top of page

ദേശീയത രാജ്യങ്ങളോടുള്ള വെറുപ്പിന്റെ പേരല്ല

  • Dec 13, 2024
  • 6 min read

Updated: Dec 15, 2024

അഭിമുഖം

എം.എൻ. കാരശ്ശേരി / ഡോ. എം.എസ്. സേതുലക്ഷ്മി


1. ദേശീയത എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കേണ്ടത് ?   എന്തായാലും അയൽ രാജ്യത്തെയും അവിടുത്തെ മനുഷ്യരെയും ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ചു കൊണ്ട് ആ രാജ്യത്തിനെതിരായി രൂപപ്പെടുത്തുന്ന വിധ്വംസകമായ ഒരു മനോനിലയല്ല ദേശീയത എങ്കിൽ പിന്നെ എങ്ങനെയാണ് ഇതിനെ നാം മനസ്സിലാക്കേണ്ടത് ? ഭാഷാ ദേശീയത പോലുള്ള ചെറു ദേശീയതകൾ ഉയർന്ന ദേശീയതയ്ക്ക് വിഘാതമാവുന്നുണ്ടോ ?

ഒരു പ്രത്യേക ഭൂപ്രദേശത്ത് രൂപം കൊള്ളുന്ന രാജ്യത്തിലെ പൗരന്മാർ ജാതി-മത-ലിംഗ-ഭാഷാ ഭേദമില്ലാതെ ജാതികൾ ഒരു പാരമ്പര്യത്തിന്റെയും ഒരു സാമൂഹിക ജീവിതത്തിന്റെയും പങ്കുകാരാണ് എന്ന് വിശ്വസിക്കുന്നതിനെയാണ് ദേശീയത എന്നു പറയുന്നത്. അത് ഒരു സ്‌നേഹത്തിന്റെ പേരാണ്. അല്ലാതെ അയൽ രാജ്യങ്ങളോടുള്ള വെറുപ്പിന്റെ പേരല്ല. നിങ്ങൾക്ക് സ്വന്തം മാതാവിനോട് സ്‌നേഹമാണ് എന്നതിന് അയല്ക്കാരന്റെ മാതാവിനോട് ദേഷ്യമാണ് എന്ന് അർത്ഥമില്ലല്ലോ. ഇത് തന്നെ ദേശാഭിമാനത്തിന്റെയും സ്ഥിതി.

ഭാഷാദേശീയത പോലുള്ള ഉപദേശീയതകൾ രാഷ്ട്രദേശീയതയ്ക്ക് വെല്ലുവിളിയാകാം. 1966-ൽ മഹാരാഷ്ട്രയിൽ രൂപം കൊണ്ട ‘ശിവസേന’ ഒരുദാഹരണം. മറാത്തി ഭാഷാ സംസാരിക്കുന്നവരുടേതാണ് ബോംബെ നഗരവും മഹാരാഷ്ട്ര സംസ്ഥാനവും എന്ന് സംഘടന ആദ്യകാലത്ത് നിലപാട് എടുത്തിരുന്നത് ഇന്ത്യൻ ദേശീയതയ്ക്ക് വലിയ പ്രശ്‌നമായിരുന്നുവല്ലോ.


2. മതത്തിന് ജനാധിപത്യത്തെ അംഗീകരിക്കാനാകുമോ? മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലും നമ്മൾ ഉയത്തിപ്പിടിക്കേണ്ട ധാർമ്മികത ജനാധിപത്യമൂല്യങ്ങളാണ്. ഇത് ശരിയാണെങ്കിൽ അധികാര വ്യവസ്ഥയായി നിലനിൽക്കുന്ന മതവും എല്ലാത്തരം അധികാരപ്രയോഗങ്ങളുടെയും വിമർശനമായി നിൽക്കുന്ന ജനാധിപത്യവും പരസ്പരം ഒഴിവാക്കപ്പെടുന്ന (mutually exclusive ) രണ്ട് മൂല്യങ്ങളല്ലേ ?

മതത്തിന് ജനാധിപത്യത്തെ അംഗീകരിക്കാനാവും. ഭിന്ന മതവിശ്വാസികളായ ഇന്ത്യക്കാർ ജനാധിപത്യത്തെ അംഗീകരിച്ച് 7 പതിറ്റാണ്ടിലധികമായി ഒന്നിച്ച് ജീവിച്ചുപോരുന്നുണ്ടല്ലോ. മതപണ്ഡിതനും ഖുർആൻ വ്യാഖ്യാതാവുമായ അബ്ദുൽകലാം ആസാദ് ജനാധിപത്യത്തിന്റെ വലിയൊരു വക്താവായിരുന്നു എന്ന് ഓർക്കക.

നമ്മൾ ഓർത്തിരിക്കേണ്ട കാര്യം മതത്തിന് ജനാധിപത്യം വേണം, ജനാധിപത്യത്തിന് മതവും വേണം. അതായത് ജനാധിപത്യം ജനങ്ങളെല്ലാം നിർമ്മതവാദികളായിട്ട് നടപ്പാക്കിയാൽ പോരാ. അവർ മതവിശ്വാസികളായി തുടരുമ്പോൾ തന്നെ ജനാധിപത്യം കൊണ്ടുവരണം. ഇതുപോലെ പൗരന്മാരുടെ വിശ്വാസസ്വാതന്ത്ര്യം ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ജനാധിപത്യത്തിനും ഉണ്ട്. അതായത് പൗരാവകാശങ്ങളിൽ സുപ്രധാനമാണ് വിശ്വാസ സ്വാതന്ത്ര്യം. മതവിശ്വാസമോ, മതാനുഷ്ഠാനമോ നിരോധിക്കുന്നത് ജനാധിപത്യത്തിന് നിരക്കുകയില്ല.

ഇവിടെ ഒരു പ്രശ്‌നം വരാം: മതമൂല്യങ്ങളും ജനാധിപത്യമൂല്യങ്ങളും പരസ്പരം ഏറ്റുമുട്ടിയാൽ എന്തു ചെയ്യും? സംശയമില്ല. ജനാധിപത്യമൂല്യങ്ങൾ മതമൂല്യങ്ങളെ പിന്തള്ളി മുന്നോട്ടുപോകും; പോകണം.

ജനാധിപത്യമൂല്യങ്ങൾ എന്നു പറഞ്ഞാലെന്താ എന്ന് ഇപ്പോൾ ചിലർക്ക് ഒരു സംശയം വരാം. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളെയാണ് ഞാൻ ജനാധിപത്യമൂല്യങ്ങൾ എന്നു പറയുന്നത്.

ഉദാഹരണം കാണിച്ചാൽ സംഗതി വിശദമാവും.

അയിത്തം പാലിക്കുക എന്ന പഴയ മതമൂല്യം സമത്വം പാലിക്കുക എന്ന ജനാധിപത്യമൂല്യത്തിന് എതിരാണ്. ജനാധിപത്യമൂല്യത്തിന് പ്രാധാന്യം നല്കികൊണ്ട് ഭരണഘടന അയിത്തം ശിക്ഷ കിട്ടുന്ന ക്രിമിനൽ കുറ്റമായി പ്രഖ്യാപിക്കുന്നു.

ഇതേ പോലെ നരബലി, സതി, ക്ഷേത്രപ്രവേശനം, വിദ്യാഭ്യാസം തുടങ്ങി അനേകം കാര്യങ്ങളിൽ മതപാരമ്പര്യങ്ങൾ ദലിതരോടും സ്ത്രീകളോടും തുടർന്നു പോന്നിരുന്ന നിഷ്ഠൂരതകളും വിവേചനങ്ങളും ജനാധിപത്യം അവസാനിപ്പിച്ചു. സ്വവർഗരതി ക്രിമിനൽ കുറ്റമാകുന്ന ഐ.പി.സി. 377-ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയത് പുതിയകാലത്തിന്റെ ജനാധിപത്യമൂല്യത്തെ ബഹുമാനിച്ചുകൊണ്ടാണ് - എല്ലാ മതപാരമ്പര്യങ്ങളും സ്വവർഗരതിയെ പാപമായി കാണുന്നു. ഇന്ന് അത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നം മാത്രമാണ് എന്ന് ഓർക്കുക.

ജനാധിപത്യം എന്നത് വർത്തമാനകാലത്ത്; മതം എന്നത് ഭൂതകാലവും ഭൂതകാലത്തെ വർത്തമാനത്തിന് ചേരുംവിധം പരിഷ്‌കരിച്ച് ഭാവിയിലേയ്ക്ക് മുന്നേറാനാണ് ജനാധിപത്യം പരിശ്രമിക്കുന്നത്. ജാതിമത ഭേദമില്ലാതെ ആണിനും പെണ്ണിനും ഇന്ത്യയിൽ വിദ്യ അഭ്യസിക്കാം എന്നു വരുത്തിയത് ജനാധിപത്യമാണ്.


3. ജനാധിപത്യപരമായി മനുഷ്യർ ജീവിക്കുമ്പോൾ മതത്തിൽ നിന്നും അടർത്തിയെടുക്കാവുന്ന  ശരിയായ മൂല്യങ്ങൾ കൂടെ അതിൽ ഉൾച്ചേർക്കണം എന്നു പറയുന്നതിൽ അർത്ഥമുണ്ടോ ? കാരണം മതമൂല്യങ്ങൾ കേവലമായി നിലനിൽക്കുന്നതല്ലല്ലോ, അവയെ സ്വീകരിക്കുമ്പോൾ മതത്തെ ആകമാനം സ്വീകരിക്കേണ്ടി വരില്ലെ ? മതവും മതമൂല്യങ്ങളും വേറിട്ടു നിൽക്കുന്ന കാര്യങ്ങളല്ലല്ലോ, രണ്ടിനെയും പരസ്പര ബന്ധത്തിൽ അല്ലേ കാണാനാകൂ ?

