top of page

മല്ലികാവസന്തം: ലിംഗനീതിക്ക് വേണ്ടിയുള്ള പോരാട്ടം

Updated: Jun 15

കാർത്തിക കെ പ്രഭ
ree

പ്രബന്ധ സംഗ്രഹം 

ആത്മകഥാസാഹിത്യത്തെക്കുറിച്ചുള്ളവ്യവസ്ഥാപിതമായ സങ്കൽപ്പങ്ങൾ തച്ചുടക്കുന്ന രീതിയിലാണ് ആധുനികാനന്തരകാലത്ത് അരികുവൽക്കരിക്കപ്പെടുന്നവരുടെ അനുഭവങ്ങൾ സാഹിത്യത്തിൽ കടന്നു വരുന്നത് .അതിന്റെ ഇങ്ങേയറ്റത്ത് വരുന്നവയാണ് ട്രാൻസ്ജെൻഡർ ആത്മകഥകൾ. ട്രാൻസ്ജെൻഡർ അനുഭവങ്ങളുടെ തുറന്നെഴുത്തുകൾ എങ്ങനെയാണ് കുടുംബം ,സമൂഹം ,ലിംഗം തുടങ്ങിയ ചട്ടക്കൂടുകളെ തകർത്തെറിഞ്ഞ് സാമൂഹികമായ പൊളിച്ചെഴുത്തുകൾ സാധ്യമാക്കുന്നത് എന്ന അന്വേഷണമാണ് കവയത്രി വിജയരാജമല്ലികയുടെ ‘ മല്ലികാവസന്തം’ എന്ന ആത്മകഥയെ മുൻനിർത്തി പഠിക്കാൻ ശ്രമിക്കുന്നത് .ട്രാൻസ്ജെൻഡർ വ്യക്തികൾ സമൂഹത്തിൽ നേരിടുന്ന വെല്ലുവിളികളും അവരുടെ ചെറുത്തുനിൽപ്പും എപ്രകാരമൊക്കെയാണ് ഈ ആത്മകഥയിൽ പ്രത്യക്ഷപ്പെടുന്നത് എന്ന് ഈ പ്രബന്ധത്തിലൂടെ വിലയിരുത്തുന്നു.

 

താക്കോൽ വാക്കുകൾ 

 

ആത്മകഥ,ഉത്തരാധുനികത, ട്രാൻസ്ജെൻ്റർ, കുടുംബം, സമൂഹം, ലിംഗനീതി

 

ആത്മകഥ - മലയാളത്തിൽ

 

അനുഭവങ്ങളുടെ ആഖ്യാനം എന്നതിനപ്പുറം ആത്മകഥകൾ ചരിത്രത്തെ അടയാളപ്പെടുത്തുന്നു .വ്യക്തി താനുൾപ്പെടുന്ന സമൂഹത്തിന്റെ യാഥാർഥ്യങ്ങളെ തുറന്നെഴുതുന്നത് വഴി ചരിത്രവും രാഷ്ട്രീയവും ഉൾച്ചേർന്ന ആഖ്യാനങ്ങളായി അത് മാറുന്നു. ഇതര സാഹിത്യരൂപങ്ങളെ പോലെ ആത്മകഥകളും ആഖ്യാനമാണ്. ഒരു വ്യക്തി തന്നെക്കുറിച്ചുള്ള അറിവ് ആവിഷ്കരിക്കുകയാണ് അതുവഴി ചെയ്യുന്നത്. അതുകൊണ്ടുതന്നെ അവ മറ്റ് സാഹിത്യ രൂപങ്ങളിൽ നിന്നും വ്യത്യസ്തമാകുന്നു. ഗ്രീക്ക് ഭാഷയിലെ ഓട്ടോ,ബയോസ് ,ഗ്രാഫിയ എന്നിവ വാക്കുകൾ കൂടിച്ചേർന്നുണ്ടായ ഓട്ടോബയോഗ്രഫി എന്ന പദം വ്യക്തി സ്വന്തം ജീവിതം എഴുതുന്നതിനെയാണ് സൂചിപ്പിക്കുന്നത് .പതിനെട്ടാം നൂറ്റാണ്ടോടെ തന്നെ ആത്മകഥ ഒരു ആഖ്യാന രൂപം എന്ന നിലയിൽ പ്രബലമായി തുടങ്ങിയിരുന്നു .കൊളോണിയൽ ആധുനികതയുടെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ ഭാഷകളിലേക്ക് ആത്മകഥകൾ കടന്നുവരുന്നത് .ആദ്യകാല ഇന്ത്യൻ ആത്മകഥകൾ കൂടുതലും പുരുഷ കേന്ദ്രീകൃതവും, ധീരാപദാനങ്ങളുമായിരുന്നു .

            പിന്നീട് ഉത്തരാധുനിക പ്രവണതകളുടെ ഭാഗമായിട്ടാണ് ഭൂരിപക്ഷത്തിൽ നിന്നും മാറി ചെറുതുകളുടെ ലോകത്തെ സാഹിത്യം ആവിഷ്കരിച്ചത് .അങ്ങനെ ഒരുകാലത്ത് സമൂഹം ഉന്നതർ എന്ന് വിശേഷിപ്പിച്ചവരുടേതുമാത്രമായിരുന്ന അനുഭവാഖ്യാനങ്ങൾ പിന്നീട് അരികു വൽക്കരിക്കപ്പെടുന്നവരുടേതുകൂടിയായി മാറി .സ്വന്തം വ്യക്തിസത്തക്ക് കോട്ടം തട്ടാതെ വായനക്കാർക്ക് മതിപ്പുളവാകുന്ന തരത്തിലുള്ള ആത്മകഥകളിൽ നിന്നും പിന്നീട് രാഷ്ട്രീയ പ്രാധാന്യമുള്ള  തുറന്നെഴുത്തുകൾക്ക് മലയാള സാഹിത്യം വഴി മാറിക്കൊടുത്തു.  

