top of page

ദലിത് അനുഷ്ഠാനങ്ങളുടെ പരിവർത്തനം : പതികളെ മുൻനിർത്തിയുള്ള അന്വേഷണം

 വിദ്യ പി.ബി.

കേരളത്തിൽ ശാരീരികമായ വിധേയത്വവും അടിമത്തവും അനുഭവിച്ച ദലിത്‌ ജനത തങ്ങളുടെ ആത്മീയമായ ജീവിതസാഹചര്യങ്ങളിലും സംസ്കാരങ്ങളിലും സ്വയംപര്യാപ്തരായിരുന്നു.കാലങ്ങളായി ഈ ജനതകൾക്കിടയിൽ നിലനിന്നിരുന്ന ഭൗതികസാഹചര്യങ്ങൾക്കനുസൃതമായി ആരാധിക്കുന്ന ലഘുദൈവപാരമ്പര്യത്തിനും വ്യവഹാരങ്ങൾക്കും തനതായ ആരാധനക്രമങ്ങളുടെ പലമയും ദളിത് ദൃശ്യതയുടെ സവിശേഷതകളും പ്രകടമാണ്. ദലിത് അനുഷ്ഠാന ഇടങ്ങളെ കാഞ്ച ഐലയ്യ ഇപ്രകാരമാണ് നിരീക്ഷിക്കുന്നത് - "രാമന്റെയോ കൃഷ്ണന്റെയോ വെങ്കിടേശന്റെയോ ക്ഷേത്രങ്ങൾ പോലെ കേന്ദ്രീകൃതമല്ല പോച്ചമ്മയുടെ അമ്പലം. അത് എല്ലാ ഗ്രാമങ്ങളിലും ഉണ്ട്. ജനങ്ങൾക്ക് പോച്ചമ്മയെ കാണാൻ വളരെ ദൂരം ഒന്നും സഞ്ചരിക്കേണ്ടതില്ല ഇത് ജനങ്ങളുടെ സാമൂഹിക-സാമ്പത്തിക ജീവിതത്തിലും അനുരണനങ്ങൾ  സൃഷ്ടിക്കും"( കാഞ്ച ഐലയ്യ, 2004:94). ഇതര ദൈവങ്ങൾ പുലർത്തുന്ന മത/ജാതിപരമായ വിഭാഗീയ സംഘർഷങ്ങൾ ദലിത് ദൈവങ്ങൾക്കില്ല. ആയതിനാൽ ഇവയുടെ ആത്മീയ സ്ഥാനങ്ങളിൽ യുദ്ധങ്ങളും സംഘർഷങ്ങളും പൊതുവിലില്ല. ദൈവത്തിനും ഭക്തനും ഇടയിൽ പൂജാരി എന്ന ഇടനിലക്കാരൻ  ദലിത് ആത്മീയ പരിസരങ്ങളിൽ അധികാരം കൈയാളുന്നില്ല,എന്നതിനാൽ, ആദ്യകാലങ്ങളിൽ ആരാധനയ്ക്ക് ധനപരമായ അടിത്തറ ഉണ്ടാവേണ്ടതിന്റെ ആവശ്യകത പ്രബലമായിരുന്നില്ല. ഈ ഫോക്ക് രൂപങ്ങൾ അപരവൽക്കരിക്കുന്നതിനായുള്ള പാശ്ചാത്യാധുനികതയുടെ പ്രവർത്തനം അധസ്ഥിതവർഗ്ഗത്തിന്റെ സ്വത്വത്തിലധിഷ്ഠിതമായ വിശ്വാസപ്രമാണങ്ങളെയും ദൈവസങ്കൽപത്തെയും അപ്രധാനവൽക്കരിക്കുന്നതായി കാണാം.

