top of page

 ദൃശ്യമേഖലയിലെ ഡിസബിലിറ്റി പ്രതിനിധാനങ്ങൾ 

Updated: 3 days ago

ശാലിനി രാമചന്ദ്രൻ

പ്രബന്ധസംഗ്രഹം

വൈകല്യം വിശദീകരിക്കാൻ ശ്രമിക്കുന്ന രണ്ട് പ്രധാന മാതൃകകളാണ്, മെഡിക്കൽ മാതൃകയും സാമൂഹിക മാതൃകയും. ഇവ രണ്ടിന്റേയും പുരോഗതിയ്ക്ക് ആക്കം കൂട്ടുന്ന സംഭാവനകളാണ് മാനവാനന്തരതയുടെ ഭാഗമായി ലഭ്യമായിക്കൊണ്ടിരിക്കുന്നത്. വർഷങ്ങൾകൊണ്ട് നേടിയെടുത്ത പലനേട്ടങ്ങളും ചുരുങ്ങിയ വർഷം കൊണ്ട് ലഭ്യമാക്കാൻ ഇലക്ട്രോണിക്മേഖലയിലെ പുരോഗതികൊണ്ട് സാധിച്ചിട്ടുണ്ട്. 1970 കളിൽ പ്രയോഗത്തിൽ ഉണ്ടായിരുന്ന ശാരീരികമോ മാനസികമോ ആയ 'വൈകല്യം' (handicapped) എന്ന പദം, 1980 കളോടെ പുറത്താക്കപെടുകയും ബലഹീനതയുള്ളവർ, വികലാംഗൻ (people first, disabled) തുടങ്ങിയ പദങ്ങൾ പ്രചാരത്തിൽ വരികയും ചെയ്തു. എന്നാൽ, പദങ്ങളിലൂടെയുള്ള അവഗണനകളെ മാറ്റി നിർത്തുവാൻ ശ്രമിക്കുമ്പോൾ തന്നെ, അവഹേളനങ്ങളും വിവേചനങ്ങളും പലരൂപത്തിൽ തുടരുകതന്നെ ചെയ്തു. ഇത്തരത്തിലുള്ള പുനർനിർമാണ പ്രവർത്തനങ്ങൾ അനേകവർഷങ്ങളുടെ കാലതാമസത്താലാണ് സംഭവ്യമായത്.

    പല വൈകല്യ ബാധിതരും തങ്ങളെ വൈകല്യമുള്ളവർ (disabled) എന്നതിനേക്കാൾ ഭാഷാ ന്യൂനപക്ഷം (Linguistic Minority) ആയിട്ടാണ് കണക്കാക്കുന്നത്. സാഹചര്യങ്ങളെ ഉപയോഗപ്പെടുത്താൻ കഴിയുന്ന ചുറ്റുപാടാണ് (Environment accessible)  ഡിസെബിലിറ്റിയെ പരിഹരിക്കാനുള്ള ഏറ്റവും യുക്തമായ മാർഗം. ഇന്ന് ഡിസബിലിറ്റിയുടെ ഏറ്റവും മികച്ച പ്രതിനിധാനങ്ങൾക്ക്   സാധ്യതയുള്ളയിടമാണ് സിനിമ, പരസ്യം, റീലുകൾ, മറ്റ് മാധ്യമങ്ങൾ എന്നിവ.  ഇവയിലൂടെയെല്ലാം അവരുടെ സാംസ്കാരികാന്തരീക്ഷത്തെയും, ഫാഷൻ ചിന്തകളെയും, പ്രതിരോധശ്രമങ്ങളെയും, പ്രതിനിധാനങ്ങളെയും ഏറ്റവും ശക്തമായി മുന്നോട്ട് കൊണ്ടുവരാൻ ഈയടുത്ത വർഷങ്ങളിൽ സാധ്യമായിട്ടുണ്ട്. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ തെരഞ്ഞെടുത്ത  പരസ്യങ്ങളെ മുൻനിർത്തി ഡിസബിലിറ്റി പ്രതിനിധാനങ്ങളെയും അവയുടെ വളർച്ചാപുരോഗതിയേയും ആശയധാരകളെയും നിരീക്ഷിക്കാനുള്ള ശ്രമമാണ് ഈ പ്രബന്ധം.  സൂക്ഷ്മ വിശകലനത്തിനായി ക്രിപ് സിദ്ധാന്തത്തിന്റെ സാധ്യതകളെയും പ്രയോജനപെടുത്തുന്നു.

