top of page

‘രാഷ്ട്രീയം മറച്ചുപിടിച്ചു കൊണ്ട് എഴുതാനാവില്ല’

അഭിമുഖം
വി. ഷിനിലാൽ  /  ദീഷ്ണ സുരേഷ്
ree

1.എഴുത്തിന്റെ സാമ്പ്രദായിക സങ്കല്പങ്ങളെയെന്നല്ല, പുതിയ രീതികളെ  പോലും വെല്ലുവിളിക്കുന്ന എഴുത്തു രീതിയാണ് ആഖ്യാനത്തിൽ പിന്തുടരുന്നത്. താങ്കളുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ അതിനുള്ളിൽ കഥയുണ്ട്, ആത്മകഥയുണ്ട്, ജീവചരിത്രമുണ്ട്, ചരിത്രം തന്നെയുണ്ട്. ഇത്തരമൊരു ആഖ്യാന രീതി പിന്തുടരുന്നത് ബോധപൂർവ്വമാണോ? ഇതിൽ വെല്ലുവിളികൾ തോന്നാറുണ്ടോ?

●      ഒരുതരത്തിൽ ബോധപൂർവ്വം തന്നെ ചെയ്യുന്നതാണ്. വായനക്കാർക്ക് പൊതുവേ നേർരേഖയിലുള്ള,ആദിമധ്യാന്ത പൊരുത്തമുള്ള കഥ പറച്ചിലായിരിക്കും സൗകര്യം. എന്നാൽ പുതിയ കഥകൾ വായനക്കാരുടെ സജീവമായ ഇടപെടലുകൾ കൂടെ ആവശ്യപ്പെടുന്നുണ്ട്. പല ആഖ്യാനരൂപങ്ങളിൽ നിൽക്കുന്ന കഥാസന്ദർഭങ്ങളെ കൂട്ടിയെടുക്കേണ്ട പണി വായനക്കാർക്ക് ചെയ്യേണ്ടിവരുന്നു. ഒരു കഥയെ ഒരു ദിശയിൽ കൊണ്ടുപോയി, കുറച്ചു കഴിയുമ്പോൾ മറ്റൊരു കാഴ്ചയിൽ നിന്നു കൂടി നോക്കാൻ ശ്രമിക്കുന്നു. ഇതുതന്നെയാണ് ആഖ്യാനത്തിലും ചെയ്യുന്നത്. ഇത് വ്യക്തിപരമായി എന്റെ സ്വഭാവം കൂടെയാണ്. ആദ്യ കഥ തൊട്ടേ ഇത്തരം പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. വേണമെങ്കിൽ ഒരു കത്ത് പോലെ എഴുതാം. മെയിൽ ആയും ജീവചരിത്രമായും ഒരു ലിറ്ററേച്ചർ ഫെസ്റ്റിവലിലെ പ്രസംഗമായി പോലും ചെയ്യാം. കഥ പറയാൻ കഥ തന്നെ പറയണമെന്നില്ലല്ലോ.  



2. ഷിനിലാൽ  എന്ന എഴുത്തുകാരന്റെ രാഷ്ട്രീയം, അഥവാ എഴുത്തിന്റെ രാഷ്ട്രീയം എന്താണ് എന്ന ചോദ്യത്തിന് എന്ത് മറുപടിയാണ് നൽകാൻ കഴിയുക?



●      ഒരു എഴുത്തുകാരന് അയാളുടെ രാഷ്ട്രീയം ഒളിപ്പിച്ചുവെച്ചുകൊണ്ട് എഴുതാനാവില്ല എന്നാണ് വിശ്വസിക്കുന്നത്. ആ നിലയ്ക്ക് എന്റെ രാഷ്ട്രീയം എഴുത്തിൽ കൃത്യമായി രേഖപ്പെട്ടിട്ടുണ്ട്. പാരമ്പര്യവാദം, മത വർഗീയത എന്നിവക്കൊക്കെ എതിരെ നിൽക്കുന്ന ഇടതുപക്ഷ രാഷ്ട്രീയത്തിൽ തന്നെയാണ് വിശ്വസിക്കുന്നത്. ഞാനൊരു മതവിശ്വാസിയോ, ദൈവവിശ്വാസിയോ അല്ല. എന്നാൽ മനുഷ്യരുടെ അത്തരം വിശ്വാസങ്ങളെ എതിർക്കാൻ ശ്രമിക്കാറില്ല. വിശ്വസിക്കുന്നവരെ കൂടി ഉൾക്കൊള്ളുന്ന ജനാധിപത്യ ബോധമുള്ള രാഷ്ട്രീയമാണ് എന്ന് പറയാം.


