top of page

വിജ്ഞാനസമൂഹനിർമ്മിതി: മാതൃഭാഷയും സമഗ്രഭാഷാസൂത്രണവും

Updated: Dec 30, 2025

ഉമ്മുസുഹൈല .പി.

ആമുഖം

  പ്രപഞ്ചോൽപ്പത്തിയെ സംബന്ധിച്ച സിദ്ധാന്തങ്ങളിൽ പ്രബലമായ മഹാവിസ്ഫോടന സിദ്ധാന്തം വിഭാവന ചെയ്തതുപോലെ, അതിനുശേഷം കണികാതലങ്ങളിലുണ്ടായ അതിസൂക്ഷ്മവും ത്വരിതവും അനിർവചനീയവുമായ മാറ്റങ്ങൾ കൂടിച്ചേർന്ന് ഒരു വലിയ മാറ്റത്തിന്റെ അടിത്തറപണിയുന്നു എന്നതിന് സമാനമായ സ്ഥിതിയാണ് വിവരങ്ങളുടെയും വിജ്ഞാനത്തിന്റെയും ലോകത്ത് ഇന്ന് കാണാൻ കഴിയുന്നത്. അച്ചടിയിൽ നിന്നും ആരംഭിച്ച ‘അറിവിന്റെ ജനകീയവൽക്കരണ’ത്തിന്റെ ഈ മഹാപ്രയാണം ഇന്റർനെറ്റിലേക്കും തുടർന്ന് ഡിജിറ്റൽ അറിവ് കേന്ദ്രങ്ങളിലും അറിവ് നിർമ്മാണ-ശേഖരണ പ്ലാറ്റ്ഫോമുകളിലും ഒടുവിൽ നിർമ്മിതബുദ്ധിയുടെ സാധ്യതയിലും വെല്ലുവിളിയിലുമെത്തി നിൽക്കുന്നു. വിച്ഛേദങ്ങളുടെ (Shift) ത്വരിതഗതിയിലുള്ള തുടർച്ച കാരണം മാറ്റങ്ങളുടെ സ്വാധീനത്തെ മനസ്സിലാക്കാനുള്ള സമയംപോലും നൽകപ്പെടാത്ത വിധം ലോകം കുതിക്കുന്നു. വിരൽത്തുമ്പിൽ ലോകത്തെ സകല വിവരങ്ങ(information)ളും എത്തുന്നു എന്ന് ആലങ്കാരികമായി പറയുന്ന ഈ സ്ഥിതിവിശേഷത്തിന്റെ യാഥാർത്ഥ്യത്തെയും അതിന്റെ ബഹുമുഖമായ തലങ്ങളെയും സാമാന്യമായി മനസ്സിലാക്കേണ്ടതുണ്ട്.

   ആഗോളവിപണിയുടെ ഏറ്റവും വിലയേറിയ ഉൽപ്പന്നവും മൂലധനവും ആണ് ഇന്ന് വിവരം (information). അത് ഒരേ സമയം കമ്പോളത്തിന്റെ നിർമ്മാണ ഘടകമായും മനുഷ്യവിഭവത്തിന്റെ അളവുകോലായും അതേസമയം ഉൽപ്പന്നമായും(ചരക്ക്) വിലയായും (മൂല്യം) പ്രവർത്തിക്കുന്നു. വിവരത്തിലും, അല്പം കൂടി സമഗ്രമായ അർത്ഥത്തിൽ വിജ്ഞാനത്തിലും (knowledge) അധിഷ്ഠിതമായ ഒരു പുതിയ ലോകക്രമം(world order) സംജാതമായിരിക്കുന്നു എന്ന് ചുരുക്കം. വിവരവിനിമയെ സാങ്കേതികവിദ്യ  (Information and Communication Technology)യുടെ സ്വാധീനത്താൽ മുമ്പെങ്ങുമില്ലാത്ത വിധം വിവരം ശേഖരിക്കപ്പെടുകയും നിർമ്മിക്കപ്പെടുകയും അതേസമയം തന്നെ വിതരണം ചെയ്യപ്പെടുകയും ചെയ്യുന്നു.

     വിവരം വിജ്ഞാനം എന്നീ ഘടകങ്ങളെ മനസ്സിലാക്കുക. അവയെ അടിസ്ഥാനമാക്കി വിവരസമൂഹം/ വിജ്ഞാനസമൂഹം എന്നീ സാമൂഹ്യഘടനകളെ വിശകലനം ചെയ്യുക. ഈ അറിവുകളെ അടിസ്ഥാനമാക്കി വിജ്ഞാനസമൂഹനിർമ്മിതിയിലെ വിജ്ഞാനഭാഷയ്ക്കുള്ള പ്രാധാന്യത്തെയും മാതൃഭാഷയെ വൈജ്ഞാനികവൽക്കരിക്കേണ്ട ആവശ്യകതയെയും വിശദീകരിക്കുക. വൈജ്ഞാനികഭാഷ എന്ന നിലയിൽ മലയാളത്തിന്റെ പദവി മനസ്സിലാക്കുക. പര്യാപ്തമായ വൈജ്ഞാനികഭാഷ എന്ന നിലയിലേക്ക് മലയാളത്തെ ഉയർത്തുന്നതിനുള്ള സാധ്യതകളെയും വെല്ലുവിളികളെയും മനസ്സിലാക്കുക എന്നിവയാണ് പഠനത്തിന്റെ ലക്ഷ്യം.


താക്കോൽ വാക്കുകൾ

 വിച്ഛേദം, വിവരം, വിജ്ഞാനം, വിവരസമൂഹം, വിജ്ഞാനസമൂഹം, വിജ്ഞാനഭാഷ, വൈജ്ഞാനികഭാഷാ പദവി, ഭാഷാസൂത്രണം, വിജ്ഞാന സമ്പദ് വ്യവസ്ഥ, കോളനീകരണം, അപകോളനീകരണം

   

പ്രബന്ധം 

  പഠനം പ്രധാനമായും ചർച്ച ചെയ്യുന്ന പദങ്ങളാണ് വിവരവും വിജ്ഞാനവും. വ്യവഹാരഭാഷയിൽ അറിവ് എന്ന അർത്ഥത്തിൽ

 ഈ പദങ്ങൾ രണ്ടും ഉപയോഗിക്കാറുണ്ടെങ്കിലും സാങ്കേതികപദങ്ങൾ എന്ന നിലയ്ക്ക് അവ പ്രദാനം ചെയ്യുന്ന ആശയങ്ങൾ തമ്മിൽ വ്യത്യാസമുണ്ട്. എന്താണ് വിവരം? -സംഭവങ്ങളെക്കുറിച്ചോ പ്രതിഭാസങ്ങളെക്കുറിച്ചോ സങ്കല്പങ്ങളെക്കുറിച്ചോ ശേഖരിക്കപ്പെട്ടതോ നിർമ്മിക്കപ്പെട്ടതോ ആയ ദത്ത (data)ങ്ങളെ  വിവരങ്ങൾ(information) എന്നു പറയാം. അവ സാഹചര്യത്തിനനുസരിച്ച് പ്രയോഗിക്കാൻ സാധ്യമാകുന്ന ശേഖരമാണ്.  വിജ്ഞാനം(knowledge) വിവരങ്ങളെ സ്വാംശീകരിച്ച് അനുഭവങ്ങളുടെയും വീക്ഷണത്തിന്റെയും കൂടിച്ചേരലിലൂടെ സ്വായത്തമാക്കപ്പെടുന്ന അറിവാണ്. വിവരത്തെ കൈകാര്യം ചെയ്യുമ്പോഴും അവ വ്യക്തിയുടെ വിജ്ഞാനം ആയിക്കൊള്ളണമെന്നില്ല. അതിന് വിവരം മനുഷ്യന്റെ ബൗദ്ധിക-മാനസിക പ്രവർത്തനത്തിന്റെ ഫലമായി സ്വാംശീകരിക്കപ്പെടുകയും പ്രയോഗാർഹമായി തീരുകയും വേണം. ചുരുക്കത്തിൽ വിവരത്തെ സംസ്കരിച്ച് മനനം ചെയ്തു സ്വന്തമാക്കിയെടുത്ത അറിവിനെ ജ്ഞാനം അല്ലെങ്കിൽ വിജ്ഞാനം എന്നു പറയാം. (ഹിന്ദി പോലുള്ള ഭാഷകളിൽ ജ്ഞാനത്തെയും വിജ്ഞാനത്തേയും, പൊതുവായ അറിവ് -ഗ്യാൻ, ശാസ്ത്ര വിഷയങ്ങളിലുള്ള അറിവ്-വിഗ്യാൻ എന്നിങ്ങനെ രണ്ടർത്ഥത്തിൽ ഉപയോഗിക്കാറുണ്ട്. എന്നാൽ മലയാളത്തിൽ ഈ വ്യത്യാസമില്ല.) ഒന്ന് അറിവിന്റെ നിലകൊള്ളൽ ആകുമ്പോൾ മറ്റൊന്ന് ആന്തരികമായ പ്രവൃത്തിയുടെ ഫലമായ ജ്ഞാനമാകുന്നു.


