top of page

മനുഷ്യതാളവും പ്രപഞ്ചതാളവും


ഭാഗം -1

രാജി ടി.എസ്.

അസിസ്റ്റൻ്റ് പ്രൊഫസർ

സംഗീത വിഭാഗം

സർക്കാർ വനിതാകോളേജ് തിരുവനന്തപുരം

ree

സംഗീതവും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിൻറെ ഇഴകൾ വേർപെടുത്താൻ ആവാത്തവിധം പരസ്പരം ചേർന്നവയാണ്. സംഗീതത്തിന്റെ ഉറവിടം പ്രകൃതിയിൽ നിന്നുമാണ് എന്ന് നമുക്ക് അനുമാനിക്കാം. കുഞ്ഞരുവികളുടെ കളകളാരവവും, പക്ഷികളുടെ താളാത്മകമായ കൂജനവും, ഇളംകാറ്റിൽ ഉലയുന്ന ഇലകളുടെ മർമ്മരങ്ങളും സംഗീതജ്ഞരെയും വാഗ്ഗേയകാരന്മാരെയും നിരന്തരം പ്രചോദിപ്പിച്ചിട്ടുണ്ട്. ഇത്തരം പ്രചോദനങ്ങൾ സംഗീതത്തിൻറെ വളർച്ചയിലും സംഗീത ഉപകരണങ്ങൾ രൂപപ്പെടുത്തുന്നതിലും വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യൻ സംഗീതത്തിൻ്റെ  സമ്പന്നമായ പാരമ്പര്യത്തിൽ പ്രകൃതിയുമായി ബന്ധപ്പെട്ട നിൽക്കുന്ന നിരവധി രാഗങ്ങളുമുണ്ട്. മേഘമൽഹാർ, മിയാൻ കീ മൽഹാർ, അമൃത വർഷിണി തുടങ്ങിയ രാഗങ്ങൾ ആസ്വാദകമനസ്സുകളിൽ മഴക്കാലത്തെയും, നനഞ്ഞ ഭൂമിയുടെ, ഇടിമുഴക്കത്തിന്റെപ്രകമ്പനവുംസൃഷ്ടിക്കാറുണ്ട്. വസന്തത്തിന്റെ വരവും വിളവെടുപ്പും ആഘോഷിക്കുന്ന ബിഹു (ആസാം) ഗാനങ്ങളും, പ്രകൃതിയുടെ സൗന്ദര്യവും അതുണർത്തുന്ന വികാരങ്ങളും വിവരിക്കുന്ന ലാവണി(മഹാരാഷ്ട്ര)ഗാനങ്ങളും,ഹിമാലയത്തിന്റെ സൗന്ദര്യവും മാറുന്ന ഋതുക്കളെയും വിവരിക്കുന്ന ഗർവാലി (ഉത്തരാഖണ്ഡ്), പ്രകൃതിയുടെ സൗന്ദര്യവും ആത്മീയ സത്യാന്വേഷണവും വിവരിക്കുന്ന ബാവുൽ ഗാനങ്ങളും (ബംഗാൾ) നാടോടി സംഗീതപാരമ്പര്യത്തിലൂടെ നമുക്ക് കൈവന്നവയാണ്.

