top of page

ലോമ

സുബിൻ അയ്യമ്പുഴ
ree

ഫോണിലൂടെ ഉരഞ്ഞുരഞ്ഞുകേട്ട സതീഷിന്റെ ശബ്ദം കോളനിയിലെ കമ്പോസ്റ്റ് കുഴിയിൽ കാലിടറിവീണ കുട്ടൻചേട്ടന്റെ നിലവിളിപോലെ അടിവയറ്റിലെ ഭിത്തികൾ തകർത്തുകൊണ്ട് കടന്നുപോയി. വീർപ്പുമുട്ടലിൽ ഉരുണ്ടുകയറിയ വായു പുറത്തേക്ക് ഊതിക്കളയുവാൻ വാ പലതവണ തുറന്നടച്ചു.

'ലോമ..'

'ലോമക്ക് എന്താണ് സംഭവിച്ചത്? '

'ബിനീഷേട്ടൻ എന്തിനാണ് തൂങ്ങി മരിച്ചത് '.


ആലോചനകൾ തലക്ക് മുകളിൽ ചുഴിയായി കറങ്ങി. ഞാനറിയാതെ പിന്നിലൊളിച്ചുനിന്ന എന്നിലേക്ക് കണ്ണുകളെറിഞ്ഞു. എന്റെ കണ്ണുകളിൽ മറ്റൊരു ചുഴിയായി ലോമ കറങ്ങിക്കൊണ്ടിരുന്നു.


2


പ്ലസ്ടു അവസാന പരീക്ഷയും കഴിഞ്ഞ് വഴികളിൽ നിന്ന് വഴികളിലേക്ക് തൊണ്ടക്കാറിപ്പിച്ച് തിളച്ചോടിയ സമയം. കോളനിഗ്രൗണ്ടിലെ കലപില കഴിഞ്ഞ് റെയിൽപ്പാളങ്ങളെ മുറിച്ച് അതിവേഗം ചീറുന്ന വണ്ടികളുടെ നിലവിളികളേക്കാൾ അശാന്തസുന്ദരമായ ആ ഇടിഞ്ഞ് വീഴാറായ പഴയകെട്ടിടത്തിൽ ഒന്നിൽ ആത്മാവ് വെടിഞ്ഞ ശരീരത്തോടുകൂടി പ്രതീക്ഷകളില്ലാതെ ഗർത്തത്തിലേക്ക് തലയിട്ട് നോക്കി. ആൾക്കൂട്ടത്തെ കടൽത്തിരമാലകൾപ്പോലെ നീക്കിനിർത്തി ഒരു വണ്ടി മുന്നോട്ട് വന്നു. വാടാമല്ലി പൂവിന്റെ നിറത്തിൽ ഒരു ചുരിദാറണിഞ്ഞ് അതിമനോഹരമായ ഒരു സ്ത്രീശരീരം. കറുത്ത് വിടർന്ന കണ്ണുകളും അതിലേറെ വിടർന്ന ചിരിയുമായി ലോമ. തലയുയർത്തിയാണ് അവൾ നടന്നിരുന്നത്.


ജീവിതത്തിലാദ്യമായി ഒരു സ്ത്രീയെ കണ്ടതുപോലെ ഞാൻ തരിച്ചുനിന്നു.


താഴെ ഇരുമ്പൻ ഗോവണികൾ വഴി എതിരെയുള്ള ഫ്ലാറ്റിലേക്ക് അവൾ നടന്നുകയറി. നനഞ്ഞൊഴുകിയ ശരീരത്തിൽ വിയർപ്പുത്തുള്ളികളാൽ രൂപപ്പെട്ട ജലചിത്രങ്ങൾ വരണ്ട് ഉപ്പായിമാറി പൊടിഞ്ഞ് വീണിട്ടും കല്ലായി തീർന്ന എന്റെ ശരീരം സ്വിച്ചിട്ടപോലെ കത്തിനിന്നു.


