top of page

മാറുന്ന മലയാളിയുടെ ഓണപ്പുലരി

Updated: Sep 15

അഭിത എൽ.
ree

           ഓണം കേരളത്തിന്റെ ദേശീയ ഉത്സവമാണ്. കേരളത്തിന്റെ പ്രൗഢിയും സമൃദ്ധിയും ഐക്യവുമൊക്കെ പ്രദർശിപ്പിക്കുന്ന കേരളീയന്റെ തനതുത്സവമാണത്. മലയാളിയുടെ ജീവനോടും ജീവിതത്തോടും ചേർന്ന്  നിൽക്കുന്ന കേരളീയ ജനതയുടെ ആത്മാവായ ഓണം കേരളത്തിന്റെ വിളവെടുപ്പുത്സവം കൂടിയാണ്. കേരളത്തിന്റെ കാർഷികവൃത്തിയുടെ സമൃദ്ധി ഉയർത്തി കാട്ടുന്ന ആഘോഷമാണ് ഓണം. ഓണത്തെക്കുറിച്ച് പറയുമ്പോൾ ആദ്യം തന്നെ മനസ്സിലേക്ക് കടന്നുവരുന്നത് കുട്ടിക്കാലം മുതൽക്കേ കേട്ടുവന്ന മഹാബലി തമ്പുരാനെ കുറിച്ചും അദ്ദേഹത്തെ പ്രകീർത്തിച്ചുകൊണ്ടെഴുതിയ ‘മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ’ എന്ന പാട്ടുമാണ്. ഈ പാട്ട് എല്ലാ മലയാളികൾക്കും ഹൃദസ്ഥമാണ്.തന്റെ പ്രജകളുടെ ഐശ്വര്യത്തിനും സന്തോഷത്തിനും ഹിതത്തിനും വേണ്ടി പ്രയത്നിച്ച കേരളത്തിന്റെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെട്ടിരുന്ന മഹാബലി തമ്പുരാന്റെ ഭരണകാലത്തെ പ്രകീർത്തിക്കുന്ന പാട്ടാണത്. ഐശ്വര്യപൂർണ്ണമായ ഒരു കാലഘട്ടം സമ്മാനിച്ച മഹാനായ അസുര രാജാവിനെ ഓർമ്മിച്ചുകൊണ്ടാണ് ഇന്നും നാം ഓണം ആഘോഷിക്കുന്നത്.  മഹാവിഷ്ണുവിന്റെ അവതാരമായ വാമനൻ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയപ്പോൾ അദ്ദേഹം ഒരു കാര്യം മാത്രമാണ് ആവശ്യപ്പെട്ടത്. വർഷത്തിലൊരിക്കൽ തന്റെ പ്രിയ പ്രജകളെ സന്ദർശിക്കാൻ ഒരവസരം നൽകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അദ്ദേഹത്തിന്റെ ഈ ആവശ്യം വാമനൻ അംഗീകരിക്കുകയും ചെയ്തു. അതുപ്രകാരം ചിങ്ങമാസത്തിലെ തിരുവോണനാളിൽ മഹാബലി തന്റെ  പ്രജകളെ സന്ദർശിക്കാൻ അദൃശ്യനായി കേരള നാട്ടിൽ എത്തുമെന്നാണ് വിശ്വാസം.  