top of page

മലയാളസിനിമയും ക്വിയർകോഡിങും

Updated: Nov 15, 2024

സിനിമ
നിവി ടി.
ree

ചുരുക്കം

ആൺ-പെൺ ലൈംഗികതയെക്കുറിച്ചുള്ള/പ്രണയത്തെ (heterosexuality)ക്കുറിച്ചുള്ള അവതരണങ്ങളുടെ ആവർത്തനവും ആഘോഷവുമാണ് മലയാളസിനിമ. ചുരുക്കം ചില അവസരങ്ങളിൽ മാത്രമാണ് സ്വവർഗ്ഗപ്രേമികളുടെ/ക്വിയർ(queer) ജനതയുടെ പ്രണയജീവിതങ്ങൾ സിനിമയ്ക്കു വിഷയമായിട്ടുള്ളത്. ഈ ക്വിയർ അവതരണങ്ങളെ അവ നേരിട്ടാണോ, അല്ലാതെയാണോ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് എന്നതിന്റെ അടിസ്‌ഥാനത്തിൽ രണ്ടായി വിഭജിക്കാവുന്നതാണ്. ക്വിയർ കോഡിങ് (queer coding) ഉപയോഗിച്ചിട്ടുള്ള സിനിമകളും ഇല്ലാത്ത സിനിമകളും.

കഥാപാത്രങ്ങളുടെ ശരീരഭാഷ, സംസാരരീതി, വസ്ത്രധാരണം, സംഭാഷണത്തിന്റെ സ്വഭാവം എന്നിങ്ങനെ പലവിധ സൂചനകളിലൂടെ  അവരുടെ ക്വിയർനെസ്സ്‌ സൂചിപ്പിച്ചു വെക്കുന്ന ആഖ്യാനരീതിയാണ് ക്വിയർ കോഡിങ്. ഇപ്രകാരം ക്വിയർ കോഡിങ് നടന്നിട്ടുള്ള ഒട്ടനേകം സിനിമകൾ കണ്ടെത്താം. അതേ സമയം കഥാപാത്രത്തിന്റെ ലൈംഗിക /ലിംഗ തന്മ (sexuality, gender identity) ക്വിയർ ആണെന്നു വ്യക്തമായും പരാമർശിക്കുന്ന, ക്വിയർ കോഡിങ് രീതി ഉപയോഗപ്പെടുത്താത്ത സിനിമകളും നിലനില്ക്കുന്നുണ്ട്. കഥാപാത്രത്തിന്റെ ക്വിയർനെസ്സ് (queerness) ഇവിടെ കാണിക്കു മുന്നിൽ സ്പഷ്ടമാണ്. 

നിയമ /സാമൂഹിക സാഹചര്യങ്ങളോ വിലക്കുകളോ മൂലം ക്വിയർ കഥാപാത്രങ്ങളുടെ നേരിട്ടുള്ള അവതരണം സാധ്യമല്ലാത്ത ഇടങ്ങളിൽ അത്തരം അവതരണങ്ങൾ സാധ്യമാക്കുക എന്നതാണ് ക്വിയർ കോഡിങിന്റെ യഥാർത്ഥ ലക്ഷ്യം. എന്നാൽ ചില അവസരങ്ങളിൽ സിനിമകളിൽ ക്വിയർ ജനതയെ പരിഹസിക്കുന്നതിനും അവർക്കു നേരെയുള്ള വിദ്വേഷത്തിന്റെ ഉത്പാദനത്തെ പിന്തുണയ്ക്കുന്നതിനും ക്വിയർ കോഡിങ് പ്രയോഗിച്ചു വരുന്നതായി കണ്ടെത്താം. ക്വിയർ കോഡിങിന്റെ മേൽപ്പറഞ്ഞ രണ്ടു പ്രയോഗങ്ങളും മലയാളത്തിൽ ക്വിയർ കോഡിങ് നടന്നിട്ടുള്ളതായി കണ്ടെത്തിയിട്ടുള്ള സിനിമകളെ മുൻനിർത്തി വിശകലനം ചെയ്യുകയാണ് പഠനം.

 

ഉപയോഗപ്പെടുത്തിയിട്ടുള്ള സിനിമകൾ:

1. ദേശാടനക്കിളി കരയാറില്ല

2. ശാലിനി എന്റെ കൂട്ടുകാരി

3. ഭീഷ്മപർവ്വം

4. ആക്ഷൻ ഹീറോ ബിജു

5. റോക്ക് സ്റ്റാർ

 

താക്കോൽ വാക്കുകൾ

ക്വിയർ (queer), ഹെറ്റെറോനോർമാറ്റിവിറ്റി (heteronormativity), ക്വിയർഫോബിയ (queer phobia), ഹോമോഫോബിയ (homophobia),  ക്വിയർ കോഡിങ് (queer coding)

 