 

താക്കോൽ വാക്കുകൾ

-Ableism

- Sanism

-പൊളിറ്റിക്കൽറിലേഷണൽ മോഡൽസ്

-Virtual world

-Critical disability studies

-Global Citizens

-Non-normative Human being

 

ആമുഖം

      പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും നിയമപരമായ വിവരങ്ങൾ കൈമാറുന്നതിനും വേണ്ടി സർക്കാരുകൾ ഉപയോഗിക്കുന്ന പ്രഥമ മാധ്യമമാണ് പരസ്യങ്ങൾ. ടെലിവിഷൻ, റേഡിയോ, പത്രം, ഓൺലൈൻ മാധ്യമങ്ങൾ എന്നിവ വഴിയെല്ലാം പരസ്യങ്ങളുടെ പ്രചരണം നടക്കുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യങ്ങളെ അപേക്ഷിച്ച് കൂടുതൽ ആധികാരികതയും സ്വീകാര്യതയും വിശ്വാസ്യതയും  ഉറപ്പുവരുത്തുന്നവയാണ് സർക്കാർ പരസ്യങ്ങൾ. പരസ്യങ്ങളിൽ ഉപയോഗിക്കുന്ന ഭാഷ, ചിത്രങ്ങൾ എന്നിവയെല്ലാം ജനമനസ്സുകളുടെ തെരഞ്ഞെടുപ്പുകളെയും താല്പര്യങ്ങളെയും രൂപപ്പെടുത്തുന്നു.

     ഇത്തരം പരസ്യങ്ങളിൽ പലപ്പോഴും വൈകല്യമുള്ളവരെ പ്രചോദനാത്മക വിജയഗാഥകളായോ സംസ്ഥാന സഹായത്തിന്റെ നിഷ്ക്രിയ ഗുണഭോക്താക്കളായോ അവതരിപ്പിക്കുന്നു. അത്തരം പ്രതിനിധാനങ്ങൾ പുരോഗമനപരമായി തോന്നുമെങ്കിലും, ഉൽപ്പാദനക്ഷമത, സ്വാതന്ത്ര്യം എന്നിവയുടെ അടിസ്ഥാന മാനദണ്ഡങ്ങളെ ഇല്ലായ്മചെയ്യുന്നുമുണ്ട്.  പരസ്യങ്ങൾ പലപ്പോഴും പ്രതീകാത്മക ചിത്രങ്ങൾ മാത്രമാവുകയും, അടിസ്ഥാനപരമായ നീതി ലഭ്യമാകാതിരിക്കുകയും ചെയ്യുന്ന ഇടങ്ങൾ ആകുന്നു.

 

 അപഗ്രഥനം

     റോബർട്ട് മക്‌റൂവർ (Robert McRuer) ‘ക്രിപ് തിയറി: കൾച്ചറൽ സൈൻസ് ഓഫ് ക്വീർനെസ് ആൻഡ് ഡിസബിലിറ്റി’ (Crip Theory: Cultural Signs of Queerness and Disability)  എന്ന പുസ്തകത്തിലൂടെയാണ് ക്രിപ് തിയറി ആദ്യമായി അവതരിപ്പിച്ചത്. പൊതുസമൂഹം, സ്ത്രീയോ പുരുഷനോ ആയിരിക്കുന്നതിൽ നിർബന്ധം പിടിക്കുകയും ഭിന്ന ലൈംഗികതയെ അംഗീകരിക്കാൻ വിമുഖത കാണിക്കുകയും ചെയ്യുന്നു. അതുപോലെതന്നെ  പൂർണ്ണ കഴിവുകളും ശക്തിയും ഉള്ള ശരീരത്തെ കേമമായും ഇതര വിഭാഗത്തിൽ പെടുന്നവയെ രണ്ടാംതരമായും അവതരിപ്പിക്കുന്നുണ്ട്. ബോധപൂർവ്വമോ അബോധപൂർവ്വമോ ഇത്തരത്തിലുള്ള പൊതു ബോധനിർമ്മിതി സർക്കാർ പരസ്യങ്ങളിലും കടന്നുവരുന്നു.