 

പ്രാദേശികമായി വ്യത്യസ്തമാര്‍ന്ന അധസ്ഥിതജനതയുടെ   ഉർവ്വരതാനുഷ്ഠാനങ്ങളിലും ഇടങ്ങളിലും പരിഷ്കരണത്തിന്റെ ഭാഗമായി അവരുടെ സാംസ്കാരിക-അദ്ധ്യാത്മിക ബിംബങ്ങളെ പ്രാന്തവൽക്കരിക്കുകയെന്നത് അധികാരികൾ, നവോത്ഥാനത്തിന്റെയും സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെയും അജണ്ടകളെ മറയാക്കി നടത്തിപോന്നു.“പ്രാദേശികമായി ഉണ്ടായിരുന്ന നൂറുകണക്കിന് ദൈവരൂപങ്ങളെയും വ്യവഹാരങ്ങളെയും പുതിയ രാഷ്ട്രനിർമ്മാണത്തിന്റെ ആവശ്യങ്ങൾക്കൊത്ത് റദ്ദാക്കിക്കൊണ്ടാണ് സ്വതന്ത്രസമരപ്രസ്ഥാനവും നവോത്ഥാന പ്രവർത്തനങ്ങളും   ഇവിടെ പ്രവർത്തിച്ചത്. മാടനും മറുതയുമെല്ലാം പരിവർത്തനപ്പെടേണ്ടതാണെന്ന ബോധം അക്കാലം മുതൽക്കേ രൂപം കൊണ്ടു.  വാസ്തവത്തിൽ ദലിതരുടെ  സ്വാഭാവിക ആചാരാനുഷ്ഠാന സാഹചര്യങ്ങളിൽ നിന്ന് അവരുടെ സങ്കല്പവിശ്വാസങ്ങളുമായി സംവാദത്തിലേർപ്പെട്ടുകൊണ്ട് നൂറ്റാണ്ടുകളായി നിലനിന്ന ലഘുദൈവപാരമ്പര്യത്തിനാണ് സാർവ്വഭാരതീയദൈവക്രമം പരിക്കേൽപ്പിച്ചത്”ഇ.പി.രാജഗോപാലൻ,2008:68).ഇപ്രകാരമാണ് സമത്വവും സ്വാതന്ത്ര്യവുമെല്ലാം നവോത്ഥാനത്തിന്റെ പ്രത്യക്ഷലക്ഷ്യങ്ങളായിരിക്കെ, ദലിത് ജനതയുടെ സാംസ്കാരിക തന്മകളെ  ഉച്ചപുരാവൃത്ത(ഹയർമിത്ത്‌)ദൈവങ്ങളുടെ ജനകീയവൽക്കരണത്തിലുടെയും  തുടർന്നവയ്ക്കുള്ള ജാതിക്ഷേത്രങ്ങളുടെ നിർമിതികളിലുടെയും  വിദഗ്ധമായി

സവർണ്ണവർഗ്ഗം പാർശ്വവൽക്കരിച്ചത്. കേരളത്തിലെ അധ:സ്ഥിതവർഗ്ഗത്തിന്റെ ആചാരാനുഷ്ഠാനങ്ങളിൽ ഒന്നായ പതി എന്ന വെച്ചാരാധന സമ്പ്രദായത്തെയാണ് ഈ പ്രബന്ധത്തിൽ വിശകലനം ചെയ്യുന്നത്.

 

പതികൾ

 

