പാരിസ്ഥിതിക പ്രശ്നങ്ങളോടുള്ള നിലവിലെ സമീപനം: ഒരു ഇക്കോഫെമിനിസ്റ്റിക് വീക്ഷണം
- GCW MALAYALAM
- Apr 15
- 2 min read
സജ്‌ന എസ്.

സംഗ്രഹം:
മനുഷ്യൻ ജീവിക്കേണ്ടുന്ന ഭൂമിയും, ആ ഭൂമിയെ പിൻതാങ്ങി നിർത്തുന്ന ചുറ്റുപാടുകളും, അതാണ് പരിസ്ഥിതി.ഈ പരിസ്ഥിതി ആദ്യകാലങ്ങളിൽ മനുഷ്യജീവിതവുമായിട്ടു വളരെയധികം ഇഴുകിച്ചേർന്നുകിടന്നിരുന്ന ഒന്നാണ്. മനുഷ്യന് പ്രകൃതിയുമായിട്ടു അത്രമേൽ അടുത്ത ബന്ധമാണുണ്ടായിരുന്നത്. ഋഗ്വേദം മുതൽ എല്ലാവേദങ്ങളും തെളിയിക്കുന്നത് മനുഷ്യന് പ്രകൃതിയുമായിട്ടുള്ള അഭേദ്യമായ ബന്ധമാണ്. മുതലാളിത്തസങ്കല്പങ്ങൾ, വികസനനയങ്ങൾ ഇതെല്ലം മാനുഷിക മൂല്യങ്ങളെ മാറ്റിമറിക്കുകയുണ്ടായി. അങ്ങനെ പാരിസ്ഥിതികപ്രതിസന്ധി ഉടലെടുക്കാൻ കാരണമായി. ലോകത്തിന്റെ ഇന്നത്തെ താളം തെറ്റിച്ച അവസ്ഥകളിൽ നിന്നും മരിച്ചുകൊണ്ടിരിക്കുന്ന ഭൂമിയെ പുനരുജ്ജീവിപ്പിക്കാൻ സ്ത്രീക്ക് കഴിയും എന്ന ബോധ്യമാണ് ഇക്കോഫെമിനിസം എന്ന പരിസ്ഥിതി സ്ത്രീവാദത്തിനു അടിസ്ഥാനം. സ്ത്രീ മാറ്റിനിർത്തപ്പെട്ടതുപോലെതന്നെ ഭൂമിയെ മനുഷ്യൻ നശിപ്പിക്കാൻ തുടങ്ങിയെന്നത് നമ്മൾ ഓർക്കേണ്ടതാണ്. അങ്ങനെ സ്ത്രീയെ ബഹുമാനിക്കുന്ന സംസ്കാരത്തിനൊപ്പം തന്നെ പ്രകൃതിയെ സംരക്ഷിക്കുന്നൊരു സംസ്കാരവും ഉണ്ടാകേണ്ടിയിരിക്കുന്നുവെന്നതാണ് ഇക്കോഫെമിനിസം പറയാൻ ശ്രമിക്കുന്നത്.
താക്കോൽവാക്കുകൾ: ഇക്കോഫെമിനിസം, പരിസ്ഥിതി സംരക്ഷണം, വിവേചനം, പാർശ്വവൽക്കരണം, പരിസ്ഥിതി തകർച്ച, ധാർമ്മികത.
