സ്വയംവരം - കാലവും സമൂഹവും
- GCW MALAYALAM
- Aug 15
- 5 min read
ഡോ. മുനീർ ശൂരനാട്

1972-ൽ പുറത്തിറങ്ങിയ 'സ്വയംവര'മാണ് അടൂരിന്റെ ആദ്യചലച്ചിത്രം. അന്നുവരെയുണ്ടായിരുന്ന മലയാളസിനിമയുടെ ഇതിവൃത്തഘടന പാടേ തിരുത്തിക്കുറിക്കുന്നതായിരുന്നു ഇതിന്റെ ഘടന. പരസ്പരം സ്‌നേഹിച്ച് സ്വതന്ത്രരായി ജീവിക്കാൻ തീരുമാനിച്ചുറപ്പിച്ച് ഗ്രാമത്തിൽനിന്നു നഗരത്തിലേക്കു പലായനം ചെയ്യുന്ന വിദ്യാസമ്പന്നരായ യുവതീയുവാക്കളാണ് ഈ ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങൾ. ഇവർ പട്ടണത്തിലേക്കു നടത്തുന്ന ബസ്സുയാത്രയുടെ ദൃശ്യങ്ങളോടെയാണ് സിനിമ ആരംഭിക്കുന്നത്. ഈ ദീർഘമായ യാത്രയിലൂടെ അടൂർ ഇതിവൃത്തഘടനയുടെ സങ്കീർണ്ണതകൾ സൂചിപ്പിക്കുന്നുണ്ട്. ദീർഘമായ യാത്ര ഇവിടെ മുന്നോട്ടുകിടക്കുന്ന ജീവിതത്തിന്റെയും അനന്തമായ ഭാവിയുടെയും സങ്കീർണ്ണതകളുടെ സൂചകമാകുന്നു. ''ഒരർത്ഥത്തിൽ ഈ ബസ്സുയാത്ര മിഥ്യയിൽനിന്ന് യാഥാർത്ഥ്യത്തിലേക്കുള്ളതാണ്. സാമ്പ്രദായികവും പിന്തിരിപ്പത്തം നിറഞ്ഞതും അസംതൃപ്തവും അസമത്വം പുലരുന്നതുമായ സമൂഹത്തിലെ വിരസമായ ജീവിതത്തിന്റെ യാഥാർത്ഥ്യത്തിലേക്കുള്ള യാത്ര. ഇവിടെ വൈരുദ്ധ്യങ്ങൾ കലർപ്പില്ലാത്തതും സ്പഷ്ടവുമാണ്.''1 തുടർന്നു നടക്കുന്ന സംഭവവികാസങ്ങളെയും അഭിമുഖീകരിക്കേണ്ടിവരുന്ന വിഭിന്നരായ വ്യക്തികളെയും കൂട്ടിവായിക്കുമ്പോൾ ഈ നിരീക്ഷണങ്ങൾ ശരിവയ്ക്കുന്നതാണ്.
ഋത്വിക് ഘട്ടക്കിന്റെ 'സുവർണ്ണരേഖ' (1965) എന്ന ചിത്രം സ്വയംവരത്തിന്റെ രചനയ്ക്കു പ്രചോദനമായെന്ന് അടൂർ സമ്മതിച്ചിട്ടുണ്ട്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അടൂർ പഠിക്കുന്ന കാലത്ത് ഘട്ടക് അവിടെ സംവിധാനം പഠിപ്പിച്ചിരുന്നു. അവിടത്തെ പരിശീലനരീതികളിലെ ഒരിനം വ്യത്യസ്തമായ പല ഇതിവൃത്ത സൂചനകൾ ഉപയോഗിച്ച് സ്വന്തവും സ്വതന്ത്രവുമായ തിരക്കഥകൾ രചിക്കുക എന്നതായിരുന്നു. ചിലപ്പോൾ ചില കഥകളോ നോവൽഭാഗങ്ങളോ ആണ് നൽകിയിരുന്നത്. ചില സന്ദർഭങ്ങളിൽ ചില സിനിമകളുടെതന്നെ ഭാഗങ്ങൾക്കോ സ്വഭാവങ്ങൾക്കോ മുൻതൂക്കം കൊടുത്തുകൊണ്ട് അതിനെ പുതിയൊരു സിനിമയ്ക്കുള്ള പ്രേരണയായിമാറ്റുക എന്നിങ്ങനെയായിരുന്നു അവിടത്തെ പരിശീലനപരിപാടികൾ. ഇതിൽ ഘട്ടക്കിന്റെ 'സുവർണ്ണരേഖ' അടൂരിനെ നന്നായി ആകർഷിച്ചിരുന്നു.
