"നാങ്കളെ കൊത്തിയാലും ചോരയല്ലേ ചൊവ്വറേ നീങ്കളെ കൊത്തിയാലും ചോരയല്ലേ ചൊവ്വറെ"
- GCW MALAYALAM
- 2 days ago
- 6 min read
അഭിമുഖം.
തെയ്യം കലാകാരൻ ശ്രീ പ്രസിൽ & സായന്ത് കെ. , ഗവേഷകൻ, മലയാളവിഭാഗം,സർക്കാർ വനിതാ കോളേജ്.

കണ്ണൂർ ജില്ലയിലെ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് തെയ്യം .തെയ്യം എന്നാൽ ദൈവം എന്ന് തന്നെയാണ് അർത്ഥം. ഫോക് ലോർ പഠനത്തിൽ മാറ്റിനിർത്താൻ സാധിക്കാത്ത ഒരു അനുഷ്ഠാനമാണ് തെയ്യം. തൻ്റെ പന്ത്രണ്ടാം വയസ്സിൽ കൈക്കോളൻ എന്ന കുട്ടിത്തെയ്യം കെട്ടി തെയ്യത്തിന് ആരംഭംകുറിച്ച് ഇന്ന് ബപ്പൂരൻ, എടലാപുരത്ത് ചാമുണ്ഡി, മണത്തണകാളി, കാരണവർ, കുടിവീരൻ, വേട്ടക്കൊരു മകൻ ,ഊർപ്പഴശ്ശി,മൂത്താച്ചി എന്നിങ്ങനെയുള്ള നിരവധി തെയ്യങ്ങൾ കെട്ടിയാടുന്ന കണ്ണൂർ കീഴ്ത്തള്ളി സ്വദേശിയായ ശ്രീ പ്രസിൽ, കഴിഞ്ഞ പതിനെട്ട് വർഷക്കാലമായി തെയ്യംമേഖലയിലെ സജീവസാന്നിധ്യമാണ്.
തെയ്യം കലാകാരനായ പ്രസിലുമായുളള അഭിമുഖം നടത്തിയത് സർക്കാർ വനിതാകോളേജ് മലയാളവിഭാഗം ഗവേഷകനായ സായന്ദ് കെ.
1 ) ഒരു തെയ്യം എങ്ങനെയാണ് രൂപപ്പെടുന്നത്?
ഒരു കോലധാരി കോലം കെട്ടുന്നതിന് നിയോഗം വന്ന സമയം മുതൽ തെയ്യം രൂപപ്പെട്ടു തുടങ്ങുന്നു. ഓരോ തെയ്യങ്ങൾക്കും ഓരോ വ്രതങ്ങളാണ്. ആ വ്രതം തുടങ്ങുന്ന സമയം മുതൽക്ക് കോലത്തിലേക്കുള്ള യാത്ര ആരംഭിക്കും. വ്രതാനുഷ്ഠാനത്തോടുകൂടി മുഖത്തെഴുതി അണിയലങ്ങൾ കെട്ടുന്നതോടുകൂടി തെയ്യത്തിന്റെ രൂപത്തിന് പൂർണ്ണത കൈവരിക്കുന്നു. പിന്നീട് പാരമ്പര്യമായി ഗുരുക്കന്മാരിൽ നിന്ന് കൈമാറി വന്ന വരവിളി, തോറ്റംപാട്ട്, മൂലമന്ത്രങ്ങൾ എന്നിവയെല്ലാം ചൊല്ലി ദൈവത്തെ കോലാധികാരിയുടെ ശരീരത്തിലേക്ക് ആവാഹിക്കുന്നതോടുകൂടി തെയ്യത്തിന്റെ തുടക്കം കൈവരുന്നു. എന്നാൽ തെയ്യം കെട്ടി തെയ്യത്തിന്റെ മുടി അഴിക്കുന്നത് വരെയുള്ള ചടങ്ങുകൾ ചിട്ടയായി നടത്തി പൂർത്തിയാക്കിയാൽ മാത്രമേ തെയ്യത്തിന് പൂർണ്ണത ഉണ്ടാവൂ. അല്ലാതെ വെറുതെ ഒരു കോലം കെട്ടി മുന്നിൽ നിന്നാൽ മാത്രം തെയ്യം ആവില്ല. ചടങ്ങുകളും കാര്യങ്ങളും അതിൻ്റെ അനുഷ്ഠാനത്തിൽ ചെയ്താൽ മാത്രമേ തെയ്യം പരിപൂർണ്ണമാവുകയുള്ളൂ.
2.അനീതികൾക്കെതിരെയുള്ള പ്രതിരോധമായി തെയ്യങ്ങൾ മാറുന്നുണ്ടല്ലോ? എങ്ങനെയാണ് തെയ്യങ്ങളിൽ ഇത്തരം പ്രതിരോധങ്ങൾ സാധ്യമാകുന്നത്.
