വിസ്മൃതിയിലാണ്ടുപോയ സംഗീതവിദുഷികൾ
- GCW MALAYALAM
- Aug 15
- 4 min read
രാജി ടി.എസ്.

കർണാടകസംഗീതചരിത്രത്തിലെ പ്രഗൽഭമതികളായ സ്ത്രീകളുടെ പ്രാതിനിധ്യത്തെക്കുറിച്ചുള്ള പൊതുബോധം 'എം എസ്' എന്ന ചുരുക്കപ്പേരിൽ ആരംഭിക്കാറാണ് പതിവ്. 1998 ൽ രാജ്യം പരമോന്നത ബഹുമതിയായ ഭാരതരത്നം നൽകി ആദരിച്ച 'എം എസ്' എന്ന മധുരൈ ഷണ്മുഖവടിവ് സുബ്ബലക്ഷ്മിക്കൊപ്പം (16 September 1916 – 11 December 2004) ഡി കെ പട്ടമ്മാളിനെയും (19 March 1919 – 16 July 2009) എം എൽ വസന്തകുമാരിയെയും (3 July 1928 – 31 October 1990) സംഗീതാസ്വാദകർ കണ്ടെത്തിയേക്കാം. കർണാടക സംഗീത ചരിത്രത്തിൽ തങ്ങളുടേതായ ഇടങ്ങൾ കണ്ടെത്തിയ ഈ വനിതാരത്നത്രയത്തിന്റെ മുൻഗാമികളെക്കുറിച്ചുള്ള അന്വേഷണം സാധാരണഗതിയിൽ അവസാനിക്കുക വീണ ധനമ്മാളിൽ (1867–1938) ആയിരിക്കും. സംഗീതവിദ്യാർത്ഥികൾക്ക് ബാംഗ്ലൂർ നാഗരത്നമ്മാൾ (3rd November 1878 - 19th May 1952) എന്ന സംഗീതജ്ഞയെ അറിയാൻ സാധിച്ചേക്കും. തിരുവയ്യാറിൽ ഇന്ന് കാണുന്ന തരത്തിൽ ത്യാഗരാജസമാധി നിർമിച്ചതും സംഗീതോത്സവം സംഘടിപ്പിക്കാൻ പ്രയത്നിച്ചതും ഈ അതുല്യപ്രതിഭ തന്നെയാണ്. കർണാടക സംഗീതത്തിലെ സ്ത്രീശബ്ദസാന്നിധ്യം ഇവരിൽ ഒതുങ്ങുന്നതാണോ എന്നു സമഗ്രമായി പരിശോധിച്ചാൽ മാത്രമാണ് മറ്റു സംഗീതജ്ഞകളെ കണ്ടെത്താനാവുക.
Women TrinityVeena Dhanammal
Bangalore Nagaratnammal
കർണ്ണാടക സംഗീതപാരമ്പര്യത്തിന്റെ വേരുകൾ തിരഞ്ഞു ചെല്ലുമ്പോൾ വെളിവാകുന്ന പലവസ്തുതകളിൽ ഒന്നാണ് പുരുഷകേന്ദ്രീകൃതമായ കലാവ്യവസ്ഥ. ഇതിന്മേൽ രൂപീകരിക്കപ്പെട്ട ചരിത്രത്തിൽ നിന്നും മേൽ സൂചിപ്പിച്ച വനിതത്രയങ്ങളുടെ കാലഘട്ടത്തിന് മുൻപുള്ള സ്ത്രീകളുടെ പങ്കാളിത്തവും സംഭാവനകളും മനസ്സിലാക്കണമെങ്കിൽ നേർരേഖയിലൂന്നിയുള്ള അന്വേഷണം മതിയാകില്ല. ഉത്ഭവസ്ഥാനത്തിനുശേഷം അനേകം കൈവഴികളായി പിരിഞ്ഞും ചേർന്നുമൊഴുകുന്ന നദികളുടെ സഞ്ചാരപാതകളെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള തുടരന്വേഷണം അനിവാര്യതയാകുന്നത് ഈ സന്ദർഭത്തിലാണ്. കർണാടക സംഗീതത്തിന്റെ വേരുകൾ ദക്ഷിണേന്ത്യയിലെ പുരാതന സാമൂഹ്യവ്യവസ്ഥിതികളുമായി ഇഴചേർന്നുകിടക്കുന്നുണ്ട്. സംഗീതം, നൃത്തം മുതലായ കലകളും അവയുടെ പ്രയോക്താക്കളായ സ്ത്രീകളും തമ്മിലുള്ള ഈ ചരിത്രപരമായ ബന്ധത്തിന്റെ ആണിക്കല്ലായി വർത്തിക്കുന്നത് ദേവദാസിപാരമ്പര്യമാണ്. ക്ഷേത്രാചാരങ്ങൾക്ക് അനുസൃതമായി പിന്തുടർന്ന സാമൂഹിക വ്യവസ്ഥിതിയാണ് ദേവദാസി സമ്പ്രദായം. ദേവന്റെ ദാസികൾ എന്ന പദവിയാൽ ദേശത്തിന്റെ രാഷ്ട്രീയ-സാമൂഹിക-ഭരണ കാര്യങ്ങളിൽ ഇടപെടാൻ തക്കവണ്ണമുള്ള സ്വാധീനശക്തിയായി പ്രവർത്തിക്കാൻ ദേവദാസികൾക്ക് പതിനാറാം നൂറ്റാണ്ടു വരെ കഴിഞിട്ടുണ്ട്. കലാനിപുണരായിരുന്ന ദേവദാസികൾ മാത്രമാണ് രംഗവേദികളിൽ കലകൾ അവതരിപ്പിച്ചിരുന്നതും. മാതൃദായക്രമം പിന്തുടർന്ന ദേവദാസികൾ തങ്ങളുടെ കൈവശം കാത്തുസൂക്ഷിച്ചിരുന്ന കലകളെ പിൻതലമുറകളിലേക്ക് പകർന്നുകൊടുക്കുകയും ചെയ്തു.
കാലക്രമേണ വിവിധ സാമൂഹിക - രാഷ്ട്രീയകാരണങ്ങളാൽ ദേവദാസി സമ്പ്രദായത്തിന് അപചയം സംഭവിക്കുകയും ക്ഷേത്രങ്ങളിൽ നിന്നും രാജസന്നിധികളിലേക്കും, പ്രഭുക്കൻമാരുടെ സദസ്സുകളിലേക്കും കേവലവിനോദോപാധികളായി മാറ്റപ്പെടുകയും ചെയ്തു. കൊളോണിയൽകാലഘട്ടത്തിൽ ദേവദാസികളിൽ നിന്നും ദാസികളായും 'ഭോഗ'ങ്ങൾ ആയും 'നാച് ഗേൾസ്' ആയും അധഃപതിക്കുകയും കളങ്കിതരായ വംശമായി മാറ്റിനിർത്തപ്പെടുകയും ചെയ്തു. രാജഭരണകാലം വിസ്മൃതിയിലകപ്പെടുകയും കൊളോണിയൽ സംസ്കാരത്തിന്റെ തേരോട്ടം സമ്മാനിച്ച വിക്ടോറിയൻ സദാചാരമൂല്യങ്ങളിൽ ഊന്നിയ വിദ്യാഭ്യാസം മധ്യവർത്തിസമൂഹത്തിൽ ഉളവാക്കിയ സ്വത്വബോധവും ദേവദാസിസമൂഹത്തെ അഭിസാരികമാരുടെ കൂട്ടമായി മാത്രമേ കണക്കാക്കിയുള്ളൂ. കളങ്കിതരുടെ കയ്യിൽ നിന്നും 'പരിശുദ്ധമായ' കലകളുടെ വീണ്ടെടുപ്പിനുള്ള ബോധപൂർവമായ ശ്രമങ്ങൾ മധ്യവർത്തിസമൂഹം ആരംഭിച്ചു. ഉന്നതകുലജാതകളായ സ്ത്രീകളും പുരുഷന്മാരും ദേവദാസികളിൽ നിന്നും കലകൾ അഭ്യസിക്കുകയും അവതരിപ്പിക്കുകയും ചെയ്തു തുടങ്ങി. മുഖ്യധാരയിൽ നിന്നും ദേവദാസി സമൂഹത്തെ അകറ്റിനിർത്തുകയും കലകളുടെ ഉടമസ്ഥാവകാശം തങ്ങൾക്കാണെന്ന് ജാതി-വർഗ-സാമൂഹ്യവരേണ്യവർഗങ്ങൾ ഉറപ്പിക്കുകയും ചെയ്തു.
