കാലാവസ്ഥാശുഭാപ്തിവിശ്വാസം
- GCW MALAYALAM
- 2 days ago
- 3 min read
കാലാവസ്ഥാവ്യതിയാനവും സാഹിത്യഭാവുകത്വവും
ഭാഗം 10
ഡോ.എം.എ.സിദ്ദീഖ്

കാലാവസ്ഥാശുഭാപ്തിവിശ്വാസം(climate Optimism) എല്ലാ വിധത്തിലും ചരിത്രപരമാണ്. അനുഭൂതിയുടെ തലത്തിലും ചരിത്രപരമാണ്.ചിലത് ചില പ്രവണതകളെ ബോധ്യപ്പെടുത്താറുണ്ടല്ലോ! അതുപോലെയാണ് ഇവിടെയും.ഈ അടുത്ത കാലത്തായി ഫ്ലോറിഡയിൽ പീറ്റേഴ്‌സ് റോക്ക് അഗാമകളുടെ എണ്ണം വർദ്ധിക്കുന്നതായി പത്രത്തിൽ വായിച്ചപ്പോൾ ഇത് കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രകടമായ തെളിവായിരിക്കില്ലേ എന്നൊരു സംശയം.നീണ്ടവാലും ഓറഞ്ച് നിറമുള്ള തലയും നീളൻ ശരീരവുമുള്ള ഈ ജീവി പല്ലികളുടെ ജീവിവംശത്തിൽ പെടുന്ന ഒന്നാണ്.ആൺപല്ലികൾ ഒരടിവരെ വളരുന്ന ഇവ വലിയ വിശപ്പുകാരും ചൂടുള്ള കാലാവസ്ഥ ഇഷ്ടപ്പെടുന്നവരുമാണ്.
കാലത്തിന്റെ മാറ്റങ്ങളെ ജീവിതംകൊണ്ടെന്ന പോലെ ജീവികളെക്കൊണ്ടും പഠിക്കേണ്ടതാണെന്ന ഒരു തിരിച്ചറിവ് ഈ വിവരം നമുക്ക് നൽകുന്നുണ്ട്.ഇത് സൗന്ദര്യശാസ്ത്രപരമായ അറിവുകൂടിയാണ്.'കുറ്റിപ്പുറം പാലം' എഴുതുമ്പോൾ ഇടശ്ശേരി കണ്ട പാരിസ്ഥിതിക വിഷമം അല്ല പിൽക്കാലത്ത് നിളാനദി അനുഭവിക്കേണ്ടിവന്നതെന്ന് എം.ടി. ഒരിടത്ത് എഴുതിയിട്ടുണ്ട്.ഇടശ്ശേരി ആ നദിയുടെ സാംസ്‌കാരികപ്രവാഹത്തിനുമേൽ നാഗരികത അതിന്റെ അഹങ്കാരത്തിന്റെ തൂണുകൾ ആഴത്തിൽ നാട്ടുന്നതിനെക്കുറിച്ചാണ് എഴുതിയതെങ്കിൽ ,പിൽക്കാലത്ത് നിള അനുഭവിച്ചത് ഈ നിലയിലുള്ള നാഗരികാധിനിവേശമല്ല.നിളയുടെ ജലമാംസമായ മണലുകളെ മുഴുവൻ കൂമ്പാരമായി വാരിക്കൊണ്ടുപോകുന്ന മണൽലോറികൾ നദീതീരങ്ങളിലേയ്ക്കിറങ്ങി നദിയെ അൽപ്പാൽപ്പമായി കോരിക്കൊണ്ടുപോകുന്ന വ്രണനാഗരികതയാണുണ്ടായത്.ഇത് അങ്ങനെ പ്രവചിക്കാൻ പറ്റുന്ന ഒന്നായിരുന്നില്ല പണ്ട്.
