മാധ്യമസ്വാധീനം കുറ്റാന്വേഷണത്തിൽ
- GCW MALAYALAM
- Sep 14
- 5 min read
Updated: Sep 15
ഡോ.ലാലു വി.

പ്രബന്ധസംഗ്രഹം : എല്ലാ കാലഘട്ടത്തിലും ജനപ്രിയസാഹിത്യരൂപമായി നിലകൊ ള്ളുന്ന ഒന്നാണ് കുറ്റാന്വേഷണസാഹിത്യം. ടെലിവിഷൻ, പോഡ് കാസ്റ്റുകൾ,സോഷ്യൽ മീഡിയയുടെ വ്യാപനം,മാധ്യമങ്ങളുടെസ്വാധീനം തുടങ്ങിയവ കുറ്റാന്വേഷണകൃതികളെ കൂടുതൽ ജനകീയമാക്കി മാറ്റി. മാധ്യമങ്ങളുടെ ഇടപെടലിലൂടെ നിരപരാധികളായ പലരും പ്രതിയാക്കപ്പെടുന്നത് ഇന്ന് പല കുറ്റകൃത്യങ്ങളിലും കാണാൻ കഴിയും. യഥാർത്ഥ പ്രതിയിൽ നിന്ന് ശ്രദ്ധ മാറി മാധ്യമങ്ങൾ സൃഷ്ടിക്കുന്ന പ്രതി പട്ടികയിലേക്ക് അന്വേഷണ ഉദ്യോഗസ്ഥർ എത്തിച്ചേരുന്ന കാഴ്ച ഇന്നത്തെ പല കുറ്റാന്വേഷണങ്ങളിലും കാണാം. മാധ്യമങ്ങൾ വളരെയേറെ സ്വാധീനം ചെലുത്തുന്ന ഒരു സമൂഹമായി മാറിയതുകൊണ്ടു തന്നെ വ്യാജനിർമ്മിതികളെ വിശ്വസിക്കാൻ ജനസമൂഹം നിർബന്ധിതരാകുന്നു. കുറ്റാന്വേ ഷണത്തെ സ്വാധീനിക്കാനും വഴിതിരിച്ചുവിടാനും മാധ്യമ ഇടപെടലുകൾക്ക് കഴിയുന്ന ഒരു സാഹചര്യം ലോകമെമ്പാടുമുണ്ട്. അത്തരത്തിൽ മാധ്യമ പ്രവർത്തകരുടെയും മാധ്യമ ങ്ങളുടെയും ഇടപെടൽ കൊണ്ട് പ്രതിയാകേണ്ടി വന്ന ഒരാളുടെ നിരപരാധിത്വം തെളിയി ക്കാനായി അതിന് കാരണക്കാരിയായ മാധ്യമപ്രവർത്തക തന്നെ മുൻകൈയെടുക്കുന്ന കഥാപശ്ചാത്തലമാണ് ലാജോ ജോസിന്റെ ‘കോഫി ഹൗസ്’ എന്ന നോവലിലുള്ളത്. ലാജോ ജോസിന്റെ കോഫി ഹൗസ് എന്ന നോവലിനെ മുൻനിർത്തി മാധ്യമസ്വാധീനം കുറ്റാന്വേഷണ ത്തിൽ എപ്രകാരമെല്ലാം പ്രകടമാകുന്നു എന്ന പഠനമാണ് ഈ പ്രബന്ധത്തിലൂടെ നിർവഹി ക്കുന്നത്.
താക്കോൽ വാക്കുകൾ: കുറ്റാന്വേഷണസാഹിത്യം, ജനപ്രിയത, മാധ്യമ സ്വാധീനം, വ്യാജ നിർമ്മിതികൾ, മാധ്യമങ്ങളുടെ രാഷ്ട്രീയം.