പിന്നീട് പലതവണ ഞാൻ ലോമയെ കണ്ടിരുന്നു. ഓരോ തവണയും അവൾക്ക് ഓരോ മുഖമായിരുന്നു. വൈകാതെ അവളെപ്പറ്റി നാലതിരിലും സംസാരം ഉയർന്നു. ആദ്യത്തേത് ലോമ ശരീരം വിൽക്കുന്നുവെന്നതായിരുന്നു. മറ്റൊന്ന് ചിലർക്ക് ലോമ സ്ത്രീ തന്നെയാണോ എന്നത് വിശ്വസനീയമല്ല എന്നതായിരുന്നു. പിന്നെയുമുണ്ട് ലോമയെപ്പറ്റിയുള്ള കഥകൾ. ലോമ മന്ത്രവാദം ചെയ്തിരുന്നു എന്ന് വരെ കഥകൾ കേട്ടിരുന്നു. ആ കാര്യങ്ങൾ ഒന്നും എന്നെ വീർപ്പുമുട്ടിച്ചിരുന്നില്ല. എന്നാൽ ചിലത് എന്നിൽ ആശ്ചര്യം തോന്നിപ്പിച്ചിരുന്നു. ഒരിക്കൽ അച്ഛന്റെ സിഗരറ്റ് മോഷ്ടിച്ച് പുറത്ത് ഒരു നിലാവുള്ള രാത്രിയിൽ വീടിനുമുന്നിലെ ബാൽക്കണിയിയിൽ എരിഞ്ഞിരിക്കുന്ന നേരത്താണ് ലോമ ഗോവണിപ്പടിയിലിരുന്ന് സിഗററ്റ് വലിക്കുന്നത് കണ്ടത്. നീണ്ട വിരലുകൾക്കിടയിൽ ഒരു തകിട്പോലെ എന്തോ ഒന്ന്. അതിനുള്ളിലാണ് സിഗരറ്റ് വച്ചിരിക്കുന്നത്. നീളൻ സിഗരറ്റ്‌. അത് എത്ര മനോഹരമായാണ് ലോമ വലിക്കുന്നത്.

സത്യത്തിൽ ജീവിതത്തിൽ സിനിമയിൽ പോലും ഇത്രയും മനോഹരമായി സിഗരറ്റ് വലിക്കുന്നത് കണ്ടിട്ടില്ല എന്ന കാര്യം പലതവണ ഓർത്തു. അതുപോലെ ലോമയുടെ ശബ്ദം. ഒരിക്കൽ മാത്രമേ തമ്മിൽ സംസാരിച്ചുട്ടുള്ളു. മഴ നഗരത്തെ മുഴുവനായി വിഴുങ്ങിയ ഒരു രാത്രി ഏറെ വൈകി വരുന്ന ലോമയെ കണ്ടു. പുറത്ത് വിരിച്ചിട്ട തുണികളിൽ ഏറെയും മഴയിൽ കുളിച്ച് മരിച്ചിരുന്നു. അത് പിഴിഞ്ഞ് വീണ്ടും വിരിച്ചിടുന്നതിനിടയിൽ ഞാൻ ലോമയെ പിന്തുടർന്നു. പാവങ്ങളുടെ സോപ്പുക്കമ്പനിക്കാർ ചേർന്നുണ്ടാക്കിയ മത്തുപ്പിടിക്കുന്ന മണമായിരുന്നു അവിടെ മുഴുവൻ. ഉച്ചക്ക് ശേഷം പെയ്തമഴയിൽ ചെളിയും മഴവെള്ളവും സോപ്പുപ്പൊടികളും ചേർന്നുണ്ടായ കൊഴുത്ത മിശ്രിതം അങ്ങിങ്ങായി പരന്നുകിടക്കുന്നുണ്ടായിരുന്നു. ആ കടലിൽ പ്രണയപ്പൂർവ്വം ഒരു കാമുകന്റെ നാറിയ നാണം ചുണ്ടിൽ ഒട്ടിച്ചുകൊണ്ട് പതുക്കെ ചോദിച്ചു.


‘ലോമ... ’

-ഉം.

'ലോമയുടെ ശരിക്കും പേര് എന്താ? '

ചെറുചിരിയോടെ ലോമ മൗനം തുടർന്നു.

'ലോമാ. ഞാൻ കളിയാക്കിയതല്ല. '

-ശരിക്കുമുള്ള പേര്. എനിക്കും അറിയില്ല. കുറെ പേരുണ്ട് എനിക്ക്. മരിയ,കുവാനി,ദേവി,ആലീസ്,സോണിയ,മുത്തീനി,നിലാ,വേരോണിക്ക,ലോമാ,റിയാൻ,അങ്ങനെ കുറെ പേരുകൾ. ഇഷ്ടപ്പെട്ടത് വിളിച്ചോളൂ..