ആമുഖം

സിനിമയിലോ സാഹിത്യത്തിലോ ഒരു കഥാപാത്രം ക്വിയർ വ്യക്തി ആണെന്നു  കാട്ടുന്നതിലേക്കായി ക്വിയർ വ്യക്തികളെ കാലങ്ങളായി അടയാളപ്പെടുത്താൻ ഉപയോഗിച്ചുവരുന്ന സ്ഥിരവത്കരിക്കപ്പെട്ട, സ്റ്റീരിയോടൈപ്പു ചെയ്യപ്പെട്ട ഗുണങ്ങളെ ആവർത്തിച്ചുകൊണ്ടു നീങ്ങുന്ന ആഖ്യാന സങ്കേതമാണ് ക്വിയർ കോഡിങ്. കഥാപാത്രങ്ങൾ ക്വിയർ വ്യക്തികൾ ആണെന്നു ഉറക്കെ /നേരിട്ട് വെളിപ്പെടുത്തുകയല്ല ക്വിയർ കോഡിങ് ചെയ്യുന്നത്. മറിച്ച് അവർ ക്വിയർ വ്യക്തികളാണെന്നു തിരിച്ചറിയാനുള്ള സബ്ടെക്സ്റ്റ് (subtext) നൽകുകയാണ്. കഥാപാത്രം ഒരു ക്വിയർ വ്യക്തിയാണെന്നു ചിലപ്പോൾ സ്ഥിരീകരിക്കപ്പെടണമെന്നു കൂടിയില്ല. തന്റെ എല്ലാ അടയാളങ്ങൾക്കുമപ്പുറം അയാളൊരു എതിർവർഗ്ഗ ലൈംഗിക അഭിരുചിയുള്ള വ്യക്തിയാണെന്നും വരാം. അങ്ങനെയിരിക്കിലും ആ കഥാപാത്രം ക്വിയർ കോഡിങിനു വിധേയമായതായി കരുതണം.

1930 കളിലാണ് ക്വിയർ കോഡിങ് എന്ന ആഖ്യാന സങ്കേതം ആദ്യമായി പ്രയോഗത്തിൽ വരുന്നത്. യു.എസ്സിലായിരുന്നു ഇതിന്റെ തുടക്കം. അക്കാലത്തു നിലവിൽ വന്ന ഹെയ്‌സ് കോഡ് (hays code) അഥവാ മോഷൻ പിക്ചർ പ്രൊഡക്ഷൻ കോഡ് എന്ന സെൻസർ നിയമം ക്വിയർ കഥാപാത്രങ്ങളെ വ്യക്തമായ, തുറന്ന രീതിയിൽ സ്‌ക്രീനിൽ അവതരിപ്പിക്കുവാൻ അനുവദിച്ചിരുന്നില്ല. ഈയൊരു വിലക്കിനെ മറികടക്കുവാനുള്ള ഉപാധിയെന്ന നിലയിലാണ് ക്വിയർ കോഡിങ് അവതരിപ്പിക്കപ്പെടുന്നത്. ക്വിയർ കഥാപാത്രങ്ങൾക്കു സിനിമയിൽ നിലനിൽക്കുവാനുള്ള ഒരേയൊരു മാർഗം അപ്പോൾ ഇതായിരുന്നു. ഉദാഹരണമായി ജനപ്രിയമായ ചൈനീസ് ചരിത്ര ഫാന്റസി വെബ് നോവലായ ‘Mo Dao Zu Shi’ എന്ന ചൈനീസ് നോവൽ ‘The Untamed’ എന്ന പേരിൽ ചൈനീസ് സീരീസിലേക്ക് അനുകല്പനം ചെയ്യപ്പെട്ടപ്പോൾ ചൈനയിലെ മീഡിയ സെൻസർഷിപ്പ് നിയമങ്ങൾ മൂലം കഥാപാത്രങ്ങളെ ക്വിയർ കോഡ് ചെയ്ത് അവതരിപ്പിക്കേണ്ടി വന്നിട്ടുണ്ട്. ഡിസ്നിയുടെ ‘ഫ്രോസനി’ലെ എൽസ, ‘സ്ട്രേയ്ഞ്ചർ തിങ്‌സ്’ വെബ് സീരീസിലെ വിൽ എന്നിവർ സമീപകാലത്ത് ക്വിയർ കോഡ് ചെയ്യപ്പെട്ട കഥാപാത്രങ്ങൾക്ക് ഉദാഹരണങ്ങൾ ആണ്.

 

മലയാളസിനിമയും ക്വിയർ കോഡിങും

ആൺ-പെൺ ലൈംഗികതയ്ക്കോ ജെന്റർ ബൈനറിക്കോ പുറത്തുള്ള ലിംഗ ലൈംഗിക വൈവിധ്യങ്ങളെ ഉൾക്കൊള്ളിക്കാത്ത ഹെറ്റെറോനോർമാറ്റീവ് അന്തരീക്ഷത്തിലാണ് അതായത് ആൺ-പെൺ പ്രണയവ്യവസ്ഥ മാത്രമാണ് സ്ഥിരവും സത്യവും ആധികാരികവുമെന്ന ധാരണയിലാണ് മലയാള സിനിമ കാലങ്ങളായി നിലനിന്നു വരുന്നത്. ചെറിയ തോതിലെങ്കിലും ഈയൊരു അവസ്ഥയിൽ നിന്നും സിനിമ വ്യതിചലിച്ചിട്ടുള്ളത് ചുരുക്കം ചില അവസരങ്ങളിൽ മാത്രമാണ്. വൈവിധ്യമുള്ള ലിംഗ ലൈംഗിക വ്യക്തിത്വങ്ങൾ തുറന്ന രീതിയിൽ അവതരിപ്പിക്കപ്പെടാനും അംഗീകരിക്കപ്പെടാനുമുള്ള സാധ്യത സിനിമയിലോ സമൂഹത്തിലോ ഇല്ല.

