ഇന്ദുമേനോന്‍ ഒരു ബഹുസ്വരവായന.
- GCW MALAYALAM
- Jul 14
- 10 min read
Updated: Jul 15
സ്വാതിമോഹന്‍ ജെ

താക്കോല്‍ വാക്കുകള്‍ : ബഹുസ്വരത, ഉത്തരാധുനികത, സ്വവര്‍ഗ്ഗാനുരാഗം, ദളിത്സ്വത്വം.
പുറമേ ലളിതമെന്നു തോന്നുമെങ്കിലും അകമേ അതിസങ്കീര്‍ണ്ണവും കലുഷിതവും പ്രതിരോധാത്മകവുമായ ഭാവപരിസരമാണ് ഉത്തരാധുനികതയ്ക്കുള്ളത്. ആധുനികതയുടെ തുടര്‍ച്ചയായും നിരാസമായും പ്രതിരോധമായും അടയാളപ്പെടുത്തുന്ന ഉത്തരാധുനികത ബഹുസ്വരമായ തുറന്നെഴുത്തുകള്‍ സാധ്യമാക്കുകയും ആധുനികതയില്‍ നിന്നു ഭിന്നമായ രൂപ-ഭാവ-പ്രമേയതലം എഴുത്തില്‍ പരീക്ഷിക്കുകയും ചെയ്തു. ആഗോളവത്കൃത ആശയങ്ങളും അതിന്‍റെ പ്രായോഗിക ഇടപെടലുകളും ഈ അവസ്ഥയെ ചലനാത്മകവും ത്വരിതഗതിയിലുമാക്കി.
ആഗോളവത്കരണം മനുഷ്യനു മുന്നില്‍ കാഴ്ചവെച്ച വിപണികേന്ദ്രീകൃത വ്യവസ്ഥയില്‍ വില്പനച്ചരക്കാവാത്തതായി ഒന്നുംതന്നെയില്ല. കുത്തകമുതലാളിത്ത ചൂഷണവ്യവസ്ഥിതിയുടെ മുഖ്യ അജണ്ട മനുഷ്യ-പ്രകൃതിവിഭവങ്ങളെ പരമാവധി ഉപയോഗിക്കുക എന്നതാണ്. തനതുകളെയെല്ലാം മാറ്റി നിര്‍ത്തിയും അണുസംസ്കൃതിയെ ഇല്ലായ്മ ചെയ്തും വന്‍കിടബ്രാന്‍റുകള്‍ വിപണി കീഴടക്കുമ്പോള്‍ പ്രാദേശികതയുടെ നിലനില്‍പ്പ് തന്നെ തകരാറിലാകുന്നു. ലാഭം മാത്രം മുന്നില്‍ കണ്ടുള്ള ഈ കോര്‍പ്പറേറ്റു നയത്തില്‍ ഒരു വലിയ വിഭാഗം ജനത സ്വന്തം ഇടത്തുനിന്ന് കുടിയിറക്കപ്പെട്ടു. സ്വകാര്യമേഖലയുടെ മാനുഷികവിരുദ്ധനയവും ഭരണകൂടത്തിന്‍റെ അനാസ്ഥയും നിലനില്പിന് ഭീഷണിയായപ്പോള്‍ അരികുവത്കരിക്കപ്പെട്ട എല്ലാ വിഭാഗവും എഴുത്തിന്‍റെയും സമൂഹത്തിന്‍റെയും മുഖ്യധാരയിലേക്ക് കടന്നുവന്നു. പരിസ്ഥിതി, ദളിത്, സ്ത്രീ, ആദിവാസി ജനത, LGBTQ തുടങ്ങിയവര്‍ സ്വത്വസംരക്ഷകരായി മാറി. ആധിപത്യയുക്തിക്കെതിരെ പ്രതിരോധത്തിന്‍റെ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ എഴുത്തുകാരും സാധാരണജനവിഭാഗവും നിര്‍ബന്ധിതരായി. സാംസ്കാരികാവലോകനമോ വിമര്‍ശനമോ പ്രതിഷേധമോ ആയി അവരുടെ രചനകള്‍ രൂപാന്തരപ്പെട്ടു.
ആഗോളവത്കരണാനന്തരം പ്രകടമായ പുത്തന്‍ അവസ്ഥകളെ സൂക്ഷ്മമായി അടയാളപ്പെടുത്തിയ മാധ്യമം ചെറുകഥയാണ്. മറ്റു സാഹിത്യരൂപങ്ങളെ അപേക്ഷിച്ച് സമൂഹത്തിന്‍റെ പ്രതിഫലനങ്ങള്‍ ജൈവീകമായി പ്രശ്നവത്കരിച്ച മാധ്യമവും ചെറുകഥ തന്നെ. അതിവിശാലമായ പ്രമേയപരിസരത്തില്‍ കഥയുടെ ഭാവതലത്തിന് പുറത്തു നില്‍ക്കുന്നതായി ഒന്നും തന്നെയില്ല. ഉപഭോഗസംസ്കൃതിയും മാധ്യമബഹുലതയും ആഗോളവത്കരണവിപത്ചിന്തകളും ജീവിതശൈലിയും സാംസ്കാരികമായ പൊളിച്ചെഴുത്തുകള്‍ സാധ്യമാക്കിയപ്പോള്‍ സാമൂഹികമായ ഇടപെടല്‍ എന്ന നിലയില്‍ ചെറുകഥ വഹിച്ച പങ്ക് വളരെ വലുതാണ്. “ഉത്തരാധുനികകഥ ഉപഭോഗത്തെയോ മാധ്യമവിഭ്രമത്തെയോ ആഴക്കുറവിനെയോ ആഘോഷിക്കുകയല്ല. അവയെ ആക്രമിക്കുകയും അടയാളപ്പെടുത്തുകയുമാണ്. പാരമ്പര്യവിരുദ്ധമായ രാഷ്ട്രീയബോധത്തിന്‍റെ വെളിച്ചത്തില്‍ അവര്‍ ചരിത്രത്തെ പുനരെഴുതുന്നു. ചരിത്രത്തെയും സമകാലത്തെയും കുറിച്ച് ആഖ്യാനത്തില്‍ വേദനിക്കുന്നു. എന്നാല്‍ ഫലിതം കൊണ്ട് ഈ അവസ്ഥയെ വിവസ്ത്രമാക്കുന്ന കഥയെഴുത്തുകാരും ഈ പാരമ്പര്യത്തിന്‍റെ ഭാഗമാണ്. അവര്‍ രൂപത്തില്‍ കളിക്കുന്നു. പ്രമേയത്തെ പരിഹാസസമാനമാക്കുന്നു” (പി. കെ രാജശേഖരന്‍, 2007:111). സമകാലകഥ പ്രമേയസ്വീകരണത്തില്‍ പലപ്പോഴും ആധുനികതയെ പിന്തുടരുന്നുവെങ്കിലും ആവിഷ്കാരശൈലി മാറുകയും കഥയുടെ ക്യാന്‍വാസ് വികസിക്കുകയും ചെയ്തു. ആദര്‍ശഭാരമില്ലാതെ മാനവികമായ വീക്ഷണം എഴുത്തില്‍ കൊണ്ടുവരാന്‍ ഉത്തരാധുനികര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നു.
യാഥാര്‍ത്ഥ്യത്തിന്‍റെ പച്ചയായ മുഖമാണ് കഥകള്‍ക്കുള്ളത്. അതിശയോക്തിയോ അമിതഭാവനയോ കഥയെ ഭരിക്കുന്നില്ല. കറുത്ത ഹാസ്യം, പാരഡി, ആക്ഷേപഹാസ്യം തുടങ്ങിയ രചനാതന്ത്രങ്ങള്‍ കഥയില്‍ പരീക്ഷിച്ച് കഥ എപ്പോഴും പുതുക്കപ്പെട്ടുകൊണ്ടിരിക്കുന്നു. “ബോധപൂര്‍വ്വമായ അനുകരണത്തിലൂടെ മറ്റു കൃതികളുടെ സാന്നിധ്യം തന്‍റെ രചനകളില്‍ സന്നിഹിതമാക്കുകയെന്നത് ഈ ഘട്ടത്തിലെ കഥാകൃത്തുക്കളുടെ അഭിമതരചനാതന്ത്രമാണ്. ആധുനികതയുടെ ഘട്ടത്തിലെ കഥാകാരന്മാരും ഈ സങ്കേതത്തോട് ചായ്വു പുലര്‍ത്തിയെങ്കിലും ആധുനികാനന്തരഘട്ടത്തിലെ എഴുത്തുകാരാണ് അതിന്‍റെ സാധ്യതകള്‍ കൂടുതല്‍ സാക്ഷാത്കരിച്ചത്. ചിലപ്പോഴത് കഥാസന്ദര്‍ഭത്തിന്‍റെയോ കഥാപാത്രത്തിന്‍റെയോ പുനരവതരണമായോ പരാമര്‍ശമായോ കടന്നുവരാം” (കെ എസ് രവികുമാര്‍, 2012: 143). ഈ പരീക്ഷണങ്ങളെല്ലാം രചന പാഠാന്തരതയിലേക്കു കടക്കുന്നതിന്‍റെ സ്വഭാവമാണ്. മാത്രമല്ല അന്തര്‍വൈജ്ഞാനിക സമീപനം ഉത്തരാധുനികസാഹിത്യത്തിന്‍റെ പ്രധാന രചനാതന്ത്രവും ആഖ്യാനരീതിയുമാണ്.