മതമൂല്യങ്ങളിൽ അപ്പടി സ്വീകരിക്കാവുന്നവ ഉണ്ടാകും. സത്യം പറയണം എന്നും കക്കാൻ പാടില്ല എന്നും എല്ലാ മതങ്ങളും പറയുന്നത് ഉദാഹരണം. അവ സ്വീകരിക്കാം. സ്ത്രീ പുരുഷന്റെ താഴെയാണ് എന്ന് എല്ലാ മതങ്ങളും വിശ്വസിക്കുന്നു. അതു സ്വീകരിക്കാൻ പറ്റില്ല. ഹിന്ദു പാരമ്പര്യത്തിലെ ജാതിവ്യവസ്ഥ നാനാമേഖലകളിൽ വിവേചനം അടിച്ചേല്പിക്കുന്ന ചൂഷണ സംവിധാനമാണ്. അത് അപ്പാടെ നിരാകരിക്കണം. ‘അയിത്തം ഹിന്ദുമതത്തിന്റെ അനിവാര്യഭാഗമാണെങ്കിൽ എനിക്ക് ഹിന്ദുമതം വേണ്ട’ എന്ന് ഗാന്ധിജി പറഞ്ഞതു തന്നെ ശരിയായ മാതൃക. മതമൂല്യങ്ങൾ കാലത്തിനും ദേശത്തിനും അനുസരിച്ച് പരിഷ്‌ക്കരിക്കണം എന്നർത്ഥം. അങ്ങനെ പരിഷ്‌ക്കരിക്കാൻ പറ്റാത്തവ പൂർണമായും ഉപേക്ഷിക്കുക തന്നെ വേണം. നരബലി എങ്ങനെയാണ് പരിഷ്‌ക്കരിക്കുക? സതി എങ്ങനെയാണ് പരിഷ്‌ക്കരിക്കുക? അതുകൊണ്ടുതന്നെ അവ നിരോധിക്കപ്പെട്ടു. ഈ മട്ടിൽ ഉള്ളതാണ് മതവും ജനാധിപത്യവും തമ്മിലുള്ള പാരസ്പര്യം.

മതത്തിന് പല വശങ്ങളുണ്ട് - തത്വചിന്ത, വിശ്വാസാചാരങ്ങൾ, പുരാവൃത്തങ്ങൾ, അനുഷ്ഠാനങ്ങൾ... അങ്ങനെയങ്ങനെ. അവയിൽ പലതും കാലം മാറുമ്പോൾ ഇല്ലാതെയാകും. മഴ പെയ്യുന്നതിനെപ്പറ്റി മതക്കാർക്കുള്ള കഥകളൊക്കെ അതിന്റെ ശാസ്ത്രീയ സത്യം വെളിപ്പെടുമ്പോൾ ഇല്ലാതെയാകും. സന്താന നിയന്ത്രണത്തിനെതിരായി 50 കൊല്ലം മുമ്പ് എന്തൊരു കോലാഹലമാണ് കേരളത്തിൽ ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഉണ്ടാക്കതിയത്? ഇപ്പോൾ അതൊന്നും കേൾക്കാനില്ല. സ്ത്രീ വിദ്യാഭ്യാസത്തിനെതിരായി നമ്പൂതിരിമാരോ മുസ്ലീങ്ങളോ ഇപ്പോൾ ഒരു വാക്കും മിണ്ടുന്നില്ല. ‘മതം’ എത്രമാത്രം ഏകശിലാനിർമ്മിതമാണ് എന്നു പറഞ്ഞാലും ജീവിതസാഹചര്യങ്ങൾ ഏല്പിക്കുന്ന പരിഷ്‌ക്കരണങ്ങൾ മതവിശ്വാസികൾ ഏറ്റുവാങ്ങിയേ പറ്റൂ. ബസ്സിലോ തീവണ്ടിയിലോ ഏത് നമ്പൂതിരിക്കാണ് ആഗ്രഹിച്ചാലും അയിത്തം പാലിക്കാൻ പറ്റുക? പുതിയ കാലത്തെ വാഹനം ഉപയോഗിക്കണമെങ്കിൽ പുതിയ കാലത്തിന്റെ മൂല്യം അംഗീകരിക്കേണ്ടിവരും. സിനിമാഹാളിലോ ഫുട്‌ബോൾ ഗ്രൗണ്ടിലെ ഗാലറിയിലോ അയിത്തം ദീക്ഷിക്കാനാവില്ലല്ലോ.


4. മുതലാളിത്ത വ്യവസ്ഥ ജനാധിപത്യത്തെ മഹത്വവത്ക്കരിക്കുന്നത് വെറും മേനിപറച്ചിലല്ലേ ? പാർലമെന്ററി ജനാധിപത്യം പോലും സമ്പത്തും അധികാരവുമുള്ള വർഗ്ഗങ്ങൾക്കായി  അട്ടിമറിക്കപ്പെടുന്നത് ലോകത്ത് നമ്മൾ കണ്ടുകൊണ്ടിരിക്കുകയല്ലേ ? കാർഷിക രംഗത്തെ ഏകവിള(mono culture) കൃഷി രീതി, ആരോഗ്യരംഗത്ത് ആധുനിക വൈദ്യശാസ്ത്രത്തിന് മാത്രം നല്കുന്ന മേൽക്കൈ  തുടങ്ങി ഏതു മേഖലയിലായാലും മുതലാളിത്ത വ്യവസ്ഥ കൈക്കൊള്ളുന്ന സമീപനം എന്നത് വലിയ തോതിലുള്ള മൂലധന കൊള്ളയും മനുഷ്യരെയും പ്രകൃതിയെയും അപ്പാടെ തകർത്തെറിയുന്ന തരത്തിലുള്ള ചൂഷണവുമല്ലേ? സ്വതന്ത്രമത്സരമെന്നും അവസരസമത്വമെന്നും മുതലാളിത്തവ്യവസ്ഥ  പറയുന്നത് വെറും ബഡായി പറച്ചിലല്ലേ ? മുതലാളിത്ത വ്യവസ്ഥയുടെ ആരംഭത്തിൽ സ്വതന്ത്രമത്സരം ഉണ്ടായിരുന്നെങ്കിലും പിന്നീടത് ക്രമാനുഗതമായി കുത്തകവത്ക്കരണത്തിലേയ്ക്കും തുടർന്ന് സാമ്രാജ്യത്വത്തിലേയ്ക്കും എത്തപ്പെട്ട്, ലോകത്തിന്റെ സമഗ്രാധിപത്യം കൈയ്യടക്കിയിട്ടുള്ള അവസ്ഥയിൽ എവിടെയാണ് ജനാധിപത്യത്തിന്റെ വിദൂരമായ കാഴ്ച്ചയെങ്കിലുമുള്ളത് ?