പരിസ്ഥിതിയുടെ സൗന്ദര്യശാസ്ത്രം പ്രവർത്തിക്കുന്നത് ഈയൊരു തലത്തെക്കൂടി മനസ്സിൽവച്ചുകൊണ്ടാണ്.എന്തായിരിക്കും ഭാവിയിൽ സംഭവിക്കുക എന്ന കാഴ്ചപ്പാട്.പഴയ ചില സൗന്ദര്യശാസ്ത്രതത്വങ്ങളിൽ പാരിസ്ഥിതിതികവീക്ഷണമുണ്ട് എന്ന് സ്ഥാപിക്കുമ്പോൾ ,അവയിൽ ഈ ഭാവിവീക്ഷണം ഉണ്ടായിരുന്നോ എന്നുകൂടി പരിശോധിക്കേണ്ടി വരുന്നത് ഇതിനാലാണ്.സൗന്ദര്യശാസ്ത്രത്തിന് പ്രകൃതിയുടെ മേലുള്ള ആധിപത്യത്തെക്കുറിച്ചല്ല;പ്രകൃതിയുടെ സ്വച്ഛന്ദസാരൂപ്യത്തിന് ജീവിവർഗ്ഗത്തിന്റെ സൗന്ദര്യബോധത്തിൽ ചെലുത്താൻ കഴിയുന്ന സ്വാധീനത്തെകുറിച്ചാണ് പാരിസ്ഥിതികസൗന്ദര്യശാസ്ത്രം അന്വേഷണം നടത്തേണ്ടത്.
സാഹിത്യദർശനത്തെ വ്യക്തിഗതമായ സൗന്ദര്യദർശനമായി പാരിസ്ഥിതികസൗന്ദര്യശാസ്ത്രം കാണുന്നില്ല.ഭാരതീയ അഭിനയദർശനം ഉടലിനു നൽകുന്ന പ്രാമാണ്യം മഹാകാവ്യലക്ഷണം പോലെ ഒന്നായിരിക്കുകയൂം ,എന്നാൽ തിണദർശനം ഉടലെന്നാൽ പ്രകൃതിയാണെന്ന് കാണുകയും ചെയ്യുന്നതുപോലും നാം തിരിച്ചറിഞ്ഞത് പാരിസ്ഥിതികസൗന്ദര്യശാസ്ത്രത്തിന്റെ പിറവിക്കുശേഷമാണ്.ഈ മാറ്റം രസദർശനം,അനുമാന സിദ്ധാന്തം,വക്രോക്തി-രീതി വായനകൾ എന്നിവയെയൊക്കെ പുതിയൊരു കാഴ്ചയിൽ വായിക്കാൻ ഇന്ന് പ്രേരണ നൽകുന്നുണ്ട്.കാലാവസ്ഥാസൗന്ദര്യശാസ്ത്രം മനുഷ്യനെ മാത്രമല്ല എല്ലാ പ്രകൃതിവസ്തുക്കളെയും തുല്യനിലയിൽ പഠിക്കുന്നതിനും നോക്കിക്കാണുന്നതിനും പ്രേരണതരുന്ന സൗന്ദര്യശാസ്ത്രമാണ്.അഗാധ പാരിസ്ഥിതികചിന്ത പങ്കുവച്ചിരുന്ന സ്വയം അറിയലിന്റെ(self-realization) ദർശനം എന്ന വിഷയത്തെ വീണ്ടും അഗാധമായി സമീപിക്കാൻ അത് പ്രേരിപ്പിക്കുന്നു.സിമ്മൺസ് (I.G.Simmons) ,ആരൻ നെയ്‌സിനെ വിശദീകരിക്കുമ്പോൾ സൂചിപ്പിക്കുന്ന ഒരു കാര്യം ഇവിടെ പ്രസ്താവ്യമാണ്.ജീവകേന്ദ്രിതമായ ഒരു സമതുലനത്തെപ്പറ്റിയാണ് അദ്ദേഹം പറയുന്നത്:"identification with the non-human so that to harm nature is self-harm" എന്ന തിരിച്ചറിവാണത്.
ഈ തിരിച്ചറിവ് വീണ്ടും സൂക്ഷ്മമാവുന്നതാണ് കാലാവസ്ഥാ ശുഭാപ്തിവിശ്വാസം എന്ന സങ്കൽപ്പത്തിന്റെ അടിസ്ഥാനം.ഇത് കേവലമായ പരിസ്ഥിതി സിദ്ധാന്തന്തമല്ല;സമഗ്രമായ ഒരു ജീവിതവഴിയാണ്.ഭക്ഷണം,വസ്ത്രം ,ഗതാഗതം ,വിനോദസഞ്ചാരം,സാങ്കേതികവിദ്യ ,വീടകം ,സൗന്ദര്യബോധം ,സൗന്ദര്യസംവർദ്ധക വസ്തുക്കൾ എന്നിവയിലെല്ലാം എങ്ങനെയാണ് കാലാവസ്ഥാബോധം ഒരു രാഷ്ട്രീയവിശ്വാസമാക്കി മാറ്റുക എന്നാണ് ഇത് അന്വേഷിക്കുന്നത്.
