'മൃത്യുയോഗ'ത്തിലെ ദാർശനികസാന്നിദ്ധ്യം: കക്കട്ടിലിന്റെ ബാഹിസി ലൂടെ ഒരു വായന
- GCW MALAYALAM
- Aug 15
- 6 min read
കാമ്യ രാഗോ ജി ആർ

പ്രബന്ധസംഗ്രഹം
ഈ ലേഖനം അക്ബർ കക്കട്ടിലിന്റെ 'മൃത്യുയോഗം' എന്ന കഥയിലെ അസ്തിത്വവാദവും നിരാശാവാദവും പോലെയുള്ള തത്വചിന്താ ആശയങ്ങളുടെ സാന്നിധ്യം വിശകലനം ചെയ്യുന്നു. കഥയിലെ പ്രധാന പാത്രം നൽകുന്ന പ്രസ്താവനകൾ അസ്തിത്വവാദികമായും നിരാശാവാദികമായും സൂചനകൾ നിറഞ്ഞവയാണ്. ഈ വാക്യങ്ങളുടെ വിശകലനത്തിലൂടെ, ജീവിതത്തിന്റെ അർത്ഥശൂന്യത, സ്വാതന്ത്ര്യം, ഉത്തരവാദിത്വം, നിരാശ തുടങ്ങിയ തത്വചിന്താ സങ്കല്പങ്ങൾ എങ്ങനെ കഥാപാത്രത്തിന്റെ വിചാരപ്രപഞ്ചത്തിൽ പ്രതിഫലിക്കുന്നുവെന്ന് ഈ പഠനം പരിശോധിക്കുന്നു. ബുദ്ധിസം, ആർതർ ഷോപ്പനോവർ, പീറ്റർ വെസ്സൽ സാപ്ഫേ തുടങ്ങിയ തത്വചിന്തകരുടെ സിദ്ധാന്തങ്ങൾക്ക് അനുസൃതമായി കഥാപാത്രത്തിന്റെ വാക്കുകളും പ്രവർത്തനങ്ങളും വിലയിരുത്തുന്നു. ഈ ഗവേഷണം കഥാസാഹിത്യത്തിനും തത്വചിന്തയ്ക്കും ഇടയിലുള്ള ബന്ധത്തെക്കുറിച്ച് ആഴത്തിലുള്ള ഒരു വിവരണം നൽകുന്നു.
താക്കോൽവാക്കുകൾ : തത്വചിന്ത, അസ്തിത്വവാദം, നിരാശവാദം, നിരർത്ഥകത
ആമുഖം
മൃത്യുവെന്ന പരമാർത്ഥത്തെ കേന്ദ്രീകരിച്ചുകൊണ്ട് എൺപതുകളുടെ ഒടുവിൽ അക്ബർ കക്കട്ടിൽ രചിച്ച ദാർശനിക സ്വഭാവമുള്ള നോവലാണ് 'മൃത്യുയോഗം'. ജരാ-മരണ ചക്രവ്യൂഹത്തിൽ കുടുങ്ങിക്കിടക്കുന്ന നിസ്സഹായരാണ് മനുഷ്യർ. ജനിച്ചാൽ ഒരുനാൾ മരിക്കുമെന്ന ഉറപ്പ് തലമേൽ തൂങ്ങിയാടുമ്പോഴും ഇന്നത്തോടെ നമ്മൾ തീരുന്നില്ല എന്ന വിശ്വാസമാണ് അല്ലെങ്കിൽ എപ്പോൾ വേണമെങ്കിലും മരണമടഞ്ഞേക്കാം എന്ന യാഥാർത്ഥ്യത്തെ ബോധപൂർവ്വമോ അല്ലാതെയോ വിസ്മരിക്കുന്നതുകൊണ്ടാണ് ഒരാൾ ജീവിക്കുന്നത്. ജീവിതം നിരർത്ഥകമാണെന്ന് വാദിക്കുന്ന മതത്തിന്റെയും രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെയും വിലങ്ങുകളിൽ നിന്ന് സ്വതന്ത്രനായ ബാഹിസ് എന്ന യുവാവാണ് ഇതിലെ പ്രധാന കഥാപാത്രം. അനിവാര്യതയും സ്വാഭിവകതയും നിറഞ്ഞ ഒരു അവസ്ഥയാണ് മരണം, എന്നാൽ ആത്മഹത്യയെ ദാർശനിക പരിഹാരമായി കാണുന്ന വിചാരതലം ബാഹിസിനുണ്ട്. കനത്ത അസ്തിത്വവ്യഥയുള്ള യുവാവായിട്ടാണ് കക്കട്ടിൽ ബാഹിസിനെ ചിത്രീകരിച്ചിരിക്കുന്നത്. മരണാഭിമുഖ്യം കാഴ്ചവയ്ക്കുന്ന ബാഹിസ് ഇഹലോകവാസത്തെ അങ്ങേയറ്റം അർത്ഥശൂന്യമായി നോക്കിക്കാണുന്നു. കാമുവിനെയും കാഫ്കയെയും മറ്റു അസ്തിത്വവാദികളെയും മനപാഠമാക്കിയിട്ടുള്ള ബാഹിസ് തന്റെ ജീവിതവും അർത്ഥശൂന്യമാണെന്ന് വിശ്വസിക്കുന്നു. ജീവിതം ദുഖമാണെന്ന് പറഞ്ഞ ബുദ്ധചിന്ത ഇവിടെ അലയടിക്കുന്നത് നമുക്ക് കാണാൻ കഴിയും.
