top of page

ജ്ഞാനനിർമ്മിതിയുടെ വിമതലൈംഗിക പാഠങ്ങൾ മലയാളസിനിമയിൽ

Updated: Jul 15

 വിഷ്ണു പി. എസ്.
ree

താക്കോൽ വാക്കുകൾ

 ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്ജെൻഡർ, ക്വൂർ, ഇന്റർസെക്സ്, അസെക്ഷ്വൽ, സെക്ഷ്വൽ ഐഡന്റിറ്റി, സ്വത്വം, നോർമേറ്റീവ്, കമിങ് ഔട്ട്

പ്രബന്ധസംഗ്രഹം

സിനിമ ഒരു സാംസ്കാരിക പ്രതിഫലനമാധ്യമമായും സാമൂഹിക രാഷ്ട്രീയ വിഷയങ്ങൾ അവതരിപ്പിക്കാനുള്ള ശക്തമായ ഉപകരണമായും പ്രവർത്തിക്കുന്നു. 1970കളുടെ അവസാനത്തോടെ മലയാളസിനിമയും സാഹിത്യവും വിമതലൈംഗികതയെ പ്രമേയമായി സ്വീകരിക്കാൻ തുടങ്ങി. ക്വീർ സിദ്ധാന്തം സ്വത്വത്തെ രാഷ്ട്രീയവത്ക്കരിക്കുകയും, ലൈംഗികതയെ ജനാധിപത്യപരമായ സ്വയം നിർണയാവകാശമായി കാണുകയും ചെയ്യുന്നു. മലയാളസിനിമയിൽ ട്രാൻസ്ജെൻഡർ, ലെസ്ബിയൻ, ഗേ തുടങ്ങിയ വിഭാഗങ്ങളെ പലപ്പോഴും നിന്ദ്യ- ഹാസ്യാവിഷ്കാരമായാണ് അവതരിപ്പിച്ചു കാണുന്നത്. വളരെ കുറച്ച് സിനിമകൾ മാത്രമേ മികച്ച പ്രതിനിധാനങ്ങളായി കടന്നു വന്നിട്ടുള്ളൂ. സിനിമകളിലെ സ്വത്വപ്രതിനിധാനങ്ങൾ പാതി സത്യങ്ങളും പൊതുധാരണകളുടെ പുനരാവിഷ്കാരവുമാകുന്നു. സമത്വത്തിനും ഉൾക്കാഴ്ചയ്ക്കും വഴിയൊരുക്കാൻ സിനിമ സമൂഹത്തിലെ ജാതി-ലൈംഗിക അധികാരഘടനകളെ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.

ആമുഖം

സാങ്കേതികതയുടെയും കലയുടെയും സങ്കലനരൂപമായ സിനിമ സമൂഹത്തിന്റെ സാംസ്കാരിക പ്രതിഫലനങ്ങളാണ്. സിനിമകളുടെ സാർവലൗകിക ദൃശ്യഭാഷ ലോകങ്ങൾ തമ്മിലുള്ള അതിർവരമ്പുകൾ ഭേദിക്കുന്നു. ഒരു ചെറിയ ആശയത്തെയോ തത്വശാസ്ത്രത്തെയോ രാഷ്ട്രീയത്തെയോ സാമൂഹീകരിക്കാൻ സിനിമകളെ മാധ്യമവത്ക്കരിക്കാവുന്നതാണ്. കൈകാര്യം ചെയ്യപ്പെടുന്ന വിഷയങ്ങളുടെ ഗൗരവമനുസരിച്ചായിരിക്കും പ്രേക്ഷകരുടെയിടയിൽ അവ സ്വാധീനം ചെലുത്തുക. ആശയങ്ങൾ വിനിമയം ചെയ്യപ്പെടുന്നതിന്റെയും അവയുടെ അവതരണങ്ങളുടെയും അടിസ്ഥാനത്തിൽ സിനിമകളെ ജനപ്രിയം, സമാന്തരം, മധ്യവർത്തി എന്നിങ്ങനെ തരംതിരിക്കാവുന്നതാണ്. എങ്കിലും ഇവയുടെ സ്വഭാവസവിശേഷതകൾ പരസ്പരം കലർന്നിരിക്കുന്നു.

1970കളുടെ അവസാനത്തോടെയാണ് മലയാളസാഹിത്യത്തിലും സിനിമയിലും വിമതലൈംഗികത ശക്തമായ രീതിയിൽ പ്രമേയവത്ക്കരിക്കുന്നത്. ചെറുകഥ, നോവൽ, സിനിമ തുടങ്ങിയ മേഖലകളിൽ ക്വീർ സിദ്ധാന്തത്തിന്റെ സ്ഫുരണങ്ങൾ കാണാം.