മനുഷ്യൻറെ അന്വേഷണ വാസനയും നിഗൂഢതകളിൽ നിന്ന് സത്യം കണ്ടെത്തുവാനുള്ള ത്വരയുമാണ് കുറ്റാന്വേഷണ സാഹിത്യത്തെ ജനപ്രിയമാക്കുന്ന പ്രധാന ഘടകങ്ങൾ. വായനക്കാരനിൽ ആകാംക്ഷയും ഉദ്വേഗവും ജിജ്ഞാസയും ജനിപ്പിച്ചു കൊണ്ടാണ് കുറ്റാന്വേഷണകഥകൾ മുന്നേറുന്നത്. വായനക്കാരന്റെ ബുദ്ധി സാമർ ത്ഥ്യത്തെ വെല്ലുവിളിച്ചു കൊണ്ട് മുന്നേറുന്ന കഥകളോടാണ് ആസ്വാദകർക്ക് കൂടുതൽ താല്പര്യം. ഇതിവൃത്തത്തിലും ആഖ്യാനത്തിലും സസ്പെൻസിലും വ്യത്യസ്തത പുലർത്തുന്ന കുറ്റാന്വേഷണകൃതികളെ വായനക്കാർ ആവേശപൂർവം സ്വീകരിക്കുന്നു. ഇവയിലെല്ലാം വ്യത്യസ്തത കൊണ്ടുവരാൻ വൈദഗ്ദ്ധ്യമുള്ള കുറ്റാന്വേഷണസാഹിത്യകാരന്മാർ മാത്രമേ കുറ്റാന്വേഷണ സാഹിത്യലോകത്ത് നിലനിൽക്കുകയുള്ളൂ. കുറ്റാന്വേഷണത്തിലെ ഏറ്റവും കൗതുകകരമായ സസ്പെൻസ്, നിഗൂഢതകൾ, വഴിത്തിരിവുകൾ എന്നിവ ഫലപ്രദമായി ആവിഷ്കരിക്കുന്ന കൃതികളെ ആസ്വാദകലോകം ആവേശപൂർവ്വം സ്വീകരിക്കുന്നു. അത്ത രത്തിൽ സസ്പെൻസും നിഗൂഢതയും വഴിത്തിരിവുകളും നിറഞ്ഞ ശ്രദ്ധേയമായ ഒരു കുറ്റാന്വേഷണനോവലാണ് ലാജോ ജോസ് എഴുതിയ ‘കോഫി ഹൗസ്’. മാധ്യമങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും ഇടപെടലിലൂടെ ഒരു നിരപരാധി കുറ്റവാളിയായി മാറുന്ന കാഴ്ച ഈ നോവലിൽ കാണാം. സത്യം തിരിച്ചറിഞ്ഞ് അതിന് പ്രധാന കാരണക്കാരിയായ മാധ്യമപ്രവർത്തക തന്നെ പ്രതിയുടെ നിരപരാധിത്വം തെളിയിക്കാൻ ഇറങ്ങി പുറപ്പെടു ന്നുവെന്നതും ഈ നോവലിൻറെ പ്രത്യേകതയാണ്. .മാധ്യമങ്ങളുടെ ഇടപെടൽ കുറ്റാന്വേഷണത്തെ എപ്രകാരമെല്ലാം സ്വാധീനിക്കുന്നുവെന്നും മാധ്യമ രാഷ്ട്രീയം അന്വേ ഷണഗതിയെത്തന്നെ മാറ്റിമറിച്ചുകൊണ്ട് നിരപരാധിയെ എങ്ങനെ കുറ്റവാളിയാക്കുന്നു വെന്നും ഈ നോവൽ തുറന്നുകാട്ടുന്നു. കുറ്റാന്വേഷണത്തിനു പുറമേ വാർത്താ വിനിമ യത്തിന്റെ വിശ്വാസ്യത, മാധ്യമങ്ങളുടെ ഉത്തരവാദിത്വം, ജനങ്ങളുടെ പ്രതികരണം എന്നിവയെക്കുറിച്ചും ഈ നോവൽ ചിന്തിപ്പിക്കുന്നു.
