ക്രൈസ്തവ ആത്മീയദർശനം - പുത്തൻപാനയിൽ
- GCW MALAYALAM
- Dec 29, 2025
- 8 min read
Updated: Dec 30, 2025
ഡോ.ബീനാകൃഷ്ണൻ എസ്.കെ.

പ്രബന്ധസംഗ്രഹം
നൂറ്റാണ്ടുകൾക്കുമുമ്പ് ജർമനിയിൽ നിന്ന്പ്രേഷിത പ്രവർത്തനങ്ങൾക്ക് വേണ്ടി സ്വന്തം ജന്മനാടിനെയും മാതാപിതാക്കളേയും ഉപേക്ഷിച്ച് വളരെ ചെറുപ്രായത്തിൽ കേരളത്തിൽ എത്തിയ ജസ്യൂട്ട് സന്യാസി സഭാംഗമായ ക്രിസ്ത്യൻ മിഷണറിയാണ് ജോൺ ഏണസ്റ്റ് ഹാങ് സ്ലേഡൻ എന്ന അർണോസ് പാതിരി. ജ്ഞാന-ഭൂതി - കർമ്മമാർഗങ്ങൾ സ്വന്തം ജീവിതത്തിൽ സമന്വയിപ്പിച്ചു കൊണ്ട് കേരളത്തിൽ ക്രൈസ്തവ ആത്മീയതയുടെ അടിത്തറപാകിയ മഹാപ്രതിഭാശാലിയാണ് അദ്ദേഹം. എഴുത്തച്ഛൻ, പൂന്താനം, ചെറുശ്ശേരി, മേൽപ്പത്തൂർ നാരായണ ഭട്ടതിരി എന്നിവർ ധാർമികമായി അധ:പതിച്ചു പോയ കേരളീയ ജനതയെ ആധ്യാത്മികമായി ഉയർത്തെഴുന്നേൽപ്പിക്കുന്നതിന് വേണ്ടി ഭക്തിരസപ്രധാനങ്ങളായ കിളിപ്പാട്ടുകൾ,കീർത്തനങ്ങൾ എന്നിവ രചിച്ചത് പോലെ ക്രൈസ്തവ ജനതയ്ക്കും നിത്യപാരായണത്തിനുള്ള കൃതികൾ രചിച്ച് അവരെയും ആധ്യാത്മികമായി ഉണർത്തുക എന്നതായിരുന്നു പാതിരിയുടെ ക്രൈസ്തവ ഭക്തികാവ്യങ്ങളുടെ ലക്ഷ്യം. ബ്രാഹ്മണ പൗരോഹിത്യഅധീശത്വ സാമൂഹ്യ ജീവിതത്തിലും സാംസ്കാരിക മണ്ഡലത്തിലും പ്രബലമായി നിലനിന്നിരുന്ന കാലഘട്ടത്തിലാണ് അർണോസ് പാതിരി കൂദാശപാന (പുത്തൻ പാന), ചതുരന്ത്യം, ഉമ്മാപർവ്വം,ഉമ്മാടെദുഃഖം തുടങ്ങിയ കാവ്യങ്ങൾ എഴുതി ക്രൈസ്തവ ആത്മീയ ദർശനത്തിൽ അധിഷ്ഠിതമായ ഒരു ബദൽ ഭക്തിപ്രസ്ഥാനധാര മലയാള സാഹിത്യത്തിൽ നിർമ്മിച്ചെടുത്തത്. അർണോസ് പാതിരിയുടെ പുത്തൻപാന കേരളീയ സമൂഹത്തിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് അന്വേഷിക്കുകയാണ് ഈ പ്രബന്ധത്തിലൂടെ
താക്കോൽ വാക്കുകൾ.
1.ഗ്രന്ഥനാമം
2.പശ്ചാത്തലം
3.ഉപലബ്ധി
4.പ്രമേയ പരിസരം
5.ഭാഷാപ്രയോഗം
6. സാംസ്കാരിക പ്രഭാവ
ക്രൈസ്തവആത്മീയദർശനം- പുത്തൻപാനയിൽ
മലയാള സാഹിത്യചരിത്രത്തിൽ ക്രൈസ്തവ ആത്മീയദർശനത്തിനും ക്രൈസ്തവഭാവനയ്ക്കും അടിത്തറ ഒരുക്കിയ ആദ്യ കൃതിയാണ് അർണോസ് പാതിരി രചിച്ച പുത്തൻപാന. അദ്ദേഹത്തിന്റെ ക്രൈസ്തവ ആത്മീയ ഗ്രന്ഥങ്ങൾ കേരള കവിതാസാഹിത്യചരിത്രത്തിലും മലയാള ഭാവനയിലും തികച്ചും വ്യതിരിക്തമായ ഒരു പാരമ്പര്യത്തിന് തുടക്കം കുറിക്കുകയായിരുന്നു. വൈഷ്ണവ/ ശൈവഭക്തിപ്രസ്ഥാന കാവ്യരൂപങ്ങൾ നിർമ്മിച്ചെടുത്തിരുന്ന മലയാളഭാവനവ്യവഹാരങ്ങൾക്കകത്തേക്ക് മലയാളികൾക്ക് അക്കാലം വരെ പരിചിതമല്ലാത്ത ബൈബിൾ ആത്മീയതയിൽ അധിഷ്ഠിതമായ പുതിയൊരു ഭാവുകത്വത്തെ തുറന്നുവിടുകയായിരുന്നു പാതിരി. കേരളത്തിലേക്ക് വന്ന മറ്റു മിഷനറിമാരിൽ നിന്നും വ്യത്യസ്തനായി മലയാളസാഹിത്യത്തിലെ മഹാപണ്ഡിതൻ ആയി മാറിയ മഹാകവിയും ധൈഷണിക പ്രതിഭയും കൂടിയായിരുന്നു അദ്ദേഹം. മലയാളത്തിലെ ആദ്യത്തെ ബൈബിൾ കാവ്യവും (പുത്തൻപാന) ആദ്യ വിലാപകാവ്യവും ( ഉമ്മാടെ ദുഃഖം ) ആദ്യ ജീവചരിത്രകാവ്യവും ( ഉമ്മാ പർവ്വം ) രചിച്ചത് അർണോസ് പാതിരിയാണ്. മരണം കാവ്യവിഷയമാക്കിയ മലയാളത്തിലെ ആദ്യ രചന പാതിരിയുടെ മരണപർവ്വമാണ്. ഇവയെല്ലാമാണ് അദ്ദേഹത്തെ മലയാളത്തിലെ മഹാമനീഷിയാക്കി മാറ്റിയത്. സംസ്കൃത ഭാഷയുടെ മഹത്വവും ഗാംഭീര്യവും പാശ്ചാത്യർക്ക് പരിചയപ്പെടുത്തിയ പ്രഥമ ഇൻഡോളജിസ്റ്റും കൂടിയാണ് അദ്ദേഹം.
