മാപ്പിള ഭാഷാഭേദം മലയാളം റാപ്പ് സംഗീതത്തിൽ : ഒരു സാമൂഹിക ഭാഷാശാസ്ത്ര പഠനം
- GCW MALAYALAM
- Aug 15
- 4 min read
മുഹമ്മദ് അസ്‌ലം പി. പി

സംഗ്രഹം
സമകാലീക മലയാളം റാപ്പ് സംഗീതത്തിൽ മാപ്പിള ഭാഷാഭേദത്തിന്റെ വലിയ സ്വാധീനം കാണാം. അറബിയും മലയാളവും തമ്മിലുള്ള നൂറ്റാണ്ടുകളുടെ ഇടപെടലിലൂടെ രൂപപ്പെട്ട മാപ്പിള ഭാഷ, മലബാറിലെ മനുഷ്യരുടെ സാംസ്കാരികവും മതപരവുമായ സ്വത്വവുമായി വളരെക്കാലമായി ബന്ധപ്പെട്ടിരിക്കുന്നു. പുതിയ കാലത്തെ റാപ്പ് കലാകാരന്മാർ മാപ്പിള ഭാഷയെയും സംസ്കാരത്തെയും അവരുടെ പാട്ടുകളിലൂടെ വീണ്ടെടുക്കുന്നതായി കാണാം. മാപ്പിള ഭാഷയും സംസ്കാരവും റാപ്പ് സംഗീതത്തിലൂടെ ജനകീയ മാക്കിയ ഡാബ്സീ, എം.എച്.ആർ, എം ബി എൽ (മഖ്ബൂൽ) എന്നിവരുടെ തിരഞ്ഞെടുത്ത പാട്ടുകളിലെ മാപ്പിള ശൈലികളെയും,അറബി പദങ്ങളെയും, ഭാഷാസ്വതത്തെയും സാമൂഹ്യ ഭാഷാശാസ്ത്രപരമായി വിശകലനം ചെയ്യുകയാണ് ഈ പഠനത്തിൽ.
താക്കോൽവാക്കുകൾ
സാമൂഹ്യ ഭാഷാശാസ്ത്രം, റാപ്പ് സംഗീതം,ഭാഷാസ്വതം, വായ്പ പദങ്ങൾ
1970 കളിൽ ന്യൂയോർക്കിലെ ബ്രോങ്ക്സിൽ ആഫ്രോ അമേരിക്കൻ യുവാക്കൾക്കിടയിൽ പ്രചാരത്തിൽ വന്ന സംഗീത ശാഖയാണ് റാപ്പ്. പശ്ചാത്യ ലോകത്ത് അടിച്ചമർത്തപ്പെടുന്ന ജനവിഭാഗങ്ങളുടെ ശബ്ദമായി മാറി റാപ് മ്യൂസിക്. RAP എന്നാൽ ( Rhythm and Poetry) താളവും കവിതയും എന്നാണ്. പ്രാസമൊപ്പിച്ച് താളാത്മകമായി വാക്കുകളെ കോർത്തിണക്കി സംസാര രീതിയിലാണ് റാപ്പ് അവതരിപ്പിക്കുന്നത്. കേവലം വാക്കുകളല്ല അവ, നീതി നിഷേധത്തിനും, ഭരണകൂട അതിക്രമങ്ങൾക്കും, സാമൂഹിക അസമത്വങ്ങൾക്കും എതിരെയുള്ള യുവാക്കളുടെ പ്രതിഷേധമായിരുന്നു. 1980 കളോടെ ഇത് ലോകമാകെ വലിയ ജനപ്രീതി നേടി. 2000 ത്തിന് ശേഷമാണ് മലയാളത്തിൽ റാപ് സംഗീതം അവതരിക്കുന്നത്.തുടക്കത്തിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ ആയില്ലെങ്കിലും കോവിഡാനന്തരം മലയാളം റാപ്പ് അതിന്റെ സുവർണ്ണ കാലത്തിലേക്ക് കടന്നു, ഇന്ന് മലയാളം റാപ്പിന് ലോകമെമ്പാടും കോടിക്കണക്കിന് കാഴ്ചക്കാരാണുള്ളത്. രാഷ്ട്രീയം, പ്രണയം, ജാതി, അനീതികൾ, സാമൂഹിക പ്രശ്നങ്ങൾ, ഭരണകൂട അതിക്രമങ്ങൾ എന്നിവയെല്ലാം റാപ്പിൽ ചർച്ച ചെയ്യുന്നു. ഹനുമാൻ കൈൻഡ്, ഡാബ്സീ,വേടൻ,ഫെജോ, തീരുമാലി തുടങ്ങിയവർ ലോക ശ്രദ്ധനേടിയ മലയാളം റാപ്പർമാരാണ്.
