ഗ്രാമപ്രതിനിധാനം തിരഞ്ഞെടുത്ത മലയാള സിനിമകളിൽ
- GCW MALAYALAM
- Dec 29, 2025
- 5 min read
Updated: Dec 30, 2025
ബീന വി.

പ്രബന്ധ സംഗ്രഹം:
കാഴ്ചയുടെ കലയാണ് സിനിമ. സഹൃദയന്റെ സംവേദന ക്ഷമതയെ ഏറ്റവും എളുപ്പത്തിൽ സ്വാധീനിക്കുന്ന ആധുനിക കലാപ്രസ്ഥാനമാണ് സിനിമ. വിനോദത്തിനുള്ള ഒരു ഉപാധി എന്നതിനപ്പുറം സാഹിത്യ മൂല്യമുള്ള ഒരു കല എന്ന നിലയിലേക്ക് ഇന്ന് സിനിമ വളർന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ സിനിമ അക്ഷരാർത്ഥത്തിൽ സ്വാധീനിക്കുക തന്നെ ചെയ്തു. മലയാളിയുടെ ജീവിതത്തെയും സംസ്കാരത്തെയും എല്ലാ വൈവിധ്യങ്ങളോടും കൂടി ആവിഷ്കരിക്കാൻ സിനിമയ്ക്ക് കഴിഞ്ഞു.കേരളത്തിന്റെ സാംസ്കാരികരംഗത്തും രാഷ്ട്രീയ രംഗത്തും സാമ്പത്തികരംഗത്തും ഒരുപാട് പരിവർത്തനങ്ങൾ കൊണ്ടുവരുവാൻ സിനിമയ്ക്ക് കഴിഞ്ഞു.
സംസ്കാരം മനുഷ്യന്റെ മാത്രം സവിശേഷതയാണ്.ഭാഷ,ആശയങ്ങൾ, വിശ്വാസങ്ങൾ,ആചാരങ്ങൾ അനുഷ്ഠാനങ്ങൾ, കലാസൃഷ്ടികൾ എന്നിവയൊക്കെ സംസ്കാരത്തിന്റെ ഭാഗമാണ്.മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലുമുണ്ടായ മഹത്തായ നേട്ടങ്ങളുടെ സത്തയാണ് സംസ്കാരം.
സംസ്കാരം എന്ന പദത്തിന്റെ അർത്ഥത്തിന്,ആശയത്തിന് വ്യത്യാസങ്ങൾ വന്നുകൊണ്ടിരിക്കുന്നു. കേരളീയരെയോ കേരളത്തെയോ മുഴുവനായി സംബോധന ചെയ്യാൻ നിലവിലുള്ള അറിവുകൾക്ക് കഴിയുന്നില്ല.കേരളീയ സമൂഹത്തിന്റെ സാംസ്കാരിക സ്വഭാവങ്ങൾ കണ്ടെത്താൻ കേരളീയരുടെ ദൈനംദിന ജീവിതത്തെയാണ് വിശകലന വിധേയമാക്കേണ്ടത്.ദൈനംദിന ജീവിതത്തിലെ സാംസ്കാരിക നയ രൂപീകരണങ്ങളെക്കുറിച്ചുള്ള പഠനം കൂടിയാണ് ഇത്.
സിനിമ സമൂഹത്തിന്റെ കണ്ണാടിയാണ്.ഓരോ കാലഘട്ടത്തിലും ജനങ്ങൾ എങ്ങനെ ജീവിച്ചു,എന്താണ് വിശ്വസിച്ചത്, അവരുടെ മൂല്യങ്ങൾ,ആചാരങ്ങൾ, ഭാഷ, വേഷം, എന്നിവയൊക്കെ സിനിമയിലൂടെ അവതരിപ്പിക്കാറുണ്ട്. പഴയകാല മലയാള സിനിമയിൽ ഗ്രാമീണ ജീവിതവും കുടുംബബന്ധങ്ങളും അവതരിപ്പിക്കാറുണ്ട്. മലയാള സിനിമയെ കേരളത്തിന്റെ സംസ്കാരത്തിന്റെ കണ്ണാടി എന്ന് വിശേഷിപ്പിക്കാം. 1928 ൽ പുറത്തിറങ്ങിയ ‘വിഗതകുമാരൻ ‘മുതലുള്ള മലയാള സിനിമ കേരളത്തിന്റെ സംസ്കാരത്തിനൊപ്പം വളർന്നു. ആദ്യകാല സിനിമകൾ പ്രധാനമായും നാട്ടിൻപുറങ്ങളിലെ ജീവിതരീതികളും അവരുടെ വിശ്വാസങ്ങളും പ്രമേയമാക്കിയ സിനിമകൾ ആയിരുന്നു.ഈ കാലഘട്ടത്തിൽ സിനിമ സമൂഹത്തിന്റെ നേർക്കാഴ്ചയായി പരിണമിച്ചു അത്തരം വളർച്ച പഠനവിധേയമാക്കുകയാണ് ഇവിടെ.
