ഉല : മനുഷ്യനെന്ന പിശാച് ദൈവത്തെച്ചൊല്ലി അടരാടുന്ന പേക്കൂത്തുകൾ
- GCW MALAYALAM
- 2 days ago
- 12 min read
ഡോ. ഷിജു കെ.

പ്രബന്ധസംഗ്രഹം
ജനകീയപ്രശ്നങ്ങളിൽ നിന്ന് പൊതുജനങ്ങളുടെ ശ്രദ്ധ തിരിച്ച്, മതത്തെ ഒരു രാഷ്ട്രീയ ഉപകരണമാക്കിമാറ്റി അതുപയോഗിച്ച് രാഷ്ടീയാധികാരം പിടിച്ചെടുക്കുന്നത് സമകാലീനരാഷ്ട്രീയത്തിലെ നിത്യകാഴ്ചയാണ്. ഏകോദരസഹോദരങ്ങളെപ്പോലെ വസിക്കുന്ന ജനങ്ങളെ മതത്തിന്റെയും വംശത്തിന്റെയും പേരിൽ തമ്മിലടിപ്പിച്ച് അവർക്കിടയിലെ പരസ്പരവിശ്വാസവും സ്നേഹവും തച്ചുതകർത്ത് അരക്ഷിതബോധം വളർത്തി ഭൂരിപക്ഷത്തെ ന്യൂനപക്ഷത്തിനെതിരെ തിരിച്ചുവിട്ടാണ് മിക്ക ഏകാധിപതികളും അധികാരം പിടിച്ചെടുക്കുന്നത്. ചരിത്രാരംഭകാലംമുതൽ തുടരുന്ന ഇത്തരം രാഷ്ട്രീയ ഉന്മൂലനങ്ങളുടെ ചരിത്രം കെ.വി. മോഹൻ കുമാറിന്റെ ‘ഉല’ എന്ന നോവലിനെ മുൻനിർത്തി വിശകലനം ചെയ്യുന്ന ലേഖനമാണിത്.
താക്കോൽ വാക്കുകൾ
രാഷ്ട്രീയം, വംശീയഉന്മൂലനം, വജ്രയാനം, മതം, ഏകാധിപത്യം
ആമുഖം
മനുഷ്യന്റെ തികച്ചും വൈയക്തികമായ ഒരു അനുഭൂതി വിശേഷമാണ് മതം. വൈയക്തികമായിരിക്കുന്നിടത്തോളം കാലം അത് മുന്തിരിപോലെ ആസ്വാദ്യകരവും പ്രയോജനപ്രദവുമാണ്. എപ്പോഴാണോ മനുഷ്യൻ മതത്തെ അധികാരം പിടിച്ചെടുക്കുന്നതിനുള്ള ഒരു രാഷ്ട്രീയ ഉപാധിയാക്കി മാറ്റുന്നത് അപ്പോൾ അത് ദുഷിക്കുകയും, ഈസ്റ്റ് ചേർക്കുമ്പോൾ മുന്തിരി പുളിച്ച് മദ്യമായി മാറുന്നതുപോലെ ലഹരിപദാർത്ഥമായിത്തീരുകയും ചെയ്യും1. ലഹരി മനുഷ്യന്റെ ചിന്താശേഷിയെ നശിപ്പിച്ച് വൈകാരികമായി പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നതുപോലെ മതത്തിൽ രാഷ്ട്രീയവും അധികാരവുമാകുന്ന ഈസ്റ്റ് ചേർക്കുമ്പോൾ അത് ലഹരിയായിത്തീരുകയും മനുഷ്യരെ ഏത് ഹീനപ്രവർത്തിയും ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യും. അധികാരഭ്രാന്തന്മാരായ ഏകാധിപതികൾ ഭരണം പിടിച്ചെടുക്കുന്നതിനുള്ള ഉത്തമമാർഗ്ഗമായി മതത്തെ ദുരുപയോഗം ചെയ്തതിന് പ്രാചീനചരിത്രം മുതൽ വർത്തമാനകാലം വരെയുള്ള നിരവധി ഉദാഹരണങ്ങൾ കണ്ടെത്താൻ സാധിക്കും. ഇത്തരത്തിൽ അധികാരം പിടിച്ചെടുക്കുന്നതിനും അത് നിലനിർത്തുന്നതിനുമായി ഒട്ടേറെ രാജ്യങ്ങളിൽ മതത്തിന്റെ പേരിലുള്ള കലാപങ്ങൾ ഇന്നും തുടരുകയാണ്.
മതത്തിന്റെ പേരിൽ മാത്രമല്ല ഒരേ മതവിശ്വാസികൾക്കിടയിൽ വംശശുദ്ധിക്കുവേണ്ടിയും ഇത്തരം വംശീയഉൻമൂലനം നടക്കുന്നുണ്ട്. ക്രിസ്ത്യൻ രാജ്യങ്ങൾ ക്രൈസ്തവേതര മതവിശ്വാസികളെയും അറബ് രാജ്യങ്ങൾ ഇസ്ലാം ഇതര മതവിശ്വാസികളെയും അപരവൽക്കരിക്കുമ്പോൾ ശ്രീലങ്കയിൽ ബുദ്ധമതവിശ്വാസികൾ ഒഴികെയുള്ളവർക്കും ഇന്ത്യയിൽ ഹൈന്ദവേതര മതവിശ്വാസികൾക്കും പലതരം പീഡനങ്ങൾ അനുഭവിക്കേണ്ടി വരുന്നു എന്നുള്ളത് വർത്തമാനകാല യാഥാർത്ഥ്യമാണ്. ഔദ്യോഗികമായി ഒരു മതത്തെ അംഗീകരിച്ചിട്ടുള്ള മിക്ക രാജ്യങ്ങളിലും ഭരണം കൈയാളുന്ന ഭൂരിപക്ഷജനതയിൽ നിന്ന് ഇതരജാതിക്കാരായ ന്യൂനപക്ഷങ്ങൾക്ക് കൊടിയദുരന്തങ്ങൾ അനുഭവിക്കേണ്ടി വരുന്നു. ഇത്തരത്തിൽ ലോകത്താകമാനം മതത്തിന്റെ പേരിൽ അധികാരിവർഗ്ഗം നടത്തിയിട്ടുള്ള നരനായാട്ടുകളുടെ സാർവലൌകികവും സാർവ്വകാലികവുമായ ചരിത്രം, കേരളത്തിലെ ഒരു ചെറിയ പ്രദേശമായ കരപ്പുറത്തുള്ള നാലു തുരുത്തുകളിലെ ബുദ്ധമതവിശ്വാസികളെ ഉന്മൂലനം ചെയ്ത സംഭവത്തെ മുൻനിർത്തി അന്യാപദേശരീതിയിൽ രചിച്ചിട്ടുള്ള മനോഹരമായ ചരിത്രനോവലാണ് കെ. വി. മോഹൻ കുമാറിന്റെ ഉല.
ഇതിവൃത്തം
മൂക്കറ്റം കള്ളും കുടിച്ച്, ആടിനേം മാടിനേം ചുട്ടുതിന്ന്, കണ്ണീക്കണ്ട പെണ്ണുങ്ങളേം പെഴപ്പിച്ച് മെയ്ക്കരുത്തിൽ ഊറ്റം കൊണ്ട് മദിച്ചു നടന്ന ‘അറപ്പൻ ചൊഴലിയായ’ വില്വൻ എന്ന എടങ്കഴിക്കാമൻ തെമ്മാടി അപ്രതീക്ഷിതമായി വഴിയൂട്ടുപുരകളിൽ സംഭാരം വിറ്റുനടന്ന മതഭ്രാന്തനായ നരനെ കണ്ടുമുട്ടുന്നു. കീഴ്ജാതിക്കാരനായ നരനെ ഒൻപതിഴകൾ പിരിച്ച പൂണൂലിട്ട് വില്വൻ ബ്രാഹ്മണനാക്കിമാറ്റി. അവർ ദേശസഞ്ചാരത്തിനിടയ്ക്ക് തമിഴ്നാട്ടിലെ ശ്രീരംഗപ്പട്ടണത്തിലെത്തി. പരസ്പരം പോരടിച്ചിരുന്ന ശൈവരും വൈഷ്ണവരും ഒന്നു ചേർന്ന് അവിടത്തെ ബൌദ്ധപ്പള്ളികൾ പിടിച്ചെടുത്ത് കേവിലുകളാക്കി മാറ്റി ബൌരുടെ കുലമറുത്തു. ബൌദ്ധരിൽ നിന്നു കൊള്ളയടിച്ച മുതൽ ഉപയോഗിച്ച് തിരുമംഗൈ ആൾവാർ ചീരംഗം കോവിൽ പുതുക്കിപ്പണിതു. ഇതുകണ്ട നരനിലെ മതവെറി തലപൊക്കി. നാട്ടിലേക്ക് മടങ്ങിപ്പോയി കരപ്പുറത്തെ ബൌദ്ധപ്പള്ളികൾ കൈയേറി ബൌദ്ധന്മാരെ കൊള്ളയടിച്ച് ആണുങ്ങളെ മുഴുവൻ കൊന്നൊടുക്കി കന്നികളെ ദാസിപ്പുരകളിലാക്കി സുന്ദരികളെ ഉപ്പാട്ടിമാരാക്കാൻ അവൻ വില്വനെ പ്രേരിപ്പിച്ചു. പെണ്ണുങ്ങളെക്കുറിച്ചുള്ള വർണനകളിൽ മനംമയങ്ങി നാട്ടിലെത്തിയ വില്വൻ പഴയകൂട്ടാളികളായ ഹരൻ, തുപ്രൻ, സുപ്രൻ, ഗുപ്തൻ എന്നിവരെ കൂട്ടി കരപ്പുറം ആക്രമിക്കാൻ തീരുമാനിച്ചു.
ആസന്നമായ ദുരന്തം മുൻകൂട്ടികണ്ട ചീമൂതവാതം ബൌദ്ധപ്പള്ളിയിലെ ആതിച്ചഗുരു മഹായാനത്തിന്റെ കടവേരറുക്കപ്പെട്ട മണ്ണിൽ മൂന്നാം യാനത്തിന്റെ വിത്തുപാകുന്നതിനും കീഴാളത്തറകളെ ബോധിത്തറകളാക്കുന്നതിനും വരത്തപ്പടേട വഴിമുറിച്ച് പുത്തപ്പെരുമയെ കാക്കുന്നതിനും കീർത്തിനിയെ നിയോഗിക്കുന്നു. കരപ്പുറത്തെത്തിയ അവൾ ബൌദ്ധഅധിവാസകേന്ദ്രങ്ങളായ കാക്കത്തുരുത്ത്, വടക്കംതുരുത്ത്, എടത്തുരുത്ത്, തെക്കുംതുരുത്ത് എന്നിവയിലെ സകല ജനങ്ങളെയും ഏകോദരസഹോദരങ്ങളെപ്പോലെ ഒന്നുകൂട്ടി തുരുത്തുകളെ രക്ഷിക്കാൻ ശ്രമിക്കുന്നു. എന്നാൽ സ്വന്തം കുലത്തിനുള്ളിലെ ആണഹങ്കാരത്തിന്റെയും ചതിയുടെയും പ്രതീകമായ പവനൻ ജാതിപ്പിശാചുകളായ പൂണൂലന്മാർക്ക് കുലരഹസ്യങ്ങൾ ഒറ്റിക്കൊടുത്തു. അതിന്റെ ഫലമായി പൂണൂലിട്ട കോടാലിരാമന്മാർ നാലുതുരുത്തുകളും പിടിച്ചെടുത്ത് ബൌദ്ധരുടെ വംശോന്മൂലനം പൂർത്തിയാക്കി, ബൌദ്ധപ്പള്ളികളെ അമ്പലങ്ങളാക്കി മാറ്റി.
