top of page

തീരദേശഭാഷാപ്രയോഗങ്ങളുടെ സാംസ്കാരികവിനിമയം

Updated: Dec 30, 2025

ഡോ. ജോര്‍ജ്ജ് അലോഷ്യസ്

പ്രബന്ധസംഗ്രഹം

തീരദേശജനതയുടെ നിത്യജീവിതത്തിലെ ഭാഷാപ്രയോഗങ്ങള്‍ അവരുടെ ജീവിതരീതി പോലെ തന്നെ വ്യത്യസ്തമാണ്. അവർ നിത്യം അഭിമുഖീകരിക്കുന്നതോ ഏറ്റുമുട്ടുന്നതോ ആയ ജീവിതസാഹചര്യമാണ് ഈ വ്യത്യസ്തതയ്ക്കുകാരണം. തൊഴിലിടത്തില്‍ ഉപയോഗിച്ചുവരുന്ന സംജ്ഞകൾ മറ്റു ജനവിഭാഗങ്ങളുടെ വിദൂരചിന്തയില്‍പ്പോലും ഉരുത്തിരിയാത്തവയായിരിക്കും.  ആ പ്രയോഗങ്ങള്‍ ദേശാടിസ്ഥാനത്തിലും പ്രാദേശികാടിസ്ഥാനത്തിലും മാത്രം നിലനിൽക്കുന്നതു മാണ്. ചിലതൊക്കെ ചെറു സമൂഹ ത്തിനിടയില്‍ മാത്രം ഒതുങ്ങിനില്‍ക്കും. ഗ്രാമ്യസ്വാഭാവം, ലാളിത്യം, നൈസര്‍ഗികത, കടല്‍ച്ചൂര് എന്നിവയൊക്കെ ഈ ഭാഷാരൂപങ്ങളില്‍ പ്രകടമാണ്.

താക്കോല്‍വാക്കുകള്‍

 പരുക്കന്‍ഭാഷ, ഉച്ചസ്ഥായീസംഭാഷണങ്ങള്‍, ശൈലികള്‍, പഴഞ്ചൊല്ലുകള്‍, തീരദേശ പദസമ്പത്ത്, ഇതരവ്യവഹാര ഭാഷാപദങ്ങള്‍, പരിഹാസപദങ്ങള്‍, ഇരട്ടപ്പേരുകള്‍,  ബന്ധ സൂചകപദങ്ങള്‍, സങ്കരഭാഷ / മിശ്രഭാഷ

തീരദേശഭാഷ

തീരദേശങ്ങളില്‍ നിലനില്‍ക്കുന്ന ഭാഷ മാനകഭാഷയില്‍നിന്നു വ്യത്യാസം പുലര്‍ത്തു ന്നുണ്ട്. ഉച്ചാരണഭേദങ്ങള്‍, ഭാഷാഭേദങ്ങള്‍, താനം, ശൈലികള്‍, പഴഞ്ചൊല്ലുകള്‍ എന്നിവയില്‍ തനതായ സ്വത്വം പുലര്‍ത്തുന്നതാണു തീരദേശഭാഷ. കേരളത്തിലെ ഓരോ ജില്ലയിലും മലയാളഭാഷ വ്യത്യസ്തമായി വ്യവഹരിക്കുന്നതിനാല്‍ തീരദേശഭാഷയിലുള്ള വ്യത്യാസങ്ങള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോയി. പ്രാഥമികവിദ്യാഭ്യാസത്തിന്റെ ലഭ്യതയില്ലായ്മ, ഒറ്റപ്പെട്ടു നില്‍ക്കുന്ന ഭൂമിശാസ്ത്രഘടന, നാഗരിക സാമൂഹ്യജീവിതത്തില്‍ നിന്നു പുറന്തള്ളിയ അവസ്ഥ എന്നിവയെല്ലാം തീരദേശഭാഷയുടെ സ്വഭാവസവിശേഷതകളെ നിര്‍ണയിക്കുന്നുണ്ട്.

ആധുനികവിദ്യാഭ്യാസാശയങ്ങളോടു തീരദേശജനത ആഭിമുഖ്യം പുലര്‍ത്തിയതോടെ ഭാഷയില്‍ മാനകസ്വഭാവസവിശേഷതകള്‍ നിറഞ്ഞു. ആദ്യകാല ഭാഷയില്‍ കുറച്ചുപദങ്ങള്‍ മാത്രമേ സംഭാഷണത്തില്‍ ഉപയോഗിച്ചിരുന്നുള്ളു. പദസമ്പത്തിന്റെ ദൗര്‍ലഭ്യമായിരുന്നു ഈ കുറവിനു കാരണം. മതപ്രബോധനങ്ങളല്ലാതെ മറ്റൊന്നും അറിയില്ലായിരുന്നു. ഇതും ഭാഷാപര മായ ദൗര്‍ബല്യങ്ങള്‍ക്കു കാരണമായി.