താക്കോൽ വാക്കുകൾ
സിനിമ, സംസ്കാരം, ഗ്രാമം, ചലച്ചിത്രം
ഗ്രാമങ്ങൾക്ക് എപ്പോഴും ഗൃഹാതുരതയുടെ ശബ്ദമാണ്. കഥാത്മകഥയുടെ വഴക്കമുണ്ട് നാട്ടിൻപുറത്തിന്റെ ഓർമ്മകൾക്ക്. വർത്തമാന സന്ദർഭത്തിന് ഉള്ളടക്കത്തെ മറയ്ക്കാനും മായ്ക്കാനും ഗ്രാമത്തിന് കഴിയും. ആധുനികതയുടെ കയ്യേറ്റങ്ങൾക്ക് പുറത്തുള്ള ഇടമായി മാറുകയാണ് ഗ്രാമം. ആധുനികതയുടെ വിപരീതം എന്ന നിലയിൽ ഗ്രാമം മലയാള സിനിമയിൽ ജനപ്രിയമാകുന്നത് 1960 കളിലാണ്.ആദ്യകാല സിനിമകളുടെ കഥ കൂടുതലായി ഗ്രാമപശ്ചാത്തലത്തിൽ ആയിരുന്നു. ചെമ്മീൻ,തുലാഭാരം, കബനിനദി ചുമന്നപ്പോൾ തുടങ്ങിയ സിനിമകളുടെ പശ്ചാത്തലം ഗ്രാമങ്ങൾ ആയിരുന്നു.
സാമൂഹ്യ അർത്ഥത്തിൽ ഗ്രാമ വ്യവഹാരം ഗ്രാമത്തിലെ മനുഷ്യരുടെ ദൈനംദിനജീവിതം, സാമൂഹിക ബന്ധങ്ങൾ,ആചാരങ്ങൾ,ഉത്സവങ്ങൾ തൊഴിൽ,കല,എല്ലാം ഉൾക്കൊള്ളുന്ന സമഗ്രമായ ജീവിത രീതിയാണ് അർത്ഥമാക്കുന്നത്. ആദ്യകാല സിനിമകളിൽ ഗ്രാമം അതിന്റെ എല്ലാ സൗന്ദര്യത്തോടും കൂടി അവതരിപ്പിക്കപ്പെട്ടു.പ്രകൃതിയോടൊത്ത് . നിഷ്ക്കളങ്കമായ ജീവിതം,പരസ്പരബന്ധങ്ങൾ,വിശ്വാസം,എന്നിവയെ ആ കാലഘട്ടത്തിലെ സിനിമകൾ പ്രതിനിധാനം ചെയ്തു.
അവകാശപ്പോരാട്ടങ്ങൾക്ക് കാല്പനികമായ നിറപ്പകർച്ച വന്നതോടെ കഥാപാത്രങ്ങൾക്ക്,അഭിനേതാക്കൾക്ക്താരപരിവേഷമുണ്ടായി.ആധുനികതയുടെ പ്രതിരോധശക്തിയായിട്ടാണ് കമ്മ്യൂണിസം സിനിമകളിൽ പ്രത്യക്ഷപ്പെട്ടത്. സേവനമേഖലയുടെ ആവിർഭാവം, തൊഴിലില്ലായ്മ,കാർഷികമേഖലയിൽ ഉണ്ടായ മാന്ദ്യം,തുടങ്ങിയ സാമൂഹിക സംഭവങ്ങളോട് സിനിമകൾ സജീവമായി പ്രതികരിച്ചു തുടങ്ങുന്നത് എൺപതുകളിലാണ്. കമ്മ്യൂണിസ്റ്റ് പാർട്ടികൾ നാലാംവട്ടം മന്ത്രിസഭ ഉണ്ടാക്കിയ കാലത്താണ് കയർതൊഴിലാളി സമരം പ്രമേയമാക്കിയ’സ്ഫോടനം’പോലൊരു ചിത്രം വരുന്നത്. ആധുനികമായ നിയമവ്യവസ്ഥയുംആശയസംഹിതകൾക്കും പുറത്തൊരു ഗ്രാമാന്തരീക്ഷമാണ് ചിത്രം മെനയുന്നത്. 1960 കളിലാണ് ഗ്രാമ നാഗരികതകൾക്കിടയിലെ വൈരുദ്ധ്യങ്ങളെ സാഹിത്യകാരനായ എം.ടി.വാസുദേവൻ നായർ ചലച്ചിത്ര വൽക്കരിച്ചത്.