പഠനം ചർച്ചചെയ്യുന്ന മറ്റു രണ്ട് പദങ്ങളായ വിവരസമൂഹം(information society), വിജ്ഞാനസമൂഹം(knowledge society) എന്നീ സംജ്ഞകളെ ഇതിന്റെ അടിസ്ഥാനത്തിൽ മനസ്സിലാക്കാം. ഇതിൽ തന്നെ ഇന്ന് ഏറ്റവും ചർച്ചയാവുന്ന വിജ്ഞാനസമൂഹം എന്ന സംജ്ഞയിലാണ് ഈ പഠനം പ്രാധാന്യമൂന്നുന്നത്. വിജ്ഞാനം വിവരത്തോട് എന്നപോലെ വിജ്ഞാനസമൂഹം (Knowledge Society ) വിവരസമൂഹ(Information Society)ത്തോട് ബന്ധപ്പെട്ടിരിക്കുന്നു. ഉൽപ്പാദന വ്യവസ്ഥയെ അടിസ്ഥാനമാക്കി ഓരോ കാലത്തെയും സമൂഹങ്ങളെ കാർഷികസമൂഹം, വ്യാവസായികസമൂഹം, മുതലാളിത്ത സമൂഹം എന്നിങ്ങനെ അടയാളപ്പെടുത്തുന്നു. കമ്പോളത്തിന്റെ സ്വഭാവം ഇതിന് നിദാനമാണ്. വിജ്ഞാനസമൂഹം/ വിവരസമൂഹം എന്ന് ഈ കാലത്തെ വിളിക്കുമ്പോൾ കമ്പോളത്തിനുമേൽ അറിവിന് കൈ വന്നിട്ടുള്ള മേൽക്കൈ തന്നെയാണ് മനസ്സിലാക്കേണ്ടത്. അത് വ്യവസായ വിപ്ലവത്തോടെ കാർഷികവൃത്തിക്ക് മേൽ യന്ത്രങ്ങൾക്ക് വന്ന മേൽകൈക്ക് സമാനമാണ്. കൃഷിയിൽ അധിഷ്ഠിതമായിരുന്ന ഉത്പാദനവ്യവസ്ഥയിൽനിന്നും മാറി വ്യവസായ ഉൽപ്പന്നങ്ങൾക്ക് പ്രാധാന്യം ലഭിച്ചതോടെ കൃഷിവൃത്തിയിൽ ഒരു ജനതക്കുണ്ടായിരുന്ന അറിവിന് മൂല്യച്യുതി സംഭവിക്കുകയും യാന്ത്രികമായ മേഖലകളിലെ അറിവിന്  പ്രാധാന്യം ലഭിക്കുകയുമാണ് ചെയ്തത്. വ്യത്യസ്ത വ്യവസായമേഖലകൾ വളരുന്നതിനൊപ്പം യന്ത്രനിർമ്മാണത്തിനും യന്ത്രവിദ്യയിലുള്ള അറിവിലും  ലഭിക്കുന്ന പ്രാധാന്യം മറ്റ് വ്യവസായ മേഖലകളിലെ അറിവിനെ  വഴിമാറി കൊടുക്കുന്നതായി കാണാം. വിനോദവ്യവസായ മേഖലയിലെ എഡിറ്റിങ്, എ ഐ ടൂൾ വികസനം തുടങ്ങിയവ ഇത്തരം ബഹുമുഖ വ്യവസായങ്ങളുടെ വളർച്ചയിലൂടെ പുതിയതായി അവതരിപ്പിക്കപ്പെടുന്ന അറിവുമേഖലകൾക്ക് ഉദാഹരണങ്ങളാണ്. ഇത്തരത്തിൽ ഓരോ സമൂഹക്രമത്തിലും ഒരു തരത്തിലുള്ള അറിവിന് സംഭവിക്കുന്ന ഇടിവും മറ്റൊന്നിന് സംഭവിക്കുന്ന ഉയർച്ചയും കാണാം. ഇത് ഉൽപാദനവ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ള നാമകരണമാണ്. വിവരസമൂഹവും വിജ്ഞാനസമൂഹവും വിവരം/ വിജ്ഞാനം ഉല്പാദിപ്പിക്കപ്പെടുന്ന, വിനിമയം ചെയ്യപ്പെടുന്ന വ്യവസ്ഥയെയും സാമൂഹികക്രമത്തെയും സൂചിപ്പിക്കുന്നു. ഈ പദങ്ങളുടെ ചരിത്രം പരിശോധിക്കുക വഴി ഇതിനെ മനസിലാക്കാം.


 വിജ്ഞാനസമൂഹങ്ങളെ സംബന്ധിച്ച പഠനങ്ങളുടെ ചരിത്രം ചരിത്രം, വർത്തമാനം:


ഇന്ന് ഏറ്റവും കൂടുതൽ നിർമ്മിക്കപ്പെടുന്നതും ശേഖരിക്കപ്പെടുന്നതും കൈമാറ്റം ചെയ്യപ്പെടുന്നതുമായ ഉൽപ്പന്നമാണ്  വിവരം. വിവര/വിജ്ഞാനസമൂഹത്തെക്കുറിച്ചുള്ള ചർച്ചയുടെ ചരിത്രം പരിശോധിക്കുമ്പോൾ ഇത് വ്യക്തമാകുന്നു.

  1960കളിൽ ടാഡാവോ ഉമേസാവോ എന്ന ജാപ്പനീസ് സാമൂഹികശാസ്ത്രജ്ഞന്റെ പഠനങ്ങളിലാണ് ഉൽപാദനവ്യവസ്ഥയിലുള്ള മാറ്റം ചർച്ചചെയ്തു തുടങ്ങുന്നത്. കമ്പോളത്തിന്റെ ഉൽപ്പന്നം എന്ന നിലയിൽ വിവരം നിർമ്മിക്കപ്പെടുകയും ശേഖരിക്കപ്പെടുകയും അതിന്റെ നിർമ്മാണഘടകം ആയിരിക്കെ തന്നെ മൂലധനമായും വർത്തിക്കുന്നു എന്ന് ടാഡാവോ നിരീക്ഷിക്കുന്നു. കമ്പോളത്തിന്റെ ചരക്ക് എന്ന രീതിയിൽ തന്നെ വിവരത്തെ  ഉത്പാദിപ്പിക്കുകയും അത് വലിയതോതിൽ ശേഖരിക്കുപ്പെടുകയും വിൽക്കപ്പെടുകയും ചെയ്യുന്നു.വിവരവിനിമയത്തിന് വന്ന ഈ പ്രാധാന്യത്തെ പിന്നീട് വലിയതോതിൽ പഠിക്കപ്പെട്ടു. ഇന്നുള്ള അർത്ഥത്തിൽ വിജ്ഞാനസമൂഹം എന്ന പദം ചർച്ചചെയ്യപ്പെടുന്നത് വീണ്ടും 10 വർഷങ്ങൾ പിന്നിട്ട് 1970കളിലാണ്. പീറ്റർ ഡ്രക്കറാണ് ‘നോളജ് സൊസൈറ്റി’എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത്. അതിനുമുമ്പ് ഈ വിഷയത്തിൽ പഠനം നടത്തിയ റോബർട്ട് ഇ ലെയ്ൻ പ്രയോഗിച്ച പദം നോളജബിൾ സൊസൈറ്റി (അറിവുള്ള സമൂഹം) എന്നാണ്. 1990കളിൽ ഇന്റർനെറ്റിന്റെ മേഖലയിൽ ഉണ്ടായ കുതിച്ചു ചാട്ടം വിവരവിനിമയത്തിന് വലിയ പ്രാധാന്യം നൽകി. ബ്രൗസറുകളുടെയും നൂതന കമ്പ്യൂട്ടിംഗ് സാങ്കേതികവിദ്യയുടെയും കണ്ടെത്തലുകൾ വിവരവിനിമയത്തെ സുഗമമായി തീർക്കുന്നതിനോടൊപ്പം സാധ്യമാക്കിയത് അച്ചടിക്ക്‌ പോലും അപ്രാപ്യമായിരുന്ന ജനകീയവൽകൃത പൊതുമണ്ഡലം എന്ന തുറവിയാണ്. എന്നാൽ ഡിജിറ്റൽ ലോകത്ത് നിർമ്മിക്കപ്പെട്ട ഈ പൊതുമണ്ഡലം ഡിജിറ്റൽ വിദ്യാഭ്യാസം നേടാൻ സാധിക്കാത്തവരെ അതിൽനിന്ന് അകറ്റിനിർത്തുകകൂടി ചെയ്തു. ഇതിനെ പുത്തൻ കാലത്തെ വിഭജനമായ ‘ഡിജിറ്റൽ ഡിവൈഡ്’ എന്ന് വിളിക്കുന്നു.