ഗ്രന്ഥനാമം
മലയാള സാഹിത്യചരിത്രത്തിൽ ക്രൈസ്തവ ആത്മീയദർശനത്തിനും ക്രൈസ്തവ ഭാവനക്കും അടിത്തറ ഒരുക്കിയ ആദ്യ കൃതിയാണ് അർണോസ് രചിച്ച പുത്തൻപാന. ഈ കാവ്യ കൃതിയുടെ യഥാർത്ഥ നാമം മിശിഹാടെ പാന എന്നാണെങ്കിലും പല പേരുകളിലായി ഈ ഗ്രന്ഥം അറിയപ്പെടുന്നു. പൗളിനോസ് പാതിരിയും ഫാദർ സി കെ മറ്റവും മിശിഹാടെ പാന എന്ന് വിളിക്കുന്നു. മഹാകവി ഉള്ളൂരും പിജെ തോമസും പുത്തൻ പാന ( മിശിഹാചരിത്രം )എന്ന് പറയുന്നു. അർണോസ് പാതിരി ജീവിച്ചിരിക്കുമ്പോൾ തന്നെ തയ്യാറാക്കിയതെന്ന് പറയപ്പെടുന്ന ഒരു താളിയോല പകർപ്പ് കുറിച്ചിത്താനം പുതുമന ഇല്ലത്തെ ശ്രീനാരായണൻ നമ്പൂതിരിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ആ താളിയോലക്കെട്ട് ഇപ്പോൾ കേരള സർവകലാശാലയുടെ ഹസ്തലിഖിത ശേഖരത്തിൽ ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു. 1960-ൽ ഡോക്ടർ കെ.രാഘവൻപിള്ള ഇതിനെ അടിസ്ഥാനമാക്കി സംശോധന ചെയ്തു പ്രസിദ്ധീകരിച്ച കൃതി കൂദാശപ്പാന എന്ന പേരിൽ അറിയപ്പെടുന്നു. അതിന്റെ അവസാനം കൊടുത്തിരിക്കുന്ന വിജ്ഞാപനക്കുറിപ്പിൽ ഇപ്രകാരം കാണുന്നു.
902-ാമാണ്ട് കാർത്തിക മാസം 16 -ന് എഴുതി തീർത്ത കൂദാശപ്പാന പുസ്തകം സമാപ്തം. ഈ കൊല്ലവർഷം 902 കാർത്തിക (വൃശ്ചിക) മാസം ക്രിസ്തുവർഷമാകുമ്പോൾ ഈ കൃതി രചിച്ചത് 1726 ഡിസംബർ മാസത്തിലാണെന്ന് വ്യക്തം. അർണോസ് പാതിരി അന്തരിക്കുന്നതിന് (1732) ആറു വർഷം മുമ്പാണ് കൂദാശപ്പാന രചിച്ചതെന്ന് ഇപ്പോൾ കൃത്യമായി പറയാം.
ഈ ഗ്രന്ഥത്തിന് നിരവധി പതിപ്പുകൾ ഉണ്ടായിട്ടുണ്ട്. ഇതിന്റെ നാല് പതിപ്പുകൾ പരിശോധിച്ചപ്പോൾ നാലും നാലുവിധത്തിലാണ് കാണുന്നതെന്ന് ഫാദർ. സി.കെ.മറ്റം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ മാന്നാനം പതിപ്പിൽ പുത്തൻപാന ( രക്ഷാകര വേദ കീർത്തനം/ രക്ഷാചരിത കീർത്തനം) എന്നും പരാമർശിക്കപ്പെടുന്നു. പേരിൽ മാത്രമല്ല ഈ വ്യത്യാസം കാണുന്നത്. ചില പതിപ്പുകളിലെ ഈരടികളുടെ എണ്ണത്തിലും ഈ മാറ്റം കാണാം. എന്നാൽ ഇന്ന് മലയാളി വായനക്കാരുടെ ഇടയിൽ ഏറ്റവും കൂടുതൽ ഈ ഗ്രന്ഥത്തിന് പ്രചാരം ലഭിച്ചിരിക്കുന്നത് പുത്തൻപാന എന്ന പേരാണ്. 1844-ൽ കോട്ടയം സി.എം.എസ് പ്രസ്സിൽ നിന്നാണ് പുത്തൻപാനയുടെ ആദ്യ പതിപ്പ് അച്ചടിക്കുന്നത്. ഡോ. കുര്യാസ് കുമ്പളക്കുഴി അഭിപ്രായപ്പെടുന്നതുപോലെ,ആ കോപ്പി കണ്ടെത്താൻ കഴിയാത്തതുകൊണ്ട് അതിന്റെ ശീർഷകം എന്തായിരുന്നുവെന്ന് അറിയാൻ മാർഗ്ഗമില്ല. കണ്ടുകിട്ടിയവയിൽ ഏറ്റവും പഴയത് 1862-ൽ കൊച്ചിയിലെ ഈനാശ് അച്ചുകൂടത്തിൽ അച്ചടിച്ചതാണ്. ഇതിന്റെ ശീർഷകം പുത്തൻപാന മിശിഹാ ചരിതം എന്നായിരുന്നു.ഏതാണ് യഥാർത്ഥ നാമം എന്നു കണ്ടുപിടിക്കേണ്ടതുതന്നെ ഒരു ഗവേഷണത്തിന് സാധ്യതയുള്ളതാണ്. അത്രമാത്രം വ്യത്യസ്തമാണ് ഓരോ പതിപ്പിലെയും ശീർഷകങ്ങൾ. ഈ കൃതിയുടെ അത്യസാധാരണമായ ജനപ്രീതിയാണ് നിരവധി പതിപ്പുകൾ അച്ചടിക്കുവാൻ കാരണമെന്ന് പറയപ്പെടുന്നു.
വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് പല ശീർഷകങ്ങളിലാണ് പാനയുടെ അച്ചടി നടന്നത്. പക്ഷെ അവയിലൊന്നും ഗ്രന്ഥകാരന്റെ പേര് പരാമർശിച്ചിരുന്നില്ല.ഇന്നും കേരളത്തിലെ ക്രൈസ്തവ കുടുംബങ്ങളിൽ 50 നോമ്പുകാലങ്ങളിൽ ചൊല്ലുന്ന പുത്തൻ പാനയിലൊന്നും ഗ്രന്ഥകാരന്റെ പേര് അച്ചടിച്ചിട്ടുള്ളതല്ല. 1984 മാർച്ച് 19- ന് വേലൂർ പള്ളി അങ്കണത്തിൽ നടന്ന സിമ്പോസിയത്തിൽ പങ്കെടുത്തുകൊണ്ട് പ്രൊഫ.പി.വി.ഉലഹന്നാൻ മാപ്പിള ഗ്രന്ഥകാരന്റെ പേര് ചേർക്കാതെ പുത്തൻപാന/കൂദാശപ്പാന വ്യാവസായികമായി അച്ചടിച്ചു കാശുണ്ടാക്കുന്നവരെ ശക്തമായ ഭാഷയിൽ അധിക്ഷേപിക്കുകയുണ്ടായി. അർണോസ് പാതിരി സ്വന്തം മേൽനോട്ടത്തിൽ നിർമ്മിച്ച് വിതരണം ചെയ്തിരുന്ന പുത്തൻപാനയുടെ പ്രതികളിൽഒന്നിലും അദ്ദേഹത്തിന്റെ പേര്ചേർത്തിരുന്നില്ല.
ഫാദർ.എ.അടപ്പൂർ വ്യക്തമാക്കിയതുപോലെ പേരിനും പ്രശസ്തിക്കുമല്ല ആത്മാക്കളുടെ രക്ഷയ്ക്കും ദൈവ മഹത്വത്തിനും വേണ്ടിയാണ് ഗ്രന്ഥ രചന നടത്തേണ്ടതെന്ന സങ്കല്പം അക്കാലത്ത് വ്യാപകമായിരുന്നു. പണ്ഡിതൻ, ഗ്രന്ഥകാരൻ, കവി തുടങ്ങിയ നിലകളിലുള്ള തന്റെ പ്രവർത്തനങ്ങളെപ്പറ്റി പാതിരി ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. 1713 - ലും 1715-ലും എഴുതിയ കത്തുകളിൽ ഒന്നും സാഹിത്യ ജീവിതത്തെ പരാമർശിക്കുന്നില്ല. പ്രേഷിത പ്രവർത്തനങ്ങളെക്കുറിച്ചും അതിനു നേരിട്ട പ്രതിസന്ധികളെയും വെല്ലുവിളികളെയും മാത്രമാണ് ആ കത്തുകളിൽ പാതിരി സൂചിപ്പിച്ചിരുന്നത്. അതുകൊണ്ട് പാതിരിയുടെ സാഹിത്യ പ്രവർത്തനങ്ങൾ എല്ലാം നടക്കുന്നത് 1715 നും 1732 നും ഇടയിലാണ് എന്നത് തീർച്ചയാണ്. .1715 - ന് മുമ്പ് അദേഹം ഗ്രന്ഥരചന നടത്തിയിരുന്നുവെങ്കിൽ അക്കാര്യം ആ കത്തുകളിൽ രേഖപ്പെടുത്തുമായിരുന്നു.
രചനാപശ്ചാത്തലം
ക്രിസ്ത്യാനികൾക്ക് മുമ്പ് തന്നെ ഈ മട്ടിലുള്ള കൃതികൾ ഉണ്ടായിരുന്നുവെന്ന് അനുമാനിക്കാവുന്നതാണ്. പാതിരി പക്ഷേ പഴയപാന പരിഷ്കരിക്കുകയായിരിക്കും ചെയ്തത്. അല്ലെങ്കിൽ ഹിന്ദുക്കളുടെ പാന പഴയതായി സങ്കൽപ്പിച്ചുകൊണ്ട് അതേ രീതിയിൽ തന്നെ ക്രിസ്തീയ ചരിത്രത്തെ ആസ്പദമാക്കി ഒരു പുത്തൻപാനഎഴുതിയതാണെന്നും വരാം. ഹിന്ദുക്കൾ രാമായണം പാരായണം ചെയ്യുന്നതിനു സമാനമായാണ് പുത്തൻ പാന ഒരുകാലത്ത് ക്രൈസ്തവ ഭവനങ്ങളിൽ പാരായണം ചെയ്യപ്പെട്ടിരുന്നത്. ജ്ഞാനപ്പാനയ്ക്ക് ബദലായി ക്രൈസ്തവർക്ക് പാരായണം ചെയ്യുന്നതിന് പുതിയൊരു പാന എന്ന അർത്ഥത്തിൽ തന്നെയാണ് പുത്തൻ പാന. 1721-1752 കാലത്ത് പുത്തൻചിറ ആസ്ഥാനമായി കേരള ക്രൈസ്തവരിൽ ഒരു വിഭാഗത്തെ നയിച്ചിരുന്ന മാർ അന്തോണീസ് മെത്രാന്റെ ( ബിഷപ്പ് ആന്റണി ബിമെന്റൽ ) നിർദ്ദേശമനുസരിച്ചാണ് താൻ ഈ കൃതി രചിക്കാൻ നിർബന്ധിതനായതെന്ന് പുത്തൻപാന ഒന്നാം പദത്തിൽ പാതിരി വ്യക്തമാക്കിയിട്ടുണ്ട്.
