വൃക്ഷങ്ങളുടെ രഹസ്യ ജീവിതം
- GCW MALAYALAM
- Jan 14
- 6 min read
Updated: Jan 15
പീറ്റർ വോലെബെൻ എഴുതുന്നു........
ഡോ. അർച്ചന എ.കെ.

സമൂഹത്തിലെ സമസ്ത ഘടകങ്ങളുമായുള്ള പ്രതിപ്രവർത്തനമാണ് വേറിട്ടൊരു അസ്ഥിത്വം മനുഷ്യ സമൂഹത്തിന് നൽകുന്നത്. ജൈവ വൈവിധ്യ സമ്പന്നമായ ഭൂമിയിൽ ഭാഷ, ചിന്താശേഷി എന്നിവയാൽ മറ്റു ജീവജാലങ്ങളിൽ നിന്ന് വ്യത്യസ്തമായൊരു നില മാനവ സമൂഹം കൈവരിച്ചിരിക്കുന്നത് ഈയൊരു പ്രതിപ്രവർത്തനത്താലാണ്. മനുഷ്യൻ സാമൂഹ്യപ്രക്രിയയിൽ ഇടപെടുന്നതു പോലെ വൃക്ഷങ്ങളും അവയുടെ ഭൗതിക പരിസരത്തോട് ഇടപെട്ടാണ് ജീവിക്കുന്നത്. വൃക്ഷങ്ങൾ നയിക്കുന്ന സാമൂഹിക ജീവിതത്തെ നിരവധി ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കിയിരിക്കുന്ന ഗ്രന്ഥമാണ് പീറ്റർ വോലെബെൻ (Peter Wohlleben) രചിച്ചിരിക്കുന്ന വൃക്ഷങ്ങളുടെ രഹസ്യ ജീവിതം (The Hidden Life of Trees, 2015). പ്രസ്തുത ഗ്രന്ഥം 2019- ലാണ് സ്മിത മീനാക്ഷി മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്. യൂറോപ്പിൽ പൊതുവേ കാണുന്ന വൃക്ഷങ്ങളെ ആധാരമാക്കിയാണ് ഈ പഠനം പീറ്ററും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും നടത്തിയിരിക്കുന്നത്. വൃക്ഷങ്ങളുടെ സാംസ്കാരിക ജീവിതം എങ്ങനെ മാനവ ജീവിതത്തിന്റെ സാംസ്കാരിക ജീവിതവുമായി സാമ്യപ്പെടുന്നതിനെക്കുറിച്ചുള്ള വിചിന്തനമാണ് ഈ പഠനത്തിൽ സൂചിതമാകുന്നത്. കുടുംബം, സമൂഹം, സംസ്കാരം തുടങ്ങിയവയ്ക്കുള്ളിൽ നിൽക്കുന്ന മാനവ ജീവിതം പോലെ വൃക്ഷങ്ങളും സ്വയം രൂപവൽകൃതമായ സാമൂഹിക അന്തരീക്ഷത്തിലാണ് നിലകൊള്ളുന്നതെന്ന തിരിച്ചറിവ് ഏറെ കൗതുകകരമാണ്.
വൃക്ഷങ്ങൾ തമ്മിലും മനുഷ്യനും പ്രകൃതിയും തമ്മിലുമുള്ള പാരസ്പര്യം വ്യത്യസ്ത രീതിശാസ്ത്രങ്ങളാൽ വായിക്കപ്പെട്ടിട്ടുണ്ട്. ശരീരം, മനസ്സ്, പ്രകൃതി, യോഗ തുടങ്ങിയ ഇന്ത്യൻ പാരമ്പര്യത്തിലും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഗാധ ബന്ധം ദർശിക്കാം. വൃക്ഷങ്ങളും മനുഷ്യരും തമ്മിലുള്ള പരസ്പര ബന്ധിത ആത്മ വിനിമയം പല രീതിയിൽ പ്രകടമാണ്. വൃക്ഷം മാത്രമല്ല പ്രകൃതിയുമായി ബന്ധപ്പെട്ടു വരുന്ന മൃഗാരാധനയും നദി ആരാധനയും ഇന്ത്യൻ പാരമ്പര്യത്തിലുണ്ട്. ഋഗ്വേദം (ഏറ്റവും പഴയ ഗ്രന്ഥം മാത്രമല്ല പ്രകൃതിയുടെ പ്രാധാന്യം വിവരിക്കുക കൂടി ചെയ്തു), രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളിലും കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തിലും വൃക്ഷങ്ങളും മനുഷ്യരും തമ്മിലുള്ള ബന്ധം ദർശിക്കാം. പ്രകൃതിയുമായി ബന്ധപ്പെട്ട് വരുന്ന മറ്റു ഉത്സവങ്ങളിലും കൊയ്ത്തുത്സവം, മകരസംക്രാന്തി, ഹോളി (വസന്തോത്സവം), ദീപാവലി (വിളക്കുകളുടെ ഉത്സവം), നവരാത്രി (പ്രകൃതിചക്രവാളങ്ങളെ ആഘോഷിക്കുന്നു) തുടങ്ങിയവ പ്രകൃതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ആയുർവേദം, യോഗ (ശരീരം, മനസ്സ്, പ്രകൃതി) തുടങ്ങിയവ പ്രകൃതി തത്വങ്ങളുമായി ചേർന്ന് നിൽക്കുന്നവയാണ്. ദേശീയ കവിയായി അറിയപ്പെടുന്ന രവീന്ദ്രനാഥ ടാഗോർ കവി മാത്രമല്ല പ്രകൃതിയുടെ സൗന്ദര്യത്തെ കാവ്യലോകത്തേക്ക് ആനയിച്ച മഹാപ്രതിഭ കൂടിയാണ്. പരിസ്ഥിതിയുടെ അടിസ്ഥാനത്തിലാണ് പ്രാചീന ഭൂവിഭാഗങ്ങളുടെ തിരിവുകളായ തിണ സങ്കൽപ്പങ്ങളെയും കാണാനാവുക. മുല്ലൈ, പാല്ലൈ കുറിഞ്ഞി, മരുതം, നെയ്തൽ തുടങ്ങിയവ പാരിസ്ഥിതിക വിഭജനങ്ങളാണ്. മനുഷ്യനെ സാംസ്കാരികമായി ജീവിക്കുന്നതിലും പ്രകൃതിയോടിണക്കി നിർത്തുന്നതിലും വൃക്ഷങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ട്.