         വിവരത്തിന്റെ വിനിമയം സാധ്യമാകുമ്പോഴും വിവരസമൂഹങ്ങളെല്ലാം തന്നെ വിജ്ഞാനസമൂഹങ്ങളായി മാറുന്നില്ല. വിവരം വിജ്ഞാനവൽക്കരിക്കുന്നത് പോലെ വിവരസമൂഹങ്ങൾ വിജ്ഞാന സമൂഹങ്ങളായി മാറുന്നതിന് സാമൂഹികമായ ബൗദ്ധിക പ്രയത്നം ആവശ്യമുണ്ട്. ലഭ്യമായ വിവരങ്ങളിലെല്ലാം തുല്യവും ജനാധിപത്യപരവുമായ പ്രാപ്യത ഉണ്ടായിരിക്കുമ്പോഴും അതിനെ ഒരു സമൂഹത്തിന്റെ അറിവാക്കി മാറ്റാനും ആ അറിവുപയോഗിച്ച് സംരചനാപരമായ അറിവുൽപാദന പ്രക്രിയ തുടരാനും ഒരു സമൂഹത്തിന് സാധിക്കുമ്പോഴാണ് അത് വിജ്ഞാന സമൂഹമാകുന്നത്. ഉയർന്ന വിദ്യാഭ്യാസം ഏറ്റവും പുതിയ സാങ്കേതികവിദ്യകളിലും കണ്ടെത്തലുകളിലുമുള്ള പങ്കാളിത്തം, സ്വയംപര്യാപ്തത, ഉയർന്ന പൗരബോധം, അതുവഴി ഉണ്ടാകുന്ന മികച്ച ജീവിതനിലവാരവും സാമൂഹികനിലവാരവും മെച്ചപ്പെട്ട സാമൂഹിക-സാമ്പത്തികസ്ഥിതിയും - ഇവയെല്ലാം ഒരു വിജ്ഞാന സമൂഹത്തിന്റെ ലക്ഷണങ്ങളാണ്. വിവര സമൂഹങ്ങളിൽ നിന്നും ചർച്ച വിജ്ഞാന സമൂഹങ്ങളിലേക്ക് മാറുന്നത് ബഹുമുഖമായ ഈ ഫലം ലക്ഷ്യം വെച്ചുകൊണ്ടാണ്.

     2022- 23 സാമ്പത്തിക വർഷത്തിലെ കേരള ഗവൺമെന്റിന്റെ ബജറ്റിൽ ‘വിജ്ഞാന സമൂഹം’( knowledge society) ‘വിജ്ഞാന സമ്പദ്‌വ്യവസ്ഥ’(knowledge society) തുടങ്ങിയ പദങ്ങൾ അവതരിപ്പിക്കപ്പെട്ടതോടെയാണ് വിവരാധിഷ്ഠിതമായ ഈ പുതിയ വ്യവസ്ഥയെക്കുറിച്ചുള്ള ചർച്ചകൾ കേരളത്തിൽ ശക്തിപ്പെടുന്നത്. വിജ്ഞാനസമൂഹം എന്ന നിലയിൽ കേരളത്തിന്റെ സാധ്യത, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മുൻപന്തിയിലാണ്. നൂതനമായ എല്ലാ പഠനമേഖലകളിലും എത്തിച്ചേരാനുള്ള സാധ്യതയും മികച്ച വിദ്യാഭ്യാസ ഗുണനിലവാരവും സാമൂഹിക-ജനാധിപത്യബോധമുള്ള സമൂഹവും മികച്ച അടിത്തറയാണ്.  വിജ്ഞാനസമൂഹമെന്ന നിലയിൽ കേരളത്തെ ഉയർത്തിക്കഴിഞ്ഞാൽ അതിനെ കമ്പോളവൽക്കരിക്കാനും ‘നോളജ് എക്കോണമി’ (വിജ്ഞാന സമ്പദ്വ്യവസ്ഥ)യായി ഉയരാനും കേരളസമൂഹത്തിന് സാധ്യമാകും. എന്നുമല്ല ഇതിനകം തന്നെ സാധ്യമാകേണ്ടിയിരുന്നതുമാണ്. കേരളം പോലെ മികച്ച ഉന്നത വിദ്യാഭ്യാസ നിലവാരമുള്ള പല പ്രദേശങ്ങൾക്കും വിജ്ഞാനസമൂഹം എന്ന നേട്ടം കൈവരിക്കാനാവാത്തത് എന്തുകൊണ്ട് എന്ന ചോദ്യം പ്രസക്തമാണ്. ഇവിടെ വിജ്ഞാനഭാഷ എന്ന സംജ്ഞയെക്കുറിച്ചുള്ള ചർച്ച ആരംഭിക്കുന്നു.


   വിജ്ഞാനഭാഷ

എന്താണ് വിജ്ഞാനഭാഷ? ഭാഷയുടെ പ്രാഥമികമായ ലക്ഷ്യം ആശയവിനിമയവും ആത്മപ്രകാശനവുമാണ്. എന്നാൽ ഏകവാക്യനിർവചനീയമായ സങ്കേതമാണ് ഭാഷ എന്ന് പറയുക വയ്യ. സാഹിത്യപരവും സാങ്കേതികപരവുമായ അനേകം എഴുത്തുരീതികൾ വരമൊഴിയിലും വൈകാരികവും ഭൗതികവുമായ ആത്മപ്രകാശന രീതികൾ വാമൊഴിയിലും  നിലകൊള്ളുന്നത് ഇതിന് തെളിവാണ്. ഇത്തരത്തിൽ വിജ്ഞാനസമൂഹത്തെ രൂപപ്പെടുത്താൻ കെൽപ്പുള്ള ഭാഷയാണ് വിജ്ഞാനഭാഷ. കേവലമായ ഭാഷ എന്നതിലുപരിയായി സാങ്കേതികവും ശാസ്ത്രീയവുമായ ആശയങ്ങളെ ഉൾക്കൊള്ളാനും സംരചിക്കാനും അതിന് സാധിക്കേണ്ടതുണ്ട്.