    ചലന വൈകല്യമുള്ള ആളുകളെ അവഹേളിക്കുന്ന രീതിയിൽ നിലനിന്ന Crip എന്ന പദം പിന്നീട് വിവിധ വൈകല്യങ്ങളെയും പരാമർശിച്ചുതുടങ്ങി. ‘Cripple’(ഭിന്നശേഷിയുള്ളയാൾ) എന്ന പദത്തിൽ നിന്ന് രൂപപ്പെടുത്തിയ സ്വതന്ത്ര പദമാണ് ‘Crip’. കഴിവുള്ളവരുടെ ഭാഷയെ വെല്ലുവിളിക്കുന്ന പദമായും ഇതിനെ കാണാം. വൈകല്യങ്ങളെ വിവിധ മാധ്യമങ്ങളിലൂടെ ആവിഷ്കരിക്കുമ്പോൾ രൂപപ്പെടുന്ന ആശയത്തിന് വിരുദ്ധമായ രാഷ്ട്രീയമാണ് Crip എന്ന പദത്തിലൂടെ രൂപപ്പെടുന്നത്. അതായത് ‘സാധാരണ’(Normal)മായുള്ളവയുടെ നിരാകരണമെന്ന് ലഘുവായി പറയാം. വൈകല്യം എങ്ങനെയാണ് വംശം, ലിംഗഭേദം, വർഗം, ലൈംഗികത, മറ്റ് സ്വത്വങ്ങൾ എന്നിവയുമായി ബന്ധപ്പെടുന്നതെന്നും ക്രിപ് സിദ്ധാന്തം പറഞ്ഞുവെയ്ക്കുന്നു.

    വൈകല്യത്തെ ചികിത്സിക്കേണ്ടതോ പരിഹരിക്കേണ്ടതോ സഹതാപം തോന്നേണ്ടതോ ആയ ഒന്നായി കാണുന്നതിനെ ക്രിപ് സിദ്ധാന്തം ചെറുക്കുന്നുണ്ട്. വൈകല്യമുള്ള ശരീരങ്ങളെയും മനസ്സുകളെയും മൂല്യവത്തായതും സൃഷ്ടിപരമായതുമായി ആഘോഷിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും അതിലൂടെയുള്ള വിപ്ലവകരമായ മാറ്റത്തെ പിന്താങ്ങുകയും ചെയ്യുന്നു. ഇപ്രകാരം സമൂഹത്തെയും സാധാരണക്കാരെയും  പുനർവിചിന്തനം ചെയ്യാൻ പ്രേരിപ്പിക്കുന്നുണ്ട് ക്രിപ് സിദ്ധാന്തം. അവിടെ, വൈകല്യങ്ങൾ ഭയപ്പെടേണ്ടതായ ഒന്നോ ഇല്ലാതാക്കേണ്ടതായതോ അല്ല. 