തെയ്യങ്ങളുടെ ചരിത്രം എടുത്തു നോക്കുമ്പോൾ ഒട്ടുമിക്ക തെയ്യങ്ങളും ഭൂമിയിൽ ഉടലെടുത്തത് അസുരന്മാരുടെ നിഗ്രഹത്തിന് വേണ്ടിയിട്ടാണെന്ന് കാണാം. ഉദാഹരണത്തിന് മണത്തണ പോതി അഥവാ നെടുവാലിയൻ കോട്ടത്ത് മണത്തണ നീല കരിങ്കാളി ഭഗവതി എന്നാണ് പൂർണ്ണനാമം.അസുരനിഗ്രഹം ലക്ഷ്യമിട്ട് ഭൂമിയിൽ അവതരിച്ച ദേവി എന്നതാണ് മണത്തണയുടെ സങ്കല്പം.ദാരികവധം കഴിഞ്ഞ് ഭൂലോകർക്ക് ശാന്തിയും സമാധാനവും കൈവരിച്ച് അവതാര ലക്ഷ്യം പൂർത്തിയാക്കി വരുന്ന ദേവി എന്നതാണ് തെയ്യത്തിന്റെ ചടങ്ങ്. അതിനുശേഷം കലാശം കഴിഞ്ഞ് വാചാലങ്ങൾ അഥവാ ഭക്തനുമായുള്ള സംവാദങ്ങൾ നടത്തുന്നത് തെയ്യത്തിൻ്റെ പതിവ് കാഴ്ചയാണ്. അതായത് അസുരനിഗ്രഹത്തിന് ശേഷം ഭൂമിയിലെ മനുഷ്യർക്ക് ആശ്വാസം പകരുന്നത് പോലെയാണ് കലാശത്തിനുശേഷം ഭക്തനുമായി തെയ്യം സംവദിക്കുന്നത്. തെയ്യം ഭക്തരുടെ വിഷമങ്ങൾ കേട്ട് പ്രതിവിധി കൽപ്പിക്കുന്നത് ഇത്തരം സന്ദർഭങ്ങളിൽ തെയ്യങ്ങൾ ഭക്തൻ കാട്ടിയ അനീതികൾക്കെതിരെ ചോദ്യം ഉയർത്തുകയും ചെയ്യുന്നതായി കാണാം. അതുപോലെതന്നെ മിക്ക തെയ്യങ്ങളുടെ തോറ്റം മുതൽക്ക് തന്നെ നമ്മുടെ സമൂഹത്തിൽ നിലനിന്നിരിക്കുന്ന അനീതികൾക്കെതിരെയുള്ള പ്രതിരോധങ്ങൾ ഉയർന്നു വരുന്നത് കാണാം. അതിനാലാണ് പൊട്ടൻ തോറ്റതിൽ "നാങ്കളെ കൊത്തിയാലും ചോരയല്ലേ ചൊവ്വറേ നീങ്കളെ കൊത്തിയാലും ചോരയല്ലേ ചൊവ്വറെ" എന്ന് ഉറക്കെ പ്രഖ്യാപിക്കാൻ സാധിക്കുന്നത്. ജാതി മത വർണ്ണ ലിംഗ ഭേദമന്യേ എല്ലാ
മനുഷ്യന്റെയും ഉള്ളിൽ ഉള്ളത് ഒരേ നിറത്തിലുള്ള ചോര തന്നെയാണ് എന്നുള്ള പ്രഖ്യാപനം വഴി സമൂഹത്തിൽ നിലനിന്നിരുന്ന ജാതിയതക്കെതിരെയുള്ള പ്രതിരോധമായി മാറുന്നത് കാണാം. ഇത്തരത്തിൽ ഒരു തെയ്യത്തിന്റെ തുടക്കം മുതൽ അവസാനം വരെ നിലനിൽക്കുന്ന വ്യവസ്ഥിതികൾക്കെതിരെയുള്ള പ്രതിരോധങ്ങളുടെ അടയാളപ്പെടുത്തലുകൾ കാണാൻ സാധിക്കും.
3.കാവു പാരമ്പര്യം ആണല്ലോ തെയ്യത്തിന്റെ അടിസ്ഥാനം. എന്നാൽ ഇന്ന് പല കാവുകളിലും മരങ്ങൾ മുറിച്ചുമാറ്റിയും, നിലങ്ങളിൽ ഇൻ്റർലോക്ക് പാകിയും, മതിലുകൾ കെട്ടിയും വികസിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുക. ഇത്തരം വികസനങ്ങൾ കാവു പാരമ്പര്യത്തിന് വിരുദ്ധമല്ലേ?
