തിരുവാതിരക്കളിയും കാമപൂജയും - ഒരു താരതമ്യപഠനം
- GCW MALAYALAM
- 2 days ago
- 10 min read
ദിവ്യ വി.സി.

പ്രബന്ധസംഗ്രഹം
ഉർവരസ്വഭാവമുള്ള രണ്ട് കേരളീയ അനുഷ്ഠാനങ്ങളാണ് തിരുവാതിരക്കളിയും കാമപൂജയും. മിത്തുൾപ്പെടെ പല കാര്യങ്ങളിലും ഇരു അനുഷ്ഠാനങ്ങൾക്കും പരസ്പരബന്ധമുണ്ട്. എങ്ങനെയാണ് ഈ ബന്ധം വന്നുചേർന്നത്? അതിനിടയായ സാംസ്കാരികസാഹചര്യം എന്തെല്ലാമാണ്? ഈ കാര്യങ്ങൾ താരതമ്യരീതിയിൽ വിശകലനം ചെയ്യുകയാണ് ഈ പ്രബന്ധത്തിന്റെ ലക്ഷ്യം. രണ്ടനുഷ്ഠാനങ്ങളുടെയും സ്വഭാവസവിശേഷതകൾ വിശദീകരിച്ച് പരസ്പരബന്ധം വിലയിരുത്തുന്ന രീതിയിലാണ് പ്രബന്ധം രചിച്ചിട്ടുള്ളത്.
താക്കോൽവാക്കുകൾ
അനുഷ്ഠാനം, അനുഷ്ഠാനകലകൾ, ഉർവരത, മിത്ത്, തിരുവാതിരക്കളി, കാമപൂജ.
അനുഷ്ഠാനം
അനുതിഷ്ഠതി എന്ന സംസ്കൃത ക്രിയാരൂപത്തിൽനിന്നുണ്ടായ നാമപദമാണ് അനുഷ്ഠാനം.1 ആചരണം, പ്രയോഗം, കാര്യം നടത്തൽ മറ്റൊന്നിനെ തുടർന്നോ അനുസരിച്ചോ ഉള്ള പ്രവർത്തനം, ശാസ്ത്രവിഹിതമായ കർമം ചെയ്യൽ, മതകർമാചരണം എന്നെല്ലാം അനുഷ്ഠാനത്തിന് അർഥതലങ്ങളുണ്ട്.2 മതകർമാചരണം എന്ന അർഥത്തിലാണ് ഇന്ന് ഈ പദത്തിന്റെ മുഖ്യവ്യാപാരം. ആതിഭൌതികകർമം എന്ന അർഥത്തിലാണ് ഈ പ്രബന്ധത്തിലും അനുഷ്ഠാനമെന്ന വാക്കുപയോഗിക്കുന്നത്. വിശ്വാസത്തിന്റെ പിൻബലത്തിൽ ആവർത്തിക്കുകയും പിന്നീട് മതാത്മകതലത്തിലേക്കുയരുകയും ചെയ്യുന്നതോടെ മനുഷ്യചര്യകൾ അനുഷ്ഠാനമായി ചിരപ്രതിഷ്ഠ നേടുകയാണ്. പ്രതീകാത്മകത, മതാത്മകത, നൈരന്തര്യം, ആവർത്തനം എന്നിവ അനുഷ്ഠാനങ്ങളുടെ സവിശേഷതകളാണ്.
അനുഷ്ഠാന കലകളും ഉൽസവങ്ങളും
ഇഷ്ടദേവതാപ്രീണനം, രോഗനിവാരണം, സന്താനലാഭം, ധനധാന്യസമ്പൽസമൃദ്ധി, ബാധോച്ചാടനം, തുടങ്ങിയവയ്ക്കുവേണ്ടി അവതരിപ്പിക്കപ്പെടുന്ന കലാവിശേഷങ്ങളാണ് അനുഷ്ഠാനകലകൾ.3 ചില അനുഷ്ഠാനക്രിയകൾ നിരന്തരപരിണാമത്തിലൂടെ അനുഷ്ഠാനകലയായി രൂപാന്തരപ്പെടുന്നു. അനുഷ്ഠാനമാണ് അനുഷ്ഠാനകലകളിലെ ക്രിയാംശം. മിത്ത്, ദൃശ്യാംശം, ശ്രവ്യാംശം എന്നിവയാണ് അനുഷ്ഠാനകലയുടെ മറ്റുഘടകങ്ങൾ. വിശ്വാസത്തിന്റെ ദാർഢ്യം മൂലം മിത്തിലും ക്രിയാംശത്തിലും മാറ്റമുണ്ടാവാറില്ല. എന്നാൽ ആവർത്തനവിരസമായ ചടങ്ങുകൾ ആസ്വാദ്യമാക്കാൻവേണ്ടി ദൃശ്യാംശങ്ങൾ കൂട്ടിച്ചേർക്കാറുണ്ട്. അനുഷ്ഠാനകലകളുടെ പ്രധാന അടിത്തറയായ പുരാവൃത്തങ്ങൾക്ക് അനുഷ്ഠാനഘടകങ്ങളുമായുള്ള അഭേദ്യബന്ധം ആവിഷ്കരിക്കാനുള്ള ഉപാധികൾ മാത്രമാണ് ദൃശ്യം. അതുകൊണ്ടുതന്നെ അവയ്ക്ക് ചില മാറ്റങ്ങൾ വരുന്നതുകൊണ്ട് പ്രശ്നമൊന്നുമില്ല. അനുഷ്ഠാനകലകൾക്ക് പശ്ചാത്തലമായി പാട്ടുകളോ താളാത്മകവാങ്മയങ്ങളോ ഉണ്ടാവാറുണ്ട്. അതും കലാനിർവഹണത്തിന് അർഥവും ജീവനും നൽകുന്നു. അനുഷ്ഠാന നിർവഹണത്തിൽ മിത്തിക്കൽ അന്തരീക്ഷം സൃഷ്ടിക്കാൻ ക്രിയാംശത്തിനും ദൃശ്യാംശത്തിനുമൊപ്പം ശ്രവ്യാംശവും പങ്കുവഹിക്കുന്നുണ്ട്.
രംഗകലകളിൽ നിന്ന് വ്യത്യസ്തമായി അനുഷ്ടാനകലകൾക്ക് കാണികൾ അത്യാവശ്യഘടകമല്ല. കാണാനാളില്ലെങ്കിലും അനുഷ്ഠാനം നടക്കും. രംഗകലകൾ ആസ്വാദനത്തിന് മുൻതൂക്കം നൽകുമ്പോൾ അനുഷ്ഠാനകലകളിൽ അനുഭവം പങ്കിടലിനാണ് പ്രസകതി.
അനുഷ്ഠാനോൽസവങ്ങൾക്കും അനുഷ്ഠാനകലകളുടെ സവിശേഷതകളെല്ലാം ഉണ്ടാകുമെങ്കിലും കലാത്മകാവിഷ്കാരം ഉണ്ടായിക്കൊള്ളണമെന്ന് നിർബന്ധമില്ല.
ഉർവരതാനുഷ്ഠാനം
ഉർവരതയ്ക്ക് ഫലഭൂയിഷ്ഠത എന്നാണർഥം. പുഷ്ടിക്ക് വേണ്ടി – ഒന്നും ഊഷരമായിപ്പോവാതിരിക്കാൻവേണ്ടി - നടത്തുന്ന അനുഷ്ഠാനം എന്ന് ഉർവരതാനുഷ്ഠാനത്തെ നിർവചിക്കാം. ഏതാണ്ടെല്ലാ അനുഷ്ഠാനങ്ങളും ഒരളവോളം ഉർവരതാപരമായിരിക്കും. മനുഷ്യന്റെയും പ്രകൃതിയുടെയും നിലനിൽപിനും നൈരന്തര്യത്തിനും വേണ്ടിയാണല്ലോ ഭൂരിഭാഗം അനുഷ്ഠാനങ്ങളും നടത്തപ്പെടുന്നത്. പ്രകൃതിയുമായി നാഭീനാളബന്ധമുണ്ടായിരുന്ന ആദിമമനുഷ്യർക്ക് പ്രകൃത്യംബ എന്നും ഉർവരയായിരിക്കേണ്ടത് നിലനിൽപിനാവശ്യമായിരുന്നു. നിലനിൽപിന് പോഷണമാവുന്ന പ്രകൃതിശക്തികളെ പ്രീതിപ്പെടുത്തുക, ഭീഷണിയാവുന്നതിനെ പ്രീണിപ്പിക്കുക – ഇതായിരുന്നു ഉർവരാരാധനയുടെ ആദ്യകാല സ്വഭാവം. വൃക്ഷാരാധന, മൃഗാരാധന, നാഗാരാധന എന്നിവ ഇതിനുദാഹരണങ്ങളാണ്.
ജനനം, മരണം, വിവാഹം, പേരിടീൽചടങ്ങ്, ഗൃഹനിർമാണം, ഗൃഹപ്രവേശം, വിത്ത് ശേഖരണം, കൃഷിയിറക്കൽ, .... ഇങ്ങനെ എല്ലാ മേഖലയിലും ഉർവരതാനുഷ്ഠാനത്തിന്റെ അടയാളങ്ങളുണ്ട്. വൈദികവും താന്ത്രികവുമായ ആരാധനാകർമങ്ങളിലും ഈ അനുഷ്ഠാനത്തിന്റെ അംശങ്ങൾ കാണപ്പടുന്നു. ക്ഷേത്രപ്രതിഷ്ഠയോട് ചേർന്ന് നവധാന്യങ്ങൾ മുളപ്പിക്കുന്നതും യാഗത്തിനുമുമ്പ് യാഗഭൂമി ഉഴുത് ശുദ്ധമാക്കുന്നതും അതിപ്രാചീനമായ ഈ അനുഷ്ഠാനത്തിന്റെ സ്വാധീനതയ്ക്ക് തെളിവാണ്.
