top of page

തെക്കൻതിരുവിതാംകൂറിലെ ഉത്സവങ്ങൾ

Updated: Apr 15

ഡോ.ഷിബു കുമാർ പി എൽ


പ്രകൃത്യാരാധകരും ദ്രാവിഡാരാധകരുമാണ് തെക്കൻതിരുവിതാംകൂറിലെ ജനത. ഉത്സവങ്ങൾ കാർഷികോത്സവങ്ങളും ദേവതാപരമായ ഉത്സവങ്ങളുമാണ്. ആചാരങ്ങളോടും അനുഷ്ഠാനങ്ങളോടും വിശ്വാസങ്ങളോടും ബന്ധപ്പെട്ട ധാരാളം ഉത്സവങ്ങൾ തെക്കൻതിരുവിതാംകൂറിലുണ്ട്. കുടുംബാരാധാനാലയങ്ങളായ ഇലങ്കങ്ങളിലും തെക്കതുകളിലും നടത്തുന്ന 'കൊടുതി'കൾ ഇന്നാട്ടിലെ സുപ്രധാന വാർഷികോത്സവങ്ങളാണ്. കൊടുതി എന്നതിന് കൊടുക്കുക എന്നർത്ഥം. ദൈവത്തിനു കൊടുക്കുന്നതാണ് കൊടുതി. 'കൊട്' എന്ന ധാതുവിൽനിന്നുണ്ടായ 'കൊടയ്ക്ക്' ഉത്സവം എന്നാണർത്ഥം. നാഗർകോവിലിനടുത്തുള്ള മണ്ടയ്ക്കാട് ദേവീക്ഷേത്രത്തിലെ 'കൊട' പ്രസിദ്ധമാണ്. ചിതൽപ്പുറ്റിനുള്ളിൽ സ്ഥിതിചെയ്യുന്ന ദേവിയാണ് ഇവിടത്തെ പ്രതിഷ്ഠ. സ്ത്രീകളുടെ പൊങ്കാലയാണ് മണ്ടയ്ക്കാട്ടെ പ്രധാനചടങ്ങ്. പൊങ്കാല കഴിഞ്ഞ് ഭക്തർ കടപ്പുറത്തുചെന്നു മീൻ വാങ്ങി ക്ഷേത്രപരിസരത്ത് അടുപ്പുകൂട്ടി പാകം ചെയ്തുകഴിക്കുന്നു. ആൾരൂപസമർപ്പണമാണ് പ്രധാനവഴിപാട്. 'വാത്തി'കൾ എന്ന ബ്രാഹ്‌മണേതരവിഭാഗക്കാരാണ് ഇവിടത്തെ പൂജാരികൾ. മാസിമാസം (കുംഭമാസം) അവസാനത്തെ ചൊവ്വാഴ്ചയാണ് കൊടയ്ക്കു കൊടി ഉയരുന്നത്. പിറ്റേ ചൊവ്വാഴ്ച 'മറുകൊട'യ്ക്കു കൊടിയിറക്കും. പൂജാരീതിയിലും ആരാധനാരീതിയിലും വഴിപാടുരീതിയിലും ദ്രാവിഡപാരമ്പര്യമാണ് ഈ ക്ഷേത്രത്തിൽ പിൻതുടരുന്നത്.