ഒരു കുറുനരിയുടെ ക്രൌര്യമുള്ള അധികാരഭ്രാന്തനായ നരൻ ഈ വംശോന്മൂലനത്തിനിടയ്ക്ക്, തന്റെ ഏകാധിപത്യത്തിന് തടസ്സമായി മാറിയേക്കാവുന്ന സ്വന്തം നേതാവായ വില്വൻ ഉൾപ്പെടെ സകലരെയും ചതിയിലൂടെ വകവരുത്തി ആര്യാവർത്തത്തിന്റെ ഏകഛത്രാധിപതിയായി മാറി. അതിനുശേഷം ചരിത്രവും ഭഗവത്ഗീതയും മാറ്റിയെഴുതാൻ എഴുത്താളന്മാരെ നിയോഗിച്ചു.
അരയ്ക്കുതാഴെ തളർന്നുപോയ, പുസ്തകങ്ങളിലൂടെ ലോകസഞ്ചാരം നടത്തുന്ന സുലിക്ക് എന്ന കൂട്ടുകാരനിൽ നിന്ന് ബുദ്ധമതത്തെക്കുറിച്ചും അതിലെ മൂന്നാംയാനമായ വജ്രായനത്തെക്കുറിച്ച് സൂചിപ്പിക്കുന്ന വജ്രസൂത്ര എന്ന ഗ്രന്ഥത്തെക്കുറിച്ചും കേട്ടറിഞ്ഞ അൽ മസൂദി എന്ന സഞ്ചാരിയും ഗ്രന്ഥത്തിന്റെ അർത്ഥം അന്വേഷിച്ച് വംശീയോന്മൂലനം നടന്ന സമയത്ത് കരപ്പുറത്തെത്തിയിരുന്നു. തുരുത്തുകളിലെ വംശീയോന്മൂലനത്തിന് സാക്ഷിയായ അവൻ എഴുതിയ ‘പരാജിതരുടെ ചെറുത്തുനിൽപ്പിന്റെ ചരിത്രം’ വർഷങ്ങൾക്കശേഷം തെക്കുതെക്കുള്ള ഒരു എഴുത്തുകാരന്റെ എഴുത്താണിയിലൂടെ പുനർജനിച്ചതാണ് ഉല.
ഭാഗം ഒന്ന് : വംശീയഉന്മൂലനചരിത്രം
ചരിത്രത്തിൽ രണ്ടുതരം അധിനിവേശം നമുക്ക് കാണാൻ സാധിക്കും. ഒന്ന് വരുന്നവർ തദ്ദേശീയരുമായി ഇഴുകിച്ചേർന്ന് ഒത്തൊരുമയിലൂടെ പുതിയൊരു ജീവിതക്രമം സൃഷ്ടിച്ചെടുക്കുന്ന ചരിത്രം. രണ്ടാമത്തത്തേത് അധിനിവേശങ്ങളുടെയും പലായനങ്ങളുടെയും ചരിത്രമാണ്. കേരളത്തിലേക്ക് ബുദ്ധജൈനമതങ്ങൾ കടന്നുവന്നത് ആദ്യത്തെ സമന്വയചരിത്രത്തിന് ഉദാഹരണമാണ്. “പുത്തമ്മാരും ചമണമ്മാരും കാലങ്ങൾക്കുമുമ്പേ വന്നോരാണെന്നോർക്കണം. വെട്ടിപ്പിടിക്കാൻ വന്നോരല്ല, കൂടിക്കഴിയാൻ വന്നോരാണ്. കാളേം കലപ്പേം കൊണ്ടുവന്നോർ ഒന്നിച്ചൊന്നായി പൊലർന്ന് ചതുപ്പു നെലങ്ങൾ ഉഴുതുമറിച്ചോർ നെല്ലും തെനയും കരിമ്പും വെളയിച്ചോർ. പുത്തപ്പള്ളീം എഴുത്തുപള്ളീം പയറ്റുകളരികളും കെട്ടിപ്പടുത്തോർ.” (പുറം - 44) “അവരല്ലയോ നാടായ നാടൊക്കേം തോടും ചെറേം കണ്ടോം പിടിപ്പിച്ച് വെളയെറക്കിയേ അതക്കയല്ലേ നുമ്മട പുത്തൻ ചെറേം പുത്തൻ നെലോം അതക്ക കഴിഞ്ഞ് കാലം പിന്നേം കൊറേക്കഴിഞ്ഞാണല്ലാ വടക്കൂന്ന് മഴുരാമമ്മാര് വന്നേ. പുത്തരച്ചമ്മാരേം ചമണരേം കൊന്നൊടുക്കിയേ അതൊരു വല്ലാത്ത എടങ്ങേറുപിടിച്ച കാലമായിരുന്നു” (പുറം -29).
വടക്കുനിന്ന് വന്ന പൂണൂലന്മാരുടെ അധിനിവേശം രണ്ടാമത്തെ വിഭാഗത്തിൽപ്പെടുന്നു. പലസ്ഥലത്തുനിന്നും ഭ്രഷ്ടരായി ഇവിടെയെത്തിയ മഴുരാമന്മാരെ ഇവിടെയുണ്ടായിരുന്ന ബുദ്ധജൈനമതവിശ്വാസികൾ സ്നേഹപൂർവം സ്വീകരിച്ച് സൽക്കരിച്ച് പാർക്കുന്നതിന് ഇടവും നൽകി. പക്ഷേ അവർ 64 ഗ്രാമം സ്ഥാപിച്ച് കാവുകൾ വെട്ടി നശിപ്പിച്ചു ജാതിയും തീണ്ടലും ഏർപ്പെടുത്തി. അവരെ അനുസരിച്ചവരെ ശൂദ്രന്മാരാക്കി ഒപ്പം കൂട്ടി. എതിർത്തവരെ കൊന്നൊടുക്കി. അനുസരിക്കാത്തവരെ ജാതിയിൽ താഴ്ത്തി അടിമകളാക്കി. രക്ഷപ്പെട്ട കുറച്ചുപേർ മലകളിലും കാടുകളിലും അഭയം തേടി. തുടർന്ന് മഴുരാമന്മാർ ചേരത്തെ രക്ഷിക്കാൻ പെരുമാക്കന്മാരെ കൊണ്ടുവന്നു. അതിലൊരുവനായ ബാണപ്പെരുമാൾ പുത്തധർമ്മത്തിൽ ആകൃഷ്ടനായി ബുദ്ധമതം സ്വീകരിച്ചു.
ബൌദ്ധരെ കെട്ടുകെട്ടിക്കാൻ തങ്ങൾ കൊണ്ടുവന്ന പെരുമാൾ അതേബുദ്ധഘർമ്മം സ്വീകരിച്ചപ്പോൾ പൂണൂലന്മാർ മറ്റൊരു അടവെടുത്തു. അവർ ധർമ്മവുമായി ബന്ധപ്പെട്ട ചർച്ചകളും സംവാദങ്ങളും നടത്തി. എല്ലാത്തിലും ബൌദ്ധർ വിജയിച്ചു. അവസാനം ചതിയിലൂടെ ബുദ്ധഭിക്ഷുക്കളെ പരാജയപ്പെടുത്താൻ ഒരു കോങ്കണ്ണനെ കൊണ്ടുവന്നു. അവന്റെ ചുണ്ടിലാണോ കണ്ണിലാണോ ‘ഉക്തി’ എന്ന ചോദ്യത്തിന് കൃത്യമായി ഉത്തരം നൽകുന്നതിൽ ബൌദ്ധപണ്ഡിതർ പരാജയപ്പെട്ടു. പരാജിതരെ അവർ കൊന്നൊടുക്കി ശേഷിച്ചവരെ ജാതിഭ്രഷ്ടരാക്കി അടിച്ചോടിച്ചു. പക്ഷേ പൂണൂലന്മാർക്ക് ബൌദ്ധധർമ്മത്തെ പൂർണമായി ഉന്മൂലനം ചെയ്യാൻ സാധിച്ചില്ല.
ബൌദ്ധർ ഏതാനും തുരുത്തുകളിൽ ഒതുങ്ങി. അവരെ ഉന്മൂലനം ചെയ്ത് ചാതുർവർണ്യവും അടിമത്തവും തിരിച്ചുകൊണ്ടുവരാനാണ് നരന്റെയും കൂട്ടരുടെയും വരവ്. “ആര്യാവർത്തമാണെന്റെ ലാക്ക്. ചാതുർവർണ്യം പൊലരണ ആര്യാവർത്തം.” (പുറം -294) ചാതുർവർണ്യം പുലരുന്ന, മേലോരും കീഴോരും ഉള്ള ആര്യാവർത്തം സ്ഥാപിക്കുന്നതിനായി അവൻ ബുദ്ധഭിക്ഷുക്കളെ കൊന്നൊടുക്കാനാരംഭിച്ചു. പച്ച ഉയിരോടെ ധാരാളം ആൾക്കാരെ ചതുപ്പിൽ ചവിട്ടിത്താഴ്തി. ഏറ്റവും ഹീനമായ നിലയിൽ കൊലകൾ നിർവഹിക്കുന്നു. മുത്തുനായകഭിക്കുവിനെ അടിച്ച് നട്ടെല്ലൊടിച്ചശേഷം അവൻ ഇപ്രകാരം കൂട്ടരോടു പറഞ്ഞു. “തല അറക്കണം. അറത്തെടുത്തു കുന്തമൊനേ കോർക്കണം. തോട്ടുകടവീ നാട്ടിവെക്കണം. തെക്കും തുരുത്തിലെ ബൌദ്ധപരിഷകൾക്ക് നാളേക്കൊരു കണിയാവട്ടെ.” (പുറം -248). നരന്റെ കിങ്കരന്മാർ അവന്റെ ആജ്ഞ അതേപടി നടപ്പിലാക്കി. കഴുത്തറുത്തപ്പോളും എതിർക്കുന്നതിനു പകരം ബുദ്ധമന്ത്രങ്ങൾ ഉരുവിട്ട ഭിക്കുവിനെ കണ്ട് വില്വൻപോലും ഒരു നിമിഷം ഭയന്നുപോകുന്നു.
ഭിക്കുക്കളെ മാത്രമല്ല സ്ത്രീകളെയും കുട്ടികളെയും ഗർഭിണികളെയും കൊല്ലുന്നതിലും നരൻ ആനന്ദം കണ്ടെത്തുന്നു. കൊലയ്ക്ക് നേതൃത്വം നൽകുന്ന സുഹൃത്ത് ഗുപ്തനെ നരൻ അഭിനന്ദിക്കുന്നത് നോക്കുക.
“ചിത്രഗുപ്തന്റെ കണക്കതികാരി ഇപ്പ ഗുപ്തനാണല്ലോ? നരൻ അവന്റെ തോളത്തു തട്ടി. എത്ര പുത്തരെ ഉയിരോടെ കിട്ടി?
