top of page

മീമാംസാദർശനത്തിലെ അസ്ഫുടസ്ഫുരിതമായ നിരീശ്വരവാദം: ഒരു അവലോകനം

പ്രൊഫ. (ഡോ) എൽ. വിജയ് , ജയ ബി.  
ree

പ്രബന്ധ സംഗ്രഹം 

ഭാരതത്തിലെ ആസ്തികമായ ഷഡ്ദർശനങ്ങളിൽ അഞ്ചാമത്തേതായ പൂർവ്വമീമാംസയിലെ വ്യക്തവും എന്നാൽ അവ്യക്തത കലർന്നതുമായ നിരീശ്വരവാദചിന്തയുടെ ദാർശനികമായ ഒരു അവലോകനമാണ് പ്രസ്തുത പ്രബന്ധത്തിൽ പഠനവിഷയമാകുന്നത്.

താക്കോൽ വാക്കുകൾ: പൂർവ്വമീമാംസ, വേദങ്ങൾ, ഈശ്വരസങ്കല്പം, കുമരിലഭട്ടന്‍, യാഥാർത്ഥ്യവാദം, മോക്ഷ സങ്കല്പം

 

ആമുഖം 

ഭാരതീയദാർശനികചരിത്രത്തിൽ പൂർവ്വമീമാംസയിലെ നിരീശ്വരവാദചിന്തയ്ക്ക് തർക്കമറ്റതായ ഒരു അതുല്യ സ്ഥാനമുണ്ട്. അതിബൃഹത്തായ മീമാംസാസാഹിത്യത്തിൽ ഈശ്വരാസ്ഥിത്വത്തിനെതിരായ പ്രഖ്യാപനങ്ങളും പ്രഖ്യാപന സംരക്ഷണാർത്ഥമുള്ള താർക്കികമായ പരിഗണനകൾ കൂടി ഉള്ളതായി നിരീക്ഷിക്കാം. ദാർശനിക വീക്ഷണത്തിലൂന്നി മീമാംസാദർശനത്തിലെ നിരീശ്വരവാദത്തെ ഉറ്റു നോക്കുകയാണെങ്കിൽ ഒരു വിധത്തിലും ചപലമോ ആകസ്മികമായോ വന്നുചേർന്ന ചിന്താശകലമല്ല, മറിച്ച് മീമാംസാദർശനത്തിന്റെ തന്നെ അഭേദ്യമായ ഒന്നായിരുന്നു എന്ന് വിശദീകരിക്കാൻ സാധിക്കും. അർത്ഥഗർഭമായ ഉറച്ച വാദങ്ങളിലൂടെ മീമാംസകർ സർവജ്ഞനും പ്രപഞ്ചസൃഷ്ടാവുമായ ഈശ്വര സങ്കൽപ്പത്തിനെതിരാണെന്ന് തങ്ങളുടെ ദർശനത്തിന്റെ അടിസ്ഥാനാശയങ്ങളും യുക്തിയും നിരത്തി സ്ഥാപിക്കുന്നു. പരമ്പരാഗത ഭാരതീയ ദാർശനികരുടെ ഇടയിൽ മീമാംസയിലെ നിരീശ്വരവാദത്തെ ദർശനത്തിന്റെ തന്നെ അഭിവാജ്യഘടകമായി കരുതത്തക്കത്തരത്തിലുള്ള ദാർശനികമായ ഒരന്തരീക്ഷം സംജാതമായിരുന്നു.

മീമാംസയുടെ ആധികാരികവും പൗരാണികവുമായ എല്ലാ പ്രതിനിധികൾക്കും മീമാംസ്യമായ ചിന്ത ഊട്ടി ഉറപ്പിക്കുന്നതിനും ഈശ്വരനിഷേധം ഉചിതമായിരുന്നു. മീമാംസകരുടെ നിരീശ്വരവാദചിന്തകൾ ഭാരതത്തിലെ മറ്റു സമകാലീനരായിരുന്ന ചിന്തകരിൽ നിന്നും തത്ത്വചിന്താപദ്ധതികളിൽ നിന്നും മികവുറ്റതും ആഴമേറിയതുമായിരുന്നു. മീമാംസകരുടെ സമകാലീനരായിരുന്ന ബൌദ്ധ-ജൈന ചിന്തകർ തങ്ങളുടെ നാസ്തികാസ്തിത്വ പ്രഖ്യാപനത്തിന്റെ ഭാഗമായി വേദപ്രാമാണ്യത്തെയും അതിന്റെ സാധുതയെയും അശേഷം നിരാകരിക്കുന്നതിലും നൈയ്യായികർ അഥവാ താർക്കികന്മാർ അവകാശപ്പെടുന്ന ഈശ്വരാസ്തിത്വത്തെ നിഷേധിക്കുന്നതിലും കുതുകികളായിരുന്നു. എന്നാൽ മീമാംസകർ താർക്കികേശ്വരനിരാസത്തിൽ മാത്രം ഒതുങ്ങാതെ ആസ്തികമായ ദർശനം എന്ന നിലയിൽ യുക്തിഭദ്രമായി മിഴിവോടെയുള്ള വാദമുഖങ്ങൾ സ്ഥാപിക്കുകയായിരുന്നു.

