അടിമജിവിതചരിത്രം : പൊയ്കയില്‍ ശ്രീകുമാരഗുരുദേവന്റെ പാട്ടുകളില്‍
- GCW MALAYALAM
- Apr 15
- 4 min read
ഡോ. ജോബിന്‍ ജോസ് ചാമക്കാല

സംഗ്രഹം
കേരളത്തിലെ ദളിത് സമൂഹം നൂറ്റാണ്ടുകളായി അനുഭവിച്ചുപോന്നിരുന്ന അടിമജീവിതത്തിന്റെ ദമിതാനുഭവങ്ങളെ പൊയ്കയില്‍ ശ്രീകുമാരഗുരുദേവന്‍ തന്റെ പാട്ടുകളിലൂടെ ശക്തമായി ഉന്നയിക്കുന്നു. തന്റെ വംശത്തെപ്പറ്റി ഒരക്ഷരംപോലും രേഖപ്പെടുത്താന്‍ തയ്യാറാകാത്ത ചരിത്രത്തിന്റെ രചനാപരവും രീതിശാസ്ത്രപരവുമായ പക്ഷപാതങ്ങളെ അദ്ദേഹം വിമര്‍ശനവിധേയമാക്കുന്നുണ്ട്. ജാതീയതയും മതാധികാരവും കേവലം രാഷ്ട്രീയനിര്‍മ്മിതികള്‍ മാത്രമാണെന്ന് അദ്ദേഹം തന്റെ പാട്ടുകളിലൂടെ വ്യക്തമാക്കുന്നു.
താക്കോല്‍ വാക്കുകള്‍
വാമൊഴിചരിത്രം, വാമൊഴി ഗാനധാര, അടിമവ്യാപാരം, അടിമജീവിതം, ദമിതാനുഭവ ചരിത്രം
ഒരു ജ്ഞാനപദ്ധതിയെന്നനിലയില്‍ ചരിത്രം ആഖ്യാനകലയ്ക്കൊപ്പം രീതിശാസ്ത്രപരമായ പരിമിതികളെയും ഉള്‍ക്കൊള്ളുന്നു. മുഖ്യധാരാചരിത്രം എന്ന് പേര്‍വിളിക്കുന്ന കൊളോണിയല്‍ ചരിത്രത്തിന്റെ രചനാപദ്ധതികള്‍ അധികാരവ്യവസ്ഥയുടെ ക്രേന്ദസ്ഥാനങ്ങളെ ചുറ്റിപ്പറ്റുന്നതില്‍ സവിശേഷമായി ശ്രദ്ധിക്കുന്നു. ഭരണക്രമം, ജാതി, സമ്പത്ത് തുടങ്ങി സാമൂഹികമായ പദവിമൂല്യങ്ങള്‍ നിര്‍മ്മിക്കുന്ന വ്യവഹാരരൂപങ്ങളെ സാമ്പ്രദായകമായി പിന്‍പറ്റുന്ന ഈ രീതി ചരിത്രത്തെ ഒരു രാഷ്ട്രീയനിര്‍മ്മിതിയോ വ്യാഖ്യാനകലയോ ആയി വ്യാവര്‍ത്തിപ്പിച്ചിട്ടുണ്ട്. പൂര്‍വ്വനിശ്ചിതമായ പഠനലക്ഷ്യങ്ങളെ സാധുകരിക്കുവാന്‍ ഉപയുക്തമായ തെളിവുകളും യുക്തികളും മാത്രം തെരഞ്ഞെടുത്ത് വിന്യസിക്കുന്ന മുഖ്യധാരാചരിത്രത്തിന്റെ അവതരണരീതി ആധുനികനന്തരസന്ദര്‍ഭത്തില്‍ എറെ വിമര്‍ശനവിധേയമായിട്ടുണ്ട്.