ക്വീർ : സിദ്ധാന്തവും സമീപനവും

വിമതസിദ്ധാന്തം, വിചിത്രസിദ്ധാന്തം എന്ന് മലയാളത്തിൽ അറിയപ്പെടുന്ന ക്വീർ സിദ്ധാന്തത്തിൽ വിമതലൈംഗിക വിഭാഗങ്ങളെക്കുറിച്ചുള്ള പഠനങ്ങളാണ് ഉൾപ്പെടുന്നത്. 'അധികാരസംവിധാനങ്ങൾക്ക് പുറത്ത്' എന്നർത്ഥത്തിൽ പ്രയോഗിച്ച് വരുന്ന ക്വീർ എന്ന പദം അധികാര വർഗ്ഗത്തോടുള്ള പ്രതിഷേധത്തെ കുറിക്കുവാനും ഉപയോഗിക്കുന്നു. സാധാരണം (നോർമേറ്റീവ്) അല്ലാത്ത എല്ലാ ലൈംഗിക സമൂഹങ്ങളെയും ഒരുമിച്ച് നിർത്തിക്കൊണ്ടാണ് സിദ്ധാന്തം വികസിക്കുന്നത്. ഭിന്നലൈംഗികത എന്ന വ്യവസ്ഥാപിതവും ദൃഢവുമായ സങ്കൽപ്പത്തെ ചോദ്യം ചെയ്യുകയും, ലൈംഗികത ജനാധിപത്യം എന്ന നിലയിൽ സ്വയം നിർണയാവകാശത്തിന് വേണ്ടി വാദിക്കുകയും ചെയ്യുന്ന സിദ്ധാന്തം ലൈംഗികതയെ രാഷ്ട്രീയവത്ക്കരിക്കുന്നുണ്ട്. ലൈംഗികസ്വത്വത്തെ (സെക്ഷ്വൽ ഐഡന്റിറ്റി) വിശകലനം ചെയ്യുകയും അത് അസ്ഥിരമാണെന്ന് പറയുകയും ചെയ്യുന്ന ഈ സിദ്ധാന്തം സ്വത്വത്തെ സംബന്ധിച്ച് ആധുനികത സൃഷ്ടിച്ചെടുത്ത കാഴ്ചപ്പാടുകളെ നിരാകരിക്കുകയും ചെയ്യുന്നു.

 ലൈംഗിക ന്യൂനപക്ഷവിഭാഗങ്ങളെയാണ് LGBTQIA+ എന്ന ചുരുക്കെഴുത്ത് അർത്ഥമാക്കുന്നത്. ലെസ്ബിയൻ  (സ്ത്രീക്ക് സ്ത്രീയോട് തോന്നുന്ന ലൈംഗികാകർഷണം), ഗേ  (പുരുഷന് പുരുഷനോട് തോന്നുന്ന ലൈംഗികാകർഷണം), ബൈസെക്ഷ്വൽ (സ്ത്രീയോടും പുരുഷനോടും ഒരുപോലെ തോന്നുന്ന ലൈംഗികാകർഷണം), ട്രാൻസ്ജെൻഡർ വിഭാഗം, ക്വീർ (ഒറ്റപ്പെട്ട ലൈംഗിക വിഭാഗങ്ങൾ), ഇന്റർസെക്സ് അഥവാ മിശ്രലിംഗ വിഭാഗം, അസെക്ഷ്വൽ  (യാതൊരുവിധ ലൈംഗികതാൽപര്യങ്ങളും ഇല്ലാത്തവർ) എന്നിങ്ങനെ ഈ സാങ്കേതിക പദങ്ങളെ വിശദീകരിക്കാം. ലൈംഗികബന്ധത്തിൽ മസ്കുലിൻ പവർ പ്രകടിപ്പിക്കുന്ന, ആക്ടീവ് റോൾ കൈകാര്യം ചെയ്യുന്ന സ്വവർഗ്ഗാനുരാഗിയെ പാന്തിസ് എന്നും ആക്ടീവ്, പാസീവ് റോൾ കൈകാര്യം ചെയ്യുന്ന പങ്കാളിയെ ഡബിൾ ഡാക്കേഴ്സ് എന്നും വിളിക്കുന്നു. മൂന്ന് ഘട്ടങ്ങളിലൂടെയാണ് സ്വവർഗ്ഗരതിക്കാർ അവരുടെ ലൈംഗികസ്വത്വം വെളിപ്പെടുത്തുക. തന്റെ സ്വവർഗ്ഗലൈംഗികാഭിമുഖ്യം  ഒരു വ്യക്തി സ്വയം തിരിച്ചറിയുക, പിന്നീട് ബന്ധുക്കളോടും സുഹൃത്തുക്കളോടും അവതരിപ്പിക്കുക,  ശേഷം സമൂഹത്തിന് മുന്നിൽ പരസ്യമാക്കുക എന്നിങ്ങനെയാണത്. ലൈംഗികസ്വത്വം വെളിപ്പെടുത്തുന്നതിനെ ബഹിർഗമനം (കമിങ് ഔട്ട്) എന്ന് പറയുന്നു.