 പ്രകൃതിയെയും പരേതാത്മാക്കളേയും ആരാധിക്കുന്നവരായിരുന്നു, കേരളത്തിലെ പൂർവികജനത. ഇപ്പോഴും ചില ദലിത് കൂട്ടായ്മകളിൽ  അത്തരം വിശ്വാസങ്ങൾ നിലനിർത്തി വരുന്നതായി കാണാം. വംശത്തിലെ മിത്തുകൾക്കും ഫോക്കൾക്കും അനുസരിച്ച്   അവർ ജീവിക്കുന്ന പ്രദേശങ്ങളിൽ തറകെട്ടി കല്ലുവെച്ച് അവരുടെതായ ദൈവങ്ങളെ ആരാധിച്ചു വരുന്നു. അനുഷ്ഠാനങ്ങളെ ഇപ്രകാരമാണ് വിശദീകരിക്കുന്നത്:-“ജീവിത സാഹചര്യങ്ങൾക്ക് അനുഗുണമായി ചിന്തയിലും കർമ്മങ്ങളിലും പലവിധം നടപടിക്രമങ്ങളും ശരിയായ വിശേഷങ്ങളും നിയന്ത്രണങ്ങളും പാലിക്കേണ്ടതായി വരും. ജീവിതപരിചയത്തിലൂടെ ഉരുത്തിരിഞ്ഞു വരുന്ന അത്തരം വഴക്കങ്ങളും വിധി നിയമങ്ങളും ജീവിതക്രമങ്ങളും ഏതൊരു സമൂഹത്തിലും കാണാം ശ്രദ്ധയോടും നിഷ്ഠയോടും കൂടി ഏർപ്പെടുന്ന അത്തരം നടപടികളാണ് അനുഷ്ഠാനങ്ങൾ(എം.വി.വിഷ്ണു നമ്പൂതിരി,2019:124). ദലിതരുടെ അനുഷ്ഠാനങ്ങൾ പരിശോധിക്കുകയാണെങ്കിൽ,ഹൈന്ദവ മതകർമ്മങ്ങളക്കാൾ  പ്രാക്തനത  ഇവയ്ക്കുണ്ടെന്ന് തിരിച്ചറിയാം.

 

 

കേരളത്തിൽ സ്ഥലപരമായ വ്യത്യാസങ്ങൾക്കനുസരിച്ച് പതി സമ്പ്രദായത്തിലും വ്യത്യസ്തതകൾ കാണാം. വടക്കൻ കേരളത്തിൽ പതിയെന്നത് സ്ഥിരമായി ദേവതകളെ കൂടിയിരുത്തി ആരാധിക്കുകയും കോലം കെട്ടിയാടിക്കുകയും ചെയ്യുന്ന ആരാധനായിടമായി കണക്കാക്കുന്നു. ചില സന്ദർഭങ്ങളിൽ ദേവതകളെ പ്രത്യേകം കെട്ടി അടിക്കേണ്ടതായി വരുമ്പോൾ താൽക്കാലികമായി തെയ്യം,തിറ,കളിയാട്ടം എന്നിവയ്ക്കായി മുള,ഓല,കമ്പ് എന്നിവ കൊണ്ട് കോവിൽ കെട്ടുന്നു. പതി  പതികെട്ടുക എന്നാണ് ഇതിനെ പറയുന്നത്. ആ പുരയ്ക്കുള്ളിൽ ദേവതകളെ പൂജിക്കുകയും വെളിയിൽ അതിനു മുൻവശത്ത് കോലങ്ങൾ കെട്ടിയാടുകയും ചെയ്യും. മധ്യകേരളത്തിൽ നാഗാരാധനയും കല്ലുവെച്ച സേവയുമായുമെല്ലാം പതികൾ അറിയപ്പെടുന്നു. ഇതിൽ തന്നെയും എറണാകുളം,തൃശ്ശൂർ ജില്ലയിലാണ് പതി എന്ന പേരിൽ ഈ സങ്കല്പം കൂടുതൽ കാണുന്നത്. തെക്കൻ കേരളത്തിൽ മൂലകുടുംബമായാണ്  ഇവ കാണപ്പെടുന്നത്.