മനുഷ്യരിലെ വികാരവിചാരങ്ങളെ ഉണർത്താനും സാംസ്കാരിക മൂല്യങ്ങൾ രൂപപ്പെടുത്താനും സംഗീതത്തിന് കഴിഞ്ഞിട്ടുണ്ട്. സംഗീതവും പ്രകൃതിയും മനുഷ്യാനുഭവങ്ങളും തമ്മിലുള്ള സങ്കീർണമായ ബന്ധം ചർച്ച ചെയ്യപ്പെടേണ്ടത് ഈ കാലഘട്ടത്തിൻറെ ആവശ്യമാണ്. കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി നാശം തുടങ്ങിയ വെല്ലുവിളികൾ നാം അഭിമുഖീകരിക്കുമ്പോൾ സംഗീതവും പ്രകൃതിയും പരിസ്ഥിതിയും തമ്മിലുള്ള ബന്ധത്തിന് പുതിയ മാനം കൈവരുന്നുണ്ട്. പരിസ്ഥിതി പ്രവർത്തനത്തിലും പരിസ്ഥിതി സംരക്ഷണ ശ്രമങ്ങളിലും സംഗീതത്തിന്റെ പങ്ക്, തദ്ദേശീയ സംഗീത പാരമ്പര്യങ്ങൾ ഉപയോഗിച്ചുകൊണ്ട് പരിസ്ഥിതി പരിപാലനസാധ്യതകൾ, സുസ്ഥിര വികസനങ്ങളും പരിസ്ഥിതി അവബോധവും വളർത്തിയെടുക്കുന്നതിൽ സംഗീതത്തിൻറെ സാധ്യത എന്നീ വിഷയങ്ങളിൽ സമഗ്രമായ ഗവേഷണങ്ങളും കണ്ടെത്തലുകളും ഇക്കാലത്തിന്റെ അനിവാര്യതയാണ്.

 

പാരിസ്ഥിതികഅവബോധം സംഗീതത്തിലൂടെ

  മനുഷ്യ മനസ്സിനെ സ്വാധീനിക്കാനുള്ള കഴിവ് സംഗീതത്തിനുണ്ട്. മനസ്സിനെ ശാന്തമാക്കാനും, വികാരതീവ്രമാക്കാനും, ആവേശഭരിതമാക്കുവാനും, ഗൃഹാതുര സ്മരണകൾ ഉണർത്തുവാനും ഒക്കെ  സംഗീതം എന്ന മാധ്യമത്തിന് കഴിയും. ഉദാഹരണത്തിന്, കായലും പുഴകളും കതിരണി വയലിന് കസവിടുന്ന, കനക നിലാവത്ത് കാടും തൊടികളും കൈകൊട്ടി കളിക്കുന്ന, മാമലകൾക്കപ്പുറത്തുള്ള, മരതക പട്ടുടുത്ത, കൊച്ചു മലയാളം എന്ന നാടിനെ കുറിച്ച് പി. ഭാസ്കരൻ മാഷ് എഴുതി ശ്രീ.എം. എസ് ബാബുരാജ് ഈണം പകർന്നപ്പോൾ (ചിത്രം - നിണമണിഞ്ഞ കാൽപാടുകൾ, 1963) നമ്മുടെ മനസ്സിലേക്ക് ഓടിയെത്തിയത് ഹരിതാഭ ചൂടിയ കേരളത്തിലെ ഭൂപ്രദേശങ്ങളാണ്. ഇതേ ഗാനത്തിൽ ‘iമധുരക്കിനാവിന്റെ മായാവിമാനത്തിനു മനുഷ്യനെ കൊണ്ടുപോകാൻ കഴിവില്ലല്ലോ’ എന്ന് പി.ബി ശ്രീനിവാസ് പാടുമ്പോൾ നൊമ്പരപ്പെടുന്നത് അന്യദേശത്തിൽ ഒറ്റപ്പെട്ടുപോയ ഒരുവന്റെ ഗൃഹാതുരമായ മനസ്സാണ് എന്നും നമുക്കറിയാം. മറിച്ച് ആന്ധ്രസ്വദേശിയായ, മലയാളി അല്ലാത്ത ഗായകൻറെ പ്രാഗല്ഭ്യത്തെക്കുറിച്ച് സാധാരണജനങ്ങൾ ഓർക്കാറില്ല. സംഗീതം എന്ന മാധ്യമത്തിലൂടെ പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ചുള്ള സന്ദേശങ്ങളും അറിവുകളും വളരെ എളുപ്പത്തിൽ ആസ്വാദക മനസ്സിലേക്ക് എത്തിക്കുവാൻ കഴിയും. ലോകമെമ്പാടുമുള്ള നിരവധി സംഗീതജ്ഞർ ഇത്തരത്തിൽ സംഗീതത്തെ പാരിസ്ഥിതിക പ്രശ്നങ്ങളെ ഉയർത്തിക്കാണിക്കാനുള്ള ഫലപ്രദമായ മാധ്യമമായി സംഗീതത്തെ ഉപയോഗിച്ചിട്ടുണ്ട്.

