top of page

സ്ഥലനാമപഠനവും ഫോക്ലോറും

ഡോ.വീണാ ഗോപാല്‍ വി.പി.  

പ്രബന്ധസംഗ്രഹം      മനുഷ്യജീവിതവുമായും സംസ്കാരവുമായും ഏറെ ബന്ധപ്പെട്ടതാണ് സ്ഥലനാമപഠനമേഖല. നാമങ്ങളിലൂടെയാണ് മനുഷ്യന്‍ ചുറ്റുപാടുകളെയും വ്യക്തിബന്ധങ്ങളെയും ഒക്കെ തിരിച്ചറിയുന്നതും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നതും. ഓരോ പേരും ഓരോ അടയാളമാണ്. ഒരു പ്രദേശത്തിന്‍റെ സാമൂഹ്യവും സാംസ്കാരികവും ചരിത്രപരവും ഭാഷാപരവുമായ പ്രത്യേകതകളുടെ സൂചന ആ പ്രദേശത്തിന്‍റെ പേരില്‍ നിന്നുമാണ് ലഭിക്കുന്നത്. ഒരു ജനസമൂഹത്തിന്‍റെ ഭാഷാപ്രയോഗത്തിലൂടെയാണ് ആ സമൂഹത്തിന്‍റെ സംസ്കാരത്തെക്കുറിച്ചുള്ള അറിവ് നാം നേടുന്നത്. വാമൊഴിയായി പകരുന്ന എല്ലാ നാട്ടറിവിന്‍റെയും വിജ്ഞാനമാണ് ഫോക്ലോര്‍. ജനസമൂഹത്തിന്‍റെ ആചാരം, വിശ്വാസം, അനുഷ്ഠാനം, ഉത്സവാഘോഷങ്ങള്‍, മതം, തൊഴില്‍ തുടങ്ങി എല്ലാം ഫോക്ലോറുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ഇവയെല്ലാം സ്ഥലനാമരൂപീകരണത്തിന് കാരണമായിത്തീരുന്നതെങ്ങനെയെന്ന് അന്വേഷിക്കുകയാണ് ഈ പ്രബന്ധത്തിന്‍റെ ലക്ഷ്യം.

താക്കോല്‍ വാക്കുകള്‍

            സ്ഥലനാമപഠനം, ഫോക്ലോര്‍, സാമാന്യവാചി, വിശേഷവാചി, നാമപഠനം, നാട്ടറിവ്.

            മനുഷ്യന്‍റെ ഭാഷാപരമായ സിദ്ധിയാണ് നാമകരണം. പേരുകള്‍കൊണ്ടാണ് അവന്‍ ഓരോന്നിനെയും മനസ്സിലാക്കുന്നതും തിരിച്ചറിയുന്നതും. മനുഷ്യന്‍റെ മാനസികവളര്‍ച്ചയുടെ, ബൗദ്ധികവളര്‍ച്ചയുടെ വിവിധ തലങ്ങളെയാണ് അത് സൂചിപ്പിക്കുന്നത്. "ഭൗതികലോകത്തെക്കുറിച്ചുള്ള നമ്മുടെ സങ്കല്പം തന്നെ വസ്തുതകള്‍ക്ക് പേരിടുവാനുള്ള കഴിവ്, നമ്മുടെ മൊഴിയുടെ വടിവ് എന്നിവയാല്‍ നിയന്ത്രിതമാണ്" (നാട്ടറിവും നാമപഠനവും, ഡോ.എം.വി.വിഷ്ണുനമ്പൂതിരി, ഡി.സി.ബുക്സ്, 2010). ഭാഷയും സംസ്കാരവും തമ്മിലുള്ള ബന്ധം ഭാഷാപ്രയോഗത്തിലൂടെയാണ് വെളിവാകുന്നത്. നാമപഠനം ജനസംസ്കാരത്തിന്‍റെ ഭാഗമായി മാറുന്നതും അപ്രകാരമാണ്.