മുഖ്യധാരചരിത്രത്തിന്റെ രചനാസമീപനത്തിലെ കൊളോണിയല്‍ യുക്തികളോട് കലഹിച്ചുകൊണ്ടാണ് ആധുനികമായ തുറസ്സുകള്‍ പ്രതൃക്ഷപ്പെട്ടത്. സുക്ഷമത, പ്രദേശികത, കീഴാളത, വാമൊഴി, ദളിത്, സ്ത്രിപക്ഷ, സ്ഥലനാമ, കുലനാമ, വാമൊഴി തുടങ്ങിയ വിവിധ പഠനസരണികളിലൂടെയാണ് നവീനമായ ചരിത്രരചനാപദ്ധതികള്‍ വികസിച്ചത്. സമകാലിക ചരിത്രപഠനത്തിലെ സുപ്രധാനമായ ഒരു മേഖലയാണ് വാമൊഴിചരിത്രം. “വരേണ്യവര്‍ഗ്ഗത്തിന്റെ ചരിത്രത്തെ നിരാകരിച്ച് ഭുരിപക്ഷത്തിന്റേതാണ് ചരിത്രമെന്ന നിലപാടിലൂടെയാണ് വാമൊഴിചരിത്രം ചുവടുറപ്പിച്ചത്. ഓര്‍മകളുടെ ചരിത്രപരതയിലാണ് ഇതിന്റെ ഊന്നല്‍. വ്യക്തിപരവും സാമൂഹികവുമായ ഓര്‍മ്മകളെ അനുഭവങ്ങളുടെ സഞ്ചയമായിക്കണ്ടുകൊണ്ട് പ്രത്യക്ഷമായി താന്‍ അഥവാ തങ്ങള്‍ നേരിട്ടറിഞ്ഞ ഭൂതകാലയാഥാര്‍ത്ഥ്യങ്ങളെ ചരിത്രപരമായി പുനഃസമാഹരിക്കുന്ന പ്രക്രിയയാണിത്. ഓര്‍മക്കുറിപ്പുകള്‍, സ്‌മരണാപുസ്‌തകങ്ങള്‍, സുവനീറുകള്‍ തുടങ്ങിയവ മുതല്‍ ആത്മകഥയും ജീവചരിത്രവും വരെ ഇതിന്റെ തെളിവുകളോ ഉപാദാനങ്ങളോ ആകാം.
വാമൊഴിപഠനത്തെ ചരിത്രത്തിന്റെ സുപ്രധാനവും ആധുനികവുമായ ഒരു ശാഖയായി വ്യവസ്ഥപ്പെടുത്തുന്നതില്‍ ഓറല്‍ ഹിസ്റ്ററി അസോസിയേഷനുള്ള പങ്ക് നിര്‍ണ്ണായകമാണ്. 1966 ല്‍ അമേരിക്കയില്‍ സ്ഥാപിതമായ ഈ സംഘടന വാമൊഴിചരിത്രരചനയ്ക്ക് കൃത്യമായ സമീപനവും രീതിശാസ്ത്രപരമായ അടിത്തറയും നല്‍കി. അനുഭവങ്ങളെയും ഓര്‍മകളെയും സംബന്ധിച്ച് വ്യക്തിയോ, സമൂഹമോ നിരത്തുന്ന തെളിവുകളുടെയും യുക്തികളുടെയും സമാകലനമാണ് വാചിക്ചരിത്രം ലക്ഷ്യം വയ്ക്കുന്നത്. ഓര്‍മകളുടെ മഹാസഞ്ചയത്തില്‍നിന്ന് ചിലത് തെരഞ്ഞെടുത്ത് പ്രത്യേകമായി അവതരിപ്പിക്കുന്നതിന്റെ പിന്നില്‍ കൃത്യമായ പ്രത്യയശാസ്ത്രപ്രവര്‍ത്തനമുണ്ട്.