കോട്ടയം ജില്ലയിലെ ഒരു കോഫി ഷോപ്പിൽ നാടിനെ നടുക്കിക്കൊണ്ടുനടന്ന അഞ്ചു കൊലപാതകങ്ങൾ, കൊലപാതകത്തിന് ശേഷം ഒരു പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസ്, അതിനെ പിന്തുടർന്നുനടന്ന അന്വേഷണങ്ങൾ, അറസ്റ്റ് രേഖപ്പെടുത്തൽ, മാധ്യമ ഇടപെടലുകൾ, മരണവിധി പ്രസ്താവിക്കൽ, ഒടുവിൽ പ്രതിയുടെ നിരപരാധിത്വം തെളിയിക്കാൻ അന്വേഷണത്തിനിറങ്ങുന്ന ഒരു മാധ്യമപ്രവർത്തക ഇതാണ് കോഫി ഹൗസ് എന്ന നോവലിൻറെ പശ്ചാത്തലം. കൊലപാതകത്തിനു പിന്നിലെ രഹസ്യ ങ്ങൾ കണ്ടുപിടിക്കാനുള്ള അന്വേഷണമാണ് പ്രമേയത്തിന്റെ മുഖ്യധാര.
കോട്ടയത്ത് വലിയ സർക്കുലേഷനുള്ള ഒരു വനിതാവാരികയിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകയായ എസ്തർ ഇമ്മാനുവൽ ആണ് ഇതിലെ കേന്ദ്ര കഥാപാത്രം. കോഫി ഹൗസ് കൊലപാതകങ്ങളിൽ അഞ്ചുവർഷംമുമ്പ് തെളിവെടുപ്പ് വൈകിയപ്പോൾ സോഷ്യൽമീഡിയ ക്യാമ്പയിനുകൾ ഉണ്ടാക്കി ആ കേസിൽ ബെഞ്ചമിൻ എന്നയാളെ അറസ്റ്റ് ചെയ്യിക്കാൻ മുമ്പിൽ നിന്നയാളാണ് എസ്തർ. ഒരു പെൺകുട്ടിയെ കൊലപ്പെടു ത്തിയ ശേഷം അവളെ ബലാത്സംഗം ചെയ്ത നീചനായ ബെഞ്ചമിനോട് എസ്തറിന് അല്പം പോലും സഹതാപം ഇല്ല. അതുകൊണ്ടുതന്നെ വർഷങ്ങൾക്കുശേഷം, അയാളുടെ വധ ശിക്ഷയ്ക്ക് മുമ്പ് അയാൾ കാണണം എന്നു പറഞ്ഞപ്പോൾ ദേഷ്യമാണ് അവൾക്കു തോ ന്നിയത്.പിന്നീട്എസ്തറിൻ്റെ ജീവിതത്തിൽ നടന്നതൊക്കെ അതിതീവ്രമായ അനുഭവങ്ങൾ ആയിരുന്നു. ബെഞ്ചമിന്റെ തുറന്നുപറച്ചിലും ദയനീയമായ നോട്ടവും അവളുടെ ചിന്താ ധാരകളെ മാറ്റി. കോഫി ഹൗസ് കൊലപാതകിയെ തേടി അവൾ പുതിയ യാത്ര തുടങ്ങു ന്നു. പക്ഷേ തെളിവുകൾ ബെഞ്ചമിന് എതിരുതന്നെയാണ്. അവളുടെ യാത്രകളിലെങ്ങും മറ്റൊരു തെളിവ് ലഭിക്കുന്നില്ല. പക്ഷേ നോവലിന്റെ ഒടുവിൽ വളരെ യാദൃശ്ചികമായി ആ കണ്ടെത്തൽ എസ്തർ നടത്തുന്നു. ജിനു എന്ന പെൺകുട്ടിയുടെ റേപ്പ് ഉൾപ്പെടെ നടത്തി യതും അഞ്ചു കൊലപാതകങ്ങൾ നടത്തിയതും ബെഞ്ചമിൻ ആയിരുന്നില്ല. നോവലിൻറെ അവസാനം വരെ സസ്പെൻസ് കാത്തുസൂക്ഷിക്കാൻ നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. ഓരോ അധ്യായം കഴിയുമ്പോഴും അടുത്ത അധ്യായത്തിൽ എന്താണ് സംഭവിക്കുന്നതെന്നു മനസ്സിലാക്കാനുള്ള വ്യഗ്രത വായനക്കാരനിൽ ശക്തമായി ഉണ്ടാക്കുവാൻ നോവലിസ്റ്റിന് സാധിക്കുന്നു.