തൊണ്ണൂറ്റേഴ്. മുപ്പത്താറ് അച്ചിമാർ, കന്നികൾ ചെട്ടപൊട്ടാറായത് പാതിയോളം എളമക്കാരായ അച്ചിമാർ പാതിയോളം, ചൂലിപ്പെണ്ണുങ്ങൾ ആറാൾ”
പിടിച്ചുകൊണ്ടുവന്ന ഗർഭിണികളെ മുഴുവൻ അവർ മറവന്മാർക്ക് നൽകി. മറവന്മാർ ഗർഭിണികളുടെ പള്ളകീറി പിള്ളനെയ്യെടുക്കുന്നു. അത് ഒടിവിദ്യയ്ക്കും മന്ത്രവാദത്തിനും ഉപയോഗിക്കുന്നു. “മറവമ്മാർ ഒരുത്തീടെ പള്ള കീറുകയാണ്. ഇരുപാടും തലയിട്ടടിച്ച് കാറിവിളിക്കുകയാണവൾ. ഒശത്തന്മാർ രണ്ടാൾ കൈത്തണ്ടേലും കാലുമ്മേലും ചവിട്ടിപ്പിടിച്ചിട്ടൊണ്ട്. ഒരുത്തൻ കടവയറ്റിലെ കട്ടപിടിച്ച രോമാളിക്കകത്തോട്ടു വെരലിട്ടെളക്കുന്നു. (പുറം - 124). മറവന്മാർ പള്ളകീറുന്നത് കണ്ടപ്പോൾ നരന് ഹർഷോന്മാദം ഉണ്ടാകുന്നു അവൻ വിളിച്ചുകൂവി; “പള്ളകീറി എല്ലാത്തിനേം പൊറത്തെട്. നശൂലങ്ങള് നരൻ അമറി. പെറന്നുവീണാ വേന്തിരന്മാരാ ഉയിരോടെ പൂമികാണിക്കല്ലൊന്നിനേം”.
ചൂർണിപ്പൊഴയാറിന്റെ തെക്കുള്ള തുരുത്തുകളിലെ മുഴുവൻപേരെയും കൊന്നൊടുക്കണമെന്നാണ് നരന്റെ ആഗ്രഹം. എന്നാൽ സുഹൃത്തായ ഹരൻ അത് എതിർത്തു. ‘ഉയിരെടുത്തു എന്ന് വച്ച് വംശത്തെ പറിച്ചുകളയാൻ പറ്റില്ല’ എന്നതാണ് ഹരന്റെ നിലപാട്. ഈ നിലപാട് നരന് ഇഷ്ടപ്പെട്ടില്ല. അതിന്റെ പേരിൽ ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായി. അടുത്തദിവസം ഹരൻ ദുരൂഹമായി കൊല്ലപ്പെട്ടു. വഴിവക്കിൽ മരിച്ചുകിടന്ന തന്റെ ഉടപ്പിറപ്പിനെ കൊന്നത് ബുദ്ധരുടെ ഇടയിലെ ഒറ്റുകാർ എന്നു തീർപ്പുകൽപ്പിച്ച് അവന്റെ ചുടലയിൽ നിന്നു കൊളുത്തിയ തീ ഉപയോഗിച്ച് ഇരുട്ടിന്റെ മറവിൽ നരൻ വടക്കൻതുരുത്ത് ആക്രമിച്ച് ചുട്ട് ചാമ്പലാക്കി. തന്റെ സുഹൃത്തിന്റെ ചതിച്ചുകൊല്ലുകയും അതിന്റെ ഉത്തരവാദിത്തം ശത്രുക്കളുടെ തലയിൽകെട്ടിവച്ച് അവരുടെ കുലം മുടിക്കുകയും ചെയ്യുന്ന കൂർമബുദ്ധി.
സ്ത്രീകളെ കൊല്ലുന്നതിൽ രതിയനുഭൂതി കണ്ടെത്തുന്ന നരൻ നിയോഗിയെ കൊല്ലുന്നതിനെക്കുറിച്ച് സുഹൃത്തുക്കളോട് പറയുന്നത് നോക്കുക. “ഉടുതുണി പിച്ചിചീന്തി മുട്ടുകാലുമ്മേ നിർത്തി ... മുടിക്കുത്തീപ്പിടിച്ചു പിന്നോട്ടുവളച്ച് അവക്കട കഴുത്തുമ്മേ മടവാളിനു വരയുമ്പ ചീറ്റണ ഉതിരത്തിന്റെ എരിയും പുളിയും ... അന്നേരത്തെ അവക്കട ഒടുക്കത്തെ ആ കാറിച്ചേം പെടച്ചിലും ... ഹോ! അതോർക്കുമ്പോളേ ഒടലു പെരുക്കണു.” (പുറം -324). അധികാരത്തിലെത്തുന്നതിന് തടസ്സം നിൽക്കുന്നത് ആരായാലും അവരെ കൊന്നുതള്ളാൻ നരന് ഒരു മടിയുമില്ല. തനിക്കെതിരെ ശബ്ദമുയർത്തിയ ഹരൻ ദുരൂഹസാഹചര്യത്തിൽ മരിച്ചതിനുപിന്നിലും സുപ്രന്റെയും ഗുപ്തന്റെയും തുപ്രന്റെയും മരണത്തിനുപിന്നിലും നരന്റെ അദൃശ്യകരങ്ങൾ പ്രവർത്തിക്കുന്നു. മോരുവിറ്റു നടന്ന നരനെ കൂടെക്കൂട്ടി ബ്രാഹ്മണ്യം നൽകി അവനെ വളർത്തിക്കൊണ്ടുവന്ന വില്വനെയും വിദഗ്ദ്ധമായി കൊന്ന് അധികാരത്തിന്റെ കേന്ദ്രമാകാകാൻ നരനു കഴിയുന്നു.
ചരിത്രം തിരുത്തിഎഴുതുമ്പോൾ
ബൌദ്ധരെ ഉന്മൂലനം ചെയ്ത നരന്റെ അടുത്തലക്ഷ്യം ചരിത്രം തിരുത്തിയെഴുതലാണ്. ഇരുട്ടിന്റെ മറവുപറ്റി ചതിയിലൂടെ നിരപരാധികളെ കൊന്നൊടുക്കി ബ്രാഹ്മണമേധാവിത്തം ഉറപ്പിച്ച് ചാതുർവർണ്യവും അടിമത്തവും തിരിച്ചുകൊണ്ടുവരുന്നതിനായി നടത്തിയെ കൂട്ടക്കൊലകളെ “ഊരുക്കുടയോൻ ഊര് വീണ്ടെടുത്ത” ചരിത്രമാക്കി മാറ്റാൻ നരൻ കൂലിക്ക് എഴുത്താളരെ കൊണ്ടുവരുന്നു. കാലത്തിന്റെ ദാസന്മാരായ, പണവും പ്രശസ്തിയും ആഗ്രഹിക്കുന്ന ധാരാളം എഴുത്തുകാർ എഴുത്തുകാരന്റെ സ്വാതന്ത്ര്യം അടിയറവച്ച് അതിനുതയ്യാറായി മുന്നോട്ടുവരുന്നുണ്ട്. അവർ പടച്ചുവിടുന്ന വ്യജചരിത്രം പാടിനടക്കാൻ പാണന്മാരെയും പറയന്മാരെയും ഏർപ്പെടുത്തുന്നു. എന്നു മാത്രമല്ല ബുദ്ധമതത്തിന്റെ തിരുശേഷിപ്പുകളായ പുസ്തകങ്ങളും പള്ളികളും ശില്പങ്ങളും എല്ലാം അവർ നശിപ്പിക്കുന്നു. പുതിയകാലത്ത് പാഠപുസ്തകങ്ങളിലെ ഒഴിവാക്കലുകളിലൂടെയും കൂട്ടിച്ചേർക്കലുകളിലൂടെയും സിനിമകളിലൂടെയും സ്ഥലപ്പേരു മാറ്റലുകളിലൂടെയും ഇത്തരം വ്യജചരിത്രനിർമ്മിതി പൂർവ്വാധികം ശക്തിപ്രാപിച്ചിട്ടുണ്ട്.
വ്യജചരിത്രം നിർമ്മിച്ച് പ്രചരിപ്പിക്കുന്നവരുടെ വിശ്വാസം തോറ്റവന്റെ ചരിത്രം എഴുതാൻ ആരും ഉണ്ടാകില്ല എന്നാണ്. “അല്ലേലും തോറ്റു തുന്നമ്പാടിയോൻ ചരിതമെഴുതിയതായി കേട്ടുകേഴ്വിയില്ലല്ലോ? പണ്ടേ ചതുപ്പിനടീൽ താണില്ലേ അവന്റെയൊക്കേം ചരിതം? നുരിയും പതയുമായൊടുങ്ങീല്ലേ?”. (പുറം -288) എല്ലാവരും തന്റെ അധികാരത്തെ അംഗീകരിച്ച്, ശിക്ഷയെ ഭയന്ന് തങ്ങളുടെ ഹിതങ്ങൾക്കനുസരിച്ചുള്ള വാഴ്ത്തുപാട്ടുകാരാകുമെന്ന് നരനെപ്പോലെ ആത്മരതിയിൽ അഭിരമിക്കുന്ന എല്ലാ ഏകാധിപതികളും വൃഥാ മോഹിക്കുന്നു. എന്നാൽ എത്ര മായ്ച്ച്കളയാൻ ശ്രമിച്ചാലും കാലമെത്രകഴിഞ്ഞാലും പരാജിതന്റെ ചരിത്രം ഉയിർത്തെഴുന്നേൽക്കുകതന്നെ ചെയ്യും. അത് മനസ്സിലാക്കിയതുകൊണ്ടാണ് ഹരൻ “വംശോന്മൂലനം നടത്തിയതുകൊണ്ടുമാത്രം ചരിത്രത്തെ മായ്ക്കാൻ സാധിക്കില്ലെന്നു” വാദിച്ചത്. ഹരൻ ചിന്തിച്ചതുപോലെ തന്നെ സംഭവിച്ചു. അതുകൊണ്ടാണ് നൂറ്റാണ്ടുകൾക്ക് മൂമ്പു കുഴിച്ചുമൂടിയ സംഭവമായിട്ടുപോലും, വർത്തമാനകാലത്ത് അതുപോലുള്ള വംശഹത്യകൾ തുടർക്കഥയായപ്പോൾ എഴുത്തുകാരന്റെ സ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ച കെ. വി. മോഹൻകുമാർ പരാജിതന്റെ ചരിത്രം എഴുതാൻ മുന്നോട്ടുവന്നതും ഉല പോലെരു നോവൽ ഉരുവം കൊണ്ടതും.
ഭഗവത്ഗീതയ്ക്ക് പാഠഭേദം ചമയ്ക്കുന്നവർ
നരനെ സംബന്ധിച്ചിടത്തോളം അധികാരം കൈക്കലാക്കാനുള്ള ഒരു ഉപാധി മാത്രമാണ് മതം. ഇതു മനസ്സിലാക്കിയതുകൊണ്ടാണ് കാലാകാലങ്ങളായി തുരുത്തിലുള്ളവരോടൊപ്പം സഹവസിച്ചു കഴിയുന്ന യഥാർത്ഥ ബ്രാഹ്മണരിലെ ഇളമുറക്കാർ നരനോടൊപ്പം കൂടാതെ “പുത്തരച്ചിമാരെയെന്നല്ല തരം കിട്ടിയാൽ നമ്പൂരിച്ചികളെയും പെഴപ്പിക്കും അവമ്മാർ” എന്ന് തിരിച്ചറിഞ്ഞ് നരന്റെയും കൂട്ടാളികളുടെയും ഗൂഢതന്ത്രങ്ങളെക്കുറിച്ച് ബൌദ്ധർക്ക് മുന്നറിവ് നൽകാൻ തയ്യാറായത്.