കാർഷികസംസ്കാരത്തിന്റെ ആവിർഭാവത്തോടെ പ്രകൃത്യുർവരതയ്ക്കായുള്ള അനുഷ്ഠാനങ്ങൾ കൂടുതൽ ദൃഢത നേടി. സൃഷ്ടിയുടെയും സംരക്ഷണത്തിന്റെയും ഉത്തരവാദിത്വം മനുഷ്യൻ തിരിച്ചറിഞ്ഞുതുടങ്ങുന്നത് ഈ ഘട്ടത്തിലാണ്. വിത്തുപാകി പുതിയ ജീവൻ കുരുപ്പിക്കൽ - ഇതുമായി ബന്ധപ്പെട്ടതെന്തും ഉർവരതാചടങ്ങാണ് എന്ന കാഴ്ചപ്പാട് ഉർവരതാസംസ്കാരത്തിൽ പ്രതിഷ്ഠ നേടി. ഇതോടെ ഉർവരതാനുഷ്ഠാനം ഒരു പ്രത്യേക അനുഷ്ഠാനശാഖയായി വളർച്ച പ്രാപിച്ചു. കാാർഷികസംസ്കാരം മനുഷ്യനെ ഗോത്രജീവിയാക്കിത്തീർത്തു.ഗോത്രത്തിന്റെ നിലനിൽപിനും അഭിവൃദ്ധിക്കും വംശവർധന ആവശ്യമാണെന്ന ബോധം മനുഷ്യനുണ്ടായിത്തുടങ്ങി. ഇതോടെയാണ് മനുഷ്യോർവരത ഉർവരതാനുഷ്ഠാനത്തിന്റെ സവിശേഷലക്ഷ്യമായത്.
പുരുഷന്റെ പ്രത്യുൽപാദനപങ്കാളിത്തം തിരിച്ചറിയപ്പെടാതിരുന്ന കാലത്ത് മനുഷ്യോർവരതാനുഷ്ഠാനങ്ങളിൽ പെണ്ണിനുമാത്രമേ പ്രാധാന്യം നൽകിയിരുന്നുള്ളൂ. ഭൂമിയെപ്പോലെ അന്നദാതാവും സംരക്ഷകയും (പാലൂട്ടലിനുപുറമെ ആഹാരശേഖരണവും പണ്ട് പെണ്ണിന്റെ കർത്തവ്യമായിരുന്നു. കൃഷിരീതിയും പാചകവും തുടങ്ങിവെച്ചതും അവൾ തന്നെ.) ആയിരിക്കുന്നത് പെണ്ണാണല്ലോ. അമ്മദൈവാരാധന പെണ്ണിന്റെ ഈ സവിശേഷപദവിയിൽനിന്ന് ഉടലേടുത്തതാണ്. പിന്നീട് പുരുഷന്റെ പ്രത്യുൽപാദനപ്രാധാന്യം മനസിലാക്കിയതോടെ പുരുഷദൈവങ്ങളും ഉർവരതാനുഷ്ഠാനത്തിന്റെ ഭാഗമായി. സ്ത്രീലൈംഗികാവയവത്തോടൊപ്പം പുരുഷലൈംഗികാവയവവും ആരാധിക്കപ്പെട്ടുതുടങ്ങി. പുരുഷന്റെ പ്രത്യുൽപാദനപങ്കാളിത്തം തിരിച്ചറിഞ്ഞതോടെയാണ് ബലികർമം ഉർവരതാനുഷ്ഠാനത്തിൽ ഇടം നേടിയതെന്നും മനസിലാക്കാം.
മണ്ണും പെണ്ണും പുഷ്പിണിയാവുന്നതിന്റെ കാരണങ്ങൾ ഒന്നാണെന്ന വിശ്വാസം പ്രബലപ്പട്ടതോടെയാണ് പ്രകൃത്യുർവരതയും (Nature fertility) മനുഷ്യോർവരതയും (Human fertility) സമന്വയിക്കുന്നത്. മനുഷ്യന്റെ സന്താനോൽപാദനവും കാർഷികോൽപാദനവും പാരസ്പര്യമുളളതാണെ ന്നും അതിനാൽ സമ്പർക്കത്തിലൂടെയോ അനുകരണത്തിലൂടെയോ അന്യോന്യം സ്വാധീനിക്കാൻ കഴിയുമെന്നും മനുഷ്യർ വിശ്വസിച്ചുതുടങ്ങി. “അമ്മയും ഭൂമിയും ഉർവരതയുടെ വിളനിലങ്ങളാകയാൽ രണ്ടിനെയും ഒന്നായിക്കാണാനുള്ള മനോഭാവം ലോകത്തെല്ലായിടത്തുമുണ്ട്. പ്രകൃതിയുടെ/ സസ്യങ്ങളുടെ ഉർവരതയ്ക്കായി അനുഷ്ഠിക്കുന്ന ചടങ്ങുകളിൽ മനുഷ്യോർവരതയ്ക്കും മനുഷ്യന്റെ ഉർവരതയ്ക്കായി ആചരിക്കുന്ന അനുഷ്ഠാനങ്ങളിൽ പ്രകൃതിയുടെ ഫലസമൃദ്ധിക്കും ഗണനീയമായ പങ്ക്”4 നൽകിക്കാണുന്നത് ഇതോടെയാണ്.
കേരളത്തിലെ ഉർവരതാനുഷ്ഠാനങ്ങൾ മിക്കവയും പ്രകൃത്യുർവരതാപരമാണ്. ഇവിടത്തെ കാർഷികസംസ്കാരം ഇവയിൽ പ്രതിഫലിച്ചുകാണാം. ഒരേസമയം പ്രകൃത്യുർവരതയുമായും മനുഷ്യോർവരതയുമായും ഗാഢബന്ധമുള്ള കേരളീയാനുഷ്ഠാനങ്ങളാണ് തിരുവാതിരക്കളിയും കാമപൂജയും.
തിരുവാതിരക്കളി
കേരളത്തിലെ സ്ത്രീകളുടെ ഹേമന്തോൽസവമാണ് ധനുമാസത്തിലെ ആതിരാഘോഷം. ഇതിന്റെ ഭാഗമാണ് തിരുവാതിരക്കളി. പൂനിലാവും കുളിരുമുള്ള ധനുമാസരാവിൽ കുുളത്തിൽ നീന്തിത്തുടിച്ചുവന്ന് തിരുവാതിര കളിക്കുന്നത് ഭർതൃലാഭത്തിനും ഭർതൃസുഖത്തിനും സന്താനലബ്ധിക്കുമാണ്. ധനുമാസത്തിലെ അശ്വതിനാൾ മുതൽ തിരുവാതിരനാൾ വരെ ആറു ദിവസമാണ് ഈ അനുഷ്ഠാനം.
ഓണക്കാലത്തും മറ്റും ഇന്നും കളിക്കുന്ന കൈകൊട്ടിക്കളി തന്നെയാണ് നിസാരമായ ചുവടുവ്യത്യാസങ്ങളോടെ തിരുവാതിരക്കളി എന്ന പേരിൽ ധനുമാസത്തിൽ അനുഷ്ഠിക്കുന്നത്. കൈകൊട്ടിക്കളി എന്ന നൃത്തരൂപം ഉടലെടുത്തതെങ്ങനെ? അത് തിരുവാതിരക്കളി എന്ന മറ്റൊരു പേര് സ്വീകരിക്കാനുണ്ടായ സാംസ്കാരികസാഹചര്യമെന്ത്? – ഇക്കാര്യങ്ങൾ വിശദീകരിച്ചാലേ ഈ അനുഷ്ഠാനകലയുടെ ചരിത്രം മനസിലാവൂ. ഏതൊരു കലാരൂപത്തിന്റെയും ഉത്ഭവവും സ്വഭാവവും സ്ഥലം, കാലം, സംസ്കാരം തുടങ്ങിയ ഘടകങ്ങളുമായി അഭേദ്യം ബന്ധപ്പെട്ടിരിക്കുമല്ലോ.
ഉത്തമഭർതൃലബ്ധിയും സന്താനലബ്ധിയുമാണ് തിരുവാതിരക്കളിയുടെ അനുഷ്ഠാനഫലം. അപ്പോൾ വിവാഹരീതി നടപ്പിലായതിനുശേഷമാണ് ഇത് രൂപപ്പെട്ടതെന്ന് മനസിലാക്കാം. ഏതെങ്കിലും ഒരു പ്രവൃത്തി തങ്ങൾ ഉദ്ദേശിക്കുന്ന ഫലമുളവാക്കിയാൽ അത് അനുഷ്ഠാനമായി പ്രതിഷ്ഠ നേടുകയാണ് പതിവ്. എല്ലാ അനുഷ്ഠാനങ്ങളുടെയും മുന്നോടി ചില സാധാരണ പ്രവൃത്തികളാണെന്നർഥം. പ്രാചീനസമൂഹങ്ങളിൽ മനുഷ്യന്റെ സഹജവാസനയായ നൃത്തവും ജീവിതത്തിലെ മറ്റു പ്രവൃത്തികളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. കൈകൊട്ടിക്കളിക്ക് പിന്നിലും ഇത്തരമൊരു പ്രവൃത്തിയുണ്ട്.
പ്രായമെത്തിയിട്ടും മംഗല്യം വന്നുചേരാത്ത പെണ്ണുങ്ങൾ ഒടുക്കത്തെ പരിശ്രമം എന്ന നിലയിൽ ശൃംഗാരചലനങ്ങളോടെ ഏതെങ്കിലും പുരുഷനെ പ്രലോഭിപ്പിച്ചിരിക്കാം. വശീകരിക്കുന്ന സംസാരവും ചലനങ്ങളും പെണ്ണിന്റെ ശരീരശാസ്ത്രപരമായ പ്രത്യേകതയാണ്. ഇതിൽ മയങ്ങിപ്പോയ ഒരുവൻ അവളെ വിവാഹം കഴിച്ചെന്നിരിക്കട്ടെ – അവളുടെ പ്രവൃത്തി ഫലവത്തായി. പതിയെ ഈ ശൃംഗാരചലനം പരക്കെ ആവർത്തിക്കപ്പെടുന്നു; മംഗല്യസിദ്ധിക്കുള്ള അനുഷ്ഠാനകർമമായി മാറുന്നു. കാലഗതിക്കനു സരിച്ച് ഈ ശൃംഗാരചലനം ലാസ്യനൃത്തരൂപം പ്രാപിച്ചു. എല്ലാ ലാസ്യനൃത്തരൂപങ്ങളുടെയും ഉത്ഭവം പുരുഷനെ വശീകരിക്കാനുള്ള ശ്രമത്തിൽനിന്നാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. നൃത്തം കുലത്തിൽപ്പെട്ടവർക്കുള്ള പണിയല്ലെന്ന് കരുതുന്നതും ആട്ടക്കാരികൾ, കൂത്തച്ചികൾ തുടങ്ങിയ പദങ്ങൾ വേശ്യാസൂചകമായി ഉപയോഗിക്കുന്നതും ശ്രദ്ധിക്കുക.