മരങ്ങൾ മുറിച്ചു മാറ്റുകയും നിലങ്ങളിൽ കോൺക്രീറ്റ് പാകുകയും ചെയ്യുന്നത് യഥാർത്ഥത്തിൽ കാവ് പാരമ്പര്യത്തിന് വിരുദ്ധം തന്നെയാണ്. എന്നെ സംബന്ധിച്ച് പഴയകാലത്തെ കാവുകളും നവീകരണത്തിന്റെ ഭാഗമായി തീർത്ത കാവുകളും കണ്ടിട്ടുണ്ട്. പഴയകാലത്ത് കാവുകളെ സംബന്ധിച്ച് കാവ് എന്നത് മനസംതൃപ്തിയും സമാധാനവും നൽകുന്ന ഒന്നാണ്. ക്ഷേത്രത്തിനു മുന്നിൽ നിൽക്കുമ്പോൾ തന്നെ കാവ് എന്ന രീതിയിൽ നല്ലൊരു അനുഭൂതിയാണ് കിട്ടിയിരുന്നത്. എന്നാൽ ഇന്ന് അവയെല്ലാം മാറിയിരിക്കുന്നു. മരങ്ങൾ മുറിച്ചുമാറ്റി മണ്ണിനെ മറയ്ക്കുന്ന ഇൻറർലോക്കുകളും വലിയ വലിയ മതിലുകളും കെട്ടാൻ തുടങ്ങി. മതിലുകൾ കെട്ടുന്നത് അതിരുകൾ തിരിക്കുന്നതിന് ആണെന്ന് കരുതാം. എന്നാൽ ഇന്റർലോക്ക് ഇടുക എന്നത് കാവിനോടുള്ള വലിയൊരു ക്രൂരത തന്നെയാണ്. ഭക്തിയുടെ രീതിയിൽ നോക്കുകയാണെങ്കിൽ ഒരു ഭക്തൻ കാവിൽ പ്രവേശിക്കുമ്പോൾ നഗ്നപാദം ഭൂമിയിൽ തട്ടിത്തൊഴണം എന്നാണ് പറയുക. അതായത് പാദം മുതൽ മൂർദ്ധാവ് വരെ എന്നാണ് കണക്ക്. എന്നാൽ ഇന്റർലോക്ക് ആക്കിയ സ്ഥലങ്ങളിൽ ഇത് സാധ്യമല്ല അതുപോലെതന്നെ മരങ്ങളുടെ വെട്ടി മാറ്റലുകളും. ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും സൃഷ്ടാവാണ് ദൈവം. എന്നാൽ മനുഷ്യൻ അവരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടിയും മത്സരങ്ങൾക്ക് വേണ്ടിയും മറ്റു ജീവിശാലങ്ങളുടെ നിലനിൽപ്പനാധാരമായ മരങ്ങളും ചെടികളും മുറിച്ച് ആവാസവ്യവസ്ഥയെ തന്നെ ഇല്ലാതാക്കി കാവിന്റേതായ അനുഭൂതി നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് കാവ് പാരമ്പര്യത്തിന് തീർത്തും വിരുദ്ധമാണ് ഇത് ഒരർത്ഥത്തിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന മത്സരങ്ങളുടെ ഫലമായി ഉണ്ടായതാണെന്ന് പറയാം. ഓരോ കാവുകളും എത്ര കണ്ടു വികസിക്കാൻ സാധിക്കുമോ അതിൻറെ പരമാവധി വികസനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ കാവുകളുടെ നവീകരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വലിയ കോൺക്രീറ്റ് കെട്ടിടങ്ങൾ കെട്ടിയുയർത്തുന്ന നിലയിലേക്കാണ് എത്തുന്നത്. ഇത്തരം വികസനങ്ങൾ കാവുകളുടെ പവിത്രതയെ തന്നെ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. എന്നാൽ നിലനിന്നിരുന്ന കാവു പാരമ്പര്യത്തെ അതിന്റെ തനിമ ഒട്ടുംതന്നെ ചോരാതെ കാത്തുസൂക്ഷിക്കുന്ന കാവുകളും ഇന്ന് ചില ഇടങ്ങളിലെങ്കിലും ഉണ്ട്.
4.'കനലാടി' എന്നാണ് തെയ്യക്കാരനെ വിളിക്കുന്ന മറ്റൊരു പേര്. കനലിൽ ആടുന്നവനാണ് കനലാടി. ഇത്തരത്തിൽ ആടുന്ന ഓരോ തെയ്യക്കാരന്റെയും ജീവിതത്തിൽ പിന്നീട് എന്താണ് സംഭവിക്കുന്നത്?
