സാഹിത്യ പ്രതിചരിത്രപരമ്പര 10
- GCW MALAYALAM
- May 2, 2024
- 5 min read
കവിത - 5 ( 18-ാം നൂറ്റാണ്ടിലെ കവിത )
ഷൂബ കെ.എസ്സ്.

അര്‍ണ്ണോസ് പാതിരി (1681-1732 )
പതിനാറാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ തന്നെ വിവിധ പോര്‍ച്ചുഗീസ് മിഷനറിമാര്‍ കേരളത്തിലെത്തുകയും സെന്റ് തോമസ് ക്രിസ്ത്യാനികള്‍ക്കിടയില്‍ സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്തു. അവര്‍ക്ക് മലയാളത്തെക്കുറിച്ചോ സുറിയാനിയെക്കുറിച്ചോ നേരിയ അറിവ് പോലുമില്ല. അതിനാല്‍ ആചാരങ്ങളും പ്രത്യയശാസ്ത്രവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ജെസ്യൂട്ടുകള്‍ മലയാളവും സുറിയാനിയും പഠിക്കാന്‍ ശ്രമിച്ചു. ജെസ്യൂട്ട് ആയിരുന്ന സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ CE 1542-ല്‍ ഇന്ത്യ ( ഗോവ)യിലെത്തി.
മലാക്ക, ഗോവ, കൊച്ചി എന്നിവ ലോകത്തിലെ പ്രധാന ജെസ്യൂട്ട് കേന്ദ്രങ്ങളായി മാറി. ഫ്രാന്‍സിസ് സേവ്യറിന്റെ അശ്രാന്ത പരിശ്രമം മൂലം തീരപ്രദേശങ്ങളില്‍ താമസിച്ചിരുന്ന ആയിരക്കണക്കിന് ആളുകള്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു. കേരളവും തമിഴ്‌നാടും അദ്ദേഹത്തിന്റെ മിഷനറിപ്രവര്‍ത്തനത്തിന്റെ കേന്ദ്രങ്ങളായിരുന്നു. വ്യാപാരത്തിനു വേണ്ടിയുള്ള രാഷ്ട്രീയ അധിനിവേശത്തിന് സമാന്തരമായി സൃഷ്ടിക്കപ്പെട്ട സാംസ്‌കാരിക അധിനിവേശമായിരുന്നു മിഷണറിപ്രവര്‍ത്തനങ്ങള്‍. ജനമനസ്സുകളിലേയ്ക്കിറങ്ങി ചെല്ലാന്‍ അവര്‍ നാട്ടുഭാഷയിലും നാടന്‍ കഥകളിലും സാഹിത്യത്തിലും ഇടപെട്ടു. എന്നാല്‍ മിഷണറിമാരുടെ സാഹിത്യസൃഷ്ടികള്‍ അഗാധമായ ആത്മാവിഷ്‌കാരമായിത്തീരുന്നത് വിരളമായിരുന്നു. എന്നാല്‍ അര്‍ണ്ണോസ് പാതിരിയുടെ പല കൃതികളിലും അത്തരം ആത്മാവിഷ്‌കാരം കാണാം.
ഈശോസഭ പുരോഹിതനായ അര്‍ണ്ണോസ് പാതിരി 1701ന്റെ ആരംഭത്തില്‍ ഗോവയിലെത്തി. വലിയ പ്രയത്‌നശാലികളും പ്രതിഭാശാലികളുമായിരുന്നു പല മിഷനറിമാരും. ചതുരംഗം, വാസ്തുവിദ്യ, ജ്യോതിഷം, ഭാഷാശാസ്ത്രം, കാവ്യരചന എന്നിവയെ കുറിച്ച് അര്‍ണ്ണോസ് പാതിരി വിമര്‍ശനാത്മകമായ പഠനം നടത്തി.മലയാളം, പോര്‍ട്ടുഗീസ്, സംസ്‌കൃതം നിഘണ്ടുക്കള്‍ അദ്ദേഹം തയ്യാറാക്കി. ചതുരന്ത്യം, പുത്തന്‍ പാന, ഉമ്മാപര്‍വ്വം, ഉമ്മാടെ ദുഃഖം, വ്യാകുലപ്രബന്ധം, ആത്മാനുതാപം, വ്യാകുലപ്രയോഗം, ജനോവ പര്‍വ്വം തുടങ്ങിയ കാവ്യങ്ങള്‍ എഴുതി. 'വിദേശീയനായ ക്രിസ്ത്യാനികളില്‍ കവിത്വം കൊണ്ട് പ്രഥമഗണനീയനായി പരിശോഭിക്കുന്നത് അര്‍ണ്ണോസു പാതിരിയാകുന്നു'' എന്നു ഉള്ളൂര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ടി.എം.ചുമ്മാറിന്റെ പദ്യസാഹിത്യചരിത്രത്തില്‍ അതീവഹൃദ്യങ്ങളും അഭിനന്ദനീയങ്ങളുമായ വര്‍ണ്ണനകള്‍ നിറഞ്ഞതാണ് അദ്ദേഹത്തിന്റെ രചനകള്‍ എന്നു നിരീക്ഷിച്ചിട്ടുണ്ട്.