പറമ്പുകളെല്ലാം ചെത്തി വാരി എല്ലായിടവും വൃത്തിയാക്കി അത്തപ്പൂക്കളമിട്ട് ഓണസദ്യയുമൊരുക്കി കേരളക്കര ഓണനാളിൽ മാവേലിയെ  വരവേൽക്കാനായി സജ്ജരാകുന്നു. പ്രജാപ്രിയനായ മഹാബലി ഒരു അസുര രാജാവാണെന്ന് ഒട്ടൊരു അത്ഭുതത്തോടുകൂടി മാത്രമേ നമുക്ക് വിശ്വസിക്കാൻ സാധിക്കുകയുള്ളൂ. ഒരു അസുരന് യോജിച്ച സ്വഭാവ ഗുണങ്ങളല്ലായിരുന്നു മഹാബലിയ്ക്കുണ്ടായിരുന്നത്. കാരണം അദ്ദേഹത്തിനു അസുരന്മാരെ പോലെ മറ്റുള്ളവരെ ദ്രോഹിക്കണമെന്നുള്ള ചിന്ത ഒട്ടും തന്നെ ഇല്ലായിരുന്നു. എക്കാലവും തന്റെ പ്രജകളുടെയും നാടിന്റെയും സമൃദ്ധിയ്ക്കുവേണ്ടി പ്രവർത്തിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. അതുകൊണ്ടുതന്നെ ദേവതുല്യനായിട്ട് മാത്രമേ മഹാബലിയെ നമുക്ക് കാണുവാൻ സാധിക്കുകയുള്ളൂ. ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും ഒരു കാലഘട്ടം കേരളത്തിന് സമ്മാനിച്ച, ദേവഗണങ്ങളെ പോലും അത്ഭുതപ്പെടുത്തിയ , അവർക്കൊക്കെ അസൂയ തോന്നുമാറ് ഒരു ഭരണകാലം സൃഷ്ടിച്ച മഹാബലി തമ്പുരാനേ സ്മരിച്ചുകൊണ്ടല്ലാതെ കേരളീയന് ഓണം ആഘോഷിക്കുവാൻ സാധിക്കില്ല. മാവേലിയെ വിസ്മരിച്ചുകൊണ്ടുള്ള ഒരു ഓണക്കാലം അത് അസംഭവ്യം തന്നെയാണ്. കാരണം അത്രത്തോളം മാവേലിത്തമ്പുരാൻ കേരളീയന്റെ ആത്മാവിനോട് ഇഴചർന്നിരിക്കുന്നു. ഓണത്തെക്കുറിച്ച് നിരവധി ഐതിഹ്യ കഥകളുണ്ടെങ്കിലും മഹാബലിയുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് പരക്കെ സ്വീകരിച്ചിട്ടുള്ളത്.  മാവേലി പാട്ടിലൂടെ ആ കാലത്തെ അറിഞ്ഞ നമ്മൾ,ഒരിക്കലെങ്കിലും ആ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന്  ആഗ്രഹിച്ചിട്ടുണ്ടാവും. ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലഘട്ടം ഇന്ന് മലയാളികളുടെ മനസ്സിൽ ഒരു സ്വപ്നമായി അവശേഷിക്കുന്നു.


