top of page

 മഹാകവി പി.യുടെ കവിതകളിലെ ഓണസ്മൃതികൾ

Updated: Sep 15

ഡോ.അർച്ചന ഹരികുമാർ
ree

പ്രബന്ധസംഗ്രഹം

മലയാളി ഏകമനസ്സോടെ ആഘോഷിക്കുന്ന മഹോത്സവമാണ് ഓണം.  ഏറ്റവും വലിയ ജനകീയ ഉത്സവം. ആഹ്ലാദവും സമൃദ്ധിയും ത്യാഗവും ഓണത്തിന്റെ ആശയങ്ങളായി ചർച്ച ചെയ്യപ്പെടുന്നു. നഷ്ട നന്മകളിൽ നിന്ന് പ്രതീക്ഷയിലേക്കുള്ള സഞ്ചാരമാണത്.  പ്രകൃതിയുടെ സൗന്ദര്യം മനസ്സുകളെ കീഴടക്കുന്ന വേള. കവികളെ ഓണം പലതരത്തിലാണ് സ്വാധീനിച്ചിരിക്കുന്നത്. പ്രകൃത്യുപാസകനും സ്മൃതിപൂജിതനും സൗന്ദര്യാരാധകനുമായ  മഹാകവി പി.കുഞ്ഞിരാമൻനായരുടെ കവിതകളിലെ ഓണവൈവിധ്യമാണ് ചർച്ച ചെയ്യുന്നത്.


 താക്കോൽ വാക്കുകൾ

 ലാവണ്യം, സ്മൃതി, ആത്മം, ഊഷരത


              സിരകളെ കീഴ്പ്പെടുത്തുന്ന   സൗന്ദര്യ ബോധമാണ് പി. കുഞ്ഞിരാമൻനായരുടെ കവിതകൾ. പഴമയിലെ പുതുമയും ,പൈതൃകബോധവും ,ലാവണ്യാനുഭൂതി കളുമാണ് അദ്ദേഹത്തിന്റെ കവിതകളുടെ സമ്പത്ത്.  താൻ സൃഷ്ടിക്കുന്ന ഭാവപ്രപഞ്ചത്തിലേക്ക് സഹൃദയരെ വലിച്ചടുപ്പിക്കുന്ന സിദ്ധിവിശേഷം. കേരളത്തിന്റെ, പ്രത്യേകിച്ച് വള്ളുവനാടിന്റെ പ്രകൃതി സൗന്ദര്യത്തിന്റെയും കാർഷിക സമൃദ്ധിയുടെയും ആഘോഷങ്ങളുടെയും നിറവാണ് പി യുടെ കവിതകൾ.


   മലയാളി മനസ്സിന്റെ നിത്യതയുടെ ആഘോഷമാണ് ഓണം. ഒത്തുചേരലിന്റെയും പങ്കുവെയ്ക്കലിന്റെയും ഉത്സവം. നഷ്ടനന്മകളിൽ നിന്ന് പ്രതീക്ഷയിലേക്കുള്ള സഞ്ചാരം. പ്രകൃതിയും മനുഷ്യനും ഒന്നാകുന്ന പാരസ്പര്യം. സ്വാഭാവികമായും കവികളെ ഓണം പ്രചോദിപ്പിക്കും. മലയാളത്തിൽ ഏറ്റവും കൂടുതൽ ഓണക്കവിതകൾ എഴുതിയ കവിയാണ് പി. കുഞ്ഞിരാമൻനായർ.

അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം നഷ്ടസ്വപ്നങ്ങളുടെയും മധുരചിന്തകളുടെയും പ്രതീക്ഷകളുടെയെല്ലാം വീണ്ടെടുപ്പാണ് ഓണം. മലയാളി മനസ്സിൽ രൂഢമൂലമായ സുഖവസന്തമായി ഓണം നിലനിൽക്കുന്നു.

.

