കവിതയെ ജീവിതത്തിൻ്റെ ഔഷധമാക്കിയ കവി
- GCW MALAYALAM
- Oct 17
- 3 min read
ഡോ.സൂസന്ന പി.ദാസ്

കവിത തന്റെ ജീവിതത്തിനുള്ള ഔഷധമാണെന്ന് കരുതുന്ന കവി ഏകാന്തതയുടെ കവിതക്കടവിൽ സങ്കടത്തെ എറ്റിയലക്കുമ്പോൾ കവിതയാണ് തനിക്ക് ആശ്വാസക്കൈ നീട്ടുന്നതെന്ന് തിരിച്ചറിയുന്നു. ‘Expression of Personality’ എന്നത് കവിതയുടെ ജീവനാണെന്ന് മാത്യു അർനോൾഡ് പറഞ്ഞുവെച്ചത് ധർമ്മരാജൻ കവിതയ്ക്ക് ഏറെ ഇണങ്ങുന്നു. ജീവിതസമസ്യകളിൽ നിന്നുള്ള ചില നേരത്തെ അതിജീവനമാണ് എഴുത്ത്. ചായം ധർമരാജന്റെ കവിതകളും അതിജീവനത്തിനായുള്ള എഴുത്തായി പരിണമിക്കുന്നു. ആത്മാവിൽ നിന്ന് സംസാരിക്കുന്നവയാണ് ഈ കവിതകൾ. ഹൃദയസംവേദനത്തിന്റെ ഭാഷ്യങ്ങൾ ചമയ്ക്കുകയാണ് കവികർമ്മം. ആ കർമ്മം മനോഹരമായി നിർവഹിച്ച കവിതകളാണ് ചായം ധർമ്മരാജൻ്റേത്. ജീവിതവും പ്രണയവും വിപ്ലവവും മരണവും കവിതയും അധ്യാപന വഴികളും ഒക്കെ ഈ കവിതകൾക്ക് വിഷയമാണ്. രൂപത്തിലും ഭാവത്തിലും താളത്തിലും തനി നാടൻ ശീലുകളിലാണ് അദ്ദേഹം രചന നടത്തിയിരിക്കുന്നത്.
അതീവരാവിലെ (2001), സമാസമം (2011) എന്നിങ്ങനെ രണ്ടു കവിതാസമാഹാരങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളിൽ ഉൾപ്പെടുന്ന ചില കവിതകളുമാണ് ചായം ധർമ്മരാജൻ്റേതായിട്ടുള്ളത്. ഈ കവിതകൾ കവിയുടെ ആത്മാശ്വാസത്തിനുള്ള രസായനങ്ങളാണ്. ജീവിതത്തിൻ്റെ ഈറ്റുനോവും ചുറ്റുപാടുകളുടെ സമ്മർദ്ദവും വർത്തമാനകാലസാമൂഹ്യ രാഷ്ട്രീയാവസ്ഥകളോടുള്ള പച്ചയായ ഒരു മനുഷ്യൻ്റെ ആത്മരോദനവും ഈ കവിതകളിൽ നമുക്ക് കാണാം. ജീവിതം കൊണ്ട് കവി പരിചയിച്ചതും പഠിച്ചതും അനുഭവിച്ചതുമായ വ്യവസ്ഥാരാഹിത്യ ഘടനയെ കവിതയ്ക്കകത്ത് മുഖം മൂടികളില്ലാതെ പ്രകടിപ്പിക്കാൻ കവിയ്ക്കൊരു മടിയുമില്ല . എ . അയ്യപ്പൻ പുരസ്കാരം, യുവധാര സാഹിത്യ അവാർഡ് , നവയുഗം കവിതാ വേദി - ദോഹ കവിതാ അവാർഡ് എന്നിങ്ങനെ പല അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് .