ലിംഗവര്‍ഗ്ഗബോധത്തിലെ ആണ്‍കോയ്മയെ ചോദ്യം ചെയ്യുന്ന രചനാരീതിയാണ് ഇന്നത്തെ പെണ്ണെഴുത്തുകള്‍ക്കുള്ളത്. ആണിന്‍റെ ചിന്തകള്‍ക്കും കാഴ്ച്ചയ്ക്കുമനുസരിച്ച് രൂപപ്പെടുത്തിയ ലൈംഗികബോധവും സ്ത്രൈണതയും അഴകളവുകളും കുലീനത്വവും ആണിനു വേണ്ടി മാത്രം ചിട്ടപ്പെടുത്തിയവയായിരുന്നു. ലിംഗപരമായ ഈ അടിച്ചമര്‍ത്തലിനെതിരെ പെണ്ണ് തിരിയുന്നു എന്നത് ഇന്നിന്‍റെ ശക്തമായ വിപ്ലവങ്ങളിലൊന്നാണ്. സ്വന്തമായ ഇഷ്ടങ്ങളും അഭിപ്രായങ്ങളും തീരുമാനങ്ങളുമെടുക്കാന്‍ പ്രാപ്തയായ സ്ത്രീ യാഥാര്‍ത്ഥ്യത്തെയാണ് ഇന്ന് എഴുത്തിലും സമൂഹത്തിലും കാണാന്‍ സാധിക്കുന്നത്. തുറന്നെഴുത്തിന്‍റെയും തുറന്നുപറച്ചിലിന്‍റെയും കാഠിന്യം തീവ്രപ്രതിരോധ മാര്‍ഗ്ഗമായി എഴുത്തുകാരികള്‍ സ്വീകരിക്കുന്നു. ഭയപ്പെടുത്തുന്ന അന്തരീക്ഷത്തെ ഭയവിമുക്തമായി അവര്‍ നേരിടുന്നു.
സമൂഹത്തിന്‍റെ എല്ലാ ചലനങ്ങളും സ്ത്രീകളെ സാരമായ രീതിയില്‍ ബാധിക്കാറുണ്ട്. മാധ്യമബഹുലമായ വര്‍ത്തമാനകാലത്ത് ഇരയാകുന്നവരില്‍ അധികവും സ്ത്രീകളാണ്. മാറ്റി നിര്‍ത്തപ്പെടുന്ന ഇതരലൈംഗിക വിഭാഗക്കാരില്‍ ട്രാന്‍സ്വുമണ്‍സാണ് അധിക വെല്ലുവിളികള്‍ നേരിടുന്നത്. തെഴിലിടങ്ങളിലും പൊതുനിരത്തിലും പൊതുജനങ്ങളുടെ മനസ്സിലും അവര്‍ എപ്പോഴും വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നു. സാഹിത്യഗ്രന്ഥങ്ങളില്‍ മാത്രം ബഹുമാനിക്കപ്പെടുന്ന സങ്കല്പമായി അവര്‍ ചുരുങ്ങുന്നു.
ജാതീയമായ അധിക്ഷേപങ്ങളും മേല്‍ക്കോയ്മയും കൊലപാതകവും ഇന്നും പൊള്ളുന്ന യാഥാര്‍ത്ഥ്യമാണ്. മനുഷ്യരായി കണക്കാക്കാതെ ചൂഷിതരായി ഒതുങ്ങിപ്പോകുന്ന ദളിതരുടെയും വനവാസികളുടെയും ജീവിതം കഥകള്‍ ചര്‍ച്ച ചെയ്യുന്നു. വനവിഭവങ്ങളും പരിസ്ഥിതിയും അമിതമായി ചൂഷണം ചെയ്യുന്ന കോര്‍പ്പറേറ്റ് യുക്തിയെ കഥകള്‍ ചോദ്യം ചെയ്യുന്നു. അരുതുകളുടെയും നിഷേധത്തിന്‍റെയും ലോകത്തെ പൊള്ളത്തരങ്ങള്‍ തുറന്നു കാട്ടി ബഹുസ്വരമായ ഒരു വിചിന്തനമായി പെണ്‍കഥകള്‍ മാറുന്നു. സമകാലീന എഴുത്തുകാരില്‍ തികച്ചും വ്യത്യസ്തമായ രചനാശൈലി സ്വീകരിച്ച എഴുത്തുകാരിയാണ് ഇന്ദുമേനോന്‍. പെണ്‍ചിന്തകളിലെ സൗകുമാര്യവും വന്യതയും അതിതീവ്രമായി ആവിഷ്കരിക്കുന്ന എഴുത്തുകാരി. സ്ത്രീ അനുഭവിക്കുന്ന വ്യത്യസ്തഭാവങ്ങളെ പച്ചയായി ആവിഷ്കരിക്കുന്ന കഥകള്‍ ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമായവയാണ്. സെന്‍സര്‍ ചെയ്യപ്പെടാത്ത എഴുത്ത് എന്ന് വേണമെങ്കില്‍ ഇന്ദുമേനോന്‍ രചനകളെ പറയാം. പെണ്ണും പെണ്ണവസ്ഥകളുമാണ് എപ്പോഴും കേന്ദ്രബിന്ദുവെങ്കിലും എഴുത്തില്‍ ബഹുസ്വരതയുടെ അന്തര്‍ധാര പ്രകടമാണ്. കഥകള്‍ ആവര്‍ത്തനവിരസമാകുന്നില്ല. “ബഹുമുഖമായ ദിശാബോധം, പുനര്‍വായനയ്ക്കു വിധേയമായ സൗന്ദര്യശാസ്ത്രം, അപ്രതീക്ഷിതത്വ സ്വഭാവമുള്ള ചിന്താവിന്യാസം, പാരമ്പര്യവിമുക്തമായ മനുഷ്യബന്ധ സമീപനം എന്നിങ്ങനെയുള്ള, ഇന്നത്തെ എഴുത്തിനോടു ചേര്‍ത്ത് വായിക്കേണ്ട സൂചകങ്ങള്‍” (സക്കറിയ, 2017:236) ഇന്ദുമേനോന്‍റെ എഴുത്തില്‍ പ്രകടമാണ്. അവ സമൂഹത്തോട് നേരിട്ട് സംവദിക്കുന്നു. പുതിയ കഥയുടെ സങ്കീര്‍ണ്ണവും ചലനാത്മകവുമായ ഒരു ലോകത്തെ സ്ത്രീഭാവുകത്വം മുന്‍നിര്‍ത്തി എഴുത്തുകാരി പുനര്‍വായിക്കുന്നു.
ബഹുസ്വരതയുടെ താളം ഇന്ദുമേനോന്‍റെ കഥകളില്‍ പ്രകടമാണ്. ആ ഒരു കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് കഥകളെ സമീപിക്കുകയാണ് ഈ ലേഖനത്തിലൂടെ ചെയ്യുന്നത്. യഥാക്രമം ചെറ്റ, ജന്തു, സംഘ് പരിവാര്‍, ജലത്തിലൂടെ നടക്കുന്ന കന്യകമാര്‍ എന്നീ കഥകളെ പ്രണയം, ദളിത്, മതഭീകരത, സ്വവര്‍ഗ്ഗാനുരാഗം എന്നീ ധാരയുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുന്നു.
ഉണ്മയുടെ ചെറ്റത്തരം.