പരുക്കന്‍ഭാഷ : സംഭാഷണത്തില്‍ പരുക്കന്‍ സ്വഭാവം പ്രകടമാണ്. ബഹുമാനമില്ലാതെയുള്ള ഭാഷാപ്രയോഗങ്ങള്‍ ധാരാളം ഉണ്ടാകും. വ്യക്തിഭേദമില്ലാതെ കയര്‍ത്തു സംസാരിക്കുന്നരീതിയും കാണാം. സാമാന്യവ്യവഹാരത്തില്‍ പ്രത്യേകിച്ചു തൊഴിലിടങ്ങളിലും സൗഹൃദസംഭാഷണ ങ്ങള്‍ക്കിടയിലും അശ്ലീലപദങ്ങള്‍ ഉപയോഗിക്കും. കടുത്ത അശ്ലീലപദങ്ങള്‍ പോലും തമാശ രൂപത്തില്‍ പറയാറുണ്ട്. കുടുംബാംഗങ്ങള്‍ക്കിടയില്‍നിന്ന് ഈ അശ്ലീലപദങ്ങളെ മാറ്റി നിര്‍ത്തും. സന്തോഷം വരുമ്പോഴും ദ്വേഷ്യം വരുമ്പോഴും തെറിപ്പദങ്ങള്‍ ഉപയോഗിക്കുന്നതു സാധാരണ മാണ്. സംഭാഷണങ്ങള്‍ക്കിടയില്‍ അറിഞ്ഞോ അറിയാതെയോ തെറിപ്പദങ്ങള്‍ ഉപയോഗിക്കും.

ഉച്ചസ്ഥായീസംഭാഷണങ്ങള്‍ : സാമാന്യവ്യവഹാരത്തിലെ സംഭാഷണങ്ങള്‍ ഉച്ചസ്ഥായിയില്‍ ഉള്ളവയായിരിക്കും. തൊഴിലിടങ്ങളിലാണു സാധാരണയായി ഈ പ്രത്യേകത കാണുന്നത്. കടലില്‍ പണിക്കു പോകുന്ന സന്ദര്‍ഭങ്ങളില്‍, തൊഴിലാളികള്‍ തമ്മില്‍ ആശയവിനിമയം നടത്തേണ്ടിവരുമ്പോള്‍, എല്ലാവരും ഒരുപോലെ മനസ്സിലാക്കുന്നതിനുവേണ്ടിയാണ് ഉച്ചത്തില്‍ സംസാരിച്ചു തുടങ്ങിയത്. തിരയുടെയും കാറ്റിന്റെയും ശബ്ദത്തെ മറികടന്ന് എല്ലാവരും കേള്‍ക്ക ണമെങ്കില്‍ ഉയര്‍ന്ന ശബ്ദത്തില്‍ സംസാരിക്കേണ്ടിവരും. അതുപോലെ മത്സ്യം വില്‍ക്കുന്ന സ്ഥലങ്ങളില്‍ (ഹാര്‍ബറുകള്‍) ജനക്കൂട്ടത്തിന്റെ സംസാരത്തിനിടയില്‍ മീനിന്റെ ഗുണനില വാരവും വിലയുമൊക്കെ കേള്‍പ്പിക്കുന്നതിനായി ഉയര്‍ന്ന ശബ്ദം ആവശ്യമാണ്. ഈ ശീലം ജീവിതത്തിന്റെ ഭാഗമായി മാറി. ലേലക്കാരുടെ ശബ്ദം പരിശോധിച്ചാല്‍ ഈ മാറ്റം എളുപ്പത്തില്‍ മനസ്സിലാകും. മത്സ്യത്തിന്റെ വില പരസ്യമായി പ്രഖ്യാപിക്കുകയും കൂടുതല്‍ വിലയ്ക്കായി ആവര്‍ത്തിച്ചു വില പറയുകയും ചെയ്യുന്ന പതിവുണ്ട്. ഇങ്ങനെ വിളിച്ചുപറയുന്നത്, കൂടിനില്‍ക്കുന്ന വര്‍ കേള്‍ക്കുന്നതിനുവേണ്ടിയാണ്. ക്രമേണ ലേലക്കാരന്റെ ശബ്ദം നിത്യസംഭാഷണങ്ങളിലും ഉച്ചസ്ഥായിയിലുള്ളതായിത്തീര്‍ന്നു. മേല്‍പറഞ്ഞതു കൂടാതെ കടലിന്റെ വൈകാരികത ഭാഷയി ലുമുണ്ട്. പ്രക്ഷുബ്ധവും ശാന്തവുമായ കയറ്റിറക്കങ്ങള്‍ കാണാം; ഇടതടവില്ലാതെ സംസാരിക്കുന്ന രീതിയുണ്ട്. നീട്ടല്‍, കുറുക്കല്‍ എന്നിവ നിത്യവ്യവഹാരത്തില്‍ പ്രകടമാണ്.

ശൈലികള്‍

തീരദേശത്തെ ഓരോ ജില്ലയിലും വ്യത്യസ്ത ശൈലികള്‍ പ്രകടമാണ്. തൊഴിലിടങ്ങളിലെ ചില ശൈലികള്‍ താഴെ സൂചിപ്പിക്കുന്നു.

 കൊല്ലം

അയലത്തല അളിയനും

കൊടുക്കില്ല  - അയലമത്സ്യത്തിന്റെ രുചിയെ സൂചിപ്പിക്കുന്നു

എരവ്പെടുക - കല്ലില്‍  ഉണ്ടാകുന്ന വലിയ തിരമാലകള്‍

ഈത്തിയും വലിച്ചും - കഷ്ടപ്പെട്ടു പോവുക

കടിച്ചും വിട്ടാ - ഇല്ലാത്തതു പറയുക

കൊഞ്ചുകരയുക - ചെമ്മീന്‍ വെള്ളത്തിനു മുകളില്‍ വന്നു ചാടുക

കൊള്ളിച്ചുവിടുക - വേഗത്തില്‍ പോവുക

തേവാങ്ക് കണക്കിരിക്കുക -  മെലിഞ്ഞിരിക്കുക

പട്ടുവീഴുക - വലിയ കടല്‍ത്തിരകള്‍ പതിക്കുക

പണിവാലമാകുക - പണിയവസാനിക്കുക

പൊത്തിക്കൊണ്ട് വരണ് - കാര്‍മേഘം ഉരുണ്ടു കൂടുക

മുറിയിടുക - മല്‍സ്യം കുറച്ചു കുറച്ചായി വലയില്‍ നിന്നെടുക്കുക.