 

 

 മധ്യകേരളത്തിലെ പതി

 

എറണാകുളം,തൃശ്ശൂർ ജില്ലയിൽ പ്രധാനമായും പൂർവിക ആരാധനയാണ് പതിയിൽ നടത്തുന്നത്. മരണപ്പെട്ട പൂർവികരെ വിളിച്ചുവരുത്തി കുടുംബാംഗങ്ങൾക്ക് രോഗപീഡയ്ക്കെതിരെ ദോഷങ്ങൾ അകറ്റാൻ വഴിപാട് നിർദ്ദേശിക്കുന്ന  രീതി ഈ പതികളിലുണ്ട്.  പൂർവികർ ആവേശിക്കുന്ന ദേഹത്തെ ‘മടപതികൾ’ എന്നാണ് വിളിച്ചുപോന്നത്.മുൻകാലത്ത് ദലിതരുടെ ജനന-മരണ സന്ദർഭങ്ങളിൽ ഒന്നുംതന്നെ പൂജാരിമാർ വീടുകളിലേക്ക് എത്തിയിരുന്നില്ല. ജാതിയിൽ തന്നെ മന്ത്രവാദമറിയുന്ന ഒരു പുരോഹിതനെ കർമ്മങ്ങൾ ചെയ്യുന്നതിനായി ഏൽപ്പിച്ചിരുന്നു.പറയർ,പുലയർ,വേലർ

,കുറവർ മുതലായ  ജാതികൾക്ക്   തങ്ങളുടെ വാസസ്ഥലത്തോടടുത്തുതന്നെ പതി,കാട്,കരിയാല, ചുടല, താനം, മുണ്ട്യ...എന്നീ പേരുകളിൽ വെച്ചാരാധന കേന്ദ്രങ്ങളുണ്ടായിരുന്നു. പ്രധാനമായും അവരുടെ കുലത്തെ സംരക്ഷിക്കുന്ന മുത്തപ്പന്റെയും മുത്തിയുടെയും പേരിലാണ് പതികൾ അറിയപ്പെട്ടിരുന്നത്.  കാളി,ആനമറുത,അനികൾ,മുനികൾ,കുട്ടിച്ചാത്തൻ,മുത്തൻ,ഉള്ളാടന്മാർ,തമ്പുരാൻ,ചാവുകൾ,യക്ഷി,വെളിച്ചപ്പാടുമെല്ലാം ഓരോ പതികളുടെയും ആരാധനാമൂർത്തികളായി കുടികൊണ്ടു.വാഴത്തറ പതി, വേലൻമാട്ട് പതി, കുഴിക്കാട്ടിൽ പതി, കൊടിഞ്ഞി പതി, തലക്കോട്ട് മൂലപ്പതി, തീച്ചമ്പള്ളി കണ്ടാറം … എന്നീ പേരുകളിൽ മധ്യകേരളത്തിലെ പതികൾ കാണപ്പെടുന്നു. ഇവയിൽ പലതും ഇന്ന് നിലവിലില്ല. പതികൾ മാറ്റി ജാതിക്ഷേത്രങ്ങളായി  ചിലത് പരിവർത്തനപ്പെട്ടിരിക്കുന്നു.

 

 പതികളിലെ ആരാധനക്രമങ്ങൾ

 

ഹിന്ദുമതാചാരങ്ങളുമായി ഒരിക്കലും താദാത്മ്യം പ്രാപിക്കാത്ത ആരാധനാരീതികളാണ് പതികളിൽ ഉണ്ടായിരുന്നത്. ബലികല്ലിൽ കോഴിയെ വെട്ടി കല്ലിൽ തന്നെ ചോരവീഴ്ത്തി അവിടെവച്ച് തന്നെ പാകം ചെയ്ത് ഭക്തർക്കും ദൈവത്തിനും കള്ളും ചാരായവും മാംസവുമെല്ലാം  നൽകിപോന്നു. പതികളിൽ തികച്ചു അയഞ്ഞ അദ്ധ്യാത്മികതയുടെ അന്തരീക്ഷമാണുള്ളത്. ദലിത് പ്രപഞ്ചബോധത്തിന്റെതായ ലാളിത്യവും സർവ്വസമതയുമെല്ലാം പതിയുടെ സവിശേഷതകളാണ്. തങ്ങളുടെ ദൈവം തങ്ങൾക്ക് ആശ്രയിക്കാവുന്ന ഇടങ്ങളിൽ  കുടികൊള്ളുന്നുവെന്ന വിശ്വാസമാണ് വയലുകളോടും പണിയിടങ്ങളോടും വീടുകളോടുമെല്ലാം ചേർന്നു പതികൾ സ്ഥാപിക്കുന്നതിലെ യുക്തി.