ഉത്തരാധുനികസമൂഹത്തിലും മുന്‍കാലങ്ങളിലും സ്ത്രീ അനുഭവിക്കുന്ന ശാരീരിക-മാനസിക സംഘര്‍ഷങ്ങള്‍ തുറന്നെഴുതുന്ന കഥകളില്‍ പ്രണയവും ഉന്മാദവും രതിയും തീവ്രമായി ആവിഷ്കരിക്കപ്പെടാറുണ്ട്. ഇന്ദുമേനോന്‍റെ എല്ലാ കഥകളിലും പ്രണയത്തിന്‍റെ വിവിധ ഭാവങ്ങള്‍ ഏറിയോ കുറഞ്ഞോ കാണാം. സ്നേഹം ശരീരത്തിന്‍റെയും മനസ്സിന്‍റെയും ആവശ്യമാണെന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളുകയും എന്നാല്‍ സാമൂഹികമായ ഭയത്താല്‍ അവ ഒളിപ്പിക്കാന്‍ വിധിക്കപ്പെടുകയും ചെയ്യുന്ന സ്ത്രൈണകാമനകളെ അതിവൈകാരികമായ ഭാഷയില്‍ അവതരിപ്പിക്കുന്ന കഥയാണ് ‘ചെറ്റ’. പരമ്പരാഗത സ്ത്രീസങ്കല്പങ്ങള്‍ക്കും മതചിന്തകള്‍ക്കും നേരെ വിരല്‍ ചൂണ്ടുന്ന വ്യക്തിത്വമാണ് ചെറ്റയിലെ ഇഹ്ലാസ്സ്. അവള്‍ ലക്ഷദ്വീപിലെ യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിലെ അംഗമാണ്. പ്രാണന്‍ പോലെ കാത്തുസൂക്ഷിക്കേണ്ട ഒന്നാണ് സ്ത്രീയുടെ കന്യകാത്വം എന്ന പരമ്പരാഗത ചിന്തവെച്ചു പുലര്‍ത്തുന്ന കുടുംബത്തിലാണ് ഇഹ്ലാസിന്‍റെ ജനനം. മകളുടെ ശരീരം ആരും കാണാതെ എപ്പോഴും പര്‍ദ്ദ കൊണ്ടു മറച്ചുപിടിക്കാന്‍ കൂടെയുള്ളവര്‍ ജാഗ്രത പുലര്‍ത്തി. മറ്റുള്ളവര്‍ ശരീരം കണ്ടാല്‍ നഷ്ടപ്പെട്ടു പോകുന്ന എന്തോ പേറി നടക്കുന്ന ഒരു ജീവപിണ്ഡമായി അവള്‍ ദ്വീപില്‍ കഴിഞ്ഞു. വിദ്യാഭ്യാസത്തെ ഭയന്ന അവളുടെ മാതാവ് മതപഠനത്തിന്‍റെ വേലിക്കെട്ടില്‍ അവളെ തളച്ചിടാന്‍ ശ്രമിച്ചു. അന്ധവിശ്വാസത്തിന്‍റെ പ്രതിധ്വനിയില്‍ ആടാനോ പാടാനോ ചിരിക്കാനോ കരയാനോ ഉറക്കെ ശ്വാസമെടുക്കാനോ അവള്‍ക്ക് സ്വാതന്ത്ര്യമില്ലായിരുന്നു. “ഏഴു സമുദ്രങ്ങള്‍ക്കു നടുവിലുള്ള ഗുഹപോലൊരു വീട്ടിലാണ് അവള്‍ താമസിച്ചിരുന്നത്.... കണ്ണാടിപോലെ നാലു വശത്തും ഉറഞ്ഞുകിടന്ന സമുദ്രങ്ങളെ ഭയപ്പെട്ട് രാത്രിയില്‍പോലും അവള്‍ ഒച്ചയുയര്‍ത്തി സംസാരിക്കാതിരുന്നു. അവളുടെ ചെറിയ ശബ്ദത്തില്‍പോലും ഉറക്കമുണര്‍ന്ന് സമുദ്രമിളകി അക്രമാസക്തമാവുമെന്നും അബ്ബയുടെ വലകളില്‍ മീനുകള്‍ കുടുങ്ങുകയില്ലെന്നും ഉമ്മിയായിരുന്നു അവളോട് പറഞ്ഞത്. അവള്‍ അനാവശ്യമായി കരയാന്‍ പാടില്ലെന്നുംകൂടി ഉമ്മി കൂട്ടിച്ചേര്‍ത്തു” (ഇന്ദുമേനോന്‍, 2017:21).
എത്രത്തോളം അന്ധവിശ്വാസങ്ങള്‍ അവളില്‍ കുത്തിനിറയ്ക്കാന്‍ ശ്രമിച്ചുവോ അത്രത്തോളംതന്നെ അതില്‍നിന്ന് പുറത്തു കടക്കാനുള്ള ഉള്‍പ്രേരണയും ഇഹ്ലാസില്‍ ശക്തമായിരുന്നു. അറബിഭാഷയില്‍, ഇടുങ്ങിയ മതചിന്തയില്‍ ഒതുങ്ങാതെ നിന്ന മകളുടെ മനസ്സ് പരിണാമസിദ്ധാന്തങ്ങളിലേക്കും ആംഗലേയഭാഷയിലേക്കും ചാഞ്ഞുവെന്ന് മനസ്സിലാക്കിയ അവളുടെ ഉമ്മി ആകെ അസ്വസ്ഥമാകുന്നു. മകളുടെ ശാരീരികമാറ്റങ്ങള്‍ നിരീക്ഷിച്ച അവർ “ഇവളെ പുരുഷന്‍ സ്പര്‍ശിച്ചിരിക്കുന്നുവോ”(23) എന്ന ആധിയാല്‍ കുഴഞ്ഞുവീണു മരിക്കുന്നു. അന്ധമായ വിശ്വാസങ്ങളും അതില്‍നിന്ന് രൂപംകൊണ്ട തെറ്റിദ്ധാരണയുമാണ് ഉമ്മിയുടെ ജീവനെടുത്തതെന്ന ചിന്ത അവളെ അസ്വസ്ഥമാക്കുമ്പോള്‍ ദ്വീപിനു പുറത്തുപോയി പഠിക്കണമെന്ന ആഗ്രഹം അബ്ബയില്‍ നിന്ന് അവള്‍ നേടിയെടുക്കുന്നു. നാലു ഭാഗത്തും തടസ്സം നില്‍ക്കുന്ന കടലിന്‍റെ അസ്വാതന്ത്ര്യത്തില്‍ നിന്നും ദുരാചാരങ്ങളില്‍ നിന്നും പുറത്തുകടക്കാനുള്ള സ്ത്രീയുടെ മനസ്സ് കഥയുടെ ഭാവതലത്തെ മികവുറ്റതാക്കുന്നു.
ദ്വീപില്‍ നിന്ന് കേരളത്തില്‍ പഠിക്കാനെത്തിയ ഇഹ്ലാസ്സിന് പുതിയ പ്രദേശം പരിചിതമോ അപരിചിതമോ ആയിരുന്നില്ല. ദ്വീപിലെ മണല്‍ത്തരികള്‍ക്കു പകരം കറുത്ത് മിനുസമുള്ള റോഡും, ഉപ്പളങ്ങളുടെയും മത്സ്യങ്ങളുടെയും സമ്മിശ്രഗന്ധത്തിനു പകരം വെളുത്തുള്ളി വേവിക്കുന്ന ഗന്ധവുമായി പുതിയ ഇടത്തെ അവള്‍ അടയാളപ്പെടുത്തി. ആദ്യദിവസം അപ്രതീക്ഷിതമായ പലതും സഹപാഠികളില്‍ നിന്ന് അവള്‍ക്ക് നേരിടേണ്ടി വരുന്നു. “ബലിഷ്ഠമായ കൈത്തണ്ടകളുള്ള ഒരാണ്‍കുട്ടി അവളുടെ അരക്കെട്ടില്‍പിടിച്ച് അവളെ തന്നോടുചേര്‍ത്ത് അവളുടെ മുഖപടം ഉയര്‍ത്തി. അവള്‍ക്കു ചുറ്റുമുള്ളവരില്‍നിന്നും ആരവമുയര്‍ന്നു, “വിടെടോ” അവള്‍ കുതറി. “ഉമ്മവയ്ക്കടീ എന്നാ വിടാം. “ അവന്‍ ആജ്ഞാപിച്ചു.... “വയ്ക്കെടീ,” വസ്ത്രത്തിന്‍റെ കെട്ടുകളില്‍ കൈവച്ച് അവന്‍ വീണ്ടും ആജ്ഞാപിച്ചു” (26) അന്നുവരെ കാത്തുസൂക്ഷിച്ച തന്‍റെ പവിത്രത നഷ്ടപ്പെട്ടുവെന്ന ബോധം ആദ്യം അവളെ അലോസരപ്പെടുത്തുന്നെങ്കിലും തന്നോടു മോശമായി പെരുമാറിയ പുരുഷനോട് ഉള്ളില്‍ പകയോ വിദ്വോഷമോ അല്ല പിന്നീട് അവള്‍ക്ക് തോന്നുന്നത്. തന്‍റെ വിശ്വാസപ്രമാണങ്ങള്‍ക്കും അപ്പുറമാണ് തന്നില്‍ ഉണ്ടായ മാറ്റമെന്ന് തിരിച്ചറിഞ്ഞ അവള്‍ തന്നെ വേദനിപ്പിച്ച, തന്‍റെ ശരീരത്തില്‍ ആദ്യമായി സ്പര്‍ശിച്ച പുരുഷനോട് പ്രണയബദ്ധയാകുന്നു. എത്ര നിയന്ത്രിച്ചാലും ജൈവികചോദനകള്‍ അതിന്‍റെ പൂര്‍ത്തീകരണത്തിലെത്താന്‍ വെമ്പല്‍ കൊള്ളുമെന്ന് ഇഹ്ലാസ്സിലൂടെ ഇന്ദുമേനോന്‍ പറഞ്ഞുവെക്കുന്നു. ലൈംഗികതൃഷ്ണ അടക്കിവെക്കേണ്ട ഒന്നാണെന്ന പൊതുസമൂഹത്തിന്‍റെ ചിന്തകള്‍ക്കുനേരെയുള്ള പ്രഹരമായി ഇഹ്ലാസ്സിന്‍റെ പ്രവര്‍ത്തി മാറുമ്പോള്‍ വൈരുദ്ധ്യങ്ങളുടെ സമന്വയമായി കഥയും കഥാപാത്രങ്ങളും പുനഃസൃഷ്ടിക്കപ്പെടുന്നു.