 

ഭൂരിപക്ഷമായി നിലനിൽക്കുന്ന, അംഗീകൃതമായ ആൺ-പെൺ പ്രണയ ബന്ധങ്ങളുടെ അവതരണംപോലും ഒരു പരിധിയിലപ്പുറം അനുവദിക്കാത്ത സെൻസർ നിയമങ്ങളും സാമൂഹ്യ നിയമങ്ങളുമാണ് ഇവിടെ നിലനിൽക്കുന്നത്. സ്വവർഗ്ഗപ്രണയ ബന്ധങ്ങളുടെ അവതരണത്തിലേക്കു വരുമ്പോൾ അവിടെ നിയമവിലക്കും അതിരൂക്ഷമായ സാമൂഹ്യവിലക്കും നിലനിൽക്കുന്നതായി കാണാം. വ്യക്തമായും നേരിട്ടും ക്വിയർ കഥാപാത്രങ്ങളെ അവതരിപ്പിച്ചാൽ ഈ ഇടങ്ങളിലെ ഹെറ്റെറോനോർമാറ്റീവ് കാണിസമൂഹം അത് ഏറ്റെടുക്കുകയില്ലെന്നത് വ്യക്തമാണ്.  ഇത്തരത്തിൽ സ്വാഗതപരമല്ലാത്ത ഒരു അന്തരീക്ഷത്തിൽ ക്വിയർ കഥാപാത്രങ്ങളെ നിർമിക്കാനുള്ള ഉപാധിയെന്ന നിലയിൽ മലയാള സിനിമയ്ക്കകത്തും ക്വിയർ കോഡിങ് പ്രവർത്തിക്കുന്നു. മലയാള സിനിമയിൽ ക്വിയർ കോഡു ചെയ്യപ്പെട്ടിട്ടുണ്ടെന്നു കരുതാവുന്ന ചില  കഥാപാത്രങ്ങളെ ഇവിടെ വിലയിരുത്തുന്നു.

 

1.    സാലി (ദേശാടനക്കിളി കരയാറില്ല, പദ്മരാജൻ)

അധ്യാപികയോടു പ്രതികാരം ചെയ്യാനായി സ്‌കൂളിൽ നിന്നും ഒളിച്ചോടുന്ന രണ്ടു പെൺകുുട്ടികളെ കാട്ടുന്ന സിനിമയായിരുന്നു പദ്മരാജൻ സംവിധാനം ചെയ്ത് 1984ൽ പുറത്തു വന്ന 'ദേശാടനക്കിളി കരയാറില്ല'. സിനിമയിലെ സാലി സാമ്പ്രദായിക ജെന്റർ പ്രകടനങ്ങൾക്കകത്തു നിൽക്കുന്ന പെൺകുട്ടിയല്ല. എപ്രകാരമൊക്കെയാണ് സാലി ക്വിയർ കോഡ് ചെയ്യപ്പെട്ടിരിക്കുന്നതെന്നു വിശകലനം ചെയ്യുന്നു.

●      വസ്ത്രധാരണരീതി വഴിയും സ്ത്രൈണ ഒരുക്കങ്ങളുടെ അഭാവം വഴിയും

സിനിമയിൽ ഒരുപാട് അവസരങ്ങളിൽ മാസ്കുലിൻ ആയി കരുതപ്പെടുന്ന  (ഇക്കാലത്തെ അപേക്ഷിച്ച് ആൺവസ്ത്രങ്ങൾ ആയി കണക്കാക്കപ്പെടുന്ന) വസ്ത്രധാരണമാണ് സാലിയുടേത്. മറ്റു സ്ത്രീ കഥാപാത്രങ്ങളുടേത് അതേ സമയം സമൂഹം പ്രതീക്ഷിക്കുന്ന അംഗീകരിക്കുന്ന സാമ്പ്രദായിക പെൺവസ്ത്രങ്ങളും. സ്ത്രൈണമെന്നു കരുതപ്പെടുന്ന ചമയങ്ങൾ സാലി സൂക്ഷിക്കുന്നതു കുറവാണ്. നിമ്മി, ദേവിക എന്നീ കഥാപാത്രങ്ങളെപ്പോലെ അവർ ആഭരണങ്ങൾ അണിയുകയോ ഒരുങ്ങുകയോ ചെയ്യുന്നില്ല. ഓടിപ്പോയി മറ്റൊരു നഗരത്തിലെത്തിയ ശേഷം അവർ മുടി ബോബു ചെയ്യുന്നുണ്ട്. ബോബു ചെയ്ത മുടി കണ്ണാടിയിൽ കാണുമ്പോൾ അവർക്ക് ആത്മവിശ്വാസം മാത്രമാണുള്ളത്. ഇപ്രകാരം സാമ്പ്രദായിക ജെന്റർ പ്രകടനസങ്കല്പങ്ങളിൽ നിന്നു വ്യതിചലിച്ചുകൊണ്ട് സാലി ഹെറ്റെറോനോർമാറ്റീവ് ചട്ടത്തിനു വെളിയിൽ കടക്കുകയാണ്.