കല്യാണം കഴിഞ്ഞ് ഏറെക്കാലമായിട്ടും കുഞ്ഞുങ്ങളുണ്ടാവാത്ത ദമ്പതികളുടെ കാര്യമെടുത്താൽ അവിടെയുമുണ്ട് മേൽപ്പറഞ്ഞതിന് സമാനമായ പ്രവൃത്തിയും അതിന്റെ അനുഷ്ഠാനപ്പെടലും. കുഞ്ഞുണ്ടാവാത്തത് പെണ്ണിന്റെ മാത്രം കുറ്റംകൊണ്ടാണെന്നായിരുന്നു പണ്ടത്തെ ധാരണ. പുരുഷന് ഭാര്യയോട് അതൃപ്തി – ലൈംഗികകാര്യങ്ങളിലുൾപ്പെടെ – തോന്നാൻ ഇക്കാരണം മതി. ഇത് ഭാര്യയ്ക്കുമറിയാം; അയാൾ തന്നെ വിട്ടുപോകാൻ സാധ്യതയുണ്ടന്നും. അവൾ കൂടുതൽ ശൃംഗാരവതിയായി ഭർത്താവിനെ സമീപിച്ചെന്നിരിക്കും. ഈ സംഭോഗത്തിൽ അവൾ ഗർഭിണിയായെന്നിരിക്കട്ടെ, ശൃംഗാരചലനം മേൽപ്പറഞ്ഞ രീതിയിൽത്തന്നെ സന്താനലബ്ധിക്കുള്ള അനുഷ്ഠാനമായിത്തീരും.
ഉർവരതാകർമവുമായി കൈകൊട്ടിക്കളിയെന്ന നൃത്തരൂപത്തിന് ബന്ധമുണ്ടായതിനുപിന്നിൽ ചൂണ്ടിക്കാട്ടാവുന്ന ഏറ്റവും യുക്തമായ സാധ്യതകളാണ് ഇപ്പറഞ്ഞത്.
ഏതനുഷ്ഠാനവും ക്രമേണ മതാത്മകമായിത്തീരാറുണ്ട്. ദ്രാവിഡലിംഗാരാധനയുടെ പ്രതീകമായ ശിവ – ശക്തിസ്വരൂപത്തിന് ഈ അനുഷ്ഠാനനൃത്തവുമായി സംബന്ധമുണ്ടായത് ഇത് മതാത്മകമായ തോടെയാണ്. പക്ഷേ ഇന്ന കാലത്ത് ഇത് അനുഷ്ഠിക്കണം എന്ന നിബന്ധന ദ്രാവിഡർക്കില്ലായിരുന്നു.
ദ്രാവിഡരുടെ കൈകൊട്ടിക്കളി ധനുമാസത്തിലെ തിരുവാതിരനാളിലെ അനുഷ്ഠാനമായത്, അതിന് തിരുവാതിരക്കളി എന്ന പേരുണ്ടായത്, ആര്യദേവതകളും ഉൾച്ചേർന്ന സങ്കീർണമായ മിത്തുകൾ ഇതിന്റെ ഭാഗമായത് – ഇതെല്ലാം ഈ കലയിൽ ആര്യവൽക്കരണം നടന്നതിന് തെളിവാണ്. സവർണകലയായാണ് തിരുവാതിരക്കളി പിൽക്കാലത്ത് പ്രചരിച്ചത്. സംഘകാലം മുതലേ ആതിരക്കളി എന്ന പേര് പ്രചരിച്ചിരുന്നു. എ.ഡി.അഞ്ചാം നൂറ്റാണ്ടിലെ കാരയ്ക്കൽ അമ്മയാരുടെ ‘ഇരട്ടൈ മണിമാലൈ’ എന്ന കൃതിയിൽ ആതിരൈനന്നിലൻ എന്ന് പ്രസ്താവിക്കുന്നു. പരിപാടൽ എന്ന കൃതിയിലും ആതിരക്കളിയെപ്പറ്റി സൂചനയുണ്ട്(ശ്ലോകം 10,11). പാവൈനോമ്പ് അനുഷ്ഠിച്ചവർ ആതിരനാൾ വൈഗൈ നദിയിൽ കുളിക്കുന്നത് കണ്ടപ്പോഴാണത്രേ മാണിക്കവാചകർ ഈ വ്രതാനുഷ്ഠാനത്തെപ്പറ്റി ‘തിരുവെമ്പാവൈ’ രചിച്ചത്.
എ.ഡി. ആദ്യനൂറ്റാണ്ടുകളിൽ, സംഘകാലത്തുതന്നെ ആര്യജനത കേരളത്തിലെത്തിയിരുന്നു. ആദ്യകാലങ്ങളിൽ ഇവർ ദ്രാവിഡജനതയുമായി ഇഴുകിച്ചേർന്ന് ജീവിച്ചിരുന്നെന്നും എ.ഡി.ഏഴാം നൂറ്റാണ്ടോടെ, ആര്യന്മാരുടെ രണ്ടാംതലമുറയുടെ കാലത്താണ് അധിനിവേശം തുടങ്ങിയത് എന്നുമാണ് ചരിത്രനിരീക്ഷണം. ഇഴുകിച്ചേരൽകാലത്തെ ആര്യ – ദ്രാവിഡ സങ്കരണം കലയിലും പ്രതിഫലിക്കാതിരിക്കില്ല. കൈകൊട്ടിക്കളിയുടെ ഉർവരതാബന്ധം ആര്യന്മാർ ഉൾക്കൊണ്ടിരുന്നു. ജ്യോതിശാസ്ത്രപണ്ഡിതരും ഋതുവിജ്ഞാനികളുമായിരുന്നു അവർ. ഇതുവെച്ച് ഈ അനുഷ്ഠാനത്തിന്റെ ഉർവരസ്വഭാവത്തിനിണങ്ങുന്ന കാലവും നാളും നിശ്ചയിക്കുകയായിരുന്നു. കുളിരുന്ന ധനുമാസം കാമോദ്ദീപകമാണെന്ന് അവർ തിരിച്ചറിഞ്ഞു – പ്രകൃതിയെ ഉർവരമാക്കാൻ പറ്റിയ കാലമാണെന്നും. ഋതുഭേദമനുസരിച്ചുള്ള കൃഷിരീതി ആര്യന്മാരുടെ സംഭാവനയാണ്. അങ്ങനെയാണ് ഞാറ്റുവേലകൾ ഉണ്ടായത്. കൈകൊട്ടിക്കളിയെ ആതിരനാളിലെ അനുഷ്ഠാനമായി ദൃഢപ്പെടുത്താൻ ഈ അനുഷ്ഠാനത്തിന്റെ അധിദേവതകളായി ദ്രാവിഡർ കൽപിച്ച ശിവനും ശക്തിയും ഇണചേരുന്ന ദിനമാണ് ധനുമാസത്തിലെ ആതിര എന്ന വിശ്വാസവും പ്രചരിപ്പിച്ചു. ആതിര തിരുവാതിരയായത് ഈ വിശ്വാസം പ്രബലപ്പട്ടതോടെയാണ്.പെണ്ണിന്റെ ഉർവരതയ്ക്കൊപ്പം മണ്ണിന്റെ ഉർവരതയും തിരുവാതിരക്കളിയുടെ അനുഷ്ഠാനലക്ഷ്യമായതും ആര്യവൽകരണത്തിനുശേഷമാണ്.
എ.ഡി ഒമ്പതാം നൂറ്റാണ്ടോടെ ആര്യർ ആധിപത്യസ്വഭാവം പ്രകടിപ്പിച്ചുതുടങ്ങി. സവർണമന്യന്മാരായതോടെ തദ്ദേശീയർ അവർക്ക് അയിത്തക്കാരായി. പെണ്ണിന്റെ ആകാരസൌന്ദര്യം വെളിപ്പെടുത്തുന്ന തദ്ദേശീയ ലാസ്യനൃത്തം അന്യമായിപ്പോവാതിരിക്കാൻ അവർ ആഗ്രഹിച്ചു. അതിനുവേണ്ടി തങ്ങളുടെ സ്ത്രീകളിലേക്ക് ഈ നൃത്തത്തെ എത്തിക്കാൻ സൂത്രശാലികളായ അവർ പരിശ്രമിച്ചു. പഠിക്കണമെങ്കിൽ കളിയറിയാവുന്ന തദ്ദേശീയസ്ത്രീകൾക്കൊപ്പം കളിച്ചേപറ്റൂ. അതിനാൽ ആ വേളയിൽ അയിത്തചിന്ത ഒഴിവാക്കി. തിരുവാതിരക്കളിയിൽ ജാതിഭേദമെന്യേ എല്ലാവരും പങ്കെടുത്തിരുന്നതിനുപിന്നിലെ രാഷ്ട്രീയം വ്യക്തം.