 

വർഷത്തിലൊരിക്കൽ നടക്കുന്ന ആഘോഷമാണ് ‘പതികൊടങ്ങ’. ഈ വേളയിൽ അനുബന്ധമായി മുടിയാട്ടം, തുടിപ്പാട്ട്,കളംചവിട്ട്,മുട്ടറുതി തുള്ളൽ..എന്നീ കലാരൂപങ്ങളും അവതരിപ്പിക്കപ്പെട്ടിരുന്നു.മധ്യകേരളത്തിൽ പതികൾക്കായി ഓരോ കുടുംബങ്ങൾക്കും  അവരുടെ തറവാടുകളിൽ സ്ഥാനം നിശ്ചയിച്ചിട്ടുണ്ട്. മേടപ്പത്തിന് (വിഷു കഴിഞ്ഞ് പത്താംദിവസം) രാത്രിയാണ് പതിയിൽ തുള്ളൽ തുടങ്ങുന്നത്. മേടപ്പത്തിനു നൃത്തത്തിൽ വരുന്ന ദൈവങ്ങൾക്കായി ശരീരം ഒരുങ്ങണം. മടപതികൾ ആയിട്ടുള്ള വ്യക്തികൾ ഇരുപത്തിയൊന്ന് ദിവസം നോമ്പ് ഇതിനായി എടുക്കുന്നു. തുടർന്ന് ആവേശിക്കുന്ന മൂർത്തികൾക്ക് അനുസരിച്ച് വസ്ത്രങ്ങൾ  അണിയുകയും ആയുധങ്ങൾ കയ്യിൽ പിടിക്കുകയും ചെയ്യുന്നു. കാളിക്ക് ചുവന്ന പട്ടും ചിലമ്പും വാളും. തമ്പുരാന് ചൂരൽ ആയുധം എന്നിങ്ങനെ. മടപതികളായ വ്യക്തികളുടെ ദേഹത്ത് ഓരോ മൂർത്തികളും നൃത്തരൂപത്തിൽ വരികയും കുടുംബത്തിനു നിർദ്ദേശങ്ങളും അനുഗ്രഹവും നൽകുകയും ചെയ്യുന്നു. പ്രധാനമായും വർഷത്തിലൊരിക്കലുള്ള പൂജ മാത്രമാണ് പതികളിലുള്ളത് . അതിനുശേഷം ഏഴാംകുരുതി (ഗുരുതി) നടത്തുന്നു.

 

 

പതികളുടെ നവ ഹൈന്ദവവൽക്കരണം

 