ആകാശ് റാനിസൺ പറയുന്നു.
"...there are no quick fixes to climate change and global warming.
You see, it's not about eradicating carbon dioxide, methane or nitrous oxide-these are the ingredients that make life possible. The greenhouse effect is not a force for evil, but it is what makes our atmosphere hospitable for life. It is a state of imbalance that can turn these life-giving forces against us."
ഈ വിചാരമാണ് ഇനിയുള്ള കാലം മർത്യസൗന്ദര്യബോധത്തെ നയിക്കേണ്ടത്.കേടായിത്തീരുന്നതിനെ കേടാകാതെ എങ്ങനെ സൂക്ഷിക്കാം എന്ന് ,റെഫ്രിജറേറ്ററുകളുടെ സഹായമില്ലാതെ അന്വേഷിക്കുന്ന സൗന്ദര്യശാസ്ത്രമാണത്.പരിസ്ഥിതിയെക്കുറിച്ചെഴുതുമ്പോൾ പാരിസ്ഥിതിക ഘടകങ്ങളോടുതന്നെ വെറുപ്പുണ്ടാകുന്ന രൂപത്തിൽ എഴുതുന്നതിനെ നിരാകരിക്കേണ്ടതാണ്.ആ ഘടകങ്ങളുടെ സമതുലനത്തെ തെറ്റിക്കുന്ന ഇടപെടലുകളെയാണ് നിരാകരിക്കേണ്ടത്.അതിനുവേണ്ട സമഗ്രജീവിതരീതിയെ പരിചയപ്പെടുത്തേണ്ടത് പാരിസ്ഥിതികസൗന്ദര്യശാസ്ത്രത്തിന്റെ ഉത്തരവാദിത്തമാണ്.
കാലാവസ്ഥാശുഭാപ്തിവിശ്വാസം പരമ്പരാഗത ജീവിതം നമുക്കുവേണ്ടി പൊഴിച്ചിട്ട ചട്ടയല്ല.അതൊരു പുതിയ ചിന്താരീതി തന്നെയാണ്.പരമ്പരാഗത ജീവിതത്തിൽ എല്ലാമുണ്ട് -ഇനി പുതുതായി ഒന്നും കണ്ടെത്തേണ്ടതില്ല എന്ന ചിന്താരീതി നരവംശശാസ്ത്രത്തിൽ പറയുന്ന post-figurative സമൂഹത്തിന്റെ കാഴ്ചപ്പാടാണ്.മാർഗരറ്റ് മീഡ് പരിചയപ്പെടുത്തിയ ഒരു സങ്കൽപ്പമാണത്.സമൂഹത്തെ അതിന്റെ സ്വഭാവം മുൻനിർത്തി മീഡ് മൂന്നായി തിരിക്കുന്നു.അതിൽ ഏറ്റവും ഖരാവസ്ഥയിലുള്ള ,ഒരിക്കലും മാറാൻ കൂട്ടാക്കാത്ത ,പുതുതലമുറയെ കേൾക്കാൻ വിമുഖതയുള്ള ചെവികളുമായി ജീവിക്കുന്ന സമൂഹത്തെയാണ് post-figurative എന്ന് മീഡ് വിളിക്കുന്നത്.നമ്മുടെ സമൂഹം പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം വരെയും പൂർണ്ണമായും അങ്ങനെയുള്ള ഒരു സമൂഹമായിരുന്നു.കേരളനവോത്‌ഥാനം ആ സമൂഹത്തെ ഉടച്ചെഴുതുകയും മാറ്റിമറിക്കുകയും ഒക്കെ ചെയ്തു.ഈ മാറ്റത്തെ പ്രൊഫ.എ.അയ്യപ്പൻ അദ്ദേഹത്തിന്റെ The Personality of Kerala എന്ന പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്.
