താവോ തേ ചിങ്: ലാവോത്സുവിന്റെ ജീവിത ദാർശനിക കാഴ്ചപ്പാടുകൾ
- GCW MALAYALAM
- Jun 14
- 5 min read
Updated: Jun 15
രാഗേന്ദു.എസ്.ജി.

സംഗ്രഹം
പുരാതന ചൈനീസ് ചിന്തകനായ ലാവോത്സു എഴുതിയതായി പറയപ്പെടുന്ന താവോ തേ ചിങ് ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള ദാർശനിക ഗ്രന്ഥങ്ങളിൽ ഒന്നായി കണക്കാക്കുന്നു. രണ്ടായിത്തി അഞ്ചൂറിലധികം വർഷങ്ങൾക്ക് മുമ്പ് വാറിംഗ് സ്റ്റേറ്റ്സ് കാലഘട്ടത്തിൽ രചിക്കപ്പെട്ട കാവ്യാത്മകമായ ഗ്രന്ഥത്തിൽ 81 ചെറിയ അധ്യായങ്ങളാണ് ഉള്ളത്. എല്ലാത്തിന്റെയും അടിസ്ഥാനമായ അദൃശ്യവും രൂപരഹിതവും ശാശ്വതവുമായ ഒരു തത്വമാണ് “താവോ” അല്ലെങ്കിൽ “വഴി” എന്ന ആശയത്തിൽ അധിഷ്ഠിതമായ ഒരു തത്ത്വചിന്ത താവോ തേ ചിങ്ങിൽ അവതരിപ്പിക്കുന്നു. സമയം, ഭൂമിശാസ്ത്രം, സംസ്കാരം എന്നിവയെ മറികടക്കാനുള്ള കഴിവിലാണ് താവോ തേ ചിങ്ങിന്റെ പ്രസക്തി നിലനിൽക്കുന്നത്. പ്രപഞ്ചത്തിന്റെ സ്വഭാവത്തെക്കുറിച്ച് മാത്രമല്ല, മനുഷ്യ മനസ്സിന്റെ പരിവർത്തനത്തെക്കുറിച്ചും സമൂഹത്തിന്റെ ധാർമ്മിക ഘടനയെക്കുറിച്ചുമുള്ള ഉൾക്കാഴ്ചയും ഈ ഗ്രന്ഥം നൽകുന്നു.
താവോ തേ ചിങ് നിരവധി ഭാഷകളിലേക്ക് വിവർത്തനവും, വ്യാഖ്യാനവും ചെയ്യപ്പെട്ടിട്ടുണ്ട്. മിസ്റ്റിക്കുകൾ, ഭരണാധികാരികൾ, കവികൾ, തത്ത്വചിന്തകർ, ശാസ്ത്രജ്ഞർ, സൈനിക തന്ത്രജ്ഞർ പോലും ഇതിലെ ആശയം ഉൾക്കൊണ്ടിട്ടുണ്ട്. ലോകമെമ്പാടുമുള്ള മത പ്രസ്ഥാനങ്ങൾക്കും, രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾക്കും, കലാസൃഷ്ടികൾക്കും ഇതിലെ വരികൾ പ്രചോദനം നൽകിയിട്ടുണ്ട്. കിഴക്കൻ പ്രദേശങ്ങളിൽ, താവോയിസ്റ്റ് തത്ത്വചിന്തയുടെ ആത്മീയതയുടെ മൂലക്കല്ലായി പിന്നീട് ഇത് മാറി. പടിഞ്ഞാറൻ രാജ്യങ്ങളിൽ, പ്രത്യേകിച്ച് 20-ാം നൂറ്റാണ്ടിലെ പ്രസ്ഥാനങ്ങളിൽ, ഭൗതികവാദത്തിന്റെയും യുക്തിവാദതിന്റെയും ബദലുകൾ തേടുന്ന ചിന്തകരുടെ ഭാവനയെ താവോ തേ ചിങ് വളരെയധികം സ്വാധീനിച്ചു.