I

വേദമന്ത്രങ്ങളുടെ പ്രാമാണികത ഉറപ്പുവരുത്തുന്നതിന് വേണ്ടിയുള്ള ദർശനമായാണ് പൂർവ്വമീമാംസ വളർച്ച പ്രാപിച്ചത്. വേദങ്ങൾ അനാദിയും അപൗരുഷേയവുമായ ജ്ഞാന ഭണ്ഡാരമാണെന്നാണ് യാഥാർത്ഥ്യവാദികളായ  മീമാംസകരുടെ മതം. എക്കാലത്തും വിരചിതമായ ഈശ്വരനാലോ മനുഷ്യനാലോ സൃഷ്ടിക്കപ്പെട്ടതല്ല എന്നാണ് അപൗരുഷേയപദത്തിന്റെ വിവക്ഷ.

“ഓരോ വേദസൂക്തത്തിനും അതിന്റേതായ ദേവതയുണ്ട് എന്ന് അംഗീകരിക്കുന്നതൊഴിച്ചാൽ ഏക ദൈവത്തെ പറ്റിയോ അനേക ദേവന്മാരെ പറ്റിയോ സൂത്രകാരനായ ജൈമിനി ഒന്നും പരാമർശിക്കുന്നില്ല” (മുനി നാരായണ പ്രസാദ്, 34-35).

മീമാംസാപാരമ്പര്യത്തിലെ പ്രധാനികളായ ജൈമിനി, ശബരസ്വാമി, കുമരിലഭട്ടന്‍ എന്നീ ആചാര്യന്മാർ സർവ്വജ്ഞനും വിഗ്രഹസ്വരൂപവും പ്രപഞ്ചസൃഷ്ടാവുമായ ഒരു ഈശ്വരനെ സ്വീകരിക്കുന്നില്ല. മന്ത്രങ്ങൾക്കകത്ത് മാത്രമാണ് ദേവതകൾക്ക് അസ്തിത്വം ഉള്ളത്. മന്ത്രങ്ങളിൽ പറയുന്ന ദേവതകൾ ശരീരത്തോട് കൂടിയവരായ മൂർത്തികൾ ആണെന്ന് മീമാംസ അംഗീകരിക്കുന്നില്ല.

 ഷെർബാത്സ്കി എഴുതുന്നത് ഇങ്ങനെയാണ് -

"അവർ (മീമാംസകർ) തികഞ്ഞ യാഥാർത്ഥ്യവാദികളും ആത്മീയവാദത്തിന്റെ വിരോധികളും നിഷേധാത്മക സിദ്ധാന്തങ്ങളുടെ പക്ഷപാതികളും ആയിരുന്നു. സൃഷ്ടാവായ ദൈവമില്ല, സർവ്വജ്ഞനില്ല, മുക്തന്മാരായ യോഗിവര്യന്മാരില്ല, യാതൊരുതരത്തിലുള്ള നിഗൂഢതയുമില്ല. നമ്മുടെ ഇന്ദ്രിയങ്ങൾക്കനുഭവപ്പെടുന്ന ലോകമല്ലാതെ മറ്റൊന്നുമില്ല. അതുകൊണ്ടുതന്നെ നൈസർഗികാശയങ്ങളില്ല, നിർമ്മാണാത്മകജ്ഞാനമില്ല, ബിംബമില്ല, അന്തർദർശനമില്ല, കേവലമായ ഒരു ചേതന മാത്രം. ബാഹ്യാനുഭവങ്ങളെ എല്ലാം രേഖപ്പെടുത്തുകയും നിലനിർത്തുകയും ചെയ്യുന്ന സംവേദനങ്ങളുടെയും സ്മരണകളുടെയും പരിപൂർണ്ണമായ ഒരു പരിമാർജനാവസ്ഥ മാത്രം"(Stcherbatsky, 23).

 ശബരഭാഷ്യത്തിൽ നിരീശ്വരവാദചർച്ച പുരോഗമിക്കുന്നത് ശ്രദ്ധേയമാണ്.

❖       വൈദിക ദേവന്മാരായ ഇന്ദ്രൻ, വരുണൻ, മിത്രൻ, അഗ്നി എന്നിവർക്ക് യാഥാർത്ഥ്യമോ ഭൗതികമോ ആയ അസ്തിത്വം ഉണ്ടോ?

❖       വേദത്തിൽ ഈ ദേവന്മാർക്ക് എന്ത് അർത്ഥമാണ് കൊടുക്കുന്നത്?

ശബരന്റെ അഭിപ്രായത്തിൽ വൈദിക ദേവന്മാർക്ക് ഉണ്ടായിരുന്ന ഏക അസ്ഥിത്വം 'വാചികം' ആയിരുന്നു. ശബ്ദങ്ങളോ വാക്കുകളോ മാത്രമാണ്. ദൈവികസത്തകൾ അല്ല. ശബ്ദം ദേവതയാണെന്ന് കൽപ്പിക്കുന്നു. വേദത്തെ ഏറ്റവും ഉന്നതമായി സ്വീകരിച്ചതിനാലാണ് മീമാംസകർ ഏകദേവത്വത്തെയും ബഹുദേവത്വത്തെയും ഇത്തരത്തിൽ നിരാകരിക്കുന്നത്.  മീമാംസകർ വൈദിക ദേവന്മാരെ അധികരിച്ചുള്ള ശബരന്റെ അഭിപ്രായത്തെ സമക്ഷം സ്വീകരിക്കുന്നു.