സിനിമയിലെ ഗ്രാമ വ്യവഹാരങ്ങളിൽ അനവധി ഗണങ്ങളുടെ സൂക്ഷമഭേദങ്ങൾ ഉണ്ട്.എഴുപതുകളിലെ നവസിനിമകൾ നഗരഗ്രാമബന്ധത്തെ കൂടുതൽ അമൂർത്തം ആക്കി മാറ്റി.’നിർമാല്യത്തിലെ’വെളിച്ചപ്പാടിന്റെ പ്രതിസന്ധിക്ക് സ്വത്വത്തിന്റെയും ശരീരത്തിന്റെയും ലൈംഗികതയുടെയും ആഴമുണ്ടായിരുന്നു.നാഗരികതയുടെ പരികല്പനകൾ ആണ് സിനിമയിലെ ഗ്രാമവ്യവഹാരങ്ങൾ നിർമ്മിക്കുന്നത്.ഗ്രാമത്തിലെ സ്ഥലകാലങ്ങൾക്ക് വർത്തമാനകാലമില്ല ഭൂതകാലമേ ഉള്ളൂ.അതിലൂടെ പുറമേ കാണപ്പെടുന്ന ഗ്രാമവ്യവസ്ഥയെ മറയ്ക്കുന്ന നാട്ടിൻപുറമാണ് സിനിമ കാഴ്ചകളിൽ നിറയുന്നത്.
ആദ്യ കാല മലയാള സിനിമയിൽ ഗ്രാമങ്ങളെ പൊതുവേ ആദർശവൽക്കരിച്ച രീതിയിലാണ് അവതരിപ്പിച്ചത്. സത്യസന്ധരും സ്നേഹമുള്ളവരും കൂട്ടുകുടുംബ ബന്ധങ്ങൾ കാത്തുസൂ ക്ഷിക്കുന്നവരുമായ ആളുകൾ ജീവിക്കുന്ന ഇടമായിരുന്നു സിനിമയിലെ ഗ്രാമം. നന്മയും തിന്മയും തമ്മിലുള്ള സംഘർഷങ്ങൾ പോലും ലളിതമായിട്ടാണ് സിനിമയിൽ അവതരിപ്പിച്ചത്. നീലക്കുയിൽ,ചെമ്മീൻ,നാടൻപ്രേമം, തുടങ്ങിയ ചിത്രങ്ങളിൽ ഗ്രാമീണ ജീവിതത്തിന്റെ സൗന്ദര്യവും ലാളിത്യവും നിറഞ്ഞു നിന്നിരുന്നു.കൃഷിയും വയലേലകളും അവിടുത്തെ കുന്നിൻ ചെരുവുകളും പ്രധാന കഥാപാത്രങ്ങളായി.ഗ്രാമീണ സൗന്ദര്യത്തിന് സിനിമ വലിയ പ്രാധാന്യം നൽകി.
സിനിമയിലെ ഗ്രാമങ്ങൾ കേവലം സൗന്ദര്യവൽക്കരിക്കപ്പെട്ട ഇടങ്ങളിൽ നിന്നും മാറി അവിടുത്തെ രാഷ്ട്രീയം, കുടിപ്പക, പണത്തിന്റെസ്വാധീനം,തുടങ്ങിയവ ചിന്തിച്ചുതുടങ്ങി.കിലുക്കം, ചന്ദ്രലേഖ,പോലുള്ള ചിത്രങ്ങളിലെ ഗ്രാമീണഹാസ്യവും ദേവാസുരം, ആറാംതമ്പുരാൻ പോലുള്ള ചിത്രങ്ങളിലെ പ്രമാണിമാരും സിനിമയിൽ പുതിയ ഭാവുകത്വം സൃഷ്ടിച്ചു. ന്യൂജൻ സിനിമകളുടെ വരവോടെ ഗ്രാമത്തിന്റെ ചിത്രം പൂർണ്ണമായും മാറിമറിഞ്ഞു. മൊബൈൽഫോണും, ഇന്റർനെറ്റും വന്നതോടെ നിഷ്ക്കളങ്ക ഗ്രാമം ഇല്ലാതായി. നഗരത്തിലെ പ്രശ്നങ്ങളും സാധ്യതകളും സിനിമയിലെ ഗ്രാമങ്ങളിലും കടന്നുവന്നു. മഹേഷിന്റെപ്രതികാരം,തൊണ്ടിമുതലുംദൃക്സാക്ഷിയും തുടങ്ങിയ ചിത്രങ്ങൾ യഥാർത്ഥ ജീവിതവുമായി കൂടുതൽ അടുത്തുനിൽക്കുന്ന വൈവിധ്യമാർന്ന ഗ്രാമീണകഥാപാത്രങ്ങളെ അവതരിപ്പിച്ചു സിനിമ. ഗ്രാമീണ കഥാപാത്രങ്ങളുടെ തൊഴിൽ, സാമൂഹ്യ പ്രശ്നങ്ങൾ എന്നിവ ശ്രദ്ധ കേന്ദ്രീകരിച്ചുതുടങ്ങി സിനിമയിൽ.