സ്ത്രീയെ താഴ്ന്ന സൃഷ്ടിയായി ചിത്രീകരിച്ച് ഭോഗവസ്തുവായി മാത്രം കാണുന്ന പുരുഷമേധാവിത്വത്തെ കഥാകാരി നിശിതമായി വിമര്‍ശിക്കുന്നു. എല്ലാ ഉച്ചനീചത്വ ഭാവങ്ങള്‍ക്കും മുകളിലാണ് പ്രണയമെന്നും ഒരു വിശ്വാസപ്രമാണത്തിനും പ്രണയത്തെ അകറ്റിനിര്‍ത്താനായില്ലെന്നും അത് ശരീരനിഷ്ഠമായ പ്രവര്‍ത്തനമാണെന്നും കഥ വ്യക്തമാക്കുന്നു. പരിശുദ്ധി കെട്ടവളെന്ന് വിളിച്ച പുരുഷന്‍റെ നാവുകളെ വിശുദ്ധി നിറഞ്ഞവള്‍ എന്ന് പറയിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതിലൂടെ പെണ്ണ് നേടിയെടുക്കുന്ന വിജയം കഥയുടെ ഭാവതലത്തെ വിശാലമാക്കുന്നു. പുരുഷന്‍ നിര്‍മ്മിച്ച യാഥാസ്ഥിതിക ബോധത്തിനു മുകളിലേക്ക് സ്ത്രീ ഉയരുന്നു. ഇത്തരത്തില്‍ സ്ത്രീസ്വത്വത്തിന്‍റെയും പ്രണയത്തിന്‍റെയും ഉയര്‍ന്ന തലത്തെ കഥയില്‍ ആവിഷ്കരിക്കാന്‍ ഇന്ദുമേനോന്‍ ശ്രമിക്കുന്നു.
ആനന്ദത്തിന്‍റെ സ്വകാര്യനിമിഷങ്ങള്‍ മറ്റാര്‍ക്കും അവകാശപ്പെട്ടതല്ലെന്നും അത് പ്രകടമാക്കാനും ആസ്വദിക്കാനുമുള്ള ഇടം പെണ്ണിനുമുണ്ടെന്നും കഥ മുന്നോട്ടു വെക്കുന്നു. “വരിക വന്നെന്‍റീറന്‍ ചുണ്ടുകളെ ചുംബിച്ചു മുറിപ്പെടുത്തുക” (27) എന്ന് ഇന്ദുമേനോന്‍ ബോധപൂര്‍വ്വം കഥാപാത്രത്തെക്കൊണ്ട് പറയിപ്പിക്കുന്നു. പ്രണയം തുറന്നു പറയുന്ന, രതിയ്ക്ക് മുന്‍കൈയെടുക്കുന്ന സ്ത്രീ തെറ്റുകാരിയെന്ന് അടയാളപ്പെടുത്തുന്ന സമൂഹത്തെ കഥ ചോദ്യം ചെയ്യുന്നു. പുരുഷന്‍റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താന്‍ മാത്രം സൃഷ്ടിക്കപ്പെട്ട വസ്തുവാണ് സ്ത്രീയെന്ന് കരുതുന്ന ഇടത്ത്, സമൂഹം നിര്‍മ്മിച്ച ചട്ടക്കൂട് അടിച്ചമര്‍ത്തലാണെന്ന തിരിച്ചറിവ് അവള്‍ക്കുണ്ടാകുന്നു. സ്ത്രീ തന്‍റെ ഇഷ്ടങ്ങള്‍ തുറന്നുപറയാന്‍ മുന്‍കൈയ്യെടുക്കുന്നു. കപടസദാചാര ചിന്തകളെല്ലാം തന്നെ സ്ത്രീവിരുദ്ധവും നീതിരഹിതവുമാണെന്ന് ഇന്നത്തെ സമൂഹത്തില്‍ നിന്ന് വ്യക്തമാണ്. അവയ്ക്കെതിരെ ശബ്ദമുയര്‍ത്താന്‍ കഥയിലൂടെ ഇന്ദുമേനോന്‍ ശ്രമിക്കുന്നു.
സ്ത്രീത്വത്തിന്‍റെ മഹനീയതയും പവിത്രതയും കന്യകാത്വത്തിലാണെന്ന വ്യവസ്ഥാപിതമായ അടിച്ചമര്‍ത്തല്‍ പ്രക്രിയയ്ക്കെതിരെയുള്ള ആയുധമായി കഥ മാറുന്നു. കന്യക എന്ന പ്രയോഗം തന്നെ കന്യകാത്വത്തെ ആശ്രയിച്ച് രൂപംകൊണ്ടതാണ്. സ്ത്രീസ്വാതന്ത്ര്യത്തിന് പരിധി കല്പിക്കാനായി സമൂഹം സൃഷ്ടിച്ച കപടമായ വേലിക്കെട്ടാണ് കന്യകാത്വമെന്ന് ഇന്ദുമേനോന്‍ ചെറ്റയിലൂടെ പറഞ്ഞുവെക്കുന്നു.
“കന്യകാത്വത്തിന്‍റെ നഷ്ടമെന്നത്
ആണിനാല്‍ കീറപ്പെടുന്നൊരു
നേരിയ പാലത്തിന്‍റെ പ്രശ്നമല്ല” —-
എന്ന വിശാലചിന്ത അനേകം ഉള്‍വലിയലുകള്‍ക്ക് അന്ത്യം കുറിക്കുന്നു. ജൈവികപരിണാമങ്ങള്‍ക്കും വൈകാരിക-വൈചാരിക ഭാവത്തിനും അതീതമായി നില്‍ക്കുന്ന ഒരു വ്യക്തിയുമില്ല. സാര്‍വ്വത്രികമായ ഒരു സത്യമോ കളങ്കമോ അവകാശപ്പെടാനില്ലാത്ത ഇടത്ത് പെണ്ണിന് മാത്രം ശരീരത്തില്‍ ഒളിപ്പിച്ചുവച്ച് കാത്തുസൂക്ഷിക്കേണ്ട പവിത്രമായ ഒന്നുംതന്നെയില്ല എന്ന യാഥാര്‍ത്ഥ്യത്തിന് എഴുത്തുകാരി ഊന്നല്‍ നല്‍കുന്നു. ശരീരസ്വാതന്ത്യം സ്ത്രീയുടെ അവകാശമാണെന്ന് ആഹ്വാനം ചെയ്യുന്നു.
ജന്തു: ദളിത്- സ്ത്രീസ്വത്വത്തിന്‍റെ പ്രതിരോധാത്മകത.
ദളിത് എന്നത് ഒരു സംസ്കാരമായും അവസ്ഥയായും അടയാളപ്പെടുത്തുന്ന സമൂഹത്തില്‍ ദളിത് സ്വത്വത്തിന് നേരിടേണ്ടി വരുന്ന ചൂഷണത്തിന്‍റെ മുഖം വ്യക്തമാക്കുന്ന കഥയാണ് ജന്തു. ഭരണകൂടത്തിനും ഭരണഘടനയ്ക്കും മുന്നില്‍ ഇരട്ടനീതി നടപ്പാക്കുന്ന നാട്ടിലാണ് നാം ജീവിക്കുന്നത്. ആദിവാസിവിഭാഗത്തെ മനുഷ്യരായി കാണാതെ മൃഗസമാനമായോ അതിലും താഴെയായോ ആണ് ചില ന്യൂനപക്ഷ വിഭാഗം കാണുന്നത്. പ്രാദേശികമായ സംസ്കൃതിയില്‍ പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന ദളിതരെ അടിച്ചമര്‍ത്താനും അവര്‍ക്കു മുകളില്‍ ആധിപത്യം ചെലുത്താനുമുള്ള പ്രവണത ഇന്ന് ഏറി വരികയാണ്. പണവും സ്വാധീനവും ചൂഷണം ചെയ്യാനുള്ള മാധ്യമമായി തിരഞ്ഞെടുത്തവരുടെ കോര്‍പ്പറേറ്റ് യുക്തിയാണ് ഈ അടിച്ചമര്‍ത്തലിന്‍റെ അടിസ്ഥാനം. ആഗോളവത്കരണത്തിന്‍റെ ചൂഷണാത്മകമായ അജണ്ടയില്‍ അരികുവത്കരിക്കപ്പെടുന്ന, തകര്‍ന്നുപോകുന്ന ഒരു ജനതയുടെ പ്രതിരോധത്തിന്‍റെയും ഉയര്‍ത്തഴുത്തേല്പിന്‍റെയും കഥയാണ് ജന്തു. മനുഷ്യനെ മനുഷ്യനായി കാണാതെ ജന്തുവായി മാത്രം കണ്ട് ക്രൂരമായ പീഡനത്തിനു വിധേയമാകുന്ന ബന്നൂറാം ബെഡിന്‍റെയും ബസുന്ധരയുടെയും അതിജീവനത്തിന്‍റെ സാഹസികത കഥ വ്യക്തമാക്കുന്നു.