കവിത ജീവിതൗഷധമാകുമ്പോൾ
അക്ഷരങ്ങളുടെ ആത്മഹത്യാസത്രത്തിൽ വെളുക്കും വരെ കവിത ചൊല്ലാനാണ് തൻ്റെ വിധി എന്ന് തിരിച്ചറിയുകയും ,കവിതയില്ലാതെ തനിക്ക് ജീവിതമില്ലായെന്ന് വിളിച്ചു പറയുകയും ചെയ്ത കവിയാണ് ചായം ധർമ്മരാജൻ . ഏകാന്തതയും വിഷാദവും നിറഞ്ഞ ജീവിതസമസ്യകളിൽ ആശ്വാസമായത് കവിതയ്ക്കുള്ളിലെ കവിയച്ഛനാണെന്ന് അദ്ദേഹം സ്വയം തിരിച്ചറിഞ്ഞിരുന്നു. കുട്ടിക്കാലം മുതൽ കവിയനുഭവിച്ച ദാരിദ്ര്യത്തിൻ്റെയും ഏകാന്തതയുടെയും മരുപ്രദേശങ്ങളിൽ താങ്ങും തണലുമായത് ഈ കവിത തന്നെയാണെന്ന് സ്വയം തിരിച്ചറിയുന്നു. ഏതു സങ്കടക്കടവിലും ഔഷധമായി പിറവിയെടുക്കുന്നത് കവിതയാണ്. അവിടെ നീറിപ്പടരാനാണ് കവിക്ക് ഇഷ്ടം. മരുന്നും വൈദ്യനും ഇല്ലാത്ത വിശുദ്ധരോഗം പോലെയാണ് കവിത. അത് പനി പോലെ വന്നു പോകുന്നവളാണ്. കാൻസർ പോലെ വ്യാപിക്കാൻ കവി പ്രാർത്ഥിച്ചെങ്കിലും പനി പോലെ വന്ന് ചുംബിച്ച് കടന്നു പോകുന്നു . ആ ചുംബനത്തെ അനായാസമായി , മധുരതരമായ കാവ്യവിഭവമാക്കി മാറ്റാൻ ധർമ്മരാജൻ എന്ന കവിക്ക് സാധിച്ചു.
മരുന്നും വൈദ്യനും
ഇല്ലാത്ത
വിശുദ്ധരോഗം നീ
ക്യാൻസർ പോലെ
വ്യാപിക്കാൻ പ്രാർത്ഥിക്കവേ
പനി പോലെ വന്നു പോകുന്നവൾ
ഹൃദയം പകർന്നു നീ ചുംബിക്കുമ്പോൾ
സ്വപ്നതകർച്ചയിൽ സൂര്യോദയം (പൂന്തുറ )
ചുവന്ന് പടർന്നാളിക്കത്തിപ്പോകുന്ന നാദത്തിനുടമയാണ് കവി. ഭൂമിയെപ്പറ്റി നീയും, വാക്കിനെപ്പറ്റി ഞാനും തർക്കിച്ച കാലത്തെ ആർക്കും പിടികിട്ടാത്ത തർക്കകുന്നിലെ ഒറ്റപ്പനയാണെന്നും കലഹിക്കുവാൻ ആരും തൊട്ടടുത്തില്ലാതെന്തു കലയും കവിതയും എന്നും കവി ചോദിക്കുന്നു. തർക്കിക്കാൻ ആരുമില്ലാത്ത ഒറ്റപ്പന എന്ന പ്രതീകം കവിയുടെ വ്യക്തിത്വ പരിസരത്തെ തന്നെയാണ് അടയാളപ്പെടുത്തുന്നത്. ആൾക്കൂട്ട തിരക്കുകൾക്കിടയിലും കാവ്യ ജീവിതത്തിലും താൻ ഒറ്റപ്പന ആണെന്ന സ്വാതന്ത്ര്യബോധത്തെ അടയാളപ്പെടുത്താനാണ് കവി തുനിയുന്നത് .
‘ കർട്ടൻ’ എന്ന കവിതയിൽ അനുവാദമില്ലാതെ വായന നിർത്താനോ അവാർഡ് കുറ്റിയിൽ തളക്കാനോ പാടില്ല എന്ന് എഴുത്തുകാരൻ പറയുന്നു.