ഒരു തെയ്യക്കാരൻ എന്ന നിലയിൽ തെയ്യം കെട്ടിയാടി കഴിയുന്ന സമയം വരെ ഒരുപാട് കഷ്ടതകളും പ്രയാസങ്ങളും സഹിച്ചു നിൽക്കേണ്ടതാണ്. ഒരുപാട് കെട്ടുകൾ നമ്മുടെ ശരീരത്തിൽ കെട്ടി ഉറപ്പിച്ചിട്ടുണ്ടാകും. അതായത് തെയ്യത്തിന്റെ അണിയിലങ്ങളായ തലപ്പാളി, അരയിൽ കെട്ടുന്ന ചന്ദ്രക്കെട്ട് ,അല്ലെങ്കിൽ അടുക്ക് എന്നിങ്ങനെ നിരവധി ചരടുകൾ തെയ്യക്കാരന്റെ ശരീരത്തിൽ വലിച്ചുമുറുക്കി കിട്ടുന്നുണ്ട്. ഇത്തരത്തിൽ കെട്ടുന്ന ചരടുകളിലെ ഏതെങ്കിലും ഒരു കെട്ട് ഊരി പോയാൽ അത് പ്രയാസമാണ്. അതിനാൽ അതിന്റേതായ മുറുക്കത്തിലാണ് കെട്ടുന്നത്. ഇതേ കെട്ടുകളിൽ വിയർപ്പ് വന്നടിയുമ്പോൾ കെട്ടിന്റെ മുറുക്കം കൂടുകയും ചെയ്യുന്നു. ഇത്തരം കെട്ടുകൾ എല്ലാം തെയ്യക്കാരന്റെ തല മുതൽ പാദം വരെ ഉണ്ടാകും. ഇതിൽ നിന്നും ഉണ്ടാവുന്ന വേദനകൾ തെയ്യത്തിന്റെ തുടക്കം മുതൽ അവസാനം വരെ ഉള്ള മണിക്കൂറുകളിൽ കോലക്കാരൻ സഹിക്കേണ്ടതാണ്. തെയ്യം കഴിഞ്ഞതിനുശേഷം യഥാർത്ഥത്തിൽ തെക്കാരനെ സംബന്ധിച്ച് ശരീരം ഒരു മരവിപ്പിലൂടെയാണ് കടന്നു പോകുക. പിന്നീട് ശരീരം ശരിയായി എന്ന് കരുതി അത് കാര്യമാക്കാതെ അടുത്ത കാവിലേക്ക് നീങ്ങുകയാണ് ഞാനുൾപ്പടെയുള്ള എല്ലാ തെയ്യക്കാരും ചെയ്യുന്നത്. എന്നാൽ ഇതിൻ്റെയെല്ലാം പാർശ്വഫലം പിന്നീടാണ് ശരീരത്തിന് അറിയുക. നല്ലപോലെ തെയ്യം കെട്ടിയാടുന്ന തെയ്യക്കാരനെ സംബന്ധിച്ച് മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നതിന് സാധിക്കുമെങ്കിലും പിന്നീട് വാർദ്ധക്യാവസ്ഥയിലേക്ക് കടക്കുമ്പോൾ പണ്ട് കെട്ടിയാടിയ വേദനകൾ മുറുകി ശരീരം വഴങ്ങാത്ത അവസ്ഥയിലേക്ക് കടക്കുകയാണ് ചെയ്യുന്നത്. തെയ്യംകെട്ടിയാടുന്നതിനിടയിൽ ഭക്ഷണമോ മലമൂത്രവിസർജനമോ ഉറക്കമോ ഒന്നും തന്നെ കൃത്യമായി നടക്കാതെ പിടിച്ചുനിൽക്കുന്നതിനാൽ തന്നെ യൗവനത്തിൽ നിന്ന് വാർദ്ധക്യത്തിലേക്ക് കടക്കുമ്പോൾ തെയ്യക്കാരന്റെ ജീവിതം ദുരിത പൂർണമാക്കുന്നതിന് സാധ്യത കൂടുന്നു. അതുവഴി യൗവന കാലത്ത് കെട്ടിയടിയ പേരും പെരുമയും ഇന്നില്ലാതാവുന്നു. ഒരുകാലത്ത് നമ്മളെ ഉയർത്തിപ്പിടിച്ച മനുഷ്യർ തന്നെ തിരിച്ചു പറയുന്ന സ്ഥിതി ഉണ്ടാകുന്നു. തെയ്യം കെട്ടിയാടിയ മനുഷ്യൻ്റെ വാർദ്ധക്യാവസ്ഥയിൽ നേരിടുന്ന പ്രശ്നങ്ങളോ ദുരിതങ്ങളോ ആരും തന്നെ ശ്രദ്ധിക്കാറില്ല. അത് തെയ്യക്കാരന്റെയും അവൻ്റെ കുടുംബത്തെയും മാത്രം ബാധിക്കുന്നവയാണ്. ചില വ്യക്തികളെ സംബന്ധിച്ച് ജീവിച്ചു തീർക്കേണ്ട കാലങ്ങൾക്ക് മുന്നേ രോഗങ്ങൾ വന്ന് മരിക്കുന്ന സ്ഥിതിയും ഉണ്ട്. തെയ്യം കെട്ടിയാടുമ്പോൾ ഉള്ള പേരും പദവിയും ധനവും അല്ലാതെ അതിനു ശേഷം എന്ത് സംഭവിക്കുന്നു എന്ന് നോക്കാൻ ഒരു മനുഷ്യനും ഉണ്ടാവില്ല. ഇവിടെ തെയ്യക്കാരന്റെ കുടുംബത്തിനു മാത്രമാണ് നഷ്ടം.തീയിൽ തീക്കോലം കെട്ടുന്ന വ്യക്തികൾ ചെറിയ പൊള്ളലുകൾ കാര്യമാക്കാതെയിരുന്ന് കാലു വരെ മുറിച്ചു മാറ്റേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ ഇന്നും ദുരിതം അനുഭവിക്കുന്നവരും മരണപ്പെട്ട വരും ധാരാളമുണ്ട്. എന്നാൽ ഇത് ആരും തന്നെ അറിയുന്നില്ല എന്നതാണ് സത്യം.