 പത്തൊമ്പതാം നൂറ്റാണ്ടിൽ തന്നെ പ്രചാരത്തിലുണ്ടായിരുന്നെങ്കിലും 1990 കളോടെയാണ് വിപുലമായ അർത്ഥങ്ങൾ ക്വീർ എന്ന പദത്തിന് ലഭിക്കുന്നത്. 1991ൽ തെരേസ ഡി ലോറെറ്റീസ് എന്ന ചിന്തകയാണ് ക്വീർ എന്ന സംജ്ഞ ആദ്യമായി ഉപയോഗിച്ചത്. പിന്നീട് കോളനിയാനന്തര സ്ത്രീവാദപഠനത്തിലൂടെയും ലൈംഗികതാ പഠനത്തിലൂടെയും ശ്രദ്ധേയനായ ജൂഡിത്ത് ബട്ലർ, സാഹിത്യത്തിന്റെ വ്യവഹാരപരിസരത്തുനിന്ന് സ്ത്രീകളേയും സ്വവർഗ്ഗാനുരാഗികളേയും മാറ്റിനിർത്തുന്നതിനെതിരെ ശബ്ദമുയർത്തിയ ആൻഡ്രിയൽ റിച്ച്, ജെൻഡർ സ്റ്റഡീസ്, ക്വീർ തിയറി, വിമർശനാത്മക സിദ്ധാന്തം എന്നീ മേഖലകളിൽ ശ്രദ്ധേയനായ ഈവ കൊസോഫ്സ്കി സെഡ്ഗ്വിക് എന്നിവർ സിദ്ധാന്തത്തിന്റെ ശക്തരായ വക്താക്കളായി മാറി.

ക്വീർ : സ്വത്വവും പ്രതിനിധാനവും മലയാളസിനിമയിൽ

വ്യക്തിത്വം, മമത, തനതുസത്ത, ഉടമസ്ഥാവകാശം, ഐഡന്റിറ്റി എന്നീ അർത്ഥങ്ങളിൽ പ്രയോഗിക്കുന്ന സ്വത്വം എന്ന പദം ജെൻഡർ, ലൈംഗിക ന്യൂനപക്ഷങ്ങളെ അപേക്ഷിച്ച് അവരിൽ സ്വയം രൂപംകൊള്ളുന്ന ഒന്ന് മാത്രമല്ല, മറിച്ച് കാലവും ചരിത്രവും അധികാരവും സമൂഹവും ചെലുത്തിയ സ്വാധീനത്തിലൂടെ കൈവരിക്കുന്നത് കൂടിയാണ്. അപരിഷ്കൃത സമൂഹവും അവയുടെ അധികാര - ഭരണ - വിശ്വാസങ്ങളും മൂലം കാലാകാലങ്ങളായി നീതി നിഷേധിക്കപ്പെട്ട വിമതലൈംഗിക വിഭാഗങ്ങളെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന കാഴ്ചയും കാഴ്ചപ്പാടുകളും രൂപപ്പെടുത്താൻ മാധ്യമങ്ങളും കാരണമായിത്തീർന്നിട്ടുണ്ട്. പലപ്പോഴും അടിച്ചേൽപ്പിക്കപ്പെട്ട ഈ നവസ്വത്വത്തിൽ നിന്ന് പുറത്തു കടക്കാൻ പോലും ഇവർക്ക് സാധ്യമല്ല.