3. എഴുത്തിൽ പലപ്പോഴായി കടന്നുവരുന്ന കാഴ്ചകൾ ആണല്ലോ കാട്, കാട്ടിലേക്കുള്ള നടത്തം, യാത്ര. കാടുമായുള്ള അനുഭവം തന്നെയാണോ ഇത്തരം ഇമേജുകൾക്ക് പിന്നിലുള്ളത്?


●      തീർച്ചയായും നമ്മുടെ ഇഷ്ടങ്ങൾ എഴുത്തിൽ കടന്നു വരുമല്ലോ. കാട് എന്റെ ജീവിത പരിസരത്തിൽ സ്ഥിരമായുണ്ട്. ഇവിടെനിന്ന് പത്ത് കിലോമീറ്റർ പോയാൽ പശ്ചിമഘട്ടമായി. കേരളത്തിൽ ഇടനാട് ഭൂ പ്രകൃതിയിൽ നിൽക്കുന്ന സ്ഥലമാണ് നെടുമങ്ങാട്. നെടുമങ്ങാട് താലൂക്കിന്റെ ഒരു ഭാഗത്ത് തന്നെയാണ് പശ്ചിമഘട്ടം ഉള്ളത്. നിരന്തരം ഇടപെടുന്ന ഒരു സ്ഥലമെന്ന നിലയ്ക്ക്,അതിന്റേതായ ഭാഷയും ജീവിതവും സംസ്കാരവുമൊക്കെ മനപൂർവ്വമല്ലാതെ തന്നെ എഴുത്തിൽ കയറി വരുന്നതാണ്.


4. ഈയിടക്ക്‌ ഏറെ വിവാദമായ ചർച്ച ആണല്ലോ ജനപ്രിയ സാഹിത്യത്തെ ചൊല്ലി ഉണ്ടായത്. സാഹിത്യത്തിന്റെ നിലവാരത്തിലേക്കും അവാർഡ് രംഗത്തെ വിവാദങ്ങളിലേക്കും അത്തരം ചർച്ചകൾ നീണ്ടുപോയിരുന്നു. എങ്ങനെയാണ് അതിനോട് പ്രതികരിക്കുന്നത്?


