മാവാരതംപാട്ടും മഹാഭാരതവും : ആഖ്യാനത്തിൻ്റെ പ്രാദേശിക വാമൊഴിവഴക്കം
- GCW MALAYALAM
- 2 days ago
- 4 min read
ജെന്നിഫർ സി.ജെ.

പ്രബന്ധസംഗ്രഹം
ഇന്ത്യൻ ഇതിഹാസ കൃതികൾ അവയുടെ പ്രാദേശികാഖ്യാനങ്ങളാൽ ജനകീയമാണ്. ഓരോ പ്രദേശത്തിന്റെയും സാമൂഹിക സാംസ്കാരിക ഘടകങ്ങൾ ഉൾച്ചേർന്നു കൊണ്ടാണ് ഈ പ്രാദേശിക ആഖ്യാനങ്ങൾ നിലനിൽക്കുന്നത്.ഇത്തരത്തിൽ മഹാഭാരതത്തിന്റെ മലയാള പ്രാദേശിക ആഖ്യാനമായ ഒരു നാടോടിഗാനമാണ് മാവാരതംപാട്ട്. ഈ ലേഖനത്തിൽ മാവാരതം പാട്ടിനെക്കുറിച്ചും ഇതിഹാസത്തിന്റെ പ്രാദേശികവൽക്കരണത്തെക്കുറിച്ചും ചർച്ച ചെയ്യുന്നു.
താക്കോൽ വാക്കുകൾ
മാവാരതംപാട്ട്, മഹാഭാരതം, പ്രാദേശികാഖ്യാനങ്ങൾ, കീഴാള സ്വത്വം
ഭാരതത്തെയൊന്നാകെ പ്രചോദിപ്പിക്കുന്ന, സർവമേഖലകളിലും സാന്നിധ്യമുള്ള ഇതിഹാസഗ്രന്ഥമാണ് മഹാഭാരതം. അതിൻ്റെ സാർവകാലികവും സാർവജനീനവുമായ ആശയങ്ങൾ പഴകുംതോറും വീര്യമേറുന്നവയാണ്. മഹാഭാരതം ഒരേ സമയം ക്ലാസികും എപ്പികുമാണ്. എല്ലാകാലത്തെയും അനുവാചകരെ തൃപ്‌തിപ്പെടുത്താൻ സാധിക്കുന്ന ഉദാത്തമായ കൃതികളാണല്ലോ ക്ലാസിക്കുകൾ. ക്ലാസിക്കുകൾ എല്ലാം എപ്പിക്കുകളല്ല, എന്നാൽ എപ്പിക്കുകൾ ക്ലാസിക്കലാകുന്നുമുണ്ട്. മഹാഭാരതമാകട്ടെ ക്ലാസിക്കൽ പാരമ്പര്യം മാത്രമല്ല സമാന്തരമായ നാടോടിപാരമ്പര്യത്താലും ശ്രദ്ധയാകർഷിക്കുന്നു. ജയം എന്ന ആദ്യ പേരിനെ വിസ്മരിപ്പിക്കത്തക്കവണ്ണം വളർച്ച പ്രാപിച്ച ഒന്നാണ് മഹാഭാരതഘടന. ഒരു യുദ്ധത്തിൻ്റെ കഥയായി, ഒരു കുടുംബവഴക്കിനെ ആസ്പദമാക്കി രചിക്കപ്പെട്ട കൃതി ആദ്യകാലത്ത് സ്‌തുതിപാഠകർ പല സ്ഥലങ്ങളിലും ആലപിച്ചിരിക്കണം. വാമൊഴിയായി പ്രചരിക്കവേ സ്വാഭാവികമായ കൂട്ടിച്ചേർക്കലുകൾ അതിൽ സംഭവിച്ചിരുന്നു. എഴുത്തു സാർവത്രികമല്ലാത്ത ഒരു കാലഘട്ടത്തിൽ ജനങ്ങളിലേക്ക് എളുപ്പത്തിൽ, വേഗത്തിൽ എത്തിയത് വാമൊഴിയായി പകർന്ന ഗാനശീലുകൾതന്നെയാവണം. വാമൊഴിപ്പടർച്ചയുടെ പടവുകളിൽ പല പ്രദേശങ്ങളിലും അവയ്ക്കു സാരമായ വ്യതിയാനം സംഭവിച്ചിട്ടുണ്ട്.
