top of page

റൂത്തിന്റെ ലോകം : കുറ്റാന്വേഷണത്തിന്റെ പുതുവഴികൾ 

ഡോ.ലാലു.വി    
ree

പ്രബന്ധസംഗ്രഹം: മറ്റുള്ളവരെക്കുറിച്ച് അറിയാനുള്ള ആകാംക്ഷ ഭൂലോകത്ത് മനുഷ്യർ ഉണ്ടായ കാലം മുതൽ ആരംഭിക്കുന്നു. മനുഷ്യനിലെ സഹജമായ ഈ അന്വേഷണ സ്വഭാവമാണ് കുറ്റാന്വേഷണസാഹിത്യം എന്ന ശാഖയ്ക്ക് പ്രചാരം നേടിക്കൊടുത്തത്. വിവരസാങ്കേതികവിദ്യയുടെ വ്യാപനത്തോടെ സമകാലികലോകത്തെ കുറ്റാന്വേഷണം പുതിയ മേഖലകളിൽ എത്തിച്ചേർന്നിരിക്കുന്നു. ഫോറൻസിക് സയൻസിന്റെയും അനാട്ടമിയുടെയും സാങ്കേതികജ്ഞാനം, നിയമപരവും ക്രിമിനോളജിക്കലുമായ സമീപനങ്ങൾ തുടങ്ങിയവ സമകാലിക കുറ്റാന്വേഷണ സാഹിത്യത്തെ വ്യത്യസ്തമാക്കുന്ന ഘടകങ്ങളാണ്. കുറ്റാന്വേഷണസാഹിത്യത്തെ ഏറ്റവും ജനപ്രിയമാക്കുന്നതിന് പ്രധാന പങ്കുവഹിച്ച സാഹിത്യരൂപമാണ് നോവൽ . മലയാളത്തിലെ സമകാലികനോവൽ സാഹിത്യത്തിലും ശ്രദ്ധേയമായ ഒരു വിഭാഗമായി കുറ്റാന്വേഷണസാഹിത്യം നിലനിൽ ക്കുന്നു. പുതിയകാല നോവൽഎഴുത്തുകാരിൽ ശ്രദ്ധേയനായ ലാജോ ജോസിന്റെ ‘റൂത്തിന്റെ ലോകം’എന്ന നോവലിലെ ജനപ്രിയഘടകങ്ങളെക്കുറിച്ചും കുറ്റാന്വേഷണ ത്തിൻ്റെ പുതുവഴികളെക്കുറിച്ചുമുളള അന്വേഷണമാണ് ഈ പ്രബന്ധo


താക്കോൽ വാക്കുകൾ: ജനപ്രിയസാഹിത്യം, കുറ്റാന്വേഷണസാഹിത്യം, സസ്പെൻസ്, രഹസ്യാത്മകത, ഫോറൻസിക് സയൻസ്.