ഇരുപതാം നൂറ്റാണ്ടോടുകൂടി നടപ്പിലായ നവോത്ഥാനത്തിന്റെ  പ്രഖ്യാപിത ലക്ഷ്യമായിരുന്നു  പിന്നോക്കവിഭാഗങ്ങളുടെ സാംസ്കാരികവും സാമ്പത്തികവുമായ  ഉദ്ഗ്രഥനം ഇതിനായുള്ള നയപരിപാടികളിൽ ദലിത് ആത്മീയതയെ  ഹൈന്ദവവൽക്കരിക്കാനുള്ള ശ്രമങ്ങൾ കാണാം. പരിഷ്കരണ ആശയങ്ങളുടെ ഭാഗമായി കേരളത്തിലെ ഈഴവരിൽ നവോത്ഥാനത്തിന്റെ പ്രവർത്തനം ചരിത്രത്തിൽ ദൃശ്യമാണ്. ദേശീയതയുടെ പശ്ചാത്തലത്തിൽ ഉയർന്നുവന്ന നവഹൈന്ദവബോധ്യം കേരളത്തിൽ ശ്രീനാരായണഗുരുവിന്റെ  ആരുവിപ്പുറം ശിവപ്രതിഷ്ഠയുമായി കൂട്ടി വായിക്കാം. ഏകദൈവസങ്കൽപം ആയിരുന്നു ഗുരുവിന്റെ ലക്ഷ്യമെങ്കിലും, ഇതേത്തുടർന്ന് ഈഴവരുടെ പതികളിൾ  മാടൻ,മറുത  എന്നിങ്ങനെയുള്ള മൂർത്തികളെ മാറ്റി സനാതന ദൈവക്രമം നിലവിൽ വന്നു. ക്ഷേത്രപ്രവേശനവിളംബരം(1936) പരിശോധിക്കുമ്പോൾ, സവർണ്ണ ആത്മീയകേന്ദ്രങ്ങളിലേക്ക് പ്രവേശിക്കണമെന്നത്  ദളിതരുടെ പ്രധാന ആവശ്യമായിരുന്നില്ല. ക്ഷേത്രപ്രവേശനവിളംബരത്തിന്  നേതൃത്വം നൽകിയവരിൽ അധികവും സവർണ്ണനേതാക്കന്മാരാണ്. ജാതീയമായ ഉച്ചനീചത്വങ്ങൾ അനുഭവിക്കുന്ന അവർണർ വ്യാപകമായി മതപരിവർത്തനത്തിന് തയ്യാറായിയെന്നത് ക്ഷേത്രപ്രവേശനത്തിന് അനുകൂലമായ ഒരു തീരുമാനമെടുക്കുന്നതിലേക്ക് അധികാരികളെ ചിന്തിപ്പിക്കുന്നതിന് കാരണമായിയെന്നതും പ്രസക്തമാണ്. വിദ്യാഭ്യാസം,സഞ്ചാരസ്വാതന്ത്ര്യം,ഭൂവധികാരം,വസ്ത്രസ്വാതന്ത്ര്യം…എന്നിങ്ങനെയുള്ള അടിസ്ഥാനസൗകര്യങ്ങൾക്കായുള്ള പ്രക്ഷോഭങ്ങൾക്കാണ് അവർണ്ണ നേതൃത്വങ്ങൾ  മുന്നോട്ടു ഇറങ്ങിയത്. ക്ഷേത്രപ്രവേശന വിളംബരത്തോടെ പാൻ ഇന്ത്യൻ ദൈവങ്ങളുടെ  ആരാധനയ്ക്ക് ദളിതർക്ക് അവസരം കൈവരുന്നു.ഈ സന്ദർഭത്തിൽ സാമൂഹ്യ പരിഷ്കരണപ്രസ്ഥാനങ്ങളും നവോത്ഥാന ആശയധാരകളും ദലിതരെ സാംസ്കാരികമായി ഉയർത്തുന്നതിനൊപ്പം  അവരുടെ ആത്മീയ ബോധ്യങ്ങളെ അപരിഷ്കൃതമെന്ന് മുദ്രകുത്താനും  തുടച്ചുമാറ്റാനുമായി നടത്തിയ നിർമ്മിത ബോധവൽക്കരണശ്രമങ്ങൾ വിജയം കണ്ടു. ഇതേ തുടർന്ന് മന്ത്രവാദം, കോഴിവെട്ട്, കാരണം തീർക്കൽ മുതലായ ആചാരങ്ങൾ പ്രാകൃതമാണെന്ന ധാരണ ദലിതരിലും ഉണ്ടാക്കുന്നുണ്ട്. ഒപ്പം ബ്രാഹ്മണാധികാരികളുടെ പ്രേരണയാൽ പതികൾ പൊളിച്ചു പണിയാനും അവിടെ ജാതിക്ഷേത്രങ്ങളുടെ നിർമാണവും സംഭവിക്കുന്നു. ഈ പുരോഗമന ആശയങ്ങളുടെ സ്വാധീനം ദലിതരുടെ മുത്തപ്പനെക്കാൾ ശ്രേഷ്ഠമാണ്  സവർണ്ണ ക്ഷേത്രത്തിലെ ആരാധന മൂർത്തികളെന്നും തങ്ങളുടെ ചടങ്ങുകൾ ആധമമാണെന്നുള്ള കാഴ്ചപ്പാടിലേക്കും  നയിച്ചിരിക്കാനിടയുണ്ട്.