മലയാളസിനിമയിൽ വിമതലൈംഗിക വിഭാഗങ്ങളെ ട്രാൻസ്ജെൻഡർ, ലെസ്ബിയൻ, ഗേ എന്നിങ്ങനെ പ്രധാനമായും മൂന്ന് പ്രതിനിധാനങ്ങളായാണ്  അവതരിപ്പിച്ചിട്ടുള്ളത്. പലപ്പോഴും തമാശവത്ക്കരിക്കുക എന്ന ഉദ്ദേശത്തോടുകൂടി മാത്രമാണ് പല സിനിമകളും ഇവരെ സമീപിച്ചിട്ടുള്ളത്. സൂത്രധാരൻ, തലയണമന്ത്രം, കടത്തനാട്ട് മാക്കം, ചാന്ത് പൊട്ട്, 101 വെഡ്‌ഡിങ്, ആക്ഷൻ ഹീറോ ബിജു എന്നീ സിനിമകൾ അതിന് ഉദാഹരണമാണ്. 'ചാന്ത് പൊട്ട്' എന്ന തലക്കെട്ട് പോലും പിന്നീട് ട്രാൻസ്ജെൻഡർ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നതിന്റെ ഭാഗമായത് സിനിമയുടെ വിനിമയസാധ്യത എത്രത്തോളമെന്ന് ചൂണ്ടിക്കാട്ടുന്നു. എങ്കിലും അർദ്ധനാരി, ഉടലാഴം, ഞാൻ മേരിക്കുട്ടി തുടങ്ങിയ സിനിമകളിലൂടെ നേരത്തെ രൂപപ്പെട്ട തെറ്റിദ്ധാരണകൾ ഇല്ലാതാക്കുവാനും പുതിയൊരു ആശയം സംവേദനം ചെയ്യപ്പെടുന്നതിനും സഹായകരമായിട്ടുണ്ട്. 1978-ൽ പുറത്തിറങ്ങിയ രണ്ടു പെൺകുട്ടികളാണ് മലയാളത്തിലെ ആദ്യത്തെ ലെസ്ബിയൻ സിനിമ. ശേഷം ദേശാടനക്കിളി കരയാറില്ല, സഞ്ചാരം, ഹോളി വുണ്ട്,  മോൺസ്റ്റർ തുടങ്ങിയ സിനിമകൾ ലെസ്ബിയൻ കമ്മ്യൂണിറ്റിയെ വിഷയവത്ക്കരിക്കുന്നു. മുംബൈ പോലീസ്, ഋതു, ഇംഗ്ലീഷ്, മൈ ലൈഫ് പാർട്ണർ, കാബോഡിസ്‌കേപ്പ് തുടങ്ങിയവയാണ് മലയാളത്തിലെ ഗേ വിഷയസിനിമകൾ. ഇവയ്ക്ക് പുറമെ ബൈസെക്ഷ്വൽ കഥാപാത്രങ്ങളും മലയാളസിനിമയിൽ കടന്നുവന്നിട്ടുണ്ട്.

ഏതൊരു ആശയവും ബഹുജനസമൂഹത്തോട് എളുപ്പത്തിൽ സംവദിക്കാൻ സഹായിക്കുന്ന സിനിമ സൃഷ്ടിക്കുന്ന സ്വാധീനം വളരെ വലുതാണ്.  ഗിമ്മിക്കുകൾ  മുതൽ ജീവനോ സ്വത്തിനോ ഭീഷണിയായേക്കാവുന്ന തീരുമാനങ്ങൾ വരെ അവിടെ രൂപപ്പെടുന്നു. സിനിമാവിഭാഗങ്ങളിൽ കൂടുതൽ കാഴ്ചക്കാരുള്ളതും സാധാരണക്കാരോട് ചേർന്നു നിൽക്കുന്നവയുമാണ് ജനപ്രിയസിനിമകൾ. അതുകൊണ്ടുതന്നെ ഒരു ആശയം നിർമ്മിച്ച് പ്രചരിപ്പിക്കുവാനും ജനസമ്മതി നേടുവാനും അവിടെ പ്രയാസമില്ല. സത്യത്തെ മിഥ്യവത്ക്കരിക്കുവാനും മിഥ്യയെ സത്യവത്ക്കരിക്കുവാനും അങ്ങനെ എളുപ്പത്തിൽ സാധിക്കുന്നു. ഇവിടെ ചിന്തിക്കുന്ന പ്രേക്ഷകന് മാത്രമാണ് അന്ത:സംഘർഷമുണ്ടാകാൻ ഇടയുള്ളത്.

 വിമതലൈംഗികതയുമായി ബന്ധപ്പെട്ട വ്യാജപാഠങ്ങൾ അവതരിപ്പിച്ച നിരവധി സിനിമകൾ മലയാളത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് പൃഥ്വിരാജ്, ജയസൂര്യ എന്നിവർ കേന്ദ്രകഥാപാത്രമായി 2013-ൽ ഇറങ്ങിയ മുംബൈ പോലീസിലെ ക്ലൈമാക്സ് രംഗത്തിൽ സുഹൃത്തായ ആന്റണി മോസസ് ഗേ ആണെന്ന് തിരിച്ചറിയുന്ന ആര്യന്റെ പ്രതികരണം നോക്കാം.