മദ്രസയുടെ തേങ്ങ വലിക്കാൻ തെങ്ങുകയറ്റക്കാരനെ കൂട്ടാൻ പോയ കുഞ്ഞമ്മദ് മുസല്യാർ, തെങ്ങുകയറ്റക്കാരൻ തെങ്ങിൽ നിന്നും വീണു എന്ന വാർത്ത കേട്ട് അസ്വസ്ഥനായി വീടടുക്കുന്ന സന്ദർഭത്തോടെയാണ് കഥ ആരംഭിക്കുന്നത്. വീടെത്തുമ്പോൾ മുസല്യാരെ കാത്തിരുന്ന വാർത്ത തന്റെ മകനായ ബാഹിസിനെ കാണാനില്ല എന്നുള്ളതാണ്. ജോലിയന്വേഷിക്കേണ്ട ഘട്ടത്തിലെത്തി നിൽക്കുന്ന ബാഹിസിന്റെ തിരോധാനം ആ യുവാവ് ആരായിരുന്നു എന്തായിരുന്നു എന്നുള്ള ചിത്രങ്ങൾ അയാളെ അറിയുന്നവർ അനാവരണം ചെയ്യുന്നു. അന്വേഷണത്തിന്റെയും വിശകലനത്തിന്റെയും ഓരോ ഏടുകളിലും അവർ തിരിച്ചറിയുന്ന സത്യം അവർക്കു വളരെ കുറച്ചേ ബാഹിസിനെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്നതാണ്. ഉയരത്തിൽ നിന്ന് ചാടി മരിക്കുന്നതിനെക്കുറിച്ച് പറയാറുള്ള ബാഹിസ് ശനിയാഴ്ചയെ കാണാൻ സൗകര്യമുണ്ടാകൂ എന്ന സുഹൃത്തിന്റെ അറിയിപ്പിനു "ശനിയാഴ്ച നമ്മളെല്ലാരൂണ്ടാവുന്നെന്താത്ര ഉറപ്പ്?" എന്ന മറുചോദ്യം ചോദിക്കുന്നുണ്ട്. വിശ്വാസങ്ങളാണ് മനുഷ്യനെ ജീവിപ്പിക്കുന്നതെന്നും അല്ലെങ്കിൽ എന്തിനിങ്ങനെ പീഡനമൊക്കെ സഹിച്ച് ജീവിക്കുന്നു എന്നാണ് ബാഹിസ് ഒരുവേള തന്റെ സുഹൃത്തിനോട് ചോദിക്കുന്നത്.
വ്യർത്ഥതാബോധവും അകർമ്മണ്യതയുമായിരുന്നു ബാഹിസിന്റെ ജീവിത വീക്ഷണമെന്നും അതവനെ ജീവിതത്തോടുള്ള വെറുപ്പിലേക്കു നയിച്ചെന്നും സുഹൃത്ത് ഓർക്കുന്നു. ബാഹിസിന്റെ കുട്ടിക്കാലം വേർപാടുകളുടെയും വേദനകളുടെയും സമ്മിശ്രമാണ്. താൻ ഓമനിച്ചു വളർത്തിയ തത്തയുടെ മരണം, കളിക്കൂട്ടുകാരൻ ബാബുവിന്റെ മരണം, ബാബുവിന്റെ മരണത്തിനു താനാണ് കാരണമെന്ന തോന്നൽ, അനുജത്തിയുടെ വേർപാട്, എല്ലാം ബാഹിസിന്റെ കുഞ്ഞുമനസ്സിനെ മുറിപ്പെടുത്തിയിരിക്കാം. ബാഹിസിനു മരണത്തോടുള്ള നിർവികാരത ഈ സ്ഥിതിവിശേഷങ്ങളാൽ ഉണ്ടായതാകാമെന്ന് അനുമാനിക്കാവുന്നതാണ്. സുന്ദരിയും സുമുഖിയുമായ റംല നടത്തുന്ന പ്രണയാഭ്യർത്ഥന നിരസിച്ചുകൊണ്ട് ബാഹിസ് നടത്തുന്ന പ്രസ്താവന "എനിക്കിതിലൊന്നും വിശ്വാസമില്ല, രസവുമില്ല" എന്നാണ്. സ്നേഹം, വിവാഹം, കുടുംബം, ജീവിതബന്ധങ്ങൾ, തുടങ്ങിയ, മനുഷ്യജീവിതത്തിലെ സന്തുഷ്ടിയുടെയും ആനന്ദത്തിന്റെയും അടിസ്ഥാനമായി കരുതിപ്പോന്ന എല്ലാത്തിനോടും നിഷേധാത്മക സമീപനമാണ് ബാഹിസ് പുലർത്തുന്നത്. ജീവിതത്തോടുള്ള ആസക്തിയും മരണത്തോട് ആരാധനയുമാണ് ബാഹിസിന്റെ ഉള്ളിൽ. ഇവ രണ്ടിന്റെയും ഏറ്റുമുട്ടലിന്റെ പാത്രമാണ് മനുഷ്യനെന്ന് അയാൾ, "ജീവിക്കാനുള്ള അഭിലാഷത്തോടൊപ്പം ഓരോ മനസ്സിലുമുണ്ട് മരണദാഹവും. അത് സ്വയം കണ്ടെത്തി അതിനോട് എങ്ങനെ പ്രതികരിക്കണമെന്നതാണ് ജീവിതം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി", എന്ന വരികളിലൂടെ ചൂണ്ടിക്കാട്ടുന്നു. ജീവിതനിരർത്ഥകതയിൽ മനം മടുത്ത മനുഷ്യനാണ് ബാഹിസ്, അതിനാൽത്തന്നെ അയാൾ ആത്മഹത്യയെ അങ്ങേയറ്റം ഇഷ്ടപെടുന്നു,