താക്കോൽ വാക്കുകൾ
ഇതിഹാസങ്ങളും ചരിത്ര വിവരണങ്ങളും- സമാഹാരവും ആദ്യകാല വിവർത്തനങ്ങളും- വാക്യ രൂപവും ഭാഷയും- താവോ തേ ചിങ്ങിലെ പ്രതീകാത്മകത- താവോ തേ ചിങ്ങിന്റെ ദാർശനിക തലങ്ങൾ
ആമുഖം
ജ്ഞാനത്തോടുള്ള ലാവോത്സുവിൻ്റെ സമീപനം മറ്റ് ചിന്തകരിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. സിദ്ധാന്തങ്ങളിൽ നിന്നോ നിയമങ്ങളിൽ നിന്നോ സത്യം നിർവചിക്കുന്നതിനുo അനുഭവിക്കുന്നതിനും, നിയന്ത്രിക്കുന്നതിനുo പകരം യഥാസ്തികതയുടെ വഴി ഉൾക്കൊള്ളാൻ അദ്ദേഹം വായനക്കാരെ പ്രരിപ്പിച്ചു. ചിട്ടയായുള്ള പാരമ്പര്യത്തിന്റെ ധാർമ്മികത പഠിപ്പിച്ച കൺഫ്യൂഷ്യസിൽ നിന്ന് വ്യത്യസ്തമായി, പ്രകൃതിയിലേക്കുള്ള സ്വാഭാവികതയുടെ വഴിയാണ് ലാവോത്സു പ്രോത്സാഹിപ്പിച്ചത്. യഥാർത്ഥ അറിവ് പുസ്തകങ്ങളിൽ നിന്നും ലഭിക്കുന്നതല്ല, മറിച്ച് നിശബ്ദ നിരീക്ഷണത്തിലും ആന്തരിക വ്യക്തതയിലുമാണ് കാണപ്പെടുന്നതെന്ന് താവോ തേ ചിങ് സൂചിപ്പിക്കുന്നു.
താവോ തേ ചിങ് ഗ്രന്ഥത്തിന്റെ സൃഷ്ടിയുടെ രീതി ആശയത്തിന് കൂടുതൽ ആഴം നൽകുന്നു. യുദ്ധം ചെയ്യുകയും ധാർമ്മിക മൂല്യങ്ങൾ ശിഥിലമാകുകയും ചെയ്ത രാഷ്ട്രീയ പ്രക്ഷുബ്ധതയുടെ കാലഘട്ടത്തിലാണ് ലാവോത്സു ജീവിച്ചിരുന്നത്. അത്തരമൊരു യുഗത്തിൽ, അദ്ദേഹത്തിന്റെ ചിന്തകൾ ഒരു സമൂലമായ ബദൽ വാഗ്ദാനം ചെയ്യുകയും, കീഴടക്കലിനു പകരം ഐക്യത്തിനു പ്രാധാന്യം നൽകുകയും ചെയ്തു. അടിച്ചമർത്തലുകൾക്ക് പകരം സ്വഭാവികതയുടെ പാത പിന്തുടരാൻ ഭരണ സംവിധാങ്ങൾക്ക് വഴി കാണിച്ചു. ഈ തത്വങ്ങൾ ഉട്ടോപ്യൻ ഫാന്റെസികളല്ല, മറിച്ച് യാഥാർത്ഥ്യവുമായുള്ള പൊരുത്തപ്പെടലുകളുടെ പ്രായോഗിക തന്ത്രങ്ങളാണ്. ഈ രീതിയിൽ, താവോ തേ ചിങ് ഒരു ആത്മീയ മാനുവലായും രാഷ്ട്രീയ ഗ്രന്ഥമായും പ്രവർത്തിക്കുന്നു.
ചരിത്രത്തിലുടനീളം, താവോ തേ ചിങ് ജ്ഞാനത്തിന് മാത്രമല്ല, സാഹിത്യ സൗന്ദര്യത്തിനും പ്രാധാന്യം നൽകിയിരുന്നു. ഓരോ അധ്യായവും ഒരു സെൻ കോൺ പോലെയാണ് വായിക്കുന്നത്– പുറംചട്ട ലളിതമാണെങ്കിലും അതിന്റെ ചിന്തകൾ ആഴത്തലുള്ളവയാണ്. ലാവോത്സുവിന്റെ എഴുത്തുകളിലെ കാവ്യാത്മകമായ ഘടനയുടെ പ്രയോഗം എടുത്തു പറയേണ്ടതാണ്. വ്യത്യസ്ത കാലഘട്ടത്തിൽ നിന്നും സംസ്കാരങ്ങളിൽ നിന്നുമുള്ള വായനക്കാർ സ്വന്തം അനുഭവങ്ങളും ധാരണയും കൊണ്ട് രൂപപ്പെടുത്തിയ വരികളിൽ പുതിയ അർത്ഥങ്ങൾ കണ്ടെത്താൻ സാധിക്കുന്നു. അതുകൊണ്ടുതന്നെ ഇതിൽ നിറഞ്ഞിരിക്കുന്നത് ജീവനുള്ള വാചകങ്ങളാണ്, കേവലം വായനയ്ക്ക് പകരം ജീവിക്കാനുള്ള വഴിയാണ്.
