top of page

ഒരു ദേശത്തിൻകതൈ

തെക്കൻതിരുവിതാംകൂറിന്റെ ചരിത്രവും സംസ്കാരവും

ഭാഗം ഒന്ന്

ഡോ. ഷിബു കുമാർ പി എൽ

അസിസ്റ്റന്റ് പ്രൊഫസർ

മലയാളവിഭാഗം

ഗവ. കോളേജ്, കാസറഗോഡ്

ree

ആമുഖം

സമകാലികകേരളത്തിന്റെ രാഷ്ട്രീയഭൂപടത്തിൽ നിലവിലില്ലാത്ത ഒരു സ്ഥലനാമമാണ് തിരുവിതാംകൂർ. ആയിരത്തിത്തൊള്ളായിരത്തി അമ്പത്തിയാറ് നവംബർ ഒന്നിലെ കേരളസംസ്ഥാനരൂപീകരണത്തോടെ ചരിത്രമായിമാറിയ ഒരു നാട്ടുരാജ്യത്തിന്റെ പേരു കൂടിയാണ് തിരുവിതാംകൂർ.

മുക്കാൽനൂറ്റാണ്ടിനുമുൻപു കേരളക്കരയിൽ നിലവിലുണ്ടായിരുന്ന മൂന്നു പ്രധാന നാട്ടുരാജ്യങ്ങളായിരുന്നു തിരുവിതാംകൂർ, കൊച്ചി, മലബാർ. അതിൽ ഭൂവിസ്തൃതിയിലും കാർഷികവൃത്തിയിലും സൈനികമേധാവിത്വത്തിലും വിദ്യാഭ്യാസപരിഷ്കരണത്തിലും വികസനപ്രവർത്തനങ്ങളിലും മറ്റു നാട്ടുരാജ്യങ്ങളെക്കാൾ മുൻപന്തിയിൽ ആയിരുന്നു തിരുവിതാംകൂർ. രാജഭരണമായിരുന്നിട്ടും ജനാധിപത്യസ്വഭാവമുള്ള പല ആശയങ്ങളുടെയും പ്രവർത്തനമേഖലകൂടിയായിരുന്നു തിരുവിതാംകൂർ. പല ചരിത്രഗതികൾക്കും സാക്ഷ്യം വഹിക്കാൻ ഈ നാടിനു കഴിഞ്ഞിട്ടുണ്ട് .കേരളത്തിലെ നവോത്ഥാനപ്രവർത്തനങ്ങളുടെ ഫലമായിട്ടുണ്ടായ ഉണർവ് ഏറ്റവുംകൂടുതൽ സ്വാധീനിച്ചത് തിരുവിതാംകൂറിലാണ്.രാഷ്ട്രീയഭൂപടത്തിൽനിന്നു തിരുവിതാംകൂർ എന്ന പേരു ഇന്നു മാഞ്ഞുപോയെങ്കിലും തെക്കൻകേരളത്തിന്റെ സാംസ്കാരികഭൂപടത്തിലും സാംസ്കാരികചരിത്രത്തിലും ഈ സംജ്ഞയ്ക്ക് ആധുനികകാലത്തും സവിശേഷപ്രാധാന്യമുണ്ട്.


തിരുവിതാംകൂർ എന്ന പേര്

തെക്കു തിരുനെൽവേലിമുതൽ വടക്കു കൊച്ചി -പറവൂർവരെയുള്ള സ്ഥലം തിരുവിതാംകൂർ എന്നാണ് സ്വാതന്ത്ര്യത്തിനുമുൻപ് അറിയപ്പെട്ടിരുന്നത്. തിരുവിതാംകൂറിന്റെ ആദ്യകാലതലസ്ഥാനം തമിഴ് -മലയാളം ജനതയുടെ ഹൃദയഭൂമിയായ തക്കലക്കയ്ക്കടുത്തുള്ള കല്ക്കുളം പത്മനാഭപുരം ആയിരുന്നു.

ree
കല്‍ക്കുളം കൊട്ടാരമെന്ന പദ്‌മനാഭപുരം കൊട്ടാരം

ഇതിനടുത്താണ് തിരുവിതാംകോട് എന്ന സ്ഥലമുള്ളത്. ഇപ്പോഴുമുണ്ട്. തിരുവിതാംകോടുശിവക്ഷേത്രവും കേരളപുരം ശിവക്ഷേത്രവും ഇവിടെ അടുത്തടുത്തു സ്ഥിതി ചെയ്യുന്ന പ്രധാനക്ഷേത്രങ്ങളാണ്. തിരുവിതാംകോടുക്ഷേത്രത്തിൽ നാരായണപ്രതിഷ്ഠയും ശിവപ്രതിഷ്ഠയുമുണ്ട്.

ree

തിരുവട്ടാർ ആദികേശവക്ഷേത്രത്തോടൊപ്പംതന്നെ വേണാടുരാജാക്കന്മാർക്കു പ്രിയപ്പെട്ട ക്ഷേത്രങ്ങൾകൂടിയായിരുന്നു കേരളപുരവും തിരുവിതാംകോടും.