ഷോപ്പനോവറിന്റെ നിരാശാവാദ തത്വചിന്ത, അദ്ദേഹം തന്റെ മഹത്തായ ഗ്രന്ഥമായ 'ദി വേൾഡ് ആസ് വിൽ ആൻഡ് റെപ്രസെന്റേഷൻ' എന്ന കൃതിയിൽ സൃഷ്ടിച്ച പരാഗണുക്കളിലൂടെ തുടരുന്നു. മനുഷ്യജീവിതത്തിന്റെ ഭയാനകമായ സ്വഭാവം അവിടെ വിശദമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. ജീവിതത്തെ ദുഷിച്ചതും ഭാരമേറിയതും കുഴപ്പങ്ങൾ നിറഞ്ഞതും അതുകൊണ്ട് ശപിക്കപ്പെടേണ്ട ഒന്നുമായി കാണുന്ന ഒരു നിരാശാവാദിയുടെ ചിത്രം ഈയൊരു കൃതി വായിക്കുന്നവർക്ക് ലഭിക്കും. അദ്ദേഹത്തിന്റെ കൃതിയിൽ ചിത്രീകരിച്ചിരിക്കുന്ന നിരാശാവാദത്തെക്കുറിച്ചുള്ള തത്വചിന്ത വിശകലനം ചെയ്യുമ്പോൾ, ശാസ്ത്രം, സാങ്കേതികവിദ്യ, രാഷ്ട്രീയം തുടങ്ങിയ മാധ്യമങ്ങളിലൂടെ മനുഷ്യർക്കായി മെച്ചപ്പെട്ട ഒരു ലോകം സൃഷ്ടിക്കാൻ ശ്രമിക്കുന്നതിൽ അർത്ഥമില്ലെന്നും, ലോകത്തെ മാറ്റാനുള്ള ആഹ്ളാദത്തിൽ നിന്ന് വിരമിച്ച് സന്ന്യാസത്തിലും സൗന്ദര്യാനുഭൂതിയിലും ഏർപ്പെടുന്നതാണ് നല്ലതെന്നുമുള്ള അഭിപ്രായം കണ്ടെത്താം. അത്തരമൊരു പ്രസ്താവന സഹമനുഷ്യരുടെ ക്ഷേമത്തിനായി, ലോകത്തെ മാറ്റാനായി ആവേശത്തോടെ പ്രവർത്തിക്കുന്ന ചിന്തകരിൽ അസഹിഷ്ണുത സൃഷ്ടിച്ചു. ഷോപ്പനോവറിന്റെ നിരാശാവാദ തത്വചിന്തയ്ക്കും, ലോകത്തെയും മനുഷ്യരുടെ ദുഃഖങ്ങളെയും കുറിച്ച് അദ്ദേഹം കാഴ്ച വയ്ക്കുന്ന ഭീകരമായ സമീപനത്തിനും നൽകാവുന്ന പ്രതികരണം, "അപ്പോൾ ജീവിക്കുന്നതിന്റെ അർത്ഥമെന്താണ്?" എന്നതുപോലെയുള്ള വ്യക്തമായ ചോദ്യങ്ങളും വിമർശനങ്ങളുമായിരുന്നു. ഒപ്പം, ഷോപ്പനോവർ തന്റെ വാദങ്ങൾ അവതരിപ്പിക്കുന്ന രീതി, ആത്മഹത്യ ചെയ്യാനുള്ള പ്രവൃത്തിയെമാത്രം പ്രോത്സാഹിപ്പിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്നു, കാരണം അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്, അസ്തിത്വമില്ലാതിരിക്കുന്നത് അസ്തിത്വത്തേക്കാൾ മെച്ചമാണെന്ന്. എന്നാൽ, ആത്മഹത്യയെ അദ്ദേഹം ഒരിക്കലും പിന്തുണച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ഉപദേശങ്ങളിൽ നിന്ന് വ്യക്തമാണ്. മരണം നമ്മൾ അനുഭവിക്കുന്ന എല്ലാത്തിനും അന്ത്യം കുറിക്കുന്ന ഒന്നല്ലെന്ന് അദ്ദേഹം പറയുന്നു. ആത്മഹത്യ ചെയ്യുക എന്നത് ഇച്ഛയെ വീണ്ടും ഉറപ്പിക്കുക മാത്രമാണ്. ഷോപ്പനോവർ മരണത്തെ മനുഷ്യജീവിതത്തിന്റെ ലക്ഷ്യമായി കണക്കാക്കുന്നുവെന്ന് വ്യാഖ്യാനങ്ങളുണ്ട്. ഷോപ്പനോവറിന്റെ കാഴ്ചപ്പാടിൽ മനുഷ്യജീവിതം അസാധ്യവും അതിശയിപ്പിക്കും വിധം നിരാശയും വേദനയും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഈയൊരു അവസ്ഥയുടെ അടിസ്ഥാനം മനുഷ്യന്റെ അന്ത്യമില്ലാത്ത ആഗ്രഹങ്ങളാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു. മനുഷ്യന്റെ അനന്തമായ ആഗ്രഹവായ്പ്പുകളെ അദ്ദേഹം will അഥവാ ഇച്ഛ എന്ന് വിശേഷിപ്പിച്ചു. മനുഷ്യനെ നയിക്കുന്ന ശക്തി അവന്റെ യുക്തിയുടെ മാഹാത്മ്യമല്ല മറിച്ചു അടിസ്ഥാന സഹജാവബോധമായ ആഗ്രഹങ്ങളാണ്.