ഇതിഹാസങ്ങളും ചരിത്ര വിവരണങ്ങളും
പരമ്പരാഗത ചൈനീസ് വിവരണങ്ങൾ, പ്രത്യേകിച്ച് സിമ ക്വിയാൻ എഴുതിയ Records of the Grand Historian (Shiji) പറയുന്നത് ലാവോത്സു കൺഫ്യൂഷ്യസിന്റെ സമകാലികനായിരുന്നുവെന്നും അദ്ദേഹം ബിസി ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നുവെന്നുമാണ്. ഷൗ കൊട്ടാരത്തിൽ ജോലി ചെയ്യുകയും, അഴിമതി കണ്ട് മടുത്ത ലാവോത്സു നാഗരികത ഉപേക്ഷിച്ച് ഒരു എരുമ പുറത്തുകയറി പടിഞ്ഞാറോട്ട് പോയതായി പറയപ്പെടുന്നു. പടിഞ്ഞാറൻ അതിർത്തിയിൽ, ഒരു കാവൽക്കാരൻ അദ്ദേഹത്തിനോട് തന്റെ ജ്ഞാനം എഴുതാൻ ആവശ്യപ്പെട്ടു, അതു പിന്നീട് താവോ തേ ചിങ്ങായി പിറവിയെടുക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ താവോ തേ ചിങ് ലാവോത്സു വിന്റെ സ്വന്തം ജീവിതത്തെ കുറച്ച് അദ്ദേഹം തന്നെ എഴുതിയ കാഴ്ചപ്പാടുകളായി കണക്കാക്കാം.
എന്നിരുന്നാലും, ലാവോത്സു ഒരു യഥാർത്ഥ വ്യക്തിയായിരുന്നോ അതോ ആദ്യകാല താവോയിസ്റ്റ് ചിന്തകരുടെ ഒരു കൂട്ടത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിയായിരുന്നോ എന്ന് ചരിത്രകാരന്മാർക്ക് ഇപ്പോഴും തർക്കമുണ്ട്. ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നത് താവോ തേ ചിങ് നിരവധി തലമുറകളായി സമാഹരിച്ചതും, ഗ്രന്ഥത്തിലെ വ്യത്യസ്ത ഭാഗങ്ങൾ എഴുത്തുകാർ പുതിയതായി കൂട്ടിച്ചേർത്തതുമാണെന്നാണ്. ഈ അനിശ്ചിതത്വം ഉണ്ടായിരുന്നിട്ടും, ലാവോത്സുവിന്റെ പേര് താവോ തേ ചിങ്ങുമായിട്ട് അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു, കൂടാതെ ‘Loneliness climbing into the desert’ എന്ന അദ്ദേഹത്തിന്റെ ചിത്രം ചൈനീസ് കലയിലും നാടോടിക്കഥകളിലും പ്രതീകമായി ഇന്നും നിലനിൽക്കുന്നു.
ലാവോത്സുവിന്റെ ജീവിതത്തിലെ ചില വശങ്ങൾ താവോയിസത്തെ ഒരു മതമായും തത്ത്വചിന്തയായും രൂപപ്പെടുത്തുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. മതപരമായ താവോയിസത്തിൽ, ലാവോത്സുവിനെ ഒരു ദൈവിക വ്യക്തിയായി ആരാധിക്കുന്നു, ചിലപ്പോൾ താവോയുടെ തന്നെ പ്രകടനമായി കണക്കാക്കപ്പെടുന്നു. വിവിധ താവോയിസ്റ്റ് എഴുത്തുകളിൽ അദ്ദേഹം ഒരു പ്രപഞ്ച അധ്യാപകനായോ, അല്ലെങ്കിൽ വഴികാട്ടിയായി പ്രത്യക്ഷപ്പെടുന്നു.