കളിക്ക് പിന്നിൽ ആര്യവൽകൃതമായ മിത്തുകൾ പടച്ചുവിട്ടും ചുവടുകളെ കൂടുതൽ ശൈലീവൽകരിച്ചും ദ്രമിളത്തിയായ കൈകൊട്ടിക്കളിയെ തീർത്തും സവർണകലയാക്കിമാറ്റി. ഇതിനെ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. ഇതിന്റെ മൂലസ്വരൂപമായ തദ്ദേശീയരുടെ നൈസർഗികചുവടുകൾക്ക പ്രാകൃതം എന്ന് പേരിട്ടു. കാര്യം കണ്ടുകഴിഞ്ഞപ്പോൾ തിരുവാതിരക്കളിയുടെ ജാതിരാഹിത്യം തങ്ങളനുവദിച്ച ഔദാര്യമെന്ന നിലയ്ക്കാണ് തന്ത്രശാലികളായ ആര്യർ പ്രചരിപ്പിച്ചത്. പല അനാര്യഭാഷകളെയും സംസ്കരിച്ച് രൂപപ്പെടുത്തിയ സംസ്കൃതത്തെ ദേവഭാഷയായി പ്രതിഷ്ഠിച്ചതും മൂലസ്വരൂപങ്ങളായ അനാര്യഭാഷകളെ സംസ്കൃതത്തിന്റെ വികൃതാനുകരണങ്ങളായ പ്രാകൃതഭാഷകളെന്ന് തലതിരിച്ചിട്ടതും സ്മരണീയം. അധികാരശക്തിക്ക് യാഥാർഥ്യത്തെ തകിടംമറിക്കാൻ എത്രമാത്രം കെൽപ്പുണ്ടെന്നതിന് ഉദാഹരണമാണിത്.
അന്ത:പുരത്തിനുള്ളിലും മറക്കുടക്കുള്ളിലും ഒതുങ്ങിക്കഴിഞ്ഞിരുന്ന നമ്പൂതിരിസ്ത്രീകൾക്കും ഗാർഹികമണ്ഡലത്തിൽ മാത്രം വ്യാപരിച്ചിരുന്ന മറ്റ് സവർണഹിന്ദുസ്ത്രീകൾക്കും അസ്വാതന്ത്ര്യത്തിൽ നിന്നുള്ള വിടുതിയായിരുന്നു ധനുമാസത്തിലെ തിരുവാതിരക്കാലം. അതുകൊണ്ടുതന്നെ അവർ ഇതിനെയൊരു കാർണിവൽ ആക്കി മാറ്റുന്നു; തങ്ങളുടെ സ്വന്തമെന്ന് അവകാശവും ഉന്നയിക്കുന്നു. താണജാതിക്കാരായി മുദ്രകുത്തപ്പെട്ട വിഭാഗങ്ങളിലെ സ്ത്രീകൾ ഇവരേക്കാൾ സ്വതന്ത്രകളായിരുന്നു. അതിനാൽ തിരുവാതിരക്കാലത്ത് അനുഷ്ഠാനമായി ആചരിക്കുന്നതിനുപുറമെ മറ്റ് ആഘോഷവേളകളിൽ കൈകൊട്ടിക്കളി എന്ന പേരിൽത്തന്നെ ഒരു വിനോദകലയായും ഇത് കൊണ്ടാടുന്നു. ധനുമാസത്തിലെ തിരുവാതിരക്കാലത്തേ ഇന്ന് ഇതിന് അനുഷ്ഠാനപരതയുള്ളൂ എന്നതുകൊണ്ട് അനുഷ്ഠാനകലയായി പരിഗണിക്കുമ്പോൾ തിരുവാതിരക്കളി എന്ന പേര് കൂടുതൽ യുക്തമാവുന്നു.
കൂത്തും കൂടിയാട്ടവും കഥകളിയും കണ്ട് മടുത്തിരിക്കുന്നവർക്കായി കുഞ്ചൻനമ്പ്യാർ പുതിയ ഭാവവും രൂപവും കലർത്തി തനി ജനകീയരീതിയിൽ തുള്ളൽ പ്രദർശിപ്പിച്ച് പ്രചരിപ്പിച്ചതുപോലെ ഭരതനാട്യവും മോഹിനിയാട്ടവും കണ്ടുരസിച്ച ഏതോ കലാകാരൻ അതിലെ ക്ലാസിക്ഭാവം മാറ്റി സാധാരണജനങ്ങൾക്ക് രസിക്കുവാൻ വേണ്ടി സൃഷ്ടിച്ച കലാവിശേഷമാവാം തിരുവാതിരക്കളി5 എന്ന നിരീക്ഷണം യുക്തിസഹമല്ല. മറിച്ച് കേരളത്തിന്റെ തനതുകലാരൂപമായ മോഹിനിയാട്ടം കൈകൊട്ടിക്കളിയിൽനിന്ന് പല അംശങ്ങളും സ്വാംശീകരിച്ച് ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയതാവാനേ വഴിയുള്ളൂ. “കേരളീയ ലാസ്യനൃത്തങ്ങളുടെ കൂട്ടത്തിൽ പേരും പെരുമയും നേടിയെടുത്ത മോഹിനിയാട്ടത്തിൽ കൈകൊട്ടിക്കളിയുടേതായ പല പ്രത്യേകതകളും കാണാൻ കഴിയും”6 എന്ന പ്രസ്താവം ഇത് ശരിവെക്കുന്നു.
തിരുവാതിരക്കളിയുടെ മിത്ത്
അനുഷ്ഠാനങ്ങളുടെ സുപ്രധാന ഘടകമാണ് മിത്ത്. അനുഷ്ഠാനങ്ങൾക്ക് കെട്ടുറപ്പ് നൽകുന്നതിൽ മിത്തിനുള്ള പങ്ക് വളരെ വലുതാണ്.കാലമെത്ര ചെന്നാലും അനുഷ്ഠാനവുമായി ബന്ധമുള്ള മിത്തിന് കാതലായ മാറ്റമുണ്ടാവാറില്ല.
തിരുവാതിരക്കളിക്ക് നിരവധി മിത്തിക്കൽ ഭാഷ്യങ്ങളുണ്ട്. അവയിൽ മിക്കതും ആര്യവൽകൃതമിത്തുകളാണ്. എങ്കിലും അവയിൽ ഭൂരിപക്ഷവും ഈ കലാനുഷ്ഠാനത്തിന്റെ ഉർവരസ്വഭാവത്തിനിണങ്ങുന്നതാണ്. അനുഷ്ഠാനസ്വഭാവവുമായി കൂടുതൽ ബന്ധം പുലർത്തുന്നതും ഏറെ ജനകീയവുമായ മിത്താണ് ഇവിടെ വിവരിക്കുന്നത്:
പുത്രീപതിയായ ശിവനോട് വൈരാഗ്യം തീർക്കാൻ ദക്ഷൻ ശിവനെയും പുത്രിയായ സതിയെയും താൻ നടത്തുന്ന യാഗത്തിന് ക്ഷണിച്ചില്ല. തങ്ങളെ ക്ഷണിച്ചില്ലെങ്കിലും അച്ഛൻ നടത്തുന്ന യാഗത്തിൽ പങ്കെടുക്കോണ്ടത് പുത്രീധർമമെന്ന് കുരുതി ചെല്ലുന്ന സതിയെ ദക്ഷനും അനുചരരും അപമാനിക്കുന്നു. അഭിമാനിനിയായ സതി യാഗാഗ്നിയിൽ ചാടി ആത്മഹത്യ ചെയ്തു. സതീവിയോഗത്താൽ വിഭ്രാന്തനായ ശിവൻ ദക്ഷനെ നിഗ്രഹിച്ചശേഷം ഹിമവൽസാനുവിലെത്തി ഉഗ്രതപസ്സനുഷ്ഠിച്ചുതുടങ്ങി.
ഇക്കാലത്ത് താരകൻ, ശൂരപത്മൻ, സിംഹവക്ത്രൻ - ഈ മൂന്നസുരന്മാർ ബ്രഹ്മാവിനെ തപസ്സ് ചെയ്ത് പ്രീതിപ്പെടുത്തി വരങ്ങൾ നേടുന്നു. അതിൽ പ്രധാനം ശിവപുത്രനല്ലാതെ മറ്റാർക്കും തങ്ങളെ വധിക്കാനാവരുത് എന്നതായിരുന്നു. ഭാര്യാവിയോഗദു:ഖം മൂലം യോഗിയായിത്തീർന്ന ശിവന് പുത്രന്മാരുണ്ടാവില്ലെന്ന വിശ്വാസത്താൽ ഈ അസുരന്മാർ ത്രിലോകങ്ങളിലും പരാക്രമം നടത്തുന്നു. ദേവന്മാർ പരിഭ്രാന്തരായി വിഷ്ണുവിനെ സമീപിച്ചു. സതീദേവി ഹിമവാന്റെ പുത്രിയായി പാർവതി എന്ന പേരിൽ പുനർജനിച്ചിട്ടുണ്ടെന്നും ശിവനെ ഭർത്താവായി ലഭിക്കാൻ അവൾ താപസിയായ ശിവന് പൂജാദ്രവ്യങ്ങൾ ഒരുക്കിക്കൊടുത്ത് കഴിയുന്നുണ്ടെന്നും ശിവന് അവളിൽ പ്രേമം ജനിപ്പിച്ചാൽ ഫലസിദ്ധിയുണ്ടാവുമെന്നും വിഷ്ണു അറിയിച്ചു. അങ്ങനെ ദേവന്മാർ പ്രണയദേവനായ കാമനടുത്തെത്തുന്നു. ശിവന്റെ തപസ്സ് മുടക്കുക അപകടമാണെന്നറിഞ്ഞിട്ടും ലോകക്ഷേമത്തെക്കരുതി കാമൻ അതിന് തയ്യാറാവുന്നു. ശിവന്റെ ആശ്രമത്തിൽ കാമൻ തക്കംപാർത്ത് ഒളിച്ചുനിന്നു. വസന്താരംഭത്തിലെ ഒരുദിവസം – ഭഗവൽശുശ്രൂഷയിൽ മുഴുകിയിരിക്കുകയാണ് പാർവതി. ഈ നേരം ശിവൻ ധ്യാനത്തിൽ നിന്നുണർന്നു. കാത്തുനിന്ന കാമൻ ഉടൻ പുഷ്പശരം തൊടുത്തു. അതിനാൽ പാർവതിയെ കണ്ടപ്പോൾ ശിവന് കാമവികാരം തോന്നുന്നു. വ്രതഭഞ്ജകമായ വികാരത്തിന്റെ ഹേതു അന്വേഷിച്ച് ചുറ്റും നോക്കിയ ശിവൻ ഒളിച്ചിരിക്കുന്ന കാമനെ കണ്ടു. ശിവന്റെ കോപാഗ്നിയിൽ കാമൻ ദഹിച്ചുപോയി. ഭർതൃവിയോഗത്തിൽ ദു:ഖിതയായ രതീദേവി ശിവപാർവതിമാരെ ധ്യാനിച്ചുതുടങ്ങി. ദേവീദേവന്മാർ രതിയെ പിന്തുണച്ചു. കാമനില്ലങ്കിൽ ജീവജാലങ്ങളുടെ നിലനില്പിന് കാരണമായ കാമമുണ്ടാവില്ലല്ലോ. രതിയുടെ തപസ്സും ജനകോടികളുടെ പ്രാർഥനയും കണ്ട് മനമലിഞ്ഞ ശിവൻ അനംഗത്വേന കാമന് ജീവൻ നല്കി.അതേദിവസം തന്നെയാണ് ശിവപാർവതിമാർ ഒന്നിച്ചതും. ധനുമാസത്തിലെ ആതിരനാളായിരുന്നു അത്. കാമന്റെ പുനർജനനമാണത്രേ തിരുവാതിരക്കളിയിലൂടെ സ്ത്രീകൾ ആഘോഷിക്കുന്നത്.
