top of page

രതിസങ്കല്പം മലയാളകവിതയില്‍

ഡോ.പട്രീഷ്യ ജോൺ
ree

ഭൗതികജീവിതത്തില്‍ ഒരു ജീവിക്ക് ലഭിക്കുന്ന ആത്യന്തികമായ ആനന്ദാനുഭൂതിയെയാണ് രതി എന്ന പദംകൊണ്ട് അര്‍ത്ഥമാക്കുന്നത്. 'രമ്' ധാതുവില്‍ നിന്നാണ് രതി എന്ന പദത്തിന്റെ നിഷ്പത്തി. ഏതെങ്കിലും ഒന്നിനോട് സ്നേഹം തോന്നുമ്പോള്‍ അനുഭവവേദ്യമാവുന്ന ആനന്ദകരവും വികാരജനകവുമായ മാനസികാവസ്ഥയെ ഈ പദം സൂചിപ്പിക്കുന്നു. കലകളിലും സാഹിത്യത്തിലും ആവിഷ്കരിക്കുന്ന ഒന്‍പത് ഭാവങ്ങളില്‍ ഒന്നാണ് രതി. കലയില്‍ ചിത്രീകരിക്കുന്ന സ്നേഹമസൃണമായ മാനസികാവസ്ഥയാണ് രതിഭാവം. ഇത് വികാരജനകമായ ഒരു അവസ്ഥയായിട്ടാണ് ഭരതന്‍ മുതലായ കലാചിന്തകന്മാര്‍ നിര്‍വചിച്ചിട്ടുള്ളത്. പ്രണയം മൂലമുണ്ടാവുന്ന മാനസികാവസ്ഥ തന്നെയാണ് രതി.

            പാശ്ചാത്യപൗരസ്ത്യ മതസാഹിത്യങ്ങളിലെ രതിസങ്കല്‍ല്പം വ്യത്യസ്തമാണ്. ഭാരതത്തിലെ പുരുഷാര്‍ത്ഥസങ്കല്പത്തില്‍ കാമത്തിന് പ്രധാനസ്ഥാനം നല്‍കിയിട്ടുണ്ട്. കാമത്തെ ഒരു ശാസ്ത്രമായിത്തന്നെ ഭാരതം അംഗീകരിച്ചിട്ടുള്ളത് ഇതിന് തെളിവാണ്. കാമകലയെ ശാസ്ത്രീയമായി അപഗ്രഥിക്കുന്ന കൃതിയാണ് കാമസൂത്രം. പൗരാണിക സാഹിത്യത്തില്‍പ്പോലും രതി നിഷിദ്ധമായി കരുതുന്നില്ല. വിരതിയെ അകറ്റി നിര്‍ത്തുന്നുമില്ല. ഈ ദ്വന്ദ്വസമന്വയത്തിന്റെ മാര്‍ഗ്ഗം പൊതുവെ ആദരിക്കപ്പെട്ടു പോന്നതിനാല്‍ ഹൈന്ദവ സങ്കല്പങ്ങളില്‍ രതിയേയും ലൈംഗികതയേയും പാപമായി ഗണിക്കുന്നില്ല. ജീവിവര്‍ഗത്തിന്റെ നിലനില്പ്തന്നെ ആരോഗ്യകരമായ രതിയില്‍ അധിഷ്ഠിതമാണ്. ഭാരതത്തിലും പ്രാചീനഗ്രീസിലും ലിംഗാരാധന ഒരു അനുഷ്ഠാനമായിത്തന്നെ നിലനില്ക്കുന്നു.