മനുഷ്യനന്മമുൻനിർത്തി മഹദ്വ്യക്തികൾ മുന്നോട്ടുവയ്ക്കുന്ന ആശയസംഹിതകളാണ് പിൽക്കാലത്ത് മതമായി മാറുന്നത്. ബുദ്ധജൈനമതങ്ങളും ക്രിസ്തുമതവും ഹിന്ദുതവും ഇസ്ലാമതവും ഉൾപ്പെടെ എല്ലാ മതങ്ങളും, ഒരു വൃക്ഷത്തിൽ അനേകം ഇനത്തിൽപ്പെട്ട പക്ഷികൾ ഒത്തുചേർന്നു വസിക്കുന്നതുപോലെ ജാതിമതാതീതമായ മാനവസാഹോദര്യമാണ് ഉയർത്തിപ്പിടിക്കുന്നത്. എന്നാൽ രാഷ്ട്രീയഅധികാരം നേടുന്നതിനുള്ള കുറുക്കുവഴിയായി മതത്തെ ദുരുപയോഗം ചെയ്യുന്നവർ മതത്തിന് പുതിയവ്യാഖ്യാനങ്ങൾ ചമച്ച് പ്രചരിപ്പിക്കുന്നു. മതസംരക്ഷകനായി സ്വയം അവരോധിച്ച് ആര്യാവർത്തത്തിന്റെ അധികാരം പിടിച്ചെടുത്ത നരൻ ഇത്തരത്തിൽ ഭഗവത്ഗീതയ്ക്ക് നവീനമായ ഭാക്ഷ്യം ചമയ്ക്കുന്നു. അതിനെക്കുറിച്ച് അവൻ ഗുപ്തനോടു പറയുന്നത് നോക്കുക;
“ഇന്നാട്ടിൽ ചാതുർവർണ്യം പൊലരണം. ജാതികളും ഉപജാതികളും പൊലരണം. മേലോരും കീഴോരും വെവ്വേറെയാവണം. അതിനുവിലങ്ങുതടിയാവുന്നതെന്തോ അതൊക്കേം വെട്ടിനീക്കണം. അതല്ലോ നമ്മടെ കർമ്മം. ധർമ്മവും.”
‘കർമ്മണ്യേവാധികാരസ്തേ...’ ഗുപ്തൻ മൂളി.
‘അവിടെയല്ലോ വ്യാസമുനിക്ക് പെശകുപറ്റിയേ,’ നരൻ ചുറ്റും നോക്കിച്ചിരിച്ചു. ‘കർമ്മം ചെയ്യുന്നോൻ ഫലം ഇച്ഛിക്കരുതെന്നാർക്ക് പറയാനാവും? ഭഗവാനങ്ങനെ പറയാനെടയില്ല. ഫലത്തോടുള്ള ഇച്ഛയല്ലോ കർമ്മം ചെയ്യാനുള്ള പ്രേരണ?’
‘ധർമ്മത്തിന്റെ വിജയത്തിനാണല്ലോ കർമ്മം അതിനായി അധർമ്മം ചെയ്താലും അതു ധർമ്മമായിത്തീരും’ നരൻ ഉറക്കെ ചിരിച്ചു. (പുറം- 294)
തങ്ങളുടെ അധികാരം നിലനിർത്താൻ ഗീതയെകൂട്ടുപിടിക്കുന്നവർ അധർമ്മം ചെയ്തശേഷം അത് ധർമ്മമെന്ന് പ്രരിപ്പിക്കാൻ ഉദ്യമിക്കുന്നു. ഇത്തരക്കാർ വാസ്തവത്തിൽ ഒറ്റ നിറമുള്ള മഴവില്ല് സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്.
ഒറ്റനിറമുള്ള മഴവില്ല്
നിയോഗിയുടെ നിർദ്ദേശപ്രകാരം തങ്ങളുടെ ആവാസസ്ഥലമായ തുരുത്തിനെ രക്ഷിക്കാൻ ആലയിൽ അമ്പിന് മുനകൂട്ടുന്ന മാരന്റെ പക്കലേക്ക് ചതിയുടെ പ്രതിരൂപമായ പവനൻ എത്തുന്നു. മഴുരാമന്മാരെ പുകഴ്ത്തുന്ന പവനനോട് മാരൻ പറയുന്നത് നോക്കുക; “പുത്തമ്മാരേം ചമനമ്മാരേം കീഴാളമ്മാരേം ഈശോമാർക്കക്കാരേം ഒക്കെ ഇന്നാട്ടീന്ന് ആട്ടിയോടിച്ചാപ്പിന്നെ വാനവില്ലിനൊറ്റ നിറവാകുവല്ലോ”. (158) ആത്മീയതയുടെ പൊരുൾ തേടി നാനാജാതിമതസ്ഥരും ഏകോദരസഹോദരങ്ങളെപ്പോലെ പാർത്തിരുന്ന ‘നാനാത്വത്തിൽ ഏകത്വത്തിലൂടെ’ മഴവില്ലിന്റെ സൌന്ദര്യം പ്രസരിപ്പിച്ചിരുന്ന ഇന്ത്യക്കാരും മറ്റു പല രാജ്യങ്ങളിലെ ജനങ്ങളും നരനെപ്പോലുള്ള അധികാരഭ്രാന്തന്മാരായ ഏകാധിപതികളുടെ നവീനമായ ഗീതാഭക്ഷ്യങ്ങൾ കേട്ട് പരസ്പരം വെറുത്ത് അധർമ്മത്തിന്റെ പാത സ്വീകരിച്ച് സഹോദരങ്ങളെ കൊല്ലാൻ തയ്യാറാകുന്ന കാഴ്ച ഇപ്പോൾ ലോകമെമ്പാടും കാണാൻ സാധിക്കും. രാഷ്ട്രീയ അധികാരം നിലനിർത്തുന്നതിനായി അത്തരക്കാർ വെറുപ്പിന്റെ മതം പ്രചരിപ്പിക്കുന്നു.
പണ്ട് പൂണൂലന്മാർ ബൌദ്ധന്മാരെയും ചമണന്മാരെയും ശത്രുപക്ഷത്ത് നിർത്തി ഉന്മൂലനം ചെയ്തുവെങ്കിൽ ഇന്ന് അത് മുസ്ലീങ്ങളും ക്രിസ്ത്യാനികളുമൊക്കെയായി മാറുന്നു. പുതിയകാലത്തെ അധികാരഭ്രാന്ത് പിടിച്ച നരന്മാരും കൂട്ടക്കൊലയിൽ അഭിരമിക്കുന്നവരാണ്. കാക്കത്തുരുത്തിന്റെയും വടക്കൻതുരുത്തിന്റെയും പേര് ഗോധ്രയെന്നാക്കി മാറ്റിയാൽ ഉലയിലെ ഉന്മൂലനചരിത്രം സമകാലീന ഇന്ത്യൻ ചരിത്രമായി മാറും. കൊലചെയ്യപ്പെട്ടവരോട് കാണിച്ച ക്രൂരതകളും കൊലചെയ്യപ്പെട്ടവരുടെ എണ്ണം സൂചിപ്പിക്കുന്ന വർണനകളും ഹരൻ, നരൻ തുടങ്ങിയ പേരുകളും പോലും സമകാലീനമായിത്തീരുന്ന മാജിക് ഈ നോവലിലുണ്ട്. തുരുത്തിന്റെ പേര് ഗസ എന്നാക്കിയാൽ അത് പലസ്തീന്റെ ചരിത്രവും ജാഫ്ന എന്നാക്കിയാൽ അത് ശ്രീലങ്കയുടെ ചരിത്രവും ആയി മാറും.
ഒറ്റനിറമുള്ള മഴവില്ല് ഉണ്ടാക്കാൻ ശ്രമിക്കുന്ന നരൻ വഴിയോരങ്ങളിൽ മോരു വിറ്റു നടന്നവനായിരുന്നു. കൂടെക്കൂട്ടിയ വില്വനാണ് അവന് ബ്രാഹ്മണ്യം നൽകിയത്. പൂണൂല് കിട്ടിയതോടുകൂടി നരൻ മതസംരക്ഷകനായി സ്വയം പ്രഖ്യാപിക്കുന്നു. ആണത്തമില്ലാത്ത, ഒരു പെണ്ണിനെ പ്രണയിക്കാനോ അവളോടൊപ്പം രതിയിലേർപ്പെടാനോ കഴിയാത്ത അവൻ ആത്മരതിയിലും അധികാരരതിയിലും കൊലപാതകരതിയിലും അഭിരമിക്കുന്നു. ഗർഭിണികളുടെ വയറുപിളർന്ന് കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നതിലും പാവങ്ങളുടെ കഴുത്തറുക്കുമ്പോളുണ്ടാകുന്ന നിലവിളിയിലും പിടച്ചിലിലും ഹരം കൊള്ളുകയും ചെയ്യുന്ന അവന് മനസാക്ഷിയില്ല. അതിനാലാണ് സ്വന്തം കൂട്ടത്തിലുണ്ടായിരുന്ന, തന്റെ അധികാരത്തിന് തടസ്സാമാകുന്ന കൂട്ടാളികളെ ഓരോരുത്തരെയായി കൊന്നൊടുക്കുന്നത്. അധികാരത്തിലേറുന്നതിന് പണം പ്രധാനമാണെന്ന് നരനറിയാം.
വണികരുമായുള്ള ചങ്ങാത്തം
ബൌദ്ധരെ ഉന്മൂലനം ചെയ്ത് തുരുത്തുകൾ സ്വന്തമാക്കാൻ തന്റെ കൂടെയുള്ളവർ മാത്രം മതിയാകില്ലെന്ന് നരൻ മനസ്സിലാക്കി. മാത്രമല്ല വില്വൻ ഉൾപ്പെടെയുള്ളവർ വംശീയമായ കൂട്ടക്കുരുതിയ്ക്ക് എതിരാണെന്നും അവൻ തിരിച്ചറിഞ്ഞു. അപ്പോൾ മനസാക്ഷിയില്ലാതെ കൊല നിർവഹിക്കാൻ തയ്യാറുള്ള വാടകസൈന്യമായ മറവന്മാരുമായി അവൻ കൂട്ടുകൂടി. മറവന്മാരെ കൊണ്ടുവരണമെങ്കിൽ പണം വേണം. ഇതു മനസ്സിലാക്കിയ നരൻ വില്വനോടുപോലും ആലോചിക്കാതെ ഏതാനും വണികരുമായി കരാറുണ്ടാക്കുന്നു. നരൻ അധികാരത്തിലെത്തിയാൽ നാടു കെള്ളയടിക്കാൻ സാധിക്കും എന്നു മനസ്സിലാക്കിയ വണികർ നരൻ ആവശ്യപ്പെട്ടതിലധികം പണം നൽകി. ഇന്ന് എല്ലാരാജ്യങ്ങളുടെയും ഭരണത്തെ നിയന്ത്രിക്കുന്നത് ഭരണകർത്താക്കളുമായി ചങ്ങാത്തമുള്ള ഇത്തരം മുതലാളിമാരാണ്. ഭരണം അവരുടെ ആവശ്യങ്ങളുടെ നിറവേറ്റലായി മാറുന്നു. ഒപ്പം ജനകീയ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ അവർ മതത്തെയും മറയാക്കുന്നു.