"ദേവതകളുടെ ശരീരരൂപത്തെ സംബന്ധിച്ച് ശബരന്റെ അഭിപ്രായം ഇത്തരം ദേവതാസ്വരൂപത്തെ വർണ്ണിക്കുന്ന വേദോക്തികൾ പ്രശസ്തിവാദങ്ങൾ ആണെന്നാണ്. 'ഞങ്ങൾ അവിടത്തെ കൈപിടിച്ചു' എന്നു പറഞ്ഞാൽ അതിനർത്ഥം ഞങ്ങൾ അവിടത്തെ ശരണം പ്രാപിച്ചു എന്നാണ്. പ്രഭാകരനും കുമരിലഭട്ടനും രണ്ടാളും ദേവതകൾക്ക് ശരീരമുണ്ടെന്ന് കാര്യം നിഷേധിക്കുന്നുണ്ട്. നമുക്ക് കർമ്മങ്ങളുടെ ഫലം ലഭിക്കുന്നത് ദേവതകളുടെ ആനുകൂല്യം കൊണ്ടല്ല. അതുകൊണ്ട് അതിനായി ദേവതകൾക്ക് ഭൗതികരൂപങ്ങൾ ആവശ്യമില്ല. മീമാംസയുടെ ആദ്യ ഉപജ്ഞാതാക്കൾ ഏതെങ്കിലും തരത്തിലുള്ള യാഥാർത്ഥ്യതയോടുകൂടിയ ദേവതകളെ സ്വീകരിച്ചിട്ടുള്ളതെങ്കിലും നവീനമീമാംസകർ മന്ത്രങ്ങൾക്ക് പ്രാധാന്യം ഉറപ്പിക്കാനാണ് ഉത്കണ്ഠ കാണിക്കുന്നത്. യാജ്ഞികന് ദേവതകളുമായി യാതൊരിടപാടുമില്ല. അയാൾ തന്റെ മുഴുവൻ ശ്രദ്ധയും മന്ത്രത്തിൽ കേന്ദ്രീകരിക്കണം എന്നവർ വാദിക്കുന്നു. ദേവതകളെ സങ്കല്പ സ്വരൂപികളായി കരുതാനാണ് അവരുടെ പ്രവണത. ദേവതകളെ സംബോധന ചെയ്യുന്ന മന്ത്രങ്ങളിൽ നിന്നും വ്യതിരി ക്തമായി അവർക്ക് യാതൊരു അസ്ഥിത്വവും ഇല്ലായിരിക്കാം എങ്കിലും ആ ദേവതമാർക്ക് അർപ്പിക്കുന്ന ആഹൂതികൾ ഫലം നൽകുന്നവയാണെന്ന് അവർ ഉറപ്പിച്ചു പറയുന്നുമുണ്ട്" (രാധാകൃഷ്ണൻ, 416).

            വേദങ്ങളിലെ പൂർവ്വഭാഗങ്ങളായ മന്ത്രങ്ങളുടെയും ബ്രാഹ്മണങ്ങളുടെയും സഹായത്താൽ അനുഷ്ഠിക്കുന്ന യാഗങ്ങളുടെയും കർമ്മങ്ങളുടെയും ഫലപ്രാപ്തി യജമാനന് (ആർക്കുവേണ്ടിയാണോ കർമ്മം അനുഷ്ഠിക്കപ്പെടുന്നത് ആ വ്യക്തിയെ കുറിക്കുന്ന വൈദികപദം) എത്തുന്നത് എങ്ങനെ എന്നതിന് മീമാംസകർക്ക് അവരുടേതായ വിശദീകരണമുണ്ട്. "വേദത്തിൽ പ്രതിപാദിച്ചിട്ടുള്ള മന്ത്രങ്ങൾ ദേവതാസ്തുതികൾ ആണെങ്കിൽ പോലും അങ്ങനെയുള്ള ദേവന്മാർ ഉണ്ടെന്ന് മീമാംസകർ കരുതുന്നില്ല.എന്നാൽ ചെയ്യുന്ന കർമ്മങ്ങളുടെ ഫലം ഉടനെ തന്നെ ഉണ്ടാകുന്നതല്ലതാനും. ഇപ്പോൾ ചെയ്യുന്ന കർമ്മം ഇനി എന്നെങ്കിലും സ്വർഗ്ഗത്തിലോ മറ്റോ ആയിരിക്കും ഫലം ഉളവാക്കുന്നത്. ഇപ്പോൾ ചെയ്ത കർമ്മത്തിന്റെ ഫലം നഷ്ടപ്പെടാതെ സൂക്ഷിച്ച് ഇനി ഒരിക്കൽ വെളിവാക്കിത്തരുന്ന ശക്തി ഈശ്വരൻ അല്ലെങ്കിൽ പിന്നെ എന്ത്? അതിനു മീമാംസകർ പറയുന്നത് “അപൂർവ്വം” എന്നൊന്നുണ്ടെന്നാണ്. ഇതിന് മുൻപാരും അറിഞ്ഞിട്ടില്ലാത്തത് എന്നാണ് അപൂർവ്വം കൊണ്ട് അർത്ഥമാക്കുന്നത് ഇപ്പോൾ ചെയ്യുന്ന കർമ്മം സൂക്ഷ്മമായ അപൂർവ്വത്തിന്റെ രൂപത്തിൽ നിലനിൽക്കുമെന്നും സമയം വരുമ്പോൾ ഫലത്തിന്റെ രൂപത്തിൽ പ്രകടമാകും എന്നുമാണ് വാദം" ( മുനി നാരായണ പ്രസാദ്, 24). കർമ്മം സ്വയമേവ ഫലം നൽകുന്നു എന്ന രീതിയിലുള്ള മീമാംസകരുടെ വാദങ്ങൾ അപൂർവ്വ സിദ്ധാന്തത്തെയും അതേസമയം ഈശ്വരാസ്ഥിത്വ നിഷേധത്തെയും അരക്കിട്ടുറപ്പിക്കുന്നു.