           കർതൃത്വം എന്ന ഘടകത്തിന് ആത്മകഥയിലുള്ള പ്രാധാന്യത്തെ പരിഗണിച്ച് ലിംഗ വേർതിരിവുകളോടെ തന്നെ ആത്മകഥകളെ സമീപിക്കണം .ഓരോ ലിംഗ വിഭാഗങ്ങൾക്കും സമൂഹത്തിലുള്ള പദവികൾ വ്യത്യസ്തമായതുകൊണ്ട് അവരുടെ ആത്മകഥകളിലെ അനുഭവങ്ങളും ആവിഷ്കാരങ്ങളും ഒക്കെ വ്യത്യസ്തമാണ് .മലയാള സാഹിത്യ ലോകത്ത് ആത്മകഥ ഒരു സാഹിത്യപ്രസ്ഥാനമായി കടന്നുവന്ന് ഏറെക്കാലം കഴിഞ്ഞാണ് സ്ത്രീകളുടെ സാന്നിധ്യം ഈ മേഖലയിൽ ഉണ്ടാവുന്നത്. ഇത് ഒരു ചരിത്ര പ്രക്രിയയാണ്. പുരുഷാധിപത്യ ലോകത്ത് സ്ത്രീകൾ അനുഭവിക്കേണ്ടിവന്ന അടിമത്തം സാഹിത്യരംഗത്തും പ്രതിഫലിച്ചിരുന്നു . 1916 ൽ എഴുതിയ ‘വ്യാഴവട്ട സ്മരണകൾ’ എന്ന ഗ്രന്ഥത്തിലൂടെ ബി .കല്യാണിഅമ്മയാണ് മലയാളത്തിൽ ആത്മകഥാ രംഗത്ത് വന്ന ആദ്യ വനിത .പിന്നീട് വന്ന ഓരോ ആത്മകഥകളും കുടുംബബന്ധങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടുള്ളവയായിരുന്നു .ഭർത്താവ് എന്ന ആരാധ്യ പുരുഷനെ ചിത്രീകരിച്ചു കൊണ്ടുള്ള ആത്മകഥകളിൽ നിന്നും വ്യത്യസ്തമായി സ്ത്രീയുടെ മാനസിക തലങ്ങളെ യഥാതഥമായി ചിത്രീകരിച്ച് ,പുരുഷാധിപത്യ പ്രത്യയശാസ്ത്രങ്ങളെ വെല്ലുവിളിച്ച് കടന്നുവന്ന ആത്മകഥ മാധവിക്കുട്ടിയുടെ ‘എൻ്റെ കഥ’യായിരുന്നു .പുരുഷാധിപത്യം സൃഷ്ടിച്ച  അധികാര വ്യവസ്ഥ പോലെ തന്നെ നിറം ,സമ്പത്ത് തുടങ്ങിയവ മാനദണ്ഡമാക്കിയുള്ള അധികാരസ്വരങ്ങളും സമൂഹത്തിൽ ഉയർന്നുവന്നിരുന്നു .അതിനോടുള്ള പ്രതിഷേധം എന്ന നിലയിലാണ് പാർശ്വവൽക്കരിക്കപ്പെട്ടവന്റെ സ്വരം ആത്മകഥകളിൽ കടന്നുവരുന്നത് . വ്യവസ്ഥാപിതവും ആധിപത്യ സ്വഭാവമുള്ളതുമായ ആശയങ്ങളെ നിരാകരിക്കുന്ന നിരവധി ആത്മകഥകൾ പിന്നീട് മലയാളത്തിൽ ഉണ്ടായിട്ടുണ്ട് .ജാനു : സി കെ ജാനുവിന്റെ ജീവിതകഥ ( സി.കെ ജാനു ),കണ്ടൽക്കാടുകൾക്കുള്ളിൽ എന്റെ ജീവിതം ( കല്ലേൻ പൊക്കുടൻ ), താഹ മാടായി കേട്ടെഴുതിയ അടിയാറ് ടീച്ചറും മറ്റ് അസാധാരണ ജീവിതങ്ങളും, ‘തസ്കരൻ’ ഒരു കള്ളന്റെ ആത്മകഥ (മണിയൻ പിള്ള),ഒരു ലൈംഗിക തൊഴിലാളിയുടെ ആത്മകഥ (നളിനി ജമീല )തുടങ്ങിയ ആത്മകഥകൾ തീക്ഷ്ണമായ ജീവിത അനുഭവങ്ങളായി സമൂഹത്തിനുമുന്നിൽ അവതരിപ്പിക്കപ്പെട്ടു. ഇത്തരമൊരു ആവിഷ്കാരത്തിന്റെ ഇങ്ങേതലക്കലാണ് വിമത ലൈംഗികാവിഷ്കാരം മലയാളത്തിൽ കടന്നുവരുന്നത് .അവരുടെ അനുഭവങ്ങൾ തീവ്രമായി

പ്രതിഫലിക്കുന്നത് ട്രാൻസ്ജെൻഡർ ആത്മകഥകളിലാണ് .

 

ട്രാൻസ്ജെൻ്റർ ആത്മകഥകൾ

 

          ആണിനും പെണ്ണിനുമുള്ളതാണ് ഈ ലോകം എന്ന കാഴ്ചപ്പാടിൽ നിന്നും വിഭിന്നമായി ആണിനും പെണ്ണിനുമുള്ള അതേ അധികാരങ്ങൾ ട്രാൻസ്ജെൻഡർ സമൂഹത്തിനും ഉണ്ട് എന്ന, തങ്ങളുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കാനുള്ള മാർഗമായി ട്രാൻസ്ജെൻഡർ ആത്മകഥകളെ കണക്കാക്കാം .സമൂഹത്തിൽ നിന്നും മാറി നിൽക്കാതെയും ഒളിഞ്ഞിരിക്കാതെയും ട്രാൻസ് സ്വത്വത്തെ തുറന്നു കാണിക്കുന്ന എഴുത്തുകൾ മലയാളസാഹിത്യത്തിൽ ഉണ്ടായത് വിവാഹം, ലൈംഗികത എന്ന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പൊതുസമൂഹം സൃഷ്ടിച്ച അബദ്ധധാരണകളെ പൊളിച്ചെഴുതുന്ന തരത്തിലുള്ളതാണ്.

           ഉത്തരാധുനികതയുടെ ഉദയത്തോടെ ഇതര സാഹിത്യ വിഭാഗങ്ങളിൽ എല്ലാം തന്നെ ട്രാൻസ്ജെൻഡർ ആവിഷ്കാരങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ട്രാൻസ് അനുഭവങ്ങളിൽ നിന്ന് പുറത്തുള്ള ഒരാൾ അത്തരം ജീവിതങ്ങൾ ആവിഷ്കരിക്കുന്നതിലെ പോരായ്മകൾ നികത്താൻ ട്രാൻസ്ജെൻ്റർ ആത്മകഥകൾക്ക് സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ട്രാൻസ്ജെൻഡർ വിഭാഗം പൊതുസമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും ഒക്കെ നേരിടേണ്ടിവരുന്ന അവഗണനകളുടെ ,സംഘർഷങ്ങളുടെ ,ചെറുത്തുനിൽപ്പിന്റെ നേർസാക്ഷ്യ മായി ട്രാൻസ്ജെൻഡർ ആത്മകഥകൾ മാറുന്നു .സ്ത്രീ-പുരുഷൻ എന്നിങ്ങനെ പൊതുസമൂഹം സൃഷ്ടിച്ചെടുത്ത ലിംഗ സമ്പ്രദായത്തിന് പുറത്തുനിന്നുകൊണ്ട് സ്വന്തം അവകാശങ്ങൾ നേടിയെടുക്കാൻ ട്രാൻസ് വ്യക്തികൾ നടത്തേണ്ടി വരുന്ന പോരാട്ടങ്ങൾ ,അവർ വിവിധതലങ്ങളിൽ അനുഭവിക്കേണ്ടിവന്ന ശാരീരികവും മാനസികവും ആയ സംഘർഷങ്ങൾ ഇവയെയൊക്കെ കുറിച്ചുള്ള പൊതു ധാരണകൾ ട്രാൻസ്ജെൻ്റർ ആത്മകഥകൾ വഴി ലഭിക്കുന്നു. മൂന്നാം ലിംഗക്കാർ എന്ന പേരിനുള്ളിൽ ഒതുക്കി കാണുന്ന മനുഷ്യരെ നമ്മൾ വിലയിരുത്തുന്നത് ചില അബദ്ധധാരണകൾ വച്ചുകൊണ്ടാണ് .എന്നാൽ ജൈവികമായ ചില വ്യതിയാനങ്ങളിലൂടെ സംഭവിക്കുന്ന ശാരീരിക പ്രതിഭാസങ്ങളാണ് ഇത്തരം മാറ്റങ്ങൾക്ക് കാരണം എന്ന് ഉൾക്കൊള്ളാൻ പൊതുസമൂഹം പലപ്പോഴും മടിക്കുന്നു .പകരം സമൂഹത്തിൻറെ പരിഹാസങ്ങളും മർദ്ദനങ്ങളും ഏറ്റുവാങ്ങാൻ ഉള്ള ഒരു കൂട്ടമായി മാത്രം അവരെ മാറ്റിനിർത്തുകയും ചെയ്യുന്നു .ഇത്തരമൊരു സമൂഹത്തിനോടുള്ള ചെറുത്തുനിൽപ്പായി ട്രാൻസ്ജെൻഡർ ആത്മകഥകൾ മാറുന്നു.

           ഇന്ത്യയിൽ ആദ്യമായി തന്നെ പ്രസിദ്ധീകരിക്കുന്ന ട്രാൻസ്ജെൻഡർ ആത്മകഥയാണ് ‘ജെറീന- ഒരു മലയാളി ഹിജഡയുടെ ആത്മകഥ ‘ .ശ്രീ വിജയൻ കോടഞ്ചേരി, ബി ഹരി എന്നീ സാമൂഹ്യ പ്രവർത്തകർ ചേർന്ന് കേട്ടെഴുതിയതാണ് ഈ പുസ്തകം .ട്രാൻസ് വ്യക്തികളുടെ അവകാശങ്ങൾ അംഗീകരിക്കപ്പെടുന്ന ഭിന്നലിംഗക്കാരായി ജനിച്ചു എന്നതിന്റെ പേരിൽ അവഗണനകൾ നേരിടുന്ന സാഹചര്യമില്ലാത്ത ഒരു ലോകമാണ് ജെറീന സ്വപ്നം കാണുന്നത് .മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട മറ്റൊരു ആത്മകഥയാണ് എ രേവതിയുടെ ഒരു ഹിജഡയുടെ ആത്മകഥ (The truth about Me).ഭിന്നലിംഗക്കാരായി ജനിച്ചു എന്നതിൻ്റെ പേരിൽ സമൂഹത്തിൽ തലയുയർത്തി ജീവിക്കാൻ സാധിക്കാതെ പോകുന്നതിലെ അമർഷം ഈ രണ്ടു കൃതികളിലുമുണ്ട് .സ്വന്തം മണ്ണിൽ അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശമാണ് ഇവർക്ക് വേണ്ടത് .ട്രാൻസ്ജെൻഡർ സമൂഹം എല്ലാ മേഖലയിൽ നിന്നും അനുഭവിക്കേണ്ടിവരുന്ന യാഥാർത്ഥ്യങ്ങൾ രേവതിയുടെ ആത്മകഥയിൽ കാണാം .എന്നാൽ ജെറീന മുഖ്യധാരാ സമൂഹം ട്രാൻസ്ജെൻഡർ സമൂഹത്തെ എപ്രകാരമാണ് നോക്കിക്കാണുന്നത് എന്നും ചർച്ച ചെയ്യുന്നു.

           ഇവിടെ ആത്മകഥകൾ ട്രാൻസ്ജെൻഡറുകളെ സംബന്ധിച്ചിടത്തോളം പ്രതിരോധ രാഷ്ട്രീയത്തിന്റെ നിലപാടുകളെ സ്വീകരിക്കുന്നു .വ്യവസ്ഥാപിത ലിംഗ ശരീരത്തിൽ മറ്റൊരു മാനസികാവസ്ഥയിൽ ജീവിക്കുമ്പോൾ അനുഭവിക്കേണ്ടിവരുന്ന ശാരീരിക മാനസിക സംഘർഷങ്ങൾ ,സമൂഹത്തിൻറെ പീഡനങ്ങൾ ഇവയെല്ലാം ആണിനെയും പെണ്ണിനെയും മാത്രം സ്വീകരിക്കുന്ന ഒരു ലോകത്തെ ബോധിപ്പിക്കേണ്ടതുണ്ട്. ഈ രീതിയിൽ മലയാളത്തിൽ പ്രത്യക്ഷപ്പെട്ട ഏറ്റവും ശ്രദ്ധേയമായ ആത്മകഥയാണ് വിജയരാജമല്ലികയുടെ ‘ മല്ലികാവസന്തം’ .

 

മല്ലികാവസന്തം

 

സമൂഹം എങ്ങനെയാണ് ഒരു സ്വതന്ത്ര വ്യക്തി എന്ന നിലയിലുള്ള ട്രാൻസ് വ്യക്തികളുടെ അവകാശങ്ങൾ നിഷേധിക്കുന്നത് എന്ന് വളരെ കൃത്യമായി വിജയരാജമല്ലിക പറഞ്ഞുവെക്കുന്നു .മനു’.ജെ കൃഷ്ണനായി ഒരു മധ്യവർഗ ദളിത് കുടുംബത്തിൽ ജനിച്ച് വിജയരാജ മല്ലിക എന്ന ട്രാൻസ് വുമൺ ആയി മാറുന്നത് വരെ അവർ അനുഭവിച്ച സംഘർഷങ്ങളുടെയും ചെറുത്തുനിൽപ്പിന്റെയും വിവരണമാണ് മല്ലികാവസന്തം. സ്വന്തം കുടുംബം, മറ്റു പൊതു ഇടങ്ങൾ നിയമപാലകർ എന്നിവിടങ്ങളിൽ നിന്നെല്ലാം താൻ അനുഭവിക്കേണ്ടിവന്ന യാതനകൾ ,തൻ്റെ ലൈംഗികപരമായ കാമനകളെ നേരിടേണ്ടി വന്നതിലെ സംഘർഷങ്ങൾ എന്നിവയെല്ലാം വിജയരാജ മല്ലിക തുറന്നെഴുതുന്നു. കടുത്ത പ്രതിസന്ധികൾക്കിടയിലും തന്റെ ഉറച്ച ആത്മവിശ്വാസവും നേടിയെടുത്ത വിദ്യാഭ്യാസവുമൊക്കെ 32മത്തെ വയസ്സിൽ സ്ത്രീയായി മാറിയ വിജയരാജ മല്ലിക എന്ന ട്രാൻസ്ജെൻഡറിന് സമൂഹത്തിൻറെ മുഖ്യധാരയിലേക്ക് ഇറങ്ങിച്ചെന്ന് സ്വന്തം അവകാശങ്ങൾ ഉറപ്പിക്കുന്നതിലും നിലപാടുകൾ തുറന്നു എഴുതുന്നതിനുള്ള ഊർജ്ജം പകരുന്നുണ്ട്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നും കവിതകൾ എഴുതിക്കൊണ്ട് മലയാളസാഹിത്യത്തിന്റെ മുഖ്യധാരയിൽ എത്തിച്ചേരാനും സമൂഹത്തിൻറെ അംഗീകാരം നേടിയെടുക്കാനും വിജയരാജമല്ലികയ്ക്ക് കഴിഞ്ഞു. എങ്കിലും ഭൂരിഭാഗം ട്രാൻസ് വ്യക്തികളും നേരിടേണ്ടിവരുന്ന എല്ലാതരം പ്രതിസന്ധിഘട്ടങ്ങളിലൂടെയും കടന്നുവന്ന വ്യക്തി എന്ന നിലയ്ക്ക് സമൂഹത്തിന് നേരെയുള്ള ഒരു വെല്ലുവിളിയായി മല്ലികാവസന്തത്തെ ചൂണ്ടിക്കാണിക്കാൻ കഴിയും.