സമാഹാരവും ആദ്യകാല വിവർത്തനങ്ങളും
താവോ തേ ചിങ് വാമൊഴിമായിട്ടാണ് ആദ്യകാല താവോയിസ്റ്റ് സന്യാസിമാരും ഋഷിമാരും കൈമാറി ഉപയോഗിച്ചിരുന്നത്. ആദ്യകാല കൈയെഴുത്തുലിപികൾ ബിസി രണ്ടാം നൂറ്റാണ്ടിൽ കണ്ടെത്തി. ഈ പതിപ്പുകളിലെ വാക്കുകളിലും ക്രമത്തിലും വ്യത്യാസങ്ങൾ അടങ്ങിയിരിക്കുന്നു.
പതിനെട്ടാം നൂറ്റാണ്ടിൽ ജെസ്യൂട്ട് മിഷനറിമാർ വഴിയാണ് ഈ ഗ്രന്ഥം ആദ്യമായി പാശ്ചാത്യലോകത്ത് എത്തിയത്, എന്നാൽ 19, 20 നൂറ്റാണ്ടുകളിൽ മാത്രമാണ് യൂറോപ്യൻ ഭാഷകളിൽ വിവർത്തനങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. ജെയിംസ് ലെഗ്ഗെ, ആർതർ വാലി, ഡി.സി. ലോ തുടങ്ങിയവർ ഇംഗ്ലീഷ് പതിപ്പുകൾ സഭാവന ചെയ്തു. ഓരോന്നും വിവർത്തകന്റെ കാഴ്ചപ്പാടും പശ്ചാത്തലവും അനുസരിച്ചാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ചിലർ മതപരമായ ഘടകങ്ങൾക്ക് പ്രാധാന്യം നൽകി, മറ്റുചിലർ തത്ത്വചിന്തയിലും, കാവ്യാത്മകതകയിലും ശ്രദ്ധ കേന്ദ്രീകരിച്ചു.
വാക്യ രൂപവും ഭാഷയും
താവോ തേ ചിങ് 81 ഹ്രസ്വ അധ്യായങ്ങൾ ഉൾക്കൊള്ളുന്നു. മിക്ക അധ്യായങ്ങളും നാല് മുതൽ എട്ട് വരെ വരികൾ അടങ്ങിയവയാണ്. ഗദ്യത്തിനും കവിതയ്ക്കും ഇടയിലുള്ള നിഗൂഢതിയിലൂടെയാണ് താവോ തേ ചിങ് അധ്യായങ്ങൾ തുറന്നുകാട്ടുന്നത്. ഇതിന്റെ ഭാഷ ലളിതമാണ്, ഇതിന്റെ രൂപകങ്ങൾ ശ്രദ്ധേയമാണ്, ഇതിന്റെ ആശയങ്ങൾ പലപ്പോഴും വിരോധാഭാസമായി സാധാരണ വായനക്കാർക്ക് അനുഭപെടാം. അതുകൊണ്ടുതന്നെ, താവോ തേ ചിങ് വായനക്കാരെ ഒരു തരത്തിലുള്ള നിഗമനത്തിലേയ്ക്കും നയിക്കുന്നില്ല മറിച്ച് അവബോധത്തിലൂടെയുള്ള ഉൾക്കാഴ്ചയിലേയ്ക്ക് എത്തിയ്ക്കുന്നു.
ക്ലാസിക്കൽ ചൈനീസ് ഭാഷയിൽ താവോ തേ ചിങ്ങിന്റെ വ്യാഖ്യാന രീതി വളരെയധികം വെല്ലുവിളി സൃഷ്ട്ടിക്കുന്നതായിരുന്നു. യഥാർത്ഥ ലിപിയിൽ വിരാമചിഹ്നങ്ങൾ, സർവ്വനാമങ്ങൾ എന്നിവ ഇല്ലായിരുന്നു, കൂടാതെ അതിന്റെ പ്രതീകങ്ങൾക്ക് പലപ്പോഴും ഒന്നിലധികം അർത്ഥതലങ്ങൾ നൽകിയിരുന്നു. സന്ദർഭത്തെയും ചിന്തയെയും ആശ്രയിച്ച് ഒരു വാക്യം വിവിധ രീതികളിൽ വിവർത്തനം ചെയ്യപ്പെട്ടിരുന്നു. ഈ ഭാഷാപരമായുള്ള അവ്യക്തത പോരായ്മയല്ല, മറിച്ച് ഒരു വ്യത്യസ്തയാണ് – ഇത് താവോയുടെ സ്വഭാവത്തെ തന്നെ പ്രതിഫലിപ്പിക്കുന്നു.
