സ്വർണ്ണക്കടൽ കണ്ട നാൾ
- GCW MALAYALAM
- Sep 14
- 3 min read
Updated: Sep 15
ഓർമ്മക്കുറിപ്പ്- ഡോ.രുഗ്മിണി കെ.

അതൊരു ഓണക്കാലമായിരുന്നു - ഓർമ്മയിലെ ആദ്യ ഓണക്കാലം. അന്ന് ഞാൻ കുറച്ചു വൈകിയായിരുന്നു എഴുന്നേറ്റത്. ആരുടെയും ഒച്ചയും അനക്കവും ഒന്നും കേൾക്കാനില്ല. അപ്പോഴാണ് അറിയുന്നത് എല്ലാവരും പൂപറിക്കാൻ പോയിരിക്കുന്നു. എനിക്ക് വല്ലാത്ത സങ്കടം തോന്നി. എന്നെ കൂട്ടിയില്ലല്ലോ - അതിനുമുമ്പും പൂ പറിക്കാൻ പോയ ഓർമ്മയൊന്നും എനിക്കില്ല. ഞാൻ വളരെ ചെറുതായതുകൊണ്ടും എപ്പോഴും എന്തെങ്കിലുമൊക്കെ അസുഖമാവുന്നതു കൊണ്ടും എന്നെ കൂട്ടാതെ പോക്ക് പതിവാണ്. ഇനി ഇങ്ങനെ വിട്ടാൽ പറ്റില്ല. ചേച്ചിമാരും കൂട്ടരും ഒക്കെ പോയ ഇടത്തേക്ക് പോവുക തന്നെ. അമ്മയിൽ നിന്നും കിട്ടിയ വിവരം വെച്ച് പാട്ടത്തിലെ പറമ്പിലൊക്കെ നോക്കി. അവിടുത്തെ കുടികിടപ്പുകാരിയായ പങ്കജാക്ഷി ഏടത്തിയെ കണ്ടുചോദിച്ചു. വല്ല തുമ്പും കിട്ടുമോ എന്നറിയാൻ.'’കളത്തിലെപാടത്തക്ക്പോയിട്ടുണ്ടാവും. ന്റെ’ കുട്ടി ഇത്കൂടെ അങ്ങട്ട് എറങ്ങിക്കോളീ.”
കേട്ടപാതി കേൾക്കാത്തപാതി ഞാൻ ആ വഴിയെ ഓടി. പാട്ടത്തിലെ പറമ്പിൽ നിന്നും പടിഞ്ഞാട്ടുള്ള പടിക്കൽ ചെന്നുനിന്നു. അവിടെ ഒരു മനുഷ്യജീവിയെയും കണ്ടില്ല. കണ്ടത് ഒരു സ്വർണ്ണക്കടൽ ആയിരുന്നു. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന വിളഞ്ഞ നെൽപ്പാടം. ഞങ്ങളുടെ വീടിനു മുന്നിലും പാടങ്ങളാണ് പക്ഷേ അത് ഇത്രയും വിശാലമല്ല. ഇങ്ങനെ ഒരു കാഴ്ച ഇത് ആദ്യമാണ്. ഇതിലും മനോഹരമായ എത്രയോ കാഴ്ചകൾ പിന്നീട് കണ്ടിട്ടുണ്ട്, എന്നാൽ അന്ന് പകർന്നു കിട്ടിയ അനുഭൂതി മറ്റൊന്നിൽ നിന്നും കിട്ടിയിട്ടില്ല. .