   ഡിജിറ്റൽ ഡിവൈഡിനെക്കുറിച്ച് മുൻപ് പ്രതിപാദിച്ചിട്ടുണ്ട്. ഇതിനെയും ഭാഷാപരമായ ഒരു പ്രശ്നമായി കാണാവുന്നതാണ്. ഡിജിറ്റൽ ഭാഷ സ്വായത്തമാക്കാൻ സാധിക്കാത്തവർക്ക് ആ ലോകം വാഗ്ദാനം ചെയ്യുന്ന സാധ്യതകളിലേക്ക് എത്താൻ സാധിക്കുന്നില്ല. അതുവഴി വിജ്ഞാനസമൂഹത്തിലേക്ക് എത്താനും. തങ്ങൾക്ക് അറിയുന്ന ഭാഷയിൽ എല്ലാ അറിവും ലഭ്യമാവുക എന്നത് ഏറെ പ്രധാനമാണ്.  അപ്പോൾ മാത്രമേ വിവരം  വിജ്ഞാനവത്കരിക്കപ്പെടുന്ന പ്രക്രിയ സാധ്യമാവുകയുള്ളൂ. ഇതുതന്നെയാണ് ഓരോസമൂഹത്തിന്റെയും ഭാഷ വിജ്ഞാനഭാഷയായി ഉയരേണ്ടതിന്റെ പ്രാധാന്യവും.

    ശാസ്ത്രീയവും സാങ്കേതികവുമായ എല്ലാ ആശയങ്ങളെയും അടയാളപ്പെടുത്താൻ കഴിയുന്ന പദശേഖരമുള്ള ഭാഷയാണ് വിജ്ഞാനഭാഷ. സാഹിത്യവും ശാസ്ത്രവും സാങ്കേതികതയും ഒരേപോലെ കൈകാര്യം ചെയ്യാൻ കഴിയുന്ന വിജ്ഞാനഭാഷ എന്നത് ഇംഗ്ലീഷിന് മാത്രമാണെന്ന തെറ്റിദ്ധാരണ പ്രബലമാണ്. ഇതിനു കാരണം ശാസ്ത്രപഠനവും ഗവേഷണവുമെല്ലാം കൂടുതലും നടക്കുന്നതും പ്രസിദ്ധീകരിക്കപ്പെടുന്നതും ഇംഗ്ലീഷിലാണ് നടക്കുന്നത് എന്നതുകൊണ്ടാണ്. ഭാഷയുടെ ശക്തി അളക്കുന്ന ‘പവർ ലാംഗ്വേജ് ഇൻഡക്സ്’ (PLI) പ്രകാരം ലോകത്തെ ശക്തമായ ഭാഷകളുടെ ശ്രേണി ഇങ്ങനെ തുടങ്ങുന്നു; ഇംഗ്ലീഷ്, ചൈനീസ് മൻഡരിൻ, ഫ്രഞ്ച്, സ്പാനിഷ്, അറബിക്, റഷ്യൻ, ജർമ്മൻ, ജാപ്പനീസ്,...(മുരളീധരൻ സി എം,2022:പു 22). പിഎൽഐ പ്രകാരം ഇംഗ്ലീഷിന്റെ സമ്പത്തും ശക്തിയും ഒന്നാമതാണെന്നുള്ളതിൽ തർക്കമില്ല. വൈജ്ഞാനികഭാഷാപദവിയിലും ഈ പ്രഥമസ്ഥാനം ഇംഗ്ലീഷിനുണ്ട്. എന്നാൽ  ഈ ഒന്നാം സ്ഥാനം എല്ലാകാലത്തും ഉണ്ടായിരുന്നില്ല. ആസൂത്രിതവും നിർബന്ധിതവുമായ ഭാഷാസൂത്രണപദ്ധതികളിലൂടെയാണ് ഇംഗ്ലീഷ് ഈ സ്ഥാനം കൈവരിച്ചിട്ടുള്ളത്. ഗ്രീക്ക്, ലത്തീൻ പോലെയുള്ള ആദ്യകാല വൈജ്ഞാനികഭാഷകൾക്ക് ഉണ്ടായിരുന്ന പ്രാധാന്യത്തിന്റെ നൂറിൽ ഒന്നുപോലും ഇംഗ്ലീഷിന് ഉണ്ടായിരുന്നില്ല. ഇതരഭാഷകളിൽനിന്ന് നിർലോഭം പദങ്ങൾ കടമെടുത്തതും ഭാഷാപ്രയോഗം നിർബന്ധിതമാക്കിയതും പദസമ്പത്ത് പുഷ്ടിപെടുത്തുകയും അതിന്റെ വ്യവഹാരസാധ്യത വർദ്ധിപ്പിക്കുകയും ചെയ്തതാണ് ഈ നേട്ടത്തിന് കാരണം. കോളനിവൽക്കരണം ഈ ഭാഷയെ ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് എത്തിക്കുകയും അവിടുത്തെ ഭാഷകൾക്ക് മേൽ അധീശത്വം സ്ഥാപിക്കുകയും അതുവഴി വീണ്ടും ശക്തിപ്പെടുകയും ചെയ്യുന്ന നിലയിലേക്ക് വന്നു. ചുരുക്കത്തിൽ ശക്തമായ ഈ ഭാഷാസൂത്രണവും കോളനിവൽക്കരണവും നടന്നില്ലായിരുന്നെങ്കിൽ മറ്റു ഭാഷകളെ പോലെ ഒരു ഭാഷ മാത്രമായി ഇംഗ്ലീഷ് മാറിയേനെ. അതുവഴി തദ്ദേശീയ ഭാഷകൾക്ക് അവരുടെ പദസമ്പത്ത് പുഷ്ടിപ്പെടുത്താനും വിജ്ഞാനഭാഷ എന്ന നിലയിലേക്ക് നിഷ്പ്രയാസം ഉയരുവാനും സാധിക്കുമായിരുന്നു. ഇന്ന് ഇംഗ്ലീഷിന് മാത്രം  സാധ്യമായ ഒന്നായി വൈജ്ഞാനികഭാഷാപദവിയെ നാം സ്വീകരിക്കുമ്പോൾ നമ്മുടെ ഭാഷകളുടെ സാധ്യതകളെ നാം നിരാകരിക്കുകയാണ് ചെയ്യുന്നത്.

  

വിജ്ഞാനഭാഷയും മാതൃഭാഷയും വിദ്യാഭ്യാസവും:


വിവരസമൂഹത്തെ വിജ്ഞാനസമൂഹമെന്ന നിലയിലേക്ക് ഉയർത്താൻ അതാത് സമൂഹത്തിന്റെ വിവരവിനിമയവും അറിവും  ഏതു ഭാഷയിലാണ് നിലകൊള്ളുന്നത് എന്ന് പ്രധാനമായ ചോദ്യമാണ്. സ്വതന്ത്രവും സ്വയംപര്യാപ്തവുമായ വിജ്ഞാനസമൂഹമായും വിജ്ഞാന സമ്പദ് വ്യവസ്ഥയായും ഒരു സമൂഹം നിലകൊള്ളണമെങ്കിൽ അവരുടെ വിജ്ഞാനവൽക്കരണത്തിന്റെ  ‘ധൈഷണിക പ്രക്രിയയെ’ സുഗമമാക്കുന്ന ഭാഷയിലാവണം അവ നടക്കേണ്ടത് എന്ന് ചുരുക്കം. ശക്തമായ ഭാഷാ അപകോളനീകരണനയം ഇവിടെയും അവലംബിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം, നമ്മുടെ അനുഭവതലം ഉൾക്കൊള്ളാത്ത ഒരു ഭാഷയുടെ വ്യവസ്ഥിതിയിൽ ശേഖരിക്കപ്പെടുന്ന വിവരങ്ങൾ കേവലം വിവരങ്ങൾ മാത്രമായി നമ്മൾ സ്വീകരിക്കുകയും അവയുടെ വിജ്ഞാനവൽക്കരണം നടക്കാതെ വരുകയും അതുവഴി ‘സംരചനാത്മകത’ നഷ്ടപ്പെടുകയും നടക്കുന്നത് കേവലമായ വിവരവിനിമയം മാത്രമാവുകയും ചെയ്യും.