മനുഷ്യനും പ്രകൃതിയും തമ്മിൽ അഭേദ്യ ബന്ധമുള്ളതുപോലെ വൃക്ഷങ്ങൾ തമ്മിലും ബന്ധമുണ്ട്. അവയുടെ സാമൂഹിക ജീവിതവും അതിജീവനവും പരിവർത്തനവും മനുഷ്യ സമൂഹത്തിന്റെ നിലനിൽപ്പിനെ കൂടി ബാധിക്കുന്നതാകുന്നു. വൃക്ഷങ്ങളും മനുഷ്യരുടെ സാമൂഹിക ജീവിതം പോലെ ചുറ്റുപാടിനെ രൂപപ്പെടുത്തി കൊണ്ടാണ് നിലനിൽക്കുന്നതെന്ന് പീറ്റർ വോലെബെൻ സാക്ഷ്യപ്പെടുത്തുന്നു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം പോലെ പ്രകൃതിയ്ക്ക് അതിലെ മൃഗവ്യവസ്ഥിതിയോടും ബന്ധമുണ്ട്. മനുഷ്യൻ പരസ്പരവർത്തിത സാമൂഹികാവസ്ഥയ്ക്കായി കൈക്കൊള്ളുന്ന എല്ലാവിധ മാർഗ്ഗങ്ങളും വൃക്ഷങ്ങളും സ്വീകരിക്കുന്നുണ്ട്.
ആധുനിക കാലഘട്ടത്തിൽ പ്രകൃതിയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളെ വ്യത്യസ്ത മാനകങ്ങളിൽ ചർച്ച ചെയ്യപ്പെട്ടു. ഇന്ത്യയിൽ വൃക്ഷങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും ശ്രദ്ധേയമായ മുന്നേറ്റം ചിപ്കോ പ്രസ്ഥാനമാണ്. സുസ്ഥിര പാരിസ്ഥിതിക സംരക്ഷണവും സന്തുലിത പരിസ്ഥിതിക കാഴ്ചപ്പാടുകളുമാണ് പാരിസ്ഥിതിക എൻജിഒ കളും പുലർത്തുന്നത്. വൃക്ഷങ്ങളും മനുഷ്യനും തമ്മിലുള്ള ബന്ധം സമാന സാമൂഹിക ജീവിതം നയിക്കുന്ന വർഗ്ഗങ്ങളുടേതു പോലെയാണ്. വൃക്ഷങ്ങളും ജീവജാലങ്ങളും വൃക്ഷങ്ങളും വൃക്ഷങ്ങളും തമ്മിലുള്ള ബന്ധം ദൃഡമാണെന്നു പീറ്റർ വോലെബെൻ ശാസ്ത്രീയമായി വിശകലനം ചെയ്തിരിക്കുന്നു. ജൈവ ആവാസ വ്യവസ്ഥയുടെ വിളനിലമായ ഭൂമിയിൽ മനുഷ്യനെ നിലനിർത്തുന്ന പ്രധാന ഘടകമാണ് വൃക്ഷങ്ങൾ. മനുഷ്യജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ വൃക്ഷങ്ങളുടെ സ്വാധീനം, പ്രത്യേകിച്ചും മതാചാരം, ദാർശനികം തുടങ്ങിയ ഘടകങ്ങളിലെല്ലാം പ്രവർത്തിക്കുന്നുണ്ട്. പ്രകൃതിയും മനുഷ്യ ജീവിതവും പരസ്പരബന്ധിതമായി മാത്രമേ ചിന്തിക്കാനാവൂ. പ്രകൃതിയുടെ താളവും ലയവും മനുഷ്യ സ്വഭാവത്തിലും ജീവിതത്തിലും ചെലുത്തുന്ന സ്വാധീനവും ഈ പുസ്തകത്തിൽ പങ്കുവയ്ക്കുന്നു. മനുഷ്യനെ പോലെ മൃഗങ്ങളും അവയുടെ സാമൂഹിക ചുറ്റുപാടിൽ അതിജീവനത്തിനായി സൃഷ്ടിക്കുന്ന പോർ മുറകളെ രസകരമായി പറയുന്നുണ്ട്. മനുഷ്യന്റെ ഭാഷ, സാമൂഹിക ബന്ധം, സംസ്കാരം, അതിജീവനം, പരസ്പരാശ്രയത്വം തുടങ്ങിയവ എപ്രകാരമാണോ മാനവസമൂഹത്തെ വാർത്തെടുക്കുന്നത് അതിനു സമാനമാണ് വൃക്ഷങ്ങളുടെ സാമൂഹിക ജീവിതവും. യൂറോപ്പിലെ വൃക്ഷങ്ങളെയാണ് പരാമർശിച്ചിരിക്കുന്നതെങ്കിലും ലോകത്ത് എവിടെയും വൃക്ഷങ്ങളും അവയിലൂടെ സൂചിതമാകുന്ന ആവാസവ്യവസ്ഥിതിയും ഒരേപോലെയാണെന്ന ചിന്ത പങ്കു വെയ്ക്കാൻ ഈ പുസ്തകത്തിനു കഴിയുന്നുണ്ട്.