പൊയ്കയില്‍ ശ്രീകുമാരഗുരുദേവന്‍ തന്റെ സാമൂഹിക ഇടപെടലുകള്‍ക്ക് വിനിമയമാധ്യമമായി ഉപയോഗിച്ചത് പാട്ടുകളാണ്. സംഘകാലപാരമ്പര്യത്തില്‍ തുടങ്ങി പലമട്ടില്‍ ജനകീയമായി പാടിപ്പതിഞ്ഞ ഈ ഗാനധാരയെ ജൈവികമാക്കുന്നതിന്റെ പ്രധാനഘടകങ്ങള്‍ സുതാരൃതയും ലാളിത്യവുമാണ്. നമ്മുടെ സമൂഹത്തില്‍ കാലങ്ങളായി നിലനിന്നിരുന്ന ഈ നാടോടികാവ്യധാരയെ ആശയപ്രചാരണമാധ്യമമാക്കുകവഴി തന്റെ ഇടപെടലുകള്‍ക്ക് ജൈവികമായ പശ്ചാത്തലമൊരുക്കുവാനാണ് അദ്ദേഹം ശ്രമിച്ചത്. നാടന്‍പാട്ടുകളുടെ രൂപരീതികളെ ഉപാധിയാക്കുമ്പോഴും തന്റെ ദര്‍ശനത്തെ അവതരിപ്പിക്കാന്‍ ഉതകുന്നവിധത്തിലുള്ള ചില പരിഷ്കരണങ്ങള്‍കൂടി വരുത്തിക്കൊണ്ടാണ് ശ്രീകുമാരഗുരുദേവന്‍ ഈ ശാഖയെ പുനര്‍നിര്‍മ്മിച്ചത്. “നാടന്‍പാട്ടുകളിലും പഴഞ്ചൊല്ലുകളിലും അടിയാളഭാഷയിലുമല്ല അപ്പച്ചന്റെ പാട്ടുകള്‍ ഈ ജനതയെ കണ്ടെത്തുന്നത്. പകരം ആധുനികതയുടെ ഒരു മധ്യാഹ്നസംഘര്‍ഷത്തിനകത്തുവെച്ചാണ് അവരെ അഭിസംബോധന ചെയ്യുന്നത്. ഇക്കാരണത്താലാണ് ദളിത് സ്വത്വത്തെക്കുറിച്ചുള്ള അതിന്റെ രേഖപ്പെടുത്തലുകള്‍ മാനവികതയുടെ പുതിയ ഭാഷ്യങ്ങളാകുന്നത്. ഈ പാട്ടുകള്‍ ഒരു അനൃത്തെ പ്രഖ്യാപനം ചെയ്യുന്നു. ഇതില്‍ അനാഥമാക്കപ്പെട്ട മുഴുവന്‍ ഇരുണ്ട ലോകവുമുണ്ട്” (സ്വാമി വി.വി. & അനില്‍ ഇ. വി, 2016:154). ജനകീയമായ ഈ വാമൊഴി ഗാനധാരയില്‍ ശ്രീകുമാരഗുരുദേവന്‍ വിരചിച്ച പാട്ടുകള്‍ പിൽക്കാലത്ത് സമാഹരിക്കുകയും രേഖപ്പെടുത്തുകയും ചെയ്തു.
1879 ഫെബ്രുവരി 17 ന് പത്തനംതിട്ട ജില്ലയിലെ ഇരവിപേരുരിലാണ് പൊയ്കയില്‍ യോഹന്നാന്‍ ജനിച്ചത്. ആ പ്രദേശത്തെ പ്രമുഖ ജന്മികുടുംബമായിരുന്ന ശങ്കരമംഗലം തറവാട്ടില്‍ അടിമകളായി ജോലി ചെയ്തിരുന്ന കണ്ടന്‍, ളേച്ചി എന്നീ ദമ്പതികളുടെ മകനായാണ് അദ്ദേഹത്തിന്റെ ജനനം. കോട്ടയത്ത് പുതുപ്പള്ളിക്കു സമീപത്തുള്ള വെള്ളുത്തുരുത്തിയില്‍നിന്ന് ജന്മിമാര്‍ വിലയ്ക്കുവാങ്ങിക്കൊണ്ടുവന്ന അടിമകളുടെ അനന്തരതലമുറയില്‍പ്പെട്ടവരായിരുന്നു. കണ്ടനും ളേച്ചിയും. അടിമത്തം, അസ്പര്‍ശ്യത തുടങ്ങി സകലവിധ വിവേചനങ്ങളുടെയും ദുരിതാനുഭവങ്ങളെ അഭിമുഖികരിച്ചുകൊണ്ടാണ് പൊയ്കയില്‍ ഗുരുദേവന്‍ തന്റെ ബാല്യകൌമാരങ്ങള്‍ പിന്നിട്ടത്. തന്റെ ജനത പതിറ്റാണ്ടുകളായി അകപ്പെട്ടുപോയ മഹാപതനത്തിന്റെ ദുരിതാനുഭവങ്ങളെ നേരിട്ടറിഞ്ഞതിന്റെ വെളിച്ചത്തിലാണ് ഇവരുടെ വിമോചനത്തിനായുള്ള ചരിത്രപരമായ ദൌത്യം അദ്ദേഹം ഏറ്റെടുക്കുന്നത്.