●      സംഭാഷണങ്ങൾ വഴി

നിമ്മിയുടെ സംരക്ഷകയെന്ന നിലയിലോ രക്ഷിതാവെന്ന നിലയിലോ ആണ് പലയിടങ്ങളിലും സാലി അവതരിപ്പിക്കപ്പെടുന്നത്. എല്ലായ്പ്പോഴും നിമ്മി ആശ്രയിക്കുന്നതു സാലിയെയാണ്. 'ദൂരെ എവിടെയെങ്കിലും, സേഫ് ആയ ഒരു ദൂരെ' നിമ്മിയെ കൊണ്ടുപോകാമെന്നു സാലി വാഗ്ദാനം ചെയ്യുന്നുണ്ട്. സാലിയുടെ ജീവിതത്തിലെ ഏക ആശങ്ക നിമ്മിയെ പ്രതിയാണ്. സിനിമയുടെ അന്ത്യത്തിലാണ് നിമ്മിയോട് സാലിക്കുള്ള അടുപ്പം കൂടുതൽ വെളിവാകുന്നത്. ഒപ്പം വരാൻ കൂട്ടാക്കാത്ത നിമ്മിയെ തനിച്ചാക്കി ഇറങ്ങിപ്പോകുന്നുണ്ടെങ്കിലും അധിക ദൂരം നീങ്ങാൻ സാലിക്കു കഴിയുന്നില്ല. തിരിച്ചു വന്ന സാലി നിമ്മി ആത്മഹത്യക്കായി തുനിഞ്ഞിരിക്കാമെന്നു സംശയിക്കുകയും മുറി മുഴുവൻ തിരയുകയും ചെയ്യുന്നു. ഉറക്കഗുളികകളുടെ കുപ്പി കണ്ടെടുത്തു സംഭ്രാന്തയായി ചോദ്യം ചെയ്യുന്നു. താൻ വന്നില്ലായിരുന്നുവെങ്കിൽ നിമ്മി  ആ ഗുളികകൾ കഴിക്കുമായിരുന്നു എന്നറിഞ്ഞു നിമ്മിയെ തല്ലുന്നു. അങ്ങനെയൊന്നും സംഭവിച്ചില്ലല്ലോ എന്നാശ്വസിച്ചു നിമ്മിയെ കെട്ടിപ്പിടിക്കുന്നു.

"ഞാൻ അങ്ങനെ പോകുമോ കുട്ടി.. നിന്നെ തനിച്ചാക്കിയിട്ട് ഞാൻ എങ്ങോട്ടു പോകാൻ.." എന്നാണു സാലി ചോദിക്കുന്നത്. തുടർന്നവർ നിമ്മിയെ കട്ടിലിലേക്കു നയിക്കുന്നു. കിടക്കയിൽ കിടത്തി അരികത്തു ചേർന്നു കിടക്കുന്നു.

"ഞാനില്ലേ നിന്റെ കൂടേ.. ഇത്രയും കാലമായി നിനക്കെന്നെ മനസ്സിലായില്ലേ നിമ്മി" എന്നു ചോദിക്കുന്നു. "സമാധാനമായുറങ്ങ്. ധൈര്യമായിരിക്ക്. ഞാനുണ്ട് നിന്റെയൊപ്പം. ഞാനുണ്ട്.." എന്നുറപ്പു നൽകുന്നു. സിനിമയിലെ ഏറ്റവും ലോലമായ, വൈകാരികത നിറഞ്ഞ സീനും ഇതാണ്. കരച്ചിലോടെ പരസ്പരം നോക്കുന്ന ഇവരുടെ മുഖങ്ങളിലേക്കു ക്യാമറ കേന്ദ്രീകരിക്കുന്നു. പിറ്റേന്നാളാണ് നിമ്മിയെയും സാലിയെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നത്. അതോടെയാണ് സിനിമ തീരുന്നത്.

●      എതിർവർഗ്ഗപ്രണയത്തിന്റെ വ്യക്തമായ അഭാവം വഴി

പ്രധാന കഥാപാത്രങ്ങളെ പ്രത്യേകിച്ചു യുവ കഥാപാത്രങ്ങളെ എതിർവർഗ്ഗപ്രണയ ബന്ധങ്ങളിൽ താൽപ്പര്യങ്ങളിൽ കുടുക്കി നിർത്തുകയാണ് മലയാളസിനിമയുടെ ശീലം. അതായത് നിർബന്ധിത എതിർവർഗ്ഗലൈംഗികതയാണ്  മലയാള സിനിമ സൂക്ഷിച്ചുപോരുന്നത്. സിനിമയുടെ അന്ത്യത്തിലെങ്കിലും കഥാപാത്രങ്ങൾ തങ്ങളുടെ പ്രണയത്തെ /പങ്കാളിയെ കണ്ടെത്തിയിരിക്കും. എന്നാൽ ഇവിടെ സാലിക്ക് അത്തരമൊരു പ്രണയ താൽപ്പര്യമില്ല. എന്നാൽ പ്രണയമായി വായിക്കപ്പെടാവുന്ന വൈകാരികത അവൾ നിമ്മിക്കടുത്തു പ്രകടിപ്പിക്കുന്നുണ്ടുതാനും.