പിന്നെ കാലഘട്ടത്തിനനുസരിച്ച് തെയ്യക്കാര്‍ക്കിടയിൽ തൊഴിൽപരമായി മാറ്റങ്ങളുണ്ട്. ആദ്യകാല തലമുറയിൽ പെട്ടവർ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകാതെ തെയ്യത്തിനു മാത്രമായിരുന്നു പ്രാധാന്യം നൽകിയിരുന്നത്. അതിനാൽ തന്നെ തെയ്യകാലത്ത് മാത്രം നല്ല രീതിയിൽ ജീവിതം മുന്നോട്ടു പോകുന്ന മനുഷ്യരായിരുന്നു ആദ്യകാലത്ത് ഉണ്ടായിരുന്നത്. എന്നാൽ ഇന്നത്തെ തലമുറ തെയ്യത്തിനു ഒപ്പം തന്നെ വിദ്യാഭ്യാസത്തിനും മറ്റ് ഉപജീവനമാർഗ്ഗത്തിനും പ്രാധാന്യം നൽകുന്നതായി കാണാം. അതിനാൽ തന്നെ പഴയ തലമുറയെ അപേക്ഷിച്ച് ഇന്നത്തെ തലമുറയിലെ തെയ്യക്കാർക്ക് തെയ്യത്തിനോടൊപ്പം തന്നെ സ്വന്തമായി മറ്റൊരു വരുമാനമാർഗം കൂടി ഉണ്ടാകുന്നുണ്ട്. എന്നാൽ മുന്നേ പറഞ്ഞ ആരോഗ്യ പ്രശ്നങ്ങൾ ഇന്നും ഒരു തുടർക്കഥയാണ്. ഇന്നത്തെ തലമുറയിലെ തെയ്യക്കാർക്ക് ആരോഗ്യപരമായ പ്രശ്നങ്ങൾ നേരിടുന്നവരെ സഹായിക്കാൻ മിക്ക സംഘടനകളും മുന്നോട്ടു വരുന്നുണ്ട് എന്നുള്ളത് ഒരു ആശ്വാസമാണ്.
5.നിങ്ങൾക്കെട്ടിയാടുന്ന ഏതെങ്കിലും ഒരു തെയ്യത്തെ പരിചയപ്പെടുത്താമോ?
ഞാൻ പ്രധാനമായും കെട്ടിയാടുന്ന തെയ്യങ്ങളിൽ ഒന്നാണ് മണത്തണ പോതി അഥവാ നെടുബാലിയൻ കോട്ടത്ത് നീല കരിങ്കാളി ഭഗവതി എന്നതാണ് പൂർണ രൂപം. മുന്നേ പറഞ്ഞതുപോലെ ഭൂലോകർക്ക് നാശം വിതയ്ക്കുന്ന ദാരികനെ വധിക്കാൻ രൂപമെടുത്ത അമ്മയാണ് മണത്തണ നീല കരിങ്കാളി ഭഗവതി. അതായത് ലോകത്തുള്ള ജനതയ്ക്ക് നാശം വിധിക്കാൻ ഉടലെടുത്ത ദാരികനെ നിഗ്രഹിക്കുന്നതിനായി കൈലാസനാഥനായ പരമശിവന്റെ തൃക്കണ്ണിൽ നിന്നും ഉടലെടുത്ത അവതാരമാണ് നെടുബാലിയൻ മണത്തണ നീല കരിങ്കാളി ഭഗവതി. ദാരികവധം കഴിഞ്ഞുവരുന്ന ഭഗവതിയെ 'ഓം' എന്ന് പറഞ്ഞ് പ്രജകൾ സ്വാഗതം ചെയ്യുന്നതാണ് തെയ്യത്തിന്റെ കലാശത്തിൽ കാണാൻ സാധിക്കുന്നത്. കൈലാസനാഥന്റെ തൃക്കണ്ണിൽ നിന്നു വന്നതിനാൽ തന്നെ ഈ തെയ്യത്തെ ശ്രീമഹാദേവന്റെ പൊന്മകൾ എന്നാണ് പറയുന്നത്. അങ്ങനെ ദാരികവധത്തിന് വന്ന് 10 മണിമാടങ്ങളിലൂടെ കടന്നുവരുമ്പോൾ ദാരികന്റെ ബലം കുറഞ്ഞു കുറഞ്ഞു വരികയാണ് അങ്ങനെ പത്താമത്തെ മണിമാടം കടന്ന് വന്നപ്പോളാണ് ദാരികന്റെ മുടിയെ ചുഴലി മൂന്നു ലോകവും ചുഴറ്റി നിലത്തടിക്കുകയായിരുന്നു ദേവി. അപ്പോഴാണ് ദാരികനെ രാവിലെയും രാത്രിയും ആകാശത്തുനിന്നും ഭൂമിയിൽ നിന്നും വധിക്കാൻ സാധിക്കില്ല എന്നറിഞ്ഞത്. അങ്ങനെ മൂന്നും കൂടിയ ത്രിസന്ധ്യാ സമയത്ത് ചെറുനാവിൽ വെച്ച് ദാരികനെ വധിക്കുകയും ശിരസറുത്ത് രുധിരം കുടിച്ച് ആർത്തി ശമിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതാണ് മണത്തണനീലകരിങ്കാളിയുടെ ചരിത്രം. ഇതിനു പുറമെ മറ്റ് ചടങ്ങുകളും തോറ്റങ്ങളും ചേർന്നാണ് തെയ്യം രൂപപ്പെടുന്നത്.