സസ്യങ്ങൾക്കും ഭാഷയോ
മനുഷ്യന് ആശയവിനിമയം നടത്താൻ കഴിയുന്നതുപോലെ വൃക്ഷങ്ങൾക്കും ആശയവിനിമയം സാധ്യമാണ്. ഗന്ധവും രുചിയുമാണ് ഇതിനായി വൃക്ഷങ്ങൾ ഉപയോഗിക്കുന്നത്. ഉദാഹരണമായി സൂചിപ്പിച്ചിരിക്കുന്ന ആഫ്രിക്കൻ അക്വേഷ്യ മരങ്ങൾ ശത്രുവിന്റെ സാന്നിധ്യം തിരിച്ചറിയുന്ന സന്ദർഭത്തിൽ സ്വയം രാസവസ്തു പുറപ്പെടുവിച്ചു പ്രതിരോധം തീർക്കുന്നതു കാണാം. ബുദ്ധിപൂർവ്വം പ്രവർത്തിക്കുന്ന ജാലവിദ്യക്കാരായ ഈ വൃക്ഷങ്ങൾ കീടങ്ങൾ ഇലകളിൽ സ്പർശിക്കുമ്പോൾ ഉമിനീർ മനസ്സിലാക്കി രാസസന്ദേശങ്ങൾ അയച്ചു സ്വയം രക്ഷ ഉറപ്പാക്കുന്നു. പ്രകൃതിയിലെ ഓരോ ജീവജാലങ്ങൾക്കും അവയുടെ സാമൂഹിക ചുറ്റുപാടിനെ അതിജീവിക്കാൻ പര്യാപ്തമായൊരു വ്യവസ്ഥയുണ്ടെന്നിതിൽ വ്യക്തമാണ്. മനുഷ്യന് ഭാഷ ആശയവിനിമയ ഉപാധിയായിരിക്കുന്നതു പോലെ ശബ്ദതരംഗങ്ങൾ വഴി ഭൂമിയിലെ മറ്റ് ജീവജാലങ്ങളുമായി വിനിമയം നടത്താനാണ് മരങ്ങൾ ഭാഷ ഉപയോഗിക്കുന്നത്. ശബ്ദ തരംഗങ്ങൾ വഴിയുള്ള പരസ്പര വിനിമയത്തിലൂടെയാണ് മരങ്ങൾ ആശയങ്ങൾ പരസ്പരം കൈമാറുന്നത്. മരങ്ങളുടെ സ്നേഹം പ്രകൃതിയിലെ വിവിധ ഘടകങ്ങളുമായി ചേർന്നുപോകുന്നു. ശീതം, ഉഷ്ണം, തുടങ്ങിയ പ്രതിഭാസങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കാനും വൃക്ഷങ്ങൾക്കു കഴിയാറുണ്ട്. മരങ്ങൾ പൂക്കുന്നതും കായ്ക്കുന്നതും മറ്റൊരു ദൈവീകതയുടെ തുടക്കമാണെന്ന് സൂചിപ്പിച്ചുകൊണ്ട് ബീച്ച് ഓക്ക് മരങ്ങൾ അവയുടെ പൂക്കാലത്തിനു കൂടുതൽ വർഷങ്ങളുടെ ഇടവേള ഇടുമ്പോൾ ഷഡ്പദങ്ങൾക്കും തേനീച്ചകൾക്കും വിപരീതഫലം ഉണ്ടായേക്കാം. എന്നാൽ പ്രകൃതിയിലെ മറ്റ് ഘടകങ്ങളായ കാറ്റ്, പൂമ്പൊടി തുടങ്ങിയവ ഈ ഒരു സംക്രമണത്തെ ഭാഷയില്ലാത്ത വിനിമയം കൊണ്ട് തന്നെ പൂർത്തിയാക്കുന്നു. വൃക്ഷങ്ങളുടെ ആന്തരിക സന്തുലനത്തെ സ്വാധീനിക്കുന്നതും ആരോഗ്യമുള്ള വൃക്ഷങ്ങളായിരിക്കുന്നതിനും പരസ്പര വിനിമയം വൃക്ഷങ്ങൾ നടത്തുന്നുണ്ട്. വൃക്ഷങ്ങളുടെ ഭാഷാസംസ്കാരത്തിനു അദ്ദേഹം ഉദാഹരണം നൽകിയിരിക്കുന്നത് ബേഡ് ചെറി വൃക്ഷത്തെയാണ്. ചെറിയുടെ ഇലകളിലെ തേൻ ഉറുമ്പുകൾക്കായി പങ്കുവെക്കുന്നത്; ഉറുമ്പുകളും ചെറി വൃക്ഷങ്ങളും തമ്മിലുള്ള വിനിമയത്തെ സൂചിപ്പിക്കുന്നു. എഴുതി വെക്കപ്പെടാത്ത ഭാഷയിൽ എന്നാൽ അതിനേക്കാൾ തീവ്ര നിലയിൽ വൃക്ഷങ്ങളും പ്രകൃതിയിലെ മറ്റ് ജൈവഗണങ്ങളും തമ്മിൽ സൂക്ഷ്മമായ ബന്ധം നിലനിൽക്കുന്നുണ്ട്. വൃക്ഷങ്ങൾ പൂക്കുന്നതിലും കായ്ക്കുന്നതിലും മാത്രമല്ല ഓരോ ഘട്ടത്തിലും അവ നിർവഹിക്കുന്ന ധർമ്മങ്ങൾ പോലും വൃക്ഷങ്ങളുടെ പരസ്പര വിനിമയം മൂലമാണെന്ന് ഗ്രന്ഥകാരൻ സ്ഥാപിക്കുന്നു.