പത്തൊൻപതാംനൂറ്റാണ്ടിന്റെ അവസാന പാദത്തിലാണ് ലോകമെമ്പാടും ഗ്രാമഫോൺ കടന്നുവരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യയിലേക്ക് ഗ്രാമഫോൺ കമ്പനികൾ വിപണന സാധ്യതകൾക്കായി പുതുശബ്ദങ്ങൾ തേടിയെത്തിയിരുന്നു. ഇത്തരം കമ്പനികളുമായി കരാറിൽ ഏർപ്പെട്ടുകൊണ്ട് ശബ്ദാലേഖനം ചെയ്ത് ഗ്രാമഫോൺ റെക്കോർഡുകൾ തയാറാക്കാൻ സന്നദ്ധരായസ്ത്രീകൾ ദേവദാസീസമൂഹത്തിൽ നിന്നുള്ളവരായിരുന്നു. ഇവരുടെ അതുല്യമായ കലാപാരമ്പര്യത്തിന്റെ തെളിവുകളായി ഈ ഗ്രാമഫോൺ റെക്കോർഡുകൾ നിലകൊള്ളുന്നു. കാഞ്ചിപുരംസിസ്റ്റേഴ്സ് - ധനകോടിഅമ്മാളും കാമാക്ഷി അമ്മാളും, സേലം പാപ്പാ, സേലം രാധ ,കോയമ്പത്തൂർ തായി, സേലം ഗോദാവരി, ഏനാദി സിസ്റ്റേഴ്സ് - ലക്ഷ്മീനാരായണിയും രംഗയ്യയും, തുടങ്ങി നിരവധി പ്രശസ്തരായ സംഗീതജ്ഞമാർ ഗ്രാമഫോൺ റെക്കോർഡുകളിലൂടെ ജീവിക്കുന്നു.
സംഗീതത്രിമൂർത്തികളിലെ ശ്യാമശാസ്ത്രികളുടെ ശിഷ്യപരമ്പരയിൽ ഉൾപ്പെട്ടിരുന്ന കലാകാരിയായിരുന്നു കാഞ്ചിപുരം ധനകോടി അമ്മാൾ. കാഞ്ചീപുരത്തെ കച്ചഭേശ്വര ക്ഷേത്രത്തിനടുത്തുള്ള പുത്തേരി റോഡിലുള്ള പൂർവ്വിക ഭവനത്തിലായിരുന്നു ധനകോടി അമ്മാൾ ജനിച്ചത്. സംഗീതത്തിൽ വൈദഗ്ധ്യമുണ്ടായിരുന്ന നിരവധി തലമുറകളുടെ പാരമ്പര്യത്തെ കാത്തുസൂക്ഷിച്ചിരുന്ന കുടുംബത്തിലെ വിശാലാക്ഷി അമ്മാളിന്റെ മകളായി ധനകോടി അമ്മാൾ ജനിച്ചു. ശ്യാമ ശാസ്ത്രിയുടെ ബന്ധുവായ കച്ചി ശാസ്ത്രിയിൽ നിന്നാണ് അമ്മ വിശാലാക്ഷി അമ്മാളിന് സംഗീത