കഥയ്ക്കുള്ളിലെ ഉപകഥകള്‍ പോലെ പത്ത് ഭാഗങ്ങള്‍ തുന്നിച്ചേര്‍ത്തു പിടിപ്പിച്ച ഘടനയാണ് രചനയ്ക്കുള്ളത്. വേട്ട, നീലച്ചിത്രം, റൂം നമ്പര്‍ 106 ദ ക്വീന്‍സ് പാലസ് ലോഡ്ജ്, ഇരട്ടത്തലയന്‍ സര്‍പ്പം, ലിംഗഛേദം വന്ന നായകന്‍റെ കഥ, ജലഭരിതം/ മദ്യഭരിതം, രണ്ടുകിലോ സൈലന്‍സര്‍, സ്ക്രൂഡ്രൈവര്‍, ഉണരട്ടെ ഭീലിന്‍റെ കയ്യില്‍ പച്ച കുത്തിയ വനദുര്‍ഗ്ഗ എന്നിവയിലൂടെ ജന്തു സഞ്ചരിക്കുന്നു. ബഹുരാഷ്ട്രമുതലാളിത്തവ്യവസ്ഥ അവരുടെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കായി ആദിവാസിജനതയെയും അവരുടെ ആവാസവ്യവസ്ഥയെയും ഇല്ലായ്മ ചെയ്യുന്നു. ബസ്തറിലെ ആദിവാസി ഭൂമി സ്വന്തമാക്കാന്‍ വന്ന മണ്ണുകമ്പനിക്കെതിരെ തിരിയുന്ന ‘ഗോണ്ട്’ വിഭാഗക്കാരുടെ പ്രതിനിധിയാണ് ബന്നൂറാം ബെഡ്. കമ്പനി തങ്ങളുടെ നിലനില്പിന് ഭീഷണിയാണെന്ന് തിരിച്ചറിഞ്ഞ ഗ്രാമീണര്‍ അവര്‍ക്കെതിരെ നിയമപരമായി നീങ്ങുന്നു. കമ്പനി അധികാരിയായ അമൊരീന്ദര്‍ ജിത്തും സഹായികളായ നാനയും രത്തനും കോടതിയില്‍ സാക്ഷി പറയാനെത്തിയ ബന്നൂറാമിനെ ക്രൂരമായി ഉപദ്രവിക്കുന്നു. ശരീരമാസകലം തല്ലിച്ചതച്ച് അനങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ അയാളെ ശവസമാനമാക്കുന്നു. ദളിത് വിഭാഗത്തോട് കാലാകാലങ്ങളായി നിലനിന്ന അതിക്രമങ്ങളുടെ തുടര്‍കഥയായി ഈ സംഭവം മാറുന്നു.
“അതൊരു മനുഷ്യജീവിയായിരുന്നില്ല... ദേഹം മുഴുവന്‍ കാട്ടുകരടിയെപ്പോലെയോ കുരങ്ങിനെപ്പോലെയോ കറുത്തരോമം പൊടിച്ചുനിന്നിരുന്ന ഒരു വിചിത്രജന്തു. ഒരു കാട്ടുമൃഗം…” (ഇന്ദുമേനോന്‍, 2014: 81) എന്ന വിശേഷണത്തോടെയാണ് കഥാനായകനെ അവതരിപ്പിക്കുന്നതും കഥ ആരംഭിക്കുന്നതും. സവര്‍ണ്ണാധിപത്യത്തിന്‍റെയും അക്രമണത്തിന്‍റെയും പാതയിലൂടെയാണ് കഥയുടെ തുടക്കം. കറുത്തവനെ മനുഷ്യനായി അംഗീകരിക്കാത്ത, വര്‍ണ്ണവിവേചനം ഇന്നും ശക്തമായ സാമൂഹികാന്തരീക്ഷത്തില്‍ ജാതിയുടെയും മതത്തിന്‍റെയും നിറത്തിന്‍റെയും ദേശത്തിന്‍റെയും പേരു പറഞ്ഞുകൊണ്ടുള്ള ചൂഷണം ഏറി വരികയാണ്. “കാട്ടുനായ്ക്കള്‍. ഇവറ്റകള്‍ക്കെന്തിനാണ് മണ്ണ്” (86)എന്ന പരാമര്‍ശത്തില്‍ നിന്ന് തന്നെ ആദിവാസികളോടുള്ള സമീപനം വ്യക്തമാണ്. നാഗരികന് ചൂഷണം ചെയ്യാനുള്ളവരാണ് ഗ്രാമവാസികള്‍ എന്ന ഇടുങ്ങിയ ചിന്തകള്‍ക്കെതിരെയുള്ള ശബ്ദമായി കഥ മാറുന്നു. അരികുവത്കരിക്കപ്പെടുന്ന ദളിത് വിഭാഗത്തോടും അവരുടെ സംസ്കാരത്തോടും നിലനില്പിനോടുമുള്ള മൃഗസമാനമെന്നുപോലും പറയാന്‍ കഴിയാത്ത സമീപനം കഥയുടെ ഭാവതലത്തെതന്നെ മാറ്റിമറിക്കുന്നു.
ബന്നൂറാമിനെതിരെ അവിഹിതമാരോഹിച്ച് ആദിവാസിവിഭാഗത്തെ മുഴുവന്‍ സമൂഹത്തിനു മുന്നില്‍ മോശമായി മുദ്രകുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബസുന്ധരയെ കഥയില്‍ അവതരിപ്പിക്കുന്നത്. ചലച്ചിത്രമെന്ന ശക്തമായ മാധ്യമത്തെ അതിനായി തിരഞ്ഞെടുത്ത് ബന്നൂറാമും ബസുന്ധരയും തമ്മിലുള്ള പോണ്‍ഫിലിം ബോധപൂര്‍വ്വം നിര്‍മ്മിക്കാന്‍ കമ്പനിക്കാര്‍ തീരുമാനിക്കുന്നു. എന്നാല്‍ ബസുന്ധര ബസ്തറിലെ സ്ത്രീയായിരുന്നു. ഗോണ്ടി നദിയില്‍ വെള്ളം പൊങ്ങിയപ്പോള്‍ ഒഴുക്കില്‍ നിന്ന് കമ്പനിക്കാര്‍ അവളെ രക്ഷപെടുത്തി വേശ്യാവൃത്തിയുടെ കയത്തിലേക്ക് തള്ളിയിട്ടു. ബന്നൂറാമിനെയും അയാളുടെ സാഹചര്യവും ലക്ഷ്യവും തിരിച്ചറിഞ്ഞ അവള്‍ നാട്യമില്ലാതെ അയാളെ സമീപിക്കുന്നു. പ്രേമം അവളുടെ പാപക്കറ മായ്ച്ചു കളയുന്നു. തന്‍റെ കുലവും വംശവും മുടിച്ചവരോടുള്ള പ്രതികാരം സ്വയം ഏറ്റെടുക്കും പോലെയുള്ള പ്രവര്‍ത്തിയായിരുന്നു പിന്നീട് ബസുന്ധരയില്‍ കാണാന്‍ കഴിഞ്ഞത്. നാടിനെ രക്ഷിക്കാന്‍, തന്നെ ഈ അവസ്ഥയിലെത്തിച്ചവരോട് പ്രതികാരം ചെയ്യാന്‍ അവള്‍ കുലദേവതയായ നാഗാബോ ദേവിയായി മാറുന്നു.
അതിയായ കാമത്തോടെ ബസുന്ധരയെ സമീപിച്ച അമൊരീന്ദറിനെ ഒരു വേശ്യയ്ക്കു മാത്രം സാധ്യമാകുന്ന രീതിയില്‍ വാരിപ്പുണര്‍ന്ന് അവള്‍ തന്‍റെ ലക്ഷ്യം സാധ്യമാക്കുന്നു. “ഒരു വലിയ ഞണ്ട് അതിന്‍റെ മൂര്‍ച്ചയേറിയ ഇറുക്കു കാലുകള്‍ കൊണ്ട് തന്‍റെ ലിംഗത്തില്‍ വച്ച് അമര്‍ത്തിയതുപോലെയാണ് അമൊരാന്ദറിനു തോന്നിയത്. അയാള്‍ പ്രാണനറുന്ന വേദനയോടെ അലറി. അവളില്‍ നിന്ന് വേര്‍പെട്ട് നിലവിളിയോടെ ഓടിപ്പോയി” (96). പെണ്ണിനെ ഭോഗവസ്തുവായി മാത്രം കാണുന്ന പുരുഷമേധാവിത്വ ചിന്തകള്‍ക്കെതിരെയുള്ള പ്രതിഷേധവും പ്രതിരോധവുമായി ഇവിടെ ലിംഗഛേദം മാറുന്നു. ജന്തു എന്ന കഥ ലിംഗപരമായി നിലനില്‍ക്കുന്ന ആധിപത്യത്തിനെതിരെയുള്ള സാമൂഹികമായ ഇടപെടല്‍ കൂടിയാകുന്നു.
ഒഴുക്കുജലത്തില്‍ നിന്ന് രക്ഷപെടുത്തി ഒരു ഭോഗവസ്തുവായി മാത്രം കണ്ട് തന്നെ പ്രാപിച്ച നാനയെയും, മനസ്സില്ലാത്ത ശരീരമായി മാത്രം പെണ്ണിനെ കാണുന്ന മോട്ടിലാനിനെയും രത്തനെയും പരേഖിനെയും അവള്‍ നേരിടുന്നു. ബസുന്ധരയുടെ ഉയര്‍ത്തെഴുന്നേല്പിനെ സവിശേഷമായി ദളിത് സ്ത്രീയുടെ മുന്നേറ്റമായി വേണം കരുതാന്‍. അടിച്ചമര്‍ത്തലിനെതിരെയുള്ള ശക്തമായ വിപ്ലവമായി അവളുടെ പ്രതിരോധം മാറുന്നു. തന്നെ പീഡിപ്പിച്ചവരേക്കാള്‍ ഒരു നാടിനെ നശിപ്പിച്ചവരെ ഉന്മൂലനം ചെയ്യുക എന്നതില്‍ കവിഞ്ഞൊരു പ്രതിഷേധമാര്‍ഗ്ഗവും സ്വീകരിക്കാത്ത സ്ത്രീയെയാണ് കഥയില്‍ കാണാന്‍ സാധിക്കുന്നത്. ക്ഷമയുടെയും സഹനത്തിന്‍റെയും പ്രതീകമായി അടയാളപ്പെടുത്തിയിരുന്ന ഇടത്തുനിന്ന് പകയുടെയും പ്രതികാരത്തിന്‍റെയും ചാലിലേക്ക് ജന്തുവിലെ സ്ത്രീ സഞ്ചരിക്കുന്നു.