നരന്റെ ഉറപ്പ്
കൊല്ലും കൊലയും നടത്തി പിടിച്ചെടുത്ത അധികാരം നിലനിർത്തണമെങ്കിൽ ഭരണാധികാരികൾ മികച്ച നടന്മാരായിരിക്കണം. നരൻ അസാധാരണനായ നടനാണ്. വില്വന്റെ മുമ്പിലും കൂട്ടാളികളുടെ മുമ്പിലും അവൻ നന്നായി അഭിനയിക്കുന്നു. തുരുത്തുകൾ പിടിച്ചടക്കി അധികാരം വില്വന്റെ കാൽക്കീഴിൽ സമർപ്പിച്ചശേഷം ബദരിയിൽ പോയി തപസ്സുചെയ്യലാണ് തന്റെ ജീവതാഭിലാഷം എന്ന് വില്വനെ പറഞ്ഞു വിശ്വസിപ്പിച്ച അതേ നരൻ തന്നെയാണ് വില്വനെ കൊന്ന് അധികാരം പടിച്ചെടുത്തത്. വംശീയ ഉന്മൂലനത്തിന് എതിരുനിന്ന ഹരനെ കൊന്ന അതേ നരൻ തന്നെയാണ് അവന്റെ ചുടലയിൽ നിന്ന് കത്തിച്ച തീ ഉപയോഗിച്ച് തുരുത്തുകൾ ചുട്ട് ചാമ്പലാക്കിയത്. കിട്ടിയ അധികാരം നിലനിർത്താൻ ജനങ്ങളെ കപടവാഗ്ദാനങ്ങൾ നൽകി മയക്കിക്കിടത്തണം എന്നും നരനറിയാം. അതിനായി അവൻ ജനങ്ങൾക്ക് വ്യാജമായ പല ഉറപ്പുകളും നൽകുന്നു. തുരുത്തുകൾ പിടിച്ചെടുത്ത്, കൊല്ലപ്പെട്ട നിയോഗിയെ തുരുത്തുകളെ രക്ഷിക്കുന്ന ഭഗവതിയായും വില്വനെ തുരുത്തിനെ കാക്കുന്ന ബ്രഹ്മരക്ഷസായും പ്രതിഷ്ഠിക്കും എന്ന് പ്രഖ്യാപിച്ചശേഷം നരൻ ജനങ്ങൾക്ക് നൽകുന്ന ഉറപ്പുകൾ നോക്കുക.
“ചതുപ്പിന്റെ ഓരത്തെ പടുമരത്തിന്റെ ചോട്ടിലൊരുക്കിയ ഉയർന്ന പീഠത്തിൽ ഞെളിഞ്ഞിരുന്ന് നരൻ ആട്ടിത്തെളിക്കപ്പെട്ട ചൂത്തരന്മാരെയും അടിയാളരെയും നോക്കി.
തായ്മാരെ, തന്തമാരേ...
ഒടപ്പെറന്നോരേ, ഒടപ്പെറന്നോളുമാരേ...
നാടുവാഴണ നരനാണ് പറേണത്, ഈ ദേശത്തെ കണ്ണിലെ മണിപോലെ നരൻ കാക്കും.
നരന്റെ ഒറപ്പാണിത്.
നരന്റെ ഒറപ്പ്!” (പുറം - 327)
കൂട്ടക്കുരുതികൾ നടത്തി മതത്തിന്റെ പേരുപറഞ്ഞ് ജനങ്ങളെ തമ്മിലടിപ്പിച്ച് ചതിയിലൂടെയും വഞ്ചനയിലൂടെയും അധികാരത്തിലെത്തുന്നവർ കപടമായ വാഗ്ദാനങ്ങൾ നൽകിയും പുതുചരിത്രമെഴുതിയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ചരിത്രം മായ്ച്ചുകളയാൻ നിരന്തരം ശ്രമിക്കും. അത്തരത്തിൽ മായ്ച്ചുകളയാൻ ശ്രമിക്കുന്ന ചരിത്രസത്യങ്ങളെ കഥാരൂപത്തിൽ വീണ്ടെടുക്കുന്നവരാണ് യഥാർത്ഥ എഴുത്തുകാർ. അവർ കാലദേശങ്ങൾക്കതീതമായ ചരിത്രത്തിന്റെ വിണ്ടെടുപ്പുകാരാണ്. “കഥയെ കാലവുമായി കൂട്ടിയിണക്കുന്ന കഥയില്ലായ്മയാവാം. കഥ ജീവിതമെഴുതുമ്പോൾ കാലഭേദങ്ങളില്ല. ഏതു കാലത്തും ഏതു ദേശത്തും കഥ സംഭവിക്കാം. ഒൻപതാം നൂറ്റാണ്ടാലാവാം, പത്താം നൂറ്റാണ്ടിലാവാം, പതിനൊന്നിലാവാം, ഇന്നാവാം, നാളെയുമാവാം. കരപ്പുറത്താവാം, കാശ്മീരിലാവാം, ഗോദ്രയിലാവാം, ജാഫ്നയിലാവാം, മ്യാൻമാറിലാവാം, ഗാസയിലാവാം... ലോകത്തെവിടെയുമാവാം. കാലദേശങ്ങളില്ലാതെ ഈ കഥ സംഭവിച്ചുകൊണ്ടേയിരിക്കും – അധിനിവേശത്തിന്റെയും പലായനത്തിന്റേയും കഥകൾ”.(പുറം - 9) വർത്തമാനകാല സുഖങ്ങളിൽ അഭിരമിച്ച് ഭൂതകാലത്തെ ബോധപൂർവ്വമോ അല്ലാതെയോ വിസ്മരിക്കുന്ന വായനക്കാരായ ‘നമ്മൾ എങ്ങനെയാണ് നമ്മൾ ആയതെന്ന് തിരിച്ചറിയാൻ’, ഓർമ്മപ്പെടുത്താൻ ഇത്തരം കഥകൾ സഹായിക്കും.
ഭാഗം രണ്ട് : പെൺ പ്രതിരോധങ്ങൾ
പെണ്മയുടെ വിശുദ്ധിനിലനിന്നിരുന്ന ഈ ദേശം ഒരു കാലത്ത് ആത്മീയതയുടെ പൊരുൾ തേടിയെത്തിയ സകലരും ഏകോദരസഹോദരങ്ങളെപ്പോലെ ഒരുമിച്ചുകഴിഞ്ഞ നാടായിരുന്നു. ഒരമ്മയെപ്പോലെ ഈ നാട് വന്നവർക്ക് മുഴുവൻ അഭയം നൽകി. പക്ഷേ എങ്ങുനിന്നോ ഇവിടെ കുടിയേറിയ ആണഹങ്കാരത്തിന്റെ പ്രതീകമായ മഴുരാമന്മാർ ഇവിടത്തെ മതേതരത്വം തകർത്ത് അവരുടെ മതം സ്ഥാപിക്കാൻ ശ്രമിച്ചു. മനസ്സാക്ഷിയില്ലാത്ത ആ ശ്രമത്തിന്റെ ഉരുക്കുമുഷ്ടിയിൽപ്പെട്ട് ഞെരിഞ്ഞമർന്ന നിസ്സഹായരായ ജനതയുടെ ഉന്മൂലനചരിത്രം ആഖ്യാനം ചെയ്യുന്ന ഈ നോവലിൽ പ്രതിരോധത്തിന്റെയും കരുണയുടെയും സ്നേഹത്തിന്റെയും പ്രതീകങ്ങളായ നിരവധി സ്ത്രീകഥാപാത്രങ്ങളെ കണ്ടെത്താം. നരൻ, വില്വൻ, ഗുപ്തൻ, തുപ്രൻ, സുപ്രൻ, അജ്മീർ, ജുമൈർ, പവനൻ എന്നിവർ ആണഹങ്കാരത്തിന്റെ പ്രതീകങ്ങളാണ്. അവരെ പ്രതിരോധിക്കുന്ന അഴലി, നിയോഗി, ഇളവെയിലി, ചീതമ്മ, ചെന്തില തുടങ്ങി സ്ത്രീകളുടെ വലിയൊരു നിരതന്നെയുണ്ട് ഈ നോവലിൽ.
നൂറ്റാണ്ടുകൾക്കുമുമ്പ് ജാതിവ്യത്യാസം കൂടാതെ ഇവിടത്തെ ആദിമജനത സന്തോഷത്തോടെ സഹവസിച്ചിരുന്നു. അവിടേയ്ക്കാണ് അധിനിവേശശക്തികളായ പതിനാലുഗോത്രത്തിൽപ്പെട്ട, മഴുവും വാളുമേന്തിയ മുപ്പത്താറായിരം കോടാലിരാമന്മാർ അഭയമന്വേഷിച്ചെത്തിത്. ഇവിടത്തെ ആദിമജനത അവർക്ക് ഇടം നൽകി. ക്രമേണ അവർ ആയുധങ്ങളുപയോഗിച്ച് ആദിമജനതയെ ജാതീയമായി വിഭജിച്ച് അയിത്തവും അനാചാരങ്ങളും ഏർപ്പെടുത്തി. അറുപത്തിനാല് ഗ്രാമങ്ങൾ സ്ഥാപിച്ച അവർ സഹായികളായി പരദേശത്തുനിന്ന് ചൂത്തരന്മാരെ കൊണ്ടുവന്നു. കുറച്ചുപേരെ വാൾനമ്പികളാക്കി കൊല്ലിനും കൊലയ്ക്കും ഭൂമിവെട്ടിവെളുപ്പിക്കാനും നികുതിപിരിക്കാനും അവകാശം നൽകി. ഊരുതിരിമാരെ ആരും തീണ്ടരുതെന്ന് കല്പിച്ചു. ഇതുകേട്ട് ആണുങ്ങളെല്ലാം ജീവനെ ഭയന്ന് നിശബ്ദമായി മഴുരാമന്മാരുടെ കല്പനകൾ അനുസരിച്ചു.
അപ്പോൾ അടിയാളക്കൂട്ടത്തീന് ഒരു മെലിഞ്ഞ കറുമ്പിപ്പെണ്ണ് അഴിഞ്ഞുലഞ്ഞ മുടി പാറിച്ച് അറപ്പൻചൊഴലിയെപ്പോലെ അവരെ ചേദ്യം ചെയ്തു. “ഏനേം എന്റെ കൂട്ടാക്കാരേം തീണ്ടലാക്കാൻ നിങ്ങാക്കെന്ന കോയ്മ? ഏൻ ഈ മണ്ണിലെ പെറപ്പ് ഇക്കണ്ടകാലം തീണ്ടലും തൊടീലും ഇല്ലാണ്ട് ഈ മണ്ണീ കൂടിക്കഴിഞ്ഞോൾ ... ഏൻ ഈ മണ്ണിലെ ഉപ്പാടാ. ഉപ്പ്! ഏൻ തൊട്ടാ ഉരുകണ ഞവിണിക്കാ ഈ ഉണ്ണാമമ്മാരട കൂട്ടത്തിലൊണ്ടേ ഉരുകട്ട്. ഏൻ കൊറ്റവൈ തത്തിയം! കുട്ടൻ തത്തിയം!.” (പുറം - 35) എണ്ണമറ്റ കോടാലിരാമന്മാരെ ഒറ്റയ്ക്ക് വെല്ലുവിളിച്ച അവളെ തല്ലിച്ചതച്ച് ഇഞ്ചപ്പരുവമാക്കാൻ മൂത്തമഴുരാമൻ ഉത്തരവിട്ടു. “ആൺചൊറയുള്ള ഏതവനൊണ്ടീ കൂട്ടത്തീ. എന്ന ഒറ്റയ്ക്ക് നേർക്കാൻ?” എന്നാക്രോശിച്ച് അഴലി മുന്നോട്ടുകുതിച്ചു. അക്കീരൻ എന്ന ചളുമ്പൻ കാലമാടൻ അവളുടെ നേർക്കടുത്തു. കളരിമിടുക്കുകൊണ്ട് അവൾ നിമിഷനേരം കൊണ്ട് അവരെ കീഴ്പ്പെടുത്തി. അവൻ കാറിവിളിച്ച് ഓടി. തുടർന്ന് ഒരുകൂട്ടം മുട്ടാളന്മാർ ഒരുമിച്ച് അവളെ ആക്രമിച്ച് അവളുടെ മുലക്കച്ചയും അരക്കച്ചയും പറിച്ചെറിഞ്ഞ് അവളുടെ വായിൽ മണ്ണ് വാരി നിറച്ച് യോനിയിൽ കട്ടക്കോൽ കുത്തിക്കയറ്റി തലയറുത്തുകൊന്നു. മഴുരാമന്മാരുടെ ആദ്യ അധിനിവേശസമയത്ത് സ്വന്തം മണ്ണും കുലവും രക്ഷിക്കാൻ രക്തസാക്ഷിയായ അഴലി ചിന്നമസ്ത എന്ന ശിരസ്സറുക്കപ്പെട്ട വജ്രയോഗിനിയെപ്പോലെ അവരുടെ കുലദേവതയായി മാറി.