പരിശീലനം ലഭിച്ചത്. മുഴക്കമുള്ളതും ഖനമുള്ളതും അനുരണാത്മകവും ആയ ശബ്ദത്തിനുടമയായിരുന്നു ധനകോടി അമ്മാൾ. സംഗീതത്തിനും സാഹിത്യത്തിനും ഒരുപോലെ പ്രാധാന്യം നൽകിക്കൊണ്ടുള്ള ആലാപനശൈലി അവർക്കുണ്ടായിരുന്നു. ആന്ധ്രപ്രദേശിലുടനീളവും തമിഴ്‌നാട്ടിലും ധനകോടിഅമ്മാൾ പ്രശസ്തയായിരുന്നു. ശ്യാമശാസ്ത്രി, സുബ്ബരായശാസ്ത്രി, അണ്ണാസാമി ശാസ്ത്രി, ദൊരൈസ്വാമി അയ്യർ, മുത്തുതാണ്ഡവർ മുതലായവരുടെ കൃതികൾ അടങ്ങിയ വിപുലമായ സംഗീതശേഖരം കൈമുതലായി ഉണ്ടായിരുന്ന ധനകോടിഅമ്മാൾ അരുണാചലകവിരായരുടെ രാമനാടകകീർത്തനങ്ങൾ പാടുന്നതിൽ നിപുണയായിരുന്നു. പളനിആണ്ടവരെ കുറിച്ചുള്ള കൃതികളായ 'ചന്ദ്രജടാധര ജഗദീശ്വര' (നാഥനാമക്രിയ), അപ്പനേ പളനി അപ്പനേ (കാപ്പി), മുത്തുതാണ്ഡവരുടെ ചില പദങ്ങൾ തുടങ്ങിയവ ധനകോടി അമ്മാളിനൊപ്പം വിസ്മൃതിയിലാഴ്ന്നുപോയി. കാമാക്ഷി ലോകസാക്ഷി, നിലായദാക്ഷി (രണ്ടും പരസ് രാഗത്തിൽ), മായമ്മ (ആഹിരി), ദേവിബ്രോവ (ചിന്താമണി), കരുണാജൂഡു (ശ്രീ) തുടങ്ങിയ കൃതികൾ തൻ്റെ കച്ചേരികളിലൂടെ പ്രചാരത്തിൽ കൊണ്ട് വന്നതും അമ്മാൾ ആണ്. 'ഇങ്കെവരുയിനാരു ബ്രോവ' (ശഹാന), ശ്യാമ ശാസ്ത്രിയുടെ തമിഴ് രചനയായ പരസ് രാഗത്തിലെ 'സന്തതം എന്നൈ രക്ഷിപ്പായ്', സുബ്ബരായ ശാസ്ത്രിയുടെ തമിഴ് രചനയായ വസന്ത രാഗത്തിലെ 'ശ്രീ കാമാക്ഷി' തുടങ്ങിയ കൃതികൾ അമ്മാൾ പിൻതലമുറയ്ക്ക് കൈമാറിയ സമ്പത്തായി കണക്കാക്കപ്പെടേണ്ടതാണ്. 1920 ൽ ധനകോടി അമ്മാൾ അന്തരിച്ചു.