 ആര്യൻ : മുന്നിൽ കണ്ട കാര്യത്തിന് എക്സ്പ്ലനേഷൻ ആവശ്യമില്ല. ഒരു വാക്ക് നിനക്ക് എന്നോട് പറയാമായിരുന്നു. ഇതിന്റെ പേരിൽ നിന്റെ ഫ്രണ്ട്ഷിപ്പ് വേണ്ടെന്നു വെക്കില്ലായിരുന്നു ഞാൻ. പക്ഷേ ഇപ്പോൾ ഞാൻ അറിയാത്ത കാര്യങ്ങളിൽ എന്തെല്ലാം പെടും എന്നാണെന്റെ സംശയം. ഇതുപോലൊന്ന് മനസ്സിൽ കണ്ടാണ് ഒരു ഗാലണ്ടറി അവാർഡ് നീയെനിക്ക് ദാനം തന്നത് എന്ന് ഉൾപ്പെടെ.. പ്രതികളുടെ പേടിസ്വപ്നം, നൊട്ടോറിയസ് മർദ്ദനമുറ, ആളും തരവും നോക്കാതെ ഡെയിഞ്ചറസ് വയലൻസ്, റാസ്ക്കൽ മോസസ് എല്ലാം വേറൊരു ആണത്തമില്ലായ്മ മറക്കാനുള്ള ഒന്നാന്തരം മുഖംമൂടി. പെണ്ണ് വേണ്ടെന്നു വച്ചതും റാസ്ക്കൽ മോസസിന്റെ പൗരുഷമായി ആരാധിച്ചവരും മണ്ടന്മാര്. പക്ഷേ ഒരു എ.സി.പി കാണിക്കുന്ന ക്രിമിനൽ ടെൻഡൻസിക്ക് പുറകിലുള്ള യഥാർത്ഥ കാരണമറിഞ്ഞാൽ എന്തു ചെയ്യണം അതേ സിറ്റിയിലുള്ള മറ്റൊരു എ.സി.പി.

ക്വീർ കമ്മ്യൂണിറ്റിയെ പ്രതിനിധാനം ചെയ്യുമ്പോൾ പോലും കമ്മ്യൂണിറ്റിയെക്കുറിച്ചുള്ള സമൂഹത്തിന്റെ കളക്ടീവ് അൺകോൺഷ്യസ്നെസും പൊതുബോധവും സംവിധായകൻ അവതരിപ്പിക്കുന്നു. ആണത്തമില്ലായ്മയായും മറച്ചുപിടിക്കേണ്ട ലൈംഗികസ്വത്വമായും ആര്യൻ ഗേയിസത്തെ കാണുമ്പോൾ ആ ചിന്തയെ ഊട്ടിയുറപ്പിക്കുംവിധം തന്റെ സ്വത്വത്തിന് മങ്ങലേൽക്കാരിക്കാനായി, തന്റെ ആണത്തത്തെ ചോദ്യം ചെയ്യാതിരിക്കാനായി സുഹൃത്തായ ആര്യനെ ആന്റണി ആസൂത്രണത്തിലൂടെ വധിക്കുന്നു. ഒരു വ്യക്തിയുടെ സ്വകാര്യതയെ പോലും മാനിക്കാതെ ബഹുഭൂരിപക്ഷം രൂപപ്പെടുത്തിയ അപരിഷ്കൃതമായ സാമൂഹ്യചിന്താഗതികളിലൂടെ വ്യക്തിത്വത്തെ നിർവചിക്കുവാനും വിഭാഗീകരിക്കുവാനുമുള്ള മനുഷ്യന്റെ ത്വരയെ ആര്യനിലൂടെ അവതരിപ്പിക്കുന്നു. അവയെ ശരിവച്ചു കൊണ്ടുള്ള ആന്റണിയുടെ പ്രവർത്തിയും സാമൂഹ്യബോധത്തിന് അടിവരയിട്ടു കൊണ്ട് ലൈംഗികന്യൂനപക്ഷങ്ങളെ മറഞ്ഞിരിക്കുവാൻ പ്രേരിപ്പിക്കുന്നു. ആന്റണിയും അയാളുടെ ലൈംഗികബന്ധത്തിലെ പങ്കാളിയും സമൂഹത്തിൽ അവർക്കേൽക്കുവാൻ സാധ്യതയുള്ള പാർശ്വവൽക്കരണത്തെ മറികടക്കുവാൻ കൊലപാതകത്തിന് മുതിരുമ്പോൾ സമൂഹത്തിൽ ക്രിമിനൽ ചിന്താഗതിയുള്ള, സ്വാർത്ഥാവശ്യങ്ങൾക്കായി സുഹൃത്തിനെപ്പോലും ബലിയാടാക്കുവാൻ മടിയില്ലാത്തവരായി അവർ പ്രതിനിധാനം ചെയ്യപ്പെടുന്നു.

 ഇതിനു സമാനമായൊരു രംഗം ശ്യാമപ്രസാദ് സംവിധാനം ചെയ്ത് നിഷാന്ത്, ആസിഫ് അലി എന്നിവർ കേന്ദ്രകഥാപാത്രമായി 2009-ൽ ഇറങ്ങിയ ഋതുവിൽ കാണാം.

 ജിത്തു : അവൻ ഒരു ഗേ ആണ്.