  പരിസ്ഥിതിനാശത്തിനെകുറിച്ച് പ്രതിപാദിക്കുന്ന ‘ബിഗ് യെല്ലോ ടാക്സി‘ (Album - Ladies of the canyon, 1970) എന്ന ഗാനത്തിന്റെ പിറവിക്കു പിന്നിൽ ഗാനത്തിന്റെ സൃഷ്ടാവ് ജോണി മിച്ചലിൻ്റെ യാത്ര അനുഭവങ്ങളാണ്. മിച്ചൽ ഹവായി ദ്വീപിൽ എത്തിച്ചേർന്നത് ഒരു രാത്രിയിലാണ്. അടുത്ത ദിനം

പ്രഭാതത്തിൽ മുറിയിലെ കർട്ടൻ നീക്കി പുറത്തേക്ക് നോക്കുമ്പോൾ ഹരിതകഞ്ചുകം അണിഞ്ഞ മലനിരകളാണ് മിച്ചലിനെ വരവേറ്റത്. ആ മനോഹരമായ നിമിഷങ്ങൾ അധികം നേരം നീണ്ടുനിന്നില്ല. ആ ഹോട്ടൽ മുറിയിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ ദൃശ്യമായത് കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പാർക്കിംഗ് ലോട്ടാണ്. പാർക്കിങ്ങിനുവേണ്ടി ഇത്രയും അധികം പരിസ്ഥിതി നശിപ്പിക്കപ്പെട്ടതിൻ്റെ നടുക്കത്തിലാണ് ഈ പാട്ട് മിച്ചൽ എഴുതുന്നത്. അക്കാലത്ത് പ്രചാരത്തിൽ ഉണ്ടായിരുന്ന ഒരു കീടനാശിനിയായ ഡി.ഡി.റ്റി യെ കുറിച്ചും ഗാനത്തിൽ പരാമർശം ഉണ്ടായിരുന്നു കർഷകരോട് ഡിഡിറ്റി ഉപേക്ഷിക്കാനും പുഴു കുത്തുകൾ ഉള്ള ആപ്പിളുകൾ തരാനും പക്ഷികളെയും തേനീച്ചകളെയും തരാനും പാട്ടിലൂടെ അവർ ആവശ്യപ്പെട്ടു. പാശ്ചാത്യസംഗീതലോകത്ത് പരിസ്ഥിതിയെക്കുറിച്ചുള്ള ഏറ്റവും വേദനാജനകമായ ഗാനങ്ങളിൽ ഒന്നായി ‘Merci merci me the ecology’ (Marvin Gaye, Album -  What is going on, 1971 ) കണക്കാക്കപ്പെടുന്നു.

അണുവികിരണം, സമുദ്ര മലിനീകരണം, വായുമലിനീകരണം തുടങ്ങിയ ഗൗരവമേറിയ പാരിസ്ഥിതിക പ്രശ്നങ്ങൾ ഈ ഗാനം മുന്നോട്ടുവയ്ക്കുന്നു. മനുഷ്യരാശി പരിസ്ഥിതിയോട് ഉത്തരവാദിത്വത്തോടെ പെരുമാറണം എന്നുള്ള ആത്മാർത്ഥമായ അഭ്യർത്ഥനയായിരുന്നു ഈ ഗാനം . മൈക്കിൾ ജാക്സൺ സൃഷ്ടിച്ച ‘earth song’ എന്ന ഗാനം ( Album - HIStory: Past , Present and Future, Book I - 1995)