വൃക്ഷങ്ങളുടെ സാമൂഹിക ജീവിതം
പരസ്പരമുള്ള പരിപാലനത്തിലൂടെ സാമൂഹിക ജീവിതത്തിന്റെ ശ്രേണി പൂർത്തീകരിക്കാൻ വൃക്ഷങ്ങൾ ശ്രമിക്കാറുണ്ട്. മണ്ണിൽ വൃക്ഷങ്ങൾ ആഴത്തിൽ വേരോടിക്കുന്ന; വുഡ് വൈഡ് വെബ് എന്ന് വിളിക്കാവുന്ന ഈ പരസ്പര ബന്ധം ഭക്ഷണവും ആശയവും വൻപിച്ച അളവിൽ കൈമാറുന്നതിനുള്ള ദൃഢബന്ധമുള്ള ശ്രേണിയായി പ്രവർത്തിക്കുന്നു. വനമില്ലെങ്കിൽ വന്യജീവികൾ ഇല്ല; മരങ്ങളും വേരുകളും വിന്യസിക്കുന്നത് പോലെ പായലുകൾ പ്രത്യേക രീതിയിൽ വളരുന്നതും ഓരോ മരത്തിനും വനത്തിനും പ്രധാനമാണ്. ഓരോ വൃക്ഷവും സമൂഹത്തിലെ അംഗത്തെ പോലെ പരസ്പരബന്ധിതമായി നിലകൊള്ളുന്ന പാരസ്പര്യം അവരുടെ ആശയവിനിമയത്തിലൂടെ പങ്കുവെക്കുന്നുണ്ട്. ബീച്ച് മരത്തിന്റെ പ്രായം അറിയാനുള്ള ലളിത മാർഗ്ഗം അതിന്റെ ശാഖകളിലുള്ള മുട്ടുകൾ എണ്ണുകയാണ്. മുട്ടുകൾ വീഴുന്നതനുസരിച്ച് വൃക്ഷങ്ങളിലെ മാതൃഭാവത്തെ കണ്ടെത്താൻ കഴിയുമെന്ന് ബീച്ച് മരങ്ങളെക്കുറിച്ചു പ്രത്യേകം പഠിച്ച സൂസന്ന സിമാർഡും അഭിപ്രായപ്പെടുന്നുണ്ട്. വനത്തിലെ മറ്റു മരങ്ങളുടെ വേരുകളിലെ കുമിൾ കണ്ണികളുമായി ബന്ധപ്പെട്ടു കഴിയുന്ന അധികാരി മരങ്ങളായി നിൽക്കുന്നവയും ഉണ്ട്. വൃക്ഷങ്ങളുടെ പഠനത്തിൽ ഏറെ പ്രാധാന്യമുള്ളതാണ് മരങ്ങളുടെ വളർച്ച. വേഗത്തിൽ വളരുന്നവയും അല്ലാത്തവയും ഉണ്ട്. ഒരു ഘട്ടത്തിൽ വളർച്ച നിന്നു പോകുന്നതായ ചെടികളുമുണ്ട്. ബീച്ച്, ഫീർ, പൈൻ എന്നിവ പാതിയാത്ര പിന്നിടുമ്പോൾ സ്വയം ഇല്ലാതാവുന്നു. മനുഷ്യ ജീവിത സംക്രമണത്തെ സൂചിപ്പിക്കുന്നതു പോലുള്ള ജൈവിക യാത്രയാണ് ഈ മര സഹോദരങ്ങളും നടത്തുന്നതെന്ന് പീറ്റർ പറയുന്നു. മാനവിക- സാംസ്കാരിക ഭാവങ്ങൾ മനുഷ്യ ജീവിതത്തിൽ സമ്മേളിച്ചിരിക്കുന്നതു പോലെ മരങ്ങളും സഭ്യത അവരുടെ ജീവിതത്തിൽ പുലർത്തുന്നു. തായ്ത്തടിയിൽ നിന്നു ശാഖകളായി വലിയൊരു ജീവിത ശൃംഖലയാണ് വൃക്ഷങ്ങൾ പടുത്തുയർത്തുന്നത്. മനുഷ്യ സമൂഹത്തിലെ പരിവർത്തനം സസ്യ സമൂഹത്തിനുമുണ്ടെന്ന് സൂചിപ്പിക്കുകയാണ് വൃക്ഷജാലങ്ങളുടെ സ്വയം പ്രവർത്തന ക്രമീകരണം. കുടിയേറ്റമാണ് അതിൽ പ്രധാന ഘടകം. ചില സന്ദർഭങ്ങളിൽ ചില വൃക്ഷഗണങ്ങളെ സംരക്ഷിക്കാനുള്ള ശ്രമഫലമായും പരിവർത്തനം നടത്താറുണ്ട്. വലിയ കാടുകളിൽ വളരുന്ന മരങ്ങളെ ആധുനിക സംവിധാനങ്ങളിലൂടെ രൂപമാറ്റം നടത്തി ഉപയോഗിക്കുന്ന രീതിയും നിലവിലുണ്ട്. ചില സന്ദർഭങ്ങളിലെങ്കിലും വൃക്ഷങ്ങളും അവയുടെ സംരക്ഷണത്തിന്റെ ഭാഗമായി ഇത്തരം പ്രവർത്തനങ്ങൾ സ്വയം നടത്തിവരുന്നു.
അതിജീവന പാഠങ്ങൾ
വൃക്ഷങ്ങളുടെ അതിജീവനം മനുഷ്യൻ ഭൗമ സമൂഹത്തിൽ നടത്തുന്നതിന് തുല്യമാണ്. സ്വയം പ്രതിരോധത്തിനായി കാലാവസ്ഥയ്ക്ക് അനുസൃതമായ പരിണാമങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഓരോ വൃക്ഷവും സ്വയം രക്ഷിതാവായിത്തീരുന്നു. കൂടുതൽ വിയർക്കുന്നവർ കൂടുതൽ വെള്ളം കുടിക്കുന്നത് പോലെ ഉഷ്ണത്തെ അതിജീവിക്കാൻ ശേഷി കുറവുള്ള വൃക്ഷങ്ങൾ കൂടുതൽ ജലം ശേഖരിക്കുന്നു. ഓരോ വൃക്ഷവും സംഭരണശേഷിക്ക് അനുസൃതമായ വെള്ളവും വളവും സൂര്യപ്രകാശവും സൂക്ഷിക്കുന്നത് മനുഷ്യവംശത്തിന്റെ അതിജീവിതത്തെ ഓർമിപ്പിക്കുന്നതാണ്. വൃക്ഷങ്ങളെ ബാധിക്കുന്ന ചിലതരം ഫംഗസുകളെ ഒഴിവാക്കാൻ വൃക്ഷങ്ങൾ സ്വയം തീർക്കുന്ന ആരോഗ്യ പരിചരണവും ശ്രദ്ധേയമാണ്. നമ്മുടെ ആയുർവേദത്തെയും വീട്ടുവൈദ്യത്തെയും ഓർമ്മിപ്പിക്കും വിധമാണ് വൃക്ഷങ്ങൾ സ്വയം തീർക്കുന്ന പരിചരണവും. ഗാഗ്ലിയാനോയുടെ പഠനം സ്പർശങ്ങളോട് പെട്ടെന്ന് പ്രതികരിക്കുന്ന തൊട്ടാവാടി ചെടികളെ കുറിച്ചാണ്. തൊട്ടാവാടിയിൽ സ്പർശിക്കുമ്പോൾ സ്വയം തൂവലുകൾ അടച്ച് പ്രതിരോധം തീർക്കുകയാണ് ചെയ്യുന്നത്. വൃക്ഷങ്ങൾക്ക് ദാഹിക്കുമ്പോൾ നിശബ്ദമായി നിലവിളിക്കുന്നതായും പീറ്റർ ഈ ഗ്രന്ഥത്തിൽ പറയുന്നു. മനുഷ്യ ശരീരത്തിന് വൃദ്ധക്ഷയങ്ങൾ സംഭവിക്കുന്നതു പോലെ വൃക്ഷങ്ങൾക്കും ക്ഷയം സംഭവിക്കുന്നു. മനുഷ്യന്റെ തലമുടി ഒരു ഘട്ടം കഴിയുമ്പോൾ കനം കുറയുന്നതുപോലെയാണ് വൃക്ഷതലപ്പിലെ ഏറ്റവും ഉയർന്ന ശാഖകളുടെ കാര്യവും ഒരു ഘട്ടം കഴിയുമ്പോൾ താനെ കൂമ്പി പോകുന്നു. വാർദ്ധക്യം എത്തുമ്പോൾ പൊക്കം വെക്കുന്നതിന് പകരമായി വൃക്ഷങ്ങൾ പടർന്ന് വിശാലമാകുന്നതും വളർച്ച മുരടിക്കുന്നതായും ഈ ഗ്രന്ഥത്തിൽ പരാമർശിച്ചിരിക്കുന്നു. ചില മനുഷ്യരെപ്പോലെയാണ് ബീച്ച് മരങ്ങൾ അവരുടെ വർഗ്ഗക്കാരോട് മാത്രമേ കൂടുകയുള്ളൂ. ഗാൾ ഈച്ച (തണ്ടീച്ച) കളും കടന്നലുകളും ഇലകളിൽ തുളച്ചുകയറുന്നതിന് വിവിധ പദ്ധതികൾ നടപ്പാക്കുമ്പോൾ ബീച്ച് മരങ്ങൾ ഇവയെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങളും സ്വയം ഒരുക്കുന്നു. ശലഭ പുഴുക്കളുടെ ശല്യം വനമേഖലയിലെ ഓക്കുമരങ്ങൾ നേരിടുന്ന വലിയ ഭീഷണിയാണ്. തന്റെ ചുറ്റുപാടുമുള്ള പരിസ്ഥിതിയെയും ജൈവ ആവാസവ്യവസ്ഥയും മനസ്സിലാക്കിക്കൊണ്ടാണ് ഒരു വൃക്ഷം നിലകൊള്ളുന്നതെന്ന് ഇതിൽ നിന്നും വ്യക്തമാണ്. ഓരോ വൃക്ഷത്തിന്റെയും ഇലകളിലെ രുചിഭേദങ്ങളനുസരിച്ച് മാനുകളും മുയലുകളും അവയെ ഭക്ഷിക്കുന്നു. നഗര വൃക്ഷങ്ങളെ വനത്തിന്റെ തെരുവുകുട്ടികൾ എന്നാണ് ഇതിൽ പീറ്റർ വിശേഷിപ്പിച്ചിരിക്കുന്നത്. വനത്തിലെ വിശാലമായ അന്തരീക്ഷത്തിൽ കഴിഞ്ഞിരുന്ന ഇവയെ നഗരപ്രദേശങ്ങളിലേക്ക് കൊണ്ടുവരുമ്പോൾ ഇവയുടെ ആഴത്തിലുള്ള വേരുകൾ നഗര ജീവിതത്തെയാകമാനം ബാധിക്കുന്നു. പ്രത്യേകിച്ച് പല ഭാഗങ്ങളിലേക്ക് ജലം കൊണ്ടുപോകുന്ന പൈപ്പുകളിലേക്ക് വേരുകൾ ആഴ്ന്നിറക്കുന്നത്തോടെ നഗര പരിസരത്തുനിന്ന് എന്നെന്നേക്കുമായി ഇല്ലാതാക്കുന്നു. നഗരത്തിലെ സൂക്ഷ്മ കാലാവസ്ഥ, കൂടുതൽ ചൂടും വ്യാപിപ്പിക്കുന്ന കോൺക്രീറ്റ്, ടാറ് തുടങ്ങിയവയും സ്വാഭാവികമായ പാരിസ്ഥിതിക അന്തരീക്ഷം വൃക്ഷങ്ങൾക്ക് നഷ്ടമാക്കുന്നു. ഭൗതിക പരിസ്ഥിതിയോട് വ്യത്യസ്തമായി സംവദിച്ചു കൊണ്ടാണ് വൃക്ഷങ്ങൾ അതിജീവിക്കുന്നതെന്നു കാണാം. ഓരോ വൃക്ഷത്തിനും അനുയോജ്യമായ കാലാവസ്ഥ ഉണ്ട്. ചതുപ്പ് നിലങ്ങളിൽ ബീച്ച് മരങ്ങളുടെ വിത്തുകൾ വീണാൽ പ്രൗഢിയോടെ വളരുകയും പിന്നീട് വേനൽ മഴയിൽ വേരുറയ്ക്കാതെ നിലം പതിക്കുകയും ചെയ്യും. വളരാനും നശിക്കാനും അതിന് സ്വയം കഴിയുന്നു. സ്പ്രൂസ്, പൈൻ, ഹോൺ ബീ, ബീർച്ച് എന്നീ മരങ്ങളുടെയെല്ലാം വേരുകൾ ആഴത്തിൽ വേരൂന്നിട്ടുണ്ടെങ്കിലും ചതുപ്പിൽ ഇവ നിലം പതിക്കും. മരങ്ങളും വിയർക്കുന്നുണ്ട്. കൂടുതൽ വിയർക്കുന്നവർ കൂടുതൽ വെള്ളം കുടിക്കുന്നവർ എന്ന പൊതു തത്വം മരങ്ങൾക്കിടയിലുമുണ്ട്. സ്വയം പ്രതിരോധവും ജീവിതവും വൃക്ഷങ്ങൾ സ്വയം ഒരുക്കിയെടുക്കുന്നു. വൃക്ഷങ്ങളുടെ ഇടകലർന്നുള്ള നടീൽ അവയുടെ അതിജീവനത്തെ സഹായിക്കുന്നു. സമയബോധത്തെക്കുറിച്ച് മനുഷ്യരെപ്പോലെ തന്നെ വൃക്ഷങ്ങളും ജാഗരൂകരാണ്. ഇതിനു തെളിവാണ് ശൈത്യം, ചൂട് എന്നിവ ഉയർന്ന കാലഘട്ടങ്ങളിൽ വൃക്ഷങ്ങൾ സ്വീകരിക്കുന്ന പ്രതിരോധ മാർഗങ്ങൾ. രോഗങ്ങൾ മനുഷ്യരെപ്പോലെ അനേകവർഷങ്ങൾ വൃക്ഷങ്ങളുടെ ജീവിതത്തിലും മുറിവുകൾക്കും പരിക്കുകൾക്കും കാരണമാകാറുണ്ട്. വൃക്ഷങ്ങളെ ബാധിക്കുന്ന ഫംഗസുകൾ ഇല്ലാതാക്കാൻ സ്വയം ശ്രമിക്കുന്നതും കാണാം. പ്രത്യേകിച്ച് യൂറോപ്പിലെ റെഡ് വുഡ് മരങ്ങൾ. വെള്ളത്തിന്റെ കണങ്ങൾ എവിടെയുണ്ടെങ്കിലും അവിടേക്ക് വേരുകൾ തിരിച്ചുവിട്ട് ജലം സ്വാംശീകരിക്കുന്നതും വൃക്ഷങ്ങളുടെ അതിജീവന ശ്രമമാണ്. പക്ഷികൾ ദേശാന്തര