മാപ്പിള ഭാഷാഭേദം ചരിത്രവും വർത്തമാനവും
നൂറ്റാണ്ടുകളുടെ വാണിജ്യവും, സാംസ്കാരികവും, മതപരവുമായ ബന്ധങ്ങളിലൂടെ രൂപപ്പെട്ടുവന്നതാണ് മലബാറിലെ മാപ്പിള ഭാഷാഭേദം. പ്രാചീന കാലം മുതൽ തന്നെ അറേബ്യൻ ഉപദ്വീപുമായി വ്യാപാര ബന്ധവും തുടർന്ന് ഇസ്ലാമതത്തിന്റെ വരവും മലബാറിലെ ഭാഷയെയും,സംസ്കാരത്തെയും, ജീവിതരീതിയെയും വലിയ രീതിയിൽ സ്വാധീനിച്ചു. യമനിൽ നിന്ന് വന്ന ഇസ്ലാമിക പ്രബോധകർ സ്ഥാപിച്ച മതപഠന കേന്ദ്രങ്ങൾ അറബി ഭാഷയുടെ പ്രചാരണത്തിന് ആക്കംകൂട്ടി. മത പഠനത്തിന്റെ മീഡിയം അറബി ആയതുകൊണ്ട് തന്നെ മലബാറിലെ മുസ്ലിങ്ങൾ അറബിയിലും മലയാളത്തിലും പരിജ്ഞാനമുള്ളവരായി മാറി. ഈ ബന്ധത്തിൽ നിന്നാണ് അറബി മലയാളമെന്ന ലിപി പിറവിയെടുക്കുന്നത്. മലയാളത്തെ അറബി അക്ഷരങ്ങൾ കൊണ്ട് എഴുതുന്ന രീതിയാണിത്. മതപഠനത്തിന് വേണ്ടിയാണ് ഇത് പ്രധാനമായും ഉപയോഗിച്ചിരുന്നതെങ്കിലും, പിന്നീട് മലബാറിലെ മുസ്ലിങ്ങൾക്കിടയിൽ ഇത് വലിയ പ്രചാരം നേടി. അറബി മലയാളത്തിൽ നിരവധി രചനകൾ പുറത്തുവന്നു. മതപഠന സഹായ ഗ്രന്ഥങ്ങളും, സാഹിത്യ രചനകളും, ചരിത്രരചനകളും അറബി - മലയാള ലിപിയിൽ പുറത്തുവന്നു. കേരളത്തിലെ ആദ്യത്തെ ചരിത്രഗ്രന്ഥമായ തുഹ്ഫത്തുൽ മുജാഹിദീൻ അറബി ഭാഷയിലാണ് രചിക്കപ്പെട്ടത്, ഇസ്ലാമിക പണ്ഡിതനായ സൈനുദ്ദീൻ മഖ്ദൂമാണ് ഇത് രചിച്ചത്. അറബിയുടെയും മലയാളത്തിന്റെയും ഈ ഇടകലർച്ചയിൽ നിന്ന് ഒരു പുതിയ ഭാഷാഭേദം രൂപം കൊണ്ടു അതാണ് മാപ്പിള മലയാളം, അറബിയിൽ നിന്നും പേർഷ്യൻ ഭാഷയിൽ നിന്നും നിരവധി വായ്പ പദങ്ങളും, ഭാഷാശൈലികളും ഇതിൽ കാണാം. മലബാറിലെ മുസ്ലിം സമുദായത്തിൽ പ്രചാരം നേടിയ ഈ ഭാഷാഭേദം പിന്നീട് ദക്ഷിണ കന്നട ഭാഗത്തേക്കും, തമിഴ്നാടിലെ ചില ഭാഗങ്ങളിലേക്കും പ്രചരിച്ചു. പഴയകാലത്ത് മാപ്പിളപ്പാട്ടുകളിലൂടെയും, മാപ്പിള കലകളിലൂടെയുമാണ് മാപ്പിള ഭാഷയും സംസ്കാരവും നിറഞ്ഞിരുന്നതെങ്കിൽ, ഇന്നത് റാപ്പ് സംഗീതത്തിലേക്കും, സിനിമയിലേക്കും എത്തി നിൽക്കുന്നു. മുൻപ് മുഖ്യധാരയിൽ ഒന്നും ഇടം ലഭിക്കാതെ, അരികു വൽക്കരിക്കപ്പെട്ട മാപ്പിള ഭാഷയും സാഹിത്യവും, ഇന്ന് റാപ്പ് സംഗീതത്തിലൂടെ ആഘോഷിക്കപ്പെടുന്നത് ശ്രദ്ധേയമാണ്. മലയാളത്തിന്റെ മുഖ്യധാരയിൽ ഇന്ന് മലബാറിൽ നിന്നുള്ള റാപ്പ് സംഗീതവും, മാപ്പിള ഭാഷയുമുണ്ട്. പാർശ്വവൽക്കരിക്കപ്പെട്ട ഒരു ഭാഷാഭേദത്തിന്റെയും സംസ്കാരത്തിന്റെയും വീണ്ടെടുപ്പ് കൂടിയാണ് റാപ്പ് സംഗീതത്തിലൂടെ നടക്കുന്നത്.