      ‘മങ്ങാത്ത സൗന്ദര്യധാര  ചേരും   ചിങ്ങത്തിൻ തങ്ക നിലവിളക്കിൽ ‘ എന്ന് പാടിയ കവി.  പൊൻമലർ  പല്ലക്കിനുള്ളിൽ വാഴുന്ന തമ്പുരാൻ ഒന്നു കടാക്ഷിച്ചപ്പോൾ ചാണകക്കുണ്ടിൽ  കിടക്കുന്ന പുല്ലും ഓണപ്പുടവയുടുത്തു തുള്ളിയതായി സങ്കൽപ്പിക്കുന്നു . ഓണം ഒരുക്കുന്ന ഉല്ലാസത്തിലേക്ക് അനുവാചകരും ‘ഓണക്കാലത്ത് ‘എന്ന കവിതയിലൂടെ എത്തുന്നു.  മനുഷ്യൻ പ്രകൃതിയിൽ നിന്നും ഭിന്നനല്ലെന്നുള്ള   ഉദാത്തമായ ബോധമാണ് ഈ ഓണക്കവിതകൾ. ഭൂതകാലത്തിന്റെ പ്രൗഢിയെയും ഗാംഭീര്യത്തെയും തിരിച്ചറിയാൻ ശ്രമിക്കാതിരിക്കുന്ന പൊതുകേരളീയ സമൂഹത്തിനുള്ള ഓർമ്മപ്പെടുത്തലാണ് അദ്ദേഹത്തിന്റെ കവിതകൾ ഉണർത്തുന്നത്.


‘ആകാശമൊന്നായ്പ്പുണർന്നു നിൽക്കു -

മാത്മപ്രബോധത്തിൻ ശംഖൊലിയിൽ

 സത്യസ്വരാജ്യ പുലരി പൂക്കും തൃക്കാക്കരയ്ക്ക് പോം പാതയേതോ..’’(ഓണംകഴിഞ്ഞ്)

 

       ആത്മപ്രബോധനത്തിന്റെ ശംഖൊ ലികൾ ആണ് അദ്ദേഹത്തിന്റെ കവിത. ഓണം  മനസ്സിനെകുളിർകോരിയണിയിക്കുന്നതുപോലെ  ഓർമ്മകൊണ്ട് നൊമ്പരപ്പെടുത്തുന്നു.


  ‘മിന്നുന്ന പൊന്നും കതിർക്കുല ചൂടും                  പൊന്നോണനാളുപറന്നു പോയെന്നാൽ

ഓരാതെ നിന്നെപ്പുണരുന്നു കണ്ണീർ തോരാതൊഴുക്കുമീ ശ്യാമള രാത്രി ‘..

തന്റെ ഓണസ്മൃതിയെക്കുറിച്ച് കവി തന്നെ സാക്ഷ്യപ്പെടുത്തുന്നത് ഇപ്രകാരമാണ്.

 

  “തച്ചുടച്ചു തൂക്കി വിൽക്കാതെ,

    ലേലത്തിൽ പ്പോവാതെ

   ഒരു പൊൻ  നിലവിളക്ക്                                                  അവശേഷിച്ച പഴയതറവാട്, മലനാട് -

 ആ വിളക്കത്രെ പൊന്നോണം.” 


പ്രകൃതിയും മനുഷ്യനും സംസ്കൃതിയും കലരുന്ന സമ്പന്നതയാണ് പി യ്ക്ക് ഓണം. അതുകൊണ്ടാണ് ‘നിന്നുടൽ ചേർന്നു പുണർന്ന കാലമെന്നു  മറക്കും ഞാനോണപ്പൂവേ’….. എന്നെഴുതാൻ കഴിഞ്ഞത്.   പ്രക്ഷുബ്ധമായ മാനസിക വികാരങ്ങളെസ്വാധീനിക്കാനും ഓണം എന്ന വിശ്വാസത്തിന് കഴിയുന്നു.

‘ഓണം തുളുമ്പും കടലിൽ വീണ്ടും ഓർമ്മതന്നോണനിലാവ് വീണു’ എന്ന്‘ പിച്ചിച്ചീന്തിയ പുഷ്പചക്രത്തിൽ’ അദ്ദേഹം എഴുതിയിരിക്കുന്നു. ഓണത്തിന്റെ വരവ് പ്രകൃതിയിലും മനുഷ്യരിലും വരുത്തുന്ന മാറ്റങ്ങളെ ക്കുറിച്ച്   

  ‘പോറ്റിയ മണ്ണിന്നഴകു നാണ

മേറ്റിയ തുമ്പ ചമഞ്ഞൊരുങ്ങി

കണ്ണാന്തളി വീടിൻ മുറ്റമേറി

ചെന്നു പൂമ്പാറ്റകൾ പെണ്ണുകാണാൻ…

പാവനപൂർവ്വ സ്മൃതികളുമായി 

ശ്രാവണമാസ  നിശകൾ  വന്നൂ

കാരിരുമ്പൊക്കെ കനകമായി

കാട്ടാളരൊക്കെ മനുഷ്യരായി’ (പറന്നു പോയ പൈങ്കിളികൾ)

എന്ന കവിതയിലും കാണാം.