            ജീവിതസംസ്കാരങ്ങളുടെ നാനാവശങ്ങളെയും കുറിച്ചുള്ള വിശ്വാസശകലങ്ങളാണ് സ്ഥലനാമങ്ങള്‍. ചരിത്രം, ഭൂമിശാസ്ത്രം, ഫോക്ലോര്‍, നരവംശശാസ്ത്രം, പുരാവസ്തുവിജ്ഞാനീയം തുടങ്ങിയ വിജ്ഞാനശാഖകളുമായി സ്ഥലനാമ പഠനശാഖ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യനാമപഠന(Anthroponomy)വും സ്ഥലനാമപഠന(Toponomy)വും നാമ(സംജ്ഞ)ശബ്ദത്തിന്‍റെ (Onomastics) പ്രധാന വിഭാഗങ്ങളാണ്. സ്ഥലനാമപഠനശാസ്ത്രം (Toponomy) രൂപം കൊള്ളുന്നത് സ്ഥലം (place), Onoma   - നാമം (name) എന്നീ ഗ്രീക്കുപദങ്ങളില്‍ നിന്നാണ്.

              പടിഞ്ഞാറന്‍ നാടുകളിലാണ് സ്ഥലനാമപഠനം ഉദ്ഭവിച്ചതും വളര്‍ന്നതും. പതിനെട്ടാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലാണ് സ്ഥലനാമപഠനം ശാസ്ത്രീയാടിസ്ഥാനത്തില്‍ ആരംഭിച്ചത്. നാട്ടുപേരുകള്‍ ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കുമുള്ള വഴികാട്ടികളാണെന്ന ബോധം പ്രാചീനകാലം മുതല്‍ക്കേ സമൂഹത്തിനുണ്ടായിരുന്നു.

സ്ഥലനാമഘടന

            സ്ഥലനാമങ്ങളുടെ ഘടന അപഗ്രഥിക്കുമ്പോഴാണ് അവയുടെ പിന്നിലുള്ള ചരിത്രം പൂര്‍ണമായും മനസ്സിലാകുന്നത്. ഘടകപദങ്ങളുടെ സൂക്ഷ്മപരിശോധനയില്‍ കൂടിയാണ് സ്ഥലപ്പേരുകളില്‍ അടങ്ങിയിട്ടുള്ള പ്രാകൃതികമോ സാംസ്കാരികമോ ചരിത്രപരമോ ആയ സവിശേഷതകള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഒറ്റപ്പദമായോ സമസ്തപദമായോ സ്ഥലപ്പേരുകള്‍ വരാം. സ്ഥലനാമങ്ങളിലെ പൂര്‍വപദത്തെ വിശേഷവാചിയായും ഉത്തരപദത്തെ സാമാന്യവാചിയായും കണക്കാക്കുന്നു.

സ്ഥലനാമങ്ങളിലെ സാമാന്യവാചി         ചില പ്രത്യേക സാഹചര്യങ്ങളില്‍ ഒരു ജനവാസസ്ഥലത്തിന് സമീപത്തായി പുതുതായി ജനവാസസങ്കേതം ഉറപ്പിക്കുമ്പോള്‍ പുതിയ സ്ഥലപ്പേരുകള്‍ ആ സ്ഥലത്തിന് നല്‍കുന്നു. അപ്രകാരം ഏകപദവാചികളായ സ്ഥലപ്പേരുകള്‍ വിശേഷണങ്ങള്‍ ചേര്‍ന്ന് വികസിക്കുന്നു. സ്ഥലനാമങ്ങള്‍ വിശേഷണങ്ങള്‍ ചേര്‍ന്ന് വികസിക്കുന്നു. സ്ഥലനാമങ്ങള്‍ സമസ്തപദങ്ങളായി വരുമ്പോള്‍ അതില്‍ രണ്ടോ മൂന്നോ ഘടകപദങ്ങള്‍ വരാം. ഘടകപദത്തിലെ ഉത്തരപദമാണ് സാമാന്യവാചി. സ്ഥലനാമങ്ങളില്‍ ഉത്തരപദമായ സാമാന്യവാചിക്കാണ് പ്രാധാന്യം കൂടുതല്‍. പല സ്ഥലനാമങ്ങളുടെയും അന്ത്യത്തില്‍ സമാനമായി കാണുന്ന പദങ്ങളായതുകൊണ്ടാണ് ഇവയ്ക്ക് സാമാന്യവാചി എന്ന പേര് ലഭിച്ചത്. സ്ഥലങ്ങള്‍ക്ക് പുതിയ പേരുണ്ടാകുമ്പോള്‍ വിശേഷവാചികത്തെപ്പോലെ സാമാന്യവാചികള്‍ വര്‍ദ്ധിക്കുന്നില്ല.