താവോ തേ ചിങ്ങിലെ പ്രതീകാത്മകത
താവോ തേ ചിങ്ങിന്റെ ഒരു പ്രധാന സവിശേഷതയാണ് പ്രതീകാത്മകത.
“The highest virtue is like water,” “It will benefit all, it will not compete”
(Laozi, trans. J.J.L. Duyvendak 8)
താവോയുടെ ഗുണങ്ങളും ജ്ഞാനികളുടെ പെരുമാറ്റവും പ്രകടിപ്പിക്കാൻ ലാവോത്സു ജലം, താഴ്‌വരകൾ, നദികൾ, ആകാശം, എന്നിവയെ അവതരിപ്പിക്കുന്നു. പ്രത്യേകിച്ച്, ജലം, താവോയുടെ പ്രതിഭലനമായി കാണുന്നു– അത് അനായാസമായി ഒഴുകുന്നു, പരിശ്രമിക്കാതെ എല്ലാം പോഷിപ്പിക്കുന്നു, ഏറ്റവും താഴ്ന്ന സ്ഥാനം ഏറ്റെടുക്കുന്നു, എന്നിട്ടും ഏതു കഠിനമായ പാറയെ പോലും നശിപ്പിക്കാൻ ശക്തമാണ്. ജലത്തിലൂടെ, വിനയം, വഴക്കം, സൗമ്യത എന്നിവയും, അതിലൂടെ ലഭിക്കുന്ന ശക്തിയെയും ലാവോത്സു ചിത്രീകരിക്കുന്നു.
“Those who know do not speak; those who speak do not know”
(Laozi, trans. Stephen Mitchell, Ch. 56)
“To yield is to be completely protected”
(Laozi, trans. Stephen Mitchell, Ch. 22)
എന്നിങ്ങനെ ഒറ്റനോട്ടത്തിൽ പരസ്പരവിരുദ്ധമായി തോന്നുന്ന പ്രസ്താവനകൾ ലാവോത്സു പലപ്പോഴും ഉപയോഗിക്കാറുണ്ട്. ഇവയെല്ലാം വായനക്കാരന്റെ പതിവ് ചിന്താരീതികളുടെ വെല്ലുവിളിക്കുകയും, ബൈനറി ലോജിക്കിന് അപ്പുറമുള്ള ആഴമേറിയ സത്യങ്ങളിലേക്ക് വിരൽ ചൂണ്ടുകയും ചെയ്യുന്നു.
താവോ തേ ചിങ്ങിന്റെ ദാർശനിക തലങ്ങൾ
താവോ തേ ചിങ്ങിന്റെ അടിസ്ഥാനമായി “താവോ” എന്ന ആശയം, ഇത് പലപ്പോഴും “വഴി” എന്ന് വിവർത്തനം ചെയ്യപ്പെടുന്നു. എല്ലാ അസ്തിത്വത്തിന് അടിവരയിടുന്നതും ഏകീകരിക്കുന്നതുമായ അടിസ്ഥാന തത്വമാണ് താവോ. അത് ഒരു ദൈവീകമോ, ഇച്ഛാശക്തിയോ അല്ല. മറിച്ച്, എല്ലാറ്റിന്റെയും ഉത്ഭവമായ പ്രപഞ്ചം വികസിക്കുന്ന ഉറവിടമാണ്. അതുകൊണ്ട് തന്നെ താവോ പേരില്ലാത്തതും രൂപമില്ലാത്തതുമാണ്.
“The Tao that can be told is not the eternal Tao.
The name that can be named is not the eternal name.
The nameless is the beginning of heaven and earth.”