കവിയുടെ വക ഒരു ആഹ്വാനവും ഉണ്ട്.
പുറത്തു നിൽക്കുന്നവർ
കവിതയ്ക്കുള്ളിലേക്ക് കടന്നിരിക്കുക (കർട്ടൻ )
‘അറ്റ വിരലുകൾ’ എന്ന കവിതയിൽ ജീവിതഘടനയെ മരണം കൊണ്ട് ഭേദഗതി ചെയ്യുമ്പോൾ തൻ്റെ സ്വപ്നത്തെ ദുഃഖത്തിന്റെ ഏറ്റവും വലിയ യൂണിറ്റായി കാണുന്നു. മുൻപിലുള്ള ദിനരാത്രങ്ങൾക്ക് തൂക്കു മന്ത്രിസഭ പോലെ എന്ന വിശേഷണമാണ് കവി കൊടുക്കുന്നത്. ഈ അവസ്ഥയിൽ തൻ്റെ ഹൃദയം കവിത കൊണ്ട് ബലാത്സംഗം ചെയ്യുന്നതായി കവിക്ക് അനുഭവപ്പെടുന്നു. ജീവിതവ്യഥകളുടെ കയ്പുനീരിനെ കവിതയിൽ ചാലിച്ച് ഔഷധക്കൂട്ടാക്കി രുചിക്കുന്ന കവി അക്ഷരങ്ങളുടെ ആത്മഹത്യാസത്രത്തിൽ വെളുക്കും വരെ കവിത ചൊല്ലാനാണ് തന്റെ വിധിയെന്ന് സ്വയം പഴിക്കുന്നു. എന്നാൽ ആ പഴി വായനക്കാർക്കുള്ള സിദ്ധൗഷധമായി മാറുന്നു. പറക്കാൻ മോഹിക്കുന്ന പക്ഷി പകരം തരാൻ ഒന്നുമില്ലെങ്കിലും തുടിക്കുന്ന തൂവലും ആകാശവും സ്വപ്നം കാണുന്നു. അങ്ങനെ അനാദിയായ വിഹായസിന്റെ പുത്രനായി അവൻ പറക്കുമ്പോൾ തന്നെക്കുറിച്ച് കവി പറയുന്നത് ഇങ്ങനെയാണ്.
ഞാൻ കവി തളച്ചിട്ട
ചിട്ടയിൽ പെട്ടോൻ, പൊട്ടൻ .
വൽമീകത്തിൽ നിന്നും പുറത്തുവന്ന കാവ്യപാരമ്പര്യത്തിന് തളച്ചിട്ട ചിട്ടയിൽ പെട്ടവൻ എന്ന് ചിന്തിക്കാനേ കഴിയൂ. അതാണ് ധർമ്മരാജൻ കവിതകളുടെ പൊതുസ്വഭാവം . പുറത്തു കടക്കാൻ ആഗ്രഹിക്കുമ്പോഴും ചില ചിട്ടകളാൽ താൻ തളക്കപ്പെടുന്നു എന്ന് കവി സ്വയം തിരിച്ചറിയുന്നു . അവിടെ നിന്നും കവിതയെ കവിത്വസിദ്ധിയാൽ മെരുക്കാൻ കഴിഞ്ഞു എന്നയിടത്താണ് കവിയുടെ വിജയം.