'എനിക്ക് ലോമാ'.

-എന്നാൽ എനിക്കും. പിന്നെ ഒരു കാര്യം. ഈ പേരിലൊന്നും ഒരു കാര്യമില്ല. പേരില്ലെങ്കിൽ ഒരാൾ എന്തായി മാറും? ചിന്തിച്ചിട്ടുണ്ടോ?.

'അറിയില്ല‘.

ലോമ ഒരു ചിരിയോടെ എന്നെ നോക്കി നടന്നുപോയി. ആ നോട്ടം എന്റെ കണ്ണുകളിൽ തറച്ചുകയറിയിരുന്നു. ലോമയിൽ മറ്റെന്തൊക്കെയോ പ്രത്യേകതകൾ മുഴച്ചുനിൽക്കുന്നുണ്ടായിയെന്ന് എനിക്ക് തോന്നാൻ കാരണവും അതായിരുന്നു. ഡിഗ്രിക്ക് എറണാകുളം മഹാരാജാസിൽ പോകുമ്പോഴും മനസ്സിൽ ലോമയുടെ രൂപം നിറഞ്ഞ് നിന്നു.

ബാഗെടുത്ത് ലോമയുടെ മുറിക്ക് താഴെ കടുപ്പത്തിൽ കാപ്പിയൊഴുക്കി മഴ നീന്തിയ ദിവസം അതിനെ കവച്ചുവച്ച് ഹൈജംബ് ചാടിയ എന്നെ നോക്കി വെറുതെ നിൽക്കുന്ന ലോമയെ കണ്ടതും തൊണ്ടയിൽ തിങ്ങിയവെള്ളം പോലെ ബ്രെക്കിട്ട് നിന്നു. പോയി വരാമെന്നോ? പോവുകയാണ് എന്നോ? എന്തോ വികാരത്തിൽ ഞാൻ ചിരിച്ചു.


3


കോളേജിൽ 2014 ലെ നാടകോത്സവത്തിൽ ഒന്നാം സമ്മാനം നേടി സന്തോഷം നെറുകയിൽ തട്ടി ചുമ്മച്ചപ്പോൾ ഒരു പ്രണയം പുറത്തേക്ക് ചാടി. ലോമയുടെ അത്ര ഭംഗിയില്ല എന്ന കാരണത്താൽ ആ പ്രണയ നാടകത്തിന് കർട്ടൻ ഇട്ടപ്പോൾ 'ലോകത്തില്ലാത്ത ലോമ 'എന്ന് തെറിവിളിച്ച് പങ്കാളികൾ കളിയാക്കിയത് ഇന്നും ഓർക്കുന്നു. പിന്നീട് നാടകക്കളരിയിൽ ചിന്തകളെ പൂട്ടിയിട്ട നാളുകളിൽ ലോമയെ സ്വയം മറന്നു. മനുഷ്യപരിണാമത്തിന്റെ ചക്രത്തിൽ നാടറിയാതെ കറങ്ങിയ ചിന്തകളെ മരവിപ്പിക്കുന്ന വിധത്തിൽ ലോമയെക്കുറിച്ച് ഞാൻ പിന്നെയും അറിഞ്ഞു. ലോമയുടെ സുഹൃത്ത് ആശയുടെ കൊലപാതകമായിരുന്നു ആ ഞെട്ടിച്ച സംഭവം. ആശ രാത്രിയിൽ ബസ്സ്‌ സ്റ്റാൻഡിൽ നിൽക്കുന്ന സമയത്ത് ഓട്ടോയിൽവന്ന ആളുകൾ നിർബന്ധിച്ച് വിളിച്ചുകൊണ്ടുപോവുകയും ട്രാസ്‌ജന്റർകൂടിയായ ആശയെ തല്ലിച്ചതക്കുകയും രഹസ്യഭാഗങ്ങളിൽ ഇരുമ്പുവടിയും ബിയർ കുപ്പിയും കുത്തികയറ്റി ക്രൂരമായിക്കൊന്ന് ഓടയിൽ തള്ളുകയുമായിരുന്നു ചെയ്തത്. അന്ന് പെയ്ത മഴകളിൽ തിരുവനതപുരം നഗരത്തിലെ എല്ലായിടത്തും ഒരേ മണമായിരുന്നതിനാൽ ഓടയിൽ കിടന്ന് അഴുകിയ ശരീരം ആരും ഗൗനിച്ചില്ല. വളരെ വൈകിക്കണ്ടെത്തിയ ശരീരം ചുരുക്കം ചിലർക്കേ തിരിച്ചറിയാൻ സാധിച്ചുള്ളൂ.


