വൃത്തി പെരുക്കുന്ന കാട്
- GCW MALAYALAM
- Sep 14
- 1 min read
Updated: Sep 15
പൂജ ജി.

കാട് ! ഇവിടെയുള്ള ഒന്നേ ഒന്ന്,
കണ്ടുകളയാം എന്ന് കരുതി ഇറങ്ങിയതാണ്.
നടന്നു ഉള്ളിലേക്ക്, കാടകം!
ഹരിതാഭയുടെ രഹസ്യങ്ങൾ പേറുന്ന പരന്ന ഇരുളും
ശ്വാസം പേറുന്ന കരിയിലകളും.
അകത്തുകടന്നതും നല്ല മണമാണ്.
ഓരോ ഇലകളിലും വെള്ള, മഞ്ഞ, പിങ്ക്, ബ്ലാക്ക്…
എല്ലാം ഒന്ന് തൊട്ടു നാവിൽ വെച്ചു.
മ്മ്…! അമ്മമ്മയുടേത് എന്നമ്മ പറഞ്ഞു തന്നവയുടെ ടേസ്റ്റ് എവിടെയൊക്കെയോ.
വീണ്ടും ഉള്ളിലേക്ക്,
മെലിഞ്ഞു വിളറിത്തുടങ്ങിയ ഒരു മരക്കഷ്ണം മറ്റൊരു മരത്തിൽ,
ഓർമകളുടെ ഇരിപ്പിടം പോലെ രണ്ട് നൂലിൽ.
തൊട്ടില്ല, നടന്നു…
ഇരുൾ അഴിയുന്നുണ്ടോ?
കണ്ടു, നിലത്ത് ഭംഗിയുള്ള ഫ്ലവർഫീൽഡ് *!
വീണ്ടും മഞ്ഞ, ചുവപ്പ്, ബ്ലൂ, വെള്ള…
ഈ നിറം കുറഞ്ഞ വെള്ള ഫ്ലവർ ഇത്ര കുഞ്ഞനായിരുന്നോ?
സെന്ററിൽ ഒരു പിരമിഡും ചുറ്റും കുറെ ഹെലികോപ്റ്റർ തുമ്പികളും.
കേട്ടു, കാലവർഷക്കാറ്റിൽ നേർത്ത് പോകുന്ന ഏതോ പാട്ടുകൾ.
വെളിച്ചം! കാടിനെ കാടല്ലാതാക്കി മാറ്റുന്ന വെളിച്ചം,
കാടിന്റെ മറുവശം.
ഇത്ര ചെറുതായിട്ടുന്നോ ഈ കാട്?
ഓഹ്! മനസിലായി, ഞാൻ കാടിനുള്ളിൽ കടന്ന വഴി തെറ്റി.
മുന്നാമ്പുറത്തു നിന്നാണല്ലോ വൃത്തിയാക്കി തുടങ്ങു.
പിന്നാമ്പുറത്തേക്കു ശുദ്ധിയുടെ കൈകൾ എത്തിത്തുടങ്ങിയിരിക്കില്ല.
ഇനി വരുമ്പോൾ കൂടുതൽ വെളിച്ചം, നിറഞ്ഞ വൃത്തി.
വൃത്തി പെരുക്കുന്ന കാട്!…
ആരാണോ? കാട്ടിലേക്ക് കയറാനായി ഒരാൾ.
വഴി കൃത്യമുള്ളയാൾ.
കൈയിൽ എനിക്കറിയാത്ത നിറം പ്രകാശിപ്പിക്കുന്ന ഒരു വിളക്ക്,
ഒപ്പം ഒരു കുടയും.
മടക്കാനാകാത്ത കുട അയാൾ താഴത്തു വച്ചു.
കാടിന്റെ ആള് തന്നെ.
അയാളെന്നെ നോക്കി, ഞാനെന്താ ഇവിടെ എന്നാകുമോ?
അറിയില്ല, സംസാരിക്കാനുള്ള സമയം എനിക്കില്ല.
നേരം പോയി.
ഓണമാണിന്ന്,
ഓണമൊരുക്കണം …
*പൂക്കളം
പൂജ ജി
ഗവേഷക
മലയാളവിഭാഗം
ദേവമാതാ കോളേജ്
കുറവിലങ്ങാട്





Comments