അകറ്റി നിർത്തണോ? അരളിപ്പൂക്കളെ !!!
- GCW MALAYALAM
- Jan 15
- 1 min read
ശ്രീമതി . അർച്ചന പി.ജെ.

ഇവിടെയായി സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്തു വരുന്ന വിഷയങ്ങളിൽ ഒന്നാണ് അരളിപ്പൂക്കൾ. ആലപ്പുഴ ജില്ലയിലെ സൂര്യ സുരേന്ദ്രൻ എന്ന 24 വയസ്സുള്ള പെൺകുട്ടിക്ക് അരളിപ്പൂ കഴിച്ചതിനെ തുടർന്ന് വിഷബാധ ഏറ്റതായി സ്ഥിരീകരിച്ചതിന് ശേഷമാണ് സാമൂഹ്യ മാധ്യമങ്ങളിൽ അരളിപ്പൂവിനെ പറ്റി ഇത്രയധികം ചർച്ച നടന്നത്. അതുകൂടാതെ തന്നെ പിന്നീട് അടൂർ തെങ്ങമത്ത് അരളി ഇല കഴിച്ചു പശുവും കുട്ടിയും മരണപ്പെട്ട വിവരം പോസ്റ്റ്മാർട്ടം കഴിഞ്ഞ് സ്ഥിരീകരിച്ചതോടെ ചർച്ചകൾ കൂടുതൽ സജീവമായി. ജനങ്ങളെ വളരെയധികം ആശങ്കപ്പെടുത്തുന്ന വിവരമാണ് അരളിപൂവിൻ്റെ വിഷാംശത്തെപ്പറ്റി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ക്ഷേത്രങ്ങളിൽ പൂജയ്ക്കായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പൂക്കളിൽ ഒന്നാണ് അരളി. മധുരയ്ക്ക് അടുത്തു നിന്നാണ് അരളിപ്പൂക്കൾ കേരളത്തിലേക്ക് കൂടുതലായി എത്തുന്നത്. കിലോയ്ക്ക് 300 രൂപ വരെ വില വന്ന സന്ദർഭങ്ങൾ ഉണ്ട്. എന്നാൽ വിഷാംശത്തെ പറ്റിയുള്ള വാർത്തകൾ സജീവമായപ്പോൾ അരളിപ്പൂവിൻ്റെ വിപണിയിലെ വില കുത്തനെ ഇടിഞ്ഞു. ക്ഷേത്രങ്ങളിൽ അർച്ചനയിലും നിവേദ്യത്തിലും ആണ് അരളിപ്പൂക്കൾ ധാരാളമായി ഉപയോഗിക്കുന്നതായി കാണാറുള്ളത്. മരണാനന്തര കർമ്മങ്ങളിലും അരളിപ്പൂക്കൾ കാണാറുണ്ട്. അരളിപ്പൂ കഴിച്ച് ആലപ്പുഴയിലെ യുവതി മരിച്ച സംഭവത്തെ തുടർന്ന് കൊല്ലം സ്വദേശി ശ്രീ ഗിരീഷാദാസ് നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ബഹുമാനപ്പെട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായി, ജസ്റ്റിസ് വി. ജി. അരുൺ എന്നിവർ അടങ്ങുന്ന ഡിവിഷൻ ബെഞ്ച് കേരളസംസ്ഥാനം ഒട്ടാകെ അരളിപ്പൂക്കൾ ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് സർക്കാരിനോട് നിർദ്ദേശം നൽകിയത്. 2024 മെയ് മാസം മുതലാണ് അരളിപ്പൂവ് ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്നതിന് ദേവസ്വം ബോർഡ് നിയന്ത്രണം ഏർപ്പെടുത്തിയത്. നിലവിൽ മലബാർ, തിരുവിതാംകൂർ ദേവസ്വം ബോർഡുകൾ അരളിപ്പൂവ് ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. ശാസ്ത്രലോകം അരളിയെ വിഷച്ചെടി ആയിട്ടാണ് കണക്കാക്കിയിരുന്നത്. എന്നാൽ അരളി ഭക്ഷ്യയോഗ്യമല്ലാത്തതിനാൽ മനുഷ്യന് നേരിട്ട് അപകടങ്ങൾ ഒന്നും ഇത് ഉണ്ടാക്കുന്നില്ല. വീടുകളിൽ അലങ്കാര സസ്യമായിട്ടാണ് അരളി വളർത്താറുള്ളത്. സൂര്യയുടെ മരണത്തോടെ അരളിപ്പൂവ് അപകടകാരിയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. അരളിയുടെ ഇല, പൂവ്, കായ തുടങ്ങിയ എല്ലാ ഭാഗങ്ങളിലും വിഷാംശം ഉണ്ട്. അരളിയിൽ അടങ്ങിയ ഡിജിറ്റലിസ് ഗ്ലൈക്കോസൈഡ് (Digitalis Glycosides) എന്ന രാസപദാർത്ഥമാണ് വിഷാംശത്തിന് കാരണം. ഈ രാസപദാർത്ഥം കരൾ, ശ്വാസകോശം, ഹൃദയം എന്നീ അവയവങ്ങളെ നേരിട്ട് ബാധിക്കും. തുടർന്ന് രക്തം കട്ടപിടിക്കുന്ന ശാരീരിക പ്രക്രിയ തകരാറിലാക്കും.