ബുദ്ധമതത്തിലെ പ്രധാന ദാർശനിക സിദ്ധാന്തങ്ങളിലൊന്നാണ് ക്ഷണികവാദം. ഈ സിദ്ധാന്തമനുസരിച്ച് ലോകത്തിലെ എല്ലാ വസ്തുക്കളും, ഭൗതികവും മാനസികവുമായത്, ക്ഷണമാത്രമാണ് നിലനിൽക്കുന്നത്. നിത്യമായ സത്ത യാതൊന്നിലുമില്ലെന്ന് ബുദ്ധൻ പറയുന്നു. ജീവിതത്തോടനുബന്ധിച്ചുള്ള ആസ്വാദനങ്ങളും മനോഭാവങ്ങളും മാറ്റിമറിക്കാൻ ഉതകുന്ന സിദ്ധാന്തമാണ് ക്ഷണികവാദം. അത് സാധൂകരിക്കാനാവാം "ഏതായാലും മരിക്കുന്ന തടിയാ. ജീവിതത്തിലെ ഓരോ സുഖാനുഭവവും ക്ഷണികമാണെന്ന് സ്വയം ബോധ്യപ്പെടുത്താം" എന്ന് ശരീരസുഖം തേടിപ്പോവുന്ന വേളയിൽ ബാഹിസ് പറയുന്നത്. ഒന്നും തന്നെ നിത്യമോ ശാശ്വതമോ അല്ലായെന്ന പൊരുൾ അനുഭവാടിസ്ഥാനത്തിൽ തെളിയിക്കാൻ ശ്രമിക്കുന്ന യുവാവാണ് ബാഹിസ്. ജീവിതവും ലോകവും മാറ്റങ്ങളുടെ ഒരു അനന്തമായ പുഴപോലെ ഒഴുകുകയാണെന്ന് അവൻ മനസ്സിലാക്കിയിരിക്കുന്നുണ്ടെന്ന് കാണാം. സഹമനുഷ്യരോട് തെല്ലും അനുകമ്പ ഇല്ലാത്ത ആളാണ് ബാഹിസ്. ബാറിൽ വെച്ച് കണ്ടുമുട്ടുന്ന മദ്ധ്യവയസ്കൻ മദ്യലഹരിയിൽ തന്റെ ജീവിതകഥ പറഞ്ഞ ഏങ്ങലടിക്കുമ്പോൾ "തനിക്ക് ആത്‍മഹത്യ ചെയ്യരുതോ?" എന്ന് ബാഹിസ് ചോദിക്കുന്നു. സാധാരണ ഒരു മനുഷ്യൻ തന്റെ മുന്നിൽ നിൽക്കുന്ന വ്യക്തിയുടെ മാനസികാവസ്ഥ മനസിലാക്കാൻ ശ്രമിച്ച് അവസരോചിതമായി പെരുമാറുകയോ, അല്ലെങ്കിൽ മനസിലാകാത്ത പക്ഷം മൗനം പാലിക്കുകയോ ചെയ്യും. എന്നാൽ ഇതിനു ഘടകവിരുദ്ധമായാണ് ബാഹിസ് പ്രവർത്തിച്ചിരിക്കുന്നത്. ഇതേ മനോഭാവം അയാൾ ഒരു യാചകനോടും പ്രകടിപ്പിക്കുന്നുണ്ട്. "ഒരു നിലയ്ക്ക് ചിന്തിച്ചാൽ ഇയാളൊക്കെ ഒന്നും കിട്ടാതെ വിഷമിക്കണം. എന്നാലെ ഈ ജീവിതം എത്രമാത്രം പൊള്ളയാണെന്ന് ഇയാളറിയൂ" എന്ന ബാഹിസിന്റെ പ്രതികരണത്തിലൂടെ മനുഷ്യനോടുള്ള വെറുപ്പും ലോകത്തോടുള്ള വിരക്തിയും പ്രതിധ്വനിക്കുന്നതായി കാണാം.