 ശരത് : (ഞെട്ടലോടെ) ഗേ.. ഹ്മ് വാട്ട് ആർ യു സേയിങ്?

 ജിത്തു : ബട്ട് ഇറ്റ്സ് ഓക്കേ. ദാറ്റ് ഹിസ് ബിസിനസ്.

 ചതിയനും സോഫ്റ്റ്‌വെയർ മോഷ്ടിച്ച് സുഹൃത്തിന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുന്ന സണ്ണിയുടെ സ്വഭാവവിവരണം നടത്തുന്ന സന്ദർഭത്തിലാണ് ജിത്തുവിന്റെ ഈ പ്രസ്താവന. മോഷണം, ചതി തുടങ്ങിയ ദൂഷ്യവശങ്ങളുമായി ചേർത്തുവച്ചാണ് സണ്ണിയുടെ ലൈംഗികസ്വത്വം ഇവിടെ അവതരിപ്പിക്കുന്നത്. ടെക്കിയും പുരോഗമന കമ്മ്യൂണിസ്റ്റുകാരനുമായ ശരത് ഇപ്രകാരം ഞെട്ടുമ്പോൾ സാധാരണക്കാരന് വികലമായ എന്തൊക്കെ സങ്കല്പങ്ങൾ ലൈംഗികന്യൂനപക്ഷങ്ങളെക്കുറിച്ചുണ്ടാവാം.

ഗേയിസത്തേപ്പോലെത്തന്നെ ലെസ്ബിയനിസത്തിന്റെ കാര്യവും മറ്റൊന്നല്ല. ഉദയകൃഷ്ണയുടെ രചനയിൽ വൈശാഖ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമാണ് 2022 മാർച്ചിലിറങ്ങിയ മോൺസ്റ്റർ. ഒരു കേസന്വേഷണത്തിന്റെ ഭാഗമായി ലക്കി സിങ് എന്ന വ്യാജ പേരിലെത്തുന്ന ശിവദേവ് സുബ്രഹ്മണ്യത്തിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. ഒന്നാം വിവാഹവാർഷികദിനത്തിൽ കേക്കിൽ വിഷം കലർത്തി പങ്കാളിയെ കൊന്ന് ഇൻഷുറൻസ് തുക നേടി മറ്റൊരു ഇരയെ കാത്തിരിക്കുന്ന ക്രിമിനൽ പശ്ചാത്തലമുള്ളവരാണ് ഭാമിനിയും അവളുടെ പ്രണയ പങ്കാളിയും. വ്യത്യസ്ത പേരുകളിൽ, വ്യത്യസ്ത ഇടങ്ങളിൽ വിജയിച്ച അവർ പിടിക്കപ്പെടുകയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കാരണങ്ങളും ന്യായവാദങ്ങളും നിരത്തുകയും ചെയ്യുന്നതാണ് സിനിമയുടെ ക്ലൈമാക്സ്.

ഭാമിനിയുടെ പ്രണയപങ്കാളി ദുർഗയാണ്. കൊൽക്കത്തയിലെ മിഷനറി ഓർഫനേജിൽ നിന്നാരംഭിക്കുന്നു ഇരുവരുടെയും ആത്മബന്ധം. രണ്ടുപേരുടെയും ഇഷ്ടങ്ങൾ തിരിച്ചറിഞ്ഞപ്പോൾ അവിടെ നിന്നും അവർ പുറത്താക്കപ്പെടുന്നു. സ്വവർഗ ലൈംഗികതയെ, ലെസ്ബിയൻ ചിന്താഗതിയെ അംഗീകരിക്കുവാൻ മാത്രമുള്ള വിശാലത അന്ന് സമൂഹത്തിനും നിയമവ്യവസ്ഥയ്ക്കും ഉണ്ടായിരുന്നില്ല. പിന്നീട്, പ്രായപൂർത്തിയായപ്പോൾ ഇരുവരും ലെസ്ബിയൻ മേരേജ് ആക്റ്റ് പ്രകാരം ഹരിയാനയിൽ വച്ച് കല്യാണം കഴിക്കുകയും നാട്ടുകാരുടെ വിദ്വേഷത്തിന് പാത്രമാവുകയും വിവസ്ത്രരായി തെരുവിലൂടെ നടത്തപ്പെടുകയും ചെയ്യുന്നു. ഈയൊരു സംഭവം സൃഷ്ടിച്ച ട്രോമയിൽ നിന്നാണ് സമൂഹത്തോടുള്ള പകയും പ്രതികാരവും ഇരുവരിലും രൂപപ്പെടുന്നത്. അതിന്റെ ഭാഗമായി സീരിയൽ കില്ലിങ്ങിലേക്ക് ഭാമിനിയും ദുർഗയും കടക്കുന്നു.