ജനാധിപത്യം സ്വകാര്യസ്വത്ത് അനുവദിക്കുന്നു. സംശയമില്ല. എന്നുവെച്ച് ജനാധിപത്യവും മുതലാളിത്തവും ഒറ്റയൊന്നാണ് എന്ന് ധരിക്കരുത്.

ജനാധിപത്യം വ്യവസായ-വ്യാപാര-കാർഷികരംഗങ്ങളെ മൂന്നായി വകതിരിക്കുന്നു.

1.     പൊതുമേഖല - സർക്കാർ ഉടമസ്ഥതയിലുള്ള ഏർപ്പാടുകൾ. കേരളത്തിലെ സ്റ്റേറ്റ് ബസ്സ് (കെ.എസ്.ആർ.ടി.സി.) ഉദാഹരണം. ഇതിലെ ലാഭം സർക്കാരിനാണ്.

2.     സഹകരണമേഖല - കുറേയധികം സ്‌കൂളുകൾ ഒന്നിച്ചുചേർന്ന് പണം മുടക്കി ഒന്നിച്ച് അധ്വാനിച്ച് നടത്തുന്ന ഏർപ്പാടുകൾ - കേരളത്തിൽ എവിടെയുമുള്ള സഹകരണ ബാങ്കുകൾ ഉദാഹരണം. ഇതിലെ ലാഭം ഓഹരിയുടമകളായ അനേകം വ്യക്തികൾക്ക് വീതിച്ചുപോകുന്നു.

3.     സ്വകാര്യമേഖല - ഒരു വ്യക്തി ഒറ്റയ്ക്കു പണം മുടക്കി, ശമ്പളം കൊടുത്തു തൊഴിലാളികളെ വെച്ച് നടത്തുന്ന ഏർപ്പാടുകൾ - കേരളത്തിലെ മിക്ക ഹോട്ടലുകളും ഉദാഹരണം. ഇതിലെ ലാഭം ഒരു വ്യക്തിക്കാണ്.

ജനാധിപത്യം ഉത്സാഹിക്കുന്നത് പൊതുമേഖലയും സഹകരണമേഖലയും ശക്തിപ്പെടുത്താനാണ്; അതുവഴി സ്വകാര്യമേഖല വളർന്ന് കുത്തകകൾ ആവാതെ നോക്കാനും. കുത്തകകൾ പണക്കാരെ വലിയ പണക്കാരും പാവപ്പെട്ടവരെ കൂടുതൽ പാവപ്പെട്ടവരും ആക്കിത്തീർക്കും. അത് നിയന്ത്രിക്കുന്ന പണിയാണ് ജനാധിപത്യം ചെയ്യുന്നത്; ചെയ്യേണ്ടത്.

മുതലാളിത്തവ്യവസ്ഥ തൊഴിലാളികളെയും പ്രകൃതിയെയും ക്രൂരമായി ചൂഷണം ചെയ്യും എന്നത് വാസ്തവമാണ്. അതാണ് നമ്മൾ ചുറ്റും കാണുന്നത്. ജനാധിപത്യത്തിൽ ഇതിനുള്ള ഒരു വഴി ദേശസാല്ക്കരണമാണ്. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽനെഹ്‌റു വിമാന സർവ്വീസ് ദേശസാല്ക്കരിച്ചത് ഉദാഹരണം. തപാൽസർവ്വീസ് പൊതുമേഖലയിലാണ്. കൊരിയർ സർവ്വീസിന് അനുവാദം കൊടുക്കുന്നത് ആ രംഗത്തേയ്ക്ക് സ്വകാര്യക്കുത്തകകൾക്ക് ചൂഷണ സൗകര്യം നല്കാനാണ്. തീവണ്ടി ഇപ്പോഴും പൊതുമേഖലയിലാണ്. അത് സ്വകാര്യമേഖലയ്ക്ക് കൈമാറാൻ കേന്ദ്രഗവണ്മെന്റ് ആലോചിക്കുന്നതായി അറിയുന്നു. ഇത് ജനാധിപത്യവ്യവസ്ഥയുടെ കുറ്റമല്ല, അതിനെ ദുരുപയോഗം ചെയ്യുന്ന പാർട്ടികളുടെയും ഗവണ്മെന്റുകളുടെയും കുറ്റമാണ്. കേന്ദ്രസർക്കാരിന്റെ പുതിയ കാർഷികനിയമപരിഷ്‌ക്കാരങ്ങളെ പഞ്ചാബിലും ഹരിയാനയിലും ദൽഹിയിലും മഹാരാഷ്ട്രയിലും ഉള്ള കർഷകർ സമരം ചെയ്ത് തോല്പിച്ചത് അതുകൊണ്ടാണ്. ജനാധിപത്യം ശക്തിപ്പെടുന്നതിന്റെ പുതിയ കാലത്തെ വഴികളാണ് ആ കർഷകസമരത്തിലൂടെ വെളിപ്പെട്ടത്.