പഴയതും കല്ലിച്ചതുമായ(ഖരാവസ്ഥ എന്നു വിളിച്ച) സാമൂഹികബോധത്തിൽ നിന്നുകൊണ്ട് നമുക്ക് പുതിയതിനെ ആവിഷ്കരിക്കാൻ കഴിയുമോ? കഴിയും എന്ന് തോന്നുന്നില്ല.അതിനുവേണ്ടത് നീരാവി രൂപത്തിലുള്ള -വാതകാവസ്ഥയിലുള്ള ഒരു സാമൂഹികബോധമാണ്.നീരാവി ചൂടിനെക്കുറിച്ചുള്ള ബോധം തരിക മാത്രമല്ല ചൂടായി നിലനിൽക്കുകയും ചെയ്യുന്ന ഒരു അനുഭവമാണ്.സുസ്ഥിരത(sustainability) എന്ന പാരിസ്ഥിതിക ആശയത്തെ ഇനി ഖരാവസ്ഥയിലല്ല കാണേണ്ടത്;വാതകാവസ്ഥയിലാണ്.എന്നാൽ അങ്ങനെ സുസ്ഥിരതയെ നിർവ്വചിക്കുന്നതുകൊണ്ട് ഇന്നത്തെ തലമുറയ്ക്ക് ഭൂമിയെ ആസ്വദിക്കാൻ അവകാശമില്ലെന്നല്ല അർത്ഥം.കൂടുതൽ നല്ലതുകളെപ്പറ്റി ചിന്തിച്ചുകൊണ്ട് സുസ്ഥിരതയെ നിർവ്വചിക്കുകയാണ് വേണ്ടത്.ചിന്തകളും അവയുടെ ആഖ്യാനവും ഏതാനും ചിലരിൽ ഒതുങ്ങി നിന്നതുകൊണ്ട് കാര്യമില്ലല്ലോ!
ആകാശ് റാനിസൻ ഈ ചിന്ത തുടങ്ങിവയ്ക്കുന്നത് ഭക്ഷണത്തിൽ നിന്നാണ്.ഭക്ഷണലഭ്യതയെക്കുറിച്ചു മാത്രമല്ല നാം ചിന്തിയ്ക്കേണ്ടത്.ഭക്ഷണം പാഴാക്കിക്കളയുന്ന സംസ്കാരത്തെക്കുറിച്ചുമാണ്.വിപണിയിലെത്തുന്നതിനു മുൻപുതന്നെ മുപ്പതുമുതൽ നാൽപ്പതു ശതമാനം വരെ ഭക്ഷണം പാഴായിപ്പോകുന്നതായാണ് ആഗോള കണക്ക്.യു എൻ ഇ പിയുടെ കണക്കുകൾ പ്രകാരം ഭക്ഷണം പാഴാക്കുന്നതിലെ ഇന്ത്യയിലെ പ്രതിശീർഷ തൂക്കം 50 കിലോഗ്രാം ആണ്.ഇത് ഗ്രാമങ്ങളുടെ കണക്കല്ലെന്നും നഗരങ്ങളിൽ വലിച്ചെറിയപ്പെടുകയും കഴിക്കാതെ ഉപേക്ഷിക്കുകയും ചെയ്യുന്ന ഭക്ഷണത്തിന്റെ അളവ് എത്രത്തോളം വരുമെന്നും ഇന്ന് നമുക്കറിയാം.വിപണിയും ഉപഭോഗസംസ്കാരവും ജീവിതത്തെ ഏറ്റവും അയഞ്ഞതും ഉദാസീനവുമാക്കിക്കഴിഞ്ഞ ഇക്കാലത്ത് പാഴാക്കിക്കളയലിനെ വിമർശിക്കുന്ന ഒരു ജീവിതസംസ്കാരം ഇല്ല.എന്നാൽ ഗ്രാമീണജീവിതം അങ്ങനെയല്ല.ഗ്രാമീണത ഗൃഹാതുരമായതുകൊണ്ടല്ല അത്.ഗ്രാമം അടിസ്ഥാനപരമായ ഉൽപ്പാദനമണ്ഡലം ആയതുകൊണ്ടാണ്.ഉറവെടുക്കുന്നതിന്റെ കണക്ക് അവിടെ ഉള്ളതുകൊണ്ട് കളയുന്നതിന്റെ കണക്കും അതിന് സൂക്ഷിച്ചേ മതിയാകൂ.