പുസ്തകത്തിൻറെ ആദ്യഭാഗത്ത് വിജയരാജമല്ലിക ഇങ്ങനെ എഴുതുന്നു “30 വർഷം ആണായും പിന്നെ പെണ്ണായും ജീവിക്കുമ്പോൾ ഒരു ശാപമോക്ഷം ആയിട്ടല്ല വിമോചന സമരമായിട്ടാണ് അടയാളപ്പെടുത്തുന്നത്, ഒരു ദുരൂഹതയായിരുന്നില്ല മറിച്ച് സ്വയം ചരിത്രമാകുന്നു “ (പുറം 8 ).സമൂഹം ആണിന് നൽകിയിരിക്കുന്ന പദവികൾ വലിച്ചെറിഞ്ഞ് സ്വന്തം സ്വത്വത്തെ അടയാളപ്പെടുത്തുമ്പോൾ ഉണ്ടാവുന്ന നഷ്ടപ്പെടുത്തലുകൾ മല്ലികയ്ക്ക് ഒരു വിമോചന സമരവും പുതിയ ചരിത്രത്തെ സൃഷ്ടിക്കലുമാണ് .സമൂഹത്തിൽ സ്വന്തം ഇടം കണ്ടെത്തുക എന്നത് ഒരു ട്രാൻസ്ജെൻഡറിനെ സംബന്ധിച്ചിടത്തോളം സാമൂഹികമായ മാറ്റത്തിനു വേണ്ടിയുള്ള പോരാട്ടം കൂടിയാണ് .

 i. കുടുംബം

 ഒരു മധ്യവർഗ്ഗ ദളിത് കുടുംബത്തിൽ വിദ്യാസമ്പന്നരായ മാതാപിതാക്കളുടെ രണ്ടാമത്തെ മകനായിട്ടായിരുന്നു വിജയരാജമല്ലികയുടെ ജനനം. ഏഴാം ക്ലാസോടെ തനിക്കുള്ളിലെ സ്ത്രൈണത തിരിച്ചറിയുന്ന മനു പിന്നീട് കുടുംബത്തിൽ ഒറ്റപ്പെട്ടുപോകുന്നു .മനുവിനുള്ളിലെ സ്ത്രീയെ അംഗീകരിക്കാൻ കുടുംബം തയ്യാറാകുന്നില്ല സാമൂഹികമായും സാമ്പത്തികമായും ആ കുടുംബം നേടിയെടുത്ത മധ്യവർഗാവസ്ഥ മനുവിന് മുതൽക്കൂട്ടായിട്ടുണ്ട്. എങ്കിലും 30 വയസ്സ് വരെ ആണായി ശ്വാസംമുട്ടി ജീവിക്കുകയും പിന്നീട് വിദ്യാഭ്യാസം നേടുകയും  ഒടുവിൽ മുപ്പത്തിരണ്ടാമത്തെ വയസ്സിൽ ട്രാൻസ് സ്ത്രീയായി മാറുകയും ചെയ്യുന്ന വിജയരാജമല്ലികയെ അംഗീകരിക്കാൻ അവരുടെ കുടുംബത്തിന് കഴിയുന്നില്ല .പ്രത്യേകിച്ചും അമ്മയ്ക്ക് .സമൂഹത്തിലെ ഭൂരിഭാഗം പേരും കുടുംബത്തെക്കുറിച്ചും ജൻ്ററിനെ കുറിച്ചും മറ്റും വച്ച് പുലർത്തുന്ന വ്യവസ്ഥാപിത സങ്കല്പങ്ങൾ തന്നെയാണ് വിജയരാജമല്ലികയുടെ കുടുംബവും പിന്തുടർന്ന് പോരുന്നത് .വൈദ്യ ചികിത്സയിലൂടെയും മറ്റും വിജയരാജ മല്ലിക ആൺകുട്ടി തന്നെയാണെന്ന് സ്ഥാപിച്ചെടുക്കാൻ ആണ് അവരുടെ കുടുംബം ശ്രമിക്കുന്നത്. തനിക്ക് ഒരു പുരുഷനെ വിവാഹം ചെയ്യണമെന്ന് വീട്ടിൽ അറിയിച്ചപ്പോൾ വലിയ തോതിലുള്ള സംഘർഷമാണ് അവിടെ നടക്കുന്നത് .സമൂഹത്തിൽ തങ്ങൾക്കുള്ള മാന്യത മനു നഷ്ടപ്പെടുത്തുന്നു എന്നതായിരുന്നു അവരുടെ വാദം .ഒരു പുരുഷന് സമൂഹം അംഗീകരിച്ചു കൊടുക്കുന്ന മറ്റെല്ലാ പ പദവികൾക്കും അപ്പുറത്ത് പുരുഷന് മറ്റൊരു പുരുഷനെ വിവാഹം കഴിക്കാൻ ഉള്ള വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നതിന്റെ നേർചിത്രം ഇവിടെ കാണാം .കുടുംബത്തോട് മല്ലിട്ട് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ വിജയരാജമല്ലിക ശസ്ത്രക്രിയയ്ക്ക് ശേഷവും സ്വന്തം വീട്ടിൽ തന്നെ ജീവിക്കണമെന്ന നിലപാടാണ് സ്വീകരിച്ചത് .സ്വന്തം ഇടം വിട്ട് ഭയന്ന് മാറി എവിടെയും പോകേണ്ടതില്ല എന്ന ശക്തമായ നിലപാടായിരുന്നു അത് .പെണ്ണായി മാറിയത് മല്ലികയുടെ അമ്മയ്ക്ക് വലിയ നാണക്കേട് ഉണ്ടാക്കിയിരുന്നു .പുരുഷാധിപത്യ സമൂഹത്തിന്റെ ചട്ടക്കൂടിനുള്ളിൽ തന്നെ ഒതുങ്ങുന്ന വ്യക്തികളിൽ നിന്ന് അതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല എന്ന് മല്ലികയുടെ ജീവിതം പഠിപ്പിക്കുന്നു .