മറ്റൊരു ദേവീക്ഷേത്രമാണ് വിളവൻകോടുതാലൂക്കിലെ കൊല്ലങ്കോടിനടുത്തുള്ള വട്ടവിള മുടിപ്പുരയെന്ന കൊല്ലങ്കോടു ക്ഷേത്രം. ദേവിയുടെ മുടിയാണ് ഇവിടെ ആരാധിക്കുന്നത്. മണ്ടയ്ക്കാട്ടെ ഉത്സവം കൊടിയിറങ്ങുന്നതിന്റെ പിറ്റേദിവസമാണ് ഇവിടെ കൊടികയറുന്നത്. ഭദ്ര, രുദ്ര എന്നിങ്ങനെ ദേവിക്കു രണ്ടു ഭാവങ്ങളാണ് ഈ മുടിപ്പുരയിലുള്ളത്. വാത്തികൾ തന്നെയാണ് ഇവിടത്തെയും പൂജാരികൾ. ഉത്സവത്തോടനുബന്ധിച്ചു നടക്കുന്ന 'പിള്ളത്തൂക്ക'മാണ് ഇവിടെ ശ്രദ്ധേയം. കുഞ്ഞുങ്ങൾ ഉണ്ടാകാത്ത യുവദമ്പതികൾ ഇവിടെ നേർച്ച നേരും. കുഞ്ഞു ജനിച്ചാൽ ഇവിടെ വന്നു നേർച്ചത്തൂക്കം നടത്തും. തൂക്കംനടത്തുന്ന വില്ലിനെ 'തൂക്കവില്ലെ'ന്നു വിളിക്കും. നാലു ചക്രമുള്ള മരംകൊണ്ടുണ്ടാക്കിയ ഒരു വണ്ടിയിൽ അൻപതടിയിലധികം പൊക്കമുള്ള ഒരു മരക്കഷണം (വില്ല്) വച്ചുകെട്ടുന്നു. അതിന്റെ മുകളറ്റത്തുള്ള ഇരുമ്പുകൊളുത്തിൽ നേർച്ചക്കാരായ പുരുഷന്മാരെ തൂക്കിയിടുന്നു. ഇവരെ തൂക്കക്കാരെന്നു പറയും. ഇവരുടെ കൈയിൽ നേർച്ചക്കാരായ കുട്ടികളെ ഏല്പിക്കുന്നു. വണ്ടി ഒരുതവണ ക്ഷേത്രത്തെ ചുറ്റിവരുമ്പോൾ നേർച്ചയാകും. എല്ലാവർഷവും കുംഭമാസത്തിലാണ് ഈ ചടങ്ങു നടത്താറുള്ളത്.


സംഘടിതമതങ്ങളുടെ വരവിനുശേഷമാണു മതപരമായ ഉത്സവങ്ങൾക്കിവിടെ പ്രാധാന്യം കൈവന്നത്.


നവരാത്രിപൂജ


നവരാത്രിപൂജയോടനുബന്ധിച്ചു തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിൽ നടക്കുന്ന പ്രാദേശികോത്സവമാണ് നവരാത്രിപൂജ എഴുന്നള്ളെത്ത്. തിരുവിതാംകൂറിന്റെ ആദ്യതലസ്ഥാനമായ കൽക്കുളത്തിനടുത്തുള്ള സരസ്വതീക്ഷേത്രത്തിൽ എല്ലാവർഷവും നടത്തിയിരുന്ന പൂജവയ്പ് പിന്നീട് തലസ്ഥാനം തിരുവനന്തപുരത്തേക്കു മാറ്റിയപ്പോൾ, കാർത്തികതിരുനാൾ മഹാരാജാവ് നവരാത്രിമഹോത്സവം 1797 മുതൽ തിരുവനന്തപുരത്തുവച്ചു നടത്താൻ തീരുമാനിച്ചു. പിന്നീട് തിരുവനന്തപുരത്തും കൽക്കുളത്തുമായി പൂജവയ്പുകൾ മാറി മാറി നടന്നു. സ്വാതിതിരുനാളിന്റ കാലത്ത് ഉത്സവം പൂർണ്ണമായും തിരുവനന്തപുരത്തേക്കു മാറ്റി. ഈ ഉത്സവാഘോഷത്തിനുവേണ്ടി പൂജപ്പുരക്കൊട്ടാരം പണിതു. പത്മനാഭപുരംകൊട്ടാരത്തിലെ തേവാരക്കെട്ടിലെ സരസ്വതീദേവിയെയും വേളിമല കുമാരകോവിലിലെ സുബ്രഹ്‌മണ്യൻസ്വാമിയെയും ശുചീന്ദ്രംക്ഷേത്രത്തിലെ മുന്നൂറ്റിനങ്കയെയും നവരാത്രി ഉത്സവത്തോടനുബന്ധിച്ചു തിരുവനന്തപുരത്തേക്കു കൊണ്ടുവരും. പദയാത്രയായി വരുന്ന വഴിയിൽ ആദ്യദിവസം കുഴിത്തുറ ചാമുണ്ഡിയമ്മൻകോവിലിൽ വിശ്രമിക്കുന്നു. അടുത്ത ദിവസം വൈകുന്നേരം നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ തങ്ങുന്നു. മൂന്നാംദിവസം തിരുവനന്തപുരത്തെത്തും. പൂജവയ്പിന്റെ ഇടം എന്ന നിലയിലാണ് പൂജപ്പുര എന്ന പേരുണ്ടായത്. കന്യാകുമാരിജില്ലയിലെയും തിരുവനന്തപുരത്തെയും ഭക്തജനങ്ങൾ ഒന്നുപോലെ ഈ ഉത്സവത്തിൽ പങ്കെടുക്കും. പൂജവയ്പിനുശേഷം അതതു ക്ഷേത്രങ്ങളിൽ വിഗ്രഹങ്ങൾ തിരികെയെത്തിക്കും. രാജഭരണം മാറി ജനാധിപത്യം വന്നപ്പോഴും ഈ ഘോഷയാത്ര മാറ്റമില്ലാതെ തുടരുന്നുണ്ട്. ഭക്തരുടെ വിശ്വാസമാണ് അതിനു കാരണം.