ജന്തു എന്ന കഥയുടെ കൃത്യമായ രാഷ്ട്രീയം ദളിത് പ്രതിനിധാനവും സ്ത്രീമുന്നേറ്റവുമാണ്. ദളിത് മിത്തുകളുടെയും വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും അടിസ്ഥാനത്തില്‍ മുന്നോട്ടു പോകുന്ന കഥയാണ് ജന്തു. കഥയുടെ ആഴത്തിലേക്ക് ചെല്ലുമ്പോള്‍ വേദനിക്കുന്ന ഒട്ടേറെ നേരനുഭവങ്ങള്‍ കഥയുടെ പ്രതലമാകുന്നു. അകപ്പെട്ടുപോയ ഇടത്തുനിന്ന് പ്രതികാര ബുദ്ധിയോടെ ഉയര്‍ത്തെഴുന്നേല്ക്കുന്ന സ്ത്രീയുടെ, സവിശേഷമായി ദളിത് സ്ത്രീയുടെ മുന്നേറ്റമായും കഥ മാറുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പക തീര്‍ക്കുന്ന ബസുന്ധര തന്നിലൂടെ ചരിത്രപരമായ വിമോചനം സാധ്യമാക്കുകയും സ്ത്രീവിരുദ്ധമായ ഇടങ്ങളെ ചോദ്യം ചെയ്യുകയും ചെയ്യുന്നു.
മതഭയത്തിന്‍റെ സംഘ് പരിവാര്‍.
മതതീവ്രവാദം അതിശക്തമായ വിപത്തുകള്‍ സൃഷ്ടിക്കുന്ന കാലത്തെയാണ് നാം അഭിമുഖീകരിക്കുന്നത്. തീവ്രമതചിന്തകളും ചിന്തകരും അതിന്‍റെ നൈതികതയില്‍ നിന്ന് വ്യതിചലിച്ച് മറ്റൊരുവന്‍റെ ജീവനെടുക്കുന്ന തലത്തിലേക്ക് തരംതാഴ്ന്നുപോകുന്നു. ഭരണഘടന അനുശാസിക്കുന്ന എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെടുമ്പോള്‍ അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ എന്നെന്നേക്കുമായി നിശബ്ദരാക്കപ്പെടുകയോ രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുകയോ ചെയ്യുന്നു. മതഭ്രാന്തിനെതിരെ വീണ്ടുമൊരു നവോത്ഥാനത്തിന് തുടക്കം കുറിക്കേണ്ട അവസ്ഥയിലേക്കാണ് സമൂഹത്തിന്‍റെ പോക്ക്. ഇന്ദുമേനോന്‍റെ ഹിന്ദുഛായയുള്ള മുസ്ലീം പുരുഷന്‍, സംഘ്പരിവാര്‍, മരണവേട്ട, ദിഗംബരന്‍ എന്നിവ മതഭീകരത പ്രമേയമായി വരുന്ന കഥകള്‍ക്കുദാഹരണങ്ങളാണ്. പ്രണയവും ജീവനും ജീവിതവും നഷ്ടമാകുന്നിടത്തേക്കാണ് ഇന്നിന്‍റെ മതചിന്ത ചലിക്കുന്നത്. അറിഞ്ഞോ അറിയാതെയോ സാധുക്കള്‍ അതിന്‍റെ ഇരയായിപ്പോകുന്നു. ദിഗംബരനിലെ ജയകൃഷ്ണനും ഹിന്ദുഛായയുള്ള മുസ്ലീം പുരുഷനിലെ മുസ്തഫയും സംഘ് പരിവാറിലെ നസിറുദ്ദീനും മതഭീകരതയുടെ ഇരകളാണ്.
തീവ്രവും ഇടുങ്ങിയതുമായ മതചിന്ത സാമൂഹികവിപത്തായി മാറുന്ന ഭീകരമുഖം ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന കഥയാണ് സംഘ് പരിവാര്‍. കഥയിലെ കേന്ദ്രകഥാപാത്രം നസിറുദ്ദീന്‍ ഒസ്സാനാണ്. മുടിയുടെ വേരും ഭൂമിശാസ്ത്രവും കൃത്യമായി വശത്താക്കിയ څമുടിയുടെ ഭാസچ അറിയാവുന്നയാള്‍. എല്ലാറ്റിനെയും അയാള്‍ക്ക് ഭയമാണ്. യാത്രകളെ, തീവണ്ടിയെ, ഇരുട്ടിനെ, വെളിച്ചത്തെ, അതിലുപരി ചുവന്ന കുറിയണിഞ്ഞ ഹൈന്ദവരെ. ഭയന്നു ജീവിക്കുന്ന ഇസ്ലാം പ്രതിനിധിയാണയാള്‍. ജീവിതാനുഭവങ്ങള്‍ അത്തരം ഭീകരാവസ്ഥയിലേക്കാണ് അയാളെ എത്തിച്ചത്. ദീനക്കിടക്കയിലുള്ള മകളെ (ഖദീസു) അവസാനമായി കാണാന്‍ തീവണ്ടിയില്‍ സഞ്ചരിക്കേണ്ടി വരുന്ന അവസ്ഥയെ ദുരന്തമായി കാണുകയാണ് നസിറുദ്ദീന്‍.
തീവണ്ടി സഞ്ചരിക്കുമ്പോള്‍ നസിറുദ്ദീന്‍ കാണുന്ന കര്‍ബല പള്ളിയുടെ കബര്‍സ്ഥാന്‍ തന്‍റെ ആകുലതകളുടെ ബിംബമാണ്. തീവണ്ടിയാത്രയുടെ അവസാനം തനിക്കായി ഒരു കബര്‍ ഒരുങ്ങുമോയെന്ന ഭയം കഥയില്‍ നിഴലിക്കുന്നു. ഹിന്ദു- മുസ്ലീം വര്‍ഗ്ഗീയത ശക്തമായ ഒരിടത്താണ് ഇന്നയാള്‍ താമസിക്കുന്നത്. യാതൊരു വിവേചനവും കൂടാതെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന കാലത്ത് മുടി വെട്ടാന്‍ വരുന്നവരുടെ ജാതിയോ മതമോ നോക്കിയിരുന്നില്ല. മുടിയുടെ സ്വഭാവം മാത്രം അയാള്‍ ശ്രദ്ധിച്ചു. “ചിലര്‍ക്ക് നൂലുപോലെ നീണ്ടത്. ചിലത് ഉള്‍ക്കനം കുറഞ്ഞത്, ചെമ്പിച്ചത്, ഭാരമുള്ളത്, പൊട്ടിത്തുടങ്ങിയത്, നരച്ചത്, ഡൈ തേച്ച് കറുപ്പിച്ചത്, മിനുപ്പിച്ചത്, ഡൈ പുരട്ടാതെ മഞ്ഞിച്ചത്, ചിലത് പുള്ളിപ്പൈപോലത്തെ കുത്തുമുടി” (ഇന്ദുമേനോന്‍, 2017:142). എന്നാല്‍ ഇന്നതിന്‍റെ സ്വഭാവം മാറി. ഹിന്ദു എന്ന പേരിനെ ഭയക്കാന്‍ തുടങ്ങി. മകന്‍റെ മരണത്തോടെ അയാളുടെ ഭയം ഇരട്ടിയായി.
“ക്ഷുരകന്‍ മുസ്ലീമിന്‍റെ മുടി വെട്ടുന്നു. അവര്‍ മുസ്ലീമിന്‍റെ തല വെട്ടുന്നു”(142)
“ഇന്നലെ ഫൈസുവും ഉമ്മറും. നമ്മുടെ പരമ്പരകള്‍ക്ക് സംഭവിക്കാന്‍ പോകുന്നത് ഉന്മൂലനാശമാണ്. എഴുപത്തിയഞ്ചിലെയും ആറിലെയും അവരുടെ അജണ്ട പ്രകാരം നമ്മള്‍ ന്യൂനപക്ഷക്കാര്‍…”(143)
“നമ്മള്‍ വയസ്സന്മാരെ അവരൊടുക്കമേ എന്തെങ്കിലും ചെയ്യൂ. നമ്മുടെ കുട്ടികളും സ്ത്രീകളുമാണ് അവരുടെ ലക്ഷ്യം…”(143)
എന്ന സേട്ടുവിന്‍റെ വാക്കുകള്‍ നിസ്സാരമായി തള്ളിക്കളയാവുന്ന തമാശകളല്ല. ആ വാക്കുകള്‍ സമൂഹത്തിന്‍റെ മുഖത്തേക്ക് നീട്ടിവച്ച കണ്ണാടിയാണ്. ഇന്ന് നാം നേരിടുന്ന കൊടിയ വിപത്തിന്‍റെ അടയാളപ്പെടുത്തലുകള്‍.