        ചുരുക്കം കുടുംബങ്ങളിലെങ്കിലും ട്രാൻസ്ജെൻഡർ സ്വത്വത്തിൽപ്പെട്ട വ്യക്തികളെ അംഗീകരിച്ചു കാണുന്നുണ്ടെങ്കിലും സമൂഹത്തിലെ ഭൂരിഭാഗം കുടുംബങ്ങളും സ്വന്തം വീട്ടിലെ ട്രാൻസ്ജെൻഡർ വ്യക്തികളെ അംഗീകരിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. സ്വന്തം കുടുംബത്തിൻ്റെ പിന്തുണ പോലും ലഭിക്കാതെ വരുമ്പോഴാണ് ഇത്തരം വ്യക്തികൾ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും മാറി സമാന്തര ഹിജഡ കുടുംബങ്ങളിലേക്കും മറ്റിടങ്ങളിലേക്കും മാറി ജീവിക്കേണ്ടിവരുന്നത് .വിജയരാജമല്ലിക അനുഭവിക്കേണ്ടി വരുന്നതും മറിച്ചല്ല. മൊത്തം സമൂഹത്തിന് ട്രാൻസ്ജെൻഡർ സമൂഹത്തോടുള്ള സമീപനത്തിന്റെ പ്രതിനിധികൾ തന്നെയാണ് വിജയരാജ മല്ലികയുടെ കുടുംബം.

ii  സമൂഹം 

ട്രാൻസ്ജെൻഡർ വ്യക്തിത്വങ്ങൾ കുടുംബത്തിൽ നിന്നും അനുഭവിക്കുന്ന  അവഗണനകളുടെ കുറെക്കൂടി ഭീകരമായ ദൃശ്യമാണ് സമൂഹത്തിൽ നിന്നും നേരിടേണ്ടിവരുന്നത് .പുരുഷാധിപത്യ സമൂഹം ഒരിക്കലും ട്രാൻസ്ജെൻ്റർ വ്യക്തികളെയോ ലൈംഗിക ന്യൂനപക്ഷങ്ങളെയോ അംഗീകരിക്കുന്നില്ല . 2015ൽ സർക്കാർ അംഗീകരിച്ച ട്രാൻസ്ജെൻഡർ പോളിസി പ്രകാരം സ്ത്രീകളെയും പുരുഷന്മാരെയും പോലെ ട്രാൻസ്ജെൻഡർ വിഭാഗത്തിനെയും അംഗീകരിച്ചിട്ടുണ്ട് .ഇതു പ്രകാരം സർക്കാരിൻറെ എല്ലാവിധ അപേക്ഷകളിലും ട്രാൻസ്ജെൻ്റർ വിഭാഗത്തിന് സ്ഥാനം ലഭിച്ചിട്ടുണ്ട് .എങ്കിലും ഇവർക്ക് നേരെയുള്ള ചൂഷണങ്ങളും അതിക്രമങ്ങളും ഒരിക്കലും അവസാനിക്കുന്നില്ല .സമൂഹത്തിൽ സ്ത്രീക്കും പുരുഷനും തുല്യമായി ട്രാൻസ്ജെൻഡർ വ്യക്തികളെയും കാണണമെന്ന് നിയമം വന്നെങ്കിലും പൊതുസമൂഹം ഇവരെ അംഗീകരിക്കാൻ തയ്യാറായിട്ടില്ല. ഈ ഞെട്ടിക്കുന്ന യാഥാർത്ഥ്യം വിജയരാജ മല്ലുക തുറന്നെഴുതുന്നുണ്ട്. സ്കൂൾ ജീവിതകാലം മുതൽ ഇങ്ങോട്ട് ഔദ്യോഗിക ജീവിതത്തിൽ വരെ അവർ നേരിടേണ്ടി വന്ന അപമാനങ്ങൾ വളരെ വലുതാണ് .സ്കൂൾ കാലഘട്ടം മുതൽ വിജയരാജമല്ലിക അനുഭവിച്ച ഒരുതരം ഏകാന്തതയൂണ്ട് .സ്ത്രൈണത ഉള്ളതുകൊണ്ടും കറുത്ത നിറം ആയതുകൊണ്ടും നേരിടേണ്ടിവന്ന അവഹേളനങ്ങൾ  വളരെ വലുതാണെന്ന് ആത്മകഥയിൽ സൂചിപ്പിക്കുന്നു .സ്വന്തം സ്വത്വം തുറന്നു പറയാനാവാതെ സ്വയം ഒളിച്ചിരിക്കേണ്ടി വന്ന ഒരു മാനസികാവസ്ഥ യിലൂടെയാണ് അവർ കടന്നുപോയത് .അക്കാലത്ത് പുറത്തിറങ്ങിയ ചാന്തുപൊട്ട് എന്ന സിനിമ ഇത്തരം വ്യക്തികൾക്കിടയിൽ സൃഷ്ടിച്ച സംഘർഷം എത്രത്തോളമാണ് എന്നതിൻ്റെ സൂചന മല്ലിക എഴുതിവയ്ക്കുന്നു .ഇന്ന് കാണുന്ന പൊളിച്ചെഴുത്തലുകൾക്ക് മുമ്പ് നമ്മുടെ കലാരംഗം പോലും ട്രാൻസ് വ്യക്തികളെ അംഗീകരിച്ചിരുന്നില്ല എന്നതിന്റെ തെളിവാണിത് .അധ്യാപകരിൽ നിന്നും സഹപാഠികളിൽ നിന്നും നിരന്തരം അവഹേളനങ്ങൾ ഏറ്റുവാങ്ങിയ ഒരു കാലഘട്ടമായിരുന്നു മല്ലികയുടെ വിദ്യാഭ്യാസ കാലം .എങ്കിലും പഠനത്തിൽ മിടുക്കിയായിരുന്ന അവർ തൻറെ ഇച്ഛാശക്തി കൊണ്ട് പഠനം മികച്ച രീതിയിൽ പൂർത്തിയാക്കി. പിന്നീട് ജോലിസ്ഥലങ്ങളിൽ നിന്നും അവർ നേരിട്ട അനുഭവങ്ങളും ഇതിൽ നിന്നും വ്യത്യസ്തമല്ല. “നിങ്ങൾ ആണായിട്ട് വരൂ അപ്പോൾ ജോലി തരാം” എന്ന് പറഞ്ഞു ജോലിയിൽ നിന്നും പിരിച്ചുവിട്ട അനുഭവം വിജയരാജ മല്ലിക പങ്കുവയ്ക്കുന്നുണ്ട് .ആണായി വന്നാൽ ജോലിയിൽ ഇരിക്കാം എന്ന അധികാരികളുടെ സ്വരം മൊത്തം പുരുഷാധിപത്യ വർഗ്ഗത്തിന്റെ സ്വരമാണ്. ലൈംഗിക തൊഴിലിന് പലരും ക്ഷണിച്ചിരുന്നു എന്നത് ആത്മകഥയിൽ പരാമർശിച്ചിട്ടുണ്ട്. പക്ഷേ ലൈംഗിക തൊഴിലിനു ക്ഷണിക്കുന്നവരോട് ഇല്ല എന്നു പറയാനുള്ള ചങ്കൂറ്റവും ആ വരുമാനം കൊണ്ട് ജീവിക്കേണ്ടതില്ല എന്ന ഉറച്ച നിലപാടെടുക്കാനും മല്ലികയ്ക്ക് കഴിഞ്ഞു. വിദ്യാഭ്യാസം അവർക്ക് നൽകിയ കരുത്താണ് അത് .