മാപ്പിള ഭാഷാഭേദം സമകാലീക റാപ്പ് സംഗീതത്തിൽ
മലയാളം റാപ്പ് സംഗീതം അതിന്റെ സുവർണ്ണ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഒരുകാലത്ത് സ്വതന്ത്ര സംഗീതമായി മാത്രം നിലകൊണ്ടിരുന്ന റാപ്പ് , ഇന്ന് അതിന്റെ സ്വാധീനം സിനിമയിലേക്കും കടന്നിരിക്കുന്നു. ജാതിയും,രാഷ്ട്രീയവും, സാമൂഹിക പ്രശ്നങ്ങളും, സ്വത്വ രാഷ്ട്രീയവുമെല്ലാം പ്രമേയമാകുന്ന റാപ്പ് സംഗീതം അതിന്റെ സവിശേഷമായ ഭാഷാ തിരഞ്ഞെടുപ്പ് കൊണ്ടും ശ്രദ്ധേയമാണ്. മലബാറിലെ മുസ്ലീങ്ങൾക്കിടയിൽ പ്രചാരത്തിലുള്ള മാപ്പിള ഭാഷാഭേദം സമകാലിക മലയാളം റാപ്പ് സംഗീതത്തിൽ തുടർച്ചയായി ഉപയോഗിച്ചു പോകുന്നതായി കാണാം. മാപ്പിള ശൈലികളും, അറബി വായ്പാ പദങ്ങളും കൊണ്ട് മലബാറിന്റെ സ്വതവും, സംസ്കാരവും അവർ ആവിഷ്കരിക്കുന്നു. മാപ്പിള പൈതൃകത്തെ അതിന്റെ തന്മയത്വത്തോടുകൂടി അവതരിപ്പിക്കുവാൻ അതിന്റെ ജൈവികമായ ഭാഷ തന്നെ വേണം, ഇവിടെയാണ് പുതിയകാല റാപ്പ് സംഗീതത്തിലെ ഭാഷാ ഉപയോഗത്തിന്റെ പ്രസക്തി.
മാപ്പിള ഭാഷാഭേദം മലയാളം റാപ്പ് സംഗീതത്തിൽ ഒരു സാമൂഹ്യ ഭാഷാശാസ്ത്ര വിശകലനം
സമകാലിക മലയാളം റാപ്പ് സംഗീതത്തിലെ മാപ്പിള ഭാഷാഭേദത്തിന്റെ ഉപയോഗവും അതിന്റെ സാമൂഹ്യ ഭാഷാശാസ്ത്ര വശങ്ങളുമാണ് ഇവിടെ പരിശോധിക്കുന്നത്. ഇതിനായി മാപ്പിള ശൈലി കൊണ്ട് ശ്രദ്ധേയരായ ഡാബ്സീ, എം. എച്ച്. ആർ, എം. ബി. എൽ (മഖ്ബൂൽ ) എന്നീ കലാകാരന്മാരുടെ പാട്ടുകളാണ് ഇവിടെ പഠനവിധേയമാക്കുന്നത്.
മലബാറിന്റെ സ്വത്വവും, പൈതൃകവും വിളിച്ചോതുന്ന പാട്ടുകളാണ് ഡാബ്സിയുടേത്. മാപ്പിള പാട്ടിന്റെ സത്തയാണ് ഡാബ്സിയുടെ ട്രാക്കുകളുടെ ജീവൻ. അറബി പദങ്ങളുടെ ഉപയോഗം കൊണ്ടും, മാപ്പിള ശൈലികളുടെ പ്രയോഗം കൊണ്ടും മലയാളം റാപ്പ് രംഗത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ ഡാബ്സിക്കായി. രാജ്യത്തിനകത്തും പുറത്തുമായി വലിയ ശ്രോതാക്കളാണ് ഡാബ്സിയുടെ പാട്ടുകൾക്ക് ഉള്ളത്. ഡാബ്സിയുടെ 'അലിഫ് ' എന്ന ഗാനം മാപ്പിള ഭാഷാഭേദത്തിന്റെ നല്ലൊരു ഉദാഹരണമാണ്. അലിഫ് എന്നാൽ അറബിയിലെ ആദ്യ അക്ഷരമാണ്.