ശുചീന്ദ്രംക്ഷേത്രത്തിലെ തേരോട്ടമാണ് മറ്റൊരു പ്രസിദ്ധമായ ഉത്സവം. ദേവന്മാർ തേരിനു മുകളിലിരുന്നു ഭക്തജനങ്ങൾക്കു ദർശനം നൽകുന്ന ചടങ്ങാണു ശുചീന്ദ്രംതേരോട്ടം. (ത്രിമൂർത്തിസങ്കല്പത്തിലാണ് പ്രതിഷ്ഠ) മരംകൊണ്ടുള്ള തേരാണ് ഇതിനുപയോഗിക്കുന്നത്. ഭക്തർ മാത്രമാണു തേരുവലിക്കുന്നത്.

നാഗർകോവിൽ നാഗരാജക്ഷേത്രത്തിലെ എഴുന്നള്ളത്ത്, കന്യാകുമാരി ദേവീക്ഷേത്രത്തിലെ ആറാട്ട്, കുഴിത്തുറ മേൽപ്പുറത്തിനു സമീപം മൃഗാരാധന നടത്തുന്ന അളപ്പൻകോട് അമ്മാവൻക്ഷേത്രത്തിലെ ആനയെഴുന്നള്ളത്ത്, അമ്മൻക്ഷേത്രങ്ങളിലെ ജന്തുബലി തുടങ്ങിയവ ഇന്നാട്ടിലെ പ്രധാനപ്പെട്ട ഉത്സവക്കാഴ്ചകളാണ്. ശിവരാത്രിദിവസത്തെ ശിവാലയ ഓട്ടം തെക്കൻതിരുവിതാംകൂറിന്റെ മറ്റൊരു സവിശേഷതയാണ്. വിളവൻകോട്, കല്ക്കുളംതാലൂക്കുകളിലുള്ള തിരുമല, തിക്കുറിശ്ശി, തൃപ്പരപ്പ്, തിരുനന്തിക്കര, പൊന്മന, പന്നിപ്പാകം, കൽക്കുളം, മേലാങ്കോട്, തിരുവിടയ്‌ക്കോട്, തിരുവിതാംകോട്, തൃപ്പന്നിയോട്, തിരുനട്ടാലം എന്നീ പന്ത്രണ്ടു ശിവക്ഷേത്രങ്ങളിൽ ഭക്തർ നഗ്‌നപാദരായി ശിവരാത്രിദിവസം ഓടിയെത്തുന്നു. പ്രാദേശികമായ ഈ ഉത്സവത്തിൽ പല ദേശങ്ങളിൽനിന്നു വ്രതംനോറ്റ ഭക്തർ എത്തിച്ചേരാറുണ്ട്.

ഓണം, വിഷു എന്നിവ ഇവിടത്തെ മലയാളികളും പൊങ്കൽ, തമിഴ് മാതൃഭാഷയായിട്ടുള്ളവരും ആഘോഷിക്കുന്നു. വിഷു (മേടം ഒന്നിന്) തമിഴ്‌നാട്ടിൽ തമിഴ് വർഷാരംഭമാണ്. ആ ദിവസം ആണ്ടുപിറവിയായി തമിഴരും കൊണ്ടാടുന്നു. ദീപാവലി, വിനായകചതുർത്ഥി, ശ്രീകൃഷ്ണജയന്തി വിഷു തുടങ്ങിയ ഹൈന്ദവാഘോഷങ്ങളും, ക്രിസ്മസ്, ഈസ്റ്റർ എന്നീ ക്രൈസ്തവാഘോഷങ്ങളും ചെറിയപെരുന്നാൾ, വലിയപെരുന്നാൾ, നബിദിനം തുടങ്ങിയ ഇസ്ലാംമതാഘോഷങ്ങളും ഇവിടെ ആഘോഷിച്ചുവരുന്നു.