ആശയുടെ യഥാർത്ഥ പേരും വിലാസവും ആർക്കും അറിയാത്ത കാരണത്താലും മൃതദ്ദേഹം ഏറ്റെടുക്കാൻ ആരുമില്ലാത്ത കാരണത്താലും ആ ശരീരം ആയിരം ആശമാരുടെ ഇടയിൽ അനാഥമായി എവിടെയോ ഉറങ്ങി. പരീക്ഷ കഴിഞ്ഞ് ഹോസ്റ്റൽ അടച്ച ഓണത്തിന് വീട്ടിലെത്തിയപ്പോൾ മുഖം വാടിയ ലോമയെയാണ് കാണാൻ സാധിച്ചത്. രാത്രികളിൽ ലോമ ബാൽക്കണിയിൽ വന്ന് നിലാവിന്റെ നീല വിഴുങ്ങി നേരം വെളുക്കും വരെ മരിച്ചുനിൽക്കുന്നത് ഞാൻ കണ്ടിരുന്നു. ഓണാവധിയിൽ കൂടുതലും വീട്ടിൽ ഇരുന്ന് തുരുമ്പിച്ചു. ലോമയെ പുറത്തേക്ക് കണ്ടതേയില്ല. ഒരു ദിവസം ഏറെ വൈകി ക്ഷീണം തളർത്തിയ കാലുകളുമായി മുറിയിലേക്കുള്ള ഇരുമ്പൻ ചവുട്ടുപ്പടികൾ പതുക്കെ ചവിട്ടി കയറിപ്പോകുന്നത് കണ്ടു. പിന്നീടൊരിക്കൽ ഭൂമി മരിച്ചുവെന്ന് തോന്നിപ്പിച്ച രാത്രിയിൽ ഒറ്റക്കവൾ ഇരുട്ടിൽ നിന്നും ഇരുട്ടിലേക്ക് തലയിട്ടുനോക്കുന്നതും കണ്ടതായി ഓർക്കുന്നു. കുടിവെള്ളത്തിന് ടാങ്കർ ലോറിക്ക് ചുറ്റും കിടന്ന് മരണത്തല്ല് കൂടുന്ന കോളനിയിലെ മനുഷ്യരെ പോലെ കടത്തിന് മേലെ കടം പല നിറമുള്ള കുടങ്ങളിൽ നിറഞ്ഞ് തുളുമ്പിക്കൊണ്ട് ശ്വാസംമുട്ടിച്ച ഒരു മരണത്തിന്റെ മഞ്ഞനിറമുള്ള പകലിൽ അച്ഛൻ മരിച്ചു. ആ മരവിപ്പിൽ ചിന്തകൾ ചിതയിലിട്ട് എരിഞ്ഞിരിക്കവേയാണ് റോഡ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഒറ്റമുറിവീടിന്റെ ഒരു ചെറിയ ഹൃദയഭാഗം മുറിച്ചുതരണമെന്നും പറഞ്ഞ് ഗവണ്മെന്റ് ഉദ്യോഗസ്ഥർ കോളനിക്ക് മുമ്പിലെ വലിയ ഗേറ്റിൽ വീർത്തുപ്പൊട്ടാറായ വയറുമായി നിന്നത്. മുറിച്ചുതരാൻ ഇടമില്ലാത്തത് കൊണ്ട് മുറിവേറ്റ് തളരും വരെ ഞങ്ങൾ പോരാടി. പോരാട്ടത്തിന്റെ നാലാം നാൾ തെരുവിൽകിടന്ന് തൊണ്ടപഴുപ്പിച്ച് , നിലവിളിച്ച് ഭയത്തിന്റെ വയമ്പ് നാവിൽ തടവിക്കൊണ്ട് ഞങ്ങൾ വീണു. ഒടുവിൽ എപ്പോൾ വേണമെങ്കിലും കാൽച്ചുവട്ടിലെ മണ്ണ് നഷ്ടപ്പെടുമെന്ന ഭീതിയിൽ പ്രതീക്ഷയുടെ ചൂണ്ടയെറിഞ്ഞ് ജീവിതം വെറും പുൽനാമ്പിന്റെ ബലത്തിലാടിക്കൊണ്ടിരുന്നപ്പോൾ ആണ് ദീപക്കേട്ടൻ വിസ തന്ന് സഹായിച്ചത്. സൗദിയിൽ വന്ന് അഞ്ചെട്ട് മാസം കഴിഞ്ഞപ്പോഴാണ് ലോമ കിടപ്പിലായി എന്ന വിവരം അറിയുന്നത്. രാത്രിയിൽ ഏതോ കസ്റ്റമർ മോശമായി പെരുമാറിയതിനെ ചോദ്യം ചെയ്തതിന് സംഘം ചേർന്ന് ലോമയെ ആക്രമിക്കുകയായിരുന്നു. വലത്കാൽ ചവിട്ടിയൊടിച്ചിട്ട് മുഖം കല്ലുക്കൊണ്ട് അടിച്ചുച്ചതച്ച് മാർക്കറ്റിന് വെളിയിലെ ഓടയിൽ തള്ളിയിട്ടിട്ട് പോകുകയായിരുന്നു. ആരോടും പരാതിയില്ലാതെ ജനറൽ ഹോസ്പിറ്റലിലെ നനഞ്ഞ വരാന്തയിൽ കിടന്നുറങ്ങിയ ലോമയെ ആരും തിരക്കി ചെന്നില്ലായിരുന്നു. ഞങ്ങളുടെ നഗരത്തിൽ നീതി കിട്ടാതെ ഇഴഞ്ഞിഴഞ്ഞ് മരിക്കുന്ന മനുഷ്യപുഴുക്കളെ കുഴിവെട്ടിമൂടാൻ ഒരു ഇടമില്ല എന്ന സത്യം ലോമയും മനസിലാക്കിയിട്ടുണ്ടാവുമെന്ന് വെറുതെ ഞാൻ ഓർത്തു.