●      ആളുകൾ അവരവർക്കിഷ്ടമുള്ളതും തങ്ങളുടെ സംവേദനത്തിനുതകുന്നതുമായത് വായിക്കുന്നു എന്ന് മാത്രമേയുള്ളു. വലിയ ബൗദ്ധിക സമൂഹമൊന്നുമല്ല നമ്മുടേത്. നേരത്തെ സൂചിപ്പിച്ച,വായനക്കാരുടെ ഇടപെടലുകൾ ആവശ്യമില്ലാത്ത തരം പുസ്തകങ്ങളാണല്ലോ ഇത്തരം ജനപ്രിയ നോവലുകളിൽ വരുന്നത്. പോപ്പുലർ സിനിമകൾ ഇഷ്ടപ്പെടുന്ന സാധാരണക്കാരായ പ്രേക്ഷകരാണ് ഇവിടെ കൂടുതലുള്ളത്. അതുപോലെ പഴയ മനോരമയും മംഗളവുമൊക്കെ ധാരാളമായി വായിച്ചിരുന്ന എന്റെ അമ്മയടക്കമുള്ള തലമുറ, സോഷ്യൽ മീഡിയ സജീവമായി ഉപയോഗിക്കുന്ന പുതിയ തലമുറ. ഇവർക്കെല്ലാം എളുപ്പം സംവേദന യോഗ്യമായ പുസ്തകമായി റാം c/ഒ ആനന്ദി മാറി എന്നതാണ് വാസ്തവം. കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവപുരസ്കാരമെന്നത് ഒരു പ്രോത്സാഹന സമ്മാനമാണ്. മലയാളത്തിലെഴുതുന്ന മുപ്പത്തിയഞ്ചു വയസ്സിന് താഴെയുള്ള എഴുത്തുകാർക്കാണ് അത് നൽകുന്നത്. പരിഗണനയിൽ വന്ന അവസാന പത്ത് പുസ്തകങ്ങളെല്ലാം തന്നെ ആ അർത്ഥത്തിൽ അവാർഡിന് യോഗ്യവുമാണ്. പിന്നെ അവാർഡ് ജൂറിയിൽ ഉള്ളവരും മൂന്ന് മനുഷ്യരാണ്. തീർച്ചയായും പുസ്തകങ്ങളുടെ തെരഞ്ഞെടുപ്പിൽ അവരുടെ രാഷ്ട്രീയവും സാഹിത്യാഭിമുഖ്യവുമെല്ലാം കടന്നു വരും. ഇവിടെ റാം c/o ആനന്ദിക്ക്‌ അവാർഡ് കിട്ടിയത് കൊണ്ട് പോപ്പുലർ ഫിക്ഷൻ v/s ഇൻറ്റലക്ചൽ എന്ന ഒരു ചർച്ച ഉണ്ടായി എന്നേയുള്ളൂ. അതിനപ്പുറം അതൊരു ചർച്ചയ്ക്കുള്ള വിഷയമായി തോന്നിയിട്ടില്ല.


5. ചരിത്രാഖ്യാന സ്വഭാവമുള്ള എഴുത്തിനു മുമ്പ് നടത്തുന്ന തയ്യാറെടുപ്പുകൾ എപ്രകാരമാണ്? അതായത് ചരിത്രത്തെ ഭാവനാത്മകമായി ആവിഷ്കരിക്കാമെങ്കിലും എഴുതപ്പെട്ടതും തിരസ്കരിക്കപ്പെട്ടതുമായ ചരിത്രത്തിലേക്കുള്ള അന്വേഷണം എങ്ങനെയാണ് നടത്താറുള്ളത്?


●      ചരിത്രം എനിക്കേറെ താല്പര്യമുള്ള വിഷയമാണ്. അതിൽ തന്നെ പ്രാദേശിക ചരിത്രത്തോട് കൂടുതൽ അടുപ്പമുണ്ട്. അത്തരം പുസ്തകങ്ങൾ വായനയിൽ ധാരാളമായി ഉൾപ്പെടുന്നു. ‘ഇരു’ എന്ന പുസ്തകത്തിനു വേണ്ടി വായിച്ച പുസ്തകങ്ങളുടെ ലിസ്റ്റ് തന്നെ നോവലിനോടുവിൽ കൊടുത്തിട്ടുണ്ട്. ഇന്ത്യയുടെയും പൊതുവേ കേരളത്തിന്റെയും ചരിത്രത്തെക്കുറിച്ച് പരിമിതമായ ധാരണകളാണ് നമുക്കുള്ളത്. ചരിത്രരചനയ്ക്കായി കൂടുതൽ ആശ്രയിക്കുന്നത് അക്കാലത്തെ സാഹിത്യത്തെയാണല്ലോ. ചരിത്ര സംഭവങ്ങളെ മിത്തുകളാക്കി മാറ്റിയാണ് ഇവിടെ അടയാളപ്പെടുത്തുന്നത്. അതിൽനിന്നും അരിച്ചെടുക്കുന്നതാണ് നമുക്ക് മുന്നിലുള്ള ചരിത്രം. എന്നെ സംബന്ധിച്ച് എഴുതപ്പെട്ട ഈ ചരിത്രത്തോടൊപ്പം തന്നെ ആളുകൾക്കിടയിൽ വാമൊഴിയായ നിലനിൽക്കുന്ന പ്രാദേശിക ചരിത്രഭേദങ്ങൾ കൂടെ അന്വേഷിക്കാറുണ്ട്. ‘ഇരു’വിനു വേണ്ടി അഗസ്ത്യകൂടം മേഖലയിലെ കാണിക്കാരുടെ ഊരുകളിൽ പോയിരുന്നു. അവിടെനിന്നും അവരുടെ ജീവിതവും ജീവനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കൊപ്പം തന്നെ ചരിത്രത്തിന്റെ പലനിലയ്ക്കുള്ള ഭേദങ്ങൾ കൂടെ ലഭിച്ചു. ഉദാഹരണത്തിന് ആയിരത്തി എണ്ണൂറുകളിൽ ഏഷ്യയിലെ ആദ്യത്തെ ഒബ്സർവേറ്ററി തിരുവിതാംകൂറിൽ സ്ഥാപിച്ചു എന്ന കാര്യം മാത്രമേ നമുക്ക് പുസ്തകങ്ങളിൽ നിന്ന് ലഭിക്കുന്നുള്ളൂ. അത്തരമൊരു നിർമ്മിതിയുടെ പ്രായോഗികതയെ കുറിച്ചും നിർമ്മാണത്തെക്കുറിച്ചും അന്നുണ്ടായ പ്രതിസന്ധികളെ കുറിച്ചുമറിയുന്നത് അവരിൽ നിന്നാണ്. ഇങ്ങനെ എഴുതപ്പെടാത്ത ചരിത്രത്തെ അടയാളപ്പെടുത്തൽ എഴുത്തുകാരന്റെ ജോലിയാണ്.