സർവചരാചരങ്ങളുടെയും ജനനം പ്രകൃതി-പുരുഷ സംയോഗത്തിൽ നിന്നാണ് സംഭവിക്കുന്നതെന്ന് ദ്രാവിഡർ വിശ്വസിച്ചിരുന്നു. പ്രകൃതി = ശക്തി, പുരുഷൻ = ശിവൻ. ശിവശക്തിസ്വരൂപം ദ്രാവിഡരുടെ ലിംഗാരാധനയുടെ പ്രതീകമാണ്. വംശവർധനവിനെപ്പറ്റിയുള്ള ബോധമാണ് ഈ ആരാധനാസങ്കല്പത്തിന് പിന്നിലുള്ളത്. പ്രാചീന തമിഴകത്തിന്റെ ഉർവരദേവനാണ് ശിവൻ. എല്ലാറ്റിന്റെയും സൃഷ്ടിക്ക് കാരണഭൂതനായ ശിവന് ദ്രാവിഡർ ഉർവരതാനുഷ്ഠാനത്തിൽ പ്രത്യേക പദവി നല്കിപ്പോന്നു. പ്രകൃതിക്ക് തുല്യയായ പെണ്ണിനെ ഉർവരയാക്കാനും ശിവന്റെ പ്രീതി വേണമെന്നാണ് ദ്രാവിഡവിശ്വാസം.അതുകൊണ്ടാണ് ഉർവരതാനുഷ്ഠാനമായ കൈകൊട്ടിക്കളിയിൽ ശിവശക്തികൾ അധിദേവകളായത്. ഉർവരത നൽകുന്ന ശിവന്റെ കോപമേറ്റാൽ ഫലം നേർവിപരീതം. ദ്രാവിഡസങ്കല്പത്തിൽ രൌദ്രമൂർത്തിയായ താണ്ഡവശിവൻ സംഹാരത്തിന്റെ പ്രതീകമായത് അതുകൊണ്ടുതന്നെ.
ശിവശക്തികളുടെ യോഗം സംഭവിച്ചത് ധനുമാസത്തിലെ ആതിരനാളിലാണെന്ന് ദ്രാവിഡരെ വിശ്വസിപ്പിക്കാൻ പറ്റും വിധം കൈകൊട്ടിക്കളിക്ക് പിന്നിലെ ഈ ദ്രാവിഡമിത്തിനെ പരിഷ്കരിക്കരിക്കുകയായിരുന്നു ആര്യന്മാർ. കൂട്ടത്തിൽ ദ്രാവിഡർക്കിടയിൽ ആര്യദൈവങ്ങൾക്ക് പ്രചാരവും പ്രാമാണ്യവും കിട്ടാനുള്ള പൊടിക്കൈകളും ഉപയോഗിച്ചു. മേല്പറഞ്ഞ തിരുവാതിരമിത്തിലെ പ്രശ്നപരിഹാര നിർദേശകനും(വിഷ്ണു) പ്രശ്നപരിഹർത്താവും(കാമൻ) ആര്യദൈവങ്ങളാണ്. ലോകക്ഷേമത്തിനുവേണ്ടി യാണ് കാമൻ ശിവന്റെ തപസ്സ് മുടക്കുന്നത്. ജീവൻ പണയം വെച്ചും നന്മയ്ക്ക് വേണ്ടി നിലകൊണ്ടവൻ. ഈ വീരനായകപ്പട്ടം കാമന് ചാർത്തിക്കൊടുത്തത് കൈകൊട്ടിക്കളിയുടെ അധിദേവനും ദ്രാവിഡമൂർത്തിയുമായ ശിവനേക്കാൾ കാമന് ആരാധികമാരുണ്ടാവാനായിരുന്നു. വീരന്മാരെ പെണ്ണുങ്ങൾ കൂടുതൽ ഇഷ്ടപ്പെടുമല്ലോ. (ദേവനെ മാറ്റി പ്രതിഷ്ഠിക്കാൻ പെണ്ണുങ്ങൾക്ക് ഭയമായതുകൊണ്ടാവാം, തിരുവാതിരക്കളിയുടെ മേഖലയിൽ ആര്യോദ്ദ്യേശ്യം നടന്നില്ല; പുരാവൃത്തം സ്വീകാര്യമായെങ്കിലും.)
വംശവർധനവിനെപ്പറ്റിയുള്ള ബോധമാണ് കാമനെന്ന ആര്യദേവസങ്കല്പത്തയും രൂപപ്പെടുത്തിയത്. അതുകൊണ്ട് കാമദേവപുനർജനനമാണ് തിരുവാതിരക്കളിയുടെ അനുഷ്ഠാനകാരണമെന്ന് വന്നാലും ഇതിന്റെ ഉർവരസ്വഭാവത്തിന് കോട്ടമുണ്ടാവുന്നില്ല. ആര്യവൽകൃതമിത്തും അനുഷ്ഠാനത്തിന് കെട്ടുറപ്പ് നൽകുക തന്നെയാണ്.
കാമപൂജ
കേരളത്തിൽ എല്ലായിടത്തും പൂരാഘോഷം വ്യത്യസ്തകാലങ്ങളിൽ വ്യത്യസ്തരീതിയിൽ നടത്താറുണ്ടെങ്കിലും അത്യുത്തരകേരളത്തിലെ മീനപ്പൂരം മാത്രമാണ് കന്യകകളുടെ വസന്തോൽസവം എന്ന നിലയിൽ പ്രസിദ്ധമായിരിക്കുന്നത്. മീനമാസത്തിലെ കാർത്തികനാൾ മുതൽ പൂരംനാൾ വരെ കന്യകമാരെല്ലാം പൂരമാഘോഷിച്ചുവരുന്നു. അത്യുത്തരകേരളത്തിലെ പൂരക്കളിയുമായി ഈ അനുഷ്ഠാനത്തിന്റെ ആവിർഭാവത്തിന് ബന്ധമുണ്ട്. കാമപൂജയുടെ ആവിർഭാവത്തോടെയാണ് പൂരക്കളിക്ക് മിത്തിക്കൽ പരിവേഷം ലഭിച്ചത്. അത് ക്ഷേത്രകലയായി പ്രതിഷ്ഠിക്കപ്പട്ടതും അതോടെയാണ്.
പൂരക്കളിയുമായുള്ള ബന്ധം
കൃഷി പ്രധാന ഉപജീവനമാർഗമായിട്ടുള്ള മനുഷ്യരുടെ വിശ്രമവേളയാണ് മീനമാസം – പ്രത്യകിച്ച് അത്യുത്തരകേരളത്തിൽ. എടുത്തുപറയത്തക്ക കൃഷിപ്പണികളൊന്നും ഇക്കാലത്തില്ല.ഈ വിശ്രമവേളയിൽ കായികശേഷി വർധിപ്പിക്കാനുതകുംവണ്ണം രൂപപ്പടുത്തിയ വിനോദകലയാണ് പൂരക്കളി. ഇതിന്റെ ചുവടുകൾക്ക് കളരിമുറകളുമായി നല്ല സാദൃശ്യമുണ്ട്. ഉല്ലാസത്തോടൊപ്പം ശരീരശേഷി വീണ്ടെടുപ്പും; മേടമാസത്തിലെ വിഷുസംക്രമത്തോടെ ഉത്തരകേരളം പുതുവർഷത്തെ കൃഷിപ്പണികൾക്ക് ഒരുങ്ങുകയായി – വർഷം മുഴുവൻ നീളുന്ന അധ്വാനത്തിന് കായബലം ആർജിക്കണം - അതിന് കൂടിയാണ് പൂരക്കളി.
കുംഭപ്പെയ്ത്തിൽ ഉന്മേഷവതികളായ മണ്ണും പെണ്ണും.(കുംഭപ്പെയ്ത്തിൽ കുപ്പേലും മുളക്കും എന്നൊരു കൃഷിച്ചൊല്ലുണ്ട്). മീനച്ചൂടിൽ ഈ ഉണർവിന് വാട്ടം തട്ടിക്കൂടാ. പെണ്ണുണർന്നാലേ മണ്ണും ഉണരൂ- ഈ വിശ്വാസം കർഷകർക്കിടയിൽ പണ്ടേ ഉണ്ട്. പൂരക്കളിയിലെ മെയ്ക്കരുത്തിന്റെ പ്രദർശനം പെണ്ണിനെ ഉദ്ദീപിപ്പിക്കുന്നു. അതോടൊപ്പം ഊക്കോടെ താളാത്മകമായി പതിയുന്ന ചുവടുകൾ മണ്ണിന്റെ ഉണർവും നിലനിർത്തുന്നു. കൃഷിക്കൊരുക്കേണ്ട പാടത്തായിരുന്നു ഇത് കളിച്ചിരുന്നത്. പുഷ്പിണിയായ പെണ്ണിനെയും നിറഞ്ഞ വയലുകളെയും സ്വപ്നം കാണുന്ന പഴയ കേരളീയരുടെ ജീവിതസങ്കല്പമാണ് ഈ ഉർവരതാനുഷ്ഠാനത്തിൽ തെളിയുന്നത്.