കേൾക്കാത്തവർ വിരളമാണ്. മൃഗങ്ങളോടുള്ള ക്രൂരത,വനനശീകരണം, പരിസ്ഥിതി, ദാരിദ്ര്യം,യുദ്ധം എന്നീ പ്രശ്നങ്ങളെ ആസ്പദമാക്കിയുള്ള സംഗീത സൃഷ്ടിയാണ് എർത്ത്സോങ്.ലോകമെമ്പാടുമുള്ള വിവിധ മൃഗസംരക്ഷണസമിതികളുടെയും പരിസ്ഥിതി സംഘടനകളുടെയും ആദരവ് മൈക്കിൾ ജാക്സന് നേടിക്കൊടുത്ത ഗാനമായിരുന്നു ഇത്. 1980 കളിൽ പരിസ്ഥിതി നാശത്തിനെക്കുറിച്ച് പൊതുവിൽ ആശങ്കകൾ പെരുകി തുടങ്ങിയപ്പോൾ R.E.M, ജോർജ് ഹാരിസൺ  തുടങ്ങിയവർ ‘ഗ്രീൻപീസ്’ പോലുള്ള പരിസ്ഥിതി സംരക്ഷണ സംഘടനകളുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്തു. 2007 ൽ കാലാവസ്ഥ വ്യതിയാനത്തെകുറിച്ചുള്ള അവബോധം വളർത്തുന്നതിനും അതിനെതിരെ പ്രവർത്തിക്കുന്നതിലും ആയി “ലൈവ് എർത്ത്” എന്ന പേരിൽ സംഗീത പരിപാടി ഒരേ സമയം ലോകമെമ്പാടുമുള്ള നിരവധി സ്ഥലങ്ങളിൽ നടന്നു. പരിസ്ഥിതി വാദത്തിലും സംരക്ഷണത്തിലും നിരന്തരശ്രദ്ധ പുലർത്തി കൊണ്ടിരിക്കുന്ന അമേരിക്കൻ ഗായകനും ഗാനരചയിതാവുമാണ് ജാക്ക് ഹോഡി ജോൺസൺ. 2008 ൽ ഹരിതവൽക്കരണം എന്ന ആശയത്തിൻ്റെ പ്രയോക്താവായി ജോൺസൺ മാറി.തൻറെ ആൽബങ്ങളിലൂടെ ലഭിക്കുന്ന വരുമാനം ഇതിലേക്കായി ചിലവഴിക്കുന്നുമുണ്ട് അദ്ദേഹം. തൻറെ ആരാധകരുടെ പങ്കാളിത്തം ഹരിതവൽക്കരണത്തെ പിന്തുണയ്ക്കുന്ന ചാരിറ്റി പ്രവർത്തനങ്ങളുമായി സംയോജിപ്പിക്കാനും ജോൺസൺ ശ്രമിക്കുന്നു.

  പരിസ്ഥിതി പ്രവർത്തനത്തിൽ ഇന്ത്യക്കാരായ സംഗീതജ്ഞർ പങ്കാളികളാകുന്നുണ്ട്. പ്രശസ്ത സംഗീതജ്ഞനും പരിസ്ഥിതി പ്രവർത്തകനുമായ റിക്കി കെജ് തൻ്റെ കാർബൺ ഫുട്പ്രിൻ്റ്സ് (നമ്മുടെ പ്രവർത്തനങ്ങളാൽ

ree
റിക്കി കെജ്

സൃഷ്ടിക്കപ്പെടുന്ന കാർബൺ ഡൈ ഓക്സൈഡ്,മീഥെയ്ൻ ഉൾപ്പെടെയുള്ള ഹരിത ഗൃഹ വാതകങ്ങളുടെ മൊത്തം അളവ്) പരമാവധി കുറയ്ക്കാൻ ശ്രമിക്കുന്ന കലാകാരനാണ്.  പരിസ്ഥിതി സഹവർത്തിത്വത്തെക്കുറിച്ചും പരിസ്ഥിതിബോധത്തെക്കുറിച്ചും ചർച്ച ചെയ്യുന്ന അദ്ദേഹത്തിൻറെ ഗാനങ്ങൾക്ക് ഗ്രാമീ അവാർഡും ലഭിച്ചിട്ടുണ്ട്. മറ്റൊരു കലാകാരിയായ അദിതി വീണ (ഡിറ്റി) കാലാവസ്ഥാ വ്യതിയാനം,

