top of page

സൈബർ കാലത്തെ യാത്രയും എഴുത്തും

Updated: Apr 15

ശരണ്യ യു.

ree

സംഗ്രഹം: 

                സാഹിത്യത്തിൻ്റെ ഉള്ളടക്കത്തെ രൂപപ്പെടുത്തുന്നതിൽ അത്  രൂപം കൊള്ളുന്ന സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പശ്ചാത്തലങ്ങൾക്ക് വലിയ പ്രാധാന്യം ഉണ്ട്. കാലാനുസൃതമായി  ഉണ്ടായ മാറ്റങ്ങളും വിവര സാങ്കേതിക വിദ്യയുടെ കടന്നുവരവും ഭാഷയിലും സാഹിത്യത്തിലും മാറ്റങ്ങൾ സൃഷ്ടിച്ചു. ഇൻറർനെറ്റും അനുബന്ധ സാങ്കേതികതയും ഭാഷയിൽ ഒരു പുത്തൻ സർഗാത്മകതയെ വളർത്തുവാൻ സഹായിച്ചു. ഇപ്രകാരം ഭാഷയിലും സാഹിത്യത്തിലും ഉണ്ടായ വിപ്ലവത്തിൻറെ ഫലമായി സൃഷ്ടിക്കപ്പെട്ടതാണ് സൈബർ സാഹിത്യം. കഥ,  കവിത , നോവൽ  തുടങ്ങി എല്ലാ മേഖലകളിലും ഇത് ദൃശ്യമായി.   ഇതര സാഹിത്യജനുസ് എന്നപോലെ യാത്രാവിവരണസാഹിത്യവും  ഈ കാലയളവിൽ നിരവധി പരിണാമങ്ങൾക്ക്  വിധേയമായി. ആധുനികാനന്തര കാലഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ യാത്രയും യാത്രയെഴുത്തും എത്രത്തോളം സൈബർ ഇടങ്ങളിൽ ഭാഗമായി കഴിഞ്ഞു എന്നും ഭാഷയിലും സാഹിത്യത്തിലും അവ എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്നും അന്വേഷിക്കുകയാണ് പ്രസ്തുത പഠനം .

 

താക്കോൽ വാക്കുകൾ

 

       യാത്രാവിവരണം- സാഹിത്യജനുസ്സ്- ടൂറിസം- ദൃശ്യബഹുജനസംസ്കാരം

         

                     എല്ലാക്കാലത്തും യാത്ര മനുഷ്യജീവിതത്തിൻ്റെ  ഭാഗമായിരുന്നു. ജീവസന്ധാരണത്തിനു വേണ്ടി നായാടിയലഞ്ഞ് സഞ്ചാരം നടത്തിയ ആദിമ മനുഷ്യൻ മുതൽ, ഉത്തരാധുനിക ലോക സഞ്ചാരിയായ മനുഷ്യൻ വരെ യാത്രാനുഭവങ്ങളെ അവൻ്റെ സംസ്കാരത്തിന് വളരാനുള്ള അസംസ്കൃത വസ്തുവാക്കുകയായിരുന്നു. സഞ്ചരിക്കുന്ന ദേശങ്ങളിലെ കാഴ്ചകളും അനുഭവങ്ങളും മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്ന സാംസ്കാരിക വിനിമയ പ്രക്രിയ എന്ന നിലയിൽ യാത്രാവിവരണം എന്ന സാഹിത്യരൂപത്തിന്റെ പ്രസക്തിയേറെയാണ്.

 

                ആധുനികതയുടെ വരവോടുകൂടി ശാസ്ത്രസാങ്കേതിക രംഗത്തുണ്ടായ വളർച്ചയും,  വാർത്താവിനിമയരംഗത്ത് ഉണ്ടായ മുന്നേറ്റവും, പുത്തൻ ലോകബോധവും വൻതോതിലുള്ള യാത്രകൾ യാഥാർത്ഥ്യമാക്കി. ഈ കാലയളവിലാണ് യാത്രാവിവരണങ്ങൾ ഒരു സാഹിത്യജനുസ്സായി രൂപപ്പെട്ടത്. അതിനുമുമ്പ് പുരാണങ്ങളിലും ഇതിഹാസങ്ങളിലും മറ്റും യാത്രാനുഭവങ്ങൾ കാണാമെങ്കിലും യാത്രാവിവരണസാഹിത്യം എന്ന നിലയിലേക്ക് ഇവയെ  പരിഗണിക്കാൻ കഴിയില്ല. യാത്രാകാവ്യങ്ങളെയും സഞ്ചാരികളുടെ കുറിപ്പുകളെയും യാത്രാവിവരണങ്ങളുടെ പൂർവ്വരൂപങ്ങൾ എന്ന് വിളിക്കാമെങ്കിലും ആത്മസ്വത്വവും അപര ലോകസ്വത്വവും അന്വേഷിച്ച് നടത്തിയ യാത്രകളിലൂടെ നേടിയ അനുഭവങ്ങൾ യാഥാർത്ഥ്യവും ഭാവനയും ഇടകലർത്തി ആത്മനിഷ്ഠനുഭവം എന്ന നിലയിൽ അവതരിപ്പിക്കുന്നിടത്താണ് യാത്രാവിവരണം എന്ന സാഹിത്യ രൂപം ജനിക്കുന്നത്.