                      മനുഷ്യമനസ്സിലെ കൗതുകത്തെ ഉണർത്തുന്ന രചനകളാണ് കുറ്റാന്വേഷണ കൃതികൾ. ആദിമകാലം മുതൽ നിലനിൽക്കുന്ന കുറ്റകൃത്യം എന്ന മനുഷ്യൻറെ അടിസ്ഥാ ന വാസനയെ ആവിഷ്കരിക്കുന്നവയാണ് ഈ രചനകൾ . കുറ്റാന്വേഷണകൃതികളിൽ മാത്രമല്ല കുറ്റകൃത്യമുള്ളത്. ലോകത്തിലെ എല്ലാ കൃതികളിലും കുറ്റകൃത്യമോ കുറ്റവാസനയോ ഉണ്ട്. അതുപോലെ എല്ലാ മനുഷ്യരിലും രഹസ്യങ്ങളും രഹസ്യങ്ങൾ അറിയാനുള്ള വാസനയും ഉണ്ട്. ഈ വാസനകളാണ് കുറ്റാന്വേഷണകൃതികളിലേക്ക് വായനക്കാരെ ആകർഷിക്കുന്നത്. വിവരസാങ്കേതിക വിദ്യയുടെ വ്യാപനത്തോടെ സമകാലിക ലോകത്തെ കുറ്റാന്വേഷണസാഹിത്യം  പുതിയ മേഖലകളിൽ എത്തിച്ചേർന്നിരി ക്കുന്നു.  അതിന്റെ ചുവടുപിടിച്ച് മലയാളത്തിലെ കുറ്റാന്വേഷണ സാഹിത്യവും വളരെയധികം മാറ്റങ്ങൾക്ക് വിധേയമായി. പുതുതലമുറയെ കുറ്റാന്വേഷണകൃതികളിലേക്ക് ആകർഷിക്കുന്നതിൽ കുറ്റാന്വേഷണസിനിമകൾക്കും നിർണായകമായ പങ്കുണ്ട്. കൊറിയൻ, സ്പാനിഷ്,ഇംഗ്ലീഷ് ഭാഷകളിലെ കുറ്റാന്വേഷണസിനിമകളെ മലയാളികൾ ഗൗരവത്തോടെ സ്വീകരിച്ചു. കുറ്റാന്വേഷണ വെബ്സീരീസുകളെ എല്ലാ വിഭാഗം ജനങ്ങളും ഒരുപോലെ ആസ്വദിച്ചു. ഇവ സൃഷ്ടിച്ച ഭീതിയുടെയും അന്വേഷണത്തിന്റെയും ലോകത്തിലേക്ക് മലയാളത്തിലെ കുറ്റാന്വേഷണസാഹിത്യവും ചുവടു മാറ്റി. ബന്യാമിൻ, ടി‌.ഡി രാമകൃഷ്ണൻ,ജി.ആർ.ഇന്ദുഗോപൻ തുടങ്ങിയ മലയാളത്തിലെ മുൻനിര എഴുത്തുകാരും കുറ്റാന്വേഷണകൃതികൾ രചിക്കാൻ തുടങ്ങി. അവരോടൊപ്പം  ആർ.ശ്രീലേഖ, ലാജോ ജോസ് , സുരേന്ദ്രൻ മങ്ങാട്, അൻവർ അബ്ദുള്ള, അനുരാഗ് ഗോപിനാഥ് ആദർശ്. എസ്, ശ്രീപാർവതി, ശ്രീജേഷ് .ടി.പി ജിസ ജോസ്, നിഖിലേഷ് മേനോൻ,അനൂപ് ശശികുമാർ, പ്രവീൺ ചന്ദ്രൻ തുടങ്ങിയവർ പുതുതലമുറയിലെ കുറ്റാന്വേഷണസാഹിത്യ രചയിതാക്കളിൽ പ്രധാനികളാണ്.



                   മലയാളത്തിലെ യുവ എഴുത്തുകാരിൽ ഏറ്റവുമധികം വായനക്കാരുള്ള കുറ്റാന്വേഷണനോവലിസ്റ്റുകളിൽ ഒരാൾ ലാജോ ജോസാണ്. കോഫി ഹൗസ്, ഓറഞ്ച് തോട്ടത്തിലെ അതിഥി,  ഹൈഡ്രേഞ്ചിയ, കന്യാമരിയ, റൂത്തിന്റെ ലോകം എന്നീ നോവലുകൾ കുറ്റാന്വേഷണ നോവലെഴുത്തിൻറെ നവീനരീതികൾ ഉൾക്കൊള്ളുന്നവ യാണ്. പ്രമേയസ്വീകരണത്തിലെ വൈവിധ്യം കൊണ്ട് ഓരോ നോവലും ഒന്നിനൊന്ന് മികച്ചതാക്കാൻ അദ്ദേഹത്തിനു കഴിയുന്നു. ലാജോ ജോസിൻറെ പല നോവലുകളും സിനിമയായി അനുവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. സൂക്ഷ്മ നിരീക്ഷണവും, അന്വേഷണത്തിലെ വൈവിധ്യവും, വേറിട്ട രചനാശൈലിയും അദ്ദേഹത്തിന്റെ കൃതികളിലേക്ക് അനുവാചകരെ ആകർഷിക്കുന്നു. മലയാറ്റൂർ രാമകൃഷ്ണന്റെ ‘യക്ഷി’പോലെ സൈക്കോളജിക്കൽ ത്രില്ലർ എന്ന വിഭാഗത്തിൽ പെടുത്താവുന്ന മലയാളത്തിലെ  നോവലാണ് ലാജോ ജോസിന്റെ റൂത്തിന്റെ ലോകം. യാതൊരു അതിഭാവുകത്വവും  കൂടാതെ വായ നക്കാരെ പിടിച്ചിരുത്താൻ തക്ക ലളിതമായ ഭാഷയിൽ എഴുതിയ ക്രൈം ഫിക്ഷൻ വിഭാഗത്തിൽപ്പെടുന്ന ഒരു സൈക്കോളജിക്കൽ ത്രില്ലർ നോവലാണ് ഇത്. റെട്രോഗ്രേഡ് അംനേഷ്യ ബാധിച്ച റൂത്ത് റൊണാൾഡിന്റെ ജീവിതത്തിൽ സംഭവിക്കുന്ന ദുരൂഹ സാഹചര്യങ്ങ ളാണ് നോവലിൻറെ പ്രമേയം. സങ്കീർണമായ യാഥാർത്ഥ്യങ്ങളും മിഥ്യയും കൂടി കെട്ടുപിണഞ്ഞ് റൂത്ത് തന്റേതായ ഒരു ലോകം അവൾക്കുള്ളിൽ സൃഷ്ടിക്കുന്നു.