 അന്വേഷണ ഉദ്യോഗസ്ഥനായ ശിവ്ദേവ് സുബ്രഹ്മണ്യത്തിന് മുന്നിൽ ഭാമിനി തന്റെ ക്രൈം, ലൈഫ് പാർട്ണറെ വെളിപ്പെടുത്തുന്ന രംഗം ശ്രദ്ധേയമാണ്. ഉദ്യോഗസ്ഥന് മുന്നിൽ വെച്ച് രക്ഷപ്പെടാനുള്ള ടിക്കറ്റും ബാഗും വലിച്ചെറിഞ്ഞ് ഭാമിനിയും ദുർഗയും പരസ്പരം പരിസരം മറന്നു ചുംബിക്കുകയും കെട്ടിപ്പുണരുകയും ചെയ്യുന്നു. കുറ്റകൃത്യങ്ങളിലേക്ക് കടക്കുവാനുള്ള ന്യായവാദങ്ങൾ നിരത്തുമ്പോഴും ഇരുവരുടെയും കൈകൾ ചേർത്ത് പിടിച്ചിരിക്കുന്നത് കാണാം. അവർക്ക് സംഭവിച്ച ജീവിതാവസ്ഥകളെ സഹാനുഭൂതിയോടെ നോക്കി കാണുന്ന ഉദ്യോഗസ്ഥനോട് ഇരുവർക്കും ദയയല്ല മറിച്ച് പകയാണുള്ളത്. അവരുടെ തെറ്റുകുറ്റങ്ങൾ അംഗീകരിക്കുവാനോ പശ്ചാത്തപിക്കുവാനോ പാകമല്ല അവരുടെ മനസ്സ്. വെല്ലുവിളികളെ കായികമായി നേരിടാനും കൊല്ലുവാനും നീതിന്യായ വ്യവസ്ഥയിൽ നിന്ന് ഒളിച്ചോടാനുമാണ് അവർക്ക് താൽപര്യം.

 ഇന്ത്യൻ സാഹചര്യത്തിൽ ലെസ്ബിയൻ ബന്ധങ്ങൾക്ക് അനുയോജ്യമായ അന്തരീക്ഷമല്ല എന്ന നിലപാട് അവതരിപ്പിക്കുകയാണ് മോൺസ്റ്റർ. ലെസ്ബിയൻ ലൈംഗികബന്ധം കുത്തഴിഞ്ഞ സ്ത്രീ ലൈംഗികതയാണ് എന്ന ആശയം സിനിമ മുന്നോട്ട് വെക്കുന്നുണ്ട്. ഓർഫനേജിലെയും ക്ലൈമാക്സിലെയും രംഗങ്ങൾ ഇതിന് ഉദാഹരണമാണ്. ഇത്തരത്തിൽ പരിസരബോധമില്ലാതെ ചുറ്റുപാടുകളെ പരിഗണിക്കാതെ പ്രണയ, ലൈംഗികചേഷ്ടകൾ പ്രകടിപ്പിക്കുന്നവരായി ലെസ്ബിയനിസത്തെ അവതരിപ്പിക്കുന്നു. ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള ഐക്യദാർഢ്യമോ, അവർക്ക് ഇത്രയും കാലം നിഷേധിക്കപ്പെട്ട നീതിയോടുള്ള പരിഹാരമോ അല്ല സിനിമ. ലെസ്ബിയനിസത്തെ വിഷയവത്ക്കരിച്ചു എന്നതൊഴിച്ചു നിർത്തിയാൽ സ്ത്രീലൈംഗികതയോടുള്ള പുരുഷന്റെ കൗതുകമാണിതെന്ന് മനസ്സിലാക്കാം. സ്ത്രീയുടെ കാഴ്ചകൾ എന്ന രീതിയിൽ അവതരിപ്പിക്കുന്നവ കേവലം പുരുഷനോട്ടങ്ങൾ മാത്രമാണ്. പുരുഷന്റെ കാഴ്ചപ്പാടിലൂടെയുള്ള സ്ത്രീ ആവിഷ്കാരമായി സിനിമ പരിണമിക്കുമ്പോൾ സമൂഹം എപ്രകാരം ലൈംഗിക ന്യൂനപക്ഷങ്ങളെ വിലയിരുത്തണമെന്ന് മന:പ്പൂർവ്വമല്ലെങ്കിലും സിനിമ നിർദ്ദേശിക്കുന്നുണ്ട്. എങ്കിലും ഭാമിനിയും ദുർഗയും പിടിയിലായതിനുശേഷം ശിവ്ദേവ് സുബ്രഹ്മണ്യം സഹപ്രവർത്തകനോട് പറയുന്നു,

ശിവ്ദേവ് സുബ്രഹ്മണ്യം : അവർക്ക് ആഗ്രഹിച്ചതുപോലെത്തന്നെ ജീവിക്കാമായിരുന്നു. നമ്മുടെ രാജ്യം ഇന്നതിനുള്ള നിയമ സംരക്ഷണം നൽകുന്നുണ്ട്. കൊലപാതകികളുടെ സാഹചര്യമല്ല, കൊല്ലപ്പെട്ടവർക്ക് ലഭിക്കേണ്ട നീതിയാണ് നമ്മുടെ ഉത്തരവാദിത്തം.

