സൂ
- GCW MALAYALAM
- Aug 15
- 3 min read
കഥ
സനിൽ നടുവത്ത്

അന്ന് അവിടെ വെച്ച് അവളെ അങ്ങനെ കാണുമെന്ന് വിചാരിച്ചതല്ല.
വല്ലപ്പോഴുമുള്ള ഓർമ്മകളിൽ അവൾ ഉണ്ടായിരുന്നിട്ടു കൂടി എന്ന് പറയുന്നതാവും കൂടുതൽ ശരി.
കണ്ടപ്പോൾ അവളെത്തന്നെ നോക്കി ഇരുന്നു പോയി.
അവൾ, ഭർത്താവിന്റെയാവണം കൈ പിടിച്ച് എന്തൊക്കെയോ കൊഞ്ചുന്നതു പോലെ പറയുന്നുണ്ട്... കൂടെ ഇടക്ക് ചിരിക്കുന്നുണ്ട്.
ഭർത്താവ് ആ സ്നേഹത്തിൽ പങ്കു ചേരുന്നുണ്ട്.
അവൾ തന്നെ കാണുമോ...
അവളോട് പോയി സംസാരിക്കണോ...
കണ്ടാൽ.. സംസാരിച്ചാൽ അവൾ എന്തായിരിക്കും ഭർത്താവിനോട് പറയുക!?
വേണ്ട...
കാണുന്നെങ്കിൽ കാണട്ടെ.
താൻ അവളെ കണ്ടിരിക്കുന്നു.
സുഹ്റ... അല്ല ഫാത്തിമത്ത് സുഹ്‌റ.
സൂ എന്നായിരുന്നു താൻ വിളിച്ചിരുന്നത്.
അവൾ അത് ഇഷ്ടപ്പെട്ടിരുന്നു.
സുന്ദരിയായിരുന്നു അവൾ.
ഇപ്പോഴും അതേ.
ഒരേ സ്നേഹം പരസ്പരം കൈമാറി.
ഒരേ കാമ്പസിൽ കൈകൾ കോർത്ത് പിടിച്ച് നടന്നു.
കാമ്പസിന്റെ അറ്റത്തെ വലിയ മാവിൻ ചുവട്ടിൽ ഇരിക്കുമ്പോൾ ഒരു നൂൽവാലൻ പക്ഷി എപ്പോഴും സൂ.. സൂ എന്ന് പാടിക്കൊണ്ടിരുന്നു.
അത് കേൾക്കുമ്പോൾ അതിനേയും നോക്കി അവൾ ചിരിക്കുമായിരുന്നു.
അവളുടെ ആനന്ദം കൊണ്ടുള്ള ചിരി അവളേക്കാൾ സുന്ദരിയായിരുന്നു.
ആ കിളിനാദം കേൾക്കാനാവണം അവൾ തന്നേയും കൂട്ടി അവിടെ പോയി ഇരിക്കുന്നത്.
അവൾക്ക് എപ്പോഴും ചിരിക്കണമായിരുന്നു.
ഇപ്പോഴും ആ ചിരി ഉണ്ട്.
ഉറവ വറ്റാതെ.
ഇപ്പോൾ അവളെ കാണുന്നതുപോലെ
അന്നും അവളെ നോക്കുമായിരുന്നു.
ഓർമ്മകളിൽ അവളിപ്പോഴും എന്തുമാത്രം സ്നേഹം പൊഴിക്കുന്നു.
സ്നേഹം മാത്രമായിരുന്നു സൂ.
തന്റെ മാത്രം സൂ... നൂൽവാലൻ പക്ഷികളുടേയും.
പിരിഞ്ഞ് പോവുമ്പോൾ അവൾ ഒരുപാട് കാര്യങ്ങൾ പറഞ്ഞിരുന്നു.
കൂട്ടത്തിൽ ഇനിയൊരിക്കലും കാണാതിരിക്കട്ടെ എന്നും പറഞ്ഞു.