'മനസ്സിൽ ഒരു നീറ്റൽ'.


4


ഒന്നര വർഷം കഴിയുന്നതിന് മുൻപേ ഞങ്ങൾ വാടകവീട്ടിലേക്ക് മാറിയിരുന്നു. വെള്ളനാട് കെ എസ് ആർ ടി സി സ്റ്റാന്റിന് സമീപമായിരുന്നു വാടക വീട്. വാടകവീട്ടിൽ അമ്മക്ക് സഹായിയായി ജാനു അമ്മ ഉണ്ടായിരുന്നത് കൊണ്ട് സൗദിയിലെ തീയിലും ഞാൻ തണുത്ത വായു ശ്വസിച്ചുപ്പോന്നു. ആദ്യത്തെ അവധിക്ക് വീട്ടിൽ വന്നപ്പോൾ ശിക്ഷ കഴിഞ്ഞ സന്തോഷമായിരുന്നു. എന്നാൽ അത് വൈകാതെ എന്നിലെ തടവുകാരനെ പൂട്ടിയിട്ടു.


'അളിയാ ..പുതിയ ഗവണ്മെന്റ് മ്മടെ കെട്ടിടം പൊളിക്കാതെയുള്ള വികസനമാണ് വിയാരിക്കണത്. എന്തരാണേലും സേഫ് ആണ്'.


-ഇതന്നെ മറ്റവര് പറഞ്ഞത്.


'കൊറേ കഴിഞ്ഞല്ലേ പറഞ്ഞത്'.


'ഇവരും പറയും. കൊറേ കഴിഞ്ഞോട്ട്. കാണാൻ കെടക്കണേ അല്ലേ അണ്ണാ'.


