ശവപ്പെട്ടി മുറി
- GCW MALAYALAM
- Jun 14
- 2 min read
Updated: Jun 15
സുബിൻ അയ്യമ്പുഴ

ഈ ലോകത്ത് സ്വന്തമെന്നു പറയുവാൻ ആകെയുള്ളത് ഇതാണ് എന്റെ ശവപ്പെട്ടി മുറി. ഒരു ചെറിയ മടക്കു കട്ടിൽ ഇട്ടാൽ മുറിയിൽ നടക്കാൻ കഷ്ടിച്ച് സ്ഥലമേയുള്ളു . എങ്കിലും എന്റെ ആവശ്യങ്ങൾക്കനുസരിച്ച് മുറി പ്രവർത്തിക്കും. ജനാലകളോ വിദൂരതയിലേക്ക് ഏകാന്തമായി നോക്കിനിൽകുവാനോ വേണ്ടുന്ന ദ്വാരങ്ങളോ ഇല്ല. അതുകൊണ്ട് തന്നെ വെളിച്ചത്തിന് എന്റെ മുറിയിൽ പ്രവേശനമില്ല.
'എന്നാലും ഇടക്കിടക്ക് ദ്വാരങ്ങളെ പറ്റി ഞാൻ ആലോചിക്കാറുണ്ട് '.
ഭീതിയും ഏകാന്തതയും തലയിലൂടെ അരിച്ചിറങ്ങുമ്പോൾ തൊട്ടടുത്ത ഭിത്തിയുടെ ഏതെങ്കിലും ഒരു ഭാഗത്ത് ഒരു ദ്വാരമുണ്ടാക്കി അതുവഴി തല പുറത്തുകടത്തി വേണ്ടുവോളം ശുദ്ധവായു ശ്വസിക്കുക. വീർപ്പുമുട്ടുന്ന വേളയിൽ ഞാൻ ഇത്തരം ചിന്തകൾക്ക് ഇടം നൽകും .
അവ സ്വപ്നമാവുന്ന എന്റെ മഴവില്ലിന്റെ വാലറ്റത്തെ ഒടിച്ചു കളയാറുണ്ട്. 'സ്വപ്നം ' എനിക്കത് ഒരു നിർഭാഗ്യവാനായ സഹയാത്രികൻ മാത്രം ആണ്. അയാൾ എന്റെ മുറിയിൽ ചുരുട്ടി എറിഞ്ഞ പേപ്പറുകൾ തിങ്ങിയ ചവറ്റുകുട്ടയിൽ തളർന്നുറങ്ങാറുണ്ട്. ഉറക്കമില്ലാത്ത ചില രാത്രികളിൽ അയാൾ നിലവിളിക്കുന്നത് ഞാൻ കേൾക്കാറുണ്ട്.
'എന്നെ എരിച്ചു കളയൂ '.. അത് എന്നോട് പറയും.
ശൂന്യനായി ഞാൻ നിൽക്കും .എന്റെ തല നിലത്തടിച്ച് ഞാൻ കരയും. എല്ലാത്തിനും സാക്ഷിയായി മുറിയിൽ വിരിച്ചിട്ട അവസാന തൊലിയും വിട്ടുപ്പോയി മരവിച്ച.നനഞ്ഞ. വെളുത്ത നിറം പോലെയുള്ള കുപ്പായം കരയും.
'നീ വലിയ എഴുത്തുക്കാരൻ ആവണം?
നീ സിനിമ പൂർത്തിയാക്കണം?
നീ അവളെ വിവാഹം കഴിക്കണം?
നീ വയ്യാത്ത അമ്മയെ കൂട്ടികൊണ്ടുവരണം?" അങ്ങനെ ഒരുപാട് നിലവിളികൾ ഞാൻ അതോടൊപ്പം കേൾക്കും.
"പുറത്തേക്കിറങ്ങണം". മനസ് പറഞ്ഞു. പതിവ് കുപ്പായവും കഥകളും എടുത്ത് മുറി വിട്ടിറങ്ങി.
'ഇനി വയ്യാ.വാടക കൊടുക്കാനില്ല. അവധി ചോദിച്ചു മടുത്തു.അവസാനമായി മുറിയെ ഒന്ന് തിരിഞ്ഞു നോക്കണം എന്നുണ്ടായിരുന്നു. നോക്കിയില്ല. മുറിയെ ഉപേക്ഷിച്ചു നടന്നു".
'മുകളിലേക്ക് വന്ന് നിന്റെ സാധങ്ങൾ എടുത്ത് പുറത്തേക്കെറിയാൻ പറ്റാത്തതുകൊണ്ട് പറയുകയാണ്. ദയവു ചെയ്ത് മുറി ഒഴിയണം."