ചെമ്മീൻ സിനിമ കേരളത്തിലെ തീരദേശത്തെ മുക്കുവ കുടുംബത്തിന്റെ ജീവിതവും സംസ്കാരവും വളരെ വ്യക്തമായി കാട്ടിതരുന്നു. അവരുടെ ജോലിയും കടലുമായുള്ള ബന്ധവും ജീവിതരീതികളും ആചാരങ്ങളും ഒക്കെ സിനിമയിൽ ചിത്രീകരിക്കുന്നു.അവിടുത്തെ ജനങ്ങൾ കടലമ്മയെ വിശ്വസിച്ചിരുന്നു.ഭർത്താവ് കടലിൽ പോകുമ്പോൾ ഭാര്യ ചാരിത്രം നഷ്ടപ്പെടുത്തിയാൽ അയാളെ കടലമ്മ കൊണ്ടുപോകും എന്നുള്ള അന്ധവിശ്വാസം ഗ്രാമ ജീവിതത്തിന്റെ പ്രധാന ഭാഗമാണ്. മുസ്ലിം സമുദായത്തിൽപ്പെട്ട പരീക്കുട്ടിയുമായി കറുത്തമ്മയ്ക്ക് ബന്ധം സ്ഥാപിക്കാൻ കഴിയാത്തത് ഗ്രാമത്തിലെ ജാതിയുടെയും മതത്തിന്റെയും വേർതിരിവുകൾ കൊണ്ടാണ്.കടലിന്റെ ഭംഗിയും മത്സ്യബന്ധനവും മുക്കുക കുടിലുകളും തീരദേശത്തിന്റെ തനതായ പ്രകൃതി സൗന്ദര്യം ഒക്കെ ചെമ്മീൻ എന്ന സിനിമ നമുക്ക് ദൃശ്യമാക്കി തരുന്നു. ചെമ്മീൻ സിനിമ മുക്കവഗ്രാമത്തിന്റെ സംസ്കാരം,വിശ്വാസം, പ്രകൃതി,സാമൂഹികബന്ധങ്ങൾ,ദുരന്തങ്ങൾ എന്നിവയെ വളരെ സ്വാഭാവികമായി ചിത്രീകരിച്ചിരിക്കുന്നു.
തുലാഭാരം എന്ന സിനിമ കേരളത്തിലെ തൊഴിലാളി വർഗ്ഗത്തിന്റെയും സാമൂഹിക യാഥാർത്ഥ്യങ്ങളുടെയും പ്രതിനിധാനമാണ്. ഒരു പ്രത്യേക ഗ്രാമീണ ജീവിതത്തേക്കാൾ ഗ്രാമീണ അർദ്ധനഗര മേഖലകളിലെ സാധാരണക്കാരായ ജനങ്ങളുടെ അവസ്ഥകളാണ് സിനിമ ചർച്ച ചെയ്യുന്നത്. കേരളത്തിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളിൽ തൊഴിൽ സമരങ്ങളെ ശക്തമായി സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നു. മുതലാളിയും തൊഴിലാളിയും തമ്മിലുള്ള സാമ്പത്തികവും സാമൂഹികവുമായ അന്തരം സിനിമ നമുക്ക് കാണിച്ചുതരുന്നു. ജീവിതത്തിൽ ഒരു സ്ത്രീ അനുഭവിക്കേണ്ടിവരുന്ന യാതനയും ദുരന്തവും സിനിമ ചിത്രീകരിക്കുന്നു. തൊഴിലാളികളുടെ ജീവിതത്തിൽ ഉണ്ടാകുന്ന കഷ്ടപ്പാടുകൾ, വർഗ്ഗസമരം,ദാരിദ്ര്യം സാമൂഹികഅനീതി,എന്നിവയൊക്കെയാണ് തുലാഭാരം എന്ന സിനിമ നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.
കബനി നദി ചുവന്നപ്പോൾ
എന്ന സിനിമയിൽ വയനാട്ടിലെ ആദിവാസി ചൂഷണത്തെയും ജന്മിത്വത്തിന്റെ ക്രൂരതകളെയും കേന്ദ്രീകരിച്ചുള്ള സിനിമയാണ്. വയനാട്ടിലെ ആദിവാസികളും കർഷകരും ചൂഷണം ചെയ്യപ്പെടുന്ന ഒരു സാമൂഹിക സാഹചര്യത്തെയാണ് ഗ്രാമം പ്രതിനിദാനം ചെയ്യുന്നത്. ഇടതുപക്ഷ തീവ്രവാദവും അതിനോട് അനുബന്ധിച്ചുള്ള വിമോചന സ്വപ്നങ്ങളും ഒക്കെയാണ് കമ്പനി നദിചുവന്നപ്പോൾ എന്ന സിനിമയിലെ വിഷയം. ഗ്രാമത്തിന്റെ പശ്ചാത്തലം സിനിമയിലെ രാഷ്ട്രീയ പോരാട്ടങ്ങൾക്കും വ്യക്തിപരമായ സംഘർഷങ്ങൾക്കും പ്രധാന അടിത്തറ നൽകുന്നു.
