൻ പാടില്ല. ഞങ്ങൾ വളർത്തുമൃഗങ്ങളെ കഴിക്കാറില്ല. അതായത് കാട്ടുമൃഗങ്ങളെയാണ് ഞങ്ങൾ ഭക്ഷ്യയോഗ്യമാക്കിയിരുന്നത്. ഇപ്പോൾ ഞങ്ങൾക്ക് വേട്ടയാടാൻ പറ്റില്ല. ഞങ്ങൾ അതിനാൽ മാംസാഹാരങ്ങൾ കഴിക്കാറുമില്ല. മാംസം ഇല്ലാതെ പച്ചക്കറികളിൽ ഒതുങ്ങി ജീവിക്കുകയാണ്. രണ്ടാമതായി സമുദായങ്ങളിൽ പലതരത്തിലുള്ള ആചാരങ്ങൾ നടത്താനുള്ള മാംസം ഞങ്ങൾക്ക് വേണ്ടിവരും. അതിപ്പോൾ ലഭിക്കാതെയായി. അപ്പോൾ ഒരുതരത്തിൽ ഞങ്ങളുടെ സംസ്കാരം തന്നെ ഇതുമൂലം തച്ചുടക്കേണ്ടി വരുന്നു. അതിനാൽ സമുദായവും ശിഥിലമായിക്കൊണ്ടിരിക്കുകയാണ്.
5)അനുകരണ സ്വഭാവം കൂടുതലായി വരുന്നതുകൊണ്ടുതന്നെ ആദിവാസികളുടെ തനത് സംസ്കാരത്തിൽ വളരെ വലിയ മാറ്റം ഉണ്ടാവുന്നുണ്ടോ?
വിദ്യാഭ്യാസം, ഭാഷ,തൊഴിൽ നഗരവൽക്കരണം, വസ്ത്രം, ആചാരങ്ങൾ എന്നിവയിൽ ഒക്കെ മാറ്റം ഉണ്ടാകുന്നുണ്ട്. ആദിവാസികളിൽ തന്നെ മതപരിവർത്തനം ഉണ്ടാകുന്നുണ്ട്.മറുഭാഗത്ത് ഞങ്ങളെ സംബന്ധിച്ചിടത്തോളം മറ്റൊരു സമുദായത്തിലെ സ്ത്രീയെയോ പുരുഷനെയോ വിവാഹം കഴിച്ചാൽ ഞങ്ങളുടെ സമൂഹത്തിലേക്ക് അവർ തിരിച്ചു വരികയില്ല. ഭ്രഷ്ട് കൽപ്പിക്കും. കുറിച്യ സമൂഹത്തിലെ മനുഷ്യർക്ക് ജാതി മാറി വിവാഹം കഴിക്കാനോ ഗോമാംസം കഴിക്കാനോ പാടില്ല.
6) കുറിച്യരുടെ ഇടയിലെ കാർഷികവൃത്തിയുമായി ബന്ധപ്പെട്ട ആചാരങ്ങളെപറ്റി പറയാമോ?
കാർഷിക സംസ്കാരവുമായി ബന്ധപ്പെട്ട ഒട്ടനവധി ആചാരാനുഷ്ഠാനങ്ങൾ ഞങ്ങൾക്കിടയിൽ ഉണ്ട്.കൃഷി എടുക്കുന്നതിനും വിളവെടുക്കുന്നതിനും വിത്തിടലിനും അങ്ങനെ എല്ലാത്തിനുമായി പല കർമ്മങ്ങൾ ഉണ്ട്.അതായത് വിഷു പിറ്റേന്നാണ് വിത്തിടുക. ആ വിത്തവസാനം വിളന്നാട്ടിയായി മാറും. ആ വിളനാട്ടിയിൽ തുടങ്ങി വിളന്നാട്ടിത്തീർക്കൽ, കൊയ്ത്തുതുടങ്ങൽ, കൊയ്ത്തുകൂട്ടൽ, കതിര്കേറ്റല് ഇതൊക്കെയുണ്ടാകും. നൂറോളം കുടുംബങ്ങൾ ഒന്നിച്ചു കൂടുന്ന സമ്പ്രദായമാണ് ഞങ്ങൾക്കുള്ളത്. അതുകൊണ്ടുതന്നെ ഒരു വീട്ടിൽ ഒരു കുടുംബം സദ്യ കഴിക്കുമ്പോൾ ഒരാൾ വരികയാണെങ്കിൽ ഇവരെല്ലാം തന്നെ ക്ഷണിക്കപ്പെട്ട ആളുകളാണെന്ന് തോന്നിപ്പോകും. ഒരു കുടുംബത്തിൽ തന്നെ പത്തിരുപത്തഞ്ച് മക്കളെങ്കിലും ഉണ്ടാകും. അങ്ങനെ കൂട്ടമായി ജീവിക്കുന്ന ഒരു വിഭാഗമാണ് ഞങ്ങൾ. തൊട്ടുകൂടായ്മ, തീണ്ടികൂടായ്മ എന്നിവ ഞങ്ങളുടെ സമുദായത്തിലുണ്ട്. ഒരുതരത്തിലുള്ള ബ്രാഹ്മണ സ്വഭാവമാണ് ഞങ്ങൾക്കുള്ളത്.