           ട്രാൻസ്ജെൻഡർ മനുഷ്യർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി അവർക്ക് നേരെ ഉണ്ടാകുന്ന ശാരീരിക അതിക്രമങ്ങളാണ് .സ്വന്തം ആസക്തികൾക്ക് വേണ്ടി ആരെയും കീഴടക്കാം എന്ന പുരുഷാധിപത്യ സമൂഹത്തിന്റെ ചിന്താഗതികൾ തന്നെയാണ് ഇവർക്കെതിരെയുള്ള അതിക്രമങ്ങളായി മാറുന്നത് .സമൂഹത്തിൽ നിന്നും ഇത്തരം അതിക്രമങ്ങൾ മല്ലിക നേരിടേണ്ടി വന്നിട്ടുണ്ട് .അത്തരം അനുഭവങ്ങൾ ആത്മകഥയിൽ പലയിടത്തായി കാണാം. സ്ത്രീയായി മാറുന്നതിനുമുമ്പും സ്ത്രൈണതയുള്ള പുരുഷൻ എന്ന നിലയിലും ശാരീരിക അതിക്രമങ്ങൾക്ക് ഇരയാകേണ്ടി വന്നിട്ടുണ്ട് .

       വിജയരാജ മല്ലിക സ്വന്തം ലൈംഗിക കാമനകളെ എങ്ങനെയാണ് നേരിടുന്നത് എന്നതിൻറെ തുറന്നെഴുത്തു കൂടിയാണ് മല്ലികാവസന്തം. ഒരു മനുഷ്യൻറെ ലൈംഗിക കാമനകളെ സാധാരണമായ ഒന്നുമാത്രമായി കണ്ട് സാമാന്യവൽക്കരിക്കപ്പെട്ടതാണ്. അത് സ്വാഭാവികമായി മാത്രമേ സമൂഹം കാണുന്നുള്ളൂ .എന്നാൽ ഒരു ട്രാൻസ് മനുഷ്യൻറെ ലൈംഗിക താൽപര്യങ്ങൾ ഈ രീതിയിൽ സാമാന്യവൽക്കരിക്കപ്പെട്ടതല്ല. അതിനെ പൊതുസമൂഹം മറ്റൊരു രീതിയിലാണ് നോക്കിക്കാണുന്നത് .അദൃശ്യവൽക്കരണമാണ് ട്രാൻസ് മനുഷ്യർ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം .വസ്ത്രത്തിലൂടെയും പ്രവർത്തികളിലൂടെയും അവർക്ക് അദൃശ്യപ്പെടേണ്ടിവരുന്നു .കുടുംബവും സമൂഹവും ഇങ്ങനെയൊരു വ്യക്തിയുടെ സ്വത്വത്തെ പൂർണ്ണമായും നിഷേധിക്കുന്നു. ഇത്തരം സാഹചര്യങ്ങൾ ട്രാൻസ് വ്യക്തികളെ സ്വയം ഒളിച്ചുവച്ചുകൊണ്ട് ജീവിക്കാൻ നിർബന്ധിതരാക്കുന്നു. ഇത്തരം അദൃശ്യവൽക്കരണങ്ങളെ എതിർത്തുകൊണ്ടാണ് ഓരോ ട്രാൻസ്ജെൻഡർ വ്യക്തിയും സമൂഹത്തിലേക്ക് കടന്നുവരുന്നത് .അത്തരത്തിലുള്ള ഒരു കടന്നുവരവാണ് വിജയരാജ മല്ലിക നടത്തുന്നത്. ആത്മകഥ അതിനുള്ള ഏറ്റവും നല്ല മാർഗമായി അവർ കണ്ടെത്തുന്നു .എഴുത്തും ,നേടിയെടുത്ത വിദ്യാഭ്യാസവും സ്വന്തം നിലപാടുകളും വിജയരാജമലിക മുഖ്യധാരയിലേക്ക് എത്തിച്ചേരാനുള്ള കാരണമായിട്ടുണ്ട് .കവി, സാഹിത്യകാരി, ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് എന്നീ നിലയിലെല്ലാം ഇന്ന് അവർ പ്രവർത്തിക്കുന്നുണ്ട് .പ്രസംഗവേദികളിലും സാഹിത്യ ചർച്ചകളിലും  നിറഞ്ഞ സാന്നിധ്യമാണ് അവരിപ്പോൾ .നിരന്തരം സമൂഹത്തോട് കലഹിച്ച് നേടിയെടുത്ത പദവികളാണ് അവ.