കിഴക്കൻബംഗാളിൽനിന്ന് ഈശ്വർചക്രവർത്തി എന്നയാൾ തന്റെ സഹോദരിയുമായി ബംഗാളിന്റെ ഉൾഗ്രാമത്തിലേക്ക് കുടിയേറുന്നു. തന്റെ അനുജത്തിയോടൊപ്പം അഭിരാമി എന്ന ഒരനാഥബാലനെയും അദ്ദേഹം എടുത്തുവളർത്തി പഠിപ്പിക്കുന്നു. സ്വന്തം സഹോദരനെപ്പോലെ കരുതിയിരുന്ന അഭിരാമി അനുജത്തി സീതയോട് പുലർത്തുന്ന പ്രണയപരമായ അടുപ്പം ഈശ്വറിൽ അസ്വസ്ഥതകൾ ഉണ്ടാക്കുന്നു. അഭിരാമി കീഴാളജാതിയിൽപ്പെട്ടയാളാണെന്നുകൂടി അറിയുന്നതോടെ എങ്ങനെയും സഹോദരിയെ അയാളിൽനിന്ന് അകറ്റാൻ ഈശ്വർ തീരുമാനിക്കുന്നു. അതിനായി അയാൾ സീതയുടെ വിവാഹം നടത്തുവാനുള്ള ഏർപ്പാടുകളും ചെയ്യുകയുണ്ടായി. എന്നാൽ വിവാഹത്തലേന്ന് സീതയും അഭിരാമിയും നഗരത്തിലേക്ക് ഒളിച്ചോടി. ഇത് ഈശ്വറിനെ മാനസികമായി തളർത്തുകയും അയാൾ മദ്യപാനത്തിലേക്കു തിരിയുകയും ചെയ്യുന്നു. നഗരത്തിലെത്തിയ അഭിരാമി ബസ്സ്‌ഡ്രൈവറായി ജോലിചെയ്യവെ അയാളുടെ ബസ്സിടിച്ച് ഒരു കുട്ടി മരിക്കാനിടയായി. ക്രുദ്ധരായ ജനക്കൂട്ടം അയാളെ അക്രമിച്ച് കൊലപ്പെടുത്തുന്നു. അനാഥയായ സീത മറ്റുവഴികളൊന്നും ഇല്ലാതെ വേശ്യാവൃത്തിയിലേക്കു തിരിയുന്നു. കുറച്ചുകാലത്തിനുശേഷം നഗരത്തിൽ എത്തുന്ന ഈശ്വർ, പണ്ഡിതനും രസികനുമായ മദ്യപാനസുഹൃത്തിന്റെ പ്രലോഭനങ്ങളാൽ വേശ്യത്തെരുവിലെ ഒരു വീട്ടിൽ പ്രവേശിക്കുന്നു. അയാളെ അകത്തുനിന്നുകണ്ട സീത ആത്മഹത്യചെയ്യുന്നു. സീതയും അഭിരാമിയും നാടുവിട്ടശേഷം അവൾ വേശ്യാത്തെരുവിൽ എത്തിപ്പെടുന്നതിനിടയിൽ എന്തെല്ലാം സംഭവിച്ചിരിക്കാം എന്ന ചിന്തകളാണ് അടൂരിന്റെ 'സ്വയംവര'ത്തിന്റെ ഇതിവൃത്തരചനയ്ക്കു പ്രേരണയായത്. ഇതിവൃത്തരൂപവത്കരണത്തിനുള്ള ഒരു പ്രചോദനം എന്നതിനപ്പുറം ഒരു ഘട്ടത്തിലും അദ്ദേഹം ഘട്ടക്കിനെ പിൻതുടരുന്നില്ല. അതിനാൽ 'സ്വയംവര'ത്തിന് സ്വതന്ത്രമായ ഒരു ഇതിവൃത്തത്തിന്റെ സ്വഭാവമാണുള്ളത്. ഇതിന്റെ പ്രധാനകാരണം അടൂർ ഇതിവൃത്തം ചിട്ടപ്പെടുത്തിയിരിക്കുന്നത് തികച്ചും കേരളീയമായ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ പശ്ചാത്തലത്തിലാണ് എന്നതാണ്. നായികാനായകന്മാരാകട്ടെ തനിക്കേരളീയരും. ഇത് അടൂർതന്നെ വ്യക്തമാക്കുന്നു. ''എന്തായാലും ഘട്ടക്കിന്റെ സീതയും അഭിയുമല്ല സ്വയംവരത്തിലെ സീതയും വിശ്വനാഥനും. അവർ തികച്ചും മലയാളിമധ്യവർഗ്ഗത്തിന്റെ പിൻതുടർച്ചക്കാരും പ്രതിനിധികളും തന്നെ.''2 മലയാളസിനിമയുടെ പരമ്പരാഗത ശൈലിയിലുള്ള കഥാഘടനയല്ല സ്വയംവരത്തിന്റേത്. അതിനാൽ സ്വയംവരത്തിന്റെ ഇതിവൃത്തം കഥാകഥനത്തിന്റെ ഇതിവൃത്തം എന്നതിനെക്കാൾ ജീവിതത്തിലെ പരുഷമായ യാഥാർത്ഥ്യങ്ങളുടെ ചില മുഹൂർത്തങ്ങളാണ്. അതിനാൽ കഥയുടെ സങ്കീർണ്ണതയെക്കാൾ ജീവിതസങ്കീർണ്ണതകളാണ് ഇവിടെ സംഘർഷം സൃഷ്ടിക്കുന്നത്. അത് ചിത്രത്തെ യാഥാർത്ഥ്യബോധമുള്ള ജീവിതാവിഷ്‌കാരമാക്കുന്നു. സാഹചര്യങ്ങളും അവസ്ഥകളും ജീവിതത്തിൽ അവരെ പലതും പഠിപ്പിക്കുന്നു. അവയെല്ലാം യഥാതഥമായി ചിത്രീകരിച്ചിരിക്കുന്നു. എന്നാൽ കലാത്മകത നഷ്ടപ്പെടുന്നുമില്ല. കൃത്യമായ ഒരു കാലവും ചരിത്രപരമായ ഒരു പശ്ചാത്തലവും വ്യക്തമാണുതാനും. ആയിരത്തിത്തൊള്ളായിരത്തി അറുപതുകളുടെ ഒടുക്കം കേരളത്തെസ്സംബന്ധിച്ച് പല കാരണങ്ങൾകൊണ്ടും സങ്കീർണമായ ഒരു കാലഘട്ടമായിരുന്നു. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ടും വ്യവസ്ഥിതിയിൽ സംതൃപ്തരല്ലാത്ത വ്യക്തികൾ നക്‌സലിസത്തിലേക്കും വിഘടനവാദത്തിലേക്കും തിരിഞ്ഞു. ജനങ്ങൾ വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അപചയം നേരിട്ടതും അതു പിളർന്നതും ഒരു തലമുറയെ നിരാശപ്പെടുത്തി. വർദ്ധിച്ച തൊഴിലില്ലായ്മ, മുതലാളിത്തചൂഷണം തുടങ്ങി സാമൂഹികാവസ്ഥ എല്ലാതരത്തിലും വഷളായിരുന്നു. ജന്മിത്തം അസ്തമിച്ചിരുന്നെങ്കിലും അതിന്റെ ശക്തിയും സ്വാധീനതയും മൂല്യങ്ങളും വ്യക്തികളിൽ അദൃശ്യമായി സമ്മർദ്ദം ചെലുത്തിക്കൊണ്ടിരുന്നു. ആധുനികവിദ്യാഭ്യാസം ലഭിച്ചവരും ആധുനികലോകത്തെ പ്രത്യാശിച്ചവരും ഇത്തരം ബന്ധനങ്ങളിൽനിന്നും മുക്തിനേടാൻ ആഗ്രഹിച്ചു. അത്തരം യുവത്വത്തിന്റെ പ്രതിനിധികളായിവേണം വിശ്വത്തെയും സീതയെയും കാണേണ്ടത്.
നഗരത്തിലെത്തിയ സീതയും വിശ്വവും ആദ്യദിനങ്ങളിൽ ഉന്നതനിലവാരമുള്ള ഹോട്ടലിലാണ് താമസിച്ചത്. എന്നാൽ തങ്ങളുടെ സാമ്പത്തികനിലയെക്കുറിച്ച് ബോധമുള്ള അവർ വളരെപ്പെട്ടെന്നുതന്നെ ചെലവുകുറഞ്ഞ മറ്റൊരു ലോഡ്ജിലേക്കും ഒടുവിൽ ചേരിസമാനമായ ഒരു പ്രദേശത്തെ വാടകവീട്ടിലേക്കും താമസം മാറ്റുന്നു. അവിടെ അയൽക്കാരായി ഉണ്ടായിരുന്നത് വേശ്യയായ കല്യാണി, അവളുടെ സന്ദർശകൻ കള്ളക്കടത്തുകാരൻ വാസു, ചെറിയതോതിൽ നെല്ലുകുത്തി വിൽക്കുന്ന അരിക്കാരി ജാനകിയമ്മ തുടങ്ങിയവരായിരുന്നു. കൈയിലുണ്ടായിരുന്ന പണം തീർന്നുതുടങ്ങിയപ്പോൾ വിശ്വം തൊഴിൽതേടിയിറങ്ങുന്നു. ഒരുപാട് അലച്ചിലുകളാണ് ഒരു തൊഴിലിനുവേണ്ടി വിശ്വം നടത്തുന്നത്. എന്നാൽ മറുവശത്ത് ട്രേഡ്‌യൂണിയനുകളുടെ നേതൃത്വത്തിൽ പണിമുടക്കുന്നവരെയും കാണാം. ഇതിൽനിന്ന് എഴുപതുകളുടെ വ്യക്തമായ ഒരു ചിത്രമാണ് നമുക്കു ലഭിക്കുന്നത്. സർഗ്ഗാത്മകമായ കഴിവുകൾ ഉണ്ടായിരുന്ന വിശ്വം ചെറിയ ചില കഥകൾ മുൻപു പ്രസിദ്ധീകരിച്ചതിന്റെ ബലത്തിൽ താനെഴുതിയ 'നിർവൃതി' എന്ന നോവലുമായി ഒരു പത്രാധിപരെ സമീപിക്കുന്നു. എന്നാൽ പത്രാധിപരുടെ പ്രതികരണം നിരാശാജനകമായിരുന്നു. ജോലിതേടിയുള്ള അന്വേഷണം ഒടുവിൽ ഫലം കാണുന്നത് ഒരു ട്യൂട്ടോറിയൽ കോളേജിൽ അധ്യാപകനായി ജോലി ലഭിക്കുന്നതിലാണ്. നഷ്ടത്തിൽ പ്രവർത്തിക്കുന്ന ആ സ്ഥാപനവും വളരെവൈകാതെ വിശ്വത്തെ ഒഴിവാക്കുന്നു. കുറെ ദിവസത്തെ അന്വേഷണത്തിനുശേഷം അയാൾക്ക് ഒരു തടിമില്ലിൽ കണക്കെഴുത്തു പണി കിട്ടുന്നു. പിരിച്ചുവിട്ട ഒരു തൊഴിലാളിയുടെ ഒഴിവിലാണ് തന്നെ നിയമിച്ചിരിക്കുന്നതെന്ന സത്യം അയാളിൽനിന്നുതന്നെ വിശ്വം അറിയേണ്ടിയുംവരുന്നു. ഒരുപക്ഷേ മെച്ചപ്പെട്ട തൊഴിലാളിയായി വിശ്വത്തെ കിട്ടിയപ്പോൾ അയാളെ പിരിച്ചുവിട്ടതുമാകാം. കൂടുതൽ മെച്ചപ്പെട്ട തൊഴിലാളികളെ ലഭിക്കുമ്പോൾ താരതമ്യേന മോശമായവരെ ഒഴിവാക്കുന്ന മുതലാളിത്തവ്യവസ്ഥിതിയുടെ ഇരയാവാം അയാൾ. അയാൾ നിരവധിതവണ വിശ്വത്തോട് കേണപേക്ഷിക്കുകയും മില്ലിന്റെ ഗേറ്റിൽവന്ന് പ്രതീക്ഷയോടെ നോക്കിനിൽക്കുകയും ചെയ്യുന്നുണ്ട്. മറ്റൊരുതൊഴിൽ വേഗത്തിൽ ലഭിക്കാൻ സാധ്യതയില്ലാത്ത ഒരു കാലഘട്ടത്തിന്റെ സാമൂഹികചിത്രമാണ് ആ തൊഴിലാളിയുടെ ദൈന്യത്തിലൂടെ ഇവിടെ സൂചിതമാകുന്നത്. അതേകാരണങ്ങൾകൊണ്ടുതന്നെ വിശ്വത്തിനും ഒഴിഞ്ഞുകൊടുക്കാൻ കഴിയുമായിരുന്നില്ല. വലിയ വരുമാനമില്ലായിരുന്നെങ്കിലും സംതൃപ്തിയോടെ കഴിഞ്ഞിരുന്ന വിശ്വത്തെ പിടികൂടിയ ജ്വരം കാര്യങ്ങൾ ആകെ തകിടംമറിച്ചു. അത് അയാളുടെ മരണത്തിൽ കലാശിക്കുന്നു. ഇതോടെ സീതയും കുഞ്ഞും തീർത്തും അനാഥരാകുന്നു. അവൾക്കുമുന്നിൽ രണ്ടുവഴികളേ ഉണ്ടായിരുന്നുള്ളൂ. ഒന്നുകിൽ ആത്മഹത്യചെയ്യുക അല്ലെങ്കിൽ എങ്ങനെയും ജീവിക്കുക. അവൾ രണ്ടുംകല്പിച്ച് ജീവിക്കാൻ തീരുമാനിക്കുന്നിടത്ത് ചിത്രം അവസാനിക്കുന്നു. സിനിമയിൽ എല്ലാം ശുഭപര്യവസായിയായിത്തീരുന്ന ഒരു കാലഘട്ടത്തിലാണ് അടൂർ ജീവിതത്തിന്റെ ഒരു സന്ദിഗ്ദ്ധാവസ്ഥയിൽ ചിത്രം അവസാനിപ്പിച്ചത്. ഇതിവൃത്തഘടനയിൽ മലയാളിക്ക് അന്നേവരെ പരിചയമില്ലാത്ത ഒരു അനുഭവമായിരുന്നു ഇത്. പരിവർത്തനത്തിന്റെ പല കൈവഴികളിലേക്കും സഞ്ചരിക്കുന്ന കേരളത്തിന്റെ എഴുപതുകളുടെ ശക്തമായ പ്രതിഫലനം ഈ ചിത്രത്തിൽ കാണാം. ''അക്കാലത്ത് കേരളജനതയിലുണ്ടായിരുന്ന വൈകാരികപ്രതിസന്ധികളും ഉത്കണ്ഠകളും ആകുലതകളും ഈ ചിത്രം പ്രതിഫലിപ്പിക്കുന്നു. ഒരു മധ്യവർഗ്ഗമനഃസ്ഥിതിയിൽനിന്ന് ആധുനികകാഴ്ചപ്പാടിലേക്കുള്ള ആ യുവദമ്പതികളുടെ പരിവർത്തനം ഇതിനുദാഹരണമാണ്''3 എന്ന നിരീക്ഷണം അതുകൊണ്ടുതന്നെ പ്രസക്തമാണ്.