7) കുറിച്യരെ എന്തുകൊണ്ടാണ് ബ്രാഹ്മണന്മാർ എന്ന് വിളിക്കുന്നത് ? ജാതിവ്യവസ്ഥയിൽ നിന്നാണല്ലോ കുറിച്യരെ ഗോത്രവിഭാഗത്തിലെ ഒരു ബ്രാഹ്മണ വിഭാഗമായി കണക്കാക്കുന്നത് ?ജാതീയമായിട്ടുള്ള വേർതിരിവുകൾ ഗോത്ര വിഭാഗങ്ങൾക്കിടയിലും പ്രകടമാണോ?
കാട്ടു വിഭാഗത്തിൽപ്പെട്ട ബ്രാഹ്മണ വർഗ്ഗമാണ് ഞങ്ങൾ. ഞങ്ങളിൽ കുറിച്യർ, പണിയർ, അടിയർ,പുലയർ നായ്ക്കർ, പതിയർ ഇങ്ങനെയുള്ള കുറെ വിഭാഗങ്ങളുണ്ട്. ഇവരൊന്നും പരസ്പരം ബന്ധമില്ലാത്ത കുടുംബങ്ങളാണ്.
8) കുറിച്യരുടെ ആചാരാനുഷ്ഠാനങ്ങളെ പറ്റി വിശദീകരിക്കാമോ?
കുറിച്ചെരെ സംബന്ധിച്ച് പ്രത്യേകമായി അമ്പലങ്ങളില്ല. ഗോത്രാചാരങ്ങളും ദൈവം കാണലും വീട്ടിൽ തന്നെയാണ്. ഗുരുവായൂർ,ശബരിമല,പഴനി എന്നിവയുമായൊന്നും ഒരു ബന്ധവുമില്ല. ഞങ്ങൾ തിറമഹോത്സവം നടത്തും. മലയർ,മുന്നേറ്റര്‍, എന്നിവരെ കൂലിക്ക് കൊണ്ടുവന്ന് കെട്ടിയാടൽ ഉണ്ട്. മലക്കാര്, അതിരാളൻ, ഭഗവതി,പുണ്യാളൻ തുടങ്ങിയ തെയ്യങ്ങളുണ്ട്. തിറ കഴിക്കുന്ന പ്രത്യേക സ്ഥലം ഉണ്ടാകും. വീട്ടിൽ ഉണ്ടാകില്ല. വീട്ടിൽ തെയ്യം,പോതി,മലക്കാരി എന്നീ മൂന്ന് ദൈവങ്ങളെ വിളിക്കും. കോമരക്കാർ ഉറഞ്ഞുതുള്ളി രോഗം, അധ്വാനം,എന്നിവയെ കുറിച്ചുള്ള കാര്യങ്ങൾ സംസാരിക്കും. നെല്ല് ആചാരാനുഷ്ഠാനങ്ങൾക്ക് പ്രധാനമായ ഘടകമാണ്.ചെന്നല്ല്, വെളിയൻ ഈ രണ്ടു നെല്ലിനങ്ങളാണ് അമ്പലങ്ങങ്ങളും കാവുകളുമായി ബന്ധപ്പെട്ട ആചാരനുഷ്ഠാനങ്ങൾക്ക് ഉപയോഗിക്കുന്നത്. പുത്തരിനെല്ലിൽ കതിരുകയറ്റുക, തുലാം പത്തിന് പുത്തിരി കയറ്റുക, പുത്തരി ഉത്സവം നടത്തുക എന്നതിനെല്ലാം ഈ നെല്ലാണ് ഉപയോഗിക്കുന്നത്. ഉത്സവത്തിന്റെ പ്രത്യേകതയെന്നത് മൂന്ന് ദേവന്മാരെയും മുനിമാരെയും പ്രീതിപ്പെടുത്തുക എന്നതാണ്. പെണ്മുനിയും ആണ്മുനിയും ഉണ്ടാകും. പ്രീതിപ്പെടുത്താൻ പഴം,അവിൽ,നാളികേരം പൊതിക്കാൻ വയ്ക്കും.ബലി കൊടുക്കുന്ന ചടങ്ങ് ഇല്ല.