മലയാള സിനിമയുടെ ആദ്യകാലങ്ങളിൽ ഗ്രാമം പ്രധാനമായും നാടകങ്ങളുടെ സ്വാധീനം പ്രകടമാകുന്ന വേദിയായിരുന്നു. സിനിമയിൽ ഗ്രാമീണ ജീവിതംചിത്രീകരിച്ചിരുന്നത് നാടകീയവും വൈകാരികവുമായ മുഹൂർത്തങ്ങൾക്ക് വേണ്ടിയായിരുന്നു. ജാതിവ്യവസ്ഥ,സ്ത്രീധനം,തുടങ്ങിയഅനാചാരങ്ങക്കെതിരെ ശബ്ദിക്കാനുള്ള ഒരു വേദിയായി ഗ്രാമം. തൊണ്ണൂറു കൾക്ക് ശേഷം ഉണ്ടായ സിനിമയിൽ യാഥാർത്ഥ്യബോധവും വിമർശനാത്മകമായ രീതിയിലുള്ള ചിത്രീകരണവും ആയിരുന്നു. ഫ്യൂഡൽ ആധിപത്യവും നായക സങ്കല്പവും നിറഞ്ഞ സിനിമകൾ ആയിരുന്നു പിന്നീട് ഉണ്ടായിട്ടുള്ള സിനിമകൾ.
കൊമേഴ്സ്യൽ സിനിമകൾ ജനപ്രീതിയും ലാഭവും പ്രതീക്ഷിച്ച് കച്ചവട താത്പര്യത്തോടെ സിനിമ എടുത്തവരായിരുന്നു അവർ.
കുടുംബപ്രേക്ഷകരെ ആകർഷിക്കുന്നതിനായി സ്നേഹം, വാത്സല്യം, എന്നീ വിഷയങ്ങളൊക്കെ അവർ അതി വൈകാരികമായി തന്നെ സിനിമയിൽ അവതരിപ്പിച്ചു. പിന്നീടുണ്ടായ ന്യൂജൻ സിനിമകൾ ഗ്രാമപ്രതിനിധാനത്തെ ആകെ മാറ്റിമറിച്ചു. ഗ്രാമം എന്നത് നന്മയുടെ മാത്രം ഇടമല്ല മറിച്ച് തൊഴിലില്ലായ്മ,ലഹരിഉപയോഗം,ഗുണ്ടായിസം തുടങ്ങിയ സങ്കീർണ്ണമായ പ്രശ്നങ്ങൾ അവതരിപ്പിച്ചു. ന്യൂജൻ സിനിമയിൽ ഗ്രാമം കേവലം ഒരു പശ്ചാത്തലം അല്ലാതെ കഥാപാത്രത്തിന്റെയും നിലനിൽപ്പിനെയും സ്വാധീനിക്കുന്ന ഒരു ഘടകമായി മാറി.
എം.ടിയുടെ ഗ്രാമ ചിത്രങ്ങളിൽ ഏറ്റവും പ്രധാനം കടവ് എന്ന സിനിമയാണ്.പുഴയോര ഗ്രാമത്തിന്റെ മനോഹര ദൃശ്യങ്ങളാണ് ഈ സിനിമ യെ മനോഹരമാക്കുന്നത് ഗ്രാമത്തിന്റെ സൗന്ദര്യം മുഴുവൻ കടവ് എന്ന സിനിമയിലൂടെ നമുക്ക് ദർശിക്കാൻ കഴിയും. പുഴയും പുഴയോരവും ഗ്രാമവും കഥാപാത്രങ്ങൾക്ക് തുല്യമായി സിനിമയിൽ പ്രത്യക്ഷപ്പെടുന്നു. സിനിമകളിലെ ഗ്രാമം വളരെ പ്രത്യേകതയുള്ളതാണ് മലയാള ചരിത്ര ലോകത്തിലേക്ക് ഒരു പുതിയ യാഥാർത്ഥ്യബോധം കൊണ്ടുവന്നു. അദ്ദേഹം കാഴ്ചവെക്കുന്ന ഗ്രാമം വളരെ പ്രത്യേകതയുള്ളതാണ്. മലയാള ചരിത്ര ലോകത്തിലേക്ക് ഒരു പുതിയ യാഥാർത്ഥ്യബോധം കൊണ്ടുവന്നു അദ്ദേഹം കാഴ്ചവയ്ക്കുന്ന ഗ്രാമം.ദൃശ്യത്തിന്റെ പശ്ചാത്തലം മാത്രമല്ല ജീവിതരീതിയും സംസ്കാരം ഒക്കെ ചേർന്ന ഒരു ലോകമാണ്.കഷ്ടപ്പാടും,ദാരിദ്ര്യവും,തൊഴിലും, പാരമ്പര്യവും എല്ലാ സ്വാഭാവികമായി കടന്നുവരുന്നു. എം.ടിയുടെ സിനിമകളിൽ ഗ്രാമം മനുഷ്യരുടെയും അവരുടെ ബന്ധങ്ങളുടെയും ആഴം മനസ്സിലാക്കി തരുന്നു. അദ്ദേഹത്തിന്റെ സിനിമയിലെ പ്രകൃതി ഒരു പശ്ചാത്തലം മാത്രമല്ല സിനിമയിലെ ഒരു കഥാപാത്രം കൂടിയാണ്. വയലുകളും, പുഴകളും ഇവയൊക്കെ എം.ടി.യുടെ സിനിമയിലെ മുഖ്യ ഘടകങ്ങൾ ആണ്