ചരിത്രത്തിന്റെ രീതിശാസ്ത്രമായ പക്ഷപാതങ്ങളെ ശക്തമായി ഉന്നയിച്ചുകൊണ്ടാണ് ശ്രീകുമാരഗുരുദേവന്‍ കൂളത്തൂര്‍കുന്നില്‍ വെച്ചുനടത്തിയ രക്ഷാനിര്‍ണ്ണയയോഗത്തെ അഭിസംബോധന ചെയ്തത്. തങ്ങള്‍ എങ്ങനെ അടിമകളായി? ഇതില്‍നിന്ന് രക്ഷപ്പെടുവാനുള്ള ആത്മീയമാര്‍ഗ്ഗം എന്താണ് ? എന്നീ ചോദ്യങ്ങള്‍ ഉയര്‍ത്തികൊണ്ട് ഭൂതകാലത്തിലെ ഓര്‍മകളില്‍നിന്ന് അടിമജീവിതചരിത്രത്തെ നിര്‍വചിക്കുവാന്‍ അദ്ദേഹം പരിശ്രമിക്കുന്നു.
“ഉര്‍വിയില്‍ ജനിച്ച നര-
ജാതികളിലും കൂല–
ഹീനരെന്നു ചൊല്ലിടുന്നു എന്റെ വംശത്തെ
കാണുന്നീലൊരക്ഷരവും
എന്റെ വംശത്തെപ്പറ്റി
കാണുന്നുണ്ടനേക
വംശത്തിന്‍ ചരിത്രങ്ങള്‍ ”
(സ്വാമി വി.വി. & അനില്‍ ഇ. വി. :2022:34)
ഭൂമിയില്‍ ജനിച്ച സകലജാതികളിലും ഹീനരായി ഗണിക്കപ്പെടുന്നതിന്റെ വംശത്തിന്റെ ചരിത്രത്തെക്കുറിച്ച് ഒരു അക്ഷരംപോലും ലഭ്യമല്ല. എന്നാല്‍ മറ്റനേകരുടെ ചരിത്രഗാഥകള്‍ അവിടെ കാണാം. ഈ വിവേചനത്തിന്റെ പിന്നില്‍ അറിവും അധികാരവും തമ്മിലുള്ള അവിശുദ്ധതയുടെ രചനാതന്ത്രമാണുള്ളത്. കീഴാളവും പാര്‍ശ്വവത്കൃതവുമായ ജനതയുടെ പക്ഷത്ത് ചുവടുറപ്പിച്ചുകൊണ്ട് ചരിത്രത്തെ പുതിയ വീക്ഷണകോണിലൂടെ അവതരിപ്പിക്കുന്ന സമീപനങ്ങള്‍ രുപപ്പെടുന്നതിനും പതിറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ പൊയ്കയില്‍ ഗുരുദേവന്‍ തന്റെ ഏറ്റവും പ്രഖ്യാതമായ പാട്ടിലൂടെ പ്രസ്തുത സമീപനത്തെ കൃത്യമായി ഉന്നയിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.
മതാധികാരത്തിനുനേരെ നിരന്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്ന ശീകുമാരഗുരുദേവന്‍ അടിമത്തത്തിന്റെ ഉത്‌പത്തിയെക്കുറിച്ചുള്ള ചോദ്യങ്ങളെ ആത്മീയതലത്തിലേക്കും വ്യാപിക്കുന്നുണ്ട്.
“വേദം നീ വായിച്ചിട്ടുണ്ടോ അതില്‍
ജാതിയെത്രയെന്നു നീ കണ്ടിട്ടുണ്ടോ”
(സ്വാമി വി.വി. & അനില്‍ ഇ. വി. :2010a:72)
എന്ന ചോദ്യം ജാതിയെ പില്‍ക്കാല സാമൂഹികനിര്‍മിതിയായി തിരിച്ചറിയുകയും അതിന്റെ ആത്മീയാടിത്തറയെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നു.