തിരുവനന്തപുരം

ആക്കമാക്കം പണിയുക - സമയം നോക്കാതെ ജോലി ചെയ്യുക

കെട്ടിക്കഴിയുക - വിവാഹം കഴിയുക

പറവിളിക്കുക - ക്രിസ്ത്യാനികള്‍ക്കിടയില്‍ വിവാഹത്തിനു മുമ്പു പള്ളിയില്‍

   നിന്നുള്ള അറിയിപ്പ് (വിളിച്ച് ചൊല്ല്)

വീട് എടുക്കുക - വീടുവാങ്ങുക 

ആലപ്പുഴ

പാറിപ്പോവുക - വലയില്‍ നിന്നു മത്സ്യങ്ങള്‍ പുറത്തുപോവുക

പൊനപ്പ് കാണുക - മത്സ്യങ്ങള്‍ മുകളില്‍ വരുക

നീര് വട്ട് വരുക - കടലിന്റെ ഉള്ളില്‍നിന്നു നീര് വരുക

എറണാകുളം

ഓരാവുക - മീന്‍ ലഭിക്കുന്ന വെള്ളം ആകുക

കാറ്റ് പതിയുക - കാറ്റ് കുറയുക

ചിമുട്ട് കാറ്റടി - ശക്തമായി കാറ്റു വീശുക

പാട്ടിപ്പോവുക - മീനുള്ള സ്ഥലത്തു പോവുക

പൊരം മലക്കുക - വല മലര്‍ന്നു പോകുക

വെള്ളക്കട -  വെള്ളമൊഴുകുക.

മലപ്പുറം

വാറ്വയ്ക്കുക - കാറ്റു ശക്തിയായി വീശുക

കോഴിക്കോട്

കച്ചിമുക്കുക - വസ്ത്രങ്ങള്‍ പശമുക്കുക

മത്തി മക്കളെപ്പോറ്റി - എല്ലാ സന്ദര്‍ഭങ്ങളിലുമുള്ള മത്തിലഭ്യതയെ സൂചിപ്പിക്കുന്നു

വേപ്പിളക്ക് - ചൂണ്ട കോര്‍ക്കുന്ന രീതി

കണ്ണൂര്‍

തുയിക്കടിക്കാന്‍ പോവുക -  രാത്രിയില്‍ പണിക്കു പോവുക

വാറ് വയ്ക്കല്‍ -  കാറ്റുശക്തമാകുക

കാസര്‍കോഡ്

ചോലയ്ക്ക് പോവുക - രാത്രിയില്‍ പണിക്കുപോവുക

മറിയം വരുക - മത്സ്യം കൂട്ടമായി വരുക

പഴഞ്ചൊല്ലുകള്‍

1. വാടക്കാറ്റാനും വാടനീരിനും വായുണങ്ങും - തെക്കു നിന്നുള്ള കാറ്റിനും നീരിനും മത്സ്യ ലഭ്യത തീരെയില്ലാതെയാകുന്നതിനെ സൂചിപ്പിക്കുന്നു.

2. പുന്നെല്ലരിച്ചോറും കുഞ്ഞെന്‍ മത്തിച്ചാറും - മത്തിക്കറിയുടെ രൂചിയെ സൂചിപ്പിക്കുന്ന താണ്.

3. ഞണ്ട് കറിയുണ്ടെങ്കില്‍ രണ്ട് കറി വേണ്ട - ഈ പഴഞ്ചൊല്ലു പ്രാസാധിഷ്ഠിതമാണെങ്കിലും ഞണ്ടുകറിയുടെ പ്രത്യേകതയെ സൂചിപ്പിക്കുന്നുണ്ട്. പ്രത്യേക സുഗന്ധവും രുചിയും ഞണ്ടു കറിക്കുണ്ടെന്ന് ഇതില്‍ സൂചിപ്പിക്കുന്നു.

4. കൊഞ്ച് ചാടിയാല്‍ മുട്ടോളം

 പിന്നേം ചാടിയാല്‍ ചട്ടിയോളം

 കൊഞ്ചിന്റെ കരയിലുള്ള ചാട്ടത്തെയാണ് അഭിധാര്‍ത്ഥം സൂചിപ്പിക്കുന്നത്. മനുഷ്യന്റെ അഹങ്കാരത്തെയാണു വ്യംഗ്യമായി സൂചിപ്പിക്കുന്നത്.

 

തീരദേശപദസമ്പത്ത്

തീരദേശങ്ങളിലെ തൊഴിലിടങ്ങളിലും ഇതരവ്യവഹാരങ്ങളിലും കാണപ്പെടുന്നതും എന്നാല്‍ മാനകഭാഷയില്‍ കാണപ്പെടാത്തതുമായ ചില പദങ്ങളെ അവയുടെ വ്യവഹാരാര്‍ത്ഥ ത്തില്‍ താഴെ സൂചിപ്പിക്കുന്നു.

തൊഴിലുമായിബന്ധപ്പെട്ട പദങ്ങള്‍

തൊഴിലിടങ്ങളിലെ സംഭാഷണങ്ങളില്‍ കാണുന്ന ചില പദങ്ങളെ ജില്ലാടിസ്ഥാനത്തില്‍ ചുവടെ ചേര്‍ക്കുന്നു.

തിരുവനന്തപുരം

ആടിയോട്ടം - വെള്ളത്തിന്റെ ശക്തമായ ഒഴുക്ക്

കറക്കുമടി - വലിയവള്ളങ്ങളില്‍ വലിയവല ഉപയോഗിക്കുന്നിനെ സൂചിപ്പിക്കുന്നു.

കൊല്ലിവല - വലിയവള്ളങ്ങളില്‍ ഉപയോഗിക്കുന്ന വലിയവല

കൈപ്പണം - ചെലവിനായി തൊഴിലാളികള്‍ക്കു നല്‍കുന്ന കാശ്

ചായക്കാശ് - ചെലവിനു നല്‍കുന്ന തുക

ചിത്തിരപ്പത്ത് - കൂട്ടമായി നില്‍ക്കുന്ന നക്ഷത്രം

പരശിനെറ്റ് - വലിയവള്ളങ്ങളിലെ വലിയവല (കൊല്ലിവല)

പള്ളിക്കൂറ് - പള്ളിക്കു മത്സ്യത്തൊഴിലാളികള്‍ നല്‍കുന്ന വിഹിതം

പൊഴിവെള്ളം - കായലില്‍ നിന്നുള്ള വെള്ളം

വലിവ് - വെള്ളത്തിന്റെ ഒഴുക്ക്

വെള്ളപ്പാച്ച - കായലില്‍ നിന്നു കയറുന്ന വെള്ളം

കൊല്ലം

അഞ്ചാണം - അഞ്ചെണ്ണം

ആയ്പ് - ഓളങ്ങളുടെ ദിശ

ഓട്ടക്കാരന്‍ - വള്ളം ഓടിക്കുന്നയാള്‍

ചാകര - മത്സ്യലഭ്യത കൂടുതലുണ്ടാക്കുന്ന അവസ്ഥ

ചാട്ടക്കുട്ടി - കടലില്‍ ഇറങ്ങുന്നയാള്‍

തലയാളി - വള്ളത്തിലെ പ്രധാനി

പൂങ്കറ - ഒരു സ്ഥലത്തുതന്നെ പലനിറത്തിലുള്ള വെള്ളം കാണുന്നത്.

ആലപ്പുഴ

പടുപ്പ് - മീന്‍ ഉണക്കാന്‍ ഉപയോഗിക്കുന്ന കയറ്റുപായ

പള്ളിപങ്ക് - പള്ളികളിലേക്കു തൊഴിലാളികള്‍ നല്‍കുന്നത്

വട്ടക്കാശ് - അമ്പലത്തിലേക്കു തൊഴിലാളികള്‍ മാറ്റിവയ്ക്കുന്ന തുക

എറണാകുളം

ചൊറക് - സ്രാവ്

മീന്‍കാടി - നക്ഷത്രക്കൂട്ടം

വാരുകാര്‍ - വള്ളത്തില്‍ നിന്നും മീന്‍ എടുക്കുന്നവര്‍

വെള്ളക്കട - വെള്ളമൊഴുക്ക്

തൃശ്ശൂര്‍, മലപ്പുറം, പൊന്നാനി, കോഴിക്കോട്

ഏട്ട - ചൂണ്ടകോര്‍ക്കുക

കെളമീന്‍ - പലതരം മത്സ്യങ്ങളുടെ മിശ്രണം

നമ്പാന്‍ - ലൈറ്റ് ഹൗസ്

പങ്ക് - വിഹിതം

വേപ്പ് - സ്രാവ് ചൂണ്ട

കണ്ണൂര്‍, കാസര്‍കോഡ്

ആണിയക്കാരന്‍ - വള്ളത്തിലെ പ്രധാനി

കൊമ്പക്കാരന്‍ - വള്ളത്തിലെ പ്രധാന വ്യക്തി

ഖ്ലാസ് - കൂലി

തുള്ളുന്നവന്‍ - വെള്ളത്തില്‍ ചാടുന്നവന്‍

ദല്ലാരി - ലേലക്കാരന്‍

പാച്ച - മണല്‍

മത്സ്യഗ്രാമം - ഹാര്‍ബര്‍ അല്ലാതെ വള്ളങ്ങള്‍ കരയ്ക്കടുക്കുന്ന സ്ഥലങ്ങള്‍

ഇതരവ്യവഹാര ഭാഷാപദങ്ങള്‍

തീരദേശസാമാന്യവ്യവഹാരത്തില്‍ ഉപയോഗിക്കുന്നതും മാനകഭാഷയില്‍ നിന്നു വ്യത്യസ്തവുമായ ചില പദങ്ങളെ താഴെ സൂചിപ്പിക്കുന്നു.