II

 പ്രപഞ്ചയാഥാർത്ഥ്യത്തെ അധികരിച്ച് വ്യത്യസ്ത വീക്ഷണമാണ് മീമാംസകരുടേത്. ദൃശ്യ പ്രപഞ്ചം മിഥ്യയാണെന്ന് വേദാന്തികളുടെ വാദത്തെയും ബാഹ്യവസ്തു യാഥാർഥ്യത്തെ തള്ളി വ്യക്തിനിഷ്ട ആശയവാദത്തെ പ്രകീർത്തിച്ച വിജ്ഞാനവാദികളായ ബൗദ്ധരുടെ വാദത്തെയും ഖണ്ഡിക്കുന്നതായിരുന്നു മീമാംസകരുടെ പ്രപഞ്ചത്തെപ്പറ്റിയുള്ള യാഥാർത്ഥ്യവാദചിന്തകൾ.  പ്രപഞ്ചത്തെ ഒരു പുതിയ സൃഷ്ടിയായി കരുതുന്നില്ല സൃഷ്ടി ഇല്ലാത്തതുകൊണ്ട് തന്നെ ലയവും ഇല്ല. ആയതിനാൽ സൃഷ്ടാവായ ഒരു ഈശ്വരന്റെ പ്രസക്തി ഇല്ലാതെയാകുന്നു. പ്രപഞ്ചം എന്നും ഇതേ നിലയിൽ ഈ വിധം ആദിയും അന്ത്യവും ഇല്ലാതെ നിലനിൽക്കുന്നു. ഭാഗികമായ ചില മാറ്റങ്ങൾ കാലോചിതമായി മാത്രം സംഭവിക്കുന്നു.

 യാഥാർത്ഥ്യവാദത്തെ ആശയവാദത്തിനെതിരായി പുനഃസ്ഥാപിച്ച കുമരിലഭട്ടന് മനുഷ്യന്റെ ജീവിതത്തെ പരിവർത്തനവിധേയമാക്കാൻ സാധിച്ചു. പ്രാപഞ്ചിക ജീവിതത്തെ നിരർത്ഥകമായും ശൂന്യമായും മനുഷ്യന്റെ കർമ്മോത്സുകതയെ മന്ദീഭവിപ്പിച്ചും ഭാരതീയരെ മുഴുവനായും കർമ്മരഹിതരും ഭിക്ഷുക്കളുമാക്കി മാറ്റിയ ശൂന്യവാദികളായ ബൌദ്ധർക്കെതിരെ നയിച്ച ദാർശനികമായ മുന്നേറ്റമായിരുന്നു യാഥാർത്ഥ്യവാദ ചിന്താധാരകൾ. സാധാരണ ജനങ്ങൾക്ക് ഗ്രാഹ്യമായ രീതിയിൽ ബാഹ്യവസ്തു യാഥാർത്ഥ്യത്തെ അനുഭവത്തിന്റെ ഉലയിൽ മെനഞ്ഞെടുത്ത് ജീവിതത്തിൽ ആവേശവും പ്രതീക്ഷയും നിറച്ചതിനുള്ള ഭാട്ടമീമാംസകരുടെ പങ്ക് മഹത്തരമാണ്. “ഭാട്ടമീമാംസകരുടെ നിരാലംബനവാദ നിഷേധം കൊണ്ട് ഭാരതത്തിൽ ഉണ്ടായ പരിവർത്തനം 1903 ൽ പ്രസിദ്ധീകരിച്ച ജി. ഇ. മൂറിന്റെ 'ആശയനിഷേധവാദം'(Refutation of Idealism) യൂറോപ്യൻ ചിന്താഗതിയിൽ ഇരുപതാം നൂറ്റാണ്ടിൽ വരുത്തിയ പരിവർത്തനത്തിന് തുല്യമാണ്. ശങ്കരന്റെ അദ്വൈതവാദം സാധാരണക്കാർക്ക് ദുർഗ്രഹമായിരുന്നു. ആർക്കും സുഗ്രഹമായ കുമരിലഭട്ടന്റെ യാഥാർത്ഥ്യവാദം ചെയ്ത പ്രയോജനം സർവ്വജ്ഞനും ദിഗ്വിജയിയുമായ ശങ്കരന്റെ അദ്വൈതവാദം ചെയ്തില്ല. പോരെങ്കിൽ 'ലോകം ശോകഹതം ച സമസ്‌തം' എന്നു പറഞ്ഞ ശങ്കരൻ പ്രച്ഛന്നബുദ്ധൻ ആണെന്ന് പറയുന്നതിൽ കുറച്ചൊക്കെ വാസ്തവം ഇല്ലാതെയും ഇല്ല” (വാസുദേവ ഭട്ടതിരി, 337).