ആപത്കരവും സാഹസികവുമായ ദീര്‍ഘ കപ്പല്‍യാത്രകള്‍, രോഗങ്ങള്‍, തദ്ദേശീയരായവരുടെ പീഡനങ്ങള്‍, വധശ്രമങ്ങള്‍ തുടങ്ങിയവ പല മിഷനറിമാരുടെയും അനുഭവങ്ങളായിരുന്നു. അതുപോലെ മതമേധാവിത്വത്തിന്റെ പരിസരത്തെ പുല്‍കുമ്പോഴും അതില്‍ ഞെരിഞ്ഞമരുന്നതിന്റെ നിലവിളികളും മിഷണറിജീവിതം നേരിട്ടിരിക്കണം. ദൈവവത്കരണം തലമുറകളുടെ മരണം തന്നെയാണ് എന്നു ബോധ്യപ്പെടുത്തുന്നതാണ് പിയത്ത എന്ന നവോത്ഥാനശില്പം. ആ സന്ദര്‍ഭത്തെ ഹൃദയഭേദകമായ കവിതയാക്കുന്നത് പുത്തന്‍പാനയില്‍ കാണാം.
കണ്ണിനാനന്ദകരനാ; മുണ്ണി നിന്റെ തിരുമേനി
മണ്ണുവെട്ടിക്കിളക്കുംപോല്‍ മുറിച്ചോ പുത്രാ!
കണ്ണുപോയ കൂട്ടമയ്യോ, ദണ്ഡമെറ്റം ചെയ്തുചെയ്തു
പുണ്ണുപോലെ നിന്റെ ദേഹം ചമച്ചോ പുത്ര!
അടിയൊടുമുടിദേഹം കടുകിടയിടയില്ല
കഠിനമായ് മുറിച്ചയ്യോ വലഞ്ഞോ പുത്രാ!
നിന്റെ ചങ്കില്‍ ചവളത്താല്‍ കൊണ്ടകുത്തുടന്‍ വേലസു-
യെന്റെ നെഞ്ചില്‍ കൊണ്ടു ചങ്കുപിളര്‍ന്നോ പുത്ര!
മാനുഷന്റെ മരണത്തെക്കൊണ്ടു നിന്റെ മരണത്താല്‍
മാനുഷര്‍ക്ക് മാനഹാനിയൊഴിച്ചോ പുത്ര!
സൂര്യനുംപോയ് മറഞ്ഞയ്യോ! ഇരുട്ടായി ഉച്ചനേരം
(പത്രണ്ടാം പാദം, പുത്തന്‍പാന)
ഈ അമ്മവിലാപം ദൈവ മാഹാത്മ്യത്തിന്റെയും ഉയിര്‍ത്തെഴുന്നേല്പിന്റെയും എല്ലാ പൗരോഹിത്യപുരാവൃത്തങ്ങളെയും കരിച്ചുകളയുന്നു. മരിച്ച മകനെ മടിയില്‍ കിടത്തി അമ്മ വിലപിക്കുമ്പോള്‍ ദൈവമായ യേശുവിന്റെ മരണം ഒരു മകന്റെ മരണമായി, മനുഷ്യന്റെ മരണമായി മാറുന്നു. പൗരോഹിത്യം ഉയര്‍ത്തിക്കൊണ്ടു വരുന്ന ത്യാഗത്തിന്നും ബലിക്കും ദൈവികമായ ആദര്‍ശവത്കരണത്തിനും ഉള്ളിലെ നിലവിളികളാണ് ഇവിടെ അവതരിപ്പിക്കുന്നത്. വിദേശ മിഷണറിജീവതങ്ങള്‍ക്കുള്ളിലെ ആഭ്യന്തര സംഘര്‍ഷങ്ങളാണ് ഈ കൃതിയില്‍. പൂന്താനത്തിന്റെ ജ്ഞാനപ്പാനയിലെ മതവിമര്‍ശനത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് 'പുത്തന്‍പാന'യിലേതും. പന്ത്രണ്ടാം പാദം, വഞ്ചിപ്പാട്ടെന്ന് പ്രസിദ്ധമായ നതോന്നതയിലും ബാക്കി മുഴുവന്‍ പാന എന്നു പ്രസിദ്ധമായ സര്‍പ്പിണിയിലുമാണ്. 1500-ല്‍ പരം വരികളിലായി, പതിനാലു പാദങ്ങളിലായി എഴുതപ്പെട്ട ഈ കൃതിയില്‍ ലോകസൃഷ്ടി മുതല്‍ മിശിഹായുടെ ജനനമരണങ്ങള്‍ വരെ പ്രതിപാദിച്ചിരിക്കുന്നു. അധീശത്വം ലക്ഷ്യമാക്കിയുള്ള മതപരമായ മിഷണറി പ്രവര്‍ത്തനങ്ങള്‍ക്കുള്ളിലെ വ്യക്തിയുടെ വിലാപങ്ങള്‍ അര്‍ണ്ണോസ് പാതിരിയുടെ കൃതികളില്‍ കാണാം.