നിരിയം ഒലിയാൻഡർ ( Nerium Oleander ) എന്നതാണ് അരളിയുടെ ശാസ്ത്രീയ നാമം. 1753ല്‍ കാൾ ലീനേയേഴ്സ് ആണ് ഈ ചെടിക്ക് ആദ്യമായി ശാസ്ത്രീയ നാമകരണം നൽകിയത്. അപ്പോസൈനേസി (Appocyanaceae) ആണ് അരളിയുടെ കുടുംബം. ഈ കുടുംബത്തിലെ ഒരു നിത്യഹരിത സസ്യമാണ് അരളി. ചുവപ്പ്, മഞ്ഞ, വെളുപ്പ് എന്നീ നിറത്തിലാണ് അരുളിപ്പൂക്കൾ സാധാരണയായി കാണാറുള്ളത്. ഏകദേശം മൂന്നു മീറ്റർ പൊക്കത്തിലാണ് അരളിച്ചെടികൾ വളരുന്നത്. ഇന്ത്യയിൽ ഉടനീളം കാണുന്ന അരുളിച്ചെടിക്ക് ഏതു കാലാവസ്ഥയിലും വളരാനുള്ള ശേഷിയുണ്ട്. അരളിയുടെ തണ്ടിന്റെ തൊലിക്ക് ചാര നിറമാണ്. പൂക്കൾ കുലകൾ ആയിട്ടാണ് കാണാറുള്ളത്. ഈ ചെടിയിൽ വെളുത്ത നിറത്തിലാണ് കറകൾ ഉള്ളത്. അരളിയുടെ എല്ലാ ഭാഗങ്ങളും വിഷമയം ഉള്ളതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. അരളി ചെടികൾ കത്തിച്ചു നശിപ്പിച്ചാലും ഇതിൻ്റെ പുക വിഷബാധ ഏൽക്കുന്നതിന് കാരണമാകുന്നു എന്നും പഠനങ്ങൾ പറയുന്നു. കനേർ എന്ന് ഹിന്ദിയിലും അശ്വഘ്‌ന, കരവീര, അശ്വമാരക, ഹയമാരക പേരുകളിൽ സംസ്കൃതത്തിലും ഈ സസ്യം അറിയപ്പെടുന്നു. റോഡ് അരികിലും പൂന്തോട്ടങ്ങളിലും പാർക്കുകളിലുമാണ് അരളിച്ചെടികൾ കൂടുതലായി വളർത്താറുള്ളത്. നഴ്സറികളിൽ ധാരാളമായി അരളിപ്പൂത്തൈകൾ വിൽക്കാറുണ്ട്. എന്നാൽ ഇതിൻറെ വിഷാംശത്തെ പറ്റിയുള്ള വാർത്തകൾ സജീവമായപ്പോൾ അരളി തൈകളുടെ വിപണിക്ക് ഇടിവ് സംഭവിക്കുകയും ചെയ്തു. അരളി ചെളികൾക്ക് വിഷം ഉണ്ടെങ്കിലും ആയുർവേദത്തിൽ ഈ ചെടികൾ ചെറിയതോതിൽ ഔഷധമായി ഉപയോഗിച്ചിരുന്നു. എന്നിരുന്നാലും ഈ സസ്യത്തെ ഉള്ളിലേക്ക് കഴിക്കുന്നതിനായി ആയുർവേദ ഗ്രന്ഥങ്ങൾ നിർദ്ദേശിച്ചിട്ടില്ല. വ്രണങ്ങൾക്കും കുഷ്ഠരോഗങ്ങൾക്കും തൊലിക്ക്പുറമേ പുരട്ടുന്നത് നല്ലതാണെന്ന് ആയുർവേദത്തിൽ പറയുന്നു. ഒലിആൻട്രിൻ (Oleandrin), ഒലിനറിൻ (Olenerin), നിറൈൻ (Nerine), ഡിജിറ്റോക്സിജെനിൻ (Digitoxigenin) പോലുള്ള കാർഡിയാക് ഗ്ലൈക്കോസൈഡുകൾ ഉൾപ്പെടെയുള്ള വിഷപദാർത്ഥങ്ങൾ അരളിയിൽ അടങ്ങിയിരിക്കുന്നു.