             ഓണക്കാലത്തെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ മനസ്സിന് പ്രത്യേകമായൊരു ഉണർവാണ് കൈവരുന്നത്. പണ്ടുകാലത്തെ ജനങ്ങൾക്ക് ഓണം ഒരു പ്രതീക്ഷ കൂടിയായിരുന്നു. കർക്കിടക മാസത്തെ കഷ്ടപ്പാടുകൾക്ക് ഒടുവിൽ എല്ലാവരും വളരെ പ്രതീക്ഷയോടു കൂടിയാണ് പുതിയ വർഷത്തെ കാത്തിരിക്കുന്നത്. മലയാളിയെ സംബന്ധിച്ചിടത്തോളം ചിങ്ങമാസത്തിലാണ് പുതുവർഷം ആരംഭിക്കുന്നത്. കാർമേഘങ്ങൾ നിറഞ്ഞുനിന്ന ആകാശത്ത് ചിങ്ങമാസം തുടങ്ങുന്നതോടുകൂടി പ്രത്യാശയുടെ ഒരു പുതു വെളിച്ചം പ്രത്യക്ഷപ്പെടുന്നു. ഇരുണ്ടമേഘങ്ങൾക്കിപ്പുറം ആകാശത്ത് തെളിയുന്ന പുതു വെയിലിനെ  ഓണവെയിലെന്നു പറയുന്നു. സ്വർണ്ണ നിറമുള്ള ആ പ്രകാശം കാണുമ്പോൾ തന്നെ കേരളീയന്റെ മനസ്സിൽ പ്രതീക്ഷകൾ മൊട്ടിടുന്നു. വ്യത്യസ്ത വർണ്ണങ്ങളിലുള്ള പൂവുകളും, പൂക്കളുടെ ഗന്ധവും, ചിത്രശലഭങ്ങളുടെയും തുമ്പികളുടെയും കൂട്ടമായുള്ള വിരുന്നും ഓണക്കാലം വരവായെന്നുള്ള സൂചന നൽകുന്നു. ഈ സൂചനകളൊക്കെ നൽകുന്നത് പ്രകൃതിയാണ്. ഓണത്തിന്റെ വരവറിയിച്ച്    പ്രകൃതി കേരളീയനിൽ വസന്തം തീർക്കുന്നു. ചിങ്ങം ഒന്നു മുതൽ തന്നെ ഓണത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ മലയാളികൾ ആരംഭിക്കും.  അത്തം മുതൽ പത്തു ദിവസമാണ് ഓണം പ്രധാനമായും  ആഘോഷിക്കുന്നത്. അത്തം മുതൽ വീടുകളിൽ പൂക്കളം ഇടാൻ ആരംഭിക്കും. ഓരോ ദിവസവും ഓരോ തരം പൂക്കളാണ് ഇടുന്നത്. അതുപോലെതന്നെ നിറത്തിലും വലിപ്പത്തിലുമൊക്കെ പ്രത്യേകമായ നിഷ്കർഷകളുണ്ട്. ഭാഷയെ സംബന്ധിച്ച് ‘ആറു മലയാളിക്ക് നൂറ് മലയാളം’എന്ന് പറയും പോലെ ഓണത്തിന്റെ ഒരുക്കങ്ങളിലും ആഘോഷങ്ങളിലും ചിട്ടവട്ടങ്ങളിലുമൊക്കെ  പ്രദേശങ്ങൾക്കനുസൃതമായി  വ്യത്യസ്തത കടന്നുവരുന്നു. മാറ്റങ്ങൾ പലതും കടന്നുവരുന്നുണ്ടെങ്കിലും പൂക്കളവും സദ്യയും ഓണക്കളികളും ഒത്തുകൂടലുമൊക്കെ ഒരേ പോലെ തന്നെ എല്ലാ പ്രദേശത്തും നിലനിന്നിരുന്നു.