6. ഈ നിലയ്ക്ക് സാഹിത്യം പ്രധാനപ്പെട്ട ചരിത്ര സാമഗ്രിയായി മാറുന്നതോടെ ഇവ തമ്മിൽ കലരുന്നതായി കാണാമല്ലോ. ചരിത്രത്തിൽ ഫിക്ഷനും,സാഹിത്യത്തിൽ ചരിത്രവും കയറി വരുമ്പോൾ ചെറിയതോതിൽ എങ്കിലും ഒരു പ്രശ്നം നിലനിൽക്കുന്നില്ലേ?


●      അതിൽ പ്രശ്നം തീർച്ചയായും ഉണ്ട്. ഉദാഹരണത്തിന് സാഹിത്യത്തിൽ ചരിത്രം രേഖപ്പെടുത്തുന്നതോടെ സാഹിത്യത്തിന്റെ മൂല്യം വർധിക്കുകയാണ്. എന്നാൽ ചരിത്രത്തിലേക്ക് സാഹിത്യത്തെ കലർത്തി ക്കൊണ്ട് ഇതാണ് നമ്മുടെ ചരിത്രം എന്ന നിലയ്ക്ക് അവതരിപ്പിക്കുമ്പോഴാണ് പ്രശ്നം. വാല്മീകിയുടെ രാമൻ കഥാപാത്രമെന്നതിൽ കവിഞ്ഞ് ചരിത്രപുരുഷനായി തീരുന്നതും, നഗരങ്ങളെ കണ്ടെത്തുന്നതിനായി ഗവേഷണമെന്ന പേരിൽ പണം ചെലവാക്കുന്നതുമെല്ലാം ഈ പ്രശ്നം കാരണമാണ്

7. പുസ്തക പ്രസാധന രംഗത്ത് ഒരുതരത്തിലുള്ള ആധിപത്യം നിലനിൽക്കുന്നതായി തോന്നിയിട്ടുണ്ടോ? ഇത് പുസ്തകത്തിന്റെ മാർക്കറ്റിങ്ങിനെ പല നിലയ്ക്ക് സ്വാധീനിക്കുന്നില്ലേ?

●      കേരളത്തെ സംബന്ധിച്ച് പുസ്തക പ്രസാദനമെന്നത് വലിയൊരു വിപണിയാണ്. അതുകൊണ്ടുതന്നെ ഏതാണ്ട് ഇരുന്നൂറോളം വരുന്ന പുസ്തക പ്രസാധകർ തമ്മിൽ വലിയ മത്സരം തന്നെ നിലനിൽക്കുന്നുണ്ട്. ഇതിൽ ശേഷിയുള്ളവർ ഉയർന്നു വരുന്നു എന്നേയുള്ളൂ. കൂടുതൽ ആളുകളിലേക്ക് എത്താൻ സഹായിക്കുന്ന പ്രസാധകരെ എഴുത്തുകാരും തിരഞ്ഞെടുക്കുന്നു. അതുകൊണ്ടുതന്നെ അവാർഡ് പരിഗണനയിൽ ഈ എഴുത്തുകാരുടെ പുസ്തകങ്ങൾ വരുന്നു. അത് സ്വാഭാവികമാണ്. എന്നാൽ മികച്ച പുസ്തകങ്ങൾ കൊണ്ട് രക്ഷപ്പെട്ട പ്രസാധകരും ഉണ്ട്. ‘ആടുജീവിതവും’ ‘ഒരു സങ്കീർത്തനം പോലെ’യും അതിനുദാഹരണമാണ്. ഇവിടെ വലിയ പ്രസാധകരുടെ ആധിപത്യം നിലനിൽക്കുന്നു എന്ന് പറയാൻ കഴിയില്ല. ഇനി അങ്ങനെ ഉണ്ടെങ്കിലും അത് സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ് എന്ന് മനസ്സിലാക്കണം.


8. സിനിമയിലെ വയലൻസിനെ കുറിച്ച് ഒത്തിരി ചർച്ചകൾ നടക്കാറുണ്ടല്ലോ. ഉത്തരാധുനിക എഴുത്തിലേക്ക് നോക്കുമ്പോൾ ഹിംസയുടെ വലിയ ആഘോഷം തന്നെ കാണാം. ഇരുവിൽ ഒരിടത്ത്’ ഹിംസഎന്നത് തന്നെയില്ല.. ജീവജാതികളുടെ കുഴമറിച്ചിലാണ്’  എന്ന് താങ്കൾ തന്നെ പ്രയോഗിച്ചിട്ടുണ്ട്. സാഹിത്യത്തിലെ ഹിംസയുടെ ഈ അതിപ്രസരത്തെ എങ്ങനെയാണ്  നിരീക്ഷിക്കുന്നത്?

●      ‘ഇരു’വിൽ ഹിംസയെ കാണുന്നത് പ്രകൃതിയിലെ സ്വാഭാവിക പ്രക്രിയ എന്ന രീതിയിലാണ്. പലതരം ഹിംസകളിലൂടെയാണ് എല്ലാ ജീവികളും നിലനിന്നു പോരുന്നത്. അതിലും എത്രയോ വലിയ ഹിംസകൾ മനുഷ്യർ മനുഷ്യരോട് ചെയ്യുന്നുണ്ട്. ജാതിഹിംസ തന്നെ എത്ര വലുതാണ്. അടിത്തട്ടിലുള്ള മനുഷ്യർ ജാതിശ്രേണിയിലെ മുഴുവൻ സമ്മർദ്ദവും അനുഭവിക്കുന്നു. ഈ ഹിംസയെ ഹിംസയായി മനസ്സിലാക്കാൻ പോലും സാധിക്കാത്ത വിധത്തിലാണ് ജാതി നിലനിൽക്കുന്നത്. പഴയ ജന്മത്തിന്റെ പാപമായും വിധിയായും ഇതിനെ സാമാന്യവൽക്കരിക്കുകയാണ്. ഈ മാനസിക അടിമത്തമാണ് ഏറ്റവും വലിയ ഹിംസയെന്ന് തോന്നുന്നു. ഇനി ഇതല്ലാതെ സിനിമയിലും സാഹിത്യത്തിലും കടന്നുവരുന്ന ശാരീരികഹിംസകൾ സമൂഹത്തെ സ്വാധീനിക്കുന്നു എന്നതാണ് ഇതിനെ സംബന്ധിച്ച് ഉയർന്നു വരുന്ന വിമർശനം. ഉറപ്പായും ഇത്തരം വയലൻസിന്റെയും ലഹരിയുടെയും ആധിക്യം ഒരു സാമാന്യവൽക്കരണത്തിലേക്ക് ആളുകളെയെത്തിക്കുന്നുണ്ട്. സിനിമ ഇടപെടുന്നത് വലിയ വിഭാഗം ആൾക്കൂട്ടത്തോടാണ്. സാഹിത്യത്തിന് അത്രതന്നെ പരിധിയുണ്ടെന്ന് തോന്നുന്നില്ല. സാഹിത്യത്തിൽ ഇപ്പോൾ ഇത്തരമൊരു വയലൻസ് കുറഞ്ഞു കുറഞ്ഞിട്ടുണ്ട്. സിനിമയിലും അത് കുറയേണ്ടതുണ്ട്.