ബിനീഷേട്ടന്റെയും സജേഷേട്ടന്റെയും വിറക് കൂട്ടിയിട്ട് കത്തിച്ച രാഷ്ട്രീയത്തിൽ ഞാൻ സിഗരറ്റ് എടുത്ത് കുത്തിവലിച്ചിട്ട് കസേരയനക്കി ഒരു കീഴ്‌വായു വിട്ടിരിക്കെയാണ് ലോമയെ അവസാനമായി കണ്ടത്. ഒഴിഞ്ഞ വയറിൽ വായു വീണ്ടും ഉരുണ്ടുകേറിയതായി തോന്നി. ഒന്നരക്കാൽ ഊന്നിവച്ച്, പാതിയടഞ്ഞ കണ്ണുകൾ പിടപ്പിച്ച്, ഒരു ഭാഗത്തേക്ക്‌ വലിച്ചിട്ട ഒട്ടിയ സ്റ്റിച്ചിട്ട കവിളുകളുമായി നിലാവിന് മുകളിൽ അവൾ നിന്നു. തല താഴ്ത്തി അവൾ എന്നെ നോക്കി. കുറച്ച് സമയത്തേക്ക് ആ കത്തുന്ന നോട്ടം നീണ്ടുനിന്നിരുന്നു.


'ലോമാ...നിന്റെ നോട്ടം എന്തോ...ഇപ്പോഴും എന്നെ ഭയപ്പെടുത്തുന്നു'.


5


രാവിലെ ആണ് സതീഷ് വിളിച്ചത്. ബിനീഷേട്ടന്റെ ആത്മഹത്യയും ലോമയെ കാണാതാവുകയും ചെയ്തത് മൊത്തത്തിൽ വലിയ പ്രശ്നങ്ങൾ വരുത്തി വച്ചിരുന്നു. പ്രേതകഥ പോലെ കോളനിയാകെ ആ കഥ പരന്നു. നടന്നതൊന്നും മനസിലാവാതെ വാപൊളിച്ച മനുഷ്യരുടെ ഉള്ളിലേക്ക് ഒരു കൂട്ടം ഈച്ചകൾ കയറിയിറങ്ങി. ലോമയെ അവസാനമായി ഞാൻ കണ്ട രാത്രിയിൽ ഏറെ വൈകി ധൃതിയിൽ ഇരുമ്പുഗോവണികൾക്ക് മുകളിലൂടെ പറന്ന ലോമയെപ്പറ്റി ബിനീഷേട്ടൻ പറഞ്ഞത് ഓർത്തുപ്പോയി. ലോമയുടെ കാലുകൾ നിലം തൊട്ടില്ല എന്ന് വീണ്ടും വീണ്ടും പുലമ്പിയപ്പോൾ മദ്യത്തിന്റെ പുറത്ത് നാവടിയതാണ് എന്നുംപറഞ്ഞ് ഞങ്ങൾ ബിനീഷേട്ടനെ കളിയാക്കി ചിരിച്ചു. എന്നാൽ ഇവിടെ വന്നപ്പോൾ തൊട്ട് ഓരോ ചിന്തകൾ എനിക്കുചുറ്റും വലകെട്ടാൻ തുടങ്ങിയിരുന്നു. അവസാനമായി ലോമയുടെ മുഖത്ത് ഞാൻ കണ്ട ഭാവം? അത് എത്രയളന്നിട്ടും എനിക്ക് മനസിലായില്ല. ചിന്തകൾ തലയിൽ തീയിട്ടപ്പോൾ , എന്നിൽ നിന്നും എരിഞ്ഞുവീണ സിഗരറ്റ് കുറ്റികൾ നേരേ ചൊവ്വേ നിക്കാൻ കഴിയാത്ത കക്കൂസിനെ നിറച്ചപ്പോൾ , ഞാൻ കണ്ണുകൾ കടുപ്പത്തിൽ ഇറുക്കിയടച്ച് സതീഷിന്റെ നിലവിളി ഒരിക്കൽ കൂടി കേട്ടു.


'അവള് മായ്ഞ്ഞുപോയി...അയ്യോ അമ്മേ...അവള് മാഞ്ഞുപോയി '. ബിനീഷേട്ടൻ മരണവിളി ഇട്ട് രാത്രിയെ ഓടിച്ചുക്കൊണ്ട് അലറികരഞ്ഞു. പിന്നീട് പിറ്റേ ദിവസം മുഴുവനും ബിനീഷേട്ടൻ മുറിയിൽ പുതച്ചുമൂടി കിടന്ന് അത് ആവർത്തിച്ചു വിളിച്ചുകൊണ്ടിരുന്നു. ഇടക്ക് തൊണ്ട പൊട്ടുന്ന വേദനയിലും അയാൾ ലോമയെ പേടിച്ചുകൊണ്ട് ഉറഞ്ഞുതുള്ളി. ഒടുവിൽ അന്ന് രാത്രി ലോമയെ കണ്ടുവെന്ന് സംശയിക്കുന്ന സ്ഥലത്ത് തന്നെ ബിനീഷേട്ടൻ തൂങ്ങിമരിച്ചു.