കൂട്ടുകുടുംബവ്യവസ്ഥിതിയുടെ പരിവർത്തനത്തിനു കാരണമായ പ്രധാന ഘടകങ്ങളിലൊന്ന് ആധുനികവിദ്യാഭ്യാസം സൃഷ്ടിച്ച മൂല്യബോധവും തൊഴിൽസാധ്യതകളുമായിരുന്നു. ഇതെല്ലാം പരോക്ഷമായെങ്കിലും കാർഷികമേഖലയെ ബാധിക്കുന്നവ കൂടിയായിരുന്നു. ജന്മികുടുംബങ്ങളിലെ പുതിയ തലമുറ ആധുനികവിദ്യാഭ്യാസരംഗത്ത് സജീവമായി. ഇതെല്ലാം അവരെ ഭൂമിയോടുള്ള കെട്ടുപാടുകളിൽനിന്നും കാർഷികരംഗത്തെ മേൽനോട്ടത്തിൽനിന്നും പിൻമാറാൻ പ്രേരിപ്പിച്ചു. വിദ്യാഭ്യാസത്തിലൂടെ മൂല്യബോധമുണ്ടായ ജന്മികുടുംബങ്ങളിലെതന്നെ പുതിയ തലമുറയിലെ ചിലരെങ്കിലും കാർഷികമേഖലയിലെയും ജാതിവ്യവസ്ഥയിലെയും അനീതികൾക്കെതിരെ പ്രതികരിക്കുവാനും പ്രവർത്തിക്കുവാനും തുടങ്ങി. വിദ്യാഭ്യാസത്തിലൂടെ ഉന്നതമായ ജോലികൾ കരസ്ഥമാക്കാൻ കഴിയുന്ന സാമൂഹികസാഹചര്യങ്ങൾ നിലവിൽവന്നത് പലരും കാർഷികമേഖലയോടു വിടപറയാൻതന്നെ കാരണമായി. വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ സമൂഹത്തിൽ പ്രബലമായതും ജന്മികുടുംബങ്ങളിൽനിന്നും കാരണവൻമാരുടെ ആധിപത്യത്തിൽനിന്നും മോചനംനേടാൻ പുതിയ തലമുറയെ പ്രേരിപ്പിച്ചു. അതിനാൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ കൃഷികാര്യങ്ങൾ നോക്കിനടത്താൻ ജന്മിത്തറവാടുകളിൽ താത്പര്യമുള്ളവർ ഇല്ലാത്ത ഒരു സാഹചര്യവും കേരളത്തിലുണ്ടായി. 'സ്വയംവര'ത്തിലെ സീതയും വിശ്വനാഥനും മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിച്ചവരാണ്. സമൂഹത്തിലെ മുൻപന്തിയിലുണ്ടായിരുന്ന കുടുംബങ്ങളിലെ വ്യക്തികൾക്കു മാത്രമേ അക്കാലങ്ങളിൽ ഉന്നതവിദ്യാഭ്യാസം നേടാനുള്ള അവസരം ലഭിച്ചിരുന്നുള്ളൂ. വിശ്വവും സീതയും ഒരുമിച്ചു ജീവിക്കുവാൻവേണ്ടി നഗരത്തിലേക്കു ചേക്കേറുകയാണ്. ഈ ബന്ധം ഒരുപക്ഷേ തറവാട്ടുകാരണവർക്ക് സ്വീകാര്യമല്ലാത്തതുകൊണ്ടുകൂടിയായിരിക്കാം അവർക്ക് നാടുവിടേണ്ടിവന്നത്. എന്തായാലും അവർ കാരണവർക്ക് കീഴടങ്ങുന്നില്ല. നഗരത്തിലെത്തി തൊഴിൽ അന്വേഷിക്കുന്ന വിശ്വത്തിന് ചെറിയ ജോലികളാണ് ലഭിക്കുന്നതെങ്കിലും അയാൾ സന്തോഷത്തോടെയാണ് ആ ജോലികൾ ചെയ്യുന്നത്. തുച്ഛമായ വരുമാനംകൊണ്ട് അവർ സന്തോഷത്തോടെ ജീവിക്കുകയും ചെയ്യുന്നു. തറവാട്ടുകാരണവന്മാർ മറ്റുള്ളവരുടെ അദ്ധ്വാനത്തിന്റെ ഫലത്തിൽ ജീവിക്കുമ്പോൾ പുതിയ തലമുറ സ്വന്തം അദ്ധ്വാനത്തിൽ ജീവിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നതിന്റെകൂടി പ്രതിഫലനമാണ് വിശ്വത്തിന്റെ ഭാവങ്ങളിൽ തെളിയുന്നത്. അവർ സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ചു ജീവിക്കാൻ തീരുമാനിക്കുന്നതുതന്നെ പരമ്പരാഗത അധികാരവ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണ്. കാരണവർ തീരുമാനിക്കുന്ന വിവാഹത്തിനു നിന്നുകൊടുക്കുക മാത്രമായിരുന്നു അന്നത്തെ തലമുറ ചെയ്തിരുന്നത്. എന്നാൽ സീതയും വിശ്വവും അതിൽനിന്നു വ്യത്യസ്തരായി സ്വന്തം ജീവിതം സ്വയം തിരഞ്ഞെടുക്കാനുള്ള ആർജ്ജവം കാട്ടുന്നു. ആധുനികവിദ്യാഭ്യാസത്തിന്റെ മൂല്യബോധം അവർക്കതിനു പ്രേരണയായിരിക്കാം. സ്വയം തിരഞ്ഞെടുത്ത ആ ജീവിതം പുലർത്തുവാനായി എന്തു ത്യാഗത്തിനും അവർ തയ്യാറാകുന്നിടത്താണ് ഗുണാത്മകമായ ഒരു തലത്തിലേക്ക് അവരുടെ സ്വത്വം വളരുന്നത്. അതുപോലെ വിശ്വം ജ്വരബാധിതനായി മരണപ്പെടുമ്പോഴാണ് സീതയുടെ സ്വത്വത്തിന്റെ ആർജ്ജവം നമ്മൾ തിരിച്ചറിയുന്നത്. വിധവയായിത്തീർന്ന അവൾ അന്യാശ്രയങ്ങളൊന്നുമില്ലെങ്കിലും തളരാതെ ജീവിക്കാൻതന്നെ തീരുമാനിക്കുന്നു. പ്രലോഭനങ്ങളുടെ ഇടിമുഴക്കത്തോടെയാണ് ചിത്രം അവസാനിക്കുന്നത്. ഇടിമുഴക്കത്തിന്റെ പ്രകമ്പനത്തിൽ കതകും അതിന്റെ സാക്ഷയും വിറയാർന്നുനിൽക്കുന്നു. ഒരുപക്ഷേ പുറത്തുനിന്നുള്ള ഒരു ബലപ്രയോഗമാകാം അത്. ചീറിപ്പായുന്ന മിന്നൽപ്പിണരുകൾ വീട്ടിലേക്കു പതിക്കുമ്പോൾ ഭിത്തിയിൽ തെളിയുന്ന സീതാസ്വയംവരത്തിന്റെ ചിത്രം സീതയുടെ മനസ്സ് വ്യക്തമാക്കുന്നതാണ്. ജീവിക്കാൻ തന്നെയാണ് തീരുമാനം. പക്ഷേ അതിനുവേണ്ടി വഴിവിട്ട ഒരു ജീവിതത്തിനില്ല. സീതയുടെ സ്വത്വബോധം പൗരാണികഭാരതീയ ധാർമ്മികതയിൽ അടിയുറച്ചതാണെന്ന് ഇതിൽനിന്നു വ്യക്തമാണ്. സീത ഇഷ്ടപ്പെട്ട പുരുഷനൊപ്പം ഒരുമിച്ചു ജീവിക്കാൻ ഇറങ്ങിപ്പുറപ്പെട്ടത് ഒരു ഒളിച്ചോട്ടമായിരുന്നില്ല. മറിച്ച് സ്വയംവരിക്കുവാനുള്ള ഭാരതീയമായ സ്ത്രീ അവകാശത്തെത്തന്നെയാണ് അവൾ തിരഞ്ഞെടുക്കുന്നത്. അതിനാൽ സീതയുടെയും വിശ്വത്തിന്റെയും സ്വത്വങ്ങൾ പാരമ്പര്യത്തിലെ നന്മകളെ ഉൾക്കൊള്ളുന്നതായിരുന്നു. അതുകൊണ്ടാണ് വഴിയിലും