മെത്രാന്മാരിലെ ഗ്രേസരനുത്തമൻ
ശാസ്ത്രജ്ഞന്മാരിലാദ്യൻ തപോനിധി
കറയറ്റ ഗുണാന്വിത ശീലകൻ
മാറന്തോണീസന്നെന്നോടു കല്പിച്ചു
അങ്ങേയാശീർവാദത്തിനനുഗ്രഹം
മംഗലം വരുത്തുമതറിഞ്ഞു ഞാൻ
(ഒന്നാം പാദം, 11- 14 ശ്ലോകം)
അന്നത്തെ സാഹചര്യത്തിൽ വരേണ്യഹിന്ദു കുടുംബങ്ങളിൽ ആലപിക്കുന്നത് പോലെ ഒരു ആത്മീയ കൃതി രചിക്കണമെന്നുള്ള നിർബന്ധമുണ്ടായപ്പോഴാണ് പാതിരി പുത്തൻപാന രചിച്ചത്. ചതുരന്ത്യം,ഉമ്മാപർവം തുടങ്ങിയ കൃതികളുടെ രചനാരീതിയിൽ നിന്ന് ഏറെ ഭിന്നവും അകൃത്രിമവുമാണ് പുത്തൻപാന. സൊമ്മർ വോഗൽ എസ്.ജെ. 1728- ലാണ് പുത്തൻപാന രചിച്ചതെന്നു കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ കൃതി രചിക്കുന്നതിന് മുമ്പ് നമ്മുടെ മാതൃഭാഷയിൽ ബൈബിൾ രചിക്കപ്പെട്ടിരുന്നില്ല. ബലിയർപ്പണ സമയത്ത് ദേവാലയങ്ങളിൽ പുരോഹിതന്മാർ വായിച്ചു വ്യാഖ്യാനിക്കുന്ന ബൈബിൾ ഭാഗങ്ങളുടെ കേട്ടുപരിചയം മാത്രമാണ് ക്രൈസ്തവ വിശ്വാസികൾക്ക് ഉണ്ടായിരുന്നത്. അന്ന് മഹാഭൂരിപക്ഷത്തിനും എഴുത്തും വായനയും അറിയാമായിരുന്നില്ല. നിരക്ഷരരും അധ:സ്ഥിരരുമായ സാധാരണജനങ്ങൾക്ക് വേണ്ടി എഴുത്തച്ഛനും പൂന്താനവും എല്ലാം ഹൈന്ദവ പ്രമേയങ്ങൾ കവിതാരൂപത്തിലാക്കി എങ്ങനെ അവതരിപ്പിച്ചു എന്ന് പാതിരി സസൂക്ഷ്മം പഠിച്ചിരുന്നു. കേരളത്തിൽ സ്ഥിരതാമസമാക്കി കേരളീയനായി മാറിയ പാതിരി മലയാള ഭാഷയിലും സംസ്കൃതത്തിലും അനിതരസാധാരണമായ വ്യുല്പത്തി സമ്പാദിച്ചതിനുശേഷം ക്രൈസ്തവ സമൂഹത്തിന് വേണ്ടി ബൈബിൾ വിഷയങ്ങൾ കേന്ദ്രമാക്കി സാഹിത്യ രചന നടത്തുവാൻ തീരുമാനിക്കുകയായിരുന്നു. പാതിരിയുടെ ആദ്യത്തേതും ഏറ്റവും പ്രശസ്തവുമായ കൂദാശപാന/ പുത്തൻപാനയുടെ രചനാ പശ്ചാത്തലമിതാണ്.
ആദ്ധ്യാത്മികതയുടെ ഉപലബ്ധി
പൂന്താനത്തിന്റെയും എഴുത്തച്ഛന്റെയും കാവ്യരചന മാർഗം പിന്തുടർന്നുകൊണ്ട് ക്രൈസ്തവ വിശ്വാസികളെയും ആദ്ധ്യാത്മികതയുടെ പുത്തൻ മേഖലകളിലേക്ക് കൈപിടിച്ചുയർത്തുവാൻ പാതിരി ആഗ്രഹിച്ചു. അതിന് അദ്ദേഹം സ്വീകരിച്ചത് പൂന്താനത്തിന്റെ ജ്ഞാനപ്പാനയുടെ മാതൃകയാണ്. മനുഷ്യന്റെ ആത്മീയോപലബ്ധികളിൽ ഏറ്റവും മഹത്തരമായ ജ്ഞാനം ആർജിക്കുന്നതിൽ മനുഷ്യരെ യോഗ്യരാക്കുകയാണ് ജ്ഞാനപ്പാനയുടെ ലക്ഷ്യം. ആ ജ്ഞാനാർജനം ലഭിച്ചവൻ ഈശ്വര മനമറിയുന്നു. മനുഷ്യനെ അറിയുന്നു. സ്വയം അറിയുന്നു. അത് സംസാരസാഗരം തരണം ചെയ്യാനുള്ള തോണിയാണ്. അത് നേടിയവൻ മോക്ഷം നേടുന്നു. അത് കരഗതമാക്കാത്തവന് ഈ ലോകമില്ല, പരലോകമില്ല, സുഖവുമില്ല. ജ്ഞാനപ്പാനയുടെ പാരായണ പാഠങ്ങൾ ഈ മഹത്തായ സമ്പത്തിനാണ് ഉപാസകരെ അർഹരാക്കുന്നത്. ഇത് ജ്ഞാനാർജനത്തിനും ഈശ്വരാനുഭവലബ്ധിക്കും ക്രൈസ്തവർക്ക് കൈവന്നിരിക്കുന്ന എളുപ്പമാർഗമാണ് കൂദാശകളുടെ സ്വീകരണം. ജ്ഞാനസ്നാനം മുതൽ രോഗിലേപനം വരെയുള്ള ഏഴ് കൂദാശകൾ ഓരോ ക്രൈസ്തവരെയും ആത്മാവിൽ ബലപ്പെടുത്തുന്നു. ഈ ബലപ്പെടുത്തൽ തന്നെയാണ് പാനയുടെ നിരന്തരാലാപനത്തിലൂടെ ഒരു ക്രൈസ്തവന് കൈവരാവുന്ന നേട്ടവും. ഹൈന്ദവ തലത്തിൽ ജ്ഞാനവും ക്രൈസ്തവതലത്തിൽ കൂദാശകളും ഒരേ ലക്ഷ്യത്തിലേക്ക് സഞ്ചരിക്കുന്നുവെങ്കിലും രണ്ടു കൃതികൾക്കും സാംസ്കാരിക പരിസര ഭേദം കൊണ്ട് രണ്ട് വ്യത്യസ്ത ശീർഷകങ്ങൾ ഉണ്ടായേ തീരൂ. ജ്ഞാനപ്പാന ഉണ്ടായപ്പോൾ മറ്റൊരിടത്ത് കൂദാശപ്പാന ഉണ്ടായി. പൂന്താനത്തിന്റെ മനസ്സറിയുക പാതിരിക്കു വളരെ എളുപ്പം. ഈ തിരിച്ചറിവിന്റെ ബലമാണ് പാനയുടെ ശീർഷകമാറ്റം. പാതിരി തന്നെ ആദ്യം നൽകിയ ഗ്രന്ഥനാമം മിശിഹാചരിതം പാന എന്നായിരിക്കാം. പിന്നീട് അദ്ദേഹം അത് മാറ്റി കൂദാശപ്പാന എന്ന് പേരിട്ടു.