6.തെയ്യത്തിന്റെ ആചാരത്തിന്റെ ഭാഗമായി കോഴിയിറച്ചി, മദ്യം എന്നിവ ഉപയോഗിക്കുന്നത് എന്തിനു വേണ്ടിയാണ്?
ആചാരത്തിന്റെ ഭാഗമായി ദൈവത്തിന് നിവേദിച്ചു വരുന്നവയാണ് മദ്യവും കോഴിയും. അതിന് വ്യക്തമായ ചരിത്ര കഥകളും ഉണ്ട്. ഉദാഹരണം പറയുകയാണെങ്കിൽ മുത്തപ്പന് കള്ളും ഉണക്കമീനും നിവേദിക്കുന്ന പതിവുണ്ട്. അത് പണ്ട് അടിയാത്തി മുത്തപ്പനെ വെച്ച് നൽകിയതാണ് എന്നാണ് ഐതിഹ്യം. ചുരുക്കിപ്പറയുകയാണെങ്കിൽ അടിയാത്തിയുടെ ഭർത്താവ് കള്ള് ചെത്താൻ വന്നപ്പോൾ രണ്ടുദിവസമായി കള്ള് കാണാതെ വരികയും ആരാണ് കള്ള് കുടിക്കുന്നത് എന്ന് മനസ്സിലാക്കാൻ അടുത്ത ദിവസം രാത്രി ഒളിഞ്ഞിരുന്ന് നോക്കിയപ്പോൾ ആരോ കട്ടു കുടിക്കുന്നതായി കാണുകയും ചെയ്തു. അടിയാത്തിയുടെ ഭർത്താവായ ചാത്തൻ അമ്പെയ്ത് വീഴ്ത്താൻ നോക്കുകയും ചെയ്തു. എന്നാൽ അമ്പെയ്ത ചാത്തനെ കള്ള് കട്ടുകുടിക്കുന്ന മുത്തപ്പൻ ശിലയാക്കി മാറ്റി. തൻ്റെ ഭർത്താവിനെ തേടി വന്ന അടിയാത്തിക്ക് ശിലയായി മാറിയ ചാത്തനെയാണ് കാണാൻ സാധിച്ചത്. അപ്പോൾ ചാത്തനെ പഴയപോലെ മനുഷ്യരൂപത്തിൽ ആക്കി തനിക്ക് നൽകിയാൽ നിങ്ങൾക്ക് ഞാൻ 'ഉണക്കമീനും കള്ളും നേദിക്കാം' എന്ന് പ്രാർത്ഥന കൊണ്ട് കൂട്ടിയപ്പോഴാണ് അടിയാത്തിക്ക് ചാത്തനെ പഴയ രൂപത്തിൽ കാണാൻ സാധിച്ചത്. അന്ന് അടിയാത്തി നിവേദിച്ച ഉണക്കമീനും കള്ളുമാണ് മുത്തപ്പന് നേദ്യമായി മാറിയത്. ആദ്യകാലങ്ങളിൽ കള്ള്, റാക്ക് എന്നിവയൊക്കെയായിരുന്നു നൽകിയിരുന്നത്. എന്നാൽ ഇന്ന് റാക്കില്ലാത്തതിനാൽ ചിലയിടത്ത് വിദേശമദ്യം നൽകാറുണ്ട്. പിന്നെ കോഴിയറവ് .കോഴിയറവ് കൊണ്ട് ഉദ്ദേശിക്കുന്നത് ദാരികവധം കഴിഞ്ഞ് രൗദ്രകാളിയായി വന്നവളാണ് ഭഗവതി. ദാരികനെ വധിച്ചു കഴിഞ്ഞു വരുമ്പോൾ ആടിനെ അറുത്ത് ആനയെയറുത്ത് ആളെയറുത്ത് ദാഹം തീർത്തവളാണ് അമ്മ. എന്നാൽ ഇന്ന് അത്തരം കുരുതികൾ ഒന്നും പറ്റില്ല. അതിനാൽ തന്നെ കോഴിയറവിലൂടെ രുധിരം കൊടുത്തു ദേവിയെ തൃപ്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. അത് ചെയ്തില്ലെങ്കിൽ കളിയാമ്പള്ളി എന്ന ചടങ്ങ് ചെയ്യുന്ന കർമ്മയുടെ ശരീരത്തിലെ ചോരകുടിച്ച് ദേവി ദാഹം തീർക്കും എന്നാണ് വിശ്വാസം. കടലും കോരി കുടിച്ചാലും കവിളിൽ നിറയാത്തവരാണ് ദേവി. അങ്ങനെയുള്ള ദേവിയുടെ ദാഹം ശമിപ്പിക്കുന്നതിനായി അല്പം രക്തം നൽകി തൃപ്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. ചില ക്ഷേത്രങ്ങളിൽ കോഴിക്ക് പകരം ആടിനെ അറക്കുന്ന പതിവുമുണ്ട്.