തെക്കൻതിരുവിതാംകൂറിലെ ഭാഷയും സാഹിത്യവും


തെക്കൻഭാഷ


ഉഭയഭാഷാമേഖലയാണ് തെക്കൻതിരുവിതാംകൂർ. തമിഴുകലർന്ന മലയാളവും മലയാളം കലർന്ന തമിഴുമാണ് ഇവിടത്തെ വാമൊഴി. നീട്ടൽ കലർന്ന മലയാളവും വലിവുകലർന്ന തമിഴും ഈ മൊഴിയുടെ പ്രത്യേകതയാണ്. ഇവിടത്തെ തമിഴിനെ തമിഴർ മലയാളമെന്നും മലയാളത്തെ കേരളീയർ തമിഴു് എന്നും വിളിക്കുന്നു. ഇതിനു കാരണം തിരിച്ചറിയാൻകഴിയാത്ത രീതിയിലുള്ള ഭാഷാമിശ്രണമാണ്. അതുകാരണം പ്രാദേശികമായ വ്യത്യാസം എന്ന അവസ്ഥ വിട്ടു തെക്കൻതിരുവിതാംകൂർമൊഴി സ്വന്തമായി പദസമ്പത്തും വ്യാകരണഘടനയുമുള്ള ഭാഷയായി മാറുന്നു. തെക്കൻതിരുവിതാംകൂറിന്റെ ഭാഷാശൈലിയിൽ എഴുതപ്പെട്ട തെക്കൻപാട്ടുകൾ മലയാളത്തിന്റെയോ തമിഴിന്റെയോ മാത്രം വ്യാകരണസിദ്ധാന്തങ്ങൾകൊണ്ടു പഠിച്ചെടുക്കാൻ സാധിക്കാത്തതിനു കാരണവും ഇതാണ്. തെക്കൻതിരുവിതാംകൂറിലെ ഭാഷ മലയാളമോ തമിഴോ അല്ലാത്ത ഒരു ഭാഷയാണ്. അഥവാ രണ്ടുംകൂടിയുണ്ടായ മൂന്നാമതൊരു ഭാഷയാണ്.

നായർ, ഈഴവർ, പറയർ, പുലയർ, ചക്കാലനായർ തുടങ്ങിയ വിഭാഗക്കാരുടെ മൊഴി തമിഴിനോടു ചേർന്നുനിൽക്കുന്ന മലയാളവും വെള്ളാളർ, നാടാർവിഭാഗക്കാരുടേത് മലയാളം കലർന്ന തമിഴുമാണ്. ഈ കലർപ്പിനു കാരണം ഇന്നാട്ടിലെ ജനവിഭാഗങ്ങൾതന്നെയാണ്. തെക്കൻതിരുവിതാംകൂർ ഒരു കുടിയേറ്റഭൂമി എന്നതിനുള്ള തെളിവുകൂടിയാണ് ഇവിടത്തെ ഭാഷ. കുടിയേറ്റക്കാരുടെ ഭാഷകളുടെ മിശ്രണമാണ് തെക്കൻതിരുവിതാംകൂറിലെ ഭാഷ. നാടാർ (ചാന്നാർ) സമുദായമാണ് തെക്കൻതിരുവിതാംകൂറിൽ ഏറ്റവും കൂടുതലുള്ള തമിഴുജനത. മധുര, തിരുനെൽവേലി ഭാഗങ്ങളിൽനിന്നു കുടിയേറിയവരുടെ പിൻഗാമികളാണിവർ. ഇവരുടെ മാതൃഭാഷ തമിഴായിരുന്നു. പാണ്ഡ്യചോളഭരണകാലത്ത് ഇവിടത്തെ പൊതുഭാഷ തമിഴായിരുന്നുതാനും. തെക്കൻതിരുവിതാംകൂർ വേണാടു രാജവംശക്കാരുടെ കീഴിൽ വരുന്നതുവരെ തമിഴിനുതന്നെയായിരുന്നു പ്രാധാന്യം. കൂടാതെ ആരുവാമൊഴിയും കടന്നുവന്ന കച്ചവടക്കാരും മറ്റും തമിഴരായിരുന്നു. തമിഴിനോടും തമിഴ്‌സംസ്‌കാരത്തോടും ആദ്യംമുതലേ തെക്കൻതിരുവിതാംകൂറിനു ബന്ധമുണ്ടായിരുന്നു. മാർത്താണ്ഡവർമ്മയുടെ കാലംവരെ തെക്കൻതിരുവിതാംകൂർ തമിഴുഭൂപ്രദേശമായിരുന്നു. സ്വാഭാവികമായും ഇവിടത്തെ പൊതുഭാഷ തമിഴായി മാറി.