ഗമനം നടത്തുന്നതുപോലെ വൃക്ഷങ്ങളും ദേശാന്തര ഗമനം നടത്താറുണ്ട്. വിത്തുകളുടെ സഞ്ചാരം കാറ്റ്, എലി, അണ്ണാൻ തുടങ്ങിയ ജീവികൾ മുഖേനയാണ് നടക്കുന്നത്. പ്രകൃതിയിലെ നിരവധിയായ ഘടകങ്ങളോടുള്ള അതിജീവനം വൃക്ഷങ്ങൾ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നു. അതിലേറെ പ്രധാനപ്പെട്ടതാണ് ഇടിമിന്നൽ, പ്രകൃതിക്ഷോഭം, വെള്ളക്കെട്ട് തുടങ്ങിയവ. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഇത്തരത്തിലുള്ള കാലാവസ്ഥ പ്രതിരോധങ്ങൾ വൃക്ഷ ആവാസ വ്യവസ്ഥയെ ബാധിക്കാറുണ്ട്. ഇതിനെയെല്ലാം സ്വയം പ്രതിരോധിക്കുന്ന മാർഗങ്ങളും വൃക്ഷങ്ങൾ ഒരുക്കാറുണ്ട്.
വൃക്ഷങ്ങളുടെ പലായനം
വൃക്ഷങ്ങൾക്ക് നടക്കുവാനാവില്ലെങ്കിലും അവ നടത്തുന്ന പ്രയാണം ദേശ കാലാന്തരങ്ങളെ അതിശയിപ്പിക്കുന്നതാണ്. മരത്തിൽ നിന്ന് വീണാലുടൻ കിളിർച്ചു പൊന്തുന്നവയും അപ്പൂപ്പൻതാടി പോലെ പറന്നു പൊങ്ങുന്നവയും അടുത്ത പ്രദേശത്ത് മറ്റൊരു മരമായി തീരുന്നു. പോപ്ലാറും വില്ലോ മരങ്ങളും അപ്പുപ്പൻതാടി പോലെ ചെറു യാത്രയ്ക്ക് പുറപ്പെടുന്നവരാണ്. എലി, അണ്ണാൻ മുതലായ ജീവികൾ അന്നജവും എണ്ണയുമുള്ള വിത്തുകൾ വനത്തിൽ ഒളിപ്പിച്ചു വെക്കുന്നു. ഓരോ മരങ്ങളും അനുകൂല ആവാസവ്യവസ്ഥയിൽ തഴച്ചു വളരുന്നു; ചിലത് നശിച്ചു പോകുന്നു. മറ്റു ചില വൃക്ഷങ്ങൾ മനുഷ്യരെപ്പോലെ അന്യദേശങ്ങളിലേക്ക് കുടിയേറുന്നു. ജർമ്മനി ജന്മദേശമായ സിൽവർ ഫിർ മരങ്ങളാണ് കുടിയേറ്റക്കാരിലെ ഏറ്റവും മന്ദഗതിക്കാർ. സ്വന്തം വർഗ്ഗത്തിന്റെ പരിവർത്തനത്തിലൂടെ പുതു തലമുറയെ ഉത്പാദിക്കുന്നതിനും മരങ്ങൾക്ക് കഴിയുന്നു. കാലം മാറുന്നതനുസരിച്ച് കാലാവസ്ഥയിലും വലിയ തോതിലുള്ള പരിണാമങ്ങൾ സംഭവിക്കാറുണ്ട്. കാലാവസ്ഥയിലെ പരിണാമങ്ങൾക്കനുസരിച്ച് സ്വയം പ്രതിരോധാവസ്ഥ മരങ്ങൾ തീർക്കുന്നു. സ്പ്രൂസ്, പൈൻ, ബീച്ച് മരങ്ങൾ, ഓക്ക്, ഡഗ്ലസ് ഫിർ തുടങ്ങിയ മരങ്ങളുടെ പാരിസ്ഥിതിക നിലനിൽപ്പുകളാണ് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ഉപസംഹാരം