III

 മീമാംസകരുടെ കർമ്മഫലസിദ്ധാന്തം ഭാരതീയദാർശനികാന്തരീക്ഷത്തിൽ നിസ്തുലമായ പ്രാധാന്യം അർഹിക്കുന്നതാണ്. രുചിച്ചും സ്പർശിച്ചും അറിഞ്ഞ ലോകത്തെ മായയെന്ന് പറയുന്ന വേദാന്തചിന്തയിൽ നിന്ന് വ്യത്യസ്തമായി, സാധാരണക്കാരനും പ്രാപ്യമായ യുക്തിക്ക് നിരക്കുന്നതായുള്ള യാഥാർത്ഥ്യബോധമുള്ള ചിന്തകൾ മീമാസകരുടെ സംഭാവനയാണ്. അതിൽ നിന്ന് ഉരുത്തിരിഞ്ഞു വന്ന കർമ്മഫല സിദ്ധാന്തം മനുഷ്യൻ സ്വയം അവന്റെ ഭാവിയുടെ വിധാതാക്കൾ ആണെന്ന് പ്രഖ്യാപിക്കുന്നു. സത്കർമ്മം സത്ഫലവും ദുഷ്കർമ്മം ദുഷ്ഫലവും നൽകുന്നു. ദൃശ്യമായ കർമ്മത്തിന് അപ്പുറം അദൃശ്യനായ ഭൗതികാനുഭവ സീമകൾക്ക് അതീതമോ ഉപരിയോ ആയ ഈശ്വരന്റെ അസ്ഥിത്വത്തിൽ വിശ്വസിക്കാൻ മീമാംസ നമ്മോട് ആവശ്യപ്പെടുന്നില്ല.

"കർമ്മങ്ങൾക്ക് നമ്മുടെ ഉള്ളിലിരുന്ന് പ്രേരണ നൽകുന്നത് ഈശ്വരൻ ആണെന്ന കഥയില്ലായ്മ അവർ പറയുന്നില്ല. തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്നത് ഈശ്വരൻ ആണെങ്കിൽ നമ്മെ കൊണ്ട് തെറ്റ് ചെയ്യിച്ച് പിന്നെ ശിക്ഷിക്കുന്ന ഈശ്വരൻ ദുർബുദ്ധി ആണെന്നും വരുന്നു. ഈശ്വരൻ ലോകസൃഷ്ടാവാണ് എന്നു പറഞ്ഞാൽ തിന്മയും ഈശ്വരസൃഷ്ടമാണെന്ന് വരും കർമ്മത്തിന് ഫലം ഉണ്ട് എന്ന് പറയുന്നവർക്ക് ഈശ്വരനിൽ വിശ്വസിക്കുവാൻ സാധിക്കുകയില്ല." (വാസുദേവ ഭട്ടതിരി, 320)

കുമരിലഭട്ടൻ ശ്ലോകവാർത്തികത്തിൽ ഇപ്രകാരം പറയുന്നു-

 “സർവ്വശക്തനും കരുണാമയനുമായ ഈശ്വരൻ ദുരിതങ്ങളും അസമത്വവും കൊണ്ട് നിറഞ്ഞ ഇത്തരം ഒരു ലോകം സൃഷ്ടിച്ചു എന്ന മൂഢചിന്തയ്ക്ക് ജന്മം നൽകിയ ഭാവന ശക്തിയുടെ ദുർവ്യയത്തെ പരിഹസിക്കുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഈ ലോകത്തിൽ കാണുന്ന ദുരിതങ്ങൾ ഈശ്വരൻ ഇല്ല എന്നതിന്റെ വ്യക്തമായ തെളിവായിരുന്നു” (കുമരിലഭട്ടൻ, ശ്ലോകവാർത്തികം, സംബന്ധാക്ഷേപ പരിഹാരം  ശ്ലോകങ്ങൾ 49-50 & 52-53).

 മീമാംസയുടെ ഈശ്വരനിഷേധത്തെ ഏറ്റവും വലിയ പോരായ്മയായി പിൽക്കാലത്ത് വന്ന മറ്റു ചില പണ്ഡിതന്മാർ കരുതുന്നു. അതിലെ ഈശ്വരനില്ലായ്മയെ പറ്റി ഡോ. എസ്. രാധാകൃഷ്ണൻ പറയുന്നു "പൂർവ്വമീമാംസയിലെ ഈ വിടവ് അത്ര തൃപ്തികരമാകയാൽ പിന്നീടുള്ള എഴുത്തുകാർ പതുക്കെ ഈശ്വരനെ അതിൽ കടത്തി വിട്ടു" (രാധാകൃഷ്ണൻ,417).