              ഓണം ഇന്ന് ഒരുപാട് മാറ്റങ്ങൾക്ക് വിധേയമായി കഴിഞ്ഞിരിക്കുന്നു. പൂക്കളമിടലിലും സദ്യവട്ടങ്ങളിലും ഓണക്കളികളിലുമൊക്കെത്തന്നെ ഈ മാറ്റങ്ങൾ പ്രകടമായി തന്നെ കാണുവാൻ സാധിക്കുന്നു. ബന്ധങ്ങളുടെ ദൃഢത ഊട്ടിയുറപ്പിക്കുന്ന ഉത്സവമായേ ഓണത്തെ വിലയിരുത്തുവാൻ സാധിക്കുകയുള്ളൂ. ഓണത്തിന്റെ എല്ലാ ഘടകങ്ങളിലും ഒരു കൂട്ടായ്മയെ അല്ലെങ്കിൽ കൂട്ടായ്മയുടെ പ്രയത്നത്തെ നമുക്ക് കാണാൻ സാധിക്കും. ഇക്കാലഘട്ടത്തിൽ കേരളത്തിന്റെ കാർഷിക ഉത്സവമായ ഓണം അതിന്റെ എല്ലാ തനിമയോടും കൂടി ആഘോഷിക്കപ്പെടുന്നുണ്ടോ എന്ന് സംശയമാണ്.  കേരളത്തിന്റെ വിളവെടുപ്പുത്സവമായ  ഓണക്കാലത്ത് നാം മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വിളവെടുത്ത ഭക്ഷ്യോല്പന്നങ്ങളാണ് ഉപയോഗിക്കുന്നത്. സ്വന്തമായി ഒരു തുണ്ട് കൃഷി ഭൂമി പോലുമില്ലാത്തവരായി ഇന്ന് കേരളീയർ മാറിക്കഴിഞ്ഞു. സമൃദ്ധിയുടെ കലവറയായി കേരളത്തെ രൂപപ്പെടുത്താൻ സഹായിച്ച കാർഷികവൃത്തിയിൽ നിന്ന് നാം ഇന്ന് ഒരുപാട് അകലെയായി കഴിഞ്ഞിരിക്കുന്നു. പണ്ടു കാലത്ത് സ്വന്തമായി കൃഷിചെയ്ത ഉൽപ്പന്നങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് പഴമക്കാർ ഓണം ഒരുങ്ങിയിരുന്നത്. ഇന്ന് നാം പൂക്കളത്തിനും ഓണസദ്യയ്ക്കും വരെ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. ഒരുപക്ഷേ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള കയറ്റുമതി നിലച്ചാൽ  കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണവും ഇല്ലാതെയാകുമെന്ന കാര്യത്തിൽ സംശയമില്ല.