  ആധുനിക മുതലാളിത്ത സമൂഹങ്ങൾ മനുഷ്യമൂല്യത്തെ സാമ്പത്തിക ഉൽപ്പാദനക്ഷമതയുമായി നിരന്തരം തുലനം ചെയ്യുന്നുണ്ട്. ഇത് സാധാരണ രീതിയിൽ പ്രവർത്തിക്കാൻ കഴിയാത്ത വൈകല്യമുള്ളവരെ അരികുവൽക്കരിക്കുന്നു. ശാരീരികക്ഷമത സ്വാഭാവികമായതോ സ്ഥിരതയുള്ളതോ അല്ലെന്നും അത് ആവർത്തനത്തിലൂടെയും നിർബന്ധങ്ങളിലൂടെയും നിലനിർത്തുന്ന ഒരു സാംസ്കാരിക പ്രകടനമാണെന്നും ക്രിപ് സിദ്ധാന്തത്തിൽ പറയുന്നു.  അതുപോലെ ചിലതരം ധാരണകൾ, സമയത്തെ കുറിക്കുന്ന വീക്ഷണങ്ങൾ എന്നിവയിലും പുനരെഴുത്തുകൊണ്ടുവരാൻ ക്രിപ് സിദ്ധാന്തത്തിന് കഴിയുന്നുണ്ട്. അതായത് ലോകം പൊതുവെ അംഗീകരിക്കുന്ന സ്റ്റാൻഡേർഡ് ചെയ്ത, വേഗതയുടെയും കൃത്യതയുടേയും സമയത്തിന് നീതിയുക്തമായിരിക്കാൻ എല്ലാ സാഹചര്യങ്ങളിലും സാധിക്കാറില്ല. വ്യത്യസ്ത ശരീര/മനസ് അനുഭവങ്ങൾക്ക് അനുയോജ്യമായതും വഴക്കമുള്ളതുമായ സമയക്രമങ്ങൾ സ്വീകരിക്കുന്നതിലൂടെ അരികുവൽക്കരണത്തെ സമത്വത്തിലേയ്ക്ക് പൊരുത്തപ്പെടുത്താനാകും.

  ശാരീരികക്ഷമതയുള്ളവർക്ക് പ്രചോദനാത്മക ‘വസ്തുക്കളായി’ (objects of inspiration) വൈകല്യമുള്ളവരെ ഉപയോഗിക്കുന്നതിനെയും ക്രിപ് തിയറി വെല്ലുവിളിക്കുന്നു, കാരണം ഇത്തരത്തിലുള്ള ആവിഷ്കാരങ്ങൾ സങ്കീർണ്ണമായ ജീവിതങ്ങളെ കേവലമായതും സുഖകരമായതുമായ സന്ദേശങ്ങളാക്കി (Inspiration Porn) ചുരുക്കുന്നുണ്ട്. കണ്ടുപരിചയിച്ച പല സാസ്‌കാരികരൂപങ്ങളുടെയും പുനർനിർമിതിയെ ആവശ്യപ്പെടുന്ന സിദ്ധാന്തമെന്ന നിലയിൽ ഇതിന് സവിശേഷപ്രധാന്യമുണ്ട്. അദൃശ്യമായും പ്രകടമായും നിലനിൽക്കുന്ന പാർശ്വവൽകൃത രൂപങ്ങളുടെ വെളിവാക്കൽ കൂടി ഇവിടെ സംഭവിക്കുന്നുണ്ട്. സമൂഹത്തിൽ വ്യക്തിവാദത്തേക്കാൾ പരസ്പരാശ്രിതത്വത്തിന് പ്രാധാന്യം ലഭിച്ചെങ്കിൽ മാത്രമേ സുസ്ഥിരമായ നീതി നടപ്പിലാകൂ. അത്തരത്തിലുള്ള പരിവർത്തനം വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, മാധ്യമങ്ങൾ, സർക്കാർ തുടങ്ങിയ സ്ഥാപനങ്ങളിലൂടെ ഇനിയും കൂടുതൽ നടപ്പിലാക്കേണ്ടതുണ്ട്. എല്ലാ ശരീരങ്ങൾക്കും പിന്തുണയും പരിചരണവും സമൂഹവും ആവശ്യമാണെന്ന് വൈകല്യമുള്ള ജീവിതങ്ങൾ സമൂഹത്തെ ഓർമ്മിപ്പിക്കുന്നു.

    എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഏലി ക്ലെയർ(Eli Clare)  “എല്ലായ്‌പ്പോഴും രോഗശുശ്രൂഷകൾ തിരിച്ചുവരവിനെ വാഗ്ദാനം ചെയ്യുന്നവയാണ്. നേരത്തെയുള്ള ആരോഗ്യസ്ഥിതിയിലേക്ക്, വേദനയ്ക്ക് മുമ്പുള്ള അവസ്ഥയിലേക്ക്, കഷ്ടപ്പാടുകളാൽ അടയാളപ്പെടുത്തിയിട്ടില്ലാത്ത ഒരു ജീവിതത്തിലേക്ക് ഒക്കെയുള്ള മാറ്റത്തെ പരാമർശിക്കുന്നു” വെന്ന് പറഞ്ഞുവെയ്ക്കുന്നു. മെഡിക്കൽ അവബോധം വളർത്തുന്നതിനായുള്ള പരസ്യങ്ങളിൽ വൈകല്യത്തെ "സുഖപ്പെടുത്തൽ" എന്ന ആഘോഷരൂപേണ അവതരിപ്പിക്കുന്നതിനെയാണ് ക്ലെയറിനെ ചോദ്യം ചെയ്യുന്നത്.