പണിസഞ്ചിയിൽ ആരും കാണാതെ ഒളിപ്പിച്ച സ്വർണ്ണപ്പൊതിയെടുത്ത് ഒരു ഭാഗം കടിച്ചുതുറന്ന് അൽപ്പം എടുത്ത് ഉള്ളംക്കയ്യിൽ തിരുമ്മി മോണയിൽ പൊത്തിവക്കാൻ ബിനീഷേട്ടൻ പതിവായി ഫ്ലാറ്റിന് മുകളിൽ ചെന്ന് നിക്കുമായിരുന്നു. അന്ന് നീറ്റലുള്ള മോണയ്ക്ക് തണുത്ത ചൂളം വിളിച്ചിരിക്കുമ്പോഴാണ് ലോമ ബിനീഷേട്ടന്റെ മുൻപിലായി കുറച്ചകലെ ഇരുട്ടിൽ നില്ക്കുന്നത് കാണുന്നത്. അവൾക്ക് അനക്കമില്ലായിരുന്നു. അവളുടെ നിശബ്ദത ഏറെ നീണ്ടപ്പോൾ ബിനീഷേട്ടനിൽ പേടി പിടികൂടി. ലോമ അവളുടെ കൈകൾ പയ്യെ ഉയർത്തി. തലയിലെ മുടി പിഴുത്തെറിഞ്ഞപോലെ കാണപ്പെട്ടിരുന്നു. അവളത് അഴിച്ചു മാറ്റി. പിന്നീട് തൊലിയോട് ഒട്ടിക്കിടന്ന വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചുമാറ്റി ലോമ പരിപൂർണ്ണ നഗ്നയായി. ക്ഷീണിച്ചുണങ്ങിയ വലതുകാൽ ഒരിക്കൽ കൂടി ബലത്തിലൂന്നി അവൾ വലിയൊരു ശ്വാസമെടുത്തു. പിൻകഴുത്തിൽ കാണപ്പെട്ട മുറിവിൽ നീണ്ട നഖം അമർത്തി പതുക്കെ അവൾ തൊലി കീറിയെടുത്തുക്കൊണ്ടിരുന്നു. രക്തത്തിന്റെ ചുവപ്പ് തൊട്ട് തീണ്ടാത്ത കട്ടിയുള്ള തൊലി പതുക്കെ വലിച്ചു കീറിയെറിഞ്ഞുകൊണ്ട് നിക്കുന്ന ലോമയെ കണ്ടതും ബിനീഷേട്ടൻ നിലത്തുകിടന്ന് നിലവിളിക്കാൻ ശ്രമിച്ചു. തൊണ്ടയിൽ തിങ്ങിയ ശബ്ദം കനത്തിൽ പുറത്തേക്ക് തെറിച്ചപ്പോഴേക്കും ലോമ മറ്റൊരു രൂപമായി മാറിക്കഴിഞ്ഞിരുന്നു. കടുത്ത പച്ചനിറമുള്ള ശരീരവും നീണ്ടുരുണ്ട കണ്ണുകളും നീളത്തിൽ വരച്ച ചുണ്ടുകളും നീണ്ട വിരലുകളുമായി ലോമ നിന്നു. തല നിലത്തടിച്ചുകൊണ്ട് ബിനീഷേട്ടൻ കണ്ടതെല്ലാം ഉറക്കെ പാടി. ഈ ബഹളം കേട്ട് 83 ലെ ടോണിച്ചേട്ടൻ ഉരുണ്ടുരണ്ട് ബിനീഷേട്ടന്റെ അടുത്ത് എത്തിയപ്പോഴേക്കും ലോമ മാഞ്ഞുപോയിരുന്നു.


'മാഞ്ഞുപോയി.. അവള്...ദേ... അവിടെ. പച്ച നിറത്തില്...പ്രേതം...ഞാൻ ക..കണ്ട്.. മാഞ്ഞുപോയി..'