മാധ്യമങ്ങൾ എപ്രകാരമാണ് ഒരു നിരപരാധിയെ പ്രതിയാക്കുന്നതെന്നതിൻറെ നേർചിത്രമാണ് ഈ നോവലിൽ കാണാൻ കഴിയുന്നത്. അന്വേഷണത്തെയും പൊതു ജനാഭിപ്രായത്തെയും സ്വാധീനിക്കുന്ന ശക്തിയായി മാധ്യമങ്ങൾ എങ്ങനെ മാറുന്നു വെന്ന തും ഈ നോവലിൽ കാണാം. കൊലപാതകം നടന്ന ഉടൻ തന്നെ സംഭവം മാധ്യമങ്ങളി ലൂടെ പ്രചരിക്കുന്നു. തുടർന്ന് വാർത്താ മാധ്യമങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി മാറുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ എസ്.ഐ. ക്രിസ്തോമസ് അന്വേഷണത്തിന്റെ ഭാഗമായി മെഡിക്കൽ കോളജിന് സമീപമുള്ള ഫോറൻസിക് ഡിപ്പാർട്ട്മെന്റിൽ നിന്ന് ഇറങ്ങുന്ന സമയത്ത് അവിടെ കാത്തു നിന്ന ദൃശ്യമാധ്യമപ്രവർത്തകനും ക്യാമറാമാനും കൂടി ചോദ്യശരങ്ങളുമായി അദ്ദേഹത്തെ നേരിടുന്നു. പോലീസ് പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതുപോലെയുള്ള ചോദ്യങ്ങളാണ് അവർ ചോദിക്കുന്നത്. പോലീസിനെ സംശയമുനയിൽ നിർത്തുന്ന രീതിയിൽ ‘ബെഞ്ചമിനെ രക്ഷപ്പെടുത്താൻ നടത്തുന്ന നാടകം അല്ലേ ഇത്?’ എന്നു വരെ മാധ്യമപ്രവർത്തകൻ ക്രിസ്തോമസിനോട് ചോദിക്കു ന്നു. മാധ്യമപ്രവർത്തകരോട് പുച്ഛവും അമർഷവും ഉള്ള ക്രിസ് അവരോട് ഈർഷ്യയോ ടെയാണ് പെരുമാറുന്നത്. അദ്ദേഹത്തിന് മാധ്യമങ്ങളുടെ ഇത്തരത്തിലുള്ള കൈകട ത്തലിനോട് ഒട്ടുംതന്നെ താൽപര്യമില്ല. എങ്ങോട്ടുതിരിഞ്ഞാലും ക്യാമറയുമായി പുറകെ വരുന്ന മാധ്യമപ്രവർത്തകരെ അയാൾക്ക് ഒട്ടും തന്നെ ഇഷ്ടമല്ല. മാധ്യമ പ്രവർത്തകരെ ഫോറൻസിക് ഡിപ്പാർട്ട്മെൻ്റിനു മുന്നിൽ കണ്ടപ്പോൾ താൻ ഇവിടെയുള്ളത് അവർ എങ്ങനെ അറിഞ്ഞു എന്നുള്ള സംശയമാണ് അയാൾക്ക് തോന്നുന്നത് .