പ്രമേയപരിസരം
യേശുക്രിസ്തുവിന്റെ ജീവിതവും സന്ദേശവും ആണ് കൂദാശപ്പാന/ പുത്തൻപാനയുടെ പ്രമേയം. പ്രപഞ്ചത്തിന്റെ സൃഷ്ടി, മാലാഖമാരുടെ പതനം,പറുദീസ നഷ്ടം (ഒന്നാം പാദം) മനുഷ്യകുലപതനം,ദൈവം പ്രത്യക്ഷപ്പെടുന്നു, മനുഷ്യകുല ശാപം,ശാപഫലം,ശാപമോക്ഷം (രണ്ടാം പാദം) എന്നിങ്ങനെയാണ് ഒരു ആമുഖമായി ഒന്നും രണ്ടും പാദത്തിൽ കൊടുത്തിരിക്കുന്നത്. ഈ രണ്ടു പാദങ്ങളിലെ 226 ഈരടികളിലൂടെ ബൈബിൾ പഴയ നിയമം ഉൽപ്പത്തി മുതൽ മലാക്കി ഉൾപ്പെടെയുള്ള വിഷയങ്ങൾ സംക്ഷിപ്തമായി വിവരിക്കുന്നു. അടുത്ത മൂന്നും നാലും പാദങ്ങളിലെ മുഖ്യപ്രമേയം കന്യാമറിയമാണ്. പരിശുദ്ധ ജനനി, പരിശുദ്ധ കന്യകയുടെ ബാല്യം,വിവാഹം, വിശുദ്ധയൗസേപ്പിന്റെ സന്ദേഹം മാലാഖയുടെ വെളിപ്പെടുത്തൽ എന്നിവ രേഖപ്പെടുത്തുന്ന ഈ രണ്ടു ഭാഗങ്ങളിൽ മേരി ഭക്തനായ പാതിരിയെ നാം ദർശിക്കുന്നു. ക്രിസ്തുവിന്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള പുതിയ നിയമത്തിലെ കഥകളാണ് അടുത്ത എട്ടു പാദങ്ങളിലായി പാതിരി വിവരിക്കുന്നത്. അവസാന പാദത്തിൽ ക്രിസ്തുവും പരിശുദ്ധ കന്യാമറിയവും തമ്മിലുള്ള സംഭാഷണം, സ്വർഗ്ഗാരോഹണം, ക്രിസ്തുവിന്റെ ശിഷ്യന്മാരുടെ പ്രേഷിത പ്രവർത്തനം എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്നു. മൊത്തം പുത്തൻ പാനയുടെ ഈരടികൾ 1596 ആണ് ഉള്ളതെന്ന് ഡോ.ടി.എൽ. ജോസ് വ്യക്തമാക്കുന്നു. എന്നാൽ ഫാ. അടപ്പൂർ പുത്തൻപാനയിൽ 2454 ശ്ലോകങ്ങളുണ്ടെന്ന് അഭിപ്രായപ്പെടുന്നു. അർണോസ് പാതിരി അക്കാദമി പുറത്തിറക്കിയ പുത്തൻപാന യിൽ പതിമൂന്നാം പാദം വരെ 1576 ശ്ലോകങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. (ഉമ്മാടെ ദുഃഖം, ദേവമാതാവിന്റെ വ്യാകുലപ്രബന്ധം ഒഴികെ) പല പതിപ്പുകളിലും ഈരടികളുടെ എണ്ണം വ്യത്യസ്തമാണ്. 7,8 പാദങ്ങളിലൊഴികെ മറ്റെല്ലാ പാദങ്ങളിലും കന്യാമറിയത്തെക്കുറിച്ചുള്ള വിവരണങ്ങളുണ്ട്. ഡോ.ടി.എൽ. ജോസിന്റെ അഭിപ്രായത്തിൽ പുതിയ നിയമത്തിൽ കന്യാമറിയത്തിന് നൽകിയിരിക്കുന്നതിനേക്കാൾ വളരെ കവിഞ്ഞ പ്രാധാന്യമാണ് പുത്തൻപാനയിൽ പാതിരി നൽകുന്നത്. ക്രിസ്തു കഥയ്ക്ക് സമാന്തരമായി കന്യാമറിയത്തിന്റെ കഥയും പാതിരി വിവരിച്ചിരിക്കുന്നു. സവിശേഷ പ്രചരണം ജീവിതവ്രതമാക്കിയ പാതിരി ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തോടെ കാവ്യം അവസാനിപ്പിക്കാതെ ക്രിസ്തു ശിഷ്യരുടെ പ്രേഷിത പ്രവർത്തനം കൂടി വർണ്ണിച്ച് തന്റെ കാവ്യനയുടെ ലക്ഷ്യം തെളിയിച്ചു കാണിക്കുന്നു. പാതിരിയുടെ രചനാതന്ത്രത്തിന്റെ സവിശേഷത ശ്രദ്ധേയമാണ്. പുതിയ നിയമത്തിന്റെ കൃത്യമായ കാവ്യാവിഷ്കാരമല്ല പുത്തൻ പാന. ഡോ. ഡി.ബഞ്ചമിൻ ‘പുത്തൻപാന’ എന്ന പഠനത്തിൽ പറയുന്നതുപോലെ കത്തോലിക്കാ പാരമ്പര്യവുമായി ബന്ധപ്പെട്ട ക്രൈസ്തവ മിത്തുകളും കവി പ്രയോജനപ്പെടുത്തുന്നു. കന്യാമറിയത്തിന്റെ ജനനവും പ്രതിഷ്ഠയും സംബന്ധിച്ച വിവരണം, ഔസേപ്പന്റെ വിവാഹനിശ്ചയവുമായി ബന്ധപ്പെട്ട കഥ, യേശുക്രിസ്തുവിന്റെ ജനനത്തിനു ശേഷവും മാതാവ് കന്യകയായി തുടരുന്നു എന്ന് വ്യക്തമാക്കുന്ന ഉപാഖ്യാനം ഇതൊക്കെ ഇവിടെ ഉദാഹരിക്കാവുന്നതാണ്.