പിൽക്കാലത്ത് മീമാംസാസമ്പ്രദായത്തിലെ പ്രകരണഗ്രന്ഥങ്ങൾ എഴുതിയവരിൽ വേദാന്തദേശികർ, വേദാന്തപ്രസ്ഥാനത്തിലെ വിശിഷ്യാ വിശിഷ്ടാദ്വൈതത്തിന്റെ ദാർശനിക പ്രതിനിധിയായിരുന്നു. അദ്ദേഹം അടിസ്ഥാനപരമായ മീമാംസയുടെ വക്താവായിരുന്നില്ല. കൂടാതെ അദ്ദേഹത്തിന്റെ 'സേശ്വരമീമാംസ' എന്ന ഗ്രന്ഥനാമം തന്നെ എത്ര ആഴത്തിൽ ആദിമീമാംസയിൽ ഈശ്വരസങ്കല്പം എത്ര കണ്ട് അന്യമായിരുന്നു എന്ന് വെളിച്ചം വീശുന്നതാണ്.

ദേവി പ്രസാദ് ചതോപാധ്യായ ഇങ്ങനെ നിരീക്ഷിക്കുന്നു. "ഇന്നത്തെ ശരാശരി ഇന്ത്യക്കാരന് ഇവയെല്ലാം അത്ഭുതകരവും പരിഭ്രമിപ്പിക്കുന്നതുപോലും ആയി തോന്നിയേക്കാം. ഏതായാലും  മീമാംസകർ വേദത്തെ നിശ്ശേഷം തെറ്റിദ്ധരിച്ചതാണിതിനു യാഥാർത്ഥ്യകാരണമെന്ന് വിചാരിക്കുന്നത് അവിവേകമായിരിക്കും. നേരെമറിച്ച്, മീമാംസകർ സ്വയം വേദപാരമ്പര്യവുമായി ഇടപഴകിക്കൊണ്ടാണ് ജീവിച്ചിരുന്നത്; തെറ്റിദ്ധരിക്കാൻ വയ്യാത്ത വിധം അവർ അതുമായി ബന്ധപ്പെട്ടിരിക്കുന്നു.  വേദപാരമ്പര്യത്തിന്റെ ഒരു വശവും മീമാംസാദർശനവും തമ്മിൽ ഇടമുറിയാത്ത ഒരു തുടർച്ചാബന്ധമുണ്ട്. ആദ്യത്തേതിന്‍റെ ചരിത്രപരവും യുക്തിപരവുമായ പര്യവസാനം മാത്രമാണ് രണ്ടാമത്തെത്. (Keith,3) അതുകൊണ്ട് വേദത്തോടുള്ള ഭ്രാന്തമായ അഭിനിവേശം എങ്ങനെ യുക്തിപരമായ നിരീശ്വരവാദത്തിലേക്ക് നയിച്ചു എന്ന് മനസ്സിലാക്കുവാൻ നമുക്ക് കഴിയുന്നില്ലെങ്കിൽ അതിനുകാരണം വൈദികകാലവും നമ്മുടെ കാലവും തമ്മിലുള്ള ഭീമമായ അന്തരത്തിന്റെ ഫലമായി വൈദിക പാരമ്പര്യത്തിന്റെ ജീവൽപ്രധാനമായ എന്തോ ചിലത് നമുക്ക് നഷ്ടമായിരിക്കുന്നു എന്നതാണ്. അതായത് വേദത്തെപ്പറ്റിയുള്ള നമ്മുടെ കാഴ്ചപ്പാടിലാണ് മാറ്റം വരുത്തേണ്ടത്” (ദേബീ പ്രസാദ് ചതോപാധ്യായ, 275).

ഉപസംഹാരം

ഭാരതത്തിലെ ആസ്തികമായ ഷഡ്ദർശനങ്ങളിൽ അക്ഷരാർത്ഥത്തിൽ “ആസ്തികത”യ്ക്ക് ഉചിതമായി വേദപ്രാമാണ്യത്തെ അംഗീകരിച്ച് വൈദികമായ കർമ്മങ്ങളുടെ ദാർശനികമായ ഉള്ളടക്കത്തെ വിശദീകരിച്ച് മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യത്തെ യാഥാർത്ഥ്യബോധത്തിലേക്ക് വഴിതിരിച്ചുവിട്ട മീമാംസയിലെ ആസ്തികത 'ഈശ്വരവിശ്വാസത്തിൽ ഉറച്ചതാണോ അല്ലയോ' എന്ന് ചോദ്യത്തിന്റെ പ്രസക്തിയെ ഇല്ലാതാക്കുന്നു.