iii.ലിംഗനീതി 

ആണിന്റെ അധികാരപരിതിക്കുള്ളിൽ സ്ത്രീകളെ തളച്ചിടുന്നത് പോലെ അല്ലെങ്കിൽ അതിനേക്കാൾ രൂക്ഷമായിട്ടാണ് സമൂഹം ട്രാന്‍സ് വ്യക്തിത്വങ്ങളെയും മറ്റ് ലൈംഗിക ന്യൂനപക്ഷങ്ങളെയും അടിച്ചമർത്തുന്നത്.പുരുഷന് മാത്രമാണ് ലോകം എന്ന അവകാശവാദങ്ങൾക്കിടയിൽ നിന്ന് പോരാടിയിട്ടാണ് പെണ്ണ് അവളുടെ അധികാരങ്ങൾ നേടിയെടുത്തത്. ഇന്നും സമത്വത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള സ്ത്രീയുടെ പോരാട്ടങ്ങൾ തുടർന്നുകൊണ്ടേയിരിക്കുകയാണ്. അത്തരമൊരു ലോകക്രമത്തിൽ നിന്നുകൊണ്ടാണ് പുരുഷൻ്റെയും സ്ത്രീയുടെയും ക്രമീകൃത ഘടനയ്ക്ക് പുറത്തുള്ള ട്രാൻസ്ജെൻ്റർ വ്യക്തിത്വങ്ങൾ ജീവിക്കുന്നത് .നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടമാ ണ് അവർ സമൂഹത്തോട് നടത്തുന്നത് .ഈ ഭൂമി എല്ലാവരുടെയും കൂടിയാണെന്ന ആപ്തവാക്യങ്ങൾ നിലനിൽക്കുമ്പോഴും അംഗീകരിക്കപ്പെടാത്ത ഒരു വിഭാഗം നമുക്കു ചുറ്റിലുമുണ്ട് എന്നതാണ് യാഥാർത്ഥ്യം . അവർക്ക് വ്യവസ്ഥാപിതമായ ആൺ പെൺ ബോധത്തിൽ നിന്നു കൊണ്ട് ആൺ ശരീരത്തിലെ പെണ്ണിനേയും പെൺ ശരീരത്തിലെ ആണിനെയും അംഗീകരിക്കാൻ കഴിയുന്നില്ല. ജനിതക ഘടനയുടെയും സാഹചര്യങ്ങളുടെയും പ്രതിപ്രവർത്തനത്തിലൂടെയാണ് ഓരോ ജീവിയും രൂപം കൊള്ളുന്നത്.സാധാരണ ഗതിയിൽ ജന്മം കൊള്ളുന്നവർക്ക് അതേ വ്യവസ്ഥയിൽ ജീവിക്കാം .എന്നാൽ അതിനു പുറത്തുള്ളവർക്ക് അവർ ആഗ്രഹിക്കുന്ന അവസ്ഥയിൽ ജീവിക്കാൻ കഴിയാതെ വരുന്നു. ആ നീതി നിഷേധമാണ് ട്രാൻസ്ജെൻഡറുകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്ന് മല്ലികാവസന്തത്തിൽ കാണാം. ഒരോ വ്യക്തിയുടെയും ശാരീരിക മാനസിക ഘടനയ്ക്ക് അനുശ്രിതമായ വ്യത്യസ്തതകളെ അംഗീകരിച്ചു കൊടുക്കാൻ സാധിക്കാത്ത ലോകമാണ് ചുറ്റും. പുരുഷന്മാർ സ്ത്രീകളെക്കാൾ ശ്രേഷ്ഠരാണെന്ന പുരുഷാധിപത്യവാദത്തെ ഫെമിനിസം പോലുള്ള പ്രസ്ഥാനങ്ങൾ കടന്നുവന്നതിനുശേഷം എതിർക്കുകയും തുല്യതയാണ് ആവശ്യം എന്ന് പറയുകയും ചെയ്തതിലൂടെ ആൺ പെൺ തുല്യത സമൂഹം അംഗീകരിച്ചു വരുന്നുണ്ട് .എന്നാൽ ആൺ പെൺ എന്നിങ്ങനെയുള്ള ജീവശാസ്ത്രപരമായ വ്യത്യാസങ്ങൾക്കപ്പുറത്ത് ട്രാൻസ്ജെൻഡേഴ്സ് നടത്തുന്ന തിരഞ്ഞെടുപ്പിനെ സമൂഹം അംഗീകരിക്കുന്നില്ല. മതം ,സമൂഹം ,കുടുംബം എന്നിങ്ങനെയുള്ള എല്ലാ വ്യവസ്ഥകൾക്കകത്തും പുരുഷാധിപത്യം തീർക്കുന്ന ചട്ടക്കൂടുകൾ കടുത്ത നീതി നിഷേധമാണ് ഇത്തരം മനുഷ്യരോട് കാണിക്കുന്നത് .ഇത്തരത്തിൽ നിഷേധിക്കപ്പെടുന്ന തുല്യതയ്ക്ക് വേണ്ടിയുള്ള തുറന്നെഴുത്താണ് മല്ലികാവസന്തം. അന്നുവരെ സൃഷ്ടിച്ചുവെച്ച പൊതുബോധം തച്ചുടക്കുന്ന തരത്തിലുള്ള ഒരു പ്രതിഷേധം ഈ ആത്മകഥയിൽലുണ്ട് .

         ട്രാൻസ്ജെൻഡർ എന്നത് സ്വാഭാവികമായും ഒരു ജെൻഡർ യാഥാർത്ഥ്യമാണ് ലിംഗം കൊണ്ട് അളക്കപ്പെടേണ്ടവരല്ല .അവർക്കും സ്വാഭാവികമായ സാമൂഹിക കുടുംബ അന്തരീക്ഷം ഒരുക്കണമെന്ന ആവശ്യങ്ങൾ സാധിച്ചെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ മല്ലിക നടത്തുന്നുണ്ട് .മല്ലിക ആത്മകഥയിൽ പതിനെട്ടാം അധ്യായത്തിൽ വളരെ പ്രസക്തമായ ഒരു കാര്യം പറഞ്ഞു വെക്കുന്നുണ്ട് “മനുഷ്യൻ ആണും പെണ്ണും മാത്രമായല്ല പിറക്കുന്നത് .ഇന്റർ സെക്സ് ആയും പിറക്കുന്നുണ്ട് .സെക്സ് എന്നത് തികച്ചും ബയോളജിക്കലും, ജെൻഡർ എന്നത് സാമൂഹികവുമാണെന്ന് നമ്മുടെ ആളുകൾക്ക് പലർക്കും അറിയില്ല ( പുറം 125 ).ജൻഡറിനെ സംബന്ധിച്ച വളരെ പ്രസക്തമായ ഒരു പ്രസ്താവനയാണിത്. ഒരു വ്യക്തിയുടെ പെർഫോമൻസിനെ ആണ് ജെൻഡർ എന്ന് വിളിക്കുന്നത്. ഒരു വ്യക്തി ജനിക്കുമ്പോൾ ശാരീരിക സ്ഥിതി വെച്ച് അയാളെ സ്ത്രീ അല്ലെങ്കിൽ പുരുഷൻ എന്ന് അടയാളപ്പെടുത്തുന്നു .എന്നാൽ വളർന്നു വരുമ്പോൾ ഓപ്പോസിറ്റ് വ്യക്തിത്വം സ്വീകരിക്കാനാണ് അയാൾ താൽപര്യപ്പെടുന്നതെങ്കിൽ അതും അംഗീകരിക്കപ്പെടേണ്ടതാണ്.ജൻ്ററും, സെക്സും രണ്ടാണെന്ന സത്യം വിജയരാജമലിക പറഞ്ഞുവയ്ക്കുന്നു .കേരളത്തിൽ ട്രാൻസ്ജെൻഡർ പോളിസി നടപ്പായതിനുശേഷം അവർക്ക് നിരവധി അവകാശങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ രീതിയിലുള്ള തുറന്നെഴുത്തുകളും പോരാട്ടങ്ങളും തന്നെയാണ് ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിക്ക് തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ വഴിയൊരുക്കിയത് .വിജയരാജമല്ലികക്ക് എഴുത്ത് ലിംഗനീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ്. സമൂഹത്തിൽ സ്ത്രീയും പുരുഷനും അനുഭവിക്കുന്ന എല്ലാ പദവികൾക്കും  തങ്ങളും അർഹരാണ് എന്ന യാഥാർത്ഥ്യത്തിനു വേണ്ടിയുള്ള പോരാട്ടം. മറ്റുള്ളവരെപ്പോലെ പ്രണയിക്കാനും ,വിവാഹം കഴിക്കാനുമുള്ള അവകാശം തനിക്കും ഉണ്ട് എന്ന് ഒരു സിസ് പുരുഷനെ വിവാഹം ചെയ്തു കൊണ്ട് അവർ പ്രഖ്യാപിച്ചു. ട്രാൻസ് വ്യക്തി എന്നതിലുപരി എഴുത്തുകാരിയുടെ സ്ത്രീലിംഗ പദവിയോട്ടുള്ള ആഭിമുഖ്യം ഇവിടെ തെളിഞ്ഞ് കാണാം. ഭൂരിഭാഗം ട്രാൻസ്ജെൻഡർ ,ഇന്റർ സെക്ഷ്വൽ ,ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങൾക്കും തങ്ങൾക്ക് അർഹമായ നീതി ലഭിക്കുന്നില്ല .കേരളത്തിലെ വിദ്യാഭ്യാസം ഇനിയും ഏറെ മുന്നോട്ടു പോകേണ്ടതുണ്ട് എന്ന് വിജയരാജമല്ലിക എഴുതുന്നുണ്ട് .വിദ്യാഭ്യാസമുള്ള ഒരു സമൂഹത്തിന് ലിംഗ നീതിയെ കുറിച്ചുള്ള വ്യക്തമായ ധാരണ കൈവരും. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ അതിനുള്ള അവസരങ്ങൾ കൂടുതൽ സൃഷ്ടിക്കണം എന്നു കൂടെ അവർ പറയുന്നു.