ഇന്നു കാണുന്ന ഒരു ലക്ഷത്തിന്മേൽ അധികം ശ്ലോകങ്ങളുള്ള മഹാഭാരതത്തിന്റെ പരിണാമചരിത്രത്തിൽ ഈ നാടോടി പാരമ്പര്യത്തിനും ഒരു പങ്കുണ്ട്. പല നാട്ടിൽ പല രൂപത്തിൽ പ്രചരിക്കുന്ന കഥകളിലൂടെ നാടൻപാട്ടുകളിലൂടെയൊക്കായാണ് ഓരോ ഭാരതീയനും ഈ ഇതിഹാസഗ്രന്ഥത്തെപ്പറ്റി ആദ്യം കേട്ടിട്ടുണ്ടാവുക. തങ്ങൾ ആദ്യം മനസ്സിലാക്കിയ കഥയുമായി മൂലഗ്രന്ഥം വായിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നവർ ഒട്ടൊന്നമ്പരക്കുന്നത് ഇതുകൊണ്ടുതന്നെയാണ്. അത് മഹാഭാരതത്തിനെ അനന്വയമാക്കുന്ന ഒരു ഘടകമായിത്തീരുകയും ചെയ്യുന്നു.
'സൂതസാഹിത്യം' അഥവാ സൂതന്മാർ സൂക്ഷിച്ചുവയ്ക്കുകയും അവർ തന്നെ പാടി നടന്ന് പ്രചരിപ്പിച്ചതുമായ സാഹിത്യസമ്പത്തിനെ കുറിക്കാൻ ഡോ. എസ്.വി കേഡ്‌കർ ഉപയോഗിച്ച ഈ ഗണത്തിൽ വരുന്നതാണ് രാമായണമഹാഭാരതേതിഹാസങ്ങൾ. മന്ത്രസാഹിത്യത്തിനെതിരായി സംസ്കൃതസാഹിത്യത്തിൽ മതാതീതരാഷ്ട്രീയ പാരമ്പര്യത്തെ ഇവ വ്യക്തമാക്കുന്നതായി ഡോ.ഇരാവതി കാർവേ വ്യക്തമാക്കുന്നുണ്ട്.( കാർവേ:2018:13). മഹാഭാരതത്തിന്റെ മലയാള നാടോടി പാരമ്പര്യത്തിലേക്ക് ഒരന്വേഷണമാണ് ഈ ലേഖനം.
മാവാരതപട്ടന്മാരിലൂടെയും അയ്യനപ്പിള്ള ആശാന്റെ ഭാരതംപാട്ട്, നിരണത്ത് മാധവപ്പണിക്കരുടെ ഭാരതമാല, ചെറുശ്ശേരിയുടെ രചനയെന്ന് പറയപ്പെടുന്ന ഭാരതഗാഥ, എഴുത്തച്ഛന്റെ ഭാരതം എന്നിവയിലൂടെയൊക്കെ മഹാഭാരതം കേരളീയജീവിതത്തിൽ ചുവടുറപ്പിച്ചിരുന്നു. എൻ.അജയകുമാർ മഹാഭാരതം മലയാളത്തിലേക്ക് പ്രവഹിച്ചതിന്റെ ആറുവഴികളെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. പാട്ട്, നാടൻപാട്ട്, കിളിപ്പാട്ട്, മണിപ്രവാളം, വാചികാഖ്യാനം, ദൃശ്യകല എന്നിവയാണവ. ( അജയകുമാർ:2017:37) ഭാരതത്തിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് തീരെക്കുറവല്ല മഹാഭാരതത്തിൻ്റെ മലയാളത്തിലെ നാടോടിപാരമ്പര്യം. ഇതിൽ ഏറെ പ്രചാരം നേടിയ ഒന്നാണ് മാവാരതം പാട്ട്. കവികല്പനയുടെ 'ഉച്ഛ്യംഖലമായ' പ്രവർത്തനങ്ങൾ ഉള്ള മാവാരതം പാട്ടിൻ്റെ പ്രതിപാദ്യം മഹാഭാരതകഥ തന്നെയാണ്. കരുനാടെന്നും കുരുനാടെന്നും പേരുള്ള രണ്ട് രാജ്യങ്ങൾ അവയ്ക്ക് യഥാക്രമം കാന്താരിയെന്നും കുഞ്ചുതേവി യെന്നും രണ്ട് റാണിമാർ. കുഞ്ചുറാണിയുടെ അഞ്ചു പുത്രരിൽ ഇളയപുത്രൻ കുഞ്ചുപീമൻ. പാണ്ഡവരെ കൊല്ലാനുള്ള കാന്താരിയുടെ ശ്രമങ്ങളും കുഞ്ചുപീമൻ്റെ ശക്തിയാൽ പാണ്ഡവർ അതിനെയെല്ലാം അതി ജീവിക്കുന്നതുമാണ് പാട്ടിൻ്റെ ഇതിവൃത്തം. ഒന്നാംഭാഗത്തിൽ കുഞ്ചു പീമനെക്കൊല്ലാൻ പാമ്പിനെ അടച്ച ഓടക്കുഴൽ കൊടുക്കുന്നതും സർപ്പദംശനമേറ്റ പീമനെ ആറ്റിൽ ഒഴുക്കുന്നതുമാണ് കഥ. രണ്ടാമത്തേതിൽ നാഗകന്യകയും പീമനുമായുള്ള വിവാഹവും വർണിച്ചിരിക്കുന്നു. കുഞ്ചുപീമൻ കുരുനാട്ടിലേക്ക് തിരിച്ച് വരുന്നതും അരക്കില്ലത്തിൽ നിന്നുള്ള രക്ഷപെടലും അടുത്തഭാഗത്ത് വിവരിക്കുന്നു. ആഭിചാരത്തിലൂടെ പാണ്ഡവരെ വധിക്കാനുള്ള കൗരവരുടെ മൂന്നാമത്തെ ശ്രമമാണ് നിഴൽക്കുത്ത്. അതിനാൽ നിഴൽക്കുത്ത് പാട്ട് എന്നും ഇത റിയപ്പെടുന്നു. മന്ത്രവാദി ഒരാളുടെ നിഴലിൽ കുത്തിയാൽഅയാൾ മരിച്ചുവീഴും. ഇങ്ങനെ പാണ്ഡവരെ വധിക്കുന്നതും മന്ത്രവാദിയുടെ ഭാര്യ അവരെ പുനർജീവിപ്പിക്കുന്നതും വിവരിച്ചിരിക്കുന്നു. വിരുന്തുണ്ടേടം, നാഗകന്നിയെ മാലയിട്ടേടം, വിഷംകൊടുത്തേടം, ചാമക്കഞ്ഞികുടി ച്ചേടം എന്നിങ്ങനെ പലവിഭാഗങ്ങൾ ഈ പാട്ടിലുണ്ട്.
കൊല്ലം മുതൽ തെക്കോട്ടുള്ള പ്രദേശങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്ന കുറുവരുടെ പാട്ടായി സാഹിത്യചരിത്രത്തിൽ ഉള്ളൂർ രേഖപ്പെടുത്തുന്നത് ഇതേ പാട്ട് തന്നെയാണ്. ശത്രുസംഹാരത്തിനായി വേലന്മാരെക്കൊണ്ടു പാടിക്കുന്ന പാട്ടാണെന്ന അഭിപ്രായമാണ് പി.ഗോവിന്ദപ്പിള്ളയ്ക്കും ആർ.നാരായണപ്പണിക്കർക്കുമുള്ളത്. എന്നാൽ ജി.ശരരപ്പിള്ള ഈ അഭിപ്രായത്തിനെതിരാണ്. ആഭിചാരത്തിന് പ്രത്യൗഷധമായിട്ടാണ് ഈ പാട്ട് പാടി വരുന്നതെന്ന് അദ്ദേഹം പറയുന്നു. "മലയാളത്തിലെ പഴയപാട്ടുകൾ' എന്ന ഗ്രന്ഥത്തിൽ ഇത്തരത്തിൽ കഥാഗതിയുള്ള പാട്ട് കാണാം. കോട്ടയത്തുനിന്ന് ലഭിച്ചപാട്ടിൽ തെക്കൻപ്രദേശത്തു പ്രചാരത്തിലുള്ള കഥയിൽ നിന്നും വ്യത്യസ്‌തമായി പാഞ്ചാലി വിവാഹം കൂടി വർണിതമായിട്ടുണ്ട്. ചാത്തനൂരിൽനിന്നും ലഭിച്ച 'വിരുന്നൂട്ടിക്കഥ' എന്ന പാട്ട് മാവാരതം പാട്ടിലെ വിരുന്തുണ്ടേടം എന്ന കഥാസന്ദർഭം തന്നെയാണ്. കുന്തിയുടെ കുളിയെക്കുറിക്കുന്ന ഏതാനും വരികൾ ജി. ശങ്കരപ്പിള്ള രേഖപ്പെടുത്തിയിട്ടുണ്ട്.