                         റൂത്ത് റൊണാൾഡ് എന്ന യുവതിയും അവളുടെ ഭർത്താവ് റൊണാൾഡ് തോമസ് എന്ന ഡോക്ടറും ജോലിക്കാരിയും അടങ്ങുന്ന ഒരു ചെറിയ ലോകത്തിലാണ് കഥ നടക്കുന്നത്. ഒരപകടത്തിൽപ്പെട്ട് റെട്രോഗ്രേഡ് അംനീഷ്യ ബാധിച്ച റൂത്താണ് കേന്ദ്ര കഥാപാത്രം. റൂത്തിന്റെയും ഭർത്താവ് റൊണാൾഡിന്റെയും വീക്ഷണകോണിലൂടെയാണ് കഥ വിവരിക്കുന്നത്. നഗരത്തിൽ യുവതികളെ ദുരൂഹമായി കാണാതാകുന്ന സംഭവങ്ങൾ നിരന്തരം നടക്കുന്നു. അവിടെയെല്ലാം റൂത്തിന്റെ  സാന്നിധ്യം ഉണ്ടെന്ന് പോലീസ് മനസ്സിലാ ക്കുന്നു.ക്രമേണ പോലീസിന്റെ സംശയം റൂത്തിലേക്ക് തിരിയുന്നു. ഓർമ്മയ്ക്കും മറവിക്കുമിടയിൽ പൊങ്ങിയും താണും പോകുന്ന മാനസിക ദൗർബല്യമുള്ളവളാണ് റൂത്ത്. അവൾ എല്ലാം കാണുന്നുണ്ട്, കേൾക്കുന്നുണ്ട് പല ദുരൂഹതകളുടെയും ഭാഗമാകുന്നുണ്ട്. റൂത്ത് തന്റെ മനസ്സിന്റെ ഉള്ളറകളെ ചൂഴ്ന്നു നിൽക്കുന്ന ദുരൂഹതകളിലേക്ക് നടത്തുന്ന അന്വേഷണമാണ് ഈ  നോവൽ. വരച്ച ചിത്രങ്ങളും ഫോണിലെ റെക്കോർഡുകളും ഡയറിക്കുറിപ്പുകളും മാത്രമാണ് റൂത്തിന്റെ സഹായത്തിനുള്ളത്. ഓരോ മുങ്ങിനിവരലിലും പുതിയൊരാളാകുന്ന റൂത്തിന് രക്തക്കറകൾ എല്ലാം മായ്ക്കുന്ന ആ ദുരൂഹത കണ്ടെത്താ നാവുമോ എന്ന ഉദ്വേഗം നോവൽ അവസാനം വരെ താഴെ വയ്ക്കാതെ വായിക്കാൻ അനുവാചകനെ പ്രേരിപ്പിക്കുന്നു.