"അലിഫിന്റെ കനം കൊണ്ട് മദ്രസ നിറഞ്ഞന്ന്-ലാമിന്റേം മീമിന്റെം കൂട്ടന്ന് കൂട്യന്ന് -ഹർക്കത്തിൽ അലിഞ്ഞിട്ട് മനസ്സകം ചിരിച്ചന്ന് -അറിവിന്റെ ലോകം പുതെചെന്നെ മൂട്യന്ന് മൂച്ചിക്ക് കല്ലോണ്ട് നാലെണ്ണം വീക്യന്ന്വീക്യന്ന് -ചോറിന്റെ പാത്രത്തിൽ മുങ്ങ്യന്ന് പൊങ്ങ്യന്ന്"
അലിഫ്, ലാമ്, മീമ് ഇവ അറബി അക്ഷരങ്ങളാണ്. പ്രാദേശിക ശൈലികളും നമുക്ക് ഇതിൽ കാണാനാവും 'മൂട്യന്ന്', വീക്യന്ന്', 'പൊങ്ങ്യന്ന്' തുടങ്ങിയവ.
ഗൃഹതുരതയും, മാപ്പിള സ്വതവും നിറഞ്ഞതാണ് ഈ ഗാനം.
"അലിഫ്ന്ന് പറയല്ലേ, ആയിരം ഓർമരും
അൽഫിൻ്റെ പൊലിവ്ണ്ട്, എന്നായാലും പോയ് വരും"
അലിഫ് ഓർമകളുടെ, പൈതൃകത്തിന്റെ താക്കോലായും സ്വത്വത്തിന്റെ അടയാളവുമായാണ് ഇവിടെ കാണിക്കുന്നത്. ഭാഷ എങ്ങനെ ഒരു സമൂഹത്തിന്റെ സ്വത്വത്തിന്റെയും, സംസ്കാരത്തിന്റെയുംആണിക്കല്ലായി വർത്തിക്കുന്നു എന്ന് നമുക്കിവിടെ കാണാൻ കഴിയും.
എം. എച്ച്. ആർ ന്റെ ട്രാക്കുകൾ മലബാറിന്റെ തനത് പദങ്ങളുടെ ഡിക്ഷണറി ആണ്, വാക്കുകളെ ഇത്ര മനോഹമായി മറ്റാരും അടുക്കി വെക്കുന്നത് കാണാൻ ആവില്ല, പഴയ മാപ്പിള കാവ്യങ്ങൾ പോലെ മനോഹരമായ പദവിന്യാസം എം. എച്ച്. ആർ ന്റെ വരികളിൽ കാണാം. 'മുന്തിരിച്ചാർ', 'മഞ്ചാബി ' തുടങ്ങിയ ട്രാക്കുകളിൽ ഒക്കെയും നമുക്കിത് കാണാനാവും.
"ഉം കഥമാറി തലമാറി
മലബാരി പലമാറി
വരവായി പൊന്നാനി
അറിവായി അറവായി
കുഞ്ഞാണി ബെല്‍ദായി
മൊന്തെയിമ്മെ കുരുവായി
തലശ്ശേരി ബിരിയാണി
വന്നോളി തിന്നോളി ഹേ"
എം. ബി. എൽ (മഖ്ബൂൽ) ന്റെ പാട്ടുകൾ മലബാറിന്റെ സംസ്കാരത്തെയും ജീവിതത്തെയും അടയാളപ്പെടുത്തുന്നതാണ്. 'The famous Tanur Keja' എന്ന ട്രാക്ക് മലബാറിന്റെ ഭക്ഷണ പാരമ്പര്യത്തെ കുറിച്ചുള്ളതാണ് .
"ഞാനോ അദബിലാണ് സോനാ
എന്നും സിദ്റത്താണ് തോന"
മാപ്പിള മലയാളത്തിലെ വായ്പാ പദങ്ങൾ ഈ പാട്ടിൽ കാണാം. അദബ് - മര്യാദ, സിദ്റത്ത് - സ്വർഗത്തിലെ വൃക്ഷം. ഇവ സാധാരണയായി ഉപയോഗിക്കുന്ന പദങ്ങളാണ്.