ജീവിതം നിരർത്ഥകമാണെന്ന് ബാഹിസ് വിശ്വസിക്കുന്നു, അത്തരമൊരു ജീവിത കാഴ്ചപ്പാട് താൻ സ്വയം കണ്ടെത്തിയതാണെന്നും ചിന്തകരുടെയോ മറ്റാരുടെയും സ്വാധീനത്താൽ അല്ലെന്നും വദിക്കുന്ന ബാഹിസിനെ നമുക്ക് കാണാൻ കഴിയും. ഈ വേളയിൽ അമേരിക്കൻ തിയോളോജിസ്റ്റായ റോജർ എൻ ഷിനിന്റെ നിരീക്ഷണം ചേർത്തുവായിക്കാവുന്നതാണ്; ഏതൊരു സ്വാഭിമാനിയായ അസ്തിത്വവാദിയും തന്നെ അസ്തിത്വവാദിയെന്ന് വിളിക്കാൻ വിസമ്മതിക്കുന്നു. അവർ ഊന്നിപ്പറയുന്നത് വ്യക്തിപരമായ അനുഭവങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചാണ് എന്ന് ഷിൻ അഭിപ്രായപ്പെടുന്നുണ്ട്. നഗരത്തിലെ ടിപ്പുവിന്റെ കോട്ടയുടെ ഉയരത്തിലേക്ക് നോക്കി "അവിടുന്നു ചാടി മരിക്കാൻ നല്ല സുഖമായിരിക്കും" എന്ന് ബാഹിസ് പറയുമ്പോൾ, ജീവിതത്തോട് നിരന്തരം ഒരു യുദ്ധത്തിലേർപ്പെട്ട ഇനിയൊരു പ്രതീക്ഷക്കും വക നല്കാൻ താല്പര്യമില്ലാത്ത മരണത്തെ അത്രമേൽ കാമനയോടെ കാണുന്ന ഒരു നിലയിലേക്ക് മാറുന്നുണ്ട് ബാഹിസ്. "മരിക്കുന്നത് പ്രേമനൈരാശ്യം കൊണ്ടല്ല, ജോലി കിട്ടാഞ്ഞിട്ടല്ല, മാറാരോഗം കൊണ്ടല്ല, ഈ ജീവിതം വ്യർത്ഥമാണെന്നറിയുന്നതു കൊണ്ടാണ്" എന്നു പരാമർശിക്കുന്നതിലൂടെ അഭിലഷണീയമായ യാതൊന്നും തന്നെ ബാഹിസ് തന്റെ ജീവിതയാത്രയിൽ പ്രതീക്ഷിക്കുന്നില്ല എന്ന സൂചനയാണ് തരുന്നത്.
"ഒരു പശുവാകുന്നതാണ് നല്ലത്. ഒരു മൃഗമായാലുള്ള സുഖത്തെപ്പറ്റി എത്രപേർ സ്വപ്നം കണ്ടിട്ടുണ്ടെന്നറിയാമോ? എന്നാൽ, ചിന്തിക്കുന്ന പ്രശ്നമില്ലല്ലോ. ചിന്തിക്കുന്നതുകൊണ്ടാണ് എല്ലാ അല്ലലും അലട്ടലും." സ്വന്തം പ്രജ്ഞപോലും ബാഹിസിനു ശാപമായി തോന്നിത്തുടങ്ങിയിരുന്നു. എല്ലാവിധ ദുഃഖങ്ങളുടെയും ഉറവിടം പ്രജ്ഞയാണെന്ന് അയാൾ കരുതുന്നു. എല്ലാത്തരം ഭീകരതകളുടെയും മാതാവായിട്ടാണ് അമേരിക്കൻ സാഹിത്യകാരനും ചിന്തകനുമായ തോമസ് ലിഗോട്ടി ബോധത്തെ വ്യാഖ്യാനിക്കുന്നത്. അത് ജീവിതത്തിൽ ആവശ്യമായ കഷ്ടതകൾ വർധിപ്പിക്കുകയും അനാവശ്യമായ കഷ്ടതകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ കഷ്ടത അനുഭവിക്കുന്നവർ ഏത് വിധേനയും അത് മറച്ചുപിടിക്കാൻ ശ്രമിച്ചുകൊണ്ട് ജീവിക്കാൻ വെമ്പുന്നു (ലിഗോട്ടി,69). പീറ്റർ വെസ്സൽ സാപ്ഫേ എന്ന നോർവീജിയൻ തത്വചിന്തകൻ തന്റെ പ്രസിദ്ധമായ 'ദി ലാസ്റ്റ് മിസിയ' എന്ന കൃതിയിൽ മനുഷ്യ അസ്തിത്വത്തിന്റെ ദുരന്തമായി വാദിക്കുന്നത് മനുഷ്യന് പരിണാമത്തിന്റെ ഘട്ടത്തിൽ ലഭിച്ച ബോധത്തിന്റെ ഉണർവാണെന്നാണ്. ഈ അമിതബോധം (surplus of consciousness) മനുഷ്യനെ അർത്ഥശൂന്യതയിലേക്കും നിരാശയിലേക്കും നയിക്കുന്നു (സാപ്ഫേ,5). ബോധത്തിന്റെ പ്രവർത്തനം കൃത്രിമമായി പരിമിതപ്പെടുത്തുന്നതിലൂടെ മിക്ക ആളുകളും സ്വയം രക്ഷിക്കാൻ പഠിക്കുന്നു. അല്ലാത്ത പക്ഷം പണ്ടേക്കു പണ്ടേ മനുഷ്യകുലം പ്രജ്ഞയ്ക്ക് കീഴടങ്ങി ജീവൻ വെടിഞ്ഞേനെ.