അവൻ നന്നായി മെരുങ്ങിയിട്ടുണ്ട്
കവിത പോലെ തന്നെ (അവൻ കവിതയാകുമ്പോൾ )
നഷ്ടബോധവും ഗൃഹാതുരത്വവും ധർമ്മരാജൻ കവിതകളിൽ കാല്പനിക വസന്തം ഒരുക്കുന്നു. അതും കവിയുടെ ജീവിതത്തിന് ഔഷധം തന്നെയാണ്. ഗൃഹാതുരത്വത്തിന്റെ നൂലിൽ കോർത്ത നാട്ടുവിഭവങ്ങളാൽ സമൃദ്ധമാണ് ഈ കവിതകൾ. നഷ്ടപ്പെടുന്ന ഭൂതകാല സ്മരണകളെ മൂർത്തബിംബങ്ങളിൽ ആവിഷ്കരിക്കാൻ ആ കവിതകളിലൂടെ സാധിക്കുന്നു. നഷ്ടസൗഭാഗ്യങ്ങളെ ഓർത്ത് വിലപിക്കുന്നതും വർത്തമാനകാല വിപണനതന്ത്രങ്ങളിൽ ആകുലപ്പെടുന്നതും ഇത്തരം കവിതകളിൽ ദർശിക്കാം. മുതലാളിത്തവർഗ്ഗത്തിൻ്റെ കാപട്യങ്ങൾക്കു നേർക്കുള്ള ചില പ്രതിഷേധങ്ങളും ഇത്തരം കവിതകളിലുണ്ട്. കവിയുടെ പാവനമായിരുന്ന അനുഭൂതികൾക്ക് എവിടെയോ തകരാറു സംഭവിച്ചു എന്ന നേർത്ത കരച്ചിലായി മാറുന്നു ചില എഴുത്തുകൾ.
നഷ്ടപ്പെടുന്നതിൽ തൊട്ടുമുന്നേ
കെട്ടിപ്പിടിച്ച് മുകർന്നു നിന്നെ
പ്രാണന്റെ പച്ചപുഴ താളമായി
കല്ലാർ ഒഴുകുന്നെൻ കണ്ണിലൂടെ,
കല്ലാർ ഒഴുകുന്നെൻ നെഞ്ചിലൂടെ.( കല്ലാർ)
നേരനുഭവങ്ങളെ നേരിട്ട കവി ജീവിതത്തിന്റെ കല്ലാറിൽ നിന്നും മുങ്ങാങ്കുഴിയിട്ട് എടുത്ത മിനുസമുള്ള കല്ലുകളെ വൈരമുത്തുകൾ ആക്കി മാറ്റുകയാണ് കവിതയിലൂടെ.
കാതലുളുത്തൊരു ബോധിപ്പെരുമരം
ചിറ്റാറിലുമെൻ്റെ കൈത്തോട്ടിലും വഞ്ചി
യെത്തിച്ചു പുത്തൻ കരാറുകൾ എന്ന് ‘ക്രോധ ബുദ്ധൻ’ എന്ന കവിതയിൽ വിലപിക്കുന്നു.
‘ആല’ എന്ന കവിതയിൽ കൊച്ചു ഗോവിന്ദനാശാരിയുടെ ആലയിരുന്ന ഇടം ഇപ്പോൾ ഡി.ടി.പി സെന്ററും മൊബൈൽപ്ലാസയും അതിനുമുകളിൽ രക്തം പരിശോധിക്കുന്ന ക്ലിനിക്കൽ ലബോറട്ടറിയും ആയി മാറിയിരിക്കുന്നു എന്ന യാഥാർത്ഥ്യത്തെ ഉൾക്കൊള്ളുമ്പോഴും ഭൂതകാല സ്മരണകളുടെ ഗൃഹാതുരത്വ വഴികളിൽ കവി തട്ടിത്തടഞ്ഞു നിൽക്കുന്നു. ആലയിൽ ചൂടിലും പണി ത്തിരക്കിനിടയിലുംഗോവിന്ദനാശാരി പാടിയിരുന്ന ശീർകാശി ഗാനങ്ങൾ കട്ടപ്പൊമ്മന്റെ തമിഴ്പേച്ചുകൾ , ജ്ഞാനപ്പഴം പിഴിഞ്ഞുണർത്തുന്ന ഔവ്വയാർ സന്ധ്യകളും മറക്കാൻ കഴിയുന്നില്ല. ജീവിത വഴികളിലെ ഇത്തരം ഓർമ്മകൾ ശൂന്യതയിലേക്ക് മറയുന്നതിന് മുമ്പ് കവി ചോദിക്കുന്നു