ബാല്യത്തിന്റെകൗതുകം-ഓരോന്നിനെ യും അറിയാനുള്ള വെമ്പൽ അതൊക്കെയാകാം ആ കാഴ്ച ഇന്നും ഒളിമങ്ങാതെ ഓർമ്മച്ചെപ്പിൽ ഇരിക്കുന്നത്. ഏതോ മായിക ലോകത്തിൽ എത്തിപ്പെട്ടപോലെ… കാറ്റിൽ അലകൾ തീർക്കുന്ന സ്വർണക്കടൽ തീരത്ത് ഞാൻ നിന്നു. പ്രഭാതസൂര്യന്റെ പൊൻകിരണങ്ങൾ തട്ടി തിളങ്ങുന്ന നെൽപ്പാടം…. മായികം എന്നല്ലാതെ എന്തു പറയാനാണ്! മരങ്ങൾക്കിടയിലൂടെ പ്രഭാത സൂര്യൻ്റെ പൊൻകിരണങ്ങൾ വാർന്നു വീഴുന്നത് കണ്ട ഒരു വേളയിലാണ് തനിക്കാദ്യമായി ദൈവാനുഭവം ഉണ്ടായതെന്ന് മഹാ കവി രവീന്ദ്രനാഥടാഗോർ എഴുതിയത് എവിടെയോ വായിച്ചിട്ടുണ്ട്.
‘യ്യോ .. ന്റെ ദൈവമേ…ഹാ….ന്റെ അമ്മേ…..’ എന്നൊക്കെ ചില ആഹ്ലാദ സ്വരങ്ങൾപുറപ്പെടുവിച്ചു കൊണ്ട് തുള്ളിച്ചാടികൊണ്ടിരുന്ന ഞാൻ പെട്ടെന്ന് ഒരു അശരീരി കേട്ട് ഞെട്ടി. “ടീ…പൊട്ടിക്കാളീ…അവിടെ നിന്ന് ഒച്ചണ്ടാക്കല്ലേ. കിളി വന്ന്എല്ലാവരെയും പിടിക്കും ഒച്ചണ്ടാക്കാതെ ഇങ്ങട്ട് വാ“ നോക്കുമ്പോൾ മണിച്ചേച്ചിയാണ്, പാടത്തിന് വെളിയിലേക്ക് തല മെല്ലെ കാണിച്ച് എന്നെയും വിളിക്കുകയാണ്.
കണ്ണിന് ആനന്ദം പകരുന്ന കാഴ്ച ഒന്നു കൂടി ഒപ്പിയെടുത്ത് ഞാൻ പടികൾ ഇറങ്ങി പാടത്തേക്ക് നൂണ്ടിറങ്ങി. അപ്പോഴാണ് അടിയിൽ മറ്റൊരുലോകം ഉള്ളതറിയുന്നത്.
പൂക്കളുടെ ഒരു ലോകം - നെൽചെടിയിൽ ചുറ്റിക്കിടക്കുന്ന വള്ളിമേൽ നിറയെ വെള്ളയും വയലറ്റും വരകളുള്ള നെല്ലിപ്പൂ, നിലത്ത് പടർന്നു കിടക്കുന്ന പുല്ലിൽ മഞ്ഞനിറത്തിലുള്ള ചങ്ങണപ്പൂ, പിന്നെ കാക്കപ്പൂ…..
എല്ലാവരും മണ്ണിൽ കിടന്നുകൊണ്ടും കുന്തിച്ചിരുന്നും പൂവട്ടികൾ നിറയ്ക്കയാണ് ഒച്ച ഉണ്ടാക്കാതെ അനങ്ങാതെ. പാടത്തിന്റെ നടുവിലേക്ക് വരെ എത്തുന്നതും ഇഴഞ്ഞു നീങ്ങിയാണ്. കാരണം അവിടെ നെല്ലുകാക്കാൻ കാര്യസ്ഥൻമാരുണ്ട്. അവരിൽ ഒരാളാണ് നേരത്തെ പറഞ്ഞ‘കിളി’. അന്നൊക്കെ ഞങ്ങളുടെ നാട്ടിലെ മിക്ക ആളുകളും ഇരട്ട പേരിലാണ് അറിയപ്പെട്ടിരുന്നത്. കിളിക്കുമാരൻ, കിളിവേലായുധൻ, കിളിവാസു… അങ്ങനെയങ്ങനെ. ഇവരൊക്കെ ‘കിളി’ പരമ്പരയിൽപെട്ട ആളുകളാണ്. പരമ്പരാഗതമായി പാടത്ത് കിളിയാട്ടുന്ന ആളുകൾ ആവണം. കിളിക്കുമാരനെയാണ് അന്ന് ‘കിളി’ എന്നതുകൊണ്ട് ഉദ്ദേശിച്ചിരുന്നത്. കിളികളെ മാത്രമല്ല ഞങ്ങൾ കുട്ടികളെയും പാടത്ത് കണ്ടാൽ അയാൾ വലിയ ഒച്ചയിട്ട് ആട്ടും. ‘കിളി’ പാടത്തിന്റെ വരമ്പിലൂടെ നടന്നു ഒച്ച ഇട്ടിട്ടും കാര്യമില്ല ഞങ്ങൾ നൂണ്ട് നൂണ്ട് വയൽപരപ്പിന്റെ ഒത്തനടുക്ക് എത്തിയിട്ടുണ്ടാവും. പൂനുള്ളി കഴിഞ്ഞാൽ ഞങ്ങൾ അവിടെ കിടന്നും ഇരുന്നും ഒക്കെ വിശ്രമിക്കും. പിന്നെ മെല്ലെ തല പൊന്തിച്ച് നോക്കി പേടിക്കേണ്ട ആരുമില്ലെന്ന് ഉറപ്പുവരുത്തിയാണ് തിരിച്ചു വരവ്. കൂട്ടുകാർക്കെല്ലാം ഏറ്റവും കൂടുതൽ പൂനുള്ളി വട്ടി നിറയ്ക്കാനുള്ള ഉത്സാഹമായിരുന്നു. എനിക്കാകട്ടെ അത്തരം മത്സരത്തിൽ ഒന്നും യാതൊരു താൽപര്യ വും ഇല്ലായിരുന്നു. അനുഭൂതികളുടെ ലോകത്ത് സഞ്ചരിക്കാനായിരുന്നു താല്പര്യം. പൂക്കളുടെയും വിളഞ്ഞ നെല്ലിന്റെയും ഗന്ധം നുകർന്ന് നനഞ്ഞ മണ്ണിൽ കിടന്ന് എന്റെ അമ്മേ… എന്റെ അമ്മേ…. എന്നു വിളിച്ചു പുളകം കൊള്ളുക. അല്ലെങ്കിൽ താഴത്തെയും മുകൾപരപ്പിലെയും രണ്ട് വിസ്മയലോകങ്ങൾക്കിടയിൽ സ്വയം മറന്ന്, കിളിയെ പോലും പേടിക്കാതെ നിൽക്കുക. അതുകൊണ്ടുതന്നെ എന്റെ വട്ടിയിൽ പൂവ് നിറയാതെ കിടന്നു. അവർ എന്നെ കൂട്ടാതെ പോകുന്നതിന്റെ പിന്നിലുള്ള കാരണവും അതൊക്കെതന്നെ. എങ്കിലും ഞാൻ അവരുടെ പിന്നാലെ മണത്തെത്തും - പാടത്തും പറമ്പിലും വേലിപടർപ്പിലും പൊന്തക്കാട്ടിലും പുഴവക്കത്തും ഒക്കെ. അന്ന് പുല്ലൂണിദേശത്ത് ഞങ്ങൾ എത്താത്ത ഒരു ഇടവുംബാക്കി ഇല്ലായിരുന്നു. ഓണക്കാലവും വിഷുക്കാല വും എല്ലാം ഞങ്ങൾക്ക് ഉത്സവമായിരുന്നു - കണ്ണിനുംകരളിനും. നെല്ലിപ്പൂ, ചങ്ങണപ്പൂ, കാക്കപ്പൂ, തുമ്പപ്പൂ, കോളാമ്പിപ്പൂ, കോൽപ്പൂ, കിരീടപ്പൂ എന്നിങ്ങനെ പൂക്കളുടെ സമൃദ്ധി - അന്നത്തെ ദാരിദ്ര്യത്തിലും പ്രകൃതി തന്ന നിറവ്.