പീറ്റർ വോലെബെൻ എഴുതിയ ദ ഹിഡൻ ലൈഫ് ഓഫ് ട്രീസ് എന്ന ഗ്രന്ഥം വന ആവാസവ്യവസ്ഥയുടെ പരസ്പര ബന്ധത്തെയും പ്രതിരോധശേഷിയെയും പ്രതിഫലിപ്പിക്കുന്നു. മരങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നതിന്റെയും വിഭവങ്ങളും വിവരങ്ങളും പങ്കിടുന്നതിന്റെയും വൃക്ഷങ്ങളിലെ ദുർബല വിഭാഗങ്ങളെ സംരക്ഷിക്കുന്നതിന്റെയും പരിക്കേറ്റവയ്ക്ക് താങ്ങാവുന്നതിന്റെയും മഹത്തായ സന്ദേശം നൽകുന്നു. ഫംഗസ് വൃക്ഷങ്ങളെ പോഷകങ്ങളും ജലവും വിവരങ്ങളും കൈമാറാൻ സഹായിക്കുന്നതായും ഈ ഗ്രന്ഥത്തിൽ ഉണ്ട്. ഫംഗസുകൾ വൃക്ഷങ്ങളുടെ നാശത്തിന് മാത്രമായി ഉള്ളതാണെന്ന വിചാരത്തിൽനിന്ന് വായനക്കാരന് വൃക്ഷങ്ങളുടെ അതിജീവനത്തിൽ ഫംഗസുകൾ വഹിക്കുന്ന പങ്കിനെ ബോധ്യപ്പെടുത്താനും ഈ ഗ്രന്ഥം ശ്രമിച്ചിട്ടുണ്ട്. പരസ്പര ആശ്രയത്വത്തിന്റെയും പിന്തുണയുടെയും ഒരു സമൂഹ്യവ്യവസ്ഥ സൃഷ്ടിക്കാൻ മികച്ച രീതിയിലുള്ള ആശയവിനിമയ സംവിധാനം താങ്കളുടെ ശൃംഗലയിൽ പ്രാവർത്തികമാക്കാൻ ഓരോ വൃക്ഷവും അതിന്റെ സാമൂഹിക പരിസ്ഥിതിയോട് ഇണങ്ങിച്ചേർന്നതായി വോലെബെൻ നിരീക്ഷിക്കുന്നു. മനുഷ്യായുസ്സിൽ കടന്നുപോകുന്ന ജീവിത സാഹചര്യങ്ങളെ വൃക്ഷ ജീവിതങ്ങളുടെ സാമൂഹിക പരിസരവുമായി ഒത്തു നോക്കുന്നതിനു സഹായകമാണ് പീറ്ററിന്റെ പഠനം. വൃക്ഷങ്ങളുടെ പ്രതിരോധശേഷിയും വെല്ലുവിളികൾ നിറഞ്ഞ ജീവിത സാഹചര്യങ്ങളോടുള്ള പൊരുത്തപ്പെടലും അതിജീവനവും മനുഷ്യനെപ്പോലുള്ള സാംസ്കാരിക ജീവിതവും ശാസ്ത്രീയമായും യുക്തിഭദ്രമായും ഇതിലടയാളപ്പെടുത്തിയിരിക്കുന്നു. കാലാവസ്ഥ വ്യതിയാനങ്ങൾ, കീടങ്ങളിൽ നിന്നുള്ള ആക്രമണങ്ങൾ, വിഭവങ്ങൾക്കായുള്ള മത്സരം എന്നിവ അതിജീവിച്ചു നിൽക്കുന്ന മരങ്ങൾക്ക് മനുഷ്യന്റെ ചേതോവികാരങ്ങളുടെയെല്ലാം ആത്മഭാവം ദർശിക്കാം. വനങ്ങൾ പരസ്പരബന്ധിത ആദരവും പരിചരണവും കൂടി ചേർന്നുള്ള ആവാസവ്യവസ്ഥ നിർമ്മിക്കുന്നു. മരങ്ങളെ സംരക്ഷിക്കേണ്ടതിന്റെയും പുനസ്ഥാപിക്കേണ്ടതിന്റെയും പ്രാധാന്യവും പാർപ്പിടം, വസ്ത്രം, ഭക്ഷണം തുടങ്ങിയ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ നിർവഹിക്കുന്ന പ്രകൃതി ഘടകമാണ് വനങ്ങളെന്നു അദ്ദേഹം ഓർമ്മിപ്പിക്കുന്നു. വൃക്ഷങ്ങളുടെ ജീവിതം സങ്കീർണ്ണവും പരസ്പരബന്ധിത ആവാസ്യ വ്യവസ്ഥയുടെ അഭിവാജ്യഘടകവുമാണെന്ന കാഴ്ചപ്പാടാണ് ഈ ഗ്രന്ഥം നൽകുന്നത്.
സഹായക ഗ്രന്ഥം
Peter Wohlleben. The Hidden Life of Trees. (വൃക്ഷങ്ങളുടെ രഹസ്യ ജീവിതം, വിവ. സ്മിത മീനാക്ഷി). മാതൃഭൂമി ബുക്സ് . കോട്ടയം. 2019.
ഡോ. അർച്ചന എ.കെ.
അസിസ്റ്റന്റ് പ്രൊഫസർ
സി.എം.എസ് കോളേജ്, കോട്ടയം
ഇമെയിൽ: archanaak@cmscollege.ac.in
ഫോൺ: 09446610155





Comments