9. എഴുത്തിൽ നിന്നൊക്കെ പ്രത്യക്ഷത്തിൽ വേറിട്ട്‌ നിൽക്കുന്ന ജോലിയാണല്ലോ ചെയ്യുന്നത്. ഇത് എഴുത്തിന് ഗുണമാണോ പ്രയാസമാണോ സൃഷ്ടിക്കുന്നത്?

●      ആളുകളുടെ വളരെ സൂക്ഷ്മമായ സ്വഭാവങ്ങൾ, അവർക്കുള്ള വൈരുദ്ധ്യങ്ങൾ ഇവയൊക്കെ ശ്രദ്ധിക്കുകയും എഴുത്തിൽ സ്ഥിരമായി ഉപയോഗിക്കുകയും ചെയ്യാറുണ്ട്. അതിനു പൂർണ്ണമായും സഹായിക്കുന്നത് ജോലി തന്നെയാണെന്ന് പറയാം. പല സാമൂഹിക സാഹചര്യങ്ങളിൽ നിന്ന് വരുന്ന,പല പ്രായത്തിലും സ്വഭാവത്തിലുമുള്ള നിരവധി മനുഷ്യരെയാണ് ദിവസവും കാണുന്നത്. വൈവിധ്യമാർന്ന ഇടപെടലുകളും അനുഭവങ്ങളും എഴുത്തിനെ വളരെയധികം സഹായിക്കുന്നു. എല്ലാ സമയവും എഴുത്തുകാരനായിരിക്കുക എന്നത് എനിക്ക് സാധിക്കാത്ത കാര്യമാണ്. ഈ എഴുത്തു മേശയ്ക്കപ്പുറം ആളുകളുടെ പലതരം പ്രശ്നങ്ങളിൽ ഇടപെടുന്നത് കൊണ്ട് തന്നെ, അത്രതന്നെ ജീവിതാനുഭവങ്ങളും ലഭിക്കുന്നുണ്ട്. അതെല്ലാം ചേർത്ത് പിറ്റേന്ന് തന്നെ നോവൽ എഴുതാമെന്നല്ല.എഴുത്തിൽ നമ്മളറിയാതെ തന്നെ ഇതെല്ലാം കടന്നു വരും.


10.ആധുനികതയുടെ തുടർച്ചയിൽ ആനന്ദും ഒ. വി വിജയനുമൊക്കെ കൈകാര്യം ചെയ്ത ഭരണകൂടം, അധികാരം, അതിന്റെ നടത്തിപ്പു പ്രക്രിയകൾ എന്നിങ്ങനെ വിശാലമായ രാഷ്ട്രീയാന്തരീക്ഷം ഷിനിലാലിന്റെ എഴുത്തിൽ പ്രകടമായി തന്നെ വരുന്നുണ്ട്. ആധുനികോത്തര കാലവും സാഹിത്യവും ഇത്തരം വിഷയങ്ങളെ സമീപിക്കുന്നതിൽ മാറ്റം വന്നിട്ടുള്ളതായി തോന്നിയിട്ടുണ്ടോ?