കാരിരുമ്പിനെ  കനകമാക്കാനും കാട്ടാളരെ മനുഷ്യരാക്കാനുമുള്ള മന്ത്രമാണ് ഓണം എന്ന് സാക്ഷ്യപ്പെടുത്തുമ്പോൾ അസുരന് ദേവനായി സംഭവിക്കുന്ന പരിവർത്തനത്തെ കവി എടുത്തകാട്ടുന്നു.


പാലക്കാട്ടെ ഒരോണോർമ്മയാണ് ‘ഓണക്കാഴ്ച’ എന്ന കവിതയിൽ.

      ‘വിണ്ണിലെ പൊന്നഴകൊന്നുചേർന്നു വന്നിറങ്ങുന്നു മലയാളത്തിൽ!

ഓണനിലാവുമെഴുകും വാനം

ചേണുറ്റ താരകകാന്തി ചിന്തി

ഒപ്പമഴകു വിരിഞ്ഞു പൊന്തും

മുപ്പതിതളുള്ള ചിങ്ങപ്പൂവിൽ’. 

  സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും  അടയാളപ്പെടുത്തലാണ്  പി.യ്ക്ക് ഓണം. വേണാടും കുലനാടുമെല്ലാം  ഒരു ഓണക്കൊടിക്കൂറയുടെ കീഴിലാവുന്നു.

’ഭോഗസുഖത്തിൽ ശിരസ്സുവെട്ടി ത്യാഗപ്പെരുമാളെഴുന്നള്ളുന്നു… ‘

എന്ന് പ്രയോഗിക്കുമ്പോൾ ത്യാഗനിർഭരമായ ബലിയുടെ ജീവിതത്തെയാണ് അവതരിപ്പിക്കുന്നത്.

‘ക്ഷേത്രമായ് മാറി ഭവൽ സത്യദീപത്താലൈക്യകേരളത്തിലെ  കൊച്ചു കുടിലും കൊട്ടാരവും’…

എന്ന വരികളിൽ ഓണലാവണ്യത്തിനപ്പുറം നീതി സങ്കല്പങ്ങളുടെ പ്രാധാന്യമാണ് മുന്നോട്ടുവയ്ക്കുന്നത്.

തകർന്ന ഹൃദയങ്ങളുടെ വീണ്ടെടുപ്പിന് സിദ്ധിയുള്ള ഔഷധമായി തീരുന്നു ഓണം. 

‘പുല്ലു മാടത്തിൻ പാട്ട്’ എന്ന കവിതയിൽ ‘കരളുരുകുന്നോർക്കമൃതു വിളമ്പാ-

നെന്നീ മണ്ണിൽ വരും

കനിവിൻ കതിരിൻ തുമ്പിൽ നിലാവൊളി കോർക്കും പൊന്നോണം’.എന്നാണ് കവിയുടെ പ്രതീക്ഷ.

      പ്രാണനാഥന്റെ വരവും കാത്തിരിക്കുന്ന പ്രിയതമയുടെ ചിന്തകളിലും ഓണം കടന്നു വരുന്നു.  അവരുടെ മാനസികാവസ്ഥയെ പ്രകൃതിബിംബങ്ങളോട്  ചേർത്ത് അവതരിപ്പിക്കുകയാണ്.

‘ആരെയോ കാത്തുകൊണ്ടാരാൽ -

സാന്ധ്യതാരക വീർപ്പിട്ടിരിപ്പൂ

 ചിത്തമുലയ്ക്കും നിലാവുവീഴു

മുത്രാടനാളിൽ വരവായി….(‘ഉത്രാടനാളിൽ’) 

പ്രകൃതി ബിംബങ്ങളെ മനുഷ്യാവസ്ഥകൾ യുക്തിഭദ്രമായി ആവിഷ്കരിക്കാനുള്ള ഉപാധിയായി കവി ഉപയോഗിച്ചിരിക്കുന്നു

 ‘വാനുമവനിയുംപുൽകുന്നൊരീ യോണത്തിരുവോണനാളിൽ’എന്നാണ് കവി വിശേഷണം.