(Laozi, trans. J.J.L. Duyvendak Ch. 1)
ഇന്ദ്രിയ ധാരണയ്ക്കും യുക്തിസഹമായ ചിന്തയ്ക്കും താവോ അപ്രാപ്യമാണ്, എന്നിരുന്നാലും അത് എല്ലാ പുൽക്കൊടികളിലും, ഓരോ ശ്വാസത്തിലും, ഓരോ നിമിഷത്തിലും ഉണ്ട്. താവോ മനുഷ്യ ചിന്തകൾക്കനുസരിച്ച് പ്രവർത്തിക്കുന്നില്ല, എന്നിരുന്നാലും എല്ലാം അതിന്റെ ശാന്തവും സ്വഭാവികവുമായ പ്രവാഹത്തിലൂടെയാണ് ഉണ്ടാകുന്നത്. ശൂന്യമാണെങ്കിലും എല്ലാവസ്തുവിലും നിറഞ്ഞിരിക്കുന്നു, എപ്പോഴും സജീവമാണ്, നിശബ്ദമാണ്. എല്ലാ പ്രതിഭാസങ്ങൾക്കും ജന്മം നൽകുന്ന പ്രപഞ്ചത്തിന്റെ ഗർഭപാത്രമാണ് താവോ.
താവോ തേ ചിങ്ങിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വു വെയ് (Wuwei) എന്ന തത്വം, പലപ്പോഴും “പ്രവർത്തനരഹിതം”, “നിർബന്ധിതമല്ലാത്തത്” അല്ലെങ്കിൽ “ആയാസരഹിതമായ പ്രവർത്തനം” എന്ന് വിവർത്തനം ചെയ്യപ്പെടുന്നു. വു വെയ്(Wuwei) എന്നാൽ ഒന്നും ചെയ്യാതിരിക്കുക എന്നോ നിഷ്ക്രിയനായിരിക്കുക എന്നോ അർത്ഥമാക്കുന്നില്ല. മറിച്ച്, താവോയുടെ സ്വാഭാവിക ഒഴുക്കിനോട് യോജിച്ച് പ്രവർത്തിക്കുക എന്നാണ് സൂചിപ്പിക്കുന്നത്. സൂര്യൻ ഉദിക്കുന്നതും, നദികൾ ഒഴുകുന്നതും, മരങ്ങൾ വളരുന്നതുമായ പ്രകൃതിയിലെ എല്ലാ ചലനങ്ങളും നടക്കുന്നത് വു വെയ് (Wuwei) വഴിയാണ്. ലാവോത്സു ഈ സ്വഭാവികത നിരീക്ഷിക്കാനും അനുകരിക്കാനും നമുക്ക് വഴികാട്ടുന്നു.
താവോ തേ ചിങ്ങിൽ മൂന്ന് പ്രധാന മൂല്യങ്ങൾ ഉയർന്നുവരുന്നു: ലാളിത്യം (Pu), വിനയം, സ്വാഭാവികത (Ziran). ഈ ഗുണങ്ങൾ താവോയിസ്റ്റ് തത്ത്വചിന്തയിൽ ധാർമ്മികവും ആത്മീയവുമായ മൂല്യത്തെ രൂപപ്പെടുത്തുന്നു. ലാളിത്യം എന്നത് ഭൗതിക മിനിമലിസത്തെ മാത്രമല്ല, ആന്തരിക വ്യക്തതയെയും തുറന്ന മനസ്സിനെയും സൂചിപ്പിക്കുന്നു. ഒരു ലളിതമായ വ്യക്തി വിഡ്ഢിയല്ല, മറിച്ച് അയ്യാൾ യാഥാർഥ്യത്തിലേക്കുള്ള ആഴത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ചെയ്യുനത്. വിശാലമായി തങ്ങളുടെ സ്ഥാനം തിരിച്ചറിയുന്ന ഒരാളുടെ മനോഭാവo വിനയമാണ്. എളിമയുള്ള വ്യക്തി സ്വയം അഭിമാനിക്കാനോ, ആധിപത്യം സ്ഥാപിക്കാനോ ശ്രമിക്കുന്നില്ല. അവരുടെ ശക്തി അവരുടെ സൗമ്യതയിലാണ്, അവരുടെ ശക്തി അദൃശ്യതയിൽ നിന്നാണ് ഉത്ഭവിക്കുന്നത്.