●      ലോകത്തിൽ നിലനിൽക്കുന്ന ഭരണകൂടങ്ങൾക്കെല്ലാം തന്നെ ഒരേ സ്വഭാവമാണ്. അത് രാജഭരണമായാലും ജനാധിപത്യമായാലും കമ്മ്യൂണിസ്റ്റ് ഭരണമായാലും വ്യത്യാസമൊന്നുമില്ല. തങ്ങൾക്കെതിരെ വരുന്ന പ്രതിഷേധങ്ങളെ എല്ലാ ഭരണകൂടങ്ങളും അടിച്ചമർത്തുന്നു. പ്രതിഷേധിക്കുന്നവരെ നിയമങ്ങൾ ഉപയോഗിച്ച് ഇല്ലാതാക്കാൻ തന്നെ സാധിക്കുന്നു.’124’ എന്ന നോവൽ അത് തന്നെയാണ് പറയാൻ ശ്രമിക്കുന്നത്. ഭരണകൂടം നൽകുന്നുവെന്ന് പറയപ്പെടുന്ന സംരക്ഷണത്തിനുവേണ്ടി ഒരു ജനത അവരുടെ സ്വാതന്ത്രങ്ങളെയാണ് പകരമായി നൽകുന്നത്. വാസ്തവത്തിൽ ലോകത്തിലെവിടെയും ഒരുതരത്തിലുമുള്ള ഭരണകൂടം ഇല്ലെങ്കിൽ ഇത്തരമൊരു സംരക്ഷണത്തിന്റെ ആവശ്യം തന്നെയില്ല. അതുകൊണ്ട് എല്ലായ്പ്പോഴും ഒരു ഭയം സൃഷ്ടിക്കേണ്ടത് ഭരണകൂടങ്ങളുടെ ആവശ്യകതയാണ്. ഗോത്രകാലം തൊട്ട് ഇതിന്റെ നടത്തിപ്പുക്രമം ഇങ്ങനെയാണ്. ഏതുകാലത്തും ഭരണകൂടം -വ്യക്തി വൈരുദ്ധ്യം നിലനിൽക്കുന്നുണ്ട്. ഈ വ്യക്തി പൗരൻ എന്ന് പറയുന്നെങ്കിലും, രാജഭരണത്തിലെ പ്രജ തന്നെയാണ്. ആനന്ദ് എഴുതിയ കാലത്തും,ഇക്കാലത്തും, ഇനി വരാൻ പോകുന്ന കാലത്തും ഈ വിഷയം ഇതേപോലെ നിലനിൽക്കും എന്നാണ് തോന്നുന്നത്.


11.സാഹിത്യത്തിൽ ഇപ്പോൾ വിമർശകരുടെ അഭാവം ഉള്ളതായി തോന്നിയിട്ടുണ്ടോ?കേവലം നിരൂപണസ്വഭാവമുള്ള, അതിൽ തന്നെ എഴുത്തുകാരനെ വേണ്ടതിൽ കവിഞ്ഞ് പ്രശംസിക്കുന്ന നിലക്ക് മലയാള നിരൂപണം മാറിയിട്ടുണ്ട് എന്ന വാദം തന്നെ നിലനിൽക്കുന്നുണ്ട്. പുസ്തകത്തിന്റെ മാർക്കറ്റിങ്ങിനായി എഴുത്തുകാർ സോഷ്യൽ മീഡിയയെ കാര്യക്ഷമമായി ഉപയോഗിക്കുമ്പോൾ പോലും നേരിയ വിമർശന സ്വഭാവമുള്ള അഭിപ്രായങ്ങളോട് വരെ വൈകാരികമായി ഇടപെടുന്നതായി കാണാം. എങ്ങനെയാണ് ഇതിനോട് പ്രതികരിക്കുന്നത്?

●      ഒരു സാഹിത്യകൃതിയെ വളരെ ഗൗരവമായി വിമർശനം ചെയ്യാൻ ശേഷിയുള്ള ധാരാളം വിമർശകർ ഇപ്പോഴും മലയാളത്തിലുണ്ടെങ്കിലും അത്തരമൊരു സമീപനം സ്വീകരിക്കുന്നില്ല. ഇനി അങ്ങനെ വന്നാൽ തന്നെ വിമർശനത്തെ ആ രീതിക്ക് സമീപിക്കാതെ കൂട്ടായി ആക്രമിക്കുന്നതായി കാണാറുണ്ട്. പൊതുവെ ആസ്വാദനസ്വഭാവമുള്ളതും പുകഴ്ത്തലുകൾ നിറഞ്ഞതുമായ നിരൂപണങ്ങൾ മാത്രമാണ് വരുന്നത്.ചില വിമർശനങ്ങൾ കേവലം വ്യക്തിഹത്യയിലേക്ക് മാത്രം പോകുന്നതായും ശ്രദ്ധിച്ചിട്ടുണ്ട്.