 

2.    ശാലിനി (ശാലിനി എന്റെ കൂട്ടുകാരി, പദ്മരാജന്‍)

ചില ഗുണങ്ങളുടെ അതിയായ പ്രകടനം മൂലം ക്വിയർനെസ് സൂചിപ്പിച്ചു വെക്കുക എന്ന  ക്വിയർ കോഡിങിന്റെ രീതി ‘ശാലിനി എന്റെ കൂട്ടുകാരി’ എന്ന സിനിമയിൽ കണ്ടെത്താനാകില്ല. ശാലിനി ആൺവസ്ത്രങ്ങൾ ധരിക്കുന്ന, മുടി വെട്ടുന്ന, പുരുഷ ശരീര ഭാഷയുള്ള പെൺകുട്ടിയല്ല. മറിച്ച് സാമ്പ്രദായിക പെൺ ജെൻഡർ സങ്കൽപ്പങ്ങൾക്കു അകത്തു നിൽക്കുന്ന ഒരുവളാണ്. മറിച്ചു സിനിമയുടെ ആഖ്യാനം നേരിട്ട് ശാലിനിയെ ക്വിയർ കോഡ് ചെയ്യുന്നതായി കണ്ടെത്താനാകും.

ദേശാടനക്കിളിയിലെ ‘വാനമ്പാടി’ എന്ന ഗാനരംഗത്തെ അനുസ്മരിപ്പിക്കുന്ന ‘ഹിമശൈല സൈകത ഭൂമിയിൽ’ എന്നു തുടങ്ങുന്ന സിനിമയിലെ ഗാനം ശ്രദ്ധിക്കുക. ശാലിനിയുടെ ചേട്ടന്റെ കവിത കൂട്ടുകാരിയുടെ നിർബന്ധത്തെ എതിർക്കാനാകാതെ അമ്മു പാടുന്നതു പോലാണ് സിനിമയിൽ ഈ ഗാനം ഉൾപ്പെടുത്തപ്പെട്ടിട്ടുള്ളത്. അവർ രണ്ടു പേരും ചേർന്നുള്ള ഈ ഗാനരംഗത്തിൽ ശാലിനിയെ നോക്കിക്കൊണ്ട് അമ്മു പാടുകയാണ്. ഇടയ്ക്കിടെ പരസ്പരമുള്ള തൊടലുകൾ കൊണ്ടും നോട്ടങ്ങൾ കൊണ്ടും അവർ വൈകാരിക വിനിമയം നടത്തുന്നുണ്ട്. ശാലിനി ഗാനത്തിലുടനീളം അമ്മുവിൽ നിന്നും കണ്ണുമാറ്റുന്നില്ല.

അമ്മുവിന്റെ ആലാപനം കേട്ട് ശാലിനിയുടെ ചേട്ടൻ വാതിൽക്കലെത്തുന്നു. അത്തരമൊരു കഥാപാത്രത്തിന്റെ ആ സമയത്തെ വരവ് സിനിമയുടെ ബോധപൂർവമായ ഇടപെടലായിട്ടാണ് അനുഭവപ്പെടുന്നത്. ഈ രണ്ടു സ്ത്രീകൾക്കിടയിൽ സൗഹൃദേതരമായതൊന്നും നിലനിൽക്കുന്നില്ലെന്നുള്ളതിനുള്ള ഉറപ്പെന്ന മട്ടിലാണ് അയാളുടെ കടന്നുവരവിനെ വിലയിരുത്താൻ കഴിയുന്നത്. അതേ സമയം ഇവിടെ ക്വിയർ കോഡിങ് കൃത്യമായി നടക്കുന്നുമുണ്ട്.

 

അമ്മുവിന്റെ വിവാഹത്തിനു മുന്നേ ശാലിനി വിവാഹത്തിനു തയ്യാറല്ലെന്ന് ഓർക്കണം. അമ്മു വിവാഹിതയായതിനു ശേഷം മാത്രമാണ് അവർ വിവാഹത്തിനു സമ്മതിക്കുന്നത്. അധ്യാപകനുമായി അവർക്കുണ്ടായ പ്രണയത്തിന്റെ വിശദീകരണത്തിലേക്കായി സിനിമ ഒട്ടും തന്നെ സമയം ചെലവഴിച്ചിട്ടില്ലെന്നതും കാണാം.

 

ക്വിയർ കോഡിങും ക്വിയർ ഫോബിയയും

മേൽപ്പറഞ്ഞ സിനിമകളിൽ ക്വിയർ കഥാപാത്രങ്ങളെ ഉചിതമായി പ്രതിനിധീകരിക്കാനാണ് ക്വിയർകോഡിങ് ഉപയോഗിച്ചിട്ടുള്ളതെങ്കിൽ അങ്ങനെയല്ലാത്ത സന്ദർഭങ്ങളും നിലനിൽക്കുന്നുണ്ട്. വളരെ ചുരുക്കം സിനിമകളിൽ മാത്രമേ ക്വിയർ കോഡിങ് അതിന്റെ യഥാർത്ഥ ലക്ഷ്യത്തിൽ പ്രയോഗിക്കപ്പെട്ടിട്ടുള്ളൂ. ക്വിയർ കോഡിങ് എന്ന രീതി സ്വയമേ തന്നെ പല പരിമിതികളും ന്യൂനതകളും ഉള്ളതാണ്. സ്വഭാവ ഗുണങ്ങളേയോ വസ്ത്രധാരണ രീതിയെയോ പറച്ചിലുകളെയോ മുൻനിർത്തി ആരുടെയും ലൈംഗികത വായിച്ചെടുക്കുവാൻ സാധിക്കുകയില്ല. ഓരോ മനുഷ്യരും വ്യത്യസ്തരാണ്. അവശ്യമായ അവതരണങ്ങൾ പോലും സാധ്യമല്ലാത്ത ഒരു ഇടത്തിൽ /കാലത്തിൽ പരോക്ഷമായിട്ടെങ്കിലും ക്വിയർ സമൂഹത്തിന്റെ അവതരണം സാധ്യമാക്കുവാനും പ്രതിനിധാനം ഉറപ്പാക്കുവാനും ക്വിയർ കോഡിങ് വഴി സാധിച്ചിട്ടുണ്ടെങ്കിലും ക്വിയർ വ്യക്തികളെയും സമൂഹത്തെയും കുറിച്ചുള്ള സ്ഥിരവത്കരിക്കപ്പെട്ട ധാരണകൾ വീണ്ടും ഉറപ്പിക്കുന്നതിലേക്കു ക്വിയർ കോഡിങ് സങ്കേതത്തിന്റെ നിരന്തരപ്രയോഗം നയിക്കുന്നുണ്ട്. ക്വിയർ വ്യക്തികൾ ഇപ്രകാരമൊക്കെയാണ് പെരുമാറുകയെന്ന മുൻവിധിയുടെ നിർമ്മിതിക്കും ഇപ്രകാരമേ പെരുമാറാവൂ എന്ന ശാഠ്യത്തിനും ക്വിയർ കോഡിങ് കാരണമാകുന്നു.