സ്ഥലനാമങ്ങളിലെ വിശേഷവാചി           സാമാന്യവാചിയ്ക്കു വിശേഷണമായി നില്‍ക്കുന്നവയെ വിശേഷവാചി (വിശേഷണം - specifics) എന്നും വിളിക്കാം. ഓരോ പ്രദേശത്തെയും കുറിച്ചുള്ള പ്രത്യേകതകള്‍ മനസ്സിലാക്കുവാന്‍ വിശേഷവാചികള്‍ സഹായിക്കുന്നു. സാമാന്യവാചികളുടെ സവിശേഷതകള്‍ വിശേഷവാചികളിലൂടെയാണ് വെളിപ്പെടുന്നത്.

നാട്ടറിവ്             ജനങ്ങള്‍ക്ക് പ്രായോഗികജീവിതത്തില്‍ നിന്ന് ലഭിക്കുന്നതും തലമുറകളായി കാത്തുസൂക്ഷിച്ചുപോരുന്നതുമായ അറിവുകളാണ് നാട്ടറിവുകള്‍. "നരവംശശാസ്ത്രമണ്ഡലത്തിന്‍റെ പുറത്തുള്ള വഴക്കമെന്ന നിലയില്‍, നാട്ടറിവിന്‍റെയോ നാട്ടുവിജ്ഞാനത്തിന്‍റെയോ മൗലികഗ്രഹണവുമായി ഫോക്ലോര്‍ അടുത്ത സാമ്യം വായിക്കുന്നു" (നാട്ടറിവും നാമപഠനവും. ഡോ.എം.വി. വിഷ്ണുനമ്പൂതിരി, 2010). വാമൊഴിയായി പ്രചരിക്കപ്പെട്ട നാട്ടറിവുകള്‍ ഫോക്ലോറിന്‍റെ ശക്തിയാണ്. നാടന്‍ നാമപഠനം വികസിക്കുന്നത് നാട്ടറിവില്‍ കൂടിയാണ്. ജനസമൂഹത്തെയും അവരുടെ ആവാസവ്യവസ്ഥയെയും കുറിച്ചുള്ള അറിവുകള്‍ ലഭിക്കുന്നത് നാമപഠനത്തില്‍ കൂടിയാണ്. നാമപഠനശാഖയിലെ സ്ഥലനാമപഠനശാഖയിലൂടെയാണ് ഇത് സാധിക്കുന്നത്.

            ചരിത്രസ്മരണയുണര്‍ത്തുന്ന സ്ഥലനാമങ്ങള്‍, ഐതിഹ്യാധിഷ്ഠിത സ്ഥലനാമങ്ങള്‍ മുതലായവ പുരാവൃത്തസങ്കല്പങ്ങളെ ഉള്‍ക്കൊള്ളുന്നവയാണ്. ദേശചരിത്രനിര്‍മ്മിതിക്കും പ്രാദേശികചരിത്രനിര്‍മ്മിതിക്കും സാംസ്കാരികചരിത്രനിര്‍മ്മിതിക്കും ഇത്തരം പുരാവൃത്തസങ്കല്പമുള്‍ക്കൊള്ളുന്ന സ്ഥലപ്പേരുകള്‍ സഹായകമാകുന്നുണ്ട്. യാഥാര്‍ത്ഥ്യബോധം കുറവാണെങ്കിലും ഇത്തരം നാമനിരുക്തികള്‍ പ്രാചീനജനതയുടെ ചിന്തയെയും സൗന്ദര്യബോധത്തെയും വികാരത്തെയും കുറിച്ചുള്ള വെളിപ്പെടുത്തലുകളായി മാറാറുണ്ട്.