 

            ഓണക്കാലത്തെ ആഘോഷങ്ങളെ സമ്പന്നമാക്കുന്ന ഒന്നാണ്  പുലികളി. പുലിയുടെയും വേടന്റെയും വേഷം കെട്ടി കൊട്ടും മേളവുമായി വീട് വീടാന്തരം കയറിയിറങ്ങുന്ന കുട്ടികളുടെ സംഘങ്ങളെ  ഇരുപതുകളുടെ  തുടക്ക കാലം വരെ സജീവമായി കാണാൻ സാധിക്കുമായിരുന്നു. എന്നാൽ ഇന്ന് അതൊക്കെ കേരളക്കരയിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.  സംഘങ്ങളായി കളിചിരികളോടെ സന്തോഷപൂർവ്വം  ആടിപ്പാടി നടക്കുന്ന കുട്ടികളെ ഇന്നെവിടെയും കാണാൻ സാധിക്കുന്നില്ല.  ഫോണിന്റെ അമിതമായ ഉപയോഗവും സ്വാർത്ഥ മനോഭാവവും കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ അവനവനിലേക്ക് തന്നെ ചുരുങ്ങിക്കൂടാൻ പ്രേരിപ്പിക്കുന്നു.  മനുഷ്യർ പരസ്പരം അകന്ന കാലം മുതൽക്ക് തന്നെ  ഓണത്തിന്റെ തനിമയും നഷ്ടപ്പെട്ടു . പണ്ടുകാലത്ത് കുട്ടികൾ ഓണക്കാലമെത്താൻ   കാത്തിരിക്കുമായിരുന്നു. കൂട്ടംകൂടി പൂക്കളിറുക്കുവാനും അത്തപ്പൂക്കളമിടാനും ഊഞ്ഞാല് കെട്ടിയാടാനും ഓണക്കളികൾ  നടത്താനും മറ്റും ഉത്സാഹത്തോടെയാണ് കുട്ടികൾ കാത്തിരുന്നിരുന്നത്. കുട്ടികളെയും മുതിർന്നവരെയും സംബന്ധിച്ച് ആവേശോജ്വലമായ കാലമായിരുന്നു ഓണക്കാലം.  ഓണത്തിന്റെ പ്രധാന ദിവസങ്ങളായ  ഉത്രാടം,തിരുവോണം നാളുകളിൽ എല്ലാ മലയാളികളും തന്റെ തിരക്കുകൾ മാറ്റിവെച്ച് തറവാട്ടിൽ ഒത്തുകൂടുന്ന രീതി നിലനിന്നിരുന്നു. ഓണക്കോടി കൈമാറ്റവും സദ്യ ഒരുക്കലും  ഓണക്കളികളുമൊക്കെയായി വളരെ സന്തോഷത്തോടെ കുടുംബവീട്ടിൽ ഓണകാലത്ത് എല്ലാ കുടുംബാംഗങ്ങളും ഒത്തുകൂടുമായിരുന്നു. . ഇത്തരത്തിലുള്ള ഒരു ഓണക്കാലം ഇന്ന് മലയാളികളുടെ ഓർമ്മകളിൽ മാത്രം അവശേഷിക്കുന്ന ഒന്നാണ്. സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന  മനുഷ്യർ  ഓണത്തിന്റെ തനിമ നഷ്ടപ്പെടുത്തി .  അച്ഛനോടും അമ്മയോടും സഹോദരങ്ങളോടുമൊത്ത്  ഓണം ആഘോഷിക്കണം എന്നുള്ള ആഗ്രഹം ഇന്ന് കേരളീയന്റെ മനസ്സിൽ ഉദിക്കുന്നില്ല.  കൂട്ടുകുടുംബ വ്യവസ്ഥയിൽ നിന്നും അണു കുടുംബ വ്യവസ്ഥയിലേക്ക് മാറ്റപ്പെട്ടപ്പോൾ തന്നെ ഇത്തരം ആഘോഷങ്ങൾക്ക് മങ്ങലേറ്റ് തുടങ്ങിയിരുന്നു.  ഇന്നിപ്പോൾ അതിന്റെ ഉച്ചസ്ഥായിയിൽ എത്തി കഴിഞ്ഞിരിക്കുന്നു എന്ന് മാത്രം.  ഒരുമിച്ച് ഒത്തുകൂടാൻ ശ്രമിക്കുന്നത് പോയിട്ട് സ്വന്തം വീട്ടിൽ ഓണസദ്യ ഒരുക്കാൻ കൂടി മടിയുള്ള മനുഷ്യരുടെ കാലമാണിത്. റെഡിമെയ്ഡ് ഊണുകൾ വാങ്ങി, പേപ്പർ വാഴയിലയിൽ വിളമ്പി ഓണം ആഘോഷിക്കുന്ന കേരളീയരാണ് ഇന്നുള്ളത്. ഇങ്ങനെ ഓണത്തിന്റെ എല്ലാ തനിമകളേയും നഷ്ടപ്പെടുത്തിക്കൊണ്ടാണ്  കേരളീയർ ഓണം ആഘോഷിക്കുന്നത്.