എന്തിനാണ് ആളുകൾ ഈശ്വരനെ പൂജിക്കുന്നത്, അത് മനുഷ്യന്റെ സൃഷ്ടിയല്ലേ എന്ന് ബാഹിസ് ഒരു വേള തന്റെ സുഹൃത്തായ രാമചന്ദ്രൻ സാറിനോട് ചോദിക്കുന്നുണ്ട്. ജീവിതത്തിലെ നിസ്സഹായാവസ്ഥകളിൽ മനുഷ്യന് അത്തരമൊരു ആശ്വാസത്തെ പറ്റി വെളിപാടുണ്ടാകുമെന്ന സാറിന്റെ മറുപടിക്ക് ജീവിതം തന്നെ നിസ്സഹായാവസ്ഥയാണെന്നും അതിൽ ഇനിയും നിസ്സഹായത നിറഞ്ഞ അവസ്ഥ വന്നാൽ ആ നിമിഷം താൻ ആത്മഹത്യ ചെയ്യുമെന്നും ബാഹിസ് തുറന്നടിക്കുന്നുണ്ട്. ഇത്തരം നിസ്സഹായാവസ്ഥകൾ ഉണ്ടാകാൻ കാരണം പ്രജ്ഞ ആണെന്ന് ലിഗോട്ടിയും സാപ്‌ഫെയും വ്യക്തമാക്കിയത് നമ്മൾ കണ്ടതാണ്. സാപ്‌ഫെ മനുഷ്യരുടെ ജൈവിക സങ്കടം (biological predicament) സംബന്ധിച്ച രണ്ട് പ്രധാന നിഗമനങ്ങളിലെത്തി; ബോധം അസഹ്യമായ ഒരു സവിശേഷതയായി മാറിയിരിക്കുന്നു, അതിനാൽ ബോധത്തിന്റെ തോത് കുറയ്‌ക്കേണ്ടതുണ്ട്. ഈ പ്രശ്നം നിയന്ത്രിക്കാൻ മനുഷ്യർ നാലു പ്രധാന തന്ത്രങ്ങൾ ഉപയോഗിക്കുന്നു. isolation , anchoring ,distraction ,sublimation , എന്നിങ്ങനെയെന്ന് അവയെ തിരിച്ചിരിക്കുന്നത്. isolation അഥവാ ഒറ്റപ്പെടുത്തൽ എന്ന അവസ്ഥയിൽ ജീവിതത്തിലെ കഠിനസത്യങ്ങളെ മനസ്സിന്റെ ഒരു മൂലയിൽ അടച്ചുപൂട്ടുന്നു. വീടിനുള്ളിലെ ഇരുട്ടറയിൽ തളച്ചിരിക്കുന്ന മനോരോഗിയെ പോലെ ഈ സത്യങ്ങളും തമ്സ്കരിക്കപ്പെടുന്നു. ആങ്കറിങ് എന്ന വിദ്യയിൽ ജീവിതത്തെ ദൈവം, നീതി, കുടുംബം മുതലായ സ്ഥിരതയുള്ള ആശയങ്ങളിൽ ഘടിപ്പിച്ച് സുരക്ഷിതത്വം അനുഭവിക്കുന്നു. ഭയാനകമായ യാഥാർത്ഥ്യത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനായി ടിവി, ജോലി, രാഷ്ട്രീയം , ശാസ്ത്രം തുടങ്ങിയ ചിത്ര വിചിത്രമായ കാര്യങ്ങളിൽ മനസ്സ് ലയിപ്പിക്കുന്നതാണ് distraction അഥവാ ശ്രദ്ധ തിരിക്കൽ. sublimation അല്ലെങ്കിൽ ഉന്നയനം എന്ന പദ്ധതിയിൽ ജീവിതത്തിലെ അപ്രിയ സത്യങ്ങളെ കലയിലോ തത്വചിന്തയിലോ കിങ് ലിയർ പോലുള്ള ദുഃഖാന്ത നാടകങ്ങൾ സൃഷ്ടിച്ചോ യഥാർത്ഥ ദുഃഖം മങ്ങിപ്പിക്കുന്നു. മനുഷ്യർ ജീവിതത്തിലെ ദുഃഖം തള്ളിപ്പറയുകയോ, ശ്രദ്ധ തിരിക്കുകയോ, ആശ്രയം കണ്ടെത്തുകയോ, കലയിൽ മാറ്റിസ്ഥാപിക്കുകയോ ചെയ്യുന്നു. ആശ്രയം കണ്ടെത്താനുള്ള വിദ്യയെ ന്യായീകരിച്ചുകൊണ്ടാണ് രാമചന്ദ്രൻ സാർ ബാഹിസിനോട് ഈശ്വരപൂജയെ അനുബന്ധിച്ച മറുപടി നൽകുന്നത്.
വെര്‍ടിബ്രല്‍ ഫ്രാക്ചര്‍ സംഭവിച്ചു കഴുത്തിന് താഴോട്ട് ചലനമറ്റ് ശിഷ്ടകാലം സേവിക്കേണ്ടി വരുന്ന അവസ്ഥയിലാണ് ഒടുക്കം ബാഹിസ് എത്തിച്ചേർന്നത്. ആത്മഹത്യ ചെയ്യാൻ പോലും പറ്റാത്ത അവസ്ഥകൾ ജീവിതത്തിലുണ്ടെന്ന രാമചന്ദ്രൻ സാറിന്റെ മറുപടി അർത്ഥവത്താകുന്ന തരത്തിലാണ് ഒടുവിൽ ബാഹിസ് പരാജിതനാകുന്നത്. ഏത് നിസ്സഹായാവസ്ഥയാണോ ഉണ്ടാവുക, ആ നിമിഷം താൻ ജീവിതമവസാനിപ്പിക്കുമെന്ന് വാശിയിൽ പ്രസ്താവിച്ച ബാഹിസ് പരസ്പര സഹായമില്ലാതെ കണ്ണും നാക്കും മാത്രം ചലിപ്പിക്കാൻ കഴിയുന്ന ദുരവസ്ഥയിലേക്കോടുങ്ങുന്ന ദുരന്ത കഥാപാത്രമായി മാറുന്നു. ഏതു നിമിഷവും എന്തും നടക്കാമെന്ന ജീവിതത്തിന്റെ വിശേഷണം അർത്ഥപൂർണ്ണമാകുന്ന ഒരു അസംബന്ധമാണ് കഥാകാരൻ വരച്ചിടുന്നത്. വിധിയെന്നും ആകസ്മിതകളെന്നും വിളിക്കുന്ന സംഭവങ്ങളാൽ ജീവിതത്തിന്റെ കണക്കുകൂട്ടലുകൾ തകിടം മറിയുന്നു.