ആമുഖം
സ്ത്രീകൾക്കെതിരെയുള്ള ആക്രമങ്ങൾക്ക് അറുതിയില്ല, അതിനു കാലങ്ങളോളംതന്നെ പഴക്കമുണ്ട്. ശാരീരികമായും മാനസ്സികമായും സ്ത്രീകളനുഭവിക്കുന്ന പീഡനങ്ങൾക്ക് കാലഭേദവ്യത്യാസങ്ങളില്ല. സ്ത്രീസുരക്ഷക്ക് ഏറെ പ്രാധാന്യമുള്ളൊരു കാലമാണിത്. ലോകരാഷ്ട്രങ്ങളുടെ ഏറ്റവും ഉയർന്ന സ്ഥാനത്തു വരെ സ്ത്രീകളുടെ കയ്യൊപ്പു പതിഞ്ഞിട്ടുണ്ട്. പുരുഷന്മാർ ചെയ്യുന്ന പല ജോലികളും സ്ത്രീകൾ ഏറ്റെടുത്തു ചെയ്യുന്നൊരു കാലമാണിത്. വാനോളം ഉയരത്തിലെത്തിയ സ്ത്രീകൾ ഇന്നും നമുക്ക് അഭിമാനവും, മാതൃകയുമാണ്. എന്നിട്ടും എന്തിനാണ് ഇന്നത്തെ സമൂഹം സ്ത്രീയെ ഒരു അബലയായി കാണുന്നത്. അവളുടെ അവകാശങ്ങളും സ്വപ്നങ്ങളുമെല്ലാം പാതിവഴിയിൽ ഉപേക്ഷിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? സ്ത്രീകളിവിടെ സുരക്ഷിതരാണോ? എന്താണ് സ്ത്രീസുരക്ഷ? എവിടെയും എപ്പോഴും മാനസികമായും ശാരീരികമായുമുള്ള സുരക്ഷയാണ് എന്ന അടിസ്ഥാനം തന്നെയാണത്. നിർഭാഗ്യമെന്നു പറയട്ടെ, ഒരിടത്തും ഒരിക്കലും അവൾ സുരക്ഷയല്ല. കേവലം ഭ്രൂണാവസ്ഥയിൽപോലും സ്ത്രീ ആയതിനാൽമാത്രം അവൾ നിർവീര്യയാക്കപ്പെടുന്നു. സ്ത്രീയെപ്പറ്റി സംസാരിക്കാൻ ഒരു വ്യക്തിയോട് പറഞ്ഞാൽ വാതോരാതെ സംസാരിക്കും. അവളുടെ കഴിവുകളെ പുകഴ്ത്തിപ്പറയും. കാവ്യഭാവനകളിൽ അവർ വർണിച്ചതിൽ ഏറ്റവും മികച്ചത് സ്ത്രീകളെത്തന്നെയാണ്. എന്തിനേറെ പറയുന്നു, ഏതൊരു പുരുഷൻറെ വിജയത്തിനുപിന്നിലും ഒരു സ്ത്രീയുണ്ടാകുമെന്നു നമ്മൾ എക്കാലവും പറയുന്നു. എന്നിട്ടും അവൾ എങ്ങനെയാണു ആ പുരുഷനാൽ ആക്രമിക്കപ്പെടുന്നത്. ഇന്ത്യൻഭരണഘടനയുടെ ആമുഖത്തിൽ സ്ത്രീസമത്വത്തെക്കുറിച്ച് എടുത്തു പറയുന്നുണ്ട്. സാമ്പത്തികമായും, വിദ്യാഭ്യാസപരമായും, രാഷ്ട്രീയപരമായുമുള്ള എതിർപ്പുകളെ ഇല്ലാതെയാക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഭരണഘടന ഇത് പ്രധാനം ചെയ്യുന്നത്. ലിംഗസമത്വം, സ്ത്രീധന നിരോധനം, സ്ത്രീശാക്തീകരണം, എന്നിങ്ങനെയൊക്കെ ഒരുപാടു കാര്യങ്ങൾ നാം നിയമങ്ങളാൽ നേടിയെടുത്തിട്ടുണ്ട്. എന്നാൽ, ഇവയുടെയൊക്കെ നടപ്പാക്കലിലുള്ള പാളിച്ചകളാണ് സ്ത്രീ സുരക്ഷയല്ലാതെയാകുന്നത്. നിയമപരിരക്ഷയില്ലാത്ത സമൂഹത്തിൽ സ്ത്രീ ഒരിക്കലും സുരക്ഷയല്ല എന്നുള്ളത് നൂറ് ശതമാനം ഉറപ്പുള്ള ഒരു കാര്യമാണ്. സ്ത്രീകളുടെ അന്തസ്സും, അഭിമാനവും, കാത്തുസൂക്ഷിക്കേണ്ടത് ഒരു പരിഷ്‌കൃത ജനാധിപത്യ സമൂഹത്തിനു അനിവാര്യമായ കാര്യം തന്നെയാണ്. അതുപോലെ തന്നെ മനുഷ്യരാശിയുടെ നിലനിൽപിന് ആധാരം ജൈവവൈവിദ്ധ്യമാണ്. സ്ത്രീകളെ ചൂഷണം ചെയ്യുന്നത് പോലെത്തന്നെ അനിയന്ത്രിതമായ പ്രകൃതിചൂഷണം, മലിനീകരണം, കാലാവസ്ഥാവ്യതിയാനം, എന്നിവയുടെ ഫലമായി ജീവജാലങ്ങളുടെ നിലനിൽപ്പുതന്നെ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ആവാസവ്യവസ്ഥയെ സംരക്ഷിച്ചും, പുനരുജ്ജീവിപ്പിച്ചും മാത്രമേ സുസ്ഥിരമായ ജീവിതം സാധ്യമാവുകയുള്ളു.