      സർക്കാർ പരസ്യങ്ങൾ പലപ്പോഴും വികലാംഗരെ വൈകല്യത്തെ മറികടക്കുവാൻ ശ്രമിക്കുന്നവരായും നിസ്സഹായരായും പിന്തുണ ആവശ്യമുള്ളവരുമായി ചിത്രീകരിക്കുന്നു. സഹാനുഭൂതിയുടെ ചിത്രത്തിലൂടെ ‘മാർക്കറ്റ്’ ചെയ്യപ്പെടേണ്ട സാഹചര്യങ്ങളിലല്ലാതെ ഇവരുടെ ചിത്രങ്ങൾ പരസ്യങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നുണ്ട്. കാരുണ്യത്തിന് പാത്രമാകുന്ന ‘ഉത്പന്നങ്ങളായി’ ഭിന്നശേഷിശരീരങ്ങളെ ആവിഷ്കരിക്കുന്ന പരസ്യങ്ങളാണ് പലപ്പോഴും മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. അവർക്ക് ആവശ്യമുള്ളതിനെ  നേടാൻ സഹായിക്കുന്ന വിധത്തിൽ അവതരിപ്പിക്കേണ്ടതിനു പകരം, ‘സാധാരണ വ്യക്തികൾ ആയിത്തീരാൻ പ്രാപ്തരാക്കുന്നു’ എന്ന ആദർശത്തെ പരസ്യങ്ങൾ മുന്നോട്ടുവെക്കുന്നു. അവിടെയൊന്നും അവരുടെ സവിശേഷമായ ശാരീരിക പ്രത്യേകതകളെ അംഗീകരിക്കുന്നില്ല. പകരം തുല്യതപ്പെടുത്തുവാനുള്ള ശ്രമങ്ങളാണ് നിരന്തരം നടക്കുന്നത്.

    വേഗത്തിൽ തൊഴിൽ നേടാൻ സാധിക്കുന്ന പരസ്യങ്ങൾ ഭിന്നശേഷി വിഭാഗത്തോട് ബന്ധപ്പെട്ട് കടന്നുവരാറുണ്ട്. അവിടെ  സമൂഹം കൽപ്പിച്ചെടുക്കുന്ന  സമയധാരണകൾക്കൊപ്പം എത്താൻ സാധിക്കില്ലായെങ്കിൽ കൂടിയും അതിനൊപ്പം എത്താൻ സാധിക്കുന്ന ചിത്രമായും ഭിന്നശേഷിച്ച ശരീരങ്ങൾ കടന്നു വരുന്നു. അവിടെ വിസ്മരിക്കപ്പെടുന്ന മറ്റുപല ഘടകങ്ങളെയും കുറിച്ച്, മാനസിക സംഘർഷങ്ങളെ കുറിച്ച്, പരസ്യങ്ങചിത്രങ്ങൾക്കോ അത് കാണുന്ന പൊതുസമൂഹബോധത്തിനോ അവഗാഹമില്ലയെന്നതാണ് വാസ്തവം. ഈ ‘സമയബന്ധിതമായ നേട്ടങ്ങൾ’ കരസ്ഥമാക്കാൻ ഭിന്നശേഷി ശരീരങ്ങളിൽ തന്നെ എല്ലാവർക്കും സാധിക്കുന്നുമില്ല. ആ യാഥാർത്ഥ്യത്തെയും ഇത്തരം വൈകല്യ അവസ്ഥകളെയും പരസ്യങ്ങളും അവഗണിക്കുന്നു.  അതായത് പരസ്യങ്ങളിലൂടെ ചില ലക്ഷ്യങ്ങൾ നേടാൻ സാധിക്കുന്നതിനോടൊപ്പം തന്നെ  ഭിന്നശേഷിക്കാരുടെ മന്ദഗതിയിലുള്ള പഠനം, വിശ്രമം, പരിചരണം, സാമ്പത്തികേതര സംഭാവനകൾ എന്നിവയെ വിലമതിക്കുന്നതിൽ ഈ പരസ്യങ്ങൾ പരാജയപ്പെടുന്നു. വൈകല്യം അഭികാമ്യമല്ലെന്നോ അസാധാരണമാണെന്നോ ഉള്ള ആശയത്തെയാണ് ഇതെല്ലാം ശക്തിപ്പെടുത്തുന്നത്. ഭിന്നശേഷി ശരീരത്തിന്റെ നേതൃത്വങ്ങൾ, ലൈംഗികത, മത്സരങ്ങൾ, എന്നിങ്ങനെയുള്ള വിശാലമായ സന്തോഷങ്ങളെ അപൂർവ്വമായി മാത്രമേ പരസ്യങ്ങൾ അഭിസംബോധന ചെയ്യുന്നുള്ളൂ.