എല്ലാവിധ വ്യവസ്ഥിതികളോടും കലഹിക്കുന്ന 'എതിർ മനുഷ്യനാ'ണ് അസ്തിത്വവാദി. ജീവിതത്തിലെ മുഴുവൻ അർത്ഥങ്ങളുടെയും മൂല്യങ്ങളുടെയും സൃഷ്ടാവ് മനുഷ്യൻ മാത്രമാണെന്ന് വിശ്വസിക്കുന്ന അയാളെ സംബന്ധിച്ചിടത്തോളം ജീവിക്കുക എന്നതിനർത്ഥം യഥാർത്ഥ ലോകത്തോട് എതിരിടുക എന്നതാണ് (മാക്വറി,30). അതിനുള്ള ഒരേയൊരു മാർഗമാണ് നിഷേധം (negation), അത് സാധ്യമായിത്തീരുന്നതാകട്ടെ അന്യവത്കരണത്തിലൂടെയും (alienation). ഇങ്ങനെ സ്വന്തം വിശ്വാസങ്ങൾക്കനുസരിച്ച് ജീവിതം നയിക്കുന്ന അസ്തിത്വവാദി സമൂഹത്തെ ധിക്കരിക്കുകയും ഞെട്ടിക്കുകയും ചെയ്യുന്നു. കിർക്കെഗാഡിൽ ആരംഭിച്ചു നീച്ചയിലൂടെയും മറ്റും വികസിച്ചു സാർത്രിൽ പൂർണ്ണത പ്രാപിച്ച ദാർശനിക മണ്ഡലമാണ് അസ്തിത്വവാദം. അസ്തിത്വവാദത്തിന്റെ ആവർത്തിച്ചുള്ള ആശയങ്ങളിൽ പരിമിതത (finitude), കുറ്റബോധം (guilt), അന്യീകരണം (alienation), നിരാശ (despair), മരണം എന്നിവ ഉൾപ്പെടുന്നു. അസ്തിത്വവാദികൾ ഇവ വിശദമായി പരിഗണിക്കുന്നുണ്ട്. ചില അസ്തിത്വവാദികൾ അവർ നിരാശാവാദികളാണെന്ന് അംഗീകരിക്കുമ്പോൾ മറ്റുചിലർ ആശവാദികളാണെന്ന് അവകാശപ്പെടുന്നതും കാണാം. മനുഷ്യന്റെ സ്വാതന്ത്ര്യവും യഥാർത്ഥ വ്യക്തിത്വത്തിനായുള്ള അന്വേഷണവും പലവിധ പ്രതിരോധങ്ങളെയും തടസ്സങ്ങളെയും നേരിടുകയും ചെയ്യുന്നുണ്ട്. ജീവിതം അർത്ഥശൂന്യമാണെന്ന തോന്നൽ ഉളവാക്കുന്നതാണ് പലരും മരണത്തെ പുൽകാൻ കാരണം. ജനിക്കുകയെ വേണ്ടിയിരുന്നില്ലയെന്ന് ബാഹിസ് എപ്പോഴെങ്കിലുമൊക്കെ ആഗ്രഹിച്ചിട്ടുണ്ടാവാം.
ജീവിതമൊരു തീരാവേദനയുടെ ഭാണ്ഡകെട്ടാണെന്നും അത് ചുമക്കുക ഒരു ഭഗീരഥപ്രയത്നമാണെന്നു അസ്‌തിത്വദുഃഖം പേറുന്നവർ വിശ്വസിക്കുന്നു. ജീവിതത്തിന്റെ നിരർത്ഥകതയെയും മരണത്തിന്റെ ശാന്തിയെയും പറ്റി വാചാലനാകുന്ന ബാഹിസ് എന്തുകൊണ്ടങ്ങനെ ജീവിതത്തെ നോക്കിക്കാണുന്നുവെന്ന് വെളിവാക്കുന്ന യാതൊന്നും തന്നെ അയാളുടെ യൗവന ജീവിതത്തിൽ കഥാകാരൻ പരാമർശിക്കുന്നില്ല. ബാല്യകാലത്തു നേരിടേണ്ടി വന്ന ജീവിതയാഥാർത്ഥ്യങ്ങളുടെ ആഴത്തിലുള്ള പ്രഹരമാവാം ബാഹിസിനെ ജീവിതമൊരു മനം മടുപ്പിക്കുന്ന ദുർഗന്ധമാണെന്ന് തോന്നിപ്പിച്ചത്. മരണം വരിച്ച് ഈ ജീവിതത്തിൽ നിന്ന് രക്ഷനേടാൻ ആഗ്രഹിച്ചിരുന്ന ബാഹിസിനെ കാത്തിരുന്ന വിധി മറ്റൊന്നായിത്തീരുന്നിടത്ത് മനുഷ്യായുസ്സിന്റെ ഉറപ്പിന്റെ absurdity തെളിഞ്ഞുവരുന്നു. "നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ നരകവാരിധി നടുവിൽ ഞാൻ" എന്ന വരിയും, ആദിശങ്കരൻ മോഹമുദ്ഗരത്തിൽ എഴുതിയ "ലോകം ശോകഹതം ച സമസ്തം" എന്നതും കക്കട്ടിലിന്റെ കഥയിലെ അവസ്ഥയ്ക്ക് യോജിച്ച വീക്ഷണങ്ങളാണ്.