                  വർഷങ്ങളായി അസുഖബാധിതയായ റൂത്തിന് വളരെ പെട്ടെന്നാണ് ശാരീരികമായ അസ്വാസ്ഥ്യങ്ങൾ ഉണ്ടാവുക. പെട്ടെന്നുതന്നെ അവളുടെ തലച്ചോറിനെ ഇരുട്ട് കാർന്നുതിന്നുകയും ഇതിനു മുൻപുണ്ടായിരുന്നത് മറ്റേതോ കാലത്തായിരുന്നു എന്ന പോലെ മറവി അവളെ കീഴ്പെടുത്തുകയും ചെയ്യും. ചിതറിക്കിടക്കുന്ന ഓർമ്മകൾക്കിട യിൽ നിന്ന് പൊട്ടിയ കുപ്പിവളപോലെ റൂത്ത് ആ പെൺകുട്ടികളുടെ മുഖങ്ങൾ ഓർത്തെ ടുക്കുന്നു. വായനക്കാരൻ റൂത്തിനോടൊപ്പം സഞ്ചരിക്കുകയും അവരുടെ ഭൂതകാലത്തെയും വർത്തമാനകാലത്തെയും കുറിച്ച് കണ്ടെത്തുകയും വേണം. മറവിക്കും ഓർമ്മക്കും ഇടയിൽ പെട്ടുപോയ റൂത്തിന്റെ വികാരവിചാരങ്ങൾ തന്നെയാണ് നോവലിൻറെ പ്രധാന പ്രമേയം.


                 മുമ്പിൽ നടക്കുന്ന സംഭവങ്ങളുടെ സത്യമേത് മിഥ്യയേത് എന്ന് വേർതിരിച്ചെടുക്കാൻ കഴിയാത്ത തോന്നലുകളിൽ നിന്നുണ്ടാകുന്ന സംഘർഷങ്ങളാണ് റൂത്തിനെയും അവളുടെ ജീവിതത്തെയും നിർണയിക്കുന്നത്. സിറ്റിയിൽ നിന്ന് കാണാതാകുന്ന നിരവധി പെൺകുട്ടികളെ കുറിച്ചുള്ള അന്വേഷണത്തിൽ, അവിടെയെല്ലാം റൂത്ത് റൊണാൾഡ്  എന്ന സ്ത്രീയുടെ സാന്നിധ്യം ഉണ്ടെന്ന് പോലീസ് മനസ്സിലാക്കുന്നു. ഭൂതകാലത്തിൽ തനി ക്കുണ്ടായ അനുഭവങ്ങൾ കാണാതായ പെൺകുട്ടികളുമായി ബന്ധപ്പെടുന്നത് എങ്ങനെ എന്ന ചോദ്യം റൂത്തിനെ പലപ്പോഴും മാനസികമായി ബാധിക്കുന്നു. പക്ഷേ കഴിഞ്ഞു പോയ കാലത്തെക്കുറിച്ച് ചിന്തിക്കാൻ റൂത്തിന് കഴിയുന്നില്ല .ഭർത്താവിൻറെ പരിചരണത്തിൽ ആശ്വാസം കണ്ടെത്തുന്ന റൂത്തിന്റെ ഉദ്വേഗഭരിതമായ കഥയാണ് നോവൽ ആവിഷ്കരി ക്കുന്നത്. കഥയുടെ ഒടുവിൽ മാത്രം യഥാർത്ഥ വില്ലനെ വെളിപ്പെടുത്തുന്ന പരമ്പരാഗത കുറ്റാന്വേഷണരീതിയാണ് അവലംബിച്ചിരിക്കുന്നതെങ്കിലും കഥാപാത്രസൃഷ്ടിയിലും കഥാപരിസരങ്ങളിലും പുതുമ നിലനിർത്താൻ നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്.