ഓർമ്മകൾ റീചാർജ് ചെയ്യാൻ
ഇവിടെ കിട്ടുമോ
കാലഹരണപ്പെടാത്ത
ഒരു പഴയ കൂപ്പൺ (ആല)
പഴയ ഓർമ്മകൾ കവിഹൃദയത്തിൽ അടിഞ്ഞു കയറുന്നതിന്റെ ഗൃഹാതുരത്വ സ്മരണകൾ കവിതയിലുടനീളമുണ്ട് . അതെല്ലാം പകരമില്ലാത്ത തനതുജന്മങ്ങളാണ്. കണക്കുപുസ്തകവും കരിമഷിക്കണ്ണും പള്ളിക്കൂടപടികളും പെരുമഴക്കാലവും കടന്ന് അവ ഉണങ്ങി വീഴുന്ന പാഴ്പ്രണയചെമ്പകം പോലെയെന്ന്, കവി മനസ്സിനെ പറഞ്ഞു പഠിപ്പിക്കുന്നു
ഭാഷയ്ക്കുള്ളിൽ സ്വന്തം ഭാഷ സൃഷ്ടിക്കാൻ ധർമ്മരാജൻ കവിതകൾക്കായിട്ടുണ്ട്. നാടൻ ശീലുകളുടെ ശില്പഘടനയാണ് ഈ കവിതകളിലുള്ളത്. നെടുമങ്ങാടിന്റെ തനതു ശൈലിയിലാണ് അദ്ദേഹം രചന നടത്തിയിരിക്കുന്നത്. എന്താണോ തന്റെ പറച്ചിൽ അതുതന്നെയാണ് കവിതയും. കാവ്യസിദ്ധിയെ , ഏകാഗ്രതയോടെ നാട്ടുഭാഷയിൽ പ്രതീകങ്ങളുടെ അപൂർവ്വ ചാരുതയോടെ അവതരിപ്പിക്കാൻ കവിക്ക് പ്രത്യേകവൈഭവം തന്നെയുണ്ട്. നാടൻ പദങ്ങൾ ശൈലികൾ പഴഞ്ചൊല്ലുകൾ നാടോടി താളങ്ങൾ എല്ലാം സൂക്ഷ്മതയോടെ സൗന്ദര്യാത്മകമായി കവിതയിൽ ചേർത്തുവച്ചിട്ടുണ്ട്.
കയ്പേറിയ ജീവിത സന്ദർഭങ്ങളെ കാഞ്ഞിരത്തെ തേനിൽ ചാലിച്ച് മധുരതരമാക്കുന്നതു പോലെ അദ്ദേഹം കാവ്യമാക്കി മാറ്റി. അതിസങ്കീർണ്ണയും ചട്ടക്കൂടുകൾക്കുള്ളിലൊതുങ്ങാത്തതുമായ സംഘർഷങ്ങൾ സൂക്ഷ്മമായി ഈ കവിതകളിൽ കാണാം. യഥാർത്ഥമായ കവിത്വം എത്രയും വിലയേറിയ ഒരനുഗ്രഹമാണ് എന്ന് കുറ്റിപ്പുഴ കൃഷ്ണപിള്ള കവിതയും തത്ത്വചിന്തയും എന്ന ലേഖനത്തിൽ പറയുന്നു. ആ അനുഗ്രഹം ധർമ്മരാജൻ എന്ന കവിക്കും കിട്ടിയിട്ടുണ്ട്.
നീറി നീറിക്കിടക്കുന്ന
കനലാവാൻ വയ്യ
ആളിക്കത്താം. (അഭിമുഖം)
ഡോ.സൂസന്ന പി.ദാസ്
അസിസ്റ്റൻറ് പ്രൊഫസർ
യൂണിവേഴ്സിറ്റി കോളേജ്
തിരുവനന്തപുരം
സർക്കാർ വനിതകോളെജ് തിരുവനന്തപുരം മലയാള വിഭാഗം 15 - 10 - 2025 ൽ നടത്തിയ ചായം ധർമ്മരാജൻ അനുസ്മരണത്തിൽ നിന്ന് ......













Comments