1872-ൽ കോയമ്പത്തൂരിലെ ഒരു പരമ്പരാഗത ദേവദാസി കുടുംബത്തിലാണ് 'തായി' ജനിച്ചത്. പഴനികുഞ്ജരം എന്ന പേര് വിളിക്കപ്പെട്ട അവളുടെ അമ്മ വെങ്കമ്മാളും, മുത്തശ്ശി വിശാലാക്ഷിയും അക്കാലത്തെ പ്രശസ്തരായ നർത്തകിമാരായിരുന്നു. മകളുടെ സംഗീത, നൃത്ത കഴിവുകൾ ചെറുപ്പത്തിൽ തന്നെ കണ്ടെത്തിയ വെങ്കമ്മാൾ തായിയെ കഠിനമായ പരിശീലനത്തിന് വിധേയയാക്കി. പതിനൊന്നാം വയസ്സിൽ നൃത്തത്തിൽ അരങ്ങേറ്റം നടന്നുവെങ്കിലും പിൽക്കാലത്തു സംഗീതത്തിലായിരുന്നു കോയമ്പത്തൂർ തായി പൂർണ ശ്രദ്ധ പതിപ്പിച്ചത്. മൈസൂർ കെമ്പെ ഗൗഡ ഉൾപ്പെടെ പല അധ്യാപകരുടെ ശിക്ഷണത്തിൽ അവർ സംഗീതാഭ്യസനം നടത്തി. 1890 കളിൽ കോയമ്പത്തൂർ തായിയുടെ കുടുംബം കൂടുതൽ മെച്ചപ്പെട്ട അവസരങ്ങൾക്കായി മദിരാശിയിലെ ജോർജ് ടൗണിലേക്ക് താമസം മാറി. 1910 ലാണ് കോയമ്പത്തൂർ തായിയുടെ ആലാപനം ഗ്രാമഫോൺ ഡിസ്‌ക്കുകൾക്കായി ആലേഖനം ചെയ്യപ്പെടുന്നത്. ഓഗസ്റ്റ് - സെപ്തംബർ മാസങ്ങളിലായി 60 റെക്കോർഡിങ്ങുകളാണ് തായി പൂർത്തിയാക്കിയത്. ഗായികയുടെ ജനപ്രീതികണക്കിലെടുത്ത് വയലറ്റ് നിറത്തിലുള്ള ലേബലുകളിൽ ആണ് റെക്കോർഡുകൾ പുറത്തിറങ്ങിയത്. 10 ഇഞ്ചിന്റെ ഡിസ്‌ക്കുകൾക്ക് മൂന്നുരൂപ 12 'അണ'യും 12 ഇഞ്ചിന്റെ ഡിസ്‌ക്കുകൾക്ക് അഞ്ചുരൂപ 8 'അണ'യും ആയിരുന്നു വില.
Maurice Delage
മുന്നൂറോളം ഗ്രാമഫോൺ ഡിസ്‌ക്കുകളാണ് കോയമ്പത്തൂർ തായിയുടേതായി റിലീസ് ചെയ്യപ്പെട്ടത്. സമകാലിക സംഗീതജ്ഞമാരെ അപേക്ഷിച്ചു മൃദുവായ ശബ്ദവും ആലാപനശൈലിയുമായിരുന്നു തായിയുടേത്. ത്രിമൂർത്തികളുടെ കൃതികൾ, തിരുപ്പുകഴ്, പദം, ജാവലി എന്നിവ ഉൾപ്പെടുന്നതായിരുന്നു തായിയുടെ ഡിസ്‌ക്കുകൾ. 'വളളലാർ' എന്ന നാമധേയത്തിൽ അറിയപ്പെട്ടിരുന്ന രാമലിംഗസ്വാമികളുടെ ഗാനങ്ങൾ (arutpa) പ്രചരിപ്പിക്കുന്നതിൽ തായി പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്. 1911-ൽ പാരീസിലെ പിയാനിസ്റ്റും സംഗീതസംവിധായകനുമായ മൗറീസ് ഡെലേജ് (Maurice Delage - 13 November 1879 – 19 or 21 September 1961) തായിയുടെ ഡിസ്‌ക്കുകൾ കേൾക്കുന്നു. ജനനം മുതൽ കാഴ്ച വൈകല്യമുണ്ടായിരുന്ന ഡെലേജ് പ്രശസ്ത ഫ്രഞ്ച് സംഗീതസംവിധായകൻ ജോസഫ് മൗറീസ് റാവലിന്റെ (7 March 1875 – 28 December 1937) ശിഷ്യനായിരുന്നു. പാശ്ചാത്യ സംഗീതസരണിയിൽ നിന്നും തികച്ചും വ്യത്യസ്തമായ കർണാടകസംഗീതത്തിന്റെ സൂക്ഷ്മ ശ്രുതികളുടെയും സ്വരങ്ങളുടെയും പ്രയോഗം ഡെലേജിനെ അത്ഭുതപരതന്ത്രനാക്കി. ശേഷം മൗറീസ് ഡെലേജ് ഇന്ത്യയിൽ എത്തി മഹാബലിപുരത്ത് വച്ച് തായിയെ സന്ദർശിച്ചു. തായിയുടെ സംഗീതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ‘Ragamalika’ – a garland of ragas' പാശ്ചാത്യ സംഗീതശൈലിയിലുള്ള രചന നടത്തുകയും ചെയ്തിട്ടുണ്ട്.
