top of page

നഗ്നൻ

കഥ
എം.കെ.ഷഹസാദ്
ree

ഈയടുത്തായി ചന്തു കാണുന്ന സ്വപ്നങ്ങൾക്കെല്ലാം ദാർശനികതയുടെ കൂട്ടുണ്ട്. യൗവനത്തിലേക്ക് പ്രവേശിച്ചതിന്റെ അടയാളമാവാം. സ്വപ്നങ്ങൾക്ക് അനന്തമായ ആഴവും പരപ്പുമുണ്ടെങ്കിലും അടച്ച കുഞ്ഞറകളിൽ അതൊരു ചുഴിയായി പരിവർത്തനപ്പെടാറാണ് പതിവ്. തന്നെ ഇരുട്ടിലേക്ക് വലിച്ചിഴക്കുകയും ആഴമാർന്ന അനിശ്ചിതത്വത്തിൽ തള്ളുകയും ചെയ്യുന്ന അതിശക്തമായൊരു ചുഴി.

കാലങ്ങളുടെ അനുഭവമുള്ള ഒരു ചക്രക്കസേര പൊട്ടിപ്പൊളിഞ്ഞ പ്രതലത്തിലുണ്ടാക്കുന്ന കിടുകിടുപ്പ് അതിവേഗത്തിൽ അടുത്തേക്ക് കുതിക്കുന്നതായി അവനു തോന്നി, തിരക്കുള്ള വലിയൊരു മുറിയുടെ ഒരോരത്ത്, വരിവരിയായി വിരിച്ച പ്ലാസ്റ്റിക്ക് പായകളിലൊന്നിൽ ചുരുണ്ടുകൂടിക്കിടക്കുന്ന തന്റെ ശരീരത്തെ ആരൊക്കെയോ കവച്ചു വെക്കുന്നുണ്ടെന്ന് അൽപ്പബോധത്തിൽ തിരിച്ചറിഞ്ഞപ്പോൾ സ്വപ്നങ്ങൾ ഉപേക്ഷിച്ച് അവൻ ഉണർന്നുരുകയും ചെയ്തു.

സർക്കാർ മെഡിക്കൽ കോളേജിൽ മെഡിസിൻ വാർഡിന്റെ ശുചിമുറിയോട് ചേർന്നൊരിടത്താണ് താൻ കിടക്കുന്നതെന്ന കാര്യം അവൻ മറന്നിരുന്നു. ഉറക്കം തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. ഒരു കൊതുകുനാശിനിക്കും കീഴടങ്ങാത്ത കൊതുകുകൾ മെഡിക്കൽ കോളേജിലെ അന്തേവാസികളുടെ കൺപോളകളുടെ ഭാരം വർധിപ്പിച്ചു. ശുചിമുറിയിൽനിന്ന് പുറപ്പെടുന്ന പഴകിയ ഭക്ഷണാവശിഷ്ടങ്ങളുടേയും മൂത്രത്തിന്റേയും ഫിനോയിലിന്റേയും നാറ്റം ഒരുമിച്ച് മൂക്കിലേക്ക് ഇരച്ച് കയറിയത് ആദ്യ രണ്ട് ദിവസം അവന് ഓക്കാനവും തലവേദനയും സമ്മാനിച്ചിരുന്നെങ്കിലും ഇന്നവൻ അതുമായി സമരസപ്പെട്ടിട്ടുണ്ട്.