ree
അദിതി വീണ

പരിസ്ഥിതി സംരക്ഷണം, ലിംഗ അസമത്വം തുടങ്ങിയ വിഷയങ്ങളിൽ ആശയവിനിമയം നടത്താനാണ് കല ഉപയോഗിക്കുന്നത്.ഒരു ആർക്കിടെക്ട് എന്ന നിലയിൽ അവൾ തൻറെ ചുറ്റുപാടുകളിൽ ശാശ്വതമായ സ്വാധീനം സൃഷ്ടിക്കുന്ന തരത്തിലുള്ള സംരക്ഷണ പദ്ധതികൾ ഏറ്റെടുക്കുകയും ചെയ്യുന്നു. ഇവർ രണ്ടുപേരും തങ്ങളുടെ മ്യൂസിക് ടൂറുകളിൽ നിന്നും പുറന്തള്ളുന്ന കാർബണിനെ പ്രതിരോധിക്കാൻ മരങ്ങൾ നട്ടുപിടിപ്പിക്കുന്നു. ‘ഇൻഡ്യൻ ഓഷ്യൻ’ എന്ന ബാൻ്റിൻ്റെ ബേസ് ഗിറ്റാറിസ്റ്റും സംഗീതസംവിധായകനുമായ രാഹുൽ റാം ഒരു പരിസ്ഥിതി പ്രവർത്തകൻ കൂടിയാണ്. അമേരിക്കയിലെ കോർണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് പരിസ്ഥിതിവിഷശാസ്ത്രത്തിൽ (environmental toxicology) അദ്ദേഹം പി എച്ച് ഡി നേടിയിട്ടുണ്ട്. തമിഴ്നാട്, ഉത്തരാഖണ്ഡ്, നർമദ തുടങ്ങിയ പ്രദേശങ്ങളിൽ പരിസ്ഥിതിക പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ക്യാമ്പിനുകളിൽ അദ്ദേഹം സജീവ പ്രവർത്തകനാണ്. പ്രശസ്ത കർണാടക സംഗീതജ്ഞയും പിന്നണി ഗായികയുമായ ശ്രീമതി ബോംബേ ജയശ്രീ  പരിസ്ഥിതി പ്രവർത്തനങ്ങളുടെകൂടിസഹയാത്രികയാണ്’. ഭൂമിയുടെ സംരക്ഷണത്തിനെകുറിച്ച് അവബോധം സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആഗോള പരിസ്ഥിതി എൻജിഒ ആയ ‘എർത്ത് ഡേ നെറ്റ്‌വർക്ക്’ അംബാസിഡറാണ് ജയശ്രീ . സംഗീത പരിപാടികൾക്കിടയിൽ സംഭവിക്കുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ചും ജയശ്രീ സംസാരിച്ചിട്ടുണ്ട്. വേദി അലങ്കരിക്കാൻ കൊണ്ടുവരുന്ന പുഷ്പങ്ങൾ സംഗീത പരിപാടി കഴിഞ്ഞു് അവിടെത്തന്നെ ഉപേക്ഷിക്കപ്പെടുന്ന അവസ്ഥയെയും, സംഗീതപരിപാടികൾക്കിടയിൽ ഉണ്ടാവുന്ന പ്ലാസ്റ്റിക് ഉപയോഗത്തെയും ചൂണ്ടിക്കാണിക്കുകയും ഇത്തരം പ്രവർത്തനങ്ങൾ ഒഴിവാക്കണം എന്നും സംഘാടകരോട്  അവർ ആവശ്യപ്പെടാറുണ്ട്.