തീരദേശഭാഷ  മാനകഭാഷ

അര്‍ക്കീസ് - പിശുക്കന്‍

അവ്ധ - ഒഴിവ്

അശിട് - ചീത്ത

എളക് - എണീക്ക്

ഒള്ളി - മെലിഞ്ഞ

കവില് - സൂത്രം

കിണ്ണം - മനോഹരം

കുളുത്തി - നല്ല തണുപ്പ്

കുട്ടീശ്ശരം - കുട്ടികളുട വികൃതി

കേന്തി - ദേഷ്യം

ചെകത്ത - ബോധം

ചെത്ത് - മനോഹരം

ഞോണ - ഗുണമില്ലാത്തത്

ഞോനി - മെലിഞ്ഞ

തുടുതി - വികൃതി

പിപ്പിടി - ഭീഷണി

പിരുസം - പ്രദക്ഷിണം

പ്നാല് - ചെതുമ്പല്‍/ചിതമ്പല്‍

പരിഹാസപദങ്ങള്‍ : നിത്യസംഭാഷണത്തിനിടയില്‍ പരിഹാസപദങ്ങള്‍ ധാരാളം ഉപയോ ഗിക്കുന്ന രീതി തീരദേശ ജനങ്ങള്‍ക്കുണ്ട്. പരിഹാസ പദങ്ങള്‍ തമാശ രൂപേണ പ്രയോഗിക്കു ന്നതും അല്ലാത്തവയുമുണ്ട്. പലപ്പോഴും വ്യക്തികള്‍ക്കു മാനസികവ്യഥയുണ്ടാക്കുന്ന തരത്തിലാണു പരിഹാസപദങ്ങള്‍ ഉപയോഗിക്കുന്നത്. ശാരീരിക, മാനസികവൈകല്യങ്ങള്‍, സ്വഭാവസവിശേ ഷതകള്‍, പ്രദേശികത, കുടിയേറ്റസ്വഭാവം എന്നിവയെ അടിസ്ഥാനമാക്കിയാണു പരിഹാസപദ ങ്ങള്‍ രൂപപ്പെടുന്നത്. മറ്റു തൊഴിലിടങ്ങളെയപേക്ഷിച്ചു മത്സ്യബന്ധനമേഖലയില്‍ പരിഹാസപദ പ്രയോഗങ്ങള്‍ കൂടുതലാണ്. ചുരുക്കം ചില പദങ്ങളെ താഴെ ചൂണ്ടിക്കാട്ടുന്നു.

അലങ്കോലം - സൂത്രത്തില്‍ പണം തട്ടിയെടുക്കുന്നവന്‍

ഈളവാത്തി - സുഹൃത്തുക്കള്‍ പരസ്പരം വിളിക്കുന്നത്

ഊച്ചിയാര് - സുഹൃത്തുക്കള്‍ പരസ്പരം തമാശ രൂപേണ വിളിക്കുന്നത്

ഒടങ്കൊല്ലി - വഴക്കുണ്ടാക്കുന്നവന്‍

കടിയന്‍  - വീരവാദം പറയുന്നവന്‍

കണ്ണന്‍കൂരി  - കണ്ണിന് വൈകല്യമുള്ളവന്‍

കുത്തപ്പൊടിയന്‍  - താഴേക്കു നോക്കി നടക്കുന്നവന്‍

കോസ്സിക്കണ്ണന്‍  - താഴേക്കു നോക്കിനടക്കുന്നവന്‍

ചവളക്കൂട്ടം - പ്രാദേശികമായി അധിക്ഷേപിക്കുന്നതിന് ഉപയോഗിക്കുന്നു.

തുളുത്തി - വേലയും കൂലിയും ഇല്ലതെ നടക്കുന്നവന്‍

തെക്കന്‍ - തമിഴ്നാട്ടില്‍ നിന്നുവരുന്നവന്‍ എന്നര്‍ത്ഥം

പാട്ടം നോക്കി - മുകളിലേക്കുനോക്കി നടക്കുന്നവന്‍

പീച്ചാംക്ലാത്തി - നിസാരവത്കരിച്ചു പറയുന്നത്

പൂണന്‍ - ഭക്ഷണപ്രിയന്‍

പെണ്ണന്‍ കുഞ്ചന്‍  - സ്ത്രൈണ സ്വഭാവം പ്രകടിപ്പിക്കുന്ന പുരുഷനെ സൂചിപ്പിക്കുന്നത്

മണകൊണാഞ്ചന്‍  - കഴിവ് കുറഞ്ഞവന്‍ എന്നര്‍ത്ഥത്തില്‍ സൂചിപ്പിക്കുന്നു

മൊട്ടന്‍ - കാലിനു വൈകല്യമുള്ളവന്‍

വടക്കന്‍ - വടക്കു ദേശത്തുനിന്നുവരുന്നവന്‍

വടുകന്‍ - അറിവു കുറഞ്ഞവന്‍ എന്നര്‍ത്ഥത്തില്‍

വാന്ത - ശല്യക്കാരന്‍ എന്ന അര്‍ത്ഥത്തില്‍

സുജായി - അണിഞ്ഞൊരുങ്ങി നടക്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍

ഇരട്ടപ്പേരുകള്‍ : വ്യക്തികള്‍ക്കു നല്‍കുന്ന അപരനാമങ്ങളാണ് ഇരട്ടപ്പേരുകള്‍. ഒരു പേരില്‍ തന്നെ നിരവധി ആളുകള്‍ ഉണ്ടാകുമ്പോള്‍, വ്യക്തികളെ തിരിച്ചറിയുന്നതിനായി വിളിച്ചു തുടങ്ങിയതു പിന്നീടു പേരുകള്‍ക്കു പകരം ഉപയോഗിക്കാന്‍ തുടങ്ങി. ഇരട്ടപ്പേരുകള്‍ക്ക് പലപ്പോഴും ആക്ഷേപഹാസ്യസ്വഭാവമുണ്ട്. ചെമ്പ്, അല്‍ക്കാന്തര്‍, മേല്‍ക്കണ്ണി, വാട്ടി, മുക്കാടന്‍, അരവല, തൂറാംമുട്ടി, കുരുക്കന്‍, ത്രിപ്പോയി, ഡൈസാ തുടങ്ങിയ നിരവധി പേരുകളുണ്ട്.