അടൂർ ഗോപാലകൃഷ്ണന്റെ കൊടിയേറ്റം എന്ന സിനിമയിൽ ഗ്രാമത്തിന്റെ ദൃശ്യങ്ങൾ നിറയുന്നു.മനുഷ്യന്റെ അത്ഭുതകരമായ സ്വഭാവവളർച്ചയും ഒരു ഗ്രാമീണ സമൂഹത്തിന്റെ ഒന്നിലധികം വശങ്ങളും കൂടിയേറ്റത്തിലൂടെ ചിത്രീകരിക്കുന്നു.കേരളീയ ജീവിതത്തിന്റെ സ്വകാര്യ സ്വത്തുക്കളായ ആന, വാദ്യം,ഇവയൊക്കെ കൊടിയേറ്റത്തിൽ നമുക്ക് കാണാൻ കഴിയും
സിനിമയുടെ കഥാപശ്ചാത്തലം ഒരു കേരളീയ ഗ്രാമമാണ്. 1970 കളിലെ നാട്ടിൻപുറങ്ങളിലെ പരമ്പരാഗത സാമൂഹിക ഘടനകളും പ്രത്യേകിച്ച് നായർ സമുദായത്തിൽ നിലനിന്നിരുന്ന നാടുവാഴിത്ത വ്യവസ്ഥിതിയുടെ തകർച്ചയും ആധുനികതയിലേക്കുള്ള മാറ്റവും ഇതിൽ കടന്നുവരുന്നു. കേന്ദ്ര കഥാപാത്രമായ ശങ്കരൻകുട്ടി നിഷ്കളങ്കനായ ഒരു ഗ്രാമീണനാണ്. ഉത്സവങ്ങൾ,ഘോഷയാത്രകൾ,കുട്ടികളോടുള്ള കളി എന്നിവയിൽ മുഴുകി അലസമായി നടക്കുന്ന ഒരാളാണ്. അയാളുടെ ജീവിതത്തിലൂടെയാണ് ഗ്രാമത്തിന്റെ താളം പ്രേക്ഷകരിൽ എത്തിക്കുന്നത്. സിനിമയുടെ ഘടന തന്നെ ഗ്രാമത്തിലെ ക്ഷേത്രത്തിലെ കൊടിയേറ്റ ഉത്സവത്തിന് സമാനമാണ്. ഉത്സവത്തിലെ കൊടിയേറ്റത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. ഗ്രാമത്തിലെ ആളുകളുടെ ഒത്തുചേരലിന്റെ, സാമൂഹിക ജീവിതത്തിന്റെ പ്രധാന ഭാഗമായി ഉത്സവങ്ങൾ ചിത്രീകരിക്കുന്നു. ഒരു ഗ്രാമിന്റെ വ്യക്തിപരമായ വളർച്ച ചിത്രീകരിക്കുന്നതിലൂടെ അക്കാലത്തെ കേരളീയ ജീവിതം ആവിഷ്കരിക്കുന്നു കൊടിയേറ്റം. ഗ്രാമീണ ജീവിതത്തിന്റെ താളവും ലാളിത്യവും സിനിമയുടെ കഥാഗതി തന്നെ മാറ്റുന്നു.ശങ്കരൻകുട്ടിയുടെ നിരുത്തരവാദപരമായ ജീവിത ശൈലിയും പിന്നീട് അയാൾ പക്വതയുള്ള വ്യക്തിയായി വളരുന്നതും ആ ഗ്രാമത്തിലൂടെയാണ്. ചായക്കട,അമ്പലം, തുടങ്ങിയ ഗ്രാമത്തിലെ പൊതു ഇടങ്ങളിലെ ഒത്തുചേരലും ആളുകൾ തമ്മിലുള്ള ഇടപെടലും അക്കാലത്തെ ഗ്രാമീണ സമൂഹത്തിന്റെ ചിത്രം വ്യക്തമാക്കുന്നു. എഴുപതുകളിലെ കേരളത്തിലെ ഗ്രാമത്തിന്റെ സാമൂഹികഘടന, സംസ്കാരം,മനുഷ്യബന്ധങ്ങൾ,ജീവിതശൈലി, എന്നിവ യാഥാർത്ഥ്യത്തോടെയും ലളിതമായും കൊടിയേറ്റത്തിൽ ചിത്രീകരിക്കുന്നു.