  ആമസോൺ മഴക്കാടുകൾ  മുതൽ സുന്ദർബൻ വരെയുള്ള ലോകമെമ്പാടും നടക്കുന്ന വനനശീകരണത്തിനെതിരെ ശബ്ദമുയർത്തിയ ആൽബം ആണ് സൗമിക്  ദത്തയുടെ ‘ജംഗിൾ’. കാലാവസ്ഥ അസമത്വം അഭിമുഖീകരിക്കുന്ന തെക്കൻ രാജ്യങ്ങളിൽ നിന്നുള്ള പാർശ്വവൽക്കരിക്കപ്പെട്ട ജനസമൂഹങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് പ്രവർത്തിക്കുന്ന കലാകാരനാണ് സൗമിക് ദത്ത. നാടോടി സംഗീതം കൈകാര്യം ചെയ്യുന്ന, പശ്ചിമ ബംഗാളിൽ നിന്നുള്ള ഗായകൻ നരേയ്ൻ ഹൻസ്ദ സന്താൾ, ബംഗാളി ഭാഷകളിൽ പരിസ്ഥിതി സംരക്ഷണത്തിനെ കുറിച്ച് 120 തിലധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ഒരു ദശാബ്ദത്തിൽ ഏറെയായി അദ്ദേഹം നടത്തിയ പ്രവർത്തനം  പുരുലിയ ജില്ലയിലെ വനഭൂമിയെ പുനരുജ്ജീവിപ്പിക്കുവാൻ സഹായകമായി. 2022 ൽ മുംബൈയിലെ ‘ആരെ’ (Aarey) വനത്തിൽ മെട്രോ റെയിൽ കാർഷെഡ് നിർമ്മിക്കാനുള്ള പദ്ധതിക്കെതിരായി ഒരു കൂട്ടം യുവസംഗീതജ്ഞർ ഒത്തുചേർന്നു. തങ്ങളുടെ പ്രതിഷേധഗാനങ്ങൾ ഹാർമോണിയത്തിന്റെയും താളാത്മകമായ കൈകൊട്ടലിന്റെയും അകമ്പടിയോടെ മുംബൈ മെട്രോയിൽ ആലപിക്കുകയും യാത്രക്കാരെ രസിപ്പിക്കുകയും ആവേശഭരിതരാക്കുകയും ചെയ്തു. സംഗീതം ഉപയോഗിച്ച് പാരിസ്ഥിതികനാശത്തിൽ പ്രതിഷേധിക്കുന്ന ഇത്തരം കൂട്ടായ്മകൾ എണ്ണത്തിൽചെറുതാകാം  എങ്കിലും നിശ്ചയദാർഢ്യം ഉള്ള നവതലമുറയുടെ പൊതു ബോധത്തിന്റെ ഭാഗമാണ്. ഇത്തരം കൂട്ടായ്മകൾ ഹരിതവും, വൃത്തിയുള്ളതും കൂടുതൽ നീതിയുക്തവുമായ  പരിസ്ഥിതിയെ വിഭാവനം ചെയ്യുകയാണ്. സംഗീതം  ഇവിടെ ആശയവിനിമയത്തിന്റെ മാധ്യമമായി നിലകൊള്ളുന്നു. പ്രതിഷേധത്തിന്റെ ഈ ഗാനങ്ങൾ ജനപ്രിയ സംഗീതത്തിൻറെ മേലാപ്പ് അണിഞ്ഞ് ജനങ്ങളുടെ പൊതുബോധത്തിലേക്ക് പ്രവേശിക്കുന്നു. ഇത്തരം ഗാനങ്ങൾക്ക് പ്രവർത്തനമണ്ഡലങ്ങളിൽ പ്രചാരം ലഭിക്കുകയും അതുവഴി ജനങ്ങളെ സ്വാധീനിക്കുകയും ചെയ്യുന്നു എങ്കിലും പലപ്പോഴും രേഖപ്പെടുത്തലുകൾ ഇല്ലാതെ നഷ്ടപ്പെട്ടു പോവുകയും ചെയ്യുന്നുണ്ട്.