ഭാഷാപ്രയോഗം
ജ്ഞാനപ്പാനയുടെ മാതൃകയിൽ ആവിഷ്കരിച്ച പുത്തൻപാന എന്ന ഭക്തികാവ്യം പൂന്താനത്തെ പോലെ തന്നെ പാനവൃത്തം എന്നറിയപ്പെടുന്ന സർപ്പിണി വൃത്തത്തിലാണ് പാതിരി രചിച്ചിട്ടുള്ളത്. പാനപ്പാട്ട് എന്ന പേരിൽ ചില ഗാനങ്ങൾ വളരെക്കാലം മുൻപേ തന്നെ മലയാളത്തിൽ പ്രചരിച്ചിരുന്നു. ഭദ്രകാളി ക്ഷേത്രത്തിലെ ആരാധനയോടൊപ്പം നടന്നിരുന്ന ഒരു ചടങ്ങായിരുന്നു പാന കളി. അതിനു പാടാൻ ഏറ്റവും അനുയോജ്യവും ഗാനാത്മകവുമായ വൃത്തമാണ് പാന. സർപ്പിണി വൃത്തം ഭക്തി ഭാവത്തിന് ഏറ്റവും ഫലപ്രദമെന്ന് തോന്നിയതുകൊണ്ടാണ് പൂന്താനവും പിന്നീട് അർണോസ് പാതിരയും ആ വൃത്തം തിരഞ്ഞെടുത്തത്. അന്നത്തെ കാലത്ത് സാധാരണ ജനങ്ങൾ ഉപയോഗിച്ചിരുന്ന സംസാരഭാഷയോട് ഏറെ അടുത്ത് നിൽക്കുന്ന മലയാള ഭാഷയാണ് പുത്തൻ പാനയിലെ കാവ്യഭാഷ. അന്നത്തെ കാര്യങ്ങളിൽ ഉപയോഗിച്ചിരുന്ന സംസ്കൃത പദങ്ങളും സംസ്കൃത പ്രയോഗങ്ങളും പുത്തൻപാനയിൽ ദർശിക്കാം. അന്നത്തെ സാമാന്യ വ്യവഹാര ഭാഷയിലാണ് കാവ്യം രചിച്ചിട്ടുള്ളതെങ്കിലും സാന്ദർഭികമായാണ് സംസ്കൃത പദങ്ങൾ പ്രയോഗിക്കുന്നതെന്ന് മാത്രം. എന്നാൽ ഇവയെല്ലാം എഴുത്തച്ഛൻ ലൂടെയും മണിപ്രവാള പ്രതിയിലൂടെയും ഏറെ പ്രചാരം സിദ്ദിച്ചസംസ്കൃത പദങ്ങൾ തന്നെയാണ്.
അർണോസ് പാതിരിയെ സംബന്ധിച്ചിടത്തോളം അലങ്കാരങ്ങളല്ല, വാക്കുകളുടെ ഭാവ സംവേദന ക്ഷമതയാണ് പ്രധാനം. ഇക്കാര്യത്തിൽ കൃഷ്ണഗാഥക്കാരനായ ചെറുശ്ശേരിയോടാണ് അദ്ദേഹത്തിനടുപ്പം. പുത്തൻപാലം മുഴുവൻ പരിശോധിച്ചാൽ നന്നേ കുറച്ച് ബിംബകൽപ്പനകളെ കാണാൻ കഴിയു. ഈ ബിംബ കല്പനകൾ തികച്ചും ഭാവസം വേദനക്ഷമങ്ങളും മൗലികങ്ങളുമാണ്. (ഡോ.കുര്യാസ് കുമ്പളക്കുഴി, അർണോസ് പാതിരിയുടെ കാവ്യങ്ങൾ പുറം 16). അലങ്കാരപ്രയോഗങ്ങളുടെ ശക്തി സൗന്ദര്യങ്ങൾ വിളിച്ചറിയിക്കുന്ന ഈരടി നോക്കുക.
ശക്തിയേറിയ തീയിലനന്തരം
ഘൃതം വീഴ്ത്തിയാൽ കത്തുമതുപോലെ
( മേൽഗ്രന്ഥം, രണ്ടാം പാദം ശ്ലോകം 23,24)
കാവ്യ ശില്പത്തിന്റെ പ്രൗഢിയും ലാളിത്യവും വിളിച്ചറിയിക്കുന്ന ഏതാനും ഈരടികൾ കാണുക.
എല്ലാം ബുദ്ധിയാൽ കണ്ടറിയുന്നവൻ
എല്ലാം സാധിപ്പാൻ തൻ വശമുള്ളവൻ
(മേൽ ഗ്രന്ഥം, ഒന്നാം പാദം ശ്ലോകം 21)
സ്നേഹം നിങ്ങളെയുണ്ടെന്നതുകൊണ്ട്
മഹാസാര രഹസ്യം പറഞ്ഞു ഞാൻ
ചൊന്നസാരം ഗ്രഹിച്ചിതുതിന്നകിൽ
വന്നിടും സർവഭാഗ്യമറിഞ്ഞാലും
(മേൽ ഗ്രന്ഥം, രണ്ടാം പാദം ശ്ലോകം 23, 24)
പരിശുദ്ധ കന്യാമറിയത്തിന്റെ അവതാരം വർണ്ണിക്കുന്ന മൂന്നാം പദത്തിലെ മഹത്തരമായ ബിംബകല്പനകൾ എടുത്തു പറയേണ്ടതാണ്.
പുഷ്പം മുമ്പിൽ പിന്നെയുണ്ടാകും ഫലം
വൃഷ്ടിക്കു മുമ്പിൽ മേഘമുണ്ടായ് വരും
സൂര്യാഗ്രേസര പ്രത്യൂഷ നക്ഷത്രം.
വരുന്നേര മഹസ്സടുക്കും ദ്രുതം
കാലത്തിന്നുടെ മധ്യമടുത്തപ്പോൾ
ഭൂലോകത്തിന്നു രക്ഷയുദിപ്പാനായ്
വെളിച്ചമേറും നക്ഷത്രമെന്നപോൽ
തെളിവോടിങ്ങുദിച്ച കന്യാമണി
(മേൽ ഗ്രന്ഥം ശ്ലോകം- 1-4)
വിശുദ്ധ മറിയത്തിന്റെ പിറവി എത്ര മനോഹരവും ഹൃദ്യവുമായി ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. കന്യാമാതാവ് ഗർഭം ധരിച്ച് കന്യാത്വത്തിന് ഭംഗം വരാതെ കുഞ്ഞിന് ജന്മം നൽകിയ അത്ഭുത പ്രവർത്തിയെ ( ഇവിടെ യുക്തിക്ക് പ്രസക്തിയില്ല) ആവിഷ്കരിക്കുന്നതിന് കവി ഉപയോഗിച്ച ബിംബ കല്പന ഇതാണ്.