പ്രതീക്ഷയാണ്  പി യ്ക്ക് മിക്കപ്പോഴും ഓണം.’നീലമലനിരപിന്നിട്ടു ത്രാടനാളിലെ യോണനിലാവെത്തുമാ മധുരരാത്രിയോർക്കുന്നു…

അർക്കബിംബം തിളങ്ങുന്നു വിണ്ടല ത്തിലുടനീളം തൃക്കാക്കരപ്പൊൻ പുലരി

ക്കൂറ പാറുന്നു.

എത്തിപ്പോയി വീണ്ടും പഴയകാലം പുത്തനിൽ പുത്തനാമോണക്കാലം.

മാണിക്യ ദീപമെരിഞ്ഞു ദൂരെ

ഓണപ്പുലരി വിരിഞ്ഞു’….

   എന്ന് കാത്തിരിപ്പിന്റെയും പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും അടയാളപ്പെടുത്തലായി  ഓണം മാറുന്നു.

           പി.യുടെ ഓണക്കവിതകളിലെല്ലാം ആവർത്തിക്കുന്ന പ്രയോഗമാണ് സാന്ധ്യതാരകാദീപം.

‘ഓണവില്ല് കൊട്ടിപ്പാടും മാമല നാടിന്റെ  പുത്തനോണച്ചെന്താര

തിൻ  പൂന്തേനുയിരാം പാട്ടിൽ…(ഉത്രാടരാത്രി)

എന്ന കവിതയിൽ മാമലനാടിന്റെ സൗന്ദര്യത്തെ മനോഹരമായി വർണ്ണിച്ചിരിക്കുന്നു.  സാന്ധ്യതാരകാദീപം പൊലിയുമ്പോഴേക്കും  വന്നണയുന്ന ഉത്രാടരാത്രിയെ കാത്തിരിക്കുന്നു. കൊച്ചു കുളങ്ങളും വിണ്ടലങ്ങളും അത്തച്ചമയത്തിൽ കുളിച്ചുനിൽക്കുന്ന കാഴ്ച കവിയെ ആവേശഭരിതനാക്കുന്നു.                     ‘എത്തിപ്പോയി വീണ്ടും പഴയ കാലം

  പുത്തനിൽ പുത്തനാമോണക്കാലം

 നെറ്റിമേൽ മിന്നുന്നിതോണക്കാലം

തൊട്ടതാം ചന്ദനപ്പൊട്ടുപോലെ’

         (ഓണക്കാലത്ത്)

എന്ന കവിത നിറയെ കവി മനസ്സിൽ ഓണം നിറച്ച വസന്തത്തെ പ്രതിഫലിപ്പിക്കുന്നു.ഒപ്പം  വള്ളുവനാടിന്റെ സൗന്ദര്യവർണനയും.

       പൊന്നുഷസാ സാന്ധ്യപ്രഭയിൽ മുങ്ങി

വന്നു പോയി വന്നു പോയി ചിങ്ങമാസം.

          ‘പൂക്കളം’ എന്ന കവിതയിൽ പൊന്നിൻചിങ്ങത്തിന്റെവിശേഷണങ്ങളാണ്.

         ‘വന്നു വന്നു  പൊൻചിങ്ങം

പുലരൊളിതിരളും പൊൻചിങ്ങം

 പുതുമലർ വിരിയും പൊൻചിങ്ങം

പുളകമുണർത്തും പൊൻചിങ്ങം ‘

      ‘ പോയ്പ്പോയ പൊന്നോണം ‘എന്ന കവിതയിൽ ഓണവുമായി ബന്ധപ്പെട്ട ചടങ്ങുകളെയുംആചാരാനുഷ്ഠാനങ്ങളെയും വിശദമായി ആവിഷ്കരിക്കുന്നു.

       ‘ഹോട്ടൽ ഊണും വാടക മുറിയും ‘എന്ന കവിതയിൽ കവിയുടെ ഗതികെട്ട വർത്തമാനകാലവും സമ്പന്നമായിരുന്ന ഭൂതകാല സ്മരണകളും അവതരിപ്പിക്കുന്നു.

സ്നേഹസമ്പന്നയായ അമ്മ വിളമ്പി തരുന്ന ഓണസദ്യ കവിയുടെ സ്മൃതിമധുരമാണ്. എന്നാൽ നഷ്ടപ്പെട്ട  ഓർമ്മകളുടെ ശൂന്യത അദ്ദേഹത്തെ വേദനിപ്പിക്കുന്നു. ഇന്നത്തെ ജീവിതത്തിൽ

‘വാടകമുറി കൈപ്പുറ്റ ഹോട്ടൽഭക്ഷണം. 

        ‘മരിച്ചാൽപ്പുലയുള്ള  ചർച്ചക്കാരിവർ         

  ഇന്നു തിരിച്ചുമുഖം, മമ 

പാഴ്നിഴൽ ദൂരെ കാൺകേ

സ്നേഹവും

സഹകരണവും നഷ്ടപ്പെട്ട കാലം’.. എന്ന വേദനയുണ്ട്.

         പേരുകേട്ട തറവാടിന്റെ ഉജ്ജ്വലമായ വസന്തകാലത്തെ കുറിച്ച് കവി ഓർക്കുന്നു. ശ്രീ വിളയും നാട്ടിൽ നിന്നും കവി അകലുന്നു. കോവിലും മരങ്ങളും കുളവും മറയുന്നു.

         ‘കുഞ്ഞുനാളിലെയോണ

         പ്പൂക്കൾ തന്നിതളുക

         ളൂർന്നോരീ വഴി മമ                                            ജാതകക്കുറിയത്രേ’…

 

   ഭാഗം വെപ്പിൽ കീറിമുറിക്കപ്പെടാതിരുന്ന തന്റെ തറവാട് ഇന്ന് ക്ഷയിച്ചിരിക്കുന്നു.

മുടിഞ്ഞു തകർന്ന വീട്ടിൽ നിന്ന് ഒരു 

പാവയെപ്പോലെ ഓണനാളിൽ കവി പടിയിറങ്ങുന്നു. ഓണനാളുകളിലെ ആനന്ദത്തിന്റെ പൂവിളിക്കൊപ്പം  കവിയുടെ കാതുകളിൽ മുഴങ്ങുന്നതത്രയും പൊയ്പ്പോയ കാലത്തിന്റെ സമൃദ്ധിയും നഷ്ടസ്വപ്നങ്ങളുമാണ്. കവിയെ ബാധിച്ചിരിക്കുന്ന നിരാശാബോധം നഷ്ടമാവുകയാണ് ഇവിടെ.


 ‘കൈവല്യാമൃതം നൽകു-

  മിളം പുഞ്ചിരിയില്ല

   അന്ത്യ യാത്രയിൽ

തീർത്ഥനീരേകുമൊരാളില്ല…

അന്ത്യകർമ്മം നൽകാ

നുറ്റ ജീവനുമില്ല..

ഒരു ദുഃഖമായോണ

നാളിൽ ഞാൻ വീട്ടിൽ ചെന്നു

 തിരിച്ചുവന്നീ വണ്ടിയാപ്പീസിലിരിക്കുന്നു’..

 

      ജീവിതത്തിൽ ഒറ്റപ്പെട്ട കവി ആരോ ഉണ്ടാക്കിയ ഹോട്ടൽ ഭക്ഷണത്തിനു മുമ്പിൽ വേദനയോടെ ഇരിക്കുന്നു. കഴിഞ്ഞുപോയ പൂക്കാലത്തിന്റെ ഓർമ്മകൾ അയവിറക്കുന്നു.


 ‘മാൺപെഴുമോണത്തിരുവോണത്തിൻ മധ്യാനത്തിൽ ദുർഗന്ധമൂട്ടും

ഹോട്ടലൊന്നിലെ തീൻമേശയിൽ

 പറ്റി -വാടിയ- നടു കീറിയൊരിലയിട്ടു

 പല്ലു തേയ്ക്കാത്ത പയ്യൻ പിശുക്കി വിളമ്പുന്ന കല്ലരിച്ചോറു

  വാരാൻ കൈതെറ്റൊന്നുയരവേ..’

 

 എന്ന കാഴ്ചയിൽ  ഭൂതകാലത്തിലേക്ക് മറഞ്ഞ നല്ലോണനാളുകളുടെ മധുരോർമ്മയാണ് പ്രതിഫലിക്കുന്നത്.