മലയാള സിനിമയും സമൂഹവും ക്വിയർ വ്യക്തികളെ വെറുപ്പോടെയും വിദ്വേഷത്തോടെയും കൂടിയാണ് കാലങ്ങളായി നോക്കിക്കണ്ടു വരുന്നത്. സ്വവർഗാനുരാഗികൾക്കും ക്വിയർ ജനതയ്ക്കും നേരെയുള്ള ഈ സാമൂഹിക മനോഭാവമാണ് ഹോമോഫോബിയ / ക്വിയർ ഫോബിയ. സ്റ്റീരിയോ ടൈപ്പ് ക്വിയർ ഗുണങ്ങൾ പ്രകടിപ്പിക്കുന്നവരായി കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും അവരെക്കൊണ്ട് കാണികൾക്ക് വെറുപ്പുളവാക്കുന്ന തരത്തിലുള്ള പ്രവൃത്തികൾ ചെയ്യിപ്പിച്ചുകൊണ്ട് കാണികളുടെ വിദ്വേഷം നേടുകയും ചെയ്യുന്ന പ്രവണത സിനിമയിൽ കണ്ടു വരുന്നു. കഥാപാത്രങ്ങളുടെ താമസഗുണങ്ങൾ അവരുടെ ക്വിയർനെസ്സിന്റെ എക്സ്റ്റൻഷൻ ആയിട്ടാണ് അവതരിപ്പിക്കപ്പെടുന്നത്. ഇത്തരത്തിൽ ഹോമോ/ക്വിയർ ഫോബിയ നിർമ്മിക്കുന്ന സിനിമകളെ വിശകലനം ചെയ്യുകയാണ് അടുത്തതായി.

 

1.    ആക്ഷൻ ഹീറോ ബിജു, റോക്ക്സ്റ്റാർ എന്നിവയിലെ കഥാപാത്രങ്ങൾ.

ഇവ രണ്ടും മുഴുനീള കഥാപാത്രങ്ങളല്ല. എബ്രിഡ് ഷൈനിന്റെ സംവിധാനത്തിൽ 2016ൽ പുറത്തു വന്ന ആക്ഷൻ ഹീറോ ബിജുവിൽ എസ്.ഐ ബിജുവും മറ്റു പോലീസുകാരും ചേർന്ന് വാഹന പരിശോധന നടത്തുന്ന രംഗമുണ്ട്. പരിശോധന നടത്തിക്കൊണ്ടിരിക്കുന്ന പോലീസുകാരുടെ മുന്നിലേക്കെത്തുന്ന ബിജു എന്ന വ്യക്തി സാമ്പ്രദായിക ജെന്റർ സങ്കൽപ്പങ്ങളെ തൃപ്തിപ്പെടുത്തുന്ന രൂപഭാവമുള്ള ഒരാളല്ല. കടും ചുവപ്പു നിറത്തിലുള്ള ആണത്ത പ്രതീതി കുറഞ്ഞ വസ്ത്രധാരണമാണ് അയാളുടേത്. നീണ്ടു തുടങ്ങുന്ന മുടിയുണ്ട്. കണ്ണെഴുത്തുണ്ട്. സ്ത്രൈണത കൂടിയ സംസാരവും ശരീര ഭാഷയും അര കുലുക്കിക്കൊണ്ടുള്ള നടപ്പുമാണ്. പേരു വിവരങ്ങൾ നല്കുവാനായി എസ്. ഐ. ബിജുവിന് അടുത്തെത്തിയ യാത്രക്കാരൻ ബിജു അനാവശ്യമായും അനുചിതമായും എസ്.ഐയെ തൊടുന്നതായി ദൃശ്യപ്പെടുത്തുന്നുണ്ട്. ഈ രംഗങ്ങൾ അവതരിപ്പിക്കപ്പെടുന്നത് പൊതുഹാസ്യ പശ്ചാത്തല സംഗീതത്തിന്റെ പിന്തുണയോടെയാണ്. ഇത്തരമൊരു സീനിന്റെ യാതൊരു തരത്തിലുള്ള ആവശ്യകതയും സിനിമയിലുള്ളതായി കണ്ടെത്താനാകില്ല. സിനിമയുടെ കഥയേയോ മറ്റു ഘടകങ്ങളെയോ സഹായിക്കുന്ന ഒന്നല്ല ഈ സീൻ.