ഉപസംഹാരം
"മൃത്യുയോഗം" കഥയിലെ ബാഹിസിന്റെ ജീവിതദർശനം അസ്തിത്വവാദത്തിന്റെയും നിരാശാവാദത്തിന്റെയും ഒരു ശക്തമായ പ്രതിഫലനമാണ്. മനുഷ്യന്റെ ബോധം തന്നെ ഒരു ശാപമായി കാണുന്ന അവന്റെ ചിന്താഗതി പീറ്റർ വെസ്സെൽ സാപ്‌ഫെയുടെയും ഷോപ്പനോവറിന്റെയും തത്ത്വചിന്തയുമായി യോജിക്കുന്നു. ജീവിതത്തിന്റെ അർത്ഥശൂന്യത, മരണത്തോടുള്ള മോഹം, മതവിശ്വാസങ്ങളെയും മറ്റും നിരന്തരം ചോദ്യം ചെയ്യുന്ന അവന്റെ സ്വഭാവം, ബുദ്ധമതത്തിലെ ദുഃഖസത്യത്തിന് സമാന്തരമായി നിൽക്കുന്നു. ബാഹിസ് തന്റെ ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നത്, ഒരു ആത്മഹത്യയായി മാത്രമല്ല, ഈ അർത്ഥരഹിതമായ ലോകത്തിൽ നിന്നുള്ള ഒരു മോചനമായും അദ്ദേഹം കാണുന്നു.
അക്ബർ കക്കട്ടിൽ ഈ കഥയിലൂടെ മനുഷ്യന്റെ അസ്തിത്വപ്രശ്നങ്ങളെ ആഴത്തിൽ തൊടുന്നുണ്ട്. ബാഹിസിന്റെ ചിന്തകൾ വായനക്കാരനെ ജീവിതത്തിന്റെ അടിസ്ഥാനപ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു - ഒരു ലോകത്തിൽ, ബോധം തന്നെ ഒരു ഭാരമാകുമ്പോൾ, ജീവിക്കുന്നതിന്റെ അർത്ഥം എന്താണ്? മരണത്തോടുള്ള ആകർഷണം, മോക്ഷത്തിനായുള്ള തേടലാകാം, അല്ലെങ്കിൽ വെറും നിരാശയുടെ പ്രകടനമാകാം. എന്നാൽ ബാഹിസിന്റെ വിഷാദം, അതിന്റെ എല്ലാ ഭാരത്തോടെയും, മനുഷ്യൻ തന്റെ സ്വന്തം ബോധത്തിന്റെ കുടുക്കിൽ കുടുങ്ങിയ ഒരു ജീവിയാണെന്ന സത്യത്തെ നമ്മുടെ മുന്നിൽ കൊണ്ടുവരുന്നു. എല്ലാം നിരർത്ഥമാണെന്നും ദുരന്തം സംഭവിച്ചാൽ തനിക്ക് ജീവിച്ചിരിക്കാനാവില്ലെന്നും വാദിച്ച ബാഹിസ്, പക്ഷേ, ഒടുവിൽ ഒരു അപ്രതീക്ഷിതാഘാതം തന്നെ കിടത്തിയപ്പോൾ, മരണത്തിനുള്ള തന്റെ ധീരമായ സങ്കല്പങ്ങൾക്ക് പോലും അർത്ഥമില്ലായിരുന്നുവെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടാവണം. അങ്ങനെ, "മൃത്യുയോഗം" എന്ന കഥ നിരാശാവാദത്തിന്റെയും അസ്തിത്വവാദത്തിന്റെയും ഒരു ദാർശനിക പ്രതിഭാസമായി നിൽക്കുന്നു.
ഗ്രന്ഥസൂചി
അക്ബർ കക്കട്ടിൽ. മൃത്യുയോഗം, ഡി സി ബുക്ക്സ്, 2004
പി.കെ. രാജശേഖരൻ. കഥാന്തരങ്ങൾ, മാതൃഭൂമി ബുക്ക്സ്, 2007
ആർതർ ഷോപ്പനോവർ, 'ദി വേൾഡ് ആസ് വിൽ ആൻഡ് റെപ്രസെന്റേഷൻ', ഡോവർ പബ്ലിക്കേഷൻസ്, 1999
പീറ്റർ വെസ്സൽ സാപ്‌ഫെ, ദി ലാസ്റ്റ് മിസിയ, ഫിലോസഫി നൗ, 1999
തോമസ് ലിഗോട്ടി, ദി കോൺസ്പിറസി അഗൈൻസ്റ് ഹ്യൂമൻ റേസ്, ഹിപ്പോകാമ്പസ്സ് പ്രസ്സ് , 2011
കാമ്യ രാഗോ ജി ആർ
ഗവേഷക വിദ്യാർത്ഥി
തത്വശാസ്ത്ര വിഭാഗം
ഗവണ്മെന്റ് വനിതാ കോളേജ് വഴുതക്കാട്
9656351020





Comments