2000 കളുടെ തുടക്കത്തിൽ നടന്ന നോ മോർ ഭോപ്പാൽ ക്യാമ്പയിൻ, ദക്ഷിണ റെയിൽവേയുടെശുചിത്വ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള ക്യാമ്പയിൻ,പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി നടത്തിയ ‘കാടമ്മ മ്യൂസിക് ഔട്ട് റീച്ച് പ്രോഗ്രാം’ തുടങ്ങിയ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിന്ന കലാകാരനായിരുന്നു ജോൺ ആൻറണി. നിരവധി റോക്ക് ബാന്റുകളിലും മലയാളം തമിഴ് സിനിമ പിന്നണി ഗാനരംഗത്തും ഗിറ്റാറിസ്റ്റ് ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിൻറെ മ്യൂസിക് ബാൻഡ് ആയ ‘കർണാട്രിക്സ്’ പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിനായി ഇന്ത്യയിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് പരിപാടികൾ അവതരിപ്പിച്ചിരുന്നു. കേരള സംസ്ഥാന ഹരിത മിഷന്റെ നേതൃത്വത്തിൽ നാടോടി സംഗീത കലാകാരനായ ജയചന്ദ്രൻ കടമ്പനാടും സംഘവും കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തിയ യാത്രയുടെ പ്രാഥമിക ഉദ്ദേശ്യം തന്നെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. പരിസ്ഥിതിക്ക് അനുയോജ്യമായ മുള ഉൽപ്പന്നങ്ങളുടെ പ്രചാരത്തിനാണ് അദ്ദേഹം ഊന്നൽ നൽകിയിരിക്കുന്നത്. നദികളുടെ വശങ്ങളിൽ മുള നട്ട് വളർത്തിയാൽ മണ്ണൊലിപ്പ് തടയാൻ ആകുമെന്നും പ്രകൃതിയോട് ഇണങ്ങിയ പ്രതിരോധ മാർഗമാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. യുവതലമുറയിലെ ശ്രദ്ധേയമായ ‘ഗന്ധർവാസ്’ എന്ന മ്യൂസിക്ബാൻഡ് പുറത്തിറക്കിയ ‘കാട്ടാർ’ എന്ന ഗാനം പ്രകൃതിയെയും പരിസ്ഥിതി നാശത്തിനേയും ഉയർത്തിക്കാട്ടുന്നു. പ്രശസ്ത ഗായിക സിതാര കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള ‘പ്രോജക്ട് മലബാറിക്കസ് ‘ എന്ന മ്യൂസിക് ബാൻഡ് പുറത്തിറക്കിയ ‘ഋതു’ എന്ന ആൽബത്തിലെ ‘അരുതരുത്’ എന്ന ഗാനം ജനശ്രദ്ധ ആകർഷിച്ചതിനോടൊപ്പം പാരിസ്ഥിതിക പ്രശ്നങ്ങളിലേക്ക് വിരൽചൂണ്ടുന്നതുമാണ്.


സംഗീതസംബന്ധിയായ പാരിസ്ഥിതിക ആഘാതങ്ങൾ

സംഗീതം നേരിട്ട് പ്രകൃതിയിൽ ആഘാതങ്ങൾ സൃഷ്ടിക്കുന്നില്ലെങ്കിലും ചില പ്രത്യേക സാഹചര്യങ്ങളിൽ സംഗീത അവതരണവുമായും നിർമ്മാണവുമായും ബന്ധപ്പെട്ട് ചില പാരിസ്ഥിതിക ആഘാതങ്ങൾ ഉണ്ടാകുന്നുണ്ട്.  ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് മാലിന്യ ഉൽപാദനമാണ്. തൽസമയ സംഗീത പരിപാടികൾ നടത്തുമ്പോൾ ഉണ്ടാകുന്ന പ്ലാസ്റ്റിക്  മാലിന്യങ്ങൾ,ഭക്ഷണ മാലിന്യങ്ങൾ,വേദികൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ ഉപേക്ഷിക്കുന്നത് കൊണ്ടുണ്ടാകുന്ന മാലിന്യങ്ങൾ,അനുവദനീയമായ പരിധിക്ക് അപ്പുറം ശബ്ദം പുറപ്പെടുവിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദ മലിനീകരണം തുടങ്ങി വിവിധ മേഖലകളിലൂടെ മാലിന്യ ഉൽപാദനം നടക്കുന്നുണ്ട്. തൽസമയ കലാപരിപാടികൾ നടക്കുന്ന വേദിയിലേക്ക് കലാകാരന്മാരും ആസ്വാദകരും എത്തിച്ചേരുമ്പോൾ അനുബന്ധമായി ഉണ്ടാകുന്ന ഗതാഗത സംവിധാനങ്ങളിൽ കൂടി പുറന്തള്ളപ്പെടുന്ന കാർബൺ മാലിന്യങ്ങൾ,മേൽപ്പറഞ്ഞ സാഹചര്യത്തിൽ ഉണ്ടാകുന്ന ഊർജ്ജ ഉപയോഗം തുടങ്ങിയവയും പരിസ്ഥിതിക്ക് വിനാശം ഉണ്ടാക്കുന്നുണ്ട്. ഇന്ത്യയുടെ അതി വേഗം വളരുന്ന ഡിജിറ്റൽ സംഗീത വിപണിയിൽ ഡാറ്റ സംഭരണത്തിനും പ്രക്ഷേപണത്തിനും ഊർജം ആവശ്യമാണ്. സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഗ്രീൻ റെക്കോർഡിങ് സ്റ്റുഡിയോകൾ,പരിസ്ഥിതി സൗഹൃദ ഫോർമാറ്റുകളിൽ ഉള്ള ഡിജിറ്റൽ സംഗീത വിതരണം, പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജസ്രോതസ്സുകൾ ഉപയോഗിച്ചുകൊണ്ട് നടത്താവുന്ന തൽസമയ സംഗീത പരിപാടികൾ,കാർപൂളിംഗ് അല്ലെങ്കിൽ പൊതുഗതാഗതം ഉപയോഗിക്കൽ എന്നീ മേഖലകളിൽ ശ്രദ്ധ ചെലുത്തിയാൽ ഇത്തരം പരിസ്ഥിതി ആഘാതങ്ങളുടെ വ്യാപ്തി കുറയ്ക്കുവാൻ സാധിക്കും.