. അടൂർ ഗോപാലകൃഷ്ണന്റെ സിനിമകളിലെ ഗ്രാമാന്തരീക്ഷo പ്രത്യേകതയുള്ളതാണ്. പ്രാദേശിക ജീവിതം, സംസ്കാരം, പരമ്പരാഗത മൂല്യങ്ങൾ,മനുഷ്യരുടെ സുഖദുഃഖങ്ങൾ, എന്നിവയൊക്കെ അവതരിപ്പിക്കുന്നു സിനിമയിൽ. അടൂരിന്റെ ആദ്യ ഫീച്ചർ ഫിലിം ആണ്’സ്വയംവരം.’ കേരളത്തിലെ ഗ്രാമീണ ജീവിതത്തെ തുറന്നു കാണിക്കുന്ന സിനിമയാണ് സ്വയംവരം. ദൃശ്യപരമായും സാംസ്കാരികമായും കേരളത്തിന്റെ ജനകീയ പാരമ്പര്യം ഉൾക്കൊള്ളുന്ന സിനിമയാണ്.
മലയാള സിനിമയിൽ ഗ്രാമത്തിന്റെ പച്ചപ്പും നാടൻ ഭാഷയും എല്ലാം നാം കാണുന്നത് സത്യൻ അന്തിക്കാടിന്റെ സിനിമകളിലായിരുന്നു. അദ്ദേഹത്തിന്റെ ‘പൊൻമുട്ടയിടുന്ന താറാവ്’ എന്ന സിനിമ ഗ്രാമീണ പശ്ചാത്തലത്തിലുള്ള പ്രണയകഥയാണ്. മലയാള ഗ്രാമത്തിന്റെ മനോഹാരിതയും അവിടുത്തെ ജനങ്ങളുടെ സാധാരണ ജീവിതവും സിനിമ പകർത്തുന്നു.ഗ്രാമത്തിന്റെ ഭംഗി കാഴ്ചയിലും ഗാനത്തിലും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.ഗ്രാമീണ ജീവിതത്തിന്റെ നേർ പകർപ്പാണ് ഈ സിനിമ.
സത്യൻ അന്തിക്കാടിന്റെ സിനിമകളിലെ ഗ്രാമാന്തരീക്ഷം സാധാരണയായി ഗ്രാമജീവിതം,ഗ്രാമസമൂഹത്തിലെ ബന്ധങ്ങൾ, പരിസ്ഥിതി,മനുഷ്യബന്ധങ്ങൾ, എന്നിവയൊക്കെ ചിത്രീകരിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ സിനിമയിലെ ഗ്രാമങ്ങൾ യാഥാർത്ഥ്യവും സൗന്ദര്യവും കൂടിക്കലർത്തിയ മനുഷ്യകേന്ദ്രിത സമൂഹങ്ങളാണ്. അവയുടെ പ്രശ്നങ്ങളും ബന്ധങ്ങളും ജീവിതത്തോട് ചേർന്നരീതിയിൽ എന്നാൽ ലളിതമായും നർമ്മം കലർന്ന ഭാഷയിലും അവതരിപ്പിക്കുന്നു.അദ്ദേഹത്തിന്റെ സിനിമകളിൽ പ്രകൃതി, വയലുകൾ, കുളങ്ങൾ, പുഴകൾ, എന്നിവ ഒരു പശ്ചാത്തലമായി നിലകൊള്ളുന്നു. കൂടാതെ ഗ്രാമത്തിലെ പകലുകളും, രാത്രികളും, ഉത്സവങ്ങളും ഒക്കെ അദ്ദേഹത്തിന്റെ സിനിമയിൽ ഉണ്ടാവും.കേരളത്തിന്റെ സാംസ്കാരിക ജീവിത അവതരിപ്പിക്കുന്ന സിനിമകളാണ് സത്യൻ അന്തിക്കാടിന്റെ സിനിമകൾ.