രാത്രിയുടെ ഇരുട്ട് പൂർണമായകന്നിട്ടില്ലെങ്കിലും പൊതുതാൽപര്യപ്രകാരം അവനും പായ മടക്കി. അമ്മ കിടക്കുന്ന കട്ടിലിനരികിലേക്ക് നടന്നു. രണ്ടു കട്ടിലുകൾക്കിടയിൽ രൂപപ്പെട്ട ഇടനാഴിയിലാണ് അമ്മയുടെ കിടപ്പ്. കട്ടിലിലും താഴെയുമായി തലങ്ങും വിലങ്ങും മനുഷ്യർ യുദ്ധഭൂമിയിലെ ആശുപത്രിയിലെന്നപോലെ തിക്കിഞെരുങ്ങി. തങ്ങളുടെ ആളുകൾ ഭരിക്കുന്ന കാലമായിട്ടും ആശുപത്രിക്ക് വന്നുപെട്ട ദുരവസ്ഥ അവനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. നിത്യദാരിദ്ര്യത്തിന് ഉത്തരം തേടിയുള്ള ദാർശനിക യാത്രക്ക് അവന്റെ മനസ്സ് ഉടനടി തയ്യാറെടുത്തെങ്കിലും സമയം അനുകൂലമല്ലെന്ന വാസ്തവം കണ്ണുകളും ചെവികളും ഓർമ്മയും മനസ്സിനെ ബോധ്യപ്പെടുത്തി.

എട്ട് മണിയ്ക്കു ഡോക്ടർ പരിശോധനയ്ക്കു വരും. അതിന് മുമ്പ് അമ്മയെ ഒന്നൊരുക്കണം, പുറത്തുപോയി പ്രാതൽ വാങ്ങണം. അമ്മയത് കഴിച്ചു തീരുമ്പോഴേക്കും ഇന്നലെ നടത്തിയ രക്ത പരിശോധനയുടെ ഫലങ്ങൾ ലാബുകളിൽ നിന്ന് വാങ്ങിക്കൊണ്ടുവരണം. അപ്പൊഴേക്കും ഡോക്ടർ വരുന്ന നേരമാവും. അമ്മുവിനെ സ്കൂളിൽ വിട്ട് ചേച്ചിയും അപ്പൊഴേക്ക് വരുമായിരിക്കും, എന്നിട്ടേ തനിക്ക് പ്രഭാത കൃത്യങ്ങൾ നിർവഹിക്കാനും പ്രാതൽ കഴിക്കാനും ഒക്കൂ. അവന്റെ ചിന്തകൾ ദാർശനികതയുടെ കൂടുപൊട്ടിച്ച് പ്രായോഗികതയിലേക്ക് പ്രവേശിച്ചു കഴിഞ്ഞിരുന്നു.

അവൻ ധൃതിപിടിച്ച് പുറത്തേക്കുള്ള വഴിയിലേക്ക് നടന്നു. ചെയ്തുതീർക്കേണ്ട ഉത്തരവാദിത്വങ്ങളും ചെന്നെത്തേണ്ട ദൂരങ്ങളും ചന്തുവിനെ കൂടുതൽ ഉന്മേഷവാനാക്കി. നടത്തത്തിന് ഓട്ടത്തിന്റെ ഗതിവന്നു. പുറത്തേക്കുള്ള ഇടുങ്ങിയ ഇടനാഴിയും ആൾകൂട്ടവും ഇടയ്ക്കൊക്കെ വേഗതയെ പരിമിതപ്പെടുത്തിയെങ്കിലും അവൻ പ്രയാണം തുടരുകതന്നെയായിരുന്നു. ഇടയിലൊരുനേരം പുറകിൽനിന്നൊരു കരുത്തേറിയ കൈ അവന്റെ കുപ്പായക്കോളറിനെ ഞെരുക്കി. ഇടനാഴിയുടെ ഒരു വശത്തേക്കവൻ വലിച്ചിഴക്കപ്പെട്ടു. പൊടുന്നനെയും അപ്രതീക്ഷിതവുമായുണ്ടായ അക്രമം അവന്റെ പ്രജ്ഞയെ ശൂന്യമാക്കി.

അതൊരു പോലീസുകാരനായിരുന്നു, ജനമൈത്രിയാണെന്നു തോന്നുന്നു.

"ആ പേഴ്സിങ്ങ് താ…"

മുഖവുരയൊന്നും കൂടാതെ പോലീസുകാരൻ ആവശ്യപ്പെട്ടു.

ചന്തുവിന്റെ മുഖം ചോദ്യചിഹ്നം പോൽ വക്രിച്ചു.

"നീയെന്തിനാ ഓടിയത്?"

പോലീസുകാരന്റെ അടുത്ത ചോദ്യംവന്നു.