ബന്ധസൂചകപദങ്ങള്‍ : പ്രാദേശികഭാഷാസ്വഭാവാടിസ്ഥാനത്തിലുള്ള പ്രത്യേകതകള്‍, ജാതി, മതം എന്നിവയൊക്കെ ബന്ധസൂചക പദനിര്‍മ്മിതിയെ നിര്‍ണ്ണയിക്കുന്നുണ്ട്. കുടുംബബന്ധങ്ങള്‍, സാമൂഹ്യബന്ധങ്ങള്‍ എന്നിവയെ സൂചിപ്പിക്കാനുപയോഗിക്കുന്ന പദങ്ങളെയാണിവിടെ ചേര്‍ക്കു ന്നത്.

തിരുവനന്തപുരം, കൊല്ലം ജില്ലയിലെ ലത്തീന്‍ കത്തോലിക്കരുടെയിടയില്‍ സമാനമായ പദങ്ങളാണ് ഉപയോഗിക്കുന്നത്. അപ്പന്‍, അപ്പച്ചന്‍ എന്നിവ അച്ഛനെ സൂചിപ്പിക്കാനും അമ്മ, അമ്മച്ചി എന്നിവ മാതൃസംബോധനയായും ഉപയോഗിക്കുന്നു. മുത്തശ്ശനെ അപ്പാപ്പന്‍, അപ്പൂപ്പന്‍ എന്നും മുത്തശ്ശിയെ അമ്മാമ്മ, അമ്മൂമ്മ എന്നുമാണ് വിളിക്കുന്നത്. അച്ഛന്റെ സഹോദരങ്ങളെ വല്യപ്പന്‍, പേരപ്പന്‍, ചിറ്റപ്പന്‍ എന്നും സഹോദരികളെ പേരമ്മ, ചിറ്റ എന്നിങ്ങനെയും വിളിക്കുന്നു. അളിയന്‍, നാത്തൂന്‍, മരുമോന്‍, മരുമോള്‍ എന്നിങ്ങനെയുള്ള പ്രയോഗങ്ങളുമുണ്ട്.

ആലപ്പുഴ ഭാഗങ്ങളിലെ ഹൈന്ദവര്‍ക്കിടയില്‍ അച്ഛന്‍, അമ്മ എന്നും മുത്തശ്ശനെയും മുത്തശ്ശിയെയും യഥാക്രമം അപ്പൂപ്പന്‍, അമ്മൂമ്മ എന്നിങ്ങനെയും വിളിക്കുന്നു. അച്ഛന്റെ സഹോദര ങ്ങളെ വല്യച്ഛന്‍, ചിറ്റപ്പന്‍, കൊച്ചച്ചന്‍ എന്നും സഹോദരിമാരെ വല്യമ്മ, കുഞ്ഞമ്മ എന്നും വിളിക്കുന്നു. അമ്മാവന്‍, മാമന്‍ എന്നിങ്ങനെയുള്ള പ്രയോഗവുമുണ്ട്. അമ്മവന്റെ മകനെ അളിയന്‍ എന്നും അമ്മാവന്റെ മകളെ മുറപ്പെണ്ണെന്നും  വിളിക്കുന്നു. രണ്ടാനമ്മയെ ചിറ്റമ്മയെ ന്നാണ് പറയുക.

എറണാകുളം, തൃശ്ശൂര്‍ ഭാഗങ്ങളിലും അച്ഛന്‍, അമ്മ എന്നിവയ്ക്കു പകരമായി അമ്മച്ചി, അപ്പച്ചന്‍ എന്നിവയും പ്രയോഗത്തിലുണ്ട്. അപ്പൂപ്പന്‍, അപ്പാപ്പന്‍, അമ്മൂമ്മ, അമ്മാമ്മ എന്നിവ പ്രായമേറിയവരെ വിളിക്കുന്നതാണ്.  അച്ഛന്റെ സഹോദരങ്ങളെ വല്യപ്പച്ചന്‍, വല്യമ്മച്ചി, എന്നും കൊച്ചാപ്പന്‍, കൊച്ചാമ്മ എന്നിങ്ങനെയുമാണു വിളിക്കുക, മാമന്‍, അമ്മാവന്‍ എന്നീ പ്രയോഗ ങ്ങളുമുണ്ട്.

മലപ്പുറം ജില്ലയിലെ മുസ്ലീം ഭൂരിപക്ഷപ്രദേശങ്ങളില്‍ മുത്തശ്ശനെയും മുത്തശ്ശിയെയും വല്യുപ്പ, വല്യുമ്മ എന്നും അച്ഛന്റെ സഹോദരങ്ങളെ മൂത്താപ്പ, ഇളയാപ്പ എന്നുമാണു വിളിക്കുന്നത്. മൂത്താമ്മ, ഇളയമ്മ എന്നിങ്ങനെയാണ് അച്ഛന്റെ സഹോദരിമാരെ വിളിക്കുക മാമന്‍, അമ്മാവന്‍ എന്നീ പദങ്ങള്‍ പ്രയോഗത്തിലുണ്ട്. ഇക്ക, ഇത്താത്ത എന്നിവയാണ് ആങ്ങള, പെങ്ങള്‍ എന്നിവയ്ക്കു പകരമുപയോഗിക്കുന്നത്. മരുമകള്‍, മരുമകന്‍ എന്നിവയും പ്രയോഗത്തിലുണ്ട്.