“ദൈവശാസ്ത്രം പഠിച്ചോരേ
കാവിവസ്ത്രം ധരിച്ചോരേ
പുലപാരില്‍ ഭവിക്കുന്നതെങ്ങനെ
ചോദ്യം പുല ദൈവം സൃഷ്ടിച്ചോ”
(സ്വാമി വി.വി. & അനില്‍ ഇ.വി., 2020: 52)
മതാധികാരത്തിന്റെ ഉന്നതങ്ങളില്‍ വിരാജിക്കുന്നവരുടെ നേര്‍ക്കാണ് ചരിത്രപരമായ ഈ ചോദ്യം ഉയര്‍ന്നത്. പാരില്‍പുല സൃഷ്ടിച്ചത് ദൈവമാണോ? എന്ന ചോദൃത്തിന്റെ കണിശതയും ചരിത്രപരതയും ശ്രദ്ധേയമാണ്. കേരളത്തിലെ ആദിമ ജനതയായിരുന്ന തങ്ങള്‍ എങ്ങനെയാണ് അടിമജീവിതത്തിലേക്ക് നിപതിച്ചതെന്നും അതിലേക്ക് വഴിതെളിച്ച സാഹചര്യമെന്തെന്നും ശ്രീകുമാരഗുരുദേവന്‍ കൃത്യമായി വിശദീകരിക്കുന്നു. വിരുന്നുകാരായെത്തിയവര്‍ അധികാരശ്രേണിയുടെ മേലാവിലേക്ക് എത്തിച്ചേര്‍ന്നതിന്റെ ചരിത്രസാഹചര്യത്തെ അദ്ദേഹം ഇപ്രകാരം വ്യക്തമാക്കുന്നു.
“മോദമായി വസിച്ചീടും കാലം
ശാന്തമായി വസിക്കുമീ നമ്മുടെ പിതാക്കന്‍മാരെ
ബന്ധങ്ങള്‍ ചെയ്തടിമയാക്കിയല്ലേ
സിന്ധുനദീകടന്നീ അന്തണശ്രേഷ്ഠന്മാരും
ചന്തമേറും ഈ രാജ്യം കുടിയേറും കാലം
ചന്തതെരുക്കളില്‍ കാളയെ വില്‍ക്കുംപോലെ
അന്തണന്മാരിവരെ വിറ്റുവില വാങ്ങിപോന്നു"”
(പൊയ്കയില്‍ അപ്പച്ചന്‍, 2011:47)
ബ്രാഹ്മണാധികാരത്തിന്റെയും അവരുടെ അധികാരസംസ്ഥാപനത്തിന്റെയും ചരിത്രപാഠങ്ങളെയാണ് സ്വകീയരീതിയില്‍ ഈ പാട്ടുകള്‍ അവതരിപ്പിക്കുന്നത്. പ്രാണിഹിംസ പാപമാണ് എന്നു കരുതുന്ന ബ്രാഹ്മണര്‍ കണിപോലും കരുണയില്ലാതെ ദേഹോപദ്രവമേല്‍പ്പിക്കുകയും കഠിനവേലകള്‍ വിശ്രമരഹിതമായി ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നതിന്റെ ഹിംസാത്മകപഠഠങ്ങളെയും ഈ പാട്ടില്‍ ആഖ്യാനം ചെയ്യുന്നുണ്ട്. ആടുമാടുകളെപ്പോലെ മനുഷ്യരെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുമ്പോള്‍ മുറിഞ്ഞുപോകുന്ന കുടുംബന്ധങ്ങളും അനാഥരായിപ്പോകുന്ന കുട്ടികളും ഉള്‍പ്പെടെയുള്ള വേദനകളെയും ദുരിതപര്‍വങ്ങളെയും ഈ പാട്ടുകള്‍ പങ്കുവെയ്ക്കുന്നു.
“താതനെ വിറ്റിടും നേരം കരഞ്ഞീടുന്നു തനയന്മാരും
തള്ളയെവിറ്റിടും നേരം കരഞ്ഞീടുന്നു കുട്ടികളും
രാജാവില്ല ചോദ്യമില്ല ന്യായം തീര്‍പ്പാനാരുമില്ല
വൃസനം തീര്‍ത്തു രക്ഷിപ്പതിനോടി വരാനാരുമില്ല ”
(പൊയ്കയില്‍ അപ്പച്ചന്‍, 2011:48)
അടിമവ്യാപരത്തെ ചോദ്യംചെയ്യുവാനോ തുല്യനീതി നടപ്പാക്കുവാനോ തയ്യാറല്ലാത്ത അധികാരവ്യവസ്ഥയുടെ വരേണ്യപക്ഷപാതത്തെയും പാട്ടിലൂടെ ഉന്നയിക്കുവാന്‍ ശ്രീകുമാരഗുരുദേവന്‍ ശ്രദ്ധിക്കുന്നുണ്ട്. അധികാരഘടന എല്ലായ്പ്പോഴും സവര്‍ണ്ണാധിപത്യത്തെയും ജന്മിത്തത്തെയും പിന്‍പറ്റുന്നു എന്ന കാര്യത്തെ ഇവിടെ വ്യക്തമാക്കുന്നു.