1680-ൽ ഉമയമ്മറാണി വേണാടിന്റെ ഭരണാധികാരിയായിരുന്ന കാലത്ത് പല വിദേശശക്തികളും ഇവിടം ആക്രമിച്ചിരുന്നുവെന്ന് നാട്ടുകാരുടെ പാരമ്പര്യചരിത്രത്തിൽനിന്നു മനസ്സിലാക്കാം. ആക്രമണവുമായി ബന്ധപ്പെട്ട ധാരാളം കഥകളും സ്മാരകങ്ങളും തിരുവട്ടാർപ്രദേശത്ത് ഇപ്പോഴും കാണാൻ കഴിയും. വേണാട് ആക്രമിച്ച മുഗളന്മാരെ തോല്പിക്കാൻ സ്വന്തമായി സൈനികസംവിധാനമില്ലാതിരുന്ന ഉമയമ്മറാണി വടക്കൻകേരളത്തിലെ കോട്ടയംരാജാവായ കേരളവർമ്മയുടെ സഹായം അഭ്യർത്ഥിച്ചു. അതുപ്രകാരം കേരളവർമ്മയും നായർപടയാളികളും തെക്കൻതിരുവിതാംകൂറിലെത്തിച്ചേർന്നു. പിന്നീട് പല കാലങ്ങളിലായി വേണാടിനെ സഹായിക്കാൻ കേരളത്തിൽനിന്നു നായർകുടിയേറ്റമുണ്ടായിട്ടുണ്ട്. നായരുടെ ഭാഷ മലയാളമാണ്. നായരുടെ മലയാളവും ഇവിടത്തെ നാടാരുടെ തമിഴും പിന്നീട് സാമൂഹികജീവിതാവസ്ഥയിൽ കൂടിക്കലരുകയും ചെയ്തു. അതിന്റെ ഫലമാണ് ഇവിടത്തെ ഇന്നത്തെ ഭാഷ. അധികാരവ്യവസ്ഥയുടെ ഭാഗമായതുകൊണ്ട് മലയാളം പിന്നീട് ഭരണഭാഷയുമായി. അധികാരവ്യവസ്ഥയ്ക്കു പുറത്തുനിന്ന നാടാരുടെ ഭാഷ ചില പ്രദേശങ്ങളിൽ തമിഴും നായർസ്വാധീനമേഖലയിൽ മലയാളവുമായി മാറി. അതാണ് നെയ്യാറ്റിൻകരപ്രദേശങ്ങളിൽ നാടാരുടെ ഭാഷ മലയാളമാകാൻ കാരണം. തെക്കൻതിരുവിതാംകൂറിൽ ഒരേസമയം രണ്ടുസംസ്‌കാരവും നിലവിലുണ്ട്. 'ക്ഷേത്രസംസ്‌കാരത്തിൽ തമിഴും കാർഷികസംസ്‌കാരത്തിൽ മലയാളവും ദായക്രമത്തിൽ ഭാരതീയതയും പിൻതുടരുന്ന ഒരിടമാണ് തെക്കൻതിരുവിതാംകൂർ'

ഭാഷയിൽ തമിഴിന്റെയും മലയാളത്തിന്റെയും മിശ്രണമാണ്. ഈ ഉഭയഭാഷയുടെ പ്രത്യേകത ഏറ്റവും സമർത്ഥമായി സാഹിത്യത്തിലവതരിപ്പിച്ചത് സി വി രാമൻപിള്ളയാണ്. അദ്ദേഹത്തിന്റെ മാർത്താണ്ഡവർമ്മ എന്ന നോവലിലെ ശങ്കുവാശാൻ, ധർമ്മരാജായിലെ ചന്ത്രക്കാരൻ രാമരാജാബഹദൂറിലെ പെരിഞ്ചക്കോടൻ, കൊടന്തയാശാൻ എന്നിവർ സംസാരിക്കുന്നത് ഈ ഭാഷയിലാണ്.സംസാരഭാഷയിൽ മാത്രമാണ് ഈ മിശ്രണവും സവിശേഷതയുമുള്ളത്. എഴുത്തുഭാഷ മാനകീകരിച്ച മലയാളവും തമിഴും തന്നെയാണ്.