കോഴിക്കോട് തീരദേശങ്ങളില്‍ അച്ഛന്‍, അമ്മ എന്നിവയാണു പൊതുവെ ഉപയോഗിക്കു ന്നത്. മുത്തശ്ശനെ ഉണ്ണിയാപ്പനെന്നും മുത്തശ്ശിയെ ഉണ്ണിയാമ്മ എന്നും വിളിക്കാറുണ്ട്. സഹോദരി മാരെ പൊതുവെ ഉമ്മാമ്മയെന്നാണ് പറയുക. അമ്മാവനെ അമ്മാവന്‍ എന്നാണു വിളിക്കുന്നത്. അമ്മാവിയെ അമ്മായി, മാമി എന്നീ ശബ്ദങ്ങള്‍ കൊണ്ടു സൂചിപ്പിക്കുന്നു. ഭാര്യയെ 'തിരിയാര്' എന്നും ഭര്‍ത്താവിനെ 'പതിയാര്' എന്നും വിളിക്കുന്നു.

കണ്ണൂര്‍, കാസര്‍കോഡ് ഭാഗത്തു സമാനമായ പ്രയോഗമാണുള്ളത്. അച്ഛന്‍, അമ്മ എന്നിവ സാധാരണയായി വിളിക്കുന്നു. മുത്തശ്ശനെ അപ്പച്ചന്‍, അപ്പാപ്പന്‍ എന്നും മുത്തശ്ശിയെ അമ്മൂമ്മ എന്നും താച്ചിയെന്നും വിളിക്കാറുണ്ട്. മാതാപിതാക്കളുടെ സഹോദരങ്ങളെ വല്യച്ഛന്‍, ഇളയച്ഛന്‍, മൂത്തമ്മ, ഇളയമ്മ എന്നും സഹോദരിയുടെ മക്കളെ മച്ചുനന്‍, മച്ചുനത്തി എന്നും വിളിക്കുന്നു. മരുമക്കള്‍ എന്ന പൊതുപ്രയോഗവും നിലവിലുണ്ട്.

തൊഴിലാളികളുടെ സംബോധനാരീതികള്‍ : മത്സ്യത്തൊഴിലാളികള്‍ പരസ്പരം അഭിസംബോ ധന ചെയ്യുന്നതിനു ചില പ്രത്യേകത കളുണ്ട്. കൂട്ട്, കൂട്ടാളി എന്നീ പദങ്ങളാണു സാധാരണ ഉപയോഗിക്കുന്നത്. കൂലി, വിഹിതം എന്നര്‍ത്ഥമുള്ള പങ്ക്' എന്ന പദം സുഹൃത്തുക്കള്‍ തമ്മില്‍ അഭിസംബോധന ചെയ്യാറുണ്ട്. എന്നാല്‍ കണ്ണൂര്‍ പ്രദേശങ്ങളില്‍ പങ്ക് എന്ന പദം കടുത്ത അശ്ലീലമായാണ് ഉപയോഗിക്കുന്നത്. സ്ത്രീലൈംഗികാവയവം എന്നര്‍ത്ഥമാണു കണ്ണൂര്‍ പ്രദേശ ങ്ങളില്‍ ഈ പദത്തിനുള്ളത്.

സങ്കരഭാഷ / മിശ്രഭാഷ : മത്സ്യലഭ്യതയനുസരിച്ചു തീരംവിട്ടു സഞ്ചരിക്കുന്നവരായതിനാല്‍ പലപ്പോഴും കുടിയേറ്റസാഹചര്യം രൂപപ്പെടാറുണ്ട്. ഇങ്ങനെ വ്യത്യസ്തപ്രദേശങ്ങളിലെ ജനങ്ങള്‍ ഇടകലര്‍ന്നു താമസിക്കുമ്പോള്‍ വ്യവഹാരഭാഷയില്‍ മിശ്രസ്വഭാവം പ്രകടമാണ്. സംസ്ഥാനാ തിര്‍ത്തി പ്രദേശങ്ങളിലാണു മിശ്രഭാഷാസ്വഭാവം കൂടുതല്‍ പ്രകടമാകുന്നത്. തെക്കു തമിഴ്ഭാഷ യോട് അടുപ്പവും വടക്കു കന്നടഭാഷയോടുള്ള ബന്ധവും പ്രകടമാണ്. തിരുവനന്തപുരത്തിന്റെ തെക്കുഭാഗത്തുള്ള ഇരയിമ്മന്‍തറ, വിഴിഞ്ഞം, പൂന്തുറ, പൂവാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ തമിഴിന്റെ സ്വാധീനം പ്രകടമാണ്. വ്യവഹാരഭാഷയില്‍ ചിലപ്പോള്‍ തമിഴ് മാത്രമായും പ്രയോഗി ക്കുന്നതു കാണാം. തിരുവനന്തപുരം മുതല്‍ കൊല്ലം വരെയുള്ള തീരദേശങ്ങളില്‍ തമിഴ് ഭാഷാ മിശ്രവുമുണ്ട്. തൊഴിലിടങ്ങളിലെ ഭാഷയിലും സാമാന്യവ്യവഹാരത്തിലെ ഭാഷയിലും തമിഴ്പദങ്ങള്‍ ധാരാളം കാണാം. വന്ത, നിന്ത, എങ്ക, പോങ്ക, ചിന്ന തുടങ്ങിയ നൂറുകണക്കിനു പദങ്ങള്‍ നിത്യ വ്യവഹാരത്തില്‍ കാണാന്‍ കഴിയും. മലയാളപദങ്ങളെ തമിഴീകരിച്ച് ഉച്ചരിക്കുന്ന രീതിയും തെക്കന്‍ കേരളത്തില്‍ കാണാം. മലബാറിന്റെ വടക്കു ബേക്കല്‍ പ്രദേശങ്ങളില്‍ കന്നഡഭാഷ യുടെ ശക്തമായ സ്വാധീനം കാണാം. കാസര്‍ഗോഡുള്ള മലയാളിക്കുപോലും ഇതു മനസ്സിലാ ക്കുന്നതിനു പ്രയാസം നേരിടുന്നുണ്ട്. കന്നഡതാളത്തിലും മിശ്രമാക്കിയുമാണു വ്യവഹരിക്കുന്നത്.