അടിമജീവിതത്തിന്റെ തീരാദുരിതങ്ങള്‍ തന്റെ വംശം എപ്രകാരമാണ് പാരമ്പര്യമായി ഏറ്റുവാങ്ങിയതെന്ന് ശ്രീകുമാരഗുരുദേവന്‍ തന്റെ പാട്ടുകളില്‍ രേഖപ്പെടുത്തുന്നു.
“മഴമഞ്ഞുവെയിലേറ്റു
ഒട്ടേറെ വലഞ്ഞവര്‍
ഭക്ഷണം കിട്ടുന്നില്ല
താഴുകള്‍ തുടലുകള്‍
ഇട്ടവര്‍ പൂട്ടിക്കെട്ടി
മുള്‍ക്കമ്പാല്‍ അടിച്ചിടുന്നു
കാളകള്‍ പോത്തുകള്‍ക്കും
ഇണയായ് കൂട്ടിക്കെട്ടി
നിലങ്ങളില്‍ ഉഴുതീടുന്നു.
വേലകുലികളോര്‍ത്താല്‍
ഒട്ടും സഹിപ്പതില്ല
അഷ്ടികഴിപ്പാനില്ല
വസ്ത്രങ്ങള്‍ക്കാവതില്ല”
(പൊയ്കയില്‍ അപ്പച്ചന്‍, 2011:38)
അടിമജീവിതത്തിന്റെ ചരിത്രാനുഭവങ്ങളെയാണ് ഈ പാട്ടിലൂടെ ശ്രീകുമാരഗുരുദേവന്‍ ആഖ്യാനം ചെയ്യുന്നത്. താഴുകളും തുടലുകളും ഉപയോഗിച്ച് ബന്ധിതരായി, കൂലിയും ഭക്ഷണവും വസ്ത്രവും പോലും നല്‍കാതെ, കാളകളോടും പോത്തുകളോടുമൊപ്പം കൂട്ടിക്കെട്ടി നിലമുഴാന്‍ വിധിച്ച്, കൊടിയ യാതനകളിലേക്ക് ജനതയെ തള്ളിവിട്ടതിന്റെ ദുരിതമയമായ സഞ്ചിതസ്മൃതികള്‍ ഈ ഗാനം ഉന്നയിക്കുന്നു.
ദളിത്‌സമൂഹങ്ങളുടെ ചരിത്രമില്ലായ്മയും ചരിത്രബോധമില്ലായ്മയും ഉന്നയിച്ചുകൊണ്ട് പതിതാവസ്ഥയില്‍നിന്നുള്ള മോചനം എപ്രകാരം സാധ്യമാക്കാം എന്നതില്‍ തനിക്കുള്ള കൃത്യമായ ദര്‍ശനബോധത്തെ ശ്രീകുമാരഗുരുദേവന്‍ പങ്കുവയ്ക്കുന്നുണ്ട്. “അധിനിവേശവാഴ്ച്ചക്കുകീഴില്‍നടന്ന ആധുനികതയ്ക്കായുള്ള ദളിത് അന്വേഷണങ്ങളുടെ പശ്ചാത്തലത്തില്‍ പൊയ്കയില്‍ യോഹന്നാന്‍ ചെന്നെത്തിയത് ദലിതരുടെ ചരിത്രമില്ലായ്മ എന്ന പ്രശ്നത്തിലാണ്. ഈ ചരിത്രമില്ലായ്മയാണ് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ദളിതരുടെ അടിമത്തത്തിനും അധഃസ്ഥിതിക്കും കാരണ ((സ്വാമി വി.വി. & അനില്‍ ഇ.വി., 2009:63) മെന്ന് സനല്‍ മോഹന്‍ നിരിക്ഷിക്കുന്നു.