5.നിർദ്ദേശിക്കപ്പെട്ട കമ്മ്യൂണിസവും പ്രയോഗിക്കപ്പെട്ട / പ്രയോഗിക്കപ്പെടുന്ന കമ്മ്യൂണിസവും തമ്മിൽ എന്തെങ്കിലും ബന്ധം അവകാശപ്പെടാനുണ്ടോ ? സ്വകാര്യ സ്വത്ത് ഇല്ലാതെയാകുന്നത് കമ്മ്യൂണിസത്തിന്റെ മുൻഉപാധിയാണെങ്കിലും സ്വകാര്യസ്വത്തിൻ്റെ അപ്രത്യക്ഷമാക്കലിലൂടെ കമ്മ്യൂണിസ്റ്റ് സമൂഹം കെട്ടിപ്പടുത്തു എന്ന് കരുതുന്നതിൽ അർത്ഥമുണ്ടോ ?ഉത്പാദനബന്ധങ്ങളെ മാർക്സിയൻ ദാർശനികതയുടെ അടിസ്ഥാനത്തിൽ മാറ്റിയെടുക്കാതെ എങ്ങനെയാണ് ഒരു കമ്മ്യൂണിസ്റ്റ് സമൂഹം നിർമ്മിച്ചെടുക്കാനാകുന്നത് ? ലോകത്തെ ഒരു കോണിൽ മാത്രം അല്ലെങ്കിൽ ഒരു വലിയ രാജ്യത്തായി മാത്രം  കമ്മ്യൂണിസ്റ്റ്  വ്യവസ്ഥയിലുള്ള ഒരു സമൂഹനിർമ്മാണം സാദ്ധ്യമാകുമോ ?  സോവിയറ്റ് യൂണിയനിൽ ലെനിൻ്റെ കാലത്ത് അടക്കം നടപ്പിലാക്കിയത്  ഭരണകൂട മുതലാളിത്തമാണെന്ന് (state capitalism) തുറന്ന് സമ്മതിക്കാതെ സോഷ്യലിസ്റ്റ് രാജ്യമാണെന്നും കമ്മ്യൂണിസത്തിലേയ്ക്കുള്ള അന്തരാളഘട്ടമാണെന്നും ഒക്കെ  പറയുന്നതിലെ  സത്യസന്ധത ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ?

കമ്മ്യൂണിസത്തിൽ ജനാധിപത്യമില്ല; അതിലുള്ളത് തൊഴിലാളി വർഗാധിപത്യമാണ്. ഇന്ത്യയിൽ അത് പാർലമെന്ററി ജനാധിപത്യത്തിന്റെ പാത സ്വീകരിച്ചിരിക്കുന്നു എന്നേയുള്ളൂ. ഭരണമാറ്റത്തിന് സായുധസമരം ആവാം എന്നാണ് കമ്മ്യൂണിസത്തിന്റെ തത്വം. 1917-ൽ റഷ്യയിൽ കമ്മ്യൂണിസം അധികാരത്തിലെത്തിയത് സായുധസമരത്തിലൂടെയാണ്. ചൈനയിലും സംഭവിച്ചത് ഇതുതന്നെ. സ്വകാര്യസ്വത്ത് ഇല്ലാതെയാക്കാൻ റഷ്യയിലും ചൈനയിലും നടന്ന ശ്രമങ്ങൾ പരാജയപ്പെട്ടു. ഏഴുപതിറ്റാണ്ടു കഴിഞ്ഞപ്പോൾ യു.എസ്.എസ്.ആർ. തകർന്നു. സ്വകാര്യസ്വത്തില്ലാതെ ഉല്പാദനം വേണ്ടത്ര കാര്യക്ഷമമാവില്ല എന്നതായിരുന്നു അടിസ്ഥാനപ്രശ്‌നം. ഉല്പാദനം കുറഞ്ഞു, നാട്ടിൽ ഭക്ഷ്യക്ഷാമം അസഹനീയമായി. അവനവനുവേണ്ടി അദ്ധ്വാനിക്കുമ്പോലെ മനുഷ്യർ അന്യനു വേണ്ടി അദ്ധ്വാനിക്കുകയില്ല എന്ന് യു.എസ്.എസ്.സ്‌കൂൾ തെളിയിച്ചു.

ഈ തിരിച്ചറിവിൽ ചൈന മുതലാളിത്ത പാതയിലേയ്ക്കു മാറി. അതായത് അവിടെ സ്വകാര്യസ്വത്തിന് വിലക്കില്ല. കമ്മ്യൂണിസത്തിന്റെ പേരിൽ, ചുവന്ന കൊടിയും ചിഹ്നങ്ങളുമായി മുതലാളിത്തം വാഴ്ചകൊള്ളുന്ന ഒരു രാജ്യമാണ് ചൈന.

റഷ്യയിൽ ഉണ്ടായിരുന്നത് സ്വകാര്യ മുതലാളിത്തമല്ല, രാഷ്ട്രമുതലാളിത്തം (സ്റ്റേറ്റ് ക്യാപിറ്റലിസം) ആണ് എന്നത് ശരിയാണ്. ഉല്പാദനം പൂർണമായും സർക്കാരിന്റെ ഉടമസ്ഥതയിൽ ആയി. ‘ഓരോരുത്തനും എല്ലാവർക്കും വേണ്ടി, എല്ലാവരും ഓരോരുത്തനും വേണ്ടി എന്നതായിരുന്നു തത്വം. വ്യക്തികൾ സ്വന്തം ലാഭത്തിനുവേണ്ടി പണിയെടുക്കുമ്പോലെ മറ്റുള്ളവരുടെ സൗകര്യത്തിനുവേണ്ടി പണിയെടുക്കുകയില്ല എന്ന് അവിടെ തെളിഞ്ഞു. കഠിനമായി അധ്വാനിക്കാനുള്ള ഊർജ്ജം സ്വാർത്ഥത്തിൽ നിന്ന് കിട്ടുമ്പോലെ പ്രത്യയശാസ്ത്രത്തിൽ നിന്ന് കിട്ടുകയില്ല എന്നതായിരുന്നു യാഥാർത്ഥ്യം. നേരത്തെ പറഞ്ഞപോലെ, ഈ തിരിച്ചറിവിൽ നിന്നാണ് ചൈന പാത മാറ്റിയത്. ചൈനയിൽ പേരിലേ കമ്മ്യൂണിസമുള്ളൂ, കാര്യം മുതലാളിത്തമാണ്. സ്വകാര്യസ്വത്ത് എന്ന ആശയം പൂർണമായും ഇല്ലാതെയാക്കാൻ സാധിക്കുകയില്ല എന്നാണ് തത്ക്കാലം വിചാരിക്കാവുന്നത്. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും വളർച്ചയിൽ ഇന്ന് സങ്കല്പിക്കാനാവാത്ത വല്ല മാർഗവും ഇതിന് നാളെ തെളിഞ്ഞു കിട്ടുകയില്ല എന്ന് പറയാൻ കഴിയില്ല.


6. കമ്മ്യൂണിസത്തിന്റെ പര്യായപദമായി സോഷ്യലിസത്തെയും, മറിച്ചും പ്രയോഗിച്ച മാർക്സും ഏംഗൽസും മനുഷ്യ വിമോചനത്തിന്റേതായ മാനുഷികജീവിതത്തിലേക്കുള്ള ചവിട്ടുപടിയായി കണ്ടത് ജനാധിപത്യത്തെയാണ്. എന്നാൽ ലോകത്ത് എവിടെയും കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ കാര്യപരിപാടികളിൽ നിന്നും ജനാധിപത്യത്തെ പുറത്ത് നിർത്തിയത് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് മാർക്സിസം വേണ്ട വിധം ഉൾക്കൊള്ളാനാകാതെ പോയതിന്റെ / പോകുന്നതിന്റെ പ്രശ്നമല്ലേ ?

കമ്മ്യൂണിസത്തിന്റെ പര്യായപദമല്ല, സോഷ്യലിസം. സോഷ്യലിസ (സ്ഥിതി സമത്വവാദം)ത്തിലേക്കുള്ള ഒരു വഴിമാത്രമാണ് കമ്മ്യൂണിസം. ‘ഗാന്ധിയൻ സോഷ്യലിസം’ എന്നൊരു പ്രയോഗമുണ്ട് എന്നോർക്കുക. ജനാധിപത്യത്തിലൂടെ സോഷ്യലിസം കൊണ്ടുവരാം എന്നായിരുന്നു ജവഹർലാൽനെഹ്‌റുവിന്റെ പ്രതീക്ഷ.

തൊഴിലാളി വർഗാധിപത്യത്തിലൂടെ സോഷ്യലിസം നടപ്പാക്കാം എന്നാണ് കമ്മ്യൂണിസം സങ്കല്പിക്കുന്നത്. ആ ഒരു വഴിയേ അതിനുള്ളൂ എന്നും കമ്മ്യൂണിസ്റ്റുകാർ സിദ്ധാന്തിക്കുന്നു. അതുകൊണ്ട് സ്വന്തം വഴിയെ അവർ ‘ശാസ്ത്രീയ സ്ഥിതിസമത്വവാദം (സയന്റിഫിക് സോഷ്യലിസം) എന്ന് വിശേഷിപ്പിക്കുന്നു. ജനാധിപത്യത്തിൽ സ്വകാര്യസ്വത്ത് നിരോധിക്കാൻ കഴിയില്ല എന്നതുകൊണ്ട് ജനാധിപത്യം വഴി സോഷ്യലിസം വരില്ല എന്നാണ് കമ്മ്യൂണിസ്റ്റുകാരുടെ നിലപാട്.

പൊതുമേഖലയെ ശക്തിപ്പെടുത്തിയും സഹകരണമേഖലയെ പ്രോത്സാഹിപ്പിച്ചും സ്വകാര്യമേഖലയെ നിയന്ത്രിച്ചും പടിപടിയായി സോഷ്യലിസത്തിലേക്കു പുരോഗമിക്കുവാൻ ജനാധിപത്യത്തിന് സാധിക്കും എന്നാണ് നെഹ്‌റുവിനെപ്പോലുള്ള ജനാധിപത്യവിശ്വാസികൾ വിചാരിച്ചത്.