കുഞ്ചന്‍ നമ്പ്യാര്‍(1705-1770)
ബ്രാഹ്മണമതവും ഭക്തികാലവും തീര്‍ത്ത സാമൂഹികജീവിതം എത്രത്തോളം ജീര്‍ണ്ണമായിരുന്നു, പട്ടിണിയായിരുന്നു, കപടമായിരുന്നു എന്നു വെളിപ്പെടുത്തുന്ന കവിതകളായിരുന്നു പതിനെട്ടാം നൂറ്റാണ്ടിലെ കവിത. സവര്‍ണ്ണ ന്യൂനപക്ഷം സമ്പത്ത് കയ്യാളിയപ്പോള്‍ സവര്‍ണ്ണ - അവര്‍ണ്ണ ജനത അനുഭവിച്ച ദരിദ്രാവസ്ഥകള്‍ നമ്പ്യാരിലും രാമപുരത്തുവാര്യരിലും പ്രകടമായിരുന്നു. മാനസിക വൈകല്യത്തിന്റെ കലിബാധയേറ്റ, ഉണ്ണാനും ഉടുക്കാനുമില്ലാത്ത അനാഥജീവിതങ്ങളുടെ കഥയാണ് നമ്പ്യാരും ഉണ്ണായിവാര്യരും രാമപുരത്തുവാര്യരും അവതരിപ്പിച്ചത്. നമ്പ്യാരും ഉണ്ണായിവാര്യരും എക്കാലത്തെയും വലിയ എഴുത്തുകാരായത് അന്നത്തെ അധീശവ്യവസ്ഥയുടെ കൊത്തേറ്റു പിടഞ്ഞ കറുത്ത ബാഹുകജന്മങ്ങളെ അവതരിപ്പിച്ചു എന്നതുകൊണ്ടാണ്. അഞ്ചുതെങ്ങ് കലാപം പോലുള്ള സ്വാതന്ത്ര്യ സമരാനന്തര കാലമായിരുന്നു അത്.
''ഒരുത്തര്‍ക്കും ലഘുത്വത്തെ വരുത്തുവാന്‍ മോഹമില്ല
ഒരുത്തനും ഹിതമായി പറവാനും ഭാവമില്ല.''
(പഞ്ചേന്ദ്രോപാഖ്യാനം)
ഇത്തരമൊരു കൂസലില്ലായ്മ നമ്പ്യാരിലേ നാം കാണൂ. അമാനുഷിക വീരരൂപങ്ങള്‍ക്ക് ലൗകികാടിത്തറ വെളിപ്പെടുത്തുകയായിരുന്നു ചലനസ്വഭാവമുള്ള ഓട്ടന്‍തുള്ളല്‍ എന്ന കലാപ്രസ്ഥാനത്തിലൂടെ. സൗന്ദര്യത്തിന്റെ ദീപസ്തംഭത്തിന് (മേല്‍ക്കൂരയ്ക്ക്) പണത്തിന്റെ അടിത്തറയുണ്ട് എന്ന് മാര്‍ക്‌സ് പറയുംമുമ്പ്, കേരളത്തിന്റെ പ്രതിരോധ ചരിത്രമനസ്സ് നമ്പ്യാരിലൂടെ, വെളിപ്പെട്ടു. എഴുത്തച്ഛന്‍ രൂപപ്പെടുത്തിയ വൈഷ്ണവാധികാരബിംബങ്ങളെ ജനകീയഭാഷയും മനസ്സും ഉപയോഗിച്ച് മറിച്ചിട്ടാണ് നമ്പ്യാര്‍ ഹാസ്യം സൃഷ്ടിച്ചത്.
പതിനാറായിരത്തിയെട്ട് സ്ത്രീകളുടെ പതിയായ കൃഷ്ണന്റെ ആത്മീയാര്‍ത്ഥത്തെ തിരസ്‌കരിച്ചുകൊണ്ട് ഒരു സ്ത്രീക്ക് കൃഷ്ണസമാഗമത്തിന്റെ അടുത്ത ഊഴമെത്താന്‍ നീണ്ട കാത്തിരിപ്പുവരുമെന്ന് പറയുന്നു:
'ആയവള്‍ പെറ്റത് പെണ്ണെനാകില്‍ പുന-
രവളും പെറ്റുതുടങ്ങുമതങ്ങനെ'
(രാമാനുചരിതം)
തുടര്‍ന്ന്, വളരെ സ്ത്രീകളെ വച്ചുപുലര്‍ത്തുന്ന പുരുഷന്മാരെ അധിക്ഷേപിക്കുകയും ചെയ്യുന്നു. യുദ്ധക്കളത്തിലെ വീരസൗന്ദര്യം എഴുത്തച്ഛന്റെ പാര്‍ത്ഥസാരഥി വര്‍ണ്ണനയില്‍ കാണുമ്പോള്‍, നായര്‍ പടയാളികളുടെ ഫലിത ചിത്രം ഉയര്‍ത്തി അതിനെ പ്രതിരോധിക്കുന്നു. വീരന്റെ സ്ഥാനത്ത് കാരിക്കേച്ചറിനെ കയറ്റിക്കൊണ്ടു വരുന്ന നമ്പ്യാര്‍ ഭക്തികാലത്തിന്റെ നിഷേധമായ ചരിത്രവാക്കാണ് എന്നും പാര്‍ത്ഥസാരഥി വര്‍ണ്ണനയിലൊക്കെ കാണുന്ന വീരന്‍ എന്ന ചരിത്രകല്പനയുടെ ഫലിതചിത്രമാണ് നായര്‍ പടയാളി എന്നും എസ്.സുധീഷ് നിരീക്ഷിച്ചിട്ടുണ്ട് (കുഞ്ചന്‍: ഹാസ്യരസത്തിന്റെ രാഷ്ടീയം, പാഠം മാസിക - 3). അര്‍ജ്ജുനന്‍ തപസ്സുചെയ്യുന്നതും ശിവന്‍ വരംകൊടുക്കുന്നതും അധികാരത്തിന്റേയും പണത്തിന്റേയും പ്രശ്‌നമാണെന്നു പറയുന്ന നമ്പ്യാര്‍,