 

                      ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ  നിലവിൽ വന്ന പുത്തൻ ഗതാഗത സംവിധാനങ്ങളുടെയും വാർത്താവിനിമയ സങ്കേതങ്ങളുടെയും  പ്രതിഫലനം സാഹിത്യത്തിലും പ്രകടമായി. ഭൂഗോളം മുഴുവനും ഒരു ഭൂപടത്തിലേക്ക് ഒതുക്കപ്പെട്ടതോടെ വിദൂരസ്വപ്നം മാത്രമായിരുന്ന പലയിടങ്ങളിലേക്കുമുളള യാത്രകൾ യാഥാർത്ഥ്യമാവുകയും അവയൊക്കെ വിവരിച്ചുകൊണ്ട് യാത്രാഖ്യാനങ്ങൾ  ഉണ്ടാവുകയും ചെയ്തു. ഭാഷാവൈഭവവും വിവരണപാടവവും കൊണ്ട് കാഴ്ചകളെ ഓരോ യാത്രികനും പുനരാവിഷ്കരിച്ചതിലൂടെ സഞ്ചാരസാഹിത്യം അനുവാചക ശ്രദ്ധയാകർഷിച്ചു.

 

                                 ദൃശ്യബഹുജനസംസ്കാരത്തിൻ്റെ  കടന്നുവരവ്  മറ്റ് മേഖലകളിൽ എന്നപോലെ സാഹിത്യത്തിലും ഘടനാപരമായി വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. കണ്ട കാഴ്ചകളെ വിവരിക്കുന്നതിന് എഴുത്തിൻ്റെ സഹായം ആവശ്യമില്ലാതെ വരികയും സഞ്ചാരികൾ നേരിട്ട് കണ്ടതിനെ ക്യാമറയിലൂടെ പകർത്തിയെടുത്ത് അത്യാകർഷകമായ രീതിയിൽ പ്രേക്ഷകരിലേക്ക് പകർന്നു നൽകുകയും ചെയ്തു തുടങ്ങി. അതോടെ യാത്രാവിവരണം എന്നതിലെ വിവരണത്തിന് പ്രസക്തി ഇല്ലാതാവുകയും വിവരണമല്ല വിവേകമാണ് ആവശ്യമെന്ന് വരികയും ചെയ്തു.

 

   യാത്രാവിവരണം ദൃശ്യാഖ്യാനത്തിൻ്റെ ലോകത്തേക്ക് കടന്നതോടുകൂടി പ്രേക്ഷകർക്ക് കണ്ട കാഴ്ചകളെ കുറിച്ച് വിവരിക്കുന്നതിനപ്പുറം സാംസ്കാരികമായ വിവരണത്തിന്റെ വഴി തുറന്നു. യാത്രാ വ്യവസായത്തിൻ്റെ വളർച്ചയും യാത്രയുടെ ജനാധിപത്യവൽക്കരണവും ഈ കാലയളവിലെ എടുത്തു പറയേണ്ട മാറ്റങ്ങളാണ്. ‘ഡിസ്കവറി’, ‘നാഷണൽ ജോഗ്രഫി’ തുടങ്ങിയ ചാനലുകൾ വീട്ടിലിരുന്നു ലോകം കാണാനുള്ള അവസരമൊരുക്കി. മലയാളികൾക്ക് കാഴ്ചയുടെ ദൃശ്യവിസ്മയം തീർക്കാൻ സന്തോഷ് ജോർജ് കുളങ്ങരയുടെ ‘സഫാരി’ ചാനലും ഇതിൻ്റെ ഇൻറർനെറ്റ് എഡിഷനായ ‘സഞ്ചാരം.കോം’ ഉും വഹിച്ച പങ്ക് ചെറുതല്ല.

 

       ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളോടെ യാത്രയുടെ ആഖ്യാനം വൻതോതിൽ ദൃശ്യമാധ്യമങ്ങളിലേക്ക് വഴിമാറി.  സൈബർ ഇടങ്ങളിൽ യാത്രാവിവരണങ്ങൾക്ക്  ഒരു സ്ഥാനം നേടിക്കൊടുത്തത് ബ്ലോഗുകളും ഇതര സാമൂഹ്യ മാധ്യമങ്ങളും ആണ്. ഷിബു തോവാളയുടെ ‘യാത്രകൾ’, ശ്രീജിത്ത് എൻ.പിയുടെ  ‘ലംബൻ കഥകൾ’ ,  കൊച്ചുത്രേസ്യയുടെ ‘കൊച്ചുത്രേസ്യയുടെ ലോകം’, ആത്മൻ്റെ ‘പുറം കാഴ്ചകൾ’, സജി കൊരട്ടിയുടെ ‘ ഞാൻ കണ്ട കാഴ്ച’, ബിന്ദു ഉണ്ണിയുടെ ‘ശംഖുപുഷ്പം’ തുടങ്ങിയ ബ്ലോഗുകളിലെ യാത്രാവിവരണങ്ങൾ ചുരുക്കം ചില ഉദാഹരണങ്ങൾ മാത്രം.   ബ്ലോഗ് എഴുത്തുകൾ വ്യാപകമായതോടെ യാത്രയുടെ വിവരണം ആർക്കും എവിടെയിരുന്നും കുറിക്കാമെന്ന് വന്നു.

 

    യാത്രാ ബ്ലോഗുകളുടെയും യാത്രാസൈറ്റുകളുടെയും സംഖ്യ എണ്ണമറ്റതോതിൽ വർദ്ധിച്ചതിന്റെ പ്രധാന കാരണം സൈബർ ലോകത്ത് നിലനിൽക്കുന്ന ജനാധിപത്യ സംസ്കാരമാണ്. സ്വന്തം സഞ്ചാരാനുഭവങ്ങൾ മറ്റൊരാളുടെ നിയന്ത്രണത്തിനോ എഡിറ്റിങ്ങിനോ വിധേയമാകാതെ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാൻ ഇ-മാധ്യമങ്ങളിലൂടെ സഞ്ചാരികൾക്ക് അവസരം ലഭിച്ചു. അതോടെ പുതിയൊരു ആഖ്യാനതന്ത്രം പരീക്ഷിക്കപ്പെടുകയായിരുന്നു. യൂട്യൂബും, ഫേസ്ബുക്കും യാത്രയെ കൂടുതൽ സുതാര്യമാക്കിയതോടെ ഫോട്ടോകളും വീഡിയോകളും റൂട്ട് മാപ്പുകളും ഉൾപ്പെടുത്തിയ യാത്രാക്കുറിപ്പുകൾ വായനക്കാരന് ആ സ്ഥലത്തെക്കുറിച്ചുള്ള വ്യക്തമായ ബോധം സൃഷ്ടിക്കുകയും  കൂടുതൽ യാത്രചെയ്യുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഫേസ്ബുക്കിലെ എൻ്റെ യാത്ര, സഞ്ചാരി, പ്രണയമാണ് യാത്രയോട് തുടങ്ങിയ പേജുകൾ ലഘു യാത്രാക്കുറിപ്പുകളാണ്.  സാഹിത്യ അഭിരുചിയുള്ളവരുടെ ഇൻറർനെറ്റ് കൂട്ടായ്മയായ പ്രതിലിപിയിൽ (www.prathilipi.com) നിരവധി യാത്രാവിവരണ കുറിപ്പുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.   

 

       സ്മാർട്ട്ഫോണുകളുടെ വരവ് യാത്രയുടെ ചരിത്രത്തിലെ ഗംഭീരമായ കുതിച്ചുചാട്ടങ്ങളിൽ ഒന്നാണ്. ഒരു സ്മാർട്ട്ഫോൺ ഉടമയുടെ കയ്യിൽ സൗജന്യമായ, സൂക്ഷ്മംശങ്ങൾ കൃത്യമായി രേഖപ്പെടുത്തിയ ഒരു ഭൂപടമുണ്ട്. അത് ഓൺ ചെയ്താൽ ആ ഫോണിൻ്റെ ഉടമ എവിടെ ആയാലും ഈ ഭൂപടം അയാളെ കൃത്യമായി അനുഗമിക്കും. ഇതിനെ ഗൂഗിൾ മാപ്പ്  (google map) എന്ന് പറയുന്നു. ഏതൊരു സാധാരണക്കാരനും നിഷ്പ്രയാസം മനസ്സിലാവുന്ന തരത്തിലാണ് ഇതിന്റെ ക്രമീകരണം. ഗൂഗിൾ മാപ്പിന്റെ സഹായത്തോടുകൂടി നാം എവിടെ എത്തിപ്പെട്ടാലും ലക്ഷ്യസ്ഥാനത്തെത്താൻ എങ്ങോട്ട് തിരിയണമെന്നും  എങ്ങനെ പോകണമെന്നും കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ തരുന്നു. ഈ കാർട്ടോഗ്രാഫിക് രീതി യാത്രയോടുള്ള മനുഷ്യരുടെ സമീപനത്തിൽ മാറ്റങ്ങൾ കൊണ്ടുവന്നു. ഇത് സ്ത്രീപുരുഷഭേദമന്യേ ഒറ്റയ്ക്കും കൂട്ടമായും യാത്ര ചെയ്യുവാനുള്ള കരുത്ത് കൂടിയാണ് പകർന്നു തന്നത്.         