 

 ഭാഷ സമൂഹത്തിന്റെ നിർമ്മിതി ആണോ അതോ തിരിച്ചാണോ എന്ന ചോദ്യത്തിന് ഭാഷയോളം തന്നെ പഴക്കമുണ്ട്. ഭാഷ സമൂഹത്തിന്റെ ഘടനയിൽനിന്നും ഉരുതിരിഞ്ഞതും ആ ഘടനയെ പുനർസംഘടിപ്പിക്കുവാനും പുനർനിർവചിക്കുവാനും വിരചിക്കുവാനും കഴിവുള്ളതാണെന്നതിൽ സംശയം വേണ്ട. ആധുനിക ഭാഷാശാസ്ത്രത്തിന്റെ പ്രമുഖ പഠനമേഖലയായ സാമൂഹിക  ഭാഷശാസ്ത്രം(sociolinguistics) ഭാഷ ഒരു സമൂഹത്തിന്റെ നിർമ്മാണഘടകം ആവുന്നതെങ്ങനെ എന്നതിൽ അതിശയാവഹമായ കണ്ടെത്തലുകൾ നടത്തിക്കൊണ്ടിരിക്കുന്നു. ശിശുമനശാസ്ത്രവും ഭാഷാശാസ്ത്രവും ചേർന്ന പഠനങ്ങളിൽ കുട്ടിക്ക് ഭാഷയെ സ്വാംശീകരിക്കുവാനും പ്രയോഗിക്കുവാനുമുള്ള കഴിവിനെ സംബന്ധിച്ച കണ്ടെത്തലുകൾ പ്രധാനമാണ്.

   ആധുനിക ഭാഷാശാസ്ത്രത്തിന്റെ പ്രധാനചിന്തകനായ നോം ചോംസ്‌കി ഭാഷാസ്വാംശീകരണശേഷി (language Acquisition Device) അഥവാ L. A. D മനുഷ്യശിശു  ജനിക്കുന്നത് മനുഷ്യഭാഷ നേടാനുള്ള ധൈഷണികമായ കഴിവോടെയാണെന്നും അതിനായി തലച്ചോറിൽ ഒരു പ്രവർത്തനമേഖലയുണ്ട് എന്നും കണ്ടെത്തുന്നു. ഇവിടെവെച്ച് വിജ്ഞാനഭാഷയെയും മാതൃഭാഷയെയും നമുക്ക് ബന്ധപ്പെടുത്താം.  വിജ്ഞാനഭാഷയെ ന്നാൽ, സാങ്കേതികവും വൈജ്ഞാനികവും സങ്കൽപനാത്മകവുമായ കാര്യങ്ങളെ ഉൾക്കൊള്ളാനും അവതരിപ്പിക്കാനും പ്രാപ്തമായ ഭാഷയാണ് എന്ന് മനസ്സിലാക്കി കഴിഞ്ഞു. സാങ്കേതിക പദങ്ങൾ, വൈജ്ഞാനിക സങ്കല്പങ്ങൾ സൃഷ്ടിക്കുക എന്നിങ്ങനെ വിജ്ഞാനഭാഷ ശക്തവും സ്വതന്ത്രവുമായിരിക്കും. സ്വതന്ത്രമെന്ന് പറയുമ്പോൾ അതിന് ശുദ്ധം എന്ന അർത്ഥമില്ല എന്നത് മനസ്സിലാക്കേണ്ടതുണ്ട്. മറ്റൊരു ഭാഷയിലെയും പദങ്ങളെ സ്വീകരിക്കാതിരിക്കുക എന്നല്ല സ്വതന്ത്രതയുടെ മാനം.

       കേരളത്തിൽ വിജ്ഞാനസമൂഹം വലിയതോതിൽ ചർച്ചയാവുമ്പോഴും വിജ്ഞാനഭാഷ ചർച്ചയാവാത്തതെന്തുകൊണ്ട് എന്ന് കണ്ടെത്തുമ്പോൾ ഈ ആശയം എത്രമാത്രം പ്രധാനവും തിരസ്കൃതവുമാണെന്ന് മനസ്സിലാവും. അതിനു മാതൃഭാഷയെ കൂടി ഉൾചേർത്ത് മനസ്സിലാക്കേണ്ടതുണ്ട്.

   എന്താണ് മാതൃഭാഷ? കുഞ്ഞ് ജനിച്ചു വളരുന്ന സമൂഹത്തിന്റെ ഭാഷയാണോ അമ്മ സംസാരിക്കുന്ന ഭാഷയാണോ? ആ ഭാഷയ്ക്ക് ഇത്രമേൽ പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകത എന്ത്? എല്ലാ മാതൃഭാഷയ്ക്കും വിജ്ഞാനഭാഷയാവാൻ കഴിയുമോ? എന്നിങ്ങനെ പോകുന്നു മാതൃഭാഷാ സംബന്ധിയായ ചോദ്യങ്ങൾ. അമ്മയുടെ ഭാഷയോ ആയയുടെ ഭാഷയോ കുഞ്ഞിന്റെ മാതൃഭാഷ എന്ന തർക്കത്തിൽനിന്ന് മാറി, കുഞ്ഞ് വളരുന്ന, അതിന്റെ അനുഭവങ്ങൾ നേടുന്ന പരിസരത്തിലുള്ള ഭാഷയാണ് മാതൃഭാഷ എന്ന് മനസ്സിലാക്കേണ്ടി വരും. ഒന്നാം ഭാഷയായി അമ്മയുടെയോ ആയയുടെ ഭാഷ ലഭിച്ചാലും അത് വളരുന്ന സമൂഹത്തിന്റെ ഭാഷ വേറെയാണെങ്കിൽ മാതൃഭാഷ എന്തായിരിക്കും എന്ന സംശയം ഇവിടെ ദൂരീകരിക്കപ്പെടുന്നു. ആയയുമായാണ് അതിന്റെ അനുഭവങ്ങളുടെ കൈമാറ്റം നടക്കുന്നതെങ്കിൽ അതായിരിക്കും  കുഞ്ഞിന്റെ ഒന്നാം ഭാഷ. അമ്മയുമായാണെങ്കിൽ അമ്മയുടേത്. ഇവിടെ അനുഭവങ്ങൾ നിർമ്മിക്കപ്പെടുന്ന, പ്രകടിപ്പിക്കപ്പെടുന്ന ഭാഷയാണ് മാതൃഭാഷ എന്ന് മാത്രം മനസ്സിലാക്കിയാൽ മതിയാകും. സ്വാനുഭവത്തിലൂടെയും സാമൂഹിക ശിക്ഷണത്തിലൂടെയും അബോധപൂർവ്വമായി തന്നെ കുഞ്ഞ് ഈ ഭാഷ നേടുന്നു. ആധുനിക ഭാഷാശാസ്ത്രമനുസരിച്ച് കുഞ്ഞ് സമൂഹത്തിന്റെ ഘടനയെ മനസ്സിലാക്കുന്നതും അതിന്റെ ലോകം സൃഷ്ടിക്കുന്നതും ഈ ഭാഷയിലാണ്. അവിടെയാണ് കുഞ്ഞിന് നൂതനമായ ആശയങ്ങൾ ഉരുത്തിരിയുന്നതും. ഈ ആശയത്തെ ഏറ്റവും സ്പഷ്ടമായി അവതരിപ്പിക്കാൻ കഴിയുന്നതും മാതൃഭാഷയിലാണ്.