9) നെല്ലിനങ്ങളുടെ ജീൻ ബാങ്കർ എന്നാണ് താങ്കളെ വിശേഷിപ്പിക്കുന്നത്. എത്രയിനം നെൽവിത്താണ് കൃഷി ചെയ്ത് സംരക്ഷിക്കുന്നത് ?
നെൽവിത്തിനങ്ങളുടെ സംഭരണത്തിലെ പരമ്പരാഗത രീതി വിശദീകരിക്കാമോ?
60ഇനം നെൽവിത്തുകൾ ഞാൻ കൃഷി ചെയ്യുന്നു. ആറുമാസം, 180 ദിവസം മൂപ്പുള്ള വിത്തുകളുണ്ട്. വെളിയൻ,ചെന്തകൻ, മണ്ണു വെളിയൻ,ഓക്കവെളിയൻ എന്നിവ വിത്തിട്ട് വിളവെടുക്കാൻ 180 ദിവസം വേണ്ടിവരും. കോതാന്തൻ ഗന്ധകശാല, ജീരകശാല, മുള്ളൻ കൈമ, ഉള്ളിക്കൈമാ എന്നിവ 5 മാസം മൂപ്പുള്ളതും, ഓണമുട്ടൻ പാൽതൊണ്ടി, തൊണ്ണൂറാംപുഞ്ച എന്നിവ നാല് മാസം മുപ്പുള്ളതുമാണ്. ഓരോ നെൽവിത്തും ഓരോ സെന്റിൽ കൃഷിചെയ്ത് വിളവെടുത്തതു നിലനിർത്തുക. ഇവ വിൽക്കാനും കൈമാറാനുമുള്ളതല്ല. കാലാവസ്ഥ ദോഷം ഉണ്ടാകുന്നത് കർഷകരെ ഒരുപാട് രീതിയിൽ ബാധിക്കാറുണ്ട്. രാസവളം 1978ൽ ഒഴിവാക്കിയതിനു ശേഷം ഇതുവരെ ഉപയോഗിച്ചിട്ടില്ല. ലോകം മുഴുവൻ അമിതമായി കീടനാശിനി പ്രയോഗിക്കുന്നു. പരിസ്ഥിതിക്ക് അനുയോജ്യമായ കൃഷിരീതി എന്നത് ജൈവകൃഷി രീതിയാണ്. പരിസ്ഥിതിക്ക് ദോഷമില്ല, മണ്ണിന് ദോഷമില്ല.
10)കുറിച്യവിഭാഗത്തിലെ സ്ത്രീകൾക്ക് പ്രത്യേക പരിഗണന ഉണ്ടായിരുന്നോ? ആധുനിക സമൂഹത്തിലേക്ക് വന്നപ്പോൾ കാർഷിക വൃത്തിയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരുന്നുണ്ടോ?
കുറിച്യ വിഭാഗത്തിൽ മരുമക്കത്തായ സമ്പ്രദായമാണ് പിന്തുടരുന്നത്. കൂട്ടുകുടുംബമായതിനാൽ മരുമക്കത്തായ സമ്പ്രദായം നിലനിർത്തി മാത്രമേ ജീവിക്കാനാവൂ. സ്ത്രീകൾക്ക് അമ്മ താവഴിയാണ്. അതിനാൽ തന്നെ 90% അധികാരം സ്ത്രീകൾക്കാണ്. വിദ്യാഭ്യാസത്തിന്റെ ഭാഗമായി നഗര കേന്ദ്രീകൃതമായ സംസ്‍കാരത്തിലേക്ക് പുതുതലമുറ പോകുന്നു.
11) ആത്മകഥ പൂർണമാണോ?
ആത്മകഥയിൽ എന്റെ വ്യക്തിജീവിതത്തിലെ കാര്യങ്ങൾ മാത്രമാണ് എഴുതിയിരിക്കുന്നത്.1950 ലെയും 2025 ലെയും വയനാടിന്റെ ആവാസവ്യവസ്ഥയെപ്പറ്റിതാരതമ്യം ചെയ്ത് ഒരു പുസ്തകം തയ്യാറാക്കണമെന്ന് കരുതുന്നു.കുറച്ചു വിഭാഗത്തിന്റെ സമുദായ ആചാരങ്ങൾ കൊഴിഞ്ഞുപോക്ക് എന്നിവയെപ്പറ്റിയും എഴുതണമെന്ന് കരുതുന്നു.





Comments