ചന്തു ഉദ്ദേശങ്ങൾ നിരത്തിയത് പോലീസുകാരന് ബോധ്യമായില്ലെന്നുതോനുന്നു.

"എന്റെ കൂടെ വാ"

അധികാരത്തിന്റെ വിളിയെ ശങ്കകൂടാതെ പിന്തുടർന്ന് ചന്തു നടന്നു. അത്യാഹിത വിഭാഗത്തിനു മുന്നിലെ പോലീസ് സഹായകേന്ദ്രത്തിലാണ് നടത്തം അവസാനിച്ചത്. വിളിച്ചുകൊണ്ടുപോയ പോലീസുകാരൻ തന്റെ കൂപ്പായത്തിന്റേയും പാന്റ്സിന്റേയും കീശകൾ തപ്പുന്നതിനിടയിൽ ചന്തുവൊന്ന് ക്ലോക്കിലേക്ക് പാളിനോക്കി. ക്ലോക്കിൽ നിലക്കാതെ കുതിക്കുന്ന കാലുകൾ അവനെ ആധിപിടിപ്പിച്ചെന്ന് തോനുന്നു, പരിശോധനക്കിടയിൽ ചന്തുവൊന്ന് പ്രതിഷേധിച്ചു. ചെവിക്കുറ്റിയിലൊരടിയായിരുന്നു മറുപടി. അവന്റെ കണ്ണിൽ പൊന്നീച്ച പറന്നു. ശബ്ദംകേട്ട് മേശയിൽ കൈകുത്തിനിന്ന്, വയർലസ് സന്ദേശങ്ങൾ കേട്ടുകൊണ്ടിരുന്ന പോലീസുകാരൻ തിരിഞ്ഞുനോക്കി.

"എന്താ സാറെ പ്രശ്നം?"

"പോക്കറ്റടിക്കാരനാ സാറെ, തപ്പുന്നത് അവനങ്ങ് പിടിക്കുന്നില്ല."

വിഷയം രണ്ടാമന് ഇഷ്ടപ്പെട്ടെന്നു തോന്നുന്നു. അയാളാ മിണ്ടുന്ന യന്ത്രത്തെ വെറുതെവിട്ട് സംഭവംനടക്കുന്ന ദിശയിലേക്ക് തിരിഞ്ഞുനിന്നു.

"എന്തിനാടാ പോക്കറ്റടിച്ചത്?"

രണ്ടാമന്റെ ചോദ്യത്തിന് ഒന്നാമനാണ് മറുപടി പറഞ്ഞത്. അതും ഒരു മറുചോദ്യമായി.

"എന്തിനാ ഇപ്പം പിള്ളേർക്ക് കാശ്?"

"ഉം, പോക്കറ്റിലില്ലെങ്കിൽ ഉടുപ്പൂരി നോക്ക് സാറെ, കിട്ടാതിരിക്കില്ല."

ഒരിളം ചിരിയുടെ അകമ്പടിയോടെ പുറപ്പെട്ട രണ്ടാം ജനമൈത്രിയുടെ പ്രസ്താവന ചന്തുവിനെ ഉണർത്തി.

"സാർ, ഞാൻ പറഞ്ഞല്ലോ, എട്ടു മണിക്ക് ഡോക്ടറ് വരും. അതിന് മുന്നേ എനിക്ക് അമ്മയ്ക്ക് ഭക്ഷണം കൊടുക്കണം. ലാബിൽ നിന്ന് പരിശോധനാ ഫലം വാങ്ങണം. ഞാൻ എടുത്തിട്ടില്ല സാർ, സാറ് നോക്കിയല്ലോ?"

"മുഴുവൻ നോക്കിയില്ല, നീ ഷർട്ടൊന്ന് ഊരിയേ"

ചന്തുവിലെ അഭിമാനബോധം നാണമായുണർന്നു. അവൻ സ്തബ്ധനായി.