തിരുവിതാംകോടിനു മറ്റൊരു പ്രത്യേകതകൂടിയുണ്ട് -വേണാട്ടുരാജാക്കന്മാരുടെയും തിരുവിതാംകൂർരാജാക്കന്മാരുടെയും വിശ്വസ്തരായ ഇസ്ലാംമതവിശ്വാസികളായ മുസ്ലീമുകളുടെ പ്രധാനതാവളംകൂടിയാണ് തിരുവിതാംകോട്.. അവരുടെ ഏറ്റവും പഴക്കംചെന്ന പള്ളികളിലൊന്ന് തിരുവിതാംകോടിലാണ്. കച്ചവടത്തോടൊപ്പംതന്നെ തിരുവിതാംകൂർ രാജാക്കന്മാരുടെ പ്രിയപ്പെട്ടവരാകാനും ഇവിടത്തെ മുസ്ലീംസമുദായത്തിനു കഴിഞ്ഞിരുന്നു. അങ്ങനെ എല്ലാതരത്തിലും രക്ഷകസാന്നിധ്യമുള്ള സ്ഥലമായിരുന്നു തിരുവിതാംകൂർ രാജവംശത്തിനു തിരുവിതാംകോട്. ‘തിരു’വന്നാൽ, ഭാഷയിൽ ഐശ്വര്യം, ദൈവികം എന്നൊക്കെയാണ് അർത്ഥം. ‘കോടി’ന് സ്ഥലമെന്ന് അർത്ഥം. കോട് ചേർന്ന സ്ഥലനാമങ്ങൾ തെക്കൻതിരുവിതാംകൂറിൽ ധാരാളമുണ്ട്. അണ്ടുകോട്, ഇടയ്ക്കോട് മാലയ്ക്കോട് ,മുട്ടയ്ക്കോട് തുടങ്ങിയ സ്ഥലങ്ങൾ ഉദാഹരണങ്ങളാണ്. ഈ തിരുവിതാംകോട് കേന്ദ്രീകരിച്ചായിരുന്നു ആദ്യകാലത്ത് രാജഭരണം നടത്തിയിരുന്നത്. തിരുവിതാംകോടിനടുത്തുള്ള കേരളപുരംക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ഈ പ്രദേശത്തിന് തിരുവിതാംകോട് എന്ന പേരു കിട്ടിയതെന്ന് ചില പഴമക്കാർ പറയുന്നു. ഇതിനടുത്തുള്ള തിരുവട്ടാർ ആദികേശക്ഷേത്രവും പത്മനാഭപുരംകൊട്ടാരവും തിരു(ശ്രീ)വിനു കാരണമായി കരുതുന്നവരുണ്ട്( മങ്ങാത്ത ഓർമ്മകൾ, മായാത്ത മുഖങ്ങൾ- തിക്കുറിശ്ശി ഗംഗാധരൻ, 2019 പുറം 25)

യൂറോപ്യരുടെ വ്യവഹാരത്തിൽ തിരുവിതാംകോട് ,ട്രാവൻകൂർ ആവുകയും നാട്ടുമൊഴി വഴക്കത്തിൽ ട്രാവൻകൂർ തിരുവിതാംകൂർ ആയി രൂപാന്തരപ്പെടുകയും ചെയ്തു. കേരളത്തിന്റെ തെക്കേയറ്റത്തെ ഒരു സ്ഥലത്തിന്റെ പേരിൽ അറിയപ്പെട്ട നാട്ടുരാജ്യമാണ് പിന്നീട് ആരുവാമൊഴിച്ചുരംമുതൽ കൊച്ചിവരെ ഭരിച്ചത്.രാജ്യവും അധികാരവും നഷ്ടമായെങ്കിലും തിരുവിതാംകൂർ എന്ന പഴയ പേരിന്റെ ഓർമ്മ നിലനിർത്തിക്കൊണ്ട് തിരുവിതാംകോട് എന്ന സ്ഥലവും ക്ഷേത്രവും ഇന്നും തക്കലയ്ക്കടുത്തു സ്ഥിതി ചെയ്യുന്നുണ്ട്.