                 തികച്ചും വ്യക്തിപരമായ അനുഭവത്തെ ആസ്പദമാക്കിയാണ് റൂത്ത് അന്വേഷണം ആരംഭിക്കുന്നത്. എന്നാൽ ആ അന്വേഷണത്തിന്റെ വഴിയിൽ അവൾ കണ്ടെത്തുന്നത് വലിയൊരു സാമൂഹിക ദുരിതചക്രമാണ്. റൂത്ത് എന്ന കഥാപാത്രം ഒരു വിദഗ്ധ അന്വേഷകയായി സമൂഹം മറച്ചുവയ്ക്കുന്ന നിരന്തരം നടക്കുന്ന സ്ത്രീ പീഡനങ്ങളുടെയും ചൂഷണങ്ങളുടെയും ചുരുളഴിച്ച് സത്യം കണ്ടെത്തുന്നു. പെൺകുട്ടികളുടെ തിരോധാനം, ചൂഷണത്തിനും പീഡനത്തിനും വിധേയരാകൽ, കുടുംബജീവിതത്തിലെ ഇരുണ്ട വശങ്ങൾ, കുറ്റവാളിയുടെ മനശാസ്ത്രം തുടങ്ങി വ്യത്യസ്ത വിഷയങ്ങൾ നോവലിൽ സമർത്ഥമായി കൈകാര്യം ചെയ്തിരിക്കുന്നു. ഭാഷാശൈലി സാന്ദ്രവും അവതരണ സമ്പന്നവും ആണ്. സംഭാഷണങ്ങളും വിവരണങ്ങളും നോവലിന്റെ ഭാഷയ്ക്ക് പ്രത്യേക ഭംഗി നൽകുന്നു. റൂത്തിന്റെ മാനസിക സംഘർഷങ്ങളും വ്യക്തി സംഘർഷങ്ങളും ലളിതമായ ഭാഷയിലൂടെ വായനക്കാരിലേക്ക് എത്തിക്കാൻ നോവലിസ്റ്റിന് കഴിയുന്നു.



                 നോവലിന്റെ ശൈലിയും പ്രമേയവും മലയാളത്തിലെ പൊതുവായ കുറ്റാന്വേഷണസാഹിത്യത്തിൽ നിന്നു ഭിന്നമാണ്. റൂത്തിന്റെ ജീവിതം കേന്ദ്രീകരിച്ചാണ് കഥാഗതി മുന്നോട്ടുപോകുന്നത്. അവളിലെ ഭയം, കുഴപ്പങ്ങൾ, ഭാവനകൾ തുടങ്ങി യവയിലൂടെ വായനക്കാരൻ നോവൽഗാത്രത്തിലേക്ക് പ്രവേശിക്കുന്നു. റൂത്തിനും അവളുടെ ചുറ്റുപാടുകൾക്കുമിടയിൽ നടക്കുന്ന സംശയാസ്പദമായ  സംഭവങ്ങളാണ് കഥയ്ക്കാധാരം. ഓരോ അധ്യായവും പുതിയ ചോദ്യങ്ങളും സംശയങ്ങളും വായനക്കാരനിൽ ഉണർത്തുന്നു. കഥയുടെ ആകർഷകത്വവും സസ്പെൻസുള്ള ഘടനയും അവസാന പേജുവരെ വായനക്കാരനെ പിടിച്ചിരുത്തുന്നു. ഒരു സ്ത്രീയുടെ ആന്തരികലോകം, ആത്മസംശയങ്ങൾ, സമൂഹം അവരോട് കാണിക്കുന്ന സമീപനം, വ്യക്തി ജീവിതത്തിലും സാമൂഹികജീവിതത്തിലും അവർ നേരിടുന്ന പ്രശ്നങ്ങൾ, വെല്ലുവിളികൾ എന്നിവ വളരെ സൂക്ഷ്മമായി ഈ നോവലിൽ കൂട്ടിയിണക്കിയിരിക്കുന്നു. റൂത്തിന്റെ മനസ്സ് തന്നെയാണ് പ്രധാന അന്വേഷണ ഭൂമിക. കുറ്റാന്വേഷണത്തിന്റെ പുറംലോകം അല്ല മനസ്സിൻറെ ഉള്ളറകളിലാണ് യഥാർത്ഥ അന്വേഷണവും കണ്ടെത്തലുകളും നടക്കുന്നത്. ലൗകികനീതിയും മാനസികനീതിയും തമ്മിലുള്ള വ്യത്യാസങ്ങൾ ചർച്ച ചെയ്യപ്പെടുന്നു. റൂത്തിന്റെ സങ്കീർണമായ ജീവിതം,ഭർത്താവ് റൊണാൾഡിന്റെ ഇരുണ്ടതും അവ്യക്ത വുമായ ജീവിതം, അവരുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകൾ എന്നിവയിലൂടെയാണ് കഥാഗതി മുന്നോട്ടു പോകുന്നത്.