            മധ്യകാലഘട്ടത്തില്‍ പാശ്ചാത്യചിന്തകളില്‍ സ്വാധീനം ചെലുത്തിയ പൗരോഹിത്യ മേധാവിത്വവും ക്രൈസ്തവവീക്ഷണവും രതിസങ്കല്പത്തെ പാപമായിക്കണ്ടു. അതിനാല്‍ യഹൂദക്രൈസ്തവ ദര്‍ശനങ്ങളില്‍ രതി വിലക്കപ്പെട്ട കനിയായി. ജീവിതാസക്തികളെ വിമലീകരിക്കാനും ഉദാത്തവത്കരിക്കാനുമാണ് മതപൗരോഹിത്യം പ്രചാരണം നടത്തിയത്. എന്നാല്‍ ഇങ്ങനെയുള്ള മതസദാചാരങ്ങളെ ക്രിയാത്മകമായി ലംഘിച്ചുകൊണ്ട് ചില സാഹിത്യപ്രതിഭകള്‍ രംഗത്തുവന്നു. അതുകൊണ്ട് തന്നെ സാഹിത്യത്തില്‍ ലാവണ്യാത്മകമായ ഒരനുഭൂതിയായി രതി ആവിഷ്കരിക്കപ്പെട്ടു. മ്ലേച്ഛമായും പച്ചയായും കാമത്തെയും രതിയെയും ആവിഷ്കരിച്ചിട്ടുണ്ട് എന്നത് വിസ്മരിക്കുന്നില്ല. എന്നാല്‍ അനുഭൂതിജനകവും ഉദാത്തവുമായ രത്യാവിഷ്കാരങ്ങള്‍ സാഹിത്യകൃതികളെ ശ്രേഷ്ഠവും സൗന്ദര്യാത്മകവുമാക്കിമാറ്റി എന്നത് ശ്രദ്ധേയമാണ്.

            ആധുനിക മനുഷ്യനില്‍ സങ്കീര്‍ണമായ അസ്വസ്ഥതയായിത്തീരുന്ന ലൈംഗികതയുടെ വിമലീകരണമാണ് സാഹിത്യത്തിലും പ്രത്യേകിച്ച് കവിതയിലും സംഭവിക്കുന്നത്. രതിവൈകൃതങ്ങള്‍ പോലും പ്രതിഭാധനന്‍മാരുടെ തൂലികയില്‍ നിന്ന് പിറക്കുമ്പോള്‍ രത്യാവിഷ്കാരം സാത്വികവിശുദ്ധമായ ഒരു തലത്തില്‍ എത്തിപ്പെടുന്നത് കാണാം.

            മധ്യകാലഘട്ടത്തിനൊടുവിലുണ്ടായ നവോത്ഥാനചിന്തകള്‍ കാല്പനികതയ്ക്ക് വഴിവച്ചു. യൂറോപ്പിലുണ്ടായ കാല്പനികവസന്തം ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പുതിയ മേഖലകള്‍ കണ്ടെത്തി. പിന്നീട്  ‘കല കലയ്ക്ക് വേണ്ടി’ എന്ന വാദം കാല്പനിക പ്രസ്ഥാനത്തെ ദുര്‍ബലമാക്കി. സഭ്യത കൈവിട്ട സാഹിത്യം, ലൈംഗിക അരാജകത്വത്തിന്റെ രചനകളായി സംശയിക്കപ്പെട്ടു. സാങ്കല്പികമായ രത്യാവിഷ്കാരങ്ങളുടെ പതിവുവായനക്കാരായി കവിതാ വായനക്കാർ മാറിയ കാലമുണ്ടായിരുന്നു. ഭാവുകത്വപരിണാമം നോവലിന്റെ ഘടനയില്‍ വളരെയധികം മാറ്റമുണ്ടാക്കി. മാര്‍ക്സിസം, മനോവിജ്ഞാനീയം, പരിണാമസിദ്ധാന്തം എന്നീ ദര്‍ശനങ്ങള്‍ മലയാളി സമൂഹത്തെയും ഏറെക്കുറെ സ്വാധീനിച്ചു. സംഘകാലംമുതല്‍ ആധുനിക ഉത്തരാധുനിക പരിസരങ്ങള്‍ വരെയും ഇത് പ്രകടമാണ്.


സംഘകാലകൃതികളിലെ രതി

            നവ്യമായ ദര്‍ശനങ്ങള്‍ക്ക്  വഴി തുറക്കുന്നതിന് മുന്‍പ് ഉണ്ടായിട്ടുള്ള പ്രാചീന സംഘകാലകൃതികളില്‍പ്പോലും രതിയുടെ സജീവവും മനോഹരവുമായ ചിത്രണം കാണാം.