അതൊരു ഉടമയുടെ ദയനീയത ആയിരുന്നില്ല.ഇതിന് മുൻപും ഞാൻ അത് കേട്ടിട്ടുണ്ട്. അയാളുടെ കറവീണ പല്ലുകൾക്ക് എന്റെ മാംസം വേണമായിരുന്നു.അയാൾ വീണ്ടുമൊരാവർത്തി പറഞ്ഞു. 'ആ സാധനങ്ങൾ എടുത്ത്..?"
നീരുവീണ എന്റെ നെറ്റിയിൽ അപ്പോൾ ചോര പൊടിഞ്ഞിരുന്നു.
"ആ മുറി എന്നെപോലെ ശൂന്യമാണ്. ഈ കഥകൾ അല്ലാതെ മറ്റൊന്നും അവിടെ ഇല്ല. എന്നോട് ക്ഷമിക്കണം."
ശവപ്പെട്ടിമുറിയിൽ എന്റെ ആത്മാവിനെ പൂട്ടിയ താക്കോൽ അയാൾക്ക് നൽകി പുറത്തേക്ക് നടന്നു.
തിരക്കുവീണ നഗരത്തിലെ ആയിരങ്ങൾക്ക് മദ്ധ്യേ ഞാൻ നടന്നു. ഫോണിൽ പല തവണ അവൾ വിളിച്ചു. മറുപടികൾ ശൂന്യമായിരുന്നു. ആയിരങ്ങളുടെ മാലിന്യത്തിൽ കറുത്തുപോയ ഓടകളിലൊന്നിൽ ഞാൻ ഫോൺ ഉപേക്ഷിച്ചു. കുറച്ച് ദൂരം പിന്നിട്ടു. ഒടുവിൽ വഴി രണ്ടായി പിരിയുന്നിടത്ത് അറിയാതെ നിന്നു.
"ഞാൻ എങ്ങോട്ടാണ് പോകേണ്ടത്?"
നിലവിളികളില്ലാതെ. കണ്ണുനീർ വറ്റി. ഞാൻ നിന്നു. വരണ്ട ചുവന്ന ആകാശത്തിൽ നീല മഴമേഘങ്ങൾ വരുന്നത് ഞാൻ കണ്ടു.
'നീല മഴ മേഘങ്ങൾ...... "
സുബിൻ അയ്യമ്പുഴ
1995 ഒക്ടോബർ 31 ന് പൈനാടത്ത് വീട്ടിൽ ശ്രീ.പി എസ് സുബ്രന്റെയും ബിന്ദുവിന്റെയും മകനായി എറണാകുളം ജില്ലയിലെ അങ്കമാലിയ്ക്കടുത്ത് അയ്യമ്പുഴയിൽ ജനിച്ചു. അയ്യമ്പുഴ എൽ പി സ്കൂൾ, സെന്റ്. അഗസ്റ്റിൻ യു പി സ്കൂൾ , M A H S തുറവൂർ, G H S S മഞ്ഞപ്ര എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം. എറണാകുളം കളമശ്ശേരി ഗവണ്മെന്റ് പോളിടെക്‌നിക് കോളേജിൽ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്‌സിൽ ഡിപ്ലോമ.
മഹാരാജാസ് കോളേജ് എറണാകുളം ( B A ചരിത്രവിഭാഗം), ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല കാലടി ( M A താരതമ്യ സാഹിത്യവിഭാഗം) എന്നിവിടങ്ങളിലായി ഉന്നത വിദ്യാഭ്യാസം. അഭിനേതാവ്, സിനിമ സഹസംവിധായകൻ, ചെറുകഥാകൃത്ത്, ഹ്രസ്വചിത്ര സംവിധായകൻ എന്നീ മേഖലകളിലായി പ്രവർത്തനം. പത്മിനി, THE DREAM OF A YOUNG GIRL BEFORE DAWN എന്നീ ഹ്രസ്വചിത്രങ്ങൾ എഴുതി സംവിധാനം ചെയ്തു. VANCOUVER INTERNATIONAL YOUTH FILM FESTIVAL, CANADA, VIDEO DANCE FILM FESTIVAL ,FIVRS 2024 BRAZIL എന്നീ മേളകളിൽ THE DREAM OF A YOUNG GIRL BEFORE DAWN എന്ന ഹ്രസ്വചിത്രം ഔദ്യോഗികമായി തെരഞ്ഞെടുക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. ദുരൂഹമായ ഒരു രാത്രിയുടെ മരണം എന്ന ചെറുകഥ ആൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേർസ് അസോസിയേഷൻ (AKPCTA ) 2022 കഥാരചന മത്സരത്തിൽ മൂന്നാം സ്ഥാനം നേടി. മാതൃഭൂമി, ഓൺലൈൻ മാധ്യമങ്ങൾ ആയ ഏഷ്യാനെറ്റ് ന്റെ ചില്ല, നാമ്പ് എന്നിവയിൽ എഴുതുന്നു. നിലവിൽ ലണ്ടനിൽ ജോലി ചെയ്യുന്നു.





Comments