             ഓണത്തിന്റെ മുഖമുദ്രയാണ് തിരുവാതിരകളി അഥവാ കൈകൊട്ടിക്കളി.  ഓണക്കാലത്ത് തറവാട്ടിൽ ഒത്തുകൂടുന്ന സ്ത്രീകൾ രാത്രിയിൽ കേരളീയ വേഷമായ സെറ്റ് സാരിയുടുത്ത് കത്തിച്ചുവെച്ച നിലവിളക്കിന് ചുറ്റും അണിനിരന്ന് തിരുവാതിര കളിക്കുമായിരുന്നു. ഓണനാളിൽ ഇങ്ങനെയൊരു കാഴ്ച നമ്മുടെ വീട്ടുമുറ്റത്ത് ഇന്ന് അസാധ്യം തന്നെയാണ്.  ഓണക്കാലത്തുള്ള ഒത്തുകൂടൽ പോലും ഇന്ന് വിരളമായിരിക്കുന്നു. ഇതിന്റെ പ്രധാന കാരണം മനുഷ്യർക്കിടയിലുണ്ടായ സ്വാർത്ഥത തന്നെയാണ്. ഓണക്കാലത്ത് കേരളത്തിലെവിടെയും മഹാബലി തമ്പുരാന്റെ  ചിത്രങ്ങളും പ്രതിമകളും പ്രച്ഛന്ന വേഷങ്ങളുമൊക്കെ കാണാൻ സാധിക്കുന്നുണ്ട്. എന്നാൽ മഹാബലിയെക്കുറിച്ച്, അദ്ദേഹത്തിന്റെ സവിശേഷതകളെക്കുറിച്ച് ഇന്നത്തെ സമൂഹം മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല. അങ്ങനെ ശ്രമിച്ചിരുന്നെങ്കിൽ ഒരുപക്ഷേ നമ്മുടെ കേരളം ഇത്രകണ്ട്  അധ:പതിക്കില്ലായിരുന്നു. മാവേലിയെ കുറിച്ച് പ്രകീർത്തിക്കുന്ന പാട്ടിലെ ഒരു വസ്തുത പോലും  സമൂഹത്തിൽ നമുക്ക് കാണാൻ സാധിക്കുന്നില്ല. കള്ളവും ചതിയും പൊളിവചനങ്ങളും  കാപട്യങ്ങളുമൊക്കെ നിറഞ്ഞ, പരസ്പരം മത്സരിക്കുന്ന മനുഷ്യർ നിറഞ്ഞ ഒരു ലോകമാണ് ഇന്നുള്ളത്. അങ്ങനെയുള്ള ലോകത്ത് ഓണം പോലെയുള്ള ഒത്തൊരുമയുടെ ആഘോഷങ്ങൾക്ക് യാതൊരു പ്രസക്തിയുമുണ്ടാകുന്നില്ല. ഓണം കേവലം ഒരാഘോഷം മാത്രമല്ല, അത് മനുഷ്യർ തമ്മിലുള്ള ഐക്യത്തെ, ബന്ധത്തെ ഊട്ടിയുറപ്പിക്കുന്ന ഒന്നു കൂടിയാണ്. ഓണം നൽകുന്ന സന്ദേശത്തെ വിസ്മരിച്ചുകൊണ്ടാണ് നാമിന്ന് ഓണം ആഘോഷിക്കുന്നത്.  പണം കൊടുത്താൽ എന്തും ലഭിക്കുമെന്നുള്ള ചിന്താഗതി മനുഷ്യ മനസ്സിനെ മലീനസമാക്കിയിരിക്കുന്നു. ഇനി എത്ര വർഷക്കാലം നമ്മുടെ ദേശീയ ഉത്സവം കേരള നാട്ടിൽ നിലനിൽക്കും എന്നുള്ളത് കണ്ടു മാത്രമേ അറിയാൻ സാധിക്കൂ. പരസ്പരം സ്നേഹിക്കാത്ത, ബന്ധങ്ങളുടെ വിലയറിയാത്ത മനുഷ്യർക്കിടയിൽ അധികകാലമൊന്നും കൂട്ടായ്മയുടെ ഉത്സവമായ ഓണം നിലനിൽക്കില്ല എന്നതിൽ സംശയമില്ല. കാരണം മനുഷ്യർ അത്രമാത്രം പരസ്പരം അകന്നു കഴിഞ്ഞിരിക്കുന്നു. വളർത്തി വലുതാക്കിയ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന ജനത നമ്മുടെ സംസ്കാരത്തെയും നമ്മുടെ നാടിനെയും പൈതൃകത്തെയുമൊക്കെ പാടെ ഉപേക്ഷിയ്ക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. അരനൂറ്റാണ്ടിനു ശേഷമുള്ള തലമുറയ്ക്ക് ഓണം എന്നത് ഒരു കെട്ടു കഥയായി മാത്രം തോന്നിയേക്കാം. അക്കാലം എത്തുമ്പോഴേക്കും ഓണത്തെക്കുറിച്ചുള്ള ഒരടയാളം പോലും ബാക്കി വയ്ക്കാതെ  കേരളമണ്ണിൽ നിന്ന് ഓണത്തെ മനുഷ്യർ  പൂർണ്ണമായും തുടച്ചുനീക്കിയിരിക്കും. അങ്ങനെ ഉണ്ടാവാതിരിക്കണമെങ്കിൽ നാം ഓരോരുത്തരും  ഒരേ മനസ്സോടെ  ഓണത്തെ അതിന്റെ എല്ലാ തനിമയോടും കൂടി നിലനിർത്താൻ ശ്രമിക്കുക തന്നെ വേണം. ഓണം അത് കേരളത്തിന്റെയും കേരളീയന്റെയും ഐശ്വര്യമാണ്.


അഭിത എൽ

ഗസ്റ്റ് അധ്യാപിക SDകോളേജ് , ആലപ്പുഴ

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. സംഗീത കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page