ഐതിഹ്യസംബന്ധിയും പുരാവൃത്തസംബന്ധിയമായ സ്ഥലപ്പേരുകള്‍            "വസ്തുതകളില്‍ അധിഷ്ഠിതമായ പഴയ കഥയുടെ ഒരു വിഭാഗമാണ് ഐതിഹ്യം" (ഫോക്ലോര്‍ നിഘണ്ടു, വിഷ്ണുനമ്പൂതിരി, 2010, പുറം 125). പണ്ട് നടന്ന കഥകളായ ഇവ പരമ്പരാഗതമായി ജനങ്ങള്‍ കേട്ടറിഞ്ഞുവരുന്ന കഥകളാണ്. "ഐതിഹ്യങ്ങള്‍ ആസന്നഭൂതകാല സംഭാവനയാണെങ്കില്‍ പുരാവൃത്തങ്ങള്‍ വിദൂരഭൂതകാല സംഭാവനയാണ്" (ഫോക്ലോര്‍ നിഘണ്ടു, 2010, പുറം 125). "പുരാവൃത്തങ്ങള്‍ (മിത്ത്), അയഥാര്‍ത്ഥ കഥയാണ്. സത്യംപോലെ അനുഭവപ്പെടുന്ന യുഗസ്മൃതികളാണവ. മതപരമോ സാമൂഹികമോ ആയ പാരമ്പര്യാനുഭൂതി എന്ന് അവയെ വിളിക്കാം" (ഫോക്ലോര്‍ നിഘണ്ടു, എം.വി.വിഷ്ണുനമ്പൂതിരി, 2010, പുറം 720). ഐതിഹ്യങ്ങളും പുരാവൃത്തങ്ങളും സ്ഥലപ്പേരുകളുടെ നിര്‍മ്മിതിക്ക് കാരണമാകാറുണ്ട്. കണ്ണൂരിലെ 'കടമ്പേരി' എന്ന സ്ഥലപ്പേര് കടമ്പേരിഭഗവതി എന്ന ദേവതാനാമവുമായി ബന്ധപ്പെട്ട ഐതിഹ്യത്തില്‍ നിന്നുണ്ടായതാണ്. കടമ്പേരി എന്ന പേര് വന്നതിപ്രകാരമെന്നാണ് ഐതിഹ്യങ്ങള്‍ പറയുന്നത്. ആര്യക്കരയില്‍ നിന്നും വന്ന വിഗ്രഹങ്ങളില്‍ നിന്ന് നേര്യോട്ടുസ്വരൂപക്കാരും കോലസ്വരൂപക്കാരും കരക്കാട്ടിടക്കാരും ഓരോ വിഗ്രഹം സ്വന്തമാക്കി. കരക്കാട്ടുകാര്‍ സ്വന്തമാക്കിയ വിഗ്രഹത്തിന് ദിവ്യശക്തിയുണ്ടെന്നും മനസ്സിലാക്കിയ മറ്റുള്ളവര്‍ അത് തട്ടിയെടുക്കുമെന്നു പേടിച്ച് കരക്കാട്ടിടം നമ്പ്യാര്‍ ഒരു കടമ്പുവൃക്ഷത്തിന്‍റെ മാളത്തില്‍ വിഗ്രഹം സൂക്ഷിച്ചുവത്രേ. കടമ്പേറിയ ഭഗവതി വിഗ്രഹം 'കടമ്പേരിഭഗവതി'യായി തീര്‍ന്നെന്നാണ് ഐതിഹ്യം. കണ്ണൂരിലെ ഊര്‍പഴച്ചിക്കാവ് എന്ന സ്ഥലപ്പേരുണ്ടായത് ഊര്‍പഴച്ചി ദൈവത്തിന്‍റെ പേര് ഉള്‍ക്കൊള്ളുന്ന പുരാവൃത്തത്തില്‍ നിന്നുമാണ്. ഊരിലെ പഴയ ഏച്ചില്‍ക്കാവ് ആണ് ഊര്‍പഴച്ചിക്കാവ് ആയത്. ഏച്ചില്‍മരം കുളിര്‍മ നല്‍കുന്ന വൃക്ഷമാണ്. എടക്കാടിനു സമീപമുള്ള പഴയ ഏച്ചില്‍ക്കാവ് മേലൂര്‍ ദയരപ്പന്‍ എന്ന ദേവത തന്‍റെ ആവാസസ്ഥാനമായി സ്വീകരിച്ചതോടെയാണ് മേലൂര്‍ ദയരപ്പന്‍ എന്ന ദൈവത്തിന് 'ഊര്‍പഴച്ചിദൈവം' എന്ന പേര് ലഭിച്ചത്. ഉദിനൂര്‍, തിരുനെല്ലി എന്നീ സ്ഥലപ്പേരുകളുടെ ഉല്പത്തിക്കു പിന്നിലും പുരാവൃത്തബന്ധമുണ്ട്.         തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര താലൂക്കിലും കാട്ടാക്കട താലൂക്കിലും ഐതിഹ്യബന്ധമുള്ള ധാരാളം സ്ഥലപ്പേരുകളുണ്ട്. അവയില്‍ ചിലത് ചുവടെ ചേര്‍ക്കുന്നു.