  സർഗാത്മകതയും കലാവിഷ്കാരത്തെയും പ്രചോദിപ്പിക്കുന്ന പ്രകൃതിക്ക് നാം തിരിച്ചു നൽകുന്നത് എന്താണ്? പ്രകൃതിക്ക് ആഘാതം സൃഷ്ടിക്കാതിരിക്കുകയും നിലവിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങളെകുറിച്ച് അവബോധം വളർത്തുകയും അതുവഴി സാംസ്കാരികവും പാരിസ്ഥിതികവുമായ പൈതൃകത്തെ കാത്തുസൂക്ഷിക്കുകയും ചെയ്യേണ്ടത് നമ്മുടെ കർത്തവ്യമാണ്. ഈ ലോകം മനുഷ്യർക്കുവേണ്ടി മാത്രമുള്ളതല്ലെന്നും ഭൂമിയുടെ അവകാശികൾ എല്ലാ ജീവജാലങ്ങളും ആണെന്നും മനസ്സിലാക്കുന്ന ഇടത്ത് പരിസ്ഥിതി പ്രശ്നങ്ങൾ അവസാനിക്കും. ചന്ദ്രകളഭം ചാർത്തി ഉറങ്ങുന്ന തീരത്ത്, ഇന്ദ്രധനുസ്സിൻ തൂവൽ പൊഴിയുന്ന ഈ മനോഹര തീരത്ത് ഒരു ജന്മം കൂടി എനിക്ക് തരൂ എന്നെഴുതുന്ന വയലാർ രാമവർമ്മക്കൊപ്പം ഹൃദയത്തെ തൊടുന്ന ഈണവുമായി ദേവരാജൻ മാസ്റ്റർ ഒത്തുചേരുമ്പോൾ (കൊട്ടാരം വിൽക്കാനുണ്ട്, 1975) നമ്മുടെ മനസ്സ് വീണ്ടും ഗൃഹാതുരമാവുകയാണ്. പുനർജന്മം ഉണ്ടായാലും ഇല്ലെങ്കിലും ഈ മനോഹര തീരം വരും തലമുറകൾക്ക് കൂടി അവകാശപ്പെട്ടതാണ്.


 
 
 

2 Comments

Rated 0 out of 5 stars.
No ratings yet

Add a rating
Guest
Aug 22, 2024
Rated 5 out of 5 stars.

Great

Like

Guest
Aug 21, 2024
Rated 5 out of 5 stars.

Excellent write up . Expecting more..

Like
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. സംഗീത കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page