ശിരസ്സ് ഛേദിക്കപ്പെട്ട വജ്രയോഗിനിയുടെ ഉടലിന് മഞ്ഞ നിറമാണ്. പിന്നിലേക്ക് ഒഴുകിയിറങ്ങുന്ന കാർ കൂന്തലോടു കൂടിയ സ്വന്തം ശിരസ്സ് അവൾ അറുത്തെടുത്ത് ഇടം കയ്യിൽ ഉയർത്തിപ്പിടിച്ചിരുന്നു. വലം കയ്യിൽ വാൾ. അവളുടെ ഛേദിക്കപ്പെട്ട കഴുത്തിൽ നിന്നു ജലധാരയിലൂടെ എന്നോണം ഇരുവശങ്ങളിലുമായി നിൽക്കുന്ന രണ്ടു യോഗിനിമാരുടെ വായിലേക്കും ചുണ്ടുകളിലേക്കും അറുത്തെടുത്ത സ്വന്തം ശിരസ്സിലെ ഒഴുകുന്ന ചുടുനിണം. ഇരുവശത്തും നിൽക്കുന്നത് യോഗിനിമാരായ ഹരിത വജ്രപ്രണവയും പീത വജ്ര വൈരോചനിയും. ഇടതൂർന്ന കാർ കൂന്തലോടുകൂടിയ അവരും വജ്രയോഗിനിയെപ്പോലെ നഗ്നരാണു. ആകാശമാണവരുടെ ഉടയാടകൾ. ഒരു സ്ത്രീ അവളുടെ ഉള്ളിലെ ഊർജ്ജസ്രോതസ്സിനെ തന്റേയും ശിഷ്യകളുടേയും മോചനത്തിനും പോഷണത്തിനും പുനരുജ്ജീവനത്തിനും ആത്മീയ വികാസപ്രാപ്തിക്കുമായി വഴിതിരിച്ചു വിടുന്നതിനെയാണു ഛിന്നമസ്ത എന്ന ശിരസ്സറുക്കപ്പെട്ട വജ്രയോഗിനീ സങ്കൽപത്തിലൂടെ നിർവ്വചിക്കപ്പെടുന്നത്. അഴലിയും ചിന്നമസ്തയെപ്പോലെ ദൈവമായി മാറുന്നു. കുലസംരക്ഷണത്തിനിടയിൽ ആത്മഹത്യചെയ്യേണ്ടിവന്ന ചെന്തിലയും ഛിന്നമസ്തയെപ്പോലെ ദൈവമായി മാറുന്ന കാഴ്ച നിയോഗി സ്വപ്നം കാണുന്നുണ്ട്.
വില്വന്റെ നേതൃത്വത്തിൽ കോടാലിരാമന്മാർ കരപ്പുറത്തെ തുരുത്തുകളിൽ ജീവിച്ച ബൌദ്ധരെയും ഉന്മൂലനം ചെയ്ത് ബ്രാഹ്മണമതം സ്ഥാപിക്കാനെത്തിയപ്പോൾ, അവരുടെ മോഹനവാഗ്ദാനങ്ങളിൽപ്പെട്ട് സ്വന്തം കുലത്തെ ഒറ്റിക്കൊടുക്കാൻ ആണഹങ്കാരത്തിന്റെ പ്രതീകമായ പവനൻ തയ്യാറാകുന്നു. എന്നും ഏതുരാജ്യത്തും അധിനിവേശശക്തികളെ സഹായിക്കാൻ ഒറ്റുകാരുണ്ടാവുക സ്വാഭാവികമാണ്. തുരുത്തുകളെ സംരക്ഷിക്കാൻ ആതിച്ചഗുരുനിയോഗിച്ചത്, മുമ്പൊരധിനിവേശത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കീർത്തിനി എന്ന നിയോഗിയെയാണ്. അവൾ തുരുത്തുകളിലെത്തി ജാതിമതഭേദമെന്യേ എല്ലാവരെയും കൂട്ടിയോജിപ്പിച്ച് തുരുത്തുകളെ സംരക്ഷിക്കാൻ പദ്ധതികൾ തയ്യാറാക്കുന്നു. ബുദ്ധദർശനത്തിൽ എല്ലാവരും തുല്യരാണെന്നു പറഞ്ഞ അവൾ കമ്മാളന്മാരെ ചീമൂതവാതം ക്ഷേത്രം കല്ലുകെട്ടി സംരക്ഷിക്കാൻ നിയോഗിച്ചു. ഉലകളിൽ ആയുധം നിർമ്മിക്കാനും കളരികൾ പുനരുജ്ജീവിപ്പിക്കാനും അവൾ നിർദ്ദേശം നൽകി. ഇതുകേട്ടപ്പോൾ ബുദ്ധൻ അഹിംസയുടെ പ്രവാചകനല്ലേ എന്ന് ചിലർ സംശയം ഉന്നയിച്ചു. “ഒത്തുകൂടിക്കഴിയുമ്പ ഒന്നിനേ നൊമ്പലപ്പെടുത്തല്ല്. കൊല്ലല്ല്. അതു നേരാണ്, അവൾ പറഞ്ഞു. ഇങ്ങോട്ട് കൊല്ലാൻ വന്നാലോ? അടി വരുമ്പ തട വേണവല്ലോ, അയിനല്ലേ നുമ്മട പയറ്റുകളരികള്?” (പുറം 25). തുടർന്ന് കോപാകുലനായ ബുദ്ധസങ്കല്പമായ മഞ്ജുശ്രീയുടെ കൈയിലെ വാൾ ‘വേണ്ടാപ്പൂതികളെ വെട്ടിനുറുക്കാൻ വേണ്ടി മാത്രമല്ലെന്നും ശത്രുകളെ വകവരുത്താൻ വേണ്ടിക്കൂടിയുള്ളതാണെന്നും’ അവൾ അവരെ ബോധ്യപ്പെടുത്തി. ഇതുകേട്ടപ്പോൾ പവനൻ ഒഴികെയുള്ള ബൌദ്ധരും കാട്ടിന്റെ ഉള്ളകങ്ങളിൽ താമസിക്കുന്ന ഉള്ളാടന്മാരും അവളെ സഹായിക്കാൻ തയ്യാറാകുന്നു. അവളുടെ ഉദ്യേശ്യശുദ്ധി മനസ്സിലാക്കിയപ്പോൾ മുമ്പുമുതൽ അവിടെ പാർത്തിരുന്ന ബ്രാഹ്മണർ പോലും അവളെ സഹായിക്കാൻ തയ്യാറായി. എന്നാൽ പവനന്റെ ചതിയിൽപ്പെട്ട് കുലം നശിക്കുന്നു. ചെന്തിലയുടെയും ഇളവെയിലിയുടെയും മുത്തുനായകഭിക്കുവിന്റെയും മരണത്തിനും അവസാനം കുലത്തിന്റെ ഉന്മൂലനാശത്തിനും വഴിയൊരുക്കിയത് പവനന്റെ ചതിയാണ്.
നിയോഗിയെ വധിച്ചാൽ തുരുത്തുകൾ എളുപ്പം കീഴടക്കാം എന്ന് മനസ്സിലാക്കായിയ നരൻ പവനന്റെ സഹായത്തോടെ പലപദ്ധതികൾ തയ്യാറാക്കി. ആദ്യശ്രമത്തിൽ ഇരയാക്കപ്പെട്ടത് ചെന്തിലയും അവളുടെ കുഞ്ഞായ കേശിയുമായിരുന്നു. ചെന്തിലയുടെ ഭർത്താവായ ഉണ്ണിച്ചനെ കപിശത്തേക്ക് പറഞ്ഞയച്ചത് നിയോഗിയാണെന്ന് പവനൻ ചെന്തിലയെ തെറ്റിദ്ധരിപ്പിച്ചു. നിയോഗിയോട് കലഹിച്ച് അവൾ പള്ളിക്കടുത്തുള്ള കുടിലിൽ മകനെയും കൂട്ടി ഒറ്റയ്ക്ക് പോയി താമസിച്ചു. ഊരുതെണ്ടി രാത്രിയിൽ നാട്ടിലെത്തിയ പവനന് വിശപ്പുമാറ്റാൻ ഭക്ഷണവും തണുപ്പുമാറ്റാൻ സ്വന്തം ഉടലും അവൾ വിട്ടുകൊടുത്തു. എന്നിട്ടും അവൻ അവളെ ചതിച്ചു. നിയോഗിയെത്തേടിയെത്തിയ വരത്തന്മാർക്കെതിരെ അവളും കുഞ്ഞും ധീരമായി പോരാടി. കുഞ്ഞിനെ അവർ ജീവനോടെ ഉത്തരത്തിൽ കെട്ടിത്തൂക്കി. ബലാൽക്കാരത്തിനിരയായ ചെന്തിലയെ സുപ്രനെക്കൊന്ന് ഇളവെയിലി രക്ഷപ്പെടുത്തി. അവസാനം മകന്റെ മരണത്തിൽ മനം നൊന്ത അവൾ ആത്മഹത്യയിൽ അഭയം തേടി.
പവനന്റെ ചതിയിലൂടെ നരൻ വടക്കൻതുരുത്ത് ആക്രമിച്ച് ബുദ്ധനായകഭിക്ഷുവിനെക്കൊന്ന് ഇട്ടിച്ചിയെയും മറ്റു കന്നിപ്പെൺകൊടികളെയും ഉപ്പാട്ടിപ്പുരയിൽ അടച്ചവിവരം അറിഞ്ഞ ഇളവെയിലി തനിച്ച് ശത്രുപാളയത്തിലെത്തി തുപ്രനെ കൊന്ന് അവരെ രക്ഷപ്പെടുത്തി. എന്നാൽ നരന്റെ നേതൃത്വത്തിൽ മഴുരാമന്മാർ സംഘം ചേർന്ന് അവളെ കീഴ്പ്പെടുത്തി. നഗ്നയാക്കി തല്ലിച്ചതച്ച് ഇരുട്ടറയിൽ അടച്ചു. വില്വൻ മംഗലിയിൽ സൂക്ഷിച്ചിരുന്ന രാജവെമ്പാലപോലും അവളെ ഉപദ്രവിക്കാൻ ഭയപ്പെട്ടു. പാമ്പിന്റെ ദംശനമേറ്റ് ഗുപ്തൻ കൊല്ലപ്പെട്ടു. വില്വന്റെ നിർദ്ദേശം പാലിക്കാതെ നരൻ അവസാനം അവളെ അറബികൾക്ക് അടിമയായി വിറ്റു. മസൂദി അവളെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ, അജ്മീർ അവന്റെ മുന്നിലിട്ട് അവളെ ബലാത്സംഗം ചെയ്യാൻ മുതിർന്നു. മികച്ച അഭ്യാസിയായ അവൾ അവനെ വെട്ടിച്ച് കടലിൽ ചാടി അത്മഹത്യചെയ്തു. ഈ നോവലിലെ നായികയായ നിയോഗിയെക്കാൾ ശക്തയായ സ്ത്രീകഥാപാത്രമാണ് ഇളവെയിലി. ഈ പെറപ്പിൽ അനുഭവിക്കേണ്ട എല്ലാ സുഖങ്ങളും ഈ പെറപ്പിൽത്തന്നെ അനുഭവിക്കണം എന്ന ഉറച്ചവിശ്വാസത്തിൽ കാമുകനായ പവനനുമായി ഉടൽപങ്കിട്ട ഇളവെയിലി അതേ കാമുകൻ ഒരുക്കിയ ചതിക്കുഴിയിൽ അകപ്പെട്ട് ജീവത്യംഗം ചെയ്യുന്ന കാഴ്ച ആസ്വാദകരിലും ഉൾവേവുണ്ടാക്കുന്നു.