ഈ ദൃശ്യത്തിന്റെ മറ്റൊരു തരത്തിലുള്ള ആവർത്തനമാണ് 2015ൽ പുറത്തുവന്ന വി.കെ. പ്രകാശ് സംവിധാനം ചെയ്ത റോക്ക്സ്റ്റാറിലും. സ്ത്രൈണ ശരീരഭാഷയും സംഭാഷണരീതിയും കണ്ണെഴുത്തുമുള്ള കഥാപാത്രം നായകനെ അനുചിതമായ രീതിയിൽ തൊടുന്നതും അനാവശ്യമായി തലോടുന്നതും കാണിക്കുന്നുണ്ട്. ഗായകനായ നായകനൊത്ത് ഒരു സെൽഫിയെടുക്കാനായി ശ്രമിക്കുന്ന ആരാധകനാണ് ഈ കഥാപാത്രം. സെൽഫിക്കു ശേഷം ‘പടവും കിട്ടി, പിടിയും കിട്ടി’ എന്നയാൾ പറയുന്നു. ഈ ഭാഗങ്ങളിലൊക്കെ ആക്ഷൻ ഹീറോ ബിജുവിലെ പ്രസ്തുത  സീനിലേതു പോലെ പൊതുവെ ഹാസ്യരംഗങ്ങളിൽ ഉപയോഗിച്ചു വരുന്ന തരത്തിലുള്ള പശ്ചാത്തല സംഗീതവും കണ്ടെത്താം. അയാളുടെ മിസ്ബിഹേവിങ് മെന്റാലിറ്റി ക്വിയർനെസ്സിന്റെ എക്സ്റ്റൻഷൻ അല്ലെങ്കിൽ സ്വാഭാവികമായ പരിണിതി എന്ന നിലയിലാണ് അവതരിപ്പിക്കപ്പെടുന്നത്. ക്വിയർനെസ് പ്രകടിപ്പിക്കുന്ന വ്യക്തികളൊക്കെത്തന്നെ ഇത്തരത്തിൽ ഉപദ്രവകാരികൾ ആയിരിക്കുമെന്ന തെറ്റിദ്ധാരണ പകരുകയും ക്വിയർ ഫോബിയ ഉത്പാദിപ്പിക്കുകയുമാണ ആത്യന്തികമായി ഇത്തരം സീനുകൾ. ഇവിടങ്ങളിലൊക്കെ ക്വിയർ കോഡിങ് ക്വിയർ ഫോബിയയുടെ ഉത്പാദനത്തിനുള്ള ഒരു ടൂൾ ആയി പരിണമിക്കുന്നതായി കാണാം.

 

2.    ഭീഷ്മപർവ്വത്തിലെ പീറ്റർ എന്ന കഥാപാത്രം.

2022ൽ അമൽ നീരദിന്റെ സംവിധാനത്തിലെത്തിയ ‘ഭീഷ്മപർവ്വ’ത്തിലെ പീറ്റർ എന്ന കഥാപാത്രം ക്വിയർ കോഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന്‌ വ്യക്തമായും കാണാനാകും. കടും നിറങ്ങളിൽ ഷർട്ടുകൾ ധരിക്കുന്ന കണ്ണാടി കണ്ടൊരുങ്ങുന്ന ഇയാളുടെ ക്വിയർനെസ് വ്യക്തമായും വെളിപ്പെടുന്നത് ‘രതിപുഷ്പം’ എന്നാരംഭിക്കുന്ന ഗാനരംഗത്തിലാണ്.