സ്വാഭാവികത (Ziran) എന്നാൽ കൃത്രിമത്വമില്ലാതെ തുടരുന്നു എന്നാണ്. താവോയുടെ ചിന്തകളുമായി യോജിച്ച്, ഒരാളുടെ യഥാർത്ഥ സ്വഭാവത്തോട് സത്യസന്ധത പുലർത്തുന്ന അവസ്ഥയാണിത്. താവോ തേ ചിങ് ഒരു വ്യക്തി എന്താണോ അതായി നില്ക്കാൻ പ്രോത്സാഹിപ്പിക്കുന്നു. ഈ മൂല്യങ്ങൾ സമൂഹത്തിൽ എടുത്തു കട്ടേണ്ടത് അത്യാവശ്യമാണ്. താവോ തേ ചിങ് നിശബ്ദമായി എല്ലാവരിലും ജ്ഞാനം നൽകുന്നു: സന്തോഷം ലഭിക്കുന്നത് ലോകത്തെ മാറ്റുന്നതിലൂടെയല്ല, മറിച്ച് അതിനോട് യോജിക്കുന്നതിലൂടെയാണ്; കൂടുതൽ ഗ്രഹിക്കുന്നതിലല്ല, മറിച്ച് ഉപേക്ഷിക്കുന്നതിലൂടെയാണ്.
ഉപസംഹാരം
ലാവോത്സുവിന്റെ താവോ തേ ചിങ് നൂറ്റാണ്ടുകളായി ലോകമെമ്പാടും സ്വീകരിച്ചിട്ടുള്ള ഒരു കൃതിയാണ്. പ്രതീകാത്മകതയും സൂചനയും ഉപയോഗിച്ചാണ് താവോ തേ ചിങ് ദാർശനിക തലങ്ങൾ വിശദീകരിക്കുന്നത്. ഘടന പരമായി ഭാഷയ്ക്ക് സാർവത്രികതമായ ബോധം നൽകുക എന്നതാണ് ഈ സൃഷ്ടിയുടെ ഒരു പ്രധാന സവിശേഷത. കലയും സാഹിത്യവും മുതൽ ദർശനികത വരെയുള്ള പൗരസ്ത്യ സംസ്കാരത്തിന്റെ പല വശങ്ങളിലും താവോ തേ ചിങ്ങിന്റെ സ്വാധീനം കാണാൻ കഴിയും. ജീവിതത്തിന്റെ സങ്കീർണ്ണതകളെ മറികടക്കാനുള്ള പ്രായോഗിക മാർഗ്ഗനിർദ്ദേശം നൽകിക്കൊണ്ട് കൂടുതൽ അർത്ഥവത്തായും സംതൃപ്തവുമായ ഒരു ജീവിതരീതി തേടുക എന്നതായിരുന്നു ലാവോത്സുവിന്റെ പ്രധാന ലക്ഷ്യം. അതുകൊണ്ടുതന്നെ ആഴമേറിയ ജ്ഞാനത്തിന്റെയും ഉൾക്കാഴ്ചയുടെയും കൃതി എന്ന നിലയിൽ, താവോ തേ ചിങ് മാർഗനിർദേശവും പ്രചോദനവും നൽകുന്ന ഒരു ക്ലാസിക് ഗ്രന്ഥമായി ആയി ഇപ്പോഴും തുടരുന്നു.
സഹായക ഗ്രന്ഥങ്ങൾ
Duyvendak, J.J.L., translator. Tao Te Ching. By Lao Tzu, London: John Murray, 1954.
Mitchell, Stephen, translator. Tao Te Ching. By Laozi, Harper Collins Publishers, 1988.
Simpkins, C. Alexander. Simple Taoism. Newleaf, 1999.
Slingerland, Edward. Effortless Action: Wu-wei as Conceptual Metaphor and Spiritual Ideal in Early China. Oxford University Press, 2003.
സനാദരാജ്. താവോയുടെ പുസ്തകം ലാവോ- ട് സു. സൈൻ ബുക്ക്സ്,2007.
ജയകുമാർ, കെ. താവോയുടെ പുസ്തകം. കൈരളി ബുക്ക്സ്, 2018.
രാഗേന്ദു.എസ്.ജി
ഗവേഷക വിദ്യാർത്ഥിനി
തത്ത്വചിന്താ വിഭാഗം,കാര്യവട്ടം കാമ്പസ്
Mail ID- ragendusreejith15@gmail.com





Comments