            അകനാനൂറില്‍ നായികാനായകന്മാര്‍ അനുഭവിക്കുന്ന കാമാതുരമായ അവസ്ഥാവിശേഷങ്ങള്‍ നിരവധിയാണ്. തിരുക്കുറളിലെ മൂന്നാം അധികാരത്തില്‍ കാമപദ്ധതിയാണ് വിശദീകരിച്ചിട്ടുള്ളത്. മാനുഷികമായ രതിമോഹങ്ങളുടെ മൗലികമായ ആവിഷ്കരണം ഈ കൃതികളില്‍ കാണാം. കവിയുടെ സര്‍ഗ്ഗശേഷി ശാസ്ത്രീയമായി പ്രകടിപ്പിക്കുന്ന കര്‍മ്മപദ്ധതിയെ ഇവിടെ ആവിഷ്കരിച്ചിരിക്കുന്നു. ധാര്‍മ്മികവിശുദ്ധിയുടെ രേഖയായ തിരുക്കുറള്‍ കാമത്തെ പ്രാധാന്യവത്കരിച്ചുതന്നെയാണ് അവതരിപ്പിച്ചിട്ടുള്ളത്. അക്കാലത്തെ സ്തോത്രകൃതികളിലും രതിയുടെ മാഹാത്മ്യം വര്‍ണ്ണിച്ചിട്ടുള്ളത് കാണാം.  പ്രാചീനകവികള്‍  രതിയ്ക്ക് ജീവിതത്തിലുള്ള സ്ഥാനം വിളംബരം ചെയ്യുകയാണ് ഇവിടെ.

 

 

രതി ആദികാലകൃതികളില്‍

            മലയാളസാഹിത്യത്തിന്റെ ആരംഭം മുതല്‍ തന്നെ കാവ്യസൃഷ്ടാക്കള്‍ രതിയെ ആദരപൂര്‍വ്വമായാണ് കണ്ടിരുന്നത്. പ്രാചീനപാട്ടുകൃതിയായ രാമചരിതം പോലും ശിവപാര്‍വതീബന്ധത്തിന്റെ ഊഷ്മളത പകര്‍ന്നുകൊണ്ടാണ് ആരംഭിക്കുന്നത്.

            ‘കാനനങ്കളിലരന്‍ കളിറുമായ് കരിണിയായ്

            കാര്‍നെടുങ്കണ്ണുമ തമ്മിൽ വിളയാടിനടന്റന്റ്’

            ഈ വിളയാട്ടത്തെ ഭക്ത്യാദരപൂര്‍വ്വം ആവിഷ്കരിക്കുമ്പോഴും രതിയുടെ നിശബ്ദ സുഭഗതയാണ് വെളിവാക്കപ്പെടുന്നത്. മണിപ്രവാളസാഹിത്യം സമ്പൂര്‍ണ്ണമായും രതി ശൃംഗാരങ്ങളുടെ ആവിഷ്കാരമാണ്. വൈശികതന്ത്രം മുതല്‍ ചന്ദ്രോത്സവം വരെ പരന്നുകിടക്കുന്ന കൃതികളിൽ രത്യാവിഷ്കരണത്തിന്റെ പൂർണതയാണുള്ളത്.

            ഭാരതീയചിന്താധാരയില്‍ ശാസ്ത്രാധിഷ്ഠിതമായി രൂപപ്പെട്ട കൃതികളുടെ സ്വാധീനം മലയാളത്തിലും അലയൊലികള്‍ സൃഷ്ടിച്ചു. മലയാളത്തിലെ ആദ്യത്തെ സൗന്ദര്യശാസ്ത്രഗ്രന്ഥമായ ലീലാതിലകവും രത്യനുഭവങ്ങളുള്ള ശ്ലോകങ്ങളുടെ കേദാരമാണ്.

            ‘വീര്‍ത്താളൊട്ടേ വിയര്‍ത്താള്‍, വിവശമരുതെടാ

            യെന്നെ വീയെന്നിരന്നാള്‍

            എന്‍മാര്‍വില്‍പ്പോന്നു, വീണ്ണപ്പുരികുഴലകമേ

            മാള്‍കിനാളുണ്ണിനങ്ങാ’ (ലീലാതിലകം)

            മണിപ്രവാളത്തിനു ശേഷമുണ്ടായ ഭക്തിസാഹിത്യകൃതികളിലും രതിയുടെ മനോഹാരിത കാണാം. ഋതുഭംഗികളുടെ ആവിഷ്കാരം കൊണ്ട് ശ്രദ്ധേയമായ കൃഷ്ണഗാഥയില്‍ പ്രകൃതിവര്‍ണ്ണനകളും കൃഷ്ണലീലകളും രതിയുടെ അനവദ്യമായ ആവിഷ്കാരമാണ്.