ആതിച്ചഗുരുവിന്റെ നിയോഗവുമായി തുരുത്തിലെത്തുന്ന നിയോഗി കാക്കത്തുരും വടക്കൻതുരുത്തും തെക്കൻതുരുത്തും ഇടത്തുരുത്തും രക്ഷിക്കുന്നതിന് ആത്മാർത്ഥമായി പ്രയത്നിക്കുന്നു. ഇതിനിടയിൽ അവൾ മസൂദിയുമായി പ്രണയത്തിലാകുന്നു. അവൻ അവളെ മഹൽദ്വീപിത്തിലേക്ക് ക്ഷണിക്കുന്നു. ദേശം ഉലത്തീയിൽ വെന്തുരുകുമ്പോൾ സ്വന്തം സുഖം തേടിപോകാൻ അവൾ തയ്യാറാകുന്നില്ല. രാത്രിയുടെ മറവിൽ നരനും കൂട്ടരും വാടകയ്ക്കെടുത്ത മറവപ്പടയുടെ സഹായത്തോടെ കടൽവഴി തെക്കൻതുരുത്തിലേക്ക് ഇരച്ചുകറി. നിയോഗിയുടെ നേതൃത്വത്തിൽ ബൌദ്ധർ അവരെ പരാജയപ്പെടുത്തി ഓടിച്ചു. ഇതിനിടയിൽ അവൾക്ക് പരുക്കുപറ്റി. മാണ്ടുപോയോരൊക്കെ തിരിച്ചുവരുന്ന കറുത്തവാവിൻനാളിൽ മാണ്ടുപോയ പൂർവികർക്ക് എങ്ങനെ ഊട്ടുനടത്തും എന്ന് ചിന്തിച്ച് വെള്ളത്തിൽ മുങ്ങിക്കിടന്ന അവൾ മണിക്കിയുടെയും ഇട്ടിച്ചിയുടെയും നിലവിളികേട്ടു. അവരുടെപക്കലേക്ക് പാഞ്ഞ അവൾ ഏകയായി പോരാടി നരന്റെ സൈന്യത്തിൽ നിന്ന് അവരെ രക്ഷിച്ചു. നരനും വില്വനും കൂട്ടരും അവളെ വളഞ്ഞു. അവൾ അവരോട് ഒറ്റയ്ക്ക് പോരാടി. ഇതിനിടെ വില്വൻ അവളോട് പ്രണയാഭ്യർത്ഥന നടത്തി പ്രലോഭിപ്പിച്ചു. അവൾ അവനെ പരിഹസിച്ചു. രക്ഷപ്പെടാൻ നിവർത്തിയില്ലെന്നു മനസ്സിലാക്കിയ അവൾ പൂർവികരെ ചവിട്ടിത്താഴ്ത്തിയ കയത്തിലേക്ക് ഊളിയിട്ട് നിർവാണത്തിന്റെ ഉറവുകളിലേക്ക് രക്ഷപ്പെട്ടു.
ഉലയിലെ മറ്റൊരു കരുത്തുറ്റ കഥാപാത്രമാണ് ഉള്ളാടത്തിയായ ചീതമ്മ. കരയാമകളെ തേടിനടന്ന അവൾ അപ്രതീക്ഷിതമായി നിയോഗിയെ കണ്ടുമുട്ടുന്നു. നിയോഗിയിൽ നിന്ന് അയിത്തം പാലിച്ച് അകന്നുപോകാൻ തുനിഞ്ഞ അവളെ നിയോഗി മാറോടുചേർത്തു. ജാതിയുടെ നിരർത്ഥകത ബോധ്യപ്പെടുത്തി. തന്റെ കൈയിലിരുന്ന നടുമുന ഒടിഞ്ഞ ശൂലവും അവൾക്ക് സമ്മാനിച്ചു. മഴുരാമന്മാർ തുരുത്തുകൾ ആക്രമിക്കുന്നതിനുമുമ്പ് ജനങ്ങളെ ഭയപ്പെടുത്താൽ കരിഞ്ചാത്തൻ പാമ്പ് ഇറങ്ങി എന്നൊരു കള്ളക്കഥ പ്രചരിപ്പിച്ചു. മറ്റുജാതിക്കാരായ മനുഷ്യർ ഭയന്ന് രാത്രി പുറത്തിറങ്ങാതിരുന്നാൽ മറവപ്പെടക്ക് ഇരുളിന്റെ മറവിൽ ആപത്ശങ്കയില്ലാതെ തുരുത്തിൽ നുഴഞ്ഞുകയറുന്നതിനായി മഴുരാമന്മാർ മെനഞ്ഞ കള്ളക്കഥയാണ് കരിഞ്ചാത്തന്റെ കഥ. ഇതു തിരിച്ചറിഞ്ഞ ചീതമ്മ തന്റെ കൈയിലെ ശൂലം ഉപയോഗിച്ച് കരിഞ്ചാത്തന്റെ കഥകഴിക്കുമെന്ന് നിയോഗിയോടു പറഞ്ഞു. ഇരുളിന്റെ മറവിൽ കടൽവഴി മഴുരാമന്മാർ തുരുത്ത് ആക്രമിച്ചപ്പോൾ ചീതമ്മയുടെ നേതൃത്വത്തിൽ ഉള്ളാടന്മാർ അവരെ പ്രതിരോധിച്ചു. തന്റെ ശൂലം കൊണ്ട് കുലദ്രോഹികളായ കരിഞ്ചാത്തന്മാരെ നേരിട്ട് അവരിൽ പലരെയും വകവരുത്തിയശേഷം ചീതമ്മ വീരമരണം വരിച്ചു.
സിംഹപരാക്രമികളായ ഈ പെൺകൊടിമാർക്കൊപ്പം തുരുത്തിലെ, ആണഹന്തയില്ലാത്ത മാരൻ, ചെമ്പൻ, ചിങ്ങൻ, തിരുക്കമറൻ തുടങ്ങി എല്ലാ പുരുഷന്മാരും തോളോടുതോൾ ചേർന്ന് പോരാടുന്നു. പവനൻ മാത്രമാണ് കുലത്തെ ചതിക്കുന്നത്. ആതിച്ചഗുരു മനസ്സിലാക്കിയപോലെ ഒരു ചക്രം പൂർത്തിയായപ്പോൾ ചീമൂതവാതം ഉൾപ്പെടെ എല്ലാം നശിച്ചു. എന്നാൽ വിധി എതിരായിരിക്കും എന്ന് തിരിച്ചറിഞ്ഞശേഷവും സ്വാതന്ത്ര്യം അടിയറവയ്ക്കാതെ ശത്രുക്കളെ പ്രതിരോധിക്കാൻ തയ്യാറായ ഈ കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങൾ മലയാള നോവൽപ്രസ്ഥാനത്തിന് മുതൽക്കൂട്ടാണ്.
ഭാഗം മൂന്ന് : വജ്രയാനം
തൃഷ്ണയാണ് നിരാശയ്ക്ക് കാരണം അതിനാൽ തൃഷ്ണ ഉപേക്ഷിച്ച് അഹിംസയുടെയും കരുണയുടെയും മാർഗ്ഗത്തിലൂടെ മോക്ഷം നേടണം എന്ന ദർശനമാണ് ഹീനയാനബുദ്ധിസവും മഹായാനബുദ്ധിസവും മുന്നോട്ട് വച്ചത്. എന്നാൽ പിൽക്കാലത്ത് ബുദ്ധശിക്ഷ്യനായ പത്മസംഭവന്റെ കാലത്ത് ഈ ദർശനങ്ങൾക്ക് പരിണാമം സംഭവിച്ചു. “തൃഷ്ണയെ അകറ്റിനിർത്തി ഇന്ദ്രിയങ്ങളെ അറിഞ്ഞ് ലൗകിക ജീവിതത്തിൽ മുഴുകി ധ്യാനനിരതമായ അറിവിലൂടെയും അന്വേഷണങ്ങളിലൂടെയും മോക്ഷം പ്രാപിക്കാമെന്ന വേറിട്ട ബുദ്ധർശ്ശനമാണ് വജ്രയാനം.” വജ്രയാനം എന്നറിയപ്പെടുന്ന മൂന്നാംയാനത്തിന്റെ തത്ത്വചിന്തയാണ് ഉല എന്ന നോവലിന്റെ ആന്തരികസത്തയായി വർത്തിക്കുന്നത്. വജ്രയാനത്തിൽ സ്ത്രീകൾക്ക് പരമപ്രധാനസ്ഥാനമാണുള്ളത്. അവിടെ രതി നിഷിദ്ധമല്ല. വെള്ളത്തിൽ കിടക്കുന്നുവെങ്കിലും താമരയിലയിൽ വെള്ളം നനയാറില്ല. അതുപോലെ ധ്യാനനിരതമായ പ്രണയം രതിയിലേക്കു നയിക്കപ്പെടുമ്പോൾ ആ രതിയും മുക്തിമാർഗ്ഗമായിത്തീരുമെന്ന് വജ്രയാനം സിദ്ധാന്തിക്കുന്നു.
സ്ത്രൈണതയ്ക്ക് പരമപ്രാധാന്യം നൽകുന്ന വജ്രയാനം നിലനിൽപ്പിനുവേണ്ടി ശത്രുക്കൾക്കെതിരെ പോരാടാമെന്നും സിദ്ധാന്തിക്കുന്നു. മറുപിറവികളില്ലാതെ ഈ ലോകജീവിതത്തിൽ നിന്നു തന്നെ മോക്ഷം നേടാമെന്നു സിദ്ധാന്തിക്കുന്ന മൂന്നാംയാനത്തിൽ ഗണികകൾ, ചൂതാടികൾ, അറവുകാർ, ഉഴവോർ, അടിമകൾ തുടങ്ങി എല്ലാവർക്കും സ്ഥാനമുണ്ട്. “എല്ലാ മാനവരെയും നേരായ ബോധത്തിലേക്കും മുക്തിയിലേക്കും നയിച്ച് മാനവകുലത്തിന്റെ ഏകതയ്ക്ക് വഴിയൊരുക്കുകയാണ് മൂന്നാം യാനത്തിന്റെ ലക്ഷ്യം”. കരപ്പുറത്തെ തുരുത്തുകളിൽ മൂന്നാംയാനം യാഥാർത്ഥ്യമാക്കുന്നതിനാണ് ആതിച്ചഗുവിന്റെ അനുഗ്രഹത്തോടെ നിയോഗി എത്തിച്ചേരുന്നത്. ഉലയിൽ പ്രത്യക്ഷപ്പെടുന്ന ആതിച്ചഗുരുവും മുത്തുനായക ഭിക്ഷുവും കോരുവൈദ്യനും മറ്റും ഹീനയാന-മഹായാനബുദ്ധിസത്തിന്റെ പ്രതിനിധികളാണ്. ബുദ്ധിസത്തിന്റെ സത്ത ശരിക്ക് തിരിച്ചറിയാത്തതിനാലാണ് പവനൻ ഒറ്റുകാരനും കലഹപ്രയനും ആണഹങ്കാരത്തിന്റെ പ്രതിനിധിയും ആയി മാറിയത്.