തെക്കൻസാഹിത്യം

തെക്കൻതിരുവിതാംകൂറിന്റെ തനതുപാട്ടുസാഹിത്യമാണ് തെക്കൻപാട്ടുകൾ. മലയാളമല്ലെന്നു മലയാളികളും നല്ല തമിഴല്ലെന്നു തമിഴരും പറയാറുണ്ടെങ്കിലും 'വടക്കൻപാട്ടുകളെപ്പോലെ തന്നെ അക്ലിഷ്ടമനോഹരമായ ആകൃതിയും അനന്യസുലഭമായ ഒരാവർജ്ജകതയുമുള്ള പാട്ടുകൾ' എന്ന് ഉള്ളൂർ വിശേഷിപ്പിച്ച (വോള്യം I:1990:271), തെക്കൻപാട്ടുകൾ തമിഴ്-മലയാളം ചേരുവയിൽ രൂപപ്പെട്ട സാഹിത്യകൃതികളാണ്. ഭാഷാപരമായ സവിശേഷതകൾകൊണ്ട് മേല്പറഞ്ഞ ഏതെങ്കിലും ഒരു ഭാഷയിൽ തെക്കൻപാട്ടുകളെ ഒതുക്കിനിർത്താൻ കഴിയില്ല. മലയാളത്തിന്റെയും തമിഴിന്റെയും ഭാഷാസവിശേഷതകൾ ഇടകലർത്തിയിരിക്കുന്നതിനാൽ ഇതിനെ തെക്കൻദ്രാവിഡഗാനങ്ങൾ എന്ന പേരിലുൾപ്പെടുത്തുന്നതായിരിക്കും കൂടുതൽ ഉചിതം. ഉഭയഭാഷാമേഖലയായ തെക്കൻതിരുവിതാംകൂറിൽനിന്ന് ഉടലെടുത്ത തെക്കൻപാട്ടുകൾ ഉഭയഭാഷാസാഹിത്യംതന്നെയാണ്. തിരുവനന്തപുരത്തിനു തെക്ക് നെയ്യാറ്റിൻകര, വിളവൻകോട്, കൽക്കുളം, തോവാള, അഗസ്തീശ്വരംതാലൂക്കുകളിലാണ് ഈ പാട്ടുകൾക്ക് ഏറെ പ്രചാരമുള്ളത്. കഥാഗാനശാഖയിൽ ഉൾപ്പെടുന്ന തെക്കൻപാട്ടുകൾ മിക്കതും പതിന്നാലാംനൂറ്റാണ്ടിനും പതിനെട്ടാംനൂറ്റാണ്ടിനും ഇടയ്ക്കു രചിക്കപ്പെട്ടവയായിരിക്കാം എന്നാണ് അനുമാനം.

ധീരന്മാരായ രാജാക്കന്മാർ, ദേശഭക്തരായ സേനാനിമാർ, പതിവ്രതകളായ സ്ത്രീകൾ മുതലായവർ അപമൃത്യുവിനിരയാകുമ്പോൾ അവർ മാടൻ, യക്ഷി മുതലായ രൂപങ്ങൾ കൈക്കൊള്ളുമെന്നാണ് ഇന്നാട്ടുകാർ വിശ്വസിക്കുന്നത്. അപ്പോൾ അവരുടെ പൂർവാപദാനങ്ങൾ വാഴ്ത്തിപ്പാടും. ഇതാണ് തെക്കൻപാട്ടുകളുടെ ഉല്പത്തിക്കു കാരണമായി ഉള്ളൂർ കണ്ടെത്തുന്നത്.

'വില്ലടിച്ചാൻപാട്ട്' എന്നൊരു പേരുകൂടി തെക്കൻപാട്ടുകൾക്കുണ്ട്. വില്ല് എന്ന ഉപകരണമുപയോഗിച്ചു പാടുന്ന ഈ പാട്ടിൽ അവതരിപ്പിക്കാനാണ് തെക്കൻപാട്ടുകൾ മിക്കതും രചിക്കപ്പെട്ടത്. വില്ല് മുഖ്യോപകരണമായതുകൊണ്ട് അതിനു വില്ലടിച്ചാൻപാട്ടെന്നും തെക്കൻതിരുവിതാംകൂറിൽ മാത്രം കാണുന്ന പാട്ടായതിനാൽ തെക്കൻപാട്ടെന്നും പേരുണ്ടായി.