7.തെയ്യം കെട്ടിയാടുന്നതിന് ഏതൊക്കെ സമുദായങ്ങൾക്കാണ് അധികാരമുള്ളത്? നിലവിൽ അധികാരമുള്ള സമുദായങ്ങളിൽ നിന്നും വ്യത്യസ്തമായി മറ്റൊരു സമുദായത്തിലുള്ളവർക്ക് തെയ്യം കെട്ടിയാടാൻ സാധ്യമാണോ?
തെയ്യം കിട്ടിയത് നിയോഗിക്കപ്പെട്ട സമുദായങ്ങളാണ് വണ്ണാൻ,മലയൻ,പുലയൻ,അഞ്ഞൂറ്റാൻ,മുന്നൂറ്റാൻ എന്നീ സമുദായങ്ങൾ. ഇവർക്കാണ് പ്രധാനമായും തെയ്യം കെട്ടിയാടുന്നതിനുള്ള പരിപൂർണ്ണ അധികാരം ഉള്ളത്. ഇതിൽനിന്നും വ്യത്യസ്തമായ സമുദായത്തിൽ ഉൾപ്പെട്ടവർക്ക് തെയ്യംകെട്ടിയാടുന്നതിനുള്ള അവകാശം ഇല്ല. അവർ കെട്ടിയാടിയാൽ തെയ്യത്തിന് പൂർണ്ണതയുണ്ടാവുകയുമില്ല.കാരണം ഇത് പാരമ്പര്യമായി കൈമാറിവരുന്ന അറിവുകളും ആചാരങ്ങളുമാണ്.തെയ്യത്തിൻ്റെ രൂപംമാത്രം അറിഞ്ഞതുകൊണ്ട് കാര്യമില്ല. തലപ്പാളിയിൽ അണിയുന്ന ഇരുപത്തിയൊന്ന് ഗുരുക്കന്മാർ എന്താണെന്നും എങ്ങനെ അതിനെ പരിപാലിക്കണമെന്നും അറിയണം.ഇത്തരം അറിവുകൾ പാരമ്പര്യമായി കിട്ടുന്നതാണ്. അതുപോലെ മേൽപറഞ്ഞ സമുദായങ്ങളിൽ തന്നെ ഓരോ സമുദായത്തിനും കെട്ടിയാടുന്നതിന് പ്രത്യേകം പ്രത്യേകം തെയ്യങ്ങൾ ഉണ്ട്. അത് നിയോഗിക്കപ്പെട്ട സമുദായം കെട്ടിയാൽ മാത്രമേ തെയ്യം പൂർണ്ണതകൈവരിക്കൂ.
8.തെയ്യം എന്ന അനുഷ്ഠാനത്തെ കച്ചവടവൽക്കരിക്കുന്ന കാഴ്ചയാണ് ഇന്ന് കാണാൻ സാധിക്കുന്നത് ഇത്തരം കച്ചവടവൽക്കരണത്തോടുള്ള അഭിപ്രായം?
ഇന്ന് ധാരാളം സ്റ്റേജ് പരിപാടികൾ വരുന്നുണ്ട്. ഇത്തരം സ്റ്റേജ് പരിപാടികളിൽ തെയ്യത്തിന് കൂടുതൽ സാധ്യതകൾ വരുന്നതിനാൽ തന്നെ തെയ്യം അനുഷ്ഠാനപരമായി കൊണ്ടുനടക്കാൻ സാധിക്കാത്ത വ്യക്തികൾ കാവുകളിൽ നിന്ന് പുറത്താക്കപ്പെടുന്നുണ്ട്. അത്തരത്തിലുള്ളവർ തെയ്യത്തെ ഒരു കോപ്രായം പോലെ റോഡുകളിലും സ്റ്റേജുകളിലും തെരുവുകളിലും എല്ലാം കെട്ടിയാടുന്നു. ഇത്തരത്തിലുള്ള മനുഷ്യർ തെയ്യത്തെ അതിൻ്റെ അനുഷ്ഠാനത്തിൽ കൊണ്ടുപോകാൻ സാധിക്കാതെ പവിത്രത നഷ്ടപ്പെടുത്തി നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം കോപ്രായങ്ങൾ നേരിടുന്നതിന് നിയമപരമായും സംഘടനാപരമായും ചെറുത്ത് നിൽപ്പുകൾ നടത്തുന്നുണ്ട്. അതിനുപുറമെ തെയ്യത്തെ സ്നേഹിക്കുന്ന മനുഷ്യരും ഇത്തരം കോപ്രായങ്ങൾക്കെതിരെ നിരന്തരം പ്രതിഷേധങ്ങളും നടത്തുന്നുണ്ട്. എന്നെ സംബന്ധിച്ച് തെയ്യം ഒരു അനുഷ്ഠാനമാണ് .അത് ഒരു വിശ്വാസത്തിൻ്റെ ഭാഗമാണ്. ഇത്തരം കച്ചവടവൽക്കരണങ്ങൾ എതിർക്കപ്പെടേണ്ടതാണ്.