            ‘കാമന്റെ കാമിനി തന്നുടെയുള്ളിലും

            കാമാധരങ്ങള്‍ തറച്ചു മേന്മേല്‍’ (കൃഷ്ണഗാഥ)

            ഭക്തിപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ എഴുത്തച്ഛന്റെ കൃതികളിലും രത്യാവിഷ്കാരത്തിന്റെ മനോഹരങ്ങളായ അടയാളങ്ങള്‍ സുലഭമാണ്.

            ‘കോകില കോക കേകീചാതകശുകാദി

            സംഭോഗഭേദങ്ങള്‍ കണ്ടു രസിച്ചും’ (ഭാരതം കിളിപ്പാട്ട്)

            ഭൗതികാസക്തിയില്‍ മുഴുകുന്ന ലോകത്തെക്കുറിച്ച് ‘ജ്ഞാനപ്പാന’യില്‍ പൂന്താനം പ്രതിപാദിക്കുന്നു. മേല്‍പ്പത്തൂരിന്റെ ‘നാരായണീയം’ എന്ന ഭക്തികാവ്യം പോലും രതിരസത്തില്‍ നിന്നും മുക്തമല്ല എന്നത് ശ്രദ്ധേയമാണ്. ‘നളചരിത’ത്തിലെ ഉദ്യാനവര്‍ണ്ണന ഉണ്ണായിവാര്യര്‍ രതിരസപ്രധാനമായാണ് നിര്‍വഹിച്ചിരിക്കുന്നത്. വസന്തം കാമദേവന്റെ കീര്‍ത്തിയെ വാഴ്ത്തുന്നുവെന്ന് ഉണ്ണായി എഴുതി. കോട്ടയത്തു തമ്പുരാനടക്കമുള്ളവര്‍ കഥകളിപ്പദങ്ങളില്‍ രതിയുടെ സത്ത പകര്‍ന്നവരാണ്.

            ‘പന്തടിഞ്ഞ കുളുര്‍കൊങ്കരണ്ടു-

                        മിടതിങ്ങി കാഞ്ചന കുലുങ്ങിയും

            പന്തടിച്ചു ഗിരീശന്നു നേരെയൊരു

                        മന്ദമാം ഗതിവിലാസവും’            (നിവാതകവചകാലകേയവധം)

            കാളിദാസന്റെ മേഘദൂതം, കുമാരസംഭവം, ഋതുസംഹാരം എന്നീകൃതികളില്‍ രതിയുടെ ഉത്കൃഷ്ടമായ സാന്നിധ്യം പ്രകടമാണ്.

            ‘ചേല ശങ്കരനഴിക്കെ രണ്ടുകൈ-

            യാലവന്റെ മിഴിപൊത്തിയദ്രിജ

            ഫാലനേത്രമടയാഞ്ഞു പാഴിലാം

            വേലയോര്‍ത്തു വിജനേ കുഴങ്ങിനാള്‍’ (കുമാരസംഭവം : ഏ.ആറിന്റെ പരിഭാഷ)

            മേഘദൂതത്തില്‍ സന്ദേശകാരന്റെ യാത്രയില്‍ രതിബിംബങ്ങളുടെ സമഗ്രശോഭ കാണാം.

            ‘ആരോമല്‍ പ്രാണനാഥന്‍ പൂണുരുവൊരു കരം

            പാതിരായ്ക്കൊന്നഴിഞ്ഞാ-

            ലോരോ തന്വംഗികമാര്‍ തന്‍ രതിസമുദിതമാ-

            മംഗസാദത്തെ.....’ (മേഘസന്ദേശം, വിവ: ജി.ശങ്കരക്കുറുപ്പ്)

            എന്ന ഭാഗം രതിയുടെ സവിശേഷമായ ആവിഷ്കരണത്തിന് ഉദാഹരണമാണ്. മേഘദൂതത്തിന്റെ ചുവടുപിടിച്ച് മലയാളത്തില്‍ ഉണ്ടായിട്ടുള്ള സന്ദേശകൃതികളിലും രത്യാവിഷ്കരണത്തിന്റെയും ശൃംഗാരലാവണ്യത്തിന്റെയും മനോഹരങ്ങളായ വിവരണങ്ങള്‍ കാണാം.