 കൊല്ലപ്പെട്ടവർക്കുള്ള നീതി സംരക്ഷിക്കപ്പെടുമ്പോഴും ജീവിച്ചിരുന്നവർക്ക് വേണ്ടിയുള്ള നീതിയും നിയമപരിപാലനവും കഥാപാത്രത്തിന്റെ വാക്കുകളിൽ മാത്രം ഒതുങ്ങിത്തീരുന്നു.

 സമത്വവും സമതയും സമൂഹത്തിന്റെ കൂട്ടായ പ്രവർത്തനത്തിനും ഉന്നമനത്തിനും പ്രയോജനപ്പെടുത്തേണ്ടവയാണ്. ഒന്നാമത്, രണ്ടാമത് എന്നിങ്ങനെയുള്ള വേർതിരിവുകൾ ലിംഗപരതയുടെ കാര്യത്തിൽ അപ്രസക്തമാണ്. എങ്കിലും അധികാര നേതൃത്വസ്ഥാനങ്ങളിലുള്ളവരുടെ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നതിന്റെ ഭാഗമായി പലപ്പോഴും ബാക്കിയുള്ളവ അവഗണിക്കപ്പെടുകയോ തരംതാഴ്ത്തപ്പെടുകയും ചെയ്യുന്നു. ഇത് കലാകാലങ്ങളായി ആവർത്തിക്കപ്പെടുമ്പോൾ പുതിയ സോഷ്യൽ ഹൈറാർക്കികൾ രൂപം കൊള്ളുന്നു. ഇത്തരം രൂപംകൊള്ളലുകളെ പൊളിച്ചെഴുതുകയും പുതിയ സാമൂഹ്യപാഠങ്ങളെ നിർമ്മിക്കുകയുമാണ് സാമൂഹിക സമതയ്ക്കും വിമത ലൈംഗിക വിഭാഗങ്ങൾക്കും ആവശ്യം.

സാമൂഹ്യജ്ഞാനനിർമ്മിതിയുടെ സാധ്യതകളിൽ ഒന്നുമാത്രമായ സിനിമ പ്രേക്ഷകരിലുണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. സമരസപ്പെടലിലൂടെയും സ്വാംശീകരണത്തിലൂടെയും വ്യക്തിക്ക് സ്വയം അറിവ് നിർമ്മിക്കുവാൻ സാധിക്കുമെന്ന സൈദ്ധാന്തികതലം നിലനിൽക്കെ സമൂഹത്തിനും അതിലൂടെ വ്യക്തിക്കും വ്യാജ സാമൂഹ്യബോധം നിർമ്മിച്ചു നൽകുകയാണ് എഴുത്തുകാരും സംവിധായകരും. അനൗദ്യോഗികവും യാദൃശ്ചികവുമായ സാഹചര്യങ്ങളിൽ കാഴ്ചക്കാരിൽ തെറ്റിദ്ധാരണകൾ പകരുവാൻ ഇത് കാരണമാകുന്നു. സമീപകാലത്ത് തൃശ്ശൂരിലെ പ്രമുഖ കോളേജിൽ LGBTQIA+ പതാകയെ വികൃതമാക്കിയ സംഭവം ഇതിനൊരു ഉദാഹരണം മാത്രമാണ്. ജനാധിപത്യമൂല്യങ്ങളുടെ യാതൊരു സംരക്ഷണവും ലഭിക്കാതെ വിമതരായി തുടരുവാൻ സമൂഹം അവരെ കാലാകാലങ്ങളായി പ്രേരിപ്പിക്കുന്നു.


സഹായകഗ്രന്ഥങ്ങൾ, ലിങ്കുകൾ

1. രശ്മി. ജി (ഡോ), അനിൽകുമാർ കെ. എസ്, ലെസ്ബോസ് മലയാളത്തിലെ ലെസ്ബിയൻ കഥകൾ, 2019, ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം

2. രശ്മി. ജി (ഡോ), അനിൽകുമാർ കെ. എസ്, കനി മലയാളത്തിലെ ഗേ കഥകൾ, 2020, ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം

5. മുംബൈ പോലീസ് - https://youtu.be/O9R-zeMX7Yo

 

വിഷ്ണു പി. എസ്.

ഗവേഷകൻ, കേരള കേന്ദ്രസർവകലാശാല

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

              ഷീന എസ്

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page