അരളി ചെടിയെ വളരെ മാരകമായ വിഷാംശമുള്ള ചെടികളുടെ കൂട്ടത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അരളിയെ പോലെ തന്നെ വിഷമുള്ള നിരവധി സസ്യങ്ങൾ നമ്മുടെ ചുറ്റുപാടും ഉണ്ട്. ഇത്തരം സസ്യങ്ങൾ ഭക്ഷ്യയോഗ്യമല്ലാത്തതുകൊണ്ട് മനുഷ്യർക്ക് അപകടകാരികൾ ആകുന്നില്ല എന്നതാണ് വസ്തുത. കൊച്ചു കുട്ടികൾ ഉള്ള വീടുകളിലും, കന്നുകാലികളെ വളർത്തുന്ന വീടുകളിലും മറ്റു പരിസരപ്രദേശങ്ങളിലും അലങ്കാര സസ്യമായി അരളി വളർത്തുന്നത് കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. അല്ലാതെ അവയെല്ലാം പൂർണ്ണമായി നശിപ്പിക്കാൻ ശ്രമിക്കുന്നത് ഉചിതമായിരിക്കില്ല. അരളിയുടെ വേരിൽ നിന്നും എടുക്കുന്ന ഔഷധം മനുഷ്യരുടെ പല ത്വക്ക് രോഗങ്ങളും ഭേദപ്പെടുന്നതിനായി തൊലിപ്പുറത്ത് ഉപയോഗിക്കാറുണ്ട്. ഇത്തരം നാട്ടറിവുകൾ ജനങ്ങളിലേക്ക് എത്തിച്ചു കൊടുക്കുന്നതിനായി പഞ്ചായത്തുകളും കോർപ്പറേഷനുകളും വഴി വേണ്ട ബോധവൽക്കരണം ജനങ്ങൾക്ക് നൽകിയാൽ കൂടുതൽ കരുതൽ എടുക്കാൻ നമുക്ക് ഉറപ്പായും സാധിക്കും.അകറ്റി നിർത്തുക എന്നു പറഞ്ഞാൽ നശിപ്പിക്കുക എന്നല്ല അതിൻ്റെ പൊരുൾ.അരളിച്ചെടിയുടെ വംശം നശിപ്പിച്ച് അവരെ ഇല്ലാതാക്കുകയല്ല നമ്മൾ ചെയ്യേണ്ടത്.തീർച്ചയായും വേണ്ട കരുതൽ എടുത്ത് ഓരോ ചെടിയെയും എങ്ങനെയാണ് സമീപിക്കേണ്ടത് എന്ന് വ്യക്തമായ ധാരണ മനുഷ്യർക്ക് ഉണ്ടാക്കി കൊടുക്കുക എന്നുള്ളതാണ് പ്രതിവിധി.
ശ്രീമതി .അർച്ചന പി ജെ
അസിസ്റ്റൻറ് പ്രൊഫസർ
സസ്യ ശാസ്ത്ര വിഭാഗം
ശ്രീ നാരായണ കോളേജ്
കൊല്ലം
പിൻ : 69 10 0 1
email :archanapjbiotech@gmail.com





THANK YOU