പരിസ്ഥിതിതകർച്ച: സ്ത്രീകൾക്കുമേലുള്ള ആഘാതം
ചരിത്രാതീതകാലം മുതൽക്കേ തന്നെ മനുഷ്യരും പ്രകൃതിയും തമ്മിൽ അഭേദ്യമായ ബന്ധം പുലർത്തിയിരുന്നു. മനുഷ്യൻ പ്രകൃതിയിൽ ഇഴുകിച്ചേർന്ന് ജീവിക്കുകയും പ്രകൃതിയുടെതന്നെ ഭാഗമായിത്തീരുകയും ചെയ്‌തിരുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ പ്രാചീനമനുഷ്യർ തിരിച്ചറിഞ്ഞു എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് യവനചിന്തയുടെ ആരംഭം. തത്വചിന്ത എന്നത് മനുഷ്യന്റെ ധൈഷണികമായ കഴിവുകൊണ്ട് പ്രപഞ്ചരഹസ്യത്തെ അനാവരണം ചെയ്യാനുള്ള ശ്രമമാണ്. പ്രാചീനഗ്രീക്ക് ചിന്തകന്മാർ, ഭാരതീയചിന്തകന്മാർ ഒക്കെത്തന്നെ ഇത്തരത്തിലുള്ള ഒരു അന്വേഷണത്തിന് തുടക്കം കുറിച്ചിരുന്നു.
പ്രപഞ്ചസൃഷ്ടികളിൽ വച്ചേറ്റവും മഹത്തായ രണ്ടു പ്രതിഭാസങ്ങളണ് സ്ത്രീയും പുരുഷനും. ഒന്ന് മറ്റൊന്നിനേക്കാൾ വലുതോ ചെറുതോ അല്ല. മനുഷ്യൻ എന്ന വിപുലമായ പദത്തെ വിഘടിക്കുമ്പോഴുണ്ടാകുന്ന രണ്ടു ശകലങ്ങൾ അഥവാ രണ്ടു ഭാഗങ്ങളാണ് സ്ത്രീയും പുരുഷനും. പ്രപഞ്ചത്തിലെ സന്തുലിതമായ പ്രവർത്തനത്തിനും നിലനില്പിനും ഈ രണ്ടു ഘടകങ്ങളും പരസ്പര പൂരകങ്ങളാണ്. ഒന്ന് മറ്റൊന്നിനു വേണ്ടി നിലകൊള്ളുക എന്നത് പ്രപഞ്ചത്തിന്റെ തന്നെ അനിവാര്യതയാണ്. സന്തുലിതാവസ്ഥയുടെ അഭാവമാണ് ഒരുപക്ഷെ മനുഷ്യനെ ഇന്ന് കാണുന്ന സംഘർഷങ്ങളിലേക്ക് നയിക്കുന്നത്. ഇത്തരം സംഘർഷങ്ങൾ എത്തിനിൽക്കുന്നത് അഥവാ ബാധിക്കുന്നത് സ്ത്രീകളെയാണ്. കാരണമെന്തെന്നാൽ ചരിത്രാതീത കാലം മുതൽ സ്ത്രൈണലക്ഷണങ്ങൾ പ്രകൃതിയിൽ പ്രതിഫലിച്ചു കാണുന്നു. ഒരുപക്ഷെ അത് സ്ത്രീയുടെ പരിചരണ മികവും, പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കാനുള്ള പാടവവും ആയിരിക്കാം. ഇത്തരത്തിൽ സ്ത്രീയും, പ്രകൃതിയും തമ്മിലുള്ള അഭേദ്യമായ ബന്ധം സ്ഥാപിക്കുന്നതിൽ പ്രധാന പങ്കു വഹിക്കാൻ ഇക്കോഫെമിനിസത്തിനു കഴിഞ്ഞു. സ്ത്രീയും, പ്രകൃതിയും ആധുനിക സമൂഹത്തിൽ പുരുഷമേധാവിത്ത വ്യവസ്ഥകളാൽ അടിച്ചമർത്തപ്പെട്ട ഘടകങ്ങളാണ്. പ്രകൃതിയോടുള്ള അക്രമവും സ്ത്രീകളോടുള്ള അക്രമവും പൊതുവായ പ്രവണതകളാണ്. മനുഷ്യ-പ്രകൃതി ബന്ധങ്ങൾ എന്ന ആശയം ജീവിതത്തിന്റെ ഏതൊരു തത്വചിന്തയുടെയും അടിസ്ഥാനമാണ്. പ്രകൃതിയോ പാരിസ്ഥിതികമോ ആയ സന്തുലിതാവസ്ഥയുള്ളിടത്തു മാത്രമേ ഈ സഹവർത്തിത്വം സാധ്യമാകു. പാരിസ്ഥിതികപ്രശ്നങ്ങൾ മനുഷ്യ സമൂഹത്തെയും മറ്റു