12.എഴുത്തുകാർക്കിടയിൽ നിലനിൽക്കുന്ന സൗഹൃദ കൂട്ടായ്മകൾ പലപ്പോഴും അതിനുള്ളിൽ നിന്നു വരുന്ന പുസ്തകങ്ങളുടെ പ്രൊമോഷനുകൾക്ക് വേണ്ടി മാത്രം നിലനിൽക്കുന്നതായി തോന്നിയിട്ടുണ്ട്. നേരത്തെ സൂചിപ്പിച്ച നിലക്കുള്ള വിമർശനങ്ങളോ എഴുത്തിനു നേർക്കുള്ള ക്രിയാത്മകമായ എതിരഭിപ്രായങ്ങൾ പോലുമോ പരസ്പരം ഉണ്ടാകുന്നില്ല.എഴുത്തുകാർക്കിടയിൽ തന്നെ വിമർശന സാധ്യതകൾ പങ്കു വെക്കാൻ കഴിയുന്ന നിലക്ക് ഇത്തരം കൂട്ടങ്ങൾ വളരേണ്ടതില്ലേ?


●      എഴുത്തുകാർ വളരെ സെൻസിറ്റീവായ ആളുകളാണ്. അതുകൊണ്ട് പരസ്പരമുള്ള വിമർശനങ്ങൾ ഗുണപരമാകുമോ എന്നറിയില്ല. പഴയ തലമുറ കുറെക്കൂടി ഈ രീതിയിലുള്ള വിമർശനങ്ങൾ നടത്തിയിരുന്നു. ഇപ്പോഴത് ഇല്ല എന്ന് തന്നെ പറയേണ്ടി വരും.എന്നെ സംബന്ധിച്ച് വ്യക്തിപരമായി അടുപ്പമുള്ളവരോട് വിമർശനങ്ങളും വിയോജിപ്പുകളും രേഖപ്പെടുത്താറുണ്ട്.


13.അവാർഡുകൾ എഴുത്തിനെ കുറച്ചുകൂടി ബാധ്യതയോടെ കൈകാര്യം ചെയ്യാൻ സ്വാധീനിക്കുന്നുണ്ടോ? നോവലിനും ചെറുകഥയ്ക്കും കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച എഴുത്തുകാരനെന്ന നിലക്ക് അവാർഡുകളോട് പൊതുവെയുള്ള സമീപനം എന്താണ്?

●        എഴുത്തിൽ നല്ല ആത്മവിശ്വാസമുള്ള ഒരാളാണ് ഞാൻ. അവാർഡുകൾ ലഭിക്കുമെന്ന്ആ ആത്മവിശ്വാസമെന്നിൽ തോന്നിപ്പിക്കാറുമുണ്ട്. എഴുത്തിന്റെ വഴിയിൽ ലഭിക്കുന്ന പ്രോത്സാഹനങ്ങൾ എന്നേയുള്ളൂ. അല്ലാതെ അവാർഡുകൾ ഒരു മാനദണ്ഡമായി തോന്നിയിട്ടില്ല. അവാർഡുകളൊന്നും ലഭിക്കാത്ത എത്രയോ മികച്ച എഴുത്തുകാർ നമുക്കുണ്ട്. അതുകൊണ്ട് കുറേക്കൂടി ആളുകൾ നമ്മുടെ എഴുത്തിനെ പിന്തുടരും എന്നോർക്കുമ്പോൾ ലഭിക്കുന്ന മോട്ടിവേഷനപ്പുറം അവയൊന്നും വലിയ സന്തോഷം നൽകാറില്ല.


 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. സംഗീത കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page