9. മതത്തിൻറെ പേരിൽ വർഗീയവൽക്കരണം നടക്കുന്ന നമ്മുടെ സമകാലിക സമൂഹത്തിൽ മാപ്പിള തെയ്യങ്ങൾ നൽകുന്ന സന്ദേശം എന്താണ്?
എനിക്ക് മാപ്പിളത്തെയ്യത്തെ പറ്റി കൂടുതൽ പറയാൻ അറിയില്ല. വടക്കുഭാഗത്താണ് മാപ്പിളതെയ്യങ്ങൾ കൂടുതലായിട്ടുള്ളത്. അതിനെ പറ്റി എനിക്ക് കേട്ടറുകൾ മാത്രമേ ഉള്ളൂ. അതിനാൽ എനിക്ക് ആധികാരികമായി പറയാൻ സാധിക്കില്ല. എങ്കിലും മതത്തിൻ്റെ പേരിൽ മനുഷ്യരെ കൊല്ലുന്ന വർഗ്ഗീയവിഭജനം നടത്തി ഭരിക്കുന്ന സമകാലിക ഇന്ത്യൻ സമൂഹത്തിൽ അതിനെതിരെയുള്ള പ്രതിരോധത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും വലിയ സന്ദേശം മാപ്പിള തെയ്യം നൽകുന്നുണ്ട് എന്നതിൽ സംശയമില്ല.
10.ജാതിയതിക്കെതിരെ പോരാടി വീര മരണം വരിച്ചവരാണ് തെയ്യങ്ങളായി ഉയർത്തെഴുന്നേറ്റത്. എന്നാൽ ഇന്നും പല തെയ്യക്കാവുകളിലും ജാതീയത നിലനിൽക്കുന്നില്ലേ?
ജാതീയത ഇന്നും നിലനിൽക്കുന്നില്ലേ എന്ന ചോദ്യത്തിന് ഉണ്ട് എന്നാണ് ഉത്തരം. എന്നാൽ നൂറിൽ എഴുപതുശതമാനം കാവുകളിലും ജാതീയത ഇല്ലാത്തവയാണ്. ബാക്കി മുപ്പത്ശതമാനം കാവുകളും ജാതി നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ട് എന്ന് പറയാൻ കാരണം എന്താണെന്നാൽ ഓരോ ക്ഷേത്രങ്ങളും ഓരോ സമുദായക്കാർക്കും അവരുടെ അവകാശങ്ങൾ ആയി ഓരോ സ്ഥാനങ്ങൾ നൽകുന്നുണ്ട്. ക്ഷേത്രത്തിൽ ആയിക്കോട്ടെ മേലാഴി പടിയിൽ ആയിക്കോട്ടെ അങ്ങനെ ഓരോ സ്ഥാനങ്ങൾ ഓരോ വിഭാഗക്കാർക്കും നൽകുന്നുണ്ട്. അത് ദൈവ കോലം ആണെങ്കിലും ദൈവം തൻറെ ഭക്തനായ ഉയർന്ന ജാതിയിൽ പെട്ട മനുഷ്യനെ നേരിട്ട് ചെന്ന് കാണേണ്ടതായിട്ടുണ്ട്. അത് പുറത്തുനിന്നുള്ളവർക്ക് മനസ്സിലായില്ലെങ്കിലും അതിനെപ്പറ്റി അറിയുന്നവർക്ക് കൃത്യമായി മനസ്സിലാവും. ദൈവത്തിന്റെയും മനുഷ്യൻ്റെയും ഇടയിൽ ജാതി പ്രവർത്തിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈയൊരു കൂടിക്കാഴ്ച എന്ന് പറയാം. പിന്നെ പറയാനുള്ളത് നമ്പൂതിരി ഇല്ലെങ്കില്‍ തെയ്യം കെട്ടിയാടുന്ന സമയങ്ങളിൽ അവിടെ കോലക്കാരനായാലും തെയ്യമായാലും ഓരോ അതിരുകൾ ഉണ്ട്. ആ അതിരുകൾക്കപ്പുറത്തേക്ക് ഇന്നും തെയ്യത്തിനോ തെയ്യക്കാരനോ പ്രവേശനം ഉണ്ടാവില്ല. നമ്പൂതിരിമാർ ഇങ്ങ് വരികയും ഇല്ല. അവർ ദൂരെ നിന്ന് നോക്കുകയും കർമ്മങ്ങൾ ചെയ്യാൻ കർമ്മിയെ നിയോഗിക്കുകയുമേ ചെയ്യൂ. ഇത്തരത്തിൽ ജാതി അതിൻ്റെ ഉയർന്ന തലത്തിൽ പ്രവർത്തിക്കുന്ന ക്ഷേത്രങ്ങൾ ഇന്നും നമുക്ക് ചുറ്റുമുണ്ട് എന്നുള്ളതാണ് യാഥാർത്ഥ്യം.
Comentários