ജീവജാലങ്ങളെയും ബാധിക്കുന്നുവെന്നത് ഒരു ദാർശനിക പ്രസ്ഥാനമെന്ന നിലയിൽ ഇക്കോഫെമിനിസം കാണുന്നു. അതുകൊണ്ടുതന്നെ ഇതിനു സാമൂഹികപ്രസക്തി കൂടിയുണ്ട്. സാമൂഹികപ്രശ്നങ്ങളിലുള്ള കാലികമായ ഇടപെടൽ തത്വശാസ്ത്രത്തെ ഏറെ പ്രസക്തമാക്കുന്നു. പാരിസ്ഥിതിക നാശം സമൂഹത്തിന്റെ ശ്രേണീപരമായ ഘടനയുടെ അനന്തരഫലമാണെന്നു സാമൂഹികപരിസ്ഥിതിശാസ്ത്രം സിദ്ധാന്തിക്കുന്നു. പാരിസ്ഥിതിക നാശത്തിനുകാരണം മനുഷ്യൻ മനുഷ്യന്റെമേൽ നടത്തുന്ന ആധിപത്യമാണ്. ഇക്കോഫെമിനിസം പുരുഷന്മാരുമായി തുല്യത തേടുകയെന്നു മാത്രമല്ല മറിച്ചു മനുഷ്യർ തമ്മിൽ യാതൊരുവിധ വ്യത്യാസവും കല്പിക്കുന്നത് ശരിയായ രീതിയല്ല എന്ന തത്വത്തിലുമാണ് വിശ്വസിക്കുന്നത്. ആധിപത്യത്തിലും മനുഷ്യേതര ജീവലോകത്തെ കീഴ്പെടുത്തുന്നതിലും അധിഷ്ഠിതമായ ഒരു യഥാർത്ഥ മനുഷ്യജീവിതം സാധ്യമല്ല. യഥാർത്ഥ ജീവിതധാർമ്മികപ്രശ്നങ്ങളെക്കുറിച്ചുള്ള ഒരാളുടെ ഗ്രാഹ്യത്തെ സമ്പുഷ്ടമാക്കുന്നതിനും വിശാലമാക്കുന്നതിനും ഇത് ഉപയോഗപ്പെടുത്താം.
നിഗമനം
പരിസ്ഥിതിസംരക്ഷണത്തെക്കുറിച്ചുള്ള ഒരു ഇക്കോഫെമിനിസ്റ്റ് വീക്ഷണം സാ മൂഹികനീതി, പ്രത്യേകിച്ച് ലിംഗസമത്വം, പാരിസ്ഥിതിക വെല്ലുവിളികൾ എന്നിവ എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് എടുത്തുകാണിക്കുന്നു. ഇക്കോഫെമിനിസമനുസരിച്ച്,
പ്രകൃതിചൂഷണവും സ്ത്രീകളെ അടിച്ചമർത്തലും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു, പലപ്പോഴും അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെയും ആവാസവ്യവസ്ഥയുടെയും ക്ഷേമത്തിനും ലാഭത്തിനും മുൻതൂക്കം നൽകുന്ന മുതലാളിത്ത, പുരുഷാധിപത്യ ഘടനകളുടെ ഫലമായാണ് ഇത് സംഭവിക്കുന്നത്. പ്രത്യേകിച്ച് വികസ്വരരാജ്യങ്ങളിലെ സ്ത്രീകൾ, കാലാവസ്ഥാ വ്യതിയാനത്താൽ പലപ്പോഴും അനുപാതമില്ലാതെ ബാധിക്കപ്പെടുന്നു എന്ന വസ്തുതയിലേക്ക് ഇക്കോഫെമിനിസം ശ്രദ്ധ ക്ഷണിക്കുന്നു. സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ അംഗീകരിക്കുകയും കാലാവസ്ഥാപൊരുത്തപ്പെടുത്തലിനും ലഘൂകരണത്തിനുമുള്ള സംരംഭങ്ങളിൽ അവരെ നിർണായക സഹകാരികളായി ഉൾപ്പെടുത്തുകയും ചെയ്യുന്ന ലിംഗ-സംവേദനക്ഷമതയുള്ള കാലാവസ്ഥാനയങ്ങളെ ഈ വീക്ഷണം പ്രോത്സാഹിപ്പിക്കുന്നു. പ്രകൃതി ആവാസവ്യവസ്ഥയെ സംരക്ഷിക്കുകയും പാരിസ്ഥിതികവും സ്ത്രീവാദപരവുമായ വിഷയങ്ങൾ എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഊന്നിപ്പറയുന്നതിലൂടെ, പരിസ്ഥിതി സംരക്ഷണത്തിന് ഇക്കോഫെമിനിസം ഗണ്യമായ സംഭാവന നൽകുകയും ചെന്നു. ഈ വീക്ഷണകോണിലൂടെ, ആധിപത്യത്തിന്റെയും അസമത്വത്തിന്റെയും വ്യവസ്ഥകൾക്കും പ്രകൃതിയെ ചൂഷണം ചെയ്യുന്നതിനും സ്ത്രീകളെ അരികുവൽക്കരിക്കുന്നതിനും ഇടയിലുള്ള ബന്ധത്തെ ഇക്കോഫെമിനിസം എടുത്തുകാണിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിൽ സ്ത്രീകൾ വഹിക്കുന്ന പ്രധാനപങ്കിനെക്കുറിച്ച് ഇന്ത്യയിലും ലോകമെമ്പാടുമുള്ള ഇക്കോഫെമിനിസ്റ്റ് അസോസിയേഷനുകൾ അവബോധം വളർത്തിയിട്ടുണ്ട്, പ്രത്യേകിച്ച് ഗ്രാമീണ, തദ്ദേശീയ പ്രദേശങ്ങൾ. പരമ്പരാഗത അറിവ്, സമൂഹത്തിലെ നേതൃത്വം, പ്രകൃതിവിഭവങ്ങളുമായുള്ള അടുത്ത ബന്ധം എന്നിവ കാരണം സ്ത്രീകൾ സുസ്ഥിരമായ ആചാരങ്ങളിൽ നിർണായക സംഭാവന നൽകുന്നവരാണ്. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം സാമൂഹിക നീതിയെയും ലിംഗസമത്വത്തെയും പിന്തുണച്ചുകൊണ്ട് വ്യത്യസ്തമായ ഒരു സംരക്ഷണരീതിയെ ഇക്കോഫെമിനിസ്റ്റ് വീക്ഷണം പ്രോത്സാഹിപ്പിക്കുന്നു. ഇക്കോഫെമിനിസം തീരുമാനമെടുക്കലിൽ ന്യായമായ പങ്കാളിത്തത്തെ പിന്തുണയ്ക്കുകയും സ്ത്രീകളെ ശാക്തീകരിക്കുകയും ചെയ്യുന്നു, ഇത് മനുഷ്യർക്കും പരിസ്ഥിതിക്കും ഗുണകരമായ കൂടുതൽ സമഗ്രവും വിജയകരവുമായ സംരക്ഷണ തന്ത്രങ്ങൾക്ക് കാരണമാകുന്നു.
ഗ്രന്ഥസൂചികകൾ
1. Gottlieb, Roger S., This Sacred Earth: Religion, Nature, Environment. Routledge, 1996.
2. Warren, Karen J. Ecofeminist Philosophy: A Western Perspective on What it is and Why it Matters. Rowman & Littlefield, 2000
3. Simon De Beauvoir. The Women Destroyed. New York: Putnam, 1974.
4. Roger S. Gottlieb. This Sacred Earth: Religion, Nature, Environment. Routledge, 1996.
5. Karen J Warren. Ecofeminist Philosophy: A Western Perspective on What it is and Why it Matters. Rowman & Littlefield, 2000.
6. Maria Mies & Vandana Shiva. Ecofeminism. London: Zed Books, 1993.
7. Carolyn Merchant. The Death of Nature: Women, Ecology and the Scientific Revolution. San Francisco: Harper & Row, 1980.
സജ്‌ന. എസ്
റിസർച്ച് സ്കോളർ
ഫിലോസഫി വിഭാഗം
ഗവ. കോളേജ് ഫോർ വുമൺ
വഴുതക്കാട്, തിരുവനന്തപുരം
Comments