അത്താഴമംഗലം

        അതിയന്നൂര്‍ പഞ്ചായത്തിലെ അത്താഴമംഗലം എന്ന സ്ഥലത്തിന് ആ പേര് ലഭിച്ചതിന് പിന്നിലുള്ള ഐതിഹ്യം ഇപ്രകാരമാണ്. തിരുവിതാംകൂര്‍ രാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ ശത്രുക്കളില്‍ നിന്ന് രക്ഷനേടാന്‍ അതിയന്നൂര്‍ ദേശത്തെ പല സ്ഥലങ്ങളിലും ഒളിവില്‍ താമസിച്ചിരുന്നതായി പറയുന്നുണ്ട്. ഒളിവില്‍ താമസിച്ചിരുന്ന വേളയില്‍ അവിടത്തെ ഒരു വീട്ടില്‍ നിന്നും സന്ധ്യയ്ക്ക് അദ്ദേഹം ഭക്ഷണം കഴിച്ചതായും അതില്‍ സന്തുഷ്ടനായി ആ പ്രദേശത്തിന് 'അത്താഴമംഗലം' എന്നു നാമകരണം ചെയ്തുവെന്നുമാണ് ഐതിഹ്യം.

അമ്പൂരി      അഗസ്ത്യകൂടപര്‍വതത്തിന്‍റെ താഴ്വരയിലാണ് അമ്പൂരി എന്ന സ്ഥലം സ്ഥിതിചെയ്യുന്നത്. അമ്പൂരി എന്ന സ്ഥലനാമത്തിന് നിദാനമായി ഒരു കഥ പ്രചരിക്കുന്നുണ്ട്. അത് ഇപ്രകാരമാണ്. മാര്‍ത്താണ്ഡവര്‍മ്മയുടെ സേനയില്‍ പ്രമുഖനായിരുന്ന ചടച്ചി മാര്‍ത്താണ്ഡന്‍പിള്ള ഒറ്റശേഖരമംഗലത്തുനിന്ന് ഒരു മത്സരത്തില്‍ എയ്ത അമ്പ് ദൂരെയുള്ള കാട്ടുമരത്തില്‍ തറച്ചു. ആ അമ്പ് ഊരിയെടുത്തശേഷം മാര്‍ത്താണ്ഡന്‍ ആ മരത്തിന് ഒരു പ്രത്യേക അടയാളം കൊടുത്തു. 'ഇതാണ് അമ്പൂരിയ സ്ഥലം എന്നോര്‍ക്കുക' എന്നു പറഞ്ഞുവത്രേ. അമ്പൂരി എന്ന പേര് ഇങ്ങനെയുണ്ടായതെന്നാണ് ഐതിഹ്യം.

അരുമാനൂര്‍         പൂവാര്‍ പഞ്ചായത്തിലെ അരുമാനൂര്‍ എന്ന സ്ഥലപ്പേരിന് പിന്നിലും ഇത്തരത്തിലുള്ള കഥകളുണ്ട്. ഈ പ്രദേശത്ത് താമസിച്ചിരുന്ന ബ്രാഹ്മണരുടെ വീടുമായി ബന്ധപ്പെട്ടാണ് ഈ പേരുണ്ടായതെന്ന് പറയുന്നു. ആരിയര്‍ താമസിച്ചിരുന്ന മനയാണ് ആരിയമാനൂര്‍. പിന്നീട് അത് അരുമാനൂര്‍ ആയി മാറി എന്നാണ് ഒരു കഥ. അരുവന്‍ ശിവനാണ്. അരുവന്‍റെ ഊരാണ് അരുമാനൂര്‍ എന്നും കഥയുണ്ട്.