മാധ്യമപ്രവർത്തകർ അവരുടേതായ നിഗമനങ്ങൾ വച്ച് എസ്.ഐ. ക്രിസ് തോമസ് നൽകുന്ന മറുപടിയെ ജനശ്രദ്ധ പിടിച്ചു പറ്റുന്നതിനുവേണ്ടി വളച്ചൊടിച്ചാണ് ജനങ്ങൾക്കുമുമ്പിൽ എത്തിക്കുന്നത്. അത് ഇരുതല മൂർച്ചയുള്ള വാൾ പോലെ എസ്. ഐ. ക്രിസ് തോമസിനെ തിരിഞ്ഞു വെട്ടുന്നു. ബെഞ്ചമിനെതിരെ സാഹചര്യ തെളിവുകൾ ഉണ്ടെങ്കിലും അകാരണമായ ചില സംശയങ്ങൾ ക്രിസ് തോമസിനുണ്ടായിരുന്നു. എന്നാൽ അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു പോയിരുന്നു. പോലീസ് സ്റ്റേഷന് ചുറ്റും പ്രതിഷേധ ക്കാരുടെ മുദ്രാവാക്യങ്ങൾ ഉയരുന്നു. ഏകദേശം മുപ്പതോളം യുവതീ യുവാക്കൾ പോലീസ് സ്റ്റേഷനുപുറത്ത് തമ്പടിക്കുന്നു. ഇതിനെല്ലാം മൂലകാരണം ക്രിസ് തോമസ് മാധ്യമങ്ങൾക്ക് നൽകിയ മറുപടിയാണ്. അതിൻറെ പശ്ചാത്തലത്തിൽ സി. ഐ.ആഷിഖ്, ക്രിസ് തോമസിനോട് ദേഷ്യപ്പെടുന്നു. ബെഞ്ചമിനെതിരെയുള്ള സാഹചര്യതെളിവുകളുടെ മാത്രം അടിസ്ഥാനത്തിൽ അവൻ കുറ്റവാളിയാണെന്ന് മാധ്യമ ലോകം ഒന്നടങ്കം സ്ഥാപിച്ചു കൊണ്ടിരുന്നു. എസ്തറിൻ്റെയും അപർണയുടെയും നേതൃത്വത്തിൽ പുറത്ത് പോലീസി നെതിരെ മുദ്രാവാക്യങ്ങൾ ഉയർന്നുകൊണ്ടേയിരുന്നു. ക്രിസ് തോമസിനെ കണ്ടതോടെ പ്രതിഷേധക്കാർ ആർത്തിരമ്പുന്നു. പരിസരം വഷളാകുന്നതുകണ്ട് ,പ്രതിഷേധക്കാരെ ഒഴിപ്പിക്കുന്നതിനുവേണ്ടി, അതിന് നേതൃത്വം നൽകുന്ന എസ്തറിനെ, ബലത്തിൽ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതും എസ്തറിന്റെ കൈ ക്രിസിന്റെ കവിളത്ത് പതിക്കുന്നതും ഒരുമിച്ചായിരുന്നു. ഈയൊരു സംഭവമാണ് കോഫി ഹൗസ് കേസിന്റെ ഗതി മാറ്റുന്നത്. എസ്തറിന്റെ ധൈര്യത്തിന് പാരിതോഷികമായി ചുറ്റും നിന്ന് കയ്യടികളും ആർപ്പുവിളികളും ഉയരുന്നു. ഇത് കണ്ട് അപമാനിതനായ ക്രിസ് അടുത്ത നിമിഷം തന്നെ അവളെ തിരിച്ച ടിക്കുന്നു. എസ്തർ നിലംപതിക്കുകയും അന്തരീക്ഷം കൂടുതൽ രൂക്ഷമാവുകയും ചെയ്യു ന്നു. എസ്തർ ഒരു സ്ത്രീയും മാധ്യമപ്രവർത്തകയും കൂടി ആയതിനാൽ സമൂഹവും മാധ്യമ ങ്ങളും അവളുടെ പക്ഷത്തോടു മാത്രം ചേർന്നുനിന്നു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഓഫീസറു ടെ കരണത്തടിച്ചപ്പോൾ, അതും ഒരു മാധ്യമപ്രവർത്തക ചെയ്തപ്പോൾ ചുറ്റും നിന്ന് കയ്യടി യും ആർപ്പുവിളികളും ഉയർന്നു. ആ ഓഫീസർ തിരിച്ചടിച്ചപ്പോൾ അയാൾക്കെതിരെ നടപ ടികൾ ഉണ്ടായി. മാധ്യമപ്രവർത്തകരുടെയും സ്ത്രീ സംഘടനകളുടെയും പ്രതിഷേധങ്ങൾ ഇതിന് കാരണമായി. ഇത്തരത്തിൽ അന്വേഷണ ചുമതല യുള്ള ഉദ്യോഗസ്ഥനെയും അന്വേഷണത്തെയും അട്ടിമറിക്കുന്നതിനുപോലും മാധ്യമ ങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും കഴിയുന്നു.