 

പതികൾ പൊളിക്കണമെന്നും അവിടെ ക്ഷേത്രങ്ങൾ നിർമ്മിക്കണമെന്ന ബ്രാഹ്മണിക്ക്  നിർദേശങ്ങൾ മധ്യകേരളത്തിലെ പലയിടങ്ങളിലും ഇന്ന് പ്രാ വർത്തികമായതായി കാണാം. പതികൾ പൊളിക്കുന്നതിലൂടെ ദളിതരുടെ ദൈവവും ഭൂസ്വത്തും നഷ്ടമാകുന്നു.  ദലിത് പാരമ്പര്യത്തിന്റെ അടയാളങ്ങളായ നാട്ടുദൈവങ്ങളുടെ സ്ഥാനത്ത് വിഷ്ണു,ഗണപതി,അയ്യപ്പൻ മുതലായ ദൈവങ്ങളുടെ പ്രതിഷ്ഠ നടക്കുകയുണ്ടായി.  തുടർന്ന്,മന്ത്രവാദവും ഉച്ചാടനവും  ആവാഹനവുമെല്ലാം നടത്തിവന്നിരുന്ന പതികളിൽ ഗണപതിഹോമം ഭഗവതിസേവ മുതലായ  പൂജാക്രമങ്ങൾ  കൊണ്ടുവരുന്നു ഇതിന് അനുയോജ്യമായ പൂജാരികളെയും വിശേഷ സന്ദർഭങ്ങളിൽ സമീപിക്കുക വഴി ആത്മീയതയുടെ വിപണനസാധ്യതകൾ സവർണ്ണ വർഗ്ഗത്തിന് അനുകൂലമായി മാറി  . കൂടാതെ ഭക്തി അനുഷ്ഠിക്കുന്നതിന്  ശുദ്ധി-അശുദ്ധി ഭേദങ്ങൾ വിലക്കുകളായി വരുന്നു. പതികളുടെ ഈ പരിവർത്തനത്തിലൂടെ ബ്രാഹ്മണാധിപത്യത്തിനും പുരോഹിതവർഗ്ഗതാൽപര്യങ്ങൾക്കും സ്വാഭാവികമായ പ്രാധാന്യം ലഭിക്കുന്നു. തികച്ചും ദ്രാവിഡമായ ദലിത് ആത്മീയതയുടെ ചലനാത്മകവും പ്രകൃതിസൗഹാർദ്ദവും ഉൽപാദനപരവുമായ അന്തരീക്ഷത്തെ കൈയ്യാളുന്നതിലൂടെ, ആത്മീയവും മാനസികവുമായി ഇരട്ടഅടിമത്തം  നടപ്പിലാക്കുകയാണ്   ബ്രാഹ്മണാധിപത്യം ചെയ്തത്. മധ്യകേരളത്തിലെ  പതിയെന്ന  ഫോക്ക് രൂപത്തിന്റെ ആചാര അനുഷ്ഠാനങ്ങളിലെ സവിശേഷതകൾ എറണാകുളം ജില്ലയിലെ വിവിധ പള്ളികളിൽ കാണാനായി സാധിക്കും. രോഗങ്ങളിലും പാമ്പ് ശല്യത്തിൽ നിന്നും രക്ഷ നൽകുന്ന ക്രൈസ്തവതയിലെ പുണ്യാളൻ സങ്കല്പത്തിന്  കോഴി നേർച്ചയായി നൽകി അതിനെ പള്ളിമുറ്റത്ത് തന്നെ പാകം ചെയ്ത് കഴിക്കുന്ന രീതി ഇടപ്പള്ളി പോലുള്ള ആരാധനാലയങ്ങളിൽ വർഷത്തിലൊരിക്കൽ കൂട്ടായ്മയുടെ ആഘോഷമായി  നടത്തിപോരുന്നു. ആദ്യകാലത്ത് പള്ളിമുറ്റത്ത് നടന്ന ആചാരം പിന്നീട് പള്ളിക്ക് അടുത്തുള്ള  ഗ്രൗണ്ടുകളിലേക്ക് മാറുന്നു. അധസ്ഥിത വർഗ്ഗത്തിന്റെ ആവാസകേന്ദ്രങ്ങളിലെ ഫോക്ലോറുകൾ സമകാലിക സമൂഹത്തിൽ  പല പരിവർത്തനങ്ങൾക്കും വിധേയമായി  ഇന്നും നിലനിൽക്കുന്നുവെന്നത് ശ്രദ്ധേയമാണ്. സാമൂഹ്യമാറ്റുകൾ പല ആചാരങ്ങളെയും മൃതഫോക്ലോറുകളാക്കി മാറ്റിയപ്പോൾ അധസ്ഥിത ജനതയുടെ ഇത്തരം പ്രകടനങ്ങൾ  നിത്യജീവിതത്തിന്റെ പല സന്ദർഭങ്ങളിലും  മായാത്ത പതിപ്പുകളായി  നിലകൊള്ളുന്നു.