തിരുവിതാംകൂറിന്റെ രാഷ്ട്രീയചരിത്രം

ആധുനികതിരുവിതാംകൂർ രൂപപ്പെടുന്നത് അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ കാലത്താണ്(1729-1758) തിരുവിതാംകൂറിനെ വിശാലതിരുവിതാംകൂറാക്കി മാറ്റിയത് മാർത്താണ്ഡവർമ്മയാണ്. ഈ കാരണംകൊണ്ട് ‘ആധുനികതിരുവിതാംകൂറിന്റെ സ്രഷ്ടാവ്’ എന്ന സ്ഥാനപ്പേരും മാർത്താണ്ഡവർമ്മയ്ക്കുണ്ട്. മാർത്താണ്ഡവർമ്മയുടെ കാലത്തിനുമുമ്പ് ‘വേണാട്’ എന്നാണ് തിരുവിതാംകൂറിന്റെ ചില ഭാഗങ്ങൾ അറിഞ്ഞിരുന്നത്. വടക്ക് കന്നേറ്റിമുതൽ( കൊല്ലംജില്ലയിലെ ഒരു പ്രദേശം) തിരുവനന്തപുരംവരെയായിരുന്നു വേണാടിന്റെ അതിർത്തി. തിരുവനന്തപുരത്തിന് തെക്കുള്ള പ്രദേശം ആദ്യകാലത്ത് ‘ആയ് ‘രാജ്യമായിരുന്നു. ആയ് രാജവംശം തെക്കേ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഭരണകൂടം ആയിരുന്നു. സഹ്യപർവ്വതനിരയിലെ ‘പൊതിയിൽമല’ കേന്ദ്രമാക്കിയാണ് ആയ് രാജാക്കന്മാർ ഭരണം നടത്തിയിരുന്നത്. തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രത്തിന്റെ മൂലക്ഷേത്രം ആയ് ഭരണകാലംമുതൽക്കേ ഉണ്ടായിരുന്നുവെന്നതിനു വാമൊഴിത്തെളിവുകളുണ്ട്. കന്യാകുമാരിജില്ലയിലെ അയിരൂർ, ആയ്ക്കുടി , ഇടയ്ക്കോട്, തിരുവിടൈയ്ക്കോട്, പേരായക്കുടി, ഇടരായക്കുടി തുടങ്ങിയ സ്ഥലതാമങ്ങൾ ആയ് രാജവംശത്തിന്റെ അവശിഷ്ടങ്ങളായി കാണുന്നു. ആയ്ഭരണകാലത്ത് ‘നാഞ്ചിൽ വള്ളുവൻ’ എന്നൊരു കുറുനിലമന്നൻ ഇന്നത്തെ കന്യാകുമാരിജില്ലയുടെ പല പ്രദേശങ്ങളും ഭരിച്ചിരുന്നു. അദ്ദേഹത്തിന്റെ കീഴിലുള്ള പ്രദേശങ്ങൾ ‘നാഞ്ചിൽനാട്’ അഥവാ നാഞ്ചിനാട് എന്ന പേരിൽ അറിയപ്പെട്ടു. നാഞ്ചിനാട് കാർഷികകേന്ദ്രമായിരുന്നു. നെൽക്കൃഷിയാണ് പ്രസിദ്ധം .നാഞ്ചിൽമന്നവനെക്കുറിച്ചു വ്യക്തമായ തെളിവുകൾ ചരിത്രത്തിൽ ഇല്ല. വാമൊഴിക്കഥകളിലും സ്ഥലനാമപഠനത്തിൽനിന്നും രൂപംകൊണ്ട കണ്ടെത്തലുകളിൽനിന്നാണ് നാഞ്ചിൽ വള്ളുവന്റെ ഭരണത്തെക്കുറിച്ചുളള സൂചനകൾ ലഭിച്ചിട്ടുള്ളത്. ആനകൾ ധാരാളമുള്ള സ്ഥലമാണ് ‘പൊതിയിൽമല’. ആയ് രാജവംശത്തിന്റെ ചിഹ്നവും ആനയാണ്. (പിന്നീട് കേരളസംസ്ഥാനം രൂപംകൊണ്ടപ്പോൾ സ്വീകരിച്ച ഔദ്യോഗികചിഹ്നവും ആനതന്നെ.) പതിനാലാംനൂറ്റാണ്ടോടുകൂടി നാഞ്ചിനാട് ഉൾപ്പെടുന്ന ആയ് രാജവംശം വേണാടിന്റെ ഭാഗമായിത്തീർന്നു. അതോടുകൂടി കന്നേറ്റിമുതൽ തിരുവനന്തപുരംവരെ ഉണ്ടായിരുന്ന വേണാടിന്റെ അതിർത്തി കന്നേറ്റിമുതൽ താമ്രപർണിനദീതീരമായ തിരുനെൽവേലിവരെയായി.

വേണാടിന്റെ ഭരണകാലത്തു ധാരാളം സ്വരൂപങ്ങൾ( ക്ഷത്രിയവംശങ്ങൾ )ഉണ്ടായിരുന്നു, എളയടത്ത്, ദേശിങ്ങനാട്, തൃപ്പാപ്പൂർ സ്വരൂപങ്ങളാണു ഇതിൽ പ്രധാനം. തൃപ്പാപ്പൂർ സ്വരൂപമാണ് വേണാടിന്റെ ഭരണതലത്തിൽ കൂടുതൽക്കാലം ഉണ്ടായിരുന്നത്. ഈ തൃപ്പാപ്പൂർ സ്വരൂപക്കാർതന്നെയാണ് പിന്നീടു തിരുവിതാംകൂറും ഭരിച്ചിരുന്നത്.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ തിരുവിതാംകൂറിന്റെ രാജാവ് ചിത്തിരതിരുനാൾ രാമവർമ്മ ആയിരുന്നു. 1949 ൽ തിരുവിതാംകൂറിനെയും കൊച്ചിയെയും ലയിപ്പിച്ച് തിരുക്കൊച്ചി സംസ്ഥാനം രൂപംകൊള്ളുമ്പോൾ തിരുക്കൊച്ചിസംസ്ഥാനത്തിന്റെ രാജപ്രമുഖനായി ചിത്തിരതിരുനാൾ നിയോഗിക്കപ്പെട്ടു. 1956 നവംബർ ഒന്നിന് കേരളസംസ്ഥാനരൂപീകരണത്തോടെ കേരളീയർ ജനാധിപത്യസംവിധാനത്തിലേക്ക് പൂർണമായും മാറി. അതോടെ നൂറ്റാണ്ടുകൾ നിലനിന്ന രാജഭരണത്തിന്‌ തിരുവിതാംകൂറിൽ പരിസമാപ്തിയായി.

ഇന്നത്തെ തമിഴ്നാടിന്റെ ഭാഗമായ കന്യാകുമാരിജില്ല, നിലവിൽ കേരളത്തിൽ ഉൾപ്പെടുന്ന തിരുവനന്തപുരം, കൊല്ലം, കോട്ടയംജില്ലകൾ,ഇടുക്കിജില്ലയിലെ ദേവികോട് ,പീരുമേട് പ്രദേശങ്ങൾ,കൊല്ലം ജില്ലയുടെ ഭാഗമായിരുന്നതും ഇന്നു തമിഴ്നാട്ടിൽ ഉൾപ്പെടുന്ന ചെങ്കോട്ട, എറണാകുളംജില്ലയിൽചേർന്ന വടക്കൻപറവൂർവരെയുള്ള ഭാഗങ്ങളും ചേർന്നതായിരുന്നു സ്വാതന്ത്ര്യത്തിനു മുൻപുള്ള തിരുവിതാംകൂറിന്റെ രാഷ്ട്രീയാതിർത്തി. മുപ്പതുതാലൂക്കുകളാണ് അന്നു തിരുവിതാംകൂർസംസ്ഥാനത്തിൽ ഉണ്ടായിരുന്നത്. തോവാള, അഗസ്തീശ്വരം ,കല്ക്കുളം, വിളവൻകോട്, നെയ്യാറ്റിൻകര, തിരുവനന്തപുരം, നെടുമങ്ങാട്, ചിറയിൻകീഴ്, കൊട്ടാരക്കര, പത്തനാപുരം, ചെങ്കോട്ട, കൊല്ലം, കുന്നത്തൂർ ,കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര, പത്തനംതിട്ട, തിരുവല്ല, അമ്പലപ്പുഴ, ചേർത്തല, വൈക്കം, കോട്ടയം, ചങ്ങനാശ്ശേരി, മീനച്ചൽ, തൊടുപുഴ, മൂവാറ്റുപുഴ, കുന്നത്തുനാട്, പറവൂർ, ദേവികുളം, പീരുമേട് എന്നിവയായിരുന്നു ആ മുപ്പതുതാലൂക്കുകൾ ( 1931 ലെ തിരുവിതാംകൂർ സെൻസസ് റിപ്പോർട്ട്, പുറം രണ്ട് ) ഇതിൽ തോവാള, അഗസ്തീശ്വരം ,കൽക്കുളംതാലൂക്കുകൾ തമിഴ്നാടിന്റെ ഭാഗമായ കന്യാകുമാരിജില്ലയിലും ചെങ്കോട്ടത്താലൂക്ക് തമിഴ്നാടിന്റെതന്നെ ഭാഗമായ തെങ്കാശി ജില്ലയിലുമാണ് നിലവിലുള്ളത്.


 
 
 

1 Comment

Rated 0 out of 5 stars.
No ratings yet

Add a rating
Guest
Aug 20, 2024

Very informative and educative congratulations Dr Shibu PL.

MC Raju Government College Kasaragod


Edited
Like
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. സംഗീത കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page