തെക്കൻപാട്ടുകളെ മൂന്നായിട്ടാണ് ഉള്ളൂർ പരമേശ്വരയ്യർ തരം തിരിച്ചിട്ടുള്ളത്. (1) ബാധാപ്രീതികരങ്ങൾ (2) ദേശചരിത്രപരങ്ങൾ (3) ദേവാരാധനോപയുക്തങ്ങൾ

പ്രയോഗമനുസരിച്ച് ഇവയെ വാതപ്പാട്ട്, കേഴ്വിപ്പാട്ട്, ശാസ്ത്രപ്പാട്ട് എന്നിങ്ങനെയും തരംതിരിക്കാം. ക്ഷേത്രത്തിൽ മാത്രം പാടുന്നവയാണ് വാതപ്പാട്ടുകൾ: നീലികഥ, ചാമുണ്ഡിക്കഥ, പൊന്നിറത്താൻകഥ, ആയിരവല്ലിക്കഥ എന്നിവ ഈ വിഭാഗത്തിലുൾപ്പെടുന്നു. പൊതുസ്ഥലങ്ങളിലും ക്ഷേത്രത്തിലും ഒന്നുപോലെ പാടുന്നവയാണ് കേഴ്വിപ്പാട്ടുകൾ. ഇരവിക്കുട്ടിപ്പിള്ളപ്പോര്, കോവിലൻകഥ, ദിവാൻവെറ്റി, ഓട്ടൻകഥ, ഉലകുടയപെരുമാൾപാട്ട് എന്നിവ ഇവ്വിധത്തിലുള്ള പാട്ടുകളാണ്. മർമ്മചികിത്സ, ആയുധവിദ്യ, ചികിത്സാശാസ്ത്രം എന്നിവ ഇതിവൃത്തമാക്കി രചിക്കപ്പെട്ടവയാണ് ശാസ്ത്രപ്പാട്ടുകൾ.

ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിൽ തെക്കൻപാട്ടുകളെ പലതായി വിഭജിച്ചിട്ടുണ്ട്. പഠിതാക്കളുടെ സൗകര്യവും നിരീക്ഷണവുമാണ് ഇതിനു കാരണം. കണ്ടെത്തിയിട്ടുള്ള പ്രധാന തെക്കൻപാട്ടുകൾ താഴെപ്പറയുന്നവയാണ്.

1. കന്നടിയാൻപോര്, 2. ഉലകുടയപെരുമാൾപാട്ട്, 3. പുരുഷാദേവിയമ്മൻപാട്ട്, 4. അഞ്ചുതമ്പുരാൻപാട്ട്, 5. പഞ്ചവൻകാട്ടുനീലിയുടെ പാട്ട്, 6. ഇരവിക്കുട്ടിപ്പിള്ളപ്പാട്ട്, 7. വലിയതമ്പി കുഞ്ചുതമ്പിക്കഥ, 8. ധർമ്മരാജാവിന്റെ രാമേശ്വരയാത്ര, 9. ദിവാൻവെറ്റി (ഉള്ളൂർ കണ്ടെത്തിയത്), 10. നീലികഥ, 11. പൊന്നിറത്താൻകഥ (ശൂരനാട്ടു കുഞ്ഞൻപിള്ള കണ്ടെത്തി പ്രസിദ്ധീകരിച്ചത്), 12. ചാമുണ്ഡിക്കഥ, 13. മതിലകത്തുകഥ, 14. ഇരവിക്കുട്ടിപ്പിള്ളപ്പോര് (സമ്പാദനം: കാഞ്ഞിരംകുളം കൊച്ചുകൃഷ്ണൻ നാടാർ), 15. പുതുവാതപ്പാട്ട്, 16. കേരളവർമ്മരുടെ കഥ (സമ്പാദനം: പ്രൊഫ. വി ആനന്ദക്കുട്ടൻ നായർ), 17. മൂവോട്ടുമല്ലൻകഥ (സമ്പാദനം: പ്രൊഫ. ജെ പത്മകുമാരി), 18. വലിയതമ്പി കൊച്ചുതമ്പി കഥ (സമ്പാദനം: പ്രൊഫ. ജെ പത്മകുമാരി), 19. നീലികഥ (സമ്പാദനം: പ്രൊഫ. ജെ പത്മകുമാരി), 20. വലിയകേശിക്കഥ (സമ്പാദനം: ജി ത്രിവിക്രമൻതമ്പി), 21. ഇരവിക്കുട്ടിപ്പിള്ളപ്പോര് (പഠനവും വ്യാഖ്യാനവും - ഡോ. തിക്കുറിശ്ശി ഗംഗാധരൻ), 22. കണിയാരത്തമ്പുരാൻ ഊട്ടുപാട്ട് (സമ്പാദനം: ഉത്തരംകോട് ശശി), 23. തെറ്റിക്കോട്ടുകാവഴിച്ചപാട്ട് (സമ്പാദനം: ടി ജി അച്യുതൻനമ്പൂതിരി), 24. പെണ്ണരശിയർകഥ (തമിഴ്), 25. മാടമ്പിമാർകഥ (തമിഴ്), 26. ഓട്ടൻകഥ (ഡോ. തിക്കുറിശ്ശി ഗംഗാധരൻ), 27. പത്മനാഭപ്പെരുമാൾ ആഗമനചരിതം, 28. ഭൂതപ്പിറവിക്കഥ, 29. സതിവടുകച്ചിയമ്മപ്പാട്ട്, 30. പഴകനല്ലൂർ നീലികഥ, 31. സതി ചെമ്പകവല്ലിക്കഥ, 32. പൊന്നിറഞ്ഞാൾകഥ, 33. മുപ്പരാരികഥ, 34. അയ്യൻകഥ, 35. ചേരമാൻ തമ്പുരാൻകഥ, 36. കുലശേഖരപെരുമാൾ തമ്പുരാൻകഥ, 37. കേരളവർമ്മരുടെ കഥ, 38. ഓട്ടന്റെ കഥ, അനന്തന്റെയും, 39. തമ്പിമാരുകഥ, 40. തെറ്റിക്കോട്ടുകാവഴിച്ചപാട്ട്, 41. മുത്തുവിന്റെ കഥ, 42. പുനച്ചൽ വലിയയജമാനൻകഥ, 43. വീരമാർത്താണ്ഡപ്പെരുമാൾ പൊറ്റയിൽ തമ്പുരാൻപാട്ട്, 44. അഴകൻ പെരുമാൾതമ്പുരാൻ, 45. അയണിയൂട്ടുതമ്പുരാൻ, 46. വീരകേരളവർമ്മൻ തമ്പുരാൻ, 47. മാരിയാടും പെരുമാൾകഥ, 48. കുളങ്ങരവീരൻകഥ