കുപ്പിക്കു ഛേദം വരാതെയാദിത്യൻ
കുപ്പി തന്നിൽക്കടക്കുമതുപോലെ
ഉദരത്തിനു ഛേദം വരുത്താതെ
മേദിനിയിലിറങ്ങി സർവപ്രഭു
(മേൽ ഗ്രന്ഥം അഞ്ചാം പാദം, ശ്ലോകം 19, 20)
സാംസ്ക്കാരിക പ്രഭാവം
. ഏതൊരു മഹത്തായ കൃതിയെയും പോലെ ഈ കൂദാശപ്പാനയും ഒരു കാലഘട്ടത്തിന്റെ, ഒരു ജനതയുടെ സാംസ്കാരികോല്പന്നമാണ്. അത് പിന്നാലെ വരുന്ന കാലഘട്ടങ്ങളിൽ അതേ ജനതയുടെ പിൻതലമുറകളിലേക്ക് സഞ്ചരിക്കുന്ന ഒരു സാംസ്കാരിക പ്രഭാവവുമാണ്. അതുകൊണ്ടാണ് കേരളത്തിലെ ക്രൈസ്തവ സമൂഹം അവർ അറിയാതെ തന്നെ ആ രചനയിൽ നിന്ന് സാംസ്കാരികോർജ്ജം സംഭരിച്ചുവെന്ന ചരിത്ര വസ്തുത നാം തിരിച്ചറിയുന്നത്. വിശ്വാസം,ആചാരങ്ങൾ,അനുഷ്ഠാനങ്ങൾ, ജീവിത വീക്ഷണം,ഭാഷ, പഭാവലി, ആശയസങ്കേതങ്ങൾ ഇവയെല്ലാം സാംസ്കാരിക ചിഹ്നങ്ങളാണ്. ഈ ചിന്നവും ജനനത്തിന് ഏതെങ്കിലും ഒരു വസ്തുവോ വ്യക്തിയോ പ്രത്യയശാസ്ത്രമോ കാരണമായാൽ അതൊരു സാംസ്കാരിക പ്രഭാവമായിത്തീരുന്നു. ഇവിടെയാണ് കൂദാശപ്പാനയുടെ സംഭാവന മഹത്തരമായിത്തീരുന്നത്. അന്നത്തെ വ്യവഹാരഭാഷയായ മലയാളത്തിലെ ലളിത സുന്ദരങ്ങളായ പദപ്രയോഗങ്ങളും മൗലികവുമായ അലങ്കാര കൽപ്പനകളും ക്രൈസ്തവ ആത്മീയതയുടെ ദീപ്തിയും ഈ അമൂല്യ ഗ്രന്ഥത്തിന്റെ പ്രാധാന്യവും വിളിച്ചറിയിക്കുന്നു. ക്രൈസ്തവ ആത്മീയതയുടെ സമ്പൂർണ ആവിഷ്കാരമായ പുത്തൻ പാനയുടെ ചരിത്രപരതയെയും സാഹിത്യ മൂല്യത്തെയും മലയാളികൾ ഇനിയെങ്കിലും തിരിച്ചറിയേണ്ടതാണ്.
ദേശപ്പാനയിലൂടെ ബൈബിൾ കേരളീയർക്ക് ആദ്യമായി പരിചയപ്പെടുത്തിയ പാതിരി ബൈബിൾ നാമങ്ങളും രൂപങ്ങളും ഉപമകളും സാരോപദേശങ്ങളും നിറഞ്ഞ പുതിയൊരു സംസ്കാരവും ജീവിത ദർശനവും കൂടി അവരുടെ അനുഭവസീമയിലേക്ക് കൊണ്ടുവന്നു എന്ന ഡോ. കുര്യാസ് കുമ്പളക്കുഴിയുടെ അഭിപ്രായം ശ്രദ്ധേയമാണ്. ജാതി- ജന്മി -നാടുവാഴിത്ത വ്യവസ്ഥയിലും മനുസ്മൃതി നിയമസംഹിതകളിലും സനാതന ഹൈന്ദവ ധർമ്മശാസ്ത്രങ്ങളിലും അധിഷ്ഠിതമായിരുന്ന കേരളീയ സമൂഹത്തിന് അക്കാലം വരെ അപരിചിതമായിരുന്ന പുതിയൊരു ക്രൈസ്തവ ആത്മീയതയുടെ ഒരു അനുഭവ ഭൂഖണ്ഡം തന്നെ മലയാളത്തിലേക്ക് കൊണ്ടുവന്നു എന്നതാണ് ഈ ബൈബിൾ കാവ്യാഖ്യാനത്തിന്റെ പ്രസക്തി. പ്രേക്ഷിത പ്രവർത്തനത്തിന് കേരളത്തിൽ എത്തിയ ഒരു വിദേശീയനായ മിഷനറി മതപ്രചാരണത്തിന് വേണ്ടി മാത്രം രചിച്ചതല്ല ഈ വിശിഷ്ട ഗ്രന്ഥം. മലയാളത്തിലെ ഏതൊരു ക്ലാസിക്കൽ കൃതികളോടൊപ്പം തല ഉയർത്തി നിൽക്കാനുള്ള സാഹിത്യ മൂല്യവും പ്രൗഢിയും ഔന്നത്യവും പുത്തൻപാന എന്ന ഗ്രന്ഥത്തിനുണ്ടെന്ന് നാം ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ഉപസംഹാരം