ആറേഴു വർഷമായി കുലീന എന്ന വനിതാമാഗസിനിൽ ജോലി ചെയ്യു ന്നുണ്ടെങ്കിലും എസ്തറിന്റേതായി ഒന്നും ആ വാരികയിൽ അച്ചടിച്ചു വന്നില്ല. ആകെ വരു ന്നത് പാചകക്കുറിപ്പുകൾ തുടങ്ങി ചീഫ് എഡിറ്റർക്ക് താല്പര്യമുള്ള വിഷയങ്ങൾ മാത്രം. സമകാലിക മാധ്യമങ്ങളുടെ വിഷയ ദാരിദ്ര്യം എത്രത്തോളം അധ:പ്പതിച്ചു എന്നതാണ് ഇത് കാണിക്കുന്നത്. ബെഞ്ചമിന്റെ വധശിക്ഷയുടെ തീയതി തീർച്ചയായതിനെത്തുടർന്ന് വീണ്ടും ആ വാർത്ത ഉപയോഗിച്ച് ജനങ്ങളെ ആകർഷിക്കുന്നതിനു വേണ്ടിയുള്ള മാധ്യമങ്ങളുടെ ശ്രമങ്ങളാണ് പിന്നീട് കാണാൻ കഴിയുന്നത്. മാധ്യമങ്ങൾ തമ്മിൽ ശക്തമായ മത്സരമാണ് ഇതിനായി നടക്കു ന്നത്. കൊല്ലപ്പെട്ടവരെ കുറിച്ചെഴുതാൻ ഒന്നും ബാക്കിയില്ലാത്ത അവസ്ഥയിലായിരുന്നു മാധ്യമങ്ങൾ. സർക്കുലേഷൻ കൂട്ടുന്നതിനും ജനശ്രദ്ധ ആകർഷിക്കുന്നതിനും വേണ്ടി എന്തും ചിത്രീകരിക്കാനുള്ള മാധ്യമങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും ചെയ്തികൾ വളരെ പരിതാപകരമാണ്.
ആറു വർഷങ്ങൾക്ക് ശേഷം ജിനുവിന്റെ വീട്ടിലേക്ക് എസ്തർ വീണ്ടും പോകുന്നു. മുൻപുണ്ടായ സംഭവങ്ങൾ അവൾ ഓർക്കുന്നു സ്ത്രീശക്തി എന്ന സംഘടന യുടെ രൂപീകരണം, ജിനുവിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും മുൻനിർത്തിയുള്ള പ്രതിഷേധങ്ങൾ, അഭിമുഖ സംഭാഷണങ്ങൾ, കുടുംബത്തിന് വീട് നിർമ്മിച്ചു കൊടുക്കൽ അങ്ങനെ ഒട്ടനവധി ഓർമ്മകൾ അവളിലൂടെ കടന്നുപോകുന്നു. അവൾ അവിടെയെത്തു ന്നതിനുമുമ്പുതന്നെ മറ്റു മാധ്യമങ്ങൾ അവിടെ എത്തിയിട്ടുണ്ടായിരുന്നു. കേരളത്തെ നടുക്കിയ കൂട്ടക്കൊലപാതകം ആയതുകൊണ്ട് ചാനലുകളുടെയും മാധ്യമപ്ര വർത്തകരുടെയും വിഹാരകേന്ദ്രമായിരുന്നു ആ വീട്. അവരുടെയൊക്കെ സ്വാധീനം പ്രത്യക്ഷമായും പരോക്ഷമായും ജിനുവിന്റെ അമ്മയായ ഏലിയാമ്മയിലുണ്ടെന്ന് എസ്തറിന് പെട്ടെന്നുതന്നെ മനസ്സിലായി . അവരുടെ മുഖത്ത് ഞൊടിയിടയിലാണ് ഭാവങ്ങൾ മിന്നി മറയുന്നത്. ചാനലുകാർ അവരുടെ റേറ്റിംഗ് കൂട്ടുന്നതിനുവേണ്ടി അവരെ ഉപയോഗപ്പെടുത്തിയതിന്റെ എല്ലാ ലക്ഷണങ്ങളും ഇപ്പോഴും അവരുടെ മുഖത്തുണ്ട്. അവരോടു ചോദിക്കാനുള്ള ചോദ്യങ്ങളെല്ലാം എസ്തർ അവിടെത്തന്നെ ഉപേക്ഷിച്ചു. ‘ഈ വീട് ഇപ്പോൾ ശ്മശാനമാണ്. ജീവനുള്ളവരുടെ ശ്മശാനം’ എന്ന് ചിന്തിച്ച് എസ്തർ അവിടെ നിന്നിറങ്ങുന്നു. ആ വീട്ടിൽ ജിനുവിന്റെ ഭൗതികചിത്രം അല്ലാതെ ആത്മാവോ സ്വപ്നങ്ങ ളോ വിശ്വാസങ്ങളോ ഒന്നും ഇല്ലെന്ന് അവൾ തിരിച്ചറിയുന്നു.തുടർന്ന് എസ്തർ യഥാർത്ഥ കുറ്റവാളിയെ കണ്ടെത്താനായി യാത്ര ആരംഭിക്കു ന്നു.
കുറ്റവാളിയെ ഉറപ്പിച്ചു കഴിഞ്ഞാൽ കേസ് ബലപ്പെടുത്തുന്നതിനും അർഹിക്കുന്ന ശിക്ഷ ലഭിക്കുന്നതിനും പല വിദ്യകളും പോലീസ് പയറ്റാറുണ്ട്. ബെഞ്ചമിനെ അവർ മനപ്പൂർവ്വം കുടുക്കിയതാണെന്ന് അവൾ തിരിച്ചറിയുന്നു. തന്റെ വാരികയുടെ ചീഫ് എഡിറ്ററോട് താൻ ഇപ്പോഴും കോഫി ഹൗസ് കേസിന്റെ പിന്നാലെയാണെന്നും യഥാർത്ഥ പ്രതി ബെഞ്ചമിൻ അല്ലെന്നുമുള്ള കാര്യങ്ങൾ പറയുമ്പോൾ ചീഫ് എഡിറ്റർ സോളി അവളെ കുറ്റപ്പെടുത്തുന്നു. ഇതൊരു ചാരിറ്റി സ്ഥാപനം അല്ല ബിസിനസ് ആണെ ന്ന് അവർ അവളെ ഓർമ്മിപ്പിക്കുന്നു. താൻ പത്രസ്ഥാപനം നടത്തുന്നത് തനിക്ക് ലാഭ ത്തിനു വേണ്ടിയാണെന്നുള്ള മുതലാളിത്ത യുക്തിയാണ് അവർക്കുള്ളത്. നീതി എന്നത് സമൂഹത്തിന്റെ മേൽത്തട്ടിൽ ഉള്ളവർക്കു മാത്രം വേണ്ടിയുള്ളതാണെന്നും താഴെത്തട്ടിൽ ഉള്ളവർക്കുവേണ്ടി എന്തെങ്കിലും ചെയ്യുന്നത് സമയം പാഴാക്കുന്നതിന് തുല്യമാണെന്നും സോളി പറയുന്നു. മാധ്യമങ്ങൾ പോലും സമൂഹത്തെ രണ്ടായി കാണുന്ന സാഹചര്യ മാണ് ഇവിടെ അവതരിപ്പിക്കുന്നത്. മാധ്യമങ്ങളുടെ പിന്തുണ ഒരിക്കലും സാധാരണക്കാർക്ക് ലഭിക്കുകയില്ലെന്ന വസ്തുതയാണ് സോളിയിലൂടെ വെളിവാകുന്നത്. പിറ്റേന്നുതന്നെ എസ്തർ രാജിക്കത്ത് സമർപ്പിക്കുന്നു.എന്തിനാണ് രാജിയെന്ന് ചോദിക്കാൻ പോലും അവർ തുനിഞ്ഞില്ല. മാധ്യമ ഉടമസ്ഥർ തങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാകുന്ന ഒരു വാർത്തയും മാധ്യമങ്ങളിലൂടെ നൽകാറില്ല എന്ന വസ്തുത അവൾ തിരിച്ചറിയുന്നു. ക്രിസ്തോമസ് അവളുടെ ഉദ്ദേശശുദ്ധി മനസ്സിലാക്കി അവളോടൊപ്പം നിൽക്കുന്നു. നിസ്സാരം എന്ന് കരുതി അവഗണിച്ച മൊഴികൾ സൂക്ഷ്മമായി പരിശോധിച്ചും ഒരു പ്രധാന സാക്ഷിയുടെ വാഹനാപകടത്തിലൂടെയുള്ള മരണം കൊല പാതകമാണെന്നും അവർ മനസ്സിലാക്കുന്നു. തുടർന്ന് അവർ യഥാർത്ഥ പ്രതിയിലേക്ക് എത്തിച്ചേരുന്നു. ബെഞ്ചമിന്റെ വധശിക്ഷയ്ക്ക് മുമ്പ് അയാളുടെ നിരപരാധിത്വം ലോകത്തെ അറിയിക്കാൻ അവർക്ക് കഴിയുന്നില്ല. ബെഞ്ചമിന്റെ അന്ത്യനിമിഷങ്ങളെ വളരെ വൈകാരികമായി അനുവാചകരിലേ ക്ക് സംക്രമിപ്പിക്കുവാൻ നോവലിസ്റ്റിന് കഴിയുന്നു.