"ഊരെടാ"

രണ്ടാമന്റെ ശബ്ദം ഉയർന്നു. കുപ്പായ കുടുക്കുകൾ ഓരോന്നായി പതിയെ അഴിക്കുമ്പോൾ അവന്റെ ചിന്ത മെഡിക്കൽ കോളേജ് വിട്ട് നഗരത്തിലെ ഒരു മാളിലേക്കു സഞ്ചരിച്ചു. അവിടെ ഒരു പെൺകുട്ടിയെ തുണിയുരിഞ്ഞ് പരിശോധിച്ചതിന്റെ കോളിളക്കം കെട്ടടങ്ങിയതേയുള്ളൂ. അവളനുഭവിച്ചിരിക്കാൻ സാധ്യതയുള്ള മാനസിക സംഘർഷങ്ങളുടെ ഒരു വിശകലനനടക്കുകയായിരുന്നു അവന്റെ മനസ്സിൽ അന്നേരം.

ദൂരെ എവിടെനിന്നോ പുറപ്പെട്ടതുപോലെ "പാന്റ് ഊരെടാ" എന്ന ആക്രോശത്തിൽ അവൻ ഞെട്ടിയില്ല. നേരത്തെ തോനിയ നാണവും അവനന്നേരം തോനിയില്ല. "അണ്ടർവെയർ ഊരെടാ" എന്ന ആഹ്വാനവും മുറപോലെ സ്വീകരിക്കപ്പെട്ടു. രണ്ട് തട്ടിലും വ്യത്യസ്ത അളവിലുള്ള കട്ടികൾവെച്ച ത്രാസ് പോലിരുന്ന വൃഷണങ്ങളിൽ നോക്കി പോലീസുകാർ പരസ്പരം ചിരിച്ചു.

"സാർ, ഒരു പോക്കറ്റടിക്കാരനെ കിട്ടിയിട്ടുണ്ട്."

മൂന്നാമതൊരു പോലീസുകാരൻ ഒരു മനുഷ്യനെയും പിടിച്ചുകൊണ്ടുവന്ന് മുന്നിൽ നിർത്തിയിട്ട് പറഞ്ഞു.

"തൊണ്ടിയോ?"

"കിട്ടി, സാർ"

മൂന്നാമൻ ഒരു പഴ്സ് ഉയർത്തിക്കാണിച്ചു.

"ഇയാള് കാശ് ചെലവാക്കിത്തുടങ്ങിയിരുന്നു സാറെ, ഞാൻ പിടിക്കുമ്പം നീതി സ്റ്റോറിൽ നിക്കുവായിരുന്നു."

"ഉം"

ഒന്നാമനും രണ്ടാമനും എന്തോ പരസ്പരം കുശുകുശുത്തു. തൊണ്ടിയും പ്രതിയുമായി മൂന്നാമൻ മേശക്കരികിലേക്ക് നടന്നു. പോലീസുകാരിലൊരാൾ ചന്തുവിന് വസ്ത്രങ്ങൾ എടുത്ത് നൽകി.

"ഇട്ടേച്ച് പോടാ, ഡോക്ടറ് വരാറായിട്ടുണ്ട്."

വേഷം കൈനീട്ടി മേടിച്ചെങ്കിലും ചന്തുവിനതണിയണമെന്നു തോനിയില്ല. അവനവിടെ ഒരു ബെഞ്ചിലിരുന്നു. നേരെ മുന്നിലെ കിളിവാതിലിലൂടെ അമ്മയെ നോക്കുന്ന ഡോക്ടർ ധൃതിയിൽ അകത്തേക്ക് പോവുന്നതവൻ കണ്ടു.

'നിത്യവേദനയുടെ കാരണമെന്താണ്?'

അവനിലെ ദാർശനികൻ വീണ്ടും വീണ്ടും ചോദിക്കുന്നുണ്ടായിരുന്നു. പ്രായോഗികതയുടെ പേരിൽ ആ ചോദ്യത്തെകൊന്നുകളയാൻ പറ്റാത്ത വിധം അജയ്യനായിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും ആ ചോദ്യവും ചന്തുവും.




 
 
 

1 Comment

Rated 0 out of 5 stars.
No ratings yet

Add a rating
Guest
Jan 02, 2024
Rated 5 out of 5 stars.

Thought provoking 💔

Like
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

              ഷീന എസ്

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page