പഴയ കേരളത്തിന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും ഇണങ്ങിയതാണ് എല്ലാ അനുഷ്ഠാനമുറകളും എന്നോർക്കണം. ഇന്നത്തെ അവസ്ഥയുമായി താരതമ്യപ്പെടുത്തിയാൽ അനുഷ്ഠാനങ്ങളെ ഉൾക്കൊള്ളാനാവില്ല. ഇന്ന് കാലാവസ്ഥ മാറി, കൃഷി മാറി. അതുകൊണ്ട് ഉർവരതാനുഷ്ഠാനം എന്ന നിലയ്ക്കല്ല ക്ഷേത്രകല എന്ന നിലയ്ക്കാണ് ഇന്നിതിന് പ്രചാരം. പക്ഷേ പൂരക്കളിയിൽ നിന്ന് രൂപംകൊണ്ട കാമപൂജ നാമമാത്രമായിപ്പോയെങ്കിലും ഉർവരോൽസവം ആയിട്ടല്ലാതെ അതിന് അസ്തിത്വമില്ല.
മണ്ണിനെയും പെണ്ണിനെയും ഉദ്ദീപിപ്പിക്കുന്ന ആൺകരുത്തിന്റെ പ്രകടനമാണ് പൂരക്കളി. ഈ മെയ്ക്കരുത്ത് പെണ്ണുങ്ങളെ ആകർഷിക്കും. തങ്ങൾക്ക് കിട്ടേണ്ട ഭർത്താക്കന്മാരും ഇതുപോലെ കരുത്തരാവണമെന്ന് അവർ ആഗ്രഹിക്കുക സ്വാഭാവികം. വസന്തകാലമാണ് മീനം. ആൺകരുത്തിന്റെ പ്രദർശനം കൂടിയാവുമ്പോൾ ഇത്തരം മോഹത്തിന് തീവ്രതയേറും. ആഗ്രഹം സഫലമാക്കാൻ അവർ വഴികൾ തേടുന്നു.
നല്ല ഭർത്താവിനെക്കിട്ടാൻ സ്ത്രീകൾ തിരുവാതിര നോൽക്കുന്നുണ്ട്.അത് ധനുമാസത്തിലാണ്. ഇപ്പോൾ ഉണർന്ന അദമ്യമായ ആഗ്രഹം മറ്റൊരു രീതിയിൽ അനുഷ്ഠിച്ചേ മതിയാവൂ.തിരുവാതിരക്കളിയുടെ മിത്തിൽ പെൺമനസിനെ കീഴടക്കുംവിധം ഉൾപ്പെടുത്തിയിട്ടുള്ള ഒരു കഥാപാത്രമുണ്ട്; ലോകക്ഷേമത്തിനുവേണ്ടി ജീവൻ വെടിഞ്ഞ, ജീവിവർഗങ്ങളുടെ നിലനില്പിന് അത്യാവശ്യനായ ഒരു ധീരസുന്ദരപുരുഷൻ- കാമൻ. ഉത്തമഭർതൃപ്രാപ്തിക്ക് ധീരനും സുന്ദരനും സർവോപരി പ്രണയദേവനുമായ കാമനെ ആരാധിക്കാൻ പെണ്ണിന് ഉൾപ്രേരണ ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ. തിരുവാതിരക്കളിയിൽ ശിവന് പ്രാധാന്യമുള്ളതുകൊണ്ട് കാമന് നേരെയുള്ള ആരാധന പ്രകടിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല- ദേവനെ മാറ്റി പ്രതിഷ്ഠിക്കാൻ പെണ്ണുങ്ങൾക്ക് ധൈര്യം പോരാ.
മനസിന്റെ ഉൾത്തട്ടിൽ ഉറങ്ങിക്കിടന്ന കാമനോടുള്ള അഭിനിവേശം പുതിയ സാഹചര്യത്തിൽ സജീവമാകുന്നു. കാമാരാധന പ്രസക്തമാവും വിധം പൂരക്കളിയുമായി ബന്ധപ്പെടുത്തി ഒരു മിത്തൊരുക്കി പെണ്ണുങ്ങൾ കാമപൂജ അനുഷ്ഠിച്ചുതുടങ്ങിയതങ്ങനെയാണ്.
കാമപൂജയുടെ മിത്ത്
തിരുവാതിരക്കളിയുടെ മിത്ത് തന്നെയാണ് കാമപൂജയുടേതും.ചില കൂട്ടിച്ചേർക്കലുകൾ ഉണ്ടെന്നുമാത്രം. അച്ഛനായ ദക്ഷൻ നടത്തുന്ന യാഗത്തിൽ സംബന്ധിക്കാൻ പോയി അപമാനിതയായ സതീദേവിയുടെ കഥയുടെ തനിയാവർത്തനം തന്നെ. കാമന്റെ ത്യാഗപൂർണമായ ധീരപ്രവൃത്തി വരെ മിത്തിൽ യാതൊരു മാറ്റവുമില്ല.അതിനുശേഷം രതീദേവിയുടെ വിലാപത്തിൽ മനസ്സലിഞ്ഞ ശിവൻ കാമനെ പുനർജീവിപ്പിക്കാൻ തീരുമാനിക്കുന്നിടത്താണ് ചെറിയ കൂട്ടിച്ചേർക്കൽ ഉള്ളത്. കാമൻ പുനർജനിക്കണമെങ്കിൽ ഒരുപാധിയുണ്ട്-(ഈ ഉപാധി നിർദേശിച്ചത് വിഷ്ണുവാണെന്നും പറയപ്പടുന്നു.) രതിയും ദേവസുന്ദരികളും കൂടി പൂക്കൾ കൊണ്ട് കാമരൂപമുണ്ടാക്കുക. എന്നിട്ട് ചൈത്രമാസത്തിലെ (മീനമാസം) കാർത്തിക നാൾ മുതൽ പൂരം നാൾ വരെ ഒമ്പതുദിവസം വ്രതാനുഷ്ഠാനത്തോടെ കാമരൂപം പൂജിച്ച് ആടിപ്പാടിക്കളിച്ചാൽ കാമൻ പുനർജനിക്കും.അപ്രകാരം ഉർവശി, മേനക, രംഭ, തിലോത്തമ, അരുന്ധതി, ചിത്രലേഖ, രത്നഛവി എന്നിവർ സ്വർഗത്തിലും രതി, ഭൂദേവി, ലക്ഷ്മി, സരസ്വതി, ഗംഗ, ഗിരിജാദേവി എന്നിവർ ആകാശത്തിലും സീത, അഹല്യ, മണ്ഡോദരി, താര, ദ്രൌപതി എന്നിവർ ഭൂമിയിലും കാമദേവനുവേണ്ടി പൂരമാല പാടി നൃത്തമാടി.പതിനെട്ട് കന്യകമാർ പതിനെട്ട് താളവർണങ്ങളിലാണ് ആടിപ്പാടിയത്.
ദേവദാസിമാരായി തരംതാണുപോകുമെന്ന് ഭയന്ന് (ഇക്കാലത്ത് ദേവദാസിസമ്പ്രദായം വേശ്യാവൃത്തിയായി മാറിയിരിക്കണം) ഭൂമിയിലെ സാധാരണസ്ത്രീകൾ നൃത്തമനുഷ്ഠിച്ചില്ലെന്നും അവർ പൂക്കൾകൊണ്ട് കാമരൂപമുണ്ടാക്കി പൂജിക്കുക മാത്രമേ ചെയ്തുള്ളൂ എന്നുമാണ് കഥ. ഭൂമിയിലെ സ്ത്രീകൾ നൃത്തമാടാൻ മടിച്ചതുകൊണ്ട് പതിനെട്ട് നിറങ്ങളുള്ള പൂരമാല പാടി പുരുഷന്മാർ നൃത്തമാടിയെന്നും ിതാണ് പൂരക്കളിയെന്നും വിശ്വസിച്ചുപോരുന്നു. കാമൻ മീനകേതനനായതുകൊണ്ടാണ് മീനത്തിൽ പൂരം നോക്കുന്നതെന്നാണ് മിത്തിക്കൽന്യായം. കാർത്തിക മുതൽ പൂരം നോൽക്കുന്നതിന്റെ കാരണമോ? ‘കാമനഗ്നിയിൽ വെന്തുള്ളമൂലം കാർത്തികനാളതിൽ’ കാമവേല ആചരിച്ചുതുടങ്ങി-അഗ്നിയിൽ വെന്തതിനുശേഷമുള്ള പുനർജനനമായതുകൊണ്ടാണ് അഗ്നി അധിദേവതയായ കാർത്തികനക്ഷത്രം തിരഞ്ഞെടുത്തതത്രേ.