    വൈകല്യങ്ങൾ ഒന്നിനും തടസ്സമാകരുത് എന്ന ആശയം പ്രചരിപ്പിക്കുന്ന പരസ്യങ്ങൾ എല്ലാം തന്നെ. വൈകല്യമാണ് പ്രധാന പ്രശ്നമെന്ന്  പരോക്ഷമായി സൂചിപ്പിക്കുന്നു. പല പരസ്യങ്ങളും വലിയ പൊതുസമൂഹം×ചെറിയ ഭിന്നശേഷി വിഭാഗം എന്ന ദ്വന്ദ്വത്തെ നിർമ്മിച്ചെടുക്കുന്നുണ്ട്. അതായത്, വീൽചെയർ സൗഹൃദ ഇടങ്ങൾ വ്യാപകമാക്കുന്നതിനെ കുറിച്ചുള്ള ഒരു പരസ്യം, കുറച്ച് പേരെ സഹായിക്കുന്നതിനുള്ള ഒരു "ക്രമീകരണ"മായാണ് രൂപപ്പെടുത്തിയിരിക്കുന്നത്. അവിടെ വലിയ ജനസമൂഹം നിലവാരപ്പെട്ട സാധാരണക്കാരെന്ന (normativity) അപരത്വത്തെ നിർമ്മിച്ചെടുത്തിരിക്കുന്നു.

     പരസ്യത്തിൽ വീൽചെയർ ഉപയോഗിക്കുന്നയാളെ പുഞ്ചിരിക്കുന്ന, പ്രതീക്ഷയുള്ള, നന്ദിയുള്ള മുഖത്തോടെ കാണിക്കുന്നു. അതുമല്ലെങ്കിൽ പരിമിതമായ ചുറ്റുപാടുകളുടെ ആകുലതകൾ നിറഞ്ഞ മുഖത്തിന്റെ പ്രസരിപ്പായും ഭിന്നശേഷി മുഖങ്ങൾ കടന്നു വരുന്നു. ഇത് പൊതുജനങ്ങളിൽ ഭിന്നശേഷിയനുകൂലവികാരം ഉണർത്തുന്നതാണ്. പക്ഷേ അതോടൊപ്പം ഭിന്നശേഷിക്കാരുടെ സ്വത്വത്തെ (Identity) മറ്റൊരുതരത്തിൽ ഇകഴ്ത്തുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ ഒരു ഭിന്നശേഷിയുള്ള വ്യക്തിയുടെ മാനസിക നിലയെ പരസ്യങ്ങൾ പ്രതിനിധീകരിക്കുന്നില്ല. അതുപോലെതന്നെ പ്രൊഫഷണലുകൾ, കലാകാരന്മാർ, ആക്ടിവിസ്റ്റുകൾ എന്നിങ്ങനെ സമസ്ത മേഖലകളെയും പ്രതിനിധീകരിക്കുന്ന ഭിന്നശേഷി മുഖങ്ങളെ പൊതുപരസ്യങ്ങളിൽ കണ്ടെത്താനാവുക വളരെ അപൂർവമാണ്. ഭിന്നശേഷി വിഭാഗക്കാർക്ക് ആവശ്യമായ ഉപകരണങ്ങൾ,ചികിത്സാരീതികൾ എന്നിവ അവരുടെ അവകാശമാണെന്നിരിക്കിലും പരസ്യങ്ങളിലേക്ക് വരുമ്പോൾ അവകാശമായിട്ടല്ല, മറിച്ച് സംസ്ഥാനത്തിൽ നിന്നുള്ള ഒരു സമ്മാനമായിട്ടാണ്, അല്ലെങ്കിൽ ആശ്രയത്വത്തിന്റെ ഒരു ചിത്രമെന്നനിലയിലാണ് അവതരിപ്പിക്കാറുള്ളത്.