പൊതുജനാഭിപ്രായ രൂപീകര ണത്തിൽ മാധ്യമങ്ങൾ നിർണായകമായ പങ്കുവഹിക്കുന്നുണ്ട്. മാധ്യമങ്ങൾ സൃഷ്ടി ക്കുന്ന ഹെഡ് ലൈനുകളും വാർത്താവത രണങ്ങളും സാധാരണക്കാർക്ക് കേസിനെ ക്കുറിച്ചുള്ള ധാരണയെ സ്വാധീനിക്കുന്നു. ചിലപ്പോഴൊക്കെ അന്വേഷണത്തിന് തടസ്സം സൃഷ്ടിക്കാനും അന്വേഷണഗതിയെ വഴിതി രിച്ചുവിടാനും മാധ്യമങ്ങൾക്ക് കഴിയുന്നു. സെൻസേഷൻ ഉണ്ടാക്കുന്ന രീതിയിൽ സംഭവങ്ങളെ അവതരിപ്പിക്കുന്നതിലൂടെ സത്യാന്വേഷണത്തിനെക്കാൾ കാഴ്ചക്കാരുടെ കൗതുകം വർദ്ധിപ്പിക്കുന്ന രീതിയാണ് മാധ്യമങ്ങൾ പിന്തുടരുന്നത്. കുറ്റാന്വേഷണത്തിനു പുറമേ വാർത്താവിനിമയത്തിന്റെ വിശ്വാസ്യത, മാധ്യമങ്ങളുടെ ഉത്തരവാദിത്വം, ജനങ്ങളു ടെ പ്രതികരണം ഇവയെക്കുറിച്ചെല്ലാം പുതിയ ചിന്തകൾ പകർന്നു നൽകാൻ ഈ നോവലി ന് കഴിയുന്നു. ഇത്തരത്തിൽ മാധ്യമങ്ങൾ സമൂഹത്തിൽ ചെലു ത്തുന്ന സ്വാധീനത്തെ ശക്തമായി പ്രതിഫലിപ്പിക്കുന്ന നോവലാണ് കോഫി ഹൗസ്.
ഗ്രന്ഥസൂചി
ഉമാദത്തൻ ബി (ഡോ.) ക്രൈം കേരളം: കേരളത്തിൻറെ കുറ്റാന്വേഷണ ചരിത്രം, ഡി.സി. ബുക്സ്, കോട്ടയം,2024
ലാജോ ജോസ്, കോഫി ഹൗസ്, ഡി.സി ബുക്സ്, കോട്ടയം,2016
ശ്രീകുമാർ,എം.ജി (എഡി.) ജനപ്രിയ സാഹിത്യം മലയാളത്തിൽ, സാഹിത്യപ്രവർത്തക സഹകരണ സംഘം, കോട്ടയം, 2014
ഹമീദ് , അപസർപ്പകനോവലുകൾ മലയാളത്തിൽ ,കേരള സാഹിത്യ അക്കാദമി തൃശൂർ,2015
ഡോ.ലാലു.വി
അസോസിയേറ്റ് പ്രൊഫസർ
മലയാളവിഭാഗം
യൂണിവേഴ്സിറ്റി കോളേജ്
തിരുവനന്തപുരം.





Comments