            വെണ്‍മണിപ്രസ്ഥാനത്തിലും തൊട്ടുപിന്നാലെ വന്ന പച്ചമലയാളസാഹിത്യത്തിലും രതിവര്‍ണ്ണനകളും, സ്ത്രീയുടെ അംഗോപാംഗവര്‍ണനയും സുലഭമായിരുന്നു. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാന്റെ പച്ചമലയാളകൃതിയായ ‘നല്ലഭാഷ’യില്‍ ജാരസംസര്‍ഗമാണ് പ്രമേയം. കുണ്ടൂര്‍ നാരായണമേനോന്റെയും ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്റെയും രചനകളിലും രതിയുടെ സ്പര്‍ശമുണ്ട്.

            മലയാളകവിതയില്‍ വഴിമാറ്റം സൃഷ്ടിച്ച ‘വീണപൂവിലും’ രതിയുടെ നിഗൂഢഭാവം പ്രകടമാണ്. മരണം ലൗകികതയെ ഇല്ലാതാക്കുന്നു എന്ന ഭയം വീണപൂവിലുണ്ട്. അത് മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ രതിയോടുള്ള പ്രച്ഛന്നമായ ആകര്‍ഷണം തന്നെയാണ്. ശൃംഗാരകവിതകളിലൂടെ അരങ്ങേറ്റം കുറിച്ച ആശാന്‍ പിന്നീട് രതിരസത്തിന്റെയും  ശൃംഗാരഭാവത്തിന്റെയും അതിപ്രസരത്തിനെതിരായി പ്രതിരോധം സൃഷ്ടിച്ചു. ശ്രീനാരായണ ഗുരുവിന്റെ സ്വാധീനം, ആശാന്റെ ഈ ഭാവുകത്വപരിണാമത്തിന് വഴി തെളിച്ചിരിക്കണം. ശൃംഗാരശ്ലോകം എഴുതുന്നതിനെ ഗുരു വിലക്കിയതായി പറയപ്പെടുന്നു.

            ആശാന്‍കവിതയിലെ രതി-വിരതി സംഘര്‍ഷത്തിന്റെ പ്രകടനം തന്നെയാണ് നളിനിയും ലീലയും. കവിതയിലെ രതിയുടെ പച്ചയായ ആവിഷ്കരണത്തിനെതിരായ പ്രതിരോധമായിരുന്നു, ‘കരുണ’ അതുവരെ അനുഭവിച്ചറിയാത്ത ആത്മീയ ഭാവതലത്തിലേയ്ക്ക് അനുരാഗത്തെ, രതിയെ രാസപരിവര്‍ത്തനം നടത്തി സ്ഫുടീകരിച്ച് ഉയര്‍ത്തിയെടുക്കാന്‍ ആശാനു കഴിഞ്ഞു1 എന്ന് ‘രതിയുടെ കാവ്യപദ’ത്തില്‍ പ്രഭാവര്‍മ്മ നിരീക്ഷിക്കുന്നു. സമകാലികകവിതകളില്‍ നിന്ന് വ്യത്യസ്തമായതലത്തിലാണ് കുമാരനാശാന്‍ രതിയെ ആവിഷ്കരിച്ചതെന്നു കാണാം.

            ‘ജന്തുവിന്നു തുടരുന്നു വാസനാ

            ബന്ധമിങ്ങുടലുവീഴുവോളവും’ (നളിനി)

            എന്ന് ഉത്തമബോധ്യമുണ്ടായിരുന്ന ആശാന്‍ വാസനാബന്ധങ്ങളെ സാംസ്കാരിക ഔന്നത്യത്തോടുകൂടിയല്ലാതെ അവതരിപ്പിച്ചിട്ടില്ല.

            ശൃംഗാരവര്‍ണ്ണനകളാലും രതിഭാവത്താലും സമൃദ്ധമാണ് വള്ളത്തോള്‍കവിതകള്‍

            ‘വെണ്ണതോല്ക്കുമുടലില്‍ സുഗന്ധിയാമെണ്ണ

            തേച്ചരയില്‍ ഒറ്റമുണ്ടുമായ് തിണ്ണമേലമരുമാനതാംഗി’ (ശിഷ്യനും മകനും)യായ പാര്‍വതിയെ വള്ളത്തോള്‍ അവതരിപ്പിക്കുന്നു. പാപമുക്തിക്കായി ക്രിസ്തുവിനെ സമീപിക്കുന്ന മറിയത്തെ രതിപ്രചോദിതമായാണ് വള്ളത്തോള്‍ അവതരിപ്പിച്ചിരിക്കുന്നത്.