യാത്രാമധ്യെ തീവണ്ടിയില്‍ കയറിയ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയവര്‍ നസിറുദ്ദീനെ അലട്ടുന്നു. “പുരുഷന്മാരും സ്ത്രീകളും. അവരുടെ നെറ്റിയില്‍ തിളങ്ങുന്ന ചോരവര്‍ണ്ണത്തിലുള്ള രക്തക്കുറി. സ്ത്രീകളുടെ ബ്ലൗസുകള്‍ക്കു ചുവപ്പുനിറമായിരുന്നു. കട്ടച്ചോരയുടെ കടുത്ത നിറം. അവരെല്ലാം കസവുമുണ്ടുകളാണുടുത്തിരുന്നത്. വിലകുറഞ്ഞ കസവിന്‍റെ കരത്തിളക്കം ഒട്ടിച്ചുവെച്ച ആയുധത്തിന്‍റെ മൂര്‍ച്ചയെ നസിറുദ്ദീനെ ഓര്‍മ്മപ്പെടുത്തി“(146) എല്ലാ അടയാളങ്ങളെയും ബിംബങ്ങളെയും അയാള്‍ ഭയന്നു. രക്ഷപെട്ടാലും ഇല്ലെങ്കിലും കൊല്ലപ്പെടുന്നതിനേക്കാള്‍ ഭേദം തീവണ്ടിയില്‍ നിന്ന് ചാടുന്നതാണെന്ന് തോന്നിയ നസിറുദ്ദീന്‍ സര്‍വ്വശക്തിയുമെടുത്ത് ഓടുന്ന വണ്ടിയില്‍ നിന്ന് പുറത്തേക്ക് ചാടുന്നു. എന്നാല്‍ തന്‍റെ കണക്കുകൂട്ടലുകളെ തെറ്റിച്ചുകൊണ്ട് അവര്‍ ശിവരാത്രിക്ക് വന്ന ഭക്തന്മാരാണെന്ന് റെയില്‍വെ അധികൃതര്‍ പറയുന്നിടത്ത് കഥ അവസാനിക്കുന്നു. കഥാന്ത്യം ഒരേസമയം ആശ്വാസം നല്‍കുകയും ആകുലപ്പെടുത്തുകയും ചെയ്യുന്നു.
ഹാസ്യാത്മകമായി അവസാനിക്കുന്ന കഥ പിന്നീട് വായനക്കാരനെ വല്ലാതെ അസ്വസ്ഥമാക്കുന്നു. ജാതി-മത-വര്‍ണ്ണ-വര്‍ഗ്ഗബോധം ശക്തമായ ഇന്നത്തെക്കാലത്ത് സമാധാനപരമായി മുന്നോട്ടു പോകുക എന്നത് വലിയൊരു കടമ്പയാണ്. അത്തരത്തില്‍ തീവ്രമായ ഉള്‍ക്കാഴ്ചയോടെ രാഷ്ട്രീയ സംഭവവികാസങ്ങളെ സമീപിക്കുകയും മതഭീകരതയെ കഥയിലൂടെ ചോദ്യം ചെയ്യുകയുമാണ് എഴുത്തുകാരി ചെയ്യുന്നത്. “ഇന്ത്യയുടെ സമകാലിക ചരിത്രത്തിലെ നടുക്കുന്ന ഒരു ഓര്‍മ്മയോട് പ്രകടമായി പ്രതികരിക്കുന്ന സംഘ് പരിവാർ (രവിശങ്കര്‍ എസ് നായര്‍, 2017:182) വായനാസാധ്യത ഏറെയുള്ള കഥയാണ്. ശക്തമായ ഭരണഘടനയുള്ള ഒരിടത്ത് മതത്തിന്‍റെ പേരില്‍ ഒരാള്‍ വേട്ടയാടപ്പെടുന്നുവെങ്കില്‍ ഭരണകൂടത്തേക്കാള്‍ മതഭീകരത നിയന്ത്രിക്കപ്പെടുന്ന വ്യവസ്ഥയുടെ അപചയമാണ് വ്യക്തമാകുന്നത്. തീവ്രജാതിമതചിന്തയെ ശക്തമായി വിമര്‍ശിക്കുന്ന കഥയാണ് സംഘ് പരിവാര്‍.
സ്വവര്‍ഗ്ഗാനുരാഗത്തിലെ രതിഭാവം
ഒരാളുടെ ലൈംഗികത സ്വന്തം തിരഞ്ഞെടുപ്പിനേക്കാള്‍ ജനിതകവും വിവിധ സാമൂഹികപ്രേരണകളുടെയും ഘടകങ്ങളുടെയും പ്രവര്‍ത്തനങ്ങളാല്‍ നിര്‍ണ്ണയിക്കപ്പെടുന്നതുമാണെന്ന് ശാസ്ത്രീയപഠനങ്ങള്‍ വിലയിരുത്തുന്നു. സ്വവര്‍ഗ്ഗാനുരാഗം പ്രകൃതിവിരുദ്ധമാണെന്നും മനോരോഗമാണെന്നുമുള്ള കാഴ്ചപ്പാട് ഇന്ന് ആഗോളതലത്തില്‍ തിരസ്കരിക്കപ്പെടുന്നു. മനുഷ്യലൈംഗികതയിലെ ഒരു വ്യതിയാനം മാത്രമാണ് സ്വവര്‍ഗ്ഗ ലൈംഗികത. “ഒരു ലെസ്ബിയന്‍ പശു”, “ജലത്തിലൂടെ നടക്കുന്ന കന്യകമാര്‍” എന്നിവ സ്വവര്‍ഗ്ഗാനുരാഗം ഇതിവൃത്തമാകുന്ന രചനകളാണ്.
രണ്ടു പെണ്‍കുട്ടികളുടെ ആത്മബന്ധം പ്രണയത്തിലേക്കും ശാരീരികബന്ധത്തിലേക്കും കടക്കുന്ന കഥയാണ് ജലത്തിലൂടെ നടക്കുന്ന കന്യകമാര്‍. കാവ്യാത്മകഭാഷയിലുള്ള അവതരണം കഥയെ കവിതയുടെ ഭാവതലത്തിലേക്കുയര്‍ത്തുന്നു.
“ഗര്‍ഭിണിയാണെന്നറിഞ്ഞ രാത്രിയില്‍
ഭാര്യയായ ഒരു കന്യക ജലത്തിലൂടെ
നടക്കുന്നതായി സ്വപ്നം കണ്ടു”...
എന്ന വിരുദ്ധചിത്രണത്തിലൂടെയാണ് കഥ ആരംഭിക്കുന്നത്. സമൂഹം വൈരുദ്ധ്യമെന്ന് രേഖപ്പെടുത്തിയവയ്ക്കെതിരെയുള്ള എഴുത്തുകൂടിയാണ് ഈ വരികള്‍. ഒരിക്കലും നടക്കില്ല എന്ന് ലോകം എഴുതിത്തള്ളിയ സ്വപ്നങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന ഇടമായി മനസ്സും ശരീരവും വൈദ്യശാസ്ത്രവും പരുവപ്പെടുന്ന തരത്തിലേക്ക് അമുദയും റസിയയും സഞ്ചരിക്കുന്ന കഥയാണ് ജലത്തിലൂടെ നടക്കുന്ന കന്യകമാര്‍. സ്വവര്‍ഗ്ഗരതിയുടെ ആഴവും അഴകും കഥ വ്യക്തമാക്കുന്നു.
വ്യത്യസ്ത ഭാഷയിലും സംസ്കാരത്തിലും ജീവിച്ച അമുദയും റസിയയും നേരിടുന്ന ക്രൂരതകളുടെയും മാറ്റിനിര്‍ത്തലുകളുടെയും അവഹേളനങ്ങളുടെയും പ്രതിഫലനമാണ് ജലത്തിലൂടെ നടക്കുന്ന കന്യകമാര്‍. ഇരുവരും തമ്മിലുള്ള പ്രണയം മറ്റുളളവര്‍ തിരിച്ചറിഞ്ഞപ്പോള്‍ ദുരഭിമാനവും പാപബോധവും ഉള്ളില്‍ പേറുന്ന അമുദയുടെ അച്ഛന്‍ സ്വബോധം നഷ്ടപ്പെട്ട വ്യക്തിയെപ്പോലെ അവളെ ഉപദ്രവിക്കുന്നു. സ്വവര്‍ഗ്ഗാനുരാഗം വ്യക്തമാക്കുന്നവരോടുള്ള പൊതുസമൂഹത്തിന്‍റെ സമീപനം എല്ലായ്പ്പോഴും എതിര്‍പ്പിന്‍റെ തലത്തില്‍ നിന്നാണ്. അഹങ്കാരമോ ധിക്കാരമോ ആയി വിലയിരുത്തുന്നതല്ലാതെ അവരെ അതിലേക്ക് നയിച്ച സാഹചര്യമോ മാനസികാവസ്ഥയോ ആരും പരിഗണിക്കാറില്ല. പീഡനം സഹിക്കവയ്യാതെ സ്വന്തം നാട്ടില്‍ നിന്ന് പ്രാണനും കൊണ്ട് ഓടി രക്ഷപെടുന്ന അമുദ റസിയയുടെ അടുത്ത് എത്തിച്ചേരുന്നു. അവളുടെ ഏക ആശ്രയവും സമാധാനവും ആ പെണ്ണിടമായിരുന്നു. മനസ്സിന്‍റെ വിങ്ങലിനും അടിച്ചമര്‍ത്തലിനും അന്യോന്യം ആശ്വസിപ്പിക്കലിനും അവര്‍ കണ്ടെത്തുന്ന മാര്‍ഗ്ഗം ഒളിച്ചുവെക്കലിന്‍റെ മറയില്ലാതെ എഴുത്തുകാരി ആവിഷ്കരിക്കുന്നു. പെണ്ണിന് പെണ്ണിനെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാനും ചേര്‍ത്തുനിര്‍ത്താനുമുള്ള അത്ഭുതസിദ്ധിയുണ്ടെന്ന് അമുദയിലൂടെയും റസിയയിലൂടെയും ഇന്ദുമേനോന്‍ വ്യക്തമാക്കുന്നു.