"ഇജ്ജോന്നു പോയോക്ക് പള്ളിന്റോത്ത് ഇരിക്കാ
താനൂര് പോയിട്ട് കെജ ഒന്ന് തുറക്കാ"
ഇജ്ജോന്ന് - നീ ഒന്ന്, കെജ - പഴം നിറച്ചത് (പലഹാരം). ഇവ പ്രാദേശിക ശൈലികൾക്ക് ഉദാഹരണമാണ് . 'കെജ' മലബാറിലെ ഒരു വിശേഷപ്പെട്ട വിഭവമാണ്. പഴം നെറച്ചത്, പഴംനെറവ് എന്നിങ്ങനെ പല പേരുകളും ഇതിനുണ്ട്.
ഉപസംഹാരം
ഭാഷ കേവലം ആശയവിനിമയ ഉപാധി മാത്രമല്ല അത് സ്വത്വത്തോടും, സംസ്കാരത്തോടും, ചരിത്രത്തോടും വളരെ ആഴത്തിൽ വേരൂന്നി നിൽക്കുന്ന ഒന്നാണ്. സാംസ്കാരിക വൈവിധ്യങ്ങൾ നിലനിർത്തുന്നതിന് ഭാഷാഭേദങ്ങൾ വലിയ പങ്കു വഹിക്കുന്നുണ്ട്. മലയാളം റാപ്പിലെ മാപ്പിള ഭാഷാഭേദത്തിന്റെ സ്വാധീനം വലിയൊരു സാമൂഹ്യ ഭാഷാശാസ്ത്ര വ്യതി ചലനത്തെയാണ് അടയാളപ്പെടുത്തുന്നത്. പ്രാദേശിക ഭാഷാസ്വതങ്ങളുടെ സാംസ്കാരിക ശക്തിയും, അവ എങ്ങനെ മുഖ്യധാരയിൽ കാലത്തെ അതിജീവിക്കുന്നു എന്നും ഇവിടെ നമുക്ക് വ്യക്തമാവും. പൊതുഇടങ്ങളിൽ തങ്ങളുടെ ഭാഷ,സംസ്കാരം,പൈതൃകം എന്നിവ ഉയർത്തിപ്പിടിക്കുന്നതിൽ അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്കുണ്ടാവുന്ന പുത്തനുണർവിനെയും, ആത്മവിശ്വാസത്തെയുംഇത് പ്രതിഫലിപ്പിക്കുന്നതായി കാണാം. പുതിയ കാലത്ത് എങ്ങനെ കലയിലൂടെയും,സാഹിത്യത്തിലൂടെയും നമ്മുടെ ഭാഷയും സംസ്കാരവും വീണ്ടെടുക്കാമെന്നതിന്റെ ഉദാഹരണമാണ് ഈ റാപ്പുകളിൽ നമ്മൾ കണ്ടത്, മാത്രവുമല്ല പ്രാദേശികമായി മാത്രം പ്രചാരത്തിലുണ്ടായിരുന്ന പദങ്ങളും ശൈലികളും മുഖ്യധാരയിൽ ആഘോഷിക്കപ്പെടുന്നത് ഭാഷാ ഇൻക്ലൂസിവിറ്റിയെയും സാമൂഹിക ഐക്യത്തെയുമാണ് കാണിക്കുന്നത്.
ഗ്രന്ഥസൂചി
അഹമ്മദ് ജമീൽ, ഡോ, മലയാളം മുസ്ലിംഭാഷ സംസ്ക്കാരം ചരിത്രം, പ്രതീക്ഷ ബുക്സ്, കോഴിക്കോട്, 2018
ഗംഗാധരൻ, എം, മാപ്പിള പഠനങ്ങൾ, ഡി സി ബുക്സ് കോട്ടയം, 2007
കുഞ്ഞുണ്ണി രാജ, ഡോ, ഭാഷാഗവേഷണം, കറണ്ട് ബുക്സ് തൃശൂർ, 1961
ഇല്ലിയാസ്, എം. എച്ച്, ഷംസാദ്ഹുസൈൻ കെ. ടി, അറബി മലയാളം ലിംഗ്വസ്റ്റിക് കൾച്ചറൽ ട്രഡിഷൻസ് ഓഫ് മാപ്പിള മുസ്ലിംസ് ഓഫ് കേരള, ഗ്യാൻ പബ്ലിഷിഗ് ഹൌസ്, ന്യൂ ഡൽഹി





Comments