    ഇന്ന് സംഭവിക്കുന്ന വലിയൊരു അപകടം എന്തെന്നാൽ കുഞ്ഞ് സ്വയം സ്വയത്തമാക്കിയ, അനുഭൂതിതലം നിർമ്മിക്കപ്പെട്ട ഭാഷയിലല്ല, അത് അറിവ് നേടേണ്ടി വരുന്നത്. കേരളത്തിന്റെ പരിസരം ഈ അപകടത്തെ മനസ്സിലാക്കാൻ ഉത്തമമാണ്. കോളണിയൽ  ഭരണത്തിന്റെ ആസൂത്രിതമായ ‘ധൈഷണിക സാമ്രാജ്യത്വ’ത്തിന്റെ ഭാഗമായ ‘ ഇംഗ്ലീഷ് ഭാഷാപ്രാമാണ്യത്തിൽ ഏറ്റവുമധികം അകപ്പെട്ടുപോയ സമൂഹമാണ് നമ്മുടേത്. കുഞ്ഞുങ്ങളുടെ സർഗാത്മകശേഷിയും സംരചനാത്മകതയും നിലകൊള്ളുന്ന മാതൃഭാഷയിൽ നിന്നും അവരുടെ അനുഭൂതിതലവുമായി ബന്ധമില്ലാത്ത ഇംഗ്ലീഷ് ഭാഷയിൽ അവരെ പഠിപ്പിക്കുന്നത് നമ്മുടെ പുരോഗമന സങ്കൽപം പോലുമായിരിക്കുന്നു. കുട്ടികൾ കാര്യമായി വിവരങ്ങൾ ആർജിച്ചാലും അതിനെ വിജ്ഞാനമാക്കാനും അതിൽനിന്നും പുതിയ നിർമ്മിതികൾ ഉണ്ടാക്കാനും ബുദ്ധിമുട്ടുന്നു. ഇതുതന്നെയാണ് കോളനിഭരണത്തിന് വേണ്ടിയിരുന്നത്. അപ്പോൾ മാത്രമേ നല്ല വിദ്യാഭ്യാസവും ‘ വിവര’വുമുള്ള തൊഴിലാളികളെ അവർക്ക് ലഭിക്കുകയും അവരിൽ തന്നെ കമ്പോളം കണ്ടെത്താനും കഴിയൂ. മറിച്ച് ഈ പഠനപ്രക്രിയ മാതൃഭാഷയിലും സാധ്യമാണ് എന്നു വെക്കുക, അപ്പോൾ കുട്ടിക്ക് നിലവിലുള്ള വിവരത്തെ വിജ്ഞാനമാക്കാനും അത് ഉപയോഗിച്ച് പുതിയ ആശയങ്ങളെയും അറിവിനെയും നിർമിക്കാനും കഴിയും. അപ്പോൾ തദ്ദേശീയമായ, സുസ്ഥിരവും സ്വയംപര്യാപ്തവുമായ പുരോഗമനം സാധ്യമാവും. വിദ്യാഭ്യാസപ്രക്രിയയുടെ സ്വാഭാവിക ഉൽപ്പന്നമായി ഒരു വിജ്ഞാനസമൂഹം നിർമ്മിക്കപ്പെടും. എന്നാൽ ഇപ്പോൾ ഉണ്ടാവുന്നത് ഒരുതരം ‘സന്ദിഗ്ധത’യാണ്. ഭാഷാപരമായ സന്ദിഗ്ധത. ഇംഗ്ലീഷിൽ നിന്നും ആശയത്തെ മലയാളത്തിലേക്കും തിരിച്ചും തർജ്ജമ ചെയ്ത് കുട്ടിയുടെ തലച്ചോർ വിയർക്കുന്നു. എന്നാൽ ഈ പ്രക്രിയ സമ്പൂർണ്ണമാണോ? അല്ലതാനും.

     പുത്തൻ സാങ്കേതികവിദ്യകൾ പഠിക്കാൻ ഇംഗ്ലീഷല്ലാതെ മറ്റൊരു മാധ്യമവും പര്യാപ്തമല്ല എന്നാണ് നമ്മുടെ ധാരണ. മലയാളത്തിൽ പഠിച്ചാൽ എവിടെ ജോലി ചെയ്യാനാണ് എന്നും മറ്റൊരാശങ്ക. അപ്പോഴും സാധ്യതകൾ കിടക്കുന്നത് പടിഞ്ഞാറാണ് എന്ന നമ്മുടെ അബോധ പൂർണമായ കൊളോണിയൽ ബോധമാണ് പ്രവർത്തിക്കുന്നത്. സാധ്യതകൾ ഇവിടെ സൃഷ്ടിക്കുക എന്നതാണ് ഒരു വഴി. മറ്റൊന്ന്, മാതൃഭാഷയിൽ നേടിയ അറിവിനെ സുഗമമായി മറ്റേതു ഭാഷയിലേക്കും മാറ്റി കൈകാര്യം ചെയ്യാൻ സാധിക്കും എന്ന പഠനങ്ങൾ നൽകുന്ന ഉറപ്പാണ്. കാരണം അവ ഭാഷയുടെതന്നെ ചിഹ്നവ്യവസ്ഥ ഉള്ള അനുഭവതലത്തിലാണ് നിലകൊള്ളുന്നത്.

      നമ്മുടെ മാതൃഭാഷയായ മലയാളം പോലൊരു ഭാഷക്ക് ഇംഗ്ലീഷിന് പകരമാവാൻ കഴിയുമോ എന്നതാണ് അടുത്ത ചോദ്യം. ഇംഗ്ലീഷിന്റെ സാങ്കേതികഭാഷാപദവിയുടെ അല്ലെങ്കിൽ വൈജ്ഞാനിക ഭാഷാപദവിയുടെ ചരിത്രം പരിശോധിക്കുമ്പോൾ ഈ ചോദ്യം അപ്രസക്തമാകുന്നു എന്ന് കാണാം. ലാറ്റിനും ഗ്രീക്കിനും ഉണ്ടായിരുന്ന വൈജ്ഞാനിക പദസമ്പത്ത് ഒരു നിയന്ത്രണവുമില്ലാതെ കടമെടുത്തും സ്വഭാഷാവൽക്കരിച്ചുമാണ് ഇംഗ്ലീഷ് ഇന്ന് കാണുന്ന പദസഞ്ചയം ഉണ്ടാക്കിയെടുത്തത്. 1904ൽ മാത്രമാണ് ഇംഗ്ലീഷിൽ ഒരു ശാസ്ത്ര ഗ്രന്ഥം രചിക്കപ്പെട്ടത്. അത് ന്യൂട്ടന്റെ ‘ഒപ്ടിക്സ്’ആയിരുന്നു. എന്നാൽ അതിനും എത്രയോ നൂറ്റാണ്ടുകൾ മുൻപ് ഇന്ത്യയിൽ സംസ്കൃതഭാഷയിലും സംഘകാലത്ത് ചെന്തമിഴിലും  വൈദ്യശാസ്ത്രം, ഗണിതം, ജ്യോതിശാസ്ത്രം, സാമ്പത്തികശാസ്ത്രം തുടങ്ങി അനേകം ശാസ്ത്രമേഖലകളിൽ ഗ്രന്ഥങ്ങളുണ്ടായിരുന്നു. കൂടാതെ വാമൊഴിയിൽ കൈമാറ്റം ചെയ്ത ശാസ്ത്ര/സാഹിത്യ രചനകളും.  പദ സഞ്ചയത്തിൽ ദ്രാവിഡഭാഷാഗോത്രത്തിലെ പ്രബല ഭാഷയായ തമിഴ് ഒട്ടും പിറകിലല്ല. ഈ രണ്ടുഭാഷകളിൽ നിന്നും അനേകം പദങ്ങൾ സ്വീകരിക്കുകയും അവയുടെ സ്വാധീനത്താൽ വളരുകയും ചെയ്ത മലയാളത്തിന് എന്തുകൊണ്ട് നല്ലൊരു വിജ്ഞാനഭാഷയാവാൻ കഴിയില്ല? ഇംഗ്ലീഷുകാർ ഇംഗ്ലീഷ് എന്ന ശോഷിത ഭാഷയെ താല്പര്യവും ആസൂത്രണവും വെള്ളവും വളവുമായി നൽകി വളർത്തിയതുപോലെ എന്തുകൊണ്ട് നാം ഭാഷയിൽ താല്പര്യം കാണിക്കുന്നില്ല?