അരുവല്ലൂര്‍          കുളത്തൂര്‍ പഞ്ചായത്തിലെ അരുവല്ലൂര്‍ എന്ന സ്ഥലപ്പേര് ഉണ്ടായത് ഇപ്രകാരമെന്നാണ് ഐതിഹ്യം. നാടുവാഴിയായ ഭര്‍ത്താവുമായി പിണങ്ങി ഈ പ്രദേശത്ത് സന്യാസിനിയായി കഴിഞ്ഞിരുന്ന അരുവിയമ്മയുമായി ബന്ധപ്പെട്ടാണ് ഈ പേര് വന്നതെന്ന കഥയാണിത്. അരുവിയമ്മ, ഇഷ്ടദൈവമായ ശിവനെ പ്രതിഷ്ഠിച്ച് ആരാധിച്ചിരുന്ന ക്ഷേത്രം നല്ലൂര്‍വട്ടം എന്നാണ് അറിയപ്പെട്ടിരുന്നത്. അരുവിയും നല്ലൂരും ചേര്‍ന്ന് അരുവിനല്ലൂരും പിന്നീടത് അരുവല്ലൂരുമായി മാറി എന്നാണ് ഐതിഹ്യം.

ഊരൂട്ടമ്പലം

            ഊരുട്ടമ്പലം എന്ന സ്ഥലപ്പേരുണ്ടാകുന്നതും മാര്‍ത്താണ്ഡവര്‍മ്മയുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യത്തില്‍ നിന്നാണ്. മാര്‍ത്താണ്ഡവര്‍മ്മ ശത്രുക്കളുടെ പിടിയില്‍ അകപ്പെടാതെ ഒളിവില്‍ പാര്‍ക്കാന്‍ തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ ഈ സ്ഥലവും ഉണ്ടായിരുന്നുവത്രേ. ഇവിടെയുള്ള വഴിയമ്പലത്തില്‍ ക്ഷീണിതനായി മാര്‍ത്താണ്ഡവര്‍മ്മ വിശ്രമിക്കുമ്പോള്‍ ഒരു ഗ്രാമീണന്‍ ദാഹമകറ്റാനായി കരിക്കിന്‍വെള്ളം കൊടുത്തു. അതിനുശേഷം ക്ഷീണം മാറിയ മാര്‍ത്താണ്ഡവര്‍മ്മ 'ഉയിരിട്ട അമ്പലം' എന്നു പറഞ്ഞത്രേ. അങ്ങനെ ഉയിരിട്ട അമ്പലമാണ് ഊരൂട്ടമ്പലമായി മാറിയതെന്നാണ് ഐതിഹ്യം.

            ഒറ്റശേഖരമംഗലം, കൊറ്റാമം, തിരുപുറം, തൊഴിക്കല്‍, ധനുവച്ചപുരം, പരശുവയ്ക്കല്‍ തുടങ്ങിയ സ്ഥലപ്പേരുകളുടെ ഉല്പത്തിക്കുപിന്നിലും ദേവന്മാരെക്കുറിച്ചും പുരാണ കഥാപാത്രങ്ങളെക്കുറിച്ചുമുള്ള കഥകളുണ്ട്. പ്രാചീനമനുഷ്യന്‍റെ ആരാധനയുമായി ബന്ധപ്പെട്ട് ഉണ്ടായ സ്ഥലപ്പേരാണ് പേയാട്. പേയ് ആരാധനയുമായി ബന്ധപ്പെട്ടാണ് പേയാട് എന്ന സ്ഥലപ്പേര് ഉണ്ടായത്. പേയെ ആരാധിക്കുന്നതിനുവേണ്ടി സ്ഥാപിച്ച അമ്മന്‍കോവിലും അവിടെ ഉണ്ട്. അത് പിന്നീട് ദേവിയെ ആരാധിക്കുന്ന ക്ഷേത്രമായി മാറി. ജനങ്ങളുടെ വിശ്വാസങ്ങളില്‍ നിന്നും ആരാധനകളില്‍ നിന്നും രൂപംകൊള്ളുന്ന സ്ഥലപ്പേരുകള്‍ക്ക് ഉദാഹരണമാണിത്.