                 ഒരു സിനിമ കാണുന്ന സുഖത്തോടെ വായിച്ചു പോകാൻ കഴിയുന്ന നോവലാണിത്. കഥാപാത്രങ്ങൾ നേരിട്ടുവന്ന് കഥ പറയുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നതെങ്കിലും കഥാഗതിയെ ബാധിക്കാതെ മുന്നോട്ടു കൊണ്ടുപോകാൻ നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. ആഖ്യാനത്തിന്റെ വശ്യത, ദൃശ്യപ്രതീതി നൽകിക്കൊണ്ടുള്ള വിവരണങ്ങൾ ഇവയൊക്കെ വായനക്കാരെ നോവലിലേക്ക് വേഗത്തിൽ കൂട്ടിക്കൊണ്ടുപോകുന്നു. സസ്പെൻസ് ,സർപ്രൈസ്, ക്രൈം, ആകർഷകമായ നിഗൂഢത, കുറ്റാന്വേഷണത്തിലെ വ്യത്യസ്തത എന്നിവയും ഈ നോവലിനെ വായനക്കാർക്ക് പ്രിയങ്കരമാക്കുന്നു. തുടക്കം മുതൽ ഒടുക്കം വരെ ത്രില്ലും ദുരൂഹതയും നിലനിർത്താൻ നോവലിസ്റ്റിന് കഴിയുന്നു. വായനക്കാരെ കൂടി അന്വേഷണത്തിൽ പങ്കാളിയാക്കുന്ന രചനാശൈലിയാണ് നോവലിസ്റ്റ് പിന്തുടരുന്നത്. മന:ശാസ്ത്രപരമായ ചിന്തകൾ,പ്രതീക്ഷിക്കാത്ത വഴിത്തിരിവുകൾ, കുറ്റവാളിയെ ഊഹിക്കാൻ കഴിയാത്ത രീതിയിലുള്ള സംഭവവികാസങ്ങൾ എന്നിവ നോവലിന് വ്യത്യസ്തത നൽകുന്നു. കുറ്റകൃത്യം ചെയ്യുന്ന ആളിന്റെ മന:ശാസ്ത്രവും നോവലിൽ ചർച്ച ചെയ്യപ്പെടുന്നു.



                  കുറ്റാന്വേഷണസാഹിത്യത്തിനാവശ്യമായ എല്ലാ ഘടകങ്ങളും നോവലിൽ ശാ സ്ത്രീയമായി ഉൾച്ചേർത്തിരിക്കുന്നു. നിഗൂഢതയും ചോദ്യങ്ങളുമായി ആരംഭിക്കുന്ന കഥ തുടക്കം മുതൽ വായനക്കാരെ ഉദ്യേഗത്തിന്റെയും ജിജ്ഞാസയുടെയും മുൾമുനയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. തെളിവുകളുടെ ചുരുളഴിയിക്കൽ വളരെ ശാസ്ത്രീയമായി നിർവഹിക്കുന്നതിലൂടെ വായനക്കാരന്റെ യുക്തിബോധത്തെ നോവൽ തൃപ്തിപ്പെടുത്തുന്നു. പശ്ചാത്തലവിവരണത്തിലെ നാടകീയതയും  ഭീതിയും അനിശ്ചിതത്വവും ജനിപ്പിക്കുന്ന വിവരണങ്ങളും നോവലിലേക്ക് വായനക്കാരെ കൂടുതൽ അടുപ്പിക്കുന്നു.  ലാളിത്യവും ആധികാരികതയും ചേർന്ന സാന്ദ്രമായ ഭാഷ, പരിണാമഗുപ്തി നിലനിർത്തികൊണ്ടുള്ള ആഖ്യാനം, സാമൂഹിക സംവേദനക്ഷമമായ സംഭാഷണങ്ങൾ, മന:ശാസ്ത്രവും കുറ്റാന്വേഷണവും കൂട്ടിയിണക്കിയുള്ള രചനാരീതി, കഥ പറച്ചിലിനേക്കാളുപരി വായനക്കാരന്റെ ചിന്താമണ്ഡലത്തിലേക്ക് കടന്നുകയറുന്ന തരത്തിലുള്ള ആഖ്യാനം എന്നിവ ഈ നോവലിനെ ജനപ്രിയമാക്കുന്ന പ്രധാന സവിശേഷതകളാണ്.