തൊഴിലാളി വർഗ്ഗാധിപത്യ സ്ഥാപനത്തിന് സായുധസമരം ആവാം എന്ന് കമ്മ്യൂണിസത്തിന് നിലപാടുണ്ട്. ജനാധിപത്യത്തിന് വിരുദ്ധമായ ഒന്നാണ് സായുധസമരം. ഇന്ത്യയിൽ കമ്മ്യൂണിസം പ്രവർത്തിക്കുന്നത് നിരായുധമായ പാർലമെന്ററി ജനാധിപത്യത്തിന്റെ മാർഗ്ഗം രാഷ്ട്രീയ പ്രത്യയശാസ്ത്രമായി സ്വീകരിച്ചിരിക്കുന്നു എന്ന് എഴുതിക്കൊടുത്തശേഷമാണ്. കാരണം സായുധസമരമാണ് പാത എന്നു പ്രഖ്യാപിക്കുന്ന 1948-ലെ കല്ക്കട്ടാ തീസിസിനെത്തുടർന്ന് കമ്മ്യൂണിസ്റ്റ്പാർട്ടി നിരോധിക്കപ്പെട്ടിരുന്നു. അവർക്ക് പ്രവർത്തനസ്വാതന്ത്ര്യം വീണ്ടുകിട്ടിയത് സായുധസമരത്തിന്റെ പാത ഉപേക്ഷിച്ചു എന്ന് പ്രഖ്യാപിച്ചതിനുശേഷമാണ്. ഈ നയം മാറ്റപ്രഖ്യാപനം (1951).

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുപാർട്ടി ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയകക്ഷി മാത്രമാണ് എന്നു കാണിക്കുന്നു. ഈ പാർട്ടി ഇവിടെ അതിന്റെ തത്വാധിഷ്ഠിതമായ ‘കമ്മ്യൂണിസ്റ്റു സമൂഹം’ നിർമ്മിച്ചിട്ടില്ല. തൊഴിലാളി ക്ഷേമത്തിനു വേണ്ടിയും കുടിയാന്മാരുടെ ക്ഷേമത്തിനു വേണ്ടിയും അവർ കുറേ നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട് - കേരളത്തിലെ ഭൂപരിഷ്‌ക്കരണം ഒരുദാഹരണം.

മാർക്‌സും ഏംഗൽസും സ്വപ്നം കണ്ടത് ജനാധിപത്യമല്ല, തൊഴിലാളി വർഗ്ഗാധിപത്യമാണ്.


7. കലകൾക്ക് പ്രസക്തിയുള്ള ഒരു ലോക സമൂഹമാണോ നമ്മുടേത് ? മനുഷ്യരുടെ വൈകാരിക ജീവിതത്തിന്റെ സങ്കീർണ്ണങ്ങളായ യാഥാർത്ഥ്യങ്ങളെ തുറന്നു കാട്ടാൻ നമ്മുടെ ജനപ്രിയ കലാസൃഷ്ടികൾക്ക് ആകുന്നുണ്ടോ ? ആകുന്നില്ലെങ്കിൽ അത്തരം കലാസൃഷ്ടികൾ എങ്ങനെയാണ് സമൂഹ മനസ്സിൽ പ്രവർത്തിക്കുന്നത്?

കലകൾക്ക് വളരെ പ്രസക്തിയുള്ള സമൂഹമാണ് നമ്മുടേത്. ഏതു സമൂഹവും അങ്ങനെത്തന്നെ. സാമ്രാജ്യത്വത്തിനെതിരെയും ബ്രാഹ്മണാധിപത്യത്തിനെതിരെയും രാജാധിപത്യത്തിനെതിരെയും പുരുഷാധിപത്യത്തിനെതിരെയും സമൂഹത്തെ ബോധവത്ക്കരിക്കാൻ നമ്മുടെ പല കലാരൂപങ്ങൾക്കും കഴിഞ്ഞിട്ടുണ്ട്. വിശേഷിച്ച് ഇരുപതാം നൂറ്റാണ്ടുതൊട്ട്.

8. എല്ലാ സർഗ്ഗാത്മകതകളും കലാസൃഷ്ടികളാണോ ? അല്ല എങ്കിൽ ഇവ രണ്ടിനെയും എങ്ങനെയാണ് വേർതിരിച്ച് മനസ്സിലാക്കാനാകുന്നത് ? ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ കാലത്ത് കലയെ യന്ത്രം ഹൈജാക്ക് ചെയ്യുമെന്ന ആകുലത പരക്കെ ഉണ്ടല്ലോ. ഭാവിയിൽ കലാസൃഷ്ടികൾ പൂർണ്ണമായും നിർമ്മിതബുദ്ധിയുടെ സൃഷ്ടികളായി  തീരുമോ ? യന്ത്രങ്ങളെ മറികടന്ന് മനുഷ്യർക്ക് മാത്രമായി ചെയ്യാനാകുന്ന കലാസൃഷ്ടികൾക്ക്  സാദ്ധ്യതയുണ്ടോ ?

നിർമ്മിതബുദ്ധിയുടെ കാലത്ത് കലാവിഷ്‌ക്കാരത്തിന് എന്തു സംഭവിക്കുമെന്ന് പ്രവചിക്കാൻ എനിക്ക് പ്രാപ്തിയില്ല. പ്രശസ്ത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങിന്റെ ഒരു വാക്യമാണ് എനിക്കിപ്പോൾ ഓർമ്മയാവുന്നത് : ‘നിർമ്മിതബുദ്ധി മനുഷ്യബുദ്ധിയെ മറികടന്ന് മുന്നേറുന്ന കാലം വരും.’


9. ഒരു സാഹിത്യസൃഷ്ടി എങ്ങനെ വായിക്കപ്പെടണം എന്നാണ് മാഷ് കരുതുന്നത് ? രചയിതാവ് എന്താണ് അർത്ഥമാക്കിയത് എന്ന അന്വേഷണം പ്രധാനമാണോ ? അതോ ആ സാഹിത്യ സൃഷ്ടിയിലൂടെ രചയിതാവ് നമ്മോട് പറയാൻ ശ്രമിക്കുന്നത്  ആ സൃഷ്ടിയുടെ വിവിധ വായനകളിൽ ഒരെണ്ണം മാത്രമായി കണ്ടാൽ മതിയോ ?