"താളിതേച്ചവർ പതകലർന്നു
ഇഞ്ചതേച്ചവർ അഴുക്കിറക്കി
താളിതേച്ചതവർ മിഴുക്കിറക്കി
തേവാരമോ എന്ന കുളക്കടവിൽ
അണിവിരലാലേ തിരവളത്ത്
ഹരഹര എന്ന് മുങ്ങുമാറുണ്ട്"( ശങ്കരപ്പിള്ള:2015:120)
പി.ഗോവിന്ദപ്പിള്ളയും ജി.ശങ്കരപ്പിള്ളയും വേലന്മാരുടെ പാട്ടാണിതെന്ന് പറയുമ്പോഴും അതിന്റെ ഉദ്ദേശത്തെക്കുറിച്ച് വ്യത്യസ്താഭിപ്രായങ്ങളാണ്. എന്നാൽ ഉള്ളൂർ കുറവരുടെ പാട്ടായിട്ടിതിനെ ചിത്രീകരിക്കുന്നു. കുറുവൻ ആദ്യം പാണ്ഡവരെ വധിക്കാൻ വിസമ്മിതിച്ചുവെന്നും ആഭിചാരത്തിന് ആനമുട്ട, കുതിരമുട്ട, ചുമടുതാങ്ങിവേര് തുടങ്ങിയവ ആവശ്യപ്പെട്ടപ്പോൾ ദുര്യോധനൻ കോപിച്ച് കുറുവനെ വധിക്കാൻ ഒരുങ്ങുകയും ഭയന്ന കുറുവൻ ആഭിചാരക്രിയ നടത്തി പാണ്ഡവരെ നിഴലിൽകുത്തി കൊന്നു. എന്നാൽ പാണ്ഡവപക്ഷപാതിയായ കുറത്തി അവരെ പ്രതിമന്ത്രം കൊണ്ട് ഉണർത്തിയെന്നുമാണ് ഉള്ളൂരിൻ്റെ ഭാഷ്യം. കഥകൾ തമ്മിൽ സാമ്യം ഉണ്ടെങ്കിലും പ്രാദേശികമായ ചില വ്യതിയാനങ്ങൾ പാട്ടിൽ വന്നു ചേർന്നിട്ടുണ്ട്. പന്നിശ്ശേരി നാണുപിള്ള ഈ നിഴൽക്കുത്ത് കഥയെ ആട്ടക്കഥയുമാക്കി മാറ്റിയിട്ടുണ്ട്. ആട്ടക്കഥയിൽ മലയരയനും വേടത്തിയുമാണ് പ്രത്യക്ഷപ്പെടുന്നത്.
മാവാരതം പാട്ടനുസരിച്ച് കൗരവർ തൊണ്ണൂറ്റൊമ്പതു പേരാണ്. രണ്ടു നാടിന്റെയും അധികാരികൾ സ്ത്രീകളും. ഭീമനാണ് പ്രധാനകഥാപാത്രം. ആഭിചാരമന്ത്രതന്ത്രങ്ങൾ ജീവിതത്തിൻ്റെ ഭാഗമായിരുന്ന ജനങ്ങൾക്കിടയിൽ ഈ പാട്ടിന് പ്രചാരമുണ്ടായിരുന്നു. അവരുടെ ഭാവനയുടെ വേരുകളാണ് ഈ പാട്ടിൽ കാണുന്നതും. ഇഞ്ചയും താളിയും തേച്ച് കുളിക്കുന്ന കുന്തിയെ കേരളത്തിൽ മാത്രമേ കാണുവാൻ സാധിക്കൂ. സി.വി. രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മയിൽ കാവൽക്കാർ ഈ പാട്ടുപാടി രസിക്കുന്നത് ചിത്രീകരിച്ചിരിക്കുന്നതിൽനിന്നും ഒരുകാലത്ത് ഇതിനുണ്ടായിരുന്ന പ്രചാരം ഊഹിക്കാം. ഭീമൻ മുഖ്യകഥാപാത്രമായി 'ഭീമൻകഥ' ,‘ഭാരതപ്പോർ’ എന്നീ രണ്ടു പാട്ടുകൾ കൂടി ഈ സന്ദർഭത്തിൽ പ്രസ്‌താവ്യമാണ്. ഹിഡിംബവധവും ബകവധവുമാണ് ഭീമൻകഥയിലെ വിഷയം, ഭാരതപ്പോര് മഹാഭാരതയുദ്ധത്തിൻ്റെ ദീർഘമായ വിവരണമാണ്. മഹാഭാരതത്തെ അടിസ്ഥാനമാക്കിയുള്ള ഭൂരിഭാഗം നാടോടിക്കഥകളിലും നാടൻപാട്ടുകളിലും നായകസ്ഥാനത്ത് വരുന്നത് ഭീമനാണെന്നത് ശ്രദ്ധിക്കേണ്ട സംഗതിയാണ്. ദുര്യോധനൻ, ശകുനി, ദുശ്ശാസനൻ തുടങ്ങിയ പ്രതിനായകരെ ആരാധിക്കുന്ന പ്രദേശങ്ങളും കേരളത്തിൽ കണ്ടെത്താനാവും. കൊല്ലം ജില്ലയിലെ മലനടക്ഷേത്രം ഉദാഹരണം. മഹാഭാരതത്തിൻ്റെ കീഴാളരമായുള്ള നിഷേധിക്കാനാവാത്ത ബന്ധത്തിന്റെ അടയാളമായാണ് കൗരവ-പാണ്ഡവരെക്കുറിച്ചുള്ള മിത്തുകളെയും നാടൻപാട്ടുകളെയും കാണേണ്ടത്. കേരളത്തിൽ മാത്രമല്ല മറ്റു ഭാരതദേശങ്ങളിൽ പ്രചരിക്കുന്ന കഥകളിൽ ഇത്തരത്തിൽ മഹാഭാരത്തിലെ മൂലകഥയിൽനിന്നും വ്യത്യസ്‌തമായ കഥകൾ കണ്ടെത്താനാവും. പ്രധാനകഥയിലെ പ്രതിനായകരോ അപ്രധാനകഥാപാത്രങ്ങളോ ദേവതകളായി ആരാധിക്കപ്പെടുന്നത് പല സ്ഥലങ്ങളിലും കാണാം. പാണ്ഡവരിൽ തന്നെ വില്ലാളിവീരനായ അർജുനനേക്കാൾ ഭീമനാണ് പല ജനതകൾക്കും ആരാധ്യകഥാപാത്രം. ഹിമാലയൻ മേഖലകളിൽ ഭീമനെ ആരാധിക്കുന്ന ഗോത്രവർഗങ്ങളുണ്ട്. ഉത്തരാഖണ്ഡിലെ തേഹ്‌രിഗർവാൾ, കിനൂരി മേഖലകളിൽ ഭീമനെയും ഹിഡുംബനെയും കുറിച്ചുള്ള കഥകൾക്ക് പ്രചാരമുണ്ട്. ഹിമാചൽപ്രദേശിലും പാണ്ഡവരെ ആരാധിക്കുന്ന ഗോത്രജനതകളെ കാണാം. കുമയൂൺ മേഖലയിലേക്ക് എത്തുമ്പോൾ മറ്റു കഥാപാത്രങ്ങൾ അപ്രസക്തരാകുകയും ഭീമൻ മുഖ്യകഥാപാത്രമായിത്തീരുകയും ചെയ്യുന്നു. മധ്യേന്തയിൽ ഭീമനെ മഴയുടെ ദൈവമായി ആരാധിക്കുന്നു. ഭീമസേനൻ, ഭീമുൽ, ഭീമായ് എന്നിങ്ങനെയാണ് അവിടങ്ങളിലെ ദൈവങ്ങൾ, ഒറീസയിലെ ഗന്ധമാദന പർവതം ഭീമനും പാഞ്ചാലിയുമായി ബന്ധപ്പെട്ടിരിക്കുന്നു.ഉത്തരമധ്യഭാരതത്തിൽ ഭീമന്റെ സാഹസകൃത്യങ്ങളുമായി ബന്ധപ്പെട്ട പല സ്ഥലങ്ങളും കണ്ടെത്താനാവും". പലയിടത്തും തൂണുകളുടെ രൂപത്തിലാണ് ഭീമനെ ആരാധിക്കുന്നത്. മധ്യേന്തയിലെ ഭീമസങ്കല്‌പ ഫോക്ലോറുകളെക്കുറിച്ച് പഠിച്ചിട്ടുള്ള മഹേന്ദ്രകുമാർ മിശ്ര തൻ്റെ ലേഖനത്തിൽ ഇന്ത്യൻ പ്രാദേശിക സമൂഹങ്ങളിലെ പ്രധാന നാടോടികഥാനായകൻ ഭീമനാണെന്ന് സ്ഥാപിക്കുന്നു( ഇളയിടം:2020:496). ബോഗുവാകൾ എന്ന ഗോത്രവർഗത്തിന്റെ ഐതിഹ്യഗാനങ്ങൾ, മന്ദലമേഖലയിലെ ഗോത്രവർഗം എന്നിവരുടെ ഗാനങ്ങളിൽ ഭീമൻ പ്രധാനകഥാപാത്രമാകുന്ന പ്രാദേശികമായി പ്രചരിക്കുന്ന ഭീമപുരാവൃത്തങ്ങൾ ഭാഷയിലെ മഹാഭാരതാഖ്യാനങ്ങളിലേക്ക് കടന്നുകയറുന്നത് കാണാം. അസമീസ് കവി രാമസരസ്വതിയുടെ ഭീമചരിതം,മൈഥിലി കവി വിദ്യാപതി രചിച്ച ശിവപാർവ്വതീവിവാഹം, സരളദാസൻ്റെ ഒറിയ മഹാഭാരതം, കന്നട കവി നന്നയ്യയുടെ സാഹസഭീമവിജയം, മലയാളത്തിൽ ഭാരതഗാഥ എന്നിവയൊക്കെ ഉദാഹരണങ്ങളാണ്.
എന്തുകൊണ്ട് ഭീമൻ മുഖ്യകഥാപാത്രമാകുന്നു എന്ന ചോദ്യം പ്രസക്തമാണ്. മഹാഭാരത്തിലെ യുധിഷ്‌ഠിരനെയോ, ഭീഷ്‌മരെയോ അർജുനൻ, കർണൻ എന്നിവരെയൊക്കെപോലെ ഭീമൻ സന്ദിഗ്ദ്ധപ്രകൃതിയല്ല. ശക്തി ശാപവും ഭാരവുമായ ഭീമനെ എം.ടി വാസുദേവൻനായർ നമുക്കു കാണിച്ചുതരുന്നുണ്ട്. ധർമ്മത്തിന്റെ ഗതിവിഗതികളെക്കുറിച്ച് സൂക്ഷ്‌മമായി വിലയിരുത്തിക്കൊണ്ട് കർമ്മം ചെയ്യുന്നവനല്ല ഭീമസേനൻ. കാമമോഹവൈരാഗ്യങ്ങൾ മറച്ചുപിടിക്കാതെ ഒരു യഥാർത്ഥ പച്ചമനുഷ്യനായി അയാൾ ഇതിഹാസത്തിൽ പ്രത്യക്ഷപ്പെടുന്നു. മഹാഭാരതയുദ്ധം ജയിച്ചതു തന്നെ ഭീമൻ്റെ കൈക്കരുത്തിലാണ്. കൗരവരെ മുഴുവൻ ഭീമൻതന്നെയാണ് വധിച്ചത്. പുരുഷോചിതമായ പ്രതിജ്ഞകളായിരുന്നു പലപ്പോഴും ഭീമനെടുക്കുന്നത്. താൻ സ്നേഹിക്കുന്നവർക്ക് വേണ്ടി പ്രതിഫലേച്ഛയില്ലാതെ പൊരുതുന്ന പ്രാകൃതനായ യോദ്ധാവായിരുന്നു അയാൾ. പാഞ്ചാലിയോട് ഭീമനുണ്ടായിരുന്ന ബന്ധം നിസ്വാർത്ഥ സ്നേഹത്തിൻ്റെ ഉത്തമ ഉദാഹരണങ്ങളിലൊന്നാണ്. ഭക്ഷണപ്രിയനായ വ്യകോദരൻ, കരുത്തിന്റെ സത്യ കമായ കാറ്റിൻ്റെ പുത്രൻ, അർജുനനും മറ്റും വീരയോദ്ധാക്കൾക്കു മെല്ലാം വിശേഷങ്ങളായ ദിവ്യായുധങ്ങൾ സ്വന്തമായിരിക്കെ സ്വന്തം കൈക്കരുത്തിൽ മാത്രം വിശ്വസിച്ച് തലച്ചോർ കൊണ്ട് ചിന്തിക്കാതെ ഹൃദയംകൊണ്ട് ചിന്തിച്ചു പ്രവർത്തിച്ച ഭീമസേനൻ തത്ത്വചിന്തകളുടെയും ആര്യനിയമങ്ങളുടെയും വേലിക്കെട്ടുകൾക്കപ്പുറത്തായിരുന്നു. സാധാരണക്കാരനായ ഒരു അസാധാരണ യോദ്ധാവായിരുന്നു ഭീമസേനൻ. അതിനാൽ തന്നെ ഗോത്രപാരമ്പര്യങ്ങൾക്കു ഇതിഹാസപാരമ്പര്യവുമായി കൂട്ടിയിണക്കാവുന്ന പ്രബലമായ കണ്ണിയായി ഭീമൻ മാറുന്നു.