      വിജ്ഞാനഭാഷ എന്ന നിലയിൽ മലയാളത്തിന് സഞ്ചരിക്കാൻ ഇനിയും ദൂരമേറെയുണ്ട്. എന്നാൽ ഈ യാത്ര കേരളത്തിന്റെ വിജ്ഞാനസമൂഹം എന്ന സ്വപ്നത്തിന് അത്യന്താപേക്ഷിതമാണ്. കൃത്യമായ ഭാഷാസൂത്രണവും ശില്പശാലകളും ഭരണകൂട ഇടപെടലും താല്പര്യവും ഒരേപോലെ പ്രവർത്തിച്ചാൽ മാത്രമേ ഇത് സാധ്യമാവൂ. ‘പവർ ലാംഗ്വേജ് ഇൻഡക്സിൽ’ മുൻപന്തിയിലുള്ള ഇംഗ്ലീഷ്, മാൻഡരിൻ, ജാപ്പനീസ്, ചൈനീസ് ഭാഷകളെല്ലാം അതാതുരാജ്യങ്ങളുടെ പുരോഗതിയെ നിർണയിക്കുന്ന ഒന്നാമത്തെ ഘടകമാണന്നത് മറന്നുകൂടാ. ഇവയിൽ തന്നെ ഇംഗ്ലീഷല്ലാത്ത മറ്റു ഭാഷകൾ, ജാപ്പനീസ്,ഫ്രഞ്ച്, ചൈനീസ് തുടങ്ങിയവ നിർബന്ധമായും മാതൃഭാഷാ മാധ്യമത്തിൽ സാങ്കേതിക കോഴ്സുകളടക്കം പഠിപ്പിക്കുന്നവയാണ്. അവ പാശ്ചാത്യരാജ്യങ്ങളുടെയും ഇംഗ്ലീഷിന്റെയും മേൽക്കോയ്മയെ   അംഗീകരിക്കുന്നില്ല. പകരം തദ്ദേശീയമായ നയം രൂപീകരിച്ച് ലോകത്തെ വൻശക്തികളായി വളരുകയും ചെയ്യുന്നു.

         കേവലം അനുഭൂതിപരവും ലാവണ്യാത്മകവുമായ വികാരമായി ‘മാതൃഭാഷ’ എന്ന സങ്കേതത്തെ കാണാതെ അതിന്റെ ശാസ്ത്രീയമായ സാധ്യതകളെ മനസ്സിലാക്കണം. സാമ്രാജ്യത്വത്തിന്റെ നവ കൊളോണിയൽ പ്രവണതകളിൽ നിന്നും നമ്മെ സ്വയം മുക്തമാക്കാനുള്ള ആയുധമായി അതിനെ മാറ്റാൻ കഴിയണം. ഇന്നും നമ്മുടെ വിദ്യാഭ്യാസരംഗം മാതൃഭാഷാമാധ്യമത്തിലുള്ള പഠനത്തിന് നൽകുന്ന പ്രാധാന്യം തീരെ ചെറുതാണ്. പൊതുമേഖലാ വിദ്യാഭ്യാസം മെച്ചപ്പെടുത്തുമ്പോഴും അവിടെ ഇംഗ്ലീഷ് മീഡിയം സ്ഥാപിക്കാനാണ് നമുക്ക് താൽപര്യം. ആധുനികഭാഷാശാസ്ത്രം അനുസരിച്ച് വ്യക്തിയുടെ ലോകം ഭാഷയുടെ ഘടനയിലാണ് നിർമ്മിക്കപ്പെടുന്നത്. മാതൃഭാഷ എന്നത് ആ ലോകഘടന കൂടിയാണ്. ആശയങ്ങളെ മനസ്സിലാക്കാനും അതിന്റെ അർത്ഥം ഗ്രഹിക്കാനും ആ അറിവുപയോഗിച്ച് പുതിയ ആശയങ്ങൾ സൃഷ്ടിക്കാനും പ്രകടിപ്പിക്കാനും മാതൃഭാഷയാണ് മാധ്യമം. മാതൃഭാഷയിൽ നേടുന്ന അറിവിനെ ഏത് ഭാഷയിൽ അവതരിപ്പിക്കാനും സാധ്യമാണ്. കാരണം, അത് അനുഭവങ്ങളാലും ഉൽക്കഴ്ചയാലും വിഞാനവൽക്കരിക്കപ്പെട്ട, സ്വയാത്തമാക്കപ്പെട്ട അറിവാണ്. അതിനു മാത്രമേ സമൂഹത്തിനുവേണ്ടി ചിന്തിക്കാനും പ്രവർത്തിക്കാനും അതുവഴി സമൂഹത്തെ മെച്ചപ്പെടുത്താനും കഴിയൂ. അതുകൊണ്ട് ലോവർ പ്രൈമറി മുതൽ മാതൃഭാഷാ മാധ്യമത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്കപ്പെടുക എന്നത് വിദ്യാർത്ഥികളുടെ മൗലികാവകാശമായി നല്കപ്പെടേണ്ടതുണ്ട്. വിജ്ഞാനസമൂഹമായും വിജ്ഞാന സമ്പദ് വ്യവസ്ഥയായും മാറുന്നതിന്റെ ആദ്യപടി മാതൃഭാഷയിലുള്ള വിദ്യാഭ്യാസമാണ് എന്ന് സാരം.

 

പരികല്പന


ഗവേഷണപ്രശ്നത്തിന്മേലുള്ള പരിഹാരനിർദ്ദേശങ്ങളെന്ന രീതിയിലാണ് പരികല്പന തയ്യാറാക്കിയിട്ടുള്ളത്.   മലയാളഭാഷയുടെ വൈജ്ഞാനിക പദവി എന്ന പുസ്തകത്തിൽ കെ കെ കൃഷ്ണകുമാർ എഴുതിയിട്ടുള്ള ‘പരിഹാരമാർഗങ്ങൾ തേടി’ എന്ന ലേഖനമാണ് പരികല്പന രൂപീകരണത്തിന് അടിസ്ഥാനം.


 •മലയാളത്തെ പഠന മാധ്യമമാക്കേണ്ടതിനെ സംബന്ധിച്ച് രാഷ്ട്രീയപ്രസ്ഥാനങ്ങൾ വ്യക്തമായ നിലപാട് കൈക്കൊള്ളണം. വിദ്യാഭ്യാസവകുപ്പ് സമഗ്രമായ വിദ്യാഭ്യാസ മാർഗവും ആവിഷ്കരിക്കണം. പ്രീ പ്രൈമറി തലം മുതൽ വിദ്യാഭ്യാസ ഗവേഷണതലം വരെ മാതൃഭാഷയിൽ പഠിക്കാനുള്ള ശേഷി ആർജിക്കലാവണമെന്നില്ല ആത്യന്തിക ലക്ഷ്യം. ഇതിനായി ആദ്യം പ്രീ പ്രൈമറി വിദ്യാഭ്യാസത്തിൽ നിന്ന് തന്നെ തുടങ്ങണം. ഗവൺമെന്റ് തന്നെ കൃത്യമായ പ്രീ പ്രൈമറി വിദ്യാഭ്യാസനയങ്ങളും പരിപാടികളും പാഠ്യപദ്ധതികളും ആവിഷ്കാരങ്ങളും നടത്തുന്നതിനോടൊപ്പം അവയുടെ ഫലപ്രാപ്തി കൂടെ ആഴത്തിൽ പഠിച്ച് വേണ്ട മാറ്റങ്ങൾ നടപ്പിലാക്കേണ്ടതാണ്. രക്ഷിതാക്കൾ ഇംഗ്ലീഷ് ഭാഷയോടുള്ള താല്പര്യത്തിലുള്ള കൊളോണിയൽ അടിമത്തമനോഭാവം മനസ്സിലാക്കുകയും നഴ്സറിവിദ്യാലയം മുതൽ മലയാള മാധ്യമത്തിൽ പഠിപ്പിക്കാൻ സ്വയം തയ്യാറാവണം.

     സ്വകാര്യവിദ്യാലയങ്ങളിൽ നിന്ന് പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെ ആകർഷിക്കാൻ വേണ്ടി മലയാളമാധ്യമ വിദ്യാഭ്യാസത്തെ ഇല്ലാതാക്കി ഇംഗ്ലീഷ് മാധ്യമത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ അടങ്ങിയിരിക്കുന്ന അപകടം ഗവൺമെന്റും വിദ്യാലയങ്ങളും മനസ്സിലാക്കണം. മാതൃഭാഷാമാധ്യമത്തിലൂടെ നടത്തുന്ന പഠനം തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനും, അവർക്കു മികച്ച തൊഴിലവസരം ലഭിക്കുന്നതിൽ ഗുണംചെയ്യണമെന്നും രക്ഷിതാക്കളെ ബോധ്യപ്പെടുത്താൻ കാര്യമായ ശ്രമങ്ങൾ നടത്തേണ്ടതുണ്ട്. മാതൃഭാഷ പഠനത്തോടൊപ്പം തന്നെ പ്രൈമറി തലം മുതലുള്ള ഇംഗ്ലീഷ് ഭാഷാപഠനരംഗത്ത് കുട്ടികൾക്ക് പ്രകടമായ ഗുണം ലഭിക്കുന്ന തരത്തിൽ നമ്മുടെ ശ്രദ്ധയും ബോധ്യവും ഉണ്ടാവണം. ഇംഗ്ലീഷ് ഭാഷയോടൊപ്പം ഡിജിറ്റൽ സാങ്കേതിക വൈദഗ്ധ്യവും പ്രൈമറിവിദ്യാഭ്യാസതലം മുതൽ തന്നെ അഭ്യസിക്കാൻ കഴിയുംവിധം പാഠ്യപദ്ധതികളിൽ മാറ്റം വരുത്തണം. അതിനായി നമ്മുടെ ഭാഷയുടെ ഡിജിറ്റൽ ക്ഷമത വർദ്ധിപ്പിച്ചുകൊണ്ടിരിക്കുക തന്നെ വേണം. മാതൃഭാഷയിൽ ഊന്നിക്കൊണ്ടുള്ള ഒരു ബഹുഭാഷാ വിജ്ഞാന സംബോധനാരീതി ആവിഷ്ക്കരിക്കേണ്ടതുണ്ട്. അതിനനുസൃതമായിരിക്കണം ഹൈസ്കൂൾ പാഠ്യപദ്ധതി. നൂതനമായ ആശയവിനിമയ സങ്കേതങ്ങൾ കുട്ടികൾക്ക് രസകരമായി പഠിക്കാൻ പറ്റുന്ന തരത്തിൽ അവരുടെ സിലബസിൽ ഉപയോഗപ്പെടുത്തുകയും. സർവ്വകലാശാല നിലവാരത്തിൽ വിവിധ ശാസ്ത്ര-മാനവികവിഷയങ്ങളിൽ പാഠപുസ്തകം ഉണ്ടാക്കേണ്ടതിൽ ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിനെ ഉപയോഗപ്പെടുത്തുകയും അതിന്റെ പ്രവർത്തനത്തെ വസ്തുനിഷ്ഠമായി വിലയിരുത്തുകയും ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്ത് ഉന്നത വിദ്യാഭ്യാസം മാതൃഭാഷയിലൂടെ സാധ്യമാക്കണം. ആധുനിക വൈജ്ഞാനിക വിഷയങ്ങൾ കൈകാര്യം ചെയ്യാൻ പറ്റുന്ന തരത്തിലേക്ക് മലയാളം ഭാഷയെ പര്യാപ്തമാക്കാൻ വേണ്ടി നമ്മൾ ഇതുവരെ നടത്തിയ പ്രവർത്തനങ്ങളെ വിലയിരുത്തുകയും ആവശ്യമായ തിരുത്തലുകൾക്ക് തയ്യാറാവണം. പുതിയ സാങ്കേതികവിദ്യകൾ ഇതിനുവേണ്ടി നാം ഫലപ്രദമായി ഉപയോഗിക്കേണ്ടതുണ്ട്. പുതുതായി നിർമ്മിച്ച വാക്കുകൾ പരിശോധിക്കുകയും ഒഴിവാക്കേണ്ടവയും സ്വീകരിക്കേണ്ടവയും വേർതിരിക്കുന്നതിന് ആവശ്യമായ ചട്ടക്കൂടുകൾ ഉണ്ടാക്കേണ്ടതുണ്ട്. നമ്മുടെ സർവ്വകലാശാലകളും ഉന്നത വൈജ്ഞാനിക കേന്ദ്രങ്ങളും ഇതിനുവേണ്ടി കാര്യമായി പ്രവർത്തിക്കണം. നിരവധി വൈജ്ഞാനിക ഗ്രന്ഥങ്ങൾ മൂലകൃതികളായും പ്രവർത്തനങ്ങളായും പുറത്തിറക്കണം. മാതൃഭാഷയിൽ പഠിക്കാനും പരീക്ഷ എഴുതാനും താല്പര്യപ്പെടുന്ന ഒരാൾക്കും അതിനുള്ള അവസരം നിഷേധിക്കപ്പെടാൻ പാടില്ല എന്നത് ഉറപ്പുവരുത്താൻ മാതൃഭാഷയിലൂന്നിയ മാധ്യമപഠനം അവകാശമാക്കേണ്ടതുണ്ട്. ഡിഗ്രി തലത്തിൽ എല്ലാ വിഷയങ്ങളിലും മലയാളത്തിൽ പരീക്ഷ എഴുതാൻ കഴിയും വിധം പാഠപുസ്തകങ്ങൾ തയ്യാറാക്കണം. പരമ്പരാഗതമായ ഭാഷാശുദ്ധി വാദത്തിലൂന്നാതെ എവിടെനിന്നും കടംകൊള്ളാനും സ്വാംശീകരിക്കാനും നമുക്ക് പ്രാപ്തി ഉണ്ടാകണം. സാങ്കേതികപദങ്ങളുടെ മാനകീകരണത്തിനായി സംസ്ഥാനതലത്തിൽ ഒരു സമിതി ഉണ്ടാക്കേണ്ടതുണ്ട്. ഇതിൽ എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പുവരുത്തുകവഴി സാങ്കേതിക പദങ്ങളെ മാനകീകരിക്കണം. നമ്മുടെ ഭാഷയുടെ സർവ്വതലങ്ങളിലുള്ള ഇന്റർനെറ്റ് സാന്നിധ്യം വർധിപ്പിക്കാൻ വിപുലമായ രീതിയിൽ നമ്മൾ ഒന്നായി പ്രവർത്തിക്കേണ്ടതുണ്ട്. ഇതിനായി സർക്കാരും സർവ്വകലാശാലകളും മുഴുവൻ വൈജ്ഞാനികസമൂഹവും ഒന്നായി ചേർന്ന ഒരു വിജ്ഞാന ഭാഷാപ്രസ്ഥാനം രൂപീകരിക്കണം. അത്തരത്തിൽ ഒരു വിപ്ലവാത്മകമായ മുന്നേറ്റത്തിലൂടെ മാതൃഭാഷയിലൂന്നിയിട്ടുള്ള പഠനത്തിലെ പ്രശ്നങ്ങളെ നമുക്ക് മറികടക്കാം.


സഹായകരചനകൾ


1. മുരളീധരൻ സി എം, 2022,മലയാളഭാഷയുടെ വൈജ്ഞാനികപദവി,ഇന്ദുഭ പബ്ലിക്കേഷൻ, ചെലവൂർ,കോഴിക്കോട്

 ലേഖനങ്ങൾ:

I.. കൃഷ്ണകുമാർ കെ കെ, 2022, പരിഹാരമാർഗങ്ങൾ തേടി( പുറം:306-315).

II. പാപ്പൂട്ടി കെ, 2022, പഠന മാധ്യമം- എന്തിനിത്ര വാശി(പുറം:234-241).

III. മുരളീധരൻ സി എം,2022, വൈജ്ഞാനിക സമൂഹവും വിജ്ഞാന ഭാഷയും(പുറം:33-51).

IV. രാമചന്ദ്രൻ നായർ സി ജി, 2022, ശാസ്ത്രഭാഷ(പുറം:195-204).


2.ജോർജ് സി ജെ,1998,വാക്കിന്റെ സാമൂഹികശാസ്ത്രം,കറന്റ് ബുക്ക്സ് തൃശ്ശൂര് .

3. മുരളീധരൻ സി എം, 2025, പൂച്ചയും മണിയും: ഒരു നഴ്സറിക്കഥ, മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഒക്ടോബർ 19,പുറം:30-34

4. പ്രമോദ് സി ആർ,  ഡെറി പോൾ, 2025, വിജ്ഞാന സമൂഹത്തിന്റെ ജനാധിപത്യ ചരിത്രം, മാതൃഭൂമി ആഴ്ചപതിപ്പ്, എഡിഷൻ-7, നവംബർ 16(പുറം:66-80).

ഉമ്മുസുഹൈല .പി.

ഗസ്റ്റ് ലക്ചറർ

സി.എച്ച്.എം. കെ.എം. ഗവണ്മെൻ്റ് കോളേജ്, താനൂർ



 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. എം. രാമചന്ദ്രൻ പിള്ള

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page