സുവ്യക്തമായ ഉദ്ദേശ്യലക്ഷ്യങ്ങൾ മുൻനിർത്തി കവിതയെഴുതിയ ആളാണ് അർണോസ് പാതിരി. സന്മാർഗ്ഗ നിഷ്ഠമായ ഒരു ജീവിതമാണ് അദ്ദേഹത്തിന്റെ ഉന്നം. അതിനു വേണ്ടി കലയെ കരുവാക്കുകയായിരുന്നു. പിൻ വന്ന കാലത്തിന്റെ ധാർമ്മിക മനസ്സാക്ഷിയെ രൂപപ്പെടുത്തുകയും ഭരിക്കുകയും ചെയ്ത കവിയാണ് പാതിരി. രചനോദ്ദ്യേശ്യത്തിൽ നിന്നു തന്നെ പാതിരിയുടെ കാവ്യ ദർശനം ഏറെക്കുറെ വ്യക്തമാണ്. ലക്ഷ്യബോധമുള്ള എഴുത്തുകാരന് അനിഷേധ്യ സത്യങ്ങളിൽ ചുവടുറപ്പിച്ചേ നീങ്ങാൻ പറ്റു. അയാൾ ആദ്യമേ ചെയ്യുക തന്റെ ജീവിത സങ്കൽപ്പങ്ങൾ സംശയമാം വിധം നിർവ്വചിച്ചുറപ്പിക്കുകയാവും. മൗലികവും തികച്ചും വ്യക്തിപരവുമായ ഒരു ദർശനമായിരിക്കും അത്. അതാകട്ടെ കാവ്യ ശരീരത്തിലെങ്ങും മിഴിചിമ്മുകയും ചെയ്യും. ഈശ്വരനിലും മുക്തിയിലും കണ്ണുതറച്ച ജീവിതം. ഈ ഭൂമി ഒരു താൽക്കാലിക വസതി മാത്രം. അതു ഉയർത്തുന്ന വ്യാമോഹങ്ങളിൽ ഭ്രമിച്ചു വശായാൽ കൈമോശം വന്നു പോകുന്നത് പരാപരസത്തയിൽ ലീനമാക്കുന്നതിന്റെ ദിവ്യാനുഭൂതികളാണ്. സൗഭാഗ്യ പൂർണ്ണമായ ഒരു നിത്യതയും. ചേതനയെ ആവേശിച്ചു കീഴ്പ്പെടുത്തിയ ഈ ദർശനമാണ് പാതിരിയുടെ ജീവിതത്തെ ഭരിച്ചതും രചനയുടെ ഘടനയെയും സ്വഭാവത്തെയും നിയതമാക്കിയതും. ഓരോ കവിയും ജീവിതകാഴ്ചകൾ ആവിഷ്കരിക്കുന്ന സങ്കേതം ഭിന്നമായിരിക്കും. അർണോസിന്റെ മാർഗം ഇതാണ്. അനുഭവ തീവ്രതയുടെ പശ്ചാത്തലമൊരുക്കുക. അതിൽ പെട്ടുപോകുന്ന ആസ്വാദക മനസ്സിൽ അനുമാനം സ്വയം ഒരുത്തിയുകയായി കവി അവ അക്കമിട്ട് നിരത്തേണ്ട ആവശ്യമില്ലാത്ത വിധം. എങ്കിലും അദ്ദേഹം അവ എണ്ണി നിരത്തും.അല്ലാഞ്ഞാൽ, ഒരു അപൂർണ്ണതാ ബോധം അനുഭവപ്പെടുമായിരിക്കണം. നൂറ്റാണ്ടുകൾക്ക് മുമ്പ് അത് അങ്ങനെയായിരുന്നു താനും. ഒളിപ്പിക്കലാണ് കല എന്ന സങ്കല്പത്തോട് അർണോസ് പാതിരിക്ക് അത്ര മമത ഉണ്ടായിരുന്നില്ല. ഒരു ക്രൈസ്തവദാർശനിക കവി എന്ന നിലയിൽ അർണോസ് പാതിരി നമ്മുടെ കാവ്യലോകത്ത് ഒറ്റപ്പെട്ടു നിൽക്കുന്നു. അദ്ദേഹം കവിതയെ ദർശനത്തോടും മിസ്റ്റിക് അനുഭൂതിയോടും അടുപ്പിച്ചു നിർത്തി. മനുഷ്യാത്മാവിന്റെ നിത്യതയും മഹത്വവും അംഗീകരിക്കുന്ന കവി ജീവിതം ബാധകമാക്കേണ്ടത് എങ്ങനെ എന്ന് പ്രായോഗിക ചിന്തയ്ക്കാണ് കാവ്യത്തിൽ പ്രാധാന്യം നൽകുന്നത്. ദഹനങ്ങളായ വിഷയങ്ങൾ സാധാരണ ജനത്തിനു കൂടി പ്രാപ്യമായ രൂപഭാവങ്ങളിൽ അദ്ദേഹം സ്വകൃതികളിൽ സന്നിവേശിപ്പിച്ചു. ആ കൃതികളിൽ പ്രപഞ്ചം ചെയ്യുന്ന സത്യങ്ങൾ സ്വരൂപിച്ചാൽ ക്രൈസ്തവ സംസ്കാരത്തിന്റെ മൗലിക സത്ത കണ്ടെത്താം. ആസത്തയെ അനശ്വരമാം വണ്ണം കാവ്യസാൽക്കരിച്ചു എന്നതാണ് അർണോസ് പാതിരിയുടെ വിജയം.
സഹായകഗ്രന്ഥങ്ങൾ
ജോസ്.എൻ.കെ, അർണോസ് പാതിരി,കോട്ടയം, പ്രകാശം പബ്ലിക്കേഷൻസ്,1982
സുരേന്ദ്രൻ.വി.യു, അർണോസ് പാതിരി,കോഴിക്കോട്,പുസ്തകപ്രസാധക സംഘം, 2023 നവംബർ
അർണോസ് പാതിരി,പഞ്ചപർവ്വം, തേവര, ചെറുപുഷ്പം മുദ്രണാലയം, 1939
കുര്യാസ് കുമ്പളക്കുഴി,ഡോ.അർണോസ് പാതിരിയുടെ കാവ്യങ്ങൾ, കോഴിക്കോട് ,പുസ്തകപ്രസാധക സംഘം 2021
ജോസഫ്.ഇ.എം, ജനോവ,വടക്കാഞ്ചേരി,ക്ഷേമോദയം പ്രസ്സ്,1929
തോമസ്.ഡോ.പി.ജെ.,മലയാള സാഹിത്യവും ക്രിസ്ത്യാനികളും,കോട്ടയം,നാഷണൽ ബുക്ക്സ്റ്റാൾ, 1961
ഡോ.ബീനാകൃഷ്ണൻ.എസ്.കെ
പ്രൊഫസർ,
ഗവ: കോളേജ്, നെടുമങ്ങാട്.
Ph. No: 9447555386
email: beena.s.krishnan@gmail.com





Comments