            ‘ഈറനായ് ചുരുള്‍ത്തുമ്പില്‍ കെട്ടിയ കരിങ്കൂന്തല്‍

            കാറിനാല്‍ മറഞ്ഞുള്ള നിതംബ ബിംബത്തോടും’ (ഭക്തിയും വിഭക്തിയും)എന്ന് വര്‍ണിച്ച വള്ളത്തോള്‍ വെണ്‍മണിശൈലിയുടെ പിന്‍മുറക്കാരന്‍ തന്നെയാണെന്നു കാണാം.

            ഭൗതികാസക്തികളോടുള്ള തീവ്രമായ അഭിനിവേശം തന്നെയായിരുന്നു ശുദ്ധ കാല്പനികനായ ചങ്ങമ്പുഴയുടേതും.

            ‘എന്തുവന്നാലുമെനിക്കാസ്വദിക്കണം മുന്തിരിച്ചാറുപോലുള്ളൊരീ ജീവിതം’ എന്നു പാടിയ ചങ്ങമ്പുഴയുടെ കാവ്യലോകം രതിസാന്ദ്രമായിരുന്നുവെന്നു കാണാം.

            പ്രകൃത്യുപാസകനായ ശങ്കരക്കുറുപ്പിന്റെ കവിതകള്‍ പ്രകൃതിയിലെ വൈവിധ്യമാര്‍ന്ന ബിംബങ്ങളെ ഉപയോഗിച്ച് പരോക്ഷമായും പ്രത്യക്ഷമായും രതിയെ ആവിഷ്കരിക്കുന്നുണ്ട്. ‘സൂര്യകാന്തി’, ‘അന്വേഷണം’, ‘ഭൃംഗരീതി’ തുടങ്ങിയ കവിതകളെ ഇത്തരത്തില്‍ വിലയിരുത്താവുന്നതാണ്.

            ‘അമരാതെയാപൂമാറ്പറ്റി ഞാന്‍ സുഖിക്കുന്നു

            മമഭാരത്താലോമലെങ്ങാനും തളര്‍ന്നാലോ’ (ഭൃംഗഗീതി)

            എന്ന വരികള്‍ രത്യനുഭവങ്ങളുടെ തീവ്രചാരുതയാണ് പകരുന്നത്.

            നാടന്‍പാട്ടുകളുടെ പലതിന്റെയും ഊടും പാവും നെയ്തെടുത്തിരിക്കുന്നത് രതി ചിത്രങ്ങളിലാണെന്നു കാണാം. ആധുനികകവികളും ഉത്തരാധുനികകവികളും സ്വകീയവും വേറിട്ടതുമായ പരിപ്രേക്ഷ്യത്തിലൂടെ തന്നെയാണ് രതിയെ ആവിഷ്കരിച്ചിട്ടുള്ളത്.

 

കുറിപ്പുകള്‍

1.പ്രഭാവര്‍മ്മ, രതിയുടെ കാവ്യപദം, ഡി.സി.ബുക്സ്, കോട്ടയം, 2013, പുറം.67

 

 

സഹായകഗ്രന്ഥങ്ങള്‍

1.രതിയുടെ കാവ്യപദം, പ്രഭാവര്‍മ്മ, ഡി.സി.ബുക്സ്, കോട്ടയം, 2013.

2. രതിസാമ്രാജ്യം, നാലപ്പാട്ട് നാരായണമേനോന്‍, മാതൃഭൂമിബുക്സ്, കോഴിക്കോട്,  2013.

3.അഞ്ജാതവുമായുള്ള അഭിമുഖങ്ങള്‍, സുനില്‍.പി.ഇളയിടം, എന്‍.ബി.എസ്.,

കോട്ടയം, 2001

4നാട്യശാസ്ത്രം, ഭരതന്‍ (വിവ:കെ.പി.നാരായണപ്പിഷാരടി), തൃശൂര്‍, 1997.

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. സംഗീത കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page