ഉപസംഹാരം 

ട്രാൻസ്ജെൻഡർ ആത്മകഥകൾ മറ്റു ആത്മകഥകളിൽ നിന്നും വ്യത്യസ്തമാവുന്നത് എങ്ങനെയാണ് എന്ന് ഈ പഠനത്തിലൂടെ  തിരിച്ചറിയാൻ സാധിക്കുന്നുണ്ട് .നമ്മുടെ വായനാ സമൂഹത്തിന് മഹാന്മാർ എന്ന് സമൂഹം വിലയിരുത്തുന്നവരുടെ ആത്മകഥകളോടാണ് പൊതുവേ താൽപര്യം കൂടുതൽ .പ്രത്യേകിച്ച് ട്രാൻസ്ജെൻഡർ ആത്മകഥകളെ ഒരു വായനാ സാമഗ്രിയായി പോലും പരിഗണിക്കാത്ത  സമൂഹത്തോടാണ് വിജയ രാജമല്ലികയുടെ മല്ലികാവസന്തം പൊരുതുന്നത് .ട്രാൻസ്ജെൻഡർ ആത്മകഥകൾ ഒരു പുതിയ ചരിത്രത്തെ നിർമ്മിക്കുന്നവയാണ് .കേരളത്തിലെ പൊതുസമൂഹം ട്രാൻസ്ജെൻഡർ സമൂഹത്തോട് എങ്ങനെ പെരുമാറി എന്നതിന്റെ ചരിത്രം കൂടിയായി അത് മാറുന്നു .വ്യക്തി അനുഭവങ്ങൾ രാഷ്ട്രീയമായ അടിത്തറയുള്ളവയാണ് ‘പേഴ്സണൽ ഈസ് പൊളിറ്റിക്കൽ’ എന്ന ഫെമിനിസവുമായി ബന്ധപ്പെട്ട പ്രസ്താവന വളരെയധികം ശരിയാണ് എന്ന് ഈ ആത്മകഥയിലൂടെ വ്യക്തമാകുന്നു. ഒരു വ്യക്തിയുടെ അനുഭവങ്ങൾ അവർ ജീവിക്കുന്ന രാഷ്ട്രീയ സാഹചര്യത്തിൽ കൂടെ വേരൂന്നിയാണ് ആ വിഷ്കൃതമാവുന്നത്.സാമൂഹികമായി ട്രാൻസ്ജെൻഡർ വ്യക്തികൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ വളരെ വലുതാണ് .സമൂഹത്തിന്റെ സ്ഥാപനങ്ങളായ കുടുംബം ,വിദ്യാലയം എന്നിവ ട്രാൻസ്ജെൻഡർ വ്യക്തികളോട് പെരുമാറുന്ന രീതി മല്ലികാവസന്തത്തിൽ തെളിഞ്ഞു കാണുന്നുണ്ട് .ട്രാൻസ്ജെൻഡർ വ്യക്തിത്വത്തെ അംഗീകരിക്കുന്ന രീതിയിലല്ല അത്തരം സ്ഥാപനങ്ങൾ പെരുമാറുന്നത് എന്ന് കാണാം. വിമത ലൈംഗികതയുടെ കലാപം എന്നതിലുപരി എഴുത്തുകാരിയുടെ സ്ത്രീലിംഗ പദവിയോടുള്ള ആഭിമുഖ്യം ഈ ആത്മകഥയിൽ തെളിഞ്ഞു കാണുന്നുണ്ട്.

 

ഗ്രന്ഥസൂചി

1. ഡോ. സൗമ്യാദാസൻ (എഡിറ്റർ), 2019, ആത്മകഥ ആഖ്യാനത്തിലെ പെണ്ണകങ്ങൾ, മൈത്രി ബുക്സ്, തിരുവനന്തപുരം

2.ജി.ഉഷാകുമാരി (എഡിറ്റർ), 2018, ഉൾക്കണ്ണാടികൾ, കൈരളി ബുക്സ്

3.രശ്മി ജി, അനിൽകുമാർ കെ.എസ് (എഡിറ്റർ), 2016, ട്രാൻസ്ജെൻ്റർ ചരിത്രം സംസ്കാരം പ്രതിനിധാനം, ചിന്ത പബ്ലിക്കേഷൻസ്, തിരുവനന്തപുരം

4. ജെറീന, 2017, ഒരു മലയാളി ഹിജഡയുടെ ആത്മകഥ, ഡി.സി ബുക്സ്

5. എ. രേവതി, 2013, ദി ട്രൂത്ത് എബൗട്ട് മി ഒരു ഹിജഡയുടെ ആത്മകഥ, ഡി.സി ബുക്സ്

6. വിജയരാജമല്ലിക, 2019, മല്ലികാവസന്തം, ഗ്രീൻ ബുക്സ്

കാർത്തിക കെ പ്രഭ


 

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. സംഗീത കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page