കേരളത്തിന്റെ തീരദേശജില്ലകളിലെ സാമൂഹ്യജീവിതം തനിമകള്‍ നിറഞ്ഞതാണ്. തൊഴില്‍, മതം, ഭാഷ എന്നിവയിലെല്ലാം ഈ തനിമ പ്രകടമാണ്. ഈ തനിമകളെയാണു തീരദേശ സംസ്കാരമെന്നതുകൊണ്ടു വിവക്ഷിക്കുന്നത്. തീരദേശങ്ങളില്‍ മാത്രമുള്ളതും സവിശേഷത യുള്‍ക്കൊള്ളുന്നതുമായ നിരവധി ആചാരാനുഷ്ഠാനങ്ങള്‍, വിശ്വാസങ്ങള്‍ എന്നിവ തീരദേശ ത്തുണ്ട്. തീരദേശസംസ്കാരപ്രതിഫലനം ഓരോ പ്രദേശത്തും വ്യത്യസ്തതരത്തിലാണു കാണുന്നത്. സമാനതകളും വ്യത്യാസങ്ങളും  ഇവയില്‍ കാണാം. ജില്ലാതലത്തിലുള്ള വ്യത്യാസം കൂടാതെ, ഒരു ജില്ലയില്‍ തന്നെ വ്യത്യസ്തമായ സാംസ്കാരികസവിശേഷതകള്‍ നിലനില്‍ക്കുന്നുണ്ട്. ഈ വ്യത്യാസങ്ങള്‍ക്കിടയിലും പൊതുവായ ചില വഴക്കങ്ങളും ശീലങ്ങളും തീരദേശത്തുണ്ട്. ചുരുക്ക ത്തില്‍ സാമ്യവ്യത്യാസങ്ങളാല്‍ സമ്പന്നമാണ് തീരദേശസംസ്കാരം.  

ഗ്രന്ഥസൂചി

1. അബ്ദുറഹ്മാന്‍കുട്ടി ടി.വി. ചരിത്രമുറങ്ങുന്ന പൊന്നാനി. അഷ്റഫിബുക്ക്സെന്റര്‍, 2017.

2. അബ്ദുറഹ്മാന്‍കുട്ടി ടി.വി.,സമ്പാ. പൊന്നാനിപ്പാട്ടുകള്‍. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാഅക്കാദമി, 2021.

3. ആന്‍ഡ്രൂസ് എ. എണ്ണിയാല്‍ തീരാത്ത നൊമ്പരങ്ങള്‍. എ. ആന്‍ഡ്രൂസ്, 2006.

4. ...  കടല്‍മുത്ത്. ഡി.സി. ബുക്സ്, 1990.

5. ...  അറേബ്യന്‍ സമുദ്രത്തിന്റെ ഹൃദയത്തുടിപ്പുകള്‍. എ.ആന്‍ഡ്രൂസ്, 2017.

6. ജെര്‍സന്‍ സെബാസ്റ്റ്യന്‍. ഞാങ്ങ നീങ്ങ. സ്ഥിതി പബ്ലിക്കേഷന്‍സ്, 2019.

7. മാത്യു, ഏര്‍ത്തയില്‍. കേരളത്തിലെ മത്സ്യത്തൊഴിലാളി പ്രസ്ഥാനം. ഡി.സി. ബുക്സ്, 2002.

8. മാത്യൂസ് പി.എഫ്. തീരജീവിതത്തിന് ഒരു ഒപ്പീസ്. ഡി.സി.ബുക്സ്, 2018.

9. വില്‍ഫ്രഡ്. തീരം തേടി. എവര്‍ഗ്രീന്‍ ബുക്സ്, 2019.

10. ഷെബീന്‍ മഹ്ബൂബ്. കടല്‍പാടിയ പാട്ടുകള്‍. പെന്‍ഡുലം ബുക്സ്, 2018.


ഡോ. ജോര്‍ജ്ജ് അലോഷ്യസ്

അസോസിയേറ്റ് പ്രൊഫസര്‍

മലയാള വിഭാഗം

ബേബിജോണ്‍ മോമ്മോറിയല്‍  

ഗവ. കോളേജ്, ചവറ, കൊല്ലം.

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. എം. രാമചന്ദ്രൻ പിള്ള

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page