അടിമവര്‍ഗത്തിന്റെ ദരിതാനുഭവചരിത്രത്തെ വിവിധരൂപത്തില്‍ അദ്ദേഹം തന്റെ പാട്ടുകളിലൂടെ ഉന്നയിക്കുന്നുണ്ട്. ബന്ധനവും മര്‍ദ്ദനവും വര്‍ണവെറിയും ഉള്‍പ്പെടെയുള്ള കൊടിയ പീഡനങ്ങളെ അദ്ദേഹം ഇപ്രകാരം അവതരിപ്പിക്കുന്നു.
“കാരിരുമ്പിന്‍ ചങ്ങലയാല്‍ കൈകാലുകള്‍ കൂട്ടിക്കെട്ടി
കാരിമ്പാറപ്പുറത്തേറ്റി കുനിച്ചുനിര്‍ത്തി
വെയില്‍ മൂത്തു നാവുണങ്ങി നരജീവന്‍ പിരിഞ്ഞുപോയ്
നരജാതികള്‍ക്കിതൊട്ടും സഹിപ്പതില്ലാ
വെളുത്തതുടുത്തുപോയാല്‍ ആയതും വെറുപ്പുതന്നെ
വെളുത്തതുണ്ടെങ്കിലെന്തേ കറുപ്പിക്കണേ”
(സ്വാമി വി.വി. & അനില്‍ ഇ.വി.20102;193)
തലമുറകളായി തന്റെ വംശം അനുഭവിച്ച സാമൂഹികയാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ക്കാഴ്ച്ചയാണിത്. ചരിത്രത്തില്‍ തങ്ങള്‍ എങ്ങനെ അദൃശ്യരായി എന്ന പ്രശ്‌നത്തെ പലമട്ടില്‍ ഉയര്‍ത്തിക്കാണിച്ചുകൊണ്ടാണ് ശ്രീ കുമാരഗുരുദേവന്‍ തന്റെ കര്‍മ്മസപര്യ മുന്നോട്ടുനയിച്ചത്. ഇതര സാമൂഹികപ്രസ്ഥാനങ്ങളില്‍നിന്ന് പ്രത്യക്ഷരക്ഷാദൈവസഭയെ വേര്‍തിരിക്കുന്ന പ്രധാനഘടകം അടിമജീവിതാനുഭവത്തെ ദാര്‍ശനികമായും ചരിത്രപരമായും പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നു എന്നതാണ്. പൊയ്കയില്‍ ശ്രീകുമാരഗുരുദേവന്റെ പാട്ടുകളിലെല്ലാം ഇത്തരത്തിലുള്ള ബോധപൂര്‍വ്വമായ പരിശ്രമം കാണാം. ഓര്‍മകളെ ഭൂതകാലത്തിലെ നേരനുഭവങ്ങളുടെ ശേഖരമെന്നനിലയില്‍ ദാര്‍ശനികവും ചരിത്രപരവുമായ വിവക്ഷകള്‍ നല്‍കിയാണ് പാട്ടുകളില്‍ ആഖ്യാനം ചെയ്യുന്നത്. അടിമവിഷയത്തെ തന്റെ പാട്ടുകളിലൂടെ അവതരിപ്പിക്കുമ്പോഴും അതിന്റെ ഊന്നല്‍ മേഖലകള്‍ എന്തൊക്കെ ആയിരിക്കണം എന്നതിനെപ്പറ്റി കൃത്യമായ കാഴ്ച്ചപ്പാട് ശ്രീകുമാരഗുരുദേവന്‍ പുലര്‍ത്തുന്നുണ്ട്. “പകരം ചോദിക്കേണ്ട ഒരു ഭൂതകാല സാന്നിധ്യമായിട്ടല്ല അപ്പച്ചന്‍ അടിമവിഷയം പറയുന്നത്. അത് ഒരു ഓര്‍മയാണ്. വര്‍ത്തമാനകാലത്തെ ചരിത്രവത്കരിക്കുന്നതിന്റെ ഭാഗമാണ്. അടിമയെ ഒരു ഉപകരണവും സാധ്യതയുമായിട്ടാണ് അടിമവിഷയത്തില്‍ എടുക്കുന്നത്” (സ്വാമി വി.വി. & അനില്‍ ഇ.വി., 2020;23). അടിമവിഷയത്തെ ഒരു ചരിത്രാനുഭവമാക്കി അവതരിപ്പിക്കുകകവഴി സാമൂഹികനിര്‍മ്മിതികള്‍ക്കു പിന്നിലെ അധികാരരാഷ്ട്രീയത്തെ അദ്ദേഹം ഉന്നയിക്കുന്നു. നൂറ്റാണ്ടുകളായി അടിമത്തത്തില്‍ കഴിയേണ്ടിവന്ന ജനതയുടെ സഞ്ചിതവും ദമിതവുമായ അനുഭവങ്ങളുടെയും ഓര്‍മകളുടെയും ആഖ്യാനമാണിത്.