ശരിയാണ് കാണുമ്പോൾ ഓർമ്മകൾ വേദനിപ്പിച്ചേക്കും.
അത്കൊണ്ട് അവൾ കാണണ്ട.
അവൾ വേദനിക്കാൻ പാടില്ല.
നീ ജീവിച്ചിരിക്കുന്ന കാലം എന്നേയും
ഞാൻ ജീവിച്ചിരിക്കുന്ന കാലം നിന്നേയും ഓർക്കും.
അതെ അവൾ പറഞ്ഞതുപോലെ ഓർക്കാറുണ്ട്.
നല്ല ഓർമ്മകൾക്ക് വേണ്ടി നമുക്ക് വേർപിരിയാം എന്നും സൂ പറഞ്ഞിരുന്നു.
ശരിയാണ്, പ്രണയം എപ്പോഴും നല്ല ഓർമ്മകളാണ്.
ഓർത്തു ചിരിക്കാനും ഓർത്തു വേദനിക്കാനും മാത്രമായി പ്രണയം നഷ്ടപ്പെട്ടവർ.
അവളുടെ ഭർത്താവ് സുന്ദരനാണ്. ഒരു നര പോലും വീണിട്ടില്ല. അവളിലും നര ബാധിച്ചിട്ടില്ല.
തന്റെ തലമുടിയും താടിയും മീശയും ഒക്കെ നരച്ചിരിക്കുന്നു. അയാൾക്ക് കഷണ്ടിയുണ്ട്.
തന്നേക്കാൾ കഷണ്ടിയുണ്ട്.
ഇരുവശങ്ങളിൽ മാത്രമാണ് മുടിയുള്ളത്. എന്നാലും മുഖത്ത് ചെറുപ്പമുണ്ട്. തന്റെ കവിൾ ഒട്ടിയതാണ്. അയാളുടേത് അങ്ങനെയല്ല. തുടുത്ത കവിളിൽ അയാൾക്ക് ഒരു അടയാളമുണ്ട്.
അവൾക്കും അങ്ങനെ ഒരു അടയാളമുണ്ടായിരുന്നു.
താടിയിൽ ഒരു വെട്ടു പോലെ ഒരടയാളം. ഒരു മുറിക്കല.ആ അടയാളം പോയിക്കാണുമോ. അത് കാണണമെങ്കിൽ നേർക്ക് നേരെ നോക്കണം.വേണ്ട...
അത് പോവില്ല, ഒരു നാളും.
ഒരിക്കൽ.. ഒരിക്കൽ മാത്രം അതിന്മേൽ താൻ ഒരു ഉമ്മ വെച്ചിരുന്നല്ലോ... അതുകൊണ്ട് അത് പോവില്ല. കണ്ണാടിയിൽ കാണുമ്പോൾ അവളത് ഓർക്കും. ഓർത്ത് ചിരിക്കും.
അവൾക്ക് ഇപ്പോഴും നല്ല മുടിയുണ്ട്. അവളത് ഭംഗിയിൽ പരത്തി വെച്ച് കഴുത്തിന് നേരെ വരുന്ന ഭാഗത്ത് ഒരു ബാൻഡ് ഇട്ടിട്ടുണ്ട്. അങ്ങനെ കാണാൻ രസമുണ്ട്. നല്ല ചന്തമുള്ള കാഴ്ച.
മക്കളില്ലേ... മക്കളെ കൊണ്ടുവരാഞ്ഞതാവുമോ! എത്ര കുട്ടികൾ ഉണ്ടാവും... രണ്ടോ മൂന്നോ !
കുട്ടികൾ വലുതായിക്കാണില്ലേ.
ഒരു പക്ഷേ കോളേജിലാണെങ്കിൽ പിജി ക്ക് പഠിക്കുകയാവണം.
ആൺകുട്ടികളോ അതോ പെൺകുട്ടികളോ. അതോ ആണും പെണ്ണും ഉണ്ടാവുമോ! ചെറിയ കുട്ടിക്ക് എത്ര വയസ്സ് കാണും! എന്തൊക്കെ ആയിരിക്കും അവരുടെ പേര് ! പഠിപ്പ് കഴിഞ്ഞ് ജോലിക്കാരായിട്ടുണ്ടാവുമോ !