ലോഡ്ജിലുമൊക്കെ ചിലർ സീതയെ തുറിച്ചുനോക്കുമ്പോൾ 'ഇങ്ങനെ കഴിഞ്ഞാല് ആളുകള് എന്തു വിചാരിക്കും? എനിക്കൊരു താലി വേണം' എന്നു സീത പറയുന്നത്. സമൂഹം താലിക്കു നൽകുന്ന സ്ഥാനത്തെയും അതിന്റെ സുരക്ഷിതത്വത്തെയും സീത തിരിച്ചറിയുന്നുണ്ട്. ലോഡ്ജിലെ അന്തേവാസികളുടെ ദുരൂഹമായ പെരുമാറ്റങ്ങൾ കാണുമ്പോൾ വാടകയ്‌ക്കെങ്കിലും ഒരു വീടെടുക്കുന്നതിന് സീത വിശ്വത്തെ പ്രേരിപ്പിക്കുന്നു. വീടു നൽകുന്ന സുരക്ഷിതത്വമാണ് ഇതിലൂടെ വെളിവാകുന്നത്. ചുരുക്കത്തിൽ സീതയുടെയും വിശ്വത്തിന്റെയും സ്വത്വമണ്ഡലം പരിവർത്തിക്കുന്നത് പാരമ്പര്യം പൂർണ്ണമായി ഉപേക്ഷിച്ചുകൊണ്ടല്ല.
പൗരാണികകഥകളിലും ഐതിഹ്യങ്ങളിലും സ്ത്രീക്ക് ഇഷ്ടമുള്ള വരനെ സ്വീകരിക്കാനുള്ള അവകാശമുണ്ടായിരുന്നു. ഇത് ഒരുപക്ഷേ യഥാർത്ഥത്തിൽ സമൂഹത്തിൽ ഒരുകാലത്തു നിലനിന്നിരുന്നതുമാകാം. എന്നാൽ ഇത്തരം അവകാശങ്ങൾ ഇടക്കാലത്തെപ്പോഴോ നഷ്ടപ്പെട്ടുപോയി. അതിനാൽ ഇവിടെ സ്വയംവരം ഒരർത്ഥത്തിൽ യഥാർത്ഥപാരമ്പര്യത്തെ തിരിച്ചുപിടിക്കുകകൂടിയാകുന്നു. അതായത്, പാരമ്പര്യത്തെ പൂർണ്ണമായി നിരാകരിക്കുകയല്ല; മറിച്ച്, പാരമ്പര്യത്തിന്റെ ഭാഗമായി കണക്കാക്കപ്പെട്ട മാലിന്യങ്ങളെ തൂത്തെറിയുകയായിരുന്നു ഇവർ. കുടുംബപരമായി പെണ്ണിന്റെ മേലുള്ള ആധിപത്യങ്ങളെയും കാരണവൻമാരുടെ കടന്നുകയറ്റങ്ങളെയും ധിക്കരിച്ചുകൊണ്ടാണ് 'സ്വയംവര' ത്തിലെ സീത ഇറങ്ങിപ്പോകുന്നതെങ്കിലും പരമ്പരാഗതമായ മൂല്യങ്ങളെ അവർ എന്നും ഉൾക്കൊണ്ടിരുന്നു. ഭാര്യ എന്ന നിലയിൽ താലി നൽകുന്ന സുരക്ഷിതത്വത്തെ അവർ തിരിച്ചറിയുന്നത്. അതുകൊണ്ടാണ് ആ സുരക്ഷിതത്വത്തെ അവർ സ്വീകരിക്കുകയും ചെയ്യുന്നു. പൂർണ്ണമായി വളർച്ചയെത്താത്ത ഒരു സമൂഹമായിരുന്നു അത്. സ്ത്രീയും പുരുഷനും സ്വതന്ത്രരായി ജീവിക്കുന്നത് ഉൾക്കൊള്ളാൻ ആ സമൂഹത്തിന് കഴിയുമായിരുന്നില്ല. അതിന്റെ ചില ദൃശ്യങ്ങളും ചിത്രത്തിൽ കാണാം. സമൂഹമനസ്സിന്റെ അവിശ്വാസകരമായ ചില നോട്ടങ്ങളുടെ ചിത്രണത്തിലൂടെ അടൂർ ഇത് തുറന്നുകാട്ടുന്നു. ബസ്സ്‌യാത്രയ്ക്കിടയിൽ അപരിചിതനായ ഒരാൾ സീതയെ തുറിച്ചുനോക്കുന്നതും ലോഡ്ജിൽ മുറിയെടുക്കാനായി പോകുമ്പോൾ അവിടത്തെ അന്തേവാസികളിൽ ഒരുവൻ അർത്ഥസൂചകമായി നോക്കുന്നതും വാടകവീട്ടിലെ താമസത്തിനിടയിൽ കള്ളക്കടത്തുകാരൻ വാസു ആഗ്രഹപൂർവ്വം രൂക്ഷമായി നോക്കുന്നതും സമൂഹമനസ്സിന്റെ വ്യത്യസ്തവിതാനങ്ങളെ വെളിപ്പെടുത്തുന്നതാണ്. സമൂഹത്തിന്റെ ആക്രമണങ്ങളെ വിശ്വത്തെക്കാൾ കരുത്തോടെ നേരിടുന്നത് സീതയാണെന്നു കാണാം. സമൂഹമനസ്സിന്റെ പ്രതിനിധികളായ മൂന്ന് മദ്യപൻമാർ രാത്രി വീട്ടിലേക്ക് പുലഭ്യംപറഞ്ഞുകൊണ്ട് കടന്നാക്രമിക്കുമ്പോൾ വിശ്വം തളർന്നുപോകുന്നു. നമ്മൾ ചെയ്തത് തെറ്റാണോ എന്നും അയാൾ ചിന്തിക്കുന്നു. എന്നാൽ സീതയെസ്സംബന്ധിച്ച് അങ്ങനെയൊരു ചിന്തയേ ഇല്ല. രാത്രിയിൽ വീടുതെറ്റി ജനലിൽ തട്ടുന്ന പോലീസുകാരനോടുപോലും സീത പരുഷമായിട്ടാണ് പ്രതികരിക്കുന്നത്. പോലീസാണെങ്കിലും സീതയുടെ ആർജ്ജവത്തിനുമുന്നിൽ ചൂളിപ്പോകുകയാണ് അയാൾ. പ്രതിസന്ധികളെ നേരിടുന്ന സന്ദർഭങ്ങളിലെല്ലാം സീതയുടെ കരുത്ത് വേറിട്ടു കാണാൻകഴിയും. വിശ്വത്തിന്റെ വരുമാനംകൊണ്ടുമാത്രം കുടുംബം കഴിഞ്ഞുപോകാൻ ബുദ്ധിമുട്ടുണ്ടാകുമ്പോൾ സീതയും തൊഴിലന്വേഷിക്കുന്നുണ്ട്. ഉന്നതവിദ്യാഭ്യാസം നേടിയ വ്യക്തിയെങ്കിലും അവർ സെയിൽസ് ഗേളായി ജോലി ചെയ്യാൻപോലും തയ്യാറാകുന്നു. വിശ്വം ജ്വരംബാധിച്ച് മരണപ്പെടുമ്പോൾ സീതയുടെ സ്വത്വബോധത്തിന്റെ കരുത്ത് കൂടുതൽ വ്യക്തമാകുന്നു. നാട്ടിലേക്ക് തിരിച്ചുപോകാൻ എല്ലാവരും നിർബന്ധിക്കുമ്പോൾ അവർ അതിനുമാത്രം വഴങ്ങുന്നില്ല. മറ്റാരെയും ബുദ്ധിമുട്ടിക്കാതെ ആർക്കും കീഴടങ്ങാതെ സധൈര്യം ജീവിക്കാൻതന്നെ തീരുമാനിക്കുന്നു. ഇതിലൂടെ സ്ത്രീസ്വത്വവളർച്ചയുടെ ഏറ്റവും പൂർണ്ണത നേടിയ നിലയിലേക്ക് സീത പ്രതിഷ്ഠിക്കപ്പെടുകയാണ്. സ്വയംനിശ്ചയിക്കുന്ന ഒരു വിവാഹം എന്നതിനപ്പുറം സ്വയംവരിക്കുന്ന ജീവിതംതന്നെയാണ് ഇത്തരം കഥാപാത്രങ്ങൾക്കു മിഴിവും കരുത്തും പകരുന്നത്.
കുറിപ്പുകൾ
1. ഗൗതമൻ ഭാസ്‌കരൻ, അടൂർഗോപാലകൃഷ്ണൻ സിനിമയിൽ ഒരു ജീവിതം, മാതൃഭൂമി ബുക്‌സ്, കോഴിക്കോട്, 2011, പുറം 122.
2. അടൂർ ഗോപാലകൃഷ്ണൻ, അടൂർഗോപാലകൃഷ്ണന്റെ തെരഞ്ഞെടുത്ത ലേഖനങ്ങൾ, ഹരിതം ബുക്‌സ്, കോഴിക്കോട്, 2014, പുറം 147.
3. ഗൗതമൻ ഭാസ്‌കരൻ, അടൂർഗോപാലകൃഷ്ണൻ സിനിമയിൽ ഒരു ജീവിതം, മാതൃഭൂമി ബുക്‌സ്, കോഴിക്കോട്, 2011, പുറം 124.
ഡോ. മുനീർ ശൂരനാട്
9446184795





Comments