ഉപസംഹാരം
അടിമവിഷയത്തെ ദാര്‍ശനികവും ചരിത്രപരവുമായ ഒരു പ്രശ്നമായി കണ്ടുകൊണ്ട് പൊയ്കയില്‍ ശ്രീകുമാരഗുരുദേവന്‍ തന്റെ പാട്ടുകളിലൂടെ അവ ആവിഷ്കരിച്ചു. പാട്ടിന്റെ ജനകീയതയും ജൈവികതയുമാണ് പ്രസ്തുതധാരയെ വിനിമയോപാധിയാക്കുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ചരിത്രത്തിന്റെ രാഷ്ട്രീയം, അടിമത്തത്തിന്റെ നിരര്‍ത്ഥകത, ബ്രാഹ്മണാധിനിവേശവും അധികാര സംസ്ഥാപനവും, അടിമജീവിതത്തിന്റെ ഹിംസാനുഭവങ്ങള്‍ തുടങ്ങിയവയെ ചരിത്രപരമായി ഉന്നയിക്കുവാന്‍ അദ്ദേഹം പാട്ടുകളെ ഉപാധിയാക്കി.
ഗ്രന്ഥസൂചി
1. അപ്പച്ചന്‍ പൊയ്കയില്‍, 2011, പ്രത്യക്ഷരക്ഷാദൈവസഭാ പാട്ടുകള്‍, കേരളസാഹിത്യ അക്കാദമി, തൃശൂര്‍.
2. മഹമ്മദ് മാഹീന്‍ എ. (പ്രൊഫ.), 2023, കേരളത്തിലെ ദലിത് സമൂഹങ്ങളുടെ ചരിത്രം, ആത്മബുക്സ്, കോഴിക്കോട്.
3. ലെനിന്‍ കെ. എം., 2016, പൊയ്കയില്‍ അപ്പച്ചന്‍ കീഴാളരുടെ വിമോചകന്‍, സാഹിത്യപ്രവര്‍ത്തക സഹരണസംഘം, കോട്ടയം.
4. സന്തോഷ് ഒ. കെ. 2011, പൊയ്‌കയില്‍ (ശീകമാരഗുരു നവോത്വാനചരിത്രചാഠങ്ങള്‍, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
5. സ്വാമി വി.വി. & അനില്‍ ഇ.വി., അടിമവിഷയം, 2020, സ്റ്റേറ്റ് പബ്ലിക്കേഷന്‍സ്, കോട്ടയം.
6. ............................ (എഡി.), 2004, ഓര്‍ത്തിടുമ്പോള്‍ ഖേദമുള്ളില്‍, ആദിയര്‍ദീപം പബ്ലിക്കേഷന്‍സ്, തിരുവനന്തപുരം.
7. .............................. സമാ.) 2010a, പ്രത്യക്ഷരക്ഷാദൈവസഭ ഓര്‍മ പാട്ട് ചരിത്രരേഖകൾ, ആദിയർദീപം പബ്ലിക്കേഷന്‍സ്, തിരുവല്ല.
8. .............................-2010b, പ്രത്യക്ഷരക്ഷാദൈവസഭയുടെ ചരിത്രം, സ്റ്റേറ്റ് പബ്ലിക്കേഷന്‍സ്, കോട്ടയം.
9. ജീവചരിത്രപുനരാഖ്യാനസ്മിതി, 2017, വ്യവസ്ഥയുടെ നടപ്പാതകള്‍, സ്റ്റേറ്റ് പബ്ലിക്കേഷന്‍സ് കോട്ടയം.
ഡോ. ജോബിന്‍ ജോസ് ചാമക്കാല
അസോ. പ്രൊഫസര്‍, മലയാളവിഭാഗം
ദേവമാതാ കോളേജ് കുറവിലങ്ങാട് -686633
9447980350, jobinc1979@gmail.com





Comments