     ദൈനംദിന മാധ്യമങ്ങളിൽ വൈകല്യമുള്ളവരുടെ വിവിധ ആവിഷ്കാരങ്ങളിൽ ആധികാരികവും വൈവിധ്യപൂർണ്ണവും ശക്തവുമായ പ്രതിനിധാനങ്ങൾ രൂപപ്പെടേണ്ടതുണ്ട്. അതിന്റെ ആദ്യപടി സർക്കാർ പരസ്യങ്ങളിൽ നിന്നുതന്നെയാകണം തുടങ്ങേണ്ടത്. വീൽചെയർ ഉപയോഗിക്കുന്നവർ മാത്രമല്ല, ബധിരർ, അന്ധർ, നാഡീ-വൈകല്യമുള്ളവർ, മാനസികരോഗികൾ മുതലായ ഇതര വൈകല്യമുള്ളവരെയും പരസ്യങ്ങളിൽ ഭാഗമാക്കേണ്ടതുണ്ട്. അവരുടെ രൂപം പ്രകടമാക്കിക്കൊണ്ടല്ലാതെയും പരസ്യങ്ങൾ ചെയ്യുകയും അതിൽ അവരുടെ അവകാശങ്ങളെ കുറിച്ചും നിയമസഹായങ്ങളെ കുറിച്ചുമൊക്കെയുള്ള ആശയങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യാം. സഹായം സ്വീകരിക്കുന്നവരായി മാത്രമല്ല, അവകാശങ്ങൾ ആവശ്യപ്പെടുന്ന, പരിഹാരങ്ങൾ രൂപകൽപ്പന ചെയ്യുന്ന[1]  ആളുകളായും ഭിന്നശേഷിക്കാരെ പ്രതിനിധാനം ചെയ്യാൻ പരസ്യങ്ങൾക്കാകേണ്ടതുണ്ട്.

 

റഫറൻസ്

  1. https://escholarship.org/uc/item/09v9s2ഖ്ഹ്

  2. Eli Clare, Brilliant Imperfection: Grappling with Cure. Durham, N.C.: Duke

University Press 2017, ISBN: 9780822362876 (PB)


Salini Ramachandran

Assistant Professor

Department of Malayalam

CMS College(Autonomous) Kottayam.

Mob: 9961609446


Comentarii

Evaluat(ă) cu 0 din 5 stele.
Încă nu există evaluări

Adaugă o evaluare
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍
ബിന്ദു എ എം.



സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv 

ഇഷ്യു എഡിറ്റർ
tUm.tkXpe£van Fw Fkv .
FUntäm-dnb t_mÀUv 
AwK§Ä
ഡോ. സജീവ്കുമാർ.എസ്
ഡോ. ശ്രീലക്ഷ്മി.എസ്.കെ
ഡോ. രാമചന്ദ്രൻ പിള്ള.എം
ഡോ. അമ്പിളി. ആർ.പി
ഡോ. സംഗീത. കെ
ഷീന. എസ്
ഡോ. കാരുണ്യ വി. എം
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996         
email:gcwmalayalam2023@gmail.com            laluvatl@gmail.com 

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2024

അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു. വി , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി.എം, ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
bottom of page