ക്ഷേത്രകലകളുമായും കർണാടക സംഗീതവുമായും ചരിത്രപരമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു ദേവദാസി കുടുംബത്തിലാണ് സേലം ഗോദാവരി ജനിച്ചത് (പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന പാദങ്ങൾ). 1910-ലാണ് ,ബ്രിട്ടീഷ് റെക്കോർഡിംഗ് വിദഗ്ധനായിരുന്ന തോമസ് ജോൺ തിയോബാൾഡ് നോബിൾ (French Pathe Company) ഗോദാവരിയുടെ ശബ്ദം റെക്കോർഡ് ചെയ്യുന്നത്. കമ്പനിയുടെ കീഴിൽ 16 ഡിസ്‌ക്കുകളും 1920 വരേയ്ക്കും ബേസ്ഡ് സെല്ലേഴ്‌സ് ആയിരുന്നു.റെക്കോർഡ് ചെയ്യപ്പെട്ട മുഴക്കമുള്ളതും ഇമ്പമാർന്നതുമായ ശബ്ദസൗകുമാര്യമാണ് ഗോദാവരിക്ക് ഉണ്ടായിരുന്നത്. ത്യാഗരാജ, മുത്തുസ്വാമിദീക്ഷിതർ എന്നിവരുടെ കൃതികളും, തമിഴ് ഭക്തിപ്പാട്ടുകളും, ധാരാളം പദങ്ങളും ജാവലികളും ഗോദാവരിയുടെ ശബ്ദത്തിൽ പുറത്തുവന്നിട്ടുണ്ട്. സേലം ഗോദാവരി 1911 ഒക്ടോബർ 20 ന് അന്തരിച്ചു.
കർണാടക സംഗീതലോകത്തിന് നിരന്തര സംഭാവനകൾ നൽകിയിട്ടും, ഗോദാവരിയെപ്പോലുള്ള സംഗീതജ്ഞമാരുടെ പേരുകൾ പൊതുജനങ്ങളുടെ ഓർമ്മയിൽ നിന്ന് മാഞ്ഞുപോയിരിക്കുന്നു. തലമുറകൾ കടന്നു ചെല്ലുന്തോറും വിസ്മൃതിയുടെ ആഴങ്ങളിലേക്ക് വീണുപോകുന്നു. മണ്മറഞ്ഞ ഈ കലാകാരികൾ അവശേഷിപ്പിച്ച ഗാനശേഖരം സംഗീതത്തിൻറെ വളർച്ചയുടെ പലഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്ന ചരിത്രപരമായ തെളിവുകളാണ്.
References
Books
Jackson, William J. Tyāgarāja and the Renewal of Tradition: Translations and Reflections. Motilal Banarsidass, 1994.
Krishna, T. M. A Southern Music: The Karnatik Story. HarperCollins, 2013.
3. Sampath, Vikram. Final Report Submitted to India Foundation for the Arts on the Research on “The Women Gramophone Celebrities of South India”. India Foundation for the Arts, 2005. PDF.
4. Soneji, Devesh. Unfinished Gestures: Devadasis, Memory, and Modernity in South India. University of Chicago Press, 2012.
5. Sriram, V. The Devadasi and the Saint: The Life and Times of Bangalore Nagarathnamma. East West Books (Madras), 2007.
6. Viswanathan, Lakshmi. Women of Pride: The Devadasi Heritage. Roli Books, 2008.
Digital Resources
Raji.T.S
Assistant Professor,
Dept. of Music,
Govt.College for Women,





Comments