 

                         യാത്രയുടെ ലക്ഷ്യത്തെയും സ്വഭാവത്തെയും മാറ്റി തീർത്ത പ്രധാനപ്പെട്ട ഒരു പ്രതിഭാസമാണ് ടൂറിസം. യാത്രയെ ജീവിതത്തിൻ്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നാക്കി മാറ്റുവാൻ ടൂറിസത്തിന് കഴിഞ്ഞതിൽ യാത്രാവിവരണങ്ങൾക്ക് സുപ്രധാനമായ ഒരു പങ്കുണ്ട്. “സർഗാത്മക സഞ്ചാരസാഹിത്യം, ടൂറിസത്തിന്റെയും ഉത്തരാധുനിക ടൂറിസത്തിന്റെയും ഭാഗമായുള്ള ദൃശ്യ സഞ്ചാര രേഖകൾ എന്നിവ വൈവിധ്യമാർന്ന കാഴ്ചാസ്ഥാനങ്ങളെ അവതരിപ്പിക്കുന്നു. ജീവിതത്തിൻ്റെ സൂക്ഷ്മ യാഥാർത്ഥ്യങ്ങളിലേക്ക് കാഴ്ചയെ നയിക്കുമ്പോൾ തന്നെ കാഴ്ചകളുടെ സെലിബ്രിറ്റികളിലേക്ക് സഞ്ചാര മേഖല ശ്രദ്ധയൂന്നുന്നു”(1). ഭൂപടത്തിൽ പ്രാധാന്യമുള്ള ഇടങ്ങളെ തിരഞ്ഞുപിടിച്ച്  അവയ്ക്ക് കൂടുതൽ  മൂല്യം കൽപ്പിക്കുകയും നിശ്ചയിക്കപ്പെട്ട കാഴ്ചകളിലേക്കും സ്ഥലങ്ങളിലേക്കും സഞ്ചാരികളെ ആകർഷിക്കുകയും  ചെയ്യുന്നു. യഥാർത്ഥ ജീവിതാഖ്യാനങ്ങളേക്കാൾ കാഴ്ചകളിലേക്കാണ് ഇവ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും സൈബർ യാത്രാവിവരണങ്ങൾക്ക് ഒരു സ്ഥാനം നേടി കൊടുക്കുവാൻ ഇവയ്ക്ക് സാധിച്ചു. ആധുനിക യാത്രകളെ കുറിച്ച് അന്വേഷിക്കുമ്പോൾ ദൃശ്യതയിൽ ഊന്നിയുള്ള ആധുനിക ടൂറിസത്തിൻ്റെ വളർച്ച ഒഴിവാക്കാൻ കഴിയുന്നതല്ല.

 

                              

 

        യാത്രാവിതരണ സാഹിത്യത്തിൽ രൂപപ്പെട്ട പൊതുസാധ്യതകൾ ഈ സാഹിത്യ പ്രസ്ഥാനത്തിന് പുതിയൊരു ഭൂമിക തന്നെ നേടിക്കൊടുത്തു. ”ഒറ്റയ്ക്കും കൂട്ടായും ഉള്ള യാത്രകൾ, നവമാധ്യമങ്ങളിലൂടെയുള്ള വിനിമയ സംവിധാനങ്ങൾ, യാത്രാസൗകര്യങ്ങൾ ഒക്കെ യാത്രയെ ഒരു ജീവിതശൈലിയായി തന്നെ കൊണ്ടുനടക്കാൻ പുതുതലമുറയ്ക്ക് ആവുന്നുമുണ്ട്. രാഷ്ട്രീയമോ പ്രത്യയശാസ്ത്രമോ അല്ല യാത്രകൾ ഇഷ്ടപ്പെടുന്ന യുവത്വത്തെ ആവേശിക്കുന്നത്. യാത്രാനുഭവങ്ങൾ പകരുന്ന പരിപ്രേക്ഷ്യത്തിൽ നിന്നുകൊണ്ടാണ്, അവർ പ്രകൃതിയെയും ജീവിതത്തെയും വിലയിരുത്തുന്നത്. അവർ ഒരേസമയം കാല്പനികരും ദാർശനികരും പ്രകൃതിസ്നേഹികളും ആയി മാറുന്നു”(2). യാത്രാവിവരണത്തിന്റെ പുതിയ മുഖം ഏറെ പ്രതീക്ഷാനിർഭരവുമാണ്.