ചെറുപ്പം മുതൽ വിശാലതയുടെ, അനന്തതയുടെ അനുഭൂതിയാണ് പ്രകൃതി എനിക്ക് നൽകിയത്. ഞങ്ങളുടെ ചെറിയ ഓലമേഞ്ഞ വീടിന്റെ മൂന്ന് ഭാഗവും പാടങ്ങ ളായിരുന്നു. വിശാലമായ പാടത്തിന്റെ ഒരു അരികിൽ ഞങ്ങളുടെ വീട് മാത്രം. താഴേക്ക് നോക്കിയാൽ പച്ചപ്പാർന്ന വിശാലത, മുകളിലേക്ക് നോക്കിയാൽ നീലാകാശത്തിന്റെ അനന്തത. കുറച്ചു ദൂരം പടിഞ്ഞാട്ട് പോയാൽ തിരൂർ-പൊന്നാനി പുഴയുടെസ്വച്ഛത. അതിന്റെ തീരത്ത് തെങ്ങിൻ തോപ്പുകളും കണ്ടൽക്കാടുകളും. തിരൂർ - പൊന്നാനിപ്പുഴയുടെ തീരത്തുള്ള സ്വർണക്കണ്ടലുകൾ ഇന്ന് വളർന്നു വളർന്ന് പുല്ലൂണിക്കാവിന്റെ അടുത്ത് വരെ എത്തിയിട്ടുണ്ട്. പണ്ട് അവിടെയൊക്കെ നെൽകൃഷി നടത്തിയിരുന്ന പാടങ്ങൾ ആയിരുന്നു. കൃഷി ചെയ്യാതെ തരിശിട്ട പാട ങ്ങളൊക്കെ ഇന്ന് കണ്ടലുകൾ വളർന്നേറി. പണ്ട് ആ പാടങ്ങൾ പാട്ടത്തിന് എടുത്ത് അച്ഛൻ അതിൽ കൃഷിയിറക്കിയിരുന്നു. മുളപ്പിച്ച നെൽവിത്തും പച്ചിലവളവും ചാണ കവുംഒക്കെ ഞങ്ങൾചുമന്നുകൊണ്ടു പോകും. പുല്ലു പറിക്കുക, ഞാറു പറിക്കുക, ഞാറു നടുക, കൊയ്യുക, മെതിക്കുക എന്നീ കൃഷിപ്പണികൾ എല്ലാം ഞങ്ങൾ കുടുംബത്തിലെ എല്ലാവരും ചേർന്ന് തന്നെ ചെയ്യണം. ഓർമ്മവച്ച നാൾമുതൽ ഈപാടങ്ങളിലൊക്കെ ഞാനും ഉണ്ട്. അണ്ണാറക്കണ്ണനും തന്നാൽ ആയത് എന്ന് അമ്മ പറയും. അച്ഛൻ കന്നുപൂട്ടിനിലം ഒരുക്കിയിടും ബാക്കി പണികളൊക്കെ ഞങ്ങൾ അമ്മയും മക്കളും ചേർന്ന് ചെയ്യും. എത്ര പണിയെടുത്താലും ദാരിദ്ര്യവും കഷ്ടപ്പാടും തന്നെയായിരുന്നു മിച്ചം. കൃഷി ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു, അല്ലാതെ ലാഭം നോക്കിയായിരുന്നില്ല ഒന്നും ചെയ്തിരുന്നത്.