                കുറ്റകൃത്യം, അന്വേഷണം, പ്രതിയുടെ വെളിപ്പെടുത്തൽ ഇതൊക്കെയാണ് ക്രൈംഫിക്ഷന്റെ അടിസ്ഥാന ഘടന. സിനിമാറ്റിക് അവതരണരീതിയിലൂടെ കുറ്റകൃത്യ ത്തിനുപിന്നിലെ മാനസിക ഉദ്ദേശങ്ങൾ മന:ശാസ്ത്രപരമായി നോവലിൽ വിവരിക്കുന്നു എന്നതും ഈ നോവലിന്റെ മറ്റൊരു സവിശേഷതയാണ്. നോവലിലെ ഓരോ രംഗവും ദൃശ്യാത്മകമായി വായനക്കാരന്റെ മനസ്സിൽ അനുഭവവേദ്യമാകുന്നു. സംഭവവികാസങ്ങളുടെ സമയക്രമവും ഇടപെടലുകളും അതീവ നൈപുണ്യത്തോടെ ചിട്ടപ്പെടുത്തിയിരിക്കുന്നു. ഭാഷ, ആഖ്യാനം, കഥാപാത്രസൃഷ്ടി, സാങ്കേതികവിദ്യയുടെ വ്യാപനം വ്യക്തിയിലും സമൂഹ ത്തിലും സംസ്കാരത്തിലും വരുത്തിയ മാറ്റങ്ങൾ, ആഖ്യാനത്തിലെ ചലച്ചിത്രസ്വഭാവം, ഫോ റൻസിക്സയൻസിന്റെയും അനാട്ടമിയുടെയും സാങ്കേതികജ്ഞാനം, നിയമപരവും ക്രിമി നോളജിക്കലുമായ സമീപനങ്ങൾ തുടങ്ങിയവയെല്ലാം ഈ നോവലിനെ വ്യത്യസ്തമാക്കുന്ന ഘടകങ്ങളാണ്. വായനക്കാരെ ആകർഷിക്കുന്നതോടൊപ്പം സാമൂഹികവിമർശനം, നിയമ നീതി കളുടെ പ്രശ്നങ്ങൾ എന്നിവ കൂടി നോവൽ ചർച്ച ചെയ്യുന്നു. അധികാരങ്ങളെയും അഴിമതികളെയും കുറ്റകൃത്യങ്ങളെയും ചോദ്യം ചെയ്യുന്നതിനുള്ള ഒരു മനോഭാവം വായനക്കാരിൽ സൃഷ്ടിക്കാൻ ഈ നോവലിന് കഴിയുന്നു. വായനയെ ജനകീയമാക്കുന്നു എന്നതിനോടൊപ്പം പൗരന്മാരെ സാമൂഹികമായി കൂടുതൽ ബോധവാന്മാരാക്കുന്നു എന്നതും ഈ നോവലിൻറെ സവിശേഷതയാണ്. അത്തരത്തിൽ സാംസ്കാരികമായ പ്രാധാന്യവും ഈ നോവലിനുണ്ട്. ഇതിവൃത്തത്തിലും ആഖ്യാനത്തിലും പരിണാമഗുപ്തിയിലും വ്യത്യസ്തത പുലർത്തുന്ന കുറ്റാന്വേഷണകൃതികളെ മാത്രമേ വായനക്കാർ സ്വീകരിക്കുകയുള്ളൂ. ഇവയിലെല്ലാം വ്യത്യസ്തത കൊണ്ടുവരാനുള്ള വൈദഗ്ധ്യം ലാജോ ജോസിനുണ്ടെന്ന്  ഈ നോവൽ തെളിയിക്കുന്നു. ലളിതമായ ഭാഷയിൽ യുക്തിഭദ്രമായി കഥ പറഞ്ഞുകൊണ്ട് വായനക്കാരന്റെ ആകാംക്ഷ നിലനിർത്തിക്കൊണ്ട് മുന്നേറുന്ന രചനാതന്ത്രമാണ് നോവലിസ്റ്റ് അവലംബിച്ചിരിക്കുന്നത്. വായനക്കാരുടെ മുന്നിലേക്ക് ചില സമസ്യകൾ  അവതരിപ്പിച്ചു കൊണ്ടാണ് കുറ്റാന്വേഷണനോവൽ ആരംഭിക്കുന്നത്. വർത്തമാന കാലമേത്,ഭൂതകാലമേത് എന്ന സംശയമുണ്ടാക്കാതെ അതിവിദഗ്ധമായി അനുവാചകനെ കൃതിയിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. അങ്ങനെ കാലാ തീതമായ ആഖ്യാനസാധ്യതയും ഈ നോവലിൽ പരീക്ഷിക്കപ്പെടുന്നു.