ഘടന, ഇതിവൃത്തം, ആവിഷ്‌കരണരീതി, ഉഭയഭാഷ എന്നീ പ്രത്യേകതകൾകൊണ്ട് തെക്കൻപാട്ടുകൾ സവിശേഷശ്രദ്ധയർഹിക്കുന്നു. ആത്മാഭിമാനം, ധീരത എന്നിവയാണ് മിക്ക പാട്ടുകളുടെയും അന്തഃസത്ത. തെക്കൻതിരുവിതാംകൂറിന്റെ വീരപാരമ്പര്യത്തെ സൂചിപ്പിക്കുന്നവകൂടിയാണ് തെക്കൻപാട്ടുകൾ. സമ്പാദനം ചെയ്യാനുള്ളതും നഷ്ടപ്പെട്ടതുമായ ധാരാളം പാട്ടുകൾ ഇനിയുമുണ്ട്. വടക്കൻപാട്ടുകൾക്കു കിട്ടിയ പ്രാധാന്യം തെക്കൻപാട്ടുകൾക്കു കിട്ടാതെ പോയത് ഇതിലെ ഭാഷാപരമായ പ്രത്യേകതകൊണ്ടാണ്. ചരിത്രം, സംസ്‌കാരം, രാഷ്ട്രീയം, ഭരണം തുടങ്ങിയ ഭൂതകാലചിഹ്നങ്ങളുടെ സ്രോതസ്സാണ് ഓരോ തെക്കൻപാട്ടും.


ഡോ.ഷിബു കുമാർ പി എൽ

അസിസ്റ്റൻറ് പ്രൊഫസർ

മലയാളവിഭാഗം

ഗവ.കോളേജ് കാസറഗോഡ്

Comentários

Avaliado com 0 de 5 estrelas.
Ainda sem avaliações

Adicione uma avaliação
No^v F-Un-äÀ
-tUm. em-ep-. hn-v

Ìm^v FUnäÀ
tUm.KwKmtZhn. Fw

ÌpUâv FUn-äÀ
cXojv Fk


ഇഷ്യു എഡിറ്റർ v
ഡോ. അമ്പിളി ആർ.പി.
FUntäm-dnb t_mÀUv 
AwK§Ä
tUm.kPohv IpamÀ Fkv 
tUm. Zo] _n Fkv 
tUm.tkXpe£van Fw Fkv 
-tUm A-¼n-fn- B-À- ]n-
-
ഡോ. ശ്രീലക്ഷ്മി എസ്.കെ
_nµp. F Fw
Pqen F 
a©p sI BÀ
Publishers Name:          
Dr.Lalu.V,
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996         
email:gcwmalayalam2023@gmail.com            laluvatl@gmail.com 

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2024

bottom of page