അമുദയെ അവളുടെ അച്ഛന്‍ റസിയയില്‍ നിന്ന് ബലമായി പിടിച്ചുകൊണ്ട് പോകുകുന്നു. റസിയയെ അപായപ്പെടുത്തുകയും തന്നേക്കാള്‍ മുതിര്‍ന്ന മക്കളുള്ള ഒരു വയസ്സന്‍റെ മൂന്നാമത്തെ ഭാര്യയായി അമുദയെ തളച്ചിടുകയും ചെയ്യുന്നു. പെണ്ണിന്‍റെ അവസ്ഥ മനസ്സിലാക്കാന്‍ ശ്രമിക്കാതെ പ്രതികാരബുദ്ധിയോടെയുള്ള പുരുഷമേധാവിത്വത്തിന്‍റെ വക്താക്കളായി കഥയില്‍ അമുദയുടെ ഭര്‍ത്താവും അച്ഛനും മാറുന്നു. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തെരുവോരത്ത് ചാണകവറളികള്‍ ഉണക്കിക്കൊണ്ട് നിന്ന അമുദയെ റസിയ കണ്ടെത്തുന്നത് കഥയില്‍ മറ്റൊരു വഴിത്തിരിവാകുന്നു. പത്രമാധ്യമങ്ങളെയും സമൂഹത്തെയും ഭയക്കാതെ തങ്ങളുടെ ജീവിതത്തിനും ജീവനും വേണ്ടി, വിമര്‍ശിച്ച നാവുകള്‍ക്കൊക്കെ തിരിച്ചടിയായി ഇരുവരും വീണ്ടും ഒന്നിക്കുന്നു. ചാണകച്ചൂരും വരണ്ടു തഴമ്പിച്ച ഉടലുമായി അമുദയും ചവിട്ടേറ്റു കലങ്ങിയ ഗര്‍ഭപാത്രവുമായി റസിയയും മാധ്യമങ്ങളുടെ ചോദ്യങ്ങളെ നേരിടുന്നു. അന്നുവരെ തങ്ങളുടെ ക്ഷേമം അന്വേഷിക്കാത്തവരുടെ നേരെ മുഖം തിരിച്ച് “എനിക്ക് റസിയയുടെ കുഞ്ഞിനെ പ്രസവിക്കണം. അത് എന്നുടെ ആഗ്രഹം”(200) എന്ന് അമുദ പറയുന്നു. സ്വവര്‍ഗ്ഗാനുരാഗവും രതിയും പാപമാണെന്ന വ്യവസ്ഥാപിതചിന്തകളെ പിന്താങ്ങുന്നവര്‍ പുരുഷനൊപ്പം ഒരു സ്ത്രീ സന്തോഷവതിയാണോ എന്ന് തിരക്കുന്നില്ല. പുരുഷനില്‍ നിന്ന്, അത് അച്ഛനായാലും ഭര്‍ത്താവായാലും സഹോദരനായാലും ഒരു സ്ത്രീ അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് പലപ്പോഴും സമൂഹം മൗനാനുവാദം നല്‍കുന്നു. സ്ത്രീപീഡനം സദാചാരവിരുദ്ധമാണെന്ന് അടയാളപ്പെടുത്തുന്നില്ല. അരികുവത്കരിക്കപ്പെടുന്ന ലിംഗവൈവിധ്യങ്ങളുടെ, പ്രണയവൈവിധ്യങ്ങളുടെ നേര്‍ക്കുയരുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ പ്രതികരിക്കുകയും കലഹിക്കുകയുമാണ് ജലത്തിലൂടെ നടക്കുന്ന കന്യകമാര്‍. “തങ്ങളുടെ സഹജപ്രേരണകളെ നിരാകരിക്കാന്‍ സ്ത്രീയെ നിര്‍ബന്ധിതയാക്കുന്ന സമൂഹം, കുറ്റബോധത്തിന്‍റെയും അതില്‍നിന്ന് വിഷാദത്തിന്‍റെയും കയങ്ങളിലേക്ക് അവളെ തള്ളിയിടുന്നുണ്ട്. വിഷാദരോഗത്തിന്‍റെ തീവ്രമായ സ്പര്‍ശം ഇന്ദുമേനോന്‍റെ പല സ്ത്രീകഥാപാത്രങ്ങളിലും കാണാം” (രവിശങ്കര്‍ എസ് നായര്‍, 2017:179). അമുദയും റസിയയും വിഷാദത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ സ്വത്വങ്ങളാണ്. സ്വവര്‍ഗ്ഗരതി പാപവും മനോരോഗവുമല്ലെന്നും അത് യാഥാര്‍ത്ഥ്യമാണെന്നുമുള്ള തിരിച്ചറിവ് സമൂഹത്തിനുണ്ടാവണമെന്ന നിശ്ചയദാര്‍ഢ്യം കഥ മുന്നോട്ടു വെക്കുന്നു.
അവര്‍ നടക്കുന്നു...
ജലത്തിനു മുകളിലൂടെ...
പാദസരമണികള്‍ കിലുക്കി നീലജലത്തിനു മുകളിലൂടെ...
അവരിരുവരും...
ആ കന്യകമാര്‍...
ജലത്തിലൂടെ നടക്കുന്ന കന്യകമാര്‍...
കപടസദാചാരചിന്തയെ വെല്ലുവിളിക്കുന്ന സ്ത്രീകള്‍ അസാധ്യമായതിനെ സാധ്യമാക്കുന്നു എന്ന ശുഭചിന്തയില്‍ കഥ അവസാനിക്കുന്നു. ഭയത്തിന്‍റെയും ഒറ്റപ്പെടുത്തലിന്‍റെയും ഉള്‍വലിയലില്‍ നിന്ന് പുറത്തുകടക്കാന്‍ ആഹ്വാനം ചെയ്യുന്നു.
വിശാലചിന്താഗതിയോടെ സമകാലിക വിഷയങ്ങളെ സമീപിക്കുകയും മൂര്‍ച്ചയേറിയ ഭാഷയില്‍ അത് സമൂഹത്തിലേക്ക് എത്തിക്കുകയും ചെയ്യുന്ന രചനാപാടവം ഇന്ദുമേനോന്‍റെ സവിശേഷതയാണ്. ലിംഗവര്‍ഗ്ഗബോധത്തിലെ ആണ്‍കോയ്മയെ നിശബ്ദമാക്കുന്ന ആശയവും രചനാരീതിയും എഴുത്തുകാരിയെ സമകാലികരില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. ഇന്ദുമേനോന്‍റെ ചിന്താമണ്ഡലം സ്പര്‍ശിക്കാത്ത മേഖലകളില്ല. “മരണത്തെ, ശിക്ഷകളെ, അന്യായങ്ങളെ, അനീതികളെ, വേദനകളെ, യാതനകളെ, കൊടിയ പീഡനങ്ങളെ, തൊലിയുടെയും ജാതിയുടെയും മതത്തിന്‍റെയും അടിസ്ഥാനത്തിലുള്ള ഉന്മൂലനങ്ങളെ, ചൂഷണങ്ങളെ, ചതികളെ, നിന്ദകളെ, നിരാസങ്ങളെ, വെറുപ്പുകളെ, മാലിന്യങ്ങളെ, ഉപേക്ഷിക്കപ്പെടലുകളെ, ചതിക്കപ്പെടലുകളെ...ചൂഷണങ്ങളെ, ഇരുട്ടുകളെ…” (ഇന്ദുമേനോന്‍, 2017:10) അങ്ങനെ വിശാലവും അതിസൂക്ഷ്മവുമായ ബഹുസ്വരതയുടെ എല്ലാ ഇടങ്ങളെയും ഇന്ദുമേനോന്‍ അടയാളപ്പെടുത്തുന്നു.
ഗ്രന്ഥസൂചി
1. ഇന്ദുമേനോന്‍, 2014, ചുംബനശബ്ദതാരാവലി, ഡി സി ബുക്സ്, കോട്ടയം.
2. ڈ , 2017, കഥകള്‍, ഡി സി ബുക്സ്, കോട്ടയം.
3. ڈ , 2017, പഴരസത്തോട്ടം, ഡി സി ബുക്സ്, കോട്ടയം.
4. രവികുമാര്‍ കെ എസ്, 2012, കഥയും ഭാവുകത്വപരിണാമവും, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം, കോട്ടയം
5. രാജഗോപാല്‍ ഇ പി, 2006, നിശബ്ദതയും നിര്‍മ്മാണവും ചെറുകഥയുടെ കേരളചരി ത്രത്തിലൂടെ, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
6. രാജശേഖരന്‍ പി കെ, 2007, കഥാന്തരങ്ങള്‍, മാതൃഭൂമി ബുക്സ്, കോഴിക്കോട്.
7. സാം എന്‍, 2014, സമകാലമലയാള സാഹിത്യം, കറന്‍റ് ബുക്സ്, കോട്ടയം.
സ്വാതിമോഹന്‍ ജെ
ഗവേഷക
മലയാളവിഭാഗം
ഗവ: കോളേജ്. കട്ടപ്പന
മഹാത്മാഗാന്ധി സര്‍വ്വകലാശാല
Comments