ഈ മിത്ത് വെച്ചാണ്, കാമപൂജയിൽ നിന്നാണ് പൂരക്കളി ഉണ്ടായതെന്ന് ചിലർ വാദിക്കുന്നത്. ഇത് യുക്തിഭദ്രമല്ല. പൂരക്കളിയിൽ നിന്ന് കാമപൂജയുണ്ടാവാനേ ഇടയുള്ളൂ.അതെങ്ങനെയെന്ന് വിശദമാക്കാം: കാമപൂജയ്ക്ക് തിരുവാതിരക്കളിക്കുള്ളതുപോലെ മിത്തുമായി ബന്ധമില്ലാത്ത രൂപീകരണഘട്ടം ഇല്ല. ഈ ഉർവരോൽസവത്തിന്റെ മിത്തിക്കൽ ചിഹ്നമാണല്ലോ കാമൻ. കാമനില്ലാതെ കാമപൂജ നിലനിൽക്കുന്നതെങ്ങനെ? അപ്പോൾ മിത്തോടുകൂടിയാണ് ഇതിന്റെ രൂപപ്പെടൽ എന്ന് മനസിലാക്കാം. അതേസമയം പൂരക്കളിക്ക് മിത്തിന്റെ ചാർച്ചയില്ലാത്ത പൂർവഘട്ടമുണ്ട്. പിന്നീടും മിത്തുമായി ആഴത്തിലുള്ള ബന്ധം അത് നിലനിർത്തിയിട്ടില്ല. കാമപൂജയിൽ നിന്നാണ് പൂരക്കളി രൂപംകൊണ്ടതെങ്കിൽ ഇങ്ങനെ സംഭവിക്കില്ല. അതുകൊണ്ട് പൂരക്കളിയിൽ നിന്ന് കാമപൂജയാണ് രൂപംകൊണ്ടതെന്ന് നിസംശയം പറയാം.
ഭൂമിയിലെ സാധാരണ സ്ത്രീകൾ പൂരമാല പാടിക്കളിക്കാൻ മടിച്ചതുകൊണ്ടാണ് പൂരക്കളി പുരുഷൻമാരുടേതായതെന്ന മിത്തിക്കൽ ഭാഷ്യത്തിന് മനശ്ശാസ്ത്രവശമുണ്ട്. പൂരക്കളിയിൽ നിന്ന് മന:പൂർവം സൃഷ്ടിച്ചെടുത്തതാണ് ഈ ഉർവരാരാധനയെന്ന് വരുന്നത് പെണ്ണുങ്ങൾക്ക് കുറച്ചിലാണ്. തങ്ങളുടെ അനുഷ്ഠാനത്തെ ആരും വിലകൽപിക്കില്ല എന്ന ഭയവും. അതിനാൽ കാമപൂജയ്ക്ക് അതിപുരാതനവും പവിത്രവുമായ പാരമ്പര്യം കൈവരുത്താൻ മിത്തിനെ കൂട്ടുപിടിച്ചു – ദേവതകൾ അനുഷ്ഠിച്ച പൂജയാണിത്; ഇതിന്റെ ഭാഗമായി ദേവതകളും പുരാണസ്ത്രീകളും പൂരമാല പാടിയാടിയ നൃത്തം തങ്ങൾ അനുഷ്ഠിക്കാഞ്ഞത് ദേവദാസികളായി കണക്കാക്കുമോ എന്ന് ഭയന്നിട്ടാണ്; അതുകൊണ്ട് പൂരക്കളി പുരുഷന്മാരുടേതായി – ഇവയെല്ലാം കേമത്തികളായി സ്വയം അവരോധിക്കാനുള്ള വാദഗതികളാണ്. ആണിന്റെ ശരീരശാസ്ത്രമനുസരിച്ചാണ് പൂരക്കളി ചിട്ടപ്പെടുത്തിയിട്ടുള്ളതെന്ന് ചുവടുകൾ നിരീക്ഷിച്ചാൽ മനസിലാവും. അതുപോലും തങ്ങളുതായിരുന്നു എന്ന അവകാശമാണ് ഉന്നയിക്കുന്നത്. ഇത്തരം അവകാശവാദങ്ങൾ മനുഷ്യന്റെ സഹജസ്വഭാവമാണ്. ശ്രേഷ്ഠമായി തോന്നുന്നതെന്തും തങ്ങളുടേതാണെന്ന് വരുത്തിത്തീർത്ത് കേമനാണ്,കേമത്തിയാണ് എന്ന് ബോധിപ്പിക്കാൻ മനുഷ്യർ ശ്രമിക്കുന്നു. തിരുവാതിരക്കളിയുടെ കാര്യത്തിലും ഇത് സംഭവിച്ചിട്ടുണ്ടല്ലോ. പൊതുവെ സ്ത്രീകൾക്ക് മേനിനടിക്കൽ കുറച്ച് കൂടുതലുമാണ്. പൂരക്കളി കാമപൂജയുടെ ഭാഗം മാത്രം എന്ന തലതിരിച്ചിടൽ സംഭവിച്ചതിങ്ങനെയാണ്. ഭാവനാത്മകമായി രൂപപ്പെടുത്തിയ മിത്ത് കാലം ചെല്ലുന്തോറും ദൃഢപ്പെടുന്നു. അതിനനുസരിച്ച് കാമപൂജയും വിപുലമായി. ഇച്ഛപോലെ ചടങ്ങുകൾ കൂട്ടിച്ചേർക്കപ്പെട്ടു.
ദ്രാവിഡരുടെ മിക്ക ഗർഭബലികർമങ്ങളിലും ഉച്ചാടനദേവതയായ കാമനാണ് കാമപൂജയിലൂടെ ആരാധിക്കപ്പെടുന്നത് എന്നതാണ് രസകരം.തിരുവാതിരക്കളിയിൽ കാണുന്നത് ചെറുത്തുനില്പിന്റെ ദ്രാവിഡവഴക്കമാണെങ്കിൽ കാമപൂജയിലുള്ളത് സ്വായത്തമാക്കലിന്റെ ദ്രാവിഡവഴക്കമാണ്
തിരുവാതിരയ്ക്കും കാമപൂജയ്ക്കും പ്രകടമായ ബന്ധമുണ്ട്. വ്യത്യസ്തകാലങ്ങളിൽ രൂപപ്പെട്ടതാണെങ്കിലും രണ്ടിന്റെയും അനുഷ്ഠാനോദ്ദേശ്യം ഒന്നുതന്നെ - ഉത്തമഭർതൃലബ്ധിയും ഭർതൃസൌഖ്യവും. ചില വിശദാംശങ്ങളിലൊഴിച്ച് മിത്തിനും വ്യത്യാസമില്ല. ചടങ്ങുകളിലും സമാനതയുണ്ട്.
ജലകേളി, നോമ്പ്, പൂക്കൾ എന്നിവ രണ്ടനുഷ്ഠാനങ്ങളുടെയും ഭാഗമാണ്. ഇവ അനുഷ്ഠാനങ്ങളെ
കൂടുതൽ ഉർവരപ്രസക്തമാക്കുന്നു.
സർവത്ര ഊഷരമായിരുന്ന ഈ ഭൂമിയിൽ ജീവസാന്നിധ്യം ഉണ്ടായത് ജലം രൂപപ്പെട്ടതോടെയാണ്. ഉർവരത തന്നെയാണ് ജലം.ഗർഭപാത്രത്തിലെ ജലത്തിലാണ് പുതുജീവൻ രൂപംകൊള്ളുന്നത്. ദാഹശമനിയാണ് ജലം. ധനുമാസത്തിൽ കുളിരാണെങ്കിലും ഉള്ളിൽ ദാഹമോഹങ്ങളുടെ ചൂടാണ്. കുളുർത്ത വെള്ളത്തിൽ മണിക്കൂറുകൾ നീളുന്ന തുടിച്ചുകുളി കാമമോഹങ്ങൾ ശമിപ്പിക്കും. കാമപൂജ നടക്കുന്ന മീനമാസത്തിലാണെങ്കിൽ ബാഹ്യപ്രകൃതിയും ആന്തരപ്രകൃതിയും ഒരുപോലെ ചൂടായിരിക്കുകയാണ്. രണ്ടിന്റെയും ദാഹം ശമിപ്പിക്കണം. വെള്ളത്തിൽ തുടിച്ചുകുളിച്ച് പെണ്ണ് അവളുടെ തൃഷ്ണകൾ ശമിപ്പിക്കുന്നു. പെണ്ണിനും പ്രകൃതിക്കും പാരസ്പര്യമുള്ളതുകൊണ്ട് പെണ്ണിന്റെ ദാഹം ശമിപ്പിച്ചാൽ പ്രകൃതിയുടെ ദാഹവും ശമിക്കും എന്നാണ് വിശ്വാസം. പെണ്ണിന്റെ കാമശമനത്തിലൂടെ പ്രകൃതിയുടെ കാമശമനം. പെണ്ണിന്റെ ഉർവരതയിലൂടെ പ്രകൃതിയുടെയും ഉർവരത. ഇങ്ങനെ സമ്പർക്കത്തിലൂടെയോ അനുകരണത്തിലൂടെയോ അന്യോന്യം സ്വാധീനിക്കാനാവും എന്ന ദൃഢബോധ്യമാണ് ഉർവരതാനുഷ്ഠാനത്തിന്റെ പ്രധാന പ്രത്യേകത. കാമപൂജയും തിരുവാതിരക്കളിയും ലക്ഷ്യമിടുന്നത് കാമപൂർത്തീകരണമായതുകൊണ്ട് കാമശമനോപാധിയായി ജലകേളിക്ക് പ്രത്യേകം പ്രാധാന്യം നല്കിയിരിക്കുന്നുവെന്നു പറയാം.
ആഹാരക്രമമാണ് നോമ്പിന്റെ പ്രത്യേകത. കുളുർമയുള്ള, ലോലമായ ആഹാരങ്ങൾക്കാണ് ഇരു അനുഷ്ഠാനങ്ങളും പ്രാധാന്യം കല്പിച്ചിരിക്കുന്നത് - തിരുവാതിരയ്ക്ക് എട്ടങ്ങാടി, കാമപൂജയ്ക്ക് കഞ്ഞിയും അടയും. ആഹാരരീതികൾക്ക് നമ്മുടെ മനോ-ശാരീരിക പ്രവർത്തനങ്ങളെ സ്വാധീനിക്കാനുള്ള കഴിവുണ്ടല്ലോ. ഇതു മനസ്സിലാക്കിത്തന്നെയാണ് ആഹാരത്തിന് ഈ അനുഷ്ഠാനങ്ങൾ കാമശമനപരമായ പ്രാധാന്യം നൽകിയത്.