സൂത്രകാരനായ ജൈമിനിയിൽ നിന്ന് തുടങ്ങിയ മീമാംസയുടെ സ്പഷ്ടമായ വളർച്ചയിൽ അസ്ഫുടസ്ഫുരിതമായി നിരീശ്വരവാദത്തിന്റെ തെളിവുകൾ മീമാംസകരിലും അവരുടെ വാക്കിലും കർമ്മത്തിലും തെളിഞ്ഞു നിൽക്കുന്നതായിരുന്നു. നിരീശ്വരവാദചിന്ത ദാർശനികമായി പൂർണ്ണകായ രൂപത്തിൽ നിഴലിച്ചത് ശബരസ്വാമിയുടെ കാലത്താണ്. എന്നാൽ കുമരിലഭട്ടന്റെ കാലമായപ്പോഴേക്കും നിരീശ്വരവാദ ചിന്തയുടെ സ്വാധീനം അസ്ഫുടസ്ഫുരിതമായിരുന്നു. കർമ്മടന്മാരായ മീമാംസകരെ ദാർശനികതയുടെ രുചി അറിയിച്ചത് കുമരിലഭട്ടനാണ്. പുരുഷാർത്ഥങ്ങളിലെ ധർമ്മം,അർത്ഥം,കാമം എന്നിവയ്ക്ക് മാത്രമേ മീമാംസകർ പ്രാധാന്യം കൊടുത്തിരുന്നുള്ളൂ. ഒരുപടി കൂടി ഉയർച്ചയിലേക്ക് നയിച്ച് മറ്റ് ആസ്തികദർശനങ്ങളിലെ ആത്മസാക്ഷാത്കാരത്തിന് തുല്യമായി മീമാംസയിലെ മോക്ഷ സങ്കല്പത്തെ തിരുത്തിയത് കുമരിലഭട്ടനാണ് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം കർമ്മവും ഉപാസനയും മോക്ഷപ്രാപ്തിക്ക് ആവശ്യമാണ്. ഉപാസനയും മറ്റു കർമ്മങ്ങളെ പോലെ ഒരു കർമ്മമാണ് എന്ന നിലയിലാണ് ഭാട്ടമീമാംസകർ അഭിപ്രായപ്പെടുന്നത്.

“പൂർവമീമാംസയിൽ മുഖ്യസ്ഥാനം ഈശ്വരനുമല്ല ലോകത്തിനുമല്ല, കർമ്മത്തിനാണ്. കർമ്മാനുശാസനം അനുസരിക്കാതിരിക്കുന്നത് അധർമ്മമാണ്. ഈ ലോകത്തെ നിലനിർ ത്തുന്ന മൗലികതത്ത്വം കർമ്മമാണ്. ആ കർമ്മപരമ്പരയിൽ മനുഷ്യൻ ബോധപൂർവ്വം പങ്കെടുക്കുന്നതാണ് ധർമ്മം. ഈശ്വരസങ്കല്പ‌ം കടന്നു വരുമ്പോൾ ആ ധർമ്മം ഈശ്വരൻ തന്നെയാണെന്നു വരുന്നു. വേദങ്ങളെല്ലാം ഉൾക്കൊള്ളുന്നത് ധർമ്മത്തെയാണല്ലോ. അതുകൊണ്ട് ഈശ്വരൻ്റെ മനസ്സിലുള്ളത് വെളിപ്പെട്ടതാണ് വേദം എന്നായി വ്യാഖ്യാനം. എന്തിനേറെ, വേദവാക്യങ്ങളെ ശബ്ദബ്രഹ്മം എന്നു തന്നെ കുമരിലഭട്ടൻ വിളിക്കാനായിടയായി. എന്നു തന്നെയല്ല, കുമരിലൻ ശ്ലോകവാർത്തികം ആരംഭിക്കുന്നത് ശിവനെ സ്‌തുതിച്ചു കൊണ്ടാണു താനും.

"വിശുദ്ധജ്ഞാനദേഹായ  ത്രിവേദദ്ദിവ്യചക്ഷുഷേ ശ്രേയഃ 

പ്രാപ്‌തിനിമിത്തായ നമഃ സോമാർദ്ധധാരിണേ"

(ശ്രേയസു പ്രാപിക്കുന്നതിനുവേണ്ടി ശുദ്ധജ്ഞാനമാകുന്ന ദേഹത്തോടുകൂടിയവനും, മൂന്ന് വേദങ്ങളാകുന്ന കണ്ണുകളോടു കൂടിയവനും ആയ സോമാർദ്ധധാരിയ്ക്ക് (ചന്ദ്രകല ധരിച്ചിരിക്കു ന്നവന്, സോമാർദ്ധശേഖരന്) നമസ്ക്കാരം).

 ഇതേത്തുടർന്ന് പിൽക്കാല മീമാംസകർക്ക് ഈശ്വരസങ്കല്പം ദർശനത്തിന്റെ ഭാഗമില്ലാത്തത് ഒരു ഗൗരവമായ പോരായ്മയായി അനുഭവപ്പെടാൻ തുടങ്ങി. പിൽക്കാലമീമാംസാസാഹിത്യത്തിലെ ആപദേവന്റെയും ലൗകാക്ഷിഭാസ്കരന്റെയും കൃതികളിൽ പരമേശ്വരന് വേണ്ടി നടത്തുന്ന യജ്ഞം പരമപുരുഷാർത്ഥം കൈവരുമെന്ന വിധത്തിലുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകാൻ ഇടയായതും ഇക്കാരണത്താലാണ്. (മുനി നാരായണ പ്രസാദ്, 36-37)