ഓണക്കാലമായിരുന്നു ഞങ്ങളുടെ സമൃദ്ധിയുടെ കാലം. കൊയ്തുമെതിച്ച് കൂട്ടിയിട്ടിരിക്കുന്ന നെല്ലും തൊടിയിൽ നിന്നുള്ള പച്ചക്കറികളും നേന്ത്രവാഴക്കുലകളും ഒക്കെയായി വീട് ഒരു നിറവിലായിരിക്കും. നേന്ത്രവാഴ കൃഷി ഉണ്ടായിരുന്നതുകൊണ്ട് ഓണത്തിന് പഴം വിലകൊടുത്തു വാങ്ങേണ്ട. നല്ല മൂപ്പെത്തി പഴുക്കാറായ കുലകളൊക്കെ അച്ഛൻ വെട്ടിവിൽക്കും. അതിൽ ബാക്കി വരുന്ന ചെറിയ കായ്കളും ഒടിഞ്ഞുവീണവയും ഒക്കെ വീട്ടിലേക്ക് എടുക്കും. അന്നത്തെ നിലയ്ക്ക് അതു കിട്ടുന്നത് തന്നെ വലിയ കാര്യം. സാധാരണ ദിവസങ്ങളിലൊക്കെ കഞ്ഞിയും ചമ്മന്തിയും ഒക്കെയാണ് ഉച്ചഭക്ഷണം. ഓണക്കാലത്താണെങ്കിൽ ചോറും കറിയും പപ്പടവും പഴവുമുണ്ട്. ഓണക്കോടിയാണ് ഏറ്റവും വലിയ ആകർഷണം. താനൂരിൽ നിന്നും വരുന്ന ഒരു ചെട്ടിയാർ പലതരം തുണിത്തരങ്ങളുമായി വീടുകളിൽ കയറിയിറങ്ങി വിൽക്കാറുണ്ട്. ഓണക്കാലത്തു മാത്രം അമ്മ ഞങ്ങൾക്ക് വില കുറഞ്ഞ ഒരു തരം തുണി വാങ്ങി പാവാടയും ബ്ലൗസും തയ്പ്പിച്ചു തരും. വല്ലപ്പോഴുമൊക്കെ കിട്ടുന്ന ആ പുതുവസ്ത്രങ്ങളുടെ മണം ഇന്നും ഓർമ്മയിലുണ്ട്. ഇന്ന് എത്ര വില കൂടിയ വസ്ത്രം ധരിച്ചാലും അന്നത്തെ ആ സന്തോഷം കിട്ടുകയില്ല.
ഓണസദ്യ കഴിഞ്ഞാൽ പിന്നെ, പല തരം കളികൾ അരങ്ങേറുകയായി. ചുറ്റുവട്ടത്തുള്ളവരെല്ലാം ഏതെങ്കിലും ഒരു വീട്ടിൽ ഒത്തുകൂടിയാണ് വിനോദങ്ങളിൽ ഏർപ്പെടു ന്നത്. സ്ത്രീകൾ തൃക്കാക്കരയപ്പനെവെച്ചതിനു ചുറ്റും നിന്ന് ഓണപ്പാട്ടുകൾ പാടി കൈകൊട്ടി ക്കളിക്കും. പുരുഷൻമാർക്ക് പകിടകളി, ചീട്ടുകളി പോലുള്ള വിനോദങ്ങളുണ്ട്. ഞങ്ങൾ കുട്ടികളും ചെറിയകളികളുമായി കൂടും. പൂവിളികളും പാട്ടും ആർപ്പും കുരവയുമൊക്കെയായി ശബ്ദായമാനമായിരുന്നു അന്നത്തെ ഓണക്കാലം. ചുറ്റിലും പൂത്തുലഞ്ഞ് അഴകോടെ നിൽക്കുന്ന പ്രകൃതി. ഒരുമയുടെ മാവേലിപ്പാട്ടുകൾ പാടി സ്നേഹത്താൽ ആനന്ദനൃത്തം ചവിട്ടുന്ന മനുഷ്യർ. ഇല്ലായ്മകൾക്കുനടുവിലും പ്രകൃതി കനിഞ്ഞരുളിയ സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും തുരുത്തുകളായിരുന്നു ഞങ്ങൾക്ക് ആ ഓണക്കാലങ്ങൾ !





ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ജീവിക്കുമ്പോഴും, പ്രകൃതി അതിന്റെ സൗന്ദര്യത്തിൽ തലയുയർത്തി നിന്നിരുന്ന പഴയ കാലങ്ങളിലേക്ക് ഡോക്ടർ രുഗ്മിണി കെ എഴുതിയ 'സ്വർണ്ണക്കടൽ കണ്ട നാൾ' എന്ന ഓർമ്മക്കുറിപ് എന്നെ കൂട്ടിക്കൊണ്ടുപോയി. കുട്ടിക്കാലത്തെ ഓണവും കുടുംബത്തോടൊപ്പമുള്ള ജീവിതവും എത്ര മനോഹരമായാണ് വിവരിച്ചിരിക്കുന്നത്...❤️🌷💎