അവൾക്ക് ജോലി കാണുമോ!
പഠിക്കുമ്പോൾ അവൾക്ക് സർക്കാർ ഡോക്ടറാവാൻ ആഗ്രഹമുണ്ടായിരുന്നു. അത് നടന്നില്ല.
ഇപ്പോൾ എന്തു ചെയ്യുകയായിരിക്കും.
ഭർത്താവിന് എന്താണ് ജോലി. ഗൾഫിലാണെന്ന് പറഞ്ഞിരുന്നു. അതെ ഡോക്ടറാണ്. അങ്ങനെയാണ് അന്ന് പറഞ്ഞത്. ഇപ്പോഴും അവിടെത്തന്നെ ആയിരിക്കണം. അവളും അങ്ങോട്ട് പോയിക്കാണുമോ! മക്കൾ ഒരു പക്ഷേ അവിടെ ആണെങ്കിലോ!
തോളിലേക്ക് വീണ ഷാൾ അവൾ തലയിലൂടെ ഇട്ട് തോളിൽത്തന്നെ ചുറ്റി വെച്ചു.
അപ്പോഴാണ് അവൾക്ക് കൂടുതൽ സൗന്ദര്യം.
അവൾക്ക് അങ്ങനെ തല മറക്കാൻ ഇഷ്ടമല്ലായിരുന്നു. കാമ്പസിലെത്തിയാൽ പിന്നെ അവൾ തല മറക്കുന്നതിലൊന്നും ശ്രദ്ധിക്കാറില്ലായിരുന്നു.
പക്ഷേ, തലയിലൂടെ നേർത്ത ഒരു ഷാൾ ഇടുമ്പോൾ അവൾക്ക് ഒരു പഞ്ചാബി പെൺകൊടിയുടെ സൗന്ദര്യമായിരുന്നു.
എന്നാലും അതൊന്നും പറഞ്ഞാലും അവൾ ഷാൾ തലയിൽ ഇടില്ലായിരുന്നു.
ഇപ്പോൾ അവൾ ഷാൾ ഇടുന്നുണ്ട്. അതെ അവൾ തന്നെ ഓർക്കുന്നുണ്ട്.
അതോ.....!
അവൾ പുറത്തേക്ക് ഇറങ്ങിയിരിക്കുന്നു. ഭർത്താവും.
കാണരുത് പരസ്പരം. ഒരിക്കലും. അത് വേദനിപ്പിക്കും.
ഒന്നുകൂടി ഒതുങ്ങി ഇരുന്നു.
ഒരു അശ്രദ്ധ കൊണ്ട് പോലും പരസ്പരം കാണണ്ട.
എന്നിട്ടും...
ഇല്ല...
അല്ല... ഒരു വിളി....
പിന്നിൽ നിന്നും.
അവൾ തന്നെ കണ്ടുവോ !
തന്റെ തോന്നലാണോ !
രാജേഷ് എന്നൊരു വിളി.
വേണ്ട... നോക്കണ്ട.
അത് രാജേഷല്ല എന്ന് അവൾ കരുതട്ടെ.
പരസ്പരം കാണരുതെന്ന് ആഗ്രഹിച്ചവരാണ്.
കണ്ടാൽ... അവളുടെ മുഖത്തേക്ക് നോക്കിയാൽ... അവളുടെ താടി ഭാഗത്തെ മുറിക്കല കണ്ടാൽ.... തന്റെ നോട്ടം അവിടെ തറച്ച് നിന്നേക്കും.
അത് രണ്ടു പേരേയും വേദനിപ്പിക്കും.
കല്യാണം ഉറപ്പിച്ചു എന്ന് മാവിൻ ചുവട്ടിൽ വെച്ച് സൂ സൂ എന്ന കിളിനാദത്തിനിടയിലാണ് അവൾ പറഞ്ഞത്.