 ഭാരതീയ ദർശനങ്ങളിൽ പൊതുവേയുള്ള മോക്ഷസങ്കല്പത്തിൽ നിന്നും ഈശ്വരസങ്കൽപ്പത്തിൽ നിന്നും വ്യത്യസ്ത വീക്ഷണം ആയിരുന്നു മീമാംസകരുടേത്. എന്നാൽ കാലത്തിന്റെയും മറ്റ് ദാർശനികമായ സമസ്യകളുടെയും ആവശ്യകതകളെ അഭിമുഖീകരിക്കുന്നതിനായി ആദിമീമാംസയുടെ ചില വീക്ഷണങ്ങളെ പുനർവിചിന്തനം നടത്തേണ്ടതായി വന്നതിന്റെ ഭാഗമായാണ് മീമാംസയിലെ നിരീശ്വരവാദചിന്തയുടെ ശക്തി ക്ഷയിക്കാൻ ഇടയായത്. എന്നിരുന്നാലും ഭാരതീയമായ മറ്റു ദർശനങ്ങളിലെ നിരീശ്വരവാദചിന്തയേക്കാൾ ദാർശനികമായി പ്രാധാന്യമുള്ള വാദങ്ങൾ ആദിമീമാംസകരിലും ഒരു പരിധിവരെ   പിൽക്കാലമീമാംസകരിലും അതിന്റെ പൂർണാവസ്ഥയിൽ തന്നെ നിലനിന്നിരുന്നതായി മനസ്സിലാക്കാൻ സാധിക്കും.

 

 

 

 

 

 ഗ്രന്ഥസൂചികകൾ

  1. കീത്ത്. എ. ബി. കർമ്മമീമാംസ, അസോസിയേഷൻ പ്രെസ്സ്, കൽക്കട്ട, 1921.

  2. കുമരിലഭട്ടൻ ശ്ലോകവാർത്തികം സംബന്ധാക്ഷേപ പരിഹാരം  ശ്ലോകങ്ങൾ 49-50 & 52-53

  3. ചതോപാധ്യായ, ദേബീ പ്രസാദ്. ഇന്ത്യൻ നിരീശ്വരവാദം. (പരിഭാഷ : പി ആർ വർമ്മ ). ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം, 1981.

  4. നാരായണ പ്രസാദ്, മുനി. മീമാംസ ദർശനങ്ങൾ. നാരായണ ഗുരുകുലം, വർക്കല, 2011

  5. രാധാകൃഷ്ണൻ. ഡോ. എസ്. ഭാരതീയ ദർശനം, രണ്ടാം വോള്യം. (പരിഭാഷ : ടി. നാരായണൻ നമ്പീശൻ), മാതൃഭൂമി ബുക്സ്, 2021.

  6. വാസുദേവ ഭട്ടതിരി. സി വി. ഭാരതീയ ദർശനങ്ങൾ, മനോരമ ബുക്സ്,കോട്ടയം, 1986.

  7. Chtcherbatskoï, Fedor Ippolitovitch. Buddhist Logic Vol II by F. Th. Stcherbatsky. Dover Publications, 1962.

  8. Bhaṭṭa, Kumārila. The Mīmāmsā -Śloka -Vārtika with the commentary called Nyāya ratnākara of Pārthasārathi Misra, edited by Ramasastri Tailanga, Chowkhamba Sanskrit Series Office, Benares, 1899.

  9. Bahadur, K P. The Wisdom of Meemaansaa, Sterling Publishers Private Limited, New Delhi, 1983.

  10. Bhaṭṭa, Kumārila. The Mīmāmsā -Śloka -Vārtika with the commentary called Nyāya ratnākara of Pārthasārathi Misra, edited by Ramasastri Tailanga, Chowkhamba Sanskrit Series Office, Benares, 1899.

  11. Jaimini, and Mohan Lal Sandal. The Mimamsa Sutras of Jaimini. Motilal Banarsidass, 1980.

  12. Jha, Ganga Nath. Pūrvamīmāmsā in its Sources, Banaras Hindu University, Varanasi, 1964.

  13. Lal, Sudhir Kumar, Dr. “Pūrvamīmāmsāyude Granthaparamparyam”. Vaidikakarmakandathinte Darsanikaparisaram, Edited by K. A. Ravindran, Vallathol Vidyapeetham, Edapal, 2013.p.66-76.

  14. Muralidharan, V. R. Mānameyodaya, a Critical Study. Publication Division, University of Calicut, 2011.

  15. Parameśvara III, Ṛṣiputra. Jaiminīya-Sūtrārthasaṅgraha. Univ. of Travancore, 1951.

  16. Potter, Karl H., K T Panduragi, editors. Philosophy of Pūrva Mīmāṃsā. XVI, Motilal Banarsidass Publishers,2014.

  17. Sharma, Chandradhar. A Critical Survey of Indian Philosophy. MLBD, 2016.

  18. Velayudhan Nair, K. Tattvachintha. DC Books, Kottayam, 1985.

 

ജയ ബി.     

ഗവേഷക വിദ്യാർത്ഥിനി                                                             തത്ത്വശാസ്ത്രവിഭാഗം               

സർക്കാർ വനിതാ കോളേജ്

വഴുതക്കാട്, തിരുവനന്തപുരം

ഇ- മെയിൽ: jayab@gcwtvm.ac.in   


പ്രൊഫ. (ഡോ) എൽ. വിജയ്

തത്ത്വശാസ്ത്രവിഭാഗം     

സർക്കാർ വനിതാ കോളേജ്                                                         

വഴുതക്കാട്, തിരുവനന്തപുരം    

ഇ- മെയിൽ: vijai@gcwtvm.ac.in

                                                                                                                        

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. സംഗീത കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page