കൂട്ടത്തിൽ ഒരാൾ എത്ര കഴിക്കണമെന്നും ,ഏതൊക്കെ ഭക്ഷണമാണ് ശരീരത്തിനും പ്രകൃതിക്കും ഉതകുന്നതെന്നും ഗ്രാമത്തിന് അറിയാം.പ്രകൃതിജീവിതം എന്ന് ആരോഗ്യശാസ്ത്രം പറയുന്ന ജീവിതക്കണക്ക് പ്രകൃതിയെ അംഗീകരിക്കുന്ന ശാസ്ത്രീയമായ കണക്കാണ്.പ്രകൃതിയുടെ നിയമം സസ്യഭക്ഷണത്തെ മാത്രമേ അംഗീകരിക്കുന്നുള്ളൂ എന്നും അതാണ് ശരീരത്തിന് സുസ്ഥിരമായതെന്നും പറയുന്ന വാദഗതിയോട് റാനിസൻ എതിർപ്പ് പ്രകടിപ്പിക്കുന്നു.അദ്ദേഹം ഒരു സസ്യഭക്ഷണശാലിയായിരിക്കെത്തന്നെയാണ് ഈ നിലപാടുമെന്നത് ശ്രദ്ധേയമാണ്.
ശരീരത്തിന് ഉചിതവും സൗകര്യപ്രദവുമായ ഭക്ഷണം എന്ന പഴയ സങ്കല്പം ഇന്ന് നിലനിൽക്കുമോ എന്നതാണ് ചോദ്യം.ചോക്കലേറ്റിനെ അതിന് ഉദാഹരണമായി എടുക്കാം.ഇത് ഏറ്റവും ലളിതവും എല്ലാവിഭാഗം ഭക്ഷണക്കാർക്കും സ്വീകാര്യവും ലളിതവും ആരോഗ്യകരവുമായ ഭക്ഷണവിഭവമായിട്ടാണ് കരുതപ്പെടുന്നത്.എന്നാൽ ,2018 ലെ ഒരു കണക്ക് അനുസരിച്ച് ലോകത്തിലെ ചോക്കലേറ്റ് വ്യവസായം പുറന്തള്ളുന്ന ഹരിതഗൃഹവാതകത്തിന്റെ കണക്ക് 2 .1മില്യൺ ടൺ ആണ്.ഒരു കിലോഗ്രാം ചോക്ലേറ്റ് വിപണിയിലെത്തുന്നതിന് തുടക്കം മുതൽ 10000 ലിറ്റർ വെള്ളമാണ് പ്രകൃതിയിൽനിന്ന് എടുക്കേണ്ടിവരുന്നതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.ലളിതം എന്നും സർവ്വർക്കും സ്വീകാര്യമെന്നും പറയുന്ന ഭക്ഷണങ്ങളും ജീവിതരീതികളും അതിന്റെ പാരിസ്ഥിതികമാപ്പിംഗിൽ എത്രമാത്രം പ്രകൃതിഭാരം നൽകുന്നതാണെന്നാണ് ഈ കണക്ക് കാണിക്കുന്നത്.
ഈ കണക്കുകൾ ഭക്ഷണവിപണി പുറത്തു വിടുന്നില്ല.അത് ആസക്തികളെ നിർമ്മിക്കുകയും മനുഷ്യരെ ആവശ്യത്തിലേറെ വിശപ്പുള്ളവരാക്കി കൃത്രിമമായി പരിവർത്തിപ്പിക്കുകയും ചെയ്യുന്നു.ഉപഭോഗാസക്തിയിൽ നിന്ന് ഉരുവംകൊണ്ട വിശപ്പ് ,വിശപ്പല്ല എന്നും അത് പ്രകൃതിയെ അപായപ്പെടുത്തുന്ന ആർത്തി മാത്രമാണെന്നും തിരിച്ചറിയുന്നിടത്താണ് മനുഷ്യബോധം ഇനി വിജയിക്കുക.
Comments