അപ്പോൾ അവളുടെ കണ്ണുകളിൽ നീർമുത്തുകൾ അടരാനാവാതെ നിറഞ്ഞ് നിന്നിരുന്നു.
തന്റെ കൈകളിൽ അവളുടെ കൈകൾ അമർന്ന് നിന്നു. ഇനിയൊരിക്കലും വേർപെടാത്ത പോലെ.
ഒന്നും സംസാരിക്കാനാവാതെ എത്ര നേരമാണ് അങ്ങനെ ഇരുന്ന് പോയത്.
സൂ സൂ എന്ന കിളിനാദം കേട്ടിട്ടും അവൾ ചിരിച്ചില്ല.
പതിവുപോലെ എന്തേ എന്ന് ആ കിളികളോട് ചോദിച്ചില്ല. വാ..വാ... സൂവിന്റെ മടിയിൽ വന്നിരിക്ക് എന്ന് കൈകൾ വീശി കിളികളെ വിളിച്ചില്ല.
മഴയും വെയിലുമുള്ളപ്പോൾ അവളുടെ പുള്ളിക്കുടയുടെ ചുവട്ടിൽ വന്നിരിക്കാനുള്ള പതിവ് ക്ഷണം അവൾ കിളികൾക്ക് നൽകിയില്ല.
പകരം സ്നേഹിക്കാൻ മാത്രമായി ചില സ്നേഹങ്ങൾ ഉണ്ട് എന്ന് പറഞ്ഞു. നിറഞ്ഞ് നിന്ന സ്നേഹം രണ്ട് ജീവനുകളും ഭൂമിയിലുള്ള കാലം ഓർമ്മകൾ കൊണ്ട് അഭിരമിക്കുമെന്ന് പറഞ്ഞു. എന്നെങ്കിലും നമ്മൾ ഒരേ ദിവസം ഒരേ സമയം ഒരുപോലെ പരസ്പരം ഓർക്കുമെന്നും പറഞ്ഞു. അന്ന് നമ്മൾ ഒന്നിച്ചാവും സ്വപ്നം കാണുക. അന്ന് നമ്മൾ അന്ധരും മൂകരും ബധിരരും ആവും. അന്ന് നീ എന്നേയോ ഞാൻ നിന്നേയോ കണ്ടേക്കും. എന്നാലും പരസ്പരം കാണാതിരിക്കട്ടെ !
മടക്കി വെച്ച തന്റെ കാൽ മുട്ടുകളിൽ അവൾ തല വെച്ച് കിടന്നു. പക്ഷേ, കരഞ്ഞില്ല. കരഞ്ഞാൽ തീരുന്നതല്ല സ്നേഹിച്ചതൊന്നും.
അവ ഓർമ്മകൾ കൊണ്ട് തുഴഞ്ഞ് നീങ്ങാനുള്ളതാണ്.
ഇപ്പോൾ രാജേഷ് എന്ന വിളി കേൾക്കുന്നില്ല.
അവൾ പോയിക്കാണണം.
ഇത് രാജേഷ് അല്ലെന്ന് അവൾ ഉറപ്പിച്ചിരിക്കണം.
എഴുന്നേറ്റപ്പോൾ, തിരിഞ്ഞ് നോക്കിയപ്പോൾ അവൾ അവിടെ എവിടേയും ഇല്ലായിരുന്നു.
ഒരു നൂൽവാലൻ പക്ഷിയെപ്പോലെ മനസ്സ് സൂ സൂ എന്ന് വിളിക്കുന്നുണ്ടായിരുന്നു.
ഇന്ന് ഒരുപക്ഷേ അവൾ തന്നെ ഓർക്കുമായിരിക്കും.
സനിൽ നടുവത്ത്
ഉള്ളണം പോസ്റ്റ്
പരപ്പനങ്ങാടി
മലപ്പുറം -676303
email id - s.naduvath@gmail.com





Comments