രണ്ടായിരത്തിനു ശേഷമുള്ള മലയാള സിനിമയിലെ ഗ്രാമപ്രതി നിധാനത്തിൽ വളരെയധികം മാറ്റങ്ങൾ ഉണ്ടായി.തൊണ്ണൂറുകളിലെ ‘ആദർശഗ്രാമം’ എന്ന സങ്കൽപ്പത്തിൽ നിന്നും മാറി കൂടുതൽ യാഥാർത്ഥ്യബോധം ഉള്ളതും വൈവിധ്യമാർന്നതുമായ ഗ്രാമീണ ജീവിതം ഈ കാലഘട്ടത്തിലെ സിനിമകൾ ചിത്രീകരിച്ചു. നവ സിനിമകളെ അതിന്റെ തനിമയിലും പോരായ്മകളിലും ചിത്രീകരിച്ചു.ഗ്രാമങ്ങളെ ഒരു പൊതു ഇടമായി കാണുന്നതിനു പകരം ഓരോ പ്രദേശത്തിന്റെയും തനിമ എടുത്തു കാണിക്കുകയും ചെയ്യുന്നു. മഹേഷിന്റെപ്രതികാരം, കുമ്പളങ്ങി നൈറ്റ്സ്, കപ്പേള തുടങ്ങിയ സിനിമകൾ അതിന് ഉദാഹരണമാണ്. മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ ഇടുക്കി ഗ്രാമത്തിന്റെ ഗ്രാമീണത മാത്രമല്ല അവിടുത്തെ കുന്നിൽപ്രദേശത്തെ ജീവിതരീതി, സംസാരശൈലി, ചെറിയ കാര്യങ്ങൾക്കുപോലും ഉടലെടുക്കുന്ന പക തുടങ്ങിയവയൊക്കെ സിനിമയിൽ നമുക്ക് കാണാൻ സാധിക്കും. കായലോര ജീവിതത്തിന്റെ ഏകാന്തതയും മത്സ്യബന്ധനത്തെ ആശ്രയിച്ചുള്ള ദൈനംദിനജീവിതവും മദ്യപാനം പോലുള്ള സാമൂഹിക പ്രശ്നങ്ങളും കുമ്പളങ്ങിനൈറ്റ്സ് എന്ന സിനിമയിൽ അവതരിപ്പിക്കുന്നു.
രണ്ടായിരത്തിനു ശേഷമുള്ള സിനിമ കേരളത്തിലെ ഗ്രാമങ്ങളുടെ ഭൂമിശാസ്ത്രപരമായ വൈവിധ്യം,പ്രകൃതിയിൽ നിന്ന് മനുഷ്യബന്ധങ്ങളിലേക്ക് ജാതി, വർഗ്ഗം, ലിംഗവിവേചനങ്ങൾ പോലുള്ള പ്രശ്നങ്ങളെ സിനിമകൾ ചോദ്യം ചെയ്തു. രണ്ട് കാലഘട്ടത്തിലെ സിനിമയിലെ ഗ്രാമ പ്രതിനിധാനംരണ്ട് തരത്തിലാണ് എന്ന നിഗമനത്തിലാണ് എത്തിച്ചേർന്നിരിക്കുന്നത്.
ഉപസംഹാരം
ഗ്രാമം മലയാള സിനിമയുടെ ഹൃദയമാണ് കാലം മാറുമ്പോഴും സിനിമയിലെ ഗ്രാമം മനുഷ്യന്റെ ആത്മാവിനെയും മലയാളിയുടെ സാംസ്കാരിക പൈതൃകത്തെയും പ്രതിനിധീകരിക്കുന്നു. ഒരു തലമുറയിൽ അത് കരയുടെയും വയലിന്റെയും കഥയായിരുന്നു എങ്കിൽ ഇന്നത്തെ ബന്ധങ്ങളുടെയും മനസ്സിന്റെയും കഥയാണ് മലയാള സിനിമയിലെ ഗ്രാമ വ്യവഹാരങ്ങൾ മനുഷ്യന്റെ നിഷ്കളങ്കതയും സമരങ്ങളെയും സാമൂഹിക വളർച്ചയെയും രേഖപ്പെടുത്തിയിരിക്കുന്നു ഗ്രാമം സിനിമയിൽ ഒരു സ്ഥലം മാത്രമല്ല അത് മലയാളിയുടെ ആത്മാവിന്റെ പ്രതീകം തന്നെയാണ്. മലയാള സിനിമയിലെ ഗ്രാമപ്രതിധാനം എന്നത് ഭൂമിശാസ്ത്രപരമായ ഒരു അവതരണം മാത്രമല്ല. മറിച്ച് കേരളീയ സമൂഹത്തിന്റെ സാംസ്കാരികവും രാഷ്ട്രീയപരവുമായ മാറ്റങ്ങളെ രേഖപ്പെടുത്തുന്ന ഒരു കല കൂടിയാണ് സിനിമ.
സഹായക ഗ്രന്ഥങ്ങൾ
1 ചരിത്രവും ചലച്ചിത്രവും ദേശീയ ഭാവനയുടെ ഹർഷ മൂല്യങ്ങൾ പി എസ് രാധാകൃഷ്ണൻ
2 ദേശം പൗരത്വം സിനിമ -വി കെ ജോസഫ്
3 മലയാള സിനിമ കാഴ്ചയുടെ ഋതുഭേദങ്ങൾ ഡോക്ടർ എം സി മനോജ്
4 സിനിമയും മലയാളിയുടെ ജീവിതവും ഇ പി രാമചന്ദ്രൻ
5 സിനിമ സമൂഹം പ്രത്യയ ശാസ്ത്രം - രവീന്ദ്രൻ
6സംസ്കാര പഠനത്തിന്റെപുതുവഴികൾ -ഡോക്ടർ ഷീബ എം കുര്യൻ
ബീന. വി
ഗവേഷക
ഗവ: വനിതാ കോളേജ്, തിരുവനന്തപുരം





Comments