ബിനീഷേട്ടൻ ടോണിചേട്ടനോട് വിറച്ചുകൊണ്ട് പറഞ്ഞു. പേടിച്ച് മൂത്രമൊഴുക്കി തറയിൽ ഒരു കുഞ്ഞിനെപോലെ കിടന്ന് കരയുന്ന ബിനീഷേട്ടനെ കണ്ടകാര്യം പറഞ്ഞപ്പോൾ സതീഷിന്റെ ശബ്ദം ഇടറിയത് കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി. മനസ്സിൽ കുറെ ചോദ്യങ്ങൾ ഭൂപടം വരച്ചു. തല തിളച്ചുമറയുന്ന വേദന. ഷവറിനടിയിൽ തല കൊണ്ട് വച്ചു. തല തോർത്തി മുഷിഞ്ഞ തലയിണയിൽ മുഖം പൂഴ്ത്തി വച്ചുകൊണ്ട് ഞാൻ കിടന്നു.


'ലോമ.. നീ ?'.


ഒരു പോള കണ്ണടയ്ക്കാൻ കഴിയാതെ ക്ഷീണം അതിന്റെ പൂർണഭാരവും പേറിയ കണ്ണുകൾ മരണവേദനയിൽ മുറുക്കിയടച്ച് ആരോടോ എന്നപോലെ ചോദിച്ചു.

...

സുബിൻ അയ്യമ്പുഴ

1995 ഒക്ടോബർ 31 ന് പൈനാടത്ത് വീട്ടിൽ ശ്രീ.പി എസ് സുബ്രന്റെയും ബിന്ദുവിന്റെയും മകനായി എറണാകുളം ജില്ലയിലെ അങ്കമാലിയ്ക്കടുത്ത് അയ്യമ്പുഴയിൽ ജനിച്ചു. അയ്യമ്പുഴ എൽ പി സ്കൂൾ, സെന്റ്. അഗസ്റ്റിൻ യു പി സ്കൂൾ , M A H S തുറവൂർ, G H S S മഞ്ഞപ്ര എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം. എറണാകുളം കളമശ്ശേരി ഗവണ്മെന്റ് പോളിടെക്‌നിക് കോളേജിൽ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്‌സിൽ ഡിപ്ലോമ.

മഹാരാജാസ് കോളേജ് എറണാകുളം ( B A ചരിത്രവിഭാഗം), ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല കാലടി ( M A താരതമ്യ സാഹിത്യവിഭാഗം) എന്നിവിടങ്ങളിലായി ഉന്നത വിദ്യാഭ്യാസം. അഭിനേതാവ്, സിനിമ സഹസംവിധായകൻ, ചെറുകഥാകൃത്ത്, ഹ്രസ്വചിത്ര സംവിധായകൻ എന്നീ മേഖലകളിലായി പ്രവർത്തനം. പത്മിനി, THE DREAM OF A YOUNG GIRL BEFORE DAWN എന്നീ ഹ്രസ്വചിത്രങ്ങൾ എഴുതി സംവിധാനം ചെയ്തു. VANCOUVER INTERNATIONAL YOUTH FILM FESTIVAL, CANADA, VIDEO DANCE FILM FESTIVAL ,FIVRS 2024 BRAZIL എന്നീ മേളകളിൽ THE DREAM OF A YOUNG GIRL BEFORE DAWN എന്ന ഹ്രസ്വചിത്രം ഔദ്യോഗികമായി തെരഞ്ഞെടുക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. ദുരൂഹമായ ഒരു രാത്രിയുടെ മരണം എന്ന ചെറുകഥ ആൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേർസ് അസോസിയേഷൻ (AKPCTA ) 2022 കഥാരചന മത്സരത്തിൽ മൂന്നാം സ്ഥാനം നേടി. മാതൃഭൂമി, ഓൺലൈൻ മാധ്യമങ്ങൾ ആയ ഏഷ്യാനെറ്റ്‌ ന്റെ ചില്ല, നാമ്പ് എന്നിവയിൽ എഴുതുന്നു. നിലവിൽ ലണ്ടനിൽ ജോലി ചെയ്യുന്നു.

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. സംഗീത കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page