രചയിതാവ് എന്താണുദ്ദേശിച്ചത് എന്ന് അന്വേഷിക്കുന്നത് നമ്മുടെ പണിയല്ല. കലാസൃഷ്ടി ആസ്വദിക്കുന്ന ആൾ എന്താണ് അന്വേഷിക്കുന്നത്, അയാൾ എന്താണ് കണ്ടെത്തുന്നത് എന്നതാണ് നമുക്ക് പ്രധാനം.


10. ഒരാൾ എന്തിനാണ് വായിക്കുന്നത് ? എന്തു തന്നെ വായിച്ചാലും വായനയിൽ നിന്നും നാമറിയുന്ന അനുഭവങ്ങളെ, അറിവുകളെ സ്വന്തം ജീവിതദർശനവുമായി കലഹിപ്പിച്ച്, പ്രശ്നവത്ക്കരിച്ച്, സംഘർഷങ്ങളിലേക്ക് എത്തിച്ച് നമ്മിൽ കുറ്റബോധങ്ങളുണർത്തി  നാമമാത്രമായിയെങ്കിലും  നമ്മെ  നവീകരിക്കാനായില്ലെങ്കിൽ പിന്നെ വായന കൊണ്ട്  പ്രയോജനമുണ്ടോ ? അതോ വായനയെ നമ്മുടെ ജീവിത പരിസരത്തിന് പുറത്തു നിർത്തി രസാനുഭൂതികളുടെ ആസ്വാദനമായി മാത്രം നിർത്തുകയാണോ വേണ്ടത് ?

ഒരാൾ വായിക്കുന്നത് അയാളുടെ ചിന്തയും ഭാവനയും വളരാനാണ്. അത് അത്യാവശ്യവുമാണ്. വായനയിൽ നിന്ന് എന്താണ് കിട്ടുക എന്നത് വ്യക്തികൾക്കും സാഹചര്യങ്ങൾക്കും അനുസരിച്ച് മാറി മറിയും. അതിന്റെ സ്വഭാവം മുൻകൂട്ടി പ്രവചിക്കുക പ്രയാസമാണ്.


11. ലോകം പരിഹരിക്കേണ്ട മുഖ്യ പ്രശ്നം എന്താണ് ? മനുഷ്യരെ അവരുടെ ജീവിതത്തിൽ നിന്നും പറിച്ചെറിയുന്ന, ജീവസന്ധാരണം തന്നെ അസാദ്ധ്യമാക്കി തീർക്കുന്ന മൂലധനവ്യവസ്ഥയെ തകർത്തെറിഞ്ഞ് എല്ലാ മനുഷ്യർക്കും ജീവിതം  സാദ്ധ്യമാകുന്ന ഒരു ലോകം എല്ലാ മനുഷ്യരുടെയും മുൻകൈയ്യിൽ പടുത്തുയർത്തുകയണോ വേണ്ടത് ? അതോ മതം, ജാതി, വർണ്ണം, വംശീയത, സ്ത്രീകൾ അനുഭവിക്കുന്ന തുല്യതയിലെ പ്രശ്നം, സ്വത്വപരമായ പ്രശ്നങ്ങൾ, ഫ്യൂഡൽ മനോനിലകൾ തുടങ്ങിയ മനുഷ്യ വിരുദ്ധതകളെയാണോ മുഖ്യ പ്രശ്നമായി കണ്ടു കൊണ്ട് പരിഹരിക്കേണ്ടത് ? എങ്ങനെ നമുക്കീ ദുരിതങ്ങളെ എല്ലാം മറികടക്കാനാകും ? എവിടുന്നാണ് നമ്മൾ തുടങ്ങേണ്ടത് ?

മൂലധനവ്യവസ്ഥയെ തകർത്തെറിയുക ഈ വിചാരിക്കുമ്പോലെ എളുപ്പമല്ല. ചൂഷണവ്യവസ്ഥകളെല്ലാം പരസ്പരം ബന്ധപ്പെട്ടവയാണ്. അവ ഒറ്റക്കൊറ്റയ്ക്ക് നില്ക്കുന്നവയല്ല. ഇന്ത്യയിലെ കുത്തക മുതലാളിത്തത്തിന്റെ മുഖപടങ്ങളിലൊന്നാണ് ‘ഹിന്ദുത്വ’ എന്നത് ഒരുദാഹരണം. അറേബ്യയിലെ രാജാധിപത്യവും ആൺവാഴ്ചയും പരസ്പരപൂരകമാണ് എന്നത് ഏറെ ഉദാഹരണം.

എല്ലാ ചൂഷണങ്ങൾക്കും വിവേചനങ്ങൾക്കും എതിരായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ കടമ. അവയിൽ സാഹചര്യത്തിന്നനുസരിച്ച് ഓരോന്നിന് മാറിമാറി മുൻഗണന കൊടുക്കേണ്ടി വരും.



എം.എൻ. കാരശ്ശേരി

അമ്പാടി, പി.ഒ. കാരശ്ശേരി

മുക്കം – 673602, കോഴിക്കോട് ജില്ല. 

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. എം. രാമചന്ദ്രൻ പിള്ള

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page