പൂക്കൾ രണ്ടനുഷ്ഠാനങ്ങളുടെയും അവിഭാജ്യഘടകമാണ്. തിരുവാതിരയ്ക്ക് ദശപുഷ്പം ചൂടലും പാതിരാപൂചൂടലും നിർബന്ധം. കാമപൂജയാവട്ടെ പൂക്കൾ കൊണ്ടാണ് നിർവഹിക്കുന്നത്. പ്രകൃതിയുമായി മനുഷ്യനുള്ള അഭേദ്യബന്ധത്തിന്റെ അടയാളമാണിത്. കൂടാതെ പുഷ്പം ഉർവരതയുടെ പ്രതീകവുമാണ്. പൂചൂടലിലൂടെയും പൂവിടലിലൂടെയും പെണ്ണിന്റെ ഉർവരതയെയാണ് ഈ അനുഷ്ഠാനങ്ങൾ പ്രതീകവൽക്കരിക്കുന്നത്. പാലുള്ള വൃക്ഷത്തിനും പൂവിനും നല്കികാണുന്ന പ്രാധാന്യവും ശ്രദ്ധേയമാണ്. കാമപൂജയ്ക്ക് പാലപ്പൂ പ്രധാനമാണ് മാത്രമല്ല പാലുള്ള വൃക്ഷചുവട്ടിലാണ് കാമനെ ഇരുത്തേണ്ടത്. പൂത്തിരുവാതിരക്കാർ പാതിരാപൂചൂടൽ വേളയിൽ പ്രതീകാത്മകമായി പാലനടാറുണ്ട്. ഉർവരതയുടെ ശക്തമായ പ്രതിനിധാനമാണ് പാൽ.
ഉപസംഹാരം
അത്യുത്തരകേരളത്തിൽ തിരുവാതിരക്കളി അനുഷ്ഠാനമെന്ന നിലയിൽ ഇന്ന് നിലവിലില്ല. തിരുവാതിര ഉത്തരകേരളത്തിന്റെ തെക്കുഭാഗത്തായി കോരപ്പുഴയോടടുത്ത സ്ഥലങ്ങളിൽ മാത്രമാണിന്നുള്ളത്. എന്നാൽ മുമ്പ് ഇതു വടക്കോട്ടും കൊണ്ടാടിയിരുന്നു. ചില വടക്കൻ പാട്ടുകളിൽ ഇതിനെക്കുറിച്ചുള്ള പരാമർശം കാണാം. അത്യുത്തരകേരളത്തിൽനിന്ന് തിരുവാതിര അപ്രത്യക്ഷമായത് കാമപൂജയുടെ ഉത്ഭവത്തോടെയാണെന്നുവേണം കരുതാൻ. കോരപ്പുഴയ്ക്ക് വടക്കാണ് കാമപൂജയുള്ളത്. തെക്കൻദിക്കില് പോറേ കാമാ, തെക്കത്ത്യേള് ചതിക്ക്വേ കാമാ’ എന്ന് എന്ന് കാമനെ അയയ്ക്കുമ്പോൾ ഓർമിപ്പിക്കാറുണ്ട്. തെക്കത്തികളെന്നാൽ കോരപ്പുഴയ്ക്ക് തെക്കുള്ളവർ. കോരപ്പുഴ കടന്നാൽ കുലം കെട്ടു എന്നായിരുന്നു വടക്കൻ ദിക്കിലെ ധാരണ. കോരപ്പുഴയ്ക്ക് വടക്കുള്ള അത്യുത്തരകേരളത്തിൽ തിരുവാതിരക്കളിയുടെ അതേ അനുഷ്ഠാനപ്രാധാന്യമുള്ള കാമപൂജ ഉടലെടുത്തതോടെ തിരുവാതിരക്കളിക്ക് പ്രസക്തി ഇല്ലാതായി.
കാമപൂജയെക്കാൾ പ്രാചീനമായ ഉർവരതാനുഷ്ഠാനമാണ് തിരുവാതിര. എന്നിട്ടും എന്തുകൊണ്ടാണ് പിന്നീടുത്ഭവിച്ച കാമപൂജ അത്യുത്തരകേരളത്തിൽ പ്രതിഷ്ഠ നേടുകയും ആതിരാഘോഷം പടിയിറങ്ങുകയും ചെയ്തത്. കേരളത്തിലെ മറ്റിടങ്ങളിൽ നിന്നു ഭിന്നമായ അവിടത്തെ ഭൂമിശാസ്ത്രസവിശേഷതയാണ് ഇതിനുകാരണം. മറ്റിടങ്ങളിൽ ധനുമാസമാണ് വസന്തകാലം. കാമമുണർത്തുന്ന ഇക്കാലത്ത് ലൈംഗികതൃഷ്ണ ശമിപ്പിക്കുന്ന ഒരു ഉർവരതാനുഷ്ഠാനം ഉടലെടുത്തത്തിൽ അത്ഭുതമില്ല. എന്നാൽ അത്യുത്തരകേരളത്തിൽ മീനമാസമാണ് വസന്തകാലം കൃഷിതുടങ്ങുന്നതിനുമുമ്പുള്ള വിശ്രമകാലവും. തെക്കൻദിക്കിൽ മഞ്ഞും മഴയും കാമോദ്ദീപകമെങ്കിൽ വടക്ക് മീനമാസത്തിലെ ചൂടും വിശ്രമാനുഭവവും ലൈംഗികവാസന ഉണർത്തുന്നു. ഒരു മാസം കഴിഞ്ഞാൽ ഒരു വർഷം നീളുന്ന അദ്ധ്വാനക്കാലമാവുന്നു എന്ന ഓർമ ഈ വിശ്രമവേളയിലെ ലൈംഗികതൃഷ്ണയ്ക്ക് ആക്കം കൂട്ടുന്നു. അപ്പോൾ കാമപൂജയ്ക്കിണങ്ങുന്ന ദേശവും കാലവും ഇതുതന്നെ. കേരളത്തിൽ മറ്റൊരിടത്തും മീനമാസത്തിന് എല്ലാതരത്തിലും പുതിയതായ കാലസംക്രമത്തിന്റെ തുടക്കം എന്ന പ്രസക്തിയില്ല. അതുകൊണ്ടാണ് മറ്റൊരിടത്തും വ്യാപിക്കാതെ കാമപൂജ അത്യുത്തരകേരളത്തിന്റെ മാത്രം വസന്തോൽസവമായി തുടർന്നത്.
കുറിപ്പുകൾ
1. വിഷ്ണുനമ്പൂതിരി എം. വി. (ജന.എഡി), ഫോക്ലോറിന്റെ കൈവഴികൾ, പുറം – 20
2. പത്മനാഭപിള്ള ജി. ശ്രീകണ്ഠേശ്വരം, ശബ്ദതാരാവലി, പുറം – 133
3. വിഷ്ണുനമ്പൂതിരി എം. വി., ഫോക്ലോർ നിഘണ്ടു, പുറം – 21
4. കർത്താ പി. സി., ആചാരാനുഷ്ഠാനകോശം, പുറം – 97
5. ത്രിവിക്രമൻ തമ്പി ജി. (സമ്പാദനവും പഠനവും), തിരുവാതിരക്കളിപ്പാട്ടുകൾ, പുറം – 18
6. മാരാർ കെ. കെ., കേരളത്തനിമ, പുറം – 118
സഹായകഗ്രന്ഥങ്ങൾ
1. കർത്താ പി. സി., ആചാരാനുഷ്ഠാനകോശം, ഡി.സി.ബുക്സ്, കോട്ടയം, 2003
2. കൊസാംബി ഡി. ഡി., മിത്തും യാഥാർഥ്യവും, കൊസാംബി കൃതികളുടെ പ്രസിദ്ധീകരണസമിതി, 1985
3. ഗോവിന്ദപ്പിള്ള സി. പി., മലയാളത്തിലെ പഴയപാട്ടുകൾ, സാംസ്കാരിക പ്രസിദ്ധീകരണവകുപ്പ്,
കേരളസർക്കാർ, 2004
4. ത്രിവിക്രമൻ തമ്പി ജി., തിരുവാതിരക്കളിപ്പാട്ടുകൾ (സമ്പാദനവും പഠനവും), നാഷണൽ ബുക് സ്റ്റാൾ,
കോട്ടയം, 1984
5. നമ്പ്യാർ എ. കെ., കേരളത്തിലെ നാടൻകലകൾ (പഠനം), നാഷണൽ ബുക് സ്റ്റാൾ, കോട്ടയം, 1989
6. നാരായണപ്പണിക്കർ കാവാലം, കേരളത്തിലെ നാടോടിസംസ്കാരം, നാഷണൽ ബുക് ട്രസ്റ്റ്, ഇന്ത്യ,1984
7. പത്മനാഭപിള്ള ജി. ശ്രീകണ്ഠേശ്വരം, ശബ്ദതാരാവലി, നാഷണൽ ബുക് സ്റ്റാൾ, കോട്ടയം,1977
8. പരമേശ്വരയ്യർ ഉള്ളൂർ എസ്., കേരളസാഹിത്യചരിത്രം, വാല്യം 1, കേരളസർവകലാശാല
പ്രസിദ്ധീകരണവകുപ്പ്, 1967
9. ഭാർഗവൻപിള്ള ജി., കേരളത്തിലെ നാടോടിപ്പാട്ടുകൾ, സാഹിത്യവേദി, തിരുവല്ല, 1961
10. മാരാർ കെ. കെ., കേരളത്തനിമ, പൂർണ പബ്ലിക്കേഷൻസ്, കോഴിക്കോട്, 1999
11. വിഷ്ണുനമ്പൂതിരി എം. വി., ഫോക്ലോർ നിഘണ്ടു, കേരള ഭാഷാഇൻസ്റ്റിറ്റ്യൂട്ട്, 2000
12. വിഷ്ണുനമ്പൂതിരി എം. വി., ഫോക്ലോറിന്റെ കൈവഴികൾ, കേരള ഫോക്ലോർ അക്കാദമി, കണ്ണൂർ,
2004
ദിവ്യ വി.സി, ഗവ.മോഡൽ റസിഡൻഷ്യൽ എച്ച്എസ്എസ്, ചാലക്കുടി, (ഗവേഷക, കേരള സർവകലാശാല), 9947950805, dshiju84@gmail.com.
Comentarios