 

ഉപസംഹാരം

 

ഓരോ യാത്രയും അറിവിനും തിരിച്ചറിവിനും ഉള്ള വാതായനങ്ങളാണ്. മനുഷ്യനെയും പ്രകൃതിയെയും ലോകത്തെ തന്നെയും മനസ്സിലാക്കുവാനും അടുത്തറിയുവാനുമുള്ള ശ്രമങ്ങൾ യാത്രയുടെ ഭാഗമാണ്. യാത്ര ചെയ്ത സ്ഥലങ്ങളും കണ്ട കാഴ്ചകളും സ്വന്തം അനുഭവമായി ചേർത്ത്, ബിംബവൽക്കരിക്കപ്പെട്ട ഒരു കാലത്ത് നിന്നും,  സൈബർ ലോകവും നവമാധ്യമങ്ങളും സഞ്ചാരകഥകൾക്ക് അതിന്റെ ഭൗതിക അതിർത്തികളെ മറികടക്കാനുള്ള അവസരം നൽകി. അപ്പോൾ യാത്ര മാത്രമല്ല, അതിന്റെ സാമൂഹിക-സാംസ്കാരിക പ്രതിഫലനങ്ങളും ആഖ്യാനരീതികളും മാറുകയും വികസിക്കുകയും ചെയ്തു. ഇതിലൂടെ യാത്രാവിവരണസാഹിത്യം ഒട്ടേറെ പുതിയ സാധ്യതകൾ തേടുകയും സാഹിത്യപരമായ സ്വാധീനം വർധിപ്പിക്കുകയും ചെയ്യുന്നു.

 

                    

കുറിപ്പുകൾ

 

1.   ബിദൂർ, കെ., വിജ്ഞാനകൈരളി , സഞ്ചാരസാഹിത്യത്തിലെ ഉത്തരാധുനിക പ്രവണതകൾ,2009, ആഗസ്റ്റ് , പുറം 83.

2.   ചന്ദ്രബോസ് , ആർ, കർമ്മനിരതമായ കവിത അഥവാ ബ്ലോഗിലെ യാത്രയെഴുത്തുകൾ, തുടി റിസർച്ച് ജേണൽ , കണ്ണൂർ സർവ്വകലാശാല, 2019, വാല്യം 7, ലക്കം 1, പുറം 277.

 

 

 

 

 

ഗ്രന്ഥസൂചി

 

1.   മാനുവൽ.കെ.ജോസ്, നവമാധ്യമങ്ങൾ-ഭാഷ,സാഹിത്യം,സംസ്കാരം,സാഹിത്യപ്രവർത്തക കോപ്പറേറ്റീവ് സൊസൈറ്റി ,കോട്ടയം ,2014.

2.   ഇ.സവിത, യാത്ര- അനുഭവം ആഖ്യാനം  സംസ്കാരം വിപണനം, പുസ്തക ഭവൻ , പയ്യന്നൂർ,2017.

3.    ജോർജ് കെ എം, ആധുനിക മലയാള സാഹിത്യ ചരിത്രം പ്രസ്ഥാനങ്ങളിലൂടെ, ഡി.സി ബുക്സ്,കോട്ടയം

4.   രമേഷ് ചന്ദ്രൻ വി, സഞ്ചാരസാഹിത്യം മലയാളത്തിൽ, കേരള ഭാഷ ഇൻസ്റ്റ്യൂട്ട് തിരുവനന്തപുരം, 1989.

5.   ടി.വി. സുനിത ഡോ, സൈബർ കഥകളിലെ സ്ത്രീ, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം,

6.   രാമചന്ദ്രൻ നായർ പന്മന, സമ്പൂർണ്ണ മലയാള സാഹിത്യ ചരിത്രം, കറണ്ട് ബുക്സ്,2008


ശരണ്യ യു.

ഗവേഷക

സർക്കാർ വനിതാ കോളേജ്

തിരുവനന്തപുരം

 

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. സംഗീത കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page