മലയാള സിനിമയിൽ സ്ത്രീശരീരത്തെ വസ്തുവത്കരിക്കാത്ത പകരം പുരുഷന്റെ ഉടലിനെ ആവിഷ്കരിക്കുന്ന ഒന്നാണ് ‘രതിപുഷ്പം’ എന്നു ആരംഭിക്കുന്ന ഗാനം. രതിപുഷ്പം പാട്ടു പാടി നൃത്തം ചെയ്യുന്ന നർത്തകൻ മറ്റൊരു പുരുഷന്, പുരുഷന്മാർക്കുള്ള കാഴ്ചയായാണ് അവതരിപ്പിക്കപ്പെടുന്നത് എന്നാണ് പഠനത്തിൽ അതിന്റെ പ്രസക്തി. നർത്തകനായ പുരുഷനു ചുറ്റും നിന്നു നൃത്തം ചെയ്യുന്നതും തഴുകുന്നതും പുരുഷന്മാർ തന്നെയാണ്.  പ്രൊഡ്യൂസറായ പീറ്റർ സിനിമയിലെ നൃത്തരംഗത്തിന്റെ ചിത്രീകരണം വീക്ഷിക്കുന്നതായാണ് ഗാനത്തിന്റെ തുടക്കം. പ്രധാന നർത്തകനിൽ അയാൾ ആകൃഷ്ടനാണെന്നത് വ്യക്തമാണ്. കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന പീറ്ററിന്റെ ചുണ്ടിൽ എരിയുന്ന സിഗരറ്റുണ്ട്. സിഗരറ്റ് എരിയുന്ന ദൃശ്യം സൂക്ഷ്മമായി സീനിൽ ആവർത്തിച്ചു കാട്ടിയിരിക്കുന്നു. കൂർത്തതും മുനയുള്ളതുമായ വസ്തുക്കൾ ലിംഗസൂചകമായി പ്രവർത്തിക്കുന്നുവെന്ന ഫ്രോയിഡിന്റെ നിരീക്ഷണം ഇവിടെ ഓർക്കേണ്ടതാണ്. നർത്തകനോടുള്ള കഥാപാത്രത്തിന്റെ ലൈംഗികാഭിനിവേശത്തിന്റെ സൂചനയായി സിഗരറ്റ് ഇവിടെ പ്രവർത്തിക്കുന്നു. ചിത്രീകരണത്തിന്റെ മധ്യത്തിൽ നൃത്തത്തിൽ അതൃപ്തനായ പീറ്റർ സ്റ്റേജിലേക്കു കയറിച്ചെല്ലുകയും നൃത്തസംവിധായകനായി ചമയുകയും ചെയ്യുന്നു. നർത്തകനെ എങ്ങനെയെങ്കിലും സമീപിക്കുവാനുള്ള ന്യായീകരണമായിട്ടാണ് ഈയൊരു ഇടപെടൽ കണ്ടെത്താനാകുന്നത്. സ്റ്റേജിൽ ചെന്നു കയറുന്ന പീറ്റർ അതു വരെയുള്ളതിൽ നിന്നു വ്യത്യസ്തമായി പുതിയൊരു സ്റ്റെപ്പ് കാണിക്കുന്നു. നർത്തകൻ അത് അനുകരിക്കുന്നുണ്ടെങ്കിലും അയാളതിൽ അതൃപ്തനാണെന്നും പീറ്ററിന്റെ തൊടലുകളിൽ ബുദ്ധിമുട്ടനുഭവിക്കുണ്ടെന്നും കാണാം.

 

പുരുഷന്മാർക്കു മുന്നിൽ പുരുഷന്മാർ നൃത്തം ചെയ്യുന്ന രതിപുഷ്പം പാട്ടുരംഗം നവീനമായ, ഇതുവരെയില്ലാത്ത തരത്തിൽ ആണുടലിനെ അവതരിപ്പിക്കുണ്ട്. ഈ ഉടലിന്റെ ആസ്വാദകനായ പീറ്ററിന്റെ ക്വിയർനെസ് പക്ഷേ അയാളുടെ ഒട്ടേറെ ചീത്ത ഗുണങ്ങളെ, വില്ലത്തരത്തെ അനുഗമിക്കുന്ന തരത്തിലാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ‘ഭീഷ്മപർവ്വ’ത്തിലെ വില്ലൻ പീറ്ററാണ്. അയാൾ ഭാര്യയെ മർദ്ദിക്കുന്ന, സ്‌ത്രീ വിരുദ്ധനായ, ഡ്രഗ് അഡിക്റ്റായ, കൊലപാതകിയായ ഒരുവനാണ്. ഈ ഗുണങ്ങൾക്കൊപ്പം ക്വിയർനെസ് ചേർത്തു വെച്ചുകൊണ്ടാണ് സിനിമ ക്വിയർഫോബിയ ഉത്പാദിപ്പിക്കുന്നത്.

 

ഉപസംഹാരം

ക്വിയർഫോബിയയുടെ ഉത്പാദനത്തിലേക്കാണ് പലപ്പോഴും ക്വിയർ കോഡിങ് വഴിമാറുന്നത്. ക്വിയർ പ്രതിനിധാനങ്ങളെ സാധ്യമാക്കുകയെന്ന ക്വിയർ കോഡിങിന്റെ യഥാർത്ഥമായ ഉദ്ദേശം മിക്കപ്പോഴും വിസ്മരിക്കപ്പെടുകയാണ്.  മലയാളസിനിമയെ സംബന്ധിച്ചിടത്തോളം തെറ്റായ പ്രയോഗമാണു കൂടുതലായും നടന്നു വരുന്നതെന്നു കാണാം. നേരായ രീതിയിൽ ക്വിയർ കോഡിങ് നടത്തിയിട്ടുള്ള സിനിമകൾ ചുരുക്കമാണ്.

റഫറൻസ്

1.    Henderson, Taylor, "Let's Talk About Queer Coding & It's History in Film and TV", Pride (May 5, 2021), https://www.pride.com/movies/2021/5/05/lets-talk-about-queer-coding-its-history-film-and-tv/ (accessed October 12, 2022)

 

2.    Jaigiridhar, Adiba, "What is Queerbaiting Vs Queer Coding," Book Riot (2021), https://bookriot.com/what-is-queerbaiting-vs-queer-coding/ (accessed October 14, 2022)

 

3.    Vohra, Saumyaa, "Queer Coding in Cinema: 8 Films That Were Saying More Than You Realised," GQ India (June 18, 2022), https://www.gqindia.com/get-smart/content/queer-coding-in-cinema-8-films-that-were-saying-more-than-you-realised (accessed October 14, 2022)

നിവി ടി.

ഗവേഷക

മലയാള-കേരളപഠനവിഭാഗം

കാലിക്കറ്റ് സർവ്വകലാശാല

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. സംഗീത കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page