               

                  റൂത്തിന്റെ ലോകം സ്ത്രീസ്വാതന്ത്ര്യത്തിന്റെയും അധികാര ചർച്ചകളുടെയും സാമൂഹികവിമർശനത്തിന്റെയും ചിന്തകൾ പങ്കുവയ്ക്കുന്നു. കുടുംബജീവിതത്തിലും  സാമൂഹികജീവിതത്തിലും സ്ത്രീകൾ അനുഭവിക്കുന്ന ചൂഷണങ്ങൾ, തൊഴിലിടത്തിലെ മാനസിക സംഘർഷങ്ങൾ തുടങ്ങിയവ മൂലം പലപ്പോഴും ദുർബലമാക്കപ്പെടുന്ന സ്ത്രീ ശബ്ദം ഈ നോവലിൽ ഉയർന്നു കേൾക്കുന്നു. ഒരു സ്ത്രീയുടെ ലോകത്തെക്കുറിച്ചുള്ള, അതിൻറെ ഇരുണ്ട വശങ്ങളെക്കുറിച്ചുള്ള ആന്തരിക അന്വേഷണമാണ് ലാജോ ജോസ് ഈ കൃതിയിലൂടെ അവതരിപ്പിക്കുന്നത്. അന്വേഷണം ഒരുതരം ആത്മപരിശോധനയായി മാറുന്നതായും കാണാം. സ്ത്രീജീവിതത്തെക്കുറിച്ചുള്ള തീവ്രമായ അന്വേഷണം മാത്രമല്ല എല്ലാത്തരം ചൂഷണങ്ങളെയും പീഡനങ്ങളെയും വിമർശനാത്മകമായി സമീപിക്കുന്ന ഒരു സാമൂഹിക പ്രതിഷേധഗീതം കൂടിയായി ഈ നോവൽ മാറുന്നു.

                   

ഗ്രന്ഥസൂചി 

ഉമാദത്തൻ ബി (ഡോ.) ക്രൈം കേരളം: കേരളത്തിൻറെ കുറ്റാന്വേഷണ ചരിത്രം, ഡി.സി. ബുക്സ്, കോട്ടയം,2024


രാജശ്രീ,ആർ  അപസർപ്പകാഖ്യാനങ്ങൾ ഭാവനയും രാഷ്ട്രീയവും, ലോഗോസ് ബുക്സ് ,പാലക്കാട്, 2018


ലാജോ ജോസ്, റൂത്തിന്റെ ലോകം, ഡി.സി ബുക്സ്, കോട്ടയം,2022


ശ്രീകുമാർ,എം.ജി (എഡി.) ജനപ്രിയ സാഹിത്യം മലയാളത്തിൽ, സാഹിത്യപ്രവർത്തക സഹകരണ സംഘം, കോട്ടയം, 2014


ഹമീദ് , അപസർപ്പകനോവലുകൾ മലയാളത്തിൽ ,കേരള സാഹിത്യ അക്കാദമി തൃശൂർ,2015


ഡോ.ലാലു.വി            

അസോസിയേറ്റ് പ്രൊഫസർ

മലയാളവിഭാഗം

യൂണിവേഴ്സിറ്റി കോളേജ് 

തിരുവനന്തപുരം.

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. സംഗീത കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page