മഹാഭാരതത്തിൽ പരാമർശിക്കപ്പെടുന്ന കഥകളോടൊപ്പം തങ്ങളുടേതായ പാഠഭേദങ്ങൾ ഉൾച്ചേർക്കുകവഴി തങ്ങളുടെ സ്വത്വം അതിൽ കലർത്താനുള്ള കീഴാളജനതയുടെ ശ്രമമായി ഇത്തരം ആഖ്യാനങ്ങളെ കാണാം. കുന്തിയും മലയരത്തിയുമായുള്ള ബന്ധം സൂചിപ്പിക്കുന്നതും അതുതന്നെയാണ്. ഈ പ്രക്രിയ ഭാരതത്തിൻ്റെ മിക്കപ്രദേശങ്ങളിലും നടക്കുന്ന ഒന്നാണ്; ഇതിഹാസത്തിൻ്റെ പ്രാദേശികവത്കരണവും സമകാലികവത്ക്കരണവും. ഈ പ്രക്രിയകളിലൂടെ ഇതിഹാസങ്ങൾക്കു പ്രാദേശികമായി വരുന്ന മാറ്റങ്ങളെക്കുറിച്ച് മഹാഭാരതപ ണ്ഡിതനായ ഏ.കെ.രാമാനുജൻ വിശദമായി പഠിച്ചിട്ടുണ്ട്. ഇതിനെ ശരിവയ്ക്കുന്നതാണ് മാവാരതം പാട്ടും. ഇഞ്ചയും താളിയും തേച്ച് കുളിക്കുന്ന കുന്തി മഹാഭാരതത്തിൽ കണ്ടെത്താനാവില്ലല്ലോ. മാതൃദായകക്രമം നിലനിൽക്കുന്ന നാട്ടിൽ, സ്ത്രീകൾ റാണിമാരാകുന്നതും ഇതിഹാസത്തിന്റെ പ്രാദേശിക വ്യാഖ്യാനത്തിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടതാണ്. ഇങ്ങനെ മാവാരതം പാട്ട് മഹാഭാരതത്തിൻ്റെ ഒരു ലക്ഷണമൊത്ത പ്രാദേശികാഖ്യാനമായി മാറുന്നു.
ഗ്രന്ഥസൂചി
1.അജയകുമാർ എൻ., മഹാഭാരതത്തിന്റെ മലയാളവഴികൾ, സാഹിത്യ ലോകം, 2017.
2.കാർവെ ഇരാവതി.,മഹാഭാരതപഠനങ്ങൾ, (പരി: പി.ആർ.നായർ)മൈത്രി ബുക്സ്,തിരുവനന്തപുരം,2018.
3.ശങ്കരപ്പിള്ള ജി.,സാഹിത്യ ചരിത്രം പ്രസ്ഥാനങ്ങളിലൂടെ(എഡി. കെ. എം ജോർജ്),നാഷണൽ ബുക്ക് സ്റ്റാൾ,2015.
4. ഇളയിടം, സുനിൽ പി., മഹാഭാരതം സാംസ്കാരിക ചരിത്രം, ഡിസി ബുക്സ്,2020.
ജെന്നിഫർ സി.ജെ.
ഗവേഷക, മലയാളവിഭാഗം
കേരള സർവകലാശാല
mail id: jennifercj55@gmail.com
Comments