            ഇപ്രകാരം സാമ്രാജ്യവാചികളും വിശേഷവാചികളും ചേര്‍ന്ന സ്ഥലപ്പേരുകള്‍ പ്രാചീനജനതയുടെ ചരിത്രബോധത്തെയും സംസ്കാരത്തെയും ഉള്‍ക്കൊള്ളുന്ന നാട്ടറിവന്‍റെ മുദ്രകളാണ്. ഒരു പ്രദേശത്തിന്‍റെ സാമൂഹ്യവും ഭാഷാപരവുമായ വസ്തുതകളുടെ സഞ്ചയമാണ് സ്ഥലനാമപഠനങ്ങളിലുള്ളത്. സ്ഥലനാമങ്ങളുടെ ഉല്പത്തികഥകള്‍ സാമാന്യജനങ്ങളുടെ നാട്ടറിവുകളിലാണ് കുടികൊള്ളുന്നത് എന്നത് സ്ഥലനാമപഠനത്തില്‍ ഫോക്ലോറിന്‍റെ പ്രാധാന്യം എത്രത്തോളമെന്നതിന് തെളിവാണ്.

സഹായകഗ്രന്ഥങ്ങള്‍

1.ഊരും പേരും, പരമേശ്വരന്‍ നമ്പൂതിരിമഠം, കേരള സാഹിത്യ അക്കാദമി, തൃശ്ശൂര്‍, 2004.

2.കേരളചരിത്രത്തിന്‍റെ നാട്ടുവഴികള്‍, എഡി. നമ്പൂതിരി എന്‍.എം., ഡോ.ശിവദാസ് പി.കെ., ഡി.സി.ബുക്സ്, 2009.

3.കേരളത്തിലെ സ്ഥലചരിത്രങ്ങള്‍, വാലത്ത് വി.വി.കെ., കേരള സാഹിത്യ അക്കാദമി, തൃശ്ശൂര്‍, 1998

4.കേരള സംഘവിജ്ഞാനകോശം, ബാബുരാജ് കോട്ടയം, ജിജോ പബ്ലിക്കേഷന്‍സ്, കോട്ടയം, 2011.

5.നാട്ടറിവും നാമപഠനവും, വിഷ്ണുനമ്പൂതിരി എം.വി., ഡി.സി.ബുക്സ്, 2010

6.ഫോക്ലോര്‍ നിഘണ്ടു, വിഷ്ണുനമ്പൂതിരി എം.വി., കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, 2010

7.സ്ഥലനാമചരിത്രം - തിരുവനന്തപുരം ജില്ല, ഹരി കട്ടേല്‍, സാഹിത്യ സഹകരണ സംഘം, നാഷണല്‍ ബുക്ക് സ്റ്റാള്‍, കോട്ടയം, 2015


ഡോ.വീണാ ഗോപാല്‍ വി.പി.    

അസ്സോസിയേറ്റ് പ്രൊഫസര്‍                                                         മലയാളവിഭാഗം

യൂണിവേഴ്സിറ്റി കോളേജ്

തിരുവനന്തപുരം

ഫോണ്‍ : 9446459997


 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
No^v F-Un-äÀ
-tUm. em-ep-. hn-v

Ìm^v FUnäÀ
tUm.KwKmtZhn. Fw

ÌpUâv FUn-äÀ
cXojv Fk


ഇഷ്യു എഡിറ്റർ v
ഡോ.ദീപ ബി.എസ്.
FUntäm-dnb t_mÀUv 
AwK§Ä
tUm.kPohv IpamÀ Fkv 
tUm. Zo] _n Fkv 
tUm.tkXpe£van Fw Fkv 
-tUm A-¼n-fn- B-À- ]n-
-
ഡോ. ശ്രീലക്ഷ്മി എസ്.കെ
_nµp. F Fw
Pqen F 
a©p sI BÀ
Publishers Name:          
Dr.Lalu.V,
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996         
email:gcwmalayalam2023@gmail.com            laluvatl@gmail.com 

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2024

bottom of page