 

 ആധാരഗ്രന്ഥങ്ങൾ

 

1.കാഞ്ച ഐലയ്യ, 2004,  ഞാനെന്തുകൊണ്ട് ഒരു ഹിന്ദുവല്ല,ഡിസി ബുക്സ്, കോട്ടയം

 

2.പുരുഷോത്തമൻ കെ. സി.,2008,ദലിത് സാഹിത്യപ്രസ്ഥാനം, കേരള സാഹിത്യ അക്കാദമി, തൃശൂർ

 

 

3.രാഘവൻ പയ്യനാട്, 2014, ഫോക്ലോർ കേരളഭാഷ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം

4.രാജഗോപാലൻ ഇ.പി.,2008, നാട്ടറിവുംവിമോചനവും, പുസ്തകഭവൻ, കണ്ണൂർ

 

5. രാജേഷ് കോമത്ത്,2013, നാട്ടുദൈവങ്ങൾ സംസാരിച്ചു തുടങ്ങുമ്പോൾ, മാതൃഭൂമി,കോഴിക്കോട്

 

6.വിഷ്ണു നമ്പൂതിരി എം. വി.,2019,നാടോടിവിജ്ഞാനീയം,ഡിസി ബുക്സ്,കോട്ടയം

 

7.വാസു എ. കെ.,2019, കറുപ്പ് അഴകാണെന്ന് നീ വെറുതെ പറയരുത്,ക്യു വിവ് ടെക്സ്റ്റ്‌, മാവേലിപുരം.


വിദ്യ പി.ബി

ഗവേഷക, മലയാളം വിഭാഗം

മഹാരാജാസ് കോളേജ് ,എറണാകുളം

       


Comments

Rated 0 out of 5 stars.
No ratings yet

Add a rating
No^v F-Un-äÀ
-tUm. em-ep-. hn-v

Ìm^v FUnäÀ
tUm.KwKmtZhn. Fw

ÌpUâv FUn-äÀ
cXojv Fk


ഇഷ്യു എഡിറ്റർ v
ഡോ.ദീപ ബി.എസ്.
FUntäm-dnb t_mÀUv 
AwK§Ä
tUm.kPohv IpamÀ Fkv 
tUm. Zo] _n Fkv 
tUm.tkXpe£van Fw Fkv 
-tUm A-¼n-fn- B-À- ]n-
-
ഡോ. ശ്രീലക്ഷ്മി എസ്.കെ
_nµp. F Fw
Pqen F 
a©p sI BÀ
Publishers Name:          
Dr.Lalu.V,
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996         
email:gcwmalayalam2023@gmail.com            laluvatl@gmail.com 

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2024

bottom of page