പ്രകൃതിയും മനസും ഒരുവരമായിരുന്ന കാലത്തുനിന്നും ഊഷരതയിലേക്ക് കൂപ്പുകുത്തുന്നതിൽ കവി വ്യസനിക്കുന്നു. ഒരുമയുടെ ഉത്സവമാണ് ഓണം. പരസ്പരം നോക്കാതെ, ചിരിക്കാതെ,  അകന്നുപോകുന്ന രക്തബന്ധങ്ങളെക്കുറിച്ച് അദ്ദേഹം ദുഃഖിക്കുന്നു.

മരിച്ചാൽ പുലയുള്ള ചാർച്ചക്കാരിവർ

 ഇന്ന് തിരിച്ചു മുഖം

 പാഴ്നിഴൽ ദൂരെ കാൺകെ കുഞ്ഞുനാളിലെ ഓണപ്പൂക്കൾ’

  ഇന്നും പാടാനും പറയാനും കഴിയുന്നത് ഓണം ഒരു വികാരമായതുകൊണ്ടാണ്‌.


മഹാബലിയുടെ വേർപാട് കാലത്തിൽ ഏൽപ്പിച്ച ആഘാതത്തെ കവി ഇങ്ങനെ അടയാളപ്പെടുത്തുന്നു.

 യാത്ര ചോദിച്ചു പോകാനായി മണിമുറ്റത്തുനിൽക്കാം

പെരുമാളുടെ പൊന്നോണവില്ലു ചൂടിയ തുമ്പകൾ… 

നാട്ടുമൊഴിച്ചന്തവും മലയാളത്തനിമയും ചേർന്ന വായനാനുഭവമാണ് പിയുടെ ഓണക്കവിതകൾ. പ്രകൃതിയോട് എന്നും ആത്മബന്ധം പുലർത്തിയ കവിയാണ്  അദ്ദേഹം. പൂവിൽ നിന്നും തേൻകിനിയും പോലെ കാവ്യരചന നടത്തി. ബാല്യകാലത്ത് മനസ്സിൽ രൂഢമൂലമായ ഓർമ്മകളാണ് പലപ്പോഴും കാവ്യഭാഷയ്ക്ക് നിറം ചാർത്തിയത്. ആത്മാനത്തിന്റെ ഭാവ രശ്മികൾ പ്രകാശിപ്പിച്ച് പ്രകൃതിയും മനുഷ്യനും അഭിന്നമാണെന്നുള്ള ദർശനം അദ്ദേഹം അവതരിപ്പിച്ചു.


  പുണ്യ സങ്കല്പ സുന്ദര താരാപഥ

പുഷ്പിത ചക്രവാള ദളത്തിൻ

 ഓളത്തിൽ പദമൂന്നി നീർത്തിയ

പീതാംബര മുലഞ്ഞു മണിപ്പീലി

ചാർത്തിയ തിരുവോണം….എന്ന് ‘പൊന്നോണക്കാല’ത്തിൽ കവി പറയുന്നു.

നഷ്ടമായ എല്ലാ മാനുഷികമൂല്യങ്ങളുടെയും പ്രകൃതി സൗന്ദര്യങ്ങളുടെയും സങ്കലനമാണ് ഇവയുടെ ആത്മാരാധകനായ മഹാകവി പി. യ്ക്ക് ഓണം.


 ഗ്രന്ഥസൂചി

●     കവിതാസാഹിത്യ ചരിത്രം, എം.ലീലാവതി, കേരള സാഹിത്യ അക്കാദമി, 2023

●      തിരഞ്ഞെടുത്ത കവിതകൾ, പി.കുഞ്ഞിരാമൻനായർ,ഡിസി ബുക്സ്, 2006

●     പോയ് പ്പോയ പൊന്നോണം, പി കുഞ്ഞിരാമൻനായർ, മാതൃഭൂമി ബുക്സ്, 2014 

●     വർണ്ണരാജി, എം ലീലാവതി, നാഷണൽ ബുക്ക്സ്റ്റാൾ, 2008

 ഡോ അർച്ചന ഹരികുമാർ

 അസിസ്റ്റന്റ് പ്രൊഫസർ

 മലയാളവിഭാഗം

 എൻ.എസ്.എസ് കോളേജ്

 പന്തളം.




 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. സംഗീത കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page