രതി വിശുദ്ധമായ സാധനയും അനുഭൂതിയും ആയി മാറുന്ന മനോഹരമായ നിരവധി സന്ദർഭങ്ങൾ നോവലിൽ കാണാൻ സാധിക്കും. സ്ത്രീപുരുഷസംയോഗത്തിലൂടെയുണ്ടാകുന്ന രതി മാത്രമല്ല സ്വവർഗ്ഗരതിയും ധ്യാനമായി മാറുന്ന സന്ദർഭങ്ങൾ നോവലിൽ കണ്ടെത്താം. ദാകിനി മൈത്രേപിയുമായി നടത്തിയ രതിക്രീഡയുടെ അവസാനം “മൈഥുനം അഭൌമമായൊരു സഞ്ചാരമാണ്. അത് ഉടലുകളുടെ കേവലം കൂടിച്ചേരലല്ല. ഓരോ ജീവകലയുടെയും പൂത്തുലയലാണ്. ഈ ഉലകത്തിലെ ഉയിരായ ഉയിരുകളെല്ലാം ഉയിരിന്റെ ഉയിരാവുന്ന ലയമാണത്” എന്ന സത്യം കീർത്തിനി തിരിച്ചറിയുന്നു. താന്ത്രിക ബുദ്ധമതത്തിലെ പല യോഗിനിമാരും ഇത്തരത്തിൽ രതിയെ ധ്യാനിച്ചിരുന്നതിന് തെളിവുണ്ട്. യോഗാത്മക അനുഭൂതിയ്ക്ക് സമാനമായ അനുഭൂതിയായി താന്ത്രികബുദ്ധദർശനം രതിയെ പരിഗണിക്കുന്നു.
പുരുഷായുതം എന്ന അധ്യായത്തിൽ ചെന്തിലയും ഇളവെയിലിയും തമ്മിലുള്ള രതിയും നിർവാണത്തിന്റെ തലത്തിലേക്ക് ഉയരുന്നത് കാണാം. വാർദ്ധക്യത്തിലെത്തുന്നതുവരെ സ്ത്രീസുഖമെന്തെന്നറിയാത്ത ഇട്ടിക്കോരുവൈദ്യന് നയോമി രതിയനുഭൂതി പകർന്നുകൊടുക്കുമ്പോൾ, ഈ അനുഭൂതി അനുഭവിച്ചില്ലായിരുന്നുവെങ്കിൽ തന്റെ ജന്മം വ്യർത്ഥമായിത്തീരുമായിരുന്നെന്ന് വൈദ്യർ തിരിച്ചറിയുന്നു. താന്ത്രികബുദ്ധമതദർശനം അനുസരിച്ച് സ്ത്രീപങ്കാളിയെ പ്രീതിപ്പെടുത്താൻ പുരുഷൻ ചെയ്യുന്ന അർച്ചനയാകണം രതി. നിർഭാഗ്യവശാൽ ഇത് മനസ്സിലാക്കാതെ ആണഹങ്കാരവും അധികാരവും പ്രകടിപ്പിക്കുന്നതിനുള്ള ഉപാധിയായി മൈഥുനത്തെ പുരുഷൻ തെറ്റിദ്ധരിക്കുന്നു. അവിടെ രതി ധ്യാനമല്ലാതായിത്തീരുകയും വെറും കാമപേക്കൂത്ത് ആയിത്തീരുകയും ചെയ്യും. ഇളവെയിലിയുമായി രതിയിൽ ഏർപ്പെട്ടപ്പോൾപോലും അവനിലെ ആണഹന്ത മുന്നിട്ടുനിന്നതിനാലാണ് പവനൻ അവളെ തൃപ്തിപ്പെടുത്തുന്നതിൽ പരാജയപ്പെട്ട് അവളെ വ്യഭിചാരിയെന്നും ഡാകിനിയെന്നും വിളിച്ച് പരിഹസിച്ചത്. നിരവധി പെണ്ണൂങ്ങളെ ഭോഗിച്ചിട്ടും വില്വല് പ്രണയത്തിലൂന്നിയ രതി അനുഭവിക്കാൻ സാധിക്കുന്നില്ല. അജ്മീർ, ജുമൈർ എന്നിവരും പുതുസുഖങ്ങൾ തേടി നിരവിധി പെണ്ണുങ്ങളുടെ പക്കലേക്ക് പോകുന്നതിനും കാരണം മറ്റൊന്നല്ല. ഈ രതിരഹസ്യം അനുഭവിക്കാൻ ഭാഗ്യമില്ലാതെ പോയതിനാലാണ് നരൻ കൊലയിലും അധികാരത്തിലും അഭിരമിച്ചത്.
ഭാഗം നാല് : ചിത്രീകരണവും ഭഷയും
നോവലിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയും സവിശേഷശ്രദ്ധയാകർഷിക്കുന്നു. പല പദങ്ങളും രൂപകങ്ങളാണ്. നോവലിന്റെ പേര് ഉല എന്നാണ് ആലയിൽ ഒരിക്കൽ കത്തിക്കുന്ന കനൽ കെട്ടുപോകാതെ അതിനെ ആളിക്കത്തിക്കുന്നത് ഉലയാണ്. ഈ നോവലിൽ പരാമർശിക്കുന്ന ഒട്ടുമിക്ക കഥാപാത്രങ്ങളും ഇത്തരത്തിൽ ഉലയിൽ വെന്തുരുകുന്ന മാനസികഭാവത്തിന് ഉടമകളാണ്. ആല, നെരിപ്പ്, കനൽ എന്നിങ്ങനെ മൂന്നു ഭാഗങ്ങൾ നോവലിനുണ്ട്. ഉലയിലെ നീറ്റലിന്റെ ശക്തി വർദ്ധിപ്പിക്കുന്ന രൂപകങ്ങളാണിത്. അധ്യായങ്ങളുടെ പേരും ഏറെ ധ്വന്യാത്മകമാണ്. അശാന്തിയുടെ കലാപമുന, രാവിൽ തൊടുത്ത അമ്പ്, കുരിശിൽക്കിടന്ന ബുദ്ധൻ, ഒറ്റ നിറമുള്ള മഴവില്ല്, പാപിനിയുടെ കാമസൂത്രം, ഉടൽവേവ്, ഊരുകാവൽ, ചാവൊലി, ബുദ്ധന്റെ ചോര, നിർവാണത്തിന്റെ ഉറവ് എന്നീ പേരുകളെല്ലാം കാവ്യാത്മകവും ആശയസമ്പുഷ്ടവുമാണ്. കവിതയുമായി താരതമ്യപ്പെടുത്തുമ്പോൾ നോവലുകൾ സാധാരണഗതിയിൽ വാച്യാർത്ഥപ്രധാനവും വിവരണാത്മകവും ആയിരിക്കും. എന്നാൽ ഉലയിലെ ഭാഷ കാവ്യാത്മകവും ധ്വനിപ്രധാനവുമാണ്. അതിനാൽ ഒന്നോ രണ്ടോ വായനയിൽ ഇതിലെ ആശയങ്ങൾ പൂർണമായും സംവേദനം ചെയ്യുക അസാധ്യമാണ്. ആവർത്തിച്ചുള്ള വായന ആവശ്യപ്പെടുന്ന ഒരു പുസ്തകമാണിത്. മലയാളം, തമിഴ്, സംസ്കൃതം, അറബി എന്നീ ഭാഷകളിലെ പദങ്ങൾ സുലഭമായി ഈ നോവലിൽ ഉപയോഗിച്ചിട്ടുണ്ട്. മലയാളത്തിൽ പ്രചാരലുപ്തമായ മാധുര്യമുള്ള നിരവധി തനതുപദങ്ങൾ വീണ്ടെടുക്കുന്നതിനുള്ള ബോധപൂർവ്വമായ ശ്രമവും എഴുത്തുകാരൻ നടത്തിയിട്ടുണ്ട്.
രാജലക്ഷ്മിയുടെ വരയും ഏറെ പ്രശംസ അർഹിക്കുന്നു. നോവലിന്റെ ആത്മാവിനെ സ്പർശിക്കുന്ന സംഭവങ്ങൾ തിരിച്ചറിഞ്ഞ് രേഖകളിലൂടെ ജീവൻ നൽകാൻ ചിത്രകാരിക്ക് കഴിഞ്ഞിട്ടുണ്ട്. നോവലിലെ സംഭവങ്ങൾ വായിച്ചിട്ടോ വായിക്കാതെയെ ആ ചിത്രങ്ങളെ ധ്യാനിച്ചാൽ അവ സ്വയം കഥപറയുന്നത് നമുക്ക് കേൾക്കാൻ സാധിക്കും.
ഉപസംഹാരം
പ്രാചീന സഞ്ചാരിയായ മാർക്കോപോളോ തന്റെ കേട്ടെഴുത്തുകാരനായ ഷെല്ലൊയോട് നടത്തുന്ന സംഭാഷണത്തിൽ ആരംഭിക്കുന്ന നോവലിൽ പിൽക്കാല സഞ്ചാരികളായ അൽബറൂണി, ഭാഗിയാൻ തുടങ്ങിയ പല സഞ്ചാരികളും പരാമർശിക്കപ്പെടുന്നു. ഈ സഞ്ചാരികളുടെ പാതപിന്തുടർന്ന് വജ്രസൂത്രയുടെ അർത്ഥം അന്വേഷിച്ചെത്തുന്ന അബുൾ ഹസൻ ഇബ്നു ഹുസൈൻ മസൂദിയുടെ വിവരണങ്ങലിലൂടെയാണ് കരപ്പുറത്തിന്റെ ഇതിഹാസം ഇതൾ വിരിയുന്നത്. വജ്രസൂത്രയുടെ അർത്ഥം അന്വേഷിച്ചെത്തിയ മസൂദി അവസാനം അതിലൊന്നുമില്ല അത് ശൂന്യതയുടെ കിത്താബാണെന്ന് തിരിച്ചറിഞ്ഞു. എഴുത്തുകാരൻ ഈ ആഖ്യാനത്തിലൂടെ മനോഹരമായ ഒരു ജീവിതസത്യം ലളിതമായി വെളിപ്പെടുത്തുകയാണ്. ഒരു പുസ്തകത്തിനും നമ്മെ സ്വാധീനിക്കാനോ പഠിപ്പിക്കാനോ സാധിക്കില്ല, പുസ്തകങ്ങൾ ചില യാഥാർത്ഥ്യങ്ങൾ നമുക്ക് കാട്ടിത്തരുന്നു. അതു വായിച്ച് വേണമെങ്കിൽ സമൂഹത്തെ മനസ്സിലാക്കി നമുക്ക് സ്വയം മാറാം. സ്വയം മാറിയിരുന്നെങ്കിൽ....
കുറിപ്പുകൾ
1. ഗാന്ധിജിയുടെ ആശയം
2. വജ്രയാനത്തെക്കുറിച്ചുള്ള ആശയങ്ങൾ കെ. വി. മോഹൻകുമാറിന്റെ ചില ലേഖനങ്ങളിൽ നിന്നാണ് സ്വീകരിച്ചത്.
സഹായകഗ്രന്ഥങ്ങൾ
1. മോഹൻകുമാർ കെ.വി., ഉല, മാതൃഭൂമി ബുക്ക്സ്, കോഴിക്കോട്, 2024.
2. രാജലക്ഷ്മി (എഡി.), പ്രണയം, രതി, ധ്യാനം മൂന്നാം കണ്ണിലെ കാഴ്ചകൾ, എൻ.ബി. എസ്, കോട്ടയം, 2017.
3. രാമചന്ദ്രൻ നായർ കെ., ഗാന്ധിസാഹിത്യസംഗ്രഹം (സമ്പാ.), കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2012.
ഡോ. ഷിജു കെ.
പ്രൊഫസർ,
പി. എം. ഗവൺമെന്റ് കോളേജ്,
ചാലക്കുടി,
Comments