''വലരിപു സുതനുടെ ജടയുടെ നടുവില്‍
പലപലപക്ഷികള്‍ കൂടുകള്‍കെട്ടി''
ഇങ്ങനെ അര്‍ജ്ജുന തപസ്സ് വര്‍ണ്ണിക്കുന്നു. അര്‍ജ്ജുനന് ലഭിച്ച ബ്രാഹ്മാനന്ദമാകട്ടെ, 'പഞ്ചസാരപ്പായസം കൂടികലര്‍ന്ന' രസമാണ് (കിരാതം ഓട്ടന്‍തുള്ളല്‍) എന്നു തിരിച്ചറിയുന്ന നമ്പ്യാര്‍ കാലമില്ലാത്ത അവസ്ഥയുടെ ഭീകരതയും വര്‍ണ്ണിച്ചുകാട്ടി (പഞ്ചേന്ദ്രോപാഖ്യാനം) സ്ഥലകാലാതീതമായ ബ്രഹ്മാനന്ദം ആഹാരത്തിന്റെ പ്രശ്‌നമാണെന്ന്, ഉപരിവര്‍ഗ്ഗ വിശിഷ്ട ഭക്ഷണമാണെന്ന് വെളിപ്പെടുത്തുന്നു. അപമിത്തീകരണമാണ് (De-mythification) നമ്പ്യാര്‍ സാധിച്ചത്.
കലയിലും കൃതിയിലും കെട്ടിക്കിടന്നു ജീര്‍ണ്ണിച്ച സ്ഥലരഹിതമായ കാലത്തെ തുറന്നു വിടുകയായിരുന്നു നമ്പ്യാര്‍. കാട്ടിലേയ്ക്കുള്ള ഘോഷയാത്ര ജനജീവിതത്തിലേയ്ക്കുള്ള യാത്രയായി മാറുന്നു. ഹംസം ആകാശത്തിലൂടെ പറക്കുമ്പോഴും സ്ഥലകാലങ്ങളിലേയ്ക്കു തുറന്നുവച്ച കണ്ണാണ് അതിനുള്ളത്; സാധാരണക്കാരുടെ ജീവിതമാണ് കാണുന്നത്. പറക്കുമ്പോള്‍ 'നാടുകള്‍ കണ്ടു വീടുകള്‍ കണ്ടു' (നളചരിതം). നായര്‍ വിശന്നു വരുമ്പോള്‍ കഞ്ഞിക്ക് വകയില്ലാതെ ആയുധം കാട്ടിലെറിയുന്നതും തിളച്ച വെള്ളം കുട്ടികളുടെ തലയിലൊഴിക്കുന്നതും കെട്ടിയ പെണ്ണിനെ വടികൊണ്ടടിക്കുന്നതും ഉരുളിയും കിണ്ടികളും അടിച്ചുടയ്ക്കുന്നതും ഉരലു വലിച്ചു കിണറ്റിലിടുന്നതും ചിരവ തീയിലിടുന്നതും അരകല്ല് കുളത്തിലെറിയുന്നതും എന്നിട്ടും അരിശം തീരാതെ പുരയുടെ ചുറ്റും നടക്കുന്നതുമൊക്കെയാണ് ഹംസം കാണുന്നത്. പുരാണകഥകളുടെ ആകാശത്തിലാണ് നമ്പ്യാര്‍ വിഹരിക്കുന്നതെങ്കിലും കാണുന്നത് കേരളീയ ജീവിതത്തിന്റെ ഇരുണ്ട വനപ്രദേശങ്ങളാണ്. ഭക്തിപ്രസ്ഥാനം മഹത്വവത്കരിച്ച നായര്‍ ബ്രാഹ്മണ ആശ്രിതജീവിതത്തിന്റെ ദുരന്തങ്ങളെയാണ് ഹാസ്യശൈലിയില്‍ നമ്പ്യാര്‍ ആവിഷ്‌കരിച്ചത്. ഭക്തിപ്രസ്ഥാനം മുന്നോട്ടുവച്ച വീരജീവിതവും ദാസ്യജീവിതവും എത്രത്തോളം ദുരന്താത്മകവും ഹാസ്യാത്മകവുമാണെന്ന് അദ്ദേഹം അവതരിപ്പിച്ചു. ഭക്തിയുടെ സ്ഥലകാല വിമുക്തിക്ക് വിപരീതമായി, കേരളത്തിലെ ഭക്ഷണങ്ങള്‍, ആചാരങ്ങള്‍, സംഭാഷണങ്ങള്‍, ഭാഷാഭേദങ്ങള്‍, കലകള്‍, സംഗീതോപകരണങ്ങള്‍, മത്സരങ്ങള്‍, ഭാഷാശൈലികള്‍, സൈന്യങ്ങള്‍, പറങ്കിപ്പടയാളികള്‍, ആയുധങ്ങള്‍, വസ്ത്രങ്ങള്‍, കൃഷിരീതികള്‍, കൂലിവ്യത്യാസങ്ങള്‍ ഒക്കെ നമ്പ്യാര്‍ സമൃദ്ധമായ ക്രിയാപദങ്ങളിലൂടെ ആവിഷ്‌കരിച്ചു.
ഭക്തി പ്രസ്ഥാനം മഹത്വവത്കരിച്ച മാതൃപിതൃഭക്തി നിലവിലുള്ള വ്യവസ്ഥയോടുള്ള വിധേയത്വമായിരുന്നു; അതു സ്ത്രീവിരുദ്ധവുമായിരുന്നു.
തള്ളയ്ക്കിട്ടൊരു തല്ലു വരുമ്പോള്‍
പിള്ളയെടുത്തു തടുക്കേയുള്ളൂ
എന്നു പറയുമ്പോള്‍ ഭക്തികാലം മഹത്വവത്കരിച്ച സര്‍വ്വംസഹയായ മാതൃസങ്കല്പം തകര്‍ന്നുപോകുന്നു.
ബ്രാഹ്മണമതം രൂപപ്പെടുത്തിയ കുലസ്ത്രീസങ്കല്പത്തിന്റെ നിഷേധമായി നമ്പ്യാര്‍ മാറുന്നു. വിലപിടിപ്പുള്ള സമ്മാനം ആവശ്യപ്പെടുന്ന കുലസ്ത്രീയും അതു നേടിക്കൊടുക്കുന്ന നായകനും സമ്പന്നകൊട്ടാരങ്ങളുടെ സാഹചര്യങ്ങളില്‍ സ്വാഭാവികമാണ്. കാരണം അവിടെ അതു സാധ്യമാകും. എന്നാല്‍ സാധാരണക്കാരില്‍ ഇത് വ്യത്യസ്തമാണ്. നായകന് സമ്മാനം നേടാനാകാതെ വരുമ്പോള്‍ പുരുഷന്‍ പെണ്ണിന്റെ വാക്കുകേട്ട് ചാടിപ്പുറപ്പെടുന്ന പൊണ്ണനായി മാറുന്നു (ശ്രീരാമന്‍ മാനിനെ പിടിക്കാന്‍ പോയതും അങ്ങനെ തന്നെയെന്നാണ് നമ്പ്യാര്‍ കല്യാണസൗഗന്ധികത്തില്‍ പറയുന്നത്). പെണ്ണ് ചപലയായി മാറുന്നു. ഈ വ്യത്യാസമാണ് 'കല്യാണസൗഗന്ധിക'ത്തിലൂടെ അവതരിപ്പിക്കുന്നത്. വിശിഷ്ട സൗഗന്ധികങ്ങള്‍ നേടിക്കൊടുക്കുന്നത് അധികാരത്തിന്റെ വീരത്വമാണ്. വിശിഷ്ടപുഷ്പങ്ങള്‍ കാത്തുസൂക്ഷിക്കുന്ന കുബേരന്മാരെ തോല്പിക്കുന്നതാണ് യഥാര്‍ത്ഥവീരത്വം. വീരത്വത്തിന്റെ ആ പരിണാമമാണ് കല്യാണസൗഗന്ധികത്തില്‍ നമ്പ്യാര്‍ അവതരിപ്പിക്കുന്നത്. നമ്പ്യാര്‍ പഴങ്കഥ പറയുമ്പോള്‍ കഥയുടെ അധ:സ്ഥിതവത്കരണത്തിലൂടെ അതിനെ വിപരീതമാക്കുന്നു. രാമനും മറ്റു ദൈവങ്ങളും സാധാരണമനുഷ്യരായി മാറുന്നു. നവോത്ഥാനകാലത്ത് ശിവനെ അധ:സ്ഥിതമാക്കിയ നാരായണഗുരുവിന്റെ പ്രവര്‍ത്തനത്തിന് തുല്യമാണത്.
രാമപുരത്ത് വാര്യര്‍ (1703-1753)
കുചേലവൃത്തം വഞ്ചിപ്പാട്ട്
തിരുവനന്തപുരത്തെക്കുറിച്ചു വര്‍ണ്ണിക്കുമ്പോള്‍ അമരാവതിയേക്കാള്‍ സമ്പന്നമാണ് എന്നു വാര്യര്‍ വിശേഷിപ്പിക്കുന്നുണ്ട്. വാര്യരെപ്പോലെ ദരിദ്രര്‍ നിറഞ്ഞ രാജ്യത്തിലെ ഏതാനും ചന്ദനാചര്‍ച്ചിതങ്ങളായ പ്രസാദങ്ങളെ കണ്ടാണ് അങ്ങനെ പറയുന്നത്. അവിടത്തെ കോട്ടപോലും ദിവ്യരത്‌നമയമാണ്. പാപികള്‍ക്കേ അത് കല്ലും മരവുമാകൂ. കോട്ടയുടെ ധര്‍മ്മം പാലിക്കാന്‍ അത് കല്ലും മരവുമായിരുന്നാല്‍ മതി. എന്നാല്‍ അത് ദിവ്യരത്‌നമയമായി തീരുമ്പോഴാണ് ചിലര്‍ക്ക് കുചേലന്റെ ദരിദ്രമായ ചെറ്റപ്പുരകളില്‍ അഭയം തേടേണ്ടിവരുന്നത്. രാജാവിന്റെ കോട്ട കല്ലും മരവും കൊണ്ടു നിര്‍മ്മിച്ചാല്‍ മതി എന്ന 'റിയലിസ്റ്റ്' നിലപാടു സ്വീകരിക്കുന്നവര്‍ പാപികളായിത്തീരുകയും ചെയ്യുന്നു. ഈ രാജവാഴ്ചയുടെ പ്രത്യയശാസ്ത്രത്തിന്റെ കാവ്യാത്മക പ്രതിനിധാനമാണ് കുചേലവൃത്തം വഞ്ചിപ്പാട്ട്. പ്രധാനമായും മൂന്നു ഭാഗങ്ങളായാണ് കവിത ചിട്ടപ്പെടുത്തിയിരിക്കുന്നത്. പ്രൊഫ.ഗുപ്തന്‍നായര്‍ സൂചിപ്പിക്കുന്നതുപോലെ മാര്‍ത്താണ്ഡവര്‍മ്മ പ്രശസ്തിയില്‍ നിന്നും അനന്തപുരമാഹാത്മ്യത്തിലേയ്ക്കും അവിടെനിന്ന് ശ്രീപത്മനാഭനിലേയ്ക്കും തുടര്‍ന്നു കഥയിലേക്കും ഓളപ്പാത്തിയില്‍ വീണ വള്ളത്തെപ്പോലെ ചാഞ്ചാടിച്ചെന്നെത്തുകയാണ് വാര്യരുടെ കവിത. സകല ഐശ്വര്യങ്ങള്‍ക്കും കാരണമായ കുചേലന്റെ 'അവില്‍പ്പൊതി' പോലെ തന്റെ ഈ കാവ്യം മാര്‍ത്താണ്ഡവര്‍മ്മ സ്വീകരിക്കണമെന്നാണ് വാര്യരുടെ ആഗ്രഹം. അവില്‍പ്പൊതി ദാരിദ്ര്യത്തിന്റെ യാഥാര്‍ത്ഥ്യത്തെ മറക്കാന്‍ കുചേലനേയും, അതില്‍ കല്ലും നെല്ലുമുണ്ട് എന്ന യാഥാര്‍ത്ഥ്യത്തെ മറക്കാന്‍ കൃഷ്ണനേയും പ്രേരിപ്പിച്ച സാധനമാണ്. അങ്ങനെ വാര്യരുടെ കവിത യാഥാര്‍ത്ഥ്യത്തിന്റെ കല്ലിലേയ്ക്കും മണ്ണിലേയ്ക്കും നീങ്ങുന്നവരെ പാപികളാക്കുന്നു. വിശപ്പും ദാഹവും അയഥാര്‍ത്ഥ്യത്തിന്റെ മോഹചിന്തയിലൂടെയാണ് കവിതയില്‍ പരിഹരിക്കപ്പെടുന്നത്. ഇരക്കുന്നവരെ മാത്രം രക്ഷിക്കുന്ന രാജവാഴ്ചയുടെ പ്രത്യയശാസ്ത്രമാണ് ദിവ്യരത്‌നപ്രഭയോടെ കൃതിയില്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍,
''ഇല്ല ദാരിദ്ര്യാര്‍ത്തിയോളം വലുതായിട്ടൊരാര്‍ത്തിയും
ഇല്ലം വീണ് കുത്തുമാറായതു കണ്ടാലും''
എന്നുപറഞ്ഞ് കുചേലനെ കാത്തിരിക്കുന്ന പത്‌നിയിലൂടെ കൃതി ഉയര്‍ത്തുന്ന മോഹചിന്ത (Fancy) യെ തട്ടിമറിക്കുന്നു. പട്ടണം കണ്ടപ്പോള്‍ തീര്‍ന്ന 'ഭാവാര്‍ത്തി'യേക്കാള്‍ വലിയ ആര്‍ത്തിയാണ് വിശപ്പ് എന്ന് കുചേലന്‍ ബോധ്യപ്പെടുത്തുന്നു. രാജാവിന്റെ കോട്ട ദിവ്യരത്‌നങ്ങള്‍കൊണ്ടല്ല കല്ലും മരവും കൊണ്ടാണ് എന്നു വിളിച്ചുപറഞ്ഞുകൊണ്ട് പാപിയുടെ യാഥാര്‍ത്ഥ്യബോധത്തെ ഏറ്റുവാങ്ങിക്കൊണ്ട് കുചേലപത്‌നി ''അവില്‍പ്പൊതി'' പോലുള്ള കാവ്യത്തെ പൊളിച്ചുമാറ്റി രചനയേയും രചയിതാവിനേയും ധിക്കരിച്ചുകൊണ്ട് ജീവിതത്തിന്റെ സ്ഥലകാലങ്ങളിലേക്ക് ഇറങ്ങിവരുന്നു. കൃഷ്ണന്‍ വീണ്ടും അവില്‍ കഴിക്കാനൊരുങ്ങുമ്പോള്‍ തടയുന്ന കൃഷ്ണപത്‌നി പറയുന്നത്, ഇനിയും കഴിച്ചാല്‍ കുചേലന്‍ കൃഷ്ണനേക്കാള്‍ ധനവാനാകുമെന്നും താന്‍ കുചേലപത്‌നിയുടെ ദാസിയാകുമെന്നുമാണ്. കുചേലന്‍ ദരിദ്രനും കൃഷ്ണന്‍ ധനവാനുമായിരിക്കുമ്പോള്‍ മാത്രം സംഭവിക്കുന്നതാണ് കൃഷ്ണ-കുചേലസൗഹൃദം. കൃതിയുടെ ഉപരിതലത്തില്‍ കാണുന്ന ഭക്തിക്കും സ്‌നേഹത്തിനുള്ളിലെ സാമ്പത്തിക തലത്തെ പുറത്തു കൊണ്ടുവരുന്ന സ്ത്രീ കഥാപാത്രങ്ങളുമാണ് കുചേലവൃത്തം വഞ്ചിപ്പാട്ടിന്റെ രചയിതാവിനെയും മറികടന്നു പോകുന്ന അര്‍ത്ഥസാധ്യതകള്‍ നല്‍കുന്നത്.
ഉണ്ണായിവാര്യര്‍ (1682-1759)
നളചരിതം ആട്ടക്കഥ
''രത്യാശ്രയിയായ ശൃംഗാരത്തിന്റെ ചന്ദ്രികാശീതളതയേക്കാള്‍ എത്രയോ മടങ്ങു തീവ്രവും ഉല്‍ക്കടവുമായി നര(ള) ജീവിതമായ വേദനയുടെ നെടുംപാതയിലുള്ള തീക്കനല്‍കൊടും ചൂടാണ്'' നളചരിതം ആട്ടക്കഥ അനുവാചകന് നല്‍കുന്നതെന്ന് എന്‍.കൃഷ്ണപിള്ള (കൈരളിയുടെ കഥ) എഴുതുന്നു.
പാരമ്പര്യ ശൃംഗാരങ്ങളും നിശ്ചലതയും കൃത്രിമ സംഘര്‍ഷങ്ങളും സാമാന്യവത്കരിക്കപ്പെട്ട അഭിനയ സമ്പ്രദായങ്ങളും ഉള്ള പൂര്‍വ്വകഥകളീ സങ്കല്‍പ്പങ്ങളും (ബാഹുകന്‍ പാരമ്പര്യ അവതരണ രീതിയിലെ വെല്ലുവിളിയാണ്, രാജാവിന്റെ പച്ചവേഷത്തിനും പ്രതിനായകവേഷത്തിനും പുറത്താണ് ബാഹുകന്‍) എതിര്‍ക്കപ്പെടുകയാണ് 'നളചരിതം ആട്ടക്കഥ'യിലൂടെ. നളചരിതം ശാകുന്തളത്തേക്കാള്‍ മികച്ചതാണെന്ന് പറയാന്‍ മടിച്ചതിനെ മുന്‍നിര്‍ത്തി മുണ്ടശ്ശേരിയെ വിമര്‍ശിച്ചുകൊണ്ട്, ''സോഫോക്ലിസിന്റേയും ഷേക്‌സ്പിയറിന്റേയും നാടകങ്ങളിലെന്നപോലെ ഇരുണ്ട ശക്തികളും മനുഷ്യന്റെ ഇച്ഛാശക്തിയും തമ്മിലുള്ള പോരാട്ടം കൊണ്ട് ആ കൃതിയുടെ അന്തരീക്ഷം പ്രക്ഷുബ്ധമാകുന്നു'' എന്ന് കെ.പി. അപ്പന്‍ എഴുതുന്നു. (മലയാള ഭാവനാമൂല്യങ്ങളും സംഘര്‍ഷങ്ങളും'). എന്നാല്‍ അധികാരം ഇരുണ്ടതു മാത്രമല്ല, വെളുത്തതും കൂടിയാണ്. ഇരുണ്ടശക്തികളില്‍ മാത്രമല്ല അധികാരശക്തി ഒരുക്കുന്ന കറുത്തതും വെളുത്തതുമായ ദൈവിക പ്രച്ഛന്നങ്ങളില്‍പ്പെട്ട് ദുരന്തം ഏറ്റുവാങ്ങുകയും ഭൂമിയില്‍ തൊട്ടുനില്‍ക്കുന്ന നളനെ തിരിച്ചറിയുന്ന ദയമന്തിയെപ്പോലെ മാനുഷികമായ പ്രതിരോധങ്ങള്‍ ഒരുക്കുകയും ചെയ്യുന്ന മനുഷ്യകഥയാണിത്. ധര്‍മ്മം എന്ന പേരില്‍ വ്യവസ്ഥ ഒരുക്കുന്ന കെണിയില്‍ നളന്‍ വീഴുമ്പോഴും (കാമുകിയെ കൂട്ടിക്കൊടുക്കാന്‍ ദാന്തഭഗിനിയുടെ കാന്തിനദിയില്‍ മുങ്ങി മുങ്ങിപോകുന്നു) ദമയന്തി അത് തിരിച്ചറിയുന്നു (സ്വയംവരസന്ദര്‍ഭത്തില്‍ ദേവന്മാരെ നിഷേധിക്കുന്നു). സ്ത്രീയുടെ രക്ഷകനാണ് പുരുഷന്‍ എന്ന അധികാരപ്പൊങ്ങച്ചമാണ് നളനെ അപകര്‍ഷപ്പെടുത്തുന്നതും ദമയന്തിയെ ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നതും. ഉണ്ണാനും ഉടുക്കാനും കൊടുക്കുന്ന രാജാവ്, ഭര്‍ത്താവ് എന്നീ അധികാരപൊങ്ങച്ചങ്ങള്‍ ആണ് അക്ഷരാര്‍ത്ഥത്ഥത്തില്‍ ഉണ്ണാനും ഉടുക്കാനുമില്ലാതെ നില്‍ക്കുന്ന നളനില്‍ കോംപ്ലക്‌സുകള്‍ നിറയ്ക്കുന്നത്, ദമയന്തിയെ ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഈ കോംപ്ലക്‌സുകള്‍ ആണ് നളചരിതം ആട്ടക്കഥയിലെ കലി. ഉദ്യാനത്തില്‍ അരയന്നത്തെ പിടിച്ച ശേഷം ഉപേക്ഷിക്കുന്ന രാജകീയമായ ഔദാര്യത്തിന്റെ മറുപുറമാണ് കാട്ടില്‍ പക്ഷികളെ പിടിച്ചു തിന്നേണ്ടി വരുന്ന അവസ്ഥ. രക്ഷകന്‍ എന്ന നിലയില്‍ അപകര്‍ഷപ്പെട്ട നളന്റെ ഉള്ളില്‍ മറഞ്ഞിരിക്കുന്ന ദമയന്തിയെ സംബന്ധിച്ചുണ്ടാകുന്ന ജാരഭീതിയാണ് കാട്ടാളനിലൂടെ അവതരിപ്പിക്കപ്പെടുന്നത്. തനിക്ക് ഭാര്യയെ രക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ കാട്ടില്‍ ദയമന്തിയെ ഒരാള്‍ രക്ഷിക്കുമെന്നും (പീഡിപ്പിക്കുമെന്നും) അയാള്‍ അപകര്‍ഷനിലയിലായ തന്റെ പ്രതിയോഗിയായിരിക്കും എന്ന ഭീതി നളനുണ്ട് (കാട്ടാളന്‍ ദമയന്തിയെ പാമ്പില്‍ നിന്നും രക്ഷിക്കുകയും താമസിക്കാന്‍ മനോഹരമായ വീടുണ്ടെന്ന് പറയുകയും ചെയ്യുന്നു). അത് സമീകരിക്കപ്പെടുന്നത് കാട്ടാളന്റെ ഭസ്മീകരണത്താലും (പാമ്പിനെ കൊല്ലാന്‍ ഉപകരിക്കാത്തതും കാട്ടാളനെ കൊല്ലാന്‍ ഉതകുന്നതുമായ ദൈവത്തിന്റെ വരമാണു കാട്ടാളനെ ഇല്ലാതാക്കാന്‍ ഉപയോഗിക്കുന്നത് എന്ന കാര്യം ശ്രദ്ധിക്കുക) തന്റെ തന്നെ രക്ഷാപ്രകടനത്താലുമാണ്. രക്ഷിക്കുക എന്നാല്‍ ശിക്ഷിക്കുകയാണ് എന്നു ബോധ്യപ്പെടുത്തുകയാണ് കാര്‍ക്കോടകന്‍. രാജാവിന്റെ രക്ഷാപ്രവര്‍ത്തനത്തെക്കാള്‍ കാട്ടാളന്റെയും കാര്‍ക്കോടകന്റെയും രക്ഷാപ്രവര്‍ത്തനം സര്‍ഗ്ഗാത്മകമായി തീരുന്നു. നളന്റെ കോംപ്ലക്‌സുകള്‍ക്ക് ഏറ്റ കൊത്താണ് നളനെ ബാഹുകന്‍ എന്ന സാധാരണക്കാരനാക്കി മാറ്റുന്നത്. നളന്റെ അധികാരപ്പൊങ്ങച്ചത്തെ തകര്‍ക്കുന്ന തിരിച്ചറിവുകള്‍ക്ക് പ്രേരിപ്പിക്കുന്ന ക്രിയാപദ്ധതിയാണ്, മനശ്ശാസ്ത്ര ചികിത്സാപദ്ധതിയാണ് പൊങ്ങച്ചക്കാരനായ ഋതുപര്‍ണ്ണന്റെ തേരാളി (ബാഹുകനായി)യായി മാറുന്ന, അയാളില്‍ നിന്നും വിദ്യകള്‍ തേടേണ്ടിവരുന്ന നളാവതരണത്തിലൂടെ. ദയമന്തിയുടെ ഇച്ഛാശക്തിയാണ് പുനഃസമാഗമത്തിന്റെ പുരോയാനം സൃഷ്ടിക്കുന്നത്; രാജാവാകുമ്പോഴല്ല. പാചകം ചെയ്യുകയും തേരോട്ടിക്കുകയും ചെയ്യുന്ന അധ:സ്ഥിത ജീവിതത്തിലാണ് തിരിച്ചറിവുകളും പ്രണയവും ഉള്ളത് എന്ന് നളന്റെ അത്തരം കഴിവുകള്‍ പരിഗണിച്ചു കൊണ്ടുള്ള പുന:സമാഗമം വ്യക്തമാക്കുന്നു. നളചരിതത്തിന്റെ നാടകീയത നിര്‍മ്മിക്കപ്പെടുന്നത് അധികാരം നിര്‍മ്മിക്കുന്ന അധീശത്വ-വിധേയത്വ മൂല്യങ്ങള്‍ക്കെതിരെ മാനുഷികമായ ഇച്ഛാശക്തി ഒരുക്കുന്ന സംഘര